Wednesday 23 October 2013

മാധവ് ഗാഡ്ഗിലും, കസ്തൂരി രംഗനും, പിന്നെ പരിസ്ഥിതി തീവ്രവാദവും 



ഭൂമിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ജീവികളില്‍ വച്ച് ഏറ്റവും സവിശേഷമായ കഴിവുകള്‍ ഉള്ള ജീവി വര്‍ഗ്ഗമാണു മനുഷ്യന്‍. പ്രകൃതിയെ കീഴടക്കി അവന്‍ അജയ്യനുമായി. പക്ഷെ വിരോധാഭാസമെന്നു പറയട്ടെ, ഭൂമിയുടെ നാശത്തിനും അവന്‍ ഹേതുവായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനല്ല, നശിപ്പിക്കുന്നതിനാണവന്‍ ശ്രമിക്കുന്നത്. പരിസ്ഥിതി നശീകരണം കലാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കുമെന്ന് അനേകം ശാസ്ത്രജ്ഞര്‍ പറഞ്ഞപ്പോഴൊന്നും  സാധാരണ മനുഷ്യര്‍ അത്  കാര്യമായി എടുത്തില്ല. കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മുമ്പത്തേക്കാള്‍ ഇപ്പോള്‍ പ്രകടമായി കാണുവാന്‍ സാധിക്കുന്നു.  ഈ വര്‍ഷം ഉത്തരാഖണ്ടിലും കേരളത്തിലും ഉണ്ടായ പേമാരിയും, ഉരുള്‍ പൊട്ടലും, വെള്ളപ്പൊക്കവും അതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ കേരളം ഇപ്പോള്‍കടന്നു  പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും  മഴ പെയ്യുന്നു.  കടുത്ത ചൂടനുഭവപ്പെടുന്നു. അതിവര്‍ഷവും, വെള്ളപ്പൊക്കവും, ഉരുള്‍ പൊട്ടലും.  ഇതായി മാറിയിരിക്കുന്നു കേരളത്തിലെ  കാലാവസ്ഥ.

നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും  പ്രകൃതി സംരക്ഷണത്തിന്റെ ഗൌരവം സാധാരണക്കാര്‍ക്ക് മനസിലായിട്ടില്ല. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ അതിനു ശ്രമിക്കുന്നുമില്ല. പശ്ചിമഘട്ട സംരക്ഷണം മുന്‍നിറുത്തി പരിസ്ഥിതി പഠനത്തിനും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി, കേന്ദ്ര സര്‍ക്കാര്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിശദമായ പഠനം നടത്തി ഒരു വിദഗ്ദ്ധ റിപ്പോര്‍ട്ട് തന്നെ അദ്ദേഹം അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ചു. ചില പരിസ്ഥിതി പ്രവര്‍ത്തകരും, സംഘടനകളും അതിനെ പിന്തുണച്ചതല്ലാതെ ഈ റിപ്പോര്‍ട്ടിനേക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച സംഘടിപ്പിക്കാനോ, ജനങ്ങളെ ബോധവത്കരിക്കാനോ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചില്ല. അതിനു പകരം തെറ്റിദ്ധാരണ ന പരത്താനും, റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അട്ടിമറിക്കാനും ആണു ശ്രമിച്ചത്.  ആറു സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു  ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന  പശ്ചിമഘട്ട മലനിരകളേക്കുറിച്ച് പഠിക്കാനാണീ കമ്മിറ്റിയെ നിയോഗിച്ചത്.  ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവ വൈവിദ്ധ്യ മേഘലകളില്‍ ഒന്നും കൂടിയാണീ മലനിരകള്‍.  അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് സസ്യ/ജീവജാലങ്ങള്‍  ഇവിടെ ഉണ്ട്. 

കേരളത്തേ സംബന്ധിച്ചും ഈ മലനിരകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ എല്ലാ നദികളും ഉത്ഭവിക്കുന്ന സഹ്യപര്‍വതം ഈ മല നിരകളുടെ ഭാഗമാണ്.  ഗുരുതരമായ വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാകുന്ന ഇക്കാലത്ത്,  ഈ നദികളിലൂടെ ഒഴുകുന്ന വെളളത്തിന് വളരെയധികം  പ്രാധാന്യമുണ്ട്. പശ്ചിമഘട്ട മലനിരകളും അവിടത്തെ  നിബിഢ വനങ്ങളും നശിച്ചാല്‍ കേരളം തന്നെ നശിക്കും. 
പ്രകൃതി വിഭവങ്ങളുടെ നഗ്നമായ കൊളളയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം, വനനശീകരണം, അനിയന്ത്രിതമായ മണല്‍ വാരല്‍ , വനം കൈയ്യേറ്റം, അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിച്ചില്ലെങ്കില്‍ ഈ മലനിരകള്‍  നശിപ്പിക്കപ്പെടും.  ഇതില്‍ നിന്ന് കേരളത്തെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖയാണ്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പക്ഷെ ഈ റിപ്പോര്‍ട്ട് ലഭിച്ച കേന്ദ്ര മന്ത്രാലായം ​ഇത് പുറത്തു വിട്ടില്ല. അസംഘ്യം മാഫിയകളുടെ സമ്മര്‍ദ്ദഫലമായി ഇത് പൂഴ്ത്തി വയ്ക്കപ്പെട്ടു. അവസാനം വിവരാകാശ നിയമ പ്രകരം അപേക്ഷിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ പുറത്തു വിടേണ്ടി വന്നു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇടുക്കിയിലെ ഒരു ബിഷപ്പ് പറഞ്ഞത്, ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കര്‍ഷകരെ അടിമകളാക്കും എന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ രാഷ്ട്രീയക്കാരും കയ്യേറ്റക്കാരും ഭൂമായിയയും, ഒക്കെ ഒരുമിച്ചു. 

കേരളത്തിലെ പ്രകൃതിയെ സംരക്ഷിച്ചേ അടങ്ങൂ എന്ന് ആക്രോശിച്ചു കൊണ്ട് 6 യുവ സിംഹങ്ങള്‍ കൊട്ടിഘോഷത്തോടെ   Green  Thoughts  എന്ന പേരില്‍ ഒരു ഒരു ബ്ളോഗുപോലും തുടങ്ങിയതായിരുന്നു. പക്ഷെ അവരും ഇതുപോലെ പ്രധാനപ്പെട്ട ഒരു വിഷയത്തേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍ സമയം കളഞ്ഞില്ല. സരിതയുടെ സാരിത്തുമ്പില്‍ ഈ ഹരിത എം എല്‍ എ മാരും സായൂജ്യം തേടി എന്നു വേണമെങ്കില്‍ പറയാം. നീറ്റാജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് മാലിന്യമൊഴുക്കി പരിസ്ഥിതി നാശം നടത്തിയപ്പോള്‍ വി ഡി സതീശനെന്ന ഹരിത സിംഹം കമ്പനിയുടെ പക്ഷത്തു ചേര്‍ന്ന് തന്റെ ശരിക്കുള്ള മുഖം പൊതു ജനത്തിനു കാണിച്ചും കൊടുത്തു. മുന്‍ മന്ത്രി ജി സുധാകരന്‍ ഇവരുടെ കാപട്യത്തെ കളിയാക്കിയപ്പോള്‍ മറുപടി പറയാന്‍ പക്ഷെ ഇവര്‍ മറന്നില്ല. 

മാധവ് ഗാഡ്ഗിൽ സമിതിയുടെ  റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും വിവിധ സംസ്ഥാന സർക്കാരുകളും മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ റിപ്പോര്‍ട്ടുണ്ടാക്കീയ കമ്മിറ്റിയേയും  അതിനെ പിന്തുണച്ചവരെയും പരിസ്ഥിതി തീവ്രവാദികൾ  എന്നാണിവരൊക്കെ വിളിച്ച്ത്.  ഇതിനെത്തുടർന്ന്  ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്താനും പുതിയ  റിപ്പോർട്ട് സമർപ്പിക്കാനും  നിർദ്ദേശിച്ച്  കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലോകപ്രശസ്ത ഇക്കോളജിസ്റ്റ് മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇതിനെതിരായ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് പഠിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്

ഇവര്‍ രണ്ടു പേരുടെയും പശ്ചാത്തലം അറിഞ്ഞാല്‍ തന്നെ ആരുടെ റിപ്പോര്‍ട്ടാണ്, ആധികാരികം എന്നു  മനസിലാകും.  സമഗ്രമായ പഠനങ്ങളിലൂടെ പരിസ്ഥിതി  വിശകലനം നടത്തി, ദേശീയവും അന്തര്‍ദേശീയവും ആയ  പരിസ്ഥിതി സംരക്ഷണമാനദണ്ഡങ്ങള്‍ പാലിച്ചിട്ടാണ്,  മാധവ് ഗാഡ്ഗില്‍ കമ്മിറ്റി  റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനസമൂഹങ്ങള്‍ക്കുണ്ടാകാവുന്ന ഗുണദോഷങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് അത് വായിച്ചാല്‍ മനസിലാകും.  അതിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാവുന്നതും നീക്കുപോക്കുകള്‍ വേണ്ടിടത്ത് ആകാവുന്നതുമാണ്. ജൈവ വൈവിധ്യം, ശുദ്ധജല ലഭ്യത തുടങ്ങിയവ മുതല്‍ നാട്ടുരീതികളെയും നാടന്‍ സംസ്കാരങ്ങളെയുംവരെ പരിഗണിച്ചിട്ടുണ്ട്  ഗാഡ്ഗില്‍ കമ്മിറ്റി. എന്നാല്‍  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയെ അശാസ്ത്രീയമായി വിഭജിച്ച്, മൂന്നില്‍ രണ്ടു ഭാഗം നശീകരണത്തിന് വിട്ടുകൊടുക്കുന്നു. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കുടിയേറ്റ മേഖലയില്‍ വ്യാപക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോപിച്ച് വിവിധ കര്‍ഷക സംഘടനകളും, രാഷ്ട്രീയ കക്ഷികളും, മത സംഘടനകളും രംഗത്തു വന്നു. ഈ  പശ്ചാത്തലത്തില്‍ കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാതലായ  മാറ്റം വരുത്തിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഈ  റിപ്പോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി രാഷ്ട്രീയ, മത, കര്‍ഷക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പക്ഷെ വാസ്തവത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ പഠിക്കുകയോ വായിക്കുക പോലുമോ ചെയ്യാതെ ജനങ്ങള്‍ക്കിടയില്‍ ഇവര്‍  ഭീതി പരത്തുകയാണ്. 

ഗാഡ്ഗില്‍ കമ്മിറ്റി  റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍  കർഷകർക്കു മരച്ചീനി കൃഷി ചെയ്യാൻ സാധിക്കില്ല,പ്ലാസ്റ്റിക് നിരോധിക്കും,മലയോര  പ്രദേശങ്ങളിലെ  കര്‍ഷകരെയും കുടുംബങ്ങളെയും കുടിയിറക്കും, കൃഷി ചെയ്യാന്‍ അനുവദിക്കില്ല, രാസവളം ഉപയോഗിക്കാന്‍ അനുവദിക്കില്ല, സ്കൂളുകളും ആശുപത്രികളുമടക്കമുളള സ്ഥാപനങ്ങള്‍ അടച്ചിടും, പുതിയ വീടുകളുണ്ടാക്കണമെങ്കില്‍ പുല്ലും വയ്ക്കോലും മാത്രമേ ഉപയോഗിക്കാവൂ, കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിക്കാന്‍ പറ്റില്ല, രണ്ടു പശുക്കളില്‍  കൂടുതല്‍ വളര്‍ത്താന്‍ അനുവദിക്കില്ല, കാലിത്തീറ്റ
കിട്ടാതെ വരും, കേരളം ഇരുട്ടിലാകും, ഇടുക്കി ഡാമുള്‍പ്പെടെ പൊളിച്ചു നീക്കേണ്ടി വരും, തുടങ്ങിയവയാണ്, ആരോപണങ്ങള്‍. ഇതൊക്കെയാണ് സാധാരണക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളായ മാത്യൂ സ്റ്റീഫനും. ബിജിമോളിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള അജ്ഞത ഈ ചര്‍ച്ചയില്‍ വെളിവാകുന്നു.

എന്താണീ റിപ്പോര്‍ട്ട് എന്ന് ഈ ലിങ്കില്‍ നിന്നും മനസിലാക്കാം.

Gadgil Committee Report  ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല എന്ന് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും.

അതിലെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്.

















ഇന്‍ഡ്യയിലെ പല സ്ഥലങ്ങളിലും ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങളും, നിയമങ്ങളുമൊക്കെ വിശദമായി പഠിച്ച്, അവ ക്രോഡീകരിച്ച്, പോരായ്മകളൊക്കെ പരിഹരിച്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണിതിലുള്ളത്. ഇവ ആരിലും അടിച്ചേല്‍പിക്കുന്നില്ല.  നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാത്രമാണിവ. ഓരോ സ്ഥലത്തെയും ജനങ്ങളുടെയും പരിസ്ഥിതിയുടെയും  അവസ്ഥക്കനുസരിച്ച് മാറ്റങ്ങളോടെ നടപ്പാക്കണമെന്നു മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളു. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരെയല്ല പരിസ്ഥിതി തീവ്രവാദികളെന്നു വിളിക്കേണ്ടത്.  തെറ്റായ പ്രചരണം നടത്തി  കാട്ടുകള്ളന്മാർക്കും വ്യവസായ ലോബികൾക്കും കഞ്ചാവു കൃഷിക്കാർക്കും  ഒത്താശ ചെയ്തുകൊടുക്കുന്ന പരിസ്ഥിതിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന വിവരദോഷികളെയാണ്. കുറെയേറേ സാധാരണക്കാര്‍ ഇവരുടെ ചതിയില്‍ വീണ്, ഗാഡ്ഗില്‍  എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെ ചീത്ത വിളിക്കുന്നു. 30 ഡിഗ്രിയിലേറെ ചെരിവുള്ള പ്രദേശങ്ങളിൽ മരച്ചീനി പോലുള്ള 
വാഷികവിളകല്‍ക്ക് പകരം ദീർഘകാലവിളയിലേക്കു ചുവടു മാറുന്ന ചെറുകിട കർഷകർക്കു സർക്കാർ ധനസഹായം  നൽകണമെന്നും,  പ്ലാസ്റ്റിക് ഘട്ടം ഘട്ടം ആയി മാത്രം നിരോധിക്കണമെന്നും, രണ്ടു കന്നുകാലികളെങ്കിലും ഉള്ളവർക്കു ജൈവവാതക പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകണമെന്നും,  1977നു മുമ്പു കുടിയേറിയവരെ ഒഴിപ്പിക്കാതെ,  മേലിൽ കുടിയേറുന്നത് തടയണമെന്നുമൊക്കെയാണു ഗാഡ്ഗിൽ കമ്മിറ്റിയുടെ നിദ്ദേശങ്ങള്‍. കുടിയേറ്റ മേഘലയിലെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നിയന്ത്രിക്കണെമെന്നും അത് പരിസ്ഥിതിക്കനുരൂപമാകണമെന്നും അദ്ദേഹം ​നിര്‍ദേശിക്കുന്നു. ഇതു പോലുള്ള  നിദ്ദേശങ്ങൾ പാവപ്പെട്ട കർഷകരെ സഹായിക്കാനുള്ളതാണ്. പക്ഷെ ഇതില്‍ വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ കമ്മിറ്റി  റിപ്പോർട്ട്  ഈ പാവപ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന, സമ്പന്നർക്കും,കാട്ടുകള്ളന്മാർക്കും, കയ്യേറ്റക്കാര്‍ക്കും, അസംഘ്യം മാഫിയകള്‍ക്കും,  വ്യവസായ ലോബിക്കും, കഞ്ചാവു കൃഷിക്കാർക്കും ഒക്കെ വേണ്ടിയുള്ളതാണ്. 

പശ്ചിമ­ഘട്ട മല­നി­ര­ക­ളെ­കു­റി­ച്ചുള്ള യാഥാര്‍ത്ഥ്യ­മാണ് ഗാഡ്ഗില്‍ കമ്മിറ്റി  റിപ്പോര്‍ട്ട്. ഇവ  അപ്രീയ  സത്യ­ങ്ങള്‍ ആണെങ്കിലും അംഗീ­ക­രിച്ചേ മതിയാവൂ.  ഗ്രാമ­സ­ഭ­ക­ളു­ടെയും ജില്ലാ പഞ്ചാ­യ­ത്തു­ക­ളു­ടെയും 
ആഭി­മു­ഖ്യത്തില്‍ സാധാ­ര­ണ­ക്കാ­രായ ജന­ങ്ങ­ളുടെ  ഇട­യില്‍ ചര്‍ച്ച­ചെയ്തേ  പരി­സ്ഥിതി വിക­സനം  നട­ത്താ­നാവൂ എ­ന്നാണ് ഈ റിപ്പോര്‍ട്ടില്‍  
പറ­ഞ്ഞി­രി­ക്കു­ന്ന­ത്. റിപ്പോര്‍ട്ടില്‍  ഒരി­ടത്തും  കൃഷി­ക്കാ­രെയോ 
ആദി­വാ­സി­ക­ളെയോ  കുടിയൊഴു­പ്പി­ക്കുന്ന കാര്യം പറ­യു­ന്നി­ല്ല.  ജില്ലാ  
തല­ത്തിലും പഞ്ചാ­യത്ത്    തല­ത്തി­ലും  ഇത് ചര്‍ച്ച­ ചെ­യ്യ­പ്പെ­ടേണ്ടിയിരുന്നു.  പക്ഷെ ഇത് ഒരിടത്തും ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ചിലര്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കില്‍  ഇതിനെ സംബ­ന്ധി­ച്ചുള്ള ജന­ങ്ങ­ളുടെ സംശ­യ­ങ്ങള്‍ ആദ്യമേ തന്നെ മാറ്റാന്‍ സാധിക്കുമായിരുന്നു. അതുണ്ടായാല്‍ ഭൂരിഭാഗം ജനങ്ങളും  സ്വീകരിക്കും എ ന്നറിയാവുന്നവര്‍ റിപ്പോര്‍ട്ടിനെ  സംബ­ന്ധി­ച്ചുള്ള  വിശ­ദീ­ക­രണം  നല്‍ക­രു­ത്  എന്ന് ഗാഡ്ഗിലിനോട് നേരിട്ട്      
ആവ­ശ്യ­പ്പെ­ട്ടി­­രു­ന്നു. പണ­ത്തി­ന്റെയും അധി­കാ­ര­ത്തിന്റെയും ശക്തി  ഉപ­യോ­ഗിച്ച് റിപ്പോര്‍ട്ടിനെ  അട്ടി­മ­റി­ക്കാന്‍ ചില ലോബി­കള്‍ ശ്രമി­ച്ചു. വിജയവും കണ്ടു. അതാണ്, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടായി പുറത്തു വന്നത്.  മലയാളികള്‍ കൃഷി ഒന്നും ചെയ്യേണ്ട, ഭൂമിയിലൊക്കെ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതാല്‍ മതി എന്നു പറഞ്ഞ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയേപ്പോലുള്ള ഭീകരരാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരൊക്കെ കൂടി  ആസൂത്രണ കമ്മീഷന്‍ അംഗമായ ബഹിരാകാശ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയുണ്ടാക്കി ഈ റിപ്പോര്‍ട്ടിനെ അട്ടിമറിച്ചു. 

ഗാഡ്ഗില്‍   കമ്മിറ്റി റിപ്പോര്‍ട്ട്  അപ്പാടെ അതുപോലെ സ്വീകരിക്കണമെന്നില്ല. ഓരോ സ്ഥലത്തിനും യോജിച്ച തരത്തില്‍ വേണ്ട മാറ്റം വരുത്തി നടപ്പിലാക്കിയാല്‍ മതി.   

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്താരാഖണ്ഡിലെയും ഇടുക്കിയിലെയും ദുരന്തങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്തവരാണ്. കേരളത്തിന്റെ  ജലസമൃദ്ധിയും,കാര്‍ഷിക സമൃദ്ധിയും, കാലാവസ്ഥയും ഒക്കെ   സഹ്യപര്‍വത നിരകളുടെ സംഭാവനയാണ്.  പശ്ചിമഘട്ട സംരക്ഷണം നമ്മുടെ  മുഴുവന്‍ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് മനസിലാക്കാനുള്ള  പാരിസ്ഥിതിക സാക്ഷരത ഇവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല.  ഉത്തരാഖണ്ഡിലും, പശ്ചിമ ഘട്ട മലനിരയിലും  ഉണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും  നമ്മുടെ തെറ്റായ വികസനപ്രവര്‍ത്തനങ്ങളുടെ സൃഷ്ടിയാണ്. 

കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഈ ലിങ്കില്‍ വായിക്കാം. 


Section 6.4 ഇല്‍ ആണു നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങളുള്ളത്.

Sunday 20 October 2013

അണ്ടനും അടകോടനും 



കഴിഞ്ഞ ആഴ്ച കേരള രാഷ്ട്രീയത്തില്‍  കോളിളക്കമുണ്ടാക്കിയ ഒരു പ്രയോഗമായിരുന്നു, അണ്ടനും അടകോടനും എന്നത്. പ്രയോഗിച്ചത്  യു ഡി എഫിന്റെ നിലവിലെ തല വേദന ആയ പി സി ജോര്‍ജ്ജും. പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹികളേപ്പറ്റി. വേദി കോണ്‍ഗ്രസ് നേതാവായിരുന്ന എസ് വരദരാജന്‍നായര്‍ അനുസ്മരണം. കോണ്‍ഗ്രസ് വേദിയില്‍ ചെന്ന് കോണ്‍ഗ്രസുകാരെ ഇതുപോലെ അധിക്ഷേപിക്കാന്‍ യു ഡി എഫില്‍ ഇന്ന് ധൈര്യമുള്ള ഒരാളേ ഉള്ളു. അതാണു സാക്ഷാല്‍ പി സി ജോര്‍ജ്ജ്.

ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തേക്കുറിച്ച് പ്രയോഗിക്കാവുന്ന ഏറ്റവും മിതത്വമുള്ള പ്രയോഗമാണിതെന്ന് നിഷ്പക്ഷ മതികളൊക്കെ സമ്മതിക്കും. ഇതുപോലെ കഴിവു കെട്ട ഒരു നേതൃത്വം ഇത് വരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ എടുക്കുന്ന ഒരു തീരുമാനവും താന്‍ അറിയാറില്ല എന്ന് പൊതു വേദിയില്‍ പതം പറയുന്ന കെ പി സി സി പ്രസിഡണ്ടിനെയും, മറ്റു ഭാരവാഹികളെയും വിളിക്കേണ്ടത് ഇതിലും കടുത്ത പേരുകളാണ്.  മന്ത്രിസഭ പുനസംഘടനയേക്കുറിച്ച് സത്യ പ്രതിജ്ഞക്ക് 5 മിനിറ്റ് മുമ്പു മാത്രം അറിയുന്ന ഒരു കെ പി സി സി പ്രസിഡണ്ട്, ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനുമല്ല.

പി സി ജോര്‍ജ്ജ് പറഞ്ഞത് ഇതായിരുന്നു. "കെ പി സി സി എക്സിക്യൂട്ടീവ് എല്ലാ അണ്ടനും അടകോടനുമുള്ള സ്ഥലമാണ്." ഇത് കേട്ടിരുന്ന പല കോണ്‍ഗ്രസുകാരും കയ്യടിച്ചു. ആരും ജോര്‍ജ്ജിനെ ചോദ്യം ചെയ്തില്ല. കെ പി സി സി എക്സിക്യൂട്ടീവില്‍ ഉള്ളവരൊക്കെ അണ്ടന്‍മാരും  അടകോടന്‍മാരുമാണെന്ന് അറിവുള്ള ഒരു കോണ്‍ഗ്രസുകാരനും ജോര്‍ജ്ജിനെ വിമര്‍ശിച്ചില്ല. ഉമ്മന്‍ ചണ്ടി കമാ എന്നുരിയാടിയില്ല. പക്ഷെ അണ്ടന്‍മാരും അടകോടന്‍മാരും ജിഹാദിനിറങ്ങി.  പി സി ജോര്‍ജ്ജ് യു ഡി എഫിന്റെ ആരോഗ്യത്തിനു ഹാനികരം എന്ന പേരില്‍ വീക്ഷണം ലേഖനമെഴുതി. കലികാലം സാക്ഷി എന്ന പേരില്‍ കെ എസ് യുവും ലേഖനമെഴുതി.

പാര്‍ട്ടി നേതൃത്വം ജോര്‍ജിനെ നിയന്ത്രിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യുമെന്ന് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. കെ.പി.സി.സി ആസ്ഥാനത്തെ തൂപ്പുജോലിചെയ്യാന്‍പോലും അദ്ദേഹത്തിന് യോഗ്യത ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.  കെ.പി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ പലപ്പോഴും മൗനം പാലിക്കുകയോ തക്കസമയത്ത് ഗൗരവമായി ഇടപെടാതിരിക്കുകയോ ചെയ്യാതിരുന്നതിന്റെ  ഫലമാണ് വിവാദപ്രസ്താവനകളുടെ ആവര്‍ത്തനമെന്ന് ടി.എന്‍. പ്രതാപനും പറഞ്ഞു. ഇതൊക്കെ ആയപ്പോള്‍ താന്‍ അണ്ടനും അടകോടനുമല്ല എന്നു തെളിയിക്കേണ്ട ബാധ്യത  കെ പി സി സി പ്രസിഡണ്ടിനു ബോധ്യമായി. അദ്ദേഹം പ്രതികരിച്ചു.    അതിരുകടക്കുന്ന ആരെയും നിലക്കുനിര്‍ത്താനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. പക്ഷെ ഇതൊന്നും വകവയ്ക്കാതെ  ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരസ്യമായി വീണ്ടും ജോര്‍ജ്ജ് വെല്ലുവിളിച്ചു.  മന്ത്രിസഭായോഗത്തില്‍ ജോര്‍ജിനെ വിര്‍ശിച്ച മന്ത്രിമാരോട്  നിയന്ത്രിക്കാന്‍ ശ്രമിക്കാം എന്ന നിസ്സഹായ മറുപടിയാണ് മാണി നല്‍കിയത്. ജോര്‍ജിനെ  മാണിയടക്കം കേരള കോണ്‍ഗ്രസ് എമ്മിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം ഭയപ്പെടുന്നു.   മുഖ്യമന്ത്രിപോലും ജോര്‍ജിന്റെ  പ്രസ്താവനകളോട് പ്രതികരിക്കാത്തത് ഭയപ്പാടുകൊണ്ടാണെന്ന തോന്നല്‍  ചില കോണ്‍ഗ്രസുകാര്‍ക്കെങ്കിലുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളെത്ര പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന നിലയിലേക്കവര്‍ എത്തി. തെരഞ്ഞെടുപ്പില്‍ മാണിയുടെ മകനെ തോല്‍പ്പിച്ച് തിരിച്ചടി നല്‍കണമെന്നും അവര്‍ കണക്കുകൂട്ടുന്നു.

സെല്‍വരാജിനെ  ഇടതുപക്ഷത്തുനിന്ന് ചാടിച്ചു കൊണ്ടുവന്നപ്പോള്‍ ജോര്‍ജ്ജ് യു ഡി എഫിന്റെ ക്ഷീരബല ആയിരുന്നു. പെണ്ണുപിടിയന്‍മാര്‍ക്കും, അഴിമതിവീരന്മാര്‍ക്കും എതിരെ ജോര്‍ജ്ജ് തിരിഞ്ഞപ്പോള്‍,  ആരോഗ്യത്തിനു ഹാനികരവും ആയി. ചെന്നിത്തലയും മുരളീധരനും ഇപ്പോള്‍ ഇതേറ്റു പിടിക്കുന്നതിനു വ്യക്തമായ ലക്ഷ്യമുണ്ട് അത് ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിക്ക് ജോര്‍ജ്ജിനെ തള്ളിപ്പറയാന്‍ ആകില്ല. അങ്ങനെ ഉണ്ടായാല്‍ അത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദത്തിന്റെ അവസാനമായിരിക്കും. അതറിയാവുന്ന മുരളിയും രമേശനും അറിഞ്ഞു തന്നെ കളിക്കുകയാണ്. അതിനവര്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും നല്ല പിന്തുണയുമുണ്ട്.  പി സി ജോര്‍ജ്ജിനെ കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസിനോ നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അണ്ടന്മാരും അടകോടന്‍മാരും കുറച്ചു ദിവസം ഓരിയിടും. പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്തോളം ഉമ്മന്‍ ചാണ്ടിക്ക് ഭയപ്പെടാനില്ല. ഉമ്മന്‍ ചാണ്ടി ഊറിച്ചിരിക്കും.

കോണ്‍ഗ്രസിലേക്കാള്‍ നാണം കെട്ട അണ്ടന്‍മാരും അടകോടന്‍മാരും പക്ഷെ ഇന്ന് സി പി എമ്മിലാണ്. ആ പാര്‍ട്ടിയില്‍ കര്‍ക്കശമായ അച്ചടക്കമുണ്ടെന്ന് മറ്റുള്ളവര്‍ കരുതുന്നു.   പക്ഷെ വി എസ് അച്യുതാനന്ദന്‍ എന്ന നേതാവു നടത്തുന്ന അച്ചടക്ക ലംഘനത്തെ നേരിടാനാകാതെ ആ പാര്‍ട്ടി നേതൃത്വത്തിലെ അണ്ടന്‍മാരും അടകോടന്‍മാരും ഇരുട്ടില്‍ തപ്പുകയാണ്. ഏറ്റവും ഒടുവിലായി ലാവലിന്‍ അഴിമതിക്കേസിലും, റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലും പാര്‍ട്ടി നിലപാടുകളെ എതിര്‍ത്തു കൊണ്ട് അദ്ദേഹം ​രംഗത്തു വന്നിരിക്കുന്നു. അതിന്റെ കൂടെ 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 201 ലെ നിയമസഭ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകൊണ്ടാണെന്ന പുതിയ ആരോപണവും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു.

അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള സി പി എമ്മിനു ഇന്ന് അഴിമതിക്കെതിരെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു.  ലാവലിന്‍  വിഷയത്തില്‍ പിണറായി വിജയനുള്ള അതേ ഉത്തരവാദിത്തമാണ്, കല്‍ക്കരി അഴിമതിയില്‍ മന്‍  മോഹന്‍ സിംഗിനുള്ളതും. രണ്ടും സി എ ജി കണ്ടെത്തിയവയാണ്. ലാവലിന്‍ വിഷയം പാര്‍ട്ടി അന്വേഷിച്ച് അഴിമതി ഇല്ല എന്നു കണ്ടെത്തിയ പോലെ, കല്‍ക്കരി ഇടപാടും കോണ്‍ഗ്രസ് പാര്‍ട്ടി അന്വേഷിച്ച് അഴിമതി  ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നു.

പശ്ചിമ ഘട്ട പ്രശ്നത്തില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും കര്‍ണ്ണാടകയുടെയും പരിസ്തിതിയേയും, ജനവാസത്തെയും  ബാധിക്കുന്ന ഈ വിഷയത്തില്‍ ഇന്നു വരെ അര്‍ത്ഥവത്തായ ഒരു സംവാദം  നടത്താനോ, ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ചര്‍ച്ച നടത്താനോ  സി പി എം എന്ന ജന പക്ഷത്തു നില്‍ക്കേണ്ട പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. വി എസ് അച്യുതാനന്ദന്റെ ശരീര ഭാഷ ചര്‍ച്ച ചെയ്യാന്‍, പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചേരുന്ന ഈ പാര്‍ട്ടിക്ക്  ദിശാബോധം നഷ്ടപ്പെട്ടു എന്നതിന്റെ ഏറ്റവും നല്ല തെളിവാണിത്. വി എസ് ഇതേക്കുറിച്ച് അഭിപ്രായം ​പൊതു വേദിയില്‍ പറഞ്ഞപ്പോഴാണ്, ഈ വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പോലും വന്നത്.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പാര്‍ട്ടിയുടെ പല നേതാക്കളും പ്രതികളായി ഇപ്പോള്‍ ജയിലില്‍ ഉണ്ട്. കൊല നടത്തിയ ക്വട്ടേഷന്‍ സംഘത്തിനു വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കുന്നത് പാര്‍ട്ടിയാണ്. കൊലനടത്തിയവരെയും പ്രതി ആക്കപ്പെട്ട  പാര്‍ട്ടി നേതാവിനെയും  സന്ദര്‍ശിക്കാന്‍ അറിയപ്പെടുന്ന കള്ളക്കടത്തു കാരന്‍ ജയിലില്‍ വരുന്നു. സാക്ഷികള്‍ ഒന്നാകെ കൂറുമാറുന്നു.

വി എസിനെ ഉള്‍ക്കൊണ്ടുകൊണ്ട് ഇനി പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ വി എസ് വേണം. അതുകൊണ്ട് തല്‍ക്കാലം ഒരു പരസ്യ വിലക്കില്‍ കാര്യം അവസാനിക്കും. പറയേണ്ട കാര്യം ജനങ്ങളോട് വി എസ് പറയും. അതിനാര്‍ക്കും തടയിടാന്‍ ആകില്ല. ചെറിയ പ്രായത്തില്‍ കയർ കമ്പനിയിൽ തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയ ആ പോരാട്ടം പല സമരങ്ങളിലൂടെയും  മുന്നേറിയതാണ്, വി എസിന്റെ ചരിത്രം. പാർട്ടിയുടെ നേതാവായപ്പോഴും, മുഖ്യമന്ത്രിയായപ്പോഴും  പോരാട്ടമെന്ന അദ്ദേഹത്തിന്റെ സഹജ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല. അഴിമതി, ഭൂമികൈയേറ്റം, പെൺവാണിഭം തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം സന്ധിയില്ലാത്ത സമരം ചെയ്തു.  ഇടമലയാർ, പാമോയിൽ, എസ്ക്രീം, കോവളം കൊട്ടാരം, മതികെട്ടാൻ, മൂന്നാർ തുടങ്ങി അനേകം  വിഷയങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള നിയമയുദ്ധം ആരംഭിക്കുകയാണ് ഇനി.  പാർട്ടിക്ക് പുറത്തെ അഴിമതിക്കും അനീതിക്കുമെതിരെ  പോരാടുന്നതുപോലെ  പാർട്ടിക്കുള്ളിലെ അപഭ്രംശങ്ങൾക്കെതിരെയും അദ്ദേഹം പോരാടുന്നു. പാർട്ടിയെ നേരായ വഴിക്ക് നയിക്കുക എന്നത് കമ്യൂണിസ്റ്റുകാരന്റെ ധർമ്മമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.  ലാവലിൻ അഴിമതിക്കേസ് തന്നെയാണെന്ന് പറയുമ്പോഴും ടി.പി വധം പാർട്ടിയുടെ ശോഭ കെടുത്തിയെന്ന് പറയുമ്പോഴും ആ നിലപാട്  അദ്ദേഹം വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നു.  പലതവണ ശിക്ഷാനടപടികൾ ഏറ്റുവാങ്ങിയിട്ടും തൊണ്ണൂറിലെത്തുമ്പോഴും വി എസ് വി എസ് തന്നെയാണ്.


അണ്ടനെന്നോ അടകോടനെന്നോ വിളിക്കാവുന്ന വ്യക്തിത്വം ആണ്, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  അദ്ദേഹം നടത്തിയ ഒരു പ്രസ്താവന അതിനടി വര ഇടുന്നു.

സര്‍ക്കാര്‍ സംവിധാനത്തില്‍ ന്യായമായ കാര്യം ചെയ്യാന്‍ പോലും തടസ്സം: മുഖ്യമന്ത്രി 

>>>>തിരുവനന്തപുരം. സര്‍ക്കാര്‍ സംവിധാനത്തില്‍ ന്യായമായ കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും അത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും പ്രശ്നമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യായമായ കാര്യങ്ങള്‍ ചെയ്തുകിട്ടാതെ വരുമ്പോള്‍ നമ്മള്‍ ഉദ്യോഗസ്ഥരെയാണു കുറ്റം പറയുക. പക്ഷേ തന്റെ അനുഭവത്തില്‍ ഉദ്യോഗസ്ഥരുടെ കുഴപ്പമല്ലിത്. ഉദ്യോഗസ്ഥര്‍ക്കു പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചട്ടങ്ങളും മറ്റുമാണുള്ളത്. <<<<<

ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആണിത് പറയുന്നതെന്നോര്‍ക്കുക. ചട്ടങ്ങള്‍ ജന വിരുദ്ധമാണെങ്കില്‍ അത് മാറ്റാന്‍ വേണ്ടിയാണ്, കേരള ഖജനാവില്‍ നിന്നും ഭാരിച്ച ശമ്പളം  നല്‍കി ഉമ്മന്‍ ചാണ്ടി എന്ന വിഗ്രഹത്തെ മുഖ്യ മന്ത്രികസേരയില്‍ ഇരുത്തിയിരിക്കുന്നത്. "മുഖ്യമന്ത്രി ചെയ്യുന്നത് പാര്‍ട്ടി പ്രസിഡണ്ടായ താന്‍ അറിയുന്നില്ല" എന്നു പറയുന്ന അണ്ടനു പറ്റിയ അടകോടനാണ്, കേരള മുഖ്യമന്ത്രി. ചക്കിക്കൊത്ത ചങ്കരനെന്നും പറയാം.

കോടികള്‍ മുടക്കി കോടിക്കണക്കിനു രൂപ ധനസഹായമായി വിതരണം ചെയ്യുന്ന സമയത്ത് ചട്ടങ്ങളില്‍ വേണ്ട മാറ്റം വരുത്തി ഭരണം കാര്യക്ഷമമായി നടത്തികൊണ്ടു പോകുകയാണ്, ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. പക്ഷെ അതിനു  ഭരിക്കാനുള്ള കഴിവു വേണം. അതില്ലാത്ത അണ്ടന്‍മാരും  അടകോടന്‍മാരും., രാജഭരണ കാലത്തെ രാജാക്കന്‍മാരേപ്പോലെ പണക്കിഴികള്‍ വിതരണം ചെയ്ത്, അതാണു ഭരണമെന്നു പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ നോക്കും. ഇതൊക്കെ കണ്ട് ജനങ്ങളപ്പാടെ തനിക്ക് വോട്ടു ചെയ്ത് തന്നെ ജനകീയന്‍ എന്നു വിളിക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി ധരിച്ചിരിക്കുന്നത്.



Sunday 13 October 2013

ഈ ഗാനം മറക്കുമോ



കള്ളത്തൊണ്ട കൊണ്ട് കൃത്രിമ ശബ്ദത്തില്‍ പാടുന്ന പാട്ടുകാരുടെ ഇടയില്‍ ഒരു സുവര്‍ണ്ണ ശബ്ദം.

തന്റെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍, പുറത്തെ പല ശബ്ദങ്ങളുടെയും ഇടയില്‍ ചന്ദ്രലേഖ എന്ന അജ്ഞാത ഗായിക പാടിയത്.



റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ എല്ലാ സൌകര്യങ്ങളോടെയും ചിത്ര പാടിയത്.






ഒരാള്‍ പാടിയ പട്ട്  മറ്റൊരാള്‍ പാടുന്നത് ഏറ്റു ചൊല്ലലാണെന്ന ആരോപണത്തോടുള്ള പ്രതികരണത്തില്‍ പരാമര്‍ശിച്ച ചില സിനിമാ ഗാനങ്ങള്‍.


ദേവീ ശ്രീദേവി







പൂമാനമേ







സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന





ഊഞ്ഞാലാ ഊഞ്ഞാലാ







ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും







Monday 7 October 2013

വേഗപ്പൂട്ടും ഹെല്‍മെറ്റും 


ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പദമാണ്, വേഗപ്പൂട്ട്. വാഹനത്തിന്റെ വേഗത  നിയന്ത്രിക്കാനുള്ള ഉപകരണമായ  Speed Governor എന്നതിന്റെ  മലയാള പരിഭാഷ എന്ന രീതിയില്‍ ആരോ പ്രയോഗിച്ചതാണിത്. പക്ഷെ ഗതാഗത വകുപ്പിന്റെ രേഖകളിലൊന്നും ഇതുപോലെയുള്ള ഒരു പദപ്രയോഗം കാണാറില്ല.

അടുത്ത കാലത്ത് മലപ്പുറം ജില്ലയില്‍ അമിത വേഗതയില്‍ വന്ന ഒരു ബസിടിച്ച് ഓട്ടോറിഷയില്‍ സഞ്ചരിച്ച ഒരു കുടുംബത്തിലെ 8 പേരും, മറ്റൊരു ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേരും മരിക്കാന്‍ ഇടയായി. ആ പശ്ചാത്തലത്തിലാണീ വേഗപ്പൂട്ടെന്ന വാക്ക് മാദ്ധ്യങ്ങളില്‍ നിറയാന്‍ തുടങ്ങിയത്.

ലോകം മുഴുവനുമുണ്ടാകുന്ന   റോഡപകടങ്ങളില്‍ 90 ശതമാനവും നടക്കുന്നത് അവികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ലോകത്തെ വാഹനസംഖ്യയുടെ പകുതി മാത്രമാണ് ഈ രാജ്യങ്ങളില്‍ ഉളളത്. ഇത് സൂചിപ്പിക്കുന്നത് ഇവയില്‍ ഏറിയ പങ്കും ഒഴിവാക്കാവുന്നവയാണെന്നാണ്.

 ഓരോ ദിവസവും സ്വകാര്യബസുകളുടെ അമിത വേഗം മൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലോകത്തെ മറ്റു പല രാജ്യങ്ങളിലും വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞുവരുമ്പോള്‍, ഇന്ത്യയിലും കേരളത്തിലും  ഓരോവര്‍ഷവും അപകടമരണ നിരക്കുകള്‍ ഉയരുകയാണ്‌. 2000-ത്തില്‍ 2710 പേരാണ്‌ വാഹനാപകടത്തില്‍ മരണമടഞ്ഞതെങ്കിള്‍, 2012ലത്‌ 4286 പേരായി. 5608 പേര്‍ക്കു പരുക്കേറ്റു.  2012-ല്‍ ആകെ 4013 ബസപകടങ്ങള്‍ ഉണ്ടായതില്‍ 3652 എണ്ണവും ഡ്രൈവര്‍മാരുടെ കുഴപ്പം കൊണ്ടാണുണ്ടായതെന്നാണ്‌ പോലീസിന്റെ രേഖകള്‍ വെളിപ്പെടുത്തുന്നത്‌. ആകെയുണ്ടായ 4286 മരണങ്ങളില്‍ 3913 എണ്ണവും ഡ്രൈവര്‍മാരുടെ പിഴവു മൂലമുണ്ടായ അപകടങ്ങളിലാണു സംഭവിച്ചതും. 2012 ല്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ 191 അപകടങ്ങളിലായി 214 മരണങ്ങള്‍ക്കു കാരണമായി. ആ സമയത്ത് സ്വകാര്യബസുകള്‍  581 അപകടങ്ങളിലൂടെ 616 മരണങ്ങള്‍ക്കാണു കാരണമായത്‌. ഇതിലൊക്കെ അമിത  വേഗതയും, അശ്രദ്ധയും, ഡ്രൈവര്‍മാരുടെ പരിചയക്കുറവുമാണു കാരണമായിട്ടുള്ളത്.

ചെറിയ വാഹനക്കാരും കാല്‍നടയാത്രക്കാരും മഹാഭാഗ്യം കൊണ്ടു മാത്രമാണു പലപ്പോഴും സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനിടയില്‍ നിന്നു രക്ഷപ്പെടുന്നത്‌. യാത്രക്കാര്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ്‌ വണ്ടി വിടുക, വണ്ടി നില്‍ക്കുന്നതിനു മുന്നെ  വേഗമിറങ്ങാന്‍ ഭീഷണിപ്പെടുത്തുക, ഇറങ്ങിയില്ലെങ്കില്‍ പിടിച്ചു വലിച്ചിറക്കുക തുടങ്ങിയ നടപടികള്‍ എല്ലാ സ്വകാര്യ ബസുകളിലിലെയും നിത്യ കാഴ്ചകളാണ്. പഴയ കാലത്തൊക്കെ പക്വമതികളും,  പ്രായമുള്ളവരുമൊക്കെ ഡ്രൈവര്‍മാരായി ഉണ്ടായിരന്നു. പക്ഷെ ഇപ്പോള്‍ സ്വകാര്യബസുകളില്‍ ഡ്രൈവര്‍മാരായുള്ളത്‌ പ്രായം വളരെ കുറഞ്ഞ, പരിചയം കമ്മിയായ ചെറുപ്പക്കാരാണ്.  കാല്‍നടക്കാരോ ചെറുവാഹന യാത്രക്കാരോ റോഡുകളില്‍ ഉണ്ടെന്നു പോലും ഭാവിക്കാതെ,  അവര്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കെന്ത്‌ എന്ന ധാര്‍ഷ്‌ട്യ ഭാവമാണ്‌ ഈ  ഡ്രൈവര്‍മാര്‍ക്ക്‌. റോഡുകള്‍ ആകെ തകര്‍ന്ന്‌ സഞ്ചാരയോഗ്യമല്ലാതിരിക്കുന്ന സമയത്തുപോലും ഈ കുട്ടി  ഡ്രൈവര്‍മാര്‍ റോഡില്‍ സാമാന്യ മര്യാദപോലും  പാലിക്കാന്‍ തയാറല്ല. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി അകത്തും പുറത്തുമുള്ള യാത്രക്കാരുടെ ജീവന്‍ പന്താടിക്കൊണ്ട്‌  ഇവര്‍ പല വക അഭ്യാസങ്ങളും നടത്തുന്നു. കൂടെക്കൂടെ  അപകടങ്ങളുണ്ടായാലും നിരപരാധികളായ മനുഷ്യര്‍ മരിച്ചാലും  ഈ ഡ്രൈവര്‍മാര്‍ അല്‍പം പോലും ശ്രദ്ധിക്കുകയില്ല.  റോഡിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരായി, ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍പറത്തി മരണയോട്ടം നടത്തുന്ന ഇവര്‍ക്കു കടിഞ്ഞാണിടാന്‍ ഇവിടത്തെ പോലീസോ ഗതാഗതവകുപ്പോ ഇതു വരെ തയ്യാറായിരുന്നിന്നില്ല. Speed Governor കള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നിലവിലുണ്ടെങ്കിലും ഇതുള്ള ബസുകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്‌.

നിയമങ്ങള്‍ ഇല്ലാത്തതല്ല ഇവിടത്തെ പ്രശ്നം, അത് പാലിക്കാന്‍ തയ്യാറല്ലാത്തതും, അത് പാലിക്കുന്നുണ്ടോ എന്ന് അധികാരികള്‍ ഉറപ്പുവരുത്താത്തതുമൊക്കെയാണു പ്രശ്നങ്ങള്‍. ബസുകളില്‍ Speed governor  ഘടിപ്പിക്കണമെന്ന് സുപ്രീം കോടതി വരെ ശരി വച്ച ഉത്തരവായിരുന്നു. പക്ഷെ പല മുടന്തന്‍ ന്യായങ്ങള്‍  പറഞ്ഞും, രാഷ്ട്രീയക്കാരെ വരുതിയിലാക്കിയും ബസുടമകള്‍ അത് നടപ്പില്‍ വരുത്താതെ നീട്ടിക്കൊണ്ടുപോയി. മലപ്പുറം ജില്ലയില്‍തന്നെ അടിക്കടിയുണ്ടായ ദാരുണമായ റോഡപകടങ്ങളിലൂടെ അനവധി  നിരപരാധികളായ മനുഷ്യരുടെ ചോര ചീന്തപ്പെട്ടപ്പോള്‍ മാത്രമാണ്‌ ഇതുവരെ അനങ്ങാപ്പാറനയം സ്വീകരിച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പ്‌ ഒന്നു സടകുടഞ്ഞെഴുന്നേറ്റത്‌. ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ ഋഷിരാജ്  സിംഗ് ഇക്കാര്യത്തില്‍ ചില കര്‍ശനമായ നടപടികള്‍ എടുത്തു. അതിനെതിരെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. പക്ഷെ അത് പെട്ടെന്നു തന്നെ പിന്‍വലിക്കുകയും ചെയ്തു.

Speed governor വാഹനങ്ങളില്‍  ഘടിപ്പിക്കുക എന്നത്‌ 2005ല്‍ നടപ്പാക്കിയ നിയമമാണ്‌. കോടതികളില്‍ പല പ്രാവശ്യം ചോദ്യം ചെയ്യപ്പെട്ടെങ്കിലും, ഇത് സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്.  ഈ നിയമം ലംഘിക്കുന്നതില്‍ ബസുടമകളും  മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാകുന്നു. യഥാസമയം ഈ നിയമലംഘനങ്ങളൊന്നും കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥ ്‍ തയ്യാറാകുന്നില്ല. നിയമ നടപടികളെടുക്കാനും മെനക്കെടുന്നില്ല.

 കര്‍ശനമായ പരിശോധനകള്‍ നടത്തിയപ്പോള്‍ വെറും രണ്ടുദിവസംകൊണ്ട്‌  411 ബസുകളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റുകളാണ്‌ മതിയായ ഫിറ്റ്‌നസ്‌ ഇല്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയത്‌. ഈ പരിശോധനകളും, നടപടികളും,  യഥാസമയങ്ങളില്‍ കൃത്യമായി ചെയ്‌തിരുന്നെങ്കില്‍ എത്രയോ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. Speed governor കളില്‍ കൃത്രിമം കാണിക്കുന്ന ലോബികളും സജീവമാണ്. ടെസ്‌റ്റിംഗ്‌ സമയത്ത്‌ പ്രവര്‍ത്തനസജ്‌ജമാക്കി വയ്‌ക്കുകയും അതുകഴിഞ്ഞാല്‍ അതു വേര്‍പെടുത്തിയിടുകയും ചെയ്യുന്ന സമ്പ്രദായം പല ബസുടമകളും അനുവര്‍ത്തിക്കുന്നുണ്ട്.  പരിശോധന കഴിയുമ്പോള്‍  വേഗനിയന്ത്രണത്തോത്‌ കൂട്ടിവയ്‌ക്കുന്നവരും ഉണ്ട്‌. ഉത്തരവാദിത്വത്തോടെ കര്‍ശനമായ പരിശോധനാനടപടികള്‍ തുടരുകതന്നെ വേണം. പക്ഷേ, അനാവശ്യമായി ദ്രോഹിക്കാനുള്ള അവസരമായി ഇതിനെ ദുരുപയോഗം ചെയ്യുകയും അരുത്‌.

യാത്ര ചെയ്യുന്നതിന്, മതിയായ നിരക്ക്‌ വാങ്ങുന്നുണ്ടെങ്കില്‍ അതിനനുസൃതമായ സൗകര്യങ്ങളും സുരക്ഷിതത്വവും ബസില്‍ യാത്രക്കാര്‍ക്കു നല്‍കാന്‍ ബസുടമകള്‍ ബാധ്യസ്ഥരാണ്‌. അല്ലാതെ ബസില്‍ കയറുന്ന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ വെറും നികൃഷ്‌ടജീവികളായി കാണുന്ന സമീപനം അല്ല വേണ്ടത്‌. ബസുടമകള്‍ക്ക്‌ സമയക്രമീകരണങ്ങളടക്കം ബസുകളുടെ സുഗമമായ സര്‍വീസിന്‌ അനിവാര്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തുകൊടുക്കണം. ജനങ്ങളുടെ ജീവന്‍ പന്താടുന്ന മരണയോട്ടം നിര്‍ത്തി സുരക്ഷിതമായ യാത്ര ക്രമീകരിക്കുന്ന സംവിധാനമാണ്‌ സര്‍ക്കാരും ബസുടമകളും ചേര്‍ന്ന്‌ ചര്‍ച്ച ചെയ്‌തു കണ്ടെത്തേണ്ടതും നടപ്പാക്കേണ്ടതും.

കേരളത്തില്‍ ഈ വര്‍ഷം ജൂലൈ 31 വരെ മാത്രമുളള കണക്കു പ്രകാരം  2526 പേര്‍ റോഡപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. 24256 പേര്‍ക്ക് പരിക്കേറ്റു. ആകെയുളള 21028 വാഹനാപകടങ്ങളില്‍  ഇരുചക്രവാഹനാപകടങ്ങള്‍ 12479 ആണ്. ബൈക്ക് യാത്രികര്‍ 1668 പേര്‍ മരിക്കുകയും 15841 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍  മരിക്കുന്നത് ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നോര്‍ക്കുക. കേരളത്തില്‍ ഇപ്പോള്‍ 70 ലക്ഷത്തിലേറെ വാഹനങ്ങളുണ്ട്. ഇരുചക്രവാഹനങ്ങളുടെ എണ്ണം 42 ലക്ഷത്തില്‍പ്പരമാണ്. സംസ്ഥാനത്തെ റോഡപകടങ്ങളില്‍ 70 %  ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്. മരണപ്പെടുന്നവരില്‍  70 ശതമാനത്തിലും തലയ്ക്ക് സംഭവിക്കുന്ന പരിക്കാണ് മരണകാരണം. ഈ മരണങ്ങളില്‍ 90 % ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ഒഴിവാക്കാനാകും. പക്ഷെ എന്തുകൊണ്ടോ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റിനോട് ഒരു വക അലര്‍ജിയാണ്.

ബസുകളില്‍ speed governor ഘടിപ്പിക്കുന്നതിനോട് ബസുടമകള്‍ക്കും ഓടിക്കുന്നവര്‍ക്കും എതിര്‍പ്പ്. ഹെല്‍മെറ്റിനോട് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും എതിര്‍പ്പ്. സാക്ഷരരും,  വിവരമുള്ളവരും, പുരോഗതി പ്രാപിച്ചവരുമെന്ന് അഭിമാനിക്കുന്ന മലയാളികള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതേക്കുറിച്ച് ബോധവാന്‍മാരല്ലാത്തതുകൊണ്ടാണോ?

നിയമങ്ങള്‍ കര്‍ശനമാക്കിയാലേ ഇതുപോലുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കു. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യരുത്. കുട്ടികള്‍ ഒരു കാരണവശാലും ഇരു ചക്രവാഹങ്ങളില്‍ യാത്ര ചെയ്യരുത്. ഓട്ടോ റിഷയിലും കൂടുതല്‍ ആളുകളെ കയറ്റാന്‍ അനുവദിക്കരുത്.(മലപ്പുറത്ത് ഒരു കുടുംബത്തിലെ 14 പേരായിരുന്നു യാത്ര ചെയ്തതും  അപകടത്തില്‍ പെട്ടതും, 8 പേര്‍ മരിച്ചതും)

ബസുകളുടെ  വേഗത നിയന്ത്രിക്കണം. ശാസ്‌ത്രീയമായ  സമയ ക്രമീകരണം ഉണ്ടാകണം. ബസുകള്‍ക്ക് നിര്‍ബന്ധമായും വാതിലുകള്‍ ഘടിപ്പിച്ചിരിക്കണം. പക്വത ഉള്ളവരെയും നല്ല പരിശീലനവും, ദീര്‍ഘ കാലം വണ്ടിയോടിച്ച് പരിചയമുള്ളവരെയും മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാവൂ. സമയാസമയങ്ങളില്‍ പരിശോധന നടത്തി നിശ്ചിത യോഗ്യത  വാഹനത്തിണ്ടെന്നുറപ്പു വരുത്തണം. ഇതോടൊപ്പം റോഡുകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കൂടെ മിതത്വവും ക്ഷമയും,  ശ്രദ്ധയും കാണിക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയത്തു നടത്തി സംരക്ഷിക്കണം.

വേഗപ്പൂട്ട് എന്ന വാക്കു കേള്‍ക്കുമ്പോള്‍ എന്തോ ഒരു കല്ലു കടി തോന്നുന്നു. ഹെല്‍മെറ്റ് എന്ന ഇംഗ്ളീഷ് പദം ഉപയോഗിക്കാന്‍ മടിയില്ലാത്ത മാദ്ധ്യമങ്ങള്‍ എന്തിനാണ്, ഇതുപോലെ ഒട്ടും യോജിക്കാത്ത ഒരു പദം ഉപയോഗിക്കുന്നതെന്ന് മനസിലാകുന്നില്ല.  മലയാള ഭാഷയില്‍ ഇതുപോലെ മറ്റ് ചില പ്രയോഗങ്ങളുണ്ട്. കുഴി ബോംബ് ആണ്, ഒരെണ്ണം. ബോംബ് എന്ന ഇംഗ്ളീഷ് വാക്കുപയോഗിക്കാന്‍ മടിയില്ലാത്തവര്‍, മൈന്‍ എന്ന ഇംഗ്ളീഷ് വാക്കിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്തിനാണ്? മറ്റൊരു അസംബന്ധ പ്രയോഗമാണ്, തൂക്കു പാര്‍ലമെന്റ് എന്ന പ്രയോഗം. പാര്‍ലമെന്റ് എന്ന ഇംഗ്ളീഷ് വാക്കിനു കുഴപ്പമില്ല. ഹംഗ് എന്നതിലാണിവര്‍ക്ക് കുഴപ്പം.