Tuesday, 28 June 2016

പരിസ്ഥിതി തീവ്രവാദവും ശാസ്ത്ര തീവ്രവാദവും

പരിസ്ഥിതി തീവ്രവാദവും ശാസ്ത്ര തീവ്രവാദവും
----------------------------------------------------------------------------------------

പരിസ്ഥിതി തീവ്രവാദം എല്ലാവർക്കും സുപരിചിതമാണ്. പരിസ്ഥി  പറഞ്ഞു എല്ലാ  വികസന പ്രവർത്തനങ്ങളും  എതിർക്കുന്ന  വരട്ടു വാദമാണത്. പക്ഷെ  ശാസ്ത്ര തീവ്രവാദം എന്ന വാക്ക്  അധികം കേട്ടിരിക്കാൻ സാധ്യതയില്ല. എല്ലാറ്റിനും ഉത്തരവും പ്രതിവിധിയും ശാസ്ത്രമാണെന്നു പറയുന്ന ഒരു തരം വരട്ടു വാദമാണത്.

ഇപ്പോൾ ഇത് പറയാൻ കാരണം ഈ വേദികളിൽ നടക്കുന്ന സംവാദം തന്നെ. ജൈവ കൃഷി  പ്രോത്സാഹിപ്പിക്കും എന്ന്  കൃഷി മന്ത്രി പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് പലരും ശാസ്ത്ര തീവ്രവാദികളാകുന്നു. ജൈവ കൃഷി എന്നു കേൾക്കുമ്പോഴേക്കും ഈ തീവ്രവാദികൾക്ക് ഹാലിളകുന്നു. അതിന്റെ കാരണം മനസിലാകുന്നില്ല.

ഈ  വാദപ്രതിവാദങ്ങളുടെ കാരണം മാതൃഭൂമി ചാനലിൽ നടന്ന ഒരു സംവാദമാണ്.
http://mathrubhuminews.in/ee/Programs/Episode/27019/akam-puram-episode-1631/E

അതിൽ  ശ്രീ രവിചന്ദ്രനും ശ്രീ സുനിൽ കുമാറും തമ്മിൽ ചില വാക്കു തർക്കങ്ങളുണ്ടായി. തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ജൈവ കൃഷി നടത്തുമെന്ന് സുനിൽ കുമാർ പറഞ്ഞതായിരുന്നു രവിചന്ദ്രനെ പ്രകോപിപ്പിച്ചത്. ഇതുപോലെ എതിർക്കാൻ മാത്രം അരുതാത്തത് സുനിൽ കുമാർ പറഞ്ഞതായി തോന്നുന്നില്ല. പണ്ട് കാലത്ത് ആളുകൾ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നദ്ദേഹം പറഞ്ഞു. അതിശയോക്തി തട്ടിക്കിഴിച്ചാലും അതിൽ കാര്യമുണ്ട്. ജൈവ കൃഷി മാത്രം നടത്തിയിരുന്ന കാലത്ത് സാമ്പത്തിക ശേഷി ഉള്ളവർ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നാണദ്ദേഹം പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായത്. അത് ശരിയുമാണ്. സമ്പന്നരുടെ ജീവിത നിലവാരം ഉയർന്നതായിരുന്നു. പോക്ഷകഗുണമുള്ള ഭക്ഷണം അവർ കഴിച്ചിരുന്നു. ആരോഗ്യം സംരക്ഷിച്ചിരുന്നു. അതുകൊണ്ട് പകർച്ചവ്യാധികളൊന്നും അവരെ ബാധിച്ചിരുന്നില്ല. അപ്പോൾ മറ്റു  ഘടകങ്ങൾ അനുകൂലമാണെങ്കിൽ രാസ വളം ഇല്ലെങ്കിലും മനുഷ്യർക്ക് ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിച്ചിരിക്കാം. പട്ടിണി ഇല്ലാതായത് മാത്രമാണ് മനുഷ്യന്റെ ആയുസു വർദ്ധിപ്പിച്ചതെന്ന് പറയുന്നത് അതീവ ലളിതവത്കരണമാണ്.  ആരോഗ്യ രംഗത്തുണ്ടായ  നേട്ടങ്ങളാണ് മനുഷ്യന്റെ ആയുസു വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ളത്.

രവിചന്ദ്രൻ തികച്ചും അസാംഗത്യമായ ഒരു കാര്യം ഈ ചർച്ചയിൽ കൊണ്ട് വന്നു. അത് ബംഗാൾ ക്ഷാമമാണ്. ജൈവ കൃഷി നടത്തിയ കാലത്ത് ക്ഷാമമുണ്ടായി പട്ടിണി മൂലം മനുഷ്യർ മരിച്ചു എന്നു സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു അത് വലിച്ച് കൊണ്ട് വന്നത്. ഭക്ഷണമില്ലെങ്കിൽ മനുഷ്യർ മാത്രമല്ല. എല്ലാ ജീവജാലങ്ങളും മരിക്കും. പക്ഷെ ബംഗാൾ ക്ഷാമത്തിന്റെ പ്രധാന കാരണം ഭക്ഷണം ഇല്ലായ്മയല്ല. കൃത്രിമം ആയിട്ടുണ്ടാക്കിയ ക്ഷമമായിരുന്നു. ഇന്ത്യയിൽ ഇന്ന് എല്ലാ ഇന്ത്യ ക്കാരെയും തീറ്റിപോറ്റാനുള്ള ധാന്യം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ പട്ടിണി മൂലം മനുഷ്യർ കഷ്ടപ്പെടുന്നു. പലരും മരിക്കുന്നു. ലോകത്ത് തന്നെ ആവശ്യമുള്ളതിനേക്കാൾ പല മടങ്ങ് ഭഷണപദാർതഥങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ പല കോണുകളിലും മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു.

രാസവളകൃഷി കൊണ്ട് മനുഷ്യരെ മരണത്തിൽ നിന്നും രക്ഷിച്ചു എന്നതിന്റെ മറുവശമാണ് ഹിരോഷിമയും നാഗസാക്കിയും. രണ്ട് വർഷം കൊണ്ട് ബംഗാൾ ക്ഷാമം 10  ലക്ഷം  പേരെ കൊന്നെങ്കിൽ, ഒറ്റനിമിഷം കൊണ്ട് ശാസ്ത്രം ഒരു ലക്ഷം പേരെ വകവരുത്തി.

ഇത്രയും ആമുഖമായി  പറഞ്ഞത് രാസ/ജൈവ വളങ്ങളെക്കുറിച്ച് പറഞ്ഞു പരത്തുന്ന അടിസ്ഥാനമില്ലാത്ത തർക്കങ്ങളിലേക്ക് വരാൻ വേണ്ടി ആയിരുന്നു. ഈ പേരുകൾ തന്നെ അസ്ഥാനത്താണ്. ഏത് വളത്തിൽ  നിന്നായാലും മൂലകങ്ങൾ എന്ന രാസവസ്തുക്കൾ ആണ് ചെടികൾ വളരാൻ വലിച്ചെടുക്കുന്നത്. ഈ പദങ്ങളെക്കാൾ യോജിക്കുക, പ്രകൃതി വളം /കൃത്രിമ വളം എന്നീ  പേരുകളാണ്. രാസവളമെന്നു വിളിക്കുന്നതൊക്കെ കൃത്രിമയായി ഉണ്ടാക്കി എടുക്കുന്നു. ജൈവവളമെന്നു വിളിക്കുന്നത് പ്രകൃതിയിൽ ഉള്ള വസ്‌തുക്കളിൽ നിന്നും ഉണ്ടാക്കി എടുക്കുന്നു.

എന്താണ് ജൈവവളമെന്നും രാസവളമെന്നും പറയുന്നതിന് മുന്നേ എന്താണ് വളമെന്നു നോക്കാം. ചെടികൾക്ക് വളരാൻ വേണ്ട പോക്ഷകമുലകങ്ങളാണ് വളം. രാസ വളത്തിൽ  ആയാലും ജൈവ വളത്തിൽ ആയാലും ചെടികൾ ഈ മുലകങ്ങളെയാണ് വലിച്ചെടുത്ത് വളരുന്നത്. ജൈവവളത്തിലെ പത്തുകിലോയിൽ നിന്നും ലഭിക്കുന്ന മൂലകങ്ങൾ രാസവളത്തിലെ ഒരു കിലോയിൽ നിന്നും ലഭിക്കുന്നു. അത്രയേ ഉള്ളു  വ്യത്യാസം.

പ്രകൃതി വളം എന്നു പറഞ്ഞാൽ ഏറ്റവും കുറച്ച് സംസ്കരണം വഴി ഉണ്ടാക്കി എടുക്കുന്ന വളം എന്നേ അർത്ഥമുള്ളൂ. പോക്ഷകങ്ങൾ അതിന്റെ തനതായ പ്രകൃതി ദത്തമായ അവസ്ഥയിൽ ഇരിക്കുന്നു. എന്നു വച്ചാൽ അതിനെ ശുദ്ധികരിച്ചോ സംസ്കരിച്ചോ എടുക്കുന്നില്ല എന്നർത്ഥം. അവ സാധാരണ ജൈവ വസ്തുക്കളിൽ നിന്നും ഉണ്ടാക്കുന്നു. മൃഗങ്ങളുടെയും ചെടികളുടെയും അവശിഷ്ടങ്ങളിൽ നിന്ന് . ചാണകം  കമ്പോസ്ററ്,  എല്ലുപൊടി, മീൻ  വളം , ചവറ് തുടങ്ങിയവ ഈ  ഗണത്തിൽ വരും. ഇവ ഫാക്ടറികളിലോ കൃഷിയിടങ്ങളിലോ നിർമ്മിക്കാം.

പ്രകൃതി വള ങ്ങൾക്ക് ചില ഗുണങ്ങളുണ്ട്. പോക്ഷകം ലഭ്യമാക്കും എന്നതിന് പുറമെ മണ്ണിന്റെ ഘടന സംരക്ഷിക്കും, ജലം പിടിച്ചുവയ്ക്കാൻ സഹായിക്കും. കാലം ചെല്ലുന്തോറും മണ്ണിനെയും ചെടികളെയും ആരോഗ്യകരമാക്കും. ചെടികൾക്കും മണ്ണിനും ദോഷമുണ്ടാക്കുന്ന അമിത വളം എന്ന പ്രശ്നമില്ല. വിഷവസ്തുക്കളുടെ ദൂഷ്യവും  ഇല്ല.  പ്രകൃതിയോടിണങ്ങുന്നതും എളുപ്പം അലിഞ്ഞു ചേരുന്നതും ആണ്.
ഈ വളത്തിന്റെ പോരായ്മ എന്നു പറയാവുന്നത് വളരെ സാവധാനം പോക്ഷകങ്ങൾ ലഭ്യമാക്കുന്നു എന്നതാണ്.ഒന്നോ രണ്ടോ വിളകൊണ്ട് ഉദ്ദേശിക്കുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല. ക്ഷമ വേണം.

കൃത്രിമ വളം രാസവസ്തുക്കൾ ശുദ്ധികരിച്ച് കൃത്രിമമായി നിർമ്മിക്കുന്നവയാണ്. പ്രധാനമായതും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്ന്. വളരെ കുറച്ച് അല്ലാതെയും നിർമിക്കുന്നു. ഇതിൽ മൂലകങ്ങളെ അതിന്റെ ഏറ്റവും നിർമ്മലമായ(pure)  അവസ്ഥയിൽ കാണാം. പക്ഷെ അതിൽ ഒരപകടം പതിയിരിക്കുന്നുണ്ട്. ഇങ്ങനെ സൂക്ഷിക്കണമെങ്കിൽ കെമിക്കൽ ഫില്ലേഴ്‌സ്(chemical fillers )  എന്നു പറയുന്ന മറ്റു  ചില രാസവസ്തുക്കൾ കൂടെ  വേണം. ഈ വളം ഇട്ടാൽ ഫലം പെട്ടെന്ന് കിട്ടും. കൂടെ മണ്ണിൽ ഈ ഫില്ലേഴ്‌സ് വലിയ ദൂഷ്യങ്ങളും  ഉണ്ടാക്കും.

കൃത്രിമ വളത്തിൽ പോക്ഷകങ്ങൾ അതിന്റെ ഏറ്റവും നല്ല അനുപാദത്തിൽ ഉള്ളതുകൊണ്ട് ഫലം പെട്ടെന്നു ലഭ്യമാണ്. വില കുറവും ആയിരിക്കും. പക്ഷെ ദോഷങ്ങൾ അനേകമുണ്ട്. മണ്ണ് സംരക്ഷിക്കാൻ ഉള്ള ഒന്നും ഇതിൽ ഇല്ല. ഫി ല്ലേ ഴ്സ് മണ്ണിന്റെ സ്വാഭാവികത നശിപ്പിക്കും. സൂക്ഷ്മാണുക്കളെ നശിപ്പിക്കും. ദീർ ഘ കാലാടിസ്ഥാനത്തിൽ മണ്ണ് അനാരോഗ്യകരമായ തീരും. അമിതവളപ്രയോഗത്തിലേക്ക് നയിച്ച് ചെടികളെ ഇല്ലാതാക്കും. പ്രാകൃതിക സന്തുലിതാവസ്ഥ തകിടം  മറിക്കും . കൂടുതൽ ആയി ഉപയോഗിച്ചാൽ വിഷാശങ്ങളുടെ തോത് കൂടും. പരിസ്ഥിതി മലിനീകരണം ഉണ്ടാകും. മണ്ണിന്റെ അമ്ലതക്ക് മാറ്റം  വരും. കീടാണു  ബാധ കൂടും.

മലിനീകരണമില്ലാത്ത ഒറ്റ ജല സ്രോതസും ഇന്ന് കേരളത്തിൽ ഇല്ല. തെരഞ്ഞെടുക്കേണ്ടത് നമ്മളാണ്. പെട്ടെന്ന് ലാഭമുണ്ടാക്കുന്ന രീതിയാണോ നല്ലത്, അതോ ദീർഘ കാല അടിസ്ഥാനത്തിൽ ദോഷം വരാത്ത രീതിയാണോ നല്ലത്?


പട്ടിണി മാറ്റാൻ കൃത്രിമ വളപ്രയോഗം വലിയ അളവിൽ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇന്ന് കേരളത്തിൽ പട്ടിണി ഇല്ല. പക്ഷെ പ്രകൃതി ആകെ നശിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനു തട  ഇടേണ്ട തല്ലേ ?

Wednesday, 13 April 2016

മൂന്നാം കിട ജനതയും ഏഴാം കിട നേതാക്കളും

മൂന്നാം കിട ജനതയും  ഏഴാം കിട നേതാക്കളും
-----------------------------------------------------------------------------------

മൂന്നാം കിട ജനങ്ങൾക്ക് ഏഴാം കിട ഭരണ കർത്താക്കളെയേ ലഭിക്കു. ഇതിപ്പോൾ പറയാൻ കാരണം കൊല്ലം ജില്ലയിൽ ഉണ്ടായ വെടിക്കെട്ടപകടവും അതിനോടനുബന്ധിച്ചുള്ള വിഴുപ്പലക്കലുമാണു. ആരുടെ വീഴ്ച്ച കൊണ്ടാണീ അപകടമുണ്ടയതെന്നതിനേപ്പറ്റി ആരെയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണു നടക്കുന്നത്. ഇതിൽ ഏറ്റവും ജുഗുപ്സാ വാഹമായ നിലപാട്, കൊല്ലം ജില്ലാ കലക്ടറു ടേതാണെന്നു തോന്നുന്നു. "വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് ഞാൻ ഇറക്കിയിരുന്നു", എന്നാണവർ മാദ്ധ്യമങ്ങളെ വിളിച്ച് ഉത്തരവ് വായിച്ചു കേൾപ്പിച്ചത്. ഇതിന്റെ ഉത്തരവാദിത്തം പോലീസിന്റെ ചുമലിലേക്ക് വച്ചുകൊടുക്കാനുള്ള തരം  താണ കളിയാണത്. ഒരുത്തരവിറക്കിയാൽ തന്റെ ഉത്തരവാദിത്തം തീർന്നു എന്നാണാ ഉദ്യോഗസ്ഥയുടെ നിലപാട്.

ഈ ഉത്തരവിറ ക്കാനുള്ള കാരണം അവർ വിശദീകരിച്ചു കണ്ടില്ല. വെടിക്കെട്ടിനിടക്ക് അട്ടിമറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർക്കറിവ് കിട്ടിയിരുന്നോ? ഉപയോഗിക്കാൻ പാടില്ലാത്തത്ര ശേഷി ഉള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ഉദ്ദേശ്യമുണ്ടെന്ന അറിവ് കിട്ടിയിരുന്നോ?  അതോ സുരക്ഷ ആണു പ്രശ്നമെന്നാണോ? ഇതൊന്നും വിശദീകരിക്കാതെ ഞാൻ ഉത്തരവിറക്കിയിരുന്നു എന്നും പറഞ്ഞ് ഈ ഉദ്യോഗസ്ഥക്ക് ഒഴിഞ്ഞു മാറാൻ ആകില്ല.

ഇതിവിടെ എഴുതാൻ കാരണം ഈ അപകടമുണ്ടായിരുന്നില്ലെങ്കിൽ ഈ ഉദ്യോഗസ്ഥ  ഇറക്കിയ ഉത്തരവിനേപ്പറ്റി ആരും കേൾക്കയുണ്ടാകില്ല എന്ന ലളിതമായ സത്യമാണ്. അതെ.  അപകടമുണ്ടയതുകൊണ്ട് ഇപ്പോൾ  ഉത്തരവിറക്കിയ  ഈ ഉദ്യോഗസ്ഥക്ക് അസംബന്ധം പറയാൻ സാധിക്കുന്നു. അപകടം ഉണ്ടായില്ലായിരുന്നു  എങ്കിൽ ആ ഉത്തരവിന് അതെഴുതിയ കടലാസിന്റെ വില പോലും ഉണ്ടാകില്ലായിരുന്നു.  ഈ ഉദ്യോഗസ്ഥയെ പാടിപ്പുകഴത്താൻ  അവരുടെ കുടുംബചരിത്രം വരെ ചിലർ  എഴുതുന്നു. ഈ അപകടമുണ്ടാകുമെന്ന് ഏതോ മലക്ക് വശം ഈ ഉദ്യോഗസ്ഥക്ക് ആയത്തിറക്കി  കിട്ടിയപോലെ ആണു ചിലർ  ഇവരെ ന്യായീകരിക്കുന്നത്.

എത്രയോ വെടിക്കെട്ടുകൾ അടുത്ത കാലത്ത് പോലും കേരളത്തിൽ പലയിടത്തും നടത്തി. അപകടമുണ്ടാകാത്തതുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. അപകടമുണ്ടായതുകൊണ്ട് ഇത് ശ്രദ്ധിച്ചു. അല്ലെങ്കിൽ ഇതിനെ വിമർശിക്കുന്ന 99% പേരും ഇതറിയില്ലായിരുന്നു.

ജില്ലയുടെ പൊതു ഭരണത്തിന്റെ ഉത്തരവാദി ആണു കലക്ടർ. വെറുതെ ഒരുത്തരവി റക്കി എന്നും പറഞ്ഞവർക്ക് കൈ കഴുകി മാറി നിൽക്കാൻ ആകില്ല. അപകടമുണ്ടായി ആളുകൾക്ക് പരിക്ക് പറ്റി ആശുപത്രികളിൽ കൊണ്ടുപോയപ്പോൾ ഈ കളക്ടർ അവിടെ ഉണ്ടായിരുന്നു. എന്തുകൊണ്ടവർ അവിടങ്ങളിൽ പോയി? "പരിക്ക് പറ്റിയവർക്ക്  വേണ്ട ചികിത്സ നൽകണം" എന്ന ഒരു ഒരുത്തരവിറക്കി   ഡി എം ഓ ക്ക് അയച്ചു കൊടുത്താൽ പോരായിരുന്നോ?  ഉത്തരവിറക്കുക മാത്രമല്ല ഒരു കളക്ടറുടെ  ചുമതല എന്നാണതു തെളിയിക്കുന്നത്. വെടിക്കെട്ട് നടക്കുമെന്ന് കലക്ടർ അറിഞ്ഞില്ല എന്ന് തൊള്ള തൊടാതെ വിഴുങ്ങാൻ ആകില്ല.  ഈ ഉത്തരവ് ഗൗരവമുള്ളതാണെങ്കിൽ അത് നടപ്പാകുന്നുണ്ടോ എന്ന്  ഇവർ  ഉറപ്പു വരുത്തേണ്ടതായിരുന്നു. അതവർ ചെയ്തില്ല. പെട്ടെന്നൊരു നിമിഷം കൊണ്ട് ഇത്രയധികം വെടിക്കോപ്പുകൾ അവിടെ കൊണ്ടു വന്ന് വെടിക്കെട്ട് നടത്തിയതൊന്നുമല്ല. അതിന് ആഴ്ചകളുടെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അതൊന്നും താൻ ഇടപെട്ട ഒരു വിഷയത്തേപ്പറ്റി, ജില്ലയുടെ പൊതു ഭരണത്തിന്റെ ചുമതലയുള്ള കലക്ടർ അറിഞ്ഞില്ല എങ്കിൽ ഈ സ്ഥാനത്തിരിക്കാൻ അവർ അർഹയല്ല.

ഇത്രയും ആമുഖമായി പറഞ്ഞത്, ഈ അപകടത്തിന്റെ ഉത്തരവാദികൾ പൊതു ജനം ഉൾപ്പടെയുള്ള എല്ലാവരും ആണെന്നു പറയാൻ വേണ്ടി ആണ്. എല്ലാവർക്കും വീഴ്ച്ച പറ്റി. ഏറ്റവും കൂടുതൽ വീഴ്ച്ച പറ്റിയത് പൊതു ജനത്തിനാണ് . അവരുടെ തലതിരിഞ്ഞ ചിന്തകളാണിതുപോലെയുള്ള അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. അപകടത്തിൽ തലനാരിഴക്ക് രക്ഷപെട്ട് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ഒരാൾ പറഞ്ഞത്, "വെടിക്കെട്ട് ഇനിയും നടത്തണം, നിറുത്തി വയ്ക്കരുത്" എന്നാണ് . എന്ന് വച്ചാൽ ,"അപകടങ്ങൾ ഉണ്ടായി മനുഷ്യർ  ഇനിയും മരിച്ചോട്ടെ.  വെടിക്കെട്ട് ആസ്വദിക്കണം.". എന്താല്ലേ?

ഇതുപോലെ ഉത്തരവാദിത്തവും അച്ചടക്കവും ഇല്ലാത്ത ഒരു ജനത ലോകത്ത്  വേറെങ്ങും ഉണ്ടാകാൻ  സാധ്യതയില്ല.  അന്തരിച്ച പ്രശസ്ഥ ചിത്രകാരൻ  എം വി ദേവൻ  മലയാളികളേപ്പറ്റി പറഞ്ഞത്, "മലയാളികൾ നാറികൾ ആണ്", എന്നായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണവരുടെ പെരുമാറ്റങ്ങൾ. വിഷമാണെന്നറിഞ്ഞുകൊണ്ടു തന്നെ തമിഴൻ  കയറ്റി  വിടുന്ന പച്ചക്കറികൾ വാങ്ങി കഴിക്കും. അപകടം ആണെന്നറിഞ്ഞു കൊണ്ടു തന്നെ വെടിക്കെട്ടു നടക്കുന്നതിന്റെ അടുത്തു പോയി നിൽക്കും. ചെവി പൊട്ടിപ്പോകുന്ന ഉഗ്ര ശേഷി ഉള്ള സ്ഫോടനം ആസ്വദിക്കും. എപ്പോൾ വേണമെങ്കിലും ഇടയാവുന്ന ആനയെ എഴുന്നള്ളിക്കുന്നത് സഹർഷം സ്വാഗതം ചെയ്യും. ഇരു ചക്രവാഹണം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന് പറഞ്ഞാൽ  പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. വൃ ക്ഷങ്ങൾ നട്ടുപിടിപിച്ചാൽ ചൂടു കുറയുമെന്നറിഞ്ഞിട്ടും അതൊക്കെ വെട്ടി നശിപ്പിക്കും. എന്നിട്ട് ചൂടു വരുമ്പോൾ വിയർത്തുകുളിക്കും. നിലം ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങൾ നികത്തി കോൺക്രീറ്റ് കൂടാരങ്ങൾ പണിയും. എന്നിട്ട് കുടിവെള്ളമില്ലേ എന്ന്  കരയും. ഇങ്ങനെയുള്ള ഒരു ജനതയെ നാറികൾ  എന്ന് തന്നെയല്ലേ വിളിക്കേണ്ടത്?

ആനയെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടു നടത്തുന്നതും ദേവനെ പ്രീതിപ്പെടുത്തുന്ന ആചാരങ്ങളുടെ ഭാഗമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അപ്പോൾ ആന ഇടഞ്ഞ് കുറച്ചു പേരെ കൊല്ലുന്നതും വെടിക്കെട്ടപകടങ്ങളിൽ മനുഷ്യർ  മരിക്കുന്നതും ഇതേ ആചാരങ്ങളുടെ ഭാഗമായി സഹിച്ചു കൂടെ? വെറുതെ എന്തിനു കളക്ടറെയും പോലീസിനെയും രാഷ്ട്രീയക്കാരെയും സർക്കാരിനെയും കുറ്റപ്പെടുത്തുന്നു. മൂന്നാം കിട ജനതക്ക് ഏഴാം കിട ഭരണകർത്താക്കളെയേ ലഭിക്കു. ജനം ഒന്നാം കിട ആയാലേ അവർക്ക് രണ്ടാം കിട ഭരണകർത്താക്കളെ എങ്കിലും ലഭിക്കൂ.