Wednesday, 5 November 2008

മാര്‍ട്ടിന്‍ ലൂഥര്‍‍ കിംഗില്‍ നിന്നും ബറാക് ഒബാമയിലേക്ക്.






വര്‍ണ വിവേചനം അമേരിക്കയിലെ യാധാര്‍ത്ഥ്യമായിരുന്നത് വളരെ മുമ്പൊന്നുമല്ല. ആ സാമൂഹിക തിന്‍മക്കെതിരെ ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗായിരുന്നു.അതിലേക്ക് ആദ്യം വഴിതെളിച്ചത് 1956 വരെ അവിടെ നിലനിന്നിരുന്ന പൊതു സ്ഥലങ്ങളില്‍ കറുത്തവരെ വെളുത്തവരില്‍ നിന്നും വേര്‍തിരിക്കുന്ന നിയമവുമായിരുന്നു. അലബാമയിലെ മോണ്ട്ഗോമറിയില്‍ റോസ പാര്‍ക്സ് എന്ന വനിതയെ ബസില്‍ വെള്ളക്കാരന്റെ സീറ്റില്‍ ഇരുന്നതിന്‌ അറസ്റ്റ് ചെയ്തു. അതിനേത്തുടര്‍ന്നുണ്ടായ നിസഹരണത്തിനു നേതൃത്വം കൊടുത്തത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആയിരുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ അവിടത്തെ ബസുകളെല്ലം ബഹിഷ്കരിച്ചു. ഈ ഗാന്ധിയന്‍ സമരത്തിനിടക്ക് കിംഗ് അറസ്റ്റു ചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ വീട് ബോംബ് വച്ചു തകര്‍ത്തു. അദ്ദേഹത്തെ അമേരിക്കയിലുടനീളം വെളുത്തവര്‍ അധിക്ഷേപിച്ചു. അമേരിക്കയിലെ സുപ്രീം കോടതി കറുത്തവര്‍ക്ക് പ്രത്യേക സീറ്റുകള്‍ എന്ന നിയമം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞ് അസാധുവാക്കി. അന്നാണ്‌ കിംഗ് സാമൂഹിക നീതിയുടെ വക്താവായി ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയതും . അനീതിയും വിവേചനവുമുള്ള ഇടങ്ങളിലെല്ലാം അദ്ദേഹം ചെന്നെത്തുകയും പ്രതിഷേധത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു. പല പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടു.


സാങ്കേതികമായി വോട്ടവകാശം ലഭിച്ചിരുന്നു എങ്കിലും കറുത്തവരെ വോട്ടുചെയ്യാന്‍ കാര്യമായി അനുവദിച്ചിരുന്നില്ല. സംസ്ഥാനതലത്തില്‍ പല നിയന്ത്രണങ്ങളും കടമ്പകളും കടന്നു വേണമായിരുന്നു വോട്ടു ചെയ്യാനുള്ള അവകാശം നേടിയെടുക്കാന്‍ . കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ടവകാശം നിഷേധിക്കാന്‍ പല പരീഷകളും കഠിനമായ വ്യവസ്ഥകളും പല സംസ്ഥാനങ്ങളും നടപ്പില്‍ വരുത്തി. മനം മടുത്ത കറുത്തവര്‍ വോട്ടര്‍ രെജിസ്റ്ററില്‍ പേരു ചേര്‍ക്കുക പോലും ചെയ്തിരുന്നില്ല. കിംഗ് കറുത്തവര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി വ്യാപകമായ പ്രചാരണം നടത്തി. 1965ല്‍ ലിണ്ടണ്‍ ജോണ്‍സണ്‍ "The Voting Rights Act of 1965" എന്ന നിയമം പാസ്സാക്കിയപ്പോഴാണ്‌ സംസ്ഥാനങ്ങളുടെ ഈ കുത്സിത പ്രവര്‍ത്തികള്‍ അവസാനിച്ചത്. എങ്കിലും 70 കളുടെ ആരംഭത്തിലാണ്‌ കറുത്ത വര്‍ഗ്ഗക്കാര്‍ നിര്‍ഭയമായി വോട്ടു ചെയ്യാന്‍ തുടങ്ങിയത്

1963ല്‍ കിംഗ് വാഷിങ്ടണില്‍ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു എല്ലാവര്‍ക്കും സ്വതന്ത്ര്യവും സമത്വവും കൈവരുന്ന ഒരു നാളെയെ പ്രവചിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്. തൊലിയുടെ നിറം വച്ച് മനുഷ്യനെ അളക്കാതെ കഴിവനുസരിച്ച് അളക്കുന്ന ഒരു നാളെയായിരുന്നു ആ സ്വപ്നം . ആ സ്വപ്നം പൂവണിയാന്‍ വര്‍ണ്ണ വെറിയന്‍മാര്‍ കിംഗിനെ അനുവദിച്ചില്ല.

ഒബാമയിലൂടെ ആ സ്വപ്നം ഇപ്പോള്‍ സാഷാത്കരിക്കപ്പെട്ടു. ഇതു വരെ അമേരിക്കന്‍ ജനാധിപത്യം പക്വതയാര്‍ജ്ജിച്ചിരുന്നില്ല. ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരനെ നേതാവായി അംഗീകരിച്ചതു വഴി അതു പക്വത പ്രാപിച്ചു.

9 comments:

Manoj മനോജ് said...

സാക്ഷാല്‍ക്കരിച്ചോ.. സംശയമാണ്.. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് പോലെ ഇത് സാമ്പത്തിക പ്രതിസന്ധിയുടെ വിജയമല്ലേ. ഇടത്തട്ടുകാര്‍ക്ക് ഒബാമ വന്നാല്‍ ടാക്സ് വര്‍ദ്ധിപ്പിക്കില്ല എന്ന തിരിച്ചറിവ് കിട്ടിയതിന്റെ വിജയമല്ലേ...

ഒന്ന് മാറി ചിന്തിക്കാം... അമേരിക്കന്‍ സാമ്പത്തികം ഭദ്രമായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ?

വികടശിരോമണി said...

അന്ന് ലൂഥർ കിങ്ങ് ഇങ്ങനെയും പറഞ്ഞു:
“ജോർജിയൻ കുന്നുകളിൽ വെള്ളക്കാരന്റെയു കറുത്തവർഗക്കാരന്റെയും കുട്ടികൾ ഒന്നിച്ചിരുന്നു കളിക്കുന്ന ഒരു ദിവസം വരും”
പൂർണ്ണാർത്ഥത്തിൽ ആ അവസ്ഥ സൃഷ്ടിക്കാൻ ഇന്നും ആയിട്ടില്ല.ദളിതനോ വനിതയോ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയാൽ എന്തെങ്കിലും വേറിട്ട് നടക്കും എന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണെന്ന് ഇന്ത്യ തെളിയിക്കുന്നു.(നമ്മുടെ നാട്ടിൽ ഏറ്റവും വലിയ ക്രൂരതകൾ നടന്നത് വനിതാപ്രധാനമന്ത്രിയായിരുന്നപ്പോഴാണ്.)
അമേരിക്കൻ സാമ്പത്തികാരക്ഷിതാവസ്ഥയുടെ മാത്രം വിജയമായി ഒബാമയെ കാണാനാവില്ലെങ്കിലും, സമൂർത്തമായ ഒരു മാറ്റത്തിന്റെ സ്വപ്നസാക്ഷാത്കാരമാകും എന്നൊന്നും പ്രതീക്ഷിക്കവയ്യ.
ലൂഥർകിങ്ങിന്റെ സ്വപ്നം ഇടമുറിയുന്നു.

കിഷോർ‍:Kishor said...

ഇതോടെ സ്വര്‍ഗം വന്നു അമേരിക്കയില്‍ എന്നൊന്നും ഇവിടെ ജീവിക്കുന്ന ഞാന്‍ വിചാരിക്കുന്നില്ല.

അവസര സമത്വം (Equal Opportunity).... അത് അമേരിക്കയില്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ വളരെ ഏറെയാണ്. അതിന്റെ തെളിവാണ് ഒബാമയുടെ വിജയം.

കറുത്തവനായാലും വനിതയായാലും ദളിതനായാലും മറ്റ് ഏത് ന്യൂനപക്ഷമായാലും കഴിവുണ്ടെങ്കില്‍ ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കരുത്.

kaalidaasan said...

മനോജ്,

സാഷാത്ക്കരിച്ചു. തീര്‍ച്ചയായും സാഷാത്ക്കരിച്ചു.

ഇവിടെ ഞാന്‍ ഉന്നയിച്ച പ്രശ്നം ഒബാമ എന്തു കൊണ്ടു വിജയിച്ചു എന്നതോ റിപ്പബ്ളിക്കന്‍ പാര്‍ട്ടി എന്തു കൊണ്ട് വിജയിച്ചില്ല എന്നതോ അല്ല. കഴിഞ്ഞ അമേരിക്കന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാണ്‌ വിജയിച്ചത്. അതു സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പായിരുന്നു. അന്നു വിജയിച്ച പാര്‍ട്ടി ഒരു കറുത്ത വര്‍ഗ്ഗക്കാരനെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കി എന്നതാണ്‌ വലിയ സം ഭവം . അപ്പോള്‍ തന്നെ മാര്‍ ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു. കറുത്തവരും വെള്ളക്കാരുമായ ഡെമോക്രാറ്റുകള്‍ ഒബാമയെ സ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹത്തിന്റെ പിന്നില്‍ ശക്തമായി അണിനിരന്നു. ഒരു പക്ഷെ ഒബാമ പരാജയപ്പെട്ടിരുന്നെങ്കിലും , ഞാന്‍ ഇത് ഒരു സ്വപ്ന സാഷാത്കാരമായിട്ടേ എടുക്കൂ. വിജയിച്ചപ്പോള്‍ ആ സ്വപ്നതിനു മാറ്റു കൂടി എന്നു മാത്രം

ഇത് സാമ്പത്തിക പ്രതിസന്ധിയുടെ മാത്രം വിജയമായി ഞാന്‍ കരുതുന്നില്ല. സാമ്പത്തിക പ്രതിസന്ധി മക് കെയിന്റെ പരാജയത്തിന്റെ ആക്കം കൂട്ടി എന്നേ ഞാന്‍ കരുതുന്നുള്ളൂ.സാമ്പത്തിക പ്രതിസന്ധി മറ്റു പല വിഷയങ്ങളും പോലെ ഒന്നായിരുന്നു. ഇടത്തട്ടുകാര്‍ക്ക് ഒബാമ വന്നാല്‍ ടാക്സ് വര്‍ദ്ധിപ്പിക്കില്ല എന്ന തിരിച്ചറിവ് കിട്ടണമെങ്കില്‍ ആരെങ്കിലും അതു വര്‍ദ്ധിപ്പിക്കും എന്നു പറയണമായിരുന്നു. മക് കെയിന്‍ വന്നാല്‍ ഇടത്തട്ടുകാര്‍ക്ക് ടാക്സ് വര്‍ദ്ധിപ്പിക്കും എന്ന് എങ്ങും പറഞ്ഞു കേട്ടിട്ടില്ല. അതു കൊണ്ട് മനോജിന്റെ ആ പരമാര്‍ശത്തിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.

Manoj മനോജ് said...

ഡെമോക്രാറ്റ് പ്രൈമറിയില്‍ ആരും അറിയാതെ കിടന്ന വ്യക്തിയായിരുന്നു ഒബാമ എന്നത് അദ്ദേഹം തന്നെ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസന്റ് ചേയ്യുന്ന രീതി, വില്‍ പവര്‍ അദ്ദേഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീം ഇവരുടെ ശ്രമ ഫലമായാണ് പ്രൈമറിയില്‍ ഒബാമ ഹിലാരിയെ കടത്തി വെട്ടിയത്. അവസാന നിമിഷം പല ഡെമോക്രാറ്റ് നോതാക്കളും ഹിലാരിയെ ഉപേക്ഷിച്ച് ഒബാമയെ അനുകൂലിക്കുന്നത് വരെ ഹിലാരി തന്നെ എന്നല്ലേ പറഞ്ഞിരുന്നത്....

അവസാന ഘട്ടത്തില്‍ കാര്യങ്ങള്‍ ഒബാമയ്ക്കനുകൂലമായത് സാമ്പത്തിക പ്രശ്നം തന്നെയാണ്. അദ്ദേഹത്തിന്റെ 30 മിനിറ്റ് സൂപ്പര്‍ പരസ്യം ഭൂരിപക്ഷം ന്യൂട്രല്‍ വോട്ടര്‍മാരെയും ഒബാമയില്‍ എത്തിച്ചു.

പിന്നെ പഴയ വാര്‍ത്തകളിലേയ്ക്ക് പോയാല്‍ മക്കെയ്നിന്‍ ടാക്സ് ഏര്‍പ്പെടുത്തുന്നത് എങ്ങിനെയെന്ന് കാണാം. എന്തിന് ഒബാമയുടെ സൈറ്റില്‍ ചെന്ന് ടാക്സ് കമ്പാരിസണ്‍ പേജില്‍ ചെന്നാല്‍ മതിയല്ലോ മക്കെയ്നിന്റെ ടാക്സ് വര്‍ദ്ധനവിനെ പറ്റി കൂടുതലറിയാന്‍ :)

kaalidaasan said...

മനോജ്,

ഒബാമ ഡെമോക്രാറ്റിക് പ്രൈമറിയില്‍ ആരും അറിയാതെ കിടന്നു എന്നൊന്നും ഒബാമ പറഞ്ഞിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷം യു എസ് സെനറ്റിലെ അംഗവും പല സെനറ്റ് കമ്മിറ്റികളില്‍ അംഗവുമായിരുന്ന ഒബാമയെ ആരും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പ്രൈമറികള്‍ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്കു ശ്രമിക്കുന്നു എന്നു പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രൈമറികള്‍ തുടങ്ങിയപ്പോള്‍ ഒബാമ ഹിലാരിക്ക് ഒപ്പത്തിനൊപ്പം മുന്നേറി. മക്കെയിന്‍ റിപബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു മാസങ്ങളോളം ഈ നില തുടര്‍ ന്നു. അവര്‍ രണ്ടുപേരും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും മുമ്പില്‍ അവരെ അവതരിപ്പിച്ചു. അവസാന നിമിഷം നേതാക്കള്‍ ഹിലാരിയെ തഴഞ്ഞ് ഒബാമയെ പിന്തുണച്ചു. അതിനു കാരണം ഒബാമയാണ്‌ ഹിലാരിയേക്കാളും മികച്ചത് എന്നു മനസിലാക്കിയതുകൊണ്ടാണ്‌. അല്ലാതെ ഇന്‍ഡ്യയില്‍ പലപ്പോഴും നടക്കുന്ന പോലെ കൈക്കൂലി കൊടുത്തു സാധിച്ചതാനെന്നു എനിക്കു തോന്നുന്നില്ല. അതിനല്ലെ ഒരുവര്‍ഷം നീണ്ടുനില്‍ ക്കുന്ന പ്രൈമറികള്‍ എന്ന മാമാങ്കത്തിന്റെ ഉദ്ദേശ്യം തന്നെ. ഭൂരിപക്ഷം നേതാക്കളും ഒബാമക്കൊപ്പമായത്, ഹിലാരി ക്യാമ്പിന്റെ, കറുത്തവനായതുകൊണ്ടാണ്‌ ഒബാമ ഇത്രയോളം എത്തിയതെന്ന പ്രസ്ഥാവനയും ഒബാമ സ്വരൂപിച്ച പണവും ആയിരുന്നു. വര്‍ണ്ണ വെറി മനസില സൂക്ഷികുന്ന ഒരാളേക്കാളും നല്ലത് ഒബാമയാണെന്ന് അവര്‍ക്കു തോന്നി. ഭാരിച്ച പണച്ചെലവുള്ള അമേരികന്‍ തെരഞ്ഞെടുപ്പു മമാങ്കത്തില്‍ പണവും ഒരു ഘടകമായത് ഒബാമയുടെ കുറ്റമല്ല.

അവരുടെ ആ നിലപാട് ശരിയാണെന്നു തെരഞ്ഞെടുപ്പു തെളിയിക്കുകയും ചെയ്തു.


വാക്കുകള്‍ പ്രസന്റ് ചെയ്യുന്ന രീതിയും വില്‍ പവറുമാണ്‌ ഒരു പ്രസിഡണ്ടിനു വേണ്ട ഗുണങ്ങള്‍ . ഒബാമക്കതു മാത്രമല്ല കൂടൂതലായി ഉണ്ടായിരുന്നത്. ഏതു വിഷയത്തിലും സമചിത്തത, നിശ്ചയധാര്‍ഡ്ഡ്യം , മാന്യമായ സംസാര രീതി, വിഷയങ്ങളേക്കുറിച്ച് നല്ല ധാരണ. പ്രശ്നങ്ങള്‍ക്ക് വ്യക്തമായ പോംവഴികള്‍ , എപ്പോഴും പ്രസന്നമായ മുഖം . ഇതൊക്കെ കാരണമാണ്, ഹിലാരിയേയും പിന്നീട് മക് കെയിനേയും കടത്തി വെട്ടാന്‍ സഹായിച്ചത്. കൂടുതലായി ചെറുപ്പവും . 70 വയസായ ഒരാളേക്കാളും 47 വയസായ ഒരാളെ തെരഞ്ഞെടുക്കുന്നതാണ്, രാജ്യത്തിനു നല്ലതെന്നു പലരും കരുതിയിട്ടുണ്ടാകാം . ഇപ്രാവശ്യം കറുത്ത വര്‍ഗ്ഗക്കാര്‍ കൂടുതലായി വോട്ടു ചെയ്തു. മാത്രമല്ല ചെറുപ്പക്കരും കൂടുതലായി വോട്ടു ചെയ്തു. മക് കെയിനും ഹിലാരിയിമായിരുന്നെങ്കില്‍ ഇവരൊന്നും ഒരു പക്ഷെ വോട്ടു ചെയാന്‍ വരില്ലായിരുന്നു. ഈ ഘടകങ്ങളെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നം മാത്രമല്ല.


കാര്യങ്ങള്‍ ഒബാമക്കനുകൂലമായത് അവസാന ഘട്ടത്തില്‍ മാത്രമല്ല. ഒബാമ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പു തന്നെ അഭിപ്രായ സര്‍വേകളില്‍ അദ്ദേഹം മക് കെയിനിനെ പിന്നിലാക്കിയിരുന്നു. കഴിഞ്ഞ ജനുവരി മാസത്തിലാണ്‌ അവസാനമായി മക് കെയിന്‍ ഒബാമക്കു മുന്നിലായിരുന്നത്, അതും വളരെ നേരിയ വ്യത്യാസത്തില്‍ . അതിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം സാമ്പത്തിക പ്രശ്നങ്ങള്‍ അതു കഴിഞ്ഞ് എത്രയോ മാസങ്ങള്‍ കഴിഞ്ഞാണു പ്രകടമാകാന്‍ തുടങ്ങിയത്.
.
ഹിലാരി അനുകൂലികള്‍ അവസാന നിമിഷം വരെ ഹിലാരി എന്നേ പറയൂ. പ്രസിഡണ്ട് തെരഞ്ഞെടുപ്പായപ്പോഴേക്കും പല റിപബ്ളിക്കന്‍ മാരും ഒബാമക്കൊപ്പമായിരുന്നു. അതു ഒബാമായുടെ വ്യക്തിത്വം അംഗീകരിച്ചതു കൊണ്ടാണ്. ഹിലാരി അനുകൂലികള്‍ ഒബാമയെ കാലുവാരും എന്ന് മക് കെയിനും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്, ഹിലാരിയെ പിന്തുണച്ചിരുന്ന പെന്‍സില്‍വേനിയ മക് കെയിനു കിട്ടും എന്നു കരുതി അദ്ദേഹം അവിടെ കൂടുതല്‍ സമയം ചെലവഴിച്ചതും .

kaalidaasan said...

കിഷോര്‍ ,

ഒബാമ ജയിച്ചതോടെ അമേരിക്കയില്‍ സ്വര്‍ഗം വന്നു എന്നൊന്നും ആരും കരുതുന്നില്ല. മാറ്റം വരുത്തന്‍ കഴിവുള്ള ഒരു നേതാവാണ്, ഒബാമ, അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ .

അമേരിക്കയുടെ പ്രതിഛായ തഴ്ത്താവുന്നതിന്റെ അങ്ങെയറ്റം താഴിത്തിയിട്ടാണ്‌ ബുഷ് പടിയിറങ്ങി പോകുന്നത്. ആ പ്രതിഛായ വീണ്ടെടുക്കാന്‍ മക് കെയിനേക്കളും യോജിച്ചത് ഒബാമയാണ്‌.

അദ്ദേഹത്തിനെതിരെ ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുന്ന ഹെയിറ്റ് കാമ്പെയിന്‍ ഒരു ചൂണ്ടുപലകയാണെങ്കില്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ അനുവദിക്കയില്ല. അമേരിക്കന്‍ കോര്‍ പ്പറേറ്റ് എമ്പയറിനെതിരെ വിരല്‍ ചൂണ്ടിയ നേതാക്കളെ എല്ലാം വധിച്ച പാരമ്പര്യമാണ്‌ അമേരിക്കക്കുള്ളത്. അതു കൊണ്ട് എല്ലാം പ്രവചനാധീതമാണ്.

kaalidaasan said...

വികടശിരോമണി,

ലൂഥര്‍ കിം ഗിന്റെ സ്വപ്നം ഇടമുറിയുന്നു എന്നു പറയാന്‍ ആവില്ല. ലൂഥര്‍ കിം ഗ് കണ്ട സ്വപ്നം കറുത്തവരും വെളുത്തരും ഒരു പോലെ സ്വീകരിക്കപ്പെടുന്ന അമേരിക്കയായിരുന്നു. ഒബാമയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതു വഴി ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. കിഷോര്‍ ചൂണ്ടിക്കാണിച്ചപോലെ അമേരിക്ക ഇതോടെ ഒരു സ്വര്‍ ഗ്ഗമായിട്ടില്ല. ആവുകയുമില്ല. ഇതു വരെ ഇല്ലാതിരുന്ന ഒരു പ്രസക്തി കറുത്തവര്‍ ക്ക് കൈ വന്നു. ലോകത്തിന്റെ മുമ്പില്‍ അമേരിക്കയുടെ യശസ് കുറച്ചു കൂടി ഉയര്‍ ന്നു. അതു പ്രധാനപ്പെട്ടതാണ്. പൂര്‍ ണ്ണാര്‍ ത്ഥത്തില്‍ അവസര സമത്വം ഉണ്ടായിട്ടില്ല. ബുഷിനേക്കാളും പ്രഗത്ഭരായ എത്രയോ കറുത്ത വര്‍ ഗ്ഗക്കാര്‍ അമേരിക്കയിലുണ്ടായിരുനു . അവരൊന്നും പ്രസിഡണ്ടായില്ല ഇതേ വരെ. അവസര സമത്വം ഉണ്ടെന്നു പറയുന്നതില്‍ കാര്യമില്ല. പ്രവര്‍ ത്തിയില്‍ അതു കൊണ്ടുവന്നാലെ അതിനു വിലയുള്ളു. അമേരിക്കയില്‍ തൊഴിലിലാത്തവര്‍ ഏറെയും കറുത്തവരാണ്‌. കുറ്റവാളികളില്‍ കൂടുതലും കറുത്തവരാണ്‌. ഒരേ കുറ്റം ചെയ്യുന്ന കറുത്തവനെയും വെളുത്തവനെയും ഒരേ പോലെയല്ല അധികാരികള്‍ കാണുന്നതും ഇടപെടുന്നതും . അതെല്ലം അമേരിക്കന്‍ മനസാക്ഷിയിലെ കറുത്ത പാടുകളാണ്. അതൊക്കെ മാറിവരാന്‍ സമയമെടുക്കും .

വനിതാപ്രധാനമന്ത്രിയായിരുന്നപ്പോഴാണ്,നമ്മുടെ നാട്ടില്‍ ഏറ്റവും വലിയ ക്രൂരതകള്‍ നടന്നത് എന്നത് അതിശയോക്തി കലര്‍ ന്ന പ്രസ്ഥാവനയാണ്. വിവേചനത്തിന്റെ ഫലമായുള്ള ക്രൂരതകള്‍ കൂടുതലും സ്വാതന്ത്ര്യത്തിനു മുമ്പാണ്. അവക്കൊന്നും വ്യക്തമായ രേഖകളില്ല എന്നേ ഉള്ളു.ദളിത് വിവേചനം ഇപ്പോഴും നടക്കുന്നുണ്ട്.

kaalidaasan said...

ഒബാമയുടെ സൈറ്റില്‍ ചെന്ന് ടാക്സ് കമ്പാരിസണ്‍ പേജില്‍ ചെന്നാല്‍ മതിയല്ലോ മക്കെയ്നിന്റെ ടാക്സ് വര്‍ദ്ധനവിനെ പറ്റി കൂടുതലറിയാന്‍



മനോജ് ടാക്സ് കമ്പാരിസണ്‍ പേജ് വായിച്ചൊ എന്ന് എനിക്കു സംശയമുണ്ട്. അതില്‍ മക് കെയിന്‍ ടാക്സ് വര്‍ദ്ധിപ്പിക്കും എന്ന ഒരു പ്രസ്താവനയേ ഇല്ല. ഇടത്തട്ടുകാരേക്കുറിച്ച് മക് കെയിന്‍ പറഞ്ഞത് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.


Only Middle Class Tax Cut Leaves Out
101 Million Households. McCain’s only
direct tax cut for the middle class is an
increase in the dependent exemption,
which leaves out 101 million households
with absolutely no benefit. Overall, the
National Review concluded that the
McCain plan offers “very little in the way
of direct benefits” to the middle class.
• About $125 in Middle Class Tax Relief
for Families Who Benefit. For a family
with two children, McCain’s proposal to
increase the dependent exemption would
offer only about $125 in relief during the
first year of his plan.


ഇതില്‍ എവിടെയാണ്, ഇടത്തട്ടുകാരുടെ നികുതി കൂട്ടു മെന്നു പറഞ്ഞിട്ടുള്ളത്?

അദ്ദേഹം തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ എവിടെയും ടാക്സ് വര്‍ദ്ധിപ്പിക്കും എന്നു പറഞ്ഞിട്ടേ ഇല്ല. അദ്ദേഹം പറഞ്ഞിരുന്നത്, ടാക്സ് കുറക്കുക, കൂടെ പൊതു ചെലവും കുറക്കുക എന്നായിരുന്നു.പണക്കാര്‍ക്ക് നികുതിയിളവു തുടരുക, കൂടുതല്‍ ധനം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുക അതു വഴി കൂടുതല്‍ തൊഴില്‍ ഉണ്ടാക്കുക എന്നായിരുനു. ഒബാമ പറഞ്ഞിരുന്നത് പണക്കാരുടെ നികുതിയിളവു പിന്‍വലിക്കും വിദേശനിക്ഷേപം നടത്തുന്നവര്‍ക്കുള്ള നികുതി ഇളവുകള്‍ പിന്‍വലിക്കും , സ്വദേശത്തു നിക്ഷേപം നടത്തുന്നവര്‍ക്ക് പുതിയ നികുതിയിളവു നല്‍കും , അതി സമ്പന്നരുടെ നികുതി വര്‍ദ്ധിപ്പിക്കും , ഇടത്തട്ടുകാരുടെയും , തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും നികുതി ഭാരം കുറക്കും ,അതു വഴി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക് അശ്വാസം നല്‍കും എന്നായിരുനു. ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം ഭൂരിപക്ഷ ജനങ്ങളുടെ ഇഷ്ടത്തിനനനുസരിച്ചുള്ള ഭരണം എന്നല്ലേ? പക്ഷെ അമേരിക്കയില്‍ ഇതു വരെ നടന്നത് ന്യൂനപക്ഷം വരുന്ന അതി സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണമായിരുന്നു.


ഹെന്റി പോള്‍സണ്‍ എന്ന വ്യക്തി 10 വര്‍ഷത്തോളം ലേഹ് മാന്‍ ബ്രതേഴ്സിന്റെ ചീഫ് എക്സെക്യൂട്ടീവ് ആയിരുന്നു. 10 ബില്ല്യണ്‍ ഡോളര്‍ ആണദ്ദേഹം പ്രതിഫലമായി വാങ്ങിയതും . അദ്ദേഹത്തിന്റെ പ്രഗത്ഭ ഭരണത്തില്‍ ആ 120 വര്‍ഷം പഴക്കമുള്ള ബാങ്കിന്റെ അടിത്തറ മാന്തി അതിനെ പാപ്പരാക്കി. കൂടെ പല ബാങ്കുകളും പാപ്പരായി.

ഇവരെ താങ്ങി നിര്‍ത്താന്‍ 700 ബില്ല്യണ്‍ ഡോളര്‍ നികുതി ദായകരുടെ പണം ഉപയോഗപ്പെടുത്തി. ഇവരെല്ലാം കൂടി വഴിയാധാരമാക്കിയ ലക്ഷക്കണക്കിനു നികുതി ദായകരുണ്ട് അമേരിക്കയില്‍ . ഇപ്പറഞ്ഞ 700 ബില്ല്യന്‍ ബെയില്‍ ഔട്ട് പദ്ധതിയില്‍ അവരേപ്പറ്റി ഒന്നും പറയുന്നില്ല. ഇതു അമേരിക്കന്‍ കോര്‍പ്പൊറേറ്റ് എമ്പയറിന്റെ ഒരു അനുഛേദമാണ്. 10% വരുന്ന ഇപ്പറഞ്ഞ അതി സമ്പന്നര്‍ നികുതി കൊടുക്കാറേ ഇല്ല. ഇവര്‍ക്ക് നഷ്ടം വന്നാല്‍ നികുതി ദായകരുടെ പണം ഇതുപോലെ ഉപയോഗപ്പെടുത്തും . ഇതിനെ ജനാധിപത്യം എന്നു പറയാനാവില്ല. ഇതു സാധാരണ നടക്കുനത് സ്വേഛാധിപത്യത്തിലോ രാജ ഭരണത്തിലോ ആണ്. അവിടെ ഭരണവര്‍ഗ്ഗത്തിനു കുഴലൂത്തു നടത്തുന്ന ഒരു പറ്റം സ്തുതിപാഠകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അമേരിക്കന്‍ ജനാധിപത്യം എന്ന അഭാസത്തരത്തിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. എന്നിട്ടും അവര്‍ കൊട്ടി ഘോഷിക്കും , ഞങ്ങളുടേത് മഹത്തായ ജനാധിപത്യമെന്ന്.

സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി പിരിച്ച് സാധരണകാര്‍ക്കും പവപെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അശ്വാസം നല്‍കും എന്നു പറഞ്ഞതിനെ മക് കെയിന്‍ വിളിച്ചത് ധനം പുനര്‍ വിതരണം ചെയ്യുന്ന സോഷ്യലിസ്റ്റ് നയമാണെന്നും അതു കൊണ്ട് ഒബാമ ഒരു സോഷ്യലിസ്റ്റ് ആണെന്നുമാണ്. അമേരിക്കന്‍ ജനതയോട് അദ്ദേഹം ചോദിച്ചു , നിങ്ങള്‍ക്ക് ഇങ്ങനെയുള്ള ഒരു സോഷ്യലിസ്റ്റിനെ പ്രസിഡണ്ടായി വേണമോ എന്നും . ജനങ്ങള്‍ പറഞ്ഞു വേണം എന്ന്.

ഒബാമയുടെ പദ്ധതിയെ വിമര്‍ശിച്ച മാധ്യമങ്ങളും വ്യക്തികളും ഒരു പോലെ വിലപിച്ചത് നികുതി ദായകരുടെ പണം അങ്ങനെ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത് ശരിയല്ല എന്നാണ്. നികുതി ദായകരുടെ പണം ഒരിക്കലും ജയിക്കാന്‍ സാധിക്കാത്ത രണ്ടു യുദ്ധങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നത് ശരി, പാക്കിസ്ഥാനിലെ ഭീകര ഉത്പാതന കേന്ദ്രങ്ങള്‍ക്ക് കൊടുക്കുന്നത് ശരി, പാലസ്ത്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രായേലിനു കൊടുക്കുന്നത് ശരി. പക്ഷെ സ്വന്തം ജനതയുടെ ആശ്വാസത്തിനു ചെലവഴിക്കുന്നത് തെറ്റ്. അതാണ്‌ ഉത്തരാധുനിക അമേരിക്കന്‍ കോര്‍പ്പൊറേറ്റ് ജനാധിപത്യം . ഇതിനൊരു മാറ്റം വരുത്തുമെന്ന് ഒബാമ പറഞ്ഞു. അതാണ്‌ ലോകം മുഴുവനുമുള്ള ആളുകള്‍ ഒബാമയെ തെരഞ്നെടുത്തത് സ്വാഗതം ചെയ്തതും ഒബാമയെ പ്രത്യാശയോടെ വീക്ഷിക്കുനതും .


നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി ഡൊറീസ് ലെസിങ് ബുഷിനെ ഒരു ലോക ദുരന്തമെന്നാണ്‌ വിശേഷിപ്പിച്ചത്. അങ്ങനത്തെ ഒരു ദുരന്തത്തിനു ശേഷം പ്രത്യാശയുടെ ചെറിയ കിരണമാണ്‌ ഒബാമ.