Monday, 20 July 2009

രാജ്യസ്നേഹവും പാര്‍ട്ടി അച്ചടക്കവും
സഖാവ് വി എസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്ക നടപടിയാണ്, മാധ്യമങ്ങളെല്ലാം കുറെ ദിവസമായി ചര്‍ച്ച ചെയ്യുന്നത്. ഇതിനു മുമ്പ് വി എസിനെ അനൂകൂലിച്ച് വളരെ ചുരുക്കം പേരെ ബ്ളോഗുകളില്‍ എഴുതിയിരുന്നുള്ളു. എതിര്‍ത്ത് എഴുതാന്‍ വളരെപ്പേര്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊള്‍ വളരെയധികം പേര്‍ വി എസിന്റെ ഭാഗത്താണു ശരി എന്ന അഭിപ്രായം തുറന്നു പറയുന്നുണ്ട്. വി എസിനെ അധിക്ഷേപിച്ചു കൊണ്ട് എഴുതപ്പെട്ട
"സ: വി.എസ് താങ്കള്‍ക്കെന്തു പറ്റി?".എന്ന ലേഖനത്തില്‍ വി എസിനെ ആക്ഷേപിക്കാന്‍ പറയുന്ന ഒരു അച്ചടക്ക നടപടിയുടെ കാര്യമുണ്ട്. അതിതാണ്.ഇന്‍ഡ്യാ -ചൈന യുദ്ധകാലത്ത് “ചൈനീസ് ചാരന്മാര്‍ “ എന്നാക്ഷേപിച്ച് ഇന്ദിരാഗാന്ധി സി.പി.എം നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍, അന്നു യുദ്ധത്തിലുണ്ടായിരുന്ന പട്ടാളക്കാര്‍ ക്ക് രക്തദാനം എന്ന ആശയവുമായി താങ്കള്‍ ജയിലിനുള്ളില്‍ പ്രവര്‍ത്തിച്ചെന്ന് മനസ്സിലാകുന്നത്. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്ന പ്രവണത അന്നേ താങ്കള്‍ ക്കുണ്ടായിരുന്നുവെന്നല്ലേ ഇതില്‍ നിന്നു മനസ്സില്ലാക്കേണ്ടത്.അന്നു അതിനു പാര്‍ട്ടി നടപടി മൂലം താങ്കള്‍ സെന്‍ ട്രല്‍ കമ്മിറ്റിയില്‍ നിന്നും കൂപ്പുകുത്തി ബ്രാഞ്ച് കമ്മിറ്റിയില്‍ എത്തി.ഈ പ്രസ്താവനയില്‍ ചില പിശകളും അതിലേറെ വളരെ ഗൌരവമേറിയതുമായ ഒരു ധാര്‍മ്മിക പ്രശ്നവുമുണ്ട്.

ഇതില്‍ യാധാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുന്നു. ഇന്‍ഡ്യ ചൈന യുദ്ധം നടന്നത് 1962 ല്‍ ആയിരുന്നു. അന്ന് ഇന്ദിര ഗാന്ധി, സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. യുദ്ധകാലത്ത് ഇന്ദിരാ ഗാന്ധി ആരെയും ജയിലിലടച്ചിട്ടില്ല. 1964 ല്‍ ആണ്, അവര്‍ ആദ്യമായി ഒരു മന്ത്രിയാകുന്നതു തന്നെ. നെഹ്രുവിന്റെ മരണശേഷം അധികാരം ഏറ്റെടുത്ത ശാസ്ത്രിയുടെ സര്‍ക്കാരില്‍ അവര്‍ വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പു മന്ത്രിയായി. 1966 ല്‍ ശാസ്ത്രി മരിച്ചപ്പോഴാണ്, ഇന്ദിര ഇന്‍ഡ്യയുടെ പ്രാധാനമന്ത്രിയായത്. ഇന്ദിരാ ഗന്ധി കമ്യൂണിസ്റ്റുകാരെ ജയിലലടച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. ഇന്ദിരാ ഗാന്ധിയുടെ ലോക്കല്‍ ഏജന്റ് കരുണാകരന്‍ പിണറായി വിജയനെ അടിയന്താവസ്ഥക്കാലത്ത് ജയിലടച്ച് തല്ലിച്ചതച്ചിരുന്നു. അന്നത്തെ രക്തം പുരണ്ട ഷര്‍ട്ടിന്റെ കഥ ഇപ്പോഴും ഭക്തര്‍ പാടിനടക്കുന്നുണ്ട്. ഡി ഐ സിയായും, എന്‍ സി പി ആയും വേഷം മാറിവന്ന കരുണാകരനെ സഖ്യകക്ഷിയാക്കാന്‍ പിണറായി അനുഷ്ടിച്ച ത്യഗങ്ങളൊക്കെ ഈ രക്തത്തിനുള്ള ഉപകാരസ്മരണയായി കേരളീയര്‍ എന്നേ വരവു വച്ചു.

ഈ അച്ചടക്ക നടപടി ഇപ്പോള്‍ പരാമര്‍‍ശിച്ചത് ഉചിതമായി. ഇതേക്കുറിച്ച് കേള്‍ക്കുന്ന ഏത് ഇന്‍ഡ്യക്കാരനും, വി എസിനെ ദേശ സ്നേഹിയായി വാഴ്ത്തും. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുത്ത പാര്‍ട്ടി നേതാക്കളെ ദേശദ്രോഹികളായും മുദ്രകുത്തും. വളരാനുള്ള എല്ലാ കാലവസ്ഥയുണ്ടായിട്ടും, പാര്‍ട്ടി എന്തു കൊണ്ട് വളര്‍ന്നില്ല എന്നതിന്റെ തെളിവാണ്, ഈ അച്ചടക്ക നടപടിയുടെ പിന്നാമ്പുറം. രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ രാജ്യത്തോടൊപ്പം നില്‍ക്കാത്തവരെ, ഒരു സമൂഹവും അംഗീകരിക്കില്ല. അതിന്‌ ഏതു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടായാലും. ലാവലിന്‍ കേസിലും നടന്നത് അത് തന്നെയാണ്. ഇന്‍ഡ്യന്‍ ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ ക്രമക്കേടാണത്. സി ബി ഐ അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചതും. അത് തീര്‍പ്പാക്കേണ്ടത്, ഏതെങ്കിലും പാര്‍ട്ടി വേദികളിലല്ല. അതിനു വ്യവസ്ഥാപിതമായ ഒരു സംവിധാനമുണ്ട് ഇന്‍ഡ്യയില്‍. പിണറായി വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് പാര്‍ട്ടി തീരുമാനിച്ചാലൊന്നും അത് ജനങ്ങളും നിയമവ്യവസ്ഥയും അംഗീകരിക്കില്ല. വി എസ് ആ സംവിധാനത്തിലൂടെ പോകണമെന്നേ പറഞ്ഞുള്ളു. അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വി എസിനു കിട്ടുന്ന പിന്തുണ, ജനം എങ്ങനെ ഇതിനെ കാണുന്നു എന്നതിനു തെളിവാണ്. ബഹുഭൂരിപക്ഷം ബ്ളോഗുകളിലുമുള്ള അഭിപ്രായം വി എസിനനുകുലമായതും, വി എസിന്റെ ഭാഗത്താണു ശരി എന്നതിനു തെളിവാണ്. ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് ജനങ്ങളാണോ എന്നു ചോദിച്ചാല്‍, ജനാധിപത്യത്തില്‍ പരിധി വരെ അതെ, എന്നാണുത്തരം.

പാര്‍ട്ടി ആക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്നാണല്ലോ പിണറായി വിജയനും കൂട്ടരും നാഴികക്കു നാല്‍പ്പത് വട്ടം ഉത്ബോധിപ്പിക്കുന്നത്. രാജ്യം ആക്രമിക്കപ്പെട്ടപ്പോള്‍ രാജ്യത്തോടോപ്പം നിന്നവരെ ശിക്ഷിക്കുന്ന മഹാത്ഭുതം, കമ്യൂണിസ്റ്റുപാര്‍ട്ടിയിലല്ലാതെ വേറെ എവിടെയാണു കണ്ടെത്താനാകുക?

62ല്‍ പാര്‍ട്ടിയില്‍ ഉണ്ടായതിനു സമാനമായതാണ്, ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. വി എസ് കുറേക്കാലമായി പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അച്ചടക്കമെന്ന ആയുധപ്രയോഗത്തിലൂടെ അടക്കി നിര്‍ത്തിയതിലൂടെ ഉണ്ടായതാണ് ഇന്നത്തെ പ്രതിസന്ധി. ഇത് ഇത്രയാക്കി വര്‍ദ്ധിപ്പിച്ചതില്‍ കാരാട്ടിനും വലിയ പങ്കുണ്ട്. ലാവലിന്‍ കേസാണ്, ഇതില്‍ ഏറ്റവും ഗുരുതരം. ഈ വിഷയത്തില്‍ ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടിക്ക് വ്യക്തമായ ഒരു തീരുമാനം എടുക്കേണ്ടി വരും. നേതാക്കള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കിയ ഒരു പാര്‍ട്ടി തീരുമാനത്തെ പിന്നീട് തള്ളിപ്പറയുന്നതിന് തുല്യമായിരിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തുന്ന ചിന്ത. തെറ്റ് സംഭവിച്ചത് പിണറായിക്കല്ലെന്നും പാര്‍ട്ടിക്കാണെന്നും പരസ്യ സമ്മതം നടത്തേണ്ടിവരുമെന്ന പേടിയാണ്‌ കാരാട്ടിനും മറ്റു ചിലര്‍ക്കും. അത് ഒരു തെറ്റിദ്ധാരണകൊണ്ടുള്ള നിലപാടാണ്. ലാവലിന്‍ കരാര്‍ അഴിമതിയിലൂടെ നടപ്പാക്കണമെന്ന് പാര്‍ട്ടി പിണറായിയോട് നിര്‍ദ്ദേശിച്ചിരുന്നില്ല. കരാര്‍ നടപ്പിലാക്കിയപ്പോള്‍ ചില വീഴ്ചകള്‍ സംഭവിച്ചു. അതിന്റെ ഉത്തരവാദിത്തം അത് നടപ്പിലാക്കിയ വ്യക്തികള്‍ക്കാണെന്ന തിരിച്ചറിവ്, പാര്‍ട്ടിക്കില്ലാതെ പോയി. അതുകൊണ്ടുതന്നെ, ലാവലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, അറിഞ്ഞതെല്ലാം പൂര്‍ണമാണെന്ന വിലയിരുത്തലാണ്, കാരാട്ട് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ്, പിണറായിയെ കുറ്റവിമുക്തനാക്കിയുള്ള തീര്‍പ്പ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. ഇവിടെ കാരാട്ടൊക്കെ വളരെ ആപത്ക്കരമായ ഒരു നിലപാടിലേക്ക് മാറുന്നു. പിണറായി തെറ്റു ചെയ്തോ എന്നു തീരുമാനിക്കേണ്ടത്, കോടതിയല്ല പാര്‍ട്ടിയണെന്ന പുതിയ ഒരു നിലപാടാണത്. നാളെ മറ്റു പാര്‍ട്ടികളും ഇതാവര്‍ത്തിച്ചാല്‍, അത്ഭുതപ്പെടേണ്ടതില്ല. തിരുത്തപ്പെടേണ്ടത് പാര്‍ട്ടിയാകയാല്‍ അതിന് തുനിഞ്ഞില്ല. മാത്രമല്ല, അഴിമതി ആരോപിതനായ വ്യക്തിപോലും സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഇത് കേന്ദ്രീകൃത ജനാധിപത്യവും ലെനിനിസ്റ്റ് സംഘടനാരീതിയും അനുവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാധകമായിരിക്കാം. എന്നാല്‍ പാര്‍ട്ടിഭരണഘടനക്ക് പുറത്ത് കഴിയുന്നവര്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല.

പിണറായി വിജയന്‍ നേതാവായ ശേഷം ഒരു ബഹുജനസമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. കാരാട്ടിന്റെ അവസ്ഥയും മറ്റൊന്നല്ല. അത് ബഹുജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടല്ല. അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.

പൊതുസമൂഹത്തിന്റെ താഴെത്തട്ടിലുള്ള ദാരിദ്യം, ഭൂമി, പരിസ്ഥിതി, സ്ത്രീത്വം, ദലിത് മുന്നേറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ, വര്‍ഗപരമായി പ്രതിനിധാനം ചെയ്യേണ്ട ബഹുഭൂരിപക്ഷം ജനതയുടെ ഒരുപ്രശ്നം പോലും പിണറായി വിജയന്‍ നേതാവായ ശേഷം സി പി എം ഏറ്റെടുത്തില്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ നിന്നു തന്നെ മാറിപ്പോയി. എങ്ങനെയും കുറച്ച് സീറ്റു നേടുക എന്നതായി മാറി പാര്‍ട്ടി ലക്ഷ്യം. ഭൂമി കയ്യേറ്റം, അഴിമതി, ലൈംഗിക പീഢനം, നെല്‍ വയല്‍ നികത്തല്‍ തുടങ്ങിയ സമൂഹിക പ്രശ്നങ്ങള്‍ ഒറ്റക്ക് വി എസ് ഏറ്റെടുത്തു. അതിനു പിന്നില്‍ ബഹുജനങ്ങളെ അണിനിരത്തേണ്ടതായി പാര്‍ട്ടിക്കു തോന്നിയില്ല. വി എസിനു ഇവയെല്ലാം ജനപ്രിയത നേടിക്കൊടുത്തു എന്നു മനസിലായപ്പോള്‍, അതിന്റെ പങ്ക് അവകാശപ്പെടാന്‍ പാര്‍ട്ടി ശ്രമിച്ചു എന്നത് നേരാണ്. വി എസ് ഇവയിലൊക്കെ സജീവമായി ഇടപെട്ടപ്പോള്‍, പാര്‍ട്ടി നേതാക്കള്‍ മുതലാളിത്തത്തിന്റെ ഇതുവരെ എതിര്‍ത്ത കനികള്‍ ആസ്വദിക്കാന്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ അനുഭവിക്കുക മാത്രമല്ല, അവയുടെ നടത്തിപ്പുകാരായി ചില നേതാക്കള്‍ മാറി. ഇവിടെയും നിന്നില്ല, കള്ളപ്പണക്കാരും, കൊള്ളപ്പലിശക്കാരും, ഭൂമാഫിയക്കാരും, കള്ളവാറ്റുകാരും, വലിയ തൊഴിലുടമകളും, പാര്‍ട്ടി വേദികളില്‍ സ്വീകാര്യരും ബഹുമാനിതരും ആയി. ഇതിനെതിരെ ഉയര്‍ന്ന ശബ്ദം വി എസിന്റേതു മാത്രമായിരുന്നു.

പിണറായി വിജയന്‍ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത് സി പി എമ്മിലെ അഴിമതി ആരോപിതനായ ആദ്യ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലായിരിക്കും. സി പി എമ്മിലെ രേഖകള്‍ സി പി എം കാരേ മറിച്ചു നോക്കൂ. കോടതി രേഖകള്‍ എല്ലാ തലമുറയും മറിച്ചു നോക്കും. അവിടെ അവര്‍ക്ക് കിട്ടുന്ന സത്യം ഇപ്പോള്‍ പിണറായിയും കാരാട്ടും പ്രചരിപ്പിക്കുന്നതാവില്ല.

വി എസ് എന്ന വ്യക്തി ഇല്ലായിരുന്നെങ്കില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ആരും ഉന്നയിക്കില്ലായിരുന്നു. പി ബിയില്‍ ചേരി തിരിവുണ്ടായതും ഈ പ്രശ്നത്തിന്റെ പ്രാധാന്യം കാരണമാണ്. അച്ചടക്ക നടപടി നേരിട്ടും, വി എസിന്‌ അത് ചെയ്തു എന്നതാണ്‌ ഇതിന്റെ കേന്ദ്ര ബിന്ദു. വി എസിനല്ലാതെ വേറെ ആര്‍ക്ക് ഇത് ചെയ്യാനാകും? അതിഷ്ടപ്പെടാത്തവര്‍ ഇപ്പോഴും വി എസ് നേരിട്ട അച്ചടക്കനടപടികളുടെ ചരിത്രം തിരയും.

സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി അഴിമതി ആരോപണത്തിന് വിധേയനായ പോളിറ്റ് ബ്യൂറോ അംഗത്തെ സംരക്ഷിക്കുന്നതില്‍ കാരാട്ട് കാണിച്ച അമിത താല്‍പര്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കാരാട്ട് പിണറായി വിജയനനുകൂലമായ നിലപാട് കൈക്കൊള്ളാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ദേശാഭിമാനി എഡിറ്റര്‍ സ്ഥാനത്തുനിന്ന് വി.എസ്സിനെ പുറത്താക്കിയപ്പോഴും, വിജിലന്‍സ് വകുപ്പ് കൈവശം വെക്കാനുള്ള മുഖ്യമന്ത്രി വി.എസ്സിന്റെ തീരുമാനം തട്ടിത്തെറിപ്പിച്ചപ്പോഴും, മുഖ്യമന്ത്രിക്ക് പുല്ലുവില കല്‍പ്പിച്ച് മന്ത്രിമാര്‍ രംഗത്തിറങ്ങിയപ്പോഴും, പാര്‍ട്ടിപത്രവും കൈരളി ചാനലുമുപയോഗിച്ച് വി എസിനെ നിരന്തരം അധിക്ഷേപിച്ചപ്പോഴും, ബ്രാഞ്ചു മുതല്‍ സംസ്ഥാന സമിതി വരെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിഷേധിച്ചപ്പോഴും പി.ബി.യോ കാരാട്ടോ അനങ്ങിയില്ല. ജയരാജന്‍മാരും, സുധാകരനും, കരീമും ഒക്കെ, വി എസിനെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയും ഉപമകളിലൂടെയും അവഹേളിച്ചപ്പോഴും, കാരാട്ട് കണ്ടില്ലെന്നു നടിച്ചു. അഴിമതി സ്വജന പക്ഷപാതം, ദൂര്‍ത്ത്, ആര്‍ഭാടജീവിതം തുടങ്ങി കമ്യൂണിസ്റ്റുകാര്‍ക്ക് ചേരാത്ത നടപടികള്‍, പാര്‍ട്ടിയില്‍ അടിമുടി നിറഞ്ഞപ്പോഴും, അതൊക്കെ കാണാനുള്ള കണ്ണ്‌ കാരാട്ടിനില്ലായിരുന്നു. വിഭാഗീയത എന്നത് വി എസ് നയിക്കുന്ന ഏകപക്ഷീയമായ അച്ചടക്ക ലംഘനമാണ് എന്ന നിലപാടാണ്‌ കാരാട്ടിന്‌.

പിണറായിക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, കാരാട്ട് അദ്ദേഹത്തോട് മര്യാദയുടെ പേരില്‍ ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് എല്ലാവരും കരുതി. അഴിമതിക്കെതിരെ പാര്‍ട്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചരിത്രത്തിലാദ്യമായി ഒരു പൊളിറ്റ് ബ്യൂറോ നേതാവ് കളങ്കിതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമ്പോള്‍ അതിനെ 'രാഷ്ട്രീയമായും നിയമപരമായും നേരിടുക' എന്ന പാര്‍ട്ടിയുടെ നപുംസക നിലപാട്, ജനങ്ങളില്‍ അപഹാസ്യതയാണുണ്ടാക്കുന്നത്.

വി എസ് ഉള്‍പ്പടെ പലരും മുന്നറിയിപ്പ് നല്‍കിയിട്ടും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, പിണറായി വിജയന്‍ എടുത്ത ചില നിലപാടുകളാണ്, പരാജയത്തിനു വഴി വച്ചത്. അതൊക്കെ അറിയാവുന്ന കാരാട്ട്, പിണറായിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നത് ജനങ്ങളില്‍ തീര്‍ച്ചയായും സംശയത്തിട നല്‍കുന്നുണ്ട്.

രാജ്യദ്രോഹികളുടെയും, കൂട്ടിക്കൊടുപ്പുകാരുടെയും, അഴിമതിക്കാരുടെയും ചരിത്രം വായിച്ച് ആരും ആവേശം കൊള്ളില്ല. പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു, ആളുകള്‍ അവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും. രാജ്യസ്നേഹത്തിന്, കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോള്‍ തളരാത്ത ആ സമര വീര്യം, സഖാവ് വി എസ് കാത്തുസൂക്ഷിക്കുമെന്നാണ്‌ വളരെയധികം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കണ്ട കൊഞ്ഞാണന്‍മാര്‍ക്ക് നിരങ്ങാന്‍ തല്‍ക്കാലം മുഖ്യമന്ത്രി പദം വിട്ടു കൊടുക്കരുത്. ആ പദവിയിലിരുന്ന് പോരാടണം. വി എസിനെ കീടം എന്നു വിളിച്ചാക്ഷേപിക്കുന്ന കൃമികളുടെ മുമ്പില്‍ തലകുനിക്കരുത്. ആ കൃമി വി എസിനെ കീടം എന്നു വിളിച്ചതിനാണ്‌ കേരള ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. ബിംബം പേറുന്ന കഴുത എന്നു പണ്ട് വി എസിനെ‍ വിശേഷിപ്പിച്ചതാണാ കൃമി. ആ കൃമിയോട് 86)ം വയസിലും പോരാടിനില്‍ക്കുന്ന വി എസീന്റെ സമരവീര്യം ഒരു കൊഞ്ഞാണനും, ഏഴു ജന്മം ജനിച്ചാലും കിട്ടാന്‍ പോകുന്നില്ല. ഓരോ പ്രാവശ്യവും ഈ കൃമികള്‍ ചവുട്ടിത്താഴ്ത്തുമ്പോഴും വി എസിന്റെ മൂല്യം മലയാളിയുടെ മനസില്‍ ഉയരുകയാണ്.

1962 ല്‍ അച്ചടക്ക നടപടി പേടിക്കാതെ, പ്രകടിപ്പിച്ച നീതി ബോധവും ധാര്‍മ്മികതയും , പൊതു ജനങ്ങളെ ബധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനും വി എസ് പ്രകടിപ്പിച്ചു. ഗുരുവായൂരപ്പന്റെ പ്രതിമയാല്‍ അലങ്കരിക്കപ്പെട്ട വാഹത്തില്‍ സഞ്ചരിക്കുന്നവരും, അഴിമതി ആരോപണ വിധേയനായരുമായ, പി ബി അംഗങ്ങള്‍ക്കില്ലാത്ത കമ്യൂണിസ്റ്റു പ്രതിബദ്ധത വി എസിനുണ്ട്. അതേ നീതി ബോധവും, ധാര്‍മ്മികതയും, പ്രതിബദ്ധതയുമാണ്, ലാവലിന്‍ വിഷയത്തിലും വി എസ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു അച്ചടക്ക നടപടിക്ക് അവ ചോര്‍ത്തികളയാനാകില്ല. വി എസ് നയിക്കുന്നത് ഒരു ധാര്‍മ്മിക യുദ്ധമാണ്. പരാജയപ്പെട്ടേക്കാം. പരാജയപ്പെടുത്താന്‍ എല്ലാ ശക്തികളും ഒന്നിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷെ ആ പരാജയത്തിനുമുണ്ട് ഒരു മാധുര്യം.

ടാഗോറിന്റെ ഗീതാഞ്ജലിയില്‍ ഒരു കവിതാശകലമുണ്ട്. അതിങ്ങനെ.

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow
domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the
dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought
and action--
Into that heaven of freedom, my Father, let my country awake.

Thursday, 9 July 2009

ലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരോ?

അടുത്തനാളില്‍ ഡെല്‍ഹി ഹൈക്കോടതിയുടെ ഒരു ഉത്തരവിറങ്ങി.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയ സമ്മതപ്രകാരം സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതാണാ വിധി.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. സമൂഹിക പക്ഷത്തു നിന്നും ആത്മീയ പക്ഷത്തു നിന്നുമാണ്, ഇതു വരെ അഭിപ്രായങ്ങള്‍ ഉണ്ടായത്. ബ്ളോഗിലെ അറിയപ്പെടുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധനായ സൂരജ്,

http://medicineatboolokam.blogspot.com/2009/07/science-behind-homosexuality.html

സ്വവര്ഗലൈംഗികതയുടെ ശാസ്ത്രം
എന്ന ലേഖനത്തില്‍ വാരി വലിച്ച് കുറെയേറെ എഴുതി. അതില്‍ പല അബദ്ധങ്ങളും പതിവുപോലെ കടന്നു കൂടിയിട്ടും ഉണ്ട്.

സൂരജിന്റെ വികലമനസിന്റെ വിഭ്രമാത്മകത അമ്പരപ്പിക്കുന്നതാണ്. അതിന്റെ ബഹിസ്ഫുരണമാണ്‌ ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത്, സ്വവര്‍ഗ്ഗരതി അനുവദിക്കുന്നതിലാണെന്നൊക്കെ പറഞ്ഞു വക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍

ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ...

എത്ര ആലോചിച്ചിട്ടും ഈ വിധി എങ്ങനെ ഇന്‍ഡ്യയിലെ അവശരെ സംരക്ഷിക്കുന്നതാകുമെന്ന് എനിക്ക് ഒട്ടും മനസിലായില്ല.


ലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരാണെന്നുള്ള കണ്ടുപിടുത്തത്തിന്‌ ഒരു നല്ല നമസ്കാരം പറയാതെ വയ്യ. സൂരജ് മഹത്വവത്കരിച്ച ലൈംഗിക ന്യൂനപക്ഷത്തിന്റെ അവശത എന്താണെന്നു മന്സിലാവുന്നില്ല.

ലൈംഗിക തൊഴിലാളികളുടെ അവശത ആയിരിക്കാം സൂരജ് ഉദ്ദേശിച്ചത്. പരവര്‍ഗ്ഗ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവശത പരിഹരിച്ചു കഴിഞ്ഞെങ്കിലല്ലേ, സ്വവര്‍ഗ്ഗ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവശത പരിഹരിക്കേണ്ടതിനേക്കുറിച്ച് ആലോചിക്കേണ്ടതുള്ളു.

ഇന്ത്യയെപ്പോലുള്ള ഒരു അടഞ്ഞ സമൂഹത്തില്‍ ഹിജഡകള്‍ തങ്ങളുടെ മറച്ചുവയ്ക്കാനാവാത്ത ലൈംഗികസ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവരുന്നു എന്ന അബദ്ധജഠിലമായ പ്രസ്ഥാവനകള്‍ നടത്തുന്നത് അതിശയകരം എന്നേ പറയാന്‍ പറ്റൂ? ഹിജഡകളുടെ സ്വത്വം, പുരുഷ സ്വവര്‍ഗ്ഗ ലൈംഗികതയാണെന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടെന്നേ ഞാന്‍ പറയൂ? സ്ഥാപിത താല്‍പര്യക്കാര്‍ക്കേ ഇങ്ങനെ പറയുവാന്‍ സാധിക്കു. ഇത് ഹൈന്ദവ തീവ്രവാദികള്‍ പണ്ട് ചെയ്തതില്‍ നിന്നും ഭിന്നമല്ല. ദളിതര്‍, ഇന്നയിന്ന ജോലികളേ ചെയ്യാവൂ എന്നു ശഠിച്ചവരുടെ ഈ തലമുറയിലെ പ്രതിനിധിക്കേ, ഇതുപോലെ യുള്ള അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കൂ.ഈ വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കാണാതെ പോകുന്ന ചില യാധാര്‍ത്ഥ്യങ്ങളുണ്ട്. ഉഭയ സമ്മതപ്രകാരം ആളുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെ ഇതു വരെ ഇല്ലായിരുന്നോ? ഉണ്ടായിരുന്നു. ഈ വിധി വന്നില്ലായിരുന്നെങ്കിലും ഇനിയും ആളുകള്‍ അതില്‍ ഏര്‍പ്പെടുമായിരുന്നോ? ഏര്‍പ്പെടും.


പിന്നെ എന്താണീ വിധിയുടെ പരിണിത ഫലം ?


സ്വന്തം ലൈംഗികാഭിമുഖ്യം പരസ്യമായി പരകടിപ്പിക്കനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കിട്ടും. പക്ഷെ മഹാഭൂരിപക്ഷം സ്വവര്‍ഗ്ഗ സമാഗമങ്ങളും, രതികളും രഹസ്യമായാണ്, എല്ലാ സമൂഹങ്ങളിലും നടക്കുന്നത്. അവരെ സംബന്ധിച്ച് ഈ വിധി ഒരു മാറ്റവും വരുത്തില്ല. ഇത് നയപരമായ ഒരു തീരുമാനമാകേണ്ടതാണ്. നിയമം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. കോടതിക്ക് അതിനുള്ള അധികാരമില്ല. ഈ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കും. സര്‍ക്കാര്‍ അനുകൂലമാണെങ്കില്‍ അതിനു നിയമ ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാരിനോടാവശ്യപ്പെടും. പക്ഷെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന തരത്തിലേക്കൊന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് പുരോഗമിക്കാനൊന്നും പോകുന്നില്ല.

ലോകാരോഗ്യ സംഘടന ലൈംഗികതയെ നിര്‍വചിച്ചത്

http://www2.hu-berlin.de/sexology/GESUND/ARCHIV/PSH.HTM#_Toc490155410

ഇപ്രകാരമാണ്.Sexuality

Sexuality refers to a core dimension of being human which includes sex, gender, sexual and gender identity, sexual orientation, eroticism, emotional attachment/love, and reproduction. It is experienced or expressed in thoughts, fantasies, desires, beliefs, attitudes, values, activities, practices, roles, relationships. Sexuality is a result of the interplay of biological, psychological, socio-economic, cultural, ethical and religious/spiritual factors.


ലൈംഗികത ഇപ്പറഞ്ഞ എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ടതാകാം. പക്ഷെ എല്ലായിപ്പോഴും ഇതെല്ലാം ഒരേ അളവില്‍ ഉള്‍പ്പെടണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ ലൈംഗികത എന്നു പറയുന്നത് നമ്മള്‍ അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ നമ്മള്‍ എന്താണ്, നമ്മള്‍ എന്തനുഭവിക്കുന്നു, നമ്മള്‍ എന്തു ചിന്തിക്കുന്നു, നമ്മള്‍ എന്തു ചെയ്യുന്നു. ഇതെല്ലാമാണ്.
ഈവ് ലിന്‍ ഹുക്കറിന്റെ ഒരു പഠനം മുന്‍ നിര്‍ത്തി, സൂരജ് ചില അബദ്ധങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്ന്, വൈദ്യശാസ്ത്രം സ്വവര്‍ഗ്ഗ ലൈംഗികത ഒരു ജനിതക ചോദനയാണെനു തെളിയിച്ചു കഴിഞ്ഞു എന്നതാണ്. പക്ഷെ വാസ്തവം അതല്ല.


1905 മുതല്‍ 1950 വരെയുള്ള കാലത്ത് ഫ്രോയ്ഡിന്റെയും പിന്നീടുവന്ന ഫ്രോയ്ഡിയന്‍ സൈദ്ധാന്തികരുടെയും ഭാവനാവിലാസത്തില്‍ സൈക്കോളജി എന്ന ശാസ്ത്രശാഖ ഞെങ്ങി ഞെരുങ്ങിയെന്നൊക്കെ പറയുന്നത് അജ്ഞതയാണെന്നേ പറയാന്‍ പറ്റൂ. സ്വവര്‍ഗ്ഗ ലൈംഗികതയെപ്പറ്റി ഫ്രോയ്ഡ് പറഞ്ഞിടത്ത് തന്നെയാണ്, മനശാസ്ത്രം ഇന്നും നില്‍ക്കുന്നത്.


1862 ല്‍ Charles Darwin എഴുതി

"...we do not even in the least know the final cause of sexuality. The whole subject is hidden in darkness..."


2004 ല്‍

American Psychological Association (APA) അവരുടെ വെബ് സൈറ്റില്‍ എഴുതി

"There are numerous theories about the origins of a person's sexual orientation; most scientists today agree that sexual orientation is most likely the result of a complex interaction of environmental, cognitive and biological factors. In most people, sexual orientation is shaped at an early age. There is also considerable recent evidence to suggest that biology, including genetic or inborn hormonal factors, play a significant role in a person's sexuality. In summary, it is important to recognize that there are probably many reasons for a person's sexual orientation and the reasons may be different for different people.
മനുഷ്യരുടെ ലൈംഗിക ആഭിമുഖ്യത്തേക്കുറിച്ച് നടന്നിട്ടുള്ള ശ്രദ്ധേയമായ പഠനങ്ങള്‍

http://borngay.procon.org/viewresource.asp?resourceID=000019

Major Theorists on the Origin of Sexual Orientation

എന്ന പേരില്‍ ലഭ്യമാണ്.

പല പഠന റിപ്പോര്‍ട്ടുകളേക്കുറിച്ചുള്ള ഒരു ലേഖനം Homosexuality: Nature or Nurture എന്ന പേരില്‍ ഇവിടെ വായിക്കാം

http://allpsych.com/journal/homosexuality.html


ലൈംഗികത ജനിതകമാണൊ അല്ലയോ എന്നതിനേക്കുറിച്ചുള്ള സംവാദരൂപത്തിലുള്ള ഒരു താരതമ്യം, Is sexual orientation determined at birth?
എന്ന പേരില്‍ ഇവിടെ വായിക്കാം
http://borngay.procon.org/viewanswers.asp?questionID=1335

കറുത്ത പുരുഷനില്‍ നിന്നും വെളുത്ത സ്ത്രീയിലേക്ക്!!Friday, 3 July 2009

ജാതിയും ജാതിവ്യവസ്ഥയും

ജാതിയും ജാതിവ്യവസ്ഥയും ഒന്നാണോ? ആണെന്നാണു പലരും ധരിച്ചിരിക്കുന്നത്. അതുപോലെ തെറ്റിദ്ധാരണ ഉള്ള ഒരു വ്യക്തി ചരിത്രത്തെയും യുക്തിയേയും പരിഹസിക്കുന്നതാണ്, പിന്നോക്കാവസ്ഥക്ക് ഉത്തരവാദികള്‍" എന്ന ലേഖനം. അതില്‍ ജാതി വ്യവസ്ഥയല്ല ഇന്‍ഡ്യയിലെ അധസ്ഥിതരുടെ പിന്നാക്കാവസ്ഥക്ക് കാരണം, എന്ന് സ്ഥാപിക്കാന്‍ അപഹാസ്യമായ ഒരു ശ്രമം നടത്തുന്നു.

ജാതിയേക്കുറിച്ചും ജാതി വ്യവസ്ഥയേക്കുറിച്ചും വളരെ വികലമായ കഴിചപ്പാടുള്ള ഒട്ടു വളരെപ്പേര്‍ ഉള്ളതായിട്ടാണ്, മനസിലാക്കാന്‍ പറ്റിയിട്ടുള്ളത് .


എന്താണു ജാതി?

ജാതി എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലേ ഉണ്ട്. ഒരു പക്ഷെ മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ അതുണ്ട്. ലോകത്തിലെ എല്ലാ ജനപഥങ്ങളിലും അതുണ്ടായിരുന്നു. അതിന്റെ ഉത്ഭവം ചില സംഘം ആളുകള്‍, ഒരു പ്രത്യേക ജോലി ചെയ്യാന്‍ തുടങ്ങിയതു മുതലായിരിക്കാം. പിന്നീട് തലമുറകളായി അവര്‍ ആ ജോലി തന്നെ ചെയ്തു. അതുകൊണ്ട് അവര്‍ക്ക് ജാതിയടിസ്ഥാനത്തിലുള്ളതോ, ജോലി സൂചകമായോ ഉള്ള വിളിപ്പേരുണ്ടായി.


ലോകത്തിലെല്ലായിടത്തും ജാതികളുണ്ടായിരുന്നു. പക്ഷെ ഇന്‍ഡ്യയില്‍ ഉടലെടുത്ത ജാതികളുടെ യധാര്‍ത്ഥ കാരണവും, യധാര്‍ത്ഥ രൂപവും കൃത്യമായി മാനസിലാക്കന്‍ പറ്റിയിട്ടില്ല. ജാതികളില്‍ വര്‍ണ്ണം അല്ലെങ്കില്‍ നിറം കലര്‍ത്തിയതിന്റെ സൂചനകള്‍ മഹാഭാരതത്തില്‍ ഉണ്ട്. ജാതികളുടെ ആരംഭം ഒരു പക്ഷെ ജോലികളുടെ വിതരണത്തില്‍ ആയിരിക്കാം. പക്ഷെ ഹിന്ദുമതത്തില്‍ അതിന്‌ പല രൂപഭേദങ്ങളും വന്നിട്ടുണ്ട്. ബ്രാഹ്മണര്‍ വെളുത്തവരാണെന്നു പറയുന്നത്, വെളുത്ത നിറമുള്ളവരെ ഉദേശിച്ചാണെന്നും, അതല്ല വെളുപ്പ് നന്‍മയെ ആണു പ്രതിനിധാനം ചെയ്യുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശൂദ്രര്‍ കറുത്തവരാണെന്നും, അതല്ല തിന്‍മ അല്ലെങ്കില്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു എന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രധാന മതമായി തീരുന്നതിനു മുമ്പു തന്നെ ചാതുര്‍ വര്‍ണ്ണ്യം പ്രാബല്യത്തില്‍ വന്നിരുന്നു. ചാതുര്‍ വര്‍ണ്ണ്യം ഇന്നത്തെ രീതിയിലുള്ള ജാതികളായി പരിണമിച്ചത് എന്നാണെന്നു വ്യക്തമായി പറയുവാന്‍ സാധിക്കില്ല. ഈ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി ഒരു ന്യൂനപക്ഷത്തിനുള്ളില്‍ ഒതുങ്ങി നിന്നു. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇതിനു പുറത്തായിരുന്നു. ചതുര്‍ വര്‍ണ്ണ്യത്തിനുള്ളിലുള്ളവരെ സവര്‍ണ്ണര്‍ എന്നും, പുറത്തുള്ളവരെ അവര്‍ണ്ണര്‍ എന്നും വിളിച്ചു. ചാതുര്‍ വര്‍ണ്ണ്യത്തിനു പില്‍ക്കാലത്ത് ഭരണാധികാരം ലഭിച്ചപ്പോള്‍, ഭൂരിപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ അവര്‍ പല നിയമങ്ങളും നിര്‍മ്മിച്ചെടുത്തു. ആ നിയമങ്ങളാണ്, മനുസ്മൃതികളില്‍ വിവരിച്ചിട്ടുള്ളത്.


മനു ഒരു ബ്രാഹ്മണന്‍ അയിരുന്നതു കൊണ്ട്, ബ്രാഹ്മണര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും, അതു വഴി ഒരു അപ്രമാദിത്വം നേടിയെടുക്കുകയും ചെയ്തു. ബ്രഹമണാധിപത്യം ഹിന്ദു മതത്തില്‍ കടന്നു വന്നതിപ്രകാരമായിരുന്നു. ബ്രാഹ്മണന്‍ ശപിച്ചാല്‍ ഫലിക്കുമെന്നും, ബ്രാഹമണനില്‍ നിന്നും കുട്ടികളുണ്ടാകുന്നത് പുണ്യം എന്നൊക്കെയുള്ള അസംബന്ധങ്ങള്‍, ഹിന്ദു മതത്തില്‍ കടന്നുകൂടിയത് അതു കൊണ്ടാണ്. ബ്രാഹമണര്‍ ആ അപ്രമാദിത്വം പരമാവധി മുതലെടുക്കുകയും ചെയ്തു.

വേദകാലത്തെ ഹിന്ദു മതം അല്ലെങ്കില്‍ സനാതന ധര്‍മ്മവുമായി, ഈ അധര്‍മ്മത്തിനു യാതൊരു സാമ്യവുമില്ല.


എന്താണ്‌ ജാതി വ്യവസ്ഥ?

ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളില്‍, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു. അതാണ്, ജാതി വ്യവസ്ഥ. ചില ജാതികള്‍ ഉയര്‍ന്നവരെന്നും, ചിലര്‍ താഴ്ന്നവരെന്നും, ബ്രാഹ്മണര്‍ തീരുമാനിച്ചു. അവിടെയും നിര്‍ത്തിയില്ല. സമൂഹത്തിലെ സമ്പത്ത് മുഴുവന്‍ അനുഭവിക്കാന്‍, സനാതന ധര്‍മ്മത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ നിഷ്കരുണം അടിച്ചമര്‍ത്തി, സനാതന ധര്‍മ്മത്തിന്റെ ഈ കാവല്‍ ഭടന്‍മാര്‍. ആരാധനാലയത്തില്‍ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല.സമൂഹത്തിലെ അവകാശങ്ങളും, അധികാരങ്ങളും, സുഖങ്ങളും അനുഭവിക്കാന്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ അധര്‍മ്മത്തിന്‌ ദൈവീക ഛായ നല്‍കാന്‍, മതഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തി. ബ്രാഹ്മണന്‍ ബ്രഹ്മന്റെ മുഖത്തു നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന വൃത്തികേടു വരെ മതഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തു. സനാതന ധര്‍മ്മത്തെ സനാതന അധര്‍മ്മമാക്കി അവര്‍ സ്ഥാപിച്ചെടുത്തതാണ്, ബ്രാഹ്മണിസം. ഈ ബ്രഹമണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ തിരുശേഷിപ്പാണ്. അല്ല എന്നു സ്ഥാപിക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോവില്ല.

ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നു ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ജാതി ഉണ്ടാകുന്നതോ അതു തുടര്‍ന്നുകൊണ്ടു പോകുന്നതോ സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒരാള്‍ നമ്പൂതിരിയെന്നോ, നായരെന്നോ, പറയനെന്നോ, പുലയനെന്നോ അവകാശപ്പെടുന്നതോ, അതിനനുവദിക്കുന്നതോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും തോന്നുന്നില്ല. പഴയ ജാതി വ്യവസ്ഥയിലേക്ക് ഇന്‍ഡ്യന്‍ സമൂഹം പോകുമെന്നും ആരും പേടിക്കേണ്ട. സഹസ്രബ്ദങ്ങളോളം കുറച്ചു പേര്‍ മാത്രം അനുഭവിച്ച വിഭവസമ്പത്ത്, എല്ലാവര്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. അതാണു സാമൂഹ്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.