Wednesday 3 December 2008

വി പി സിംഗ്, ഒരു സ്മരണാഞ്ജലി





മുംബൈ ഭീകരാക്രമണത്തിന്റെ ഇടയിലാണ്‌ മുന്‍ പ്രധാനമന്ത്രി വി പി സിം ഗ് അന്തരിച്ചത്. അതു കൊണ്ട് അധികമൊന്നും മാധ്യമ ശ്രദ്ധ ആ സംഭവത്തിനു കിട്ടിയില്ല. രാഷ്ട്രീയ നേതാക്കള്‍ ഒരു ചടങ്ങെന്ന പോലെ അതും തള്ളിനീക്കി.

അരാണ്‌ വിശ്വനാഥ് പ്രതാപ് സിം ഗ്? അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില വാക്കുകള്‍ കേട്ടാലും ഈ രാജ്യത്തിലും സമൂഹത്തിലും സാമൂഹിക നീതിയും സമത്വവും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ , തികച്ചും ശരിയായ പ്രവര്‍ ത്തിയാണ്‌ ചെയ്യുന്നതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഇതു പറഞ്ഞത് അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത്, മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയും,ഇന്‍ഡ്യയിലെ ഉയര്‍ന്ന ജാതിക്കാര്‍ അതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്തപ്പോഴായിരുന്നു. ഇത് നടന്നത് ബി ജെ പിയുടെ നേത്വത്തില്‍ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്ന സമരാഭാസങ്ങളുടെ സമയത്തായിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം മുതല്‍,സംശുദ്ധമായ ഒരു പൊതു ജീവിതം നയിച്ച വ്യക്തിയാണ്‌ വി പി സിം ഗ്. സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വതയാണത്.1984 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്, സിം ഗിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതും ധനകാര്യ വകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതും . ധനകാര്യ മന്ത്രിയായി ചുമതല ഏറ്റപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത്, നികുതി നല്‍കാന്‍ തയ്യാറല്ലാത്ത വലിയ പണക്കാരുടെ നികുതി വെട്ടിപ്പ് തടയാനുള്ള ശ്രമമായിരുന്നു. റിലയന്‍സിനു അങ്ങനെ അദ്ദേഹം കണ്ണിലെ കരടായി. അദ്ദേഹത്തിനു ധനകാര്യ വകുപ്പ് നഷ്ടപ്പെട്ടു. റിലയസ് ഇന്നും നികുതി വെട്ടിപ്പും,ഇന്‍ഡ്യന്‍ പ്രധനമന്ത്രിയുടെ അജണ്ട നിശ്ചയിക്കുന്നവരുമായി തുടരുന്നു. പിന്നീട് പ്രതിരോധവകുപ്പിലേക്ക് മാറ്റപ്പെറ്റ അദ്ദേഹം അവിടെയും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു. ബോഫോഴ് സ് പ്രശ്നത്തില്‍ രാജീവ് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതും , തെറ്റിയതും , കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോന്നതും,പില്‍ കാല ചരിത്രം . അതു ഇന്‍ഡ്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസിതര സര്‍ക്കാരുണ്ടാവുന്നതില്‍ കലാശിച്ചു. അയോധ്യ പ്രശ്നത്തില്‍ ബി ജെ പി പിന്തുണ പിന്‍വലിക്കുന്നത് വരെ അതു തുടര്‍ ന്നു.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്‌. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ കൊള്ളക്കാരെ നിയന്ത്രിച്ചതും , പ്രധാനമന്ത്രിയെന്ന നിലയില്‍ പഞ്ചാബ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതും നികുതി വെട്ടിക്കുന്ന പണക്കാര്‍ എന്ന കൊള്ളക്കാരെ നേരിട്ടതും,എല്ലാം അദ്ദേഹത്തിന്റെ യശസുയര്‍ത്തി. പക്ഷെ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം .


സ്വതന്ത്ര ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നയപരമായ തീരുമാനമായിരുന്നു അത്. സഹസ്രാബ്ദങ്ങളോളം സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഭൂരിപക്ഷ ജനത സാമൂഹിക നീതി നേടിയെടുത്തതും,രാഷ്ട്രീയത്തിലും ഭരണത്തിലും,സമൂഹത്തിലും,അവര്‍ക്കര്‍ഹതപ്പെട്ട സ്ഥാനം നേടിയെടുക്കാന്‍ തുടങ്ങിയതും,അതിനു ശേഷമാണ്‌.

2 comments:

മൂര്‍ത്തി said...

വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച ബദ്രി റെയ്ന പോസ്റ്റിലെ ഒരു ഭാഗം.

മുംബൈ ആക്രമിക്കപ്പെട്ട അതേ ദിവസം രാവിലെ ഒരു മുൻ‌പ്രധാനമന്ത്രി നിര്യാതനായി.

ഒരു ചാനലിലൊഴിച്ച് മറ്റെവിടെയും മിന്നായം പോലെ മറഞ്ഞുപോകുന്ന അടിക്കുറിപ്പുകളിലെങ്കിലും ഇതിനെക്കുറിച്ചെന്തെങ്കിലും പരാമർശം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ച വിവരം പോലും എങ്ങും റിപ്പോർട്ട് ചെയ്‌തു കണ്ടില്ല.

നമ്മുടെ കുലീനരായ ചാനലുകൾ ടാജിനും ഒബറോയിയ്‌ക്കും നേരെ നടന്ന ആക്രമത്തിന്റെ ഓരോ സെക്കൻഡുകളും ഒപ്പിയെടുത്ത് രാഷ്‌ട്രത്തിന് സമർപ്പിക്കുന്നതിൽ മുഴുകിയിരുന്നതുകൊണ്ടാണിതു സംഭവിച്ചത് എന്ന് തോന്നുന്നുണ്ടോ?

ഞാൻ ഇങ്ങനെ പറയും: അസുഖ ബാധിതനും സ്വന്തം പാർട്ടിക്കാരാൽ അവഗണിക്കപ്പെടുന്നവനും ആണെങ്കിലും നമുക്കിടയിൽ ഇപ്പോഴും സന്തോഷപൂർവം ജീവിച്ചിരിക്കുന്ന മറ്റൊരു മുൻ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗിന്റെ സ്ഥാനത്ത് എന്ന് സങ്കൽ‌പ്പിക്കുക. നമ്മുടെ കുലീന ചാനലുകൾ എന്തു ചെയ്യുമായിരുന്നു? അവർ അദ്ദേഹത്തിനും മുംബൈയിലെ സംഭവങ്ങൾക്കുമായി തങ്ങളുടെ സമയം വീതിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

എന്തുകൊണ്ടാണ് വിശ്വനാഥ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും ഇത്ര ക്രൂരമായും വൃത്തികെട്ട രീതിയിലും അവഗണിക്കപ്പെട്ടത്?

ദക്ഷിണ മുംബൈയിലെ ഇന്ത്യ (South-Mumbai India)ഇത്രമാത്രം വെറുത്ത ഒരാൾ ഉണ്ടാവില്ല എന്നതാണതിന്റെ കാരണം എന്നു തന്നെ ഞാൻ പറയും. നെഹ്‌റു കഴിഞ്ഞാൽ ഇന്ത്യ കണ്ട സ്വഭാവമഹിമയുള്ള ഒരു വിശിഷ്‌ട വ്യക്തിത്വം മാത്രമായിരുന്നില്ല, നെഹ്‌റുവിനെപ്പോലെ തന്നെ അടിമുടി മതേതരവാദിയുമായിരുന്നു അദ്ദേഹം. ഒരു പക്ഷെ നെഹ്‌റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ഭാവനാശാലിയായ രാഷ്‌ട്രീയ മനസ്സും അദ്ദേഹത്തിന്റേതായിരിക്കും.

നമ്മുടെ ഭരണഘടന ഇന്ത്യയിലെ “മറ്റു പിന്നോക്ക വർഗങ്ങൾ” ( ഒ ബി സി ) എന്ന് വിശേഷിപ്പിക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തണം എന്ന് ശുപാർശ ചെയ്‌ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള ദീർഘവീക്ഷണവും ധൈര്യവും അദ്ദേഹം കാണിച്ചു എന്നതിനാലാണ് അദ്ദേഹം ഇത്രയേറെ വെറുക്കപ്പെടുന്നത്. അതും ഭരണഘടന സുവ്യക്തമായി അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങക്കനുരൂപമായി മാത്രം നടപ്പിലാക്കിയതിന്.

ഇന്ത്യയിൽ അനാദികാലം ഭരിക്കുവാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ധരിച്ചുവശായ ഉയർന്ന ജാതിക്കാർ ഈ നടപടിയെ, കാലങ്ങളായി പിന്നാമ്പുറങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നവരെ രാഷ്‌ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന( അങ്ങനെ ദേശീയ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന) നടപടിയായല്ല, മറിച്ച് രാഷ്‌ട്രത്തെയും രാഷ്‌ട്രീയത്തെയും വിഭജിക്കുവാനുദ്ദേശിച്ച് കരുതിക്കൂട്ടി തയ്യാറാക്കിയ ദുഷ്‌ടലാക്കായാണ് കണ്ടത്. അവർ അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകിയില്ല.

ആ ദിവസങ്ങളിൽ തെരുവുകളിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ഈ നടപടിയെ നഖശിഖാന്തമെതിർത്തവർ, വർഷങ്ങൾ കഴിയും തോറും ഇതിനെ ശരിവയ്‌ക്കുക മാത്രമല്ല ഹൃദയപൂർവം പിന്താങ്ങുക കൂടി ചെയ്യുന്ന കാഴ്‌ച കൌതുകകരമാണ്. പ്രസ്‌തുത നടപടി ചരിത്രപരമായ ഒരു ആവശ്യകതയായിരുന്നു എന്ന അദ്ദേഹത്തിന്റെ ദീർഘദർശിതത്വത്തിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം ആവശ്യമുണ്ടോ?

ബാബറി മസ്‌ജിദ് പൊളിച്ചതിനുശേഷമുള്ള സംഭവങ്ങളിലും ഗുജറാത്ത് കൂട്ടക്കൊലയിലും പങ്കെടുക്കുക വഴി രക്തപങ്കിലമായ കൈകളുള്ളവർ അദ്ദേഹത്തിൽ കണ്ടത് മുസ്ലീങ്ങളെ സ്‌നേഹിക്കുന്ന, ഹിന്ദുക്കളെ വിഭജിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന, രാഷ്‌ട്രദ്രോഹിയായ ഒരു വില്ലനെയാണ്.

ഇതു കേട്ടാൽ തോന്നുക സഹസ്രാബ്‌ദങ്ങളായി ഹിന്ദുക്കൾക്കിടയിൽ യാതൊരു വിഭജനവും ഇല്ലാതെ നല്ല ഐക്യമായിരുന്നു എന്നാണ്.

അതിനാൽ തന്നെ, വി പി സിങിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാനെത്തിയ രാഷ്‌ട്രീയ നേതൃത്വത്തിൽ ദളിതരും മറ്റു പിന്നോക്ക വിഭാഗക്കാരുമായിരുന്നു കാണപ്പെട്ടത്. മറ്റു പാർട്ടികളുടെ പ്രാദേശിക / താഴ്‌ന്ന നിലവാരത്തിലെ പ്രവർത്തകരുടെ പ്രാതിനിധ്യം ഉണ്ടെങ്കിൽ തന്നെ ആരു ശ്രദ്ധിക്കുവാനാണ് ? ഇന്ത്യക്കാരെല്ലാം ഇന്ത്യയെ “ഒറ്റക്കണ്ണിലൂടെ” മാത്രം നോക്കിക്കാണണം എന്ന കുലീന മാദ്ധ്യമങ്ങളുടെ നിലവിളിയോട് നീതി പുലർത്താൻ അതു പോരല്ലോ?

അന്തിമ സംസ്‌ക്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ എല്ലാ ചാനലുകളിലും മാറി മാറി നോക്കി. ഔദ്യോഗിക ചാനലായ ദൂരദര്‍ശനൊഴിച്ച് മറ്റാരും അത് പ്രക്ഷേപണം ചെയ്‌ത് കണ്ടില്ല.

അതു കൊണ്ട് തന്നെ ഞാൻ ഒന്നു കൂടി ആവർത്തിക്കട്ടെ, നേരത്തെ സൂചിപ്പിച്ച മുൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, എന്റെ അവസാന നാണയം വരെ പന്തയം വയ്‌ക്കാൻ ഞാൻ തയ്യാറാണ്, അവരെല്ലാം അവിടെ വന്നേനെ.

kaalidaasan said...

മൂര്‍ ത്തി,

വര്‍ ക്കേഴ് സ് ഫോറത്തിലെ ബദ്രി റെയ്നയുടെ പോസ്റ്റിലേക്ക് വഴി കാണിച്ചതിനു നന്ദി. അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. അവിടെ സൂചിപ്പിച്ച പ്രധാനമന്ത്രി ബാജ് പായിയാണല്ലോ. അദ്ദേഹമാണ്‌ മരിച്ചിരുന്നതെങ്കില്‍ എല്ലാ മാധ്യമങ്ങളും ഓടിയടുക്കുമായിരുന്നു. അതു നമ്മുടെ മാധ്യമങ്ങളുടെ പരിണാമത്തിന്റെ ഒരു ദശയാണ്. പണക്കാരുടെ പ്രശ്നങ്ങളാവുമ്പോള്‍ അതിനു വില കൂടും . മും ബയില്‍ തന്നെയുണ്ടായ മറ്റൊരു ആക്രമണം മാധ്യമങ്ങള്‍ ക്ക് അത്രക്കങ്ങു പിടിച്ചില്ല എന്നു തോന്നുന്നു. തോതില്‍ ഒട്ടും മോശമല്ല സി എസ് റ്റി യില്‍ നടന്ന വെടിവയ്പ്പ്. പക്ഷെ അതിന്റെ ദൃശ്യങ്ങളൊന്നും ഒരു മാധ്യമങ്ങളും കാര്യമായി കാണിക്കുകയുണ്ടായില്ല. അവിടെ മരിച്ചവര്‍ വെറും സാധാരണ മനുഷ്യരാണല്ലോ. അവരുടെ ജീവന്‌ എന്തു വില. വിലയുള്ളത് റ്റാജിലും ഓബ്രോയിയിലും വരുന്ന മുന്തിയ ആളുകളുടെ ജീവനല്ലെ. കൂടെ നരിമാന്‍ ഹൌസിലെ യഹൂദരുടേതിനും.

മാധ്യമങ്ങള്‍ മുഴുവന്‍ തന്നെ വരേണ്യ വര്‍ഗ്ഗത്തിന്റെ പിണിയാളുകളാണെന്നു വെറുതെ പറയുന്നതല്ല . അവര്‍ അതു തെളിയികുന്നു. റ്റാജ് ഹോട്ടല്‍ ഇന്‍ഡ്യയുടെ പൈതൃകം എന്നൊക്കയാണ്‌ പല മാധ്യമങ്ങളും വിളിച്ചുകൂവിയത്. ഇവരുടെ കണ്ണില്‍ ഇന്‍ഡ്യ എന്നാല്‍ റ്റാജ് പോലത്തെ മാഫിയകള്‍ പ്രതിധാനം ചെയ്യുന്ന നിയമത്തിനതീതരായ ഒരു പറ്റം പണക്കാരും അവരെ താങ്ങുന്ന രാഷ്ട്രീയക്കാരുമാണല്ലോ.കേരളത്തില്‍ സര്‍ ക്കാര്‍ ഭൂമി കയ്യേറിയ ഭൂമാഫിയ ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെയല്ലെ അവരും ?

വേറിട്ടൊരു ചാനല്‍ എന്നും ഒരു ജനതയുടെ അത്മാവിഷ്കാരമെന്നും പറയുന്ന സി പി എമിന്റെ സ്വന്തം ചാനലിലെങ്കിലും വി പി സിം ഗിനേക്കുറിച്ച് ഒരു പരിപാടി ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ കണ്ടില്ല. ദോഷം പറയരുതല്ലോ, മറ്റു മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ സിം ഗിന്റെ മരണത്തെക്കുറിച്ച് വാര്‍ ത്ത കൊടുത്തിരുന്നു. അതു പോരായിരുന്നു എന്നാണെന്റെ പക്ഷം.


നമ്മുടെ മാധ്യങ്ങള്‍ ആകെ മറിപ്പോയിരിക്കുന്നു. ഏതു ചാനല്‍ എടുത്താലും വരേണ്യ വര്‍ഗ്ഗത്തിന്റെ അഭിരുച്ചിക്കനുസരിച്ചുള്ള പരിപാടികളേ ഉള്ളൂ. എല്ലാ സീരിയലുകളും പണക്കാരുടെ കഥകളേ പറയുന്നുള്ളു. ഇപ്പോള്‍ പിന്നെ റിയാലിറ്റി ഷോകളുടെ പെരുമഴക്കാലമല്ലെ? ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പരിശീലനം നേടി പണക്കാര്‍ പങ്കെടുത്ത് എസ് എം എസ് കുതന്ത്രത്തിലൂടെ സമ്മാനം നേടുന്ന പരിപാടി.

കലികാലം അല്ലേ?