Friday, 1 August 2008

ലാല്‍ സലാം

Photobucket


നിസ്വാര്‍ത്ഥവും സാര്‍ത്ഥകവുമായ ആ ധന്യ ജീവിതത്തിന്റെ ഓര്‍മ്മക്ക്

കത്തോലിക്കാ സഭയും കേരള വിദ്യാഭ്യാസ രംഗവും .

ഈ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ കേരളത്തിലെ കത്തോലിക്കാ സഭ അല്‍പ്പം അങ്കലാപ്പിലാണ്. അതിനു കാരണവുമുണ്ട്. ഇതിനു മുന്പുള്ള ഇടതുപക്ഷ സര്‍ക്കാരുകളിലൊന്നും കമ്യൂണിസ്റ്റുപാര്‍ട്ടി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നില്ല. മുണ്ടശ്ശേരിക്കു ശേഷം കമ്യൂണിസ്റ്റുകാര്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് ആദ്യമാണ്. അതു കോണ്ടാണ് പവ്വത്തില്‍ ബിഷപ്പ്, കൂടെ കൂടെ ഈ സര്‍ക്കാരാണ് 1957 ലെ സര്‍ ക്കാരിന്റെ യധാര്‍ത്ഥ പിന്‍ഗാമി എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതും . സഭയുടെ അങ്കലാപ്പിനു കാരണമുണ്ട്. ഇതിനു മുന്‍പുള്ള വിദ്യാഭ്യാസ മന്ത്രിമാരെല്ലാം സഭയുടെ താളത്തിനു തുള്ളിയിരുന്നു. ഇപ്പോള്‍ അങ്ങനെ ഇല്ല. എന്നു മാത്രമല്ല, പല കാര്യത്തിലും സഭയുടെ ഇച്ഛക്കനുസരിച്ചല്ല കാര്യങ്ങള്‍ നീങ്ങുന്നതും . കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍രട്ടികളെയും നിയന്ത്രിക്കുന്ന മത നേതൃത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഇവരുടെ താല്പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.


സ്വാശ്രയ നിയമത്തില്‍ തുടങ്ങിയതാണ് സഭയും സര്‍ ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ . പിന്നീട് ഏകജാലകം വഴി ഇപ്പോള്‍ പാഠപുസ്തക വിവാദത്തില്‍ വരെ എത്തി നില്‍ക്കുന്നു അത്.
സഭക്ക് അങ്കലാപ്പുണ്ടാവാനുള്ള പ്രധാന കാരണം , വിദ്യാഭ്യാസ കുത്തക നഷ്ടപ്പെടുമെന്നുള്ളതാണ്. വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ തുടങ്ങിയ കാലം മുതല്‍ കത്തോലിക്കാ സഭക്ക് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ഈ രംഗത്തുള്ളത്. തമാശക്കാണെങ്കിലും ഒരു സിനിമയില്‍ ഒരു നായര് , സ്വന്തം സ്ഥാപനത്തിനു, സെന്റ് മേരീസ് കോളേജെന്നു പേരിട്ടിരിക്കുന്നതായി ച്ത്രീകരിച്ചിട്ടുണ്ട്. അതു വാചാലമായ ഒരു സത്യമാണു താനും . അങ്ങനത്തെ മഹത്തായ ഒരു പൈതൃകം , സഭ എങ്ങനെ കളഞ്ഞു കുളിച്ചു എന്നത് ആശ്ചര്യകരമായി തോന്നാം . അത് അത്യുന്നതങ്ങളില്‍ നിന്നുള്ള ഒരു വീഴ്ചയായിരുന്നു. സേവനം എന്ന മഹത്തായ ലക്ഷ്യം മാറ്റി കച്ചവടം എന്ന പുതിയ ലക്ഷ്യം പ്രതിഷ്ടിച്ചപ്പോഴുണ്ടായ ഒരു വീഴ്ച.

വിദ്യാഭ്യാസം മാത്രമല്ല സഭക്ക് പേരെടുക്കാന്‍ പറ്റിയിരുന്ന മണ്ഠലങ്ങള്‍ . ആതുര ശുശ്രൂഷയും അഗതി ശുശ്രൂഷയും അതിലുണ്ട്. രണ്ടു പതിറ്റാണ്ടുമുമ്പ് ലിസ്സി ആശുപത്രിയും, ലിറ്റല്‍ ഫ്ളവര്‍ ആശുപത്രിയും കേരളത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചികിത്സാ കേന്ദ്രങ്ങളായിരുന്നു. പരമ്പരാഗതമായി കത്തോലിക്കാ സ്കൂളുകള്‍ നല്ല പഠന നിലവാരവും വിജയ ശതമാനവും നല്‍കിയിരുന്നു. അതിനു കാരണമുണ്ട്. ആ സ്കൂളുകളില്‍ കൂടുതലും വൈദികരും കന്യാസ്ത്രീകളും ആയിരുന്നു പ്രധാനാധ്യാപകരും നല്ല ഒരു ശതമാനം അധ്യാപകരും . അവര്‍ക്കെല്ലാം പരിശീലനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടുവോളം സമയവും ഉണ്ടായിരുന്നു. അതു കൊണ്ട് സ്വഭാവികമായി വിജയ ശതമാനവും കൂടി. കൂടാതെ സര്‍ക്കാര്‍ സ്കൂളുകളേക്കുറിച്ച് മോശമായ ഒരഭിപ്രായം രൂപീകരിക്കുന്നതില്‍ സഭ ചെറുതല്ലാത്ത ഒരു പങ്കും വഹിച്ചു. പൊതുവെ സര്‍ക്കാര്‍ സ്കൂളുകള്‍ തല്ലിപ്പൊളികളുടെ സ്കൂളുകള്‍ എന്ന പേരിലായി അറിയപ്പെടുന്നതും . പക്ഷെ ബേബി മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോള്‍ , ഈ തള്ളിക്കളഞ്ഞിരുന്ന സ്കൂളുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഏറ്റവും പിന്നില്‍ നിന്ന സ്കൂളൂകളെ പ്രത്യേക പരിഗണന നല്‍കി ശ്രദ്ധിച്ചു. അതു അധികാരികളുടെയും , അധ്യാപകരൂടേയും വിദ്യാര്‍ ത്ഥികളുടെയും കൂട്ടായ ഒരു ശ്രമമായിരുന്നു. അതിനു ഫലവും ഉണ്ടായി. നൂറു ശതമാനം തോല്‍വി അടഞ്ഞിരുന്ന സ്കൂളുകളിലെ വിജയ ശതമാനം അമ്പതിനു മുകളില്‍ ആയി. ആനുപാതികമായി മറ്റു സ്കൂളുകളിലും വിജയ ശതമാനം കൂടി.

അതു കത്തോലിക്കാ സഭക്കു സഹിച്ചില്ല. ആ അസഹിഷ്ണുത ബിഷപ്പുമാരുടെ വാക്കുകളില്‍ ക്കൂടെ പുറത്തു വന്നു. എസ് എസ് എല്‍ സി വിജയ ശതമാനം മാര്‍ക്ക് വാരി ക്കോരി കൊടുത്തുണ്ടാക്കിയതാണെന്നവര്‍ പറഞ്ഞു. സര്‍ ക്കാര്‍ സ്കൂളുകളില്‍ വിജയശതമാനം കൂടുന്നത് അവര്‍ എങ്ങനെ സഹിക്കും ? അവര്‍ ഇത്ര നാളും സര്‍ക്കാര്‍ സ്കൂളുകളെപറ്റി പറഞ്ഞിരുന്നതെല്ലാം കളവാണെന്നു വരും . ഏതു മാനദണ്ഠം വച്ച് അളന്നാലും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ കത്തോലിക്കാ സ്കൂളുകളിലേക്കാള്‍ പ്രഗത്ഭരരാണ്. അവിടങ്ങളിലെ അന്തരീക്ഷം മോശമാണെന്നേ ഉള്ളൂ. ബേബി ആ സ്കൂളുകളിലെ അന്തരീക്ഷം മെച്ചമാക്കാന്‍ കിണഞ്ഞു ശ്രമിക്കുണ്ട്. അതിന്റെ ഫലം കാണുന്നുമുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് വളരെയധികം മെച്ചപ്പെടുമെന്നുള്ളത് വാസ്തവവും . കത്തോലിക്ക ബിഷപ്പുമാര്‍ക്ക് അതങ്ങ് സഹിക്കാന്‍ പറ്റുന്നില്ല.

ഏകജാലകം ആണു മറ്റൊരു വിവാദ വിഷയം . ഏകജാലകം വിദ്യാഭ്യാസ വകുപ്പിലെ സമീപകാലത്തെ ഏറ്റവും നല്ല പരിഷ്കാരമാണ്‌. ഇതിനു മുന്പ് 80 % സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തിലും ബാക്കി 20 % മാനേജ്മെന്റ് സീറ്റുകളുമായിരുന്നു. ഈ അനുപാതം പാലിക്കുന്നുണ്ടോ എന്നു നോക്കാന്‍ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. മനേജര്‍ പറയുന്നത് ബാക്കിയുള്ളവര്‍ വിശ്വസിച്ചിരുന്നു. ഫലത്തില്‍ 40 % നു മുകളില്‍ വരെ മാനേജ്മെന്റ് അഡ്മിഷന്‍ കൊടുത്തിരുന്നു പല സ്ഥലത്തും . പക്ഷെ ഏകജാലകം വന്നപ്പോള്‍ ഇത്തരത്തിലുള്ള തിരിമറികള്‍ നടത്താന്‍ വയ്യാതായി. അതു കൊണ്ടാണ്‌ ഈ സം വിധാനത്തെ എല്ലാവരും സ്വാഗതം ചെയ്തതും . സഭ പതിവുപോലെ എതിര്‍ത്തു.


എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി എസ് സിക്കു വിടാനുള്ള നിര്‍ദ്ദേശമാണ് മറ്റൊരു വിഷയം . സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അധ്യാപകരുടെ നിയമനം സര്‍ക്കാര്‍ നടത്തുന്നതില്‍ എന്താണ് കുഴപ്പം ? എന്തു കൊണ്ട് കത്തോലിക്കാ സ്കൂളുകള്‍ ശമ്പളം സ്വന്തമായി കൊടുത്തോളാം എന്നു പറയുന്നില്ല.? സമീപ ഭാവിയില്‍ തന്നെ അതുണ്ടാവും . ഒന്നുകില്‍ ശമ്പളവും നിയമനവും സര്‍ക്കാര്‍ നടത്തും , അല്ലെങ്കില്‍ ഇതു രണ്ടും മാനേജ്മെന്റ് നടത്തും . മാനേജ്മെന്റ് നടത്തേണ്ടി വന്നാല്‍ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കേണ്ടി വരും . അതെല്ലാവര്‍ക്കും താങ്ങാന്‍ പറ്റിയെന്നു വരില്ല. കുറേപ്പേര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരേണ്ടിയും വരും . ആ സമയത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്നത്തെ വേഗത്തില്‍ അഭിവൃത്തിപ്പെടുകയാണെങ്കില്‍ , അതു മനേജ്മെന്റ് സ്കൂളുകളുടെ നടുവൊടിക്കും . അതിന്റെ അങ്കലാപ്പില്‍ നിന്നാണ് പവ്വത്തില്‍ ചില വിഭാഗീയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതും . കത്തോലിക്കാ കുട്ടികള്‍ കത്തോലിക്കാ സ്കൂളുകളില്‍ തന്നെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ ഇവിടെയാണ്. സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴുക്ക് അങ്ങനെ തടയാമെന്നാണദ്ദേഹം വിചാരിക്കുന്നത്.