Thursday 31 July 2008

മന്‍മോഹന്‍ സിംഗിന്റെ വിശ്വാസ്യത.

ദീപിക പത്രം മാത്രമേ മന്‍മോഹന്‍ സിംഗ് ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണെന്നു പറഞ്ഞുള്ളു. ഇന്‍ഡ്യയില്‍ വേറൊരു പത്രവും അതു പറഞ്ഞില്ല.

നാലു വര്‍ഷം ഭരിച്ച കോണ്‍ ഗ്രസിന്റെ അവസാനമായുണ്ടായിരുന്ന മുതല്‍ കൂട്ടായിരുന്നു , മന്‍മോഹന്‍ സിംഗിന്റെ വ്യക്തിപരമായ വിശാസ്യത. അദ്ദേഹം സത്യസന്ധനെന്നാണറിയപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ കരങ്ങള്‍ അത്രയൊന്നും ശുദ്ധമല്ലെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. അഴിമതിയില്‍ പല മന്ത്രിമാരും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ സത്യസന്ധതയില്‍ വോട്ടര്‍ സംശയിച്ചില്ല. വോട്ടുചെയ്യാന്‍ കോഴ കൈമാറിയെന്ന അപവാദം പുറത്തുവന്നതോടെ, അധികാരത്തില്‍ തുടരാന്‍ കുതിരക്കച്ചവടമോ കുറുക്കുവഴികളോ തേടാന്‍ മടിക്കാത്ത വെറും ശരാശരി രാഷ്ട്രീയക്കാരന്‍ മാത്രമായാണ് ജനങ്ങള്‍ മന്‍മോഹന്‍ സിംഗിനെയും വിലയിരുത്തുന്നത്. അഴിമതിക്കാര്‍ക്ക് ശിക്ഷ നല്‍കുകയും സത്യസന്ധരെ പിന്തുണക്കുകയും ചെയുന്നത് വോട്ടര്‍മാരുടെ സ്വഭാവരീതിയാണ്. വ്യക്തിപരമായി സത്യസന്ധര്‍ എന്നറിയപ്പെടുന്നതുകൊണ്ടാണ് നരേന്ദ്രമോഡി വരെയുള്ള നേതാക്കള്‍ ജയിക്കുന്നത്. മന്‍ മോഹന്‍ സിംഗിന്റെ സത്യസന്ധതാ പ്രതിച്ഛായ കോണ്‍ഗ്രസിന്റെ വിലപ്പെട്ട സമ്പത്തായിരുന്നു. ആ പ്രതിച്ഛായയാണ് ഇപ്പോള്‍ മൂക്കുകുത്തി വീണത്. ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മന്‍മോഹന്‍ സിംഗിന് സാമ്പത്തിക വിദഗ്ധന്‍ എന്ന പ്രതിച്ഛായ ഉണ്ടായിരുന്നു. പണപ്പെരുപ്പ നിരക്കു സകല റെക്കോര്‍ഡുകളും ഭേദിച്ചതോടെ അതും നഷ്ടമായി.


മന്‍മോഹന്‍ സിംഗിനിപ്പോള്‍ പഴയപടി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ സാധ്യമല്ല . എം.പിമാരെ വിലക്കെടുത്ത ഇടപാടില്‍ അദ്ദേഹം വ്യക്തിപരമായി തന്നെ ഭാഗഭാക്കായിട്ടുണ്ടെന്നതും സത്യമാണ്.
വോട്ടെടുപ്പ് ചര്‍ച്ചയുടെ തൊട്ടുതലേ ദിവസം വരെ അദ്ദേഹത്തിന്റെ മുഖത്ത് അനിശ്ചിതത്വമുണ്ടായിരുന്നു. തിങ്കളാഴ്ചയായപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ മുഖവും തിങ്കള്‍ക്കലപോലെ ശോഭിക്കുന്നത് കണ്ടു. വിരലുകളാല്‍ വിജയമുദ്ര കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ലോക്സഭാപ്രവേശം. വേണ്ടത്ര എം.പിമാരെ വിലക്കെടുത്ത വാര്‍ത്ത തലേന്നു അധികാരദല്ലാളന്മാര്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. നാലുവര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കാന്‍ അവലംബിച്ച ധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പതിച്ചു.

പാര്‍ലമെന്റില്‍ മാത്രമാണ് അദ്ദേഹം വിശ്വാസം നേടിയത്. അതേസമയം, ദേശത്തിന്റെ വിശ്വാസം കളഞ്ഞുകുളിക്കുകയും ചെയ്തു. കോഴയായി കിട്ടിയ കറന്‍സിക്കെട്ടുകള്‍ സഭയില്‍ മൂന്നു ബി.ജെ.പി അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ മുഖം വിളറിവെളുത്തു. യു.എസുമായി സൌഹൃദം സ്ഥാപിക്കുന്നതിനെ സ്വാഗതംചെയ്തുപോന്ന മധ്യവര്‍ഗ്ഗത്തെ പാര്‍ലമെന്റിലെ ഈ സംഭവം നിരാശരാക്കി. അഴിമതിമുക്തനെന്ന് തങ്ങള്‍ സങ്കല്പിച്ച വ്യക്തിയുടെ പ്രതിച്ഛായ തകരുന്നത് കണ്ടായിരുന്നു ആ നിരാശ.


ഇതില്‍ കോണ്ഗ്രസിനു പറ്റിയ പാളിച്ചകള്‍ പലതാണ്. പ്രതിപക്ഷം പല കഷണങ്ങളയി ഇണങ്ങിയും പിണങ്ങിയും കിടക്കുകയായിരുന്നു. വിശ്വാസവോട്ട് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു. യു എന്‍ പി എ ഏതു വഴിക്കു പോകും എന്നു നിശ്ചയമില്ലായിരുന്നു. അവര്‍ ഒന്നിച്ചെന്നു മത്രമല്ല, മായവതി കൂടി അവരുടെ കൂടെ വന്നു. മുലായം സിംഗിന്റെ ചുവടു മാറ്റമാണ് മയാവതിയെ ഇതിലേക്കടുപ്പിച്ചത്.

ബി ജെ പി ക്കെതിരെ ഒരു കൂട്ടുകെട്ട് എന്നതായിരുനു സോണിയയുടെ ആശയം .പക്ഷെ സിംഗിന്റെ കൂടൂതല്‍ വലത്തോട്ടുള്ള ചായ്വ് അതിനു തടയിട്ടു. ഇപ്പോള്‍ അതേതായാലും ഇല്ലാതായി.ഇന്നിപ്പോള്‍ ദേശിയ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗിയതെക്കെതിരെയുള്ള കൂട്ടായ്മ എന്നതിലും പ്രധാന പ്രശ്നം , സാമ്രാജ്യത്വത്തിനെതിരെയുള്ള കൂട്ടായ്മ എന്നു വരുന്നു. അതു അഴിമതിക്കെതിരെ എന്നതാവും അടുത്ത തെരഞ്ഞെടുപ്പില്‍ . ഈ കോഴ പ്രശ്നം കത്തി ത്തന്നെ നില്‍ക്കും . കോഴവാങ്ങിയവരും വിപ്പ് ലംഘിച്ചവരും ലോക്സഭയില്‍ നിന്നും പുറത്താവേണ്ടതാണ്, സോംനാഥ് വീണ്ടും പാദ സേവ നടത്തുന്നില്ലെങ്കില്‍.

ബി ജെ പി യാണിപ്പോള്‍ സ്തംഭിച്ചു നില്ക്കുന്നത്. അദ്വാനി അടുത്ത പ്രധാനമന്ത്രി എന്ന് അവര്‍ ഏകദേശം ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ ഒരു ഇലക്ഷനു പോയിരുന്നെങ്കില്‍ വലിയ നഷ്ടം ബി ജെ പി ക്കായിരുന്നു. അതു കൊണ്ട് അവരും ചെറിയ ഒരു കളി കളിച്ചു. ബി ജെ പി നേതാക്കളുടെ അറിവോടെയായിരിക്കാം കുറെ എം പി മാര്‍ കൂറു മാറിയതും .


കോഴ കൊടുത്തു എം പി മാരെ വിലക്കെടുക്കുക എന്നത് കോണ് ഗ്രസിനു പുത്തരിയല്ല. നര സിംഹറാവു അതു പണ്ട് ചെയ്തിരുന്നു. അന്നു ധനമന്ത്രി കസേരയില്‍ മന്‍മോഹന്‍ സിംഗ് ഇരിക്കുന്നുണ്ടായിരുന്നു. അന്നു റാവു കളിച്ച കളികള്‍ അദ്ദേഹത്തിനറിയാം . ഇന്ന് ആ കളികള്‍ അദ്ദേഹം സ്വന്തമായി കളിച്ചു . അത്രമാത്രം .


അധികാരം സിംഗില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നു കരുതാന്‍ വയ്യ. ഒരു കപട മുഖം അദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്നു എന്നതാണ് ശരി. തക്ക സമയത്ത് അതു പുറത്തെടുത്തെന്നു മാത്രം .

വില കൊടുത്തു വിജയം വങ്ങുന്നവരെ വിശ്വസിക്കാമോ? കേരളത്തില്‍ പണ്ട് മാര്‍ക്ക് തട്ടിപ്പ് നടന്നിരുന്നു. അതു പണം കൊടുത്തു മാര്‍ക്ക് തിരുത്തി ഉപരി പഠനത്തിനു അഡ്മിഷന്‍ വാങ്ങുന്ന പരിപാടിയായിരുന്നു. അവര്‍ക്കുള്ള അത്ര വിശ്വാസ്യതയേ മന്‍മോഹന്‍ സിംഗ് എന്ന ഈ വ്യാജ സിംഹത്തിനും ഉള്ളൂ.

No comments: