Thursday, 2 July 2015

ഒരു പ്രതിക്രിയവാദിയുടെ താത്വികമായ അവലോകനം

ഒരു പ്രതിക്രിയവാദിയുടെ താത്വികമായ അവലോകനം.
-----------------------------------------------------------------------------------

അരുവിക്കര തെരഞ്ഞെടുപ്പു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം വിജയിച്ചു.

തന്ത്രം തുടങ്ങിയത് മാണി ഇടതു മുന്നണിയിലേക്ക് ചാഞ്ചാടാന്‍ തുടങ്ങിയപ്പോഴായിരുന്നു. ബാര്‍ കോഴ കേസില്‍ മാണി കോഴ വാങ്ങി എന്ന ആരോപണം ഉണ്ടായപ്പോള്‍ തന്നെ ഉമ്മന്‍ തന്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. കേസെടുക്കാന്‍ തീരുമാനിച്ചു. മാണിയുടെ എടുത്തു ചാട്ടം അവസാനിപ്പിക്കാനുള്ള ഷോക്ക് ട്രീറ്റ്മെന്റ് മാത്രമായിരുന്നു കേസ്. മാണിക്കെതിരെ  കുറ്റപത്രം ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും കരുതിയിട്ടുണ്ടാകില്ല.

സോളാര്‍ വിഷയം മുതല്‍ അനേകം പ്രശ്നങ്ങളില്‍ ആടിയുലഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിടി വള്ളി ആയിരുന്നു ബാര്‍ കോഴ കേസ്. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം  എന്നു  പറഞ്ഞപോലെ മാണിയെ കുരുക്കിയിടുകയും, അതു വഴി അരുവിക്കര കടക്കുകയും ചെയ്യാം എന്നായിരുന്നു സൃഗാല ബുദ്ധിയിലെ കുതന്ത്രം. വോട്ടെടുപ്പു കഴിയും വരെ അഴിമതിക്കെതിരെ നിലകൊള്ളുന്നു എന്ന പ്രതീതി ഉണ്ടാക്കി. "സ്വന്തം മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ വരെ കേസെടുക്കുന്ന സത്യവാന്‍" ആണു താനെന്ന്  അരുവിക്കരയിലെ വോട്ടര്‍മാരെ പറഞ്ഞു പറ്റിച്ചു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ മാണിക്കെതിരെ തെളിവില്ല എന്നും പ്രഖ്യാപിച്ചു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്താന്‍ മുഖം മൂടി അണിഞ്ഞു നടന്ന ഉമ്മനെ വിശ്വസിച്ച കുറച്ച് അരുവിക്കരക്കാരെങ്കിലും  മണ്ടന്മാരായി.

തോറ്റ പാര്‍ട്ടിക്കാരില്‍ ബി ജെ പിക്കാര്‍ക്ക് പെരുത്ത് സന്തോഷമാണ്. പക്ഷെ സി പി എമ്മില്‍ നിരാശയും. നിരാശ പല രൂപത്തില്‍ പുറത്തു വരുന്നു.  "ഭരണ വിരുദ്ധ വോട്ടുകള്‍  ചിതറിപ്പോയതും,  കള്ളും പണവും ഒഴുക്കിയതു"മാണ്, തോല്‍ക്കാന്‍ കാരണമെന്ന്  കോടിയേരി. "61 % വോട്ടുകള്‍  യു ഡി എഫിന്, എതിരായിരുന്നു" എന്ന് കണക്കുകള്‍  സഹിതം തോമസ് ഐസക്ക്.പിണറായി വിജയന്റെ അഭിപ്രായമാണ്, യഥാര്‍ത്ഥത്തില്‍ ഞെട്ടലുണ്ടാക്കിയത്. "മിമിക്രി കാണാന്‍  കൂടുന്ന ആളുകള്‍ വോട്ടായി മാറില്ല"  എന്നത് ചക്കളത്തി പോരാട്ടാമായി തള്ളിക്കളയാം.  പക്ഷെ, """ദുര്‍ബല ജനവിഭാഗങ്ങളും നിര്‍ധനരായ പട്ടികജാതി വിഭാഗങ്ങളും മണ്ഡലത്തിലേറെയാണ്. ദുഷ്ടമനസ്സുകള്‍ക്ക് ഇത്തരക്കാരെ എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയാം. അതിനായി സ്വാഭാവിക ജനവിധി അട്ടിമറിക്കുന്ന സ്ഥിതിയാണുണ്ടായത് """എന്ന പ്രഖ്യാപനം ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്നും  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്തുകൊണ്ട് സി പി എം വിജയിച്ചില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം  വിജയന്‍ പറയുന്നതു തന്നെയാണ്. ദുര്‍ബലരും നിര്‍ധനരും ആയ ജന വിഭാഗങ്ങള്‍ ഇപ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുന്നില്ല. അവരെ അണിനിരത്താന്‍ വേണ്ടി അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സി പി എമ്മിന്റെ നേതാക്കള്‍ക്ക് സമയമില്ല. തന്റെ കാര്യ സാധ്യത്തിനായി സരിത എന്ന സംസ്കാര ശൂന്യയായ സ്ത്രീയും, കോഴ കൊടുത്തു എന്ന്  സ്വയം അവകാശപ്പെടുന്ന ഒരു മദ്യരാജാവും പറയുന്നത് കേട്ട് എടുത്ത് ചാടാനേ അവര്‍ക്ക് സമയമുള്ളു.

പണ്ടൊക്കെ കമ്യൂണിസ്റ്റുപാര്‍ട്ടി ദുര്‍ബലരുടെയും  നിര്‍ദ്ധനരുടെയുമൊക്കെ കൂടെ ആയിരുന്നു. അന്നൊക്കെ ദുര്‍ബലര്‍ക്കും നിര്‍ധനര്‍ക്കും ഉള്ള നിര്‍വചനവും വേറെ ആയിരുന്നു. ഉത്തരാധുനിക കാലഘട്ടത്തില്‍ ആ നിര്‍വചനം ആക്കെ മാറിപ്പോയി. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയ ശേഷം പാര്‍ട്ടി,  "ദുര്‍ബലരും നിര്‍ധനരും,പീഢിതരുമായ"  ഫാരിസ് അബൂബേക്കറിന്റെയും, സാന്റിയാഗോ മാര്‍ട്ടിന്റെയുയും, ലിസ് ചാക്കോയുടെയും, ചാക്കു രാധാകൃഷ്ണന്റെയുമൊക്കെ കൂടെ ആണ്.

എന്തുകൊണ്ട് ദുര്‍ബലരും നിര്‍ധനരും ഇന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നില്ല എന്ന് അന്വേഷിക്കാന്‍  ആര്‍ജ്ജവമുള്ള ഒരാളും ഇന്ന് സി പി എമ്മിലില്ല. അതിനു ശേഷി ഉണ്ടായിരുന്ന നേതാക്കളെ ഒക്കെ നിരനിര ആയി വെട്ടി നിരത്തി , അവഹേളിച്ചു, പീഢിപ്പിച്ചു, നിശബ്ദരാക്കി. പുറത്താക്കി, ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. എന്നിട്ട് പാര്‍ട്ടി കയ്യടക്കി വച്ചിരിക്കുന്ന ഒരു ലോബി ചെയ്തു കൂട്ടുന്ന കന്നം തിരിവുകളുടെ ഫലമാണിപ്പോള്‍ പാര്‍ട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മനം മടുത്ത് പലരും പാര്‍ട്ടി വിടുന്നു. നിര്‍ജീവമാകുന്നു. പക്ഷെ അതൊന്നും തിരിച്ചറിയാനോ പരിഹരിക്കാനോ വിജയന്‍ ഉള്‍പ്പടെയുള്ള ഒരു നേതാവിനും സമയമില്ല. താഴെ തട്ടിലുള്ള ജന വിഭാഗങ്ങള്‍ക്ക് കുറച്ചെങ്കിലും സ്വീകാര്യനായ വി എസിനെ ഒക്കെ ഇട്ട്  വട്ടു തട്ടുന്നതു കാണുന്ന സാധാരണക്കാര്‍ ഈ പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ല എന്ന് ഈ കശ്മലന്മാര്‍ക്ക് ഇനിയും മനസിലാകുന്നില്ല.

വിജയന്‍ വോട്ടര്‍ പട്ടിക വച്ച് കണക്കുകൂട്ടല്‍ നടത്തുമ്പോള്‍ ,ഉമ്മന്‍ ചാണ്ടി മലകയറി ആദിവാസികളുടെ കൂടെ കപ്പ തിന്നുകയായിരുന്നു. അവരെ എങ്ങനെ കയ്യിലെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതദ്ദേഹം ചെയ്തു. അവരെ കയ്യിലെടുക്കേണ്ടി ഇരുന്ന വിജയന്‍ കഴിഞ്ഞ 10 വര്‍ഷം  വി എസിനെ എങ്ങനെ പാര്‍ട്ടിയില്‍ നിന്നും കളയാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഒരു വേദിയിലും പ്രത്യക്ഷപ്പെടാതെ താഴെ തട്ടില്‍ വലിയ പ്രവര്‍ത്തനം നടത്തി ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകളൊക്കെ ഉറപ്പാക്കിയത് വിജയനാണെന്നാണു സംസാരം. വിജയനെ കൂടാതെ കണ്ണൂര്‍ ലോബി മുഴുവനും അരുവിക്കര ഏറ്റെടുത്തു. മണ്ഡലത്തിലെ പരിചയസമ്പന്നരായ നേതാക്കളെയും പ്രവര്‍ത്തകരെയും  തഴഞ്ഞു. വി എസ് അരുവിക്കര വഴി വരേണ്ട എന്ന് ആദ്യം തന്നെ  തീരുമാനിച്ചു. തീരുമാനം ദുരൂഹ കാരണങ്ങളാല്‍ പിന്നീട് മാറ്റിയെങ്കിലും, അതൊന്നും അരുവിക്കരയില്‍ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. ഒരു തെരഞ്ഞെടുപ്പു ജയിക്കാന്‍ പാര്‍ട്ടി വോട്ടുകള്‍  മാത്രം മതി എന്ന ധാര്‍ഷ്ട്യം കാരണം പാര്‍ട്ടി അനുഭാവി വോട്ടുകള്‍ ആരും ശ്രദ്ധിച്ചില്ല. അതൊക്കെ കൊണ്ടു വരാന്‍ ശേഷിയുള്ള പ്രാദേശിക നേതാക്കളെ അവഗണിക്കുകയും ചെയ്തു. കണ്ണൂരില്‍ കിടക്കുന്ന ഇ പി ജയരാജനും, പി ജയരാജനും, എം സ്വരാജുമൊക്കെ ചെന്ന് അരുവിക്കരയിലെ പാര്‍ട്ടി അംഗങ്ങളല്ലത്തവരോട്  വോട്ടു ചോദിച്ചാല്‍ ,  പോയി പണിനോക്കാന്‍ അവര്‍ പറയുമെന്ന് ഇവര്‍ക്കൊന്നും ഇതു വരെ മനസിലായിട്ടില്ല. ഇനി മനസിലാകാനും പോകുന്നില്ല.

ഒരു ഉപതെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി സി പി എം ഒലിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും നല്ല അടിത്തറ ഉണ്ട്. ദുര്‍ബലരും നിര്‍ധനരും പാര്‍ട്ടിയില്‍ നിന്നും അകന്നു പോയി എന്ന തിരിച്ചറിവ് വിജയനുണ്ടായത് ശുഭ സൂചന ആണ്. തിരിച്ചറിവുണ്ടായതുകൊണ്ടായില്ല. അവരെ എങ്ങനെ വീണ്ടും പാര്‍ട്ടിയോടടുപ്പിക്കാം എന്നതിലാണു കാര്യം. അതിനു പാര്‍ട്ടിയുടെ നയങ്ങളും സമീപനങ്ങളും  ലക്ഷ്യവും മാറണം. അതേറ്റെടുക്കാന്‍  ശേഷിയും തന്റേടവും ഉള്ള നേതൃത്വം പാര്‍ട്ടിക്കു വേണം. എങ്കില്‍ ഈ ജന വിഭാഗങ്ങള്‍ വീണ്ടും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കും.

ജനതാദളും ആര്‍ എസ് പിയും ഇടതു മുന്നണി വിട്ടു പോകാന്‍ കാരണം വിജയന്‍  എന്ന് ഒറ്റ ആളുടെ ധാര്‍ഷ്ട്യമാണ്. ആര്‍ എസ് പി കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അരുവിക്കരയിലെ ഫലം മറ്റൊന്നാകുമായിരുന്നു. 

3 comments:

kaalidaasan said...

ഒരു ഉപതെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി സി പി എം ഒലിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും നല്ല അടിത്തറ ഉണ്ട്. ദുര്‍ബലരും നിര്‍ധനരും പാര്‍ട്ടിയില്‍ നിന്നും അകന്നു പോയി എന്ന തിരിച്ചറിവ് വിജയനുണ്ടായത് ശുഭ സൂചന ആണ്. തിരിച്ചറിവുണ്ടായതുകൊണ്ടായില്ല. അവരെ എങ്ങനെ വീണ്ടും പാര്‍ട്ടിയോടടുപ്പിക്കാം എന്നതിലാണു കാര്യം. അതിനു പാര്‍ട്ടിയുടെ നയങ്ങളും സമീപനങ്ങളും ലക്ഷ്യവും മാറണം. അതേറ്റെടുക്കാന്‍ ശേഷിയും തന്റേടവും ഉള്ള നേതൃത്വം പാര്‍ട്ടിക്കു വേണം. എങ്കില്‍ ഈ ജന വിഭാഗങ്ങള്‍ വീണ്ടും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കും.

മുക്കുവന്‍ said...

ദുര്‍ബലരും നിര്‍ധനരും ആയ ജന വിഭാഗങ്ങള്‍ ഇപ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുന്നില്ല!

they are tapped by some divisive cunning politicians! Gopi is looking for a high position in BJP :) he will be another Kiran Bedi :)

ajith said...

യാഥാര്‍ത്ഥ്യബോധമില്ലാത്ത നേതാക്കളുടെ ബാഹുല്യമാണ് പ്രശ്നം