നിഷ്പക്ഷ വോട്ടര്‍മാരെ എന്തു വിളിക്കാം? അവസരവാദികളെന്നു വിളിക്കണമെന്ന് ഒരു മാന്യദേഹം ഒരു ബ്ളോഗില്‍ എഴുതി കണ്ടു. പാര്‍ട്ടി വിധേയത്വം കൊണ്ട് അന്ധത ബാധിച്ച ഒരാളേ ഇതു പോലെ ഒരഭിപ്രായം പറയൂ.
ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും തിളങ്ങുന്ന വശമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍. ഉറച്ച പാര്‍ട്ടി അനുയായികള്‍, എന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കേ വോട്ടു ചെയ്യൂ. പാര്‍ട്ടിയും നേതാക്കളും എന്തു തെറ്റു ചെയ്താലും ഇവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യും. അതിന്റെ കാരണം സ്വന്തം പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും ഒരിക്കലും തെറ്റു ചെയ്യില്ല, എന്ന വിശ്വാസം ഇവര്‍ക്കുള്ളതു കൊണ്ടാണ്. ചില കേഡര്‍ പാര്‍ട്ടികളില്‍, പ്രത്യേകിച്ച് സി പി എം പോലുള്ള പാര്‍ട്ടികളില്‍ പാര്‍ട്ടി സ്ഥാനര്‍ത്ഥിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുകയും ചെയ്യും.
നിഷ്പക്ഷ വോട്ടര്‍ മാര്‍ക്ക് ഈ ഗതികേടില്ല. പാര്‍ട്ടിയുടെ നയത്തിനും സ്ഥാനാര്‍ത്ഥികളുടെ കഴിവിനും അനുസരിച്ച് അവര്‍ക്ക് വോട്ടു ചെയ്യാം. നിഷ്പക്ഷ വോട്ടര്‍മാര്‍ നിര്‍ണ്ണായകമാകുന്ന അവസ്ഥയില്‍ പാര്‍ട്ടിയെ മുരടിപ്പു ബാധിക്കില്ല. അല്ലെങ്കില്‍ പാര്‍ട്ടി മുരടിപ്പു ബാധിച്ച് ശുഷ്ക്കിക്കും. കോണ്‍ഗ്രസിനു സ്വതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അതു സംഭവിച്ചു. അന്ന് ഏതു കുറ്റിച്ചൂലു സ്ഥാനര്ത്ഥിയായാലും ജയിക്കുന്ന അവസ്ഥയായിരുന്നു. രണ്ടു പതിറ്റാണ്ടോളം അത് തുടര്‍ന്നു. പിന്നീട് പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും മുരടിപ്പു ബാധിച്ചു. ഇന്ന് കോണ്‍ഗ്രസ് ഒറ്റക്കു കേന്ദ്ര ഭരണത്തില്‍ കയറാന്‍ മാത്രം ശക്തിയുള്ള ഒരു പാര്‍ട്ടിയല്ല.
ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഈ മുരടിപ്പ് കണ്ടുതുടങ്ങി. അണികള്‍ എന്നും കൂടെയുണ്ടെന്നും, അവര്‍ മറ്റാര്‍ക്കും വോട്ടുചെയ്യില്ല എന്നും, കരുതിയതു കൊണ്ട്, കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അവിടത്തെ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചത്.
നിഷ്പക്ഷ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ കേരളത്തില്‍ ഒരു പാര്‍ട്ടിയേയും മുരടിപ്പു ബാധിച്ചിട്ടില്ല. നിഷ്പക്ഷ വോട്ടര്‍മാര്‍ നിര്ണ്ണായകമാണെന്നുള്ളതിന്റെ തെളിവാണ്, പൊന്നാനിക്ക് വേണ്ടി ഇടതുപക്ഷ മുന്നണിയിലുണ്ടായ പ്രശ്നങ്ങള്‍ . സി പി എം പാര്‍ട്ടിയുടെ വോട്ടുമാത്രം മതിയെങ്കില്‍, അവിടെ മദനിയേപ്പോലുള്ള ഒരു തീവ്രവാദിയെ കൂട്ടു പിടിക്കേണ്ടതില്ലായിരുന്നു. പൊന്നാനിയിലെ ഭൂരിഭാഗം പേരും ഇതു വരെ മുസ്ലിം ലീഗിനാണ്, വോട്ടു ചെയ്തിരുന്നത്. മുസ്ലിം ലീഗിന്റെ ഉറച്ച വോട്ടുകളായിരുന്നു അവയെല്ലം. അവര്‍ ഇത്തവണ പി ഡി പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്നെങ്കില്‍ അവരെയും അവസരവാദികള്‍ എന്നു വിളിക്കേണ്ടി വരും. കഴിഞ്ഞ തവണ ഹംസക്കു കിട്ടിയ വോട്ടുകള്‍ കൂടുതലും ഈ അവസരവാദികളേടേതാണെന്നു വിലയിരുത്തേണ്ടി വരും. തിരൂരും കുറ്റിപ്പുറത്തും ഈ നിഷ്പക്ഷ വോട്ടര്‍മാരാണ്, മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയത്.
ജനാധിപത്യത്തിന്റെ സൌന്ദര്യമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍. ഇവര്‍ക്ക് കേരളത്തില്‍ വലിയ പ്രാധാന്യമുണ്ട്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ രണ്ടു മുന്നണികളും തമ്മിലുള്ള വ്യത്യാസം, ഒരു ശതമാനത്തില്‍ താഴെയാണ്. ഏതു മുന്നണിയുടെയും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് ഈ നിഷ്പക്ഷ വോട്ടര്‍മാരാണ്. പാര്‍ട്ടികളും മുന്നണികളും പ്രകടന പത്രിക തയാറാക്കുന്നതും, പല സ്ഥനാര്‍ത്ഥികളെയും നിശ്ചയിക്കുന്നതും ഈ നിഷ്പക്ഷ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ്.
Subscribe to:
Post Comments (Atom)
12 comments:
ജനാധിപത്യത്തിന്റെ സൌന്ദര്യമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍. ഇവര്‍ക്ക് കേരളത്തില്‍ വലിയ പ്രാധാന്യമുണ്ട്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ രണ്ടു മുന്നണികളും തമ്മിലുള്ള വ്യത്യാസം, ഒരു ശതമാനത്തില്‍ താഴെയാണ്. ഏതു മുന്നണിയുടെയും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് ഈ നിഷ്പക്ഷ വോട്ടര്‍മാരാണ്. പാര്‍ട്ടികളും മുന്നണികളും പ്രകടന പത്രിക തയാറാക്കുന്നതും, പല സ്ഥനാര്‍ത്ഥികളെയും നിശ്ചയിക്കുന്നതും ഈ നിഷ്പക്ഷ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ്.
ജനാധിപത്യത്തിന്റെ സൌന്ദര്യമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍ തികച്ചും ശരി
.....................മദനിയേപ്പോലുള്ള ഒരു തീവ്രവാദിയെ കൂട്ടു പിടിക്കേണ്ടതില്ലായിരുന്നു.
മദനി കറ കളഞ്ഞ മതനിരപേക്ഷനാണന്നല്ലേ പിണറായി സഖാവിന്നല്ലേ certify ചെയ്തതു........!!!!!!!!!!
മദനിയെ മാമോദീസ മുക്കി കറകളഞ്ഞ മതേതരനാക്കിയതറിഞ്ഞില്ലേ? ഇനി സി.പി.എമ്മിന് പി.ഡി.പി. മതി. ഇന്ന് ജനതാദള്‍ നാളെ സി.പി.ഐ. അങ്ങനെയങ്ങനെ... മദനി-പിണറായി കൂട്ട്കെട്ട് സിന്ദാബാദ്!
ബൈജു ,
അറിയപ്പെടുന്ന പിണറായി ഭക്തരൊക്കെ, ഇപ്പോള്‍ ഇ എം എസിനെ വരെ തള്ളിപ്പറഞ്ഞുതുടങ്ങി. ഇ എം എസ് മുസ്ലിം ലീഗിനേക്കുറിച്ച് പറഞ്ഞത് വളരെ ശരിയായിരുന്നു. അധികാര രാഷ്ട്രീയത്തില്‍ ലീഗ് ഇടം കണ്ടതോടെ അതിന്റെ നേതാക്കാള്‍ മുസ്ലീം ജനസാമാന്യത്തെ മറക്കുകയും മുസ്ലീം ചെറുപ്പക്കാര്‍ മറ്റു സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. ആ സംഘടനകള്‍ തീവ്ര മതനിലപാടുകളുള്ളവര് ആയിരുന്നു എന്നത് വാസ്തവം, എന്നൊക്കെയാണു മദനിയെ വെള്ളപൂശുന്നവരുടെ ഉദീരണങ്ങള്‍.
അസംഘ്യം മത മൌലിക മുസ്ലിം സം ഘടനകളില്‍ വച്ച് ലീഗുതന്നെയാണ്, അല്പമെങ്കിലും മതേതരം . പ്രത്യക്ഷത്തില്‍ മുസ്ലിങ്ങള്‍ തീവ്രവാദ സംഘടനകളിലേക്ക് പോകുന്നത് തടയുക എന്നതാണ്, അടവുനയത്തിന്റെ പിന്നിലെങ്കിലും പി ഡി പി പോലുള്ള തീവ്രവാദ സംഘടനകളെ വളര്‍ത്താനേ അതുപകരിക്കൂ.
ലീഗു അവരുമായി അടവുനയം സ്വീകരിച്ചപ്പോഴൊന്നും ലീഗ് അവര്‍ക്ക് പരസ്യമായ സര്‍ട്ടിഫികറ്റ് നല്‍കിയിട്ടില്ല. ഇപ്പോള്‍ പിണറായി വിജയന് മദനിയുമായി പരസ്യമായി വേദി പങ്കിട്ട് , അദ്ദേഹത്തെ പൂര്‍ണ്ണമായും മാമോദീസ മുക്കി.
സി പി എമ്മിന്റെ 65 ലെ അടവുനയവും, 67 ലെ സംബന്ധവും, കഴിഞ്ഞപ്പോള്‍ മുസ്ലിം ലീഗ് മറ്റു പാര്‍ട്ടികളുടെ തോളില്‍ കയറിവളര്ന്നു. ലീഗ് ശക്തി പ്രാപിച്ചപ്പോള്‍ ഇടതു പക്ഷം തളര്‍ന്നു. ലീഗില്‍ നിന്നും ആളുകള്‍ അകലാന്‍ കാരണമെന്തായാലും , അവര്‍ ഇടതുപക്ഷത്തോടടുത്തില്ല എന്നത്, ഇടതുപക്ഷത്തിന്റെ പരാജയമാണ്. അവരെ ഇടതുപക്ഷത്തോടടുപ്പിക്കുന്നതിനു പകരം ഇപ്പോള്‍ പിണറായി ചെയ്യുന്നത്, പി ഡി പി പോലുള്ള തീവ്ര മുസ്ലിം സംഘടനകളെ വെള്ളപൂശുകയും അതിന്റെ നേതാവു മദനിക്ക് താരപരിവേഷം ചാര്‍ത്തികൊടുക്കുകയും ആണ്.
സാമ്രാജ്യത്തത്തിനും മുതലാളിത്തസാമ്പത്തിക നയങ്ങള്‍ക്കെതിരെ ചെറുത്തുനില്ക്കാനാണു, മദനി ഇടതുപക്ഷരാഷ്ട്രീയത്തോടൊപ്പം നില്ക്കുന്നതെന്നാണൊരു ഭക്തന് വിലയിരുത്തിയത്. ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം മദനിയേപ്പോലുള്ളവര്‍ നില്ക്കുന്നതെന്തിനാണെന്നു തിരിച്ചറിയാന്‍ അവര്‍ക്കാവുന്നില്ല. അവര്‍ കരുതുനത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ ആകൃഷ്ടരായിട്ടാണ്, മദനിയും മറ്റും കൂടെ കൂടിയതെന്നാണ്. അത് മഹാ കഷ്ടം എന്നേ എനിക്ക് പറയാന്‍ പറ്റൂ. ഇവരൊക്കെ ഇത്ര ബുദ്ധിയില്ലാത്തവരായി പ്പോയല്ലോ. മദനിയും കൂട്ടരും സാമ്രാജ്യത്തത്തിനോ, മുതലാളിത്തസാമ്പത്തിക നയങ്ങള്‍ക്കെതിരെയോ, അല്ല നിലകൊള്ളുന്നത്. മുതലാളിത്ത സാമ്രാജ്യത്വം മുസ്ലിങ്ങള്ക്കെതിരായതുകൊണ്ടാണ്. സോവിയറ്റ് യൂണീയന് അഫ്ഘാനിസ്ഥാനില്‍ ഇടപെട്ടപ്പോള്‍ ലോകത്തിലെ സകലമാന മുസ്ലിം സംഘടനകളും, മിതവാദികള്‍ മുതല്‍ തീവ്രവാദികള്‍ വരെ, സോവിയറ്റ് യൂണിയനെതിരായിരുന്നു. കമ്യൂണിസത്തിനെതിരായിരുന്നു. ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധി ഏതായാലും പിണറായി ഭക്തര്ക്കാര്ക്കുമില്ല.
ഇപ്പോള്‍ സോവിയറ്റ് യൂണിയനോ മറ്റേതെങ്കിലും കമ്യൂണിസ്റ്റു രാഷ്ട്രമോ അഫ്ഘാനിസ്താനിലുണ്ടായിരുന്നെകില്, മദനിയുടെ വ്യാജ ഇടതുപക്ഷ പ്രേമം എല്ലാ ഭക്തര്‍ക്കും കാണാമായിരുന്നു.
മദനിയേപ്പോലുള്ള തീവ്രവാദികളെ സഹകരിപ്പിക്കുന്നില്ലെങ്കില്‍ അതായിരിക്കും ഇടതുപക്ഷം ചെയ്യുന്ന തെറ്റ് എന്നൊക്കെ പറായാനും മാത്രം ഇവരൊക്കെ അധപ്പതിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു.
മുസ്ലിം ലീഗ് ഒരിക്കലും തീവ്രവാദ നിലപടെടുത്തിട്ടില്ല. അവരുമായി സഹകരിച്ചപ്പോള്‍, സി പി എമ്മിനുണ്ടായ നഷ്ടം അറിയാവുന്ന ആരും, മദനിപോലുള്ള തീവ്രവാദികളുമായി സഹകരിക്കാന്‍ മടിക്കേണ്ടതാണ്. നിര്‍ഭഗ്യവശാല്‍ പിണറയിയെപ്പോലുള്ളവര്ക്ക് ഇടതുപക്ഷ ഐക്യത്തേയും കാള്‍ പ്രധാനം മദനിയുമായിട്ടുള്ള കൂട്ടുകെട്ടാണല്ലോ.
മദനി പ്രതിനിധാനം ചെയ്യുന്ന മുസ്ലിങ്ങളുടെ ഒരു പരിഛേദമാണ്, അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും. താടി നീട്ടിയും, കഷ്ടിച്ചു കണ്ണു മാത്രം കാണത്തക്ക രീതിയില്‍ വസ്ത്രം ധരിക്കുകയും ചെയ്യുന്ന അവരൊക്കെ, പ്രാകൃത മുസ്ലിങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. എത്ര മതേതരത്തം പ്രസംഗിച്ചാലും, മദനിയേപ്പോലുള്ളവര്‍ ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലാണിന്നും. ഇവരിലൂടെ തന്നെ വേണം മുസ്ലിങ്ങളിലേക്ക് ചെല്ലാന്‍ എന്നു പറയുമ്പോള്‍, ഏതു തരം മുസ്ലിങ്ങളിലേക്ക് എന്ന ചോദ്യം വരുന്നു. എം വി രാഘവന് പണ്ട് ചങ്ങാത്തം കൂടണം എന്നു പറഞ്ഞ മുസ്ലിം ലീഗ് ഇതിലും എത്രയോ ഭേദമാണ്.
മദനി പ്രതിനിധാനം ചെയ്യുന്ന മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോടടുക്കുമ്പോള്, മിതവാദികളായ മുസ്ലിങ്ങള്‍ അകലാന്‍ അതിടയാക്കും. മദനി പ്രതിനിധീകരിക്കുന്ന മുസ്ലിങ്ങളോടെതിര്പ്പുള്ള ഹിന്ദുകളും ഇടതുപക്ഷത്തുനിന്ന് അകലാന്‍ അതിടയാക്കും. 65 ലെ അടവുനയവും 67 ലെ തുറന്ന കൂട്ടുകെട്ടും, മുസ്ലിം ലീഗിനെ വളര്‍ത്തിയതുപോലെ മദനിയുടെ പി ഡി പിയേയും വളര്‍ത്താന്‍ സഹായിക്കലാകും സി പി എമ്മിന്റെ ദുര്യോഗം. പിന്നെയും വളര്‍ത്താന്‍ അന്നും ഉണ്ടാകും മറ്റൊരു സംഘടന. ഇന്നത്തെ എന്‍ ഡി എഫ്, കഴിഞ്ഞനാളിലെ പി ഡിപിയാണ്. അവരെയും മമോദീസമുക്കി നമുക്ക് വളര്‍ത്താം . പാര്‍ട്ടി മലപ്പുറത്തു വളര്‍ന്നില്ലെങ്കിലെന്താ? രണ്ടോ മൂന്നൊ എം പി മാരും എം എല്‍ എമാരുമാണല്ലോ പ്രധാനം
പാവപ്പെട്ടവന്,
സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ജനാധിപത്യത്തിന്റെ സൌന്ദര്യമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍.
നിക്ഷ്പക്ഷത എന്നു പറയുമ്പോള്‍ അവിടെയും ഒരു പക്ഷപാതിത്തം ഇല്ലേ? ശരിയുടേയും ന്യായത്തിന്റേയും പക്ഷം? അതോ ശരിയുടേയും തെറ്റിന്റേയും ഇടയില്‍ ഒരു ഇടം ഉണ്ടോ?
അതോ ഇരയെ വേട്ടയാടുന്ന വേട്ടക്കാരനിലും ന്യായം ഉണ്ട് എന്ന നിക്ഷ്പക്ഷതയോ?
നിക്ഷ്പക്ഷത എന്നത് കാപട്യമാണ്.
നിങ്ങള്‍ക്ക് ഒന്നുകില്‍ ഇരയോടൊപ്പം നില്ക്കാം (അതിന്റെ ഏത് ശരി തെറ്റിനോടും ഒപ്പം)
അല്ലെങ്കില്‍ വേട്ടക്കാരന്റെ ന്യായത്തോടൊപ്പം.
അല്ലാതെ ഇതിനിടയില്‍ വേട്ടക്കാരനോടൊപ്പം നിന്ന് ഇരക്കു വേണ്ടി സഹതപിക്കുന്ന നിക്ഷ്പക്ഷത എന്നു പറഞ്ഞാലത് തീര്‍ത്തും കാപട്യമാണ്.
നമ്മുടെ വോട്ടിംഗിലും അതാണ് സുഹൃത്തേ കാണുന്നത്.
പക്ഷപാതി,
നിഷ്പക്ഷത എന്നതില്‍ ഒരു പക്ഷപാതിത്തവുമില്ല. ശരിയുടേയും ന്യായത്തിന്റേയും പക്ഷം എന്നതാണു സാമാന്യയുക്തി. തെറ്റിന്റെയും അന്യായത്തിന്റെയും പക്ഷം പിടിക്കുന്നത് ആന്റിസോഷ്യല്‍ എന്ന വിഭാഗത്തില്‍ പെടുന്നവരാണ്. അവരെ പരിഷ്കൃത സമുഹം അതിന്റെ ഭാഗമായി കാണില്ല.
പാര്‍ട്ടി നേതാക്കള്‍ തെറ്റു ചെയ്താലും അവരെ അനുയായികളില്‍ ചിലര്‍ പിന്താങ്ങും. അത് അന്ധമായ ഭക്തികൊണ്ടാണ്. പാര്‍ട്ടിക്കുള്ളിലെ ശരി തെറ്റുകളല്ല, സമൂഹത്തിലെ ശരി തെറ്റുകള്‍ .
ശരിയുടേയും തെറ്റിന്റേയും ഇടയില്‍ ഒരു ഇടം ഉണ്ടെന്ന് എനിക്കഭിപ്രായമില്ല. തെറ്റു മനുഷ്യ സഹജമാണ്. അത് തിരുത്തുന്നതാണ്, വിവേകം .
നിഷ്പക്ഷത എന്നത് കാപട്യമല്ല. അത് തെളിഞ്ഞ ചിന്തയുടെ ഫലമാണ്. രാഷ്ടീയത്തിലെ നിഷ്പക്ഷത ഇരയുടെയോ വേട്ടക്കരന്റെയോപ്പം കൂടെ നില്കുന്ന അവസ്ഥയല്ല. രാഷ്ട്രീയാപാര്ട്ടികളെടുക്കുന്ന, സമൂഹത്തെ ബാധിക്കുന്ന നിലപാടുകളില്‍, ഒരു അഭിപ്രായം പറയുന്നതാണത്.
ഇടതുപക്ഷം എടുക്കുന്ന നിലപാടു ശരിയല്ലെങ്കില്‍ അതിനെതിരെ നിഷ്പക്ഷര്ക്കേ പ്രതികരിക്കാന്‍ പറ്റൂ. പാര്‍ട്ടി അംഗങ്ങള്‍ക്കോ പാര്‍ട്ടി അനുഭവികള്ക്കോ പറ്റില്ല. പാര്‍ട്ടി അംഗങ്ങള്‍ പ്രതികരിച്ചാല്‍ വെട്ടിനിരത്തലുണ്ടാകും. പല കേഡര്‍ പാര്‍ട്ടികളിലും നടക്കുന്നതതാണ്. ഒരു തരം കണ്ണുമൂടപ്പെട്ട അവസ്ഥ. ചക്കിനു ചുറ്റും നടക്കുന്ന കാളകളാണു പാര്‍ട്ടി അംഗങ്ങള്‍ .
നിഷ്പക്ഷ വോട്ടര്‍മാര്‍ക്കേ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കാനാകൂ. 1977 ല്‍ അത് ഇന്‍ഡ്യ കണ്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍, ബംഗാളിലും അത് കണ്ടു. സി പി എമ്മിന്റെ 30 വര്‍ഷത്തെ കുത്തക തകര്‍ത്തത് , പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ അല്ല. വര്‍ഷങ്ങളായി സി പി എമ്മിന്റെ കമ്യൂണിസ്റ്റാശയങ്ങളില്‍ ആകൃഷ്ടരായി അവര്‍ക്ക് വോട്ടു ചെയ്തിരുന്ന നിഷ്പക്ഷ വോട്ടര്‍മാര്‍ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുള വ്യതിയാനത്തെയും ചില നേതാക്കളുടെ മുതലാളിത്ത അഭിനിവേശത്തിനെതിരെയും പ്രതികരിച്ചു. അത് അവര്‍ അവസരവാദികളായിട്ടല്ല, വിവേക ശാലികളായിട്ടാണ്.
കാളിദാസ. ഞാന്‍ ഇടതുപക്ഷാനുഭാവമുള്ള ഒരാളല്ല. എങ്കിലും ഒരു സുരേഷ് കുറിപ്പിനോ ഒരു രാജേന്ദ്രനോ അച്ചുതാനന്ദനോ വോട്ട് ചെയ്യാന്‍ ഒരു നിമിഷം പോലും ആലോചിക്കണ്ട. പക്ഷെ ഇങ്ങിനെ ഒരു ലേഖനം ഒരു ഇടതുപക്ഷാനുഭാവിയായ ഒരാളില്‍ നിന്നു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സല്യൂട്ട്! ഈ ജനാധിപത്യത്തിന്റെ കാഴ്ചയെ ബഹുമാനിക്കുന്നു!
മുസ്ലിംസമുദായത്തിന്റെ അവകാശങ്ങളെ ജനാധിപത്യമാര്‍ഗങ്ങളിലൂടെ നേടിയെടുക്കുന്നതിനും, അവരെ മതേതരരാഷ്ട്രീയത്തിന്റെ ഭാഗത്ത് നിറുത്തുന്നതിനും മുസ്ലിംലീഗ് വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. കേരളത്തില്‍ തികച്ചും മുഖ്യധാരയുടെ ഭാഗമായ മുസ്ലീംങ്ങള്‍, മറ്റു സംസ്ഥാനങ്ങളില്‍ അനുഭവിക്കുന്ന അവഗണന സംഭവിക്കുന്നത് അവര്‍ക്ക് ഒരു രാഷ്ട്രീയശക്തിയായി വളരാന്‍ കഴിയാത്തതുകൊണ്ടാണ്.
പിഡിപ്പിയെപ്പോലെ തീവ്രവാദത്തിന്റെ ചരിത്രമെങ്കിലുമുള്ള ഒരു സംഘടനയെ വെള്ളപൂശുന്നത്, കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത വളരാനും മുസ്ലീം സമുദായത്തിന്റെ വളര്‍ച്ചയെ സംശയത്തോടെ കാണാനും മാത്രമേ ഉപകരിക്കൂ. പിഡിപ്പിയുടെ നേട്ടം മുസ്ലിംലീഗിന്റെ കോട്ടമായിരിക്കും; ആ സംഘടനയെ തകര്‍ക്കാന്‍ സിപിഎം ഒത്താശ ചെയ്യുന്നത് ഒരു വലിയ രാഷ്ട്രീയ വങ്കത്തമായി ഭാവിയില്‍ വിലയിരുത്തപ്പെടുമെന്ന് ഉറപ്പാണ്.
ഒരു ചെറിയ സംഘടനയില്‍ നിന്ന് മാസ് അപ്പീല്‍ ഉള്ള പ്രസ്ഥാനമായി മുസ്ലിം സമുദായത്തിന്റെ വിശ്വാസം പിടിച്ചു പറ്റാന്‍ പിഡിപ്പിക്ക് സിപിഎമ്മിന്റെ കൂട്ട് അത്യാവശ്യമായിരുന്നു; മുസ്ലീംലീഗ് സഖ്യകക്ഷി ആയതുകൊണ്ട് ഒരിക്കലും കോണ്‍ഗ്രസില്‍ നിന്ന് ആ പിന്തുണ അവര്‍ക്ക് കിട്ടില്ല. അവര്‍ അത് തന്ത്രപൂര്‍വ്വം സിപിഎമ്മില്‍ നിന്ന് നേടിയെടുത്തു.
പിഡിപിയെ കൂടെ നിർത്തുന്നത് സി പി എമ്മിന്റെ ഒരു ദീർഘവീക്ഷണനയമാണ്.
താൽക്കാലികമായി ലാവ്ലിൻ പോലുള്ള വിഷയങ്ങളിൽ നിന്ന് ഭരണപരാജയങ്ങളെ വഴി തിരിച്ചു വിടാനും അത് വഴി ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങൾ വെച്ച് പിന്നീട് ലീഗിനെ കൂടെ കൂട്ടാനുമുള്ളൊരു തന്ത്രം.
ഇതിനു മുന്നെ സി പി എം ലീഗുമായി അടുത്തു അടുത്തില്ല എന്ന നില വന്നപ്പോൾ ഇടതു പക്ഷ ബുദ്ധി ജീവികൾ വർഗ്ഗീയതാ ആരോപണം ഉന്നയിച്ചിരുന്നു. പി ഡിപിയുമായി ഇത്തവണ ചേരുക വഴി അത്തരം ആരോപണങ്ങളുടെ എഫക്റ്റ്സ് എത്ര വലുതായിരിക്കും എന്ന് കണക്കാക്കുകയും കാലക്രമേണ ലീഗിലേക്കുള്ള പാലം നിർമ്മിക്കുകയും ചെയ്യുക എന്നൊരു തന്ത്രം രൂപീകരിക്കുന്നതിലേക്കാവശ്യമായ ഡാറ്റാ കളക്ഷൻ സാധ്യമാക്കുകയും ശേഷം പി ഡി പിയെ പുറന്തള്ളി ലീഗിനെ കൂടെ നിർത്താൻ വേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക.
ലീഗിലെ തന്നെ ഒരു പക്ഷത്തിന് കോൺഗ്രസിനേക്കാൾ പ്രതിപത്തി മാർക്സിസ്റ്റ് പാർട്ടിയോട് തന്നെയാണ്. മാത്രവുമല്ല ലീഗ് മാർക്സിസ്റ്റ് കൂട്ടുകെട്ട് സാധ്യമാവുകയാണെങ്കിൽ കോൺഗ്രസിന് ഒരു പതിനഞ്ച് വർഷത്തേക്ക് മലപ്പുറം ജില്ലയിൽ നിന്ന് ഒരു സീറ്റ് പോലും കിട്ടാതെ വരികയും ചെയ്യും.
ഈ ഇലക്ഷനിൽ , ലീഗിന് പൊന്നാനി സീറ്റ് നഷ്ടമാവുകയാണെങ്കിൽ ലീഗ് തന്നെ തൃത്താല പോലുള്ള മണ്ഡലങ്ങളിലെ കോൺഗ്രസ് പാളിച്ച ചൂണ്ടിക്കാണിച്ച് അണികളെ അത്തരമൊരു സമവായത്തിലേക്ക് സജ്ജരാക്കുമെന്ന് നിരീക്ഷിക്കാനാവുന്നുണ്ട്.
Post a Comment