Wednesday 24 June 2009

ഓസ്ട്രേലിയയില്‍ നടന്നതെന്താണ്?

അടുത്ത കാലത്ത് ഓസ്ട്രേലിയയില്‍ ഇന്‍ഡ്യന്‍ വംശജര്‍ക്കു നേരെ ചില ആക്രമണങ്ങളുണ്ടായി. അതിനെതിരെ ഇന്‍ഡ്യന്‍ മാധ്യമങ്ങളിലും, ചില ബ്ളോഗുകളിലും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇന്‍ഡ്യ ഗവണ്‍മെന്റും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റും അതില്‍ അതീവ ദുഖവും പ്രകടിപ്പിച്ചു.


ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന, നടുക്കുന്ന
വംശീയ ആക്രമണങ്ങള്‍
എന്നതാണ്, രാജീവ് ചേലനാട്ടിന്റെ "ഇപ്പൊഴോ?" എന്ന ബ്ളോഗില്‍ പറയുന്നത്. സംഘപരിവാര്‍ നടത്തുന്ന ഒരു പ്രചാരണത്തിനെ വിമര്‍ശിക്കാനുദ്ദേശിച്ചാണതെങ്കിലും, അതില്‍ പരാമര്‍ശിക്കുന്നത്, ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ വര്‍ണ്ണ വെറിയേക്കുറിച്ചാണ്. ജോണ്‍ ഹൊവാര്‍ഡിന്റെ ഒരു പരാമര്‍ശം, സംഘപരിവാര്‍, മുസ്ലിങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതാണാ ബ്ളോഗിനാധാരം.

കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മട്ടിലായിപ്പോയി ഈ എടുത്തു ചാട്ടം.

വര്‍ണ്ണ വെറിയുടെ ഭാഗമാണ്, ഓസ്ട്രേലിയയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണമെന്നൊക്കെ സാമന്യവത്ക്കരിക്കുന്നത് ശരിയല്ല.
രജീവിനേപ്പോലുള്ളവര്‍ വംശം, വര്‍ണ്ണം, മതം ഇവയെല്ലാം കൂട്ടിക്കുഴക്കുന്നു.


നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ നിന്നും ഓസ്ട്രേലിയയില്‍ കുടിയേറിപ്പാര്‍ത്തവര്‍, അവിടത്തെ ആദിവാസികളെ അടിച്ചമര്‍ത്തി. അത് അമേരിക്കയില്‍ റെഡ് ഇന്‍ഡ്യക്കാരേ ആടിച്ചമര്‍ത്തി അവരുടെ ജന്‍സ്ഥലം കയ്യേറിയതു പോലെയാണ്. ഇതിന്‌ വംശവെറി എന്നതിനപ്പുറം അധിനിവേശം എന്ന വിശേഷണത്തിനാണ്, കൂടുതല്‍ അര്‍ഹത. നീഗ്രോകളായ അടിമകളുടെ സ്വാന്തന്ത്ര്യം നിഷേധിച്ച് അവരെ അടിച്ചമര്‍യത് , മറ്റൊന്നാണ്. ഇതിനെല്ലാം പിന്നിലുള്ള ചേതോ വികാരം ഒന്നാണെങ്കിലും.


ജോണ്‍ ഹൊവാര്‍ഡിന്റെ ഭരണകാലത്ത്, ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ്, അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ്, ബുഷിന്റെ യുദ്ധത്തില്‍ അവര്‍ പങ്കു ചേര്‍ന്നതും. ആ നയം അവര്‍ ചിലയിടത്ത് ദുരുപയോഗപ്പെടുത്തി. അതിന്റെ ഇരയായിരുന്നു ഒരിന്‍ഡ്യന്‍ ഡോക്ടര്‍. സംശയത്തിന്റെ പേരില്‍ നമ്മളും ഇതു പോലെ ചിലരെ അറസ്റ്റ് ചെയ്യാറില്ലേ? മറിയം റഷീദ എന്ന മാലിക്കാരിയെ മറന്നോ?

ഇനി ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളേപ്പറ്റി. എനിക്കു കിട്ടിയ അറിവ്, രാജീവൊക്കെ മനസിലാക്കിയപോലെയല്ല. ഇന്‍ഡ്യന്‍ വിദ്യര്‍ത്ഥികള്‍ എന്ന വാക്കു തന്നെ ദുരുപയോഗം ചെയ്യപ്പെട്ടതാണ്. ഇവരെല്ലാം Student VISAയിലാണവിടെ പോയതെങ്കിലും, ഭൂരിഭാഗം പേരുടെയും ഉദ്ദേശ്യം, ജോലി ചെയ്തു പണം സമ്പാദിക്കുക എന്നതാണ്. ഓസ് ട്രേലിയയില്‍ അഭയാര്‍ത്ഥികളായി വന്നു താമസിക്കുന്ന വലിയ ഒരു വിഭാഗം അളുകളുണ്ട്. ഇന്‍ഡ്യക്കാരെ അപേക്ഷിച്ച്, ഇവര്‍ക്ക് വിദ്യാഭ്യസവും, പ്രവര്‍ത്തി പരിജയവും കുറവാണ്. അതിന്റെ അസൂയ ഈ വിഭാഗങ്ങള്‍ക്ക് ഇന്‍ഡ്യക്കാരോടുണ്ട്. അതില്‍ നിന്നാണ്, പ്രശ്നങ്ങള്‍ ഉണ്ടായത്.

കുഴപ്പം ആദ്യം ​ഉണ്ടായത്, ലെബനോന്‍ കാരും ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളും തമ്മിലാണ്. അത് വ്യക്തിപരമായ ഒരു പ്രശ്നത്തിന്റെ പേരിലും. ആ വഴക്കില്‍ സുഡാനികളും പങ്കാളികളായി. രണ്ടോ മൂന്നൊ ആക്രമണങ്ങളും അതിനുശേഷം നടന്നു. ഇതിന്റെയൊക്കെ നിജസ്ഥിതി അന്വേഷിക്കാതെ ചില സ്വയം പ്രഖ്യാപിത നേതാക്കള്‍, ഇത് ഇന്‍ഡ്യക്കാര്‍ക്കെതിരെ ഓസ് ട്രേലിയക്കാര്‍ നടത്തുന്ന വംശീയ ആക്രമണമാണെന്ന് പ്രഖ്യാപിച്ചു. അതിനെതിരെ ഒരു മാര്‍ച്ചും സംഘടിപ്പിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തു തിരിച്ചു പോകുമ്പോള്‍, ഇന്‍ഡ്യയില്‍ ചെയ്യുന്ന പോലെ വഴിക്ക് കണ്ട കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുക തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.


ഇതില്‍ ക്ഷുഭിതരായ ചില ഓസ് ട്രേലിയക്കാര്‍, ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. ഈ വിദ്യാര്‍ത്ഥികളില്‍ ഹിന്ദുക്കളുണ്ട്, സിഖു മതക്കാരുണ്ട്, മുസ്ലിങ്ങളുണ്ട്. ഇതില്‍ ആര്‍ക്കെതിരെ ഉണ്ടായ ആക്രമണമാണ്, ഹോവാര്‍ഡിന്റെ വര്‍ണ്ണ വെറിയില്‍ രാജീവ് ഉള്‍പ്പെടുത്തുക?

ഇനി അഡെലൈയിഡില്‍ (Adelaide)ഉണ്ടായ ഒരു വംശീയ ആക്രമണത്തെപ്പറ്റി രണ്ടു വാക്ക്. ഒരു ഷോപ്പിംഗ് മാളില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണല്ലോ വാര്‍ത്ത. നടന്ന സംഭവം ​ഇങ്ങനെ. ഒരു വൈകുന്നേരം വലിയ ഷോപ്പിംഗ് കോംപ്ളക്സില്‍ ഒരു ഓസ്ട്രേലിയന്‍ ഭാര്‍ത്താവും അയാളുടെ ഭാര്യയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. അതു കണ്ട ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിക്ക് ഹരം കേറി. അവരുടെ അടുത്തു നിന്ന് ആ വഴക്കു മുഴുവനുമാസ്വദിച്ചു. വഴക്കിനിടയില്‍ വായില്‍ നോക്കുന്ന അശ്രീകരത്തിന്റെ മൂക്കിനു തന്നെ ഭര്‍ത്താവ് ഒരിടികൊടുത്തു. മൂക്കു ചതഞ്ഞ അശ്രീകരം അശുപത്രിയിലും. ഇതിലെവിടെയാണ്, നമ്മള്‍ കണ്ടെടുത്ത വംശീയ വിദ്വേഷം?

എത്രത്തോളം വംശീയമായിരുന്നു അവ? ഇന്‍ഡ്യന്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഊതി വീര്‍പ്പിച്ചതുപോലെ ആയിരുന്നോ അവ? സംശയമുണ്ട്. നമ്മുടെ മനസിലുള്ള ഒരു പ്രത്യേക തരം രോഗത്തിന്റെ പ്രതിഫലനമല്ലെ ഇത്? ഇന്‍ഡ്യയില്‍ ഉണ്ടാകുന്ന ഏത് അതിക്രമവും അത് ചെയ്യുന്നവരുടെ മതവും ജാതിയും നോക്കി വിശകലനം ചെയ്യുന്നതും, അതിനു മത വിദ്വേഷത്തിന്റെ ഛായ നല്‍കുന്നതും നമ്മള്‍ കാണുന്നു.

രാമും റഹീമും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പോലും മത സംഘട്ടനത്തിലേക്ക് വഴിതിരിച്ചു വിടുന്ന, സാമൂഹ്യ ദ്രോഹികളും നമ്മുടെ ഇടയിലുണ്ട്. ചിലര്‍ അല്‍പ്പം കൂടെ കടന്നു ചിന്തിക്കുന്നു. കഥകളിലും സിനിമകളിലും ഉള്ള കഥാപാത്രങ്ങളുടേ ജാതിയും മതവും തിരിച്ച് വിമര്‍ശിക്കുന്നതും നമുക്ക് കാണാം. ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ മതം അനുസരിച്ച് സംവിധായകരിലും എഴുത്തുകാരിലും മത വിദ്വേഷം അരോപിക്കുന്ന ഒരു ലേഖനമാണ്, അപരരുടെ നരകങ്ങള്‍.

മുസ്ലിം തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും എതിരെ, ആരെന്തു പറഞ്ഞാലും ഇപ്പോള്‍ , കേരളത്തിലെ കുറച്ച് ഇടതുപക്ഷക്കാര്‍ക്ക് അത് രുചിക്കുന്നില്ല. മദനി എന്ന തീവ്രവാദിയെ കൂടെ കൂട്ടയതിനെ ന്യയീകരിക്കാനാണ്, അവര്‍ ശ്രമിക്കുന്നതും. ആ പശ്ചാത്തലത്തിലമാണ്, രാജീവിന്റെ ബ്ളോഗിനും.

ജോണ്‍ ഹോവാര്‍ഡ് പറഞ്ഞതും, സംഘപരിവാരികള്‍ പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. മുസ്ലിം തീവ്രവാദികള്‍ക്ക് പ്രത്യേക അവകാശങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെ ആരും ചോദ്യം ചെയ്യാന്‍ പടില്ല എന്ന നിലപാടിനെയാണ്, ജോണ്‍ ഹൊവാര്‍ഡ് വിമര്‍ശിച്ചത്. മുസ്ലിങ്ങളെല്ലാവരും രാജ്യം വിട്ടു പോകണമെന്നദ്ദേഹം പറഞ്ഞില്ല. വിമര്‍ശനം സഹിക്കാന്‍ വയ്യാത്തവര്‍, പോകണം എന്നേ പറഞ്ഞുള്ളു. സംഘ പരിവാരികള്‍ പറയുന്നത് എല്ലാ മുസ്ലിങ്ങളും ഇന്‍ഡ്യ വിട്ടു പോകണമെന്നാണ്. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ സംഘടിതമായി നടത്തുന്ന ആക്രമനങ്ങളും കൊലപാതകങ്ങളും അതിന്റെ പ്രതിഫലനമാണ്. മത സ്വാതന്ത്ര്യം വളരെ കൂടുതലുള്ള ഒരു രാജ്യമാണ്, ഓസ്ട്രേലിയ. ഇന്‍ഡ്യയിലേയും ചില ഇസ്ലാമിക രജ്യങ്ങളിലേയും പോലെ, ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതിനെ എതിര്‍ക്കുന്ന ആരും അവിടെയില്ല. മത പരിവര്‍ത്തനത്തിനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.അവിടത്തെ നിയമനുസരിച്ച് ജീവിക്കുന്ന ഏതു മതവിശ്വാസിയേയും അവര്‍ സ്വാഗതം ചെയ്യുന്നു.

ഓസ്ട്രേലിയ രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്നു എന്ന പരാമര്‍ശം തികച്ചും ബാലിശമായിപ്പോയി. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയമാണവിടത്തേതെന്നതും കൂടുതല്‍ ചര്‍ച്ച ആവശ്യമയ സംഗതിയാണ്. ഇസ്ലാമിക ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതിനപ്പുറം എന്തെങ്കിലും അസംബന്ധം അവരുടെ രാഷ്ട്രീയത്തിലുണ്ടോ എന്നതും തര്‍ക്ക വിഷയമാണ്.

Saturday 20 June 2009

ഇ എം എസിനു ശേഷം ആര്?

ഇ എം എസിന്റെ ജന്‍മശതാബ്ധി വര്‍ഷമാണല്ലോ ഇത്. ജന്മശദാബ്ധി പ്രമാണിച്ച് കേരള മുഖ്യമന്ത്രി ഇ എം എസിനേക്കുറിച്ച് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി പത്രം വിസമ്മതിക്കുന്ന ഭീകര കാഴ്ചയും കേരളം കണ്ടു. പാര്‍ട്ടി മുഖ്യമന്ത്രിയെ ക്ഷണിക്കാതെ നടത്തിയ അനുസ്മരണ സമ്മേളനവും കണ്ടു.

വളരെ പ്രക്ഷുബ്ധമായ ഒരു തെരഞ്ഞെടുപ്പാണ്, കേരളത്തില്‍ കഴിഞ്ഞുപോയത്. തെരഞ്ഞെടുപ്പു സമയത്തും തെരഞ്ഞെടുപ്പിനു ശേഷവും , പാര്‍ട്ടിയിലെ പിണറായിയെ പിന്തുണക്കുന്ന വിഭാഗം, പാര്‍ട്ടി പത്രത്തിലൂടെയും ബ്ളോഗുകളിലൂടെയും ഇ എം എസിനെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നത് കണ്ടു. വി എസ് അച്ചടക്ക ലംഘനം നടത്തിയതാണു പാര്‍ട്ടി തോല്‍ക്കാനുള്ള കാരണമെന്ന നുണ, ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു വൃഥാ ശ്രമായിരുന്നു അതിനു പിന്നില്‍. മദനി എന്ന മതതീവ്രവാദിയുമായി കൂട്ടു കൂടിയതും, ലാവലിന്‍ അഴിമതിക്കേസും പ്രധാനപരാജയകാരണങ്ങളാണെന്ന് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം പാടെ പരാജയപ്പെട്ടു.

ഇ എം എസ് ജീവിച്ചിരുന്നെങ്കില്‍ മദനിയുമായി കൂട്ടു കൂടുന്നതിനെ അംഗീകരിക്കുമായിരുന്നോ? ഇല്ല എന്ന് നിസംശയം പറയാം. 1987 ലെ തെരഞ്ഞെടുപ്പില്‍ മത ശക്തികളുമായി യാതൊരു ബാന്ധവുമില്ലാതെ ഇടതുപക്ഷ മുന്നണിയെ അധികാരത്തിലെത്തിച്ച ധിക്ഷണശാലിയായിരുന്നു അദ്ദേഹം. ആ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഭൂരിപക്ഷ വര്‍ഗ്ഗിയത കൊണ്ടോ മറിച്ചോ നേരിടാനാകില്ല. വര്‍ഗ്ഗീയതക്കും ജാതിമത ശക്തികള്‍ക്കും എതിരായിരുന്ന ആ നിലപാടിനു കടകവിരുദ്ധമായ ഒന്നാണ്, പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം കൈക്കൊണ്ടത്. പി ഡി പിയുമായി പരസ്യമായും , ജമ അത് ഏ ഇസ്ലമി, കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സുന്നി, മടവൂരിന്റെ മുജാഹിദ് എന്നീ മുസ്ലിം മത വിഭഗങ്ങളുമായി രഹസ്യമായും സഖ്യമുണ്ടാക്കിയ പിണറായി വിജയന്റെ നടപടി, ഇ എം എസ് പിന്തുടര്‍ന്ന നിലപാടിനു വിരുദ്ധമാണ്.

മുസ്ലിം മതത്തിലെ ചൂക്ഷിത വിഭാഗത്തെ കമ്യൂണിസം മനസിലാക്കിച്ച് പാര്‍ട്ടിയിലേക്കടുപ്പിക്കുകയായിരുന്നു, ഇ എം എസിനേപ്പോലുള്ള നേതാക്കള്‍ ചെയ്തിരുന്നത്. മൊല്ലാക്കമാരുടെയോ, മുക്ക്രിമരുടെയോ മുസ്ല്യാര്‍മാരുടെയോ പിന്നാലെ അദ്ദേഹമോ അന്നത്തെ പാര്‍ട്ടിയോ പോയിട്ടില്ല. തൊഴിലാളികളിലൂടെ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കുന്ന ഒരു നേതൃത്വനിര അന്ന് സി പി എമ്മിനുണ്ടായിരുന്നു. പക്ഷെ ഇന്ന് തൊഴിലാളികള്‍ക്കു പകരം, മുതലാളിമാരെ പിന്താങ്ങുന്ന പുതിയ നേതൃത്വം കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ജുഗുപ്സവഹമായ കാഴ്ചയാണ്‌ കണുന്നത്. തൊഴിലാളിയുടെ മുഖമായ കട്ടന്‍ ചായയും പരിപ്പുവടയും വെറുപ്പോടെ കാണുന്ന ജയരാജന്‍മാര്‍ നയിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി, മുസ്ലിം മത നേതാക്കന്‍മാരുടെ പുറകേ പോകുന്നതില്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ആരും അതിശയക്കില്ല. പക്ഷെ ഇ എം എസ് നയിച്ച പാര്‍ട്ടിയെ ഇവരാണല്ലോ ഇന്നു നയിക്കുന്നതെന്നോര്‍ത്ത് നെടുവീര്‍പ്പിടും.


ഒന്നോ രണ്ടോ സീറ്റുകള്‍ കൂടുതലായി ലഭിക്കുന്ന പാര്‍ലമെന്ററി വ്യാമോഹമാണിതിനു പിന്നിലെന്ന്, മനസിലാക്കുമ്പോളാണ്, ഈ പ്രവര്‍ത്തിയുടെ വ്യാപ്തിയും പ്രത്യഘാതങ്ങളും തെളിഞ്ഞു വരിക. താല്‍ക്കാലികമായി ഇതുണ്ടാക്കുന്ന നേട്ടങ്ങളിലാണീ നേതാക്കളുടെ താല്പ്പര്യം. പക്ഷെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനതുണ്ടാക്കുന്ന നഷ്ടം അവരൊന്നും കണുന്നില്ല.

ജാതി നേതാക്കന്‍മാരെയും, ജന്‍മിമാരെയും കൂടെ നിറുത്തി വോട്ടുബാങ്കുണ്ടാക്കുന്ന കാഴ്ച ഉത്തരേന്ത്യയില്‍ ഇന്നും കാണാം. അതവിടത്തെ സാമൂഹിക വ്യവസ്ഥയുടെ പ്രത്യേകതയാണ്. ജാതിമേധാവികളും ജന്‍മികളും അവസാന വാക്കായ ആ സമൂഹങ്ങളില്‍ അതൊക്കെ വിജയിച്ചേക്കാം. പക്ഷെ കേരള സമൂഹത്തില്‍ അത് വിജയിക്കില്ല. ജന്മികള്‍ കേരളത്തിലില്ല. ജാതിമേധാവികള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. ജാതി മേധാവികള്‍ പറയുന്നതനുസരിച്ച് കേരളത്തില്‍ അധികം പേര്‍ വോട്ടു ചെയ്യാറില്ല. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരായ ഒരു ജനതയാണ്, കേരളീയര്‍. ഉത്തരേന്ത്യയില്‍ പയറ്റുന്ന ജാതിയധിഷ്ടിതമായ ചെപ്പടി വിദ്യകള്‍ കേരളത്തില്‍ പയറ്റാന്‍ പിണറായി നടത്തിയ ശ്രമം പാളിപ്പോയതാണു നാം കണ്ടത്.

പിണറായി വിജയനേപ്പോലുള്ളവര്‍ അറിയാതെ വീണുപോയ ഒരു കെണിയാണിതെന്ന് എനിക്ക് തോന്നുന്നില്ല. വളരെ ബോധപൂര്‍വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണിത്. മദനി എന്ന മത തീവ്രവാദിക്ക് കേരളീയ സമൂഹത്തില്‍ ഒരു നിറമുണ്ട്. പിണറായി വിജയന്‍ ആ നിറം മാറ്റാന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല. പാലസ്തീന്‍ പ്രശ്നത്തിലൊക്കെ ഇ എം എസിനേപ്പോലുള്ളവര്‍ സ്വീകരിച്ച തത്വാധിഷ്ടിത നിലപാട്, പാലസ്തീനികള്‍ മുസ്ലിങ്ങളായതുകൊണ്ടല്ലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷം ചേരുന്ന കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വത്തിലധിഷ്ടിതമാണ്. സ്വഭാവികമായി അത് സാമ്രാജ്യത്വ വിരുദ്ധവുമാണ്. പിണറായി വിജയന്റെ കുടില ബുദ്ധി സാമ്രാജ്യത്വ വിരുദ്ധം എന്ന ഒറ്റ ആശയം അടര്‍ത്തി മാറ്റിയാണ്‌, മദനിയുമായുള്ള സഖ്യത്തെ ന്യായീകരിക്കുന്നത്. പിണറായിയുടെ ചാവേര്‍ പോരാളികളും അതിനു പ്രചാരം കൊടുക്കുന്നു.

മദനിയേപ്പോലുള്ളവര്‍ അഗോള മുസ്ലിം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കണ്ണികളാണെന്ന സത്യം പിണറായിക്ക് അറിയാത്തതല്ല. മദനിപ്പോലുള്ളവര്‍ക്ക് ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും പണം ഒഴുകിയെത്തുന്നു എന്നതും ഒരു സത്യമാണ്.

മുസ്ലിങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധത, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സാമ്രാജ്യത്വവിരുദ്ധത തന്നെയാണെന്ന കാഴ്ചപ്പാട്, പാര്‍ട്ടിക്കുണ്ടായത്, പിണറായി വിജയന്‍ സാരഥ്യം ഏറ്റെടുത്തതിനു ശേഷമാണ്. അതുകൊണ്ടാണിദ്ദേഹം മുസ്ലിം മത തീവ്രവാദിയുടെ സഖാവായതും. കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ സവര്‍ണ്ണ ഫാസിസത്തിന്റെ ഇരകളാണ്, ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ എന്ന കാഴ്ചപ്പാട്, പിണറായിയുടെ നയത്തിന്റെ വളരെ ജുഗുപ്സാവഹമായ പ്രഖ്യാപനവും ആകുന്നു.


സിമി പോലുള്ള സംഘടനകള്‍, ഇന്‍ഡ്യയിലെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ കയ്യിലാണെന്ന്, വര്‍ഷങ്ങള്‍ക്കു മുമ്പേ ആരോപിച്ചിരുന്നു. കുഞ്ഞഹമ്മിദിന്റെ വാക്കുകളില്‍ ആ നിലപാട് വായിച്ചെടുക്കാം. ഇതിലെല്ലാം ഒരു മുസ്ലിം പ്രീണന നിലപാടുള്ളതായി ആര്‍ക്കും മനസിലാക്കാം.

സി പി എം മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നില്ല. ഹംസയേപ്പോലുള്ള നേതാക്കള്‍ പരസ്യമായി മുസ്ലിം മത വിശ്വാസം പ്രകടിപ്പിക്കുന്നത് പിണറായിക്കൊരു പ്രശ്നമല്ലാത്തത്, ഈ പ്രീണനത്തിന്റെ മറ്റൊരു മുഖമാണ്. ഞാനൊരു എ പി സുന്നിക്കാരനാണെന്നും ഇസ്ലാമിനു വേണ്ടിയുള ജിഹാദാണെന്റെ സ്ഥനാര്‍ത്ഥിത്വം എന്നും ഹംസക്ക് പരസ്യമായി പറയാന്‍, പിണറായിയുടെ ഭരണത്തിലേ പറ്റൂ. ഇ എം എസ് ജീവിച്ചിരുന്നെങ്കില്‍ ഹംസ എന്നേ അച്ചടക്ക നടപടിക്കു വിധേയനാകുമായിരുന്നു.

ഇവിടെയാണ്, ഇ എം എസിന്റെ പ്രസക്തി.


ഇ എം എസിനു ശേഷം ആരെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ആരുമില്ലെന്നതാണു വാസ്തവം. സുപ്പീരിയര്‍ അഡ്വൈസര്‍ പദവിയില്‍ സ്വയം അവരോധിതനായ സുകുമാര്‍ ആഴീക്കോടാണതിനര്‍ഹന്‍ എന്ന്, മറ്റൊരു പാദസേവകന്‍ മുകുന്ദന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണു പ്രസ്താവിച്ചത്. സുപ്പീരിയറിന്റെ കാലശേഷം ആരെങ്കിലും കനിഞ്ഞ് ആ പദവി തനിക്കു തന്നാലെങ്കില്‍ എന്ന് സ്വപ്നം കാണുന്ന മുകുന്ദന്‍ ഇതു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. ആയകാലത്ത് കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ വിടുപണിചെയ്ത അഴീക്കോടും, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഫ്രഞ്ച് സാമ്രാജ്യത്വത്തിനു പാദസേവചെയ്ത മുകുന്ദനും പരസ്പരം പുറം ചൊറിഞ്ഞ് ആശ്വാസം കൊള്ളുന്നത് , പിണറായിയോ ചേവകന്‍ മാരോ അറിഞ്ഞഭാവം നടിക്കുന്നില്ല. അതോ ഇ എം എസിന്റെ കസേരയും ലേലത്തിനു വച്ചിരിക്കുകയാണോ?

കപട കമ്യൂണിസ്റ്റിന്റെ, ധാര്‍ഷ്ട്യത്തിന്റെ തികട്ടലുകള്‍





വെള്ളം എന്തിനൊക്കെ ഉപയോഗിക്കാം ?

കുടിക്കാനും, ഭക്ഷണം പാകം ചെയ്യാനും, കുളിക്കാനും, പല്ലുതേക്കാനും, താടിവടിക്കാനും ഒരു പരിധിവരെ കളിക്കാനും ഉപയോഗിക്കാം. പക്ഷെ കുളിക്കാതെ, പല്ലുതേക്കാതെ, താടിവടിക്കാതെ, ഒരു പേക്കോലത്തേപ്പോലെ നടക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിന്‌ വെള്ളം , അനുഭൂതികളിലാറാടി തിമര്‍ക്കാനും കൂടി ഉള്ളതാണ്. പ്രസ്ഥാനം എന്നു വിളിക്കപ്പെടുന്ന നേതാവ്, അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇദ്ദേഹം നടത്തുന്ന ഈ കസര്‍ത്ത്, സുബോധമുള്ള മനുഷ്യരെ കൊഞ്ഞനം കുത്തുന്നതായിപ്പോയി.


ആരാണ്‌ അനുഭൂതികളില്‍ ആറാടി തിമിര്‍ക്കുന്നത്? രണ്ടുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഏതായാലും അനുഭൂതികളില്‍ ആറാടി തിമിര്‍ക്കാന്‍, 500 രൂപ ചെലവാക്കി പറശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ പോകാന്‍ സാധ്യതയില്ല. അവര്‍ കൂടിവന്നാല്‍ ഒരു സിനിമക്കോ, ഉത്സവത്തിനോ പെരുന്നാളിനോ പോകും. കമ്യൂണിസം പ്രസംഗിക്കുകയും, കള്ളപ്പണം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരും, കമ്യൂണിസ്റ്റല്ലാത്തവരും,‍ ഒരു പക്ഷെ ഇത്രയധികം പണം ചെലവാക്കി അനുഭൂതികളിലാറാടി തിമിര്‍ക്കാന്‍ പോയേക്കാം.


കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍, ശുദ്ധജലം പാഴാക്കാന്‍ സുബോധമുള്ളവര്‍ അനുവദിക്കില്ല. ചില രാജ്യങ്ങളില്‍ ശുദ്ധജലം തോട്ടം നനക്കുക, വാഹനം കഴുകുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് നിയമവിരുദ്ധം പോലുമാണ്. കേരളത്തില്‍ കുടിവെള്ളക്ഷാമം വലിയ ഒരു സാമൂഹ്യപ്രശ്നം തന്നെയാണെന്ന് കുഞ്ഞഹമ്മദ് ഒഴികെയുള്ള എല്ലാവര്‍ക്കും അറിയാം. ഒരു ബഹുരാഷ്ട്ര കുത്തക, കേരളത്തിലെ ഒരു പ്രദേശത്ത് സൃഷ്ടിച്ച കുടിവെള്ള പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധപോലും നേടുകയുണ്ടായി.

വേനല്‍ക്കാലത്ത് കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കുടി വെള്ള ക്ഷാമമുണ്ട്. അത് കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന ഈ വരേണ്യവര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരന്‍ പറയുന്നത് കേട്ടാലും!!

ഭൂമിയിലെ വെള്ളം പാരിസ്ഥിതിക അവബോധം ഉള്‍ക്കൊള്ളുന്ന സര്‍വ മനുഷ്യര്‍ക്കും കുടിക്കാനും, കുളിക്കാനും, കളിക്കാനും, അനുഭൂതികളിലാറാടി തിമര്‍ക്കാനും ഉള്ളതാണ്.


വെള്ളം പാഴാക്കരുത് എന്നു പറഞ്ഞാല്‍, കുഞ്ഞഹമ്മിദിനേപ്പോലുള്ള ജീവികള്‍ മനസിലാക്കുന്നതിങ്ങനെ, വെള്ളം തൊട്ട് കളിയ്ക്കേണ്ട അതിനു വിപണിമൂല്യമുണ്ട് !!!. മനസിന്റെ സമനിലതെറ്റിയാല്‍ ഇതിലപ്പുറം പിച്ചും പേയും പറയും. ഈ കപടബുദ്ധിജീവി അവിടെയും നിറുത്തുന്നില്ല.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മഹത്തായ മേയ്‌ദിന മുദ്രാവാക്യത്തിലെ വിനോദം എന്നതിന്റെ ഉത്തരാധുനിക വിവര്‍ത്തനമാണ്, എട്ടു മണിക്കൂര്‍ അനുഭൂതികളിലാറാടി തിമിര്‍ക്കുക!!. അത് പറ്റുമെങ്കില്‍ പറശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ തന്നെ വേണം .


കെ ഇ എന്‍ കുഞ്ഞഹമ്മദ് കേരളത്തിലെ അറിയപ്പെടുന്ന പാദ സേവകനാണ്. പിണറായി വിജയനെ വിമര്‍ശിക്കുന്നവരെ പുലഭ്യം പറയുക എന്നതാണ്, ഈ കൂലിപ്പടയാളിയുടെ പ്രധാന ജോലി. പുരോഗമന കലാ സാഹിത്യത്തിന്റെ ഈ ഭാരവാഹി, സഹിത്യത്തിനെന്തു സംഭാവന നല്‍കിയെന്നു ചോദിച്ചാല്‍, പാഴൂര്‍ പടിപ്പുരയില്‍ അന്വേഷിക്കേണ്ടി വരും . പിണറായി വിജയനോടുള്ള വിധേയത്വം കാരണം അദ്ദേഹം അന്ധനുമാണ്. സ്വന്തം ജന്മിക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, പ്രതികരിക്കാതിരുന്നവര്‍ക്ക് മന്ദബുദ്ധിപ്പട്ടം ചാര്‍ത്തിക്കൊടുത്ത് അടുത്തിടെ അദ്ദേഹം പ്രസിദ്ധനാവുകയും ചെയ്തു. പിണറായി വിജയന്റെയും കൂടെയുള്ളവരുടെയും മുതലാളിത്ത അഭിനിവേശത്തേ വിമര്‍ശിച്ച് ധാരാളം ലേഖനങ്ങള്‍ വരുമ്പോള്‍ വിനീത ദാസന്‍ അതിനെതിരെ പ്രതികരിക്കുന്നു, തമ്പുരാനിസത്തിന്റെ തികട്ടലുകള്‍ എന്ന ലേഖനത്തിലൂടെ. ജന്മി നടത്തുന്ന പഞ്ചനക്ഷത്ര ഹോട്ടലിനേയും, അമ്യൂസ്മെന്റ് പാര്‍ക്കിനേയും, ജന്മിയുടെയും കൂട്ടാളികളുടെയും ഉത്തരാധുനിക കമ്യൂണിസത്തിന്റെ ലേബലൊട്ടിച്ച മുതലാളിത്തതിന്റെ മറ്റ് തിരുശേഷിപ്പുകളെയും, വെള്ള പൂശാനുള്ള വ്യഗ്രതയില്‍ അദ്ദേഹം മാര്‍ക്സിസത്തിനു പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നു. ഓലമേഞ്ഞ ഓഫീസുകള്‍ ശ്രേഷ്ടമാണെന്നോ, ഓടിട്ട ഓഫീസുകള്‍ മ്ളേഛമാണെന്നോ ഈ നൂറ്റാണ്ടില്‍ ആരും പറഞ്ഞതായി കേട്ടിട്ടില്ല. പതിവുപോലെ ഭാവനയില്‍ നിന്നും ഇദ്ദേഹം പലതും സൃഷ്ടിച്ചെടുക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ സ്വന്തം അധികാരിക്കും, അധികാരിയുടെ ധാര്‍ഷ്ട്യങ്ങള്‍ക്കും കണക്കിനു ചീത്തകേള്‍ക്കേണ്ടി വന്നതില്‍ ഇദ്ദേഹം ഏറെ ക്ഷുഭിതനുമാണ്. അധികാരിയുടെ പല നടപടികളും പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചതായിട്ടാണ്, പത്ര റിപ്പോര്‍ട്ടുകള്‍ . അതാണിപ്പോള്‍ പലതിനെയും ന്യായീകരിച്ചു കൊണ്ട് കൂലിപ്പടയാളി പടവാളുമായി ഇറങ്ങിയിരിക്കുന്നത്.

പിണറായി വിജയന്റെ ഇരുനിലവീടിനേക്കുറിച്ച് ബ്ളോഗുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതിനെ ന്യായീകരിക്കാന്‍, പാര്‍ട്ടിക്ക് ഇരുനില ഓഫീസുണ്ടായതിനേക്കുറിച്ചാണദ്ദേഹം എഴുതുന്നത്. പാര്‍ട്ടിക്ക് ബഹുനില ഓഫീസ് വര്‍ഷങ്ങളായിട്ടുണ്ട്. അതേക്കുറിച്ച് ഇന്നു വരെ ആരും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. വൈദ്യുതി ക്ഷാമം ഉള്ള സമയത്ത് ഓഫീസ് ശീതീകരിച്ചതിനേക്കുറിച്ച് ആക്ഷേപം കേട്ടിരുന്നു.

സമരങ്ങളും സംഘര്‍ഷങ്ങളും കത്തിനില്‍ക്കുന്ന കാലത്ത് ജനം ചെയ്യേണ്ടതെന്തെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത് കേട്ടാലും!!

പിണറായി വിജയന്‍ പണ്ടൊരിക്കല്‍ മാതൃഭൂമി പത്രാധിപരെ എടോ എന്നു വിളിച്ചതും ഇപ്പോള്‍ പല വേദികളിലും ചര്‍ച്ചാ വിഷയമാണ്. പിണറായി പ്രതിരോധത്തിലാകുമ്പോള്‍,സേവകരെല്ലാം ന്യായീകരിക്കണമല്ലോ. അതിന്റെ ഉദാഹരണമാണ്, കുഞ്ഞഹമദിന്റെ എടാപോടോ കണ്ണുപൊത്തിക്കളി.

മുതലാളി പണ്ട് എടാഎന്നും പോടാ എന്നും വിളിച്ചതിന്റെ ചൊറിച്ചില്‍ മാറ്റാന്‍, ഇന്ന് പകരമായി മുതലാളിയെ എടാ എന്നും പോടാ എന്നും വിളിക്കുന്നതാണ്, കരുത്തു നേടുന്നതിന്റെ ലക്ഷണമെന്നു വിചാരിക്കുന്ന ഈ ജീവിയോട് നമുക്ക് സഹതപിക്കാം. എടാ പോടോ എന്നു വിളിച്ചാണു വര്‍ഗ്ഗസമരം നടത്തേണ്ടതെന്ന്, പിണറായിയുടെ ഈ പൃഷ്ടം താങ്ങി പറയുമ്പോള്‍, കാള്‍ മാര്‍ക്സ് സ്വന്തം ശവക്കല്ലറയില്‍ കിടന്നു ഞെരങ്ങുന്നുണ്ടാകും . കള്ളു ചെത്തി നടന്ന കാലത്ത് പിണറായിയെ ഏതെങ്കിലും മുതലാളി ഏടോ എന്നു വിളിച്ചിട്ടുണ്ടോ എന്നറിയില്ല. കുഞ്ഞഹമ്മദിനേപ്പോലുള്ള പുരാതന ജീവികള്‍ അങ്ങനെ അവകാശപ്പെടുമ്പോള്‍ മറ്റുള്ളവര്‍ അവിശ്വസിക്കേണ്ട. പാവം പിണറായി , തലമുറകളായി നിലനില്‍ക്കുന്ന മാനസിന്റെ കലിപ്പ് മാറ്റാനും, നാവിന്റെ ചൊറിച്ചില്‍ തീര്‍ക്കാനും, എടോ എന്ന് എല്ലാവരെയും വിളിച്ചോട്ടേ. വേണമെങ്കില്‍ വി എസ് അച്യുതനന്ദനോടുള്ള ദേഷ്യം തീര്‍ക്കാനും, അദ്ദേഹത്തെയും എടോ എന്നു വിളിച്ചോട്ടേ. പക്ഷെ അത് വര്‍ഗ്ഗ സമരമാണെന്നും പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കല്ലേ.

മന്ദബുദ്ധി വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് താങ്കള്‍ പണ്ടൊരിക്കല്‍ കേരളിയരെ പഠിപ്പിച്ചു. നികൃഷ്ടജീവി എന്നത് വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പ്രസ്ഥാനം തന്നെ പഠിപ്പിച്ചു. പോട പുല്ലേ എന്നതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് വേറൊരു വിശ്വസ്തദാസന്‍ ജയരാജനും പഠിപ്പിച്ചു. സുധാകരമന്ത്രി വര്‍ഗ്ഗ സമരത്തിന്റെ ഭാഗമായി പഠിപ്പിച്ച ആസനത്തില്‍ കുന്തം കയറ്റുക തുടങ്ങിയ വാക്കുകളുടെ അറപ്പു മാറ്റാന്‍, ഒരു ഗംഗാജലത്തിനും ആവില്ല. ഇപ്പോള്‍ എടോ എന്നതും പോട എന്നതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് കേരളീയര്‍ മനസിലാക്കി.

ഇനിയും വര്‍ഗ്ഗസമരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആ നാറുന്ന മാറാപ്പില്‍ ഉണ്ടോ?

Saturday 13 June 2009

ശ്രുതിമധുരമായ ചലിച്ചിത്രഗാനങ്ങള്‍

1.

മഞ്ജു ഭാഷിണീ മണിയറവീണയില്‍
മയങ്ങിയുണരുന്നതേതൊരു ഗാനം
ഏതൊരു ഗീതം ഓ മഞ്ജുഭഷിണീ

നാദസിരകളില്‍ പ്രിയദര്‍ശനേ നിന്‍
മോതിര കൈവിരല്‍ തഴുകുമ്പോള്‍
താനേ പാടാത്ത തന്ത്രികളുണ്ടോ
താളം പിടിക്കാത്ത ഹൃദയമുണ്ടോ
ഓ മഞ്ജു ഭാഷിണീ

രാഗ സരസിതില്‍ പ്രാണസഖീ നിന്‍
രാജീവനയനങ്ങള്‍ വിടരുമ്പോള്‍
വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ
കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ


2.

ഇന്ദ്രവല്ലരി പൂചൂടിവരും
സുന്ദര ഹേമന്ത രാത്രി
എന്നെ നിന്‍മാറിലെ വനമാലയിലെ
മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ

ഒഴുകുമീ വെണ്ണീലാപ്പാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാ മുരളിയാക്കൂ
എന്നെ നിന്‍ മായാമുരളിയാക്കൂ

ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
മാരോത്സവങ്ങളില്‍ മെയ്യൊടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വനാക്കൂ
എന്നെ നിന്‍ ഗാനഗന്ധര്‍വനാക്കൂ


3.

മാണിക്യവീണയുമായെന്‍ മനസിന്റെ
താമരപ്പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്‍
വേദനയെന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍ മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍ വെയില്‍ വന്നല്ലോ
നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍


4.

സംഗമം സംഗമം
ത്രിവേണീ സംഗമം
ശൃംഗാരപദമാടും യാമം
മദാലസയാമം

ഇവിടെയോരോ ജീവിതരംഗവും
ഇണയെ തേടും രാവില്‍
നാണത്തില്‍ മുങ്ങിയ കയലിന്‍ കവിളില്‍
നഖചിത്രമെഴുതും രാവില്‍
നീയും ഞാനും നമ്മുടെ പ്രേമമവും
കൈമാറാത്ത വികാരമുണ്ടോ

ഇവിടെയോരോ മാംസപുഷ്പവും
ഇതളിട്ടുണരും രാവില്‍
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കാന്‍
ഉടയാട നെയ്യും രാവില്‍
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ

5.

യാമ ശംഖൊലി വാനിലുയര്‍ന്നു
സോമശേഖര ബിംബമുണര്‍ന്നു
നെറുകയില്‍ തൊഴുകൈ
താഅഴികക്കുടമേന്തി
ദേവാലയം പോലും
ധ്യാനിച്ചു നിന്നു

മഞ്ഞലയില്‍ കുളിരലയില്‍
മനസും ശരീരവും ശുദ്ധമാക്കി
മന്ദസമീരനില്‍ മന്ത്രങ്ങളും ചൊല്ലി
മല്ലികപൂത്താലമേന്തി
ഒരുങ്ങി പൂജക്കൊരുങ്ങി
ഈ മനോഹര തീരം
ഈ മനോഹര തീരം

പൊന്നിലയില്‍ കുങ്കുമവും
പൂവും പ്രസാദവും ചേര്‍ത്തൊരുക്കി
അകില്‍ പുക പൊങ്ങും മുകില്‍ മുറ്റമാകെ
അയിരം പൊങ്കാലയോടെ
വരുന്നു മെല്ലെ വരുന്നു
ആ ദിവാകര ബിംബം
ആ ദിവാകര ബിംബം


6.

മായാജാലക വാതില്‍ തുറക്കും
മധുര സ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികള്‍ നിങ്ങള്‍
മഞ്ജുഭാഷിണികള്‍

പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പങ്ങള്‍ നുള്ളി
ജപിച്ചെറിയുമ്പോള്‍
പൊയ്പ്പോയ വസന്തവും
വസന്തം നല്‍ കിയ
സ്വപ്നസഖിയുമെന്നില്‍
ഉണര്‍ന്നുവല്ലൊ
ഉണര്‍ന്നു വല്ലോ

തപ്തബാഷ്പ ജലകണങ്ങള്‍ നിങ്ങള്‍
സ്വപ്നങ്ങളാക്കി എനിക്കേകുമ്പോള്‍
മണ്ണോടു മണ്ണടിഞ്ഞ
പ്രണയപ്രതീഷകള്‍
സ്വര്‍ണ്ണമുളകള്‍ വീണ്ടും
അണിഞ്ഞു വല്ലോ
അണിഞ്ഞുവല്ലോ

7.

മാനത്തെക്കായലിന്‍
മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി
വന്നടുത്തു താമരക്കളിത്തോണി

തങ്കം നിനക്കുള്ള പുഷ്പക മലയുമായ്
സംക്രമ പൂനിലാവൊരുങ്ങി നില്‍പ്പൂ
നിന്‍ കിളി വാതിലില്‍ മയങ്ങി നില്‍പ്പൂ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത
മാന്‍ കിടാവേ

ശ്രാവണ പഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂമണിമഞ്ചവും മടക്കി വച്ചു
കാര്‍ മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ ഉണരുണരൂ
മദനന്‍ വളര്‍ത്തുന്ന
മണിക്കിടാവേ

8.

താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍

ഹേമന്തയാമിനിതന്‍
മണ്‍ വിളക്കു പൊലിയാറായ്
മാകന്തശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്


തളിര്‍ മരമിളകി നിന്റെ തങ്കവള
കിലുങ്ങിയല്ലോ
പൂഞ്ചോലപ്പടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പലൊളീ ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ

9.

ഇന്ദുലേഖേ ഇന്ദുലേഖേ
ഇന്ദ്രസദസിലെ നൃത്തലോലേ
ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു
തീരാത്ത തീരാത്ത മോഹം

സ്വപ്നങ്ങളുറങ്ങാത്ത രാത്രി, ഇത്
ശരത്ക്കാല സുന്ദര രാത്രി
കാമുകന്‍ മാരും കാമുകിമാരും
രോമാഞ്ചമണിയുന്ന രാത്രി, സ്വര്‍ഗ്ഗീയ
രോമാഞ്ചമണിയുന്ന രാത്രി

നവഗ്രഹ വീഥിയിലൂടെ, ഒരു
നക്ഷത്ര നഗരത്തിലൂടെ
നന്ദന വനത്തില്‍ കതിര്‍ മണ്‍ധപത്തില്‍
നവ വധുവായ് നീ വന്നു, ആരുടെ
നവ വധുവായ് നീ വന്നു

10.

സന്ധ്യമയങ്ങും നേരം, ഗ്രാമ
ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ നീ
എന്തിനീവഴി വന്നു
എനിക്കെന്തുനല്‍ കാന്‍ വന്നു
ഓ സന്ധ്യമ്യങ്ങും നേരം

കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ
കടത്തു തോണികളില്‍ ആളെക്കയറ്റും
കല്ലൊതുക്കുകളിലൂടെ
തനിച്ചു വരും താരുണ്യമേ
എനിക്കുള്ള മറുപടിയാണോ
നിന്റെ നാണം നിന്റെ നാണം

കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതര മിഴികളോടെ
മനസിന്നുള്ളില്‍ ഒളിച്ചു പിടിക്കും
സ്വപ്ന രത്ന ഖനിയോടെ
ഒരുങ്ങി വരും സൌന്ദര്യമേ
എനിക്കുള്ള സമ്മതമാണോ
നിന്റെ മൌനം നിന്റെ മൌനം

Tuesday 2 June 2009

പൊതു തെരഞ്ഞെടുപ്പു നല്‍കുന്ന പാഠങ്ങള്‍

പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ തന്നെ പ്രതീക്ഷകള്‍ തെറ്റിച്ച് യു പി എ അധികാരത്തിലെത്തി. യു പി എക്കു പുറത്തുള്ള പാര്‍ട്ടികളുടെ സഹായത്തോടെയേ സര്‍ക്കാരുണ്ടാക്കാനാവൂ എന്ന് കോണ്‍ഗ്രസ് ഏതാണ്ടു തീര്‍ച്ചയാക്കിയിരുന്നതാണ്. ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനു നേരെ ഒളികണ്ണെറിയാനും തുടങ്ങിയിരുന്നു.

മൂന്നു കാര്യങ്ങളാണീ തെരഞ്ഞെടുപ്പില്‍ നടന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും , ബി ജെപിയെ ജനം തള്ളിക്കളഞ്ഞതും, ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയും.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായതാര്‍ക്കാണ്? . ഇടതുപക്ഷത്തിനാണേറ്റവും വലിയ നഷ്ടമുണ്ടായതെന്നാണ്, എല്ലാവരും തന്നെ വിലയിരുത്തിയത്. അതു ശരിയല്ല എന്നാണെന്റെ അഭിപ്രായം. ഏറ്റവും നഷ്ടമുണ്ടായത് നാലാം മുന്നണിയെന്ന പേരില്‍ മുലായം സിംഗും, ലാലു പ്രസാദും, രാം വിലാസ് പസ്വാനും കൂടി രൂപപ്പെടുത്തിയ സഖ്യത്തിനാണ്. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന മുലായം, ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു. മായാവതിയെ യു പി യില്‍ തടയുക എന്നതും, സിപി എമ്മിനോടുള്ള ഒരു പഴയ കണക്കു തീര്‍ക്കുക എന്നതുമായിരുനു ഉദ്ദേശ്യം. പക്ഷെ വിജയം കണ്ടില്ല. മായാവതിക്ക് വലിയ ക്ഷീണം സംഭവിച്ചില്ല, വലിയ നേട്ടമുണ്ടായില്ലെങ്കിലും. ഫലം വന്ന ഉടനെ മായാവതി യു പി എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അത് മുലായം സിംഗിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്. റാം വിലാസ് പസ്വാനും, ലാലു പ്രസാദ് യാദവും ബീഹാറില്‍ ദയനീയമായി പരാജയപ്പെട്ടു. ലാലുവും മുലായവും അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും അപ്രസക്തരായി.

ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയേറ്റു. 1952നു ശേഷം ലോക് സഭയില്‍ അവരുടെ അംഗബലം ഇത്രയും കുറയുന്നത് ആദ്യമാണ്.

മൂന്നു സംസ്ഥാനങ്ങളിലാണ്, ഇടതുപക്ഷത്തിനു ശക്തിയുള്ളത്. ത്രിപുരയിലും, ബംഗാളിലും, കേരളത്തിലും. മൂന്നിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു കുറഞ്ഞു. ഇടതുമുന്നണിയില്‍ സി പി എമ്മിനാണു കനത്ത നഷ്ടം. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കേരളത്തിലാണ്. ത്രിപുരയില്‍ ആകെയുള്ള രണ്ടു സീറ്റും നിലനിര്‍ത്താനായി. വിചിത്രമെന്നു പറയട്ടെ, വോട്ടുകള്‍ ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ത്രിപുരയിലും, ഏറ്റവും കുറവു നഷ്ടപ്പെട്ടത് കേരളത്തിലും. കേരളത്തില്‍ 1 ശതമാനം നഷ്ടപ്പെട്ടപ്പോള്‍ ബംഗാളില്‍ 5 ശതമാനവും, ത്രിപുരയില്‍ 7 ശതമാനവും വോട്ടുകള്‍ നഷ്ടപ്പെട്ടു.

മൂന്നു കാരണങ്ങളാണ്, ഇടതുപക്ഷത്തിനു നഷ്ടമുണ്ടായതിനു പിന്നില്‍. ഉറപ്പില്ലാത്ത ഒരു മുന്നാം മുന്നണി തട്ടിക്കുട്ടാന്‍ ശ്രമിച്ചതും, മത ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തുനിന്നും അകന്നതും, അടിസ്ഥാനനയങ്ങളില്‍ വന്ന മറ്റവും.

മായവതിയും, ജയലളിതയും, ചന്ദ്രബാബു നായിഡുവും, ചന്ദ്രശേഖര റാവുവും എവിടെ നില്‍ക്കുമെന്ന് ഉറപ്പില്ലാത്തവരായിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പു തന്നെ ചന്ദ്രശേഖര റാവു, എന്‍ ഡി എ ക്കൊപ്പം പോയി. ഫലപ്രഖ്യാപനം വന്ന ഉടന്‍ മായവതിയും ദേവ ഗൌഡയും യു പി എക്കു പിന്തുണ പ്രഖ്യാപിച്ചു. ഇവരുടെയൊക്കെ വിശ്വസനീയത മനസിലാക്കാതെയാണ്, ഇടതു പക്ഷം ഇവരുമായി സഖ്യമുണ്ടാക്കാനിറങ്ങിപ്പുറപ്പെട്ടത്.

ബംഗാളില്‍ മുസ്ലിങ്ങള്‍ ഇടതുപക്ഷത്തു നിന്നും അകന്നു പോയി. കേരളത്തില്‍ ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി യു ഡി എഫിനൊപ്പമായിരുന്നു. മുമ്പിലത്തെ രണ്ടു തെരഞ്ഞെടുപ്പുകളിലും ക്രിസ്ത്യന്‍ മേഘലകളില്‍ ഇടതുപക്ഷത്തിനു വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു . അതു പോലെ മലപ്പുറം ജില്ലയില്‍ മുസ്ലിം മേഘലകളിലും ഇടതുപക്ഷം നേട്ടമുണ്ടാക്കി. പക്ഷെ ഈ രണ്ടു വിഭാഗങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്നും അകന്നു പോയി.

ഗ്രാമീണമേഘലകളിലെ പാവപ്പെട്ടവര്‍ ഇടതുപക്ഷത്തോടൊപ്പം നിന്നത് ഇടതുപക്ഷത്തിന്റെ ചില നയങ്ങള്‍ കാരണമായിരുന്നു. പാവങ്ങളുടെ പക്ഷത്തോട് ചാഞ്ഞു നില്‍ക്കുന്ന, ഭൂപരിഷ്കരണം നടപ്പിലാക്കിയ, അടിച്ചമര്‍ത്തപ്പെട്ടവരോടൊപം നില്‍ക്കുന്ന ഒരിടതുപക്ഷത്തെയാണവര്‍ പിന്തുണച്ചത്. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെ ഈ നയങ്ങളില്‍ നിന്നുള്ള വ്യതിചലനം അവരില്‍ വേദനയുണ്ടാക്കി. അവരില്‍ കുറച്ചു പേരെങ്കിലും ഇത്തവണ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തില്ല.

യാധാര്‍ത്ഥ്യങ്ങളില്‍ നിന്നും സി പി എം എത്ര അകന്നുപോയി എന്നതിന്റെ ഉദാഹരണമാണ്, ബംഗാളില്‍ പരാജയപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയുടെയും സീതാറാം യെച്ചൂരിയുടേയും പ്രതികരണങ്ങള്‍.

ബംഗാളിലെ ഉലുബറിയ‍ ‍സി പി എം സ്ഥാനാര്‍ത്ഥികള്‍ എട്ടുതവണയായി ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുവരുന്ന മണ്ഡലമായിരുന്നു. അവിടെ ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാപ്രസിഡന്റും സി.പി.എം കേന്ദ്രകമ്മറ്റിയംഗവുമായ ഹന്നാന്‍ മുല്ല 98,936 വോട്ടുകള്‍ക്കാണ് ഇത്തവണ പരാജയപ്പെട്ടത് . തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ 'ഞങ്ങളെ ജനങ്ങള്‍ അത്യന്തം ഗുരുതരമായി ശിക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നാട്ടിലെ യാഥാര്‍ഥ്യമറിയാനുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു'. ഈ പ്രതികരണം സി.എന്‍.എന്‍. അഭിമുഖത്തില്‍ കരണ്‍ഥാപ്പര്‍ സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍ പെടുത്തി. അതിനെ ശരിച്ചുവെച്ച് യെച്ചൂരി പറഞ്ഞതിങ്ങനെ: 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ജനങ്ങളുമായുളള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇത്തരം ഒരു തോല്‍വി സംഭവിക്കുമായിരുന്നില്ല'.

ബംഗാളില്‍ സി പി എം നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നു പോയി. സി പി എം നില്‍ക്കേണ്ട സ്ഥലത്തു മമത എന്ന കോണ്‍ഗ്രസുകാരി കയറി നിന്നതും, സി പി എം കോണ്‍ഗ്രസ് നില്‍ക്കേണ്ട സ്ഥലത്തേക്കു മാറിനിന്നതുമാണ്, മുപ്പതു കൊല്ലത്തെ ഇടതു ഭരണത്തിന്റെ രാഷ്ട്രീയ പരിണാമം. ഇടതുപക്ഷം ബംഗാളില്‍ പൊതുവെ കെട്ടുറപ്പുള്ളതായിരുന്നു. മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.


കേരളത്തില്‍ പക്ഷെ സ്ഥിതി വ്യത്യസ്തമായിരുന്നു. പി ഡി പിയുമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം ഉണ്ടാക്കിയ സഖ്യം മുന്നണിക്കുള്ളില്‍ പൂര്‍ണ്ണമായും സ്വീകരിക്കപ്പെട്ടില്ല. ഘടക കഷികളെല്ലാം തന്നെ അതിനെ എതിര്‍ത്തു. സി പി എമ്മിനുള്ളില്‍ വി എസിനേപ്പോലുള്ളവരും അതിനെ എതിര്‍ത്തു. സി പി ഐയുടെ സീറ്റു പിടിച്ചെടുത്തതും, ജനതാ ദളിനു സീറ്റു നിഷേധിച്ചതും മുന്നണി ബന്ധങ്ങള്‍ ശിഥിലമാക്കി. ലാവ് ലിന്‍ വിഷയവും, സി പി എമ്മിലെ മുതലാളിത്തത്തെ പുണരുന്ന പുതിയ പ്രവണതയും കുറച്ച് വോട്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കി. ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അനിഷ്ടവും കൂടിയായപ്പോള്‍ ഇടതുപക്ഷം ദയനീയമായി തോറ്റു. സി പി എം വോട്ടുകള്‍ പോലും മരവിക്കപ്പെടുകയോ മറിക്കപ്പെടുകയോ ചെയ്തു.

ബി ജെ പിയുടെ പരാജയത്തിനു പല കാരണങ്ങളുമുണ്ട്. തുടര്‍ച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിലെ പരാജയം പ്രധാനപ്പെട്ടതാണ്. കൂടെക്കൂടെ അജണ്ട മാറ്റുന്നത് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കുന്നില്ല. ആദ്യം ഹിന്ദു തീവ്രവാദമായിരുന്നു അവരുടെ പ്രധാന അജണ്ട. 1996 ല്‍ ഏറ്റവും വലിയ കഷിയായിട്ടും ഒരു സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കായില്ല. അതു കൊണ്ട് ഹിന്ദു തീവ്രവാദം അവര്‍ ഉപേക്ഷിച്ചു താല്‍ക്കാലികമായി. ബാജ്പേയിയുടെ മിതവാദമുഖം മുന്നില്‍ നിര്‍ത്തി ഘടകകക്ഷികളെ ആകര്‍ഷിച്ചാണ്, 1998 ലും 1999ലും അവര്‍ അധികാരത്തില്‍ വന്നത്. സാമ്പത്തിക രംഗത്തെ നേട്ടങ്ങളിലൂന്നിയാണ്, 2004 ലെ തെരഞ്ഞെടുപ്പിനെ അവര്‍ നേരിട്ടത്. അത് വിജയിച്ചില്ല. 2009 ല്‍ വീണ്ടും ഹിന്ദു തീവ്രവാദത്തിലേക്ക് തിരിച്ചു വന്നു. അതും വിജയിച്ചില്ല. ഹിന്ദു തീവ്രവാദത്തിലൂന്നിയുള്ള അതിന്റെ അജണ്ട ജനങ്ങളെ ആകര്‍ഷിക്കുന്നില്ല. ആശയപരമായ ഒരു സന്ദിഗ്ദാവസ്ഥയാണു ബി ജി പി നേരിടുന്നത്. അതില്‍ നിന്നും കരകയറുക അത്ര എളുപ്പമല്ല.


പഴയ ജനസംഘത്തിന്റെ തലത്തിലേക്കവര്‍ ചുരുങ്ങിപ്പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. 80 കളിലും 90 കളിലും രാമ ജന്മഭൂമി, മണ്ധല്‍ വിഷയം , തീവ്ര ഹിന്ദുത്വം , തീവ്ര ദേശീയത, ഭീകരത തുടങ്ങിയവയാണവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അവക്കൊന്നും ഇപ്പോള്‍ വലിയ ശോഭയില്ല.



കോണ്‍ഗ്രസിന്റെ തിരിച്ചു വരവാണ്, ഈ തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ട കാര്യം. വിരോധാഭാസമെന്നു പറയട്ടെ അതിന്റെ പ്രധാന ഹേതു ഇടതുപക്ഷമാണ്. നരസിംഹറാവിവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രാന്തവത്ക്കരിക്കപ്പെട്ട അരക്ഷിതരായ ഒരു വലിയ ജനവിഭാഗത്തെ സഹായിക്കാനുള്ള പദ്ധതികള്‍ അവര്‍ നടപ്പിലാക്കി.


ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം, തുടങ്ങിയവ പ്രാന്തവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും ജീവിതം ഇത് മാറ്റിമറിച്ചു. ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നില്ല. ഇടതുപക്ഷത്തിന്റെ നയപരിപാടികളായിരുന്നു. ഇവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയുംചെയ്തു. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും ചിദംബരം പറഞ്ഞിട്ടുണ്ട്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍ . ഇതേപോലെയുള്ള എതിര്‍പ്പാ യിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം നിര്‍ബന്ധം പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാന്‍ സാധിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷ‍ത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടു പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വന്നത് പണദുരുപയോഗം ഇല്ലാതാക്കി.


ഇടതുപക്ഷത്തിന്‌ ഇതിന്റെയൊന്നും ഫലം കൊയ്യാനായില്ല. ഈ നയങ്ങളൊക്കെ കോണ്‍ഗ്രസ് പണ്ടേ ഉപേക്ഷിച്ചവയായിരുന്നു. അവ തിരികെ കൊണ്ടുവരാനായി എന്നതാണ്, കോണ്‍ഗ്രസ് ചെയ്ത നല്ല കാര്യം . ബംഗാളില്‍ മമത ഇടതുപക്ഷത്തിന്റെ അജണ്ട റാഞ്ചിക്കൊണ്ടുപോയി. അതു പോലെ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷത്തിന്റെ നയങ്ങള്‍ അവരുടേതായി നടപ്പിലാക്കി.

ഇടതുപക്ഷത്തിന്‌ ഇതില്‍ നിന്നും വലിയ ഒരു പാഠം പഠിക്കാനുണ്ട്. ഇന്‍ഡ്യയേപ്പോലുള്ള ദരിദ്ര രജ്യത്ത്, ഇടതുപക്ഷ ആശയങ്ങള്‍ക്കാണ്, കൂടുതല്‍ പ്രസക്തി. ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതികളാണ്, ജനപിന്തുണ ലഭ്യമാക്കുന്നത്. അല്ലാതെ വരേണ്യവര്‍ഗ്ഗത്തിനു വേണ്ട നയങ്ങള്‍ നടപ്പാക്കുന്നതിലല്ല.


ഈ പാഠം ഉള്‍ക്കൊണ്ട് ഇടതുപക്ഷം പറ്റിയ തെറ്റുകള്‍ കണ്ടെത്തുകയും തിരുത്തുകയും ചെയ്താല്‍ അവര്‍ക്ക് നേടാന്‍ പലതുമുണ്ട്. കുറച്ചു സീറ്റുകളേ കുറഞ്ഞിട്ടുള്ളു. അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അടിത്തറ ഇപ്പോഴും ശക്തമാണ്. മുന്‍ഗണനയില്‍ മാറ്റം വന്നപ്പോള്‍ ജനങ്ങള്‍ നല്‍കിയ ശിക്ഷയായി കരുതി, ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കാകും . കോണ്‍ഗ്രസിന്റെ അനുഭവം നല്‍കുന്ന സൂചനയതാണ്.

ഇതാണ്‌ എന്റെ അഭിപ്രായത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം .