Monday 30 November 2009

എരുമയും പോത്തും പിന്നെ ഹിന്ദു മതവും

ലോകത്തവശേഷിക്കുന്ന ഏക ഹിന്ദു രാജ്യമാണ്‌ നേപ്പാള്‍. ഇന്‍ഡ്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആ ഉത്സവം നേപ്പാളിലെ വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഗാധിമായി എന്ന ഹിന്ദു ദൈവത്തെ പ്രീതിപ്പെടുത്താനായി 250000 മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങ് ആ ഉത്സവത്തിന്റെ പ്രത്യേകതയും.

നവംബര്‍ 24 നാണ്‌ ഈ വര്‍ഷം ഈ ചടങ്ങു നടന്നത്. ഇതിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് ക്ഷേത്രത്തിനകത്ത് കുറച്ച് പക്ഷിമൃഗാദികളെ ബലിയര്‍പ്പിച്ചു കൊണ്ടാണ്. ആദ്യം ബലികൊടുക്കുന്നത് രണ്ട് എലികള്‍, അതിനു ശേഷം രണ്ട് പ്രാവുകള്‍, പിന്നീട് ഒരു പന്നി, ഒരു ആട് , അവസാനം ഒരു പൂവന്‍ കോഴി എന്നതാണ്‌ പാരമ്പര്യം.  ഇതു നടക്കുമ്പോള്‍ ഗാധിമായി നീണാള്‍ വാഴട്ടേ എന്ന് ജനങ്ങള്‍ ആര്‍പ്പു വിളിക്കും.

അതിനു ശേഷം ചുവന്ന പട്ട് തലയില്‍ ചുറ്റിയ, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 250 ആളുകളാണ്, രണ്ടര ലക്ഷം മൃഗങ്ങളെ കുക്രി കത്തികള്‍ എന്ന ഒരു പ്രത്യേക തരം കത്തി ഉപയോഗിച്ച് കഴുത്തു വെട്ടി ബലിയര്‍പ്പിക്കുന്നത്.  ആ ചടങ്ങിന്റെ ചിത്രങ്ങളാണു ചുവടെ.










ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.



പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.

Tuesday 24 November 2009

പൊളിച്ചടുക്കലിന്റെ രീതി ശാസ്ത്രം

അടുത്ത കാലത്ത് ഒരു വീട് മാധ്യമങ്ങളിലും ഇ മെയിലുകളിലും നിറഞ്ഞു നിന്നിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്നും പറഞ്ഞാണാ ചിത്രം പ്രചരിപ്പിക്കപ്പെട്ടതും. ആ വാര്‍ത്ത പൊളിച്ചടുക്കി എന്ന് അവകാശപ്പെട്ട് സെബിന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്, ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസംഎന്ന പേരില്‍. അതിലെ ചില പരാമര്‍ശങ്ങളാണു താഴെ.

ഇടതുപക്ഷത്തോടുള്ള സ്പെസിഫിക് ആയ വിമര്ശനങ്ങളില് ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ആ ഗണത്തിലേക്കു് ഒരു പുതിയ ചോദ്യം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.



നിങ്ങള് സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള് അവരുടെ മക്കളെ സ്വാശ്രയ കോളജില് വിട്ടുപഠിപ്പിക്കുന്നതു്?


ഈ ചോദ്യം ഏറ്റവും അവസാനം കേട്ടതു് പിണറായി വിജയന്റെ വീടു സംബന്ധിച്ച ചര്ച്ചയിലായിരുന്നു.


സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ വീടു് എന്ന വ്യാജേന ഒരു വലിയ നിര്മ്മിതിയുടെ പടം ഇന്റര്നെറ്റിലൂടെ പ്രചരിച്ചതു് ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി.  

സെബിനേപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ബ്ളോഗര് ഇതു പോലെ അവാസ്തവമായ കാര്യങ്ങള് പ്രചരിപ്പിക്കുന്നത് കാണുമ്പോള് ഖേദം തോന്നുന്നു. നട്ടപിരാന്തന്റെ ബ്ളോഗില് ആദ്യമായി പിണറായി വിജയന്റെ മകന്റെ വിദേശ പഠനം പരാമര്ശിച്ചത് ബീഫ് ഫ്രൈ എന്ന ബ്ളോഗറാണ്. അദ്ദേഹം അറിഞ്ഞിടത്തോളം സി പി എമ്മിനെയും പിണറായി വിജയനെയും പിന്തുണക്കുന്ന വ്യക്തിയാണ്.

നവംബര് 14ന്, അദ്ദേഹം എഴുതിയ വാക്കുകള് ഇവയാണ്.


http://kootharaavalokanam.blogspot.com/2009/11/199.html?showComment=1258202468768#c7018515474073152919


 പത്രങ്ങളും സിനിമ, ടിവി മുതലായ മാദ്ധ്യമങ്ങള് ഒരു കമ്മ്യൂണിസ്റ്റുകാരന് - മലയാളിക്കമ്മ്യൂണിസ്റ്റുകാരന് സ്റ്റീരീയോടൈപ്പിനെ നിര്വ്വചിച്ചു വെച്ചിട്ടുണ്ട്. അതിലെ കപടത (നിര്ദോഷമായ തമാശ എന്നും ചില നിര്ഗുണര് അതിനെ വിളിക്കാറുണ്ട്) മനസ്സിലാക്കി പ്രതികരിക്കുവാന് തക്ക കെല്പുള്ള മലയാളി ബുദ്ധിജീവികളൊന്നുമില്ലേയിവിടെ?



കമ്മ്യൂണിസ്റ്റുകാരായാല് പരിപ്പുവട മാത്രമേ കഴിക്കാവൂ, കട്ടന് ചായയേ കുടിക്കാവൂ, പാര്ട്ടി ഓഫീസിലെ ബെഞ്ചില് കിടന്നേ ഉറങ്ങാവൂ, തുടങ്ങിയ പഴയ നിബന്ധനകളും ഇടക്കാലത്ത് വന്ന നിബന്ധനയായ ഗള്ഫില് പോയി പണിയെടുത്തുകൂടാ, ഏറ്റവും പുതിയതായി പ്രചാരത്തിലുള്ള അമേരിക്കയില് ഉപരിപഠനത്തിന് പൊയ്ക്കൂടാ തുടങ്ങിയ നിബന്ധനകളൊക്കെ പറയുമ്പോഴും, ഇതേ കമ്മ്യൂണിസ്റ്റ് വിരുദ്ധര് മറ്റൊരവസരത്തില് പറയുന്നത് കമ്മ്യൂണിസ്റ്റുകാര് പഴഞ്ചന്മാരാണ്, അന്ധമായ അമേരിക്കന് വിരോധം വെച്ചു പുലര്ത്തുന്നവരാണ് എന്നൊക്കെയാണ്.

പിണറായി വിജയന്റെ മകന്റെ വിദേശ സ്വാശ്രയ വിദ്യാഭ്യാസത്തെ വിമര്ശിച്ചു കൊണ്ട് ഞാനും അവിടെ ചില കമന്റുകള് എഴുതിയിരുന്നു. അറിയപ്പെടുന്നിടത്തോളം വിവേക് മറ്റൊരു രാഷ്ട്രീയ പാര്ട്ടിയിലും വിശ്വസിക്കുന്നില്ല. അതിന്റെ സ്വാഭാവിക അര്ത്ഥം അദ്ദേഹം സി പി എം പാര്ട്ടിയില് വിശ്വസിക്കുന്നു എന്നതാണ്. അല്ലെന്ന് സെബിന് പറഞ്ഞാലൊന്നും മലയാളികള് വിശ്വസിക്കില്ല. കോടിയേരിയുടെ സി പി എം അംഗമല്ലാത്ത മകന്റെ കല്ല്യാണത്തിനു കെട്ടിയാടിയ വേഷങ്ങളുടെ നടുവില് ചിരിച്ചു കൊണ്ടു നിന്ന കോടിയേരി എന്തെല്ലാം ന്യായീകരണം പറഞ്ഞാലും അത് ചിന്താശേഷിയുള്ള ആരും വിശ്വസിക്കില്ല. അതുപോലെയേ ഉള്ളു. ഇപ്പോള് സെബിന് കഷ്ടപ്പെട്ടു ന്യായീകരിക്കുന്ന വിവേകിന്റെ പഠനവും.

സ്വാശ്രയ സ്ഥാപനങ്ങളെ ഏറ്റവും അധികം എതിര്ത്ത സി പി എം നേതാവാണു പിണറായി വിജയന്.  അത് സ്വാശ്രയവത്കരണത്തെയല്ല, സ്വാശ്രയ സ്ഥാപനങ്ങളെയാണ്. 1991 ലെ കരുണാകരന്‍ സര്‍ക്കാരാണ്, സ്വകാര്യ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ കൂടുതലായി അനുവദിക്കണമെന്ന് തത്വത്തില്‍ അംഗീകരിച്ചത്. പിന്നീടു വന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്, ഇടതു മുന്നണി ഇതേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. നായനാരും വി എസ് അച്യുതാനന്ദനും അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫും അതിനനുകൂലമായിരുന്നു. അതിനെ എതിര്‍ത്ത ഏറ്റവും ശ്രദ്ധേയമായ ശബ്ദം പിണറായി വിജയന്റേതായിരുന്നു. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ രൂപ രേഖ പോലും ഉരുത്തിരിയാതിരുന്ന അന്ന് സ്വകാര്യ വത്കരണത്തെയാണു പിണറായി വിജയന്‍ എതിര്‍ത്തതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.

സെബിന്റെ ഒരു വേദോപദേശത്തിനും ആ കറ കഴുകി കളയാനാകില്ല.

അദ്ദേഹം പാര്ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്, എസ് എഫ് ഐ രക്തരൂക്ഷിതമായ സമരങ്ങള് നടത്തിയത്. ഇപ്പോള്  മന്ത്രി ബേബിയുമായി എസ് എഫ് ഐ, പരസ്യവേദികളില് കൊമ്പു കോര്ക്കുന്നത് പത്രങ്ങളില് മറ്റുള്ളവര് വായിക്കുന്നുമുണ്ട്.

പഠിക്കുന്ന കാലത്ത് പിണറായി വിജയന്റെ മക്കള് സി പി എമ്മിന്റെ വിദ്യാഭ്യാസ നിലപാടുകളെ എതിര്ത്തിരുന്നു എന്നത് ഇതുവരെ എങ്ങും വായിച്ചിട്ടില്ല. ഭാര്യയും രണ്ടുമക്കളും എതിരായിട്ടും പിണറായി വിജയന്റെ നിശ്ചയധാര്ഡ്യം എന്തായാലും ഒരു പോസ്റ്റിനുള്ള വകയാണ്.

  ഇന്റര്നെറ്റിലൂടെ പ്രചരിച്ച പിണറായി വിജയന്റെ വീടിനേക്കുറിച്ചുള്ള അസത്യം ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി എന്നത് ഒരു വലിയ തമാശയായിട്ടേ എനിക്ക് തോന്നിയുള്ളു.
 

ആരു പൊളിച്ചടുക്കി എന്നാണു സെബിന് പറയുന്നത്?  ഇന്റര്‍നെറ്റില്‍ പരക്കുന്ന തമാശകളെല്ലാം പൊളിച്ചടുക്കലാണു സി പി എം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കടമ എന്നൊക്കെ പറയുന്നത് വിചിത്രമാണ്.  ഇ മെയില്‍ അയച്ച വ്യക്തിയെ പോലീസ് കണ്ടെത്തി കഴിഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടാല്‍ ഈ പൊളിച്ചടുക്കലിന്റെ സര്‍വ്വ ഗുട്ടന്‍സും കേട്ട് ആരും ചിരിച്ചു പോകും . കരുണാകരന്‍ ഉള്‍പ്പടെ പല പേരുകളും ആലോചിച്ച ശേഷമാണത്രേ അദ്ദേഹം പിണറായി വിജയന്റെ പേര്, തെരഞ്ഞെടുത്തതെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു. ഒരു പക്ഷെ കരുണാകരന്റെ പേരാണു പ്രചരിച്ചതെങ്കില്‍ , കോണ്‍ഗ്രസുകാരാരെങ്കിലും ഒരു പൊളിച്ചടുക്കല്‍ നടത്തുമോ എന്ന കാര്യം സംശയമാണ്.

നട്ടപിരാന്തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ചിത്രം  പിണറായി വിജയന്റെ വീടിന്റെ ആണെന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ല. പിന്നെ എന്തിനാണൊരു പൊളിച്ചടുക്കല്?

സെബിന് ഉള്പ്പടെയുള്ള പലരും അതല്ല പിണറായി വിജയന്റെ വീട്, ചിത്രം ഞങ്ങളുടെ കയ്യിലുണ്ട് പക്ഷെ കാണിക്കില്ല എന്നാണു പറഞ്ഞു കൊണ്ടിരുന്നത്. സെബിന് പറഞ്ഞത് അത് പിണറായി വിജയന്റെ സ്വകാര്യതയാണ്, അതു കൊണ്ട് മറ്റാരും കാണരുത് എന്നായിരുന്നു. നട്ടപിരാന്തന്റെ ബ്ളോഗില് പൊളിച്ചടുക്കിയത് ഈ വാദഗതി ആയിരുന്നു. അങ്കിള് ആ ചിത്രം അയച്ചുകൊടുത്തു. നട്ടപിരാന്തന് അത് പ്രസിദ്ധീകരിച്ചു. അങ്ങനെ സെബിന്റെയും മറ്റുള്ളവരുടെയും വാദഗതിയെ പൊളിച്ചടുക്കി. അങ്ങനെ പൊളിച്ചടുക്കിയപ്പോള്, അത് പൊലിപ്പിച്ചെടുത്ത ചിത്രമാണ്, കിടന്നുകൊണ്ടെടുത്ത ചിത്രമാണ്, എന്നൊക്കെ മുട്ടായുക്തികളും പറഞ്ഞുകൊണ്ടുവന്നു. ആ ബ്ളോഗില് പരാമര്ശിക്കപ്പെട്ട പലതും സി പി എമ്മിനെയും അതിന്റെ നേതാവായ പിണറായി വിജയ്നെയും തിരിഞ്ഞു കൊത്തുന്നു. അതിന്റെ കുറ്റബോധം കൊണ്ട് സെബിന് ഇപ്പോള് പലതും ന്യായീകരിക്കുന്നു. സി പി എമ്മിന്റെ ശത്രുക്കള് പറയുന്നതിനൊക്കെ മറുപടി പറയില്ല എന്നു വാശിപിടിച്ച സെബിന് ഒരു പോസ്റ്റു തന്നെ അതിനായി ഇടുന്നു. കാവ്യനീതി പല തരത്തില് വരാം. സെബിന്റെ ഈ പോസ്റ്റ് തന്നെ ആ കാവ്യനീതിയുടെ ഏറ്റവും നല്ല ഉദാഹരണം.

ആരെന്തൊക്കെ പൊളിച്ചടുക്കി എന്ന് ആശ്വസിച്ചാലും, പിണറായി വിജയന്റെ യധാര്‍ത്ഥ വീടിന്റെ ചിത്രം കുറെയേറെ പേര്‍ കണ്ടു. അതാണു നട്ടപിരാന്തന്‍ ഉദ്ദേശിച്ചതും.




മറ്റു കമ്യൂണിസ്റ്റുകാരുടെ വീടുകളെ അപേക്ഷിച്ച് ഈ വീടു സാമാന്യം വലുതു തന്നെയാണ്.

ഇനി സെബിനും മറ്റുള്ളവര്‍ക്കും പൊളിച്ചടുക്കാനായി രണ്ടു കൊല്ലം മുമ്പ് ഇ മെയിലില്‍ ആയി കുറെക്കാലം ഓടിക്കളിച്ച വേറെ കുറെ ചിത്രങ്ങള്‍ ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. സി പി എമ്മിന്റെ സമുന്നത നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാഹഫോട്ടോകളാണവ. വിവേകിനേപ്പോലെ അച്ഛന്റെ രാഷ്ട്രീയലൈന്‍ ഉപേക്ഷിച്ച് നല്ല മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയ വ്യക്തിയല്ല ഈ പുത്രന്‍. അദ്ദേഹം എസ് എഫ് ഐ നേതാവായിരുന്നു എന്നാണു ചരിത്രം പറയുന്നത്.





കോടിയേരി ബലകൃഷ്ണന്‍ പട്ടു വസ്ത്രം ധരിച്ചിട്ടില്ല, വൈരക്കല്‍ മോതിരമണിഞ്ഞിട്ടില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനു മകന്റെ വിവാഹത്തിന്റെ യാതൊരു ഉത്തരവാദിത്തവുമില്ല. നാട്ടുകാര്‍ കുറ്റം പറയരുതല്ലോ എന്നു കരുതി പുത്ര സ്നേഹം മൂലം അദ്ദേഹം യാന്ത്രികമായി അവിടെ സന്നിഹിതനായി എന്നൊക്കെ സെബിനും മറ്റുള്ളവര്‍ക്കും ഇനി വ്യാഖ്യാനിക്കാം. പുത്രസ്നേഹത്താല്‍ അന്ധനായി പോയ ധൃതരാഷ്ട്രര്‍ക്ക് പോലും ഇത്ര വലിയ ധര്‍മ്മസങ്കടം ഉണ്ടായി കാണില്ല.


താഴെ കാണുന്ന ചിത്രത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി പിണറായി വിജയന്‍ അവിടെ വലിഞ്ഞു കേറി വന്നതാണ്.





വന്ന സ്ഥിതിക്ക് കല്യാണച്ചെറുക്കനൊന്ന് കൈകൊടുത്തേക്കാം  എന്നു തീരുമാനിച്ചത് അദ്ദേഹത്തിന്റെ മാന്യത.

ഉദാരവത്കരണം ആഗോളവത്കരണം എന്നൊക്കെയുള്ള വാക്കുകളുടെ ശ്രേണിയിലേക്ക് സ്വാശ്രയവത്കരണം എന്ന വാക്കുകൂടി സെബിന്‍ എഴുതിയ  പോസ്റ്റിന്റെ സംഭാവനയാണ്.

വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കുന്ന കനത്ത ഫീസിലൂടെ മാത്രമേ കെട്ടിടനിര്‍മ്മാണം മുതല്‍ സ്ഥാപനത്തിനാവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കൂ എന്ന  പ്രക്രീയയാണു സ്വാശ്രയവത്കരണം.

2006 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. 50% സീറ്റുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസു വാങ്ങി പ്രവേശനം നടത്താം. പക്ഷെ അന്ന് വിദ്യാഭ്യാസ മന്ത്രിയും എസ് എഫ് ഐയും അത് സമ്മതിച്ചില്ല. പുതിയ സ്വാശ്രയ നിയമം. പിന്നെ നീണ്ട നിയമയുദ്ധം. അതിനപ്പുറം കോടതി വിധി. 100% സീറ്റുകളില്‍ മാനേജ് മെന്റിനു പ്രവേശനം നടത്താം. നെല്‍പ്പാടങ്ങളില്‍ കോലം കെട്ടി വയ്ക്കുന്നതു പോലെ നോക്കു കുത്തിയായി ഒരു ഫീസ് നിര്‍ണ്ണയ കമ്മിറ്റി. ഒരു മാനേജ്മെന്റിനും പേടിയില്ലാത്ത കമ്മിറ്റി എന്ന പേരാണതിനു യോജിക്കുക. വിദ്യാഭ്യാസ മന്ത്രി പരാജയം സമ്മതിച്ച് വിദ്യാഭ്യാസ കച്ചവടക്കാര്‍ പറയുന്ന വ്യവസ്ഥകളൊക്കെ അംഗീകരിക്കുക എന്നതാണിപ്പോള്‍ നാട്ടുനടപ്പ്. എസ് എഫ് ഐ അതിന്റെ പേരില്‍ ഇപ്പോള്‍ മന്ത്രിയെ പരസ്യമായി വിമര്‍ശിക്കുന്നു.

സെബിനേപ്പോലുള്ളവര്‍ പറയുന്നു സ്വാശ്രയ സ്ഥാപനങ്ങളെയല്ല എതിര്‍ത്തത്, സ്വശ്രയ വത്കരണത്തെയാണ്. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ക്കാതെ കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്ത പോലെ. ഇന്ന് കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ക്കുന്നില്ല. അതു പോലെ കുറച്ചു കഴിയുമ്പോള്‍ സ്വാശ്രയ വത്കരണത്തെയും ഇതു പോലെ അംഗീകരിക്കും. അന്നും മലയാള നിഘണ്ടുവില്‍ ചേര്‍ക്കാന്‍ പുതിയ പദങ്ങള്‍ കണ്ടുപിടിക്കും, സെബിനോ മറ്റാരെങ്കിലുമോ?

സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ വിദ്യാഭ്യാസ മന്ത്രി ബേബി ഇപ്പോള്‍ സ്വാശ്രയവത്കരണത്തെ എന്തുകൊണ്ട് അംഗീകരിക്കുന്നു എന്നതിനു സെബിനോ മറ്റാരെങ്കിലുമോ ഉത്തരം തരുമോ?






Wednesday 18 November 2009

മുല്ലപ്പെരിയാര്‍



2006 ഫെബ്രുവരി 27 ന്, സുപ്രീം കോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിധി പ്രസ്താവിച്ചു അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് താഴെ.

Verdict on Mullaperiyar

IT was a bitter pill that the Supreme Court prescribed for Kerala on February 27 by ordering it to allow Tamil Nadu to raise the maximum storage level of the 111-year-old Mullaperiyar dam from 136 feet to 142 feet. In effect, the court sanctioned the diversion of more water to Tamil Nadu from the Mullaperiyar, a river that originates and ends in Kerala, but had been, by a quirk of history, hogged by Tamil Nadu ever since its remarkable trans-basin diversion (through the construction of a masonry dam, a tunnel and a canal cut through the watershed) by the British rulers of India in 1895.




2009 നവംബര്‍ 9ന്, സുപ്രീം കോടതി മറ്റൊരു വിധി പ്രസ്താവിച്ചു. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്, ചുവടെ

SC refers Mullaperiyar case to constitutional bench.

New Delhi: The Supreme Court has referred the Mullaperiyar case to a five-member constitutional bench and allowed Kerala government to go ahead with the construction of a new dam.

The Apex court made this order while hearing Tamil Nadu's petition against the dam safety law passed by the Kerala Government.

മുല്ലപ്പെരിയാറിന്റെ ഉയരം 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്താന്‍ അനുവദിച്ച സുപ്രീം കോടതിക്കു തന്നെ ഇതിന്റെ ഗൌരവം പിടി കിട്ടി.

മുല്ലപ്പെരിയാറിനേ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് തികച്ചും ആശങ്കാജനകമാണ്.

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=99686

ജലനിരപ്പ് 135 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ച കൂടി. മൂന്നിടത്തു കൂടി പുതുതായി ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് മുല്ലപ്പെരിയാര്‍ സ്പെഷല്‍ സെല്‍ മേധാവി എം.കെ പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ടെത്തി.


പതിനെട്ടാം ബ്ളോക്കില്‍ രൂക്ഷമായ ചോര്‍ച്ചയുള്ളതായി സംഘം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പത്തൊമ്പതാം ബ്ളോക്കില്‍ ഡാമിന്റെ മധ്യഭാഗത്തായി 120 അടിക്കു മുകളിലുള്ള ചോര്‍ച്ച ഗുരുതരമാണ്.


ജലനിരപ്പ് കൂടുന്നതിന് അനുസരിച്ച് അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ മോശമാകുകയാണെന്ന് എം.കെ പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ പി.ലതിക, സുപ്രണ്ടിംഗ് എന്‍ജിനിയര്‍ രാധാമണി തുടങ്ങിയവരും സംഘത്തിലുണ്ടായിരു.


കേരളം കുറച്ച് ഭീതിയോടെയും കുറച്ച തമാശയോടെയും കാണുന്ന ഒരു വിഷയമാണ്. മുല്ലപ്പെരിയാര്‍.  അതിപ്പോള്‍ വലിയ ഒരു നിയമ പ്രശ്നത്തിലേക്കും നീണ്ട നിയമ യുദ്ധത്തിലേക്കും പോകുകയാണ്. ഇപ്പോള്‍ ഭരണഘടന ബഞ്ച് അതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ പോകുന്നു.

വര്‍ഷങ്ങളായി തമിഴ് നാടിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ്, കേന്ദ്ര സര്‍ക്കാരും, സുപ്രീം കോടതിയും മാറി മാറി വന്ന കേരള സര്‍ക്കാരുകളും സംരക്ഷിച്ചു കൊണ്ടിരുന്നത്.



 
ഈ വിഷയത്തില്‍ കേരള ജനതയുടെ സുരക്ഷയെ ഗൌരവത്തോടെ കണ്ട ഒരു രാഷ്ട്രീയ നേതാവേ ഉള്ളു. സഖാവ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ തളരാത്ത സമര വീര്യത്തിനു ഫലം കണ്ടു തുടങ്ങി. ഇതു വരെ  കേരളത്തിനെതിരെ മുഖം തിരിച്ചു നിന്ന, അല്ലെങ്കില്‍ മുഖ തിരിച്ചു നിര്‍ത്തപ്പെട്ട കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും ഇപ്പോള്‍ കേരളത്തിന്റെ ഉത്ഖണ്ഠകള്‍ പങ്കു വയ്ക്കാന്‍ ആരംഭിച്ചു. അതിന്റെ ലക്ഷണമാണ്, അടുത്തിടെ സുപ്രീം കോടതി ഈ വിഷയം ഭരണഘടന ബഞ്ചിന്റെ തീരുമാനത്തിനു വിട്ടത്. പക്ഷെ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ മിക്കതും വി എസിന്റെ പങ്ക് തമസ്കരിച്ചു. ചിലരൊക്കെ കേരളത്തിനു വേണ്ടി ഒരു വക്കീല്‍ ഹജരാകാത്തതിനാണു പ്രാധാന്യം നല്‍കിയതും. വി എസ് എന്ന വ്യക്തിയുടെ നിശ്ചയ ധാര്‍ഡ്ഡ്യം മാത്രമാണ്, കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് 1886 ല്‍ നിര്‍മ്മിച്ചതാണ്. മഡ്രാസ് പ്രസിഡന്‍സി ഭരിച്ചിരുന്ന ബ്രിട്ടീഷ്കാര്‍ തിരുവിതാം കൂര്‍ മഹാരാജാവിനെ ഭീഷണിയിലൂടെ നിര്‍ബന്ധിച്ച് 999 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണീ അണക്കെട്ട് നിര്‍മ്മിച്ചത്. 1864 ലാണ്, ഈ അണക്കെട്ടിന്റെ രൂപരേഖ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളിനു സമര്‍പ്പിച്ചത്. തിരുവിതാംകൂറിന്റെ താല്‍പ്പര്യത്തിനു ഹാനികരമാണെന്നു കണ്ട് നീണ്ട 22 വര്‍ഷക്കാലം അദ്ദേഹം അതിനെ എതിര്‍ത്തു. അതില്‍ കൂടുതല്‍ അദ്ദേഹത്തിനു‍ പിടിച്ചു നില്‍ക്കാനായില്ല. അവസാനം അദ്ദേഹത്തിനു വഴങ്ങേണ്ടി വന്നു. എന്റെ രക്തം കൊണ്ടാണു ഞാനിതില്‍ ഒപ്പിടുന്നത് എന്നു പറഞ്ഞാണദ്ദേഹം ആ കരാറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടിലെ ചില ജില്ലകളില്‍ ജലസേചനത്തിനു വേണ്ടിയായിരുന്നു അത്.  ഏക്കറിന്, 5 രൂപ എന്ന  തുച്ഛമായ സംഖ്യായിരുന്നു പാട്ടമായി നിശ്ചയിച്ചത്.

1932 ല്‍ ഈ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പദിപ്പിക്കണമെന്ന നിര്‍ദ്ദേശം മഡ്രാസ് സര്‍ക്കാര്‍ മുന്നോട്ടു വച്ചു. പക്ഷെ തിരുവിതാം കൂര്‍ എതിര്‍ത്തതു കൊണ്ട് അത് ആര്‍ബിട്രേഷനു വിട്ടു. അവിടെ തിരുവിതാംകൂറിന്റെ ഭാഗം വാദിച്ചത് അന്ന്  അറ്റോര്‍ണി ജെനറലായിരുന്ന സി പി രാമസ്വാമി അയ്യര്‍ ആയിരുന്നു. പിന്നീട് അമ്പയറുടെ തീരുമാനത്തിനു വിട്ട ആ കേസില്‍ തിരുവിതാം കൂറിനു വേണ്ടി ശക്തിയുക്തം വദിക്കുകയും ജയിക്കുകയും ചെയ്തു ഈ തമിഴ് നാട്ടുകാരന്‍. പിന്നീട് തിരുവിതാംകൂര്‍ ദിവാനായ ഇദ്ദേഹത്തിനു തിരുവിതാം കൂറിനോടുണ്ടായിരുന്ന പ്രതിബദ്ധത പിന്നീട് കേരളത്തില്‍ നിന്നും എം പിമാരായും മന്ത്രിമാരായും ഡെല്‍ഹിയില്‍ സുഖവാസത്തിനു പോയ ആര്‍ക്കും ഉണ്ടായിട്ടില്ല എന്നത് വേദനാജനകമായ വസ്തുതയാണ്.
 
ഇന്‍ഡ്യ സ്വാതന്ത്രയായതിനു ശേഷം തമിഴ് നാട് വെള്ളം കൊണ്ടു പോകുന്നത് തുടര്‍ന്നു. അതു മാത്രമല്ല കരാറിലെ പ്രധാന വ്യവസ്ഥ ലംഘിച്ച്, 1959 മുതല്‍ ‍ ഈ വെള്ളത്തില്‍ നിന്നും അവര്‍ വൈദ്യുതി ഉത്പ്പാതിപ്പിച്ച് കൂടുതല്‍ പണമുണ്ടാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കരാറുകളെല്ലാം കേന്ദ്ര സര്‍ക്കാരില്‍ നിഷിപ്തമാക്കിയപ്പോഴും ഈ കരാര്‍ മാത്രം തമിഴ് നാടിന്റെ കാര്യസ്തതയില്‍ വിട്ടു കൊടുത്തു. അവിടെ തുടങ്ങി തമിഴ് നാടിന്റെ ധാര്‍ഷ്ട്യം.
 
1970 ല്‍ കേരളവും തമിഴ് നാടും ചേര്‍ന്ന് ഈ കരാര്‍ പുതുക്കിയെന്നത് അതിലേറേ ആശ്ചര്യജനകമാണ്. ഈ അണക്കെട്ടിന്റെ പ്രായമോ ബലമോ തമിഴ് നാടിന്റെ അത്യാഗ്രഹമോ കണക്കിലെടുക്കാതെ കേരള സര്‍ക്കാര്‍ അത് യതൊരു വിധ ചര്‍ച്ചയോ അന്വേഷണമോ ശാസ്ത്രീയ വിലയിരുത്തലോ കൂടാതെ പുതുക്കി തമിഴ് നാടിന്റെ  അന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുത്തു.  കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്നു ചിലരൊക്കെ വിശേഷിപ്പിക്കുന്ന  സി അച്ചുതമേനോനായിരുന്നു അന്ന് ഭരണ സാരഥി.



 
കുമ്മായം കൊണ്ടുണ്ടാക്കിയ ഈ അണക്കെട്ടില്‍ 1979 ല്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ്, കേരളത്തിന്റെ കണ്ണു തുറന്നത്. അന്ന് കേന്ദ്രത്തില്‍ നിന്നയച്ച ഒരു കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ലെവല്‍ 136 അടി ആക്കി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തു. അറ്റകുറ്റപ്പണികള്‍ നടത്തി അണക്കെട്ടിനു ബലം വരുത്തിയ ശേഷം ഉയരം പരമാവധി 152 അടിയായി ഉയര്‍ത്താമെന്നും അവര്‍ പറഞ്ഞു.



 
അണക്കെട്ടിലെ വെള്ളം 136 അടിയായി കുറച്ചതുകൊണ്ട് 1980നും 2000 ത്തിനുമിടയില്‍ തമിഴ് നാടിന്, 40000 കോടി നഷ്ടമുണ്ടായി എന്നതാണു തമിഴ്നാടിന്റെ വാദം. അത് ഭാഗികമായി ശരിയാണെങ്കില്‍ പോലും കേരളത്തിനര്‍ഹതപ്പെട്ട വെള്ളം കൊണ്ട് തമിഴ് നാടുണ്ടാക്കുന്ന കൊള്ള ലാഭം എത്രയാണെന്നൂഹിക്കാന്‍ പറ്റും.
 
 
തമിഴ് നാട് വെള്ളത്തിന്റെ ലെവല്‍ ഉയര്‍ത്താനായി പരിശ്രമം പിന്നെയും തുടര്‍ന്നു. 2000 ലാണ്, കേരളം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ നിയമപരമായ നില നില്‍പ്പിനേപ്പറ്റി സംശയിച്ചു തുടങ്ങിയത്. അന്നുമുതല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ആരംഭിച്ചു.
 
വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മറ്റു പല വിഷയങ്ങളും പോലെ അദ്ദേഹം ആത്മാര്‍ത്ഥമായി ഈ വിഷയത്തിലും ഇടപെട്ടു.
 
തമിഴ് നാട് ഈ വിഷയത്തെ വൈകാരികമായി മാത്രമേ സമീപിച്ചുള്ളു. തമിഴ് നാട്ടിലെന്നും വരള്‍ച്ചയായിരുന്നു. കേരളത്തിലെ വെള്ളം ഉപയോഗിച്ച് അവര്‍ വരണ്ട പ്രദേശങ്ങളൊക്കെ ഫല ഭൂയിഷ്ടമാക്കി. പക്ഷെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം അവര്‍ ഒരിക്കല്‍ പോലും കാര്യമാക്കിയില്ല. പുതിയ ഒരണക്കെട്ടു നിര്‍മ്മിച്ച് തുടര്‍ച്ചയായി വെള്ളം നല്‍കാമെന്നു പറഞ്ഞിട്ടും അവര്‍ അതിനു സമ്മതിക്കുന്നില്ല.


2001ല്‍ തമിഴ് നാട് സുപ്രീം കോടതിയെ സമീപിച്ചു. അന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടു. അന്നു ഭരിച്ചിരുന്നത് എന്‍ ഡി എ ആയിരുന്നു. തമിഴ് നാട്ടിലെ ഭരണകക്ഷിയായിരുന്ന ഡി എം കെ കേന്ദ്ര സര്‍ക്കാരില്‍ അംഗവും. അന്നു എന്‍ ഡി എ നിയമിച്ച ടെക്നിക്കല്‍ കമ്മിറ്റി സമ്മര്‍ദ്ദഫലമായി തമിഴ് നാടിനനുകൂലമായ ഒരു നിലപാടെടുത്തു. 2001ല്‍ ആ കമ്മിറ്റി നാടിനനുകൂലമായി അണക്കെട്ടിന്റെ ഉയരം കൂട്ടാമെന്ന ഒരു റിപ്പോര്‍ട്ടും  സമര്‍പ്പിച്ചു.
 
ഈ വിധി കേരളത്തിലെ രാഷ്ട്രീയക്കാരെ അസാധാരണമാം വിധം ഒരുമിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള അസംബ്ളിയുടെ ഒരു പ്രത്യേക സമ്മേളനം ​നടത്താനും തീരുമാനിച്ചു. ആ സമ്മേളനത്തില്‍ കേരളത്തിലെ അണക്കെട്ടു സുരക്ഷയേ സംബന്ധിച്ച് ഒരു നിയമം കേരള നിയമസഭ പാസാക്കി.  അന്നു പാസാക്കിയ നിയമം അസാധുവാക്കണമെന്ന് തമിഴ്  നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
 
ഇതിനിടയില്‍ കേന്ദ്ര വനം വകുപ്പ് പുതിയ അണക്കെട്ടിനുള്ള സര്‍വ്വേ നടത്താന്‍ കേരളത്തിനനുമതി നല്‍കി. ആവേശം മുതലെടുക്കാനായി ജയലളിതയും രംഗത്തിറങ്ങി. അവര്‍ പറഞ്ഞു, കേരളം മുല്ലപ്പെരിയാറില്‍ അണ കെട്ടുന്നത് ചൈന ബ്രഹ്മപുത്രയില്‍ അണകെട്ടുന്നതിനു തുല്യമാണ്. ചൈന അണകെട്ടുന്നതിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യക്ക് അവകാശമുള്ളതുപോലെ തമിഴ് നാടിനും മുല്ലപ്പെരിയാറില്‍ അണക്കെട്ടുന്നത് എതിര്‍ക്കാനുള്ള അവകാശമുണ്ട്. അതിന്റെ വെളിച്ചത്തില്‍ കരുണാനിധി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണം.
 
 തമിഴ് നാട് നല്‍കിയ കേസില്‍ സുപ്രീം കോടതി അവരുടെ അവശ്യം നിരാകരിച്ചു എന്നു മാത്രമല്ല, പുതിയ അണക്കെട്ടു നിര്‍മ്മിക്കാനാവശ്യമായ സര്‍വേ കേരളത്തിനു നടത്താമെന്നും വിധിച്ചു. കേരളത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഉത്ഖണ്ഠ സുപ്രീം കോടതിക്ക് ശരിയായ അര്‍ത്ഥത്തില്‍ ബോദ്ധ്യപ്പെട്ടു.

ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് സമര്‍പ്പിക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് മൂന്നു വിഷയങ്ങളായിരിക്കണം.

1. കാലഹരണപ്പെട്ട അണക്കെട്ടിനു പകരം പുതിയ അണക്കെട്ടു പണിയുക.
2. 999 വര്‍ഷത്തേക്കുള്ള പാട്ട വ്യവസ്ഥ എടുത്തുമാറ്റുക. ഇത്ര നീണ്ടകാലത്തേക്ക് പാട്ടത്തിനു നല്‍കുന്ന വ്യവസ്ഥ, ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല. ഇന്‍ഡ്യന്‍ Civil Procedure Code ലെ Act 14 പ്രകാരം പരിധിയില്ലാത്ത കരാറുകള്‍ നില നില്‍ക്കുന്നതല്ല.
3.മറ്റൊന്നു തുച്ഛമായ പാട്ട സംഘ്യയാണ്. ആധുനിക കാലത്തിനു യോജിച്ച പാട്ട സംഘ്യ ഏര്‍പ്പെടുത്തുക.

Tuesday 10 November 2009

ചെട്ടിയും പിള്ളയും മാവോയും

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയിട്ട് 62 വര്‍ഷങ്ങളായി. ഇത്രയും കാലം അധികാരത്തിലിരുന്ന എല്ലാ അണ്ടനും അടകോടനും മുറതെറ്റാതെ ചെയ്യുന്ന ഒരു നേര്‍ച്ചയാണ്, ആദിവാസികള്‍ക്കും ഗിരി വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി രണ്ടു തുള്ളി മുതല കണ്ണീര്‍ പൊഴിക്കുക എന്നത്. ഇപ്പോഴത്തെ അടകോടനും അത് ചെയ്തു.

ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയതി ആദിവാസികളുടെ പ്രശ്നങ്ങളേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആദിവാസി വകുപ്പ് മന്ത്രിമാരുടെയും ഒരു സമ്മേളനം നടന്നു. അവിടെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഒരു പ്രഖ്യപനം നടത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

There has been a systemic failure in giving tribals a stake in the modern economic processes. The alienation built over decades is now taking a dangerous turn. We must change our ways of dealing with tribals. We have to win the battle for their hearts. Administrative machinery in some of such areas is either weak or virtually non-existent, the heavy hand of criminal justice system has become a source of harassment and exploitation and over the years, a large number of cases have been registered against the tribals, whose traditional rights were not recognized by earlier forest laws. Systematic exploitation and social and economic abuse of our tribal communities can no longer be tolerated.
വളരെ ശക്തമായ വരികള്‍ ഇല്ലേ? പക്ഷെ അത് വെറും കാപട്യമെന്നു തിരിച്ചറിയാന്‍ എത്ര പേര്‍ക്കാകും?

2004 ല്‍ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹമൊരു പ്രസംഗത്തില്‍ പറഞ്ഞു, ഇന്‍ഡ്യയിലെ 161 ജില്ലകള്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളാണെന്ന്. ഇപ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നു 235 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ ശക്തരാണെന്ന്. സാമ്പത്തിക വളര്‍ച്ചയോടൊപ്പം ഇന്‍ഡ്യ മാവോയിസ്റ്റ് വളര്‍ച്ചയിലും മുന്നിലാണിപ്പോള്‍.
ഇന്‍ഡ്യന്‍ ധനകാര്യ വകുപ്പ് മന്ത്രിക്കസേരയിലും ​ പ്രധാനമന്ത്രിക്കസേരയിലും ഒരു ദശബ്ദത്തോളം അമര്‍ന്നിരുന്ന ഈ കാപട്യം ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണറിയപ്പെടുന്നത്. ആ വ്യക്തി ഇതുപോലെ വിലപിക്കുന്നതു കാണുമ്പോള്‍ ഇദ്ദേഹത്തിന്റെ ഊതി വീര്‍പ്പിച്ച വൈദഗ്ദ്ധ്യത്തിന്റെ മേല്‍ ഒരു കരിനിഴല്‍ വീഴുന്നു.
നക്സലൈറ്റുകളും മാവോയിസ്റ്റുകളും ‍ ഇന്‍ഡ്യയുടെ പഴുത്തൊലിക്കുന്ന വൃണം അനാവരണം ചെയ്തു. പ്രധാനമന്ത്രിക്ക് അത് കണ്ടില്ലെന്നു നടിക്കാനാകില്ല.

നവംബര്‍ അഞ്ചാം തീയതി റാഞ്ചിയില്‍, ആയിരക്കണക്കിന് ആദിവാസികള്‍ ഒരു പ്രതിക്ഷേധ പ്രകടനം നടത്തി. പക്ഷെ അത് വാര്‍ത്തയായില്ല. അവര്‍ അമ്പും വില്ലും ഉപയോഗിച്ചായിരുന്നു പ്രകടനം ​നടത്തിയിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയാകുമായിരുന്നു. അങ്ങനെ വരുന്നവര്‍ക്ക് എളുപ്പത്തില്‍ കുത്താനൊരു ചാപ്പ നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കും ഭരണ കക്ഷിയായ കോണ്‍ഗ്രസിനും ഉണ്ട്. മാവോയിസ്റ്റ് അല്ലെങ്കില്‍ നക്സല്‍.

ഝാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിയാണ്, മധു കോഡ. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു കേസുണ്ട്. കുറ്റം 4000 കോടി രൂപാ അദ്ദേഹം അനധികൃതമായി സമ്പാദിച്ചു എന്നും. കേസ് ചാര്‍ജ് ചെയ്തപ്പോഴേക്കും അദ്ദേഹം ആശുപത്രിയെ അഭയം പ്രാപിച്ചു. ആദിവാസിയായാലും അല്ലെങ്കിലും ജന പ്രതിനിധിയായാല്‍ കുറെ അധികം ആളുകള്‍ ഇതുപോലെ പണം സമ്പാദിക്കുന്നു. പണം സമ്പാദിക്കാന്‍ അറിയാത്തവര്‍ മന്‍ മോഹന്‍ സിംഗിനേപ്പോലെ ആദിവാസികള്‍ക്ക് വേണ്ടി മുതല ക്കണ്ണീര്‍ പൊഴിക്കുന്നു. മറ്റു ചില ഭീകരന്‍മാര്‍ ആദിവാസികളെ വെല്ലു വിളിക്കുന്നു. അതു പോലത്തെ ഒരു സത്വമാണ്, ഇന്‍ഡ്യയുടെ കോര്‍പ്പറേറ്റ് മാഫിയ മന്ത്രി ചിദംബരം ചെട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചിദംബരം ചെട്ടി ഒരു അത്ഭുതപ്രവര്‍ത്തിയിലൂടെ ജയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയി. അദ്ദേഹം കുറച്ചു നാളുകള്‍ക്ക് മുമ്പ് പറഞ്ഞു, മാവോയിസ്റ്റുകളും നക്സലുകളുമാണ്, ഇന്‍ഡ്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ഗോപാല്‍ കൃഷ്ണ പിള്ള കേരള കേഡറില്‍ ഉണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ അദ്ദേഹം അവിടെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണിപ്പോള്‍. അടുത്തിടെ അദ്ദേഹം ഒരു പ്രസ്താവന നടത്തി. ഇന്‍ഡ്യയിലെ മാവോയിസ്റ്റുകള്‍ക്ക് ചൈനയില്‍ നിന്നും ആയുധം കിട്ടുന്നു എന്നാണാ പ്രസ്താവന. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ്. ഇടത്തരം ആയുധങ്ങള്‍ വളരെ അധികം നിര്‍മ്മിച്ചു വില്‍ക്കുന്നവരാണു ചൈനക്കാര്‍. മവോയിസ്റ്റുകള്‍ക്ക് ആയുധം കിട്ടുന്നത് അവരില്‍ നിന്നാണെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. പക്ഷെ അതിന്, അദ്ദേഹം തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ അത് മാവോയിസ്റ്റുകളോടു ചോദിക്കണം എന്നാണദേഹം പറഞ്ഞത്.

ഇതിനു മുമ്പ് ഈ പിള്ള, ഇന്‍ഡ്യയിലെ മവോയിസ്റ്റുകള്‍ക്ക് നേപ്പാളിലെ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതിനും വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ മറ്റൊന്നു സംഭവിച്ചു. നേപ്പാളി മവോയിസ്റ്റ് നേതാവ് പ്രചണ്ധ പറഞ്ഞു, ഞങ്ങള്‍ക്ക് ഇന്‍ഡ്യയിലെ മവോയിസ്റ്റുകളുമയി യതൊരു ബന്ധവുമില്ല.

സത്യമെന്നു തോന്നിക്കുന്ന ചില ഊഹാപോഹങ്ങള്‍ പിള്ള പറഞ്ഞതിന്റെ കാരണമെന്തായിരിക്കാം? ദലൈ ലാമയുടെ തവാങ് സന്ദര്‍ശനം മാത്രമാണോ ഇതു പിന്നില്‍?

എന്താണിപ്പോള്‍ നക്സലുകളും മാവോയിസ്റ്റുകളും ചെട്ടിയുടെയും പിള്ളയുടെയുമൊക്കെ ഉറക്കം കെടുത്തുന്നത്? നാലഞ്ചു പതിറ്റണ്ടുകളായി അവര്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കേള്‍ക്കുന്ന ഒരു പല്ലവിയാണ്, ഇന്‍ഡ്യ വന്‍ശക്തിയാകാനുള്ള പേറ്റു നോവിലൂടെ കടന്നു പോകുന്നു, എന്ന്. അതിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നു, ഇനി പൊന്നു തമ്പുരാന്‍ അമേരിക്ക കനിഞ്ഞ് ആ മുദ്ര കൂടി ചാര്‍ത്തിത്തന്നാല്‍ മതി എന്നൊക്കെ ഉള്ള ഉഡായിപ്പുകളില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നതു കൊണ്ടായിരിക്കാം, ട്വിറ്റര്‍ മന്ത്രി ദിവസം ഒരു ലക്ഷം രൂപാ ചെലവഴിച്ച് ആര്‍ഭാടമായിത്തന്നെ ജീവിക്കാന്‍ ആരംഭിച്ചത്.
ചിദംബരം ചെട്ടി ഈയിടെ നാനി പാല്‍ക്കിവാല ലക്ചര്‍ നടത്തിയപ്പോള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ If the Naxalites accuse elected governments of capitalism, land grabbing, exploiting and displacing tribal people, what prevents them from winning power through elections and reversing current policies?
ചെട്ടിയേപ്പോലുള്ള പണച്ചാക്കുകള്‍ ആണെതിരാളികളെങ്കില്‍, മാവോയിസ്റ്റുകള്‍ക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പറ്റിയെന്നു വരില്ല. അത് മനസില്‍ വച്ചായിരിക്കാം ഇദ്ദേഹം മാവോയിസ്റ്റുകളെ മത്സരിച്ചു ജയിച്ച് വ്യവസ്ഥിതി മാറ്റാന്‍ വെല്ലുവിളിച്ചത്.

അദ്ദേഹം ചോദിച്ച ചോദ്യത്തിന്, ഉത്തരം തരുന്നത് നേപ്പാളാണ്. നേപ്പാളിലേപ്പോലെ മവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കുന്ന അവസ്ഥ ഇന്‍ഡ്യയില്‍ വരാവുന്ന കാലാവസ്ഥയാണ്, ചെട്ടിയും മറ്റും കൂടി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

ചിദംബരം ചെട്ടി ഇന്‍ഡ്യയിലെ ബുദ്ധിജീവി സമൂഹത്തോടൊരു ചോദ്യം ചോദിച്ചു. “Are you a Naxal Sympathizer?” ഇത് പണ്ട് ബുഷിന്റെ പ്രസിദ്ധമായ “Either you are with us or you are with them” എന്ന പ്രസ്താവനയെ ഒര്‍മ്മിപ്പിക്കുന്നു.

തമിഴ് നാട്ടിലെ ഒരു ചെട്ടിയാര്‍ രാജകുടുംബത്തില്‍ നിന്നും വരുന്ന ചിദംബരം എന്ന വക്കീല്‍, ബ്രിട്ടീഷ് ഖനന ഭീമനായ Vedaanta Resources എന്ന സ്ഥാപനത്തെയും, തകര്‍ന്ന Enron എന്ന അമേരിക്കന്‍ സ്ഥാപനത്തെയും കേസുകളില്‍ പ്രതിനിധാനം ചെയ്തിരുന്നു. Vedaanta Resources ന്റെ board of directors ല്‍ അംഗമായിരുന്ന് വര്‍ഷം 70000 ഡോളറോളം ശമ്പളമായും വാങ്ങിയിരുന്നു. ലോകം മുഴുവന്‍ ഈ സ്ഥാപനത്തിന്റെ ചെലവില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. തരം കിട്ടുമ്പേഴെല്ലാം ഇടതു പക്ഷ പ്രസ്ഥാനങ്ങളെ അവഹേളിക്കുന്നത് വിനോദമാക്കിയ ഇദ്ദേഹം നിസഹായതയില്‍ നിന്നാണതൊക്കെ പുലമ്പുന്നത് എന്നു മറ്റുള്ളവര്‍ക്ക് തോന്നാം.

പല പാര്‍ട്ടികളില്‍ അംഗമായിരുന്ന്  പല മന്ത്രിസഭകളില്‍ കഴിഞ്ഞ 25 വര്‍ഷക്കാലം മന്ത്രിയായി ഇന്‍ഡ്യ രാജ്യം ഭരിച്ചാതാണിദ്ദേഹം. ഇപ്പോള്‍ മന്‍ മോഹന്‍ സിംഗ് വിലപിക്കുന്നതിന്റെ നല്ല ഒരു പങ്ക് ഉത്തരവാദിത്തം ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ട് ഇന്‍ഡ്യയിലെ കോടീശ്വരന്‍ മാരുടെ എണ്ണം കൂടുന്നതു കൊണ്ട് കോരിത്തരിച്ച ഈ കുലാക്ക്, ധനകാര്യ മന്ത്രി കസേരയില്‍ ഇരുന്ന് അവരുടെ വളര്‍ച്ച കണ്ട് ആനന്ദിക്കുകയായിരുന്നു. അപ്പോഴൊന്നും ഇന്‍ഡ്യയിലെ പാവങ്ങളേക്കുറിച്ച് എപ്പോഴെങ്കിലും ഓര്‍ക്കാന്‍ ഇദ്ദേഹത്തിനു നിര്‍ഭാഗ്യം ഉണ്ടായില്ല. ആഭ്യന്തര മന്ത്രിയായപ്പോള്‍ ഇന്‍ഡ്യയുടെ യധാര്‍ത്ഥ ചിത്രം ഇദ്ദേഹത്തിന്, ഏകദേശം പിടി കിട്ടി. ഇന്‍ഡ്യയിലെ 14 സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളും നക്സലുകളും അവഗണികാനാകാത്ത ശക്തിയാണ്. വന്‍ ശക്തിയാകാന്‍ പോകുന്ന ഇന്‍ഡ്യയില്‍ 50% ആളുകള്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്നു എന്നൊക്കെ ലോക ബാങ്കും ഐക്യരഷ്ട്ര സഭയും പറഞ്ഞപ്പോള്‍ ഇദ്ദേഹം വിഡ്ഡിച്ചിരി ചിരിച്ചു കൊണ്ട്, ഇന്‍ഡ്യയുടെ സമ്പത്ത് ഏതൊക്കെ വിദേശികള്‍ക്ക് എഴുതിക്കൊടുക്കണം എന്നു തല പുകഞ്ഞാലോചിക്കുകയായിരുന്നു.


ചിദംബരം ചെട്ടിയും മന്‍ മോഹന്‍ സിംഗും അവഗണിച്ച മനുഷ്യരെ മാവോയിസ്റ്റുകളും നക്സലുകളും റാഞ്ചിയെടുത്തു. ചിദംബരം ചെട്ടിയുടെ ശ്രേണിയിലുള്ളവര്‍ ഈ പാവങ്ങളുടെ പ്രശ്നങ്ങളും കൂടി കാണാനും അവ പരിഹരിക്കാനും ശ്രമിച്ചിരുന്നെങ്കില്‍ ഒരു മാവോയിസ്റ്റും ഇവരെ വശത്താക്കുമായിരുന്നില്ല.

അറിയപ്പെടുന്ന അമേരിക്കന്‍ ഭക്തന്‍മാരൊക്കെ ആണയിട്ടു പറയുന്നു, ചൈനയാണ്, ഇന്‍ഡ്യയുടെ മുഖ്യ ശത്രു എന്ന്. അതുകൊണ്ട് ഇന്‍ഡ്യ അമേരിക്കയോടടുക്കണം. മറ്റൊരു ഭക്തന്‍ പറഞ്ഞത് അമേരിക്ക പാകിസ്ഥാനെ ആക്രമിച്ച് ഇന്‍ഡ്യയുടെ വലിയ ഒരു പ്രശ്നം പരിഹരിക്കുമെന്നാണ്. സംഘപരിവാറിന്, മുസ്ലിം തീവ്രവാദികളാണ്, ഇന്‍ഡ്യയുടെ വലിയ പ്രശ്നം. ചൈന രണ്ടാമത്തെ പ്രശ്നം മാത്രം. കോണ്‍ഗ്രസുകാര്‍ക്ക് ചൈനയാണു പ്രശ്നം. രണ്ടുകൂട്ടരും പ്രശ്നം പരിഹരിക്കാന്‍ അമേരിക്കയുടെ നേരെയാണു നോക്കുന്നത്.

ചെട്ടിയും പിള്ളയും പേടിക്കുന്ന ഈ മാവോയിസ്റ്റുകള്‍ ഏതെങ്കിലും മത തീവ്രവാദികളല്ല. അവര്‍ പെട്ടെന്ന് ഉണ്ടായി വന്നതുമല്ല. പതിറ്റാണ്ടുകളായി അവര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ഇടയിലാണ്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്, നക്സലുകളും മാവോയിസ്റ്റുകളും സമരം നടത്തുന്നതും. മമത ബാനര്‍ജി നന്ദിഗ്രാമിലും സിംഗൂരും ഇവരോടൊത്താണു സായുധ സമരം ചെയ്തത്.

ഇങ്ങനെയുള്ള മവോയിസ്റ്റുകളെ എതിര്‍ക്കേണ്ടതെങ്ങനെ എന്നും അദ്ദേഹം അരുളിച്ചെയ്തു. കരസേനയും വായുസേനയും ഈ മാവോയിസ്റ്റുകളെ നേരിടണം.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്ര സേന. നേതാക്കളെ സംരക്ഷിക്കാന്‍ കരിമ്പൂച്ചകള്‍. സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ കൊന്നൊടുക്കാന്‍ പട്ടാളവും വായു സേനയും. സാധാരണ മനുഷ്യരെ സംരക്ഷിക്കാനോ?

ഉദാരവത്കരണം, അഗോളവത്കരണം, വ്യവസായ വത്കരണം, സമ്പത്തിക വളര്‍ച്ച തുടങ്ങിയ കോര്‍പ്പറേറ്റ് ഉഡായിപ്പുകള്‍ക്കപ്പുറം ഇന്‍ഡ്യ ഇന്നും പിന്നാക്കാവസ്ഥയിലാണ്. പ്രത്യേകിച്ചും നാട്ടുമ്പുറങ്ങളില്‍. ആദിവാസി മേഖലകള്‍‍ തികച്ചും ശോചനീയം തന്നെ.

മലേറിയ എന്ന അസുഖത്തെ പ്രതിരോധിക്കാന്‍ കയ്യില്‍ ഖ്യുനിന്‍ ഗുളികയും ഡെറ്റോളും കൊണ്ടു നടക്കുന്ന ചത്തീസ്ഘറിലെ ആദിവാസി മാവോയിസ്റ്റാണ്, ഇന്‍ഡ്യന്‍ പോലീസിന്റെ ഭാഷയില്‍. മാവോയിസ്റ്റുകളെ വിളിക്കാന്‍ ചിദംബരം ചെട്ടി ഉപയോഗിക്കുന്ന വാക്കുകള്‍ Bandits എന്നും Criminals എന്നുമാണ്.

ഇതിനു മുമ്പും നക്സലുകള്‍ ആളുകളുടെ തല വെട്ടുകയും, വാഹനങ്ങളും സ്ഥാപനങ്ങളും ബോംബ് വച്ച് തകര്‍ക്കുകയും, ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ബന്ദികളാക്കുകയും, വധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ്, പെട്ടെന്ന് നക്സലുകള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെ ചര്‍ച്ചാ വിഷയം ആയി?

ഇതു വരെ ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും ആരും കാണിച്ചില്ല. രാജീവ് ഗാന്ധിയുടെ ഇഷ്ടക്കാരന്‍ എന്ന ലേബലില്‍ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടീലിന്, ദിവസം നാലുനേരം വസ്ത്രം മാറുന്നതൊഴിച്ച് ഭരണം നടത്താനുള്ള ശേഷിയില്ലായിരുന്നു. അദ്ദേഹത്തെ നീക്കേണ്ടി വന്നപ്പോള്‍ ഒരു കാവ്യ നീതി പോലെ ആ മുള്‍ കിരീടം ചിദംബരം ചെട്ടിയുടെ തലയിലാണു പതിച്ചത്. വ്യവസായ ലോബിക്ക് ഇന്‍ഡ്യയുടെ സ്വത്തുക്കള്‍ തീറെഴുതി കൊടുക്കുന്നതുപോലെ എളുപ്പമല്ല ക്രമ സമാധാനം നിയന്ത്രിക്കുന്നതെന്ന് ഇപ്പോള്‍ ചെട്ടി ശരിക്കും മനസിലാക്കി. അതിന്റെ പരിണിത ഫലമാണ്, വിദേശ ഹസ്തം, ചൈന, നേപ്പാള്‍, ആയുധ സഹായം, ദേശ ദ്രോഹം, അക്രമം വികസനം, വന്‍ ശക്തി തുടങ്ങിയ പുലമ്പലുകള്‍. സംഘപരിവാരിനും കോണ്‍ഗ്രസിനും മറ്റെല്ലാ കമ്യൂണിസ്റ്റു വിരോധികള്‍ക്കും പെട്ടെന്നു ദഹിക്കുന്നതാണു ചൈന എന്ന ദിവ്യ ഔഷധം.

നക്സലുകളെ അടിച്ചമര്‍ത്തിയാലൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ല. അതിന്റെ കാരണം, ചെട്ടിയും പിള്ളയും മറ്റസംഘ്യം ചെട്ടിമാരും പിള്ളമാരും പ്രശ്നമെന്താണെന്ന് മനസിലാക്കിയിട്ടും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. ഭരണ യന്ത്രത്തിന്റെ ദയനീയ പരാജയമാണതു കാണിക്കുന്നത്. ഉയര്‍ന്ന തലം മുതല്‍ താഴെ തലം വരെ രാഷ്ട്രീയക്കാര്‍ വികസനത്തിനു ചെലവാക്കേണ്ട പണം തട്ടിയെടുക്കുന്നു. അതിന്റെ ഫലം ദാരിദ്ര്യം , തൊഴിലില്ലായ്മ, പരിസര മലിനീകരണം , രോഗങ്ങള്‍ , ആരോഗ്യ ശോഷണം , വിദ്യാഭ്യാസ നിഷേധം, കൃഷിഭൂമി ബലമായി വികസനം എന്ന ലേബലില്‍ കയ്യടക്കല്‍, കാടുകള്‍ വെട്ടി നശിപ്പിക്കല്‍, നദികളെ നശിപ്പിക്കല്‍ തുടങ്ങിയവയൊക്കെയാണ്. ഇതിനൊക്കെ ആക്കം കൂട്ടികൊണ്ട് ആഗോള വത്കരണം. ഇതെല്ലാം ചെട്ടിക്ക് അറിയാം. മന്‍ മോഹന്‍ സിംഗിനു വളരെ നന്നായി അറിയാം. പക്ഷെ ഇന്‍ഡ്യയിലെ ജന സാമാന്യത്തോടു പറയാനാകുമോ? ഇല്ല. അതിനു പിന്നില്‍ മറ്റൊരു കാരണമുണ്ട്. ഇവര്‍ രണ്ടുപേരും കോര്‍പ്പറേറ്റ് ലോബിയുടെ പിണിയാളുകളാണ്. കോര്‍പ്പറേറ്റ് ലോബിയുടെ കണ്ണുകള്‍ Red Corridor എന്നറിയപ്പെടുന്ന സ്ഥലങ്ങളിലുള്ള വിഭവങ്ങളിലാണ്. പല ബഹുരാഷ്ട്ര കുത്തകകളുമായി ഈ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള കരാറുകളുടെ ധാരണാപത്രം തയ്യാറായിക്കഴിഞ്ഞു.

ഇതിന്റെയൊക്കെ പെരുമ്പറയാണ്, മന്‍ മോഹന്റെ മുതലക്കണ്ണീരും ചെട്ടിയുടെയും പിള്ളയുടെയും ഉദീരണങ്ങളും. മാവോ എന്ന പേരുണ്ടായാല്‍ ചൈനയെ വലിച്ചിഴക്കാന്‍ വളരെ എളുപ്പമാണ്. നേപ്പാളിലെ മാവോയിസ്റ്റു പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇതിനു നല്ല വിപണനമൂല്യം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ആദിവാസികളെ നക്സലുകളായി ചിത്രീകരിച്ചാല്‍ സംഗതി കുറച്ചു കൂടെ എളുപ്പമാകും. ഒരു വെടിക്ക് രണ്ടു പക്ഷികള്‍. ചൈന ആയുധം നല്‍കുന്ന, നേപ്പാളിലെ മവോയിസ്റ്റുകളുമായി ബന്ധമുള്ള, ചൈനയുടെ നേതാവായ മാവോയുടെ പേരിലുള്ള ഈ ദേശ ദ്രോഹ പരിഷകളെ കരസേനയുടെയും വായുസേനയുടെയും സഹായത്തോടെ അടിച്ചമര്‍ത്തുക. Collateral Damage എന്ന കോര്‍പ്പറേറ്റ് ഓമനപ്പേരില്‍ ആദിവാസികളെ കൊന്നൊടുക്കാം. ബാക്കിയുള്ളവര്‍ ഒഴിഞ്ഞു പോകുകയും ചെയ്യും.   ആദിവാസികള്‍ ഒഴിഞ്ഞുപോയാല്‍ പിന്നെ ധാതു സമ്പുഷ്ടമായ വന മേഖലകള്‍ ഏത് വിദേശിക്കും എഴുതിക്കൊടുക്കാമല്ലോ.

ക്രിസ്തുമതം സ്വീകരിക്കുന്ന ആദിവാസികളെ സംഘപരിവാര്‍ വളരെ മുമ്പേ നക്സലുകളായി ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയുടെ ആഭ്യന്ത്രമന്ത്രി തന്നെ അവരെ നക്സലുകളാക്കാന്‍ ശ്രമിക്കുന്നു, കോര്‍പ്പറേറ്റ് മാഫിയക്കു വേണ്ടി.

ചെട്ടിമാരുടെയും പിള്ളമാരുടെയും ബുദ്ധി അപാരം തന്നെ.

Thursday 5 November 2009

യക്ഷി

നാലാം ക്ളാസുവരെ ഗ്രാമത്തിലെ സ്കൂളിലാണു പഠിച്ചത്. പിന്നീട് പട്ടണത്തിലെ ഇംഗ്ളീഷ് മീഡിയം സ്കൂളിലായി പഠനം. വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്നിട്ടു വേണം ബസില്‍ കയറി പോകാന്‍. ബസ് സ്റ്റാന്റിലിറങ്ങി ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ സ്കൂളിലെത്താം. പാടത്തിന്റെ വരമ്പില്‍ കൂടി നടന്നു പോകുന്നത് രസകരം തന്നെയായിരുന്നു. സമപ്രായക്കാരും മുതിര്‍ന്നവരും ആയ  കുറച്ചു കൂട്ടുകാരും ഒക്കെയായി ജീവിതത്തിലെ നല്ല ഒരു കാലം.
 
പോകുന്ന വഴിക്ക് രണ്ട് അമ്പലങ്ങളുണ്ട്. അല്പം ഉയര്‍ന്നിടത്ത് ഒരു വലിയ അമ്പലം. അതിനു ചുറ്റും കുറെ മരങ്ങളുമുണ്ട്. ആലും പനയും പാലയുമൊക്കെയായി ഒരു ചെറിയ വനം തന്നെ. താഴെ ചെറിയ അമ്പലം. ചെറിയ ഒരു ആലും കുറെ കുറ്റിച്ചെടികളും. അതിനു ചുറ്റും പാടവും ഒക്കെയായി.

മുതിര്‍ന്ന കൂട്ടുകാര്‍ പല കഥകളും പറയും. കൂട്ടത്തില്‍ ലത എന്നു  പേരുള്ള ചേച്ചിയുടെ ഇഷ്ടകഥകള്‍ ഭൂതത്തെയും പ്രേതത്തേയും പിശാചിനേയം ​കുറിച്ചായിരുന്നു.
 
ലത ചേച്ചിയാണു ആ രണ്ടമ്പലങ്ങളെയും ചുറ്റിപ്പറ്റിയുള്ള വലിയ ഒരു രഹസ്യം പറഞ്ഞു തന്നത്. സൂര്യോദയത്തിനും അസ്തമയത്തിനും അടുപ്പിച്ചുള്ള സമയത്ത്  മുകളിലെ അമ്പലത്തില്‍ നിന്നും ഒരു യക്ഷി താഴെ അമ്പലത്തിലേക്ക് സഞ്ചാരം നടത്താറുണ്ടെന്ന ഒരു രഹസ്യം ഇങ്ങനെ ആണു ഞാന്‍ അറിഞ്ഞത്. പീന്നീടുള്ള ദിവസങ്ങളില്‍ ഇരുട്ടാവുന്നതിനു മുമ്പ് അമ്പലം കടന്നു പോകുക എന്നതായിരുന്നു എന്നും സ്കൂള്‍ വിട്ടു വരുമ്പോഴുള്ള ചിന്ത. 5 മണിക്ക് മുമ്പുള്ള ബസില്‍ പട്ടണത്തില്‍ നിന്നും പോന്നാലേ 6 മണിക്കു മുമ്പെങ്കിലും അമ്പലങ്ങള്‍ കടന്നു പോകാനാകൂ.
 
തുലാവര്‍ഷക്കാലത്തെ ഒരു വൈകുന്നേരം ബസ് കിട്ടാന്‍ അല്‍പ്പം താമസിച്ചു പോയി. ബസിറങ്ങുമ്പോള്‍ ആകാശം മൂടിക്കെട്ടിയും ചെറുതായി ചാറ്റല്‍ മഴ പെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്കിടെ ഇടിമിന്നലും. ബസിറങ്ങുന്നതിനു മുന്നേ യക്ഷിയേക്കുറിച്ചുള്ള ചിന്തയായിരുന്നു മാനസു നിറയെ. കൂടെ ഒന്നുരണ്ടുപേരുണ്ടായിരുന്നെങ്കിലും അമ്പലം കടക്കുന്നതിനു മുന്നേ അവരൊക്കെ പലവഴി പിരിഞ്ഞു പോയി. ചെറിയ പേടി മനസിനെ പിടികൂടുന്നത് മുഖത്തും പ്രതിഫലിച്ചിരിക്കാം.
 
ധൈര്യം സംഭരിച്ചു മുന്നോട്ടു നീങ്ങി. വരമ്പത്തു കൂടെ നടക്കുമ്പോള്‍ ആരുടെയോ കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നപോലെ. കാല്‍ പ്പെരുമാറ്റമാണോ അതോ ചിലങ്കയുടെ ശബ്ദമോ. തിരിഞ്ഞു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. പെട്ടെന്ന് ലതചേച്ചിയുടെ വാക്കുകള്‍ മിന്നല്‍ പിണര്‍ പോലെ മനസിലൂടെ പാഞ്ഞു പോയി. യക്ഷികള്‍ കാറ്റായും ശബ്ദമായും നിഴലായുമൊക്കെ സഞ്ചരിക്കും. പെരുവിരലില്‍ നിന്നും ഒരു വിറയല്‍ മുകളിലോട്ട് അരിച്ചു കേറി. വരമ്പിനരികില്‍ കൂടി ഒഴുകുന്ന തോട്ടിലിറങ്ങി നടന്നു, കുറച്ചുകൂടെ ധൈര്യം കിട്ടാന്‍.
 
കാലുകള്‍ അമര്‍ത്തി ചവിട്ടി കൂടുതല്‍ ശബ്ദമുണ്ടാക്കി മുന്നോട്ടു നീങ്ങി. പിന്നില്‍ യക്ഷിയുടെ വരവും വേഗത്തിലാകുന്നതു പോലെ തോന്നി. കൈകാലുകള്‍ കുഴയുന്നു. ഒരു മത്സരത്തില്‍ യക്ഷിയെ ജയിക്കാനുള്ള സാധ്യത മങ്ങുന്ന പോലെ. യക്ഷി ഇപ്പോള്‍ പിടിക്കുമെന്ന നില. ഒരടി മുന്നോട്ടു നീങ്ങാനുള്ള ശക്തിയില്ലാത്ത പോലെ. പെട്ടെന്ന് പിന്നിലൊരു ശബ്ദം ബ് ദ്ധും!!. യക്ഷി പിടിച്ചു കഴിഞ്ഞു.
 
നാളെ പല്ലും മുടിയും നഖങ്ങളും ഏതെങ്കിലും പാലയുടെയോ ആലിന്റെയോ ചുവട്ടില്‍ കിടക്കും. ഇനി അനിവര്യമായ വിധിക്കു കീഴടങ്ങുക തന്നെ. കാലുകള്‍ തളര്‍ന്നു കുഴഞ്ഞു വീണതോര്‍മ്മയുണ്ട്. ബോധം തിരിച്ചു കിട്ടുമ്പോള്‍ ആരോ പിടിച്ചെഴുനേല്‍പ്പിക്കുന്നു. വസ്ത്രങ്ങളും പുസ്തകക്കെട്ടും നനഞ്ഞു കുതിര്‍ന്നു. നിറഞ്ഞിരുന്ന കണ്ണുകളിലൂടെ കണ്ടു, മുന്നില്‍ നില്‍ക്കുന്നത് പരിചയമുള്ള ശിവരാമന്‍ നായരാണെന്ന്. അദ്ദേഹം എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു. ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. അദ്ദേഹം വരമ്പത്തു നിറുത്തി നനജ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞു കളഞ്ഞു. തലമുടിയില്‍ നിന്നും വെള്ളം തുടച്ചു കളഞ്ഞു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് തല തുവര്‍ത്തി.

"പേടിച്ചു പോയോ?
ഞാന്‍ വീട്ടില്‍ കൊണ്ടുപോയാക്കാം".

ആ രണ്ടു വാചകങ്ങള്‍ ഓര്‍ക്കുന്നുണ്ട്.

കൂടെ നടക്കുമ്പോള്‍ അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു.

"ആണ്‍കുട്ടികളായാല്‍ കുറച്ചു കൂടെ ധൈര്യമൊക്കെ വേണ്ടേ.
ഒരു വാഴ വെട്ടിയിടുന്ന ശബ്ദം കേട്ട് പേടിക്കാമോ!!!.

ഉള്ളാലെ ചെറുതായി ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ തലയും താഴ്ത്തി നടന്നു. വാഴയല്ല യക്ഷിയാണെന്നു പറയാന്‍ അഭിമാനം അനുവദിച്ചില്ല.