Saturday, 16 February 2013

ശിഖണ്ഠിയുദ്ധം 


ശിഖണ്ഠി മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്. സ്ത്രീയോ പുരുഷനോ എന്ന തീര്‍ച്ചയില്ലാത്ത കഥാപാത്രം. കൌരവ പക്ഷത്തിന്റെ സാരഥി ആയിരുന്ന ഭീഷ്മരെ വീഴ്ത്താന്‍  കൃഷ്ണന്‍ ഉപയോഗിച്ച  കഥാപാത്രം. നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ ഭീഷ്മരെ വീഴ്ത്താന്‍  ആകില്ല എന്നറിയാവുന്ന  ശ്രീകൃഷ്ണന്‍ എന്ന  ദൈവം പോലും ശിഖണ്ടിയെ മുന്നില്‍ നിറുത്തി അര്‍ജ്ജുനനേക്കൊണ്ട്  ഭീഷ്മരെ വീഴ്ത്തി.

ഏക ദേശം ഇതിനു സമാനമായ  ഒരു യുദ്ധം കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി കേരള രാഷ്ട്രീയം വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവിനു ചുറ്റും കിടന്ന് തിരിയുകയാണ്. 1991 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടു വച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. പക്ഷെ അന്നദ്ദേഹം പ്രതി പക്ഷ നേതാവേ ആയുള്ളു.  പ്രതി പക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം ഇടപെട്ട  കാര്യങ്ങള്‍  പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചിലരുടെ ഉറക്കം കെടുത്തി. അതിന്റെ പരിസമാപ്തി ആയിരുന്നു  സി പി എമ്മിന്റെ ഉറച്ച കോട്ടയായ മാരാരിക്കുളത്തെ  അദ്ദേഹത്തിന്റെ പരാജയം. എന്തുകൊണ്ടദ്ദേഹം അന്ന് പരാജയപ്പെട്ടു എന്നത് ഇന്നും എം എം ലോറന്‍സ് എന്ന സി ഐ റ്റിയു നേതാവിന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അന്ന് വി എസിനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ പരിസമാപ്തിയാണിപ്പോള്‍ കേരള രാഷ്ട്രീയം കണ്ടു കൊണ്ടിരിക്കുന്നത്.
വിജയന്‍  പാര്‍ട്ടി സെക്രട്ടറി ആകുമ്പോള്‍  വി എസിന്റെ കൂടെ പിന്തുണ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിയോഗിച്ച  ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി വിജയന്‍ എടുത്ത തീരുമാനം കൊണ്ട്  കേരള ഖജനാവിനു നഷ്ടമുണ്ടായി എന്ന സി എ ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതലാണ്, വി എസും വിജയനും തമ്മില്‍ അകന്നു തുടങ്ങിയത്. പിന്നെ അതൊരു നീണ്ട യുദ്ധമായിരുന്നു. ഇന്നും തീരുമാനമാകാത്ത യുദ്ധം.

സി പി എമ്മിനു കേരളത്തില്‍ മൂന്നു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളു. അതില്‍ ഇ എം എസിനേയും നയനാരെയും ആഴ്ചയില്‍ മൂന്നു വട്ടമെന്ന നിലയില്‍ വിജയന്‍ പുകഴ്ത്തിയിരുന്നു. അതിന്റെ  ഉദ്ദേശ്യമൊന്നു മാത്രം. വി എസ് മോശമാണെന്നു തെളിയിക്കുക. അവരൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചിട്ടില്ല. മറ്റ് മന്ത്രിമാരെ സംരക്ഷിച്ചിരുന്നു. ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിച്ചിട്ടില്ല എന്നൊക്കെയായിരുന്നു വിലാപങ്ങള്‍.,. . കൂടെക്കൂടെ ഇത് പറഞ്ഞിരുന്ന  വിജയന്‍ പറയാത്ത ചില കാര്യങ്ങളുണ്ട്. ഇ എം എസും നായനാരും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നൊന്നും അദ്ദേഹം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചിട്ടില്ല. മത്സരിക്കുന്നതില്‍ നിന്നും പാര്ട്ടി  തടഞ്ഞിട്ടില്ല. സഹൂഹത്തിനു ഗുണകരമായ തീരുമാനങ്ങള്‍ എടുത്തപ്പോഴൊന്നും അതിനെ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാരായിരുന്ന ഇ  എം എസും നായനാരും ഭരിച്ചപ്പോഴൊന്നും കമ്യൂണിസത്തിനു നിരക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തിരുന്നില്ല. അന്നൊന്നും പാര്‍ട്ടി ഭൂമായിയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മാഫിയയുടെയും ബ്ളേഡ് കമ്പനിയുടെയും ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും പറഞ്ഞ് സ്വകാര്യ കുത്തകള്‍ക്ക് ഭൂമി വില്‌ക്കാന്‍ ഒത്താശ ചെയ്തിട്ടില്ല. പാര്‍ട്ടി അന്നൊന്നും അമ്യൂസ്മെന്റ് പാര്‍ക്കോ പഞ്ച നക്ഷത്ര ഹോട്ടലോ നടത്തിയിരുന്നില്ല. അന്നും പാര്‍ട്ടിക്കു സെക്രട്ടറിയും മറ്റുമൊക്കെ ഉണ്ടായിരുന്നു. സെക്രട്ടറി ഇതുപോലുള്ള ഒന്നിനും ചൂട്ടു പിടിക്കാതിരുന്നതു കൊണ്ട് ഇ എം എസിനോ നായനാര്‍ക്കോ എതിര്‍പ്പുണ്ടാകേണ്ട വിഷയങ്ങളുമുണ്ടായിരുന്നില്ല. ഇന്നതല്ല അവസ്ഥ. ഫാരിസ് അബൂബേക്കറേപ്പോലുള്ള ഭൂമായിയകളാണിന്ന് പാര്‍ട്ടി അജണ്ട നിശ്ചയിക്കുന്നത്. ഭൂമാഫിയ സ്ഥലം വാങ്ങിയാല്‍ അവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിക്കുക എന്ന നിലയിലേക്ക് പാര്‍ട്ടിയെ തരം തഴ്ത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി  വിജയനാണ്.


Politician Pinarayi Vijayan Photographജനസമൂഹത്തിനു ശരി എന്നു തോന്നുന്നതിന്റെ നേരെ എതിര്‍വശത്തു നിന്നാല്‍ വി എസിനെ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് പിണറായി വിജയന്‍ കണ്ടുപിടിച്ചിട്ട് കാലം കുറെ ആയി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജനകീയനായപ്പോള്‍ മുതല്‍ ഇത്  ആരംഭിച്ചതാണ്. അതിപ്പോഴും തുടരുന്നു.


വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നാണു ലക്ഷ്യം. അത് നേരിട്ട് പറയാന്‍  ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ശിഖണ്ഠികളേക്കൊണ്ട് പറയിപ്പിക്കുന്നു.

മുഖ്യമന്ത്രി എന്ന നിലയില്‍  , വി എസ് എല്ലാ ആഴ്ചയും പത്രസമ്മേളനം നടത്തിയിരുന്നു. അപ്പോഴൊക്കെ  പത്രക്കാര്‍ക്ക് ചോദിക്കാന്‍ വേണ്ട വിഷയങ്ങള്‍ വളരെ സമര്‍ദ്ധമായി അതിനു മുന്നേ പിണറായി വിജയന്‍ പറഞ്ഞിരുന്നു.  കേരളത്തിലെ പത്രക്കാരെ ശരിക്കും മനസിലാക്കിയ വിജയനറിയാം,   അവര്‍ വി എസിനോട് എന്തു ചോദിക്കുമെന്ന്. പത്രക്കാര്‍ക്ക് ചോദിക്കേണ്ട ചോദ്യം തയ്യാറാക്കി നല്‍കുന്നതു പോലെയാണ്‌ വിജയന്‍  മിക്കപ്പോഴും സംസാരിക്കുക. അവര്‍ ചോദിക്കുന്നതും പിണറായി പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ തന്നെ. വി എസ് പ്രതികരിക്കും. അത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതായി വ്യാഖ്യാനിക്കാന്‍ വിജയനോളം സാമര്‍ദ്ധ്യം വേറെ ആര്‍ക്കുണ്ട്? നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞപോലെ. ഇഷ്ടവിനോദമായ മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ നാവിന്റെ ചൊറിച്ചില്‍ മാറുന്നതു വരെ ചീത്ത പറയാം. വി എസിനേക്കൊണ്ട് ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിപ്പിക്കാം. ബാക്കി പണികളൊക്കെ ചാവേറുകള്‍ നോക്കിക്കൊള്ളും. ലാവലിന്‍ പ്രശ്നത്തില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുന്നതിന്റെ അടുത്തു വരെ എത്തിയതായിരുന്നു. അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞു പോയതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റാന്‍ അതേ ലാവലിന്‍ വിഷയം ​ഉപയോഗിക്കുന്നു.

ഇത് വളരെ സമര്‍ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു തന്ത്രമാണ്. സി പി എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് ഇതു പോലുള്ള തന്ത്രങ്ങള്‍ വിജയിക്കാന്‍ വളരെ യോജിച്ചതുമാണ്. പാര്‍ട്ടി വിരുദ്ധനായി ആരെയും മുദ്ര കുത്താന്‍ വളരെ എളുപ്പമാണ്. ആരേക്കൊണ്ടു വേണമെങ്കിലും വളരെ എളുപ്പത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കാം.

ഇന്‍ഡ്യന്‍ ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ ക്രമക്കേടാണ്,ലാവലിന്‍ കരാറില്‍ ഖജനാവിനുണ്ടായ നഷ്ടം. സി ബി ഐ ആണതന്വേഷിച്ച്  കുറ്റപത്രം സമര്‍പ്പിച്ചതും. അത് തീര്‍പ്പാക്കേണ്ടത്, ഏതെങ്കിലും പാര്‍ട്ടി വേദികളിലല്ല. അതിനു വ്യവസ്ഥാപിതമായ ഒരു സംവിധാനം  ഇന്‍ഡ്യയിലുണ്ട്. .  വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് പാര്‍ട്ടി തീരുമാനിച്ചാലൊന്നും അത് ജനങ്ങളും നിയമവ്യവസ്ഥയും അംഗീകരിക്കില്ല.  ആ സംവിധാനത്തിലൂടെ പോകണമെന്നേ വി എസ്  പറഞ്ഞുള്ളു. അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വി എസിനു കിട്ടുന്ന പിന്തുണ, ജനം എങ്ങനെ ഇതിനെ കാണുന്നു എന്നതിനു തെളിവാണ്.

വി എസ് കുറേക്കാലമായി പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അച്ചടക്കമെന്ന ആയുധപ്രയോഗത്തിലൂടെ അടക്കി നിര്‍ത്തിയതിലൂടെ ഉണ്ടായതാണ് ഇന്നത്തെ പ്രതിസന്ധി. ഇത് ഇത്രയാക്കി വര്‍ദ്ധിപ്പിച്ചതില്‍ കാരാട്ടിനും വലിയ പങ്കുണ്ട്. ലാവലിന്‍ കേസാണ്, ഇതില്‍ ഏറ്റവും ഗുരുതരം. ഈ വിഷയത്തില്‍ പാര്‍ട്ടി വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടില്ല ഇതു വരെ.  നേതാക്കള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കിയ ഒരു പാര്‍ട്ടി തീരുമാനത്തെ പിന്നീട് തള്ളിപ്പറയുന്നതിന് തുല്യമായിരിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തുന്ന ചിന്ത. തെറ്റ് സംഭവിച്ചത് വിജയനല്ലെന്നും പാര്‍ട്ടിക്കാണെന്നും പരസ്യ സമ്മതം നടത്തേണ്ടിവരുമെന്ന പേടിയാണ്‌ പ്രകാശിനും മറ്റു ചിലര്‍ക്കും. അത് ഒരു തെറ്റിദ്ധാരണകൊണ്ടുള്ള നിലപാടാണ്. ലാവലിന്‍ കരാര്‍ അഴിമതിയിലൂടെ നടപ്പാക്കണമെന്ന് പാര്‍ട്ടി പിണറായിയോട് നിര്‍ദ്ദേശിച്ചിരുന്നില്ല. കരാര്‍ നടപ്പിലാക്കിയപ്പോള്‍ ചില വീഴ്ചകള്‍ സംഭവിച്ചു. അതിന്റെ ഉത്തരവാദിത്തം അത് നടപ്പിലാക്കിയ വ്യക്തികള്‍ക്കാണെന്ന തിരിച്ചറിവ്, പാര്‍ട്ടിക്കില്ലാതെ പോയി. അതുകൊണ്ടുതന്നെ, ലാവലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, അറിഞ്ഞതെല്ലാം പൂര്‍ണമാണെന്ന വിലയിരുത്തലാണ്, പ്രകാശ് കാരാട്ട് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ്, വിജയനെ  കുറ്റവിമുക്തനാക്കിയുള്ള തീര്‍പ്പ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. ഇവിടെ കാരാട്ടൊക്കെ വളരെ ആപത്ക്കരമായ ഒരു നിലപാടിലേക്ക് മാറുന്നു. പിണറായി തെറ്റു ചെയ്തോ എന്നു തീരുമാനിക്കേണ്ടത്, കോടതിയല്ല പാര്‍ട്ടിയാണ്, എന്ന പുതിയ ഒരു നിലപാടാണത്. നാളെ മറ്റു പാര്‍ട്ടികളും ഇതാവര്‍ത്തിച്ചാല്‍, അത്ഭുതപ്പെടേണ്ടതില്ല. തിരുത്തപ്പെടേണ്ടത് പാര്‍ട്ടിയാകയാല്‍ അതിന് തുനിഞ്ഞില്ല. മാത്രമല്ല, അഴിമതി ആരോപിതനായ വ്യക്തിപോലും സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഇത് കേന്ദ്രീകൃത ജനാധിപത്യവും ലെനിനിസ്റ്റ് സംഘടനാരീതിയും അനുവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാധകമായിരിക്കാം. എന്നാല്‍ പാര്‍ട്ടിഭരണഘടനക്ക് പുറത്ത് കഴിയുന്നവര്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല.

വിജയന്‍ നേതാവായ ശേഷം ഒരു ബഹുജനസമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. കാരാട്ടിന്റെ അവസ്ഥയും മറ്റൊന്നല്ല. അത് ബഹുജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടല്ല. പൊതുസമൂഹത്തിന്റെ താഴെത്തട്ടിലുള്ള ദാരിദ്യം, ഭൂമി, പരിസ്ഥിതി, സ്ത്രീത്വം, ദലിത് മുന്നേറ്റം, തൊഴിലില്ലായ്മ, വിലക്കയറ്റം, വരള്‍ച്ച, കള്ളപ്പണം, പെണ്‍വാണിഭം, ബലാല്‍ സംഗം  എന്നിങ്ങനെ, വര്‍ഗപരമായി പ്രതിനിധാനം ചെയ്യേണ്ട ബഹുഭൂരിപക്ഷം ജനതയുടെ ഒരുപ്രശ്നം പോലും വിജയന്‍ നേതാവായ ശേഷം സി പി എം ഏറ്റെടുത്തില്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ നിന്നു തന്നെ മാറിപ്പോയി. എങ്ങനെയും കുറച്ച് സീറ്റു നേടുക എന്നതായി മാറി പാര്‍ട്ടി ലക്ഷ്യം. ഭൂമി കയ്യേറ്റം, അഴിമതി, ലൈംഗിക പീഢനം, നെല്‍ വയല്‍ നികത്തല്‍ തുടങ്ങിയ സമൂഹിക പ്രശ്നങ്ങള്‍ ഒറ്റക്ക് വി എസ് ഏറ്റെടുത്തു. അതിനു പിന്നില്‍ ബഹുജനങ്ങളെ അണിനിരത്തേണ്ടതായി പാര്‍ട്ടിക്കു തോന്നിയില്ല. വി എസിനു ഇവയെല്ലാം ജനപ്രിയത നേടിക്കൊടുത്തു എന്നു മനസിലായപ്പോള്‍, അതിന്റെ പങ്ക് അവകാശപ്പെടാന്‍ പാര്‍ട്ടി ശ്രമിച്ചു എന്നത് നേരാണ്. വി എസ് ഇവയിലൊക്കെ സജീവമായി ഇടപെട്ടപ്പോള്‍, പാര്‍ട്ടി നേതാക്കള്‍ മുതലാളിത്തത്തിന്റെ ഇതുവരെ എതിര്‍ത്ത കനികള്‍ ആസ്വദിക്കാന്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ അനുഭവിക്കുക മാത്രമല്ല, അവയുടെ നടത്തിപ്പുകാരായി ചില നേതാക്കള്‍ മാറി. ഇവിടെയും നിന്നില്ല, കള്ളപ്പണക്കാരും, കൊള്ളപ്പലിശക്കാരും, ഭൂമാഫിയക്കാരും, കള്ളവാറ്റുകാരും, വലിയ തൊഴിലുടമകളും, പാര്‍ട്ടി വേദികളില്‍ സ്വീകാര്യരും ബഹുമാനിതരും ആയി. ഇതിനെതിരെ ഉയര്‍ന്ന ശബ്ദം വി എസിന്റേതു മാത്രമായിരുന്നു.

കേരളപ്പിറവിക്കു ശേഷം ഉണ്ടായ ഏറ്റവും വിപ്ലവാത്മകമായ സമരം എന്നു വിശേഷിപ്പിക്കാവുന്നതാണു നെല്‍വയല്‍ നിരത്തലിനെതിരെ, വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമരം. അതിനെ, 'വെട്ടി നിരത്തല്‍ സമരം' എന്ന് ആക്ഷേപിച്ച് , വിമര്‍ശിച്ച് എതിര്‍ത്തു ഭൂമാഫിയകള്‍ പരാജയപ്പെടുത്തി. അത് പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്കും വ്യക്തമായ ഒരു പങ്കുണ്ട്.

അതിനു ശേഷം ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ നടന്ന നീക്കവും സമാന സ്വഭാവമുള്ളതും, അഭൂത പൂര്‍വമായതുമായിരുന്നു. ഭൂമാഫിയക്കാരെ പേടിച്ചും അവര്‍ക്ക് ഒത്താശചെയ്തും ഭരണ നേതൃത്വം നിന്നിരുന്ന കേരളത്തില്‍, അവര്‍ക്കെതിരെ ആദ്യമായാണങ്ങനെ ഒരു നീക്കമുണ്ടായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ പാര്‍ട്ടി നേതൃത്വം അത് പരാജയപ്പെടുത്തുന്നതിലും നല്ല ഒരു പങ്കു വഹിച്ചു. ഈ ഭൂമാഫിയക്കാരു തന്നെയാണിപ്പോള്‍ ഭൂമി വില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ ആക്കിയതും. ആ മാഫിയക്കാരില്‍ ഒരാളായ ഫാരീസ് അബൂബേക്കര്‍ ഇന്ന് പാര്‍ട്ടിയുടെ  ചങ്ങാതിയാണ്.

രാജ്യദ്രോഹികളുടെയും, അഴിമതിക്കാരുടെയും ചരിത്രം വായിച്ച് ആരും ആവേശം കൊള്ളില്ല. പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു, ആളുകള്‍ ആവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും.  വി എസിനെ കീടം എന്നു വിളിച്ചാക്ഷേപിച്ചവരോടും, ബിംബം പേറുന്ന കഴുത എന്നു  വിശേഷിപ്പിച്ചവരോടും, ഈ തൊണ്ണൂറാം വയസിലും പോരാടിനില്‍ക്കുന്ന വി എസിന്റെ സമരവീര്യം ഒരു കൊഞ്ഞാണനും, ഏഴു ജന്മം ജനിച്ചാലും കിട്ടാന്‍ പോകുന്നില്ല. ഓരോ പ്രാവശ്യവും ഈ കൃമികള്‍ ചവുട്ടിത്താഴ്ത്തുമ്പോഴും വി എസിന്റെ മൂല്യം മലയാളിയുടെ മനസില്‍ ഉയരുകയാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാധാരണ ജനതയുടെ മനസാക്ഷി സൂക്ഷിപ്പുകാരായിട്ടാണറിയപ്പെടുന്നത്. സി പി എം എന്ന പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ ഭൂമികയില്‍ കറകളഞ്ഞ ഒരു സ്ഥാനം അവകാശപ്പെടാം . ആ പാര്‍ട്ടിയുടെ നേതാക്കള്‍ പൊതുവെ അഴിമതി രഹിതരും, സുതാര്യരും, എളിയ ജീവിതം നയിക്കുന്നവരുമായിട്ടാണറിയപ്പെടുന്നത്. ഇ എം എസിനേപ്പൊലുള്ള നേതാക്കള്‍ സ്വന്തം ജീവിതം തന്നെ അര്‍പ്പിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷെ അടുത്തകാലത്തായി അത് ഒരു പ്രത്യേകതരം അപചയം നേരിടുന്നു. പ്രസ്ഥാനം അപചയം നേരിടുന്നു എന്നു പറയുന്നതിലും യുക്തം , അതിന്റെ പുതിയ നേതാക്കള്‍ അപചയം നേരിടുന്നു എന്നതാവും കൂടുതല്‍ ശരി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ലാവ് ലിന്‍ കേസും പിണറായി വിജയന്‍ അതിലെ ഒരു പ്രതിയുമായതും.  ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. പക്ഷെ അതില്‍ പല ദുരൂഹതകളും അടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍ കോഴ വാങ്ങി എന്നോ , പണം തിരിമറി ചെയ്തു എന്നോ ആരും ആക്ഷേപിച്ചിട്ടില്ല. പക്ഷെ സാധാരണ ജനങ്ങളുടെ ഇടയില്‍ പല സന്ദേഹങ്ങളും ഉണ്ട്.

പിണറായി വിജയന്‍ എന്ന വ്യക്തി കേരള രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്നതിലേറെ വേട്ടായടപ്പെട്ട ഒരു വ്യക്തിയാണ്‌. അതിന്റെ കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റി എന്നുമുള്ള ഒരു ദുരൂഹതയും .  കേരള രാഷ്ട്രീയത്തില്‍ ഒരു പ്രതി നായകന്റെ പ്രതിഛായ ഉണ്ടാക്കുന്നതില്‍ പിണറായി വിജയനും ചെറുതല്ലാത്ത പങ്കുണ്ട്. പത്രക്കാരോട് എന്നും വെറുപ്പോടെയേ അദ്ദേഹം പെരുമാറാറുള്ളൂ. അതുപോലെ പൊതുവേദികളില്‍ ചിരിക്കാറില്ല. പലതിനോടും പ്രതികരിക്കുന്നത് ധാര്‍ഷ്ട്യത്തോടെയും. ഇതു പോലെയുള്ള വ്യക്തികളെ മാധ്യമങ്ങളും ജനങ്ങളും ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്‌. അതു കൊണ്ട്‌ മാധ്യമങ്ങള്‍ പിണറായിയെ കൂടുതല്‍ വേട്ടയാടി. ജനങ്ങള്‍ അതാഘോഷിച്ചു.

വി എസിനേപ്പോലെ ഏതെങ്കിലും  ജനകീയ സമരങ്ങളില്‍ വിജയന്‍ പങ്കെ ടുത്തതായി  കേട്ടിട്ടില്ല. വി എസിനെതിരെ ഇതു വരെ നടത്തിയ എല്ലാ നീക്കങ്ങളും തിരിച്ചടിക്കുന്നതാണു കണ്ടിട്ടുള്ളത്. 90 വയസു വരെ അദ്ദേഹം പിടിച്ചു നിന്നെങ്കില്‍ അതിന്റെ കാരണം അദ്ദേഹത്തിന്റെ ധാര്‍മ്മികത തന്നെയാണ്. അദ്ദേഹത്തെ ഒതുക്കാന്‍  വേണ്ടി  കളിക്കാവുന്ന എല്ലാ കളികളും വിജയന്‍ കളിച്ചു.  അദ്ദേഹത്തിന്റെ കൂടെ  ഉണ്ടായിരുന്നവരെ ഓരോരുത്തരേയായി അടര്‍ത്തി മാറ്റി. അതിനു വിസമ്മതിച്ചവരെ പുറത്താക്കി.  ഇതൊക്കെ വി എസ് ഒരു പരിധി വരെ അംഗീകരിച്ച് പാര്‍ട്ടിക്കു കീഴ്പ്പെട്ടു. പക്ഷെ റ്റി പി ചന്ദ്രശേഖരന്റെ വധം അദ്ദേഹത്തിനു താങ്ങാവുന്നതിലധികമായിരുന്നു. പാര്‍ട്ടിക്കതില്‍ പങ്കുണ്ടെന്ന വ്യക്തമായ അറിവു വച്ചാണദ്ദേഹം പിന്നീട് പ്രതികരിച്ചതൊക്കെ.  അതിനു ശേഷമാണദ്ദേഹം വിജയനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാന്‍ തുടങ്ങിയതും.


കമ്യൂണിസത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ചേരാത്ത തീരുമാനങ്ങള്‍ എടുക്കുക. യധാര്‍ത്ഥ കമ്യൂണിസ്റ്റായ വി എസിനെക്കൊണ്ട് പ്രതികരിപ്പിക്കുക. ലെനിനിസ്റ്റ് സംഘടന  തത്വം ലംഘിച്ചു എന്നും പറഞ്ഞ് അദ്ദേഹത്തെ പ്രതികൂട്ടിലാക്കുക. ഇതാണു കുറെനാളുകളായി കേരളത്തില്‍ കാണുന്ന പ്രതിഭാസം. മൂന്നാറിലും ലാവലിനിലും കിളിരൂരിലും സ്മാര്‍ട്ട് സിറ്റിയിലും കിനാലൂരിലും ഇതൊക്കെ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ അവസാന ഇനമാണ്, ഇപ്പോള്‍ ലാവലിന്‍ വിഷയത്തില്‍ വി എസ് ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്ന്  ഒരു പാര്‍ട്ടിയംഗത്തേക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത്. അന്വേഷണം നടത്തിയ കമ്മീഷനും ഏകപക്ഷീയമായി  വി എസിനെ പ്രതിക്കൂട്ടിലാക്കി.

70 വര്‍ഷക്കാലം കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച, 30 വര്‍ഷക്കാലം അതിന്റെ  അമരത്തിരുന്ന വി എസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ക്ക് കൊണ്ടുവരാനായത് രണ്ടേ രണ്ട് ആരോപണങ്ങളാണ്. മകന്‍ അരുണ്‍ കുമാറിനു വഴി വിട്ട് സ്ഥാനമാനങ്ങള്‍ നല്‍കി എന്നും ബന്ധുവിന്,
അനധികൃതമായി ഭൂമി അനുവദിച്ചു എന്നും. പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹത്തിനെതിരെ  ആഴ്ച്ച തോറും ആരോപണങ്ങള്‍ കൊണ്ടു വരാനായി. നിരന്തരം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന വ്യക്തിയായി അദ്ദേഹത്തെ പൊതു ജനമദ്ധ്യത്തില്‍ ചിത്രീകരിച്ച് അവഹേളിക്കാന്‍  ശ്രമിച്ചു. പക്ഷെ ഓരോ പ്രാവശ്യവും  വി എസിനു ജനങ്ങളുടെ ഇടയില്‍  മതിപ്പു കൂടുന്നേ ഉള്ളു. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന പടയൊരുക്കം അദ്ദേഹം അവജ്ഞയോടെ തള്ളിക്കളയുന്നു. വി എസിന്റെ  പെഴ്‌സണല്‍ സ്റ്റാഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി അദ്ദേഹത്തെ നിരായുധനാക്കാന്‍  നടത്തിയ ശ്രമം ഇപ്പോഴും വിജയം കണ്ടിട്ടില്ല. അത് വിജയം കണ്ടാലും വി എസിനു മാറ്റമുണ്ടാകില്ല. പക്ഷെ ഇത് തിരിച്ചറിയാന്‍ വിജയനോ കൂടെയുള്ളവര്‍ക്കോ സാധിക്കുന്നില്ല.

ഭൂമിദാനക്കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ കോടതി പറഞ്ഞതൊക്കെ എല്ലാവര്‍ക്കും അറിയാം. പത്രങ്ങള്‍ ഈ കേസിനെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന സമയത്തൊക്കെ വി.എസ്‌. അച്യുതാനന്ദന്‍ കുലുങ്ങാതെ നിന്നു. ധാര്‍മ്മികത ഉള്ളവര്‍ക്കേ ഇതുപോലെ കുലുങ്ങാതെ നില്‍ക്കാന്‍ ആകൂ. കോടതിവിധി വന്നയുടനെ വി എസ്‌. പറഞ്ഞത് തന്നെ പ്രതിപക്ഷനേതാവു സ്‌ഥാനത്തുനിന്നു തെറിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു.  വി എസിന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായി പിണറായിയുടെ പ്രസ്‌താവനയും വന്നു. വി എസ്‌. ആഗ്രഹിച്ച ഇടത്തുനിന്നുതന്നെ പ്രതികരണം വന്നു. അദ്ദേഹത്തെ  പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റേണ്ടത്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നു ആര്‍ക്കാണറിഞ്ഞു കൂടാത്തത്?   തന്നെ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റാന്‍ ശ്രമിക്കുന്നവരുടെ പേരുകളെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌  അദ്ദേഹം പത്രക്കാരോടു പറഞ്ഞത്‌.,.   തന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവരെ  അദ്ദേഹം നിരാശപ്പെടുത്തുന്നു. വി.എസിനെ ആര്‍ക്കാണു പേടി എന്നതു കാലം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് തെളിഞ്ഞും കഴിഞ്ഞും. കേരള സി പി എം സെക്രട്ടേറിയറ്റ്   അതിനുള്ള പ്രമേയം പാസാക്കി. സംസ്ഥാന സമിതി ബഹുഭൂരിപക്ഷത്തോടെ അതംഗീകരിച്ച് കേന്ദ്ര കമ്മിറ്റിക്കുമയച്ചു.


ഭൂമി ദാനക്കേസില്‍ കേരള ഹൈക്കോടതി നടത്തിയ അഭിപ്രായം ഇതായിരുന്നു.

"വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രതിപക്ഷനേതാവിനെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ദുരുദ്ദേശ്യപരമായി നടത്തിയ കേസാണിത്. കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന് ക്രിമിനല്‍ അന്വേഷണത്തിന്റെ പ്രാഥമികതത്ത്വം പോലും അറിയില്ല. പ്രതിപക്ഷനേതാവിനെ അഴിമതിക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരെ പോരാടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. പൊതുജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം എന്ന ഇദ്ദേഹത്തിന്റെ വാദത്തില്‍ കഴമ്പുണ്ട്. കള്ളക്കേസില്‍ ഒരാളെ കുടുക്കിയശേഷം അയാളെ ആണിയടിച്ച് തറയ്ക്കാനുള്ള കുരിശ് കണ്ടെത്തുകയാണ് ഗവ. ചെയ്തിട്ടുള്ളത്. പൊതുജനമധ്യത്തില്‍ തന്നെ കരിതേക്കാനുള്ള ശ്രമം മാത്രമായിരുന്നു കേസ് എന്ന ആരോപണത്തോട് കോടതി യോജിക്കുന്നു.'' 

പാര്‍ട്ടിക്കുള്ളിലും വി എസിനെതിരെ കുറ്റം കണ്ടെത്തുന്നതും  കോടതി അഭിപ്രായപ്പെട്ട അതേ രീതിയിലാണ്. അവാസ്ഥവങ്ങളായ ആരോപണങ്ങള്‍  ഉന്നയിപ്പിച്ച് വി എസിനെ അവഹേളിച്ച് പ്രതികരിപ്പിച്ച്  കേന്ദ്ര നേതൃ ത്വത്തേക്കൊണ്ട് നടപടി എടുപ്പിക്കുക. സ്വന്തം പാര്‍ട്ടി തന്നെ പൊതു ജന മദ്ധ്യത്തില്‍ അവഹേളിക്കപ്പെട്ടാലും വി എസിനെ ഉപദ്രവിക്കുക എന്നതാണ്, വിജയന്റെ തന്ത്രം. വിജയനെ ലാവലിന്‍ കേസില്‍ പ്രതിയാക്കിക്കാന്‍ പാര്‍ട്ടി മുഖ്യമന്ത്രി  ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്നാണവസാനത്തെ ആരോപണം. അതും ഒന്നല്ല മൂന്നു പേരെ സ്വാധീനിച്ചു എന്നാണു പറയുന്നത്. ജസ്റ്റിസ് ബാലി, ജസ്റ്റിസ് ദത്തു, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരെ  സ്വാധീനിച്ചത്രെ. ഇവരെയൊക്കെ വി എസ് കണ്ട് ലാവലിന്‍ കേസിന്റെ കാര്യം ചര്‍ച്ച ചെയ്തു.

ഇതിനു തൊട്ടു മുമ്പുള്ള ആരോപണം വി എസിന്റെ പെഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ വി എസ് അംഗമായ ഘടകങ്ങളിലെ വാര്‍ത്ത ചോര്‍ത്തി എന്നായിരുന്നു. വി എസ് വാര്‍ത്ത ചോര്‍ത്തി എന്നു തെളിച്ചു  പറയാനുള്ള നട്ടെല്ലൊന്നും വിജയിനില്ല. അതുകൊണ്ട്  കൂടെയുള്ളവര്‍ വാര്‍ത്ത ചോര്‍ത്തി എന്നു പറഞ്ഞ്  അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിജയനൊക്കെ മൂഡ സ്വര്‍ഗ്ഗത്തിലാണ്. മുന്നു പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയാല്‍ വി എസ് വരുതിയിലാകുമെന്നു കരുതുന്ന മൂഡ സ്വര്‍ഗ്ഗത്തില്‍. ഇത്ര കാലവും  വി എസിനോടൊപ്പം ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കൊന്നും വി എസിനെ മനസിലായില്ല എന്നത് ആരിലും  അത്ഭുതമുണ്ടാക്കും.

പ്രശ്നം വളരെ ലളിതമാണ്. വി എസിനേപ്പോലുള്ള ഒരു നേതാവിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന്‍ കേരളത്തിലെ പാര്‍ട്ടിക്കാവില്ല. ഹൈക്കോടതി പറഞ്ഞതുപോലെ പാര്‍ട്ടി എന്ന കുരിശിനേക്കാള്‍ വലുതാണ്, വി എസ് എന്ന വ്യക്തി. അദ്ദേഹത്തെ തറയ്ക്കാന്‍  കേരള സി പി എം എന്ന കുരിശു പോരാ. അപ്പോള്‍ ഒറ്റ വഴിയേ ഉള്ളു. പാര്‍ട്ടിക്ക് വി എസിനെ വിശ്വാസമില്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. ലാവലിന്‍  കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നതാണ്,  പാർട്ടി നിലപാട്. ഇത് ഇപ്പോള്‍ വിഎസ് പരസ്യമായി തള്ളിയിരിക്കുന്നു.  സത്യത്തോടൊപ്പം നിന്നതിനാണ് തന്നെ പി ബിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറയുന്നു.  പാർട്ടിയുടെ സംഘടനാ തത്വങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഗുരുതരമായ അച്ചടക്ക ലംഘനമാണത്. വി എസിന്റെ പെഴ്സണൽ സ്റ്റാഫിലെ വിശ്വസ്തരെ പാർട്ടയിൽനിന്ന് പുറത്താക്കാൻ നടത്തിയ നീക്കം പാളിയപ്പോൾ വി എസിനെ വ്യക്തിപരമായി ആക്രമിക്കുന്ന കരുണാകരൻ കമ്മീഷൻ റിപ്പോർട്ട് പുറത്തെടുത്തു. മറ്റേതു കേസും പോലെ ജനങ്ങളൊക്കെ മറന്നു തുടങ്ങിയ ലാവലിന്‍ കേസ് ഇപ്പോള്‍ വീണ്ടും പൊതു ജനമദ്ധ്യത്തില്‍ ചര്‍ച്ചയായി.


അന്തരിച്ച പ്രഫസര്‍  എം.എന്‍ . വിജയന്‍  വി എസിനെ വിശേഷിപ്പിച്ചത് പരാജയം ഭക്ഷിച്ച് ജീവിക്കുന്ന നേതാവ് എന്നായിരുന്നു.  രാഷ്ട്രീയമായി ശരിയായ നിലപാടെടുക്കുമ്പോഴെല്ലാം സംഘടനയില്‍  വി എസ് തോറ്റുപോകുന്നതിനെയാണ് അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍  നേരിടുന്ന പരാജയങ്ങള്‍ പലപ്പോഴും വി എസിന്,  ഊര്‍ജ്ജമായി മാറുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ രാഷ്ട്രീയമായും സംഘടനാപരമായും പരാജയപ്പെട്ട നേതാവാണ് വിജയന്‍,. ഒരുതരം പകയുടെയും വിദ്വേഷത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് വിജയന്‍   കൈക്കൊണ്ടുപോന്നിട്ടുളളത്.  സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ഒറ്റ ജനകീയ സമരമെങ്കിലും അദ്ദേഹം നടത്തിയതായി കേട്ടിട്ടില്ല. പാര്‍ട്ടിയുടെ ഊര്‍ജ്ജവും സമ്പത്തും വിനിയോഗിച്ചതാവട്ടെ വി  എസ് എന്ന രാഷ്ട്രീയ നേതാവിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന  രാഷ്ട്രീയത്തെയും ഇല്ലാതാക്കാനും.  ആ ലക്ഷ്യം ഇതുവരെ നടപ്പാക്കാന് സാധിച്ചിട്ടുമില്ല.  ഏറെ കൊട്ടിഘോഷിച്ച് അടുത്ത കാലത്ത്  നടത്തിയ മിച്ച ഭൂമി സമരവും പെന്‍ഷന്‍ സമരവും പരാജയപ്പെട്ടു. ഈ സമരങ്ങളിലൊക്കെ ജന പങ്കാളിത്തം  വളരെ കുറവായിരുന്നു. സി പി എമ്മിന്റെ ചരിത്രത്തില്‍ ഇതിനു മുന്നെ ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയടക്കിയിട്ടുള്ള ഭൂമി പിടിച്ചെടുക്കുന്നതിന് വി എസ്  സര്‍ക്കാര്‍   മൂന്നാറില് ആരംഭിച്ച നടപടികള് ,വന്‍കിട കൈയ്യേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കാന്‍,  അട്ടിമറിച്ചവരാണ് മിച്ചഭൂമി പിടിക്കാനിറങ്ങിയതെന്നു മനസിലാക്കിയ പൊതു ജനം പുറം തിരിഞ്ഞു നിന്നു.

കരുണാകരന്‍  രൂപീകരിച്ച ഡി.ഐ.സിയുമായും മദനിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും, ഐസ്ക്രീം പാര്‍ലര്‍  കേസില്‍  കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍  ശ്രമിച്ചതും, നിരവധി ക്രിമിനല്‍  കേസുകളില്‍  പ്രതിയായ  ടോമിന് തച്ചങ്കരിയെ രക്ഷിക്കാന് ശ്രമിച്ചതും, മൂന്നാറിലെ ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം അട്ടിമറിച്ചതും ഉള്‍പ്പടെ വിജയന്റെ തൊപ്പിയില്‍ അനേകം തൂവലുകളുണ്ട്.   ഈ പ്രശ്നങ്ങളിലെല്ലാം ശരിയായ നിലപാട് സ്വീകരിച്ചതായിരുന്നു വിഎസ്,  വിജയന്റെ കണ്ണിലെ കരടാകാന്‍ ഉള്ള കാരണം. വിജയനെ വി എസ് ഡാംഗേയോടുപമിച്ചപ്പോള്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞത്, ഇനി ഈ പാര്‍ട്ടിയില്‍  വി എസും വിജയനും ഒരുമിച്ചുണ്ടാകില്ല എന്നായിരുന്നു. അതാണു നല്ലതും. ആരെങ്കിലും ഒരാള്‍ മതി. എളുപ്പം നടപ്പാക്കാവുന്നത് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്.ശിഖണ്ഠികളെ മാറ്റി നിറുത്തി  പിണറായി വിജയനെന്ന പാര്‍ട്ടി സെക്രട്ടറിക്ക് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വയ്ക്കാനാകുമോ? പര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും അതിനെ വി എസ് കാര്യമായി എടുക്കില്ല. ജനങ്ങളുടെ നേതാവിന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വ രെജിസ്റ്ററില്‍ അല്ല. ഇപ്പോള്‍ വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നാണ്, വിജയന്റെ ആവശ്യം. പക്ഷെ വി എസ് എന്നേ കേരളത്തിലെ ആജീവനാന്ത പ്രതിപക്ഷനേതാവാണെന്ന കാര്യം വിജയന്‍ മറക്കുന്നു. ഇനി പ്രതിപക്ഷ നേതാവിന്റെ സ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ മാറ്റിയിട്ടും കാര്യമില്ല. വി.എസ്‌. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. അതിന്‌ എം.എല്‍.എ. ആകേണ്ട ആവശ്യം പോലുമില്ല. കേരള പൊതു  സമൂഹം അദ്ദേഹത്തെ ആ നിലയില്‍ എന്നേ തീരുമാനിച്ചു കഴിഞ്ഞു. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. വി എസ് എവിടെ ഏത് പ്രശ്നത്തില്‍ ഇടപെട്ടാലും  ആ പ്രശ്നത്തിന്റെ ഗതിമാറുന്നതു കാണാം. നഴ്‌സുമാരുടെ സമരം തന്നെ ഏറ്റവും നല്ല  ഉദാഹരണം. ഒരു സംസ്‌ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും സാധ്യമാവാത്തതു വി എസിനു സാധ്യമായതു കേരളം  കണ്ടു.   ഇതും മറ്റെല്ലാ പ്രശ്നങ്ങളും  അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്‌ ഇതിലൊരു പങ്കുമില്ല. പാര്‍ട്ടിയും വി എസും രണ്ടു വഴിക്കാണ്‌. എപ്പോഴും. ഇതിനൊക്കെ വി എസിനു പിന്തുണ ലഭിക്കുന്നത് പാര്‍ട്ടിയില്‍ നിന്നല്ല. പുറത്തു നിന്നാണ്. അദ്ദേഹം ഇടപെടുന്ന കേസുകളില്‍ പ്രതിഫലം പോലും വാങ്ങാതെ പല പ്രഗത്ഭ അഭിഭാക്ഷകരും അദ്ദേഹത്തിനു വേണ്ടി കേസു വാദിക്കുന്നു.

കേരളത്തില്‍  പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് വി എസിനേപ്പൊലുള്ള ഒരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പക്ഷെ പാര്‍ട്ടി ഭേദമെന്യേ പൊതു ജനത്തിനത് കഴിയുന്നു.  സി പി എം എന്ന പാര്‍ട്ടിയില്‍ വി എസ് ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ വെറും സാങ്കേതികം മാത്രമാണ്.