Thursday, 31 July 2008

മന്‍മോഹന്‍ സിംഗിന്റെ വിശ്വാസ്യത.

ദീപിക പത്രം മാത്രമേ മന്‍മോഹന്‍ സിംഗ് ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണെന്നു പറഞ്ഞുള്ളു. ഇന്‍ഡ്യയില്‍ വേറൊരു പത്രവും അതു പറഞ്ഞില്ല.

നാലു വര്‍ഷം ഭരിച്ച കോണ്‍ ഗ്രസിന്റെ അവസാനമായുണ്ടായിരുന്ന മുതല്‍ കൂട്ടായിരുന്നു , മന്‍മോഹന്‍ സിംഗിന്റെ വ്യക്തിപരമായ വിശാസ്യത. അദ്ദേഹം സത്യസന്ധനെന്നാണറിയപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ കരങ്ങള്‍ അത്രയൊന്നും ശുദ്ധമല്ലെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. അഴിമതിയില്‍ പല മന്ത്രിമാരും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ സത്യസന്ധതയില്‍ വോട്ടര്‍ സംശയിച്ചില്ല. വോട്ടുചെയ്യാന്‍ കോഴ കൈമാറിയെന്ന അപവാദം പുറത്തുവന്നതോടെ, അധികാരത്തില്‍ തുടരാന്‍ കുതിരക്കച്ചവടമോ കുറുക്കുവഴികളോ തേടാന്‍ മടിക്കാത്ത വെറും ശരാശരി രാഷ്ട്രീയക്കാരന്‍ മാത്രമായാണ് ജനങ്ങള്‍ മന്‍മോഹന്‍ സിംഗിനെയും വിലയിരുത്തുന്നത്. അഴിമതിക്കാര്‍ക്ക് ശിക്ഷ നല്‍കുകയും സത്യസന്ധരെ പിന്തുണക്കുകയും ചെയുന്നത് വോട്ടര്‍മാരുടെ സ്വഭാവരീതിയാണ്. വ്യക്തിപരമായി സത്യസന്ധര്‍ എന്നറിയപ്പെടുന്നതുകൊണ്ടാണ് നരേന്ദ്രമോഡി വരെയുള്ള നേതാക്കള്‍ ജയിക്കുന്നത്. മന്‍ മോഹന്‍ സിംഗിന്റെ സത്യസന്ധതാ പ്രതിച്ഛായ കോണ്‍ഗ്രസിന്റെ വിലപ്പെട്ട സമ്പത്തായിരുന്നു. ആ പ്രതിച്ഛായയാണ് ഇപ്പോള്‍ മൂക്കുകുത്തി വീണത്. ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മന്‍മോഹന്‍ സിംഗിന് സാമ്പത്തിക വിദഗ്ധന്‍ എന്ന പ്രതിച്ഛായ ഉണ്ടായിരുന്നു. പണപ്പെരുപ്പ നിരക്കു സകല റെക്കോര്‍ഡുകളും ഭേദിച്ചതോടെ അതും നഷ്ടമായി.


മന്‍മോഹന്‍ സിംഗിനിപ്പോള്‍ പഴയപടി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ സാധ്യമല്ല . എം.പിമാരെ വിലക്കെടുത്ത ഇടപാടില്‍ അദ്ദേഹം വ്യക്തിപരമായി തന്നെ ഭാഗഭാക്കായിട്ടുണ്ടെന്നതും സത്യമാണ്.
വോട്ടെടുപ്പ് ചര്‍ച്ചയുടെ തൊട്ടുതലേ ദിവസം വരെ അദ്ദേഹത്തിന്റെ മുഖത്ത് അനിശ്ചിതത്വമുണ്ടായിരുന്നു. തിങ്കളാഴ്ചയായപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ മുഖവും തിങ്കള്‍ക്കലപോലെ ശോഭിക്കുന്നത് കണ്ടു. വിരലുകളാല്‍ വിജയമുദ്ര കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ലോക്സഭാപ്രവേശം. വേണ്ടത്ര എം.പിമാരെ വിലക്കെടുത്ത വാര്‍ത്ത തലേന്നു അധികാരദല്ലാളന്മാര്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. നാലുവര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കാന്‍ അവലംബിച്ച ധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പതിച്ചു.

പാര്‍ലമെന്റില്‍ മാത്രമാണ് അദ്ദേഹം വിശ്വാസം നേടിയത്. അതേസമയം, ദേശത്തിന്റെ വിശ്വാസം കളഞ്ഞുകുളിക്കുകയും ചെയ്തു. കോഴയായി കിട്ടിയ കറന്‍സിക്കെട്ടുകള്‍ സഭയില്‍ മൂന്നു ബി.ജെ.പി അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ മുഖം വിളറിവെളുത്തു. യു.എസുമായി സൌഹൃദം സ്ഥാപിക്കുന്നതിനെ സ്വാഗതംചെയ്തുപോന്ന മധ്യവര്‍ഗ്ഗത്തെ പാര്‍ലമെന്റിലെ ഈ സംഭവം നിരാശരാക്കി. അഴിമതിമുക്തനെന്ന് തങ്ങള്‍ സങ്കല്പിച്ച വ്യക്തിയുടെ പ്രതിച്ഛായ തകരുന്നത് കണ്ടായിരുന്നു ആ നിരാശ.


ഇതില്‍ കോണ്ഗ്രസിനു പറ്റിയ പാളിച്ചകള്‍ പലതാണ്. പ്രതിപക്ഷം പല കഷണങ്ങളയി ഇണങ്ങിയും പിണങ്ങിയും കിടക്കുകയായിരുന്നു. വിശ്വാസവോട്ട് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു. യു എന്‍ പി എ ഏതു വഴിക്കു പോകും എന്നു നിശ്ചയമില്ലായിരുന്നു. അവര്‍ ഒന്നിച്ചെന്നു മത്രമല്ല, മായവതി കൂടി അവരുടെ കൂടെ വന്നു. മുലായം സിംഗിന്റെ ചുവടു മാറ്റമാണ് മയാവതിയെ ഇതിലേക്കടുപ്പിച്ചത്.

ബി ജെ പി ക്കെതിരെ ഒരു കൂട്ടുകെട്ട് എന്നതായിരുനു സോണിയയുടെ ആശയം .പക്ഷെ സിംഗിന്റെ കൂടൂതല്‍ വലത്തോട്ടുള്ള ചായ്വ് അതിനു തടയിട്ടു. ഇപ്പോള്‍ അതേതായാലും ഇല്ലാതായി.ഇന്നിപ്പോള്‍ ദേശിയ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗിയതെക്കെതിരെയുള്ള കൂട്ടായ്മ എന്നതിലും പ്രധാന പ്രശ്നം , സാമ്രാജ്യത്വത്തിനെതിരെയുള്ള കൂട്ടായ്മ എന്നു വരുന്നു. അതു അഴിമതിക്കെതിരെ എന്നതാവും അടുത്ത തെരഞ്ഞെടുപ്പില്‍ . ഈ കോഴ പ്രശ്നം കത്തി ത്തന്നെ നില്‍ക്കും . കോഴവാങ്ങിയവരും വിപ്പ് ലംഘിച്ചവരും ലോക്സഭയില്‍ നിന്നും പുറത്താവേണ്ടതാണ്, സോംനാഥ് വീണ്ടും പാദ സേവ നടത്തുന്നില്ലെങ്കില്‍.

ബി ജെ പി യാണിപ്പോള്‍ സ്തംഭിച്ചു നില്ക്കുന്നത്. അദ്വാനി അടുത്ത പ്രധാനമന്ത്രി എന്ന് അവര്‍ ഏകദേശം ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ ഒരു ഇലക്ഷനു പോയിരുന്നെങ്കില്‍ വലിയ നഷ്ടം ബി ജെ പി ക്കായിരുന്നു. അതു കൊണ്ട് അവരും ചെറിയ ഒരു കളി കളിച്ചു. ബി ജെ പി നേതാക്കളുടെ അറിവോടെയായിരിക്കാം കുറെ എം പി മാര്‍ കൂറു മാറിയതും .


കോഴ കൊടുത്തു എം പി മാരെ വിലക്കെടുക്കുക എന്നത് കോണ് ഗ്രസിനു പുത്തരിയല്ല. നര സിംഹറാവു അതു പണ്ട് ചെയ്തിരുന്നു. അന്നു ധനമന്ത്രി കസേരയില്‍ മന്‍മോഹന്‍ സിംഗ് ഇരിക്കുന്നുണ്ടായിരുന്നു. അന്നു റാവു കളിച്ച കളികള്‍ അദ്ദേഹത്തിനറിയാം . ഇന്ന് ആ കളികള്‍ അദ്ദേഹം സ്വന്തമായി കളിച്ചു . അത്രമാത്രം .


അധികാരം സിംഗില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നു കരുതാന്‍ വയ്യ. ഒരു കപട മുഖം അദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്നു എന്നതാണ് ശരി. തക്ക സമയത്ത് അതു പുറത്തെടുത്തെന്നു മാത്രം .

വില കൊടുത്തു വിജയം വങ്ങുന്നവരെ വിശ്വസിക്കാമോ? കേരളത്തില്‍ പണ്ട് മാര്‍ക്ക് തട്ടിപ്പ് നടന്നിരുന്നു. അതു പണം കൊടുത്തു മാര്‍ക്ക് തിരുത്തി ഉപരി പഠനത്തിനു അഡ്മിഷന്‍ വാങ്ങുന്ന പരിപാടിയായിരുന്നു. അവര്‍ക്കുള്ള അത്ര വിശ്വാസ്യതയേ മന്‍മോഹന്‍ സിംഗ് എന്ന ഈ വ്യാജ സിംഹത്തിനും ഉള്ളൂ.

Friday, 25 July 2008

പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍സോമ്നാഥ് ചാറ്റര്‍ജിയെ പുകഴ്ത്താന്‍ കോണ്ഗ്രസ്സിന്‌ ഇപ്പോള്‍ നാവുകള്‍ ആയിരമാണ്‌. കാരണം സോമ്നാഥ് ലോക പ്രശസ്ത ഭരണഘടനാ വിദഗ്ദനും, പാര്‍ലമെന്റേറിയനും ആകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോക്സഭ അംഗമായ അദ്ദേഹത്തെ പണ്ടിവര്‍ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ ലോക്സഭ രേഖകളില്‍ ഇപ്പോഴും കണ്ടേക്കാം . സോമ്നാഥ് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും സ്പീക്കറായതും സി പി എം എന്ന പാര്‍ട്ടി ലേബലില്‍ ആണ്‌. അദ്യന്തികമായി അദ്ദേഹം സി പി എം അംഗമാണ്‌. അതു കൊണ്ട് അദ്ദേഹം സി പി എം ന്റെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കണം . അതാണ്‌ ആദ്യ മര്യാദ. പക്ഷെ ആ മര്യാദ കാണിക്കാനുള്ള വിവേകം അദ്ദേഹത്തിനില്ലാതെ പോയി. അതിനു കാരണമുണ്ട്. പാര്‍ലമെന്ററി വ്യാമോഹമാണത്. അങ്ങനെയുള്ള കമ്യൂണ്സ്റ്റുകാരന്റെ ഉദാഹരണമാണദ്ദേഹം .

കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നു കിട്ടാവുന്ന എല്ലാം കിട്ടി. ഒരു കമ്യൂണിസ്റ്റുകാരനു ഇന്നത്തെ അവസ്ഥയില്‍ ഇന്‍ഡ്യയില്‍ കിട്ടാവുന്ന പരമോന്നത പദവി വരെ കിട്ടി. ഇതിലും വലിയത് ലക്ഷ്യം വച്ചതായിരുന്നു. പ്രസിഡന്റാവാന്‍ ഒരു ശ്രമം നടത്തിയതായിരുന്നു. അതിനു വേണ്ടിയാണ്‌, സി പി എം സ്ഥാനാര്‍ത്ഥി, പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കണമെന്നു അദ്ദേഹം വാദിച്ചതും. പക്ഷെ പാര്‍ട്ടി അതു വകവച്ചില്ല. അതിന്റെ കലിപ്പ് അദ്ദേഹം മനസില്‍ സൂക്ഷിച്ചു. തക്ക സമയത്ത് പുറത്തെടുത്തു. അത് ബസുവിന്റെ പ്രധാനമന്ത്രി മോഹവുമായി താരതമ്യം ചെയ്യാവുന്നതാണ്‌. ആ വിഷമം ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണദ്ദേഹം . സോമ്നാഥും ആ തലത്തിലേക്ക് ഉയര്‍ന്നു. സമകാലീന രാഷ്ട്രീയത്തില്‍ ഇദ്ദേഹത്തിന്റെ അധികാര സ്ഥാനത്തോടുള്ള ആര്‍ത്തി , മന്‍മോഹന്‍ സിം ഗിന്റെ പ്രധാനമന്ത്രി സ്ഥാനത്തോടുള്ള ആര്‍ത്തിയോട് കിടപിടിക്കുന്നതാണ്‌. അധികാരം നില നിര്‍ത്താന്‍ ഇന്ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട കുതിര കച്ചവടം നടത്തിയ അദ്ദേഹത്തിനു കൂട്ടാളിയായി സോമ്നാഥ് ഉള്ളത് ഒട്ടും അതിശയപ്പെടുത്തുന്ന കാര്യമല്ല.

പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജി വക്കാതിരിക്കാന്‍ അദ്ദേഹം പറഞ്ഞ കാരണമാണു ഏറെ വിചിത്രം . ബി ജെ പി യോടൊപ്പം വോട്ടു ചെയ്യാന്‍ പറ്റില്ല എന്നാണത്. ബി ജെ പി ജനസംഘമായിരുന്നപ്പോള്‍ ഒരു മുന്നണിയായി മത്സരിക്കുകയും ബി ജെ പി വോട്ടുകള്‍ നേടി ജയിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം . അതിനു ശേഷമാണ്‌ ജനസംഘം വര്‍ഗ്ഗീയ മുഖഛായ വെടിഞ്ഞ് ജനതാ പാര്‍ട്ടിയുടെ ഭാഗമായതും , വീണ്ടും വര്‍ഗ്ഗീയ മുഖം മൂടിയണിഞ്ഞ് ബി ജെ പി യായി പുനരവതരിച്ചതും . അതെ വര്‍ഗ്ഗിയ ബി ജെ പി യുമായി ചേര്‍ന്ന് 1989 ല്‍ വി പി സിം ഗിനു വോട്ടു ചെയ്തത്, സോമ്നാഥ് നേത്രൃത്വം കൊടുത്ത സി പി എം തന്നെയായിരുന്നു.

അന്നൊന്നും ബി ജെ പിയോട് സഹകരിക്കുന്നതിനു യാതൊരു ഉളുപ്പും ഇദ്ദേഹം കാണിച്ചില്ല. പിന്നെ എവിടന്നാണ്‌ പെട്ടെന്നൊരു ബി ജെ പി വിരോധം ഇദ്ദേഹത്തില്‍ വന്നത്? സി പി എം ന്‌ ഈ സര്‍ക്കാരില്‍ വിശ്വാസമില്ല. വേറെ ആര്‍ക്കൊക്കെ ഉണ്ടെന്ന്‌ സോമ്നാഥ് തിരക്കേണ്ട ആവശ്യം തന്നെയില്ല.

സ്പീക്കര്‍ സ്ഥാനത്ത് നിഷ്പക്ഷനാണെന്നൊക്കെ ഒരു വെറും ഭംഗിവാക്കു മാത്രമാണ്. ചോദ്യത്തിന്‌ കോഴ വാങ്ങിയ കേസില്‍ എം പി മാരെ പുറത്താക്കാന്‍ എന്തു ധ്ൃതിയായിരുന്നു സോമ്നാഥിന്. സമാന സാഹചര്യത്തില്‍ എം പി മാരെ വിലക്കെടുക്കുകയായിരുന്നു ഇപ്പോള്‍ . കോഴ കൊടുക്കുന്നതിന്റെ വീഡിയോ ദ്ൃശ്യങ്ങള്‍ കണ്ടിട്ടും അദ്ദേഹത്തിനു യാതൊരു കുലുക്കവുമില്ല. അത് അദ്ദേഹത്തിന്റെ പ്രതിബദ്ധത ആരോടാണെന്നു വ്യക്തമാക്കുന്നു. നിഷ്പക്ഷതയുടെ മഹത്വം എത്രയുണ്ടെന്നും തെളിയിക്കുന്നു. ഇന്‍ഡ്യയിലെ സ്പീക്കര്‍മാര്‍ക്ക് രാഷ്ട്രീയമുണ്ടെന്നുള്ളത് ഒരു രഹസ്യമൊന്നുമല്ല. ഇംഗ്ളണ്ടിലേപ്പോലെ സ്പീക്കര്‍മാര്‍ രാഷ്ട്രീയം പാടെ ഉപേക്ഷിക്കുകയൊന്നും ഇല്ല.

എം ഐ ഷാനവാസ് ഒരു ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ട്, ഒരു കഥകളി നടന്റെ അംഗവിഷേപത്തോടെ കുറെ ജല്‍പനങ്ങള്‍ നടത്തി . അതിന്റെ കാതല്‍ സ്പീക്കറോട് രാജി വക്കാന്‍ പറയുക വഴി സി പി എം അധ:പതനത്തിന്റെ അടിത്തട്ടില്‍ എത്തിയെന്നാണീ, പഴയ കരുണാകരന്റെ മൂടു താങ്ങി, തട്ടി വിട്ടത്. കഴിഞ്ഞ കേരള നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ സ്പീക്കറായിരുന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് രാജി വക്കാന്‍ പറയുകയും അദ്ദേഹം രാജി വച്ച് മന്ത്രിയാവുകയും ചെയ്തു. ആ സ്പീക്കറുടെ അരാഷ്ട്രീയത പരിശോധിക്കാതെ സോമ്നാഥ് അരാഷ്ട്രീയനായിരിക്കണം എന്നു വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കാം?

വക്കം ആന്റണി ഗ്രൂപ്പിലായിരുന്നതു കൊണ്ടായിരിക്കുമോ?
ചരിത്രം സോമ്നാഥിനെ അരാഷ്ട്രീയക്കാരനും നിഷ്പക്ഷനുമായ സ്പീക്കറായി വിലയിരുത്തില്ല. പാര്‍ലമെന്ററി വ്യാമോഹമുള്ള ഒരു കമ്യൂണിസ്റ്റുകാരനായി മാത്രമേ അദ്ദേഹത്തെ വിലയിരുത്തൂ. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് എതിര്‍ പക്ഷത്തെ സഹായിച്ച വഞ്ചകനായും വിലയിരുത്തും .

Thursday, 24 July 2008

പാഠപുസ്തക വിവാദം

കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബ്ളോഗ് വായിച്ചാല്‍ ഒരു കാര്യം മനസിലാകും, സഭാ നേതാക്കള്‍ നിഴലിനെതിരെയാണ്‌ യുദ്ധം ചെയ്യുന്നതെന്ന്‌. അവിടെ എഴുതുന്ന എല്ലാ പുരോഹിതരും ഉപയോഗിക്കുന്ന ഒരു വാക്യമുണ്ട്.

അക്ഷരങ്ങള്‍ക്കിടയിലൂടെയും , വാക്കുള്‍ക്കിടയിലൂടെയും , വരികള്‍ക്കിടയിലൂടെയും വായിച്ചാല്‍ പലതും മനസ്സിലാവും

എന്നാണത്. അതാണിവിടത്തെ കുഴപ്പം . എഴുതാത്ത കാര്യങ്ങള്‍ വായിക്കുന്നതാണ്‌. നേരെ ചൊവ്വെയുള്ള അര്‍ത്ഥം മനസിലാക്കിയാല്‍ യാതൊരു കുഴപ്പുവുമില്ല.

കത്തോലിക്കാ സഭ ഇങ്ങനെ വായിക്കുന്നതിനൊരു കാരണമുണ്ട്. സ്വാശ്രയ പ്രശ്നം തൊട്ട് , സഭ ഈ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണല്ലോ. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെങ്കിലും , ജനങ്ങളുടെ കോടതിയില്‍ വിധി അവര്‍ക്കെതിരാണ്‌. പല കത്തോലിക്കരും , ലത്തീന്‍കാര്‍ പ്രത്യേകിച്ചും സഭാ നേത്ര്^ത്വത്തിന്റെ ഈ പോക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അതവര്‍ക്ക് നനായി അറിയാം . പിന്നീട് വന്ന എല്ലാ പ്രശ്നങ്ങളിലും സഭ പ്രതിരോധത്തിലാണ്‌. അവസാനത്തെ അടി ഏകജാലകമായിരുന്നു. അതു കൊണ്ട് കിട്ടുന്ന അവസരത്തിലെല്ലാം , സര്‍ക്കാരിനെ ആക്രമിക്കുക എന്ന ഒരു വ്ര്^തം തന്നെ നേത്ൃത്വം എടുത്തു. അതിന്റെ തുടര്‍ച്ചയാണീ പാഠ പുസ്തക വിവാദവും .

എന്തു കൊണ്ട് അവര്‍ ഇതു ചെയ്തു എന്നത് ഒരു തന്‍പ്രാമാണിത്ത വിഷയവും . അഗോളതലത്തില്‍ ക്രിസ്തുമതം എന്നു പറഞ്ഞാല്‍ പലരും കാണുന്നത്, കത്തോലിക്കാ സഭയേയും പോപ്പിനേയുമാണ്‌. അതു കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നാല്‍ കത്തോലിക്കാ സഭയും , സ്വാശ്രയമെന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനു കീഴിലെ സ്ഥാപനങ്ങളും എന്ന ഒരു ധരണയുണ്ട്. അപ്പോള്‍ മതവിശ്വാസവും ദൈവവിശ്വാസവും അവരുടെ കുത്തകയായി അവര്‍ കാണുന്നു. അതു പോലെ പെരുമാറുന്നു. അതുകൊണ്ട് വേറെ ആരും അറിയുന്നതിനു മുന്‍പ്, അക്ഷരങ്ങള്‍ക്കിടയില്‍ കൂടി വായിച്ച് അവര്‍ പലതും കണ്ടുപിടിച്ചു. അതാണ്‌ ഈ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള എല്ലാവരെയും സംഘടിപ്പിച്ച് ഇവര്‍ ഒരു യുദ്ധത്തിനു ഇറങ്ങിയിരിക്കുന്നതും .

കത്തോലിക്കാ സഭയുടെ ഇന്നത്തെ നയത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

കത്തോലിക്ക സഭയുടേത് രാഷ്ട്രീയമൊന്നുമല്ല, ധാര്‍ഷ്ട്യമാണ്. പഠപുസ്തകങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി യാതൊരു പ്രകോപനവും കൂടാതെ മത്തായി ചാക്കോയുടെ അന്ത്യ കുദാശ വിവാദം ഉയര്‍ത്തി ക്കൊണ്ടുവന്നതല്ലെ.

കേരളത്തിലെ ജനങ്ങള്‍ പല പാഠപുസ്തകങ്ങളും പഠിച്ചവരാണ്. അന്നൊന്നും അവര്‍ ഒരു പാഠപുസ്തകവും മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണെന്നു ചോദിച്ചിട്ടില്ല. അവരാരും ഈ പുസ്തകം വായിക്കുകയോ അതിനേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ ഉണ്ടാവുമായിരുന്നില്ല. ഈ വിവാദം കാരണം അവരെല്ലാം ഇത് വായിച്ചു. ഇന്നിപ്പോള്‍ ഏഴാം ക്ളാസിലെ മാത്രമല്ല. എല്ലാ ക്ളാസിലെ കുട്ടികളും , മുതിര്‍ന്നവരും എല്ലാം പുസ്തകം വായിച്ചു കഴിഞ്ഞു. പലര്‍ക്കും അതിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം കണാപ്പാഠവുമാണ്‌. ഇനിയത് പിന്‍വലിച്ചാല്‍ തന്നെ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല.


മതം വേണ്ടെനു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ വിശ്വസിക്കാത്ത അച്യുതാനന്ദന്‍ കേരളം ഭരിച്ചിട്ട് ആര്‍ക്കും പ്രശ്നമില്ല. മതത്തെ കിട്ടുന്ന വേദികളിലെല്ലാം ആക്രമിക്കുന്ന സുധാകരനും ഭരിച്ചിട്ട് കുഴപ്പമില്ല. ഇതിനു രണ്ടിനും ഇടക്കു വരുന്ന, മറ്റു കമ്യൂണിസ്റ്റുകാരും ഭരിച്ചിട്ട് ഒരു കുഴപ്പവുമില്ല. ഇവരെല്ലം കിട്ടുന്ന എല്ലാ വേദികളിലും മതമില്ലെന്ന് പറഞ്ഞിട്ടും ഒരു പ്രശ്നവുമില്ല. അതു എല്ലാ വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ല. അതു ഒരു പാഠപുസ്തകത്തില്‍ വന്നപ്പോഴേക്കും ഏതോ വലിയ ദുരന്തം സംഭവിച്ചതു പോലെയാണ് ചിലര്‍ രോഷം കൊള്ളുന്നത്

മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു എന്നൊരു പരാതി കേട്ടു. മതത്തെ ആരും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതല്ല. മതം രാഷ്ട്രീയം കളിക്കാന്‍ മേക്കപ്പണിഞ്ഞ് നിന്നപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചു കൊണ്ടുപോയി. വാണിഭക്കാരാണ് പെണ്‍കുട്ടികളെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപയോഗിക്കുന്നത്. അഭിസാരികമാരെ ആരും വലിച്ചിഴച്ചു വ്യഭിചാരത്തിനു കൊണ്ടുപോകാറില്ല. അഭിസാരിക, തയ്യാറാണെന്ന ചേഷ്ടകളുമായി വഴിയരികില്‍ നില്‍ക്കും . ആവശ്യക്കാര്‍ സ്നേഹത്തോടെ വിളിച്ചുകൊണ്ടു പോകും , കാര്യം കഴുയിമ്പോള്‍ പറഞ്ഞുറപ്പിച്ച കാശും കൊടുത്തു പോകുന്നു. അഭിസാരികക്കു ആരാണ് വിളിക്കുന്നതെന്നു നോക്കേണ്ട ആവശ്യമില്ല. കാശുകിട്ടിയാല്‍ മതി.

കേരളത്തില്‍ മതത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ സഹകരിക്കും . അതിനു ഏറ്റവും നല്ല ഉദാഹരണം എന്‍ എസ് എസ് ആണ്. സമദൂര സിദ്ധാന്തം എന്ന വ്ൃ ത്തികേടിലൂടെ ഏതു പാര്‍ട്ടി ഭരിച്ചാലും നേട്ടമുണ്ടാക്കും . ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അവസ്ഥയും ഇതു പോലാണ്.

രാഷ്ട്രീയത്തില്‍ ഇടപെട്ടല്ല, നേട്ടമുണ്ടാക്കി രസം പിടിച്ചു. അതുകൊണ്ടാണ് കത്തോലിക്കാ സഭക്കും മറ്റു തീവ്രവദ മത പ്രസ്ഥനങ്ങള്‍ക്കും ഈ വെപ്രാളം .

കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്ന മത നേത്ൃത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഇവരുടെ താല്‍പ്പര്യങ്ങള്‍ ‍സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.

കത്തോലിക്കാ മത നേതാക്കള്‍ ചില പിടിവാശിയിലാണു. അതു കൊണ്ട് അവര്‍ക്ക് ഒരു വശം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അതു കൊണ്ടാണ്‌, മതത്തിനെ അനുകൂലിച്ച് പുസ്തകത്തിലുള്ള പല പരാമര്‍ശനങ്ങളും കാണാതെ, മതമില്ലാത്തതിനേക്കുറിച്ചുള്ള ഒരു പരാമര്‍ശം ഏറെ വലുതാക്കി കാണിച്ച് എന്തോ ഇല്ലാത്തത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതൊരു തരം തീവ്രവാദമാണ്‌.

മതവും ദൈവവും എളുപ്പം ചിലവാകുന്നതും , വൈകാരികതയുണര്‍ത്താന്‍ സാധിക്കുന്നതുമായ വില്‍ പ്പന ചരക്കാണ്‌. ഈ രണ്ടു കാര്യങ്ങളും രാഷ്ട്രീയ ചേരികളെയും ഭേദിച്ച് ആളുകളുമായി എളുപ്പത്തില്‍ സം വദിക്കും . അതു കൊണ്ടാണ്‌ മത വിഷയത്തില്‍ പെട്ടെന്നു ആളുകള്‍ വികാരാധീനരാവുന്നത്. രാഷ്ട്രീയ വിഷയത്തില്‍ അത്രക്ക് പെട്ടെന്നു അങ്ങനെ ആവില്ല. അതുകൊണ്ടാണ്‌ സ്വന്തം മത ഗ്രന്‍ഥത്തില്‍ ഉള്ളവ തമസ്കരിച്ചിട്ട് , പാഠപുസ്തകത്തിലുള്ള നിസ്സാരവിഷയങ്ങള്‍ കുത്തിപ്പൊക്കി ഒരു യുദ്ധാന്തരീക്ഷം സ്ൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ആദവും ഹവ്വയും നഗ്നരായിരുന്നു എന്ന് എല്ലാ വൈദികരും കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ഈ വൈദികരുടെ സംവേദനശേഷിയുള്ള ആര്‍ക്കും അരോപിക്കാം , ബൈബിള്‍ നഗ്നത പ്രോത്സാഹിപ്പിക്കുന്നു എന്ന്‌. ചിന്താ ശേഷിയുള്ള ആരും അങ്ങനെ പറയില്ല.

രണ്ടുകുട്ടികള്‍ ഒരു മജിസ്റ്റ്റേട്ടിനെ വെടി വച്ചു കൊന്നത്, കുട്ടികളില്‍ അക്രമ വാസന ഉണ്ടാക്കും എന്നു ആരോപിക്കുന്നവര്‍ ചെയ്യുന്നതോ? കായേന്‍ ആബേലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നതായിട്ടാണ്‌, എല്ലാ ക്രിസ്തീയ കുട്ടികളേയും വളരെ ചെറുപ്പം മുതല്‍ , ഒന്നാം ക്ളാസു മുതല്‍ പഠിപ്പിക്കുന്നത്. അതോ ഒരു തെറ്റും ചെയാത്ത ആബേലിനെ, അസൂയ നിമിത്തം . തോക്കൊക്കെ കിട്ടാന്‍ അത്ര എളുപ്പമല്ലല്ലോ. കല്ലാണെങ്കില്‍ എവിടെയും സുലഭം . ഒന്നാം ക്ളാസു മുതലേ കല്ലുകൊണ്ടിടിച്ചു കൊല്ലുന്നത് വായിച്ചിട്ട് അക്രമ വാസന കാണിക്കാത്ത കുട്ടി ഏഴുവര്‍ഷം കഴിഞ്ഞ് തോക്കുകൊണ്ട് വെടി വച്ചു കൊല്ലന്നതു വായിച്ച് അക്രമവാസന കാണിക്കും എന്നു പറയുന്നവരുടെ തലയില്‍ തളം വെക്കേണ്ടതല്ലെ?

മതം ഉണ്ടാക്കിയത് മനുഷ്യനെ നന്നാക്കാന്‍ വേണ്ടിയാണെന്നത് ഒരു മിഥ്യാ ധാരണയാണെന്നാണ്‌ എനിക്കു തോന്നുന്നത്. അതായിരിക്കണം ലക്ഷ്യമെങ്കിലും . പക്ഷെ ഇതിലെ തമാശ, മത സ്ഥാപകരായി അറിയപ്പെടുന്നവരൊന്നും ഇന്നു കാണുന്ന മതങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല, എന്നതാണ്‌. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനെ നന്നാക്കണം എന്നതാവേണ്ടതാണ്‌. മനുഷ്യന്‍ നന്നാവാനുള്ള നല്ല കാര്യങ്ങള്‍ മതങ്ങളിലെല്ലാം ഉണ്ട്. പക്ഷെ ഇന്നത്തെ മിക്ക മത നേതാക്കളിലും അതില്ല.

Wednesday, 23 July 2008

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ധാര്‍മ്മികത!!!

ദീപിക ദിനപത്രം കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജിഹ്വ എന്നാണറിയപ്പെടുന്നത്. കമ്യൂണിസ്റ്റുവിരോധം എന്ന ഭൂതം ബാധിച്ചാല്‍ സഭ എത്ര വരെ താഴും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ജൂലൈ 23 ന്റെ മുഖപ്രസംഗം . കഴിഞ്ഞ രണ്ടു വര്‍ഷമായി സഭാനേതൃത്വം കേരളിയരുടെ മുന്‍പില്‍ നാറുന്ന കാഴ്ച്ച ഭയാനക മാണ്‌. നാണമില്ലാത്തവര്‍ നാറിയാല്‍, നാറ്റത്തില്‍ തന്നെ നില്‍ക്കും എന്നതിനു തെളിവാണ്‌ ഈ മുഖപ്രസംഗവും .

ദീപിക പത്രം ആരുടെയോ ബിനാമിയായ ഒരു വ്യവസായി വളരെ എളുപ്പത്തില്‍ സ്വന്തമാക്കിയ കഥ നമുക്കെല്ലാവര്‍ക്കും അറിയാം . ആറു കോടി മുടക്കി, മുപ്പതു കോടി പിടിച്ചെടുത്തുകൊണ്ടു പോയത് അയാളുടെ മിടുക്ക്. സഭയുടെ പത്രം സഭക്കു തന്നെ തിരിച്ചു കൊടുക്കുന്നതിനു ഒരു ബിഷപ്പു പറഞ്ഞ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും . ഒരു അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനമാണത്!!!!.


ദീപിക പത്രം കടത്തിലായതെങ്ങനെ എന്നത് ദുരൂഹമായ ഒരു സംഗതിയാണ്‌. കേരളത്തിലെ എറ്റവും ആസ്തിയുള്ള സ്ഥാപനം കത്തോലിക്കാ സഭയാണ്‌. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ പത്രം കടത്തിലായതെങ്ങനെയെന്നത് ഇന്നും മനസിലാക്കാന്‍ പറ്റാത്ത ഒരു നിഗൂഡതയാണ്‌.

കെ എം മാണി ഒരുറച്ച കത്തോലിക്കനാണ്‌. അദ്ദേഹം കുറച്ചു നാള്‍ മുന്‍പ് ഒരു സത്യം പറഞ്ഞു. സഭയുടെ ഏതെങ്കിലും ഒരു സ്ഥാപനം വിറ്റ് ദീപിക തിരിച്ചെടുക്കണം . അത് വളരെ പ്രസക്തമായ ഒരു നിര്‍ദ്ദേശമായിരുന്നു. സഭ സ്ഥാപനം വിറ്റോ എന്നറിയില്ല. ദീപിക തിരിച്ചെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ദീപികയുടേ താളുകള്‍ അലങ്കരിച്ചിരുന്ന നാറ്റം അതോടെ അവസാനിച്ചു. പിന്നീട് സ്വാശ്രയ പ്രശ്നത്തിലും മറ്റും സ്വീകരിച്ച നിലപാടു സഭയുടെ നിലപാടു തന്നെയായി. അതിനെ ആരും എതിര്‍ത്തൊന്നും ഇല്ല. കാരണം അതു പ്രതീക്ഷിച്ചിരുന്നതാണ്‌. അതിനു ശേഷം ദീപിക പ്രതീക്ഷിക്കാത്ത ഒരു അധാര്‍മ്മിക നിലപാടെടുത്തു കാണുന്നത് ഇപ്പോഴാണ്‌. അതു ഇപ്പോള്‍ കഴിഞ്ഞ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞും . അതിലേക്കു വരാം .

മുഖ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെ.
ജൂലൈ 22 ഇന്ഡ്യയുടെ അഭിമാന ദിനം .
സുബോധം നശിക്കാത്ത ഏതൊരു ഇന്ഡ്യക്കാരനും ഇതു കേട്ട് മൂക്കത്തു വിരല്‍ വച്ചു പോകും .അറിയപ്പെടുന്ന കോണ്ഗ്രസ് പിന്‍തുണക്കാരായ മനോരമ പോലും വാക്കുകളില്‍ മിതത്വം കാണിച്ച് വിശ്വാസ പ്രമേയം പാസ്സാക്കിയതിന്റെ പിന്നിലെ കച്ച്വടത്തിലേക്കും വിരല്‍ ചൂണ്ടുന്നു. മനോരമ എഴുതിയതിങ്ങനെ.
ഇനി സമാജ് വാദി പാര്‍ട്ടിയുടെ വഴിവിട്ട ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന പക്ഷം കോട്ടം കോണ്‍ ഗ്രസിനു തന്നെയായിരിക്കും . വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ വിലപേശിയവരുടെ സമ്മര്‍ദ്ദവും പ്രധാനമന്ത്രിക്ക് അതി ജീവിക്കേണ്ടി വരും .വിശ്വാസ വോട്ടില്‍ നിന്നും മാറിനിന്നു കൊണ്ട് സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കാന്‍ സമാജ് വാദി പാര്‍ട്ടി മുന്‍കൂറായി നല്കിയതെന്നു പറഞ്ഞു കൊണ്ട് നോട്ടുകെട്ടുകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയതും പ്രധാനമന്ത്രിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതും നമ്മുടെ ജനാധിപത്യത്തിനും അതിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനും നാണക്കേടായി മാറി.


ഇന്ഡ്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ വിമര്‍ശകരും മാധ്യമ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഒന്നു പോലെ ഈ ദിനത്തെ വിശേഷിപ്പിച്ചത്, ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ്‌. യു പി എ എന്ന സഖ്യത്തിനു 263 പേരുടെ പിന്‍തുണയേ ഉണ്ടായിരുന്നുള്ളൂ, എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്‌. ബാക്കി പിന്തുണ എങ്ങിനെ ഉണ്ടാക്കി എന്നത് , മനോരമ പറഞ്ഞതാണ്. പിന്തുണക്കു വില പേശി‌. അതിനെ വിളിക്കാന്‍ പല പേരുമുണ്ട്. കുതിര ക്കച്ചവടം , ചാക്കിട്ടു പിടിത്തം, കോഴ, അവസര വാദം, ഭീഷണി, വാഗ്ദാനങ്ങള്‍ . അവരവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കം . ഇതില്‍ പലതും തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും .പക്ഷെ ചില സത്യങ്ങള്‍ അവശേഷിക്കുന്നു.

ലക്നോ വിമാനത്താവളത്തിനു ചരണ്‍ സിംഗിന്റെ പേരു നല്കാന്‍ തീരുമാനിച്ചത്, മന്‍മോഹന്‍ സിംഗ് മൂത്രമൊഴിച്ചപ്പോള്‍ കണ്ട സ്വപ്നമൊന്നും അല്ല. ഷിബു സോറന്‍ കുറ്റവിമുക്തനായത് നാളുകള്‍ക്ക് മുന്‍പായിരുന്നു. കുറ്റത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് മന്‍മോഹന്‍ സിംഗു തന്നെയായിരുന്നു. സമാജ്വാദി പാര്‍ട്ടി ഇത്ര നാളും ആണവ കരാറിനെ എതിര്‍ത്തതും ഒരു തമാശയായി ആരും കാണില്ല. അതിനൊക്കെ നല്ല വില കൊടുക്കേണ്ടി വരും . അതെല്ലാം കാത്തിരുന്നു കാണാന്‍ പോകുന്ന കാര്യങ്ങളാണ്‌. കലുമാറ്റത്തിലൂടെയും മറ്റും ഒപ്പിച്ചെടുത്ത ഭൂരിപക്ഷം അങ്ങനെ തന്നെ നിലനില്‍ക്കുമെന്നൊന്നും തീര്‍ച്ചയില്ല.

മുഖപ്രസംഗത്തിലെ ഏറ്റവും ഭയാനകമായ വരികള്‍ ഇതാണ്‌.


നീല തലപ്പാവണിഞ്ഞ ഒരു കൊച്ചു മനുഷ്യന്‍ . അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടി തെളിഞ്ഞു നില്ക്കുന്ന ആത്മ വിശ്വാസത്തിന്റെയും സത്യ സന്ധതയുടെയും ആള്‍ രൂപം.


ഇവിടെ എല്ലാം പൂര്‍ത്തിയായി. മുകളില്‍ സൂചിപ്പിച്ച വിശേഷണങ്ങളുള്ളവരെ, ഒരു പ്രത്യേക തരത്തില്‍ സഭ നേതൃത്വം ഉപയോഗിക്കുന്നുണ്ട്. അവരെയെല്ലാം ചില്ലു കൂടുകളിലാക്കി, മെഴുകു തിരി കത്തിച്ചു വച്ച് ദിവസവും പ്രാര്‍ത്ഥിക്കുന്നു. ഇവരില്‍ മുന്തിയ ആളുകള്‍ സഭക്ക് നല്ല വരുമാന മാര്‍ഗ്ഗവുമാണ്‌. ഇടപ്പള്ളി , എടത്വ, അരുവിത്തുറ, വല്ലാര്‍പാടം , അര്‍ത്തുങ്കല്‍ മുതലായ സ്ഥലങ്ങളില്‍ ഇവര്‍ സഭയുടെ ഖജനാവിലേക്ക് , കോടികള്‍ മുതല്‍ക്കൂട്ടുന്ന വരുമാനവും . അഫോന്‍ സാമ്മക്കു ശേഷം മന്‍മോഹന്‍ സിംഗാവട്ടെ സഭയുടെ താരം , ഇന്‍ ഡ്യയില്‍ .

സിംഗിനെ പുകഴ്ത്താന്‍ ഉപയോഗിച്ച ചില വിശേഷണങ്ങളിലേക്ക് ഒന്നെത്തി നോക്കാം .

കൊച്ചു മനുഷ്യന്‍ എന്നു പറഞ്ഞത് വളരെ യോജിക്കും . ആകാരത്തിലും പെരുമാറ്റത്തിലും . ബുഷ് ഇരിക്കാന്‍ പറഞ്ഞാല്‍ കുനിഞ്ഞ് കുറച്ചു കൂടെ ചെറുതായി കൊടുക്കും . അന്തസ്സും ആഭിജാത്യവും സ്വന്തമായി തീരുമാനങ്ങളെടുക്കാനും പ്രാവര്‍ത്തികമാക്കാനും കഴിവുള്ളവര്‍ക്കാണുണ്ടാവുക. ഇന്‍ഡ്യന്‍ പ്രധാനമത്രി പദം ഇദ്ദേഹത്തിനു വീണു കിട്ടിയതാണ്‌. അപ്രതീക്ഷിതമായി ബി ജെ പി പരാജയപ്പെട്ടപ്പോള്‍ , കോണ്‍ഗ്രസ്സിനു വീണുകിട്ടിയ ഒരു ഭാഗ്യം . ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ രാഷ്ട്രീയത്തിലും ഭരണത്തിലുമുണ്ടായിരുന്ന ഒരു പറ്റം പ്രഗത്ഭ നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. അവരെയെല്ലാം തഴഞ്ഞ് സിംഗിനെ തെരഞ്ഞെടുക്കാന്‍ ഒരേയൊരു കാരണമേയുള്ളൂ. വിനീത ദാസന്‍ എന്ന ചാപ്പ. സോണിയയുടെ വിരല്‍തുമ്പിലെ കുട്ടിക്കുരങ്ങന്‍, എന്നതില്‍ കവിഞ്ഞ് ഒരു അന്തസ്സും ആഭിജാത്യവും ഇദ്ദേഹത്തിനില്ല. സോണിയയോട് ചോദിക്കാതെ മൂത്രമൊഴിക്കാന്‍ പോലും മടിക്കുന്ന ഇദ്ദേഹത്തില്‍ ദീപിക അന്തസ്സു കണ്ടെങ്കില്‍ , അതു സ്വന്തം മുഖഛായ ദര്‍ശിച്ചതു കൊണ്ടാണ്‌.

ശാന്തതയും സന്തോഷവും , സുരക്ഷിതത്വം ഉള്ള ഏതൊരു അടിമയും പ്രകടിപ്പിക്കും.

ദീപിക ഇദ്ദേഹത്തില്‍ സത്യ സന്ധത കണ്ടതാണ്‌ ഏറെ വിചിത്രം. ഇന്ഡ്യയുടെ ചരിത്രത്തിലെ സത്യസന്ധതയില്ലാത്ത ഏക പ്രധനമന്ത്രി ഇദ്ദേഹമായിരിക്കും . വഞ്ചന ഇദ്ദേഹത്തിന്റെ മുഖ മുദ്രയാണ്‌. ഭരണം തുടങ്ങുന്നതിനു മുന്‍പ് , ഇദ്ദേഹവും ഇടതു പക്ഷവും കൂടി സി എം പി എന്ന ഒരു രേഖയുണ്ടാക്കിയിരുന്നു. അതില്‍ അമേരിക്കയുമായി ഒരു strategic partnership വേണമെന്നു ഇദ്ദേഹം വാശിപിടിച്ചിരുന്നു. ഇടതുപക്ഷമെതിര്‍ത്തപ്പോള്‍ അതു വേണ്ടെന്നു വച്ചു. അതു ഭരണം കിട്ടാനുള്ള ഒരു തന്ത്രവും വഞ്ചനയുമായിരുന്നു, എന്ന് ഇപ്പോളാണ്‌ മനസിലാവുന്നതും . അന്തസ്സും സത്യസന്ധതയുള്ളവനായിരുന്നെങ്കില്‍ അന്നു തന്നെ ഇടതു പക്ഷത്തിന്റെ പിന്‍തുണ വേണ്ടെന്നു വക്കുമായിരുന്നു. ഇന്നു കൊടുത്ത വാഗ്ദാനങ്ങള്‍ അന്നു കൊടുത്തിരുന്നെങ്കില്‍ , സമാജ്വാദി പാര്‍ട്ടി അന്നും കൂടെ വരുമായിരുന്നു. സമാജ്വാദി പാര്‍ട്ടിയെ അന്നു കൂടെ നിര്‍ത്താന്‍ അല്‍പ്പം ജാള്യതയുണ്ടായിരുന്നു എന്നതും സത്യം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലേപ്പോലെ അന്നും കോണ്‍ഗ്രസിന്റെ ആക്രമണ മുന മുഴുവന്‍ മുലായമിനെതിരെ ആയിരുന്നു. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യം വച്ചുകൊണ്ട് നടത്തിയ ഒരു പാഴ്വേലയായിരുന്നത്. അതുകൊണ്ടാണ്‌ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുലായത്തെ വീണ്ടും ആക്രമിച്ചതും, മായാവതിയെ വെറുതെ വിട്ടതും . മുസ്ലിംങ്ങള്‍ മായാവതിയുടെ ചേരിയിലേക്ക് മാറിയ കാര്യം കോണ്‍ഗ്രസ്സിനു മനസിലാ‍ക്കാന്‍ പറ്റിയില്ല.ഇനിയിപ്പോള്‍ മുലായത്തിനെതിരെ ചൊരിഞ്ഞ അസഭ്യങ്ങളെല്ലാം , കോണ്‍ഗ്രസ്സിനു വിഴുങ്ങണം . മുലായം അതിനെല്ലാം നഷ്ടപരിഹാരം നേടുമെന്നത് തീര്‍ച്ചയാണ്‌.സിംഗിന്റെ വഞ്ചനക്കുള്ള ഏറ്റവും അടുത്ത ഉദാഹരണം , കഴിഞ്ഞയാഴ്ച്ച നടന്നതായിരുന്നു. ഇടതു പക്ഷത്തോട് ആലോചിക്കാതെ IAEA യില്‍ പോകില്ല എന്നു പറഞ്ഞ പ്രധാനമന്ത്രി അതു ചെയ്തു എന്നു മാത്രമല്ല, അതു പത്രക്കരോടാണ്‌ ആദ്യം പറഞ്ഞതും . ഇതെല്ലാം സത്യസന്ധതയുടെ ലക്ഷണങ്ങളായി, കത്തോലിക്കാ മത നേതൃത്വം കാണുന്നുണ്ടെങ്കില്‍ അവരുടെ സംവേദന ക്ഷമതക്കു കര്യമായ എന്തോ തകരാറുണ്ട്.

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ പ്രശ്നം, സിംഗില്‍ സ്വന്തം മുഖം കാണുന്നു എന്നതാണ്‌. സിംഗിന്റെ വഞ്ചനക്കു സമാനമായ ഒന്നു കേരളത്തിലും ഉണ്ടായി. സിംഗ് ഭരണത്തില്‍ കേറാന്‍, ഇടതുപക്ഷത്തോട് സമ്മതിച്ചത് ഒന്ന്, അവസാനം ചെയ്തത് വേറൊന്ന്. ബിഷപ്പുമാര്‍ കേരളത്തില്‍, സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു കിട്ടാന്‍, ആന്റണിയോട് സമ്മതിച്ചത് ഒന്ന് , അവസാനം ചെയ്തത് വേറൊന്ന്. ഒരേ തൂവല്‍ പക്ഷികള്‍ . സിംഗിനെ സഭാ നേതൃത്വം പിന്താങ്ങുന്നതിലും പുകഴ്ത്തുന്നതിലും, വിവേചന ബുദ്ധി നശിക്കാത്ത ആരും ഒരത്ഭുതവും കാണില്ല.

സിംഗ് കടന്നു കൂടാന്‍ കോടികള്‍ മറിച്ചതൊന്നും , കത്തോലിക്കാ നേതൃത്വത്തിനു ഒരു പ്രശ്നമായി തോന്നുന്നേ ഇല്ല. അതു കൊണ്ടാണ്‌, മുഖ പ്രസംഗത്തില്‍ അതിനേക്കുറിച്ച് ഒരു വേവലാതിയും കാണിക്കാത്തതും . ചെറിയ കള്ളന്‍മാര്‍ സാധാരണ വലിയ കള്ളന്‍മാരെ ആരാധനയോടെ കാണും . സീറ്റൊന്നിന്, മുപ്പതു ലക്ഷം മേടിക്കുന്നവര്‍ , സീറ്റൊന്നിന്, മുപ്പതു കോടി കൊടുക്കുന്നതിനെ അത്ഭുദാരങ്ങളോടെയേ നോക്കി കാണൂ.

ഇന്നത്തെ കത്തോലിക്കാ നേതൃത്വത്തിനു വേണ്ടത്, മോഡിയേപ്പോലുള്ള ഒരു പ്രധാനമന്ത്രിയേയാണ്‌.
ബാക്കിയുള്ളവര്‍ പക്ഷെ അത്രക്കങ്ങ് അധ:പ്പതിക്കാന്‍ പാടില്ലല്ലോ. .Tuesday, 22 July 2008

യേശു കമ്യൂണിസ്റ്റാണോ?

ബൈബിള്‍ അനുസരിച്ച്‌ യേശു പറുദീസ ആദ്യം വഗ്‌ദാനം ചെയ്തത് അദ്ദേഹത്തിന്‍റെ മലയിലെ പ്രസംഗത്തിലായിരുന്നു. അതിങ്ങനെയാണു ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. ഈശോമിശിഹായുടെ അനുയായി പരലോകജീവിത്തലുള്ള വിശ്വാസം സംരക്ഷിക്കുന്നതിനു മാര്‍ക്സിസം ഒരു തടസവും സൃ‍ഷ്ടിക്കുന്നില്ല. യേശു പഠിപ്പിച്ചതെന്താണെന്നറിയാവുന്ന ഏതൊരു ക്രിസ്ത്യാനിക്കും നല്ല ഒരു സോഷ്യലിസ്റ്റായിരിക്കാം. ഒരു സോഷ്യലിസ്റ്റേ ആയിരിക്കാന്‍ പറ്റൂ. കാരണം ഇതാണു.

ക്രിസ്തുവിന്‍റെ ഏറെ പ്രചാരമുള്ള പഠിപ്പിക്കലുകള്‍ സോഷ്യലിസത്തിനു അനുകൂലവും മുതാളിത്തത്തിനു എതിരുമാണു. ധനവാന്‍ എന്നുവച്ചാല്‍ മുതലാളി, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്‌, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ദുഷ്കരമായിരിക്കും. ഇതു കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലേയോ , മാര്‍ക്സിന്‍റെയോ, ലെനിനിന്‍റെയൊ, മാവോയുടെയൊ ഏതെങ്കിലും പുസ്തക്ത്തില്‍ നിന്നും ഏടുത്തതോ അല്ല. ദൈവവചനമെന്നു പറഞ്ഞു പുരോഹിതര്‍ വായിക്കുകയും അതു കഴിഞ്ഞു ചുംബിക്കുകയും ചെയ്യുന്ന വിശുദ്ധ വേദപുസ്തകത്തിലേതാണിതു. അതു പറഞ്ഞത്‌ യേശു ക്രിസ്തു എന്ന മഹാനായ വ്യക്തിയും. ഇതു വായിക്കുന്ന ഏതു കഴുതയും പറയും, യേശു മുതാളിത്തതിനെതിരായിരുന്നു എന്നും, സോഷ്യലിസത്തെ പിന്തുണച്ചിരുന്നു എന്നും. ഇതു മാത്രമല്ല യേശു പറഞ്ഞിട്ടുള്ളതു. അധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. മതമില്ലാത്ത ജീവന്‍ വരെ പറയും, ഇതേ ആശയമാണു, അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ട മാര്‍ക്സിന്‍റെതെന്നും. അപ്പോള്‍ യേശു ഒരു കമ്യൂണിസ്റ്റുമാണെന്നു തെളിയുന്നു.


വേണമെങ്കില്‍ പുരോഹിതര്‍ക്ക് മാര്‍ക്സ്‌ അതു ബൈബിളില്‍ നിന്നും മോഷ്ടിച്ചതാണെന്നു വാദിക്കാം. യേശു അനുയായികളോട്‌ പറഞ്ഞു നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു കൊടുത്തു എന്റെ പിന്നാലെ വരികയെന്ന്‌. അപ്പോള്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഉണ്ടെന്നതു ഒരു സത്യമാണു. യേശുവിന്‍റെ പ്രബോധനങ്ങള്‍ പഠിച്ചിട്ടുള്ള ഏതൊരു കത്തോലിക്കനും, ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റായിരിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബൈബിള്‍ പഠിക്കുന്നതിനു പകരം വിദ്യാഭ്യാസ കച്ചവടവും കമ്യൂണിസ്റ്റ്‌ വിരോധവും മനസു നിറയെ കൊണ്ടു നടക്കുന്ന വ്യാജ കത്തോലിക്കര്‍ക്ക്‌, ഒരു ക്രിസ്ത്യാനി പോലുമാവാനുള്ള യോഗ്യതയില്ല.


മാര്‍ക്സിയന്‍ ചിന്തയുടെ ഫലമായിട്ടല്ല പടിഞ്ഞാറന്‍ ക്രൈസ്തവ രാജ്യങ്ങള്‍ മതത്തേയും ദൈവത്തെയും തങ്ങളുടെ ജീവിതത്തില്‍ നിന്നും ആട്ടിപ്പായിച്ചത്‌. അവിടെയെങ്ങും മാര്‍ക്സിന്‍റെ ആശയങ്ങള്‍ക്ക്‌ ഒരു പ്രചാരവും ഇല്ല. 2000 വര്‍ഷക്കാലം ക്രൈസ്തവ മതമേ അവിടെ ഉണ്ടായിരുന്നുള്ളു. ക്രൈസ്തവ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും അവര്‍ ദൈവത്തെ വേണ്ടെന്നു വച്ചു. അതു സംഭവിച്ചതു തീര്‍ച്ചയായും കത്തോലിക്കാ സഭ പോലുള്ള സ്ഥാപനങ്ങളുടെ പരാജയമാണു. ദൈവത്തേക്കുറിച്ചുള്ള ചിന്ത വളരെ വലിയ നന്‍മയായി കൊണ്ടു നടന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ഇറ്റലിയുള്‍പ്പടെ, ദൈവത്തില്‍നിന്നും അകന്നു പോയതെന്തു കൊണ്ടാണെന്നു എന്തെങ്കിലും കാരണം പുരോഹിതര്‍ക്ക് പറയാനുണ്ടാവില്ല. അതില്ലെങ്കില്‍ കമ്യൂണിസത്തിന്‍റെ നേരെ കുരച്ച ചാടിയിട്ടും, വിലപിച്ചിട്ടും കാര്യമില്ല. ദൈവത്തിന്‍റെ പ്രസക്തി ദൈവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളില്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണു കമ്യൂണിസ്റ്റുകാര്‍ ദൈവനിഷേധികളാണെന്നു പറയുന്നതിന്‍റെ ഉദ്ദേശം? ലെനിന്‍ അതു പറഞ്ഞു, ഇതു പറഞ്ഞു എന്നു ഇടക്കിടക്കു ഉത്ഘോഷിക്കന്നുത്‌ കൊണ്ട്‌, ഒന്നും നേടില്ല.


സഭയും മുതലാളിത്തവും തമ്മിലുള്ള ബന്ധം മാര്‍ക്സ്‌ പറയാതെ തന്നെ വിവരമുള്ളവര്‍ക്കറിയാം. ഈ കൊച്ചു കേരളത്തിലും അതു കണ്ണുള്ളവര്‍ കാണുന്നുണ്ട്‌. 1967 ല്‍ പോള്‍ ആറാമന്‍ ചാക്രികലേഖനം എഴുതിയെന്നു കരുതി സഭ മുതലാളിത്തത്തെ വലിച്ചെറിഞ്ഞൊന്നും ഇല്ല. പോള്‍ ആറാമനു അന്നാണു വിവരമുണ്ടായതും, സഭ പാവപ്പെട്ടവന്‍റെ കൂടെയാണു നില്‍ക്കേണ്ടതെന്നു മനസിലായതും. 2000 വര്‍ഷം സഭ ചെയ്ത തെറ്റു തിരുത്താനാണു അന്നദ്ദേഹം ശ്രമിച്ചത്‌. പോള്‍ ആറാമനെ കമ്യൂണിസ്റ്റായി മുദ്ര കുത്തിയത്‌, മാര്‍ക്സോ, ലെനിനോ, മാവോയൊ അല്ല. പുരോഹിതര്‍ ഉള്‍പ്പെടുന്ന കത്തോലിക്ക സമൂഹമാണതു ചെയ്തത്‌. അതിനുള്ള കാരണം ഇതും . സഭയുടെ ചരിത്രത്തില്‍ അന്നാണു വലിയ ഇടയനു സ്വന്തം തത്ത്വശാസ്ത്രം പിടികിട്ടിയത്‌. അത്‌ പാവപ്പെട്ടവന്‍റെയും, അധ്വാനിക്കുന്നവന്‍റെയും ഭാരം ചുമക്കുന്നവന്‍റെയും കൂടെയാണു സഭ നില്‍ക്കേണ്ടതെന്ന്‌. ഇത്‌ സഭക്കുണ്ടായ ആദ്യത്തെ ബോധോദയം ആയി കാണാം. രണ്ടാമത്തേത് ജോണ്‍ പോള്‍ രണ്ടാമനാണുണ്ടായത്‌. അന്നദ്ദേഹം കത്തോലിക്ക സഭ, അതു വരെ ചെയ്ത ക്രൂരതകള്‍ക്കെല്ലാം മാപ്പു ചോദിച്ചു.
വൈരുധ്യാത്മിക സൃഷ്ടിവാദം


വൈരുധ്യാത്മിക ഭൌതികവാദം അരച്ചു കലക്കി കുടിച്ച കത്തോലിക്ക വൈദികരാരും വൈരുധ്യാത്മിക സൃഷ്ടിവാദം എന്നു കേട്ടു കാണില്ല. കത്തോലിക്ക സഭ വിശ്വസ്സിക്കുന്നതതാണു. സൃഷ്ടി എന്നു പറഞ്ഞാല്‍ ശൂന്യതയില്‍നിന്നും ചിലത്‌ ഉണ്ടാക്കിയെടുക്കുന്നതാണു. സത്യ സായി ബാബ മുതല്‍ അടുത്തകാലത്തു കേരളത്തില്‍ അറസ്റ്റിലായ ഒരു കള്ള സ്വാമി വരെ ശൂന്യതയില്‍ നിന്നും വിഭൂതി, മാല, വള, രത്നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതായി പറയുന്നു. അതിനെ നമുക്കു സൃഷ്ടി എന്നു വിളിക്കാം. പക്ഷെ ബൈബിളില്‍ പറയുന്ന മനുഷ്യ സൃഷ്ടി അങ്ങനത്തെയല്ലല്ലോ. ദൈവം കളിമണ്ണെടുത്തു വെള്ളം ചേര്‍ത്തു കുഴച്ചു സ്വന്തം ഛായയില്‍ ഒരു രൂപം ഉണ്ടാക്കി, അതിന്‍റെ മൂക്കില്‍ ഊതി ജീവനുണ്ടാക്കിയെന്നാണു ബൈബിള്‍ പറയുന്നത്‌. ഉണ്ടാവട്ടെ എന്നു പറഞ്ഞു മനുഷ്യ സൃ‍ഷ്ടി നടത്തിയതായി ബൈബിളില്‍പറയുന്നില്ലല്ലോ. ഇതിനെ സൃ‍ഷ്ടി എന്ന്‌ എങ്ങനെ പറയാന്‍ പറ്റും? ഇതു ആദ്യം ഉണ്ടായിരുന്ന വസ്ത്തുക്കളില്‍നിന്നും നടത്തിയ ഒരു നിര്‍മ്മാണമല്ലേ? ഇങ്ങനത്തേതിനെ ‍സൃഷ്ടി എന്നതിനു പകരം വൈരുധ്യാത്മക ‍സൃഷ്ടിവാദം എന്നു പറയുന്നതല്ലേ കൂടുതല്‍ ശരി?


മാര്‍ക്സ്‌ ഒരിക്കലും ഡയലെക്റ്റിക്കല്‍ മറ്റീരിയലിസം എന്ന വാക്കുപയോഗിച്ചിട്ടില്ല. ഹെഗലിന്‍റെ ഡയലെക്റ്റിക്കല്‍ ഐഡിയലിസം മാര്‍ക്സിസവുമായി താരതമ്യം ചെയ്തവരാണു ആ വാക്കുപയോഗിച്ചത്‌. മാര്‍ക്സ്‌ പറഞ്ഞത്‌ , മെറ്റീരിയലിസത്തേക്കുറിച്ചാണു.

ദൈവം എന്ന പ്രതിഭാസം മാറ്റിനിര്‍ത്തിയാല്‍ ക്രൈസ്തവ ചിന്തയും മാറ്ററില്‍ നിന്നും തുടങ്ങുന്നു. മാറ്ററില്‍ നിന്നാണു ദൈവം എല്ലം ഉണ്ടാക്കിയെടുത്തതെന്നു ക്രൈസ്തവശാസ്ത്രം പറയുന്നു. മനുഷ്യനേക്കുറിച്ചു പറയുന്നത്‌, മണ്ണില്‍ നിന്നും വന്ന്‌ മണ്ണിലേക്കു പോകുന്നു എന്നാണു. അതു മാര്‍ക്സിസ്റ്റ്‌ ചിന്തയല്ല, ക്രൈസ്തവ ചിന്തയാണു. മാറ്റത്തിനു വിധേയമാണെല്ലാം എന്ന മാര്‍ക്സിന്‍റെ ചിന്ത ക്രൈസ്തവ സഭയും തെളിയിച്ചിട്ടൂണ്ട്‌. ആരംഭ കാലത്ത്‌ , ക്രൈസ്തവ ഭൂമി പരന്നതായിരുന്നു. അതിനു പില്‍ക്കാലത്തു മാറ്റം സംഭവിച്ചു. ഭൂമി ഉരുണ്ടതാണെന്നാദ്യം പറഞ്ഞ ആളെ, തീയിലെറിയുകയായിരുന്നു കത്തോലിക്ക സഭ. ഇപ്പോള്‍ സഭക്ക്‌ ഭൂമി ഉരുണ്ടതാണു. സ്വവര്‍ഗ്ഗാനുരാഗം വലിയ തിന്‍മയായിട്ടാണു ക്രൈസ്തവര്‍ പണ്ട്‌ കണ്ടിരുന്നത്‌. ചാവുകടല്‍ ഉണ്ടായത്‌ അതിനുള്ള ദൈവ ശിക്ഷയായാണെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. പടിഞ്ഞാറന്‍ ക്രൈസ്തവ രാജ്യങ്ങള്‍ പലതും ഇന്ന്‌ സ്വവര്‍ഗ്ഗാനുരാഗം തിന്‍മയായി കാണുന്നില്ല. സ്വവര്‍ഗ്ഗ വിവാഹം പോലും അംഗീകരിക്കപ്പിട്ടിരിക്കുന്നു. ആംഗ്ളിക്കന്‍ സഭയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ വരെയുണ്ട്‌. പരിണാമ സിദ്ധാന്തവും പതുക്കെ പതുക്കെ ക്രൈസ്തവ ചിന്തയിലേക്ക്‌ കടന്നു വരുന്നുണ്ട്‌. പല ദൈവശാസ്ത്രജ്ഞരും സൃഷ്ടി എന്നതിനേക്കാള്‍ Intelligent Design എന്ന ആശയത്തെ പിന്താങ്ങിത്തുടങ്ങി. അതെല്ലാം മാറ്റത്തിന്‍റെ ലക്ഷണങ്ങള്‍ അല്ലേ?

Monday, 21 July 2008

കത്തോലിക്കാ സഭയും ന്യൂനപക്ഷാവകാശങ്ങളും


ന്യൂനപക്ഷവകാശങ്ങള്‍ കത്തോലിക്ക സഭയുടെ ഇഷ്ടപ്പെട്ട പദങ്ങളിലൊന്നാണ്‌. അതില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ സഭ പിരിച്ചുവിട്ടേനെ എന്നു തോന്നിക്കുന്ന തരത്തിലാണ്‌ അതു വ്യാഖ്യാനിക്കുന്നതും അതിനു വേണ്ടി യുദ്ധം ചെയ്യുന്നതും . കാണുന്ന എല്ലാ മാധ്യമങ്ങളിലും കിട്ടുന്ന എല്ലാ വേദികളിലും ബിഷപ്പുമാര്‍ അതിനു വേണ്ടി വാചാലരാവാറുണ്ട്. അടുത്തെയിട ബിഷപ്പ് ജോസഫ് പവ്വത്തില്‍ ജോസഫ് പുലിക്കുന്നേലിനെ വിമര്‍ശിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ബിഷപ്പിന്റെ പ്രധാന പരാതി, ഭൂരിപക്ഷത്തിനില്ലാത്ത അവകാശം ന്യൂനപക്ഷത്തിനില്ല എന്ന് പുലിക്കുന്നേലിന്റെ ലേഖനത്തില്‍ പറഞ്ഞതിനേക്കുറിച്ചാണ്‌. കത്തോലിക്കാ സഭയുടെ ഇഷ്ടവിനോദമായ വരികള്‍ക്കിടയില്‍ കൂടി വായിച്ച് ഒരു ധ്വനിയും അദ്ദേഹം കണ്ടുപിടിച്ചു. അതൊരാരോപണമായി അദ്ദേഹം കാണുകയും , പലരും കാണാനിടയാകുമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. അതൊന്നു വിശകലനം ചെയ്തു നോക്കാം .

ഭൂരിപക്ഷത്തിനില്ലാത്ത അവകാശം ന്യൂനപക്ഷത്തിനു വേണമെന്നല്ല സഭയുടെ നിലപാട്, എന്നാണദ്ദേഹം സമര്‍ത്ഥിക്കുന്നത്. പക്ഷെ ഭൂരിപക്ഷത്തിനില്ലാത്ത അവകാശം തന്നെയാണ്‌ ന്യൂനപക്ഷാവകാശങ്ങള്‍ . അങ്ങനെയല്ലെങ്കില്‍ ഇതു പോലെ ഒരു പ്രത്യേക അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കേണ്ട ആവശ്യമില്ലായിരുന്നു.

മുഖ്യധാരയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ അകലാതിരിക്കാനല്ല ന്യൂനപക്ഷാവകാശങ്ങള്‍ നല്കിയത്. അതു നല്കിയില്ല എന്നു കരുതി മുഖ്യധാരയില്‍ നിന്നും അവര്‍ അകലുകയൊന്നും ഇല്ല. മുഖ്യധാരയില്‍ നിന്നും അകലാതിരിക്കാന്‍ , ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം ആവശ്യമില്ല. അതിനു വേണ്ടത് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണമാണ്‌.

യധാര്‍ഥത്തില്‍ ന്യൂനപക്ഷാവകാശം ഇന്നത്തെ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ , ന്യൂനപക്ഷം മുഖ്യധാരയില്‍ നിന്നും അകലുകയാണ്‌. വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങള്‍ നടത്താന്‍ ന്യൂനപക്ഷവകാശ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ മുഖ്യധാരക്ക് ന്യൂനപക്ഷങ്ങളോട് വെറുപ്പും അകല്‍ ച്ചയുമാണുണ്ടാവുക. അതാണ്‌ വിശ്വ ഹിന്ദു പരിഷത്തിന്റെയും , ഹിന്ദു മുന്നണിയുടെയും , ആര്‍ എസ് എസ് ന്റെയും ബി ജെ പി യുടെയും വാക്കുകളില്‍ ക്കൂടി പുറത്തു വരുന്നത്. നിര്‍ ഭഗ്യവശാല്‍ സഭാ നേത്ര്^ത്വത്തിനു അതു മനസിലാക്കാനുള്ള അടിസ്ഥാന തിരിച്ചറിവ് ഇല്ലാതെ പോയി.

സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌: "ഓരോ താത്പര്യത്തെയും സംതൃപ്തിപ്പെടുത്തുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അവര്‍ക്കു തൃപ്തിയാകുന്ന വിധത്തില്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ നമ്മുടെ ദൗത്യം."

സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത് ശരി തന്നെയാണ്‌. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ അവരരുടെ വിദ്യാഭ്യാസം വേണമെന്ന് അദ്ദേഹം പറഞ്ഞത്, മത വിദ്യാഭ്യാസവും ഭാഷാ വിദ്യാഭ്യാസവും നടത്താനുള്ള സ്ഥപനങ്ങളെ ഉദ്ദേശിച്ചായിരുന്നു. ന്യൂനപക്ഷങ്ങളുടെ ത്ര്^പ്തി എന്തായിരിക്കുമെന്ന് അദ്ദേഹത്തിനു ദീര്‍ ഖ ദര്‍ ശനം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആ ത്ര്^പ്തി പണത്തിനോടുള്ള ആര്‍ത്തിയാണെന്നു അദ്ദേഹം ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ന്യൂനപക്ഷാവകാശം എന്നു പറഞ്ഞാല്‍ മെഡിക്കല്‍ കോളേജും എഞ്ചിനീയറിങ് കോളേജും നേഴ്സിങ് കോളേജും നടത്താനുള്ള കടിപിടിയില്‍ കൊണ്ടെത്തിക്കുമെന്ന്‌അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.

ഇതേ ന്യൂനപക്ഷാവകാശങ്ങള്‍ വിശകലനം ചെയ്ത ജസ്റ്റിസ് ഖന്ന ഉള്‍ പ്പടെ ഒരു ജഡ്ജിയും ഇ അവകാശങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു എന്ന കാര്യം ശരിയായ രീതിയില്‍ വിശകലനം ചെയ്തില്ല ഇതുവരെ. ന്യൂനപക്ഷത്തിന്‌ ഇന്ഡ്യയില്‍ ഭൂരിപക്ഷത്തിനില്ലാത്ത പല അവകാശങ്ങളും ഉണ്ട്. അതു പറയുന്നതാണ്‌ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍.

ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക സവിശേഷതകള്‍ നിലനിര്‍ത്താനുള്ള ഏതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അവിടെയാണ്‌ അപകടം തുടങ്ങുന്നതും . ഇപ്പറഞ്ഞ സ്വാതന്ത്ര്യം വിശകലനം ചെയ്തതിലാണ്‌ തെറ്റിയത്. പവ്വത്തിലിനേപ്പോലുള്ളവര്‍ മനസിലാക്കിയത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതും സാംസ്കാരിക തനിമ നിലനിര്‍ത്താനാണെന്നാണ്‌. കാലാ കാലങ്ങളില്‍ വന്ന സര്‍ക്കാരുകളും , കോടതിയും ഈ തെറ്റിദ്ധാരണ അകറ്റാന്‍ യാതൊന്നും ചെയ്തില്ല. അതുകൊണ്ടാണ്‌ പവ്വത്തിലിനേപ്പോലുള്ള മത മേധാവികള്‍ മെഡിക്കല്‍ കോളേജ് നടത്തുന്നതും ക്രിസ്ത്യാനിയുടെ സാംസ്കാരിക തനിമ നില നിര്‍ത്താനാണെന്നു വാദിക്കുന്നതും അതിനുള്ള അവകാശം വേണമെന്നു ശഠിക്കുന്നതും.

ന്യൂനപക്ഷങ്ങളുടെ വ്യത്യസ്തത അവരുടെ ജീവിതദര്‍ശനത്തിലും ധാര്‍മികബോധത്തിലും സംസ്കാരത്തിലുമാണ്‌ എന്നു പറയുന്നത് അല്‍പ്പം തീവ്രവാദം നിറഞ്ഞ പരാമര്‍ശമാണ്‌.അതു മാത്രമല്ല വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നതും . ജീവിതദര്‍ശനത്തിലും ധാര്‍മികബോധത്തിലും സംസ്കാരത്തിലും, ന്യൂനപക്ഷങ്ങള്‍ വ്യത്യസ്തരാണെന്ന് പറയുമ്പോള്‍ അതില്‍ വലിയ ഒരു അപകടം അടങ്ങിയിട്ടുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളില്‍ വ്യത്യസ്തത എന്നുദ്ദേശിക്കുന്നത്, മേല്‍ത്തരം എന്ന അര്‍ത്ഥത്തിലാവാനേ തരമുള്ളൂ. ന്യൂനപക്ഷങ്ങളുടെ ജീവിതദര്‍ശനവും ധാര്‍മികബോധവും സംസ്കാരവും , ഭൂരിപക്ഷത്തിന്റേതില്‍ നിന്നും താഴേക്കിടയിലാണെങ്കില്‍ അതു സംരക്ഷിക്കാനായി പ്രത്യേക അവകാശം വേണമെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.

പവ്വത്തില്‍ പറഞ്ഞുവരുന്നത് , ഭൂരിപക്ഷത്തിന്റെ ജീവിതദര്‍ശനവും ധാര്‍മികബോധവും സംസ്കാരവും , ന്യൂന പക്ഷങ്ങളുടെ, പ്രത്യേകിച്ച്, ക്രിസ്ത്യാനികളുടേതില്‍ നിന്നും താഴേക്കിടയിലാണെന്നാണ്‌. പക്ഷെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ അതു സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല.
നിഷ്പക്ഷമായി കാര്യങ്ങള്‍ കാണുന്ന ഏതൊരാള്‍ക്കും മനസിലാവുന്ന ഒരു കാര്യമുണ്ട്. കേരളിയര്‍ക്ക് , ഹിന്ദുവായാലും മുസ്ലിമായലും ക്രിസ്ത്യാനിയായാലും ,ജീവിതദര്‍ശനവും ധാര്‍മികബോധവും സംസ്കാരവും എല്ലം ഒരു പോലെയാണെന്ന്‌. കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജീവിക്കുന്ന ആളുകള്‍ ഒരേ പോലെ ഭക്ഷണം കഴിക്കുന്നു, ഒരേ വസ്ത്രം ധരിക്കുന്നു. ഒരേ സാംസ്കാരിക മൂല്ല്യങ്ങളിലും സാമൂഹ്യാവബോധത്തിലും വളരുന്നു. മലപ്പുറം ജില്ലയിലെ ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇതിനപവാദമായി കാണാം . ബാക്കി സ്ഥലങ്ങളില്‍ ഉള്ള മലയാളികളുടെ ജീവിതദര്‍ശനവും ധാര്‍മികബോധവും സംസ്കാരവും എല്ലാം ഒന്നു തന്നെ. വിദ്യാഭ്യാസ കച്ചവട സ്വാതന്ത്ര്യം പിടിച്ചു വാങ്ങാനുള്ള വ്യഗ്രതയില്‍ പവ്വത്തിലിനേപ്പോലുള്ള മത തീവ്രവാദികള്‍ ഈ വക കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും ന്യൂനപക്ഷത്തിന്റേത് മുന്തിയതാണെന്നും പറഞ്ഞാല്‍ , ഭാവിയില്‍ അതു ന്യൂനപക്ഷത്തെ തന്നെയാണ്‌ ബാധിക്കുക.
ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന്‌ പൊതുവിദ്യാഭ്യാസത്തോടൂകൂടിത്തന്നെ ധാര്‍മികതയുടെ സംസ്കാരവും നല്‍കേണ്ടതുണ്ട്‌,എന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ധാര്‍മ്മികതയുടെ സംസ്കാരം നല്കാന്‍ യധേഷ്ടം മത പാഠ ശാലകള്‍ നടത്താന്‍ യാതൊരു പ്രതിബന്ധവും കേരളത്തിലോ ഇന്ഡ്യയിലെവിടെയെങ്കിലുമോ ഇല്ല. പക്ഷെ അതിനു മെഡിക്കല്‍ കോളേജുതന്നെ വേണമെന്നു ശഠിക്കുന്നിടത്താണ്‌ യുക്തി ഭംഗം.

പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എന്തു മത വിദ്യാഭ്യാസവും കത്തോലിക്കാ ധര്‍മ്മസം ഹിതയും പഠിപ്പിക്കുന്നുണ്ട്, എന്ന് പവ്വത്തിലിനൊന്നു വ്യക്തമാക്കാമോ? ഞങ്ങളൊക്കെ അറിഞ്ഞിടത്തോളം അവിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കുന്ന അതേ വിഷയങ്ങള്‍ തന്നെയാണ്‌ പഠിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജിലൊരു ചാപ്പലുണ്ടെന്നു കരുതി അവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും അവിടെ വന്നു ദിവസവും കുര്‍ബാന കാണുമെന്നു വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല മലയാളികള്‍. എല്ലാവരും പോയിട്ട് , കത്തോലിക്കാ കുട്ടികള്‍ എങ്കിലും ദിവസവും വന്നു കുര്‍ബാന കാണുകയും മറ്റു മത വിദ്യാഭ്യാസ പരിപാടികളിലും സംബന്ധിക്കുമെന്നും ആരും വിശ്വസിക്കില്ല.
പൊതുവിദ്യാഭ്യാസത്തോടൂകൂടിത്തന്നെ ധാര്‍മികതയുടെ സംസ്കാരവും നല്‍കേണ്ടതുള്ളതു കൊണ്ടല്ല പ്രൊഫഷനല്‍ കോളേജുകള്‍ വേണമെന്നു വാദിക്കുനതും അതിനു വേണ്ടി സുപ്രീം കോടതി വരെ കേസുനടത്തുന്നതും . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ കിട്ടാത്ത ഒരു ധാര്‍മ്മികതയും പഠിപ്പിക്കുന്നില്ല എന്നതും സത്യമാണ്‌.മറ്റുള്ളവര്‍ക്കില്ലാത്ത അവകാശമുള്ളതുകൊണ്ടു മാത്രമാണ്‌ പുഷ്പഗിരി ആശുപത്രിക്ക്, ന്യൂനപക്ഷ സ്ഥാപനമെന്ന ലേബല്‍ കിട്ടിയതും , തൊട്ടടുത്ത് പെരുന്നയിലെ എന്‍ എസ് എസ് ആശുപത്രിക്കു ആ ലേബല്‍ കിട്ടാത്തതും . അതു കാരണം പുഷ്പഗിരിയില്‍ നടക്കുന്ന എല്ലാ കര്യങ്ങളും ന്യൂനപക്ഷാവകാശത്തിന്റെ പരിധിയില്‍ വരുത്താനാകും . അപ്പോള്‍ കോടതിയുടെ സംരക്ഷണം തരപ്പെടുത്താം . അതു കൊണ്ടാണ്‌ വര്‍ഷങ്ങളായി ന്യൂനപക്ഷ പദവിയില്ലാതിരുന്ന പല സ്ഥാപനങ്ങള്‍ക്കും , സ്വാശ്രയ കേസിന്റെ വിധിക്കു തൊട്ടു മുന്പ്, ധ്ര്^തി പിടിച്ച് വളഞ്ഞ വഴിയിലൂടെ ന്യൂനപക്ഷ പദവി സമ്പാദിച്ചതും . ഇതൊക്കെ ധാര്‍മികത സംരക്ഷിക്കാനാണെന്നു പറഞ്ഞാല്‍ മന്ദബുദ്ധികള്‍ വിശ്വസിച്ചേക്കും .

അപ്പോള്‍ ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്തോ അന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഒന്നുമില്ല. അതു വരുത്തി തീര്‍ക്കേണ്ട ആവശ്യമില്ല. അപ്രിയമായ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കാന്‍ ആരും ഒരു പ്രചാരണവും നടത്തിയിട്ടില്ല. അപ്രിയമായ യാഥാര്‍ഥ്യങ്ങള്‍ അറിയാതെ പോകുന്നത് കത്തോലിക്കാ മത നേത്ര്^ത്ഥ്വമാണ്‌. അറിയതെ പോകുന്നതല്ല. അറിയാത്ത ഭാവം അഭിനയിക്കുന്നതാണ്‌.

അന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്നാരും പറഞ്ഞില്ല. ന്യയാന്യായത തീരുമാനികേണ്ടത് കോടതികളാണ്‌. ഇപ്പോള്‍ കോടതികള്‍ അനുവദിച്ചു തന്നിട്ടുള്ള ചില അവകാശങ്ങള്‍ ഭൂരിപക്ഷത്തിനില്ലാത്തതാണെന്നേ പറഞ്ഞുള്ളൂ. അതു ശരിയാണു താനും .
പക്ഷെ ന്യൂനപക്ഷത്തിനു പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍, അങ്ങനെയുള്ള അവകാശങ്ങള്‍ വേണമോ എന്നുള്ളതാണ്‌ അപ്രിയമായ യാധാര്‍ത്ഥ്യം . ന്യൂനപക്ഷങ്ങളുടെ ഭാക്ഷയോ, മതമോ, ധാര്‍മ്മികതയോ, ദര്‍ശനങ്ങളോ, സംസ്കാരമോ സംരക്ഷിക്കാനായി; സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. കത്തോലിക്കാ സഭയുള്‍പ്പടെ എല്ലാ മത വിഭാഗങ്ങളും മറ്റു ന്യൂനപക്ഷങ്ങളും ഇന്ഡ്യയിലെമ്പാടും അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. സഭയുടെ അസംഘ്യം സെമിനാരികളും , മഠങ്ങളും വേദപാഠക്ളാസുകളും അതിനുദാഹരണങ്ങളാണ്‌. അതിലൊന്നും ഒരു കോടതിയും സര്‍ക്കാരും ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല.


പ്രശ്നം നിസാരമാണ്‌. മെഡിക്കല്‍ കോളേജും , എഞിനീയറിങ് കോളേജും , നേഴ്സിങ് സ്കൂളും നടത്തുന്നത്, കത്തോലിക്കാ സഭയുടെ ജീവിതദര്‍ശനവും ധാര്‍മികബോധവും സംസ്കാരവും സംരക്ഷിക്കാനാണ്‌, എന്നു പറയുന്നിടത്താണ്‌ പ്രശ്നം . കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അരങ്ങേറുന നടകങ്ങള്‍, അതിന്റെ ഫലമായിട്ടാണ്‌ . ഇത് കത്തോലിക്കാ സഭാ നേത്ര്^ത്വത്തെ ലജ്ജിപ്പിക്കില്ലെങ്കിലും , ഭൂരിപക്ഷം കേരളിയരെ ലജ്ജിപ്പിക്കുന്നുണ്ട്. അതിന്റെ തെളിവാണ്‌ ഈ വേദിയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ . കത്തോലിക്കരായ എത്രയോ പേര്‍ സഭയുടെ നിലപാടിനെ എതിര്‍ത്ത് എഴുതുന്നു. കേരളം മുഴുവനും പറഞ്ഞു കേള്‍ക്കുന്നു. ജോസഫ് പുലിക്കുന്നേല്‍ അങ്ങനെയുള്ള ഒരാളാണ്‌. ഇത്രകാലവും അദ്ദേഹത്തേപ്പോലുള്ള ചുരുക്കം ചില ആളുകളെ സത്യം വിളിച്ചു പറയാനുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ കൂടുതല്‍ ആളുകള്‍ പരസ്യമായി രം ഗത്തു വരുന്നു.


പക്ഷേ കത്തോലിക്കാ മത നേത്ര്^ത്വം ഒന്നും മനസിലാക്കുന്നില്ല. പാഠങ്ങളൊന്നും പഠിക്കില്ല എന്നു വാശിയുള്ളവരെ പറഞ്ഞു മനസിലാക്കിക്കാന്‍ ബുദ്ധിമുട്ടാണ്‌.

Friday, 18 July 2008

കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ് വിരോധം

കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ് വിരോധം

കത്തോലിക്കാ സഭയുടെ കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ശത്രു കമ്യൂണിസമാണ്‌. അതിനു തെളിവാണ്‌ ഒരു ബ്ളോഗിലൂടെ പുരോഹിതരും ബിഷപ്പുമാരും ചീറ്റുന്ന വിഷം . അവിടെ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്‌ ഈ ബ്ളോഗില്‍ അവതരിപ്പിക്കുന്നത്.