Sunday, 27 November 2011

പ്രശ്നം കോടതിയിലാണ്.

വിഷയം മുല്ലപ്പെരിയാര്‍ തന്നെ.  ഡെമോക്ളീസിന്റെ വാള്‍ പോലെ ഇത് മലയാളിയുടെ  തലക്കു മുകളില്‍ തൂങ്ങിക്കിടന്ന് നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അടുത്തകാലത്ത്  ഇടുക്കി മേഘലയില്‍ അടിക്കടി  ഉണ്ടാകുന്ന  ഭൂചലങ്ങള്‍  മദ്ധ്യ കേരളത്തിലെ ജനങ്ങളുടെ  ഉറക്കം കെടുത്തുന്നു. ശ്രീ കെ പി സുകുമാരന്‍ ,  മുല്ലപെരിയാര്‍ പരിഹാരം എന്ത് ?, എന്ന  പേരില്‍ എഴുതിയ ഒരു ലേഖനത്തില്‍ മാദ്ധ്യമങ്ങള്‍ മലയാളികളെ പേടിപ്പിക്കുന്നു എന്നാണാരോപിക്കുന്നത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണ്, എന്ന ധ്വനിയില്‍  അദ്ദേഹം തമിഴ് നാട്ടിലെ മറ്റൊരു അണക്കെട്ടിന്റെ കഥ പറയുന്നുണ്ട്. 


"ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആ‍യുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്.  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു.  എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്."


ശ്രീ സുകുമാരന്‍ പരാമര്‍ശിക്കുന്ന തടയണയുടെ ചിത്രമാണു താഴെ.

File:Great Anaicut Thanjavur 08.jpgKallanai


Kallanai

Kallanai

    5.5മീറ്റര്‍ മാത്രം ഉയരമുള്ള,  ഒരു വലിയ പാലത്തിന്റെ അത്ര മാത്രം വലുപ്പമുള്ള ഈ തടയണയാണ്, 150 അടിക്കു മുകളില്‍ ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി താരതമ്യം ചെയ്യുന്നത്.


ശ്രീ സുകുമാരന്‍ അറിഞ്ഞോ അറിയാതെയോ കൂടം കുളം വിഷയവും ഇവിടെ പരാമര്‍ശിക്കുന്നു. കൂടം കുളവും മുല്ലപ്പെരിയാറും തമിഴന്റെ ഇരട്ടത്താപ്പിനുദാഹരണമാണ്.  ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ച് പണിയുന്ന  ഈ വൈദ്യുതനിലയം സുരക്ഷിതമല്ല എന്നും പറഞ്ഞാണ്, തമിഴന്‍മാര്‍ സമരം ചെയ്യുന്നത്. നിര്‍മ്മിച്ച കാലത്തെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു മുല്ലപ്പെരിയാര്‍. അതും 130 വര്‍ഷം മുമ്പ്  ഉണ്ടായിരുന്ന സങ്കേതിക വിദ്യ ഉപയോഗിച്ചും. ഈ അണക്കെട്ടു പണുതവര്‍ അതിനു നല്‍കിയിരുന്ന ആയുസ് 50 വര്‍ഷമായിരുന്നു. അത് ഇനിയും ബലപ്പെടുത്തി സംരക്ഷിക്കണമെന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടാണ്.  അതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്നു പറയുന്നത് പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.

തമിഴന്‍മാര്‍ കേരളത്തിന്‌ അരിയും പച്ചക്കറികളും തരുന്നതുകൊണ്ട്, തമിഴന്‍മാരോട് നമുക്ക് കടപ്പാടുണ്ട് എന്നൊക്കെ വാദിക്കുന്നത് അസംബന്ധമാണ്. ഇതിനൊക്കെ നമ്മള്‍ മാര്‍ക്കറ്റ് വില നല്‍കിയാണ്, വാങ്ങുന്നത്. വെള്ളം തുച്ഛമായ വിലക്ക് തരുന്നവരല്ലേ, അതുകൊണ്ട് പച്ചക്കറികള്‍ സഹായവിലക്ക് നല്‍കിയേക്കാം എന്നൊന്നും ഒരു തമിഴനും വിചാരിക്കുന്നില്ല.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ഇങ്ങനെ.


>>>>>അണക്കെട്ട് കെട്ടാനുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുക. അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാറിലെ തുക ഇന്നത്തെ നിലയ്ക്ക് വേണമെങ്കില്‍ വീണ്ടും പുതുക്കുക. അങ്ങനെ പുതുക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് തമിഴ്നാടാണ് വഹിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കണം. കേരളത്തിന് വരവേയുള്ളൂ ചെലവില്ല. (നമ്മുടെ സ്ഥലമല്ലേ, വെള്ളമല്ലേ എന്നൊന്നും പറയരുത്. ആ വെള്ളം വറ്റിച്ച് സ്ഥലം കേരളത്തിലുള്ളവര്‍ വീതം വയ്ക്കാനൊന്നും പോകുന്നില്ലല്ലൊ)<<<<<

എത്ര ലളിതമായി ഈ വിഷയം പണത്തില്‍ കൊണ്ടു കെട്ടിയിരിക്കുന്നു. ഇത്ര നിസാരമാണോ ഈ പ്രശ്നം?

പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി  സ്ഥലം കണ്ടെത്തിയിരുന്നു. അതിനു ശേഷം അവര്‍ അതില്‍ നിന്നു പിന്നാക്കം പോയി. ഇപ്പോള്‍ പുതിയ അണ എന്ന ആശയത്തെ ഇതു വരെ തമിഴ് നാട് എതിര്‍ക്കുന്നു. അത് മൂന്നാം കിട രാഷ്ട്രീയമാണ്. തമിഴ് നാടിന്റെ മൂന്നാം കിട രാഷ്ട്രീയം. അതുകൊണ്ട് ഇത് മുഖ വിലക്കെടുക്കാന്‍ പ്രയാസമുണ്ട്. ഇതാണു തമിഴ് നാടിന്റെ ആവശ്യമെന്ന് ഇവര്‍ ഇതു വരെ പറഞ്ഞിട്ടില്ല. അനേകം വട്ടം ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും ഈ വിഷയം ഉയര്‍ന്ന് വന്നിട്ടില്ല.

കുറഞ്ഞ വിലക്ക് വെള്ളം ലഭിക്കുക എന്നതാണ്, അവരുടെ ലക്ഷ്യമെങ്കില്‍ അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ആത്മാഭിമാനമുള്ള ആര്‍ക്കും അതനുവദിക്കാന്‍ ആകില്ല. നിസാര വിലക്ക് അവര്‍ നമുക്ക് അരിയും പച്ചക്കറികളും നല്‍കുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കാം എന്നു മാത്രം.

സാമ്പത്തിക വിഗഗ്ദ്ധനായ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  അടുത്ത കാലത്ത് പറഞ്ഞത്, "വില, കമ്പോളം നിശ്ചയിക്കും" എന്നാണ്. അടിക്കടി ഇന്ധന വില കൂടിയപ്പോളാണത് പറഞ്ഞത്. തമിഴ് നാടു തരുന്ന പച്ചക്കറിയുടെയും അരിയുടെയും വില നിശ്ചയിക്കുന്നത് നമ്മളല്ല. കമ്പോളമാണ്. അതേ മാന്ദണ്ഡപ്രകാരം വെള്ളത്തിന്റെ വിലയും കമ്പോളം നിശ്ചയിക്കണം.

ഇതിലെ പ്രശ്നം വെറും രാഷ്ട്രീയമാണ്. ആരു ഭരിച്ചാലും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കി, തമിഴ് രാഷ്ട്രീയക്കാര്‍, ഡി എം കെ ആയാലും എ ഡി എം കെ  ആയാലും  തമിഴ് വികാരം ഉണര്‍ത്തി, തമിഴരെ ഇളകി വിടുന്നു. സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടി എടുക്കുന്നു. മലയാളികള്‍ അത് വെറുതെ നോക്കി നില്‍ക്കുന്നു.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തമിഴ് നാട് കേരളത്തില്‍ അണ നിര്‍മ്മിക്കേണ്ട അവശ്യമില്ല. കേരളത്തിന്റെ മണ്ണില്‍ അണ കേരളമാണു നിര്‍മ്മിക്കേണ്ടത്.  വെള്ളം തമിഴ് നാടിനു കൊടുക്കാം. അണയുടെ നിയന്ത്രണം കേരളത്തിനായിരിക്കണം.

കോടതി തീരുമാനിച്ചാലും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും, 999 വര്‍ഷത്തേക്കുള്ള പാട്ടം എന്ന അസംബന്ധം അവസാനിപ്പിക്കണം. ലോകത്തൊരിടത്തും ഇല്ലാത്ത ഒരു വിചിത്ര വ്യവസ്ഥയാണത്. തമിഴ് നാട് ആ വ്യവസ്ഥയില്‍ കടിച്ചു തൂങ്ങിയാണ്, സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നത്. അത് ബ്രിട്ടീഷ് കാര്‍  ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഭീക്ഷണി പ്രയോഗിച്ച് ഉണ്ടാക്കിയ കരാറാണ്. അത് സ്വതന്ത്ര ഇന്‍ഡ്യക്ക് ബാധകമല്ല എന്ന് കോടതിയോ സര്‍ക്കാരോ വ്യക്തമാക്കണം. അത് അസാധുവാക്കിയില്ലെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല. എന്നിട്ട് ഒരു ക്ളീന്‍ സ്ലേറ്റില്‍ നിന്നും ആരംഭിക്കണം. പുതിയ അണ നിര്‍മ്മിക്കണം. പുതിയ കരാറുണ്ടാക്കണം.തമിഴ് നാടിന്‌ ആവശ്യമുണ്ടെങ്കില്‍ പുതിയ കരാര്‍ വ്യവസ്ഥ അനുസരിച്ച് വെള്ളം കൊണ്ടുപോകാം. മറ്റ് അണകളില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന പോലെ.
വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ അന്തര്‍ സംസ്ഥാന വിഷയത്തില്‍ എന്നും വളരെ സമര്‍ദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകി  മാറിന്നു. ഇപ്പോഴുമത് ചെയ്യുന്നു. പീലാത്തോസുമാരുടെ നീണ്ട നിരയില്‍ അവസാനത്തെ  മാന്യ ദേഹമാണ്, കേന്ദ്ര മന്ത്രി സാല്‍മന്‍ ഖുര്‍ഷിദ്. അദ്ദേഹവും മൊഴിഞ്ഞു, "പ്രശ്നം കോടതിയുടെ പരിഗണനയില്‍  ആയതുകൊണ്ട്, ഇടപെടില്ല."

ഈ നപുംസകങ്ങള്‍ക്ക് ആര്‍ക്കും കേരളത്തോട് താല്‍പ്പര്യമുണ്ടാകില്ല. അവരെ വിട്ടു കളയാം. പക്ഷെ കേരളത്തില്‍ നിന്നുള്ള  മന്ത്രിമാരായ എ കെ ആന്റണി, വയലര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സി വേണു ഗോപാല്‍, കെ വി തോമസ് എന്നിവര്‍ക്കോ? ഇപ്പോഴാണിവര്‍ക്ക് കേരളത്തോടുള്ള പ്രതിപത്തി അറിയേണ്ടത്. അറിയാന്‍ ഒന്നുമില്ല. ഇവര്‍ക്ക് കേരളത്തോടുള്ളതിനേക്കാള്‍ താല്‍പര്യം കസേരകളോടാണ്. ഇവര്‍ പറയട്ടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോ എന്ന്. എന്നിട്ട് നമുക്ക് ഇവരെ കൈകാര്യം ചെയ്യാം. കൂടെ  മറ്റ് എം പി മാരെയും. അല്ലാതെ തമിഴനു നേരെ ആക്രോശിച്ചതുകൊണ്ടോ പ്രചരണം നടത്തിയതുകൊണ്ടോ യാതൊരു ഗുണവുമില്ല.


പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരമാണു വേണ്ടത്. സമചിത്തതയോടെയും  വിവേകത്തോടെയും  ഇതിനെ സമീപിക്കുകയും വേണം. കേരളം ആ വഴി തന്നെയാണു പിന്തുടരുന്നതും.

അതിനു വേണ്ടത് രണ്ടു കാര്യങ്ങളാണ്.

1. ഈ അണ കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.

2. അധിനിവേശം നടത്തിയിരുന്ന ഒരു വിദേശ ശക്തി ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ സംസ്ഥാനമായ കേരളത്തിനു ബാധകമല്ല എന്ന യാഥാര്‍ത്ഥ്യം ​ അംഗീകരിക്കുക.


ഇത് രണ്ടും ബന്ധപ്പെട്ടവര്‍, കോടതിയും കേന്ദ്ര സര്‍ക്കാരും, അംഗീകരിച്ചാല്‍ തമിഴ് നാടിനംഗീകരിക്കേണ്ടി വരും. അതിനവരെ പറഞ്ഞു മനസിലാക്കിക്കണം. ഇപ്പോള്‍ കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണ്. എളുപ്പം നേടി എടുക്കാവുന്ന അര്‍ഹതപ്പെട്ട തീരുമാനങ്ങളാണിവ.


Wednesday, 16 November 2011

ചങ്ങലക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ 


മനുഷ്യനു ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം. ചങ്ങലക്ക് ഭ്രാന്തു പിടിച്ചാലോ?

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് സി പി എം നേതാവ് എം വി ജയരാജന്‍ ഒരു ജഡ്ജിയെ ശുംഭനെന്നു വിളിച്ചതിനു കിട്ടിയ ശിക്ഷയായിരുന്നു.

ആ ശിക്ഷാവിധിയില്‍ ജഡ്ജിമാര്‍ നടത്തിയ ഒരഭിപ്രായപ്രകടനം ആരെയും അത്ഭുതപ്പെടുത്തും. വി ആര്‍ കൃഷ്ണയ്യരും പി ശിവശങ്കറും കോടതികളെ വിമര്‍ശിച്ചിട്ടുണ്ട് എന്ന് ജയരാജന്റെ അഭിഭാഷകന്‍ പറഞ്ഞതിനേക്കുറിച്ചായിരുന്നു ആ അഭിപ്രായ പ്രകടനം. ഇതാണത്.

"It was recognising the knowledge of these eminent personalities regarding the working of the institution of justice, that their statements were held not to amount to contempt of court. But the respondent here in is only a worm, who does not come anywhere near those legal luminaries, so as to start a campaign highlighting the pitfalls of the judiciary and to correct them".


ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ രണ്ടാണ്.

1. ജഡ്ജിമാര്‍ക്ക് ഒരിന്‍ഡ്യന്‍ പൌരനെ  കീടം (worm) എന്ന്  വിളിക്കാമോ?
2. നിയമത്തിന്റെ മുന്നില്‍ ജയരാജന്‍ കൃഷ്ണയ്യരേയും ശിവശങ്കറേക്കാളും താഴ്ന്ന പൌരനാണോ?


ജഡ്ജിതമ്പ്രാന്‍മാര്‍ പറഞ്ഞത് ജയരാജന്‍ പുഴുവിനേക്കാള്‍ നിസാരന്‍ ആണെന്നാണ്. അപ്പോള്‍ കോടതിയെ വിമര്‍ശിച്ചതൊന്നുമല്ല ഈ അഭിനവ തമ്പുരാന്‍ മാരെ പ്രകോപിപ്പിച്ചത്. പുഴുവിനേക്കാള്‍ നിസാരന്‍ ആയ ജയരാജന്‍ വിമര്‍ശിച്ചതാണ്. കോടതിയില്‍ രണ്ടു തരം നീതി ഉണ്ടെന്നു തെളിയുന്നു. മുന്‍ ജഡ്ജിമാരായ കൃഷ്ണയ്യര്‍ക്കും ശിവശങ്കറിനും ഏത് കോടതിയേയും വിമര്‍ശിക്കാം. ഒരു പ്രശ്നവുമില്ല. പഴയ രാജാക്കന്‍മാരെ പുതിയ രാജാക്കന്‍മാര്‍  ബഹുമാനിക്കുമ്പോലെ ഈ തമ്പ്രാക്കളും ബഹുമാനിക്കും.

ജഡ്ജിമാര്‍ കോഴ വാങ്ങുന്നു എന്നും താന്‍ അതിനു സാക്ഷിയാണെന്നും  സുധാകരന്‍ എന്ന എം പി പരസ്യമായി പറഞ്ഞിട്ടും ഈ തമ്പ്രാക്കള്‍ക്കത് കോടതി അലക്ഷ്യമായി ഇതു വരെ തോന്നിയിട്ടില്ല.

ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ മാതൃകയാക്കുന്ന,  ബ്രിട്ടനിലെ ജഡ്ജിമാരൊന്നും  വ്യക്തിപരമായ വിമര്‍ശനങ്ങളെ കാര്യമായി എടുക്കാറില്ല. വ്യക്തിപരമായ അവഹേളനങ്ങളെ പല ജഡ്ജിമാരും ചിരിച്ചു തള്ളിക്കളയുന്നു.

ജയരാജന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പരമോന്നത കോടതി ജയരാജനു ജാമ്യം നല്‍കി വിട്ടയച്ചു. കേസിന്റെ  തുടര്‍ പരിഗണന,  8 മാസങ്ങള്‍ക്ക് ശേഷം നടത്താമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അതീവ ഗുരുതരമായ ചില നിരീക്ഷണങ്ങള്‍ പരമോന്നത നീതി പീഠം നടത്തി. അവയില്‍ ചിലത് താഴെ.


"ഹൈക്കോടതി ഉപയോഗിച്ച മോശമായ പരാമര്‍ശങ്ങളും അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കാതിരുന്നതും അസാധാരണവും ഖേദകരവുമാണ്. 


ജയരാജന്റെ അതേ നാണയത്തില്‍ ഹൈക്കോടതിയും തിരിച്ചടിച്ചത്  ഞെട്ടലുണ്ടാക്കുന്നു. 


ജഡ്ജിയുടെ വ്യക്തിപരമായ താല്‍പര്യങ്ങളും വികാരങ്ങളും ബാഹ്യസ്വാധീനങ്ങളും വിധിയില്‍ പ്രതിഫലിക്കരുത്.


ജുഡീഷ്യല്‍ പ്രക്രിയയില്‍, അപ്പീല്‍ നല്‍കാനുള്ള നിയമപരമായ അവകാശം നിഷേധിക്കാന്‍ പാടില്ല. എങ്ങനെയാണു ജാമ്യം നിഷേധിക്കുക? എങ്ങനെയാണ് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കാതിരിക്കുക? വിധിന്യായത്തിന്റെ ഭാഷയില്‍ കോടതി മിതത്വം പാലിക്കണമായിരുന്നു. ഹൈക്കോടതിയുടെ നടപടികള്‍ ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്കു വിധേയമാണ്".   


ഈ കേസില്‍ കേരള ഹൈക്കോടതി വൈര നിര്യാതന ബുദ്ധിയോടെ പെരുമാറി എന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ആ ആശങ്ക ശരിവയ്ക്കുന്നതാണ്, ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍.


ഇത് ഹൈക്കോടതി ചോദിച്ചുവാങ്ങിയ അടിയാണ്. സ്വാഭാവികനീതിയുടെയും  നിയമത്തിന്റെ പരിരക്ഷയുടെയും  നിഷേധമാണു ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പക്ഷെ പരമോന്നത നീതി പീഠത്തിനതിന്റെ നേരെ കണ്ണടക്കാന്‍ ആയില്ല.

ഹൈക്കോടതി വളരെ വ്യക്തമായി  പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ഒരു വ്യക്തിയെ ഒരു കോടതിക്കും   പുഴുവോ കീടമോ ആയി കാണാനാവില്ലെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. ഒരു  ശത്രുവിനോടെന്നപോലെയാണ് ഹൈക്കോടതി ജയരാജനോട് പെരുമാറിയത്. ഉന്നത സ്ഥാനം വഹിക്കുന്ന ജഡ്ജിയില്‍ നിന്നുണ്ടാകാന്‍ പടില്ലാത്ത പദപ്രയോഗങ്ങളും പെരുമാറ്റവും ഹൈക്കോടതിയില്‍നിന്നുണ്ടായി. നിയമം അനുവദിക്കുന്ന അപ്പീലിനുള്ള അവസരം ജയരാജനു  നിഷേധിക്കപ്പെട്ടു.

കോടതിയുടെ സുഗമമായ പ്രവര്‍ത്തനം നടക്കുന്നതിന് ആവശ്യമായ അത്രയും പരിരക്ഷമാത്രമേ ബ്രിട്ടനിലും അമേരിക്കയിലും കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയില്‍ ഉള്ളു. അവിടെ ജഡ്ജിയെ അവഹേളിക്കുന്നതൊന്നും കോടതിയലക്ഷ്യമായി വിലയിരുത്തപ്പെടുന്നില്ല.


അനാവശ്യമായ വാശിയും തിടുക്കവും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഏതുവിധേനയും ജയരാജനെ ജയിലിലേക്കയക്കണമെന്ന വാശി കോടതിക്കുണ്ടായിരുന്നു. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ വെറും തടവാണെന്നിരിക്കെ, കഠിന തടവു നല്‍കിയത്, അതിന്റെ തെളിവാണ്. ഹൈക്കോടതിയുടെ വൈരനിര്യാതനത്തിന്റെ മറ്റൊരു തെളിവാണ്,  സുപ്രീം കോടതിയില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചത്. സുപ്രീം കോടതിയേക്കൊണ്ട് ഹൈക്കോടതി വിധി നടപ്പാക്കിക്കിട്ടുക എന്ന ഹീന ലക്ഷ്യമായിരുന്നു ഈ പരിഹാസ്യമായ പ്രവര്‍ത്തിയുടെ പിന്നില്‍. സുപ്രീം കോടതിയുടെ മുന്നിലെത്തിയ വിധിയെ ന്യായീകരിക്കാന്‍ വേണ്ടി ഒരഭിഭാഷകനെതന്നെ ഹൈക്കോടതി ഏര്‍പ്പാടാക്കി. ഹൈക്കോടതി സുപ്രീം കോടതിയില്‍ കേസു നടത്തുന്ന തലത്തിലേക്ക് വരെ ഈ വ്യക്തി വിരോധം ചെന്നെത്തി.  ജയരാജനു യാതൊരു തരത്തിലും ജാമ്യം  ലഭിക്കരുതെന്ന ഗൂഡ ലക്ഷ്യം ഈ നടപടിയില്‍ ഉണ്ടായിരുന്നു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സര്‍ക്കാരിന്റെ കേസുകള്‍ നടത്താന്‍ സുപ്രീം കോടതിയിലെ അഭിഭാഷകരെ വരുത്തിയതിനെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആരാണവര്‍ക്ക് പണം നല്‍കിയതെന്നു ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ ഇതേ  ഹൈക്കോടതി തന്നെ നിയമവിരുദ്ധമായി നടത്തിയ ഒരു വിധി നടപ്പാക്കി കിട്ടാന്‍ വേണ്ടി സുപ്രീം കോടതിയില്‍  ഒരഭിഭാഷകനെ  ഫീസു നല്‍കി അയച്ചിരിക്കുന്നു. ഈ ഫീസ് ആരു നല്‍കും? ജഡ്ജിമാര്‍ ജുഡീഷ്യറിയെ വ്യഭിചരിച്ചതിനു സാധൂകരണം  ഉണ്ടാക്കാന്‍ മുടക്കിയ  പണം നികുതി ദായകര്‍ നല്‍കണോ? ഇത് ഈ ഞെട്ടലുളവാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്ത ജഡ്ജിമാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ എന്തങ്കിലും  വകുപ്പുണ്ടോ എന്തോ!
ചങ്ങലക്ക് ഭ്രാന്തു പിടിക്കുന്ന അവസ്ഥയാണിപ്പോള്‍ കേരള ഹൈക്കോടതിയില്‍ നടക്കുന്നത്. പല കേസുകളിലും ജഡ്ജിമാര്‍ കോഴ വാങ്ങി വിധിക്കുന്നു എന്നാരോപണമുണ്ടാകുന്നു. ഒരു ജനപ്രതിനിധി തന്നെ അതാരോപിച്ചു. കേരളം ഭരിക്കുന്ന ഒരു മന്ത്രി അത് ചെയ്തു എന്ന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹചാരിയായിരുന്ന ബന്ധു  പരസ്യമായി പറയുന്നു. അതിനുള്ള തെളിവുകള്‍ നിരത്തുന്നു.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ പരമോന്നത നീതി പീഠം കുറച്ചുകൂടി നീതി ബോധം കാണിക്കുന്നുണ്ട്. നിലപാടുകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ അവസാന അത്താണിക്ക് കൂടി ഭ്രാന്തുപിടിക്കാതിരിക്കട്ടെ എന്ന് ആശിക്കാം.

Tuesday, 8 November 2011

ശുംഭനും കാമ ഭ്രാന്തനും 
തലമുതിര്‍ന്ന സി പി എം നേതാവ്,എം വി ജയരാജനെ  ജഡ്ജി ഏമാന്‍മാരെ ശുംഭന്‍ എന്ന പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ചു എന്നതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച് ജയിലിലേക്കയച്ചു. ശുംഭന്‍ എന്ന പദപ്രയോഗത്തോട് യോജിക്കുന്നില്ല എങ്കിലും,  അപ്പീലിനു പോലും സാവകാശം നല്‍കാത്ത തരത്തിലുള്ള ഗുരുതരമായ കുറ്റമാണോ ജയരാജന്‍ ചെയ്തത്?

ശിക്ഷിക്കപ്പെട്ടത് സി പി എം നേതാവായതുകൊണ്ട്, അറിയപ്പെടുന്ന സി പി എം വിരോധിയായ വള്ളിക്കുന്നും സംഘവുമതാഘോഷിക്കുന്നു.


വള്ളിക്കുന്ന് എഴുതുന്നു.

>>>>ശുംഭന്‍ എന്ന് വിളിച്ചത് തെറ്റായിപ്പോയി, ഖേദിക്കുന്നു  എന്ന ഒരൊറ്റ വാചകം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് പൂജപ്പുരയില്‍ ഉണ്ട തിന്നേണ്ട അവസ്ഥയിലേക്ക് ജയരാജനെ എത്തിച്ചത്<<<<. 

ഇത് വാസ്തവവിരുദ്ധമായ പ്രസ്താവനയാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ പറഞ്ഞത് ഇതായിരുന്നു.

>>>>>എന്നാല്‍ തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞു പ്രതി യഥാസമയം ഖേദപ്രകടനം നടത്തിയിരുന്നെങ്കില്‍ പോലും ഒഴിവാക്കാന്‍ കഴിയുന്ന കേസാണിതെന്നു കരുതുന്നില്ല.<<<<< 

അപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും  ഈ മഹാന്‍മാര്‍ ജയരാജനെ ശിക്ഷിക്കുമായിരുന്നു. എന്നു വച്ചാല്‍ പ്രകടമായ വൈര നിര്യാതനം ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു എന്നാണ്.

ഇതിനു മുന്നേ പാലൊളി മുഹമ്മദുകുട്ടിയുടെ കോടതിയലക്ഷ്യക്കേസിലും സംഭവിച്ചത് ഇതേ വൈര നിര്യാതനമായിരുന്നു. അദ്ദേഹം കോടതിയോട് മാപ്പപേക്ഷിച്ചപ്പോള്‍ അതു പോര,  പൊതു ജനങ്ങളോട് മാപ്പപേക്ഷിക്കണം എന്ന് ഈ മഹാന്‍മാര്‍ നിര്‍ബന്ധം പിടിച്ചു. കേസ് സുപ്രീം കോടതിയില്‍ ചെന്നപ്പോള്‍ അതുപോലെ ഒരു പൊറാട്ടു നാടകം ആടേണ്ട എന്നാണ്‌ ഇവരേക്കാള്‍ വിവരമുള്ള അവിടത്തെ ജഡ്ജിമാര്‍ വിധിച്ചത്. 

ജയരാജനെ ശിക്ഷിച്ചത് ബാലന്‍ പിള്ളയുടേതു പോലെ, ഖജനാവ് കൊള്ളയടിച്ച കേസിലോ, കുഞ്ഞാലിക്കുട്ടിയുടേതു പോലെ, പെണ്‍വാണിഭക്കേസിലോ അല്ല. പാതയോരത്ത് പൊതുയോഗം കൂടുന്നതു നിരോധിച്ച കോടതി വിധിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്. ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍  പാതയോരത്തു പൊതുയോഗം കൂടുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റമൊന്നുമല്ല. മനുഷ്യാവകാശങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയിലെ  സാമ്പത്തിക സിരാകേന്ദ്രമായ Wall Street ആണ്, അവിടത്തെ പ്രഷോഭകര്‍ ഇപ്പോള്‍ കയ്യേറി ഇരിക്കുന്നത്. Occupy Wall Street എന്ന മുദ്രാവാക്യം മുഴക്കിയാണവര്‍ കയ്യേറ്റം തുടരുന്നതും. അമേരിക്കയില്‍ മാത്രമല്ല, പടിഞ്ഞാറന്‍ നാടുകളില്‍ മിക്കതിലും ഇതുപോലെയുള്ള കയ്യേറ്റങ്ങള്‍ നടക്കുന്നു. കേരള ഹൈക്കോടതിയിലെപ്പോലെയുള്ള "മാരാരാശ്രീ മാന്യ മഹോദയ ജഡ്ജി അങ്ങത്ത"കളാണമേരിക്കയിലെങ്കില്‍  ഈ കയ്യേറ്റക്കാരെ തൂക്കിക്കൊല്ലാന്‍ വിധിച്ചേനെ.

ജയരാജന്‍ അഴിമതി കേസിലോ സ്ത്രീപീഡനകേസിലോ അല്ല ജയലില്‍ പോയിരിക്കുന്നത്. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. അദ്ദേഹമുപയോഗിച്ച വാക്കുകളോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തിനു നല്‍കിയ ശിക്ഷ കൂടുതലായിപ്പോയി.

പാതയോരത്തെ പൊതു യോഗങ്ങളല്ല കേരളത്തിലെ  ജനങ്ങളുടെ സ്വൈര്യ ജീവിതമിന്ന് തകര്‍ക്കുന്നത്. പാതയോരം വരെ  കയ്യേറി ഓടുന്ന വഹനങ്ങളാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ഓടിച്ച് മനുഷ്യരെ കൊല്ലുന്ന വാഹനങ്ങളാണ്. ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുന്ന ഇതുപോലെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ സ്വമേധയാ കേസുടുക്കാതെ ,ഒരു ശുംഭന്‍ പ്രയോഗത്തിനു പിന്നാലെ പോയ ഇവരല്ലേ യഥാര്‍ത്ഥ ശുംഭന്‍മാര്‍?


ജയരാജനെ വിമര്‍ശിക്കുന്ന കൂടെ  മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്താനും വളിക്കുന്നു മറന്നില്ല.

>>>അണികളുടെ കയ്യടിയില്‍ ആവേശം കയറി വി എസ്സിനെ പുലഭ്യം പറഞ്ഞ ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായ സംഭവം ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. അത്തരമൊരു മാപ്പുപറച്ചില്‍ കൊണ്ട് ഒരു നേതാവിന്റെയും ഇമേജ് ഇടിയില്ല.മറിച്ച് അത് വര്‍ധിക്കുകയാണ് ചെയ്യുക.<<<<

കേരളം മുഴുവന്‍ ആദരിക്കുന്ന 87 വയസായ ഒരു വയോധികനെ കാമഭ്രാന്തന്‍ എന്നും  ഞരമ്പുരോഗി എന്നുമൊക്കെ വിളിച്ചിട്ട്, മാപ്പു പറയുന്നത് മഹത്തായ കാര്യമെന്നു പറയുന്ന വള്ളിക്കുന്നിന്റെ തല പരിശോധിക്കേണ്ടതാണ്.

വള്ളിക്കുന്ന് തുടരുന്നു.

ഇനി മുതല്‍ ജയരാജന്‍ 'ശുംഭന്‍ ജയരാജന്‍ ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വിവാദത്തിന്റെ ഒരു ലോങ്ങ്‌ ടേം എഫ്ഫക്റ്റ്‌ അതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് :)

ഒരാള്‍ പ്രയോഗിക്കുന്ന ഒരു പേര്, വട്ടപ്പേരാകുനു എങ്കില്‍ ഗണേഷ് കുമാറിനും നല്ല ഒരു വട്ടപ്പേരിടാം. അതും യോജിക്കുന്ന ഒരു വട്ടപ്പേര്. അദ്ദേഹത്തിനെ കാമ ഭ്രാന്തന്‍ ഗണേഷ് കുമാര്‍ എന്നു വിളിക്കാം.  K B Ganesh  Kumar എന്നതിന്റെ  expansion,  Kaama Bhraanthan Gaesh kumaar എന്ന്  എല്ലാ വിധത്തിലും യോജിക്കുകയും ചെയ്യും. കാമഭ്രാന്തിളകിയപ്പോള്‍  പലയിടത്തും വച്ച് പൊതു ജനം കൈകാര്യം ചെയ്തതൊക്കെ ഈ പേരിനദ്ദേഹത്തെ തികച്ചും അര്‍ഹനാക്കുന്നു.  യാമിനി തങ്കച്ചി വനിതാ കമ്മീഷനിലും കുടുംബ കോടതിയിലും നല്‍കിയ പരാതികള്‍ അധിക യോഗ്യതയായുമെടുക്കാം.


ഗണേഷിന്റെ അച്ഛന്‍ ബാലന്‍ പിള്ളയെ കേരള ഖജനാവു കട്ടുമുടിച്ചതിന്റെ പേരില്‍, വിചാരണ കോടതി അഞ്ചു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.  പക്ഷെ കേരള ഹൈക്കോടതിയിലെ  "മാരാരാശ്രീ മാന്യ മഹോദയ ജഡിജി പുംഗവന്‍മാര്‍" പിള്ളയെ തെളിവില്ല എന്നും പറഞ്ഞ് വെറുതെ വിട്ടു. പിള്ളയുടെ പാര്‍ട്ടി കേരളം ഭരിച്ചിരുന്നതുകൊണ്ട്, അന്നത്തെ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. പിന്നീട് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ വ്യക്തിപരമായി അപ്പീല്‍ കൊടുത്തു. കേസു പരിശോധിച്ച അവിടത്തെ കഴിവുള്ള ജഡ്ജിമാര്‍ വിചാരണകോടതിയുടെ കണ്ടെത്തലുകള്‍ ശരി വയ്ക്കുകയാണുണ്ടായത്. എന്നു വച്ചാല്‍ കേരള ഹൈക്കോടതിയിലെ മഹാന്‍മാരുടെ കണ്ടെത്തലുകള്‍, ശുംഭത്തരം ആയിരുന്നു എന്നാണ്.

ശുംഭത്തരം കാണിക്കുന്നവരെ ശുംഭന്‍മാര്‍ എന്നു വിളിച്ചത് അപ്പീലിനു പോലും സാവകാശം നല്‍കാത്ത അത്ര വലിയ അപരാധമായി കാണേണ്ടതുണ്ടോ?Sunday, 6 November 2011

സന്തോഷ് പണ്ഡിറ്റും പൊറോട്ടയും 

സന്തോഷ് പണ്ഡിറ്റും പൊറോട്ടയും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പക്ഷെ ഇന്ന് കേരളത്തില്‍ വിവാദമുണ്ടാക്കുന്ന  രണ്ടു സംഭവങ്ങളാണിവ.

പൊറോട്ട ആരോഗ്യത്തിനു ഹാനികരമാണെന്ന് പ്രകൃതി ജീവനക്കാര്‍ ശക്തമായ പ്രചരണം നടത്തുന്നു.  അങ്ങനെയല്ല എന്ന്  സമര്‍ദ്ധിച്ചുകൊണ്ട് വൈദ്യ ശാസ്ത്ര വിദഗ്ദ്ധര്‍ വരെ  മറു പ്രചരണം നടത്തുന്നു. ഗോതമ്പിലെ പോഷകാംശങ്ങളുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത് ബാക്കി വരുന്ന പോഷകം ഏറ്റവും കുറവുള്ള ഭാഗമാണ്, മൈദ എന്നറിയപ്പെടുന്നത്. അതുകൊണ്ടുണ്ടാക്കുന്ന പൊറോട്ടക്ക് പോഷകഗുണം കുറവായിരിക്കും എന്നത് രണ്ടാമതൊന്ന് ആലോചിക്കാതെ  പറയാം. പൊടിച്ചു കിട്ടുമ്പോള്‍ മഞ്ഞ നിറമുള്ള മൈദ ബ്ളീച് ചെയ്താണു വെള്ള നിറമാക്കി എടുക്കുന്നത്. ബ്ളീച്ച് ചെയ്യാന്‍ Benzoyl Peroxide എന്നരാസ വസ്തു ഉപയോഗിക്കുന്നു.  ഈ രാസ വസ്തു ആരോഗ്യത്തിനു ഹാനികകരമല്ല എന്ന് തീര്‍ത്തു പറയാന്‍ ആകില്ല. ലഭ്യമായ തെളിവുകള്‍ വച്ച് അല്ല എന്ന് ആശ്വസിക്കാമെങ്കിലും.

പൊറോട്ട ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോപിച്ചാണ്, അതിനെതിരെ പ്രചരണം നടത്തുന്നത്. പക്ഷെ സന്തോഷ് പണ്ഡിറ്റിനെതിരെയോ?

സന്തോഷ് പണ്ഡിറ്റിനെതിരെ അണ്ഡകടാഹം ഇളക്കി മറിച്ചുള്ള പ്രചരണത്തിന്റെ കാരണമെന്താണ്? ആദ്യമൊക്കെ സൈബര്‍ ലോകത്തു മാത്രം ഒതുങ്ങി നിന്ന  ഈ വിദ്വേഷ പ്രചരണം  ഇപ്പോള്‍ ദൃശ്യ മാദ്ധ്യമങ്ങളിലെ  Prime Time ല്‍ വരെ നടക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ. സ്വയം പീഡാനുഭവം അല്ലെങ്കില്‍ വിഡ്ഢിത്തം കാണുന്ന സുഖമാണ്, ഈ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്നത്  എന്നാണ്. പക്ഷെ ചലച്ചിത്ര നിരൂപകന്‍  സി എസ് വെങ്കിടേശ്വരന്‍ അഭിപ്രായപ്പെട്ടത്  ഇതൊരു അട്ടിമറി ആണെന്നും. സാമ്പ്രദായിക സിനിമാ  സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നു ഈ സിനിമ എന്നും.


സിനിമാ നിര്‍മ്മാണം, അതിന്റെ ചെലവ്, നായികാ നായക സങ്കല്‍പ്പം, വിപണനം തുടങ്ങി, സര്‍വ്വ മേഖലകളെയും ഇത് അട്ടിമറിക്കുന്നു. സൌന്ദര്യ മൂര്‍ത്തികളെന്ന് നമ്മളൊക്കെ കരുതുന്ന നായക സങ്കല്‍പ്പത്തെ ഇത് കടപുഴക്കി എറിയുന്നു.

ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഇന്റര്‍നെറ്റില്‍ ലഭ്യമായ ക്ളിപ്പിംഗുകള്‍ വച്ച് ഇതൊരു മഹാപാതകമായി എനിക്ക് തോന്നുന്നില്ല. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും  ഡാന്‍സ കണ്ടിട്ട് തല ചുറ്റി വീഴാത്ത ആരും  സന്തോഷ് പണ്ഡിറ്റിന്റെ ഡാന്‍സ് കണ്ട് വീഴേണ്ട കാര്യവുമില്ല. മോഹന്‍ ലാലിനു കുടവയര്‍ കുലുക്കി ഡാന്‍സ ചെയ്യാമെങ്കില്‍ സന്തൊഷ് പണ്ഡിറ്റിനു മെലിഞ്ഞ ശരീരവും ഉന്തിയ പല്ലുമായും ഡാന്‍സ് ചെയ്യാം.

"മോഹന്‍ തോമസിന്റെ അമേദ്യവും ഉച്ചിഷ്ടവും മൃഷ്ടാന്നം ഭുജിക്കാന്‍" മലയാളിക്ക് സംഭാവന നല്‍കിയവര്‍ ചെയ്ത അത്രയും സംസ്കാരിക മലിനീകരണം ഏതായാലും സന്തോഷ് പണ്ഡിറ്റ് ഈ സിനിമയില്‍ കൂടി ഉണ്ടാക്കുന്നുമില്ല.

60000 രൂപവീതം  നല്‍കി  കേരളത്തിലെ മൂന്നു തിയേറ്ററുകള്‍ വാടകക്ക് എടുത്തായിരുന്നു   സന്തോഷ് പണ്ഡിറ്റ്  ഈ സിനിമ  പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഇന്നിപ്പോള്‍ 12 തിയേറ്ററുകള്‍  അത് പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടു വന്നു. സിനിമാ പ്രദര്‍ശനത്തിന്റെ സകല സങ്കല്‍പ്പങ്ങളെയും ഇതട്ടിമറിച്ചു.

ഈ സിനിമ കണ്ടില്ല എന്നു കരുതി ആരും ശിക്ഷിക്കപ്പെടില്ല. സ്വന്തം പോക്കറ്റിലെ പണം ചെലവാക്കി ആളുകള്‍ ഇത് കാണുന്നു. യുവാക്കള്‍ ഇത് കാണാന്‍ ഇരച്ചു കയറുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

"സന്മനസുള്ളവര്‍ക്ക് സമാധാനം, ഉദയനാണു താരം" എന്നീ സിനികളില്‍ ശ്രീനിവാസന്‍ കാണിക്കുന്ന കോപ്രായങ്ങളേക്കാള്‍  മോശമായ കോപ്രായങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെന്നു തോന്നുന്നില്ല. നിലവാരം ​കൂടിയതെന്ന് നികേഷ്കുമാറിനേപ്പൊലുള്ളവര്‍ വിലയിരുത്തുന്ന മുന്തിയ സിനിമകളിലെ എല്ലാ കോപ്രായങ്ങളും കൂടി ഒരിടത്താക്കിയാല്‍  കൃഷ്ണനും രാധയും എന്ന സന്തോഷ് പണ്ഡിറ്റ് സിനിമയേക്കാള്‍ മോശമായിരിക്കും.

സമകാലീന മലയാള സിനിമയുടെ നേരെ പിടിച്ച ഒരു കണ്ണാടിയാണു സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും.  ആ മുഖം കണ്ടപ്പോള്‍ ഉണ്ടായ വെപ്രാളമാണീ വിദ്വേഷ പ്രചരണത്തിന്റെ കാരണം. ഇതുപോലെയുള്ള ചില കണ്ണാടികള്‍ കാലഘട്ടത്തിന്റെ ആവശ്യവും.