Saturday 21 March 2015

ധാര്‍മ്മികത അവിടെയും ഇവിടെയും 



ശ്രീ കെ എം മാണിക്ക് വിശേഷണങ്ങള്‍ അനവധിയുണ്ട്.
തുടര്‍ച്ചയായി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന വ്യക്തി. ഒരേ മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. അധ്വാന വര്‍ഗ്ഗ സിദ്ധാന്തം എന്ന പേരില്‍ ഒരു പുതിയ സാമ്പത്തിക ശാസ്ത്രം അവതരിപ്പിച്ച വ്യക്തി. സി പി എം  എന്ന പാര്‍ട്ടിയുടെ പ്ളീനത്തില്‍ വരെ വരവേല്‍ക്കപ്പെട്ട  വലതു പക്ഷ രാഷ്ട്രീയക്കാരന്‍. ഏറ്റവും കൂടുതല്‍ പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച മന്ത്രി. പതിമൂന്നാമത്തെ ബജറ്റ് ഒരു പതിമൂന്നാം തീയതി അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായ വ്യക്തി. പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ച് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കും നാണക്കേടിനും ഇടയാക്കിയ വ്യക്തി. പട്ടങ്ങള്‍ അങ്ങനെ നിരവധിയാണ്.

പതിമൂന്നാമത്തെ ബജറ്റ്  അവതരിപ്പിക്കാന്‍ പക്ഷെ മൂന്നു പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹത്തിനു വലിയ മനോവേദന ഉണ്ടാക്കിയതായി പത്രങ്ങളിലുടെ കേരളീയരോട് അദ്ദേഹം പരിഭവം പറയുകയും ചെയ്തു.

സാധാരണ മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നത് ഏതെങ്കിലും കാര്യസാധ്യത്തിനോ വിപത്തുകളില്‍ നിന്നും രക്ഷക്കോ ഒക്കെ ആണ്. മാണി ഇത്തവണ പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചത് ഇതു വരെ താന്‍ നടത്തിയ കള്ളത്തരങ്ങളൊക്കെ അതി സമര്‍ദ്ധമായി മറച്ചു പിടിക്കാന്‍ സഹായിച്ച ദൈവം ഇത്തവണയും   തന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ സഹായിക്കണേ എന്നായിരിക്കാം.അല്ലാതെ ദിവസങ്ങള്‍ക്ക് മുന്നെ തയ്യാറാക്കിയ സാമ്പത്തിക രേഖ നിയമസഭയില്‍ പോയി നിന്ന് വായിക്കാന്‍ പ്രത്യേക അനുഗ്രഹത്തിന്റെ ആവശ്യമൊന്നുമില്ല. ബാര്‍ അടയ്ക്കാനും തുറക്കാനും കോഴ വാങ്ങി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അസ്തമന വേളയില്‍ അകപ്പെട്ട നാണക്കേടില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണേ എന്നോ താന്‍ നടത്തിയ മറ്റ് കള്ളക്കളികള്‍ ആരും കണ്ടുപിടിക്കരുതേ എന്നോ ആയിരിക്കാം മാണി പ്രാര്‍ത്ഥികാന്‍ ഉദ്ദേശിച്ചിരിക്കുക. അല്ലാതെ ഒരു പേപ്പര്‍ വായിക്കാന്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഇന്ന് ബജറ്റ് അവതരിപ്പിക്കല്‍ ഒരു തമാശയാണ്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത ഉണ്ടായിരുന്ന കാലത്ത് ബജറ്റ് നിര്‍ദ്ദേശങ്ങളൊക്കെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. അതിന്റെ കാരണം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമ്മര്‍ദ്ധ ശക്തികള്‍ക്ക് മാറ്റിക്കാന്‍ അന്നൊന്നും സാധിച്ചിരുന്നില്ല എന്നതാണ്. പക്ഷെ  തങ്ങളെ ദോഷമായി ബാധിക്കുന്ന ഏത് നിര്‍ദ്ദേശങ്ങളും പണക്കൊഴുപ്പു കൊണ്ട് ആര്‍ക്കും മാറ്റിക്കാന്‍ സാധിക്കുന്ന ആസുരകാലമാണിപ്പോള്‍.  അപ്പോള്‍ രഹസ്യമായാലും പരസ്യമായാലും നടക്കേണ്ടതൊക്കെ നടക്കും.

മാണിയുടെ ഇത്തവണത്തെ ബജറ്റവതരണം മാദ്ധ്യമങ്ങളും ജനങ്ങളും ഒരുത്സവം പോലെ ആഘോഷിച്ചു. നിയമസഭയില്‍ അക്ഷാര്‍ത്ഥത്തില്‍ തന്നെ ഒരു യുദ്ധമുണ്ടായി. ഒരു ജന പ്രതിനിധി പിന്‍വാതിലൂടേ കള്ളനേപ്പോലെ പതുങ്ങി വന്ന്  മറ്റുള്ളവരുടെ കണ്ണു വെട്ടിച്ച് സുരക്ഷാഭാടന്മാരുടെ അകമ്പടിയോടെ രണ്ടുമൂന്നു വാചകങ്ങള്‍ വായിച്ച് എന്തോ മഹകാര്യം ​സാധിച്ചപോലെ ലഡ്ഡുവിതരണം ചെയ്ത് ആഘോഷിച്ചു. മറ്റ് ചില ജന പ്രതിനിധികള്‍ തെരുവു നായ്ക്കളേപ്പോലെ ഓരിയിട്ട് അതിനു താളം പിടിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെ തെറ്റായി ധരിച്ചു വച്ചിരിക്കുന്ന നിയമസഭയില്‍ സ്ത്രീപീഢനം വരെ നടന്നു.

ഇതൊക്കെ  കഴിഞ്ഞ് മാണി ഒരു പ്രസ്താവന നടത്തി. ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലും താന്‍ രാജി വയ്ക്കില്ല എന്നായിരുന്നു അത്. ധാര്‍മ്മികത എന്നോ നഷ്ടപ്പെട്ട ഒരു ആസുരലകാലത്ത്  മാണിയേപ്പോലെ ഒരാളില്‍ നിന്നും ധാര്‍മ്മിക പ്രതീക്ഷിക്കുന്നത് അതിമോഹമായിരിക്കും.

മാണി അംഗമായിരിക്കുന്ന കത്തോലിക്കാ സഭയിലെ ഒരു ആത്മീയ നേതാവുണ്ട് മറ്റൊരു രാജ്യത്ത്. അദ്ദേഹത്തിന്റെ പേരില്‍ ഒരാരോപണം ഉണ്ടായി. അദ്ദേഹം പൊതു മുതല്‍ മോഷ്ടിച്ചു എന്നോ കോഴ വാങ്ങി എന്നോ അല്ല. ലോകം മുഴുവന്‍ കത്തോലിക്കാ സഭക്ക് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവത്തോടനുബന്ധിച്ചാണത്. ഒരു പുരോഹിതന്‍  നടത്തിയ ബാല പീഢനത്തിന്റെ സത്യാവസ്ഥ മറച്ചു പിടിച്ചു എന്നാണാ ആരോപണം. അതുണ്ടായപ്പോള്‍ അദ്ദേഹം താന്‍ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്തു  നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

Statement from Archbishop Philip Wilson

 I intend to take some leave to consult with a wide range of people in response to the information I have received today. 

അതു കേട്ടാല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ തലയറഞ്ഞു ചിരിക്കും. മണ്ടനെന്ന് ആ പുരോഹിത ശ്രേഷ്ടനെ വിളിക്കും.

കേരള സംസ്ഥാന രാഷ്ട്രീയംഏറ്റവും  ജീർണിച്ച   അവസ്ഥയിൽ ആണിന്ന്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പടെ  അഞ്ചു മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ്‌ വകുപ്പ്‌  പരിശോധന പ്രഹസനം നടത്തുകയാണിപ്പോള്‍.  മാണിക്കും മറ്റ്‌ മൂന്നു മന്ത്രിമാർക്കുമെതിരെ "കേസ്‌ "രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.  ബാർ ഉടമകളിൽ നിന്ന്‌ പണം വാങ്ങിയെന്നും ബജറ്റ് വിറ്റ് പണം മേടിച്ചു എന്നുമുള്ള ആരോപണം നേരിടുന്ന  മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്യുകയാണ്‌. അത് കൂടുതല്‍ ശക്തി പ്രാപിക്കാനാണു സാധ്യത. പ്രത്യേകിച്ചും അടുത്തു തന്നെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അവസ്ഥയില്‍. ഇതിനു മുന്നെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള എല്ലാ സമരങ്ങളും ഒത്തു തീര്‍ത്ത് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന ആരോപണമുണ്ട്. പക്ഷെ ഈ സമരം കോടിയേരി ഒത്തു തീര്‍പ്പാക്കുമെന്ന് കരുതാന്‍ വയ്യ.

ഇത്രയേറെ മന്ത്രിമാർ അഴിമതി ആരോപണം നേരിട്ട ഒരു കാലഘട്ടം സംസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തവര്‍ക്ക്  മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുടെ സഹായം ലഭിച്ചിരുന്നു. പ്രതികൾ പരാതിപ്പെട്ടവർക്ക്‌ പണം തിരികെ നൽകി മിക്ക കേസുകളും ഒത്തുതീർപ്പാക്കി. ഇതുപോലെ കേസുകൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്‌ ചൂണ്ടിക്കാട്ടി അന്ന്‌ രാജിവെക്കാതിരുന്നതിനെ ഉമ്മന്‍ ചാണ്ടി ന്യായീകരിക്കുന്നു. കേസുകളൊക്കെ തേച്ചു മായിച്ചു കളഞ്ഞാല്‍ സ്റ്റാഫംഗങ്ങളുടെ അഴിമതികളുടെ  ധാർമ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാം എന്നാണ്, ഉമ്മന്‍ ചാണ്ടി കരുതുന്നത്.

 മാണി പണം ചോദിച്ചു വാങ്ങിയെന്ന്‌ പറഞ്ഞത്‌ രാഷ്ട്രീയ എതിരാളികളല്ല. ഒരു മദ്യ  വ്യവസായിയാണ്‌. മന്ത്രിക്ക്‌ കൊടുത്തെന്ന്‌ പറയപ്പെടുന്നതിനേക്കാളേറെ പണം ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അംഗങ്ങളിൽ നിന്ന്‌ പിരിച്ചതിനു തെളിവുണ്ട്. ഈ പണം  ആര്‍ക്കൊക്കെ നല്‍കി എന്നത് അന്വേഷണത്തിലൂടെ വെളിപ്പെടേണ്ട കാര്യമാണ്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്കെതിരെയും  ഉദ്യോഗസ്ഥർക്ക്‌ നീങ്ങാനാകില്ല. അതുകൊണ്ട് മാണി  മന്ത്രിസ്ഥാനം ​രാജിവെച്ച്‌ അന്വേഷണം നേരിടുന്നതാണു നല്ലത്‌. മാണി  പണം വാങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ ഭാരവാഹികള്‍ പറയുന്നു.

50 വര്‍ഷത്തെ  രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ്‌ മാണി അഴിമതി ആരോപണം നേരിടുന്നത്‌. അന്വേഷണോദ്യോഗസ്ഥർ മാണിയെ  ചോദ്യം ചെയ്യുന്നതിനു മുമ്പ്‌ ഉമ്മന്‍ ചണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്‌ ക്ലീൻ ചിറ്റ്‌ നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷെ ആദര്‍ശ ധീരനെന പട്ടം സ്വയം അണിഞ്ഞു നടക്കുന്ന വിം എം സുധീരന്‍ അത് ചെയ്തത് അത്ഭുതപ്പെടുത്തുന്ന സംഭവവികാസമാണ്. തന്റെ മുഖ്യ മന്ത്രി പദം നിലനിറുത്താന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി മാണിക്കെതിരെ വിജിലന്‍സിനേക്കൊണ്ട് കേസെടുപ്പിക്കും. എന്നിട്ട് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. സുധീരനും ആ വഴിയെ പോകുന്നത് ആശ്ചര്യത്തോടെയേ കണ്ടുനില്‍ക്കാന്‍ സാധിക്കുന്നുള്ളു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ സീറ്റാണോ സുധീരന്റെ ലക്ഷ്യമെന്ന് കാലം തെളിയിക്കും. പക്ഷെ മാണി ഒരു ബാധ്യത ആയി മാറുമെന്ന് സുധീരനും കോണ്‍ഗ്രസും മനസിലാക്കാന്‍ അധിക നാള്‍ വേണ്ടി വരില്ല.

 കെ എം മാണി ഇപ്പോള്‍ എത്തി നില്‍ക്കുന്ന അവസ്ഥയെ കാവ്യ നീതി എന്നു വിശേഷിപ്പിക്കാം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന കെ എം ജോര്‍ജിനെ പിന്നില്‍ നിന്നും കുത്തി പാര്‍ട്ടി പിളര്‍ത്തി നേതാവായ വ്യക്തിയാണദ്ദേഹം. ആ സംഭവം കെ എം ജോര്‍ജിന്റെ അകാല ചരമത്തില്‍ വരെ ചെന്നെത്തി. ചുണ്ടിനും കപ്പിനുമിടയില്‍ രണ്ടു പ്രാവശ്യം മാണിക്ക് കേരള മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടു. ഇപ്പോള്‍ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലത്ത് ഏറ്റവം ​വലിയ നാണക്കേടും പേറി ജീവിക്കേണ്ട ഗതികേടിലുമായി. ഇതൊക്കെ കാലം കരുതി വച്ചിരിക്കുന്ന തിരിച്ചടികളാണ്. അവസാനം മാണി ഒരു ബാലകൃഷ്ണപിള്ള ആയി മാറുന്ന കാഴ്ചയും കേരളം കാണേണ്ടി വരുന്ന ലക്ഷണമാണിപ്പോള്‍.


Tuesday 10 March 2015

ആര്‍ഷ ഭാരത സംസ്കാരം



ഇപ്പോഴും ഇന്‍ഡ്യയില്‍ മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരു Documentary ആണല്ലോ. ബി ബി സി പ്രക്ഷേപണം  ചെയ്ത ആ Documentary യിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്. 





ഡെല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാല്‍ സംഗം ചെയ്ത കൊലപ്പെടുത്തിയ ഒരു നീചന്റെയും അയാള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച വക്കീലിന്റെയും വാക്കുകളാണിതിലുള്ളത്. അവയ്ക്ക് പ്രത്യേക വിശദീകരണവും ആവശ്യമില്ല.

വിശദീകരണം ആവശ്യമുള്ളത് ഈ വാര്‍ത്താ ശകലത്തോട് ഇന്‍ഡ്യന്‍ സര്‍ക്കാരും ഇന്‍ഡ്യക്കാരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതി നിധികളും നീതിപീഠവും  പ്രതികരിച്ച രീതിയോടാണ്. ഈ Documentary ഇന്‍ഡ്യന്‍ സര്‍ക്കാരും ഇന്‍ഡ്യന്‍ നീതിപീഠവും നിരോധിച്ചു. അതിനൊരു കാരണമേ ഉള്ളു. ഇന്‍ഡ്യയിലെ നല്ല ഒരു ശതമാനം ആളുകളുടെ നിലപാടും ഈ നീചന്മാരുടെ നിലപാടുകളും ഒന്നാണ്. പെണ്‍കുട്ടികള്‍ അസമയത്ത് ഒറ്റക്ക് യാത്ര ചെയ്യുന്നതും, അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, ഇഷ്ടമുള്ളവരോടൊപ്പം അടുത്തിടപെടുന്നതും ഭാരതീയ സംസ്കാരത്തിനു യോചിച്ചതല്ല എന്നാണത്. ആര്‍ഷ ഭാരാത സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തിയും അത് പല പ്രാവശ്യം തെളിയിച്ചതാണ്.

മുകേഷ് ശര്‍മ്മയേപ്പോലെ ചിന്തിക്കുന്ന കോടിക്കണക്കിനു പുരുഷന്മാരും സ്ത്രീകളും ഇന്‍ഡ്യയിലുണ്ടെന്ന് ലോകം അറിയുന്നത് നാണക്കേടാണെന്ന് ഇപ്പോള്‍ അധികാരി വര്‍ഗ്ഗത്തിനു തോന്നുന്നുണ്ടാകണം. അതുകൊണ്ടാണ്, ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ  രണ്ടുപേരൊഴികെ എല്ലാ എം പി മാരും ഒറ്റക്കെട്ടായി ഈ Documentary ഇന്‍ഡ്യയില്‍ നിരോധിക്കണം എന്നാണാവശ്യപ്പെട്ടത്.

രോഗഗ്രസ്തമായ ഒരു സമൂഹമാണിന്ന് ഇന്‍ഡ്യ. ഈ രോഗം മൂടി വയ്ക്കാനാണ്, അധികാരികളും ജനപ്രതിനിധികളും നീതിപീഠവും ശ്രമിക്കുന്നത്. അത് ഭയപ്പടോടെയേ നോക്കിക്കാണാനാകുന്നുള്ളു.