Friday, 21 August 2015

നരേന്ദ്ര മോദിയും സഞ്ചീവ് ഭട്ടും പിന്നെ ഓണവുംനരേന്ദ്ര മോദിയും സഞ്ചീവ് ഭട്ടും  ഓണവും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവും ഇല്ല. പക്ഷെ ഇവ ഒക്കെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.

അസുര ചക്രവര്‍ത്തി ആയിരുന്ന ബലിയെ ആര്യന്മാരുടെ അവതാരമെന്നു പറയുന്ന വാമനന്‍ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്ന് സനാതനികള്‍ എഴുതിയ  കഥയാണല്ലൊ ഓണക്കാലത്ത് മലയാളികളൊക്കെ ഓര്‍മ്മിക്കുന്നു എന്നു നടിക്കുന്നത്. അസുരന്മാരെയൊക്കെ നികൃഷ്ടജീവികളായിട്ടാണ്, ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും രേഖപ്പെടുത്തി വച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡമെന്നൊക്കെ വിളിക്കുന്ന ബാഹു ബലി എന്ന സമകാലീന ചലചിത്രത്തിലും അസുരരെ നികൃഷ്ടരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്.  അതില്‍ ചരിത്രത്തിന്റെ  അംശമുണ്ട്. പക്ഷെ ചരിത്രം എപ്പോഴും വിജയിക്കുന്നവന്റെ ഭാഷയത്തിലാണെഴുതപ്പെടുക.

വാമനന്‍ എന്നു വിളിക്കപ്പെടുന്ന വിഷ്ണുവിന്റെ അവതാരത്തെ പൂജിക്കുന്ന ഓണാഘോഷം ശുദ്ധ അസംബമാണെന്നാണെന്റെ പക്ഷം. മാവേലി നാടു വാണീടും കാലം എന്ന ഓണപ്പാട്ടിന്റെ പൂര്‍ണ്ണരൂപമാണതിന്റെ അടിസ്ഥാനം. ഇതാണാ പൂര്‍ണ്ണ രൂപം.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ 
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത് 
എത്ര നൂറ്റാണ്ടുകള നമ്മളേവം 
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം

"""എഴുതിയത് - സഹോദരൻ അയ്യപ്പൻ
സഹോദരന്റെ പദ്യകൃതികൾ - ഡ് ച് ബുക്സ് പബ്ലിഷ് ചെയ്തത് - 1981
പ്രൊഫ്‌ . എം കെ സാനു എഡിറ്റ്‌ ചെയ്തത് ."""

സനാതനികള്‍ ഇന്‍ഡ്യയിലേക്ക് വരുന്നതിനു മുന്നെ അവര്‍ വസിച്ചിരുന്നത് ഇറാനിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇറാനിയന്‍ പുരാണങ്ങളില്‍ അസുരരെ നല്ലവരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ദേവന്മാരെ നികൃഷ്ടരായിട്ടും. ഇറാനോട് ചേര്‍ന്നു കിടക്കുന്ന ഇന്‍ഡ്യയിലും അസുരര്‍ നല്ലവരായിരുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ്, ബലി എന്ന അസുര ചക്രവര്‍ത്തിയുടെ ചരിത്രം. ചതിയിലൂടെ ബലിയുടെ രാജ്യം ആര്യന്മാര്‍ കീഴടക്കിയതിന്റെ കഥയാണ്, ഓണത്തോടനുബന്ധിച്ചുള്ള ആര്യ ഭാഷ്യം. ഇറാനില്‍ നിന്നും  അസുരര്‍ പുറത്താക്കിയ ദേവന്മാർ എന്ന ആര്യന്മാര്‍, ഇന്‍ഡ്യയിലെ അസുരരെ കീഴടക്കി. ഇന്‍ഡ്യയുടെ തെക്കേയറ്റത്തുണ്ടായിരുന്ന ബലിയുടെ സാമ്രാജ്യവും അവര്‍ കീഴടക്കി. ഇന്‍ഡ്യയിലെ ആദിമ നിവാസികളെ അവരുടെ മതത്തിനു പുറത്തു നിറുത്തി. അവകാശങ്ങള്‍ നിഷേധിച്ചു. തൊട്ടുകൂടാത്തവരെന്നു മുദ്ര കുത്തി സമൂഹത്തിന്റെ പുറം പോക്കുകളിലേക്ക് ആട്ടിയോടിച്ചു. അതിന്റെ കാരണം ആര്യന്മാരുടെ കുടിലതയെ  അസുരര്‍ എതിര്‍ത്തു  എന്നതു മാത്രമായിരുന്നു.

ഈ ഓണക്കാലത്തും ഇതിന്റെ തനിയാവര്‍ത്തനം ഉണ്ടായിരിക്കുന്നു. അതരങ്ങേറിയത് ഗുജറാത്തിലാണ്. നരേന്ദ്ര മോദി ഭരിച്ച് സ്വര്‍ഗ്ഗമാക്കി എന്ന് ഭക്തര്‍ പാടി നടക്കുന്ന ഗുജറാത്തില്‍. മോദി മുഖ്യ മന്ത്രി ആയി അധികാരമേറ്റെടുത്ത ഉടനെ തന്നെ അവിടെ ഒരു കൂട്ടക്കൊല അരങ്ങേറി. ആയിരക്കണക്കിനു നിരപരാധികളായ മുസ്ലിങ്ങളെ സനാതന ധര്‍മ്മികളെന്ന് സ്വയം വിളിക്കുന്ന ഹിന്ദുക്കള്‍ കൊലപ്പെടുത്തി. അതിനു മോദി എന്ന അധികാരി മൌനാനുവാദം കൊടുത്തു. ബാബു ബജ്‌രംഗി എന്ന സനാതന ഹിന്ദുവിന്റെ വാക്കുകള്‍ അതിന്റെ തെളിവാണ്.ആര്‍ എസ് എസ്  എന്ന തീവ്ര ഹിന്ദു സംഘടനയുടെ വിശ്വസ്ഥ പോരാളി ആയിട്ടായിരുനു നരേന്ദ്ര മോദി എന്ന ഹിന്ദു തന്റെ ജീവിതം ആരംഭിച്ചത്. സ്വയം സേവകൻ  ആകാന്‍ വേണ്ടി, വിവാഹം കഴിച്ച ഭാര്യയെ വരെ ഉപേക്ഷിച്ച ആര്‍ എസ് എസ് ഭക്തനായിരുന്നു അദ്ദേഹം.

ബാബു ബജ്‌രംഗി  മുകളിലത്തെ  വീഡിയോയില്‍ പറയുന്ന അതേ കാര്യം ഇന്‍ഡ്യയിലെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ പറയാന്‍ ധൈര്യം കാണിച്ച പോലീസ് ഓഫീസറാണ്, സഞ്ചീവ് ഭട്ട്. അന്നുമുതലേ അദ്ദേഹം മോദിയുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിന്,ഹരേന്‍ പാണ്ഡ്യ എന്ന മോദി മന്ത്രിസഭാംഗത്തിന്റെ ഗതി വരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഭാഗ്യവശാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് അഭിനവ സനാതനി തന്റെ ഫാസിസം  ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്ലിം വിരോധത്തിന്റെയും  ഫാസിസ്റ്റ് തത്വ സംഹിതയുടെയും മൂശയില്‍ വാര്‍ത്തെടുത്ത ആര്‍ എസ് എസ് കാരനായ മോദി സഞ്ചീവ്  ഭട്ടിനോട് ഇത് ചെയ്തതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട ആവശ്യമില്ല.

നരേന്ദ്ര മോദിക്കെതിരെയുള്ള സഞ്ജീവ് ഭട്ടിന്റെ നിലപാടിനു രണ്ടു പതിറ്റാണ്ടിലപ്പുറം  പഴക്കമുണ്ട്. ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല ആസൂത്രണം ചെയ്തതും  നടപ്പിലാക്കിയതും ആരായിരുന്നു എന്ന കാര്യം വളരെ വ്യക്തമാണ്. മോദി അവര്‍ക്ക് വേണ്ട സകല ഒത്താശയും ചെയ്തു. നിരപരാധികളും നിസ്സഹായരുമായ ഇരകള്‍ക്ക് ഇതു വരെ ഒരു നീതിയും കിട്ടിയില്ല.  കൊലയാളികളെ നിരപരാധികളാക്കാനുള്ള പ്രഹസനങ്ങളായിരുന്നു വിചാരണകളൊക്കെ.  ദുരിതാശ്വാസക്യാമ്പുകളെന്ന പേരിലുള്ള ചേരികളുണ്ടാക്കി കൂട്ടക്കൊലയുടെ ഇരകളെ  പൊതു സമൂഹത്തില്‍ നിന്നം ​ഇപ്പോഴും മാറ്റി നിറുത്തിയിരിക്കുന്നു. പണ്ട് ആര്യന്മാര്‍ വന്ന് ദ്രാവിഡരെ മാറ്റി നിറുത്തിയതുപോലെ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് അവരിന്നും അലയുകയാണ്.  അവരില്‍ ചിലരുടെ എങ്കിലും നീതിക്കു വേണ്ടി പോരാടുന്ന ടീസ്റ്റ സെത്തല്‍ വാദിനേപ്പൊലുള്ളവരെ മോദി ഇന്നും പീഢിപ്പിക്കുന്നു.

ഗുജറാത്ത കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനെ  നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവില്ലെന്നാണ്, മോദി ഭക്തര്‍ ഇപ്പോഴും വാദിക്കുന്നത് . ഗോധ്ര  സംഭവത്തിനു ശേഷം നടന്ന  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സഞ്ചീവ് ഭട്ടും പങ്കെടുത്തിരുന്നു. അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, നിങ്ങളത് തടയേണ്ട എന്ന് ഞാന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി പോലീസ് ഉദ്യേഗസ്ഥരോട് പറഞ്ഞു'. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത്  കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ  പ്രോസിക്യൂട്ടു ചെയ്യണമെന്നും ഉള്ള വാദങ്ങള്‍ ഉണ്ടായി. പക്ഷെ ഒന്നും നടന്നില്ല.

അനുമതിയില്ലാതെ അവധിയെടുത്തതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും സഞ്ജീവ് ഭട്ടിനെ 2011-ല്‍  സസ്‌പെന്‍ഡ് ചെയ്തു.  കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ആര്യന്മാർ ദ്രാവിഡരെ കീഴടക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന ഈ ഓണക്കാലത്ത്  തന്നെ അത് നടപ്പിലാക്കി.

സഞ്ചീവ് ഭട്ട് ഒരു പ്രതീകമാണ്., വരാന്‍ ഇരിക്കുന്ന കാലത്തിന്റെ സൂചന. പാര്‍ട്ടി കെട്ടിപ്പടുത്ത അദ്വാനിയെ തഴഞ്ഞ് മോദിയെ ആര്‍ എസ് എസ് ഉയര്‍ത്തി ക്കാട്ടിയതു മുതല്‍ ഈ സൂചന വ്യക്തമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതു മുതല്‍ മോദി ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ഇന്‍ഡ്യയിലെ ജനങ്ങളില്‍ സാമുദായിക ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ മോദി തെരഞ്ഞെടുത്ത പല ബി ജെ പി എം പി മാരും പലതും വിളിച്ചു പറഞ്ഞിട്ടുണ്ട്. ബി ജെ പി എം പി മാരൊക്കെ വെറുതെ വിടുവായത്തം പറഞ്ഞതല്ല. ആര്‍ എസ് എസിന്റെ ശക്തമായ പിന്തുണയോടെ തന്നെയാണവര്‍ അതൊക്കെ പറഞ്ഞത്. മോദി അതിനോടും മൌനം പാലിച്ചു. ഗുജറാത്ത് കൂട്ടക്കൊല നടന്ന അവസരത്തില്‍ മൌനാനുവാദം കൊടുത്തതുപോലെ തന്നെ. ഇന്നും മോദി അവരെ തള്ളിപറഞ്ഞിട്ടില്ല. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനേപ്പറ്റി പറഞ്ഞിട്ടുള്ള എല്ലാവരെയും മോദി നിശബ്ദരാക്കുകയോ, പീഢിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു.  ടീസ്റ്റ സെത്തല്‍വാദും സഞ്ചീവ് ഭട്ടുമാണ്, അതിലെ അവസാനത്തെ ഇരകള്‍.

ഇന്നിപ്പോള്‍ ഇന്‍ഡ്യയിലെ എല്ലാ രംഗങ്ങളിലും ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന വിനീത ദാസന്‍ മാത്രമണു മോദി. ആലങ്കാരികമായി പറഞ്ഞാല്‍ കുങ്കുമം ചുമക്കുന്ന കഴുത. ഇന്‍ഡ്യയില്‍ വല്ലപ്പോഴും വന്നു പോകുന്ന അഴകിയ രാവണന്‍ മാത്രം. ഭരിക്കാന്‍ ഇവിടെ ആര്‍ എസ് എസ് ഉണ്ട്. പിന്നെ ഞാനെന്തിനു വെറുതെ മെനക്കെടണം എന്നതാണ്, മോദിയുടെ നിലപാട്.

അദാനിക്കും അംബാനിക്കും ഇന്‍ഡ്യയുടെ സ്വത്തുക്കളൊക്കെ ചൂക്ഷണം ചെയ്യാന്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുക. ബാക്കി ഉള്ളത് വിദേശ രാജ്യങ്ങള്‍ക്ക് കൊടുക്കുക എന്നതാണു മോദിയുടെ നയം. ആര്‍ എസ് എസിനു വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിനപ്പുറം ഇന്‍ഡ്യയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഉത്ഖണ്ഠയൊന്നുമില്ല. മോദിക്കുമില്ല. 

Thursday, 6 August 2015

ശീലാവതികളും രക്തസാക്ഷികളും.


ശീലാവതികളും രക്തസാക്ഷികളും.
-------------------------------------------------------

ക്രിക്കറ്റ് എന്ന കളി തന്നെ ഇപ്പോള്‍ എനിക്കിഷ്ടമല്ല. പണ്ടും അത്ര വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇന്‍ഡ്യയിലെ ക്രിക്കറ്റ് കളി. ഐ പി എല്‍ എന്ന കെട്ടു കാഴ്ച്ച ഇന്‍ഡ്യയിലെ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വേദിയാണ്. അതിനെ ആരാധിക്കാനും പിന്തുണക്കാനും ഇന്‍ഡ്യയില്‍ അനേകരുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറൊക്കെ  കോടിക്കണക്കിനിന്‍ഡ്യക്കാരുടെ ദൈവം പോലുമാണ്. നികുതി വെട്ടിക്കാന്‍ ശ്രമം നടത്തിയ അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിക്കുകയും ചെയ്തപ്പോള്‍ എല്ലാം പൂര്‍ത്തി ആയി. മറ്റൊരു ദൈവമായ ധോണിയുടെ സ്വന്തം ടീമിനെ സുപ്രീം കോടതി രണ്ടു വര്‍ഷത്തേക്ക് വിലക്കിയതും അടുത്ത കാലത്താണ്.

ഒത്തുകളിക്കാന്‍ പണം വാങ്ങി എന്ന ആരോപണം നേരിടുന്ന ശ്രീശാന്തിനെ അടുത്ത നാളില്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ഒരു കുരങ്ങിന്റെ ഭാവഹാവാദികളോടെ കളിക്കളത്തില്‍ പെരുമാറുന്ന ഇദ്ദേഹത്തെ ഒരു മാന്യനായി കാണാനും സാധിക്കില്ല.  മറ്റൊരു ഇന്‍ഡ്യന്‍ കളിക്കാരനായ ഹര്‍ഭജന്‍ സിംഗിന്റെ തല്ലു മേടിക്കേണ്ട തരത്തിലാണിദ്ദേഹത്തിന്റെ കളിക്കളത്തിലെ പെരുമാറ്റം.അര്‍ത്ഥരാത്രിയില്‍ ഇദ്ദേഹം ഏതോ സ്ത്രീയുടെ കൂടെ പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയിലൂടെ അലഞ്ഞു നടക്കുന്ന വീഡിയോ ചിത്രങ്ങളൊക്കെ പലരും കണ്ടതാണ്. ശ്രീശാന്തിന്റെ ശീലാവതി ആയ ഭാര്യയേപ്പറ്റി ഉള്ള ഒരു വാര്‍ത്ത അടുത്തിടെ കേട്ടു. ശ്രീശാന്ത്  ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പുരാണങ്ങളിലെ ശീലാവതിയേപ്പോലെ കൊട്ടാരത്തിലെ അടുക്കളയിലെ തറയില്‍ കിടന്നുറങ്ങി എന്ന് ശ്രീശാന്ത് പറയുകയും ശീലാവതി ആയ ഭാര്യ അതിനെ ശരി വയ്ക്കുകയും ചെയ്തു.

സ്ത്രീകള്‍ ശീലാവതികളായിരിക്കണമെന്ന ഒരു പൊതു ബോധം മനപ്പൂര്‍വം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം ആണതെന്ന ഒരു വ്യാഖ്യാനം ഇപ്പോള്‍ വായിക്കാനിടയായി. അടുത്ത നാളുകളില്‍ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പ്രീത ജി  നായർ  ആണിത് പ്രചരിപ്പിക്കുന്നതും.


ശീലാവതി എന്നത് പൊതു ബോധമാണെന്നു പറയുമ്പോള്‍  മറ്റ് പല ചോദ്യങ്ങളുമുണ്ടാകുന്നു. പ്രീത വിശ്വസിക്കുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റു പ്രസ്ഥാനമാണല്ലോ. അതിലെ രക്തസാക്ഷിത്തവും, ശീലാവതി ചമയലിന്റേതു പോലെ ഉള്ള ഒരു പൊതു ബോധമാണ്. പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിക്കലൊക്കെ എന്തോ മഹത്തായ പ്രവര്‍ത്തി ആയി ഈ പാര്‍ട്ടി കൊണ്ടാടുന്നു. ശീലാവതി ചമയാന്‍ കുറച്ച് സ്ത്രീകളുള്ളതുപോലെ, ജീവന്‍ വെടിയാന്‍ തയ്യാറായി ചാവേറുകളായി കുറച്ച് യുവാക്കള്‍ ഈ പാര്‍ട്ടിക്കുമുണ്ട്. ശീലാവതി പൊതു ബോധം സ്ത്രീവിരുദ്ധമാകുന്നതുപോലെ,  പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആകുന്നത് മനുഷ്യത്വ വിരുദ്ധമാണ്.

പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിയുന്നതും ഭര്‍ത്താവിനു വേണ്ടി  അടുക്കളയിലെ തറയില്‍ കിടന്നുറങ്ങുന്നതും ഒരേ പൊതു ബോധം തന്നെയല്ലേ? പാര്‍ട്ടിക്ക് വേണ്ടി എന്നും പറഞ്ഞ് വെട്ടിയും കുത്തിയും ചാകുന്നതിന്റെയും കൊല്ലുന്നതിന്റെയും  അത്ര നികൃഷ്ടത ശ്രീശാന്തിന്റെ ഭാര്യ കെട്ടിയാടിയ ശീലാവതി വേഷത്തിനുണ്ടോ?

കേരളത്തിലെ സി പി എം ന്യൂ ജെനറേഷന്‍ ആയി മാറിയപ്പോള്‍ കൊല്ലുന്നതൊക്കെ ക്വട്ടേഷന്‍ നല്‍കി ഇവന്റ് മാനേജ്മെന്റിനെ ഏല്‍പ്പിച്ചു. പണ്ടൊക്കെ മണിയാശാന്‍ പറഞ്ഞപോലെ വണ്‍ റ്റു ത്രീ എന്നും പറഞ്ഞ് നേരിട്ടങ്ങ് കൊല്ലുകയായിരുന്നു. ഇപ്പോള്‍ അതിനു പകരം ക്വട്ടേഷന്‍ നല്‍കി ആണു ചെയ്യുന്നത് . റ്റി പി ചന്ദ്രശേഖരനെ വധിച്ചപോലെ. ഇനി ചാവേറാകാനും ക്വട്ടേഷന്‍ നല്‍കുന്ന കാലം വരുമോ എന്തോ.  ശീലാവതി വേഷം കെട്ടാനും ക്വട്ടേഷന്‍  പിടിക്കാന്‍ സ്ത്രീകളുണ്ടായേക്കാം. ന്യൂ ജെനെറേഷന്‍ കാലമല്ലേ?