Sunday, 6 January 2013

അരുന്ധതി റോയ് പറഞ്ഞ സത്യം


ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടി  ഡെല്‍ഹിയില്‍  മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അത് ഇന്‍ഡ്യ മുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായി. ഇന്‍ഡ്യ മുഴുവന്‍ പ്രതിക്ഷേധിച്ചു. പ്രതികളെ  വധ ശിക്ഷക്കു വിധിക്കണം, ശരിയ നിയമനുസരിച്ച് തല വെട്ടണം , എന്നൊക്കെ ആവശ്യങ്ങളുയര്‍ന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ശരിയ  മോഡലില്‍ പരസ്യമായി കൈയും കാലും വെട്ടണം  എന്നു വരെ പറഞ്ഞു. ജമായത്തേ ഇസ്ലാമി ഒരു പടി കൂടി കടന്ന് പരസ്യമായി വധ ശിക്ഷ നല്‍കണം എന്നു പറഞ്ഞു.

മുമ്പെങ്ങും ഉണ്ടാകാത്ത വിധം പ്രതിഷേധമുയരാന്‍ ഇത് എന്തുകൊണ്ട് ഇത്ര വാര്‍ത്താ പ്രാധാന്യം നേടി. ആദ്യം ഉണ്ടായ ബലാല്‍ സംഗം പോലെയാണെല്ലാവരും പ്രതിഷേധിച്ചത്. ഇതില്‍ ഒരല്‍പ്പം കല്ലുകടി തോന്നിയ  അരുന്ധതി റോയ് ഇതേക്കുറിച്ച് പ്രതികരിച്ചു. അവരുടെ വാക്കുകള്‍., റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

സൈന്യത്തിന്റെയും പൊലീസിന്റെയും കാര്‍മികത്വത്തില്‍  നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അദ്ഭുതകരമാണ്.  ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്റെ  ആയുധം എന്ന നിലക്കുതന്നെ  ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ്.
പട്ടാളവും പൊലീസും  ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ  ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല.


അരുന്ധതി റോയ് പറഞ്ഞ ചില കാര്യങ്ങള്‍ പലര്‍ക്കും ദഹിക്കുന്നില്ല. ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി അരുന്ധതിയെ വിമര്‍ശിച്ച് എഴുതിയ അഭിപ്രായം അദ്ദേഹം തന്നെ പിന്നീട് നീക്കം ചെയ്തു.

ഇതിനെ അടിസ്ഥാനമാക്കി  വേറൊരാളുടെ കമന്റ് ഇങ്ങനെ

ഇത്രയും കാലം മാഡം എവിടായിരുന്നു ? മാഡത്തിന്‍റെ ഈ  പ്രസ്താവന പ്രകാരം, പീഡിപ്പിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കുന്നവരുടെയും  സമുദായവും ജാതിയും കുലവും  സമ്പത്തും എല്ലാം നോക്കി കൊണ്ടാകണം ഇനി മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്നാണു എനിക്ക് മനസിലായത്. അതില്‍ തന്നെ ഉന്നത കുല ജാതര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഒരാളും മിണ്ടരുത്. അവര്‍ക്ക് നീതി കിട്ടേണ്ട കാര്യമില്ലല്ലോ . 


അരുന്ധതി റോയ് പറഞ്ഞത് ഇതുപോലെ മനസിലാക്കണമെങ്കില്‍ തലക്കകത്ത് സാമാന്യം നല്ല ചകിരിച്ചോറ്, ഉണ്ടായിരിക്കണം.

ഇദ്ദേഹത്തിന്റെ ആദ്യ ചോദ്യം  അരുന്ധതി ഇതു വരെ എവിടെ ആയിരുന്നു എന്നാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ അരുന്ധതി നടത്തിയ ഇടപെടലുകളേക്കുറിച്ച് ഇദ്ദേഹം  ഇതു വരെ  കേട്ടിട്ടില്ലെങ്കില്‍  ഇദ്ദേഹത്തോട് എന്തു പറയാന്‍.

ഇദ്ദേഹം  തുടരുന്നു.

ആയമ്മയുടെ ചീള് പോപ്പുലാരിറ്റിക്ക് വേണ്ടി പറഞ്ഞതാകാനെ വഴിയുള്ളൂ. അനാവശ്യമായ മുന്‍ വിധികള്‍ മാത്രം മനസ്സില്‍ കുത്തി നിറച്ചു കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ കുഴപ്പമാണ് ... അവര് പറയുന്നതില്‍ കാര്യമില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ , പറഞ്ഞല്ലോ, അനവസരത്തില്‍ ആയിപ്പോയി ഈ പ്രസ്താവന .  സമൂഹത്തിന്റെ ഒരു പ്രധാന വിഷയത്തില്‍ എല്ലാവരും ഒന്നായി ആ സമരത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഉപരി വര്‍ഗത്തിന്റെ കൂട്ടായ്മയായി അതിനെ കാണുന്ന ഇവരുടെ നിലപാട് ശരിയല്ല. അവരുടെ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടുള്ള ചിലരുടെ അഭിപ്രായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അത് പ്രകാരം പെണ്‍കുട്ടിക്ക് അങ്ങിനെ സംഭവിച്ചത് നന്നായി എന്നാണ്.

ഇതുപോലെയൊക്കെ അരുന്ധതിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കണമെങ്കില്‍ ചകിരിച്ചോറല്ല തലക്കത്ത് കളിമണ്ണു തന്നെ ഉണ്ടാകണം.

അരുന്ധതി മുന്‍ വിധിയോട് കൂടി എന്തോ പറയുന്നു എന്നു ശഠിക്കുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു അറിവില്ലായ്മ ഇങ്ങനെ.

ഈ പീഡിപ്പിക്കപ്പെട്ട കുട്ടി ഉന്നത കുല ജാതയാണെന്ന് എഴുതി കണ്ടു. അതാരു പറഞ്ഞു തന്നു എനിക്കറിയില്ല. അത് തെറ്റാണ് എന്നാണെനിക്കു അറിയാന്‍ സാധിച്ചത് . കാരണം ആ കുട്ടിയുടെ അച്ഛന്‍ ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന്റെ കൃഷി ഭൂമി വിറ്റാണ് മകളെ പഠിപ്പിച്ചിരിക്കുന്നത്. 

കര്‍ഷകന്‍ ഉന്നത കുല ജാതനാകാന്‍ പാടില്ല എന്ന അധമ ചിന്തയാണീ പ്രസ്താവനയുടെ പിന്നില്‍,.  30  വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ നിന്ന് ഡെല്‍ഹിലേക്ക് കുടിയേറിയ  ഈ അച്ഛന്‍ ഡെല്‍ഹിയില്‍ എന്തു കൃഷിയാണാവോ ചെയ്യുന്നത്?  പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് ഈ അച്ഛന്‍ ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് തൊഴിലാളിയാണ്.


ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന നാലു റിപ്പൊര്‍ട്ടുകളാണു താഴെ.

എസ്.ഐ ക്രൂരമായി പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതി

കഴിഞ്ഞ ഒക്ടോബർ 26ന് പുതുപ്പാടി സ്വദേശി കുന്ദമംഗലത്തിനടുത്ത് മലയമ്മകുന്നിൽ താമസിക്കുന്ന വീട്ടമ്മയെ എസ്.ഐ റോയി കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും സ്റ്റേഷനിൽ വച്ച് അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കാലിന്റെ പെരുവിരൽ കയറ്റി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കമ്മിഷന് ലഭിച്ച പരാതി. കണ്ണിൽ മുളക്പൊടി വിതറുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തുവത്രേ. 

14കാരിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പതിനാലുകാരിയെ ബന്ധുവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മക്കളും പിടിയിൽ

വീട്ടിൽ ടി.വി. കാണാനെത്തിയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അയൽക്കാരനേയും രണ്ട് ആൺമക്കളേയും പൊലീസ് പിടികൂടി. എട്ടും,​ ആറും വയസുള്ള ബാലികമാരെ പീഡിപ്പിച്ച കേസിൽ 

വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി

തൊണ്ടയാടിന് സമീപം നെല്ലിക്കോട് കുടമൂളിക്കുന്നിൽ വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി. 

കോട്ടും സ്യൂട്ടുമിട്ട് നടക്കുന്ന പ്രവീണ്‍ ശേഖരന്‍മാരൊന്നും ദിവസേന വരുന്ന ഇതുപോലുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുക പോലുമില്ല. ഡെല്‍ഹിയില്‍ ഒരു മാനഭംഗം നടന്നപ്പോഴേക്കും, ഇതുപോലുള്ള ഒട്ടകപക്ഷികളുടെ സാമൂഹ്യ ബോധം സടകുടഞ്ഞ് എണീല്‍ക്കുന്നു.

അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല. ഇല്ലെങ്കില്‍ കാത്തിരുന്നു കണ്ടോളൂ.

ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും. പുതിയ നിയമം ഉണ്ടാക്കിയേക്കാം. ഇപ്പോഴത്തെ ശിക്ഷയായ 7 വര്‍ഷം തടവ്, ജീവപര്യന്തമോ   തൂക്കുമരമോ കയ്യും കാലും വെട്ടലോ ഒക്കെ ആക്കിയേക്കാം. പ്രതികള്‍ അങ്ങനെ ശിക്ഷിക്കപ്പെടുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഈ കേസിലെ ഇര മരിച്ചതുകൊണ്ട് കൊലക്കുറ്റം ചുമത്തി ഇപ്പൊഴുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുമെന്ന് ഏതാണ്ടുറപ്പാണ്. അത് പ്രതികള്‍ സാധാരണക്കാരായതുകൊണ്ട്  മാത്രം. കുഞ്ഞാലിക്കുട്ടിയേയോ പി ജെ കുര്യനേയോ പോലെ ഉള്ള രാഷ്ട്രീയ നേതാക്കളാണു പ്രതിയെങ്കില്‍  ഒന്നും നടക്കില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടും. നിയമം പൊതു ജനത്തെ നോക്കി പല്ലിളിക്കും. നീതി പീഠം പോലും അവിടെ നിസഹായമായി പോകും. സൂര്യനെല്ലി കേസില്‍ അപ്പീല്‍ നല്‍കിയത് 2005 ല്‍ ആയിരുന്നു. 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. അരുന്ധതി പറഞ്ഞതിന്റെ പൊരുള്‍ മാനസിലാകണമെങ്കില്‍ ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം. അതില്ലാത്ത കൂപമണ്ഡൂകങ്ങള്‍, ആയമ്മ ചീളു പോപ്പുലാരിറ്റിക്കു വേണ്ടി  പറയുന്നു എന്ന് ജപിച്ചുകൊണ്ടിരിക്കും.

ഒരാള്‍ക്കൂട്ടത്തിന്റെയും പിന്‍ബലമില്ലാതെ അരുന്ധതി റോയ് ഇതുപോലുള്ള വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഇടപെടുന്നുണ്ട്. പ്രവീണ്‍ ശേഖരന്‍മാര്‍ മഞ്ഞക്കണ്ണട വച്ച് നടക്കുന്നതുകൊണ്ട് അതൊന്നും ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഡെല്‍ഹിയില്‍ നടന്നത് വെറുമൊരു ബലാല്‍സംഗമല്ല. അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അതിനൊക്കെ ഉത്തരം കണ്ടെത്തുമ്പോള്‍ സമകാലീന ഇന്‍ഡ്യ എത്തി നില്‍ക്കുന്ന അപചയത്തിന്റെ ആഴം മനസിലാകും. ഡെല്‍ഹി ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയാണ്. അര്‍ദ്ധ രാത്രി വരെയെങ്കിലും പ്രവര്‍ത്തിക്കുന്ന പൊതുയാത്രാസംവിധാനങ്ങള്‍ ഡെല്‍ഹിയിലില്ല. ബല്ലിയ എന്ന ഉത്തരപ്രദേശ് ഗ്രാമത്തില്‍ നിന്നും  കാര്‍ഷിക വൃ ത്തി ഉപേക്ഷിച്ച് ഡെല്‍ഹിയിലേക്ക് ഈ പെണ്‍കുട്ടിയുടെ കുടുംബം കുടിയേറി. മുന്തിയ ജോലി ചെയ്യാനൊന്നുമല്ല. ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് ജോലി ചെയ്യാനാണാ കുട്ടിയുടെ അച്ഛന്‍  കുടിയേറിയത്. ഈ കുട്ടിയുടെ പഠനച്ചെലവിനു വേണ്ടി ആ കുട്ടിയുടെ  അച്ഛന്‍ കൃഷി ഭൂമി വിറ്റു എന്നു പറഞ്ഞു കേള്‍ക്കുന്നു. കൃഷി തുടര്‍ന്നും ചെയ്തിരുന്നെങ്കില്‍  ഒരു പക്ഷെ ആ കുടുംബം പണ്ടേ അനാഥമായേനെ.






ഭരണത്തിന്റെ വിവിധതലങ്ങളിലുള്ള പാളിച്ചകള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്ര ദാരുണമായ സംഭവം നടന്നിട്ട് അധികാരികളും പൊതു ജനവും  ചെയ്തതോ? അതിലേറെ ലജ്ജാവഹം.

അതിക്രൂരമായ നീചതക്കു വിധേയയാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയോടും സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയത് അതിലും  വലിയ ക്രൂരതയായിരുന്നു. പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തി. പക്ഷെ  സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ല.  അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും കൊടുത്തില്ല.  ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.

പെണ്‍കുട്ടിയുടെ  സുഹൃത്തായ  അവീന്ദ്രയുടെ വാക്കുകള്‍,

''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു. പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു. ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല. ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌. വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു. മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം. ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു".

ഈ ഹതഭഗ്യരായ മനുഷ്യ ജീവികളെ ഉപദ്രവിക്കാനും സഹായം നിഷേധിക്കാനും കൈ കോര്‍ത്തവര്‍ ആരൊക്കെയെന്നു നോക്കു. പൊതു ജനം, പോലീസുകാര്‍, മജിസ്റ്റ്രേട്ട്.  പിറ്റേദിവസം മെഴുകു തിരി കത്തിച്ച് നാടകം അഭിനയിക്കാന്‍ കൂടിയ പലരും ആ കാളരാത്രിയില്‍ നഗ്നരായി ജീവനു   വേണ്ടി യാചിച്ച ഈ മനുഷ്യ ജീവികളെ തിരിഞ്ഞു നോക്കാത്ത പലരുമുണ്ടാകും. അരുന്ധതി റോയ് വിളിച്ചു പറഞ്ഞ സത്യം കേട്ടപ്പോള്‍ ഹാളിളകിയ പ്രവീണ്‍ ശേഖരന്‍മാരുണ്ടാകും. അതിന്റെ കൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആയി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. എല്ലാവരും കൂടി നാടകം കളിക്കുകയാണ്. ഇതൊന്നും ഉള്‍കൊള്ളാനോ മനസിലാക്കാനോ ശേഷിയില്ലാത്ത കഴുതകള്‍  ഇതിന്റെയൊക്കെ പൊള്ളത്തരം വിളിച്ചു പറഞ്ഞ അരുന്ധതിയുടെ നേരെ കുതിര കയറുന്നു.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.






603 comments:

«Oldest   ‹Older   601 – 603 of 603
kaalidaasan said...

>>>> 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍, ജെസിക്ക ലാല്‍ കേസ്സില്‍ നീതി നടന്നത് അരുന്ധതി റോയ് സര്‍ക്കാരിനെ എടുത്തു ഉടുത്തത് കൊണ്ട് തുടങ്ങിയ ശുപ്പാണ്ടി ചിന്തകള്‍ (കാളിയുടെ മനസ്സില്‍ അതി ബൌധിക വാദങ്ങള്‍ ) ഇതൊന്നും ആരും പൊളിക്കേണ്ട കാര്യം ഒന്നുമില്ല . താനേ പൊളിയും കാളിദാസാ . <<<<

പൊളിഞ്ഞോട്ടെ വര്‍ദ്ധനാ. അത് താങ്കളിങ്ങനെ ദിവസം നാലു നേരം എഴുതണോ?
ആ സമയത്ത് ആവര്‍ണ്ണരെ കുഞ്ഞാലിക്കുട്ടിമാരും, കുര്യന്‍മാരും, കോട്ടൂരുമാരും ഒക്കെ ആക്കാനുള്ള ശ്രമം നടത്തുന്നതല്ലേ നല്ലത്. അവര്‍ ആട്ടിയോടിക്കുന്നതിനും ഇല്ലേ ഒരു സുഖം.

Unknown said...

ദേ വീണ്ടും മണ്ടത്തരം . കാളിദാസാ , ഇതൊന്നും കൊണ്ട് പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരിയുള്ള സ്വന്തം ജീവിതത്തിന്റെ അപകര്‍ഷതാ ബോധം മാറില്ല . അതിനു വഴി സിമ്പിള്‍ ആണ് ശവം തീറ്റി നിറുത്തു, ആത്മാഭിമാനം എന്ന വാക്കിന്‍റെ അര്‍ഥം ജീവിതത്തില്‍ അറിയൂ. ആത്മാഭിമാനം ഉള്ള കാളിദാസന്‍ ശുപ്പാണ്ടി നിലവാരത്തില്‍ ചിന്തിക്കുന്നത് തുടര്‍ന്നാല്‍ പോലും ആരും ഒന്നും പറയില്ല. അന്യന്‍ വിയര്‍ക്കുന്ന കാശിനു അപ്പം തിന്നുന്നത് നിറുത്തി സ്വന്തമായി ജോലി ചെയ്തു ജീവിക്ക് ശുപ്പാണ്ടി ദാസാ . ആത്മാഭിമാനം താനെ വരും .അല്ലാതെ ആട്ടിയോടിക്കം , തല്ലാം കൊല്ലാം എന്നൊക്കെ ശുപ്പാണ്ടി മനോരാജ്യം കണ്ടിരുന്നിട്ട്‌ കാര്യമൊന്നുമില്ല

Anonymous said...

നിങ്ങൾ ഒരു ബിസിനസുകാരനോ സ്ത്രീയോ? നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾക്ക് ഫണ്ട് ആവശ്യമുണ്ടോ? കടങ്ങൾ അടയ്ക്കാനോ ബില്ലുകൾ അടയ്ക്കാനോ ഒരു നല്ല ബിസിനസ്സ് ആരംഭിക്കാനോ നിങ്ങൾക്ക് വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ പ്രോജക്റ്റിന് സാമ്പത്തിക സഹായം ആവശ്യമുണ്ടോ? പരമാവധി 2% പലിശ നിരക്കിൽ (വ്യക്തികൾ, കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഏജൻസികൾ, നിയമപരമായ സ്ഥാപനങ്ങൾ) ഞങ്ങൾ ഏത് തുകയിലും ലോകത്തെവിടെയും ഗ്യാരണ്ടീഡ് ക്രെഡിറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് പ്രതികരണങ്ങൾ അയയ്ക്കുക: (crifcreditmanagement23@gmail.com)whatsapp +31684296041

«Oldest ‹Older   601 – 603 of 603   Newer› Newest»