Saturday, 21 March 2009

ചുവന്ന ചെല്ലികള്‍

ഷാജി കൈലാസിന്റെ ഏറ്റവും പുതിയ സിനിമയാണ്, റെഡ് ചില്ലീസ്. അതിന്റെ റ്റൈറ്റില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.







ചില്ലി എന്നുദ്ദേശിച്ചത് മുളക് എന്ന അര്‍ത്ഥത്തിലാണ്. ചുവന്ന മുളക് എന്ന Red Chillies ഇംഗ്ളീഷില്‍ എഴുതിയത് Red Chellis എന്നായത് അരോചകം തന്നെയാണ്. ഇതൊരു നോട്ടപ്പിശകായി തോന്നുന്നില്ല. Red Chellis എന്നതിനു വേറെ വല്ല അര്‍ത്ഥവുമുണ്ടോ എന്ന് മനസിലാക്കാനും പറ്റുന്നില്ല. ആകാന്‍ സാധ്യതയില്ല. Red Chillis എന്നു തന്നെയാണ്, സിനിമയില്‍ പരാമര്‍ശിക്കുന്ന ട്രൂപ്പിന്റെ പേരെന്ന് പലപ്രാവശ്യം പറയുന്നുമുണ്ട്.

ഈ സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിമര്‍ശനം അര്‍ഹിക്കുന്നില്ല. നാലാം കിടയിലും താഴെ നില്‍ക്കുന്ന ഈ സിനിമാഭാസം ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ കയ്യടി പ്രതീക്ഷിച്ച് തട്ടിക്കൂട്ടിയതാണെന്ന് ഏത് സിനിമാ പ്രേമിക്കും മനസിലാകും .


ഇതൊരു രാഷ്ട്രീയ സിനിമയാണോ അല്ലയോ എന്നത് ഇപ്പോള്‍ ബ്ളോഗില്‍ ഒരു തര്‍ക്ക വിഷയമാണ്. ഫാരീസ് അബൂബേക്കര്‍ വി എസ് അച്യുതാനന്ദനുമായി നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണീ സിനിമ എന്ന് ബ്ളോഗില്‍ പലരും എഴുതുന്നു. അപ്പോള്‍ ഈ സിനിമയുടെ പിന്നില്‍ ഫാരീസ് അബൂബേക്കറാണെന്നു വരുന്നു. ഈ സാമ്പത്തിക കുറ്റവാളി കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ മണ്ധലങ്ങളില്‍ സജീവമായി ഇടപെടുന്ന ആപല്‍കരമായ പ്രതീകമാണീ സിനിമ. ഫാരീസ് അബൂബെക്കറിന്റെ ഇഷ്ടക്കാരനാണ്, ഒരു സി പി എം സ്ഥാനാര്‍ത്ഥി എന്ന ആരോപണം നിലനില്‍ക്കുന്നുമുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അടുപ്പക്കാരാനാണ്, ഫാരീസ് അബൂബേക്കറെന്നത് എല്ലാവര്‍ക്കും സുപരിചിതമായ സംഗതിയും. പാര്‍ട്ടി ഫണ്ടുകളിലേക്ക് നിര്‍ലോപമായി സംഭാവന നടത്തുന്ന ഇദ്ദേഹം, പാര്‍ട്ടി വേദികളില്‍ വളരെയേറെ സ്വീകാര്യനാണ്. പാര്‍ട്ടി മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ മാത്രമായി ഇദ്ദേഹം ദീപിക പത്രം കുതന്ത്രത്തിലൂടെ കൈ കടത്തുകയും, അവസാനം കത്തോലിക്കാ സഭ അത് തിരികെ വാങ്ങുകയും ചെയ്തത് അടുത്തകാലത്താണ്.

രണ്ടുവര്‍ഷക്കാലം വി എസിനെ ദീപിക പത്രത്തിലൂടെ പാര്‍ട്ടി പിന്തുണയോടെ നിരന്തരമായി അധിക്ഷേപിച്ചിട്ടും അത് ഒരു ചലനവും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയില്ല. ഫാരീസ് പൂര്‍വ്വാധികം വെറുക്കപ്പെട്ടവനായി ദീപികയില്‍ നിന്നും ഒഴിഞ്ഞു പോയി. വാര്‍ത്ത എന്ന പത്രം നടത്തുന്നതിലൂടെ വീണ്ടും വി എസിനെ അധിക്ഷേപിച്ചിട്ടും, വി എസിന്റെ ശത്രുക്കള്‍ പോലും അത് വാങ്ങി വായിക്കുന്നില്ല. അപ്പോള്‍ ഫാരിസ് അടവു നയം ഒന്നു മാറ്റി. വി എസിനെ നല്ലവനായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ മക്കളെ ആക്രമിക്കുക.

രൌദ്രം എന്ന സിനിമയിയുടെ പിന്നിലും ഫാരിസ് ആയിരുന്നു എന്നു കേട്ടിരുന്നു. ഇപ്പോള്‍ ചുവന്ന ചെല്ലികളും ഫാരീസിന്റേതാണെന്നു പറയപ്പെടുന്നു.

അപ്പോള്‍ സ്വാഭാവികമായും ഇനി പിണറായിയാണ് പടത്തിന്റെ ബിനാമി പ്രൊഡ്യൂസര്‍ എന്ന് നസ്യമിറങ്ങിക്കൊള്ളും എന്ന അഭിപ്രായം നൂറുശതമാനം ശരിയാണ്. ഫാരിസ്സാണീ സിനിമയുടെ പിന്നില്‍ എങ്കില്‍, അത് പിണറായിക്കുവേണ്ടിയാണ്, എന്നത് സ്വാഭാവിക സംശയമാണ്. അതിനുള്ള വഴിമരുന്നിട്ടിട്ട്, മാധ്യമ സിന്‍ഡിക്കേറ്റ് വാര്‍ത്തയുണ്ടാക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല.

ഇതൊരു രാഷ്ട്രീയ സിനിമയായി എനിക്ക് തോന്നുന്നില്ല. മലയാളത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സിനിമകള്‍ മീനമാസത്തിലെ സൂര്യന്‍, അമ്മ അറിയാന്‍, പിറവി, മുഖാമുഖം എന്നിവയാണ്. ഒരു പരിധി വരെഅറബിക്കഥയും. സന്ദേശവും പഞ്ചവടിപ്പാലവും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ആക്ഷേപഹാസ്യങ്ങളാണ്.

രാഷ്ട്രീയ സിനിമ എന്നു പറഞ്ഞാല്‍, രഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളിലെ വ്യക്തികള്‍ തമ്മിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും ഉള്ള പടല പിണക്കങ്ങളും, അവയെ നിറം പിടിപ്പിച്ച് തട്ടിക്കൂട്ടുന്ന ഭവനാ സൃഷ്ടികളുമാണെന്നു കരുതുന്ന കുറെ വിഡ്ഡികള്‍ മാത്രമെ ചുവന്ന ചെല്ലികള്‍ എന്ന ആഭാസത്തിനെ രാഷ്ട്രീയ സിനിമയുടെ പട്ടികയില്‍ പെടുത്തു.

ഈ സിനിമയില്‍ ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നില്ല. ഇതില്‍ അരോപിക്കപ്പെടുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ചന്തപ്പെണ്ണുങ്ങളുടെ സദസുകളില്‍ നടക്കുന്ന അടക്കം പറച്ചിലുകളുടെ അത്ര ഗൌരവമേ നല്‍കേണ്ടതുള്ളു.

പതിവു പോലെ വി എസ് ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ ഇതില്‍ പല സൂചനകളും കാണുന്നു. വി എസിന്റെ മകന്‍ വെറുക്കപ്പെട്ടവരുടെ ഇടയിലെത്തി എന്നൊക്കെ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. തനിക്കുണ്ടെന്ന് വിഎസ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശ വ്യക്തിത്വത്തിന്റെ അവസാനം, അദ്ദേഹത്തിന്റെ മകനിലൂടെ നശിക്കുമെന്നൊരു മുന്നറിയിപ്പും കൂടി, ചില ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ വായിച്ചെടുക്കുന്നു.

60 വര്‍ഷം നീണ്ടു നിന്ന പൊതു ജീവിതത്തിന്റെ അവസാനത്തോടടുക്കുകയാണ്, വി എസ്. അദ്ദേഹത്തിന്റെ ഒടുക്കം മകനിലൂടെ എന്നൊക്കെ തമാശ പറയുന്നവര്‍ക്ക് അവരുടേതായ ഗൂഡ ലക്ഷ്യങ്ങളുണ്ട്. വെറുക്കപ്പെട്ടവരുടെ ഇടയില്‍ വി എസിന്റെ മകനെ ആക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് പലതും സ്വപ്നം കാണാമെന്നെ വിചാരിക്കാന്‍ പറ്റൂ. ഹെയിറ്റ് ക്ളബ് അംഗങ്ങളുടെ ആരാധ്യപുരുഷന്‍മാരെല്ലാം വെറുക്കപ്പെട്ടവരുടെ കൂടാരത്തില്‍ തമ്പടിച്ചു കിടക്കുകയാണല്ലോ. ഫാരിസ് അബൂബേക്കര്‍, സാന്റിയഗോ മാര്‍ട്ടിന്‍ , ലിസ് ചാക്കോ. ലിസ്റ്റ് നീണ്ടതാണ്.ചുവന്ന ചെല്ലികളില്‍ പറയുന്ന പോലെ, വി എസിന്റെ മകനും വെറുക്കപ്പെട്ടവരുടെ കൂടാരത്തില്‍ എത്തിച്ചേരണം എന്നൊക്കെ സ്വപ്നം കാണുന്നവരോട് സഹതപിക്കാം.


ഫാരിസ് അബൂബേക്കര്‍ എന്ന സാമ്പത്തികകുറ്റവാളിയായിരുന്ന, റീയല്‍ എസ്റ്റേറ്റ് മാഫിയക്കാരനും അയാളുടെ പിന്നിലുള്ളവരുടെയും മുന്നറിയിപ്പാണു, കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്നു പറയുന്നവരുടെ, തല ഒന്നു പരിശോധിക്കുന്നതല്ലേ നല്ലത്?

3 comments:

kaalidaasan said...

ഈ സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിമര്‍ശനം അര്‍ഹിക്കുന്നില്ല. നാലാം കിടയിലും താഴെ നില്‍ക്കുന്ന ഈ സിനിമാഭാസം ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ കയ്യടി പ്രതീക്ഷിച്ച് തട്ടിക്കൂട്ടിയതാണെന്ന് ഏത് സിനിമാ പ്രേമിക്കും മനസിലാകും.

രാഷ്ട്രീയ സിനിമ എന്നു പറഞ്ഞാല്‍, രഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളിലെ വ്യക്തികള്‍ തമ്മിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും ഉള്ള പടല പിണക്കങ്ങളും, അവയെ നിറം പിടിപ്പിച്ച് തട്ടിക്കൂട്ടുന്ന ഭവനാ സൃഷ്ടികളുമാണെന്നു കരുതുന്ന കുറെ വിഡ്ഡികള്‍ മാത്രമെ ചുവന്ന ചെല്ലികള്‍ എന്ന ആഭാസത്തിനെ രാഷ്ട്രീയ സിനിമയുടെ പട്ടികയില്‍ പെടുത്തു.

ഈ സിനിമയില്‍ ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നില്ല. ഇതില്‍ അരോപിക്കപ്പെടുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ചന്തപ്പെണ്ണുങ്ങളുടെ സദസുകളില്‍ നടക്കുന്ന അടക്കം പറച്ചിലുകളുടെ അത്ര ഗൌരവമേ നല്‍കേണ്ടതുള്ളു.

പാവപ്പെട്ടവൻ said...

യാഥാര്ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി . നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ അഭിവാദ്യങ്ങള്‍

kaalidaasan said...

പാവപ്പെട്ടവന്‍ ,

ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.