Sunday 26 January 2014

ചില ജനാധിപത്യചിന്തകള്‍ 


ഇന്‍ഡ്യ ഇന്നലെ   റിപബ്ളിക് ദിനം ആഘോഷിച്ചു.  ജനാധിപത്യത്തിന്റെ പ്രസക്തിയേക്കുറിച്ചുള്ള ചില ചിന്തകളാണിവിടെ. അതിനു മുന്നെ രണ്ട് വാര്‍ത്തകള്‍ പരാമര്‍ശിക്കാം.

ആദ്യത്തേത് ഇതാണ്.

ദമ്പതികളെയും കുഞ്ഞിനെയും നടുറോഡില്‍ മര്‍ദിച്ച ഉന്നതന്റെ മകനെ രക്ഷിക്കാന്‍ നീക്കം

ഇതാണു രണ്ടാമത്തെ വാര്‍ത്ത.

SA Supreme Court Justice Anne Bampton fined after hitting cyclist while drink driving

 ഇന്‍ഡ്യയില്‍ മദ്യപിച്ചു വാഹനമോടിക്കുകയും നടുറോഡില്‍ അക്രമണം നടത്തുകയും ചെയ്‌ത  വ്യക്തി കേരളത്തിലെ ചീഫ്‌ വിപ്പ്‌ എന്ന വെറും ആലങ്കാരിക പദവി മാത്രമുള്ള പി.സി. ജോര്‍ജിന്റെ സ്‌പെഷല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുടെ  മകനാണ്. അതുകൊണ്ട് പരാതി പിന്‍വലിക്കാന്‍ കേരള പോലീസ് ആവശ്യപ്പെടുന്നു. ഓസ്ട്രേലിയയില്‍ മദ്യപിച്ച് വാഹനമോടിച്ച് ഒരു സൈക്കിള്‍ യാത്രികയെ ഇടിച്ച വ്യക്തി അവിടത്തെ  സുപ്രീം കോടതി ജഡ്ജി ആണ്. എന്നിട്ടും പോലീസ്  കേസെടുക്കുകയും അവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

ജനാധിപത്യത്തിന്റെ രണ്ടു മുഖങ്ങളാണീ രണ്ടു സംഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ജനാധിപത്യ രാജ്യമായിരുന്നിട്ടും നിയമം ബാധകമല്ലാത്ത ഒരു വരേണ്യ വര്‍ഗ്ഗം ഇന്‍ഡ്യയിലുണ്ട് എന്നാണിത് തെളിയിക്കുന്നത്.

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നറിയപ്പെടുന്നു. അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നും അറിയപ്പെടുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയാണ്, ജനാധിപത്യം.  പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണു ഭരിക്കുന്നത്. ഇതിന്റെ ശരിക്കുള്ള വ്യാഖ്യാനം  ജനപ്രതിനിധികളില്‍ ഭൂരിഭാഗം പേരും അനുകൂലിക്കുന്ന ഒരു കാര്യം നടപ്പില്‍ വരണമെന്നാണ്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ഇതു പോലും പലപ്പോഴും മാനിക്കപ്പെടുന്നില്ല.

കേരളത്തിലെ ആറന്‍മുള വിമാത്താവള വിഷയത്തില്‍ നടന്നത് അതാണ്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്, വസ്തുതകള്‍ മറച്ചു വച്ച്, അധികാരികളെ തെറ്റിദ്ധരിപ്പിച്ച്, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണീ വിമനത്താവളത്തിനനുമതി നേടി എടുത്തിരിക്കുന്നത്. നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എ മാരും എതിര്‍ത്തിട്ടും കേരള കേന്ദ്ര സര്‍ക്കാരുകള്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നു. കേരള മുഖ്യമന്ത്രി വാശിയോടെ ഇത് നടപ്പിലാക്കുമെന്നു നിര്‍ബന്ധം പിടിക്കുന്നു. ജനാധിപത്യത്തെ നോക്കു കുത്തിയാക്കുന്നതിന്റെ ഒരുദാഹരണമാണിത്.

ഇനി ഇന്‍ഡ്യയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന ആവശ്യമില്ലാത്ത വ്യക്തികളുടെ ലിസ്റ്റ് ഒന്നു നോക്കുക. ഇതിലെ അവസാന പേര്,  റോബര്‍ട്ട് വാദ്ര എന്നാണ്.




രാജഭരണ കാലത്ത് രാജ കുടുംബാങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. ജനാധിപത്യ ഇന്‍ഡ്യയിലെ രാജകുടുംബം എന്നു വിശേഷിപ്പിക്കാവുന്ന നെഹ്രു ഗാന്ധി കുടുംബത്തിലെ അംഗമായതുകൊണ്ടാണ്, റോബര്‍ട്ട് വദ്രക്ക് ഈ അവകാശം പതിച്ചു നല്‍കിയിരിക്കുന്നത്.  ചീഞ്ഞു നാറുന്ന ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഒരു മുഖമാണിത്.

ഇന്‍ഡ്യന്‍ ജനാധിപത്യം പരാജയപ്പെടുന്നുണ്ടോ?  ജനാധിപത്യത്തില്‍ നിയമം എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ ബാധകമാണെങ്കിലും ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ അങ്ങനെയല്ല. മാത്രമല്ല ഇവിടെ സാധാരണ ജനതയുടെ കടമ കുറച്ചു പേരെ ഭരിക്കാന്‍ തെരഞ്ഞെടുക്കുക എന്നതില്‍ അവസാനിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്ന ഏത് അണ്ടനെയും അടകോടനെയും തെരഞ്ഞെടുക്കുക എന്നതാണവരുടെ ദുര്യോഗം. സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഒരു ഭരണം ഇന്നു വരെ ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. തങ്ങളുടെ പ്രതിനിധി ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഇന്നു വരെ  ഇന്‍ഡ്യയിലെ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചിട്ടില്ല. അടച്ചിട്ട എ സി മുറികളിരുന്ന് കുറച്ച് നേതാക്കളാണതു തീരുമാനിക്കുന്നത്. ഈ തീരുമാനത്തിനു അംഗീകാരം കൊടുക്കുക എന്നതാണ്, ശരാശരി പൌരന്റെ കടമ. അതു കഴിഞ്ഞല്‍ ഈ പൌരാന്‍മാരുടെ ജീവിതം പരമാവധി ദുഷ്കരമാക്കുക എന്നതാണ്, ഭരിക്കുന്നവരുടെ വിനോദം. അതുകൊണ്ടാണ്, ഭൂരിഭാഗം പേരും എതിര്‍ക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും എടുക്കുന്നതും.

ശാസ്ത്ര സാങ്കേതിക  രംഗങ്ങളില്‍  ഇന്‍ഡ്യ വന്‍ കുതിപ്പുകള്‍  നടത്തിയപ്പോഴും മറ്റൊരു നഗ്ന സത്യം  ​നമ്മേ തുറിച്ചു നോക്കുന്നു. ഭരണം ഇന്‍ഡ്യക്കാരുടെ കയ്യില്‍ കിട്ടിയിട്ട് 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും  ജനതയുടെ 40% ദാരിദ്ര്യരേഖക്കു താഴെയാണു ജീവിക്കുന്നത്. മറ്റൊരു 40% പാവപ്പെട്ടവരുമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കടമ മറക്കുന്നു എന്നതിന്റെ തെളിവാണത്.

കേരളത്തില്‍ ഇന്ന് സഞ്ചാര യോഗ്യമായി 10 ശതമാനത്തില്‍ താഴെ മാത്രമേ റോഡുകളുള്ളു.  ഒരു വാഹനം വാങ്ങുമ്പോള്‍ ഒരാളില്‍ നിന്നും 40,000 രൂപയാണ്‌ റോഡ്‌ ടാക്‌സ്‌ ഇനത്തില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്‌. എന്നിട്ടും കുണ്ടും കുഴിയും ഇല്ലാത്ത റോഡ്‌ നിര്‍മിക്കാനോ നിലനിര്‍ത്താനോ ഭരണാധികാരികള്‍ക്ക്‌ കഴിയുന്നില്ല. മാത്രമല്ല ഇപ്പോൾ കേരളത്തിൽ  100 മീറ്റര്‍ വീതിയില്‍  മറ്റൊരു റോഡുകൂടെ നിര്‍മ്മിക്കാനാണ്, മന്ത്രിമാരും ഉദ്യോഗസ്ഥരും തുനിയുന്നത്. നിത്യേന കേരളത്തില്‍ ഉണ്ടാകുന്ന  വാഹനാപകടങ്ങളുടെ ഒരു കാരണം റോഡിലെ കുണ്ടും കുഴിയുമാണ്‌. നിലവിലുള്ള റോഡുകള്‍ എങ്ങനെ കിടന്നാലും പുതിയ റോഡുണ്ടാക്കലാണു വികസനം എന്ന തെറ്റായ കാഴ്ച്ചപ്പാടാണിതിനു പിന്നില്‍.

വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചു കഴിഞ്ഞു.  വിപണിയില്‍ ഇടപെട്ട്‌ വില നിയന്ത്രിക്കാനോ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക്‌ എതിരെ നടപടി എടുക്കാനോ ഭരണാധികാരികള്‍ക്ക്‌ സമയമോ ആഗ്രഹമോ ഇല്ല.
കൊടുംവരള്‍ച്ചയിലും കാലവര്‍ഷക്കെടുതിയിലും ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഭക്ഷ്യസാധനങ്ങള്‍ക്ക്‌ പൂര്‍ണമായും ഇതര സംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ്‌ കേരളം. ഭരണകൂടവും പ്രതിപക്ഷവും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. പേരിനു ചില പ്രതിഷേധങ്ങള്‍ നടത്തി പ്രതിപക്ഷം കടമ അവസാനിപ്പിക്കുന്നു. സമര നാടകങ്ങള്‍ നടത്തി അടുത്ത തെരഞ്ഞെടുപ്പില്‍  വോട്ടു നേടുക എന്നതിനപ്പുറം ഇവര്‍ക്ക് ഉദ്ദേശ്യമില്ല.

കഴിഞ്ഞ കുറെ കാലമായി കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത   സോളാര്‍ തട്ടിപ്പും സരിതയുമായിരുന്നു.  ഇത്‌ കേരളത്തിലെ സമ്പദ്‌വ്യവസ്‌ഥയെയോ ജനജീവിതത്തെയോ സാരമായി ബാധിക്കുന്ന പ്രശ്‌നമല്ല. എന്നിട്ടും, അതിന്റെ പേരില്‍ പ്രതിപക്ഷം ചില സമര നാടകങ്ങള്‍ നടത്തി കോലാഹലം ഉണ്ടാക്കി പിന്‍മാറി.  ഇവിടെ ജനകീയ പ്രശ്‌നങ്ങള്‍ എല്ലാവരും മറക്കുന്നു. എങ്ങിനെയും മുഖ്യമന്ത്രിയെ താഴെയിറക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ അജന്‍ഡ. മുഖ്യമന്ത്രിയാവട്ടെ എന്തുവന്നാലും രാജിവയ്‌ക്കില്ല എന്ന വാശിയിലും. താന്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്‌ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന്‌ മുഖ്യമന്ത്രി പറയുന്നു.

ജനാധിപത്യ നാടകം ആടുന്ന കേരളത്തിലെ രണ്ടു നേതാക്കളാണ്, ബാല കൃഷ്ണ പിള്ളയും രമേശ് ചെന്നിത്തലയും. ഗണേശനെ മന്ത്രി സ്ഥാനത്തു നിന്നും ഇറക്കാന്‍ പതിനെട്ടടവും പയറ്റിയ പിള്ള ഇപ്പോള്‍, ഗണേശനെ മന്ത്രി ആക്കാന്‍ വേണ്ടി സകല വാതിലുകളും മുട്ടുന്നു. എന്തു വന്നാലും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ല എന്ന് നൂറവട്ടമെങ്കിലും ആവര്‍ത്തിച്ച രമേശന്‍, ഇപ്പോള്‍ ആഭ്യന്തര വകുപ്പു മന്ത്രി ആണ്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ജീര്‍ണ്ണിച്ച രണ്ടു മുഖങ്ങളാണിവര്‍  രണ്ടു പേരും. രമേശന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് എത്ര തവണയാണ്, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും  നികുതി ദായകരുടെ പണം ചെലവഴിച്ച് ഡെല്‍ഹിലേക്കു പോയത്?

ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന വി.എം. സുധീരന്‍  സോളാര്‍ വിഷയത്തെക്കുറിച്ച്‌  ഒരക്ഷരം പ്രതികരിച്ചില്ല. കോണ്‍ഗ്രസുകാര്‍ക്ക്  പങ്കില്ലാത്ത റ്റി പി വധക്കേസ് സി ബി ഐക്ക് വിടണമെന്നു പറയാന്‍ അദ്ദേഹം മറന്നില്ല എന്നോര്‍ക്കുക. ഹൈക്കമാന്‍ഡിനെ വെറുപ്പിച്ച്‌ ഭാവിയില്‍ ലഭിച്ചേക്കാവുന്ന പി.സി.സി പ്രസിഡന്റ്‌ പദവി ഇല്ലാതാക്കാന്‍ അദ്ദേഹത്തിനും മനസു വരുന്നില്ല.

ഇനി കേന്ദ്രത്തിലെ അവസ്ഥ നോക്കാം. ആദര്‍ശത്തിന്റെ പേരില്‍ ഇന്ദിരാഗാന്ധിയോടു വരെ കലഹിച്ച പാരമ്പര്യമുള്ള ആന്റണി, ടുജി സ്‌പെക്‌ട്രം മുതല്‍ സോളാര്‍ വരെ അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രസ്‌ഥാനത്തിന്റെ പ്രതിനിധിയായി നിശബ്‌ദം ഇരിക്കുന്നു. ഖജനാവിലേക്ക് വരേണ്ട ലക്ഷക്കണക്കിനു കോടി രൂപാ നഷ്ടപ്പെടുന്നതില്‍ അദ്ദേഹത്തിനു യാതൊരു വേവലാതിയുമില്ല. ഇല്ലാത്ത നഷ്ടം കാണിച്ച് എണ്ണക്കമ്പനികള്‍ തോന്നുമ്പോലെ  എണ്ണ വില കൂട്ടുന്നതില്‍ അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടും ഇല്ല. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്ന ഒരു ഭരണാധികാരിയും ഇതുപോലെ ചെയ്യില്ല.

ഇവരില്‍ ആര്‍ക്കാണ്‌ ആത്മാര്‍ഥത ഉള്ളത്‌? സാധാരണക്കാരന്റെ ഹൃദയസ്‌പന്ദനമായിട്ടാണ്,  ഇടതുപക്ഷം അറിയപ്പെടുന്നത്. പക്ഷെ അവര്‍  നടത്തുന്ന സമരത്തിന്റെ കാരണം,  ജനകീയ പ്രശ്‌നങ്ങളല്ല. സോളാര്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണം എന്നതാണ്‌ ആവശ്യം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരമുറകള്‍ അവലംബിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും തുറന്നെതിര്‍ക്കാന്‍ ഇടതുപക്ഷത്തിനു ധൈര്യം ഇല്ല. അതിന്റെ കാരണം ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട പല കേസുകളിലും അന്വേഷണം നടത്തേണ്ടതു കേന്ദ്രസര്‍ക്കാരിന്‌ കീഴിലുള്ള സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയാണ്‌.  

നിയമങ്ങള്‍ സാധാരണക്കാരനു വേണ്ടി മാത്രമായിരിക്കുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളക്ക്  മാരക രോഗമുണ്ടെന്ന കള്ളം പറഞ്ഞ് ആശുപത്രിയില്‍ സുഖവാസം തരപ്പെടുത്തി കൊടുത്തു ഉമ്മന്‍ ചാണ്ടി. തട്ടിപ്പു കേസിലെ പ്രതി ആയ സരിതക്ക്  ജയിലിലും വി.ഐ.പി പരിഗണന. ഫാഷന്‍ പരേടില്‍ എന്ന പോലെ ഇവര്‍ സാരികള്‍ മാറി മാറി ഉടുത്തൊരുങ്ങി നടക്കുന്നു.  മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെയുള്ളവര്‍ തട്ടിപ്പുകള്‍ നടത്തുന്നു. ഭരണകൂടം അവരെ സംരക്ഷിക്കാന്‍ അഡ്വക്കേറ്റ്‌ ജനറലിനെ വരെ ഉപയോഗിക്കുന്നു. ചില ശുംഭന്‍  ജഡ്ജിമാര്‍ ഇതൊക്കെ ഒരു നേരമ്പോക്കു പോലെ ആസ്വദിച്ച് എങ്ങും തൊടാതെ ചില പരാമര്‍ശങ്ങള്‍ നടത്തി, യഥാര്‍ത്ഥ തട്ടിപ്പുകാരെ രക്ഷപ്പെടുത്തുന്നു.

 ഭരണ പക്ഷവും പ്രതിപക്ഷവും കൂടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. അവർ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നു.  അതിന്റെ മറ്റൊരര്‍ത്ഥം ഇന്നത്തെ വ്യവസ്ഥിതിക്കെന്തോ സാരമായ കുഴപ്പമുണ്ടെന്നു തന്നെയാണ്. ഇവിടെ പരാജയപ്പെട്ടത് ജനാധിപത്യം  എന്ന രാഷ്ട്രീയ വ്യവസ്ഥയാണോ?, രാഷ്ട്രീയ നേതാക്കളാണോ? അതോ ജനങ്ങള്‍ തന്നെയാണോ?

ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിനു കണക്കില്ല. ജനകീയ ഭരണം നടത്തുന്നു എന്നു നടിക്കുന്ന,  ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരികള്‍ അത് ജനത്തോടു പറയില്ല എന്ന ധര്‍ഷ്ട്യത്തിലുമാണ്. രാജ്യത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും ഇന്‍ഡ്യയെ  സമ്പന്നരാഷ്‌ട്രങ്ങളിലൊന്നാക്കി മാറ്റാനുമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍  ഈ പണം മതി.  എല്ലാത്തരത്തിലും രാജ്യത്തെ കൊള്ളയടിക്കാന്‍ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ കൂട്ടു നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പിന്നിലല്ല.

നേതാക്കന്മാരുടെ സ്‌ഥാനമോഹവും സാമ്പത്തികമോഹങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള പരിപാടി എന്ന തലത്തിലേക്ക്‌ നമ്മുടെ നാട്ടില്‍ പൊതുപ്രവര്‍ത്തനം തരംതാണിരിക്കുന്നു. നാലാംകിട പിടിച്ചുപറിക്കാരേപ്പോലെയാണു  നമ്മുടെ ജനപ്രതിനിധികള്‍ പെരുമാറുന്നത്.  അവര്‍ക്ക്‌ കൂട്ടായി ക്വട്ടേഷന്‍ സംഘങ്ങളും തട്ടിപ്പുകാരും. ഒരു കാലത്ത്‌ പൊതുപ്രവര്‍ത്തനം ജനങ്ങളോടും രാജ്യത്തോടും ഉള്ള സ്‌നേഹത്തില്‍ നിന്നായിരുന്നു ആരംഭിച്ചിരുന്നത്‌. എന്നാല്‍, ഇന്ന്  അങ്ങനെ അല്ല. ജനങ്ങള്‍ സഹനത്തിന്റെയും ക്ഷമയുടെയും നെലിപ്പലക വരെ കാണുന്ന അവസ്ഥയാണിപ്പോള്‍. കേരളത്തിലെയും മറ്റിടങ്ങളിലെയും ഒരു മന്ത്രി സഞ്ചരിക്കുന്നത് എപ്പോഴും   മുമ്പിലുള്ള എസ്‌കോര്‍ട്ടു വാഹനത്തിന്റെ  അകമ്പടിയോടെ ആണ്. അധികാരത്തിന്റെ അഹന്ത പ്രദര്‍ശിപ്പിക്കുന്നത് അതിന്റെ വേഗത്തിലൂടെയും.  മന്ത്രിയുടെ കാറിന്റെ മുകളിലുള്ള ചുവന്ന ലൈറ്റും ഭീകരമായ സൈറനും ചേര്‍ന്ന്‌ കടന്നു പോകുന്ന  പ്രദേശത്തുണ്ടാക്കിയെടുക്കുന്ന  അധികാര പ്രമത്തതയുടെയും അഹങ്കാരത്തിന്റേതുമായ അന്തരീക്ഷം  സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.  ചുറ്റുമുള്ള ശിങ്കിടികളും  ഉദ്യോഗസ്‌ഥവൃന്ദവും വളര്‍ത്തിയെടുക്കുന്ന അധികാരഗര്‍വിന്റേതായ ഒരു അവസ്‌ഥാവിശേഷം ഭീതി ജനകം തന്നെയാണെന്നു പറയേണ്ടി വരും. അത് പാടില്ല എന്നു പറയാനുള്ള സ്വഭാവധീരത അവരില്‍ ആര്‍ക്കും ഇല്ല.  സത്യസന്ധതയ്‌ക്കും ലാളിത്യത്തിനും പേരുകേട്ട ആന്റണി എന്ന കേന്ദ്രമന്ത്രിയുടെ ഭാര്യയെ വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനയ്‌ക്കു വിധേയമാക്കി എന്ന ഒരു സാധാരണകാര്യം ഒരു വലിയ വാര്‍ത്തയായി ആഘോഷിക്കപ്പട്ടതും  ഈയിടെ ആയിരുന്നു. അതിന്റെ കാരണം സാധാരണ ജനത ഈ  വി.ഐ.പി. സംസ്‌കാരം ഗതികേടുകൊണ്ട് ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചു കഴിഞ്ഞു എന്നതാണ്. രാജാ പ്രജ എന്ന നിലയിലേക്ക് ഇന്‍ഡ്യ സാവധാനം  മാറികൊണ്ടിരിക്കുന്നു. നല്ലൊരു രാഷ്‌ട്രീയക്കാരനെയോ കളിക്കാരനെയോ ഗായകനെയോ നടനെയോ  മികവിന്റെ അടിസ്ഥാനത്തില്‍  വാഴ്‌ത്തുന്നതുകൂടാതെ അയാളെ ദൈവമാക്കുന്നതിലെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. എല്ലാവരെയും സമന്മാരായി കാണുക എന്നതാണ്‌ ജനാധിപത്യത്തിലെ കാതലായ വീക്ഷണം. കേരളത്തിലെ ഒരു നഗരത്തിലെ മേയര്‍ ചുവന്ന ലൈറ്റിനുവേണ്ടി ശാഠ്യംപിടിക്കുന്നതും അതിനുവേണ്ടി കുത്തിയിരിപ്പു നടത്തുന്നതും അടുത്ത നാളില്‍  കാണേണ്ടി വന്നു. അധികാര ചിഹ്നം കാണിച്ചില്ലെങ്കില്‍ എന്തോ കുറവുണ്ടെന്നാണീ അഭിനവ തമ്പുരാട്ടി കരുതുന്നത്. ഇതിനെയൊക്കെ നമ്മുടെ ജീവിതവീക്ഷണത്തില്‍ വന്നുചേര്‍ന്ന വികലതയായി വിലയിരുത്തുന്നതില്‍ തെറ്റില്ല.  ഈ ഭൂമികയില്‍ ആണ്, ആം ആദ്മി പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ജനങ്ങളില്‍ നിന്നു വേറിട്ട രാജാക്കന്‍മാരേപ്പോലെ പെരുമാറില്ല എന്നാണവര്‍ ആദ്യം എടുത്ത തീരുമാനം. അത് വിപ്ളവകരമായ ഒരു തീരുമാനമാണെന്ന് നിസംശയം പറയാം.

ആം ആദ്മി പാര്‍ട്ടിയേപ്പറ്റി ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനം അവര്‍ക്ക് രാഷ്ട്രീയമില്ല. നയപരിപാടികളില്ല. പ്രത്യയശാസ്ത്രമില്ല എന്നൊക്കെയാണ്. ഇതൊക്കെ ഒരു പരിധി വരെ ശരിയാണ്. പല വിഷയങ്ങളേക്കുറിച്ചുമിപ്പോഴും അവരുടെ നിലപാടുകളില്‍ വ്യക്തത വന്നിട്ടില്ല. അതിന്റെ അര്‍ത്ഥം വ്യക്തത ഉണ്ടാകില്ല എന്നല്ല. ഇതൊക്കെ ഉള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മാറി മാറി ഇന്‍ഡ്യ ഭരിച്ചിട്ടും ഇന്‍ഡ്യ ഇപ്പോഴും ഗതികെട്ടു നില്‍ക്കുന്നു. അപ്പോള്‍ ഇതൊക്കെ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഗുണമെന്താണ്? സോഷ്യലിസത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ് ഇന്ന് മുതലാളിത്തത്തിന്റെ പിണിയാളാണ്. സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഇടതുപക്ഷം ആയിരുന്നു കോണ്‍ഗ്രസിന്റെ  മുതലാളിത്ത നയങ്ങള്‍ക്ക് പിന്തുണ കൊടുത്തതും. അപ്പോള്‍ പിന്നെ പ്രത്യയശസ്ത്രത്തിനെന്തു പ്രസക്തി?

കോണ്‍ഗ്രസ് പ്രസ്ഥാനം ഉണ്ടായപ്പോള്‍ അതിന്റെ ഏക അജണ്ട, ഇന്‍ഡ്യയുടെ സ്വാതന്ത്ര്യമായിരുന്നു. ബി ജെ പി യുടെ മുന്‍ രൂപം ജനസംഘം ഉണ്ടായപ്പോള്‍ അതിന്റെ അജണ്ട ഹിന്ദു രാഷ്ട്ര സ്ഥാപനമായിരുന്നു. മുസ്ലിം ലീഗിന്റെ അജണ്ട മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാജ്യമായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടായപ്പോള്‍ അവരുടെ ഏക അജണ്ട അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു. പക്ഷെ ഈ പാര്‍ട്ടികള്‍ ഉണ്ടായ സമയത്ത്   ജന പിന്തുണ കൊണ്ട് ഭരണത്തിലേറാനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുമിതുപോലെ ചില അജണ്ട  മുന്നോട്ടു വച്ചാണ്, ജന പിന്തുണ നേടിയതും. അഴിമതി, കെടുകാര്യസ്ഥത, ധൂര്‍ത്ത്, അധികാരത്തിന്റെ അഹന്ത, വിലക്കയറ്റം, തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണാ പാര്‍ട്ടി ഏറ്റെടുത്തത്. കാഷ്മീരിന്റെ ഭാവിയേപ്പറ്റിയോ, സോഷ്യലിസമാണോ മുതലാളിത്തമാണോ നല്ലതെന്നോ, വര്‍ഗ്ഗിയതയെ പരാജയപ്പെടുത്തണമെന്നോ ഒക്കെ പറഞ്ഞിരുന്നാല്‍ ഈ വക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. അവക്ക് പരിഹാരമുണ്ടാക്കലാണ്, ജനങ്ങളുടെ മുന്നിലെ പ്രധാന പ്രശ്നം. അത് സാധ്യമാക്കുമെന്നു പറഞ്ഞ ആം ആദ്മിയെ ഡെല്‍ഹിയിലെ ജനത പിന്തുണച്ചു. അതില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമോ ഇല്ലയോ എന്നതൊക്കെ കാലം തെളിയിക്കേണ്ടതാണ്.

കാലാകാലങ്ങളില്‍ നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ മാത്രമല്ല ജനാധിപത്യത്തെ വളര്‍ത്തേണ്ടത്. അതു മനുഷ്യ മനസുകളിലെ സമഭാവനകളില്‍നിന്നാണ്‌ ഊര്‍ജം ഉള്‍ക്കൊള്ളേണ്ടത്‌. പടിഞ്ഞാറന്‍ നാടുകളിലെ സാമൂഹ്യബോധവും ജനാധിപത്യബോധവും അനുകരണീയമാകുന്നതും അതുകൊണ്ടാണ്‌.
ജര്‍മനിയിലെ ചാന്‍സലറായ ആഞ്ചല മെര്‍ക്കല്‍ സ്വയം കാറോടിച്ചു കടകളില്‍ വന്നു സാധനങ്ങള്‍ വാങ്ങിക്കുന്നത്‌ ആ രാജ്യത്ത്‌ ഒരു വാര്‍ത്തയാകുന്നില്ല. പക്ഷെ  കേന്ദ്ര മന്ത്രിയുടെ ഭാര്യ സുരക്ഷാ പരിശോധനക്ക് വിധേയയാകുന്നത് ഇന്‍ഡ്യയില്‍ വര്‍ത്ത ആകുന്നു. പടിഞ്ഞാറന്‍ നാടുകളില്‍  ഭരണത്തലവന്മാര്‍ സൈക്കിള്‍ ചവിട്ടി ഓഫീസുകളില്‍ പോകുമ്പോള്‍ കേരളത്തിലെ കുഞ്ഞാലിക്കുട്ടി എന്ന മന്ത്രി കോടികള്‍ വിലയുള്ള പോര്‍ഷെ കാറില്‍ പോകുന്നു.


ആദരം പിടിച്ചുവാങ്ങേണ്ടതല്ല, സ്വയം വന്നുചേരേണ്ടതാണ്‌. രാഷ്‌ട്രീയ നേതാക്കന്മാരുടെ പ്രകടനപരതയും പ്രതാപവും ജനാധിപത്യബോധത്തെ വികലമാക്കുന്നു.  അവസാനം ജനാധിപത്യത്തെതന്നെ അത് നിര്‍വീര്യമാക്കും.  മായാവതിക്കും ജയലളിതയ്‌ക്കും ചുറ്റും ഓട്ടോമാറ്റിക്‌ തോക്കുകളേന്തിയ കറുത്ത വേഷമണിഞ്ഞ സുരക്ഷാഭടന്മാരെ കാണുന്നത് സാധാരണയാണ്.   ഗള്‍ഫ്‌ രാജ്യങ്ങളിലെ അതിസമ്പന്നരായ സുല്‍ത്താന്മാരുപോലും അത്തരം പ്രകടനാത്മകത കാണിക്കുന്നില്ല.  ജനങ്ങളുടെ അജ്‌ഞതയെ ചൂഷണം ചെയ്യുന്ന രാഷ്‌ട്രീയമാണിത്. ജനാധിപത്യമെന്നതു പുറംചട്ട മാത്രമാകുകയും ഫലത്തില്‍ അതു ഒരു രാജഭരണമായി മാറുകയും ചെയ്യുന്നു. അത്തരം ഭരണങ്ങളില്‍ അഴിമതിയും പണാപഹരണങ്ങളും ചോദ്യം ചെയ്യപ്പെടാതെപോകുന്നു.

പടിഞ്ഞാറന്‍ നാടുകളിലുള്ള ജനാധിപത്യം മഹത്തരമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ അത് ഏതായാലും ഇന്‍ഡ്യന്‍ ജനാധിപത്യത്തേക്കാള്‍ മികച്ചതാണെന്ന് നിസംശയം പറയാം.

ജനാധിപത്യത്തേപ്പറ്റി അനേകം പരാതികള്‍ കേള്‍ക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധനപ്പെട്ടത് ഏതെങ്കിലും ഒരു പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍  പ്രതിപക്ഷത്തെ അവര്‍ പാടെ വിസ്മരിക്കുന്നു. അവരുടെ അഭിപ്രായത്തെ തമസ്കരിക്കുന്നു എന്നൊക്കെയാണ്. ജനാധിപത്യം അതിന്റെ  ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങളുടെ ആധിപത്യമാണ്. എന്നു വച്ചാല്‍ എല്ലാ ജനങ്ങളുടെയും കൂട്ടായ ആധിപത്യമാണ്.  50 % വോട്ടു നേടി ജയിക്കുന്ന ഒരാളുടെ ആധിപത്യമല്ല. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍ പ്രതിപക്ഷത്തുള്ള ജനതയുടെ അഭിപ്രായത്തിനും വില നല്‍കേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ എന്തു സംഭവിക്കാം എന്നതിന്റെ ഉദാഹരണമാണ്, ഇപ്പോള്‍ ആഭ്യന്തര യുദ്ധം നടക്കുന്ന ഈജിപ്റ്റ്. അവിടെ ഈജിപ്റ്റിന്റെ ചരിത്രത്തിലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മൊഹമ്മദ് മൊര്‍സി ഒരു ജനകീയ വിപ്ളവത്തിലൂടെ അധികാരത്തില്‍ നിന്നും പുറത്തായി. ആ പുറത്താക്കലിന്റെ ന്യായാന്യായത എന്തൊക്കെ ആണെങ്കിലും, അദ്ദേഹം ചെയ്ത മണ്ടത്തരം, ഭരണഘടന നിര്‍മിച്ചപ്പോള്‍ പകുതി ജനതയുടെ അഭിപ്രായം പാടെ അവഗണിച്ചു എന്നതാണ്. ഭരണ ഘടന എന്നു പറയുന്നത് ഒരു രാജ്യം എങ്ങനെ ഭരിക്കപ്പെടണം എന്നു തീരുമാനിക്കുന്ന രേഖയാണ്. ഇന്ന് ഈജിപ്റ്റില്‍ ജീവിക്കുന്ന ജനങ്ങളുടെ ഇഷ്ടത്തിനല്ല മൊര്‍സി പ്രാധാന്യം കൊടുത്തത്. അതിനു പകരം അദ്ദേഹം വിശ്വസിക്കുന്ന മതത്തിന്റെ ശാസനകള്‍ക്കാണ്. ഈജിപ്റ്റിലെ ഭൂരിപക്ഷം ജനതയും ഇസ്ലാം മത വിശ്വാസികളായതുകൊണ്ട്, അവര്‍ ശരിയ അധിഷ്ടിതമായ ഒരു ഭരണഘടനയെ സ്വീകരിക്കും എന്നദ്ദേഹം കരുതി. പക്ഷെ അതല്ല ഉണ്ടായത്. അദ്ദേഹത്തെ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ അനേകം  പേര്‍ അതിനെ എതിര്‍ത്തു.

ഈ എതിര്‍പ്പിനെ പലരും മുതലെടുത്തു.  തീവ്ര ഇസ്ലാമിനോടെതിര്‍പ്പുള്ളവര്‍ ഈജിപ്റ്റിനകത്ത് തന്നെ ഉണ്ട്. അവര്‍ പുതിയ ഒരു വിപ്ളവം നയിച്ചു. ഇസ്ലാമിക ഭീകരതയുടെ ഫലം  അനുഭവിച്ചിട്ടുള്ള ലോകം മുഴുവനുമുള്ള പലരും അവരെ പിന്തുണച്ചു. ഈ അഭിപ്രായ വ്യത്യാസം മുതലെടുത്ത് സൈന്യം  മൊര്‍സിയെ പുറത്താക്കി.

ജനാധിപത്യം ഇസ്ലാമിക ലോകത്തിനന്യമാണെന്ന്  ഒരിക്കല്‍ കൂടി തെളിയുന്നു. വോട്ട് ചെയ്ത്   ഭരണകര്‍ത്താവിനെ തെരഞ്ഞെടുക്കുക എന്നിടത്ത് ഇസ്ലാമിലെ ജനാധിപത്യം അവസാനിക്കുന്നു. ജനതയുടെ ഇഷ്ടത്തിനനുസരിച്ച് നിയമ നിര്‍മ്മാണം അവിടെ അനുവദിക്കപ്പെട്ടിട്ടില്ല. ഏഴാം നൂറ്റാണ്ടില്‍ മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് രൂപപ്പെടുത്തിയ ശരിയ ആണ്, ഇസ്ലാമിലെ ഭരണ വ്യവസ്ഥ. ലോകാവസാനം വരെ മാറ്റാനാകാത്ത ഈ വ്യവസ്ഥ അനുസരിക്കാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്. അതുകൊണ്ട് യഥാര്‍ത്ഥ മുസ്ലിങ്ങളും ജനാധിപത്യവും തമ്മില്‍ വലിയ ബന്ധമില്ല.

Wednesday 8 January 2014

2013



ഓരോ വര്‍ഷം പിന്നിടുമ്പോഴും സാധാരണ ഒരു കണക്കെടുപ്പു നടത്താറുണ്ട്. 2013 നേപ്പറ്റിയും ഒരു കണക്കെടുപ്പു നടത്താം.  പോയ വര്‍ഷം ഇന്‍ഡ്യയില്‍ പലതും സംഭവിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടാന്‍ അനേകരുണ്ടായി. എന്റെ ഒരു സുഹൃത്ത് അതോര്‍ത്ത് കരയുക പോലുമുണ്ടായി. ഇന്‍ഡ്യ ചൊവ്വയിലേക്ക് ഒരു പേടകമയച്ചു പാകിസ്താനെയും ചൈനയേയും ഞെട്ടിച്ചു. അവര്‍ ഞെട്ടിയോ എന്നത് മറ്റൊരു കാര്യം.  ബി ജെ പിക്ക് ഇന്‍ഡ്യയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത  അദ്വാനിയെ തഴഞ്ഞ് നരേന്ദ്ര മോദിയെ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയി അനുദ്യോഗികമായി  അവരോധിക്കപ്പെട്ടു. 2013 ല്‍ ഏറ്റവും അവസാനം  മറ്റൊരു സംഭവം  ഉണ്ടായി.  ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടി എന്ന പാര്‍ട്ടി ഇന്‍ഡ്യക്കാരെ ഒന്നടങ്കം  ഞെട്ടിച്ചു കൊണ്ട് ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തു വന്നു. കോണ്‍ഗ്രസ് തോറ്റാല്‍ ബി ജെ പി എന്ന പതിവ് അവര്‍ തെറ്റിച്ചു.  കോണ്‍ഗ്രസും ബി ജെ പിയും  ​മന്ത്രി സഭ ഉണ്ടാക്കി ഭരിക്കാന്‍ അവരെ വെല്ലുവിളിച്ചു. അവര്‍ മന്ത്രി സഭ ഉണ്ടാക്കുകയും ചെയ്തു.

ഇതില്‍ ഏറ്റവും വലിയ സംഭവം എന്റെ അഭിപ്രായത്തില്‍  ആം ആദ്മി പാര്‍ട്ടി ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. പാര്‍ട്ടി ഉണ്ടാക്കി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അധികരത്തിലേറാന്‍  അതിനായി.  കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി  ജെ പി എന്നതായിരുന്നു ഡെല്‍ഹിയിലെ അവസ്ഥ. പകരം വയ്ക്കാന്‍ ഒരു പാര്‍ട്ടി ഉണ്ടായിട്ടുപോലും ഡെല്‍ഹിയിലെ ജനത ആ പാര്‍ട്ടിയെ അധികാരം ഏല്‍പ്പിച്ചില്ല. പുതുതായി ഉണ്ടായ പാര്‍ട്ടിക്ക് ഗണ്യമായ പിന്തുണ കൊടുത്തു.  ഈ പാര്‍ട്ടി ഉണ്ടായതുമുതല്‍ അവരെ അരാഷ്ട്രീയ വാദികളെന്നും  അപ്രസക്തമെന്നുമൊക്കെ ആയിരുനു കോണ്‍ഗ്രസും ബി ജെ പിയും, സി പി എമ്മും  വിശേഷിപ്പിച്ചിരുന്നത്. പക്ഷെ അവര്‍ ഉയർത്തിയ  രാഷ്ട്രീയ വിഷയങ്ങള്‍ പ്രസക്തമാണെന്ന് ഡെല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് തോന്നി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും തങ്ങള്‍ സ്വാഭാവികമായി അധികാരത്തില്‍ ഏറുമെന്നും ബി ജെ പി സ്വപ്നം കണ്ടിരുന്നു. പക്ഷേ   ആ സ്വപ്നം  പൊലിഞ്ഞു പോയി. പിന്നെ അവരുടെ ലക്ഷ്യം  ആം ആദ്മി പാര്‍ട്ടിയെ ജന മദ്ധ്യത്തില്‍ പരാമവധി  അവഹേളിക്കുക എന്നതായി. കോണ്‍ഗ്രസിന്റെയോ ബി ജെ പിയുടെയോ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കില്ല എന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞത് ബി ജെ പി മുഖ വിലക്കെടുത്തു. ഉടനെ ഉപതെരഞ്ഞെടുപ്പു വരും.  അപ്പോഴേക്കും ആം ആദ്മി പാര്‍ട്ടിയെ ജന മദ്ധ്യത്തില്‍ നാണം കെടുത്തി നേട്ടം കൊയ്യാം എന്നവര്‍ സ്വപ്നം കണ്ടു. അതുകൊണ്ട് അവര്‍ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വെല്ലു വിളിച്ചു. പ്രശ്നാധിഷ്ടിത പിന്തുണ നല്‍കാം എന്നു പറഞ്ഞിട്ടും അവര്‍ ഓടിയൊളിക്കുന്നു എന്നാക്ഷേപിച്ചു. ആം ആദ്മി പാർട്ടി  സര്‍ക്കാര്‍  ഉണ്ടാക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അഥവാ സര്‍ക്കാര്‍ ഉണ്ടാക്കിയാലും ഭരണ പരിചയം ഇല്ലാത്തതുകൊണ്ട്, തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല എന്നും അവര്‍ കണക്കുകൂട്ടി. അങ്ങനെ ജനങ്ങളുടെ വെറുപ്പു സമ്പാദിച്ച്  നാണം കെട്ട് പടിയിറങ്ങേണ്ടി വരും. അപ്പോള്‍ ആ അവസ്ഥ മുതലെടുത്ത്  അധികാരത്തില്‍ കയറാം  എന്നൊക്കെ ആയിരുന്നു അവരുടെ സ്വപ്നങ്ങള്‍. പക്ഷെ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിയത് ബി ജെ പി  ആയിരുന്നു. ആ ഞെട്ടല്‍   ബി ജെ പി നേതാവ് ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവനകളിലൂടെ പുറത്തു വന്നു.  ഇതു പോലെ.


എന്താണ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി?

അതറിയണമെങ്കില്‍  ഒരു കമന്റ്  വായിച്ചാല്‍ മാത്രം മതി. ഇന്ന് കേരളത്തിലെയും  ഇന്‍ഡ്യയിലെയും രാഷ്ട്രീയ നേതാക്കള്‍  പണ്ടത്തെ രാജാക്കന്‍ മാരേപ്പോലെ ആണു പെരുമാറുന്നതെന്നു പറഞ്ഞു കൊണ്ട് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. എന്റെ  പോസ്റ്റുകളില്‍ ഗൌരവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുള്ള അനന്ത് എന്ന വ്യക്തി ആ പോസ്റ്റിലും ഒരു കമന്റെഴുതി. നരേന്ദ്ര മോദി  തന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നടത്തിയ ചില വ്യാജ ഏറ്റുമുട്ടലുകളേപ്പറ്റി അവിടെ പരാമര്‍ശമുണ്ടായി. അതിനോട് പ്രതി കരിച്ചു കൊണ്ട് അനന്ത്  എഴുതിയ  കമന്റ് ഇതാണ്.


ഇതിന്റെ മലയാള തര്‍ജ്ജുമ ഇങ്ങനെ. വ്യാജ ഏറ്റുമുട്ടലുകളൊക്കെ ഇന്‍ഡ്യയിലെ പൊതു ജീവിതത്തിന്റെ ഭാഗമാണ്, എന്ന്. ഇതുപോലെ അമ്പരപ്പിക്കുന്ന ഒരു പ്രസ്താവന ഞാന്‍ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. പ്രമാദമായ കേസുകളിലെ പ്രതികളേപ്പോലും വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച് വക വരുത്തി തെളിവു നശിപ്പിക്കുന്നതിനെ എത്ര ലഘവത്തോടെയണിദ്ദേഹം ന്യായീകരിക്കുന്നതെന്നു നോക്കു.

ഇന്‍ഡ്യയിലെ സാ\ധാരണ ജനത പല അതിക്രമങ്ങളും അരുതായ്കകളും തങ്ങളുടെ വിധി ആണെന്നു കരുതി അതിനോട് രാജി ആകാറുണ്ട്. താഴെതട്ടിലുള്ളവര്‍ക്കും, വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും അവകാശങ്ങള്‍ എന്താണെന്നു പോലും അറിയില്ല. പക്ഷെ അനന്തിനേപ്പോലെ ഒരു അഭ്യസ്ത വിദ്യന്‍ ഇതുപോലുള്ള അതിക്രമങ്ങളൊക്കെ വ്യവസ്ഥിതിയുടെ  ഭാഗമാണെന്നു  പറഞ്ഞ്  കരുതി അംഗീകരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം ഉണ്ടാകുന്നു. ഇവരേപ്പോലുള്ള ആളുകളേ സംബന്ധിച്ച്,  അഴിമതിയും സ്വജന പക്ഷപതവും, പൊതു മുതല്‍ കട്ടുമുടിക്കലും, സാധാരണ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കലുമൊക്കെ വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിച്ച് അതുമായി സമരസപ്പെടണം എന്നാണ് നിലപാട്. ചോദ്യം ചെയ്യാനേ പാടില്ല. ആ ഭൂമികയില്‍,  ജനങ്ങളാണ്, ജനാധിപത്യത്തിലെ യജമാനന്‍മാർ  എന്നും അവരുടെ ആവശ്യങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്  എന്നും  ​ആം ആദ്മി പാര്‍ട്ടി  നയപരിപാടി ആയി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അതാണീ പാര്‍ട്ടിയുടെ പ്രസക്തി. അനന്തിനേപ്പോലുള്ളവര്‍  പിന്തുണക്കുന്നത് ബി ജെപി യെ ആണ്. 1991ല്‍ മന്‍ മോഹന്‍ സിംഗ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൂടുതല്‍  വീറോടെ ബി ജെ പിയും നടപ്പിലാക്കി. അതിന്റെ ഉപോത്പന്നങ്ങളാണ്, ഇന്നു കാണുന്ന അഴിമതിയും, സ്വജന പക്ഷപാതവും, വിലക്കയറ്റവും, ദുസഹമായ ജീവിതവും. ഇതിനു മകുടം ചാര്‍ത്താനെന്നോണം  സാധാരണക്കാരെ  പരിഹസിക്കലും. ബി ജെ പിക്ക് കോണ്‍ഗ്രസിന്റേതില്‍ നിന്നും വേറിട്ട ഒരു സാമ്പത്തിക നയമില്ല എന്നതാണു വസ്തുത. വേറിട്ട നയമുള്ള ഇടതു പാര്‍ട്ടികള്‍ ജീര്‍ണ്ണിച്ചും കഴിഞ്ഞു.  കോണ്‍ഗ്രസിനു പകരം ബി ജെ പി വന്നാലും ഇതൊക്കെയേ ഉണ്ടാകൂ എന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നു. അവിടെ പകരം ​വയ്ക്കാന്‍ വ്യത്യസ്ഥമായ ഒരു പാര്‍ട്ടി. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി. ഒന്നും ഒളിച്ചു വയ്ക്കാനില്ല എന്ന് തുറന്നു പറഞ്ഞുകൊണ്ട്, എല്ലാം സുതാര്യമായി ചെയ്യുന്ന ഒരു പാര്‍ട്ടി. മറ്റ് പാര്‍ട്ടികളൊക്കെ പിരിക്കുന്ന ഫണ്ട് രഹസ്യമാക്കി സൂക്ഷിക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടി ലഭിക്കുന്ന ഓരോ രൂപയുടെയും കണക്കു പരസ്യമായി പൊതു ജനത്തോട് പറയുന്നു. ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ കോടിക്കണക്കിനു രൂപ ഓരോ മണ്ഡലത്തിലും ചെലവഴിച്ചപ്പോള്‍, 70 മണ്ഡലങ്ങളിലും കൂടി ആകെ 18 കോടി മാത്രം ചെലവഴിച്ച്, തെരഞ്ഞെടുപ്പ് അത്ര വലിയ ചെലവേറിയതല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ പാര്‍ട്ടി. ഇതാണീ പാര്‍ട്ടിയെ മറ്റു പര്‍ട്ടികളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞത്, ഈ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിനു പലതും പഠിക്കാനുണ്ട് എന്നായിരുന്നു. രാഹുലിന്റെ പിന്നാലെ മറ്റ്  പലരും  പല അഭിപ്രായങ്ങളും പറഞ്ഞു. അവയില്‍ ചിലത്.

ആം ആദ്മി നേടിയത് ഞങ്ങളുടെ സ്ഥാനം - പ്രകാശ്‌ കാരാട്ട് 

ആം ആദ്മിയുടെത് മെച്ചപ്പെട്ട കോണ്‍ഗ്രസ്  ആശയം - വി ടി ബാലറാം

മുസ്ലിം ലീഗ് പണ്ട് മുതലേ ആം ആദ്മി ആണ് - പി കെ കുഞ്ഞാലിക്കുട്ടി 

യഥാര്‍ത്ഥ ആം ആദ്മി പാര്‍ട്ടി ശിവസേന ആണ് - ഉദ്ധവ്‌ താക്കറെ

ആം ആദ്മി സര്‍ക്കാര്‍ അധികാരമേടുത്തപ്പോള്‍ ആദ്യമായി നടപ്പിലാക്കിയ തീരുമാനം ഡെല്‍ഹിയിലെ വി ഐ പി സംസ്കാരം ഇല്ലാതാക്കുകയായിരുന്നു. ബീക്കണ്‍ ലൈറ്റുകള്‍ അവര്‍ ഉപേക്ഷിച്ചു. വലിയ സുരക്ഷാപടയെ ഉപേക്ഷിച്ചു. അതുകണ്ടപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെക്കും ആം അദ്മി ആകാന്‍ മോഹമുദിച്ചു.  ഉടന്‍ തന്നെ അവര്‍ തന്റെ സുരക്ഷ പടയെ വെട്ടിക്കുറച്ചു.

ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ബി ജെ പി അപകടം  മണത്തിരുന്നു. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് ഗോയലിനെ അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.

ആം ആദ്മി പാര്‍ട്ടിയുടെ ഭാവി എന്താണെന്ന് ഇപ്പോഴും പറയാറായിട്ടില്ല. പക്ഷെ അവര്‍ ചെറിയ കാലം കൊണ്ട്, ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിനൊരു ദിശാബോധം നല്‍കിയിട്ടുണ്ട്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെ ഇനി ഒരു പാര്‍ട്ടിക്കും നിരാകരിക്കാന്‍ ആകില്ല. അതാണ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി. 2013 ല്‍  ഇന്‍ഡ്യയില്‍ ഉണ്ടായ ഏറ്റവും പ്രധാന സംഭവികാസവും.


ആം ആദ്മി തങ്ങളുടെ സ്ഥാനം  റാഞ്ചികൊണ്ടു പോയി എന്ന് നിരാശപ്പെടുന്ന പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടിയുടെ കേരളത്തിലെ ഒരു നേതാവായ ഇ പി ജയരാജന്‍  ഒരു കര്‍ഷക സമരം ഉത്ഖാടനം ചെയ്യാൻ  പോയത് ഇങ്ങനെ ആയിരുന്നു.



പണ്ടു മുതലേ ആം ആദ്മി ആയിരുന്ന കുഞ്ഞാലിക്കുട്ടി കേരള സർക്കാർ  ഖജനാവില്‍ നിന്നും പൊതു മുതല്‍ ചെലവഴിച്ച് അടുത്തിടെ വാങ്ങിയ കാര്‍ എന്താണെന്നു കണ്ടാലും.






ആം ആദ്മി സര്‍ക്കാര്‍ ഉണ്ടാക്കി. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കാനും തുടങ്ങി. ആവര്‍ നടപ്പിലാക്കിയ പരിപാടികളില്‍ ചിലത് ഇവയാണ്.

ജലവും വൈദ്യുതിയും  സൌജന്യ നിരക്കില്‍ നല്‍കി തുടങ്ങി.

കേന്ദ്ര സർക്കാര്‍ ഇന്ധനവില ദിവസം തോറും  കൂട്ടുന്നതിന്റെ കാരണം എണ്ണക്കമ്പനികളുടെ ഇല്ലാത്ത നഷ്ടം കാണിച്ചാണ്. അതുപോലെ ഡെല്‍ഹിയിലെ വൈദ്യുതി/ ജലവിതരണക്കാരും ഇല്ലാത്ത നഷ്ടം കാണിച്ചായിരുന്നു ചാര്‍ജ് കൂട്ടിക്കൊണ്ടിരുന്നത്. അതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍,  കഴിഞ്ഞ 10 വര്‍ഷത്തെ ഈ കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ തീരുമാനം എടുത്തു കഴിഞ്ഞു. ഈയിടെ സ്വകാര്യ കമ്പനികളുടെ കണക്കുകളും സി എ ജി ക്ക് ഓഡിറ്റ് ചെയ്യാമെന്ന് ഡെല്‍ഹി ഹൈക്കോടതിയുടെ ഒരു വിധി വന്നിട്ടുണ്ട്.  ഇനി കെജ്‌രിവാള്‍ ധൈര്യമായി മുന്നോട്ട് പോകും. പൊതു ജനത്തെ പറ്റിക്കുന്ന കമ്പനികളുടെ കള്ളക്കളികളും അതിനു വേണ്ടി രാഷ്ട്രീയക്കാര്‍ ചെയ്ത ഒത്താശകളും ജനങ്ങള്‍ അറിയട്ടെ.

ഡെല്‍ഹിയിലെ അഴിമതിവിരുദ്ധ വിഭാഗം വിജിലന്‍സ് തലവനെ സ്ഥലം മാറ്റി.  ഷീലാ ദീക്ഷിദിന്റെ  ഭരണകാലയളവിനിടെ അഴിമതിവിരുദ്ധ ശാഖയില്‍ തീര്‍പ്പാകാതെ കിടന്ന നിരവധി അഴിമതി കേസുകള്‍ ഇനി തീര്‍പ്പാക്കും. ഒരു പക്ഷെ അതിന്റെ പേരില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചേക്കും. അപ്പോള്‍ ബി ജെ പി എന്തു ചെയ്യും എന്നു നോക്കാം. അഴിമതിക്കെതിരെ നിലപാടെടുക്കുന്ന  ആം ആദ്മിയെ പിന്തുണക്കുമോ?  അതോ കോണ്‍ഗ്രസിനോട് ചേര്‍ന്ന് ഇവരെ പുറത്താക്കുമോ? കാത്തിരുന്നു കാണാം.

അഴിമതിവിരുദ്ധ ജനലോക്പാല്‍ ബില്ലിന്റെ ഡ്രാഫ്റ്റില്‍ ആവശ്യമായ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്താനായി മധ്യപ്രദേശിലെ മുന്‍ചീഫ് സെക്രട്ടറി എസ് സി ബേഹേരയെ നിയമിക്കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞ ചെയ്ത രാം ലീലാ മൈതാനിയില്‍ വച്ച് ബില്ലിന്റെ ഡ്രാഫ്റ്റ് പരസ്യമാക്കാനാണു തീരുമാനം.

ഡല്‍ഹിയില്‍ സെക്രട്ടറിയേറ്റിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് ഹാജര്‍ സംവിധാനത്തിനു തുടക്കം കുറിക്കാൻ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി ആണ്,  ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളെ  നല്ല നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ദിവസവും സന്ദര്‍ശിച്ച് ടോയ് ലെറ്റ്‌ , വെള്ളം, ശുചിത്വം എന്നിവ പരിശോധിക്കാന്‍ നടപടി എടുത്തു കഴിഞ്ഞു.  എല്ലാ മാതാപിതാക്കളെയും, അദ്ധ്യാപകരെയും, കൂടാതെ  സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്ന സംവിധനം നിലവില്‍ വരാന്‍ പോകുന്നു.

ഉപേക്ഷിക്കപ്പെട്ട ബസുകളില്‍ അനാഥര്‍ക്ക്  താല്‍കാലിക താമസം ഒരുക്കാനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു.

ആം ആദ്മി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയം ഇന്ത്യയില്‍ ഒരു പുതിയ ആശയമൊന്നുമല്ല. നമ്മള്‍ എന്നോ മറന്നുപോയ നന്മകളും,  നമുക്ക് കൈമോശം വന്ന മൂല്യങ്ങളും ആണ്, ആം ആദ്മി പാര്‍ട്ടി ഇന്‍ഡ്യക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രം എന്ന നിലയില്‍ നാം എന്താവാന്‍ ആഗ്രഹിച്ചു, എവിടെ മാര്‍ഗ്ഗ ഭ്രംശം സംഭവിച്ചു എന്നത് നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നതേ അവര്‍ ചെയ്യുന്നുള്ളു.

ജനാധിപത്യം എന്നത് ജനങ്ങളുടെ മേലുള്ള രാഷ്ട്രീയക്കാരന്റെ ആധിപത്യമല്ല, മറിച്ച് രാഷ്ട്രീയ വ്യവസ്ഥിതിയുടെ മേല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ആധിപത്യം ആണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയും, അത് തെളിയിക്കുകയുമാണ്, ആം ആദ്മി പാര്‍ട്ടി ചെയ്യുന്നത്.

വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കില്ല എന്ന ധാര്‍മ്മിക നിലപാട് കൈക്കൊള്ളുക വഴി ആം ആദ്മി പുതിയ ഒരു  കീഴ്വഴക്കത്തിനു രാഷ്ട്രീയത്തില്‍ തുടക്കമിട്ടു. ഇത് ലംഘിക്കാനുള്ള ധൈര്യം സംഘടിത രാഷ്ട്രീയ കക്ഷികള്‍ക്ക് ഇല്ല എന്നതിനുള്ള തെളിവാണ് ഗവര്‍ണ്ണറുടെ ക്ഷണം ലഭിച്ചിട്ടും, ഡല്‍ഹിയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബി ജെ പി  മുന്നോട്ട് വരാതിരുന്നത്. ആം ആദ്മി എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍, കുതിര കച്ചവടത്തിലൂടെയോ, മറ്റ് പാര്‍ട്ടികളെ പിളര്‍ത്തിയോ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കുമായിരുന്നു. പക്ഷെ ഇന്നവര്‍ക്ക് ആ ധൈര്യമില്ലാതെ പോയി.

കുതിരക്കച്ചവടവും അവിഹിത കൂട്ടുകെട്ടും വഴി അധികാരം കയ്യടക്കാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത  ബി ജെ പി അധികാരക്കസേരയില്‍ നിന്ന് ഓടി ഒളിച്ചിട്ട്, ആം ആദ്മി പാര്‍ട്ടിയെ  സര്‍ക്കാരുണ്ടാക്കാന്‍ വെല്ലുവിളിക്കുന്ന അത്ഭുതകരമായ കാഴ്ചയാണു നാം കണ്ടത്. ഇത് ആം ആദ്മി പാര്‍ട്ടിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ഭയന്നു തന്നെയാണ്.

നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞ് നടക്കാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍, തങ്ങള്‍ ഇത് വരെ തുടർന്നുപോന്ന  രാഷ്ട്രീയം കൈവെടിയണം എന്നും, ആം ആദ്മി രാഷ്ട്രീയം നടപ്പിലാക്കണം എന്നും മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് ബോധ്യമായി എന്നതാണ്, അവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. അതാണ്, ആം ആദ്മി പാര്‍ട്ടിയുടെയും അതിന്റെ നേതാവായ കെജ്‌രിവാളിന്റെയും  ഏറ്റവും വലിയ നേട്ടം.

2013 നെ ഇന്‍ഡ്യയുടെ ചരിത്രം അടയാളപ്പെടുത്തുക ഈ വിധത്തിലായിരിക്കും.

കേരളത്തില്‍ ആം ആദ്മി ആകാന്‍ പാടു പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ  പോലീസ് ചെയ്യുന്ന ഒരു കാര്യം നോക്കുക. സാധാരണ മനുഷ്യര്‍  കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നത് കൊല്ലം വഴിയാണ്. പക്ഷെ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് പോകുന്നത് വൈറ്റില, തലയോലപ്പറമ്പ്, തിരുവഞ്ചൂര്‍, മണര്‍കാട്, പുതുപ്പള്ളി, ചങ്ങനാശേരി , തിരുവല്ല  വഴി ആണ്. സരിതയുടെ യാത്ര പുതുപ്പള്ളി വഴി;

  സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരെ എറണാകുളം കോടതിയില്‍ ഹാജരാക്കിയ ശേഷം പുതുപ്പള്ളി വഴിയാണു തലസ്ഥാനത്തേക്കു മടക്കി കൊണ്ടുവന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഹോട്ടല്‍ സമരമായതിനാല്‍ നാടന്‍ കടയില്‍ നിന്നു ഭക്ഷണം കഴിക്കാനുമാണ് ആ വഴി തിരഞ്ഞെടുത്തതെന്ന് എസ്കോര്‍ട്ട് പോയ പൊലീസുകാര്‍ മൊഴി നല്‍കി. 

ഇത് നമ്മളൊക്കെ അപ്പാടെ വിഴുങ്ങണമെന്നാണ്, ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്. ഇതുപോലുള്ള പരിഷകളില്‍ നിന്നും കേരളത്തെ രാക്ഷിക്കാന്‍ കേരളത്തിലും വേണ്ടേ ഒരു ആം ആദ്മി പാര്‍ട്ടി?