Wednesday, 28 March 2012

വീണ്ടും പരാജയപ്പെടുന്ന പുണ്യാളന്‍
എ കെ ആന്റണി ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയാണ്. നീണ്ട പൊതു ജീവിതത്തില്‍ ഇതു വരെ അഴിമതി ആരോപണങ്ങളൊന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടില്ല.  സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ശക്തി കേന്ദ്രം തന്നെയാണ്‌.  ആന്റണി. മന്‍മോഹന്‍ സിംഗ് എന്ന വിനീത ദാസനേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ആന്റണിയോടാണുതാനും. അദ്ദേഹം അഴിമതി നടത്തുമെന്ന് ശത്രുക്കള്‍ പോലും പറയില്ല. പക്ഷെ അഴിമതിക്കു നേരെ കണ്ണടക്കുമെന്നത് വാസ്തവം. അതുപോലെയുള്ള കണ്ണടക്കല്‍ ഇപ്പോള്‍ അദ്ദേഹത്തെ വലിയ ഒരു വിഷമസ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു.

ഈയിടെ അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി  സി കെ ചന്ദ്രപ്പന്‍, എ കെ ആന്റണിയെ  വിശേഷിപ്പിച്ചത് പരാജയപ്പെട്ട പുണ്യാളന്‍ എന്നായിരുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആന്റണി പ്രകടിപ്പിച്ച ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിലായിരുന്നു ആ വിശേഷണം.

ആ പ്രയോഗം അന്വര്‍ത്ഥമാക്കുന്ന സംഭവഗതികളാണിപ്പോള്‍ നടക്കുന്നത്. കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ ഇന്നു വരെ യാതൊരു വിധ ആരോപണങ്ങളും നേരിടാത്ത, ആന്റണിയോളം തന്നെ സത്യസന്ധനായ  ഉദ്യോഗസ്ഥനും . പക്ഷെ ജനന തീയതി വിവാദത്തില്‍ അദ്ദേഹത്തിനു പരാജയം സമ്മതിക്കേണ്ടി വന്നു.  ഒരുപക്ഷെ ആ ജാള്യത കൊണ്ടായിരിക്കാം അദ്ദേഹമൊരു പഴയ കോഴ പ്രശ്നം അടുത്തിടെ ഉയര്‍ത്തിക്കൊണ്ടു വന്നതും. അദ്ദേഹം ഉയര്‍ത്തിവിട്ട കോഴ വിവാദത്തില്‍ ആന്റണി പ്രതിരോധത്തിലുമാണ്. ആന്റണി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടിയായിപ്പോയി ഇത്. പ്രതിരോധത്തിലായ ആന്റണി, ആരും ആവശ്യപ്പെടാതെ തന്നെ  രാജ്യസഭയില്‍ ഒരു പ്രസ്താവന നടത്തി.  ആ  പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍.


1958 ല്‍ വിദ്യാര്‍ഥി നേതാവായാണു പൊതുജീവിതം തുടങ്ങിയത്‌. 54.,. 54 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുകയും അഴിമതിക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കാലയളവില്‍ ചെറിയൊരു ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ആ പദവി വലിച്ചെറിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അന്നു എന്നോടു തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അതാണു എന്റെ രാഷ്‌ട്രീയ ചരിത്രം. 


പ്രതിരോധ മന്ത്രിസ്‌ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യം മടിച്ചെങ്കിലും നേതൃത്വം ഏല്‍പിച്ച ചുമതല ഏറ്റെടുക്കുകയായിരുന്നു. സേനയുടെ ആധുനികവത്‌ക്കരണത്തിനും അഴിമതി ഇല്ലാതാക്കാനുമാണു തുടക്കം മുതല്‍ ശ്രമിച്ചത്‌. . സൈന്യത്തിലേക്ക്‌ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ അഴിമതി കണ്ടെത്തിയാല്‍ ഏതു കരാറാണെങ്കിലും റദ്ദാക്കും. ആദര്‍ശ്‌ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട്‌ വിവാദമുണ്ടായപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടു. ശ്രീനഗറിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. എം.പി നല്‍കിയ പരാതിയില്‍ വകുപ്പുതല അന്വേഷണവും പിന്നീടു സി.ബി.ഐ. അന്വേഷണവും പ്രഖ്യാപിച്ചു.


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം സി.ബി.ഐ. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ക്രമക്കേടുകളുടെ പേരില്‍ നാലു വിദേശ കമ്പനികളെയും രണ്ട്‌ ഇന്ത്യന്‍ കമ്പനികളേയും കരിമ്പട്ടികയില്‍ പെടുത്തി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ഹെലികോപ്‌ടര്‍ വാങ്ങല്‍ കരാര്‍ പോലും ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടര്‍ന്നു റദ്ദാക്കി. എന്റേത്‌ മെല്ലപ്പോക്കാണെന്നും സൈന്യത്തിന്റെ ആധുനികവത്‌കരണം നടക്കുന്നില്ലെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്‌. ആധുനികവത്‌കരണത്തിന്‌ അനുകൂലമാണ്‌. എന്നാല്‍ അതിന്റെ മറവില്‍ അഴിമതി അനുവദിച്ചുകൊടുക്കില്ല. സത്യമാണു ഞാന്‍ പറയുന്നത്‌, സത്യം മാത്രം. അത്‌ എന്റെ മനഃസാക്ഷിയെ അനുസരിച്ചുള്ളതാണ്‌-.,.


ഞാനും ജനറലുമായി ഇടയ്‌ക്കിടെ കൂടിക്കാഴ്‌ച നടത്താറുണ്ട്‌. ഒരു വര്‍ഷം മുമ്പാണെന്നാണ്‌ ഓര്‍മ. തേജീന്ദര്‍ സിംഗ്‌ കോഴ വാഗ്‌ദാനം ചെയ്‌ത കാര്യത്തെ കുറിച്ച്‌ ജനറല്‍ പറഞ്ഞിരുന്നു. താന്‍ ഞെട്ടി തലയില്‍ കൈ വച്ചു. നടപടിയെടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജനറല്‍ താല്‍പര്യപ്പെട്ടില്ല. ഇന്നുവരെ ഇതു സംബന്ധിച്ച്‌ യാതൊരു പരാതിയും രേഖാമൂലം ലഭിച്ചിട്ടില്ല. ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആളാണ്‌ ഞാന്‍.,.  എന്നാല്‍ രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. 


ജനറല്‍ സിംഗ്‌ ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളോടു പറഞ്ഞത്‌ അറിഞ്ഞയുടന്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സത്യാവസ്‌ഥ പുറത്തുവരാന്‍ ഏതറ്റം വരേയും പോകും. അഴിമതി ആരു നടത്തിയാലും, എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ല. മനഃസാക്ഷിയുടെ ഉറപ്പിലാണ്‌ ഇതു പറയുന്നത്‌. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കാം.

ഇവിടെ ആന്റണി സ്വയം പുകഴ്ത്തി പറഞ്ഞു പോകുന്നതിനിടയില്‍ വളരെ പ്രസക്തമായ രണ്ടു കാര്യങ്ങളുണ്ട്.

1. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം സി.ബി.ഐ. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.


2. ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആളാണ്‌ ഞാന്‍..,.  എന്നാല്‍ രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.


അതിവിചിത്രവും നിരുത്തരവദപരവുമാണീ പരാമര്‍ശങ്ങള്‍,.  കുറെയധികം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് എന്തോ മഹത്തായ കാര്യമായാണദേഹം വിളിച്ചു കൂവുന്നത്.  അതിന്റെ അര്‍ത്ഥം ഇത്രയധികം സി ബി ഐ അന്വേഷണം നടത്തേണ്ട തരത്തില്‍ അദ്ദേഹത്തിന്റെ വകുപ്പ് ക്രമക്കേടുകളുടെ കൂടാരം ആണെന്ന്. ഒരു മന്ത്രിക്കും അഭിമാനിക്കാന്‍ ഉള്ള വക അല്ല ഇത്. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍ എന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണിത്. പ്രതിരോധ വകുപ്പാണ്, അഴിമതിയുടെ മൊത്തക്കച്ചവടക്കാര്‍ എന്നത് നാട്ടില്‍ മുഴുവന്‍ പാട്ടാണ്.  അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ആന്റണിക്ക് എന്തു കൊണ്ട് ഇതുപോലെ വ്യാപകമായ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ആകുന്നില്ല?

വളരെയധികം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു എന്നദ്ദേഹം വീമ്പു പറയുന്നുണ്ട്. എത്ര അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടുപിടിച്ചിട്ടുണ്ട്? കേസെടുത്തിട്ടുണ്ട്? ശിക്ഷിച്ചിട്ടുണ്ട്? അതിന്റെ കണക്കൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ആരും ചോദിച്ചിട്ടുമില്ല. ഇവിടെ അന്റണി എന്ന പുണ്യവാളന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു.

ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആന്റണിക്ക്  രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല, എന്നത് പച്ചക്കള്ളമാണ്. അതു പൊളിച്ചടുക്കുന്ന  കാര്യങ്ങളാണിപ്പോള്‍ നടക്കുന്നത്. ആന്റണിയോട് ഒരു വര്‍ഷം മുന്നേ  വി കെ സിംഗ് പറഞ്ഞത്, അദ്ദേഹം തന്നെ ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആന്റണി സി ബി ഐ അന്വേഷണവും പ്രഖ്യാപിച്ചു. ആരും രേഖാമൂലം പരാതി നല്‍കിയില്ല.ഒരു വ്യക്തിയുടെ പേരെടുത്തു പറഞ്ഞായിരുന്നു സിംഗ് ഈ ആരോപണം  ആന്റണിയുടെ മുന്നില്‍ അവതരിപ്പിച്ചത്. ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയോട് കരസേനാ മേധാവി ഒരഴിമതിയുടെ കഥ പറയുന്നു. അഴിമതിക്കെതിരെ കുരിശിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു  എന്നകാശപ്പെടുന്ന പ്രതിരോധ മന്ത്രിക്ക് അതിന്റെ ഗൌരവം മനസിലാകുന്നില്ല എന്നൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ പോലും അന്വേഷണം നടത്തുന്നു എന്ന് വീമ്പടിക്കുന്ന ആന്റണി, കരസേന മേധാവി നേരിട്ട് അറിയിച്ച ഈ വിഷയത്തെ അവഗണിച്ചു എന്ന് വിശ്വസിക്കാനാണു തോന്നുന്നത്. ആന്റണിയുടെ മറ്റൊരു മുഖം മൂടിയും ഇവിടെ അഴിഞ്ഞു വീഴുന്നു.

വിഷയം സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയാണ്. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ചീഞ്ഞു നാറുന്ന സര്‍ക്കാരാണ്, മന്‍ മോഹന്‍ സിംഗിന്റേത്.   റ്റു ജി സ്പെക്റ്റ്രം  വിഷയത്തില്‍ പരാതി ലഭിച്ചിട്ടും ഒരു വര്‍ഷത്തോളം മന്‍ മോഹന്‍ സിംഗ് നിഷ്ക്രിയനായിരുന്നു. കോടതി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണം നടത്തേണ്ടി വന്നു. അന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന സത്യങ്ങളാണ്. ആന്റണിയും മന്‍ മോഹന്റെ പാത പിന്തുടര്‍ന്നു. ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാതിരുന്നതുകൊണ്ടാണ്, ഇപ്പോള്‍ കരസേനാ മേധാവിക്ക് ഈ വിഷയം പൊതു ജനങ്ങളോട് പറയേണ്ടി വന്നത്. ആന്റണി എത്ര ന്യായീകരിച്ചാലും ഈ പ്രശ്നം ആന്റണിയുടെ വ്യക്തിത്വത്തിന്റെ മേല്‍ വീണ കരിനിഴലാണ്. വീണ്ടും വീണ്ടും പരാജയപ്പെടുന്ന പുണ്യാളനാണദ്ദേഹം.

അഴിമതി നടത്തുന്നവരേക്കാള്‍ അപകടകാരികള്‍  അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരും അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്നവരും ആണ്. ആന്റണിയും മന്‍ മോഹന്സിംഗും വ്യക്തിപരമായി അഴിമതി നടത്തുന്നില്ല എന്ന വിശ്വസിച്ചാല്‍ പോലും. ഇവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.

നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ പ്രധാന പ്രതിപക്ഷം ബി ജെ പി, ഉന്നം വയ്ക്കുനത് സോണിയാ ഗാന്ധിയേയും അവരുടെ കുടുംബത്തെയുമാണ്. ആ വിടവിലൂടെ അഴിമതി നടത്തുന്നവരും,അതിനു കൂട്ടുനില്‍ക്കുന്നവരും, അതിനു നേരെ കണ്ണടയ്ക്കുന്നവരും വഴുതി രക്ഷപ്പെടുന്നു.

സ്വന്തം വീഴ്ച്ച സമ്മതിക്കുന്നതിനേക്കാള്‍ കൂടുതലായി സഹതാപം പിടിച്ചു പറ്റാനാണ്, ആന്റണി ശ്രമിക്കുന്നത്.  പണ്ട് കേരള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാനുള്ള എല്ലാ വഴികളും അദ്ദേഹം തുറന്നിട്ടു. ഇന്ന് ഉമ്മന്‍ ചാണ്ടി,  സര്‍ക്കാര്‍ മേഘലയില്‍ 6 മെഡിക്കല്‍ കോളേജുകളാണു കൊണ്ടു വരാന്‍ പോകുന്നത്. അന്ന് ആന്റണി ഇത് ചെയ്തിരുന്നെങ്കില്‍  കച്ചവടക്കാര്‍ ഇതുപോലെ അഴിഞ്ഞാടില്ലായിരുന്നു.
2 comments:

kaalidaasan said...

അഴിമതി നടത്തുന്നവരേക്കാള്‍ അപകടകാരികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരും അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്നവരും ആണ്. ആന്റണിയും മന്‍ മോഹന്സിംഗും വ്യക്തിപരമായി അഴിമതി നടത്തുന്നില്ല എന്ന വിശ്വസിച്ചാല്‍ പോലും. ഇവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.

ശ്രീക്കുട്ടന്‍ said...

ആന്റണിയെ തികച്ചും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.കരസേനയുടെ മേധാവി നേരിട്ട് പരാതി പറഞ്ഞിട്ടും അത് എഴുതിനല്‍കാതിരുന്നതുകൊണ്ട് അന്യോഷിച്ചില്ല എന്ന ആന്റണിയുടെ മറുപടി അത്ഭുതം ജനിപ്പിക്കുന്നതാണു...ട്രക്കിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‍ രേഖാമൂലം തന്നെ പ്രാതി 2009 ല്‍ ആന്റണിക്ക് നല്‍കിയിരുന്നുവെന്ന്‍ ഇന്നലെ വാര്‍ത്ത പുറത്തുവരുകയുണ്ടായി.ഇപ്പോള്‍ 2012 ആയി.എന്തു നടപടിയാണു എടുത്തത്. ഇന്നലെ ചര്‍ച്ചയില്‍ വിജിലന്‍സ് പരിശോധിച്ചു വരികയാണ് എന്ന്‍ ഒരു മാന്യദേഹം പറയുന്നതു കേട്ടു...മൂന്നുകൊല്ലമായിട്ട് പരിശോധിച്ചുപോലും തീര്‍ന്നില്ല..ഹ..ഹ...ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുധമിറക്കുമതി ചെയ്യുന്ന രാജ്യം..കരസേനാ മേധാവി തന്നെ പറയുന്നു ജാംബവാന്റെ കാലത്തുള്ളതിനേക്കാലും പഴകിയ തുരുമ്പു പിടിച്ച അമ്പും വില്ലും മാത്രമാണു സേനയുടെ കയ്യിലുള്ളതെന്ന്‍...എന്റെ ശിവനേ..കാത്തുകൊള്ളണേ....