Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, 5 November 2009

യക്ഷി

നാലാം ക്ളാസുവരെ ഗ്രാമത്തിലെ സ്കൂളിലാണു പഠിച്ചത്. പിന്നീട് പട്ടണത്തിലെ ഇംഗ്ളീഷ് മീഡിയം സ്കൂളിലായി പഠനം. വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്നിട്ടു വേണം ബസില്‍ കയറി പോകാന്‍. ബസ് സ്റ്റാന്റിലിറങ്ങി ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ സ്കൂളിലെത്താം. പാടത്തിന്റെ വരമ്പില്‍ കൂടി നടന്നു പോകുന്നത് രസകരം തന്നെയായിരുന്നു. സമപ്രായക്കാരും മുതിര്‍ന്നവരും ആയ  കുറച്ചു കൂട്ടുകാരും ഒക്കെയായി ജീവിതത്തിലെ നല്ല ഒരു കാലം.
 
പോകുന്ന വഴിക്ക് രണ്ട് അമ്പലങ്ങളുണ്ട്. അല്പം ഉയര്‍ന്നിടത്ത് ഒരു വലിയ അമ്പലം. അതിനു ചുറ്റും കുറെ മരങ്ങളുമുണ്ട്. ആലും പനയും പാലയുമൊക്കെയായി ഒരു ചെറിയ വനം തന്നെ. താഴെ ചെറിയ അമ്പലം. ചെറിയ ഒരു ആലും കുറെ കുറ്റിച്ചെടികളും. അതിനു ചുറ്റും പാടവും ഒക്കെയായി.

മുതിര്‍ന്ന കൂട്ടുകാര്‍ പല കഥകളും പറയും. കൂട്ടത്തില്‍ ലത എന്നു  പേരുള്ള ചേച്ചിയുടെ ഇഷ്ടകഥകള്‍ ഭൂതത്തെയും പ്രേതത്തേയും പിശാചിനേയം ​കുറിച്ചായിരുന്നു.
 
ലത ചേച്ചിയാണു ആ രണ്ടമ്പലങ്ങളെയും ചുറ്റിപ്പറ്റിയുള്ള വലിയ ഒരു രഹസ്യം പറഞ്ഞു തന്നത്. സൂര്യോദയത്തിനും അസ്തമയത്തിനും അടുപ്പിച്ചുള്ള സമയത്ത്  മുകളിലെ അമ്പലത്തില്‍ നിന്നും ഒരു യക്ഷി താഴെ അമ്പലത്തിലേക്ക് സഞ്ചാരം നടത്താറുണ്ടെന്ന ഒരു രഹസ്യം ഇങ്ങനെ ആണു ഞാന്‍ അറിഞ്ഞത്. പീന്നീടുള്ള ദിവസങ്ങളില്‍ ഇരുട്ടാവുന്നതിനു മുമ്പ് അമ്പലം കടന്നു പോകുക എന്നതായിരുന്നു എന്നും സ്കൂള്‍ വിട്ടു വരുമ്പോഴുള്ള ചിന്ത. 5 മണിക്ക് മുമ്പുള്ള ബസില്‍ പട്ടണത്തില്‍ നിന്നും പോന്നാലേ 6 മണിക്കു മുമ്പെങ്കിലും അമ്പലങ്ങള്‍ കടന്നു പോകാനാകൂ.
 
തുലാവര്‍ഷക്കാലത്തെ ഒരു വൈകുന്നേരം ബസ് കിട്ടാന്‍ അല്‍പ്പം താമസിച്ചു പോയി. ബസിറങ്ങുമ്പോള്‍ ആകാശം മൂടിക്കെട്ടിയും ചെറുതായി ചാറ്റല്‍ മഴ പെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്കിടെ ഇടിമിന്നലും. ബസിറങ്ങുന്നതിനു മുന്നേ യക്ഷിയേക്കുറിച്ചുള്ള ചിന്തയായിരുന്നു മാനസു നിറയെ. കൂടെ ഒന്നുരണ്ടുപേരുണ്ടായിരുന്നെങ്കിലും അമ്പലം കടക്കുന്നതിനു മുന്നേ അവരൊക്കെ പലവഴി പിരിഞ്ഞു പോയി. ചെറിയ പേടി മനസിനെ പിടികൂടുന്നത് മുഖത്തും പ്രതിഫലിച്ചിരിക്കാം.
 
ധൈര്യം സംഭരിച്ചു മുന്നോട്ടു നീങ്ങി. വരമ്പത്തു കൂടെ നടക്കുമ്പോള്‍ ആരുടെയോ കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നപോലെ. കാല്‍ പ്പെരുമാറ്റമാണോ അതോ ചിലങ്കയുടെ ശബ്ദമോ. തിരിഞ്ഞു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. പെട്ടെന്ന് ലതചേച്ചിയുടെ വാക്കുകള്‍ മിന്നല്‍ പിണര്‍ പോലെ മനസിലൂടെ പാഞ്ഞു പോയി. യക്ഷികള്‍ കാറ്റായും ശബ്ദമായും നിഴലായുമൊക്കെ സഞ്ചരിക്കും. പെരുവിരലില്‍ നിന്നും ഒരു വിറയല്‍ മുകളിലോട്ട് അരിച്ചു കേറി. വരമ്പിനരികില്‍ കൂടി ഒഴുകുന്ന തോട്ടിലിറങ്ങി നടന്നു, കുറച്ചുകൂടെ ധൈര്യം കിട്ടാന്‍.
 
കാലുകള്‍ അമര്‍ത്തി ചവിട്ടി കൂടുതല്‍ ശബ്ദമുണ്ടാക്കി മുന്നോട്ടു നീങ്ങി. പിന്നില്‍ യക്ഷിയുടെ വരവും വേഗത്തിലാകുന്നതു പോലെ തോന്നി. കൈകാലുകള്‍ കുഴയുന്നു. ഒരു മത്സരത്തില്‍ യക്ഷിയെ ജയിക്കാനുള്ള സാധ്യത മങ്ങുന്ന പോലെ. യക്ഷി ഇപ്പോള്‍ പിടിക്കുമെന്ന നില. ഒരടി മുന്നോട്ടു നീങ്ങാനുള്ള ശക്തിയില്ലാത്ത പോലെ. പെട്ടെന്ന് പിന്നിലൊരു ശബ്ദം ബ് ദ്ധും!!. യക്ഷി പിടിച്ചു കഴിഞ്ഞു.
 
നാളെ പല്ലും മുടിയും നഖങ്ങളും ഏതെങ്കിലും പാലയുടെയോ ആലിന്റെയോ ചുവട്ടില്‍ കിടക്കും. ഇനി അനിവര്യമായ വിധിക്കു കീഴടങ്ങുക തന്നെ. കാലുകള്‍ തളര്‍ന്നു കുഴഞ്ഞു വീണതോര്‍മ്മയുണ്ട്. ബോധം തിരിച്ചു കിട്ടുമ്പോള്‍ ആരോ പിടിച്ചെഴുനേല്‍പ്പിക്കുന്നു. വസ്ത്രങ്ങളും പുസ്തകക്കെട്ടും നനഞ്ഞു കുതിര്‍ന്നു. നിറഞ്ഞിരുന്ന കണ്ണുകളിലൂടെ കണ്ടു, മുന്നില്‍ നില്‍ക്കുന്നത് പരിചയമുള്ള ശിവരാമന്‍ നായരാണെന്ന്. അദ്ദേഹം എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു. ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. അദ്ദേഹം വരമ്പത്തു നിറുത്തി നനജ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞു കളഞ്ഞു. തലമുടിയില്‍ നിന്നും വെള്ളം തുടച്ചു കളഞ്ഞു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് തല തുവര്‍ത്തി.

"പേടിച്ചു പോയോ?
ഞാന്‍ വീട്ടില്‍ കൊണ്ടുപോയാക്കാം".

ആ രണ്ടു വാചകങ്ങള്‍ ഓര്‍ക്കുന്നുണ്ട്.

കൂടെ നടക്കുമ്പോള്‍ അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു.

"ആണ്‍കുട്ടികളായാല്‍ കുറച്ചു കൂടെ ധൈര്യമൊക്കെ വേണ്ടേ.
ഒരു വാഴ വെട്ടിയിടുന്ന ശബ്ദം കേട്ട് പേടിക്കാമോ!!!.

ഉള്ളാലെ ചെറുതായി ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ തലയും താഴ്ത്തി നടന്നു. വാഴയല്ല യക്ഷിയാണെന്നു പറയാന്‍ അഭിമാനം അനുവദിച്ചില്ല.