Tuesday, 28 June 2016

പരിസ്ഥിതി തീവ്രവാദവും ശാസ്ത്ര തീവ്രവാദവും

പരിസ്ഥിതി തീവ്രവാദവും ശാസ്ത്ര തീവ്രവാദവും
----------------------------------------------------------------------------------------

പരിസ്ഥിതി തീവ്രവാദം എല്ലാവർക്കും സുപരിചിതമാണ്. പരിസ്ഥി  പറഞ്ഞു എല്ലാ  വികസന പ്രവർത്തനങ്ങളും  എതിർക്കുന്ന  വരട്ടു വാദമാണത്. പക്ഷെ  ശാസ്ത്ര തീവ്രവാദം എന്ന വാക്ക്  അധികം കേട്ടിരിക്കാൻ സാധ്യതയില്ല. എല്ലാറ്റിനും ഉത്തരവും പ്രതിവിധിയും ശാസ്ത്രമാണെന്നു പറയുന്ന ഒരു തരം വരട്ടു വാദമാണത്.

ഇപ്പോൾ ഇത് പറയാൻ കാരണം ഈ വേദികളിൽ നടക്കുന്ന സംവാദം തന്നെ. ജൈവ കൃഷി  പ്രോത്സാഹിപ്പിക്കും എന്ന്  കൃഷി മന്ത്രി പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് പലരും ശാസ്ത്ര തീവ്രവാദികളാകുന്നു. ജൈവ കൃഷി എന്നു കേൾക്കുമ്പോഴേക്കും ഈ തീവ്രവാദികൾക്ക് ഹാലിളകുന്നു. അതിന്റെ കാരണം മനസിലാകുന്നില്ല.

ഈ  വാദപ്രതിവാദങ്ങളുടെ കാരണം മാതൃഭൂമി ചാനലിൽ നടന്ന ഒരു സംവാദമാണ്.
http://mathrubhuminews.in/ee/Programs/Episode/27019/akam-puram-episode-1631/E

അതിൽ  ശ്രീ രവിചന്ദ്രനും ശ്രീ സുനിൽ കുമാറും തമ്മിൽ ചില വാക്കു തർക്കങ്ങളുണ്ടായി. തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ജൈവ കൃഷി നടത്തുമെന്ന് സുനിൽ കുമാർ പറഞ്ഞതായിരുന്നു രവിചന്ദ്രനെ പ്രകോപിപ്പിച്ചത്. ഇതുപോലെ എതിർക്കാൻ മാത്രം അരുതാത്തത് സുനിൽ കുമാർ പറഞ്ഞതായി തോന്നുന്നില്ല. പണ്ട് കാലത്ത് ആളുകൾ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നദ്ദേഹം പറഞ്ഞു. അതിശയോക്തി തട്ടിക്കിഴിച്ചാലും അതിൽ കാര്യമുണ്ട്. ജൈവ കൃഷി മാത്രം നടത്തിയിരുന്ന കാലത്ത് സാമ്പത്തിക ശേഷി ഉള്ളവർ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നാണദ്ദേഹം പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായത്. അത് ശരിയുമാണ്. സമ്പന്നരുടെ ജീവിത നിലവാരം ഉയർന്നതായിരുന്നു. പോക്ഷകഗുണമുള്ള ഭക്ഷണം അവർ കഴിച്ചിരുന്നു. ആരോഗ്യം സംരക്ഷിച്ചിരുന്നു. അതുകൊണ്ട് പകർച്ചവ്യാധികളൊന്നും അവരെ ബാധിച്ചിരുന്നില്ല. അപ്പോൾ മറ്റു  ഘടകങ്ങൾ അനുകൂലമാണെങ്കിൽ രാസ വളം ഇല്ലെങ്കിലും മനുഷ്യർക്ക് ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിച്ചിരിക്കാം. പട്ടിണി ഇല്ലാതായത് മാത്രമാണ് മനുഷ്യന്റെ ആയുസു വർദ്ധിപ്പിച്ചതെന്ന് പറയുന്നത് അതീവ ലളിതവത്കരണമാണ്.  ആരോഗ്യ രംഗത്തുണ്ടായ  നേട്ടങ്ങളാണ് മനുഷ്യന്റെ ആയുസു വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ളത്.

രവിചന്ദ്രൻ തികച്ചും അസാംഗത്യമായ ഒരു കാര്യം ഈ ചർച്ചയിൽ കൊണ്ട് വന്നു. അത് ബംഗാൾ ക്ഷാമമാണ്. ജൈവ കൃഷി നടത്തിയ കാലത്ത് ക്ഷാമമുണ്ടായി പട്ടിണി മൂലം മനുഷ്യർ മരിച്ചു എന്നു സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു അത് വലിച്ച് കൊണ്ട് വന്നത്. ഭക്ഷണമില്ലെങ്കിൽ മനുഷ്യർ മാത്രമല്ല. എല്ലാ ജീവജാലങ്ങളും മരിക്കും. പക്ഷെ ബംഗാൾ ക്ഷാമത്തിന്റെ പ്രധാന കാരണം ഭക്ഷണം ഇല്ലായ്മയല്ല. കൃത്രിമം ആയിട്ടുണ്ടാക്കിയ ക്ഷമമായിരുന്നു. ഇന്ത്യയിൽ ഇന്ന് എല്ലാ ഇന്ത്യ ക്കാരെയും തീറ്റിപോറ്റാനുള്ള ധാന്യം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ പട്ടിണി മൂലം മനുഷ്യർ കഷ്ടപ്പെടുന്നു. പലരും മരിക്കുന്നു. ലോകത്ത് തന്നെ ആവശ്യമുള്ളതിനേക്കാൾ പല മടങ്ങ് ഭഷണപദാർതഥങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ പല കോണുകളിലും മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു.

രാസവളകൃഷി കൊണ്ട് മനുഷ്യരെ മരണത്തിൽ നിന്നും രക്ഷിച്ചു എന്നതിന്റെ മറുവശമാണ് ഹിരോഷിമയും നാഗസാക്കിയും. രണ്ട് വർഷം കൊണ്ട് ബംഗാൾ ക്ഷാമം 10  ലക്ഷം  പേരെ കൊന്നെങ്കിൽ, ഒറ്റനിമിഷം കൊണ്ട് ശാസ്ത്രം ഒരു ലക്ഷം പേരെ വകവരുത്തി.

ഇത്രയും ആമുഖമായി  പറഞ്ഞത് രാസ/ജൈവ വളങ്ങളെക്കുറിച്ച് പറഞ്ഞു പരത്തുന്ന അടിസ്ഥാനമില്ലാത്ത തർക്കങ്ങളിലേക്ക് വരാൻ വേണ്ടി ആയിരുന്നു. ഈ പേരുകൾ തന്നെ അസ്ഥാനത്താണ്. ഏത് വളത്തിൽ  നിന്നായാലും മൂലകങ്ങൾ എന്ന രാസവസ്തുക്കൾ ആണ് ചെടികൾ വളരാൻ വലിച്ചെടുക്കുന്നത്. ഈ പദങ്ങളെക്കാൾ യോജിക്കുക, പ്രകൃതി വളം /കൃത്രിമ വളം എന്നീ  പേരുകളാണ്. രാസവളമെന്നു വിളിക്കുന്നതൊക്കെ കൃത്രിമയായി ഉണ്ടാക്കി എടുക്കുന്നു. ജൈവവളമെന്നു വിളിക്കുന്നത് പ്രകൃതിയിൽ ഉള്ള വസ്‌തുക്കളിൽ നിന്നും ഉണ്ടാക്കി എടുക്കുന്നു.

എന്താണ് ജൈവവളമെന്നും രാസവളമെന്നും പറയുന്നതിന് മുന്നേ എന്താണ് വളമെന്നു നോക്കാം. ചെടികൾക്ക് വളരാൻ വേണ്ട പോക്ഷകമുലകങ്ങളാണ് വളം. രാസ വളത്തിൽ  ആയാലും ജൈവ വളത്തിൽ ആയാലും ചെടികൾ ഈ മുലകങ്ങളെയാണ് വലിച്ചെടുത്ത് വളരുന്നത്. ജൈവവളത്തിലെ പത്തുകിലോയിൽ നിന്നും ലഭിക്കുന്ന മൂലകങ്ങൾ രാസവളത്തിലെ ഒരു കിലോയിൽ നിന്നും ലഭിക്കുന്നു. അത്രയേ ഉള്ളു  വ്യത്യാസം.

പ്രകൃതി വളം എന്നു പറഞ്ഞാൽ ഏറ്റവും കുറച്ച് സംസ്കരണം വഴി ഉണ്ടാക്കി എടുക്കുന്ന വളം എന്നേ അർത്ഥമുള്ളൂ. പോക്ഷകങ്ങൾ അതിന്റെ തനതായ പ്രകൃതി ദത്തമായ അവസ്ഥയിൽ ഇരിക്കുന്നു. എന്നു വച്ചാൽ അതിനെ ശുദ്ധികരിച്ചോ സംസ്കരിച്ചോ എടുക്കുന്നില്ല എന്നർത്ഥം. അവ സാധാരണ ജൈവ വസ്തുക്കളിൽ നിന്നും ഉണ്ടാക്കുന്നു. മൃഗങ്ങളുടെയും ചെടികളുടെയും അവശിഷ്ടങ്ങളിൽ നിന്ന് . ചാണകം  കമ്പോസ്ററ്,  എല്ലുപൊടി, മീൻ  വളം , ചവറ് തുടങ്ങിയവ ഈ  ഗണത്തിൽ വരും. ഇവ ഫാക്ടറികളിലോ കൃഷിയിടങ്ങളിലോ നിർമ്മിക്കാം.

പ്രകൃതി വള ങ്ങൾക്ക് ചില ഗുണങ്ങളുണ്ട്. പോക്ഷകം ലഭ്യമാക്കും എന്നതിന് പുറമെ മണ്ണിന്റെ ഘടന സംരക്ഷിക്കും, ജലം പിടിച്ചുവയ്ക്കാൻ സഹായിക്കും. കാലം ചെല്ലുന്തോറും മണ്ണിനെയും ചെടികളെയും ആരോഗ്യകരമാക്കും. ചെടികൾക്കും മണ്ണിനും ദോഷമുണ്ടാക്കുന്ന അമിത വളം എന്ന പ്രശ്നമില്ല. വിഷവസ്തുക്കളുടെ ദൂഷ്യവും  ഇല്ല.  പ്രകൃതിയോടിണങ്ങുന്നതും എളുപ്പം അലിഞ്ഞു ചേരുന്നതും ആണ്.
ഈ വളത്തിന്റെ പോരായ്മ എന്നു പറയാവുന്നത് വളരെ സാവധാനം പോക്ഷകങ്ങൾ ലഭ്യമാക്കുന്നു എന്നതാണ്.ഒന്നോ രണ്ടോ വിളകൊണ്ട് ഉദ്ദേശിക്കുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല. ക്ഷമ വേണം.

കൃത്രിമ വളം രാസവസ്തുക്കൾ ശുദ്ധികരിച്ച് കൃത്രിമമായി നിർമ്മിക്കുന്നവയാണ്. പ്രധാനമായതും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്ന്. വളരെ കുറച്ച് അല്ലാതെയും നിർമിക്കുന്നു. ഇതിൽ മൂലകങ്ങളെ അതിന്റെ ഏറ്റവും നിർമ്മലമായ(pure)  അവസ്ഥയിൽ കാണാം. പക്ഷെ അതിൽ ഒരപകടം പതിയിരിക്കുന്നുണ്ട്. ഇങ്ങനെ സൂക്ഷിക്കണമെങ്കിൽ കെമിക്കൽ ഫില്ലേഴ്‌സ്(chemical fillers )  എന്നു പറയുന്ന മറ്റു  ചില രാസവസ്തുക്കൾ കൂടെ  വേണം. ഈ വളം ഇട്ടാൽ ഫലം പെട്ടെന്ന് കിട്ടും. കൂടെ മണ്ണിൽ ഈ ഫില്ലേഴ്‌സ് വലിയ ദൂഷ്യങ്ങളും  ഉണ്ടാക്കും.

കൃത്രിമ വളത്തിൽ പോക്ഷകങ്ങൾ അതിന്റെ ഏറ്റവും നല്ല അനുപാദത്തിൽ ഉള്ളതുകൊണ്ട് ഫലം പെട്ടെന്നു ലഭ്യമാണ്. വില കുറവും ആയിരിക്കും. പക്ഷെ ദോഷങ്ങൾ അനേകമുണ്ട്. മണ്ണ് സംരക്ഷിക്കാൻ ഉള്ള ഒന്നും ഇതിൽ ഇല്ല. ഫി ല്ലേ ഴ്സ് മണ്ണിന്റെ സ്വാഭാവികത നശിപ്പിക്കും. സൂക്ഷ്മാണുക്കളെ നശിപ്പിക്കും. ദീർ ഘ കാലാടിസ്ഥാനത്തിൽ മണ്ണ് അനാരോഗ്യകരമായ തീരും. അമിതവളപ്രയോഗത്തിലേക്ക് നയിച്ച് ചെടികളെ ഇല്ലാതാക്കും. പ്രാകൃതിക സന്തുലിതാവസ്ഥ തകിടം  മറിക്കും . കൂടുതൽ ആയി ഉപയോഗിച്ചാൽ വിഷാശങ്ങളുടെ തോത് കൂടും. പരിസ്ഥിതി മലിനീകരണം ഉണ്ടാകും. മണ്ണിന്റെ അമ്ലതക്ക് മാറ്റം  വരും. കീടാണു  ബാധ കൂടും.

മലിനീകരണമില്ലാത്ത ഒറ്റ ജല സ്രോതസും ഇന്ന് കേരളത്തിൽ ഇല്ല. തെരഞ്ഞെടുക്കേണ്ടത് നമ്മളാണ്. പെട്ടെന്ന് ലാഭമുണ്ടാക്കുന്ന രീതിയാണോ നല്ലത്, അതോ ദീർഘ കാല അടിസ്ഥാനത്തിൽ ദോഷം വരാത്ത രീതിയാണോ നല്ലത്?


പട്ടിണി മാറ്റാൻ കൃത്രിമ വളപ്രയോഗം വലിയ അളവിൽ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇന്ന് കേരളത്തിൽ പട്ടിണി ഇല്ല. പക്ഷെ പ്രകൃതി ആകെ നശിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനു തട  ഇടേണ്ട തല്ലേ ?