Thursday 23 February 2012

മനുഷ്യനെ മയക്കുന്ന കറുപ്പ്


"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്" ആണെന്ന് കാള്‍ മാര്‍ക്സ് പറഞ്ഞതായി  പലരും പ്രചരിപ്പിക്കാറുണ്ട്. പക്ഷെ കേരളത്തിലെ മുസ്ലിങ്ങളിപ്പോള്‍ "മതം ഒരു കോമഡി ഷോ" ആണെന്ന് തെളിയിക്കുന്നു. അതും ഒരു മുടിയേചുറ്റിപ്പറ്റി ആണെന്നത് യതൊരു വിധ അത്ഭുതത്തിനും അവകാശമുള്ളതല്ല. അതിന്റെ കാരണം നിസാര വിഷയങ്ങളെ ഊതി വീര്‍പ്പിച്ച് വലുതാക്കുക   എന്നത് ഭൂരിഭാഗം മുസ്ലിങ്ങളുടെയും സ്വഭാവമാണെന്നതും. അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവവും, ഇ മെയില്‍ വിവാദവും,  അവസാനമായി മുടിയാട്ടവും അത് തെളിയിക്കുന്നു. മുസ്ലിം സമുദായത്തെ ബാധിക്കുന്ന അനേകം  വിഷയങ്ങളുള്ളപ്പോള്‍ ഒരു തലമുടിയാണിപ്പോള്‍ മുന്നണിയില്‍. അത് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ തലമുടിയാണെന്നൊരു കൂട്ടര്‍. അല്ല ഏതോ അറബി പ്പെണ്ണിന്റെ തലമുടിയാണെന്ന് മറ്റൊരു കൂട്ടര്‍. കഴിഞ്ഞ കുറെ മാസങ്ങളായി ഇതിനേപ്പറ്റി കേരളം മുഴുവന്‍ ചര്‍ച്ചകളും, പ്രദര്‍ശനങ്ങളും വെല്ലുവിളികളു ഒക്കെയായി രംഗം കൊഴുക്കുന്നു.

മൊഹമ്മദിന്റെ തലമുടി ആണെങ്കില്‍ കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല എന്നൊക്കെയാണ്, മുസ്ലിങ്ങളൊക്കെ വിശ്വസിക്കുന്നത്. ഈ അന്ധവിശ്വാസങ്ങള്‍  അംഗീകരിക്കാത്ത ഒറ്റ മുസ്ലിമുമുണ്ടാകില്ല. കാന്തപുരം മുസല്യാരെ എതിര്‍ക്കുന്നവരുടെ അഭിപ്രായം ഇത് മൊഹമ്മദിന്റെ തലമുടി ആണെന്നതിനു  തെളിവില്ല എന്നു മാത്രമണ്. തെളിവുണ്ടായിരുന്നെങ്കില്‍ കാന്തപുരം പള്ളി പണിയുന്നതിനെയോ അതിനകത്തു വച്ച് ഈ മുടിയെ ആരാധിക്കുന്നതിനെയോ അവര്‍ എതിര്‍ക്കില്ലായിരുന്നു. അല്ലാതെ അതേചുറ്റിപറ്റിയുള്ള അന്ധവിശ്വാസങ്ങളോടുള്ള എതിര്‍പ്പല്ല. മൊഹമ്മനെ ചുറ്റിപ്പറ്റി അനേകം അന്ധവിശ്വാസങ്ങളുണ്ട്. അതിലൊന്നിനോടുപോലും ഒരു മുസ്ലിമിനും എതിര്‍പ്പില്ല. മൊഹമ്മദ് ഒറ്റ രാത്രി കൊണ്ട്, മക്കയില്‍ നിന്നും  ജെറുസലേമിലെത്തി അവിടെ നിന്നും സ്വര്‍ഗ്ഗത്തിലേക്കു പോയി പലതും അക്ണ്ടു എന്ന അന്ധവിശ്വാസത്തെ ഒറ്റ മുസ്ലിമും എതിര്‍ക്കാറില്ല.

ഈ തലമുടി  പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ച് ആര്‍ക്കും  അഭിപ്രായം പറഞ്ഞു പോകാന്‍ പാകത്തിലാക്കി വച്ചത്   മുസ്ലിങ്ങള്‍ തന്നെയാണ്. ഇതിന്റെ പേരില്‍ പൊതു സമ്മേളനം നടത്തിയതും, പൊതു വേദികളില്‍ ചര്‍ച്ച സംഘടിപ്പിച്ചതുമൊക്കെ അവരാണ്. തലമുടിക്ക് നിഴലുണ്ടോ എന്ന പ്രദര്‍ശനം നടത്തിയതും അവരൊക്കെകൂടിയാണ്. ഇതൊരു സാമൂഹ്യ വിഷയമാക്കി വളര്‍ത്തിയെടുത്തപ്പോള്‍ പൊതു രംഗത്തുള്ളവരും അഭിപ്രായം പറഞ്ഞു. സി പി എം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം വന്നപ്പോള്‍  കാന്തപുരത്തിന്റെ ഫത്വ വരുന്നു.

തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകും.മതപ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല.
തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.

കാന്തപുരത്തിന്റെ ഈ വിധ ധാര്‍ഷ്ട്യ പ്രകടനം  ഉണ്ടാകാന്‍ കാരണമായി പിണറായി വിജയന്‍ പറഞ്ഞത് ഇതായിരുന്നു.

മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ , മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. കത്തുമെന്ന് മറ്റൊരു കൂട്ടര്‍ . തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നത്. 


 കാന്തപുരം ഇതുപോലെ മുടിയഴിച്ചാടാന്‍ എന്താണുണ്ടായതെന്ന്  എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആരുടെയെങ്കിലും "തിരുകേശ"ത്തേപ്പറ്റി പിണറായി അഭിപ്രായം പറഞ്ഞതായി എനിക്ക് മനസിലായിട്ടുമില്ല. ഒരു മനുഷ്യന്റെ തലയിലുള്ള തലമുടിയേപ്പറ്റി മാത്രമാണ്, പിണറായി അഭിപ്രായം പറഞ്ഞത്. തലമുടി കത്തിച്ചാല്‍ കത്തുമെന്നത് ആര്‍ക്കുമറിയാവുന്ന സത്യവും. പല തോന്നലുകളോടും മുസ്ലിങ്ങള്‍ പൊതുവെ പ്രതികരിച്ചു കാണാറുണ്ട്. കാന്തപുരവും അത് ചെയ്യുന്നു. കാന്തപുരം കൊണ്ടു വന്നു വച്ചിരിക്കുന്ന  മുടിക്കെട്ട് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ആണെന്നോ അല്ലെന്നോ പിണറായി പറഞ്ഞിട്ടില്ല. അത് മൊഹമ്മദിന്റെ ആയാലും അല്ലെങ്കിലും അത് പിണറായിയോ കേരളത്തെയോ ബാധിക്കില്ല. ആ മുടിക്കെട്ടിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പൊറാട്ടു നാടകത്തോടു മാത്രമേ പിണറായി പ്രതികരിച്ചുള്ളു. അത് പാടില്ല എന്നാണ്, കാന്തപുരം പ്രവാചകന്റെ ഫത്വ. തനിക്കൊരു മലക്ക് പ്രത്യക്ഷപ്പെട്ടു എന്നും പറഞ്ഞ് പണ്ട് മൊഹമ്മദ് അറേബ്യയില്‍ നടത്തിയ ഉഡായിപ്പും, ഇപ്പോള്‍ കാന്തപുരം നടത്തുന്ന ഉഡായിപ്പും ഒന്നു തന്നെ. രണ്ടും അന്ധ വിശ്വാസങ്ങള്‍. രണ്ടു പേരും സ്വപ്നം കണ്ടു എന്നവകാശപ്പെടുന്നു. ഒരാളുടെ സ്വപ്നം തൊള്ളതൊടാതെ വിഴുങ്ങുന്ന ഒരു വിഭാഗം മുസ്ലിങ്ങള്‍, മറ്റെയാളുടെ സ്വപ്നം തട്ടിപ്പാണെന്നു ശഠിക്കുന്നു.


  ഇന്‍ഡ്യ സൌദി അറേബ്യയാണെന്നോ ഇറാനാണെന്നോ ഒക്കെ കാന്തപുരം ഒരു നിമിഷം ചിന്തിച്ചു പോയിരിക്കാം. അവിടങ്ങളിലാണല്ലോ ഇസ്ലാമിനേക്കുറിച്ചും അതിന്റെ പ്രവാചകനേക്കുറിച്ചും  അഭിപ്രായം പറയാന്‍ താടി വച്ച സത്വങ്ങള്‍ക്ക് മാത്രം അവകാശമുള്ളത്. പക്ഷെ ഇന്‍ഡ്യ എന്ന  ജനാധിപത്യ രാഷ്ട്രത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ആര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പിണറായിയും അതെ ചെയ്തുള്ളൂ. അത് പാടില്ല എന്ന കാന്തപുരത്തിന്റെ ധാര്‍ഷ്ട്യം അനുവദിക്കാന്‍ പറ്റില്ല.

ഇതിലെ രസകരമായ വസ്തുത, ഇതു വരെ കാന്തപുരത്തെ ചീത്തവിളിച്ചു നടന്ന പല മുസ്ലിങ്ങളും ഇപ്പോള്‍ പിണറായിയില്‍ വര്‍ഗ്ഗീയത ആരോപിക്കുന്നു. പിണറായി അതിരു വിട്ടു എന്നും പറയുന്നു.  അവര്‍ സ്ഥിരമായി  അണിയാറുള്ള മുഖം മൂടി എടുത്തു മാറ്റി, വെറും മുസ്ലിമായി അവര്‍ അധപ്പതിക്കുന്നു. ഇവിടത്തെ ഗുണപാഠം ഇതാണ്, ഇരുമ്പു പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്. പിണറായി പറയുന്ന എല്ലാ കാര്യങ്ങളും  പറയുവാന്‍ അദ്ദേഹം  ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നു പറയുവാന്‍   നമ്മുടെ രാജ്യത്തെ  ഭരണ ഘടന പ്രകാരം അവകാശമുണ്ടോ എന്നാണൊരു തീവ്ര മുസ്ലിം  ചോദി ക്കുന്നത്. എന്നു വച്ചാല്‍ ഇസ്ലാമിലെ അടിസ്ഥാനവിശ്വസങ്ങളില്‍ ഒന്നായ മൊഹമ്മദിന്റെ മുടി കത്തില്ല എന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ പിണറായി വിജയന്, ഇന്‍ഡ്യന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ല എന്ന്. പുലിയുടെ പുള്ളി പെയിന്റടിച്ചു മറച്ചാലും മാഞ്ഞു പോകില്ല.

ഇതിന്‌ ഒറ്റവാക്കിലുള്ള ഉത്തരം ഉണ്ട് എന്നാണ്. ഇന്‍ഡ്യന്‍ ഭരണഘടന അതിനനുവാദം ​തരുന്നുണ്ട്. മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഏത് അന്ധവിശ്വാസത്തേപ്പറ്റിയും അഭിപ്രായം പറയാന്‍, ഏതൊരു ഇന്‍ഡ്യന്‍ പൌരനെയും   ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മുസ്ലിം പ്രവാചകന്റേതായാലും, തലമുടി കത്തിച്ചാല്‍ കത്തും എന്നു പറഞ്ഞാല്‍ ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ വകുപ്പില്ല. മൊഹമ്മദിന്റെ തലമുടി കത്തിച്ചാല്‍ കത്തില്ല എന്ന അന്ധവിശ്വാസമുള്ളവര്‍ക്ക് അത് ദഹിക്കില്ല.  പ്രശ്നം സഹിഷ്ണുതയുടേതാണ്. മൊഹമ്മദിന്റെ തലമുടി കത്തില്ല എന്നത് മുസ്ലിങ്ങളുടെ അന്ധവിശ്വാസം. നിരീശ്വരവാദികള്‍ എല്ലാ അന്ധവിശ്വാസങ്ങളെയും  എതിര്‍ക്കുന്നു. പിണറായി വിജയന്‍ ഇതിനെയും എതിര്‍ക്കുന്നു. പിണറായിക്ക് അത് പറയാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്നവരും കാന്തപുരവും തമ്മില്‍ യാതൊരു വിത്യാസവുമില്ല. തലമുടി മറയ്ക്കന്‍ ഒരു തലേക്കെട്ട് ഉണ്ടെന്നതു മാത്രമാണു വ്യത്യാസം.

 പല മാദ്ധ്യമങ്ങളിലൂടെയും  കാന്തപുരത്തെ സ്ഥിരമായി ആക്രമിച്ചവരില്‍ പലരുടെയും തനിനിറം പുറത്താക്കാന്‍ പിണറായി വിജയനായി. അതിനദ്ദേഹത്തെ അനുമോദിക്കാതെ വയ്യ. കാന്തപുരത്തെ വിമര്‍ശിച്ചിരുന്ന മറ്റ്  ചിലര്‍ ഇപ്പോള്‍ പിണറായിക്ക് സല്യൂട്ടടിക്കുന്നു. പിണറായി വിജയന്‍ പറഞ്ഞത് മുഴുവന്‍ മനസിലാക്കാതെയാണു പലരും ഇതില്‍ പിണറായിയുടെ പക്ഷം ചേരുന്നത്.   എല്ലാ   തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. നീണ്ട പ്രസംഗത്തിലെ വളരെ ചെറിയ ഒരു പരാമര്‍ശം മാത്രമായിരുന്നു മുടി വിവാദത്തേപ്പറ്റി പറഞ്ഞതും.

മതവിശ്വാസികളും മത നേതാക്കളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  ഏത് വിഷയത്തേപ്പറ്റിയും അഭിപ്രായം പറയാന്‍  രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും അവകാശമുണ്ട്. അതിഷ്ടമില്ലെങ്കില്‍ മതനേതാക്കള്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കരുത്. തന്റെ വിശ്വാസവുമായി പ്രാര്‍ത്ഥിച്ചുകൊണ്ട്  സ്വന്തം സ്ഥാപനത്തില്‍ ഇരിക്കുക. കാന്തപുരമൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന സ്വാതന്ത്ര്യവും സൌകര്യവുമുപയോഗിച്ച് അനേകം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ചെയ്യുന്ന മിക്ക കാര്യങ്ങളേപ്പറ്റിയും കാന്തപുരം ഉള്‍പ്പടെയുള്ള മത നേതാക്കള്‍ അഭിപ്രായം പറയുന്നു. ഫത്വ ഇറക്കുന്നു. ഇടയലേഖനങ്ങള്‍ ഇറക്കുന്നു.

ഇപ്പോള്‍ കേരളത്തിലെ പ്രധാ ന  സംഭവങ്ങളിലൊന്നായ ഇറ്റാലിയന്‍ നാവികരുടെ വെടിവെയ്പ്പു കേസില്‍, കത്തോലിക്കാ സഭയുടെ നേതാവ് കര്‍ദ്ദിനാള്‍ ആലഞ്ചേരി അഭിപ്രായം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം തെറ്റായി  പ്രസിദ്ധികരിച്ചു എന്ന വാദം മുഖവിലക്കെടുത്താലും,  അദ്ദേഹം അഭിപ്രായം പറഞ്ഞു. അതൊരു രാഷ്ട്രീയ നിയമ വിഷയമായിട്ടും അഭിപ്രായം പറഞ്ഞു. അത് പാടില്ല എന്ന്  ഒരു രാഷ്ട്രീയക്കാരനും നിര്‍ബന്ധം പിടിക്കുന്നില്ല. അത് സ്വീകാര്യമാണോ അല്ലയോ എന്നതൊക്കെ വേറെ വിഷയം.

എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ ഉണ്ടാകണം. ഒരു സ്വതന്ത്ര  സമൂഹത്തില്‍ അതൊക്കെ സാധാരണമാണ്. ഇസ്ലാം പോലുള്ള അടഞ്ഞ ഗുഹകളില്‍ അതുണ്ടാകില്ലായിരിക്കാം.

ഈ കാന്തപുരം ഹിന്ദു ദൈവമായ ഗണപതിയേക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇതാണ്. കാന്തപുരവും മറ്റൊരു മുസല്യാരും നടത്തുന്ന ചക്കളത്തിപ്പോരാട്ടത്തിലെ സംസാരം  ഇങ്ങനെ.
http://www.youtube.com/watch?v=5Ezt4r0Hw9U


ചില ഫോട്ടോയിലൊക്കെ കാണാറുണ്ട് ചില സാധനങ്ങള്‌. രണ്ടു കയ്യും, കയ്യിമ്മേല്‍ നിന്ന് വേറൊരു കയ്യും, മൂക്കിന്റെ അറ്റത്തു നിന്നു പാലം ഇങ്ങനെ. ഇങ്ങനത്തെയൊക്കെ കാണുന്നതുപോലെ. അതുപോലെയാണ്, ഈ രണ്ടു കയ്യും, അള്ളാക്കു രണ്ടു കയ്യും വലതുഭാഗത്താണെന്ന്. 

മറ്റേ മുസല്യാര്‍ വിശദീകരിക്കുന്നു. 

എന്നിട്ട് അദ്ദേഹം ഉദാഹരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരുപാടാളുകളുണ്ടല്ലോ. അവരാരാധിക്കുന്ന പല കയ്യുള്ള പിന്നെ മൂക്കിങ്ങനെ നീണ്ട, അങ്ങനെ ഒരു പ്രത്യേക കോലത്തിലുള്ള, ഒരു പ്രത്യേക  രൂപമുള്ള,ഒരാളാണ്, മുജാഹിദുകള്‍ വിശ്വസിക്കുന്ന അള്ളാ.


അനുയായികളോട് ഇന്ന ആള്‍ക്ക് വോട്ടു ചെയ്യണമെന്നും, വോട്ടെടുപ്പു കഴിഞ്ഞാല്‍  ഇന്ന ആള്‍ക്കാണു ഞങ്ങള്‍ വോട്ടു ചെയ്തതെന്നും പറഞ്ഞ്, രാഷ്ട്രീയത്തില്‍ ഇടപെടുന്നു, കാന്തപുരം. ഹിന്ദു ദൈവമായ ഗണപതിയെ അധിക്ഷേപിക്കുന്നു. ഇതിന്റെയൊന്നും പേരില്‍ ഇതു വരെ ആരും പ്രതിക്ഷേധിച്ചിട്ടില്ല. എന്നിട്ടും പിണറായി വിജയന്‍ അരുടെ ആയാലും തലമുടി കത്തുമെന്ന് പറഞ്ഞപ്പോള്‍, കാന്തപുരത്തിന്റെ നിയന്ത്രണം വിടുന്നു. മതവിഷയത്തേപ്പറ്റി മുസ്ലിങ്ങളല്ലാത്തവര്‍ അഭിപ്രായം പറയുവാന്‍ പാടില്ല എന്നു ശഠിക്കുന്നു. ഈ ധാര്‍ഷ്ട്യം ഏതായാലും കേരളത്തിലെ പ്രബുദ്ധരായ ജനത അനുവദിച്ച് തരില്ല.

കാന്തപുരം ഏത് തലമുടി കെട്ടിപ്പിടിച്ചിരുന്നാലോ, അത് മുസ്ലിം പ്രവാചകന്റെ ആണെന്നു പറഞ്ഞാലോ, അതിനു വേണ്ടി ഒരു പള്ളി പണുതാലോ പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ പ്രശ്നമുണ്ടാകില്ല. പക്ഷെ ആ തലമുടി കത്തില്ല എന്നും കത്തുമെന്നും പറഞ്ഞ് രണ്ടു വിഭാഗങ്ങള്‍ പൊതു വേദികളില്‍ ശണ്ഠകൂടുമ്പോള്‍, സുബോധമുള്ള ആരായാലും പ്രതികരിക്കും. അതു വേണ്ടെങ്കില്‍ ഇതുപോലുള്ള പൊറാട്ടു നാടകങ്ങള്‍ ആടാതിരിക്കുക.


 അന്ധവിശ്വാസങ്ങള്‍ക്കും  ആള്‍ ദൈവങ്ങള്‍ക്കും,  മതങ്ങളുടെ കൊള്ളരുതായ്മകള്‍ക്കും   എതിരെ ശക്തമായി നിലകൊള്ളേണ്ട പ്രസ്ഥാനമാണ്, സി പി എം. പക്ഷെ കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി  ഇതുപോലെയുള്ള നിലപാടുകള്‍  ആ പ്രസ്ഥാനത്തില്‍ നിന്നും അന്യമാകുകയും ചെയ്തു.  ഒറ്റപ്പെട്ട ചില അഭിപ്രായപ്രകടനങ്ങളുണ്ടായതും ചില ആള്‍ദൈവങ്ങള്‍ക്കെതിരെ നീക്കമുണ്ടായതും മറക്കുന്നില്ല. എന്‍ ഡി എഫ് പോലുള്ള തീവ്രവാദ സംഘടനകളുടെ തനി നിറം വി എസ് വ്യക്തമാക്കിയിരുന്നു. സന്തോഷ് മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടന്ന നീക്കം പാര്‍ട്ടി തന്നെ പരാജയപ്പെടുത്തുകയാണുണ്ടായത്.

പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ സെക്രട്ടറി ആയതുമുതല്‍ ഇസ്ലാം മത വിഭാഗത്തിലെ ചിലരോട്  സന്ധി ചെയ്തും സമരസപ്പെട്ടും തെരഞ്ഞെടുപ്പ് ലാഭത്തിനായി ഒരു പ്രത്യക്ഷ നിലപാടെടുത്തു. അതിലെ പ്രധാന നേതാക്കളായിരുന്നു കാന്തപുരവും മദനിയും. ഇപ്പോള്‍ മുസ്ലിം ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഫാരീസ് അബൂബേക്കറിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിസന്ധി ഉണ്ടായതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നു.

ഇക്കാലങ്ങളില്‍  പാര്‍ട്ടി ഏതെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയുണ്ടായില്ല. ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരിക്കേണ്ട എസ് എഫ് ഐയും ഡി വൈ എഫ് ഐയും വരെ മുരടിക്കുന്നതാണ്, കേരളം കണ്ടത്. കള്ളക്കരച്ചിലും ക്യാപിറ്റല്‍ പണീഷ്മെന്റുമൊക്കെയാണവര്‍ക്കിപ്പോള്‍ പഥ്യം. ഇവരേക്കാളൊക്കെ ചുറുചുറുക്കോടെ ജനകീയ  വിഷയങ്ങളില്‍  എണ്‍പതുകളില്‍ എത്തിയ വി എസ് പങ്കെടുക്കുന്നതാണ്, അത്ഭുതത്തോടെ കേരളം കണ്ടത്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനം ​കഴിഞ്ഞപ്പോഴേക്കും പിണറായി വിജയനില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണുന്നു.  ചിരിച്ചു കൊണ്ട് പത്രക്കാരെ നേരിടുന്നു. കമ്യൂണിസ്റ്റുകാരനില്‍ നിന്നും വരേണ്ട ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ വരുന്നു. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളരേണ്ടത് കാന്തപുരവും മദനിയുമായി ഉള്ള ചങ്ങാത്തത്തിലൂടെ അല്ല. ഇതുപോലെ  സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്. ഇത് ഏതായാലും സ്വാഗതാര്‍ഹമായ നിലപാടുമാറ്റമാണ്.

Tuesday 14 February 2012

അണ്ണാ ഹസാരെയെ ഓടിക്കുന്നവര്‍ 





ചെമ്മീന്‍ എന്ന സിനിമയില്‍ അച്ചന്‍ കുഞ്ഞെന്നും നല്ല പെണ്ണെന്നും പേരായ രണ്ട് കഥാപാത്രങ്ങളുണ്ട്. അച്ചന്‍ കുഞ്ഞിന്റെ സ്ഥിരം ഹോബി,  കള്ളുകുടിച്ചു വന്ന് നല്ലപെണ്ണിന്റെ മുതുകിനിടിക്കുക എന്നതും. ഒരിക്കല്‍ ഒരിടികൊടുത്തപ്പോള്‍ എന്നും കരയാറുള്ള നല്ല പെണ്ണ്, കരഞ്ഞില്ല. അപ്പോള്‍ അച്ചന്‍ കുഞ്ഞു ചോദിച്ചു,
"എന്താടീ നല്ല പെണ്ണേ നീ കരയാത്തെ?"
മറുപടിയായി നല്ല പെണ്ണ്, അച്ചന്‍ കുഞ്ഞിനെ പുച്ഛഭാവത്തില്‍ ഒന്നു നോക്കിയിട്ട്, ഇടികൊണ്ട ഭാഗം തുടച്ചു കളഞ്ഞു.

ഈ കഥാസന്ദര്‍ഭം ഇപ്പോള്‍ ഓര്‍ക്കാന്‍  കാരണം  ഇന്നത്തെ മാദ്ധ്യമങ്ങളില്‍ വന്ന രണ്ടു വാര്‍ത്തകളാണ്.


ജ. ബാലകൃഷ്ണനെതിരായ പരാതിയില്‍ എന്തുചെയ്തു?-സര്‍ക്കാരിനോട് സുപ്രീംകോടതി 


ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മാര്‍ച്ച് 12നകം റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.


'കോമണ്‍ കോസ്' എന്ന സന്നദ്ധ സംഘടനയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണണാണ് ഹര്‍ജി നല്‍കിയത്. പരാതി നല്‍കിയിട്ട് പത്തുമാസം കഴിഞ്ഞുവെന്നും ഇതുവരെ നടപടി ഒന്നുമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കത്തെഴുതുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി. ഇ. വാഹന്‍വതി ബോധിപ്പിച്ചു.


ജസ്റ്റിസ് ബാലകൃഷ്ണനും ബന്ധുക്കളും ചേര്‍ന്ന് 2004നും 2009നും ഇടയില്‍ 40 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിയിലെ ആരോപണം. 


2010 മേയ് 10ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ ബ്യൂറോയും വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണക്കേസില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആദായ നികുതിവകുപ്പ് ശരിവച്ചിരുന്നു.



ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 2450000 കോടി 

ന്യൂഡല്‍ഹി : രഹസ്യനിക്ഷേപം അനുവദിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യക്കാരാണ്. മൊത്തം 50000 കോടി ഡോളറാണ്. (24.5 ലക്ഷം കോടിരൂപ) നിക്ഷേപിച്ചിട്ടുള്ളതെന്നും സി.ബി.ഐ ഡയറക്ടര്‍ എ.പി. സിംഗ് വെളിപ്പെടുത്തി.

ഇതുപോലുള്ള വാര്‍ത്തകള്‍ കേട്ടൊന്നും ഇപ്പോള്‍ ഇന്‍ഡ്യക്കാര്‍ ഞെട്ടാറില്ല.  കരണം കഴിഞ്ഞ കുറെ നാളുകളായി ഈ വക വര്‍ത്തകള്‍ കേട്ട് അവരുടെ കാതുകള്‍ തഴമ്പിച്ചു കഴിഞ്ഞു.  ചെമ്മീനിലെ നല്ലപെണ്ണിനേപ്പോലെ അവര്‍   എന്നു പറഞ്ഞ് മുഖം തിരിക്കുന്നു. Common  Wealth, 2 G Spectrum-, S-Band എന്നൊക്കെ പറഞ്ഞാല്‍, ചുക്കോ ചുണ്ണാമ്പോ എന്നു തിരിയാത്തവരാണ്, ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാര്‍.

അനിവാര്യമായ വിധി എന്നു കരുതി  പൊതു ജനം നിസംഗരായ ഈ ഭൂമികയിലാണ്, അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ ഒരു ധര്‍മ്മസമരവുമായി ഇറങ്ങിയത്. വിധിക്കു കീഴ്പ്പെടാന്‍ ഒരുക്കമില്ലാത്ത അനേകായിരങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. കൂടെ  ആളുകളുണ്ട്  എന്നറിഞ്ഞപ്പോള്‍ പല  രാഷ്ട്രീയപാര്‍ട്ടികളും  പിന്നാലെ കൂടി. ആദ്യം ഗാന്ധിയന്‍ എന്നദ്ദേഹത്തെ വിളിച്ച കോണ്‍ഗ്രസുകാര്‍ക്ക്, അബദ്ധം പിന്നീടാണു മനസിലായത്. ഹസാരെയുടെ ധര്‍മ്മസമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസിനെയാണെന്നറിഞ്ഞപ്പോള്‍ അവര്‍ ചുവടു മാറ്റി.

അഴിമതിയില്‍  ഭാരതരത്നം നേടിയ സര്‍ക്കാരാണിപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത്. കോമണ്‍ വെല്‍ത്ത്, റ്റു ജി സ്പെക്റ്റ്രം, എസ് ബാന്‍ഡ് തുടങ്ങി ലക്ഷം കോടികളുടെ കഥകളാണിപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മന്‍ മോഹന്‍ സിംഗ് നേരിട്ടു ഭരിക്കുന്ന വകുപ്പിലാണ്, എസ് ബാന്‍ഡ് രാജ വെമ്പാല. വകുപ്പിന്റെ പഴയ മേധാവിയും പുതിയ മേധാവിയും തമ്മില്‍ തെരുവുയുദ്ധം. ഈ അഴിമതിയുടെ പിതൃത്വം ആര്‍ക്കാണെന്നതിന്റെ പേരില്‍  ഇപ്പോള്‍ പരസ്യമായി കടിപിടികൂടുന്ന അവസ്ഥ വരെ ആയിട്ടുണ്ട്.

അണ്ണാ ഹസാരെ എന്ന വ്യക്തിയെക്കുറിച്ച് നിരവധി ആരോപണങ്ങളാണിപ്പോള്‍ കേള്‍ക്കുന്നത്. അദ്ദേഹം ഇന്‍ഡ്യയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാടുകളുമായി പൊതു വേദിയിലേക്ക് വന്നപ്പോള്‍ മുതല്‍  ഈ ആരോപണങ്ങള്‍ വന്നു തുടങ്ങി. പലരും അദ്ദേഹത്ത്ന്റെ ജീവചരിത്രം  പഠിച്ചെടുത്ത് അതില്‍ നിന്നും ഇഷ്ടമുള്ളവ പര്‍വതീകരിച്ച്, വക്രീകരിച്ച്   അദ്ദേഹം ഒരു കപടനാട്യക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ്, അണ്ണാ  ഹസാരെ ഓടിയില്ലായിരുന്നെങ്കില്‍ എന്നത്. 


ശരിയാണ്, വെടിവച്ചു കൊല്ലാന്‍ വന്ന പാകിസ്താനി പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ അണ്ണാ ഹസാരെ ഓടിയില്ലായിരുന്നെങ്കില്‍ ശങ്കരനാരായണന്‍ വിടുപണി ചെയ്യുന്നവരുടെ അഴിമതി  കൃഷി നിര്‍ബാധം നടക്കുമായിരുന്നു.

ശങ്കരനാരായണന്റെ അഭിപ്രായത്തില്‍ അണ്ണാ ഹസാരെ, "വര്‍ണ്ണാശ്രമം "പരിപാലിക്കുന്ന , "മനുവാദി മൂരാച്ചി ഹിന്ദു"വാണ്. അതിന്റെ തെളിവാണ്, ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, ഒരു തട്ടാന്‍, ഒരു കുംഭാരന്‍, എന്നിങ്ങനെ
യുള്ളവര്‍ ഉണ്ടായാല്‍ അത് വര്‍ണാശ്രമധര്‍മ്മം പാലിക്കലായി, എന്ന അല്‍പ്പവിജ്ഞാനം. അതിനദ്ദേഹം നല്‍കുന്ന വ്യാഖ്യാനം ഇതും.

കന്നുപൂട്ടാന്‍ പൊലയര്, ഞാറുനടാനും കൊയ്യാനും ചെറുമര്, തേങ്ങയിടാന്‍ തിയ്യര്, തങ്കത്താലി പണിയാന്‍ തട്ടാന്മാര്, അരമന പണിയാന്‍ ആശാരിമാര്. രാജാക്കന്മാരാകാനും മന്ത്രിമാരാകാനും കാര്യസ്ഥന്മാരാകാനും അതുവഴി മേല്‍പ്പറഞ്ഞവരുടെ അദ്ധ്വാനഫലങ്ങള്‍ അനുഭവിക്കാനും അവരുണ്ടാക്കിയത് അണ്ണാക്കുതൊടാതെ വിഴുങ്ങാനും അണ്ണാ ഹസാരെമാരും കിരണ്‍ ബേഡിമാരും! 

ഏതായാലും കള്ളു ചെത്തുന്നവരേപ്പറ്റി ശങ്കരനാരായണന്‍  പരാമര്‍ശിച്ചില്ല. ഇപ്പോള്‍ അതൊക്കെ നാണക്കേടായി തോന്നുന്നുണ്ടാകാം.

കേരളത്തിലെ ഏത് ചെറുപട്ടണത്തില്‍  ചെന്നാലും മിക്ക മൂലകളിലും ഒരു ചെരുപ്പു കുത്തിയേയും, തട്ടാനെയും, കുംഭാരനെയുമൊക്കെ കാണാന്‍ സാധിക്കും. ഇവരെ കാണുമ്പോള്‍ കേരളത്തിലും വര്‍ണ്ണാശ്രമ ധര്‍മ്മം ഉണ്ടെന്ന് ശങ്കരനാരായണനു തോന്നാം. അതിനെയൊക്കെ കാഴ്ചയുടെ കന്നം തിരിവുകളെന്നു വിശേഷിപ്പിക്കാം.

അന്ധമായ ഗാന്ധിവിരോധമാണദേഹത്തെ ഇങ്ങനെയൊക്കെ ദുര്‍വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നത്. അംബെദ്ക്കര്‍ ഭക്തി മൂത്ത് അന്ധനായിപോയതാണു ശങ്കരനാരായണന്‍.   ഗാന്ധിയേയും മറ്റ് ഗാന്ധിയന്‍മാരെയും തെറി പറഞ്ഞാല്‍, ഇന്‍ഡ്യക്കാര്‍ അംബെദ്ക്കര്‍ ഭക്തരായി മാറും എന്ന മിഥ്യാ ധാരണയിലാണ്, ശങ്കരനാരായണനും മറ്റനേകം അംബെദ്ക്കര്‍ ഭക്തരും ഇതുപോലെ പലതും വിളിച്ചു കൂവുന്നത്.

ഏത് ചെറുമന്റെയും, പൊലയന്റെയും, തിയ്യന്റെയും, ആശാരിയുടെയും, തട്ടാന്റെയും അധ്വാനഫലങ്ങളാണ്, അണ്ണാ ഹസാരെ വിഴുങ്ങിയതെന്നു പറയാനുള്ള ആര്‍ജ്ജവം ശങ്കരനാരായണന്‍  കാണിക്കണം.


അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ ഒരു സര്‍ക്കാര്‍ നാടു ഭരിക്കുമ്പോള്‍,  ഒന്നു പ്രതിഷേധിക്കാന്‍ പോലും  ആകാത്ത നിസഹായ ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടിക്കൂടിയാണ്,  ഹസാരെയുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍.  അതു മനസിലാക്കാന്‍ പോലും ബുദ്ധി വികാസമില്ലാത്ത ചിലര്‍ ഈ വന്ദ്യ വയോധികന്റെ  ചരിത്രം   ചിക്കിച്ചികഞ്ഞു കിട്ടിയ എന്തോ ഒന്ന് ആഘോഷിക്കുന്ന ശങ്കരനാരയണനൊക്കെ  ഈ അഴിമതി വീരന്‍മാരെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.

  വെറും ഇരുപത്താറു  രൂപ ദിവസവരുമാനം ഉള്ള ഒരു ഗ്രാമവാസി പണക്കാരനാണെന്നാണ്,  ഇന്‍ഡ്യ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം.  ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് എഴുപതു ശതമാനത്തിലധികം ഇതുപോലുള്ള "പണക്കാരായ" ദരിദ്രനാരായണന്‍മാര്‍ ഇന്‍ഡ്യയുടെ മുക്കിലും മൂലയിലും കിടന്നു ജീവിതവുമായി മല്ലടിക്കുന്നുണ്ട് . അംബെദ്ക്കര്‍ അവര്‍ക്ക് വേണ്ടിയായിരുന്നു ശബ്ദമുയര്‍ത്തിയതെന്നാണ്, നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നതും. അണ്ണാ ഹാസരെയുടെ സ്ഥാനത്ത് മായാവതിയായിരുന്നു എങ്കില്‍,   അവര്‍ സ്വന്തം പ്രതിമകളും,  പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും ഉത്തര്‍ പ്രദേശിലങ്ങോളമിങ്ങോളം സ്ഥാപിക്കുന്നതിനേക്കുറിച്ച്  ശങ്കരനാരായണനേപ്പോലുള്ളവര്‍   ചികഞ്ഞന്വേഷിക്കില്ലായിരുന്നു. അണ്ണാ ഹസാരെ ഗാന്ധിയനായതുകൊണ്ട്, അദ്ദേഹത്തെ മനുവാദി ആക്കുന്നു.  ഇവിടെ പ്രശ്നം വളരെ ലളിതമാണ്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. അപ്പോള്‍ എറിഞ്ഞു കൊല്ലാന്‍ എളുപ്പമാണല്ലോ. മനുവാദി ആക്കിക്കഴിഞ്ഞാല്‍ അവര്‍ണ്ണര്‍ക്ക് എറിഞ്ഞു കൊല്ലാതെ പറ്റില്ല. അതാണ് "കീഴാള സ്മൃതി"   സമകാലീന ഇന്‍ഡ്യയെ പഠിപ്പിക്കുന്നതും.

ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാര്‍ അനുഭവിക്കേണ്ട സമ്പത്തിലെ 24.5 ലക്ഷം കോടി രൂപയാണ്, കള്ളപ്പണമായി വിദേശബാങ്കുകളില്‍ ഉള്ളതെന്ന് ഇപ്പോള്‍ സി ബി ഐ തലവന്‍  പറയുന്നു.  ആയിരത്തി അഞ്ഞൂറ് ലക്ഷം കോടി രൂപയെന്നത് അനൌദ്യോഗിക  കണക്ക്.   എന്നു വച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത്, എല്ലാ  ദരിദ്ര നാരായണന്‍മാര്‍ക്കും അനുഭവിക്കാന്‍ അവകാശമുള്ള  സമ്പത്ത്,  ധനികരായ മറ്റ് രാജ്യങ്ങളുടെ  പുരോഗതിക്കു വേണ്ടി ചിലവഴിച്ചു കൊണ്ടിരിക്കുന്നു.


റ്റൂ ജി സ്പെക്ട്രം അഴിമതിക്കേസിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എഴുതിയ ഒരു കത്തിന്റെ മേല്‍ പ്രധാനമന്ത്രി 8 മാസക്കാലം അടയിരുന്നു. സുപ്രീം കോടതി ചോദിച്ചപ്പോളാണ്, പ്രധാനമന്ത്രിക്ക് ശബ്ദമുണ്ടായതുതന്നെ. അഴിമതിയേ ഇല്ല എന്നായിരുന്നു കരയുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞതും. അവസാനം അടിമുടി അഴിമതിയാണെന്നു കണ്ടെത്തി സുപ്രീം കോടതി  കരാറുകള്‍ ഒന്നാകെ റദ്ദാക്കി. അത് പുനപരിശോധിക്കാന്‍ കോടതിയോടാവശ്യപ്പെടാന്‍ ആണിപ്പോള്‍ പ്രധാനമന്ത്രി ആലോചിക്കുന്നതും. പോയാല്‍ ഒരു വാക്കും അല്‍പ്പം ചീത്തയും. കിട്ടിയാല്‍ ലക്ഷക്കണക്കിനു കോടികള്‍.  നാണം എന്നതു തിരിച്ചറിയുന്നവര്‍ക്കല്ലേ നാണക്കേടുണ്ടാകൂ.

ഇതിനു സമാനമായ രീതിയിലാണു മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തേക്കുറിച്ചുള്ള പരാതിയും. പ്രധാനമന്ത്രിയുടെ ഓഫീസ് അതിലും അടയിരിക്കുന്നു. എന്തു നടപടി എടുത്തു എന്നിപ്പോള്‍ സുപ്രീം കോടതി  ചോദിച്ചിരിക്കുന്നു.  ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെ പരാതി ഉണ്ടായപ്പോള്‍ തന്നെ,  ദളിത് കോണുകളില്‍ നിന്നും ദളിതനായതുകൊണ്ട്, കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന പരിദേവനങ്ങള്‍ ഉയരുന്നുണ്ട്.


ഇതിനൊക്കെ എതിരെ ശബ്ദമുയര്‍ത്തുന്ന അണ്ണാ ഹസാരെയേക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന അര്‍ത്ഥസത്യങ്ങള്‍ വളച്ചൊടിച്ച്  ശങ്കരനാരായണന്‍ സ്ഥാപിക്കാന്‍ ഉദേശിക്കുന്നത് എന്താണ്?


ചിലര്‍ക്ക് അണ്ണാ ഹസാരെ ഒരു ഫ്രോഡാണ്. മറ്റ് ചിലര്‍ക്ക്  മനുവാദിയും. ഇനിയും ചിലര്‍ക്ക് അദ്ദേഹം  സംഘപരിവാരിയും. ഇതിലൊക്കെ അതിശയിപ്പിക്കുന്ന അഭിപ്രായമാണ്, അദ്ദേഹം അരാഷ്ട്രീയവാദി ആണെന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യം എന്താണു രാഷ്ട്രീയം എന്നതാകും. രെജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമേ രഷ്ട്രീയക്കാരാകാന്‍ പാടുള്ളു എന്നതും അവര്‍ കളിക്കുന്ന രാഷ്ട്രീയം മാത്രമേ രാഷ്ട്രീയമാകൂ എന്നതുമാരാണു തീരുമാനിച്ചത്? തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായി പങ്കെടുക്കാത്ത, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാത്ത അനേകം ആളുകള്‍ ഇന്‍ഡ്യയിലുണ്ട്. അവര്‍ക്കും രാഷ്ട്രീയമുണ്ട്. അണ്ണാ ഹസാരേക്കുമുണ്ട്.

ലോക് പാല്‍ ബില്ല്, ഇന്നലെ ഉണ്ടായതല്ല. കഴിഞ്ഞ  4 പതിറ്റാണ്ടായി ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ മുമ്പിലുള്ളതാണ്. എന്തുകൊണ്ട് ഈ കൊടി കെട്ടിയ രാഷ്ട്രീയക്കാര്‍ക്ക്  അതൊരു നിയമമാക്കി എടുക്കാന്‍ ഇതു വരെ സാധിച്ചില്ല? അത് ചെയ്തിരുന്നെങ്കില്‍ അണ്ണാ ഹസരെയൊനും രംഗത്തു വരില്ലായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്  അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. അഴിമതി ചൂണ്ടിക്കാണിച്ചാലും അത് ഗൌനിക്കുന്നില്ല. ചീഫ് ജസ്റ്റിസ് അനധികൃത സ്വത്ത് സമ്പാദിക്കുന്നു. ഈ രണ്ടു പദവിയും ലോക്പാലിന്റെ പരിധിയില്‍ വരുന്നതാണു നല്ലത്. എങ്കിലേ പദവി വഹിക്കുന്ന ആള്‍ക്ക് ഉത്തരവാദിത്തമുണ്ടാകൂ.




ഇനി ശങ്കരനാരയണന്റെ അഭിപ്രായത്തില്‍ വര്‍ണ്ണാശ്രമധര്‍മ്മം നടപ്പിലുള്ള റെലെഗന്‍ സിദ്ധിയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒന്നെത്തി നോക്കാം.

1975 ല്‍  അണ്ണാഹസാരെ പെന്‍ഷന്‍ പറ്റി ഈ ഗ്രാമത്തിലേക്ക് തിരിച്ചു വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏക വ്യവസായം  ചാരായ വ്യവസായമായിരുന്നു.  ശങ്കരനാരായണന്റെ അഭിപ്രായത്തില്‍ കള്ളു ചെത്തുന്ന ചോവന്‍മാര്‍ക്ക് മാത്രമായിരുന്നു സ്ഥിരവരുമാനം. ആകെയുള്ള 2200 ഏക്കര്‍ കൃഷിഭൂമിയില്‍ 300 ഏക്കര്‍ മാത്രം ഒരു പ്രാവശ്യം കൃഷി ചെയ്തിരുന്നു. ജനങ്ങള്‍ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ദരിദ്രനാരായണന്‍മാരും. വേറെ വരുമാനം ​ഇല്ലാതിരുന്നതുകൊണ്ട്, ചാരായ ബിസിനസില്‍ മാത്രം ശ്രദ്ധിച്ചിരുന്ന മധുര മനോജ്ഞ പറുദീസ ആയിരുന്നു അവിടം. ഈ ഉണങ്ങി വരണ്ട ഭൂമികയിലേക്കായിരുന്നു, അണ്ണ ഹസാരെ വന്നു ചേര്‍ന്നത്.


മഴയില്ലാതെ ഉണങ്ങി വരണ്ട ഭൂമിയില്‍ ഒട്ടിയ വയറുമായി നടക്കുന്ന ദരിദ്ര നാരയണന്‍മാരോട് തത്വശാസ്ത്രം പ്രസംഗിച്ചാല്‍ ഫലമില്ല എന്നു മനസിലാക്കിയ അണ്ണാ ഹസാരെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങി. സ്വന്തമായി അങ്ങു കയറി രാജവാകുകയല്ല ചെയ്തതും. അധികാരികളുടെ സഹകരണത്തോടെ അദ്ദേഹം ഓരോ ചുവടുകളും വച്ചു.

ആദ്യമായി ചെയ്തത് തുച്ചമായി ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതികളാവിഷ്കരിക്കുകയാണ്. ഗ്രാമത്തിലെ ജനങ്ങളുടെ സഹകരണത്തോടെ 45 Bund  കളും, 6 Check Dam കളും, 16 Gabion  അണക്കെട്ടുകളും അദ്ദേഹം നിര്‍മ്മിച്ചു.  1500 ഏക്കര്‍ ഭൂമി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷിചെയ്യാന്‍ ഉപയുക്തമാക്കി.  കൃഷിചെയ്യാന്‍ ജൈവവളം മാത്രം ഉപയോഗിക്കുന്നു.

കൃഷിയോടൊപ്പം  പാലുത്പാദനവും ആരംഭിച്ചു. ഇന്ന് ദിവസം  4000 ലിറ്റര്‍ പാലവിടെ നിന്നും വില്‍ക്കപ്പെടുന്നു. പ്രതിശീര്‍ഷ വരുമാനം  ഗണ്യമായി കൂടി.  വര്‍ഷങ്ങളായി  റെലെഗാന്‍ സിദ്ധിയില്‍  മദ്യം, സിഗററ്റ്, ബീഡി, പുകയില തുടങ്ങിയവ  വില്‍ക്കപ്പെടുന്നില്ല.

ഗ്രാമത്തിലെ എല്ലാ റോഡുകളും സൌരോര്‍ജ്ജം കൊണ്ട് പ്രകാശിപ്പിക്കുന്നു. ഗ്രാമത്തിന്റെ പൊതു ആവശ്യത്തിലേക്കായി 4 വലിയ ബയോ ഗ്യാസ് പ്ലാന്റുകളുണ്ട്. മിക്ക വീടുകള്‍ക്കും സ്വന്തമായി ബയോ ഗ്യാസ് പ്ലാന്റുകളും ഉണ്ട്. വരള്‍ച്ച, ദാരിദ്ര്യം, കടക്കെണി, തൊഴിലില്ലായ്മ തുടങ്ങിയവ കൊണ്ട്, കിതച്ചു നടന്നിരുന്ന ഈ ഗ്രാമത്തെ അണ്ണാ ഹസാരെ സ്വയം പര്യാപ്തമാക്കി.

ജാതിചിന്തകളൊന്നും റെലെഗന്‍ സിദ്ധിയില്‍ ഇല്ല. ദളിതരുടെ കാര്‍ഷിക കടങ്ങള്‍ ഗ്രമമൊന്നാകെ ചേര്‍ന്നാണു വീട്ടിയതും. മദ്യാസക്തി, സ്ത്രീധനം, അഴിമതി, ജാതി വ്യവസ്ഥ എന്നിവ റെലെഗാന്‍ സിദ്ധിയിലില്ല. എല്ലാ പ്രവര്‍ത്തനങ്ങളും സഹകരണ സംഘങ്ങള്‍ വഴി നടത്തുന്നു. രാഷ്ട്രീയക്കാര്‍ക്ക് കയ്യിട്ടു വാരാന്‍ സാധിക്കാത്തതുകൊണ്ട് ഇവയൊക്കെ ഭംഗിയായി നടന്നു പോകുന്നു. Gram Panchayat, Cooperative Consumer Society, Cooperative Credit Society, Cooperative Dairy, Educational Society, Women’s Organization, Youth Organization, തുടങ്ങിയവ അവിടെ പ്രവര്‍ത്തിക്കുന്നു.  എല്ലാ തീരുമാനങ്ങളും ഗ്രാമ സഭയില്‍ ചര്‍ച്ച ചെയ്താണു എടുക്കുന്നത്. ഗ്രാമത്തിലെ എല്ലാവരും അംഗങ്ങളായുള്ള ഗ്രാമസഭയില്‍.  ഇത് രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണു രാഷ്ട്രീയം?

 ഇന്ന്  ചുറ്റുമുള്ള അനേകം  ഗ്രാമങ്ങള്‍ റെലെഗാന്‍ സിദ്ധിയെ അനുകരിക്കുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും വിദഗ്ദ്ധര്‍ ഈ ഗ്രാമത്തിന്റെ നേട്ടങ്ങളേക്കുറിച്ച് പഠിക്കാന്‍ വരുന്നു. മുംബൈയില്‍ നിന്നു പോലും കുട്ടികള്‍ ഈ ഗ്രാമത്തിലെ പാഠശാലകളില്‍ പഠിക്കാന്‍ വരുന്നു.

ഇതാണ് ശങ്കരനാരായണന്‍ പഠിച്ചിട്ടുള്ള "വര്‍ണ്ണാശ്രമധര്‍മ്മ"മെങ്കില്‍ ഇതാണു, ഇന്ന് ഇന്‍ഡ്യക്കു മുഴുവന്‍ വേണ്ടത്. ഇത് "അരാഷ്ട്രീയ വാദ"മാണെങ്കില്‍ ഇന്‍ഡ്യയിലെ എല്ലാ ഗ്രാമങ്ങളും ഈ അരാഷ്ട്രീയവാദം പകര്‍ത്തണം.