Wednesday, 29 July 2015

ഇന്‍ഡ്യയില്‍ സംഘപരിവാറിനെ വളര്‍ത്തിയതാര്?


അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെതിരെ ഉണ്ടായ ഏറ്റവും വലിയ ആരോപണം അദ്ദേഹം സംഘപരിവാറിന്റെ വളര്‍ച്ചയില്‍ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ്.

ഈ ആരോപണം ശക്തമായി ഉന്നയിക്കുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരും അനുഭാവികളും  ആണ്. അവരില്‍ ഒരാളുടെ അഭിപ്രായം ല്‍ കിടക്കുന്നത് ഇങ്ങനെ.
ജീവികളെ വളര്‍ത്തുക എന്ന് കേട്ടിട്ടുണ്ട്. ഒരാശയത്തെ മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ സാധിക്കുമോ? സംശയമാണ്.

അബ്ദുല്‍ കലാം എന്ന ശാസ്ത്രജ്ഞന്‍ ഇന്‍ഡ്യന്‍ പ്രസിഡണ്ടായ ശേഷമാണ്, അദ്ദേഹം സംഘ പരിവാറിനനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന ചില നിലപാടുകളെടുത്തത്. ഹൈന്ദവ നേതാക്കളുമായി സഹവസിക്കുക, ഹൈന്ദവ പുണ്യപുരുഷന്മാരെ സന്ദര്‍ശിക്കുക, ഹിന്ദു മതത്തെ പുച്ഛിക്കാതിരിക്കുക തുടങ്ങിയ ചില ചെയ്തികളൊക്കെ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതൊക്കെ ചെയ്യുന്ന  അനേകം മറ്റ് മതസ്ഥരുണ്ട്. പക്ഷെ അവരൊന്നും സംഘപരിവാറിനെ വളര്‍ത്തുന്നു എന്ന പഴി കേള്‍ക്കേണ്ടി വന്നിട്ടില്ല. ബി ജെ പി എന്ന പാര്‍ട്ടി കലാമിനെ പ്രസിഡണ്ടാക്കി എന്ന ഒറ്റ കാരണത്താലാണദ്ദേഹം ഈ പഴി കേള്‍ക്കേണ്ടി വന്നത്. സി പി എം നിറുത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു എന്നത് ഈ പഴിയുടെ ആക്കം കൂട്ടുന്നു.


കലാം പ്രസിഡണ്ടാകുന്നത് 2002 ല്‍ ആയിരുന്നു. 1996ല്‍ തന്നെ ബി ജെ പി ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിരുന്നു. ഈ വളര്‍ച്ചയില്‍ കലമാണോ അതോ മറ്റ് വല്ലവരുമാണോ വലിയ പങ്കു വഹിച്ചിട്ടുള്ളത്. ഇന്‍ഡ്യയിലെ സംഘ പരിവാറിന്റെ ചരിത്രമൊന്നു പരിശോധിക്കാം 

1906 ല്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ താല്‍പര്യങ്ങള്‍ അസംരക്ഷിക്കാന്‍ വേണ്ടി മുസ്ലിം ലീഗ് എന്ന ഒരു മുസ്ലിം സംഘടന രൂപീകരിച്ചിരുന്നു. 1909ല്‍ ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക Electorate അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ചു. ഈ രണ്ട് സംഭവങ്ങളും മുസ്ലിം പ്രീണനമാണെന്ന്  ധരിച്ച കുറച്ച് ഹിന്ദുക്കള്‍  മതാടിസ്ഥനത്തില്‍ സംഘടിക്കുവാന്‍  തീരുമാനിച്ചു. അതിന്റെ ഫലമായി  ഹിന്ദു മഹാ സഭ എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടു. പക്ഷെ ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണനം ആയിരുന്നു അവരുടെ തുരുപ്പു ചീട്ട്. ഹിന്ദു മഹാസഭയുടെ ഉയര്‍ന്ന നേതാവായിരുന്ന ഹെഡ്ഗേവാര്‍ സംഘടന ഉപേക്ഷിച്ച് കുറച്ചു കൂടെ തീവ്ര നിലപാടുകളുള്ള ആര്‍ എസ് എസ് എന്ന സംഘടന രൂപീകരിച്ചു. 

1925 ല്‍ ആയിരുന്നു ആര്‍ എസ് എസ് എന്ന ഹിന്ദു സംഘടന രൂപം കൊണ്ടത്. തീവ്ര ഹൈന്ദവതയും ഇസ്ലാം വിരോധവുമായിരുന്നു അവരുടെ മുഖ മുദ്ര. ഹിന്ദു മഹാസഭയേക്കാള്‍ വളരെ വേഗം ആര്‍ എസ്  എസ് വളര്‍ന്നു. ഇന്നത്തെ ബി ജെ പി നേതാക്കളില്‍ ബഹു ഭൂരിപക്ഷവും ആര്‍ എസ് എസ് എന്ന സംഘടനയിലൂടെ വളര്‍ന്നു വന്നവരാണ്.

1940 കളില്‍ മുസ്ലിം ലീഗ് പ്രത്യേക മുസ്ലിം രാഷ്ട്രത്തിനു വേണ്ടിയുള്ള നിലപാടു കടുപ്പിച്ചു. ആര്‍ എസ് എസ് അത് ശരിക്കും മുതലെടുത്ത് കൂടുതല്‍ വളര്‍ന്നു. ഗന്ധിജിയുടെ കോണ്‍ഗ്രസ് വ്യക്തമായ മുസ്ലിം പ്രീണനം നടത്തിയതൊക്കെ ആര്‍ എസ് എസിനു വളരാന്‍ സഹായകമായി. ഗാന്ധി വധത്തോടെ ഹിന്ദു മഹസഭ ജനങ്ങളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. ഇത് മനസിലാക്കിയ ശ്യാമപ്രസാദ് മുഖര്‍ജി 1951 ൽ  ഹിന്ദു മഹാസഭ വിട്ട് ഭാരതീയ ജനസംഘമെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍ എസ് എസ് ആയിരുന്നു ഈ സംഘടനയുടെ പ്രധാന ഊര്‍ജ്ജം. ഹിന്ദു മഹാസഭയും ആര്‍ എസ് എസും മുന്നോട്ട് വച്ച ഹിന്ദുത്വ തന്നെ ആയിരുന്നു ജന സംഘത്തിന്റെ ആശയവും. 

ആര്‍ എസ് എസിന്റെ രാഷ്ട്രീയ മുഖം ​ആയിരുന്നു ജന സംഘം. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന പല കോണ്‍ഗ്രസ് നേതാക്കളും ജന സംഘത്തില്‍ ചേര്‍ന്നു. 1967 ലെ തെരഞ്ഞെടുപ്പോടു കൂടി ജന സംഘം വലിയ നേട്ടങ്ങളുണ്ടാക്കി. പ്രത്യേകിച്ചും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍. മുസ്ലിം വിരോധം, പാകിസ്ഥാന്‍  വിരോധം, ചൈന വിരോധം, കമ്യൂണിസ്റ്റു വിരോധം എന്നിവയായിരുന്നു ജനസംഘത്തിന്റെ പ്രധാന നയങ്ങള്‍.

ജയപ്രകാശ്  നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിര ഭരണത്തിനെതിരെ ഒരു ജനകീയ നീക്കമുണ്ടായപ്പോള്‍ 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളോടൊപ്പം ജന സംഘം നേതാക്കളും ജയിലില്‍ അടക്കപ്പെട്ടു.  1977ല്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ജയിലില്‍ കിടന്നിരുന്ന നേതാക്കളൊക്കെ ചേര്‍ന്ന് ഒരു കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുടെ രൂപ രേഖ തയ്യാറാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരുമിച്ച് മത്സരിച്ചു. എന്നു വച്ചാല്‍ ജന സംഘവും സി പി എമ്മും ഒറ്റ മുന്നണിയായി ഇന്‍ഡ്യ മുഴുവന്‍ മത്സരിച്ചു. 

കലാം എന്ന വ്യക്തിയെ ഇന്‍ഡ്യ അറിയുന്നതിനും വളരെ മുന്നെ സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടി ജന സംഘത്തിന്, ഇന്‍ഡ്യയില്‍ മേല്‍ വിലാസമുണ്ടാക്കിക്കൊടുക്കാന്‍ കാരണമായി. കേരളത്തില്‍  രണ്ടു മണ്ഡലങ്ങളില്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് കമ്യൂണിസ്റ്റു നേതാക്കള്‍ വോട്ടു പിടിച്ചു.  കമ്യൂണിസ്റ്റുകാര്‍ വോട്ടു ചെയ്തു. കേന്ദ്രത്തില്‍ ജനസംഘം ഉള്‍പ്പെട്ട മുന്നണി അധികാരത്തിലെത്തി. പിന്നീട് ഈ മുന്നണിയിലെ കക്ഷികളൊക്കെ ലയിച്ച് ജനതാ പാര്‍ട്ടി  എന്ന ഒറ്റ പാര്‍ട്ടിയുമായി. സി പി എം ഈ പാര്‍ട്ടിയുമായുള്ള ബന്ധം തുടര്‍ന്നും കൊണ്ടുപോയി. 1980 ല്‍ ഈ പാര്‍ട്ടി ശിഥിലമായപ്പോള്‍ പഴയ ജനസംഘം നേതാക്കളൊക്കെ ചേര്‍ന്ന് ബി ജെ പി എന്ന പാര്‍ട്ടി രൂപീകരിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമേ ഈ പാര്‍ട്ടിക്ക് ലഭിച്ചുള്ളു. ഇന്ദിര വധത്തിന്റെ  സഹതാപത്തില്‍ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും അടി പതറിയപ്പോള്‍ ബി ജെ പിക്കും അടി പതറി. പക്ഷെ 1989 ആയപ്പോഴേക്കും അവര്‍ ശക്തിയായി തന്നെ തിരിച്ചു വന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതിരുന്ന പാര്‍ലമെന്റില്‍ ഇടതുപക്ഷവും ബി ജെ പിയും വി പി സിംഗിനെ പുറത്തു നിന്നും പിന്തുണച്ചു. ഉത്തര്‍ പ്രദേശ് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തിലെത്തി. 

1992ല്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ ഹിന്ദു വികാരം കൂടുതല്‍ ഉണര്‍ന്നു. 

പിന്നീട് പല തെരഞ്ഞെടുപ്പുകളിലൂടെയും കടന്ന് 1996 ആയപ്പോഴേക്കും ബി ജെ പി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷി ആയി തീര്‍ന്നിരുന്നു. അതു വരെയുള്ള ബി ജെപിയുടെ വളര്‍ച്ചയില്‍ കലാമിന്റെ പങ്കെന്താണെന്ന് എനിക്ക് ഒട്ടും മനസിലാകുന്നില്ല. ഒരു പങ്കുമില്ല എന്നു തന്നെയാണെന്റെ പക്ഷം. പാര്‍ലമ്നെറ്റില്‍ ഏറ്റവും വലിയ കക്ഷി ആയി തീര്‍ന്ന ഒരു പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുക എന്നത് സ്വാഭാവിക സംഭവവികാസമാണ്.

കോണ്‍ഗ്രസിന്റെ കെടു കാര്യസ്ഥതയും ജീര്‍ണ്ണതയും ബി ജെപ്പിക്ക് വളരാന്‍ സഹായകമായി. ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ശിലാന്യാസത്തിനു തുറന്നു കൊടുത്തതൊക്കെ അവര്‍ അവരുടെ നേട്ടമായി കൊണ്ടാടി. അതൊക്കെ വിശ്വസിക്കാനും അംഗീകരിക്കാനും കൂടുതല്‍ ഹിന്ദുക്കള്‍ തയ്യാറായി. അദ്വാനി രഥമുരുട്ടി നടന്ന് ഹിന്ദു വകാരം ഉണര്‍ത്തി. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ കൂടുതല്‍ ഹിന്ദുക്കള്‍ ബി ജെപി പക്ഷത്തേക്കു ചാഞ്ഞു.കോണ്‍ഗ്രസിന്റെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും കമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും ചില നയങ്ങളും ബി ജെ പിയുടെ വളര്‍ച്ചക്ക് കരണമായി.

ഇതു വരെ കോണ്‍ഗ്രസ് ശക്തമായിരുന്ന സംസ്ഥാനങ്ങളിലാണ്, ബി ജെ പി വളര്‍ന്നത്. ഇപ്പോള്‍ മറ്റിടങ്ങളിലേക്കും ബി ജെ പി പടര്‍ന്നു കയറുന്നുണ്ട്.

കേരളത്തില്‍ പോലും കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ നിന്നും ബി ജെപിയിലേക്ക് ആളുകള്‍ ചേക്കേറുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരാണ്, കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ നെടും തൂണ്. ഇന്ന് പക്ഷെ ഈഴവര്‍ക്ക് ബി ജെ പി ചതുര്‍ത്ഥിയൊന്നുമല്ല. വെള്ളാപ്പള്ളി നടേശന്‍ ബി  ജെ പിയുമായി കൈ കോര്‍ത്തു കഴിഞ്ഞു. ആ വഴി കുറച്ച് ഈഴവരെങ്കിലും ബി ജെ പി പക്ഷത്തേക്ക് മാറുമെന്ന് തീര്‍ച്ചയാണ്. 

ഈ മനം മാറ്റത്തിന്, പിണറായി വിജന്റെ നേതൃത്വത്തില്‍ എടുത്ത പല നടപടികളും കാരണമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ന്യൂന പക്ഷ പ്രീണനം എന്നു വ്യാഖ്യനിക്കാവുന്ന പല നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. 

സി പി എമ്മിനു വേണ്ടി വര്‍ഷങ്ങള്‍ പണിയെടുത്ത, തല്ലുകൊണ്ട പാര്‍ട്ടി അംഗങ്ങളെ ഇളിഭ്യരാക്കി എറണാകുളത്തും പത്തനം  തിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും പൊന്നാനിയിലുമൊക്കെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സ്ഥനാര്‍ത്ഥികളാക്കിയതൊക്കെ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഷമമുണ്ടാക്കിയിട്ടുണ്ട്. ന്യൂന പക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന് എതിരാളികള്‍ക്ക് വ്യഖ്യാനിക്കാവുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. റ്റി പി ചന്ദ്രശേഖരനേപ്പോലെ കറകളഞ്ഞ  കമ്യൂണിസ്റ്റുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. പല സി പി എം നേതാക്കളുടെയും  ജീവിത രീതി കമ്യൂണിസ്റ്റുകാര്‍ക്ക് യോജിക്കുന്നതരത്തിലല്ലാതായി. പുച്ഛവും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റം. അസഭ്യമായ പദപ്രയോഗങ്ങള്‍. ഇതൊക്കെ പലരെയും പാര്‍ട്ടിയില്‍ നിന്നകറ്റി. അവരില്‍ പലരും ബി ജെപിയോട് അനുഭാവം പ്രകടിപ്പിക്കാനും തുടങ്ങി. 

അപ്പോള്‍ ബി ജെ പി വളരാന്‍ കലാമിനേക്കാളും കൂടുതല്‍ സഹായം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍, പ്രത്യേകിച്ച് സി പി എം ചെയ്തിട്ടുണ്ട്. പക്ഷെ കമ്യൂണിസ്റ്റുകാര്‍ ആരും തന്നെ ഇത് സമ്മതിക്കില്ല.
Thursday, 23 July 2015

ഡംഭുമാമന്റെ അനന്തരവന്‍

ഡംഭുമാമന്റെ അനന്തരവന്‍
------------------------------------------------------------

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന  പൊറാട്ടു നാടകമാണ്. ബി ജെ പി നേതാവ് കെ സുരേന്ദ്രനും കോണ്‍ഗ്രസ് എം എല്‍ എ വി റ്റി ബലറാമും തമ്മിലുള്ള ചവിട്ടു നാടകം. തുടക്കം മോദി  കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച "അച്ചേ ദിന്‍" എന്നെത്തുമെന്നതിനെ ചൊല്ലിയാണ്. "മുത്തച്ഛാ ദിന്‍" ആയേ വരൂ എന്ന് അമിത് ഷാ പ്രഖ്യാപിച്ചതാണിപ്പോഴത്തെ പ്രശ്നം. അതേ സംബന്ധിച്ച് ഒരു ജനപ്രതിനിധി ഉപയോഗിക്കാവുന്ന മോശം പദപ്രയോഗങ്ങള്‍ വരെ ബലറാം നടത്തി. പണ്ട് സീതി ഹാജിയൊക്കെ ഈ നിലവാരത്തിലായിരുന്നു സംസാരിച്ചിരുന്നത്. പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ലാത്ത സീതി ഹാജിയും, അനേകം ബിരുദങ്ങളും റാങ്കുകളും സ്വന്തമായുണ്ടെന്ന് പറയപ്പെടുന്ന ബലറാമും ഒരേ തറ നിലവാരത്തിലെത്തി എന്നതു തന്നെ മോദി വിഭാവനം ചെയ്യുന്ന "അച്ചേദിന്‍" എത്തി എന്നതിന്റെ ലക്ഷണമാണ്.

ബലറാമിന്റെ ഇഷ്ട പദം "ചുനാവി ജുംല" ആണല്ലോ. മോദിയുടേത് "ചുനാവി ജുംല" ആണെന്ന ബലറാമിന്റെ അഭിപ്രായം  മുഖവിലക്കെടുത്തുകൊണ്ട്  നമുക്ക് മറ്റൊരു "ചുനാവി ജുംല"യേപ്പറ്റി ഓര്‍ത്തു നോക്കാം. 1967ല്‍ ബലറാമിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്‍ഡ്യയിലെ ദരിദ്രരെ കൂടെ നിറുത്താന്‍ ഇന്ദിരാ ഗാന്ധി അന്നൊരു മുദ്രവാക്യം മുഴക്കിയിരുന്നു. അതായിരുന്നു "ഗരീബീ ഹഠാവോ" എന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഗരീബി ഹഠ് ചെയ്തു ചെയ്ത്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന രാജ്യമാണിപ്പോള്‍ ഇന്‍ഡ്യ. അന്ന് ഇന്ദിര മുഴക്കിയതും പിന്നീട് കോണ്‍ഗ്രസ്  ആവര്‍ത്തിച്ചതുമായ ഈ സാധനത്തെ എന്തു പേരിട്ടു വിളിക്കാമോ ആവോ!!

ഈ ചുനാവി ജുംലകളെ വിട്ടിട്ട് നമുക്ക് മറ്റൊരു ജുംലയിലേക്ക് വരാം. ബലറാം എം എല്‍ എ ആയി കഴിഞ്ഞപ്പോള്‍ മറ്റ് അഞ്ച് എം എല്‍ എ മാരോടൊപ്പം ചേര്‍ന്ന്  അദ്ദേഹം ഒരു കുറുമുന്നണി രൂപീകരിച്ചിരുന്നു. "ഹരിത എം എല്‍ എ മാര്‍" എന്ന പേരില്‍.  അവര്‍ Green thoughts Kerala എന്ന പേരില്‍ ഒരു ബ്ളോഗും  Face Book Page പേജും തുടങ്ങിയിരുന്നു.

"ഞങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു" എന്നായിരുന്നു ഈ എം എല്‍ എമാരുടെ നേതാവായ ബലറാം ആദ്യം നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. ഹരിത എം എല്‍ എ മാരില്‍ ഒരാള്‍ സരിത എം എല്‍ എ ആയി എന്ന് അടുത്ത കാലത്ത് കേരളം തിരിച്ചറിയുകയും ചെയ്തു. അതായിരുന്നോ ബലറാം ആവശ്യപ്പെട്ട മാറ്റം എന്നറിയണമെങ്കില്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും.

കേരളത്തെ ഹരിതാഭമാക്കിയേ അടങ്ങൂ എന്ന് വാശിപിടിച്ച് നടന്ന ബലറാം പ്രകൃ തി സംരക്ഷണത്തിനെന്തു ചെയ്തു എന്നു ചോദിക്കരുത്. അത് "ചുനാവിനു ശേഷമുള്ള വെറുമൊരു ജുംല ആയിരുന്നു" എന്ന മറുപടിക്കപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഇദ്ദേഹം പിന്തുണക്കുന്ന സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രകൃ തി നശീകരണത്തിനും ചൂട്ടുപിടിക്കുകയാണദ്ദേഹം ചെയ്തത്.

ബലറാമിന്റെ പ്രകൃതി സ്നേഹത്തെ പല വേദികളിലും പിന്തുണച്ച ഒരു വ്യക്തി ആയിരുന്നു ഞാന്‍. പിന്നീട് ബലറാമുമായി അഭിപ്രായ വ്യത്യാസമുണ്ടായ സംഭവം ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചപ്പോഴായിരുന്നു. ഹിന്ദു എം എല്‍ എ എന്നറിയപ്പെടാന്‍  ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം അതിനു പറഞ്ഞ ന്യായീകരണം.   Face Book വഴി ഇതദ്ദേഹം ന്യായീകരിച്ചപ്പോള്‍ ഞാനതിനെ ചോദ്യം ചെയ്ത് കുറച്ച് അഭിപ്രായങ്ങളെഴുതി. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം എടുത്തു കളഞ്ഞു. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ബ്ളോഗിലൂടെ എഴുതിയിരുന്നു.

ഹരിതരാഷ്ട്രീയത്തിലെ പച്ചപ്പ്, അഥവാ ഹിന്ദു എം എല്‍ എ


ബലറാം ഏത് വഴിയിലൂടെ തൃത്താലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച് ലിസ്റ്റ് വെട്ടി ബലറാമിനെ ആരവിടെ പ്രതിഷ്ടിച്ചു എന്നതും  എല്ലാവര്‍ക്കും  അറിയാം. എം എല്‍ എ ആയികഴിഞ്ഞപ്പോള്‍ തൃ ത്താലയിലെ വോട്ടര്‍മാരുടെ മനോനില ബലറാം ശരിക്കും മനസിലാക്കി. ഉറപ്പിച്ചു നിറുത്താവുന്ന വോട്ടുകള്‍ തീവ്ര  മുസ്ലിങ്ങളുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കെ സുരേന്ദ്രനോ ശശികല ടീച്ചറോ എതിരായി മത്സരിച്ചാല്‍ തീവ്ര ഹിന്ദു വോട്ടുകള്‍ അങ്ങോട്ടു പോകുമെന്ന് ബലറാമിനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ മുറുകെ പിടിക്കാവുന്ന വോട്ടുകള്‍  തീവ്ര  മുസ്ലിങ്ങളുടേതാണ്. തീവ്ര മുസ്ലിങ്ങള്‍ക്ക് പടച്ചോന്‍ ചിന്തിക്കുന്ന അവയവം ഒരു പ്രത്യേക സ്ഥാനത്ത് വച്ചിരിക്കുന്നതുകൊണ്ട്, തീവ്ര ഹിന്ദുക്കളെ എതിര്‍ത്ത് ഒരു വാക്കെങ്കിലും പറയുന്ന ഏത്  കോന്തനും അവര്‍ വോട്ടു ചെയ്യും. അതറിയുന്ന ബലറാം ആദ്യം ലഭിച്ച അവസരം തന്നെ തന്റെ  "പച്ചപ്പ്" പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചു. "ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്തല്‍, താന്‍  ഹിന്ദു എം എല്‍ എ ആയി മുദ്ര കുത്തപ്പെടു"മെന്നദ്ദേഹം വിലപിച്ചു. വിലാപത്തെ പിന്തുണക്കാന്‍  അനേകം തീവ്ര മുസ്ലിങ്ങളുണ്ടായി. ബാലരാമ  വിലാപം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.

ഇപ്പോള്‍ വീണ്ടും ദേവസ്വം ബോര്‍ഡ് വിഷയം അദ്ദേഹം പൊടി തട്ടി എടുത്ത്  Face Book ല്‍ ഇട്ടലക്കുന്നുണ്ട്. "എന്തുകൊണ്ട് ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് കൊടുക്കേണ്ടതില്ല "എന്ന വിശദീകാരണമാണതിലൊക്കെ. ദേവസ്വം ബോര്‍ഡിനു  കീഴിലുള്ള ക്ഷേത്രങ്ങളൊക്കെ  സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്നാണദ്ദേഹം സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായ ദേവസ്വം ബോര്‍ഡിനെ തെരഞ്ഞെടുക്കന്‍ വോട്ടു ചെയ്യില്ല എന്ന് ഇദ്ദേഹം പണ്ട് വാശിപിടിച്ചതിനെ ഏത് തരം ജുംല എന്നു വിളിക്കാം?

ഇപ്പോള്‍ ഈ ദേവസ്വം ബോര്‍ഡ് പ്രശ്നം ഏതെങ്കിലും വേദിയില്‍ ആരെങ്കിലും ചര്‍ച്ച ചെയ്തതായി ഞാന്‍  കണ്ടില്ല.  പിന്നെ എന്തിനാണിപ്പോള്‍ ബലറാം ഇതെടുത്ത് വീശുന്നത്? തെരഞ്ഞെടുപ്പിന്, ഒരു വര്‍ഷം ഇല്ല. സുരേന്ദ്രനെ ഓരാവേശത്തിനു വെല്ലുവിളിക്കുകയും ചെയ്തു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രനു നിയമതടസമൊന്നുമില്ല. സുരേന്ദ്രന്‍ വെറുതെ ഒരു നോമിനേഷന്‍ കൊടുത്തു പോയാലും ബലരാമനു പോകേണ്ട പല വോട്ടുകളും താമരയില്‍ വീഴുമെന്ന തിരിച്ചറിവൊക്കെ ബലരാമനുണ്ട്. അതുകൊണ്ട് പല സെനാറിയോകളും  അദ്ദേഹം ഇപ്പോഴേ കണക്കുകൂട്ടുന്നു. എങ്ങാനും തോറ്റുപോയാല്‍ ഈ സെനാറിയോകളിലൊന്ന് രക്ഷക്കെത്തിയാലോ.

തൃത്താലയില്‍ നിലവിളക്ക് കത്തിക്കാനും ഈ "പച്ച" എം എല്‍ എ വിസമ്മതിച്ചല്‍ അതില്‍ അത്ഭുതം കൂറേണ്ട ആവശ്യമില്ല. "പച്ച" അസ്ഥിയില്‍ തന്നെ പിടിച്ചിരിക്കുന്നു.

ഡംഭുമാമന്റെ അച്ചാ ദിന്‍ മുത്തച്ഛാ ദിന്‍  ആയേ വരൂ എന്നു കേട്ടപ്പോഴേക്കും ബലരാമന്റെ  ബാല്യവും കൌമാരവും യൌവ്വനവും പകച്ചു പോയി എന്നാണദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയത്. ഡംഭുമാമന്റെ അച്ചാദിനത്തിനു കൊടിപിടിക്കുന്ന അദാനിക്ക് വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി നല്‍കിയപ്പോള്‍ ബലരാമന്റെ ക്ഷുഭിത യൌവ്വനം പകച്ചതായി കണ്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ അനേകം അഴിമതി കണ്ടപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചു എന്നു തോന്നുന്നില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ജനപ്രതിനിധികള്‍ കടിക്കുകയും പിടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എം എല്‍ എ മാരും എം പി മാരും മന്ത്രിമാരും  സരിതയുടെ സരിത്തുമ്പില്‍ പിടിച്ച് കാബറെ ആടിയപ്പോഴു ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എല്ലാ മാഫിയകളും കേരളത്തെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഹരിത എം എല്‍ എയുടെ ക്ഷുഭിത യൌവ്വനം പകച്ചേ ഇല്ല.

പക്ഷെ ഒരു ഹരിത എം എല്‍ എ സരിത എം എല്‍ എ ആയി മാറിയപ്പോഴും, ദേവസ്വം ബോര്‍ഡെന്ന സര്‍ക്കാര്‍ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വിസമ്മതിച്ച ബലരാമന്‍, അതേ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് സ്ഥപിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതുകാണുമ്പോഴും, ബാല്യ കൌമാര യൌവ്വന വാര്‍ദ്ധക്യങ്ങള്‍ ശരിക്കും പകച്ചു പോയി. എന്റെയല്ല. അഞ്ചു വര്‍ഷക്കാലാവധിയുള്ള കേരള നിയമസഭയുടെ. 

Monday, 13 July 2015

പ്രോട്ടോക്കോള്‍ഇപ്പോള്‍ വര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സംഭവം ""ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തലയെ അവഹേളിച്ചു പ്രോട്ടോക്കോള്‍ ലംഘിച്ചു"" എന്ന വാര്‍ത്തയാണല്ലോ. ഇത് സംബന്ധമായി എം എല്‍ എ ശ്രീ വി റ്റി ബല്‍ റാമും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ബാബു പോളും എഴുതിയ അഭിപ്രായങ്ങള്‍ വായിക്കാനിടയായി.

ബല്‍  റാമും ബാബു പോളും പറയുന്നതിനോട് യോജിക്കാന്‍ ആകില്ല. ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തലയെ അവഹേളിച്ചു എന്ന് എന്തടിസ്ഥാനത്തിലാണ്, ബല്‍ റാം  പറയുന്നത്? പിന്നിലൂടെ വരുന്ന രമേശ് ചെന്നിത്തലയെ വേദിക്കു പിന്നില്‍ നിന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നു. അതവരുടെ ജോലിയുടെ ഭാഗം. അഥിതി ആയി മുന്നില്‍ ഇരിക്കുന്ന സിംഗ് രമേശിനെ കാണുന്നില്ല. അതുകൊണ്ട് സല്യൂട്ട് ചെയ്യുന്നില്ല. ഇതില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണുള്ളത്? ഏത് പ്രോട്ടോക്കോളിലാണ്, സല്യൂട്ട് എന്ന വാക്കെഴുതി വച്ചിട്ടുള്ളത്?

അഡീഷണല്‍ ചീഫ് സെക്രട്ടറി ആയി വിരമിച്ച മുതിര്‍ന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ബാബു പോള്‍ എഴുതിയ  """അയാൾ അധികാര പരിധി ലംഘിച്ചോ എന്ന് എനിക്കറിയില്ല. പ്രോട്ടോക്കോൾ എന്താണെന്നും അറിയില്ല"""" എന്ന വാചകം അദ്ദേഹം വഹിച്ചിരുന്ന പദവിക്ക് യോജിക്കുന്നതല്ല. ഇതുപോലെ ഉയര്‍ന്ന പദവി വഹിച്ചിട്ടുള്ള ഒരാള്‍ക്ക് ഇതിലെന്തെങ്കിലും അധികാര പരിധി ലംഘനമോ പ്രോട്ടോക്കോള്‍ ലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് തീര്‍ച്ചയായും അറിയേണ്ടതാണ്. ഈ പരാമര്‍ശം മിതമായ ഭാഷയില്‍ പറഞ്ഞാല്‍   വളരെ മോശമായി പോയി.

ജനങ്ങള്‍ ഇതാഘോഷിക്കുന്നു എന്ന ബാബു പോളിന്റെ അഭിപ്രായം മ്ളേഛമായി പോയി. ആരും ഇതാഘോഷിക്കുന്നില്ല. രാജ്യത്തെ ഭൂരിഭാഗം ജനതക്കും ഇപ്പറഞ്ഞ പ്രോട്ടോക്കോള്‍ എന്ന സാധനം  എന്താണെന്നറിയില്ല. അവര്‍ക്കറിയാവുന്നത്, തങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭൂരിഭാഗവും അഹം ഭാവികളും അധികാര ദുര മൂത്തവരും, അഴിമതക്കാരും ഒക്കെ ആണെന്നാണ്. സരിത എന്ന ഒരു ദുര്‍നടപ്പുകാരി സ്ത്രീ ഒരു ലിസ്റ്റ് എടുത്ത് വീശുമ്പോഴേക്കും മൂത്രമൊഴിക്കുന്നവരാണിന്ന് കേരളത്തെ ഭരിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളില്‍ ഭൂരിഭാഗവും.

ഋ ഷിരാജ് സിംഗ് എന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കേരളത്തിലെ സാധാരണക്കാര്‍ക്ക് പോലും സുപരിചിതനാണ്. അതിന്റെ കാരണം അദ്ദേഹം ​ഏറ്റെടുക്കുന്ന ജോലി നല്ല രീതിയില്‍ ചെയ്യുന്നതുകൊണ്ടും. ഇപ്പോള്‍ അദ്ദേഹം വഹിക്കുന്ന പദവിയില്‍ ഇരുന്നു കൊണ്ട് കേരളത്തിലെ മതസമുദായിക നേതാക്കളും വന്‍ കിട ബിസിനസുകാരും നടത്തുന്ന വൈദ്യുതി മോഷണം കണ്ടു പിടിച്ചു.   അത് പൊതു ജന മദ്ധ്യത്തില്‍ വാര്‍ത്ത ആകുകയം ​ചെയ്തു. ഒരു കൂലിപ്പണിക്കാരന്‍ കറണ്ട് ബില്ലടയ്ക്കന്‍ ഒരു ദിവസം താമസിച്ചാല്‍ അവന്റെ ഫ്യൂസൂരുന്ന അധികാരി  വര്‍ഗ്ഗം ഈ വന്‍ കിടക്കാരുടെ മോഷണത്തിനു നേരെ കണ്ണടക്കുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന മന്ത്രിമാരുടെ അറിവോടും ഒത്താശയോടും കൂടെ ആണിതൊക്കെ നടക്കുന്നത്. ഇത് ഒരു ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിയും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ബാബു പോളിനെയും ബലറാമിനെയും ആരും ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യമില്ല.

രമേശ് ചെന്നിത്തലയെ അപമാനിച്ചതോ അവഹേളിച്ചതോ ആരും അഘോഷിക്കുന്നില്ല. ഉണ്ടെന്ന് ബാബു പോളിനു തോന്നുന്നത് ഒരു പക്ഷെ ബുദ്ധി ശരിക്കും പ്രവര്‍ത്തിക്കാത്തതോ ഉമ്മന്‍ ചാണ്ടിയോടുള്ള അമിത ആരാധനയോ ആയിരിക്കാം. വൈദ്യുതി മോഷ്ടിക്കുന്ന വന്‍ കിടക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഭരണ നേതൃത്വത്തോടുള്ള പ്രതിഷേധമാണിത്. അല്ലാതെ ഇതില്‍ ജനാധിപത്യത്തെ അവഹേളിക്കലോ സിംഗിനെ ആരാധിക്കലോ ഇല്ല.

ബാബു പോളിനെയും ബല്‍റാമിനെയും  ഫ്രഞ്ച് വിപ്ളവത്തിന്റെ ചരിത്രം ആരും പഠിപ്പിക്കേണ്ടതില്ല. ജനാധിപത്യത്തിനു വേണ്ടി ഫ്രാന്‍സിലെ ആളുകള്‍ അന്നത്തെ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായിരുന്നു അത്. ഇന്നും ലോകം മുഴുവന്‍ സുബോധമുള്ള ആളുകള്‍ ആ വിപ്ളവത്തെ ആരാധാനയോടെ കാണുന്നുണ്ട്.

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍   ഉദ്ധരിച്ച ബലറാമിനെ മറ്റൊരു പ്രോട്ടോക്കോള്‍ ലംഘനം ഓര്‍മ്മപ്പെടുത്തട്ടെ. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ വ്യക്തി ആയിരുന്നു മഹാത്മാ ഗാന്ധി. അന്ന്  ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒരു വിധം എല്ലാ പ്രോട്ടോക്കോളുകളും അദ്ദേഹം ലംഘിച്ചിട്ടുണ്ട്. ബാബു പോള്‍ അതൊക്കെ മറന്നാലും ബല്‍റാം അത് മറക്കാന്‍ പാടില്ലാത്തതാണ്.

ഋഷി രാജ് സിംഗിനെ ആരെങ്കിലും വെള്ള പൂശുന്നു എങ്കില്‍ അതിനൊരു കാരണമുണ്ട്. ബല്‍റാം ഉള്‍പ്പടെയുള്ള ഭരണ കര്‍ത്താക്കള്‍ ചെയ്തുകൂട്ടുന്ന വൃത്തികേടുകളും കൊള്ളരുതായ്മകളും നിയമ ലംഘനങ്ങളും അതു ഖജനാവിനുണ്ടാക്കുന്ന നഷ്ടങ്ങളും ഒക്കെ കാണുമ്പോള്‍ സ്വഭാവികമായി ഉണ്ടാകുന്ന പ്രതികരണമാണത്. അതിനുള്ള പരിഹാരം അവരെ പുലഭ്യം പറയലല്ല. ജനപ്രതിനിധിളുടെ ഒക്കെ ഭാഗത്തുണ്ടാകുന്ന വീഴ്കള്‍ പരിഹരിക്കലാണ്.

ബാര്‍ കോഴ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എടുത്ത നിലപാട് ശരി ആണെന്ന് ബല്‍റാമിനു നെഞ്ചത്ത് കൈ വച്ച് പറയാന്‍ സാധിക്കുമോ? ആള്‍ ദൈവങ്ങള്‍ക്കും മത സ്ഥപനങ്ങള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും പണക്കാര്‍ക്കും വൈദ്യുതി ഇളവുകള്‍ നല്കുന്ന സര്‍ക്കാര്‍ നടപടി ശരി ആണെന്നു പറയാന്‍ സാധിക്കുമോ? അത് ശരിയല്ല  എന്നാണു ബല്‍റാമിനു തോന്നുന്നതെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തെ ബല്‍റാമിനു പിന്തുണക്കേണ്ടി വരും. പ്രോട്ടോക്കോള്‍ അധികാര പരിധി എന്നൊക്കെ ഉള്ള ഉഡായിപ്പുകളൊക്കെ പലതും മൂടി വയ്ക്കാനുള്ള കവചങ്ങള്‍ മാത്രമാണ്.

ബല്‍റാമിനേപ്പോലുള്ളവരെ പ്രതിനിധികളായി തെരഞ്ഞെടുത്തു എന്ന ഒരു തെറ്റു മാത്രമേ പൊതു ജനം ചെയ്തിട്ടുള്ളു. അത് എന്തും ചെയ്യാനുള്ള അനുമതി ആയി നിങ്ങളൊക്കെ കരുതുന്നു. ശാലൂ മേനോന്റെയും സരിതയുടെയും തട്ടിപ്പുകള്‍ക്ക് കുടപിടിക്കാനല്ല നിങ്ങളെ തെരഞ്ഞെടുക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. നിങ്ങള്‍ നിങ്ങളുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ അവരുടെ പ്രതിഷേധം ഇതുപോലെ പ്രകടിപ്പിക്കുന്നു. ചെന്നിത്തലയും താങ്കളും ഉള്‍പ്പെടുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ്, ഋഷിരാജ് സിംഗിനെ അനുകൂലിച്ചും സല്യൂട്ടടിച്ചുമവര്‍ പ്രകടിപ്പിക്കുന്നത്. ഇതേ സല്യൂട്ട് ചെന്നിത്തലക്ക് അവര്‍ നല്‍കുമായിരുന്നു. പക്ഷെ അദ്ദേഹം അതര്‍ഹിക്കുന്നില്ല. അതൊക്കെ മനസിലാക്കേണ്ടത് ബല്‍റാമിനേപ്പോലുള്ള ജന പ്രതിനിധികളാണ്.
 ചെന്നിത്തല കടന്നു വന്നപ്പോള്‍ ഋഷിരാജ്‌ സിംഗ്‌ എഴുന്നേറ്റു നിന്ന്  സല്യൂട്ട് ചെയ്തില്ല എന്നതിനെ പലരും വളച്ചൊടിച്ച് , ജനങ്ങളെ അപമാനിച്ചു എന്ന തരത്തിലാക്കി. ഇന്ദിരയാണ്, ഇന്‍ഡ്യ എന്ന് പണ്ടൊരു കോണ്‍ഗ്രസ് നേതാവു പറഞ്ഞതാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. രമേശ് ചെന്നിത്തല എന്ന മന്ത്രിയെ അപമാനിച്ചപ്പോള്‍ ജനങ്ങളെ അപമാനിച്ചു എന്നു പറയുന്നതിന്റെ പിന്നിലെ ചേതോവികാരവും ഈ മനോഭാവത്തില്‍ നിന്നുണ്ടാകുന്നതാണ്.  

സല്യൂട്ട് എന്നത് പോലീസ് സേനയുടെ ഭാഗമായ അഭിവാദ്യ രീതിയല്ല. അത് പട്ടാളത്തിലെ രീതിയാണ്. പൊതു ജന സേവന വകുപ്പായ പോലീസില്‍ സല്യൂട്ടിനു പ്രസക്തിയില്ല. പണ്ടത്തെ   ബ്രിട്ടീഷ്‌ പട്ടാള രീതികളുടെ അനുകരണമാണത്. ഇത് ഇന്‍ഡ്യയില്‍ വേണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. 

പൊലീസുകാർ മേലാളന്മാരെ സല്യൂട്ട്‌ ചെയ്യണമെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയിലോ മറ്റേതെങ്കിലും  നിയമത്തിലോ ഉള്ളതായി കേട്ടിട്ടില്ല. സല്യൂട്ടിന്റെ ആചാരരീതികൾ വിവരിക്കുന്ന നിയമമാണു  പ്രോട്ടോക്കോൾ എന്ന രീതിയിലാണിപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.  ഉദ്യോഗസ്ഥന്മാരുടേയും ജനപ്രതിനിധികളുടേയും Relative Hierarchy വിവരിക്കുന്ന രേഖയാണ്, പ്രോട്ടോക്കോള്‍. 

സിവിൽ സർവ്വീസ്‌ പരീക്ഷകളുടെ എല്ലാ കടമ്പകളും കടന്ന് അര്‍ഹിക്കുന്ന  അധികാരസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്, ഋഷിരാജ്‌ സിംഗ്‌. തനിക്ക് ലഭിച്ച എല്ലാ പദവികളിലും ശോഭിച്ച വ്യക്തിയും.  ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി എന്ന് നിസംശയം പറയാവുന്ന വ്യക്തി. മറ്റൊരു ഉദ്യോഗസ്ഥനും ഇതുപോലെ പൊതു ജനങ്ങളുടെ ആദരം പിടിച്ചു പറ്റിയ ചരിത്രം കേരളത്തില്‍ കേട്ടിട്ടില്ല. 

രാഷ്ട്രീയ ഗുരു ആയിരുന്ന കരുണാകരന്റെ സേവകനായി രാഷ്ട്രീയം ആരംഭിച്ച് എം എല്‍ എ യും മന്ത്രിയും എം പിയുമൊക്കെ  ആയി തീര്‍ന്ന വ്യക്തിയാണ്, രമേശ് ചെന്നിത്തല.  കരുണാകരന്റെ നല്ലകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാലു വാരി മറുകണ്ടം ചാടി വീണ്ടും സ്ഥാമാനങ്ങള്‍ നേടി എടുത്തു.  ഇപ്പോള്‍ ആഭ്യന്തര മന്ത്രി ആകാന്‍ വേണ്ടി നായര്‍ കാര്‍ഡിറക്കിയും കളിച്ച മാന്യ ദേഹം.  താക്കോല്‍ സ്ഥാനത്ത് നായരില്ലേ എന്ന് സുകുമാരന്‍  നായരേക്കൊണ്ട് പറയിപ്പിച്ച് താക്കോള്‍ സ്ഥാനമെന്ന ആഭ്യന്തര വകുപ്പ് നേടി എടുത്ത മഹാന്‍. ഇതുപോലെ ഉള്ള ഒരാളെ  ഋഷിരാജ്‌ സിംഗ്‌ അവഹേളിച്ചു എന്നാണിപ്പോള്‍ സംസാര വിഷയം. 

ഈ  നടന്ന സംഭവവും അതുണ്ടാക്കിയ പ്രതികരണങ്ങളും ചില ചിന്തകളിലേക്ക് വഴി വയ്ക്കുന്നു. ഏറ്റവും കുത്തഴിഞ്ഞ  രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകപ്പാണ്, കേരളത്തിലെ വൈദ്യുതി  വകുപ്പ്. അടിക്കടി വര്‍ദ്ധിപ്പിക്കുന്ന  നിരക്കും കൂടെക്കൂടെയുള്ള  പവര്‍ കട്ടും, നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന ഒരു മന്ത്രിയും. ഇവിടെയാണ്,  ഋഷിരാജ്‌ സിംഗ്‌ എന്ന് ഉദ്യോഗസ്ഥനെ വിജിലന്‍സ് ഓഫീസറായി നിയമിച്ചത്. അദ്ദേഹം പലരുടെയും  വെട്ടിപ്പുകള്‍  കണ്ടു പിടിച്ചു.  അതില്‍ ആള്‍ ദൈവങ്ങളുണ്ട്, മത സ്ഥാപനങ്ങളുണ്ട്, ജന പ്രതിനിധികള്‍  വരെ ഉണ്ട്. ഇവരൊന്നും വര്‍ഷങ്ങളായി ബില്ലടയ്ക്കുന്നില്ല. പലരും  വളഞ്ഞ വഴിയിലൂടെ വൈദ്യുതി മോഷ്ടിക്കുകയും ചെയ്യുന്നു. ഇത് പലതും  ഋഷിരാജ്‌ സിംഗ്‌ കണ്ടു പിടിച്ചു.  സ്വാഭാവികമയി അദ്ദേഹം  പലരുടെയും കണ്ണിലെ കരടായി.  വൈദ്യുതി  മോഷണങ്ങള്‍ കണ്ടെത്താനും തടയാനും പൊതുഖജനാവിന്റെ നഷ്ടം നികത്താനും ഋഷിരാജ്‌ സിംഗ്‌  നടപടി എടുത്തത് പലര്‍ക്കും സുഖിച്ചില്ല.  താന്‍ ചെയ്യുന്ന എല്ലാ ജോലികളും നിയമം  മുന്‍നിര്‍ത്തി ചെയ്യുക എന്നതാണ്,  സത്യസന്ധനായ ഈ ഉദ്യോഗസ്ഥന്റെ രീതി.  ഇത്  പൊതുജനം തലകുലുക്കി സമ്മതിക്കുന്ന വസ്തുതയാണ്.  ഇദ്ദേഹത്തെ കൂടെ ക്കൂടെ തസ്തിക മാറ്റി ആണ്, അധികാരി വര്‍ഗ്ഗം  പകരം വീട്ടിയത്. ഇപ്പോഴും മാറ്റി. അതില്‍ ചെന്നിത്തലക്കും പങ്കുണ്ട്. അതും ഒരു പക്ഷെ ഈ പ്രശ്നത്തിന്റെ ഇടക്കുണ്ടാകാം.  

 ഒരു ജന പ്രതിനിധിയെ ഒരു ഉദ്യോഗസ്ഥൻ ബഹുമാനിച്ചില്ല എന്ന ഒരു  വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സന്തോഷം തോന്നുന്നെങ്കിൽ അതിനൊരര്‍ത്ഥമേ ഉള്ളു.  ജനങ്ങൾക്ക്  ജന പ്രതിനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണതിന്റെ അര്‍ത്ഥം. 

മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.  എന്നെ ഋഷിരാജ്‌ സിംഗ്‌ അപമാനിച്ചതായി എനിക്ക് തോന്നിയില്ല. രമേശ് ചെന്നിത്തലയെ അപമാനിച്ചതായും തോന്നിയില്ല. കൊളോണിയല്‍ ഭരണത്തിന്റെ  Hang Over ല്‍ ഇപ്പോഴും ജീവിക്കുന്നവര്‍ക്ക് തോന്നുന്നുണ്ടാകാം.

ഋഷിരാജ്‌ സിംഗിനെ വിമര്‍ശിക്കാന്‍ സി പി എമ്മിലെ ഒരു വിഭാഗം മുന്നിലുണ്ട്. അതിന്റെ കാരണം മറ്റൊന്നാണ്. മൂന്നാര്‍ കയേറ്റം ഒഴിപ്പിക്കാന്‍ വി എസ് നിയോഗിച്ച മൂന്നു പൂച്ചകളില്‍ ഒരാളായിരുന്നല്ലോ അദ്ദേഹം. അപ്പോള്‍ പിന്നെ എന്തിര്‍ക്കാതെ വയ്യ. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചപ്പോള്‍ തോന്നാത്ത സങ്കടം ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തലയുടെ മുന്നില്‍ ഋഷിരാജ്‌ സിംഗ്  കുനിഞ്ഞില്ല എന്നതിലുള്ള ചീഞ്ഞഴുകിയ രാഷ്ട്രീയം തിരിച്ചറിയാതെ പോകരുത്. 

Friday, 10 July 2015

ഇന്നത്തെ ടോണിക്പണ്ട് മെഡിക്കല്‍ കോളേജില്‍  എം ബി ബി എസ് കഴിഞ്ഞ കാലം.  House Surgeoncy സമയത്ത് നടന്നിരുന്ന ഒരു കാര്യമാണു പറഞ്ഞു വരുന്നത്. അന്നൊക്കെ House Surgeonsനെ മാത്രം ലക്ഷ്യം വച്ച് മരുന്നു കമ്പനികള്‍ Medical Representatives കളെ നിയമിച്ചിരുന്നു. അദ്ധ്യാപകര്‍ക്കും മറ്റും വമ്പന്‍ സമ്മാനങ്ങള്‍ നല്‍കി അവരെ കയ്യിലെടുക്കുന്ന കൂടെ House Surgeon മാരെ കയ്യിലെടുക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ടവരായിരുന്നു ഈ Medical Representatives. അവര്‍ എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ കൊണ്ടു വന്നു തരും. ആദ്യമായി അതൊക്കെ കിട്ടുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. പ്രത്യുപകാരമായി സാധാരണ ചെയ്യാറുണ്ടായിരുന്നത് മലയാളികളുടെ ഒരു ചെറിയ ദൌര്‍ബല്യത്തെ ചൂക്ഷണം ചെയ്യലും. ഭൂരിഭാഗം രോഗികള്‍ക്കും ഒരു ടോണിക്ക് കൂടെ കിട്ടിയാല്‍ വലിയ സന്തോഷമാണ്. ചെറിയ അസുഖങ്ങളുമായി  OP യില്‍ വരുന്നവരെ സാധാരണ House Surgeon മാരാണു നോക്കാറുള്ളതും  ചികിത്സ നിശ്ചയിക്കുന്നതും. ഏകദേശം പകുതിയോളം House Surgeon മാര്‍ ഓരോ ദിവസവും ഏതെങ്കിലും  OP യില്‍ ഉണ്ടാകുമെന്നറിയുന്ന മരുന്നു കമ്പനികള്‍  ടോണിക് വിറ്റഴിക്കാന്‍ കയ്യിലെടുക്കുന്നത്  House Surgeonമാരെ തന്നെയായിരുന്നു. ഓരോ House Surgeonമാരും പത്തു രോഗികള്‍ക്ക് വീതം ഒരു ദിവസം  ടോണിക്ക് കുറിച്ചു കൊടുത്താല്‍ ഒരു മാസം അത് വലിയ Turn Over ഉണ്ടാക്കും.

ആ അവസ്ഥയില്‍ സാധാരണ ഞങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഒരു routine ഉണ്ടായിരുന്നു. ഒരു ദിവസം  എല്ലാ രോഗികള്‍ക്കും House Surgeon മാരുടെ വക ഒറ്റ ടോണിക് എന്ന ഒരു തീരുമാനത്തിലെത്തും. Mess ലെ ബോര്‍ഡില്‍ "ഇന്നത്തെ ടോണിക്" എന്ന തലക്കെട്ടില്‍ അതെഴുതിയും വയ്ക്കും. അങ്ങനെ അനേകം മരുന്നു കമ്പനികളെ അന്നൊക്കെ സഹായിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ടോണിക് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല എന്നു മനസിലായപ്പോള്‍ ടോണിക് കുറിക്കുന്നത് മുഴുവനായി നിറുത്തുകയും ചെയ്തു.

ഇപ്പോള്‍ ഈ കഥ ഓര്‍ക്കാന്‍ കാരണം  ഇന്‍ഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശന പ്രേമമാണ്. ഓരോ ദിവസവും ഉണരുമ്പോള്‍ ഇന്ന്  പോകേണ്ട വിദേശ രാജ്യം ഏതെന്നാണദ്ദേഹം ചിന്തിക്കുന്നതെന്നു തോന്നുന്നു. അധികാരമേറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും 20 ല്‍ അധികം വിദേശ രാജ്യങ്ങള്‍  അദ്ദേഹം സന്ദര്‍ശിച്ചു കഴിഞ്ഞു. നിത്യവും യോഗ ചെയ്യുന്നതുപോലെ വിദേശ സന്ദര്‍ശനവും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി  കഴിഞ്ഞു എന്നു തോന്നുന്നു. 12 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സാധിക്കാതിരുന്ന മോഹം സാക്ഷാത്കരിക്കുമ്പോലെ ആണിപ്പോള്‍ മോദിയുടെ ഒടുങ്ങാത്ത വിദേശ സന്ദര്‍ശനം. എന്താണദേഹം ലക്ഷ്യം വയ്ക്കുന്നതെന്ന്  നിശ്ചയമില്ല. വിദേശത്തു ചെന്ന് എന്തൊക്കെ പറഞ്ഞാലും  ഇന്‍ഡ്യയെ ഒരു മൂന്നാം ലോക ദരിദ്ര രാജ്യമായിട്ടാണ്, മറ്റുള്ളവര്‍ കരുതുക. ഇപ്പോള്‍ അതിന്റെ കൂടെ തീവ്ര ഹിന്ദുത്വ അഴിഞ്ഞാടുന്ന ന്യൂന പക്ഷ വിരുദ്ധ  രാജ്യമെന്ന പട്ടവും ചാര്‍ത്തി കിട്ടിയിട്ടുണ്ട്. ഈ ഹിന്ദു തീവ്രവാദികളെ നിലക്ക് നിറുത്താന്‍ ഇതു വരെ മോദി ഒനും ചെയ്തു കണ്ടില്ല. ലോകത്ത്  ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന ഇന്‍ഡ്യയില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി തോന്നുന്നുമില്ല. എല്ലാ അധികാരവും തന്നിലേക്ക്  കേന്ദ്രീകരിച്ച്, മറ്റ് മന്ത്രിമാരെ വെറും വിറകു വെട്ടികളും വെള്ളം കോരികളും ആക്കി അപഹാസ്യരാക്കുന്നു.

അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി ആയുധമാക്കി അധികാരത്തിലേറിയ വ്യക്തിയാണ്, മോദി. പക്ഷെ  അഴിമതിക്കാര്യത്തില്‍ ബി ജെപിക്കാര്‍ കോണ്‍ഗ്രസിനെ കടത്തി വെട്ടുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നതും.  ബി ജെ പി സര്‍ക്കാരുകളുടെ അനേകം അഴിമതികളുടെ കഥകളാണു ദിവസേന പുറത്തു വരുന്നത്. അതില്‍ രണ്ടെണ്ണം സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.

മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെട്ട Vyapam അഴിമതി ആണൊന്ന്. ഇതിലെ പ്രധാന വസ്തുത ഇതുമായി ബന്ധപ്പെട്ട അനേകം പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു എന്നതാണ്. ഇതൊരു പുതിയ സംഭവവികാസമാണ്. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഇതു വരെ ഉണ്ടാകാത്ത ഒന്ന്. ഇതിനു മുന്നെ നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ട ചില ഒറ്റപ്പെട്ട ദുരൂഹ മരണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ പേര്‍ മരിക്കുന്നത് ഇതാദ്യമാണ്. ഈ അഴിമതി മറ്റേത് അഴിമതിയേയും കടത്തിവെട്ടുന്നതാണ്, എന്നതിന്റെ സാക്ഷ്യപത്രമാണി സംഭവഗതികള്‍.

രണ്ടാമത്തേത് സുഷമ സ്വരാജ് ഉള്‍പ്പെട്ട ലളിത് മോദി വിവാദമാണ്. ഇന്‍ഡ്യയില്‍ സാമ്പതിക കുറ്റകൃത്യം നടത്തിയിട്ട് വിദേശത്തേക്ക് രക്ഷപ്പെട്ട ഒരു വ്യക്തിക്ക് ഇന്‍ഡ്യന്‍ വിദേശ കാര്യമന്ത്രി തന്നെ വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നു. രാജ്യ ദ്രോഹ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണിത്. ഇന്‍ഡ്യയില്‍ തടവില്‍ കഴിയുന്ന മദനി എന്ന Exതീവ്രവാദിക്ക്  ജാമ്യം പോലും നിഷേധിക്കണമെന്നു വാശിപിടിക്കുന്ന ബി ജെ പി യുടെ മന്ത്രിയാണു സുഷമ എന്നു കൂടെ ഓര്‍ക്കുക.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും  ​തമ്മില്‍ വ്യത്യാസമില്ല എന്നാണിപ്പോള്‍ ഇന്‍ഡ്യക്കാര്‍ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം. അതവരെ ഒരു തരത്തിലും  അലോസരപ്പെടുത്തുന്നില്ല എന്നതിന്റെ സാക്ഷ്യപത്രമാണ്, കേരളത്തിലെ അരുവിക്കര തെരഞ്ഞെടുപ്പു ഫലവും.

ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കുന്നില്ല എന്നത്  അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നാണദ്ദേഹത്തിന്റെ മനോഭാവമെന്നു തോന്നുന്നു. അതോ അദ്ദേഹത്തിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണോ?

റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയേപ്പറ്റി  കേട്ടിട്ടുണ്ട്.  ഇന്‍ഡ്യ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുമ്പോള്‍ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തി സായൂജ്യമടയുന്ന ഒരു പ്രധാനമന്ത്രി ഇന്‍ഡ്യയില്‍ ആദ്യമാണ്.

ഇന്ന് ലോകത്തുള്ള ഏറ്റവും മെച്ചപ്പെട്ട ഭരണ സംവിധാനം ജനധിപത്യമാണെന്നാണു പറയപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ചീഞ്ഞളിഞ്ഞ മുഖമാണിന്ന് ഇന്‍ഡ്യ. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തും ചെയ്യാം എന്ന അവസ്ഥയാണിവിടെ.

Thursday, 2 July 2015

ഒരു പ്രതിക്രിയവാദിയുടെ താത്വികമായ അവലോകനം

ഒരു പ്രതിക്രിയവാദിയുടെ താത്വികമായ അവലോകനം.
-----------------------------------------------------------------------------------

അരുവിക്കര തെരഞ്ഞെടുപ്പു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം വിജയിച്ചു.

തന്ത്രം തുടങ്ങിയത് മാണി ഇടതു മുന്നണിയിലേക്ക് ചാഞ്ചാടാന്‍ തുടങ്ങിയപ്പോഴായിരുന്നു. ബാര്‍ കോഴ കേസില്‍ മാണി കോഴ വാങ്ങി എന്ന ആരോപണം ഉണ്ടായപ്പോള്‍ തന്നെ ഉമ്മന്‍ തന്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. കേസെടുക്കാന്‍ തീരുമാനിച്ചു. മാണിയുടെ എടുത്തു ചാട്ടം അവസാനിപ്പിക്കാനുള്ള ഷോക്ക് ട്രീറ്റ്മെന്റ് മാത്രമായിരുന്നു കേസ്. മാണിക്കെതിരെ  കുറ്റപത്രം ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും കരുതിയിട്ടുണ്ടാകില്ല.

സോളാര്‍ വിഷയം മുതല്‍ അനേകം പ്രശ്നങ്ങളില്‍ ആടിയുലഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിടി വള്ളി ആയിരുന്നു ബാര്‍ കോഴ കേസ്. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം  എന്നു  പറഞ്ഞപോലെ മാണിയെ കുരുക്കിയിടുകയും, അതു വഴി അരുവിക്കര കടക്കുകയും ചെയ്യാം എന്നായിരുന്നു സൃഗാല ബുദ്ധിയിലെ കുതന്ത്രം. വോട്ടെടുപ്പു കഴിയും വരെ അഴിമതിക്കെതിരെ നിലകൊള്ളുന്നു എന്ന പ്രതീതി ഉണ്ടാക്കി. "സ്വന്തം മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ വരെ കേസെടുക്കുന്ന സത്യവാന്‍" ആണു താനെന്ന്  അരുവിക്കരയിലെ വോട്ടര്‍മാരെ പറഞ്ഞു പറ്റിച്ചു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ മാണിക്കെതിരെ തെളിവില്ല എന്നും പ്രഖ്യാപിച്ചു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്താന്‍ മുഖം മൂടി അണിഞ്ഞു നടന്ന ഉമ്മനെ വിശ്വസിച്ച കുറച്ച് അരുവിക്കരക്കാരെങ്കിലും  മണ്ടന്മാരായി.

തോറ്റ പാര്‍ട്ടിക്കാരില്‍ ബി ജെ പിക്കാര്‍ക്ക് പെരുത്ത് സന്തോഷമാണ്. പക്ഷെ സി പി എമ്മില്‍ നിരാശയും. നിരാശ പല രൂപത്തില്‍ പുറത്തു വരുന്നു.  "ഭരണ വിരുദ്ധ വോട്ടുകള്‍  ചിതറിപ്പോയതും,  കള്ളും പണവും ഒഴുക്കിയതു"മാണ്, തോല്‍ക്കാന്‍ കാരണമെന്ന്  കോടിയേരി. "61 % വോട്ടുകള്‍  യു ഡി എഫിന്, എതിരായിരുന്നു" എന്ന് കണക്കുകള്‍  സഹിതം തോമസ് ഐസക്ക്.പിണറായി വിജയന്റെ അഭിപ്രായമാണ്, യഥാര്‍ത്ഥത്തില്‍ ഞെട്ടലുണ്ടാക്കിയത്. "മിമിക്രി കാണാന്‍  കൂടുന്ന ആളുകള്‍ വോട്ടായി മാറില്ല"  എന്നത് ചക്കളത്തി പോരാട്ടാമായി തള്ളിക്കളയാം.  പക്ഷെ, """ദുര്‍ബല ജനവിഭാഗങ്ങളും നിര്‍ധനരായ പട്ടികജാതി വിഭാഗങ്ങളും മണ്ഡലത്തിലേറെയാണ്. ദുഷ്ടമനസ്സുകള്‍ക്ക് ഇത്തരക്കാരെ എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയാം. അതിനായി സ്വാഭാവിക ജനവിധി അട്ടിമറിക്കുന്ന സ്ഥിതിയാണുണ്ടായത് """എന്ന പ്രഖ്യാപനം ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്നും  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്തുകൊണ്ട് സി പി എം വിജയിച്ചില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം  വിജയന്‍ പറയുന്നതു തന്നെയാണ്. ദുര്‍ബലരും നിര്‍ധനരും ആയ ജന വിഭാഗങ്ങള്‍ ഇപ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുന്നില്ല. അവരെ അണിനിരത്താന്‍ വേണ്ടി അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സി പി എമ്മിന്റെ നേതാക്കള്‍ക്ക് സമയമില്ല. തന്റെ കാര്യ സാധ്യത്തിനായി സരിത എന്ന സംസ്കാര ശൂന്യയായ സ്ത്രീയും, കോഴ കൊടുത്തു എന്ന്  സ്വയം അവകാശപ്പെടുന്ന ഒരു മദ്യരാജാവും പറയുന്നത് കേട്ട് എടുത്ത് ചാടാനേ അവര്‍ക്ക് സമയമുള്ളു.

പണ്ടൊക്കെ കമ്യൂണിസ്റ്റുപാര്‍ട്ടി ദുര്‍ബലരുടെയും  നിര്‍ദ്ധനരുടെയുമൊക്കെ കൂടെ ആയിരുന്നു. അന്നൊക്കെ ദുര്‍ബലര്‍ക്കും നിര്‍ധനര്‍ക്കും ഉള്ള നിര്‍വചനവും വേറെ ആയിരുന്നു. ഉത്തരാധുനിക കാലഘട്ടത്തില്‍ ആ നിര്‍വചനം ആക്കെ മാറിപ്പോയി. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയ ശേഷം പാര്‍ട്ടി,  "ദുര്‍ബലരും നിര്‍ധനരും,പീഢിതരുമായ"  ഫാരിസ് അബൂബേക്കറിന്റെയും, സാന്റിയാഗോ മാര്‍ട്ടിന്റെയുയും, ലിസ് ചാക്കോയുടെയും, ചാക്കു രാധാകൃഷ്ണന്റെയുമൊക്കെ കൂടെ ആണ്.

എന്തുകൊണ്ട് ദുര്‍ബലരും നിര്‍ധനരും ഇന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നില്ല എന്ന് അന്വേഷിക്കാന്‍  ആര്‍ജ്ജവമുള്ള ഒരാളും ഇന്ന് സി പി എമ്മിലില്ല. അതിനു ശേഷി ഉണ്ടായിരുന്ന നേതാക്കളെ ഒക്കെ നിരനിര ആയി വെട്ടി നിരത്തി , അവഹേളിച്ചു, പീഢിപ്പിച്ചു, നിശബ്ദരാക്കി. പുറത്താക്കി, ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. എന്നിട്ട് പാര്‍ട്ടി കയ്യടക്കി വച്ചിരിക്കുന്ന ഒരു ലോബി ചെയ്തു കൂട്ടുന്ന കന്നം തിരിവുകളുടെ ഫലമാണിപ്പോള്‍ പാര്‍ട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മനം മടുത്ത് പലരും പാര്‍ട്ടി വിടുന്നു. നിര്‍ജീവമാകുന്നു. പക്ഷെ അതൊന്നും തിരിച്ചറിയാനോ പരിഹരിക്കാനോ വിജയന്‍ ഉള്‍പ്പടെയുള്ള ഒരു നേതാവിനും സമയമില്ല. താഴെ തട്ടിലുള്ള ജന വിഭാഗങ്ങള്‍ക്ക് കുറച്ചെങ്കിലും സ്വീകാര്യനായ വി എസിനെ ഒക്കെ ഇട്ട്  വട്ടു തട്ടുന്നതു കാണുന്ന സാധാരണക്കാര്‍ ഈ പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ല എന്ന് ഈ കശ്മലന്മാര്‍ക്ക് ഇനിയും മനസിലാകുന്നില്ല.

വിജയന്‍ വോട്ടര്‍ പട്ടിക വച്ച് കണക്കുകൂട്ടല്‍ നടത്തുമ്പോള്‍ ,ഉമ്മന്‍ ചാണ്ടി മലകയറി ആദിവാസികളുടെ കൂടെ കപ്പ തിന്നുകയായിരുന്നു. അവരെ എങ്ങനെ കയ്യിലെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതദ്ദേഹം ചെയ്തു. അവരെ കയ്യിലെടുക്കേണ്ടി ഇരുന്ന വിജയന്‍ കഴിഞ്ഞ 10 വര്‍ഷം  വി എസിനെ എങ്ങനെ പാര്‍ട്ടിയില്‍ നിന്നും കളയാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഒരു വേദിയിലും പ്രത്യക്ഷപ്പെടാതെ താഴെ തട്ടില്‍ വലിയ പ്രവര്‍ത്തനം നടത്തി ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകളൊക്കെ ഉറപ്പാക്കിയത് വിജയനാണെന്നാണു സംസാരം. വിജയനെ കൂടാതെ കണ്ണൂര്‍ ലോബി മുഴുവനും അരുവിക്കര ഏറ്റെടുത്തു. മണ്ഡലത്തിലെ പരിചയസമ്പന്നരായ നേതാക്കളെയും പ്രവര്‍ത്തകരെയും  തഴഞ്ഞു. വി എസ് അരുവിക്കര വഴി വരേണ്ട എന്ന് ആദ്യം തന്നെ  തീരുമാനിച്ചു. തീരുമാനം ദുരൂഹ കാരണങ്ങളാല്‍ പിന്നീട് മാറ്റിയെങ്കിലും, അതൊന്നും അരുവിക്കരയില്‍ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. ഒരു തെരഞ്ഞെടുപ്പു ജയിക്കാന്‍ പാര്‍ട്ടി വോട്ടുകള്‍  മാത്രം മതി എന്ന ധാര്‍ഷ്ട്യം കാരണം പാര്‍ട്ടി അനുഭാവി വോട്ടുകള്‍ ആരും ശ്രദ്ധിച്ചില്ല. അതൊക്കെ കൊണ്ടു വരാന്‍ ശേഷിയുള്ള പ്രാദേശിക നേതാക്കളെ അവഗണിക്കുകയും ചെയ്തു. കണ്ണൂരില്‍ കിടക്കുന്ന ഇ പി ജയരാജനും, പി ജയരാജനും, എം സ്വരാജുമൊക്കെ ചെന്ന് അരുവിക്കരയിലെ പാര്‍ട്ടി അംഗങ്ങളല്ലത്തവരോട്  വോട്ടു ചോദിച്ചാല്‍ ,  പോയി പണിനോക്കാന്‍ അവര്‍ പറയുമെന്ന് ഇവര്‍ക്കൊന്നും ഇതു വരെ മനസിലായിട്ടില്ല. ഇനി മനസിലാകാനും പോകുന്നില്ല.

ഒരു ഉപതെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി സി പി എം ഒലിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും നല്ല അടിത്തറ ഉണ്ട്. ദുര്‍ബലരും നിര്‍ധനരും പാര്‍ട്ടിയില്‍ നിന്നും അകന്നു പോയി എന്ന തിരിച്ചറിവ് വിജയനുണ്ടായത് ശുഭ സൂചന ആണ്. തിരിച്ചറിവുണ്ടായതുകൊണ്ടായില്ല. അവരെ എങ്ങനെ വീണ്ടും പാര്‍ട്ടിയോടടുപ്പിക്കാം എന്നതിലാണു കാര്യം. അതിനു പാര്‍ട്ടിയുടെ നയങ്ങളും സമീപനങ്ങളും  ലക്ഷ്യവും മാറണം. അതേറ്റെടുക്കാന്‍  ശേഷിയും തന്റേടവും ഉള്ള നേതൃത്വം പാര്‍ട്ടിക്കു വേണം. എങ്കില്‍ ഈ ജന വിഭാഗങ്ങള്‍ വീണ്ടും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കും.

ജനതാദളും ആര്‍ എസ് പിയും ഇടതു മുന്നണി വിട്ടു പോകാന്‍ കാരണം വിജയന്‍  എന്ന് ഒറ്റ ആളുടെ ധാര്‍ഷ്ട്യമാണ്. ആര്‍ എസ് പി കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അരുവിക്കരയിലെ ഫലം മറ്റൊന്നാകുമായിരുന്നു.