Saturday, 20 June 2009

ഇ എം എസിനു ശേഷം ആര്?

ഇ എം എസിന്റെ ജന്‍മശതാബ്ധി വര്‍ഷമാണല്ലോ ഇത്. ജന്മശദാബ്ധി പ്രമാണിച്ച് കേരള മുഖ്യമന്ത്രി ഇ എം എസിനേക്കുറിച്ച് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി പത്രം വിസമ്മതിക്കുന്ന ഭീകര കാഴ്ചയും കേരളം കണ്ടു. പാര്‍ട്ടി മുഖ്യമന്ത്രിയെ ക്ഷണിക്കാതെ നടത്തിയ അനുസ്മരണ സമ്മേളനവും കണ്ടു.

വളരെ പ്രക്ഷുബ്ധമായ ഒരു തെരഞ്ഞെടുപ്പാണ്, കേരളത്തില്‍ കഴിഞ്ഞുപോയത്. തെരഞ്ഞെടുപ്പു സമയത്തും തെരഞ്ഞെടുപ്പിനു ശേഷവും , പാര്‍ട്ടിയിലെ പിണറായിയെ പിന്തുണക്കുന്ന വിഭാഗം, പാര്‍ട്ടി പത്രത്തിലൂടെയും ബ്ളോഗുകളിലൂടെയും ഇ എം എസിനെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നത് കണ്ടു. വി എസ് അച്ചടക്ക ലംഘനം നടത്തിയതാണു പാര്‍ട്ടി തോല്‍ക്കാനുള്ള കാരണമെന്ന നുണ, ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു വൃഥാ ശ്രമായിരുന്നു അതിനു പിന്നില്‍. മദനി എന്ന മതതീവ്രവാദിയുമായി കൂട്ടു കൂടിയതും, ലാവലിന്‍ അഴിമതിക്കേസും പ്രധാനപരാജയകാരണങ്ങളാണെന്ന് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം പാടെ പരാജയപ്പെട്ടു.

ഇ എം എസ് ജീവിച്ചിരുന്നെങ്കില്‍ മദനിയുമായി കൂട്ടു കൂടുന്നതിനെ അംഗീകരിക്കുമായിരുന്നോ? ഇല്ല എന്ന് നിസംശയം പറയാം. 1987 ലെ തെരഞ്ഞെടുപ്പില്‍ മത ശക്തികളുമായി യാതൊരു ബാന്ധവുമില്ലാതെ ഇടതുപക്ഷ മുന്നണിയെ അധികാരത്തിലെത്തിച്ച ധിക്ഷണശാലിയായിരുന്നു അദ്ദേഹം. ആ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഭൂരിപക്ഷ വര്‍ഗ്ഗിയത കൊണ്ടോ മറിച്ചോ നേരിടാനാകില്ല. വര്‍ഗ്ഗീയതക്കും ജാതിമത ശക്തികള്‍ക്കും എതിരായിരുന്ന ആ നിലപാടിനു കടകവിരുദ്ധമായ ഒന്നാണ്, പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം കൈക്കൊണ്ടത്. പി ഡി പിയുമായി പരസ്യമായും , ജമ അത് ഏ ഇസ്ലമി, കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സുന്നി, മടവൂരിന്റെ മുജാഹിദ് എന്നീ മുസ്ലിം മത വിഭഗങ്ങളുമായി രഹസ്യമായും സഖ്യമുണ്ടാക്കിയ പിണറായി വിജയന്റെ നടപടി, ഇ എം എസ് പിന്തുടര്‍ന്ന നിലപാടിനു വിരുദ്ധമാണ്.

മുസ്ലിം മതത്തിലെ ചൂക്ഷിത വിഭാഗത്തെ കമ്യൂണിസം മനസിലാക്കിച്ച് പാര്‍ട്ടിയിലേക്കടുപ്പിക്കുകയായിരുന്നു, ഇ എം എസിനേപ്പോലുള്ള നേതാക്കള്‍ ചെയ്തിരുന്നത്. മൊല്ലാക്കമാരുടെയോ, മുക്ക്രിമരുടെയോ മുസ്ല്യാര്‍മാരുടെയോ പിന്നാലെ അദ്ദേഹമോ അന്നത്തെ പാര്‍ട്ടിയോ പോയിട്ടില്ല. തൊഴിലാളികളിലൂടെ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കുന്ന ഒരു നേതൃത്വനിര അന്ന് സി പി എമ്മിനുണ്ടായിരുന്നു. പക്ഷെ ഇന്ന് തൊഴിലാളികള്‍ക്കു പകരം, മുതലാളിമാരെ പിന്താങ്ങുന്ന പുതിയ നേതൃത്വം കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ജുഗുപ്സവഹമായ കാഴ്ചയാണ്‌ കണുന്നത്. തൊഴിലാളിയുടെ മുഖമായ കട്ടന്‍ ചായയും പരിപ്പുവടയും വെറുപ്പോടെ കാണുന്ന ജയരാജന്‍മാര്‍ നയിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി, മുസ്ലിം മത നേതാക്കന്‍മാരുടെ പുറകേ പോകുന്നതില്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ആരും അതിശയക്കില്ല. പക്ഷെ ഇ എം എസ് നയിച്ച പാര്‍ട്ടിയെ ഇവരാണല്ലോ ഇന്നു നയിക്കുന്നതെന്നോര്‍ത്ത് നെടുവീര്‍പ്പിടും.


ഒന്നോ രണ്ടോ സീറ്റുകള്‍ കൂടുതലായി ലഭിക്കുന്ന പാര്‍ലമെന്ററി വ്യാമോഹമാണിതിനു പിന്നിലെന്ന്, മനസിലാക്കുമ്പോളാണ്, ഈ പ്രവര്‍ത്തിയുടെ വ്യാപ്തിയും പ്രത്യഘാതങ്ങളും തെളിഞ്ഞു വരിക. താല്‍ക്കാലികമായി ഇതുണ്ടാക്കുന്ന നേട്ടങ്ങളിലാണീ നേതാക്കളുടെ താല്പ്പര്യം. പക്ഷെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനതുണ്ടാക്കുന്ന നഷ്ടം അവരൊന്നും കണുന്നില്ല.

ജാതി നേതാക്കന്‍മാരെയും, ജന്‍മിമാരെയും കൂടെ നിറുത്തി വോട്ടുബാങ്കുണ്ടാക്കുന്ന കാഴ്ച ഉത്തരേന്ത്യയില്‍ ഇന്നും കാണാം. അതവിടത്തെ സാമൂഹിക വ്യവസ്ഥയുടെ പ്രത്യേകതയാണ്. ജാതിമേധാവികളും ജന്‍മികളും അവസാന വാക്കായ ആ സമൂഹങ്ങളില്‍ അതൊക്കെ വിജയിച്ചേക്കാം. പക്ഷെ കേരള സമൂഹത്തില്‍ അത് വിജയിക്കില്ല. ജന്മികള്‍ കേരളത്തിലില്ല. ജാതിമേധാവികള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. ജാതി മേധാവികള്‍ പറയുന്നതനുസരിച്ച് കേരളത്തില്‍ അധികം പേര്‍ വോട്ടു ചെയ്യാറില്ല. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരായ ഒരു ജനതയാണ്, കേരളീയര്‍. ഉത്തരേന്ത്യയില്‍ പയറ്റുന്ന ജാതിയധിഷ്ടിതമായ ചെപ്പടി വിദ്യകള്‍ കേരളത്തില്‍ പയറ്റാന്‍ പിണറായി നടത്തിയ ശ്രമം പാളിപ്പോയതാണു നാം കണ്ടത്.

പിണറായി വിജയനേപ്പോലുള്ളവര്‍ അറിയാതെ വീണുപോയ ഒരു കെണിയാണിതെന്ന് എനിക്ക് തോന്നുന്നില്ല. വളരെ ബോധപൂര്‍വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണിത്. മദനി എന്ന മത തീവ്രവാദിക്ക് കേരളീയ സമൂഹത്തില്‍ ഒരു നിറമുണ്ട്. പിണറായി വിജയന്‍ ആ നിറം മാറ്റാന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല. പാലസ്തീന്‍ പ്രശ്നത്തിലൊക്കെ ഇ എം എസിനേപ്പോലുള്ളവര്‍ സ്വീകരിച്ച തത്വാധിഷ്ടിത നിലപാട്, പാലസ്തീനികള്‍ മുസ്ലിങ്ങളായതുകൊണ്ടല്ലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷം ചേരുന്ന കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വത്തിലധിഷ്ടിതമാണ്. സ്വഭാവികമായി അത് സാമ്രാജ്യത്വ വിരുദ്ധവുമാണ്. പിണറായി വിജയന്റെ കുടില ബുദ്ധി സാമ്രാജ്യത്വ വിരുദ്ധം എന്ന ഒറ്റ ആശയം അടര്‍ത്തി മാറ്റിയാണ്‌, മദനിയുമായുള്ള സഖ്യത്തെ ന്യായീകരിക്കുന്നത്. പിണറായിയുടെ ചാവേര്‍ പോരാളികളും അതിനു പ്രചാരം കൊടുക്കുന്നു.

മദനിയേപ്പോലുള്ളവര്‍ അഗോള മുസ്ലിം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കണ്ണികളാണെന്ന സത്യം പിണറായിക്ക് അറിയാത്തതല്ല. മദനിപ്പോലുള്ളവര്‍ക്ക് ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും പണം ഒഴുകിയെത്തുന്നു എന്നതും ഒരു സത്യമാണ്.

മുസ്ലിങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധത, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സാമ്രാജ്യത്വവിരുദ്ധത തന്നെയാണെന്ന കാഴ്ചപ്പാട്, പാര്‍ട്ടിക്കുണ്ടായത്, പിണറായി വിജയന്‍ സാരഥ്യം ഏറ്റെടുത്തതിനു ശേഷമാണ്. അതുകൊണ്ടാണിദ്ദേഹം മുസ്ലിം മത തീവ്രവാദിയുടെ സഖാവായതും. കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ സവര്‍ണ്ണ ഫാസിസത്തിന്റെ ഇരകളാണ്, ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ എന്ന കാഴ്ചപ്പാട്, പിണറായിയുടെ നയത്തിന്റെ വളരെ ജുഗുപ്സാവഹമായ പ്രഖ്യാപനവും ആകുന്നു.


സിമി പോലുള്ള സംഘടനകള്‍, ഇന്‍ഡ്യയിലെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ കയ്യിലാണെന്ന്, വര്‍ഷങ്ങള്‍ക്കു മുമ്പേ ആരോപിച്ചിരുന്നു. കുഞ്ഞഹമ്മിദിന്റെ വാക്കുകളില്‍ ആ നിലപാട് വായിച്ചെടുക്കാം. ഇതിലെല്ലാം ഒരു മുസ്ലിം പ്രീണന നിലപാടുള്ളതായി ആര്‍ക്കും മനസിലാക്കാം.

സി പി എം മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നില്ല. ഹംസയേപ്പോലുള്ള നേതാക്കള്‍ പരസ്യമായി മുസ്ലിം മത വിശ്വാസം പ്രകടിപ്പിക്കുന്നത് പിണറായിക്കൊരു പ്രശ്നമല്ലാത്തത്, ഈ പ്രീണനത്തിന്റെ മറ്റൊരു മുഖമാണ്. ഞാനൊരു എ പി സുന്നിക്കാരനാണെന്നും ഇസ്ലാമിനു വേണ്ടിയുള ജിഹാദാണെന്റെ സ്ഥനാര്‍ത്ഥിത്വം എന്നും ഹംസക്ക് പരസ്യമായി പറയാന്‍, പിണറായിയുടെ ഭരണത്തിലേ പറ്റൂ. ഇ എം എസ് ജീവിച്ചിരുന്നെങ്കില്‍ ഹംസ എന്നേ അച്ചടക്ക നടപടിക്കു വിധേയനാകുമായിരുന്നു.

ഇവിടെയാണ്, ഇ എം എസിന്റെ പ്രസക്തി.


ഇ എം എസിനു ശേഷം ആരെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ആരുമില്ലെന്നതാണു വാസ്തവം. സുപ്പീരിയര്‍ അഡ്വൈസര്‍ പദവിയില്‍ സ്വയം അവരോധിതനായ സുകുമാര്‍ ആഴീക്കോടാണതിനര്‍ഹന്‍ എന്ന്, മറ്റൊരു പാദസേവകന്‍ മുകുന്ദന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണു പ്രസ്താവിച്ചത്. സുപ്പീരിയറിന്റെ കാലശേഷം ആരെങ്കിലും കനിഞ്ഞ് ആ പദവി തനിക്കു തന്നാലെങ്കില്‍ എന്ന് സ്വപ്നം കാണുന്ന മുകുന്ദന്‍ ഇതു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. ആയകാലത്ത് കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ വിടുപണിചെയ്ത അഴീക്കോടും, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഫ്രഞ്ച് സാമ്രാജ്യത്വത്തിനു പാദസേവചെയ്ത മുകുന്ദനും പരസ്പരം പുറം ചൊറിഞ്ഞ് ആശ്വാസം കൊള്ളുന്നത് , പിണറായിയോ ചേവകന്‍ മാരോ അറിഞ്ഞഭാവം നടിക്കുന്നില്ല. അതോ ഇ എം എസിന്റെ കസേരയും ലേലത്തിനു വച്ചിരിക്കുകയാണോ?

2 comments:

kaalidaasan said...

ഇ എം എസിനു ശേഷം ആരെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ആരുമില്ലെന്നതാണു വാസ്തവം. സുപ്പീരിയര്‍ അഡ്വൈസര്‍ പദവിയില്‍ സ്വയം അവരോധിതനായ സുകുമാര്‍ ആഴീക്കോടാണതിനര്‍ഹന്‍ എന്ന്, മറ്റൊരു പാദസേവകന്‍ മുകുന്ദന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണു പ്രസ്താവിച്ചത്. സുപ്പീരിയറിന്റെ കാലശേഷം ആരെങ്കിലും കനിഞ്ഞ് ആ പദവി തനിക്കു തന്നാലെങ്കില്‍ എന്ന് സ്വപ്നം കാണുന്ന മുകുന്ദന്‍ ഇതു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. ആയകാലത്ത് കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ വിടുപണിചെയ്ത അഴീക്കോടും, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഫ്രഞ്ച് സാമ്രാജ്യത്വത്തിനു പാദസേവചെയ്ത മുകുന്ദനും പരസ്പരം പുറം ചൊറിഞ്ഞ് ആശ്വാസം കൊള്ളുന്നത് , പിണറായിയോ ചേവകന്‍ മാരോ അറിഞ്ഞഭാവം നടിക്കുന്നില്ല. അതോ ഇ എം എസിന്റെ കസേരയും ലേലത്തിനു വച്ചിരിക്കുകയാണോ?

വീ.കെ.ബാല said...

:)അല്പം കഴിഞ്ഞ് :(