Saturday 20 October 2012

കടുവയെ പിടിക്കുന്ന കിടുവ


വിശ്വപ്രസിദ്ധ മലയാളം സിനിമയായ ചെമ്മീനില്‍ അന്തരിച്ച നടി അടൂര്‍ പങ്കജം അവതരിപ്പിക്കുന്ന ഒരു കഥാപാത്രമാണ്, നല്ല പെണ്ണ്. ഭര്‍ത്താവായ അച്ചന്‍ കുഞ്ഞിന്റെ  സ്ഥിരം പരിപാടി കള്ളുകുടിച്ചു വന്ന് അവരെ ഇടിക്കുകയാണ്. എന്നും കരയാറുള്ള നല്ലപെണ്ണ്, പിന്നെ പിന്നെ കരയാതെയായി. ഒരു ദിവസം അച്ചന്‍ കുഞ്ഞ്  അവര്‍ക്കിട്ട് ഒരിടി കൊടുത്തു. അവര്‍ കരഞ്ഞില്ല. അച്ചന്‍ കുഞ്ഞ് ചോദിച്ചു, എന്താടി നല്ല പെണ്ണേ നീ കരയാത്തേ? അതിനുള്ള മറുപടി  ഇടികൊണ്ട ഭാഗം  തുടച്ചു കളഞ്ഞിട്ട്, പുച്ഛഭാവത്തിലുള്ള  ഒരു നോട്ടമായിരുന്നു.  ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞദിവസം വി എസ് അച്യുതാനന്ദന്‍  നടത്തിയ പത്രസമ്മേളനവും അതിനോടുള്ള  ചിലരുടെ പ്രതികരണവും ആണ്. 

ഇന്ന് (20/10/2012) 90 വയസിലേക്ക് കടക്കുന്ന വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവ് തന്റെ കസേര നിലനിറുത്താന്‍ നിലപാടു മാറ്റി എന്ന തരത്തില്‍ ചില അഭിപ്രായ പ്രകടനങ്ങള്‍ വായിക്കാനിടയായി. ഇതു വരെ വി എസിനെ ഒരു കാര്യത്തില്‍ പോലും പിന്തുണച്ചിട്ടില്ലാത്ത അബ്സര്‍ മൊഹമ്മദ് എന്ന ബ്ളോഗര്‍ എഴുതിയതിങ്ങനെ.  




വിജയനെ "സഖാവ് വിജയന്‍" എന്നും വി എസിനെ വെറും "വി എസ്" എന്നും  അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ നിലപാടു തറ വ്യക്തമാകുന്നു. അപ്പോള്‍ പ്രതികരണത്തിന്റെ കാരണവുമന്വേഷിച്ച് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. 

പണ്ടൊരിക്കല്‍  വി എസിനെ ശാസിച്ചു എന്ന പത്രവാര്‍ത്ത കേട്ടപ്പോഴേക്കും,  അറിയപ്പെടുന്ന ഒരു വി എസ് വിരോധി, ഒരു വി എസ് വിരുദ്ധ ലേഖനം  എഴുതിയതാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. ഈ പ്രതികരണത്തില്‍  നിന്നും ഒരു കാര്യം വ്യക്തമാകുന്നു. അബ്സര്‍ മൊഹമ്മദ്   വി എസിന്റെ പത്രസമ്മേളനനം റ്റിവിയില്‍ കാണുകയോ അത് സംബന്ധിച്ച ശരിക്കുള്ള വാരത്ത വായിക്കുകയോ ചെയ്തിട്ടില്ല.  വെറുതെ ഭാവനയില്‍ നിന്നും  എഴുതിയതാണത്. 

വി എസിന്റെ പ്രസ്താവന ശരിക്കും വായിക്കാതെയാണ്, ലേഖകന്‍ ഇതൊക്കെ  എഴുതിയതെന്നൊരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 

>>>>>ചാനലിലെ തല്‍സമയ സമ്പ്രേഷണങ്ങളും വി എസിന്റെ പ്രസ്താവനകളുടെ വീഡിയോ ക്ളിപ്പുകളും ഒക്കെ കണ്ട് മനസിലാക്കിയ കാര്യങ്ങള്‍ തെറ്റാണെന്നാണോ  പറയുന്നത്? വി എസ് സ്വന്തം വായ കൊണ്ട് പറഞ്ഞ കാര്യങ്ങളുടെ ദ്രുശ്യങ്ങള്‍  വിശ്വസിക്കാന്‍ പാടില്ല എന്നാണോ അനോണി സഖാവു പറയുന്നത്?<<<<<<


ഒട്ടും ആര്‍ജ്ജവമില്ലാത്ത തികച്ചും അസത്യമായ ഒരു പ്രസ്താവനയാണിത്.  ഒന്നുകില്‍ ഇദ്ദേഹത്തിനു മലയാളം മനസിലാക്കാനുള്ള ശേഷിയില്ല. സ്റ്റെതസ്കോപ്പ് എന്ന ഉപകരണത്തിന്, ആയുര്‍വേദ വൈദ്യത്തില്‍ പ്രസക്തിയില്ലെങ്കിലും ചില വൈദ്യന്‍മാര്‍ അതൊരാഭരണം പോലെ കഴുത്തില്‍ തൂക്കിയിടാറുണ്ട്.  അതുപോലെ മലയാള ഭാഷയും ഇദ്ദേഹത്തിനൊരാഭരണം  പോലെയാണെന്നിപ്പോള്‍ മനസിലാകുന്നു. 

വി എസിന്റെ പത്രസമ്മേളനം മുഴുവനായി തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആര്‍ക്കും അത് കാണാവുന്നതും കേള്‍ക്കാവുന്നതുമാണ്.

വി എസ് എഴുതി വായിച്ച പ്രതികരണം ഇതായിരുന്നു.  

>>>>>കൂടംകുളം ആണവനിലയം സംബന്ധിച്ചു ഞാന്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ഫുകുഷിമ ആണവദുരന്തത്തിന്റെയും ലോകമെങ്ങും ആണവനിലയങ്ങള്‍ക്കെതിരെ ഉയര്‍ന്നവരുന്ന ജനവികാരത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌ അഭിപ്രായപ്രകടനം നടത്തിയത്‌. സുരക്ഷിതത്വ സംവിധാനങ്ങള്‍ ഒരുക്കാതെ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയും ഉപജീവനമാര്‍ഗം അടച്ചുകൊണ്ടും നിലയം സ്‌ഥാപിക്കുന്നതിനെതിരേ കൂടംകുളം ജനത നടത്തുന്ന പ്രക്ഷോഭം ന്യായമാണെന്ന അഭിപ്രായം ഞാന്‍ പ്രകടിപ്പിക്കുകയും സമരത്തിന്‌ ആധാരമായ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായി അങ്ങോട്ടു പുറപ്പെടുകയും ചെയ്‌തു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന്‌ അറിയിച്ചു കളിയിക്കാവിളയില്‍ പോലീസ്‌ തടഞ്ഞതിനാല്‍ തിരിച്ചുമടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ അറിയിച്ചു കൊണ്ടാണു ഞാന്‍ പോയത്‌. 

എന്നാല്‍, എന്റെ യാത്ര വിവാദമായി മാറി. ആണവനിലയം സംബന്ധിച്ച എന്റെ അഭിപ്രായങ്ങളില്‍ ചിലതു പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നു വ്യത്യസ്‌തമാണെന്നു വന്നു. ഈ വിഷയം സി.പി.എമ്മിന്റെ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും പ്രമേയം അംഗീകരിക്കുകയും ചെയ്‌തു. അതു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്‌. കൂടംകുളം നിലയത്തിന്‌ അനുകൂലമായി പാര്‍ട്ടി നിലപാട്‌ സ്വീകരിച്ചിരിക്കെ, വിവാദത്തിനിടയാക്കുംവിധം അങ്ങോട്ടു യാത്ര പുറപ്പെട്ടത്‌ സംഘടനാപരമായി ശരിയായ നടപടിയായിരുന്നില്ലെന്ന വിമര്‍ശനം ഞാന്‍ അംഗീകരിക്കുന്നു. ഇക്കാര്യം കേന്ദ്ര കമ്മറ്റിയിലും സംസ്‌ഥാന കമ്മിറ്റിയിലും ഞാന്‍ വ്യക്‌തമാക്കുകയുണ്ടായി. ആണവനിലയവും ആണവോര്‍ജവും സംബന്ധിച്ച ചര്‍ച്ചയും വാദപ്രതിവാദങ്ങളും ലോകത്താകെ നടക്കുന്നു. അതു തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ആയതിനാല്‍ ഇത്തരം ശാസ്‌ത്രവിഷയങ്ങളില്‍ അന്തിമമായ തീര്‍പ്പു കല്‍പ്പിക്കാറായിട്ടില്ല. 

കൂടംകുളം ആണവനിലയത്തോടു സി.പി.എമ്മിന്‌ എതിര്‍പ്പില്ല. ഉപജീവനസൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടും ജനങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിച്ചുകൊണ്ടും മാത്രമേ നിലയം കമ്മിഷന്‍ ചെയ്യാവൂയെന്നാണു പാര്‍ട്ടി നിലപാട്‌. സുരക്ഷ ഉറപ്പു വരുത്തണമെന്നും സ്വതന്ത്ര വിദഗ്‌ധസമിതി പരിശോധിച്ചു സുരക്ഷാകാര്യങ്ങള്‍ തൃപ്‌തികരമാണെന്നു വ്യക്‌തമാക്കിയാലേ നിലയം കമ്മിഷന്‍ ചെയ്യാനാവൂവെന്നു കേന്ദ്ര കമ്മിറ്റിയുടെ പുതിയ പ്രമേയം വ്യക്‌തമാക്കുന്നു. ജനകീയ സമരം അടിച്ചമര്‍ത്തരുതെന്നും മര്‍ദന നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. ഞാന്‍ പ്രകടിപ്പിച്ച വ്യത്യസ്‌ത അഭിപ്രായം വിവാദമായ സാഹചര്യത്തിലാണു കേന്ദ്ര കമ്മിറ്റി വിശദമായ ചര്‍ച്ച നടത്തി ഇങ്ങനെയൊരു പ്രമേയം അംഗീകരിച്ചത്‌. പ്രമേയം ഞാന്‍ അംഗീകരിക്കുന്നു. സുരക്ഷിതത്വം ഉറപ്പു വരുത്താതെ ആണവനിലയം കമ്മിഷന്‍ ചെയ്യരുതെന്ന പാര്‍ട്ടി പ്രമേയം സുവ്യക്‌തമാണ്‌. സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരല്ല പാര്‍ട്ടി. കുടംകുളം പദ്ധതിയുടെ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങള്‍ വിശദീകരിക്കണമെന്ന്‌ ഇന്നലെ വീണ്ടും കേന്ദ്രസര്‍ക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഉപയോഗിച്ച ഇന്ധനം അഥവാ ആണവമാലിന്യം എന്തുചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്‌. സമരം ചെയ്യുന്നവരുടെ ആശങ്ക ശരിവയ്‌ക്കുന്ന ചോദ്യമാണിത്‌. സുരക്ഷിതത്വത്തില്‍ ഊന്നിക്കൊണ്ടുള്ള സി.പി.എം. പ്രമേയത്തിന്റെ വര്‍ധിച്ച പ്രസക്‌തിയും ഇതു സൂചിപ്പിക്കുന്നു. 

കൂടംകുളം വിഷയത്തില്‍ എനിക്കു സംഭവിച്ച സംഘടനാപരമായ പിഴവുകള്‍ സ്വയംവിമര്‍ശനപരമായി ഉള്‍ക്കൊള്ളുകയും പാര്‍ട്ടി സ്വീകരിച്ച അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം കൂടംകുളം ആണവവിഷയത്തിലും ആണവോര്‍ജ വിഷയത്തിലും തുടര്‍ന്നും ജാഗരൂകനായിത്തന്നെയിരിക്കുമെന്നു വ്യക്‌തമാക്കുകയും ചെയ്യുന്നു. 

ഒഞ്ചിയത്ത്‌ സഖാവ്‌ ടി.പി. ചന്ദ്രശേഖരന്‍ കഴിഞ്ഞ മേയ്‌ നാലിനു 51 വെട്ടേറ്റു പൈശാചികമായി കൊല്ലപ്പെട്ട സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതാണ്‌. രക്‌തസാക്ഷി സഖാവ്‌ ചന്ദ്രശേഖരന്റെ 83 വയസുള്ള അമ്മയെയും ഭാര്യ രമയെയും മകനെയും ആശ്വസിപ്പിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ജൂണ്‍ രണ്ടിനു ഞാന്‍ അവരുടെ വീട്ടിലേക്കുപോയി. നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ദിവസം ഞാന്‍ അവിടെ പോയതു തെറ്റാണെന്നു കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയുണ്ടായി. ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കുന്നതു മറ്റൊരു ദിവസമാക്കാമായിരുന്നുവെന്നും തെരഞ്ഞെടുപ്പു ദിവസം പോയതു യാദൃഛികമാണെങ്കില്‍പ്പോലും, വിവാദമുണ്ടാകുമെന്നു മനസിലാക്കി ഒഴിവാക്കേണ്ടതായിരുന്നുവെന്നുമുള്ള വിമര്‍ശനം ഞാന്‍ അംഗീകരിക്കുകയുണ്ടായി. സ്വയംവിമര്‍ശനപരമായി ഉള്‍ക്കൊള്ളുന്നതായി പാര്‍ട്ടി സി.സിയിലും സംസ്‌ഥാന കമ്മിറ്റിയിലും ഞാനതു വ്യക്‌തമാക്കുകയും ചെയ്‌തു. 

ചന്ദ്രശേഖരനെ കൊലചെയ്‌ത കേസില്‍ പ്രതികളായി സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഏറെയുണ്ടെങ്കിലും കൊലയില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു കേന്ദ്ര കമ്മിറ്റി വ്യക്‌തമാക്കുകയുണ്ടായി. പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും കേന്ദ്ര കമ്മിറ്റിയും വ്യക്‌തമാക്കുകയും ചെയ്‌തു. ചന്ദ്രശേഖരനെ കൊന്നവരെയും അതിനു ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. അതില്‍ പാര്‍ട്ടിയുടെ നിലപാടു വ്യക്‌തമാണ്‌. 

51 വെട്ടുകൊണ്ടു രക്‌തസാക്ഷിയായ ചന്ദ്രശേഖരനെ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുലംകുത്തിയെന്നു വീണ്ടും വിശേഷിപ്പിച്ചതായുള്ള വാര്‍ത്ത സംബന്ധിച്ച്‌ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ തെറ്റായ ഒരു പരാമര്‍ശം എന്നില്‍നിന്നുണ്ടായി. സഖാവ്‌ പിണറായി വിജയനെ ഡാങ്കേയോട്‌ ഉപമിച്ചതു ഒഴിവാക്കേണ്ടതായിരുന്നു. ആ പിശക്‌ ഉള്‍ക്കൊള്ളുകയും കേന്ദ്ര കമ്മിറ്റിയിലും സംസ്‌ഥാന കമ്മിറ്റിയിലും സ്വയംവിമര്‍ശനം നടത്തുകയും ചെയ്‌തതാണ്‌. പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രമേയം വഴി അക്കാര്യം പ്രസിദ്ധപ്പെടുത്തിയതുമാണ്‌. എന്നാല്‍, ഞാന്‍ പരസ്യമായി നടത്തിയ വിമര്‍ശനത്തിലെ സംഘടനാപരമായ പിശക്‌ പരസ്യമായിത്തന്നെ തിരുത്തേണ്ടതു ജനങ്ങളില്‍ സംശയം ദുരീകരിക്കുന്നതിനു ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. ആ സാഹചര്യത്തിലാണു ഞാന്‍ ഇപ്പോള്‍ വീണ്ടും ഇക്കാര്യം വിശദീകരിക്കുന്നത്‌...,.<<<<<<

ഇതില്‍ നിന്നും എങ്ങനെയാണ്, ലേഖകന്‍ വി എസിന്റെ നിലപാടുമാറ്റം വായിച്ചെടുത്തത്? 

കൂടം കുളത്തേക്ക് പോയത് തെറ്റാണ്‌ എന്ന് വി എസ് പറഞ്ഞിട്ടില്ല. സംഘടനയിലെ ലെനിനിസ്റ്റ് തത്വപ്രകാരം  അത് തെറ്റാണ്‌ എന്നേ പറഞ്ഞുള്ളു. അതിന്റെ അര്‍ത്ഥം ധാര്‍മ്മികമായി ശരി എന്നു തന്നെയാണ്. അവിടെ പോയത് അറിയാതെ പറ്റിയ പിഴവൊന്നുമല്ല. സി പി എം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ എതിര്‍ക്കാന്‍ വേണ്ടി തന്നെയാണത് ചെയ്തത്. എന്നു വച്ചാല്‍ അച്ചടക്കം ലംഘിക്കാന്‍ ഉദ്ദേശിച്ചു തന്നെ. കാരാട്ടിനും വിജയനും എന്തു ചെയ്യാന്‍ ആകും? ലെനിനിസ്റ്റ് സംഘടന തത്വപ്രകാരം കൂടി വന്നാല്‍ ഒരു ശാസന. അതിലപ്പുറം ഒന്നും ചെയ്യാന്‍ അവര്‍ക്ക് ശേഷിയില്ല. പാര്‍ട്ടി നടപടികള്‍ വി എസ് എങ്ങനെ നേരിടുമെന്നറിയാവുന്നവര്‍ക്ക് അതില്‍ യാതൊരു പുതുമയും ഇല്ല. വി എസിനെ പാര്‍ട്ടി പുറത്താക്കാത്തതില്‍ നിരാശയുള്ളവര്‍ക്ക് മറ്റ് പലതും തോന്നുക സ്വാഭാവികം.

വിജയനെ ഡാങ്കേയോടുപമിച്ചതുകൊണ്ട് ആരും വി എസിനു വേണ്ടി കയ്യടിച്ചിട്ടില്ല. ധീരനായ ഒരു കമ്യൂണിസ്റ്റുകാരന്‍ മരിച്ചുകിടക്കുമ്പോള്‍ പോലും അദ്ദേഹത്തെ കുലം കുത്തി എന്നു വിളിച്ച നീചതയെ ചോദ്യം ചെയ്തതിനു പലരും കയ്യടിച്ചു.  പാര്‍ട്ടിക്കു പുറത്തുള്ളവര്‍ പരസ്യമായും പാര്‍ട്ടിക്കുള്ളിലുള്ളവര്‍ രഹസ്യമായും. ചന്ദ്രശേഖരന്‍ കുലം കുത്തിയാണെങ്കില്‍ വിജയനും കുലം കുത്തി ആണെന്ന സത്യം വി എസ് വിളിച്ചു പറഞ്ഞു. വിജയനെ ഡാങ്കേ എന്നല്ല വിളിക്കേണ്ടിയിരുന്നത്. കുറച്ചു കൂടെ യോജിക്കുന്ന പേര്, ഹിറ്റ്ലര്‍ എന്നായിരുന്നു. ജെര്‍മ്മനിയിലെ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരെ  കുല ദ്രോഹികള്‍ എന്നു മുദ്രകുത്തി ഗ്യാസ് ചേംബറില്‍ അടച്ച് കൊലപ്പെടുത്തിയ ഹിറ്റ്ലറുടെ മനോഭാവവും മരിക്കുന്നതു വരെ കറ കളഞ്ഞ കമ്യൂണിസ്റ്റായി ജീവിച്ച ചന്ദ്രശേഖരനെ കുലം കുത്തി എന്നു വിളിച്ച് കൊല്ലിച്ചതും തമ്മില്‍ വലിയ വ്യത്യാസമില്ല. വി എസ് പറയാതെ പറഞ്ഞത് അതാണ്.

ചന്ദ്രശേഖരന്‍ വധത്തില്‍ വി എസിന്റെ നിലപാട് അന്നും ഇന്നും ഒന്നു തന്നെ. അത് മനസിലാക്കാതെയാണ്, ലേഖകന്‍  പലതും പറയുന്നത്.  ഇക്കാര്യം പത്രസമ്മേളനത്തിലെ വി എസിന്റെ പ്രതികരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

വി എസിന്റെ പത്രസമ്മേളനത്തില്‍ നിന്നും ചില പ്രസക്തഭാഗങ്ങള്‍. 

ചോ: റ്റി പി  ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അങ്ങെടുത്ത നിലപാട്, അതിനെ പിന്തുണച്ചു കൊണ്ട് നിരവധി ആള്‍ക്കാര്‍ കേരളത്തിലും പൊതു സമൂഹത്തിലുമുണ്ട്. ഇപ്പോള്‍ ചുവടുമാറ്റുമ്പോള്‍ അവരോട് വി എസിനെന്താണു പറയാനുള്ളത്?

വി എസ്:ഒരു ചുവടും ഞാന്‍ മാറ്റിയിട്ടില്ല. നിങ്ങള്‍ക്കെഴുതാനുദ്ദേശമുള്ളത് നിങ്ങളെഴുതിക്കോളൂ. ഞാന്‍ ഒരു ചുവടും മാറ്റിയിട്ടില്ല. അന്നു പറഞ്ഞ കാര്യങ്ങള്, പിന്നെ തെരഞ്ഞെടുപ്പു ദിവസം തന്നെ അവിടെ പോകണ്ട കാര്യമുണ്ടായിരുന്നോ എന്ന് എന്നോട് പാര്‍ട്ടി നേതൃത്വം ചോദിച്ചു. ഇല്ലായിരുന്നു. അവിടെ ചന്ദ്രശേഖരന്റെ അമ്മയേയും വിധവയായ ഭാര്യയേയും  മകനേയും കാണാനും അവരുടെ ദുഖത്തില്‍ പങ്കുചേരാനും ഞാന്‍ അന്വേഷിച്ചിരുന്നു. ചന്ദ്രശേഖരന്റെ മൃത ദേഹം കോഴിക്കോട് ടൌണ്‍ ഹാളില്‍ വച്ചപ്പോള്‍ ഇവിടെ നിന്നും പോയി റീത്തു സമര്‍പ്പിച്ചവനാണ്. നിങ്ങള്‍ക്കറിയാമല്ലൊ.അപ്പോള്‍ വീട്ടില്‍ പോയില്ല. മറ്റൊരു ദിവസമാകട്ടെ എന്നു കരുതി. പിന്നീട് വയനാട്ടിലെ കുറിച്യര്‍ കലാപത്തിന്റെ വാര്‍ഷികത്തിനു പോയി തിരിച്ച്  കോഴിക്കേട്ടെത്തിയപ്പോള്‍ ഫ്ളൈറ്റ് പോയി. വരാന്‍ കഴിഞ്ഞില്ല.  അപ്പോള്‍ ഞാന്‍ അവരെ വീട്ടില്‍ കാണാന്‍ പോയി. അത് വാസ്തവത്തില്‍ ഒരു യാദൃഛികമായ പോക്കായിരുന്നു. ഈ പരിപാടിയുമായി  ബന്ധപ്പെട്ടാല്ലായിരുന്നെങ്കില്‍ ഇതൊന്നുമില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ പോയാല്‍ മതിയായിരുന്നു.

ചോ:റ്റി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് അങ്ങ്  സ്വീകരിച്ച നിലപാടില്‍ ഇപ്പോഴും മാറ്റമില്ല എന്നാണോ

വി എസ്: ഒരു മാറ്റവുമില്ല.

ചോ: ഈ 89  വയസില്‍ ഈ ശാസനയും മറ്റു ഏറ്റുവാങ്ങുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലേ

വി എസ്: ഒരു കുഴപ്പവുമില്ല. എത്രയോ നല്ല കാര്യങ്ങള്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളതിനോടൊപ്പം തന്നെ ചില പിശകുകളുമുണ്ടായിട്ടുണ്ട്. തെറ്റുകളുണ്ടായിട്ടുണ്ട്. അതെല്ലാം തന്നെ ഞാന്‍ സ്വയം വിമര്‍ശനപരമായി അംഗീകരിച്ചു പോന്നിട്ടുള്ളവനാണ്., ഇക്കാലമത്രയും .

ചോ: ഇതൊരസാധാരണ നടപടിയല്ലേ?

വി എസ്: ഒരസാധാരണ നടപടിയുമായി ഞാന്‍ കാണുന്നില്ല.

ചോ: പറഞ്ഞതെല്ലാം തിരികെ വിഴുങ്ങുക എന്നൊക്കെ പറയില്ലേ അതുപോലെയുള്ള സംഭവമായി വ്യാഖ്യാനിക്കാന്‍ ആകില്ലേ

വി എസ്: അതെല്ലാം നിങ്ങള്‍ക്ക് നടത്താവുന്ന വ്യാഖ്യാനങ്ങളാണ്.

ചോ: സഖാവ് വി എസ് ഇനിമുതല്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണമായും കീഴടങ്ങിയല്ലേ താങ്കളുടെ പ്രവര്‍ത്തനം?

വി എസ്: അത് ഞാന്‍ അന്നത്തെ സ്ഥിതിഗതികള്‍ നോക്കും. പിശകായിട്ടുള്ള  കാര്യങ്ങള്‍ എന്ന് എനിക്ക് തോന്നിയാല്‍ ആ കാര്യങ്ങള്‍ തുറന്നു തന്നെ  എന്റെ നിലപാടുകള്‍ ഇതുപോലെ തന്നെ വ്യക്തമാക്കിക്കൊണ്ടിരിക്കും. 

ചോ: സഖാവ് പറഞ്ഞത്, ഇനിയൊരു പ്രശ്നമുണ്ടാവുകയാണെങ്കില്‍ ചൂണ്ടിക്കാണിക്കുമെന്നാണല്ലോ.

വി എസ്: ഇനി അല്ല എപ്പോഴെങ്കിലും ഭരണ പ്രതിപക്ഷകക്ഷികള്‍ എനിക്കെതിരായിട്ട് ഏതെങ്കിലും കാര്യങ്ങളില്‍ അനാവശ്യമായിട്ടുള്ള തെറ്റായിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പറയേണ്ട കാര്യങ്ങള്‍ മറുപടിയായിട്ടോ അല്ലെങ്കില്‍ അഭിപ്രായ പ്രകടനമായിട്ടോ അപ്പോഴപ്പോള്‍ തന്നെ ഓരോ കാര്യത്തേ സംബന്ധിച്ചും പണ്ടൊക്കെ ചെയ്തപോലെ തന്നെ എന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കും. 

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസം തന്നെ അവിടെ പോയതു തെറ്റാണെന്നേ പാര്‍ട്ടി പറഞ്ഞുള്ളു. അത് വി എസ് അംഗീകരിക്കുന്നു. ഇതില്‍ എവിടെയാണു നിലപാടുമാറ്റമുള്ളത്?


ചന്ദ്രശേഖരനെ ധീരരക്തസാക്ഷിയെന്ന് പലതവണ വിശേഷിപ്പിച്ചു. ചന്ദ്രശേഖരന്റെ  കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ ഭാര്യ രമയുടെ ആവശ്യം ന്യായമാണെന്നും  അദ്ദേഹം പറഞ്ഞു. വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സി.പി.എം. നിലപാട് നിലനില്‍ക്കെയാണ് രമയുടെ ആവശ്യത്തെ വി.എസ്. വീണ്ടും പിന്തുണച്ചത്.


പണ്ടെങ്ങോ കണ്ട ഒരു മിമിക്രി സ്കിറ്റ് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അന്തരിച്ച നടന്‍ ജയന്റെ രൂപത്തില്‍ വരുന്ന ഒരു കഥപാത്രം ഒരാളെ മര്‍ദ്ദിക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന ജയന്റെ കഥാപാത്രവും മറ്റൊരാളും തമ്മിലുള്ള സംഭാക്ഷണം ഇങ്ങനെ.

 താങ്കള്‍ ചെയ്തത് ഒട്ടും ശരിയായില്ല.

അത് ശരിയായില്ല. എന്ന് എനിക്കും തോന്നി.

എന്നു പറഞ്ഞിട്ട് മര്‍ദ്ദനമേറ്റ ആളുടെ അടുത്ത് ചെന്ന് കുറച്ചു കൂടെ കഠിനമായി മര്‍ദ്ദിക്കുന്നു.

അതേ അവസ്ഥയാണിപ്പോള്‍ സംഭവിച്ചത്.


പത്രലേഖകര്‍ എടുത്തു ചോദിച്ചപ്പോള്‍ വി എസ് പറഞ്ഞതിങ്ങനെ.

''അഞ്ച് പ്രാവശ്യമാണ് ഒരു സഖാവിനെ കുലംകുത്തിയെന്ന് വിജയന്‍  വിളിച്ചത്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സി.പി.എമ്മിലുമായി 34 വര്‍ഷം പ്രവര്‍ത്തിച്ചയാളാണ് ചന്ദ്രശേഖരന്‍. അത്തരമൊരാള്‍ മരിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞത് ശരിയല്ല. അത് നിങ്ങള്‍ ചൂണ്ടിക്കാട്ടി കുത്തിക്കുത്തി ചോദിച്ചപ്പോഴാണ് ഞാന്‍ വിജയനെ  ഡാങ്കേയോട് ഉപമിച്ചത്. അത് വേണ്ടിയിരുന്നില്ല. വേറെ ഏതെങ്കിലും ഉദാഹരണം പറഞ്ഞാല്‍ മതിയായിരുന്നു''


ഡാങ്കേ എന്ന വാക്കിനു പകരം വേറെ ഏതെങ്കിലും പേര്, ഉപയോഗിച്ചാല്‍ മതിയായിരുന്നു എന്നു പറഞ്ഞാല്‍ അത് മനസിലാക്കാന്‍ ശേഷിയില്ലാത്തവരോട് വിശദീകരിച്ചിട്ടും കാര്യമില്ല.

പാര്‍ട്ടിക്കുള്ളിലെ ഒരു പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ തന്നെ തീരേണ്ടതായിരുന്നു. യഥാര്‍ത്ഥത്തില്‍ തീര്‍ന്നതായിരുന്നു. വി എസിന്റെ ലെനിനിസ്റ്റ് സംഘടന തത്വലംഘനം അദ്ദേഹം അംഗീകരിക്കുകയും, പാര്‍ട്ടി അതിനുള്ള ശിക്ഷ നടപ്പിലാക്കിയും കഴിഞ്ഞിരുന്നു. പിന്നെയും അത് കുത്തിപ്പൊക്കി തെരുവിലേക്ക് വലിച്ചിഴച്ചലക്കണം എന്ന കുരുട്ടു ബുദ്ധി ഉദിച്ച തല അപാരം തന്നെ. അത് മിക്കവാറും വിജയന്‍ തന്നെയായിരിക്കണം. പ്രകാശ് എന്ന നട്ടെല്ലില്ലാത്ത മനുഷ്യനേക്കൊണ്ട് ഇതൊക്കെ ചെയ്യിക്കാനുള്ള അവിവേകം വിജയനേ ഉണ്ടാകൂ. മലയാളികള്‍ മറക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ വീണ്ടും വി എസിനേക്കൊണ്ട് അവരെ ഓര്‍മ്മിപ്പിക്കാന്‍ കഴിഞ്ഞ വിജയനൊരു രക്ത സല്യൂട്ട് നല്‍കാതെ വയ്യ.  സി പി എം എന്ന പാര്‍ട്ടിയെ പൊതു ജന മദ്ധ്യത്തില്‍ പരമാവധി അപഹസ്യമാക്കുക എന്നതാണ്, വിജയന്‍, പ്രകാശ്, പിള്ള അച്ചുതണ്ടിന്റെ നിയോഗം. അത് മാറ്റാന്‍ ഒരു ശക്തിക്കും ആകില്ല.


 ഇതിപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെ ആയി. പാര്‍ട്ടി നേതൃത്വത്തെ, പ്രത്യേകിച്ച്  പ്രകാശ് കാരാട്ടിനെ വെട്ടിലാക്കിക്കൊണ്ടുള്ളതാണ്, വി.എസിന്റെ  പരസ്യമായ ഏറ്റുപറച്ചില്‍,.  ചന്ദ്രശേഖരന്റെ കൊലപാതകം അടക്കം പാര്‍ട്ടി മറക്കാനും ജനശ്രദ്ധയില്‍നിന്നും അകറ്റാനും ആഗ്രഹിച്ചിരുന്ന വിഷയങ്ങളാണ്,  വീണ്ടും പൊതുജനമദ്ധ്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ ഇത് വീണ്ടും പ്രശ്നങ്ങളുണ്ടാക്കും.

ചന്ദ്രശേഖരന്റെ കൊലപാതകം, വിജയന്റെ കുലം  കുത്തി പ്രയോഗം,  കൂടം കുളം  എന്നിവയില്‍ തന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നാണു വി എസ് പറഞ്ഞത്. പാര്‍ട്ടി  ശാഠ്യം പിടിച്ചതുകൊണ്ട് അത് പൊതു ജനമദ്ധ്യത്തില്‍  പരസ്യമായി പറയുന്നു. നിലപാടു മാറ്റാനാണ്, പാര്‍ട്ടി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. പക്ഷെ അദ്ദേഹം തന്റെ നിലപാടുകള്‍ ഒന്നുകൂടി ആവര്‍ത്തിച്ചു. കുലം കുത്തി എന്ന പ്രയോഗത്തോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ചു വ്യക്തമാക്കി.  വിജയന്‍ അഞ്ചു പ്രാവശ്യം കുലം കുത്തി  എന്നു  പ്രയോഗിച്ചു എന്നും പറഞ്ഞു. വിജയനെ ഡാങ്കേയോട് ഉപമിച്ചതു ശരിയായില്ല.  മറ്റേതെങ്കിലും  പദപ്രയോഗമായിരുന്നു വേണ്ടിയിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നിലപാടുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പുറത്തുപോകുന്നവരെ കുലം കുത്തി എന്നാക്ഷേപിക്കുന്നത് ശരിയല്ല എന്ന് അടിവരയിട്ടു പറഞ്ഞു. മാത്രമല്ല. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായിരുന്നു എന്നും  ആവര്‍ത്തിച്ചു. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതില്‍ യാതൊരു തെറ്റുമില്ല. പക്ഷെ നെയ്യാറ്റിന്‍കര വോട്ടെടുപ്പു ദിവസം പോയത് ശരിയായില്ല എന്നേ പറഞ്ഞുള്ളു. കൂടം കുളം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനോട് യോജിക്കുന്നു എങ്കിലും അതല്ല ശരിയായിട്ടുള്ള നിലപാടെന്നും  വി എസ് പറഞ്ഞു. മാത്രമല്ല  ഇനിയും ഇതുപോലെയുള്ള പ്രശ്നങ്ങളില്‍  പാര്‍ട്ടി പറയുന്നതിനു വിരുദ്ധമായ നിലപാടെടുക്കും എന്നു കൂടി അദ്ദേഹം പറഞ്ഞു.  വി എസ് സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ക്ക് ന്യായീകരണം നല്‍കാന്‍ പാര്‍ട്ടിതന്നെ വേദിയൊരുക്കി നല്‍കിയ ദയനീയ  സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

 തെറ്റ് ഏറ്റുപറയുന്നുവെന്ന ഭാവേന പാര്‍ട്ടി നിലപാടുകളെ വി.എസ്. വെല്ലുവിളിക്കുകയാണു ചെയ്തിരിക്കുന്നത്. ഇതിനോട് എങ്ങനെ സി.പി.എം. നേതൃത്വം പ്രതികരിക്കുമെന്നത് വളരെ വ്യക്തമാണ്. വീണ്ടും ഒരു കേന്ദ്ര കമ്മിറ്റി കൂടും. വി എസിനെ ശാസിക്കും. ഇതങ്ങനെ അനന്തമായി നീളും. ഇതാണു സി പി എമ്മിന്റെ ഇപ്പോഴത്തെ വിഷമ വൃത്തം.

90  വയസു കഴിഞ്ഞ ഈ യുവാവിന്റെ മുന്നില്‍ സി പി എം പോലുള്ള ഒരു കര്‍ക്കശ പാര്‍ട്ടി  വഴിമുട്ടി നില്‍ക്കുന്ന കാഴ്ച്ച ശത്രുക്കളില്‍ പോലും സഹതാപമുണ്ടാക്കും.

വി.എസ് എത്ര പ്രാവശ്യം  അച്ചടക്ക ലംഘനം നടത്തി എന്നോ എത്ര പ്രാവശ്യം നടപടിക്കു വിധേയനായി എന്നോ എത്ര പ്രാവശ്യം അദ്ദേഹത്തെ പാര്‍ട്ടി ശാസിച്ചു എന്നോ ഓര്‍ത്തെടുക്കാന്‍ പ്രയാസമാണ്. 

ലെനിനിസ്‌റ്റ് സംഘടന തത്വങ്ങള്‍ ലംഘിച്ചതിന്‌ നൃപന്‍ ചക്രവര്‍ത്തിയേയും   സോമനാഥ്‌ ചാറ്റര്‍ജിയേയും പുറം തള്ളിയ പാര്‍ട്ടി വി.എസിനുമുന്നില്‍ മാത്രമാണ്‌ മുട്ടുമടക്കിയിട്ടുള്ളത്‌..,. വി എസിന്റെ കാര്യത്തില്‍ മാത്രമാണ്, പലപ്പോഴും തീരുമാനങ്ങള്‍ മാറ്റിയിട്ടുള്ളത്. 

പാര്‍ട്ടി സെക്രട്ടറിയായ  വിജയനെതിരേ പരസ്യ വിമര്‍ശനം നടത്തിയ വി.എസിന്,  കഴിഞ്ഞ തവണത്തേത്‌ അന്ത്യശാസനയാണെന്ന്‌ പ്രകാശ്  പ്രഖ്യാപിച്ചിരുന്നു. പക്ഷെ അതിനു ശേഷവും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. കൂടം കുളം സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ചാണത് ചെയ്തതും. അപ്പോള്‍ പാര്‍ട്ടിയുടെ അന്ത്യശാസന  വെറുമൊരു തമാശയാണെന്ന് ഇപ്പോള്‍ മനസിലാക്കാം. കുറച്ചു നാളായി പാര്‍ട്ടി തന്നെ  പൊതു ജനമദ്ധ്യത്തില്‍ ഒരു വലിയ തമാശയാണല്ലോ. ചന്ദ്രശേഖരന്‍ വധത്തിനുശേഷം വിജയനെ ഡാങ്കെയോട്‌ പരസ്യമായി ഉപമിച്ചതിനായിരുന്നു വി.എസിന്‌ പരസ്യശാസന നല്‍കിയത്‌,. വി.എസിന്‌ ഒരവസരവും കൂടി നല്‍കുകയാണ്‌ എന്നായിരുന്നു അന്ന്‌ പ്രകാശ് പരസ്യമായി പറഞ്ഞത്.  

അച്ചടക്കലംഘനം തുടരുന്ന വി.എസിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തുനിന്നും നീക്കണമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പോളിറ്റ് ബ്യൂറോ  ഇപ്പോഴും തള്ളിക്കളഞ്ഞു.  അപ്പോള്‍ പിന്നെ ശേഷിക്കുന്ന  വഴി അദ്ദേഹത്തെ പൊതു ജനമദ്ധ്യത്തില്‍ പരമാവധി അപകീര്‍ത്തിപ്പെടുത്തുക എന്നതായി . പക്ഷെ വി എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ ജനസമ്മിതി വര്‍ദ്ധിപ്പിച്ചിട്ടേ ഉള്ളൂ.  ചന്ദ്രശേഖരന്‍ വധം, കൂടം കുളം, കുലം കുത്തി എന്നീ വിഷയങ്ങളില്‍ വി എസിന്റെ നിലപാടുകള്‍ ഒട്ടും മാറിയിട്ടില്ല.




തന്റെ നിലപാടിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും പിശകു കണ്ടാൽ തനിക്ക് പറയാനുള്ളത് പഴയതുപോലെ പറയുകതന്നെ ചെയ്യുമെന്നുമാണ് വി എസ് തറപ്പിച്ചു പറയുന്നത്. അതായത് സി.പി.എമ്മിൽ വി.എസിന്റെ പോരാട്ടം തുടരുമെന്നർത്ഥം.

അതേസമയം പാർട്ടി നിർദ്ദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് അദ്ദേഹംവാർത്താസമ്മേളനം നടത്തിയത്. വാർത്താസമ്മേളനം വിളിച്ചുകൂട്ടി അര്‍ത്ഥശങ്കക്കിടയില്ലാതെ തന്നെ അത് ചെയ്തു. മാത്രമല്ല, കുറ്റസമ്മത പ്രസ്താവന അച്ചടിച്ച് പത്രലേഖകര്‍ക്ക് നല്കുകയും ചെയ്തു. പാർട്ടിക്ക് പൂർണമായി കീഴ്പ്പെട്ടുകൊണ്ട് ആക്രമണം തുടരുക എന്ന തന്ത്രമാണ് വി.എസിന്റേത്. പാർട്ടിക്ക് പുറത്തേക്ക് പോകാൻ അദ്ദേഹം തെല്ലും ആഗ്രഹിക്കുന്നുമില്ല.



വി എസ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. മാറ്റം വരുത്തി എന്നു തോന്നുന്നവര്‍ക്ക് കേള്‍വിക്ക് സാരമായ എന്തോ തകരാറുണ്ട്. അങ്ങനെ സ്വപ്നം ​കണ്ട് മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നവരാണ്, ശരിയായ കാപട്യക്കാര്‍. 


എന്തുകൊണ്ട് വി എസ് ഇപ്പോള്‍ ഇത് ചെയ്തു എന്നതിനും അബസറിനു വിശദീകരണമുണ്ട്. അതിങ്ങനെ.

>>>>>>ഭൂമിദാനക്കേസും അരുണ്‍ കുമാറിന്റെ നിയമന വിവാദവും മൂടി വയ്ക്കാന്‍ ഉള്ള കപട നാടകങ്ങള്‍ ആണ്,   അച്ചുമ്മാന്‍ ഇപ്പോള്‍ നടത്തുന്ന കപടനാടകങ്ങളുടെ പരമമായ ലക്ഷ്യം എന്ന് വല്ലവരും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ ആകുമോ?<<<< 

കുറ്റം പറയാന്‍ ആകില്ല. പറഞ്ഞോട്ടേ. കുറ്റം പറയണമെന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടോ? പക്ഷെ അതൊക്കെ ജനം വിശ്വസിച്ചാലല്ലേ. ഇത് രണ്ടും മുഖ്യ ആരോപണങ്ങളായിട്ടായിരുന്നു കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിനെ യു ഡി എഫ് നേരിട്ടത്? എന്നിട്ടെന്തുണ്ടായി? മലപ്പുറത്ത് ജനസംഖ്യ വര്‍ദ്ധിപ്പിച്ച്  മുസ്ലിങ്ങള്‍  നേടിയെടുത്ത നാലു സീറ്റിന്റെ  പിന്‍ബലത്തില്‍ യു ഡി എഫ് കഷ്ടിച്ച് ഭരണം  നേടി എന്നു മാത്രം. മണ്ഡല പുനക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ വി എസ് ആയിരുന്നു കേരള മുഖ്യമന്ത്രി.

കഴിഞ്ഞ ആറുമാസക്കാലമായി അരുണ്‍ കുമാറിന്റെ നിയമനം ഒരു മാദ്ധ്യമത്തിലും അപ്രധാന വാര്‍ത്ത പോലുമല്ല. ഒരു വേദിയിലും ഭരണപക്ഷം അതുന്നയിക്കുന്നുമില്ല. പിന്നെ എന്തിനു വി എസ് അത് മൂടി വയ്ക്കാന്‍ കപട നാടകം ഇപ്പോള്‍ കളിക്കണം?

ഭൂമി ദാനക്കേസ് കോടതിയില്‍ ഉള്ള ഒന്നാണ്. വി എസ് മൂടിവയ്ക്കാന്‍ ശ്രമിച്ചാലൊന്നും അത് ഇല്ലാതാകില്ല. ഇപ്പോള്‍ വി എസ് അല്ല അത് മൂടാന്‍ ശ്രമിക്കുന്നത്. പല തവണ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഇതു വരെ  കേരള സര്‍ക്കാര്‍ അഭിപ്രായമറിയിച്ചിട്ടില്ല. അവസാനം ഒരു മാസത്തെ അവധിയാണിപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഒരു വിമുക്ത ഭടന്, പതിറ്റാണ്ടുകള്‍ക്ക് മുന്നേ അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ അനുവദിച്ചതാണു ഭൂമി. അത് ഇതു വരെ ലഭിക്കാത്തതു കൊണ്ട് വീണ്ടും അപേക്ഷ നല്‍കി. അത് ലഭ്യമാക്കാന്‍ വി എസ് എന്ന കേരള മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത് തെറ്റാണെങ്കില്‍ ഇന്‍ഡ്യയിലെ നീതി ന്യായ വ്യവസ്ഥ അദ്ദേഹത്തെ ശിക്ഷിക്കട്ടെ. പല തവണ പാര്‍ട്ടി ശിക്ഷാനടപടികള്‍ ഏറ്റു വാങ്ങിയിട്ടുള്ള അദ്ദേഹം  ഏത് കോടതി ശിക്ഷയും സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

വില്‍പ്പന നടത്താന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ ഇളവു നല്‍കണം എന്ന ഒരു പിശകേ ഈ വിഷയത്തില്‍ ചൂണ്ടിക്കാണിക്കാനാകൂ. കോടതി  വിധിച്ച ശിക്ഷ വരെ ഇളവു നല്‍കുന്ന ഭരണാധികാരികളുള്ള രാജ്യത്ത് അത് അത്ര വലിയ തെറ്റാണെങ്കില്‍ കോടതി ശിക്ഷിക്കട്ടെ.

ഈ നിര്‍ദ്ദേശത്തെ കേരള സര്‍ക്കാരിലെ ചില  വകുപ്പുകള്‍  എതിര്‍ത്തപ്പോള്‍ മന്ത്രി സഭ തന്നെ ആ  നിര്‍ദ്ദേശം റദ്ദാക്കി. നടക്കാത്ത ഒരു ഭൂമി ദാനത്തിന്റെ പേരില്‍ കോടതി  വി എസിനെ ശിക്ഷിക്കുന്നെങ്കില്‍ ശിക്ഷിക്കട്ടെ.  പാമോയില്‍ കേസിലും ഐസ് ക്രീം കേസിലും അകപ്പെട്ടവര്‍ വി എസിനുമിരിക്കട്ടെ ഒന്നു രണ്ടു കേസ് എന്നു തീരുമാനിച്ച് കെട്ടിപ്പൊക്കിയ കേസുകളാണിവ. വി എസ് എന്തെങ്കിലും വഴി വിട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെയും ശിക്ഷിക്കണം.

Sunday 7 October 2012

കെ പി സുകുമാരന്റെ വിഭ്രമ ചിന്തകള്‍ 




ശ്രീ കെ പി സുകുമാരനുമായി ഞാന്‍ പല പോസ്റ്റുകളിലും മുല്ലപ്പെരിയാര്‍ സംബന്ധമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉത്തരം മുട്ടുമ്പോള്‍ സാധാരണ സംവാദം നിറുത്തി ഒളിച്ചോടുകയാണദ്ദേഹം ചെയ്യാറുള്ളത്. വീണ്ടും അതുണ്ടായി.  കമന്റ് ബോക്സും  അടച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുകുമാരനു രണ്ട് സമയത്ത് രണ്ട് നിലപാടാനുള്ളത്. മുല്ലപ്പെരിയാര്‍ വിഷയം കേരള രാഷ്ട്രീയ  സാമൂഹ്യ മണ്ഡലങ്ങളില്‍ കത്തിനിന്ന സമയത്ത്. കേരള നിയമസഭ സമ്മേളിച്ച് ഏക കണ്ഠമായ ചില തീരുമാങ്ങളെടുത്തു. അതിനു തൊട്ടു മുന്നേ സുകുമാരന്‍ എഴുതിയ അഭിപ്രായം കേരളത്തിന്റെ ആവശ്യങ്ങളൊക്കെ അംഗീകരിച്ചു കിട്ടുമെന്നായിരുന്നു.

2011 ഡിസംബറില്‍ മുല്ലപ്പെരിയാര്‍ കുളമാക്കരുത് എന്ന ഒരു ലേഖനത്തില്‍ അദ്ദേഹം ​എഴുതിയത് ഇങ്ങനെ.

>>>>>എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്. പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്. 2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ. കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്. ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ.<<<<

"120 വര്‍ഷം പഴക്കമുള്ള ഈ കാലഹരണപ്പെട്ട അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ ഒരെണ്ണം പണിയണം", എന്ന കേരളത്തിന്റെ ആവശ്യത്തോടായിരുന്നു സുകുമാരന്‍ ഇങ്ങനെ പ്രതികരിച്ചത്.



2012 ഫെബ്രുവരിയില്‍ കേരളത്തിനനുകൂലമായ വിധിയുണ്ടാകും എന്ന പ്രവചിച്ച സുകുമാരന്‍, 2012 ഒക്റ്റോബറില്‍ പരിസ്ഥിതി തീവ്രവാദം തുലയട്ടെ  എന്ന പോസ്റ്റില്‍  എഴുതുന്നത് ഇങ്ങനെ.

 >>>>>ഡാം ബലപ്പെടുത്തിയതിലൂടെ അടുത്ത 100 വര്‍ഷത്തേക്ക് ഡാമിന് ഒന്നും സംഭവിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അത് പൊളിക്കാനൊന്നും കഴിയില്ല. കഴിയും എന്നു തോന്നുന്നത് കാളിദാസന്റെ വികൃതഭാവന മാത്രം.<<<<<

എന്തുകൊണ്ട് ഇതുപോലെ ഒരു മനം മാറ്റമുണ്ടായി എന്നത് അത്ര യാദൃഛികമല്ല.


രാജ്യത്തിന്റെ ഭാവിയും കോണ്‍ഗ്രസ്സിന്റെ പങ്കും  പോസ്റ്റില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെ.

>>>>ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം ഇക്കാണുന്ന നിലയില്‍ ഇന്ന് എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി അതാത് കാലങ്ങളില്‍ സ്വീകരിച്ച നയങ്ങളും പരിപാടികളും ആണെന്ന് കാണാന്‍ കഴിയും.  ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു.<<<<<

ഇതു പോലെ കോണ്‍ഗ്രസില്‍  ഇന്‍ഡ്യയുടെ ഭാവി കാണുന്ന സുകുമാരന്‍,  പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നു എന്ന് വിജ്ഞാപനം ചെയത് പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നു, സഹകരിക്കുക! എന്ന പോസ്റ്റില്‍    എഴുതിയതിങ്ങനെ.

>>>>>>>ഫേസ്‌ബുക്കിലൂടെ പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെയൊരാശയം എനിക്ക് ഉണ്ടായത്.<<<<<

ഇതില്‍ പറയുന്ന പ്രധാന കാര്യം, ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്നതാണ്.  എന്നു വച്ചാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഇന്നത്തെ പ്രധാന പാര്‍ട്ടികള്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി  എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉദാഹരണമാണ്, എന്ന്. ഇതേ പാര്‍ട്ടിയെ ജനങ്ങള്‍ കൈവിടില്ല എന്നും പറയുന്നു.


ഇടതുപക്ഷത്തേക്കുറിച്ചും സുകുമാരന്‍ ഇതുപോലെ പരസ്പര വിരുദ്ധമായി പറയുന്നുണ്ട്.

പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന പോസ്റ്റില്‍ സുകുമാരന്‍ എഴുതിയത് ഇതാണ്.

>>>>മൂന്നാം മുന്നണിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി ഇല്ല എന്ന പോലെ ഇടത്പക്ഷങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. പ്രാദേശികമായോ ദേശീയമായോ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നതാണ് ഇടത്പക്ഷത്തിന്റെ ഗതികേട്.<<<<

ഇടതുപക്ഷത്തിനു ഇന്‍ഡ്യയില്‍ പ്രസക്തിയേ ഇല്ല എന്ന് എഴുതി, അധികം താമസിയാതെ

കേരള രാഷ്ട്രീയം എങ്ങോട്ട് എന്ന പോസ്റ്റില്‍ എഴുതിയ ഇതായിരുന്നു.


 >>>>>അത്തരമൊരു കേരളപ്പിറവിക്ക് വേണ്ടി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും ധാര്‍മ്മിക പിന്തുണ നല്‍കണം.  ജാതി-മത-വര്‍ഗ്ഗീയ,  രാഷ്ട്രീയമാഫിയ ശക്തികളെ പ്രതിരോധിക്കാന്‍ അങ്ങനെയൊരു ജനാധിപത്യ- നവ ഇടത് ബദല്‍ ഐക്യം ആവശ്യമാണ്.<<<<<

 പ്രസക്തമായ പല കാര്യങ്ങളിലും ഇതുപോലെ പരസ്പര വിരുദ്ധമായ നിലപാടുകളാണു സുകുമാരന്‍  എടുക്കാറുള്ളത്.

സാധാരണ മനസിന്റെ സമനില തെറ്റിയവരോ, മറ്റേതോ അജണ്ടയുള്ളവരോ ആണ്, ഇതുപോലെ കൂടെക്കൂടെ നിലപാടു മാറ്റാറുള്ളത്.

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അതിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച്, വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍  നല്‍കാന്‍ അധികാരപ്പെടുത്തപ്പെട്ട  ഭരണഘടനാ സ്ഥാപനമാണു സി എ ജി. ആ സ്ഥാപനം 2 ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ  സുകുമാരന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

2ജി കണക്ക് പുറത്ത് വന്നപ്പോള്‍ തന്നെ സി.എ.ജിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. 


സത്യത്തില്‍ ആരുടെ തലയാണു പരിശോധിക്കേണ്ടത്?

ചര്‍ച്ച നടന്നുകൊണ്ടിരുന്ന പോസ്റ്റിലെ കമന്റ് ബോക്സ് അടച്ച ശേഷം സുകുമാരന്‍ വീണ്ടും അഭിപ്രായങ്ങളെഴുതിയിട്ടുണ്ട്. അതിലെ ഒരഭിപ്രായം ആരെയും അമ്പരപ്പിക്കും.


>>>>>ആ ഡാമിന്റെ അടുത്ത് താമസിക്കുന്നവര്‍ക്ക് പേടിയുണ്ടെങ്കില്‍ അവിടെ നിന്ന് ഒഴിഞ്ഞ് പോകാം. അല്ലെങ്കില്‍ പുതിയ ഡാം നിര്‍മ്മിക്കുന്ന പണം കൊണ്ട് ആളുകളെ സര്‍ക്കാരിന് പുനരധിവസിപ്പിക്കാം.<<<<< 

എത്ര ലളിതമായിട്ടാണിദ്ദേഹം  ഈ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്നത്. പേടിയുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാം. ഇതേ നിര്‍ദ്ദേശം  നമുക്ക് മറ്റ് പലയിടത്തും നടപ്പാക്കാം. കൂടം കുളം ആണവനിലയത്തേപ്പറ്റി പേടിയുള്ളവര്‍ക്ക് അതിന്റെ അടുത്തു നിന്നും ഒഴിഞ്ഞു പോകാം. മുംബൈയിലെ ശിവസേനക്കാരെ പേടിയുള്ളര്‍ക്ക് മുംബൈയില്‍ നിന്നും ഒഴിഞ്ഞു പോകാം.

സുകുമാരന്റെ ആവലാതി ഇങ്ങനെ.

 >>>>>ഡാം പൊളിഞ്ഞാല്‍ തന്നെ അതിനാല്‍ ബാധിക്കുന്ന മലയാളികളെക്കാളും കൂടുതല്‍ മലയാളികള്‍ ബാധിക്കപ്പെടുക , മുല്ലപെരിയാര്‍ ഡാം കേരളം ഏറ്റെടുത്ത് അത് ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചാലാണ്. എന്തെന്നാല്‍ എത്രയോ ലക്ഷം മലയാളികളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്.<<<<< 

സുകുമാരന്റെ അതേ ലോജിക് ഇവിടെയും പ്രയോഗിക്കുക.  മുല്ലപ്പെരിയാര്‍ ഡിക്കമ്മിഷന്‍ ചെയ്താല്‍ വെള്ളം കുടി മുട്ടുമെന്ന പേടിയുള്ള തമിഴ് നാട്ടിലെ മലയാളികള്‍ അവിടെ നിന്നും ഒഴിഞ്ഞു പോകുക. അല്ല ഇനി തമിഴന്‍മാര്‍ ആക്രമിക്കുമെന്ന പേടിയുണ്ടെങ്കിലും അവിടെ നിന്നും ഒഴിഞ്ഞു പോകാം.

കേരളത്തില്‍ ജീവിക്കുന്ന മലയാളികളോടുള്ളതിലും  സ്നേഹം സുകുമാരന്, തമിഴ് നാട്ടുകാരോടാണ്. അവര്‍ അണക്കെട്ട് തകര്‍ന്ന് ചത്തുപോയാലും അദ്ദേഹത്തിനു പ്രശ്നമില്ല. പക്ഷെ തമിഴ് നാട്ടിലുണ്ടാകാവുന്ന വരള്‍ച്ചയാണദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നത്.


പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് 120 വര്‍ഷം മുമ്പ് പണുത ഈ അണക്കെട്ട് ഡിക്കമ്മീഷന്‍ ചെയ്യണം എന്നു പറഞ്ഞതിന്, എന്നെ പരിസ്ഥിതി തീവ്രവാദിയെന്നാണു സുകുമാരന്‍ വിളിക്കുന്നത്. അതിനദ്ദേഹത്തിനു മറ്റൊരു ചങ്ങാതി കൂട്ടിനുമുണ്ട്. അദ്ദേഹത്തിന്റെ കാര്യം ഇതിലും  കഷ്ടമാണ്. ഇതാണദ്ദേഹത്തിന്റെ നിലപാട്.

കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approch ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.... വിവാദങ്ങളും വൈകാരിക വേലിയേറ്റങ്ങളും ഉണ്ടാക്കി വിട്ടതിന്റെ ഫലമായി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു


"കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി decommission ചെയ്യേണ്ട അണക്കെട്ടിന്റെ, status quo  നില നിറുത്തണ"മെന്ന വിചിത്ര നിലപാടാണദ്ദേഹത്തിനുള്ളത്.


പുതിയ അണക്കെട്ട് പണുതാലും ഇപ്പോള്‍ തമിഴ് നാടിനു നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിപോലും കുറവു വരുത്തില്ല എന്ന ഉറപ്പ് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കി. പുതിയ അണക്കെട്ട് പണിയാനുള്ള പണം കേരളം ചെലവഴിച്ചോളാം. ഒരു പൈസ പോലും തമിഴ് നാടു തരേണ്ട എന്നും പറഞ്ഞു. എന്നിട്ടും തമിഴ് നാട്ടിലെ മനുഷ്യര്‍ അത് പറ്റില്ല,  ഈ അണക്കെട്ട് ഇന്നലെ പണുതപോലെ ബലമുള്ളതാണ്. അതുകൊണ്ട് പൊളിച്ചു കളയേണ്ട എന്ന നിലപാടുള്ളവരാണ്. ഇവരെ ഭീകരര്‍ എന്നല്ലേ വിളിക്കേണ്ടത്? ഈ ഭീകരര്‍ക്കൊപ്പം ചേരാനുള്ള സുകുമാരന്റെ ചേതോ വികാരം മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. സുകുമാരന്‍ ഭീകര വാദിയാണെന്നാണെന്റെ അഭിപ്രായം.