Tuesday, 30 July 2013

ന്യു ജെനറേഷന്‍ വ്യഥകള്‍ ഇപ്പോള്‍ കേരളത്തില്‍ ന്യൂ ജെനറേഷന്റെ കാലമാണ്. പൊതു സമൂഹം സഭ്യമല്ല എന്നു കരുതുന്ന സംഭാക്ഷണങ്ങള്‍ കുത്തി നിറച്ച്  പുറത്തിറക്കിയ മലയാള സിനിമകളെ ഉദ്ദേശിച്ചാണീ വിളിപ്പേരുണ്ടായത്. സിനിമയും കടന്ന് ഇപ്പോള്‍ ന്യൂ ജെനറേഷന്‍ രാഷ്ട്രീയത്തില്‍  നിറഞ്ഞാടിക്കൊണ്ടിരിക്കുന്നു. സഭ്യമല്ലാത്ത പ്രയോഗങ്ങള്‍ കേരള മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടാകുന്നു.

സോളാര്‍ വിഷയം പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനതില്‍ ഉള്ള പങ്കിനേപ്പറ്റി ആക്ഷേപമുണ്ടായി. അപ്പോള്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇപ്രകാരം. എന്റെ ഓഫീസിലുള്ള ആര്‍ക്കും ഇതില്‍ യാതൊരു പങ്കുമില്ല. അവരെ ആരെയെങ്കിലും ബ്വലി കൊടുത്ത് ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല. ആരെയും ബലി കൊടുക്കില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി തന്റെ ഓഫീസിലെ നാലു പേരെ ബലി കൊടുത്തു. ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ന്യൂ ജെനറേഷന്റെ ആരംഭം ഇവിടെ തുടങ്ങി. ഇപ്പോള്‍ സോളാര്‍ വിവാദം ആര്‍ക്കും പിടിച്ചു നിറുത്താന്‍ വയ്യാത്ത തരത്തില്‍  പൊതു ജന മദ്ധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന്റെ പിന്നില്‍ ഉള്ള വലിയ ഒരു ശക്തി   കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തല നയിക്കുന്ന ഗ്രൂപ്പാണെന്നാണ്, ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച അഭിപ്രായം. അതുകൊണ്ട്  രമേശനെ നിശബ്ദനാക്കാന്‍ അദ്ദേഹമിപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ  തിണ്ണയില്‍ കിടന്ന് നിരങ്ങുന്നു. സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ട് ഇതു വരെ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. അതിന്റെ കാരണം ഒരു പക്ഷെ വി ആര്‍ രാഗേഷിന്റെ  ഈ കാര്‍ട്ടൂണില്‍ പറയുന്നതായിരിക്കാം.പക്ഷെ ഈ തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിന്റെ പങ്ക് പറ്റാന്‍ താനില്ല എന്ന കടുത്ത നിലപാടിലാണിപ്പോള്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഗ്രൂപ്പും. അത്രക്ക് യോജിപ്പാണു രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലിപ്പോള്‍.

ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ന്യൂ ജെനറേഷന്‍ ഫലിതം വന്നത് അട്ടപ്പാടിയിലെ ആദിവാസികളുടെ വിഷയത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അട്ടപ്പാടിയില്‍  48 നവജാത ശിശുക്കൾ  മരിച്ചു. പോക്ഷകാഹാര കുറവായിരുന്നു മരണകാരണമെന്നറിഞ്ഞപ്പോള്‍  കേരളീയ സമൂഹം ലജ്ജിച്ചു തല താഴ്ത്തി. ജീവിത സൂചികയിലും ആരോഗ്യനിലവാരത്തിലും  പടിഞ്ഞാറന്‍ നാടുകളോട് കിടപിടിക്കുന്ന കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്.അതിന്റെ ഗൌരവം മനസിലാക്കിയ കേന്ദ്ര മന്ത്രിസഭ മന്ത്രിയെ തന്നെ അട്ടപ്പാടിയിലേക്കയച്ചു. പ്രധാനമന്ത്രി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ അയച്ചു കാര്യങ്ങള്‍ മനസിലാക്കി.  ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ നല്‍കുന്ന അവാര്‍ഡ് മേടിച്ചു എന്ന കള്ളം പ്രചരിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി, താന്‍ അധികാരത്തില്‍ വന്ന ശേഷം ഈ ആദിവാസികളുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായില്ല എന്നത് ഉമ്മന്‍ ചാണ്ടിക്ക് നാണക്കേടായി തോന്നില്ല. കാരണം, കുറച്ചു നാളായി നാണക്കേടെന്താണെന്ന് അദ്ദേഹത്തിനറിയാതായിരിക്കുന്നു.പക്ഷെ ഒരു ഭരണാധികാരിയില്‍ നിന്നും വരാന്‍ പാടില്ലാത്ത ഒരു ന്യൂ ജെനറേഷന്‍ തമാശ അദ്ദേഹത്തിന്റെ നാവില്‍ നിന്നും വന്നു. അട്ടപ്പാടിയിലെ ആദിവസികള്‍ക്ക് ഇഷ്ടം പോലെ ഭക്ഷണം സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. പക്ഷെ അവര്‍ കഴിക്കുന്നില്ല. എന്തൊരു സങ്കടം!.പിന്നീട് ന്യൂ ജെനറേഷന്‍ തമാശ  വന്നത് ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ സി ജോസഫില്‍ നിന്നായിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നതാണത്രെ അവജാത ശിശുക്കള്‍ മരിക്കാന്‍ കാരണം. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നു പറഞ്ഞപോലെയാണ്, ഉമ്മന്‍ ചാണ്ടിയും കെ സി ജോസഫും.

ഇതില്‍ എത്ര വാസ്തവമുണ്ടെങ്കിലും ജയലക്ഷ്മി മന്ത്രിക്കോ, ജോസഫ് മന്ത്രിക്കോ, ഉമ്മൻ  ചാ ണ്ടി മുഖ്യമന്ത്രിക്കോ ഇതു വരെ  ഇതൊന്നും അറിയില്ലായിരുന്നു എന്നതാണു ശരി. കേരളം മുഴുവന്‍ ജനസമ്പര്‍ക്കം നടത്തി നാടകമാടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഏതെങ്കിലും ആദിവാസി ഊരുകളില്‍ ഒരു ജനസമ്പര്‍ക്കെമെങ്കിലും   നടത്താന്‍ ഇതു വരെ തോന്നിയിട്ടില്ല. അവരുടെ വോട്ടിനു വിലയില്ലല്ലോ. പിന്നെ എന്ത് സമ്പര്‍ക്കം?

ന്യൂ ജെനറേഷന്റെ അടുത്ത പ്രഭവ കേന്ദ്രം ഡെല്‍ഹിയായിരുന്നു. അവിടെ നിന്ന് കേരളത്തെ കടത്തി വെട്ടി മൂന്നു ന്യൂ ജെനറേഷന്‍ തമാശകളാണു വന്നത്.

മുംബൈയില്‍ ഒരു നേരത്തെ  സുഭിക്ഷ ഭക്ഷണം ലഭിക്കാന്‍ 12 രൂപാ മതിയെന്ന് കോണ്‍ഗ്രസ് നേതാവ്, രാജ് ബബ്ബര്‍

Raj Babbar regrets Rs 12 meal remark, opposition guns for Cong (© Reuters)


ഡെല്‍ഹിയില്‍ ഒരു നേരത്തെ സുഭിക്ഷ ഭക്ഷണം ലഭിക്കാന്‍ അത്ര പോലും വേണ്ട, വെറും 5 രൂപാ മതിയെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ്


Another Cong leader says Rs 5 enough for a meal in Delhi (© PTI)

 ഇതിനെയൊക്കെ കവച്ചു വയ്ക്കുന്നു. കേന്ദ്ര മന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ ന്യൂ ജെനറേഷന്‍. അദ്ദേഹം ഒരു പട്ടണത്തെ പ്രത്യേകം എടുത്തു പറഞ്ഞില്ല. ഇന്‍ഡ്യ മൊത്തമായി തന്നെ പറഞ്ഞു. 1 രൂപക്ക് സുഭിക്ഷ ഭക്ഷണം ലഭിക്കുമത്രെ.

വയറു നിറക്കാന്‍ ഒരു രൂപ ധാരാളം -ഫാറൂഖ് അബ്ദുല്ല


ഒരു രൂപയ്ക്കും 12 രൂപയ്ക്കും ഇടയില്‍ കിടന്ന് കിളിത്തട്ടു കളിക്കുന്ന ഈ ജന്തുക്കള്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ നികുതിദായകരുടെ എത്ര രൂപ ചെലവഴിക്കുന്നു എന്നത് പക്ഷെ ഇവര്‍ പറയുന്നില്ല.

ഈ മഹാന്‍മാരുടെ ശ്രേണിയിലേക്ക് എടുത്തു വയ്ക്കാവുന്ന മറ്റ് രണ്ട് മഹദ്‌വ്യക്തികള്‍ കൂടിയുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയും ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും. ദിവസം 29 രൂപ വരുമാനമുണ്ടെങ്കില്‍ ഒരു കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നടക്കുമെന്നാണ്, അഹ്‌ലുവാലിയ തമ്പുരാന്റെ പക്ഷം. ഡെല്‍ഹിയില്‍ ഒരു കുടുംബത്തിന്, ഒരു മാസം സുഭിക്ഷമായി ജീവിക്കാന്‍ 600 രൂപാ മതിയെന്നാണ്, ഷീലയുടെ അഭിപ്രായം.

അഹ്‌ലുവാലിയ തമ്പുരാന്‍ കേരളത്തില്‍ വന്ന് പണ്ടൊരു ന്യൂ ജെനറേഷന്‍ തമാശ പറഞ്ഞിരുന്നു. നിങ്ങള്‍ കൃഷിഭൂമിയൊക്കെ നികത്തി കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതോളൂ. തമിഴനും തെലുങ്കനും  നിസാര വിലക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ക്ക് തന്നോളും എന്നാണത്. ഇപ്പോള്‍ കേരളത്തിലേക്ക് തമിഴനും തെലുങ്കനും നല്‍കുന്നവയുടെ വില എത്രയെന്ന് ഈ ഭീകരനോട് ചോദിക്കാന്‍ വിവേകമുള്ള ഒരു സരിത എം എല്‍ എല്‍ യോ ഹരിത എം എല്‍ എ യോ ഇന്ന് കേരളത്തില്‍ ഇല്ല.

ഇതേ അഹ്‌ലുവലിയ നടത്തിയ മറ്റു ചില ജന സേവങ്ങളുടെ കാര്യം കൂടി പറയാം. ഇദ്ദേഹത്തിനു തൂറാനുള്ള (ക്ഷമിക്കണം. ഇത് ന്യൂ ജെനറേഷന്‍ കാലമല്ലേ. ഞാനും അല്‍പ്പം ന്യൂ ജെനറേഷന്‍ പാതയിലൂടെ സഞ്ചരിക്കട്ടെ) സര്‍ക്കാര്‍ കക്കൂസ് മോടിപ്പിക്കാന്‍ വേണ്ടി ചെലവാക്കിയ തുക 35 ലക്ഷം രൂപയാണ്. ഇത്രയേറെ വിലപിടിപ്പുള്ള കക്കൂസില്‍ തൂറാന്‍ മാത്രം എന്താണിദ്ദേഹം കഴിക്കുന്നതെന്ന് ആര്‍ക്കെങ്കിലും  പറയാന്‍ സാധിക്കുമോ?

ന്യൂ ജെനറേഷന്‍ തമാശ പറയുന്ന കാര്യത്തില്‍ കേരളത്തിലെ ഒരു ഹരിത എം എല്‍ എ, വി റ്റി ബലറാം,  ഒട്ടും പിന്നിലല്ല. തൃത്താല എം എല്‍ ആയ ഇദ്ദേഹത്തിനൊരു Face book അക്കൌണ്ട് ഉണ്ടായിരുന്നു. http://www.facebook.com/vtbalram . അതിന്റെ നെറ്റിയില്‍ എഴുതി വച്ചിരിക്കുന്നത് "നെറികേടിനെ നിലപാടു കൊണ്ട് ചോദ്യം ചെയ്യുക" എന്നാണ്. ഇന്നലെ വരെ ഉണ്ടായിരുന്ന ഈ അക്കൌണ്ട് ഇപ്പോള്‍ കാണാനില്ല. അവിടെ ചില നെറികേടുകളും അതിനെ അദ്ദേഹം ചോദ്യം ചെയ്ത രീതികളും ബലറാം വിശദീകരിച്ചിട്ടുണ്ട്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം എ ജോണിന്റെ കാലത്തൊരു മുദ്രവാക്യം ഉണ്ടായിരുന്നു. പരിപാടിയിലുള്ള പിടിവാശിയാണ്, പരിവാര്‍ത്തനവാദിയുടെ പടവാള്‍ എന്നായിരുന്നു അത്.മുദ്രവാക്യം മുഴക്കിയതല്ലാതെ ഒരു പരിവര്‍ത്തനവും എം എ ജോണും കൂട്ടരും കൊണ്ടു വന്നതായി കേട്ടിട്ടില്ല. അതുതന്നെയാണ്, ബലറാമിന്റെ കാര്യത്തിലും ഉണ്ടാകുന്നത്.

കേരളം ഭരിക്കുന്ന ഭരണ കക്ഷി എം എല്‍ എ ആണു ബലറാം. കേരളത്തില്‍ എന്തെങ്കിലും നെറികേടുണ്ടെങ്കില്‍ അതിനെ തിരുത്താന്‍ അധികാരമുള്ളതാണ്, ഭരണ കക്ഷി. കേള്‍ക്കുന്ന നാലഞ്ചുപേരുടെ കയ്യടി വാങ്ങാന്‍ വേണ്ടി നെറികേടുകള്‍ക്കെതിരെ ആക്രോശിച്ചാലൊന്നും ഒരു നെറികേടും ഓടിപ്പോകില്ല. അതിനെതിരെ നടപടി എടുക്കണം. അതിനുള്ള ആര്‍ജ്ജവമാണു  വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ബലറാമിനതില്ല.


അദ്ദേഹ ത്തിന്റെ  മറ്റൊരു Facebook account ഇതാണ് .


അതിന്റെ ചില screen shot കള്‍ ഇവയാണ്.  ഉമ്മന്‍ ചാണ്ടിയുടെ ന്യൂ ജെനറേഷന്‍ തമാശയെ കവച്ചു വയ്ക്കുന്ന ന്യൂ ജെനറേഷാനാണിവ.

 എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ വേണ്ടി  ഇറക്കിയ ഒരു സര്‍ക്കുലര്‍ ആണു പ്രതിപാദ്യ വിഷയം. ബലറാം ആക്രോശിച്ചതുകൊണ്ട് ഒന്നും ഉണ്ടായില്ല സര്‍ക്കാര്‍ ആ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഈ സര്‍ക്കുലറിനേക്കുറിച്ച് അഭിപ്രായം പറഞ്ഞ ബലറാം പക്ഷെ, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ട് ഒരു സര്‍ക്കുലര്‍ ഇറക്കിയതിനേക്കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.  സംഘപരിവാറിനെ എതിര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ബലറാം തീവ്ര മുസ്ലിം നിലപാടുകളെ എതിര്‍ക്കുന്ന ഒരു പ്രസ്താവനയും നടത്തി കണ്ടിട്ടില്ല. അതൊന്നുമൊരു പക്ഷെ അദ്ദേഹത്തിനു നെറികേടായി തോന്നുന്നുണ്ടാവില്ല.


കൃഷിഭൂമി നികത്തി വിമാനത്താവളമുണ്ടാക്കുന്നതിനെതിരെ യഥാര്‍ത്ഥ പരിസ്തിതിവാദികള്‍ നടത്തുന്ന സമരത്തോടനുഭാവം പ്രകടിപ്പിക്കാനാണീ അഭിനയം. നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എമാര്‍ ഒപ്പിട്ട നിവേദനത്തില്‍ താനും ഒപ്പിടാം എന്നാണിദ്ദേഹത്തിന്റെ  വെല്ലുവിളി. എന്തിനാണതെന്നാരും ചോദിക്കരുത്. അതും ഒരു നെറികേടിനെതിരെ എടുക്കുന്ന നിലപടായിട്ടാണിദ്ദേഹത്തിന്റെ അഭിനയം.   ആരെതിര്‍ത്താലും ഈ നെറികേടുമായി മുന്നോട്ടു പോകുമെന്നാണു ഉമ്മന്‍ ചാണ്ടി പറയുന്നത്. 


ഇതിനോര്‍ത്ഥമേ ഉള്ളു. ബലറാമല്ല അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ എതിര്‍ത്താലും വിമാനത്താവളം പണിയുമെന്നാണത്. ബലറാമിനീ നെറികേടിനെ നിലപാടുകൊണ്ട് ചോദ്യം ചെയ്യാം. ആരുമതിനെ ഗൌനിക്കില്ല. 
ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞ നെറികേടിനോടുള്ള നിലപാടാണിത്. ബലറാമിനെ ആരോ ഹിന്ദു എം എല്‍ ആയി മുദ്ര കുത്തി എന്നാണദ്ദേഹത്തിന്റെ തോന്നല്‍,. ആ തോന്നലില്‍ നിന്നാണീ നിലപാടുണ്ടായത്. ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന എം എല്‍ എ മാരെ ഇന്നു വരെ അരും ഹിന്ദു എം എല്‍ എ ആയി മുദ്ര കുത്തിയിട്ടില്ല. തൃത്താലയിലെ മുസ്ലിം വോട്ടില്‍ കണ്ണു വച്ച് നടത്തുന്ന ഒരു കപടാഭിനയമാണിത്. ആദ്യം മസിലു പിടിച്ചു നിന്ന ബാലറാം, ഉമ്മന്‍ ചാണ്ടി കണ്ണുരുട്ടിയപ്പോള്‍ അനുസരണയുള്ള കുഞ്ഞാടിനേപ്പോലെ പോയി വോട്ടു ചെയ്തു. അത്രയേ ഉള്ള നെറികേടിനെതിരെ എടുക്കുന്ന ബലറാം വക നിലപാട്.


ഇതാണ്, ബലറാമിന്റെ ഏറ്റവും വലിയ ന്യൂ ജെനറേഷന്‍ വ്യഥ. ബലറാമിന്റെ ഗുരു സങ്കല്‍പ്പിച്ചതുകൊണ്ട് കേരളത്തില്‍ ജാതിയോ മതമോ ഇല്ലെന്നാണീ കാപട്യത്തിന്റെ അഭിനയം. രമേശ് ചെന്നിത്തല എന്ന നായരെ മന്ത്രിയാക്കി മന്ത്രിസഭയുടെ ജാതി സമവാക്യം സന്തുലിതമാക്കാന്‍ ബലറാമിന്റെ നേതാവ്, ഉമ്മന്‍ ചാണ്ടി കിടന്ന് ചക്രശ്വാസം വലിക്കുകയാണ്. നയരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇതൊന്നുമറിയില്ല എന്ന് ഭാവിച്ചു കൊണ്ട് ബലറാം  നടത്തുന്ന ഈ അഭിനയത്തിന്, ഓസ്കര്‍ അവാര്‍ഡ് കൊടുക്കേണ്ടീ വരും. കേരളത്തെ ജാതി മത ശക്തികള്‍ക്ക്  തീറെഴുതികൊടുക്കുന്നത് ബലറാമിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസാണ്. അതിനൊക്കെ നിയമസഭയില്‍ കൈ പൊക്കി പിന്തുണ കൊടുത്തിട്ട്, പുറത്തു വന്ന് ഇതുപോലെ മുഖം മൂടി ധരിക്കുന്ന ബലറാമിനേപ്പോലുള്ളവരാണീ നാടിന്റെ ശാപം. മുസ്ലിം ലീഗെന്ന മത സംഘടനയുടെ മുന്നില്‍ ഉമ്മന്‍ ചാണ്ടി സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്നു. ഞാഞ്ഞൂളായ ബലറാം ജാതി ചിന്തക്കും മത ചിന്തക്കുമെതിരെ ഗീര്‍വാണം ​അടിക്കുന്നു. ഇതാണു പത്തരമാറ്റുള്ള ന്യൂ ജെനറേഷന്‍. 

ബലറാമിനോടരപേക്ഷ ഉണ്ട്. ശ്രീനാരായണനെ വെറുതെ വിട്ടേക്കുക. താങ്കളേപ്പോലുള്ള കാപട്യങ്ങളുടെ കയ്യില്‍ അദ്ദേഹം ഒതുങ്ങില്ല.

Thursday, 11 July 2013

സരിതയില്‍ തട്ടി വീണ സുതാര്യത.കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിക്കാന്‍ അനേകം പദങ്ങളുണ്ട്. 30 വര്‍ഷത്തെ പൊതു സേവനം. സുതാര്യത. അഴിമതി രഹിത പ്രതിഛായ. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡും. പക്ഷെ അദ്ദേഹം ഇന്ന് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നു.
കരുണാകരനെയും  ആന്റണിയേയും മുഖ്യ മന്ത്രി കസേരയില്‍ നിന്നും ഇറക്കിവിടാന്‍ ഉമ്മന്‍ ചാണ്ടി കളിച്ച കളികള്‍ ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നയാളല്ല താന്‍ എന്നാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ  നിലപാട്. പക്ഷെ അധികാരത്തില്‍  കടിച്ചു തൂങ്ങാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ താന്‍ ഒരുക്കമാണെന്ന് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി തെളിയിക്കുന്നു.

സോളാര്‍ തട്ടിപ്പില്‍ കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്നത് ബിജു രാധാകൃഷ്ണന്‍, സരിത, ശാലു മേനോന്‍ എന്നിവരാണ്.
ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ഉള്ളവര്‍ ആണെന്ന്  ഇന്ന് കേരളത്തിലുള്ള എല്ലാവര്‍ക്കും അറിയാം. ഇവരെ വഴിവിട്ട് സഹായിച്ചവര്‍ ഉമ്മന്‍ ചാണ്ടിയും    തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആണ്. അതിന്റെ തെളിവുകളൊക്കെ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.

പോലീസ് ഇപ്പോള്‍ രെജിസ്റ്റര്‍ ചെയ്ത ഒരു കേസിലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത സഹായി ടെന്നി ജോപ്പന്‍ പ്രതിയാണ്. ശ്രീധരന്‍ നായര്‍ എന്ന വ്യക്തി കൊടുത്ത കേസില്‍ ആണു പ്രതിയാക്കപ്പെട്ടിരിക്കുന്നത്. അതേ ശ്രീധരന്‍ നായര്‍ പറയുന്നു, ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു താന്‍ ഈ കരാറുമായി മുന്നോട്ടു പോയത്  എന്ന്. 2012 ജൂലൈ 9 ന്, സരിതയും താനും കൂടി  മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു എന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെന്നി ജോപ്പനേക്കുറിച്ച് ഇതേ ശ്രീധരന്‍ നായര്‍ പറയുന്നത് പോലീസ് വിശ്വസിക്കുന്നു. അതനുസരിച്ച് ഉമ്മന്‍ ചാണ്ടി അവാര്‍ഡ് വാങ്ങാന്‍ പോയ സമയത്തു തന്നെ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്ത  പോലീസ് പക്ഷെ, ഉമ്മന്‍ ചാണ്ടിയേക്കുറിച്ച് ശ്രീധരന്‍ നായര്‍ പറയുന്നത് വിശ്വസിക്കുന്നില്ല. തിരുവഞ്ചൂര്‍ എന്ന പോലീസ് മന്ത്രി ഒട്ടും വിശ്വസിക്കുന്നില്ല.

ജൂലൈ 9 ന്, ശ്രീധരന്‍ നായര്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നു. സരിതയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം രൂപ സരിത സംഭാവനയും  നല്‍കി. മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചതാണത്. ജൂലൈ 9 നു ശ്രീധരന്‍ നായരെ കണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചപ്പോള്‍ ഉമ്മന്‍ ചണ്ടി മറുപടി പറഞ്ഞില്ല. ശ്രീധരന്‍ നായര്‍ അത് വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് സമ്മതിക്കേണ്ടി വന്നു.

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഡാലോചന ആണ്, എന്നാണ്. പക്ഷെ ഇപ്പറഞ്ഞ സരിതയുമായി തനിക്ക്  മുന്‍  പരിചയം ഉണ്ടായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി ഇതു വരെ സമ്മതിച്ചിട്ടില്ല. 10/07/2013 ല്‍  അദേഹം നടത്തിയ പത്രസമ്മേളണത്തിലെ ഒരു ചോദ്യം ഇതായിരുന്നു.

"സരിതയെ അറിയാമോ?"

ഈ ചോദ്യത്തിന്, ഉമ്മന്‍ ചാണ്ടി നല്‍കിയ ഉത്തരം ഇതാണ്.

"നിവേദനം നല്‍കാന്‍ വന്നിട്ടുണ്ടോ എന്നറിയില്ല."

ഒട്ടും സുതാര്യമല്ലാത്ത മറുപടി. ടീം സോളാറിന്റേതായി  തന്റെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന  മേടിച്ചിട്ടുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാണീ സംഭാവന നല്‍കിയത്?

ഈ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ ചാണ്ടി എറണാകുളം ഗസ്റ്റ് ഹൌസില്‍ വച്ച് ഒരു മണിക്കൂര്‍ കൂടി കാഴ്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി  അത് സമ്മതിച്ചിട്ടുമുണ്ട്. എന്തായിരുന്നു  ചര്‍ച്ച ചെയ്തതെന്ന് പക്ഷെ പറയുന്നില്ല. കുടുംബ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി എം  ഐ ഷാനവാസായിരുന്നു  ബിജുവിനെ അയച്ചതെന്ന്  ഷാനവാസ് തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉള്ള അത്ര അടുപ്പം ബിജുവുമായി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു എന്നാണീ സംഭവം തെളിയിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ personal staff ല്‍ പെട്ട പലരുമായും, മന്ത്രിസഭയിലെ തന്നെ മറ്റ് അംഗങ്ങളുമായും ഒക്കെ ബിജുവിനും സരിതക്കും അടുപ്പമുണ്ടായിരുന്നു. ഇതു തന്നെ ഈ തട്ടിപ്പുസംഘവുമായി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ തെളിവാണ്.

 മുഖ്യമന്ത്രി ആരോപണ വിധേയനായപ്പോള്‍, ശ്രീധരന്‍ നായര്‍ പറയുന്നത് വിശ്വസനീയമല്ല എന്നാണ്, ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പറയുന്നത്. ടെന്നി ജോപ്പനെതിരെ ശ്രീധരന്‍ നായര്‍ പറഞ്ഞതൊക്കെ വിശ്വസനീയം, പക്ഷെ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞത് അവിശ്വസനീയം.  എങ്കില്‍ ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ടെന്നി ജോപ്പനെതിരെ എടുത്ത കേസ് പിന്‍വലിക്കേണ്ടതല്ലേ?

ആദ്യം പോലീസില്‍ നല്‍കിയ പരാതിയില്‍ തന്നെക്കുറിച്ച് പരാമര്‍ശമില്ല. പക്ഷെ കോടതിയില്‍  വകുപ്പ് 164 പ്രകാരം നല്‍കിയ മൊഴിയില്‍ പേരുണ്ട്. അത് ഗൂഡാലോചനയുടെ ഭാഗമാണ്,എന്നൊക്കെയാണ്  ഉമ്മന്റെ പക്ഷം.   ഈ ഗൂഡാലോചന പ്രതിപക്ഷമാണു നടത്തിയത് എന്നു കൂടി അദ്ദേഹം  ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ  വാക്കുകൾ

""ശ്രീധരന്‍ നായര്‍ മാര്‍ച്ച് മൂന്നിനാണു സോളാര്‍ കമ്പനിക്കു നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസില്‍ എന്റെ പേരില്ല. കോടതിയില്‍ കൊടുത്ത അന്യായത്തില്‍ "മുഖ്യമന്ത്രിയോടും" എന്ന് എഴുതിച്ചേര്‍ത്തു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെ ഇങ്ങനെയാണോ പരാതി നല്‍കുന്നത്? ജൂണ്‍ 22നു സോളാര്‍ കമ്പനിയും ശ്രീധരന്‍ നായരും പദ്ധതി ചര്‍ച്ച ചെയ്ത് 25നു ധാരണാപത്രവും ഒപ്പിട്ടു. മൂന്നു ചെക്കുകളും കൊടുത്തു. ചെങ്ങന്നൂര്‍ പൊലീസില്‍ നല്‍കിയ മൊഴിയിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. കോടതിയില്‍ ശ്രീധരന്‍ നായര്‍ കൊടുത്ത രഹസ്യമൊഴി അദ്ദേഹം പുറത്തിറങ്ങിയതിനു പിന്നാലെ പരസ്യമായി. ഇതിലെ ഗൂഢപ്രവര്‍ത്തനങ്ങളൊന്നും മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല."" 

എത്ര  അപക്വമാണീ വാക്കുകള്‍? ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇതുപോലെ പറയാമോ? സോളാര്‍ കമ്പനി മേടിച്ചെടുത്ത പണം തിരികെ തരാന്‍ ആവശ്യപ്പെട്ട് നോട്ടിസയക്കുമ്പോള്‍ അതില്‍ എന്തിനു മുഖ്യമന്ത്രിയുടെ പേരു വരണം? കോടതിയില്‍ കൊടുത്ത പരാതിയില്‍ മുഖ്യമന്ത്രിയുടെ പേരെഴുതി ചേര്‍ത്തതില്‍ കോടതിക്ക്  യാതൊരു ബുദ്ധിമുട്ടുമില്ല.  ഉമ്മന്‍ ചാണ്ടിക്കുണ്ട്. ഉണ്ടാകണം. അതിനു വേണ്ടിയാണല്ലോ കോണ്‍ഗ്രസിന്റെ സഹയാത്രികനായ ശ്രീധരന്‍ നായര്‍ ഇത് ചെയ്തത്.  കേരളത്തിലെ ഒരു ഓണം കേറാമൂലയില്‍ ഒരു വിമുക്ത ഭടന്, സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന  മൂന്നേക്കര്‍ സ്ഥലം കൊടുത്തതില്‍ കൊടിയ അഴിമതി കണ്ടെത്തിയ ഉമ്മന്‍ ചാണ്ടിക്ക്, തട്ടിപ്പിനരയായ ഒരാള്‍ പരാതി നല്‍കിയതില്‍ അസഹിഷ്ണുത ഉണ്ടാകുന്നു. ഇപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നല്ല പറയുന്നത്. താന്‍ ഭരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് അതിനെ എതിര്‍ക്കുമെന്നാണു പറയുന്നത്.

ആരാണു ഗൂഡാലോചന നടത്തിയിരിക്കുന്നത്? പോലീസോ കോടതിയോ ആവശ്യപ്പെടാതെ ഈ വകുപ്പ് പ്രകാരം മൊഴി നല്‍കാന്‍ ആകില്ല. എങ്കില്‍ പോലീസല്ലേ ഗൂഡാലോചന നടത്തിയിരിക്കുന്നത്?  ഈ കേസന്വേഷിക്കുന്ന  പോലീസിനെ  ഭരിക്കുന്ന മന്ത്രിമാരാണ്, പരാതിയിൽ വാദിയുടെ നിലപാട് വിശ്വസനീയമല്ല  എന്നു    പറയുന്നത്. ഒരു വാദി പറയുന്നത് വിശ്വസനീയമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നീതി ന്യായ വ്യവസ്ഥയല്ലേ? കോടതിയില്‍ നല്‍കിയിരിക്കുന്ന ഒരു മൊഴിയേപ്പറ്റിയാണ്, മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി പൊതു വേദിയില്‍ ഇതുപോലെ അഭിപ്രായം പറയുന്നത്.

ഉമ്മന്‍ ചാണ്ടി എന്തൊക്കെയോ ഒളിക്കുന്നു. സുതാര്യമെന്ന് കൊട്ടിഘോഷിക്കുന്ന ഒരാളുടെ പ്രവര്‍ത്തിയില്‍ ഇതുപോലെ മറച്ചു വയ്ക്കേണ്ട കാര്യം എന്താണ്? സരിതയേയും ബിജു രാധാകൃഷ്നനെയും ഉമ്മന്‍ ചാണ്ടിക്ക് നേരത്തെ മുതല്‍ അറിയാം. ഇവരുടെ പ്രവര്‍ത്തികളും അറിയാം. സരിത സെക്രറ്റേറിയറ്റിലെ നിത്യസന്ദര്‍ശക ആയിരുന്നു, പല മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. സരിതയെ മുന്‍ പരിചയമുണ്ട് എന്നോ, അവര്‍ തന്നെ വന്ന് കണ്ടിട്ടുണ്ട് എന്നോ ഇന്നു വരെ ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല. സരിതയോടൊപ്പം ശ്രീധരന്‍ നായരെ കണ്ടിട്ടില്ല എന്നു സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ഈ വിഷയത്തില്‍ തുടക്കം മുതല്‍ പലതും മറച്ചുവച്ചാണു മുഖ്യമന്ത്രി സംസാരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു സംശയത്തിനിടയാക്കുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പോലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറാത്തപക്ഷം നിലവിലെ അന്വേഷണസംഘത്തിനും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനാവില്ല.

ഉമ്മന്‍ ചാണ്ടി പറയുന്നതൊക്കെ അദ്ദേഹത്തിനു തന്നെ എതിരായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. ബിജു രാധാകൃഷ്ണനുമായി പണ്ട് ഒരു മണിക്കൂര്‍ രഹസ്യ സംഭാക്ഷണം നടത്തിയതും, സരിത  2 ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതുമൊക്കെ ഇന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള സാഹചര്യത്തെളിവുകളായി മാറുന്നു. 2 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി സമ്മതിക്കുന്നു. തന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സരിത ഈ ചെക്ക് നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. അപ്പോൾ  എവിടെ  വച്ച്, ആര്, ഈ ചെക്ക് നല്‍കി എന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഉമ്മന്‍ ചാണ്ടി അത് ചെയ്യുന്നില്ല. അത് ചെയ്യാത്തിടത്തോളം ശ്രീധരന്‍ നായര്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കേണ്ടി വരുന്നു.

ശ്രീധരന്‍ നായര്‍  ക്വാറി ഉടമകളോടോപ്പമാണു തന്നെ വന്ന് കണ്ടിട്ടുള്ളതെന്ന് ശഠിക്കുന്ന ഉമ്മന്‍ ചാണ്ടി, പക്ഷെ അതിനു ഏറ്റവും വിശ്വസനീയമായ തെളിവുകളായ സി സി റ്റി വി റിക്കോര്‍ഡിംഗ് ദൃശ്യങ്ങള്‍ പക്ഷെ പുറത്തു വിടാന്‍ ഭാവമില്ല. തന്റെ ഓഫീസ് മുറിയില്‍ ഉള്ള വെബ് ക്യാമറക്ക് റെക്കോര്‍ഡിംഗ് സൌകര്യമില്ല എന്ന  വാദം  മുഖ വിലക്കെടുത്താലും, ഓഫീസിനു പുറത്തെ ഇടനാഴിയില്‍ ഉള്ള സി സി റ്റി വി ദൃശ്യങ്ങളില്‍ അത് തെളിയിക്കാന്‍ ആകില്ലേ? സെക്രറ്റേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൈക്കൂലി മേടിക്കുന്നത് സി സി റ്റി വിയില്‍ കൂടി കണ്ടാണ്, അവരുടെ പേരില്‍ കേസെടുത്തതെന്നോര്‍ക്കുക.

സുതാര്യത മുഖ മുദ്ര ആക്കിയ ഒരാള്‍, ഇത് ആര്‍ക്കും പരിശോധിക്കാം എന്നു പറയേണ്ടിയിരുന്നു. അതിനു പകരം  ഉമ്മന്‍ ചാണ്ടി പറയുന്നത് മറ്റൊന്നാണ്. ഞാന്‍ തെറ്റു ചെയ്തിട്ടില്ല എന്ന് ഞാന്‍ പറയുന്നത് നിങ്ങളൊക്കെ വിശ്വസിച്ചു കൊള്ളണം. എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്റിന്റെയും പിന്തുണ ഉണ്ട്. മുന്നണിയുടെ പിന്തുണ ഉണ്ട്, എന്നൊക്കെയാണ്. അതി വിചിത്രമാണീ നിലപാട്. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം എന്ന പാര്‍ട്ടിക്ക് പങ്കില്ല എന്ന് ആ പാര്‍ട്ടി പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചതൊക്കെ ഓര്‍മ്മശക്തിയുള്ളവര്‍ മറന്നു പോയിട്ടുണ്ടാകില്ല.

ആരോപണവിധേയരാകുന്ന എല്ലാവരും ഇതു തന്നെ പറഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.

സരിത ഫോണ്‍ ചെയ്തവരുടെയും സരിതക്ക് ഫോണ്‍ ചെയ്തവരുടെയും കോള്‍ ലിസ്റ്റ് മത്സരത്തോടെ പുറത്തു വിട്ട പോലീസോ, മന്ത്രിമാരോ, മാദ്ധ്യമങ്ങളോ പക്ഷെ  ബിജു രാധാകൃഷ്‌ണന്റെ  കോള്‍ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ തട്ടിപ്പു കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്‌ണനാണ്. ഉമ്മന്‍ ചാണ്ടിയുമായി ഒരു മണിക്കൂര്‍ രഹസ്യ സംഭക്ഷണം നടത്താന്‍ വരെ  ശേഷിയുള്ള ബിജു രാധാകൃഷ്‌ണന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍.  പുറത്തു വന്നാല്‍ ഒരു  പക്ഷെ  കള്ളപ്പണക്കാരുടെ നീണ്ട ഒരു ലിസ്‌റ്റ്‌ വെളിച്ചത്തു  വരും. പ്രത്യേകിച്ചും സോളാര്‍ തട്ടിപ്പിനിരയായവര്‍ എല്ലാവരും തന്നെ കള്ളപ്പണക്കാരാണെന്നതിന്റെ  വെളിച്ചത്തില്‍,.   അതു വഴി ഇവരോട് ഒട്ടി നിൽ ക്കുന്ന   രാഷ്‌ട്രീയനേതൃത്വത്തിന്റെ പേരും മുഖവും പുറത്തുവരും. ഇത്‌ പുറത്തു വരാതിരിക്കാനാണ്‌ മുഖ്യപ്രതിയായ ബിജുവിന്റെ  ഫോണ്‍ കോളുകളെക്കുറിച്ചും ലാപ്‌ടോപ്പ്‌ വിശദാംശങ്ങളെക്കുറിച്ചും പൊതുജനത്തിനു വിവരം നല്‍കാതിരിക്കാന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയനേതൃത്വവും  ശ്രമിക്കുന്നത്."തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ   സരിതനായര്‍ വിളിച്ചു, അദ്ദേഹം  തിരികെയും വിളിച്ചു"   എന്ന്‌ ഒരു ദിവസം മുഴുവന്‍ റിപ്പോര്‍ട്ടര്‍ ചാനൽ   വാര്‍ത്ത നല്‍കി. ഈ വാർത്ത  നൽകിയ നികേഷ്‌ കുമാറിനെ സരിത മൂന്നു തവണ വിളിച്ചിട്ടുണ്ടെന്ന്‌,  തിരുവഞ്ചൂര്‍ തിരിച്ചടിച്ചു . അതു വഴി  അദ്ദേഹം,  നികേഷ് കുമാറിന്റെ ചാനല്‍ പുറത്തു വിട്ടതുപോലെ, അനേകം മന്ത്രിമാരും, എം.എല്‍.എമാരും, രാഷ്‌ട്രീയനേതാക്കളും സരിതയുമായി ബന്ധപ്പെട്ടവരാണ്‌ എന്ന സത്യം പരസ്യമാക്കി അംഗീകരിച്ചു.  ആ ലിസ്‌റ്റ്‌ ചോര്‍ത്താനാണ്‌ അദ്ദേഹവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും  താല്‍പ്പര്യമുണ്ടായിരുന്നത്. "കോടിയേരി ബാലകൃഷ്‌ണനും ജോണ്‍ ബ്രിട്ടാസും നികേഷും ഉള്‍പ്പടെ പലരും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ട്.  അതുകൊണ്ടു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്ന മന്ത്രി ബന്ധപ്പെട്ടാല്‍ എന്താണു കുഴപ്പം?" എന്നാണദ്ദേഹം ചോദിക്കുന്നതും.

പക്ഷെ സാധാരണ ജനങ്ങള്‍ക്ക്  ഇതില്‍ അല്ല  താല്‍പര്യമുണ്ടാകേണ്ടത്.  സരിതയും ശാലുമേനോനും ബിജു രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മന്ത്രിമാരും എം.എല്‍.എ മാരും രാഷ്‌ട്രീയനേതാക്കളും പങ്കാളികളായിട്ടുണ്ടോ എന്ന കാര്യമാണ്‌. സാധാരണക്കരെ ബാധിക്കേണ്ടത്. അവര്‍ അധികാര ദുര്‍വിനിയോഗം ചെയ്ത്  സംസ്‌ഥാനത്തിന്റെ പണവും സംസ്‌ഥാനത്തെ പൗരന്മാരുടെ സ്വത്തും നഷ്‌ടപ്പെടുത്തിയിട്ടുണ്ടോ എന്നറിയേണ്ടി ഇരിക്കുന്നു. മന്ത്രിമാരും ​എം എല്‍ എ മാരും പാതിരാത്രിക്ക് കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനോ ഭാഗവതം വായിച്ചു കേള്‍പ്പിക്കാനോ സരിതയെ വിളിക്കുന്നത് ധാര്‍മ്മികതയുടെ  പ്രശ്‌നമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അഴിമതിക്കാരനും കൊലപാതകിയുമായ ബിജു രാധാകൃഷ്‌ണനെ വഴിവിട്ട്‌ സഹായിച്ചതാണു ഗൌരവമുള്ള വിഷയം. അതുകൊണ്ട്‌ ബിജു രാധാകൃഷ്‌ണന്റെ ഫോണ്‍ വിളികളാണ്, സരിതയുടെ ഫോണ്‍ വിളികളേക്കാള്‍ പൊതു ജനത്തെ ബാധിക്കേണ്ടതും. ശാലുവിന്റെ വീട്ടില്‍ തിരുവഞ്ചൂര്‍ ചെന്നപ്പോള്‍ വെളിച്ചത്ത്  വരാതെ മറഞ്ഞു നിന്ന ബിജു,  ഇപ്പോഴും മറഞ്ഞു തന്നെ നില്‍ക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം നിറുത്തിയിരിക്കുന്നു. അതാണ്, ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ കൌശലം. സരിതയിലും ശാലുവിലും കിടന്ന്  കേരള രാഷ്ട്രീയം കറങ്ങുന്ന വിടവില്‍ കൂടി ഉമ്മന്‍ ചാണ്ടി ബിജുവുമായി ബന്ധപ്പെട്ടതൊക്കെ മൂടി വയ്ക്കുന്നതില്‍ വിജയിക്കും.

സോളാര്‍ തട്ടിപ്പ്‌ സംഭവത്തില്‍ മുഖം നഷ്‌ടപ്പെട്ടത്‌ കോണ്‍ഗ്രസിനാണ്.  കോണ്‍ഗ്രസില്‍ പൊട്ടിത്തെറി നടക്കുമ്പോള്‍ മുസ്ലിംലീഗ്,  പുരകത്തുമ്പോള്‍ വഴവെട്ടുന്ന ഒരു പരിപാടി  നടത്തി. സുപ്രീംകോടതി വിധിയെപ്പോലും കാറ്റില്‍ പറത്തി പതിനാറ്‌ വയസ്സില്‍ മുസ്ലിം പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ സര്‍ക്കുലര്‍ ഒപ്പിച്ചെടുത്തു.  കെ എം മാണിയുടെകേരള കോണ്‍ഗ്രസ് എന്താണ്  ഒപ്പിച്ചെടുത്തതെന്ന് ഇപ്പോൾ അറിയില്ല.

തിരുവഞ്ചൂരിന്റെ പോലീസ് ജോസ് തെറ്റയിലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസു ചാര്‍ജ് ചെയ്തു .. പക്ഷെ അദ്ദേഹത്തെ   അറസ്റ്റ് ചെയ്തില്ല. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നതന്വേഷിച്ച് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ അതിനു മറുപടി പറഞ്ഞു. നിയമസഭയില്‍ അദ്ദേഹം പറഞ്ഞത് ഇതാണ്.

സ്പീക്കര്‍ ആവശ്യപ്പെട്ടാല്‍ ഈ നിമിഷം ജോസ് തെറ്റയിലിനെ നിയമസഭയില്‍ ഹാജരാക്കാം.

അതിന്റെ അര്‍ത്ഥം, വേണമെങ്കില്‍ തെറ്റയിലിനെ  ആ നിമിഷം അറസ്റ്റ്    ചെയ്യാമായിരുന്നു , എന്നാണ് . അദ്ദേഹമെവിടെ ഉണ്ടെന്നും അറിയാമായിരുന്നു  എന്നാണ്. തിരുവഞ്ചൂര്‍ ഇപ്പോള്‍ കളിക്കുന്ന കളികളുടെ  യഥാര്‍ത്ഥ മുഖം ഈ പ്രസ്താവനയില്‍ ഉണ്ട്.

ശാലു മേനോന്റെ കാര്യത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞതൊക്കെ പച്ചക്കള്ളമായിരുന്നു എന്നതൊക്കെ ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്.

സോളാര്‍ തട്ടിപ്പു കേസില്‍ മറ്റൊരു പ്രതി ആയ സര്‍ക്കാരിന്റെ പി ആര്‍ ഡി ആയിരുന്ന ഫിറോസ്  ഒളിവില്‍ പോയി. അദ്ദേഹം ഇത് വരെ അറസ്റ്റ് ചെയ്യപ്പെട്ടില്ല. തിരുവഞ്ചൂരിന്റെ പോലീസ് അറസ്റ്റ് ചെയ്യില്ല.ഈ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തേച്ചു മായിച്ചു കളയാനുള്ള തത്രപ്പാടിലാണിപ്പോള്‍ അദ്ദേഹവും  അനുചരരും  ഏര്‍പ്പെട്ടിരിക്കുന്നത്. സുതാര്യമെന്നു  പുറമെ നടിച്ചിട്ട് ഏറ്റവും നിഗൂഡമായ കളികളിലാണിപ്പോള്‍ അദ്ദേഹമേര്‍പ്പെടുന്നത്. സരിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പിച്ചു പറയാന്‍ ഉമ്മാന്‍ ചാണ്ടിക്കാകുന്നില്ല.  അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനീ സ്ത്രീയുമായി അടുത്ത ബന്ധമുണ്ട് എന്നാണ്. അവര്‍ നടത്തിയ പല തട്ടിപ്പുകളും അദ്ദേഹമൊരു പക്ഷെ അറിഞ്ഞിരിക്കാനും ഇടയുണ്ട്.  തന്റെ ഓഫീസിലുള്ള ഒന്നു രണ്ടു പേരെ ബലിയാടുകളാക്കി രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ ഗൂഡ ശ്രമം തിരുവഞ്ചൂര്‍ തകര്‍ത്തു. ഒരു പക്ഷെ കോണ്‍ഗ്രസിലെ ഗ്രൂപ്പു കളി ഇതിനു പിന്നിലുണ്ടാകാം. എന്തായാലും ഉമ്മന്‍ ചാണ്ടി അതീവ ഗുരുതരമായ ഒരു ദശാസന്ധിയിലാണിപ്പോള്‍ . അതിന്റെ ആഴം എത്രയാണെന്ന്  ഉമ്മന്‍ ചാണ്ടിക്കു വേണ്ടി പല കളികളും കളിച്ചിട്ടുള്ള പി സി ജോര്‍ജിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നു. 

Wednesday, 3 July 2013

വാടിപ്പോയ മുല്ലപ്പൂ.ഈജിപ്റ്റില്‍ നിന്നും വരുന്ന ഏറ്റവും പുതിയ വാര്‍ത്ത, പ്രസിഡണ്ട് മൊഹമ്മദ് മുര്‍സിയെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചടക്കി എന്നാണ്.

ഇസ്ലാമിക ലോകത്തെ സ്വേഛാധിപതികളെ  പുറത്താക്കാന്‍ വേണ്ടി നടന്ന വിപ്ളവത്തെ മുല്ലപ്പൂ വിപ്ളവമെന്നാണു വിളിച്ചത്. അതിന്റെ  ഭാഗമായി ഈജിപ്റ്റിലെ ഹോസ്നി  മുബാറക്കിനെയും പുറത്താക്കി. മുബാറക്കിനെതിരെ ഉണ്ടായിരുന്ന ആക്ഷേപങ്ങള്‍ അദ്ദേഹം മനുഷ്യാവകാശം അടിച്ചമര്‍ത്തി,സാമ്രാജ്യത്വത്തിന്റെ പിണിയാളായിരുന്നു,  ഇസ്രായേലിന്റെ  തോഴാനായിരുന്നു എന്നൊക്കെ ആയിരുന്നു. ഒരു രക്ത രഹിത വിപ്ളവത്തിലൂടെ  അദ്ദേഹത്തെ പുറത്താക്കാന്‍ ഈജിപ്റ്റിലെ ജനങ്ങള്‍ക്ക് സാധിച്ചു. 1928 ല്‍ സ്ഥാപിക്കപ്പെട്ട ഈറ്റിപ്റ്റിലെ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ്‌വാന്‍ ഈറ്റിപ്റ്റില്‍ അധികാരത്തിലെത്താന്‍ പല പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. അവര്‍ പല ഭീകരപ്രവര്‍ത്തികളും ചെയ്തിട്ടുമുണ്ട്. നാസര്‍ മുതലുള്ള ഭരണാധികാരികളുടെ സാമ്രാജ്യത്വ വിധേയത്വമായിരുന്നു അവരുടെ പ്രചരണായുധം. മുബാറക്കിനെതിരെ നടന്ന മുല്ലപ്പൂവിപ്ളവകാലത്ത് ഇവര്‍ പത്തി താഴ്ത്തിയിരുന്നു . വിപ്ളവം ജയിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഇവര്‍ Freedom and Justice Party എന്ന രാഷ്ട്രിയ പാര്‍ട്ടി രൂപീകരിച്ച് മുന്നിലേക്ക് വന്നു.

മുബാറക്ക് പുറത്തായപ്പോള്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ നേട്ടമുണ്ടാക്കി. പിന്നീട് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍  50 % വോട്ടു നേടി അവരുടെ സ്ഥാനാര്‍ത്ഥി മൊഹമ്മദ് മുര്‍സി പ്രസിഡണ്ടും ആയി. മുര്‍സിയുടെ ഇസ്ലാമിസ്റ്റ് പക്ഷത്തു ചേരാന്‍ മറ്റൊരു പാര്‍ട്ടി കൂടി ഉണ്ടായി. മുബാറക്ക് പുറത്തായപ്പോള്‍ രൂപീകരിക്കപ്പെട്ട Nour Party.  ഇത്രയും സുഗമമായി ഈജിപ്റ്റില്‍ നടന്നു.  അതിനു ശേഷം പക്ഷെ കാര്യങ്ങള്‍ അത്ര നന്നായി പോയില്ല.
Mohammed Morsi (27/06/13)

50% മാത്രം ജനങ്ങളുടെ പ്രതിനിധി ആയ മുര്‍സി ഭരണഘടന ഉണ്ടാക്കിയപ്പോള്‍ പക്ഷെ മറ്റു ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചില്ല. ഇസ്ലാം രാജ്യത്തിന്റെ മതവും, ശരിയ നിയമവ്യവസ്ഥയും  ആയ ഒരു ഭരണഘടന ആണു രൂപീകരിച്ചത്. ഇസ്ലാമിക ശരിയയില്‍ അധിഷ്ടിതമായ ഭരണഘടനക്കെതിരെ ഈജിപ്റ്റില്‍ വ്യാപകമായ പ്രതിഷേധമുണ്ടായി.മുര്‍സി അതിനെ അവഗണിച്ചു. പിന്നീടദ്ദേഹം ഇസ്ലാമിക അജണ്ട നടപ്പക്കാന്‍ തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനും പാര്‍ലമെന്റിനും മീതെ Shura Council  രൂപീകരിച്ച്, പ്രമുഖ ഇസ്ലാമിസ്റ്റുകളെ അതിലേക്ക് നിയമിച്ചു.

മുല്ലപ്പൂ വിപ്ളവം നടത്താന്‍  ഒരുമിച്ചു നിന്ന മതേതരവാദികളും ഇസ്ലാമിസ്റ്റുക്ളും പിന്നീട് രണ്ടു തട്ടിലായി. രാഷ്ട്രീയം, കല, സ്ത്രീകളുടെ പദവി, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഈ രണ്ടു വിഭാഗവും രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നു. മതേതരത്തത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരും ഇതിനെ രണ്ടിനെയും എതിര്‍ക്കുന്ന ഇസ്ലാമിസ്റ്റുകളും വ്യക്തമായി രണ്ടു ചേരിയായി തിരിഞ്ഞു. ഇസ്ലാമിസ്റ്റുകളുടെ ജനാധിപത്യം വോട്ടു ചെയ്ത് പ്രസിഡണ്ടിനെയും ജന പ്രതിനിധികളെയും തെരഞ്ഞെടുക്കുക എന്നിടത്ത് അവസാനിക്കുന്നു. അതിനപ്പുറം നിയമുണ്ടാക്കാനോ  അതനുസരിച്ച് ഭരിക്കാനോ അവര്‍ക്ക് അനുവാദമില്ല. നിയമം ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ശരിയ ആണ്.

മതേതരശക്തികള്‍ തുടങ്ങി വച്ച ഈജിപ്റ്റിലെ വിപ്ളവം ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടു പോയി.  ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇസ്ലാമിക അജണ്ട നടപ്പിലാക്കാനാണു മുര്‍സി ശ്രമിച്ചത്. ഇറാനില്‍ സംഭവിച്ചത് മറ്റൊരു രൂപത്തില്‍ ഈജിപ്റ്റില്‍ ആവര്‍ത്തിച്ചു. ഇറാനിലെ വിപ്ളവം നയിച്ച ഇടതുപക്ഷത്തെയും  കമ്യൂണിസ്റ്റുകാരെയും, അധികാരം ​പിടിച്ചടക്കിയ അയത്തൊള്ള ഖൊമേനി വധിച്ചു. മുര്‍സി അത്രത്തോളം പോയില്ല. പക്ഷെ ഇസ്ലാമിസ്റ്റുകള്‍ അല്ലാത്തവരെ പാടെ അവഗണിച്ചു. അതാണിപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.


മുബാറക്ക് പുറത്തായ ഉടനെ ഇസ്ലാമിസ്റ്റുകള്‍ അവരുടെ തനി നിറം കാണിച്ചു തുടങ്ങി.  മുബാറക്ക് ഭരിച്ചിരുന്നപ്പോള്‍  Sheikh Abdullah Badr എന്ന മുസ്ലിം പണ്ഡിതനെ ജയിലില്‍ അടച്ചിരുന്നു. മുര്‍സി അദ്ദേഹത്തെ പുറത്തുവിട്ടു. ഈജിപ്റ്റിലെ ശരാശരി ഇസ്ലാമിസ്റ്റിനെ ഈ ഇസ്ലാമിക പണ്ഡിതനില്‍ കാണാം. ഈജിപ്റ്റിലെ ക്രിസ്ത്യാനികളേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്.

[It’s] not a matter of piety, but disgust. I get grossed out.  Get that?  Disgust, I get grossed out man, I cannot stand their smell or … I don’t like them, it’s my choice.  And they gross me out; their smell, their look, everything.  I feel disgusted, disgusted.  I get disgusted not only by that, but by many things.

മുര്‍സിയുടെ ചാവേറെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം പറയുന്നത് കേള്‍ക്കുക.I swear to Allah, the day those who went out [to protest], and at their head, the [Coptic] Christians—I say this at the top of my voice—the day they think to come near Dr. Morsi, I—we—will pop their eyes out, and the eyes of all those who support them, even America; and America will burn, and all its inhabitants. Be assured, the day Dr. Morsi is touched by any hand whichever, and connected to whomever, by Allah it will be the last day for us. We will neither leave them, nor show them any mercy.

പകുതി വോട്ടുകളെ ലഭിച്ചുള്ളു എങ്കിലും മുര്‍സി അധികാരത്തില്‍ വന്നതിനെ മതേതര പക്ഷക്കാരും  ജനാധിപത്യ വാദികളും അംഗീകരിച്ചു. പക്ഷെ മുര്‍സി പറഞ്ഞതൊന്നും ചെയ്തില്ല. നല്‍കിയ  വാഗ്ദാനങ്ങള്‍ ജലരേഖകളായി. മറ്റുള്ളവരുടെ മുന്നില്‍ പിച്ചപ്പാത്രവുമായി നടന്നു. പലിശ സ്വീകരിക്കുന്നതും കൊടുക്കുന്നതും  അനിസ്ലാമികമെന്നു വീമ്പടിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ തന്നെ  IMF ല്‍  നിന്നും ഭാരിച്ച തുക പലിശ കൊടുത്ത് കടം വാങ്ങി. മുര്‍സി മറ്റൊരു ഹോസ്നി മുബാറക്കായി മാറുന്നതുകണ്ട് അമേരിക്ക സന്തോഷിച്ചു.

ഈജിപ്റ്റില്‍ സാമൂഹിക നീതി എങ്ങനെ നടപ്പിലാക്കുമെന്ന് മുര്‍സിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

"Social justice is achieved through our love for each other, solidarity and compassion."

ഈജിപ്റ്റിലെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ മുര്‍സിയുടെ  കയ്യിലുള്ള പരിപാടി ഇതായിരുന്നു. 

"Every country I go to I tell them 'You have the money, so give us some.' They then try to set conditions and pressure us … Egypt will never be pressured, we are incompressible."

മുര്‍സി ഇന്‍ഡ്യയിലും വന്നിരുന്നു. പക്ഷെ മന്‍ മോഹന്‍ സിംഗിനോട് പണം ആവശ്യപ്പെട്ടോ എന്ന് തീര്‍ച്ചയില്ല. പക്ഷെ സമകാലിക ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ്‌ മുര്‍സി ഇന്ത്യയില്‍ വന്നത് ചില പത്രങ്ങൾ   മലയാളികളെ അറിയിച്ചില്ല എന്നും പറഞ്ഞ് ഇന്‍ഡ്യയിലെ ഇസ്ലാമിസ്റ്റുകള്‍ ചില മുറുമുറുപ്പൊക്കെ നടത്തിയിരുന്നു. 

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒന്നു ചെയ്തില്ല എന്ന ആക്ഷേപമുണ്ടായപ്പോള്‍  ഓരോ മന്ത്രിമാരുടെ കീഴിലും 40 വയസില്‍ താഴെയുള്ള ഒരാളെ വീതം മുര്‍സി നിയമിച്ചു. പക്ഷെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഈ വക ചെപ്പടി വിദ്യകള്‍ കൊണ്ട് കഴിഞ്ഞില്ല.  മുര്‍സി ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ജനങ്ങളില്‍ ഭൂരിഭാഗവും തീര്‍ച്ചയാക്കി. ഇദ്ദേഹത്തെ അധികാരത്തില്‍ വച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് യാതൊരു ഗുണവും ഈജിപ്റ്റിനില്ല എന്ന തീരുമാനത്തില്‍ അവര്‍ എത്തി. രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന മുര്‍സിയെ പുറത്താക്കാനും അവര്‍ തീരുമാനിച്ചു.

മുല്ലപ്പൂ വിപ്ളവകാലത്തേപ്പോലെ ജനങ്ങള്‍ തെരുവിലിറങ്ങി. ലക്ഷക്കണക്കിനു ജനങ്ങള്‍ ഊണുമുറക്കവും ഉപേക്ഷിച്ച് ഈജിപ്റ്റിലെ എല്ലാ പട്ടണങ്ങളിലും പ്രകടനം നടത്തി. പ്രതിഷേധിച്ചു. ഇസ്ലാമിസ്റ്റുകളും തെരുവിലിറങ്ങി, മുര്‍സിക്കു വേണ്ടി.


Tahrir Square

പ്രശ്നം കൂടുതല്‍ വഷളായപ്പോള്‍  സൈന്യത്തലവന്‍ പറഞ്ഞത് ഇപ്രകാരം.

"We will sacrifice even our blood for Egypt and its people, to defend them against any terrorist, extremists or fool".

മുര്‍സിയുടെ നില പരുങ്ങലില്‍ ആയപ്പോള്‍ പല മന്ത്രിമാരും രാജി വച്ചു.   ജനങ്ങളുടെ ചിന്ത മനസിലാക്കിയ മുര്‍സിയെ ഉപേക്ഷിച്ച് ജനപക്ഷത്തു ചേര്‍ന്നു. ജനവികാരം മാനിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോട് സൈന്യം ആവശ്യപ്പെട്ടപ്പോള്‍, മുര്‍സിയുടെ ഭാവി തീരുമാനിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും  താന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടാണെന്നും പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുര്‍സി ശ്രമിച്ചു. പട്ടാളം അധികാരവും പിടിച്ചടക്കി.

80 വര്‍ഷക്കാലം ഈജിപ്റ്റില്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിച്ച ഇസ്ലാമിസ്റ്റുകള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പകരം ഇസ്ലാമികവത്കരണം അജണ്ടയാക്കി. സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള ഈജിപ്റ്റില്‍ ഷിയകളും ക്രിസ്ത്യാനികളും ഇതിനു മുമ്പില്ലാതിരുന്ന അരക്ഷിതാവസ്ഥ നേരിട്ടു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്തിരുന്ന മുര്‍സി, പക്ഷെ ഇസ്ലാമിസ്റ്റുകളുടെ കളിപ്പാവയേപ്പോലെയാണു പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും വെറുപ്പു സമ്പാദിച്ചു. ഹോസ്നി മുബാറക്കിനെതിരെ മുര്‍സി ആരോപിച്ച അതേ കാര്യങ്ങളൊക്കെ മുര്‍സിയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി.  അനിവാര്യമായ പതനം ആണത്.

പക്ഷെ സൈനിക ഭരണം ഇതിനുള്ള പരിഹാരമല്ല. എത്രയും വേഗം ഇസ്ലാമിക ജനാധിപത്യം എന്ന അസംബന്ധത്തിനു പകരം ​ശരിക്കുള്ള ജനാധിപത്യം അവിടെ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

മുല്ലപ്പൂ  വിപ്ളവത്തിലെ ഏക വിജയി ഇസ്ലാമിസ്റ്റുകളാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്ന് ഈജിപ്റ്റിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. മുസ്ലിങ്ങളിലെ ഇസ്ലാമിക ശക്തികളും മറ്റുള്ളവരും തമ്മില്‍ ഇപ്പോള്‍  ഈജിപ്റ്റിലും, തുര്‍ക്കിയിലും, സിറിയയിലും തുടങ്ങിയിരിക്കുന്ന ഈ വടം വലി, മദ്ധ്യ പൂര്‍വദേശത്തെ രാഷ്ട്രീയ ഭൂപടം മാറ്റി എഴുതാന്‍ ഇടയായേക്കും.Tuesday, 2 July 2013

ചത്ത കുതിരയുടെ ബാധ്യതയും അവാര്‍ഡ് തട്ടിപ്പും.ഉമ്മന്‍ ചാണ്ടിക്ക് ഐക്യരാഷ്ട്ര സഭ  അവാര്‍ഡ് നല്‍കി എന്ന് അദ്ദേഹവും ആശ്രിതരും കേരളം മുഴുവന്‍  പാടി നടക്കുന്നു. ഇന്‍ഡ്യയില്‍ ആദ്യമായിട്ടാണ്, ഈ അവാര്‍ഡ് ലഭിച്ചത്  എന്നും അതുകൊണ്ട് കേരളം  മുഴുവന്‍ ഇതാഘോഷിക്കണം  എന്നും  ഉമ്മന്‍ ചാണ്ടി തന്നെ പല വേദികളിലും പറഞ്ഞു നടക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പില്‍ മുഖ്യ മന്ത്രിയുടെ  ഓഫീസിന്റെയും   മറ്റ് മന്ത്രിമാരുടെയും പങ്ക് കൂടുതല്‍ കൂടുതല്‍ വെളിച്ചത്തു വരുന്നതിന്റെ  ചളിപ്പ്  ഈ അവാര്‍ഡ് കൊണ്ട് മറയ്ക്കാനാണ്, ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്.

വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ആരെങ്കിലും അവാര്‍ഡ് കൊടുത്തിട്ടുണ്ടോ? ഐക്യരാഷ്ട്രസഭയുടെ രേഖകളില്‍ അങ്ങനെ കാണുന്നില്ല.  അഴിമതി നിരോധനത്തിന്റെ പേരില്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനാണവാര്‍ഡ് കൊടുത്തത്.

2013 UNPS Award Winners
ഈ അവാര്‍ഡിന്റെ പേരുതന്നെ  Preventing and Combating Corruption in the Public Service എന്നാണ്.

ഐക്യരാഷ്ട്ര സഭ പറയുന്നതനുസരിച്ച് അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത നിലപാടിനാണീ അവാര്‍ഡ്.  യഥാര്‍ത്ഥത്തില്‍ ഈ ജനസമ്പര്‍ക്ക പരിപാടി  അഴിമതിക്കെതിരെ അല്ല. സ്വന്തം ഭരണ യന്ത്രത്തിന്റെ കെടുകര്യസ്ഥത മറച്ചു വയ്ക്കാനായി  മുഖ്യമന്ത്രി നേരിട്ട് പല കാര്യങ്ങളിലും നടപടി എടുക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. വില്ലേജ് ഓഫീസിലും പഞ്ചായത്തിലും തീര്‍പ്പാക്കേണ്ട  കാര്യങ്ങള്‍ മുഖ്യ മന്ത്രി നേരിട്ട് തീര്‍പ്പാക്കുന്നു. ഇതെങ്ങനെ അഴിമതിക്കെതിരെ  ഉള്ള നടപടി ആയി വ്യാഖ്യാനിക്കാനാകും?

ഐക്യരാഷ്ട്ര സഭയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.  

ഇത് മാത്രമല്ല, വ്യക്തികള്‍ക്കല്ല ഈ അവാര്‍ഡ് കൊടുക്കപ്പെടുന്നതും. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് അവാര്‍ഡ് ലഭിച്ചിട്ടില്ല. കേരള മുഖ്യ മന്ത്രിയുടെ ഓഫീസിനാണ്. 
ഏറെ കൊട്ടിഘോഷിച്ച് സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി വെബ് ക്യാമറ സ്ഥാപിച്ച് ലോക പ്രശസ്തമാക്കിയ ഈ ഓഫീസിന്, അവാര്‍ഡ് കൊടുത്തു എന്നു കേട്ടാല്‍, എല്ലാ മലയാളികളും, അവര്‍ക്ക് സുബോധമുണ്ടെങ്കില്‍,  മൂക്കത്ത് വിരല്‍ വയ്ക്കും . സോളാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണീ ഓഫീസ്. ഈ ഓഫീസില്‍ വച്ച് 40 ലക്ഷം രൂപയുടെ വെട്ടിപ്പു നടന്നു. മുഖ്യമന്ത്രിയുടെ അടുത്ത സഹായി ഇപ്പോള്‍ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലുമാണ്. ഈ ഓഫീസില്‍ ജോലി ചെയ്തിരുന്ന മറ്റ് മൂന്നു പേരെ മുഖ്യമന്ത്രി തന്നെ നീക്കം ചെയ്തു സംരക്ഷിക്കുന്നു.

ഈ ഓഫീസിനു ലഭിച്ച അവാര്‍ഡ് അല്‍പ്പെങ്കിലും നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ വേണ്ടെന്ന് വയ്ക്കേണ്ടതായിരുന്നു.

ഇപ്പോള്‍ ഈ അവാര്‍ഡ് ഒരു വിവാദമായി മാറിയിരിക്കുന്നു.  അതിന്റെ പിന്നിലെ കളികളൊക്കെ പുറത്തു വരേണ്ടിയിരിക്കുന്നു. അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങളും  തെരഞ്ഞെടുപ്പ് രീതികളും  ഐക്യരാഷ്ട്ര സഭയുടെ വെബ് സൈറ്റില്‍  വിവരിച്ചിട്ടുണ്ട്.

ആരാണു മുഖ്യമന്ത്രിയുടെ ഓഫീസിനെ  നോമിനേറ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.  

വേറെ ആര്‍ക്കും ഇന്‍ഡ്യയില്‍ നിന്നും ഇതുപോലെ അവാര്‍ഡ് ലഭിച്ചിട്ടില്ല എന്ന പ്രചരണവും തെറ്റാണ്. കാര്യക്ഷമമായി പൊതു ജനസേവനം നടത്തുന്നതിനു മറ്റൊരു അവാര്‍ഡ് ഈ വര്‍ഷം തന്നെ Dhanbad District Administration ന്  ലഭിച്ചിട്ടുണ്ട്.
ഓരോ ദിവസം ചെല്ലുന്തോറും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ കള്ളക്കളികളൊക്കെ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.

സുതാര്യഭരണത്തിന്റെയും പൊതുജനസേവനത്തിന്റെയും ഇന്ത്യയിലെ ആള്‍രൂപമാണ്, ഉമ്മന്‍  ചാണ്ടിയെന്ന്  അനുയായികളും സര്‍ക്കാരിന്റെ പ്രചരണവിഭാഗവും ലോകത്തിനുമുമ്പില്‍  പ്രദര്‍ശിപ്പിക്കുന്നു. അതിന്റെ തെളിവായി പൊതുജനസേവകനുള്ള ഐക്യരാഷ്ര്ടസഭയുടെ പുരസ്കാരത്തിന് അദ്ദേഹം അര്‍ഹനായി എന്നും പ്രചരിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍  ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് ക്യാമറ സ്ഥാപിച്ചതിനെക്കുറിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ പോലും ലേഖനം വന്നിരുന്നു. 

ഇന്‍ഡ്യയില്‍ നിന്നും നരേന്ദ്ര മോദിയാണിതുപോലെ അന്താരഷ്ട്ര പ്രശസ്തി നേടിയെടുത്ത മുഖ്യ മന്ത്രി. 

 ഗുജറാത്തില്‍  മോദി നടപ്പിലാക്കുന്ന ഹിന്ദുത്വരാഷ്ര്ടീയത്തിന്റെ മറുവശമാണ്,  ഉമ്മന്‍ ചണ്ടി കേരളത്തില്‍ നടപ്പിലാക്കുന്ന ന്യൂനപക്ഷ പ്രീണനം. ഗൂജറാത്തില്‍  മോദി അത് ഹിന്ദുത്വത്തിന്റെ പേരില്‍ നടപ്പിലാക്കുന്നു. ഉമ്മന്‍ ചാണ്ടീ കേരളത്തില്‍ മതേതരത്വത്തിന്റെ മറവില്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമത്തെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് പതിനാറ് വയസായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കുവാന്‍  നിര്ദേശിക്കുന്ന ഉത്തരവ്. 

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍  ആഘോഷിക്കുന്ന സുതാര്യ ഭരണത്തിനുകീഴില്‍  നടക്കുന്ന അഴിമതികളും മറ്റ്  വൃത്തികേടുകളും ഇപ്പോള്‍ കേരളം മുഴുവന്‍ പാട്ടാണ്.  ഈ  ആരോപണങ്ങള്‍ ആദ്യം നിഷേധിച്ച മുഖ്യമന്ത്രിക്ക് പിന്നീട് അത്  വാസ്തവമാണെന്നു  സമ്മതിക്കേണ്ടിവന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസ്  ദുരുപയോഗം ചെയ്തുവെന്നു പറയുമ്പോള്‍,  ആ പദവി ദുരുപയോഗം ചെയ്യപ്പെട്ടു എന്നുതന്നെയാണതിന്റെ അര്‍ത്ഥം. പദവി ദുരുപയോഗപ്പെടുത്തിയ മുഖ്യമന്ത്രിക്ക് ആ പദവിയില്‍  തുടരാന്‍  അര്‍ഹതയില്ല. ഓഫീസിലെ ചില  ചില ഉദ്യോഗസ്ഥന്മാരെ പുറത്താക്കിയതുകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം.തന്റെ ഓഫീസ്  സുതാര്യമെന്ന്  അവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്നും  ഒഴിയാന്‍ ആകില്ല.  ഗൗരവതരമായ കാര്യങ്ങള്‍  ചര്‍ച്ച  ചെയ്യാന്‍  രമേശ് ചെന്നിത്തലയുമായിപ്പോലും ഇരുപതു മിനിട്ടിലേറെ കൂടിക്കാഴ്ചയ്ക്ക് സമയമില്ലാത്ത ഉമ്മന്‍ ചാണ്ടി, ഒരു കൊലപാതകക്കേസിലെ പ്രതികൂടിയായ സൗരോര്‍ജ്ജത്തട്ടിപ്പുകാരനുമായി അയാളുടെ ദാമ്പത്യപ്രശ്നം ചര്‍ച്ച  ചെയ്യാന്‍,  ഒരു മണിക്കൂര്‍  ചില വഴിച്ചുവെന്നത് അതി വിചിത്രമാണ്. അയാളുമായി എന്തു ചര്‍ച്ചയാണ് താന്‍  നടത്തിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് ഈ സുതാര്യ മുഖ്യമന്ത്രി ജനങ്ങളോടു പറയുന്നത്. തന്റെ മന്ത്രിസഭയിലെ  ഒരു മന്ത്രിയുടെ  കുടുംബപ്രശ്നത്തില്‍  ഇടപെടുന്ന അതേ ശുഷ്കാന്തിയോടെയാണ്, തനിക്കൊരു ബന്ധവുമില്ലാത്ത ഒരു കുറ്റവാളിയുടെ  ദാമ്പത്യപ്രശ്നത്തിലും ഉമ്മന്‍ ചാണ്ടി  ഇടപെട്ടത്. ഉമ്മന്‍ ചാണ്ടിയുടെ സുതാര്യഭരണമെന്ന മുദ്രവാക്യം രഹസ്യങ്ങള്‍  ഒളിപ്പിക്കാനുള്ള ഒരു മറയാണ്. അതിന്റെ മറ്റൊരു മറയാണ്, 
സ്വന്തമായി ഫോണ്‍  പോലുമില്ലാത്തയാളാണെന്ന കപടനാട്യവും.  സ്വന്തമായി ഫോണുണ്ടായാലുള്ള കുഴപ്പം, ആ ഫോണിലൂടെ വരുന്നതും പോകുന്നതുമായ കോളുകളുടെയെല്ലാം ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടിവരുമെന്നതാണ്. അപ്പോള്‍ ആ പണി അനുചരന്മാരെ ഏല്‍പ്പിച്ചാല്‍ ഒന്നിന്റെയും ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരില്ലല്ലോ. അപാര തന്ത്രം. 

ഈ പൊറാട്ടു നാടകത്തിന്റെ സത്യം പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടാണ്, രമേശ് ചെന്നിത്തലയും, ആര്യാടന്‍ മൊഹമ്മദും, മുരളീധരനും  ഇതില്‍ അഭിനയിക്കാന്‍ നില്‍ക്കാതെ,  കോഴിക്കോടു നടന്ന പാര്‍ട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. രമേശ് ചെന്നിത്തല എന്ന കെ പി സി സി പ്രസിഡണ്ട് ,ഒരു പഴയകാല കെ പിസി സി പ്രസിഡണ്ടിന്റെ വാക്കുകള്‍ ആ കോണ്‍ഗ്രസ് സദസില്‍ ഉദ്ധരിച്ചു. മുസ്ലിം ലീഗിന്റെ അനാവശ്യമായി  വാദഗതികള്‍ അംഗീകരിച്ചു കൊടുത്താല്‍ അത് നാളെ കോണ്‍ഗ്രസിനു വലിയ  ബാധ്യത ആയി മാറും. എന്ന് പണ്ട് സി കെ ഗോവിന്ദന്‍ നായര്‍ എന്ന കോണ്‍ഗ്രസ് നേതാവു പറഞ്ഞതാണ്, ചെന്നിത്തല ഉദ്ധരിച്ചത്. പക്ഷെ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ്, പാണക്കാട്ടു നിന്നുള്ള തീട്ടൂരം. അതിന്റെ പ്രതികരണം കെ പി എ മജീദെന്ന പാണക്കാട്ടെ അടിച്ചു തളിക്കാരനില്‍ നിന്നും വന്നു.  വഴിപോക്കനായ രമേശനു കൊട്ടാനുള്ള ചണ്ടയല്ല ലീഗ് എന്നാണാ വിനീത ദാസന്‍ ആക്രോശിച്ചത്. ലീഗിനു പോകാന്‍ ഇഷ്ടം പോലെ ഇടങ്ങളുണ്ട് എന്നും കൂട്ടിചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല.

ആര്യാടന്‍ മുഹമ്മദ് നാലു പതിറ്റാണ്ടായി ലീഗിന്റെ പുറത്ത് ചെണ്ട കൊട്ടിക്കൊണ്ടേ ഇരിക്കുന്നു. ഇപ്പോള്‍ മുരളീധരനും കൊട്ടാന്‍ തുടങ്ങി. ചെണ്ടകൊട്ടുകാരന്‍ എന്ന വട്ടപ്പേര്, മനസിലാക്കിയിട്ടെന്നോണം മുരളീധരന്‍ അതിനോട് നല്ല രീതിയില്‍ പ്രതികരിച്ചു. "ദിവസക്കൂലിക്കാരോട്" മറുപടി പറയേണ്ട ആവശ്യം ഇല്ല എന്നദ്ദേഹം പറഞ്ഞു. 

ഇതിന്റെ രത്നച്ചുരുക്കം  ഇതാണ്,. കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ പഴയ നേതാക്കളുടെ അഭിപ്രായം കേരളത്തില്‍ പറയാന്‍ പറ്റില്ല. നെഹ്രു പണ്ട് പറഞ്ഞത്  മുസ്ലിം ലീഗ് ചത്ത കുതിര ആണ്, എന്നായിരുന്നു. അതുകൂടി ചെന്നിത്തല എങ്ങാനും  പറഞ്ഞു പോയാല്‍,  ചെന്നിത്തലയുടെ നാവു പിഴുതെടുക്കാന്‍ പാണക്കാട്ടു നിന്നും കല്‍പ്പന ഉണ്ടാകും. ഇസ്ലാമിലെ നാട്ടു നടപ്പ് അതാണല്ലോ.

കെ പി സി സി പ്രസിഡണ്ട് ഒരു പ്രസിഡണ്ട് ആയത് ഇന്നത്തെ പ്രസ്താവാനയോട് കൂടി ആണ്.എന്ന് ആര്യാടന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പൊതു വികാരമാണത് എന്ന് മുരളീധരനും കൂട്ടി ചേര്‍ത്തു.

പോകാന്‍ ഇടമുണ്ട് എന്നു പറയാനുള്ള തിണ്ണമിടുക്കേ മുസ്ലിം ലീഗ് എന്ന മത സംഘടനക്കുള്ളു. യു ഡി എഫ് യോഗത്തില്‍ അത് തെളിച്ചു പറഞ്ഞ് ഉള്ള ഇടത്തേക്കു പോകാനുള്ള ആമ്പിയര്‍  ഇല്ല. പോയാല്‍ എന്തു സംഭവിക്കുമെന്ന് ചരിത്രം പഠിച്ചാല്‍ മനസിലാകും. ഒറ്റക്കു നിന്ന കാലത്ത് ഏറ്റവും കൂടുതല്‍ കിട്ടിയത് വിരലില്‍ എണ്ണാവുന്ന  സീറ്റുകളാണ്. അതൊക്കെ മറ്റ് മുസ്ലിം മത സംഘടകള്‍ ഉണ്ടാകുന്നതിനു മുന്നെ. ഇപ്പോള്‍ ഒറ്റക്കു നിന്നാല്‍ അതുപോലും  കിട്ടാനുള്ള സാധ്യതയും  ഇല്ല.

ലീഗിന്റെ ഇപ്പോഴത്തെ ആവശ്യം  മലപ്പുറം  ജില്ല വിഭജിക്കലും, ലോക് സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളുമാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴഞ്ഞോളം എന്നു പറഞ്ഞ് മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രി ആയിരിക്കുന്നോളം കാലം അതൊക്കെ ലീഗ് നേടിയെടുക്കും. മദാമ്മയേക്കൊണ്ട് അത് സമ്മതിപ്പിക്കും. അധികാരത്തോടുള്ള ആര്‍ത്തി അത്രക്കുണ്ട്.

കേരള മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയ പുരസ്കാരം  വ്യക്തിപരമായ നേട്ടമാണെന്ന് ഉമ്മന്‍ ചാണ്ടി പ്രചരിപ്പിക്കുന്നു. എങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന വെട്ടിപ്പിന്റെയും ഉത്തരവാദിത്തം ഏല്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഉറങ്ങുമ്പോള്‍ ഒഴികെ എല്ലാ സമയത്തും കൂടെയുള്ള വിശ്വസ്തരായ സഹായികളാണിപ്പോള്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. താന്‍ ഭരിക്കുന്ന ഏതെങ്കിലും  വകുപ്പിലെ ഉദ്യോഗസ്ഥരല്ല. അതുകൊണ്ട് വെള്ള പൂശാനുള്ള ഒരന്വേഷണം കൊണ്ട് ഇതവസാനിപ്പിക്കാന്‍ കേരള ജനത സമ്മതിക്കരുത്. ഒരു ജനകീയ പ്രഷോഭണം തന്നെ നടത്തേണ്ടി വരും.അത് വേണ്ടെങ്കില്‍ ഈ തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റുകൊണ്ട്  മുഖ്യ മന്ത്രി സ്ഥാനത്തു നിന്നും മറിനിന്ന് ഒരന്വേഷണം നടത്തി, സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ അപദാനങ്ങളെ വാഴ്ത്തി  ആശ്രിതര്‍ പാടുന്ന തിരുനാമകീര്‍ത്തനങ്ങളുടെ ഒരു സംഗ്രഹം ഈ ലിങ്കില്‍ കേള്‍ക്കാം.

പുതുപ്പള്ളി ഉമ്മൻ  ചരിതം