Monday, 3 November 2008

മുബാറക് ഹുസ്സൈന്‍ ഒസാമ.

മുബാറക് ഹുസ്സൈന്‍ ഒസാമ എന്നത് എന്റെ പ്രയോഗമല്ല. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഒരു മലയാളിയുടേതാണ്. അമേരിക്കക്കാരില്‍ പലരും ലോകകാര്യങ്ങളില്‍ തികച്ചും അജ്ഞരാണ്. സ്വന്തം രാജ്യത്തിനുള്ളിലെ കാര്യങ്ങളിലും അജ്ഞരാണെന്നത് ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിന്‌ അഭിമാനിക്കാന്‍ വകയുള്ള കാര്യമല്ല.
ഒബാമക്കുള്ള പോരായ് മകള്‍ ഇവരുടെ അഭിപ്രായത്തില്‍ മൂന്നാണ്.


1. ഒബാമ കറുത്ത വര്‍ഗ്ഗക്കരനാണ്‌
2. ഒബാമ മുസ്ലിം ആണ്‌
3. ഒബാമ കമ്യൂണിസ്റ്റാണ്.

കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത് ഇവര്‍ക്കൊന്നും സഹിക്കില്ല. തഴെക്കാണുനത് 1956 ലെ ഒരു ചിത്രമാണ്. ചിത്രത്തിലുള്ളത് റോസാ പാര്‍ക്സ് എന്ന കറുത്ത വര്‍ഗ്ഗക്കാരിയും .
ബസില്‍ യാത്ര ചെയ്യുമ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരനു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല എന്നതിനു അറസ്റ്റ് ചെയ്യപ്പെട്ടു അവര്‍ . അതു 60 കളില്‍ മുഴുവന്‍ വ്യാപിച്ച വര്‍ണ്ണ അസ്വാരസ്യത്തിനു വഴി വച്ചു. അമേരിക്ക മുഴുവനും അതു പോലെയല്ലെങ്കിലും അമേരിക്കയിലെ നല്ല ഒരു ശതമാനം ആളുകള്‍ ഇപ്പോഴും ആ ചിന്താഗതിയിലണ്, ജീവിക്കു ന്നത്. റോസാ പാര്‍ക്ക്സിന്റെയും സാമാന ചിന്താഗതിക്കാരുടെയും പിന്നില്‍ അമേരിക്കയില്‍ അന്നു പ്രചാരം നേടിക്കൊണ്ടിരുന്ന ഇടതുപക്ഷ ചിന്താഗതികളായിരുന്നു. അധികാരി വര്‍ഗ്ഗം അതിനെ നിഷ്ട്ടൂരം അടിച്ചമര്‍ത്തി. മക്കാര്‍ത്തിയിസം എന്ന പേരില്‍ അതു അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട ഏടായി ഇന്നും നില നില്‍ക്കുന്നു.

ഒബാമ മുസ്ലിം ആണെന്നത് വളരെ പണ്ടേ ഉള്ള അരോപണമാണ്. അതു അവാസ്തവമാണെന്നു മാധ്യമങ്ങളിലൂടെയും മറ്റും അസംഘ്യം ആളുകള്‍ തെളിയിച്ചിട്ടും , ജോണ്‍ മക്കയിനിന്റെ ഒരു തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ ഒരു സ്ത്രീ ഇതുന്നയിച്ചു. ആ സ്ത്രീ അമേരിക്കന്‍ ജനതയിലെ നല്ല ഒരു ശതമാനത്തിന്റെ പ്രതിനിധിയാണ്. ആ ചിന്ത അവരുടെ മനസില്‍ നിന്നും മാഞ്ഞുപോകും എന്നു കരുതനാവില്ല.


അവസാനത്തെ അരോപണം ഒബാമ ഒരു സോഷ്യലിസ്റ്റാണെന്നാണ്. പലരും ഒരു പടികൂടി കടന്നു അദ്ദേഹം കമ്യൂണിസ്റ്റാണെന്നു തറപ്പിച്ചു പറയുന്നു. അതിന്റെ കാരണം സാമൂഹിക നീതിക്കു വേണ്ടി അദ്ദേഹം നില കൊള്ളുന്നു എന്നാണ്. നല്ല ഒരു ശതമാനം ആളുകള്‍ പാവങ്ങളായിട്ടുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം എന്നത് ഒരു വിരോധാഭാസമാണ്. താഴത്തെ ചിത്രത്തിലുള്ളതു പോലെ കുറെയേറെ ആളുകള്‍ അമേരിക്കന്‍ തെരുവുകളില്‍ കാണാം .

ലോകം ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഇതു വരെ. കത്രീന എന്ന കൊടുങ്കാറ്റാണു എല്ലാം തകിടം മറിച്ചത്. അന്ന് ലോകത്തിന്റെ കണ്ണു മുഴുവന്‍ അവിടെ പതിഞ്ഞു. കറുത്ത വര്‍ഗ്ഗക്കാര്‍ അവിടെ പരിതാപകരമായ അവസ്ഥയിലാണു ജീവിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷവും അന്നു വീടു നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇന്നും ജീവിക്കുന്നു. അമേരിക്ക എന്ന രാജ്യത്തിന്റെ പാപ്പരത്തം ഉറക്കെ വിളിച്ചു പറയുന്ന സത്യമാണ്, ന്യൂ ഓര്‍ളിയന്‍സ്.


അമേരിക്കയില്‍ 10% ആളുകള്‍ 90 ശതമാനവും സ്വത്തു കയ്യടക്കി വച്ചിരിക്കുന്നു. ഇവര്‍ നികുതി കൊടുക്കാറില്ല. കൊടുത്താല്‍ തന്നെ വളരെ തുശ്ചമായതു മാത്രം . സാമ്പത്തിക വികസനം എന്ന പേരില്‍ ഇവര്‍ക്ക് എന്നും റ്റാക്സ് ഹോളിഡേ ആണ്. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഒരു തരം കാട്ടുതീപോലെ പടര്‍ന്നു പിടിക്കുന്ന തല തിരിഞ്ഞ വികസനം .

ഒബാമ പറഞ്ഞത്, ഇങ്ങനെ നികുതി വെട്ടിച്ചു നടക്കുന്ന അതിസമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി പിരിച്ചു പവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കും എന്നാണ്. അതിനെയാണ്‌ സോഷ്യലിസം ​നടപ്പാക്കുന്നു, കമ്യൂണിസം നടപ്പാക്കുന്നു എന്നെല്ലാം അക്ഷേപിക്കുന്നത്. ഇപ്പറഞ്ഞ സമ്പന്നരെല്ലാം കൂടിയാണ്, വികലമായ, അനിയന്ത്രിതമായ നടപടികളിലൂടെ അത്യഗ്രഹത്തിന്റെ പേരില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയും കൂടെ ലോക സമ്പദ് വ്യവസ്ഥയും നശിപ്പിച്ചിരിക്കുന്നത്. അറിയപ്പെടുന്ന ബാങ്കുകളെല്ലാം കുളം തോണ്ടി. സോഷ്യലിസ്റ്റ് വ്യവസ്ത്ഥിതിയില്‍ നിലവിലുള്ള പോലെ, അവയെല്ലം ദേശസാല്ക്കരിക്കപ്പെട്ടു. ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ പെന്ഷന്‍ ഫണ്ടുകളും ദേശസാല്ക്കരിക്കാന്‍ ജെര്‍മ്മനിയും ഫ്രാന്‍സും തീരുമാനിച്ചു കഴിഞ്ഞു.

ഇവിടെ ശ്രദ്ധേയമായ വസ്തുത കോളേജു കാമ്പസുകളില്‍ ഈ മനോഭാവത്തിനു വലിയ സ്വീകാര്യതയാണെന്നതാണ്. ഭാവി ഈ ചെറുപ്പക്കാരുടെ കയ്യിലാണിരിക്കുന്നതും .

ഒബാമ ഒരു പ്രതീകമാണ്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീകം . സാമൂഹിക നീതി മനുഷ്യരാശിയുടെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞവന്റെ പ്രതീകം . ഒബാമ പ്രസിഡണ്ടാവും എന്നു ഇപ്പോഴും തീര്‍ച്ചയില്ല. പ്രസിഡണ്ടായാലും വലിയ മാറ്റങ്ങള്‍ അമേരിക്കയില്‍ നടപ്പാകും എന്നു എനിക്കു വിശ്വാസവുമില്ല. കാരണം അമേരിക്ക ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടൊന്നുമല്ല. അതു കുറച്ചു ലോബികളും മാഫിയകളുമാണ്. ഡ്രഗ് മാഫിയ, വെപ്പണ്‍ മാഫിയ , ഓയില്‍ മാഫിയ തുടങ്ങി അസംഘ്യം മാഫിയകള്‍ . പണം എറിഞ്ഞു കാര്യങ്ങള്‍ നടത്തുന്ന കഴുകന്‍മാര്‍ . അവര്‍ കൈ പിടിച്ചു തിരിച്ചാല്‍ ഒബാമക്കും ഒന്നും ചെയ്യാന്‍ പറ്റിയെന്നു വരില്ല.

പക്ഷെ ഇന്‍ഡ്യക്കു ഇതു പ്രധാനപെട്ട തെരഞ്ഞെടുപ്പാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ മുസ്ലിം തീവ്രവാദ പ്രശ്നങ്ങളുടേയും പ്രഭവ കേന്ദ്രം പാക്കിസ്താനാണ്. ഇന്‍ഡ്യ പതിറ്റാണ്ടുകളയി തെളിവു സഹിതം പറഞ്ഞു കൊണ്ടിരിക്കുന്ന സത്യം . ആദ്യമായി ഒരു അമേരിക്കന്‍ നേതാവ് അതു മനസിലാക്കി എന്നതാണ്, കാര്യം .ഒബാമയാണ്‌ പ്രസിഡണ്ടെങ്കില്‍ അദ്ദേഹം പാകിസ്താനു മേല്‍ സമര്‍ദ്ധം ചെലുത്തും . അതു ഒരു പക്ഷെ ഒരു നേരിട്ട യുദ്ധത്തിലേക്കു വലിച്ചിഴക്കപ്പെടാം . അതു ഇന്‍ഡ്യയെ വളരെ ദോഷകരമായി ബാധികും . ഇപ്പോഴത്തെ പാകിസ്താന്‍ ഭരണകര്‍ത്താക്കള്‍ സമചിത്തതയോടെ കാര്യങ്ങള്‍ കാണുകയാണെങ്കില്‍ ഈ ഭാഗത്തെ മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും . അതു ഇന്‍ഡ്യക്കു ഗുണകരമായിരികും .

ഒബാമ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തിക സാമൂഹിക രംഗത്ത് സോഷലിസത്തില്‍ അധിഷ്ടിതമായ സാമൂഹിക നീതി നടപാക്കാന്‍ പറ്റുമോ എന്നതാണ്, ഏറ്റവും വലിയ ചോദ്യം . അമേരിക്കന്‍ യുവ തലമുറ നല്‍കുന്ന സൂചന ഒരു ചൂണ്ടുപലക ആണെങ്കില്‍ അതു സാധ്യമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ പറഞ്ഞ പോലെ സോഷ്യലിസമാണ്‌ മനുഷ്യരാശിക്കു ഏറ്റവും യോജിച്ച നയം എന്ന് അമേരിക്ക തെളിയിക്കും . കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ ലോകമെമ്പാടും , അമേരിക്കയുള്‍പ്പടെ, കൂടൂതല്‍ വായനക്കാരുണ്ടാവുന്ന കാലമാണ്. കാത്തിരുന്നു കാണാം .

5 comments:

neeraj said...

-"ഒബാമ മുസ്ലിമല്ലെന്ന്‌ തെളിയിച്ചിട്ടും...." കാളിദാസനും അറിയാതെ ഏറ്റുപിടിക്കുകയാണോ, ഒരു തെറ്റെന്ന രീതിയില്‍ ?
-വിപണി വോട്ടിനെ നിയന്ത്രിക്കുന്ന ഒരു രാഷ്ട്ര സംവിധാനത്തില്‍ വര്‍ണ്ണങ്ങള്‍ പോലും അപ്രസക്തമല്ലെ ?
-സോഷ്യലിസത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതീക്ഷയില്‍ ഞാനും പങ്കുചേരുന്നു. എന്നാല്‍ അത്‌ ഇന്നലെ കഴിഞ്ഞുപോയ കോപ്രായങ്ങളാവരുത്‌.

കുട്ടത്തില്‍ പറയട്ടെ, കാളിദാസാ ഒന്നുകില്‍ ഇരുമ്പുലക്ക വിഴുങ്ങികളായ സ്റ്റാലിനിസ്റ്റുകള്‍ അല്ലെങ്കില്‍ മാഫിയാപ്രവര്‍ത്തനം (പൊന്‍പാദുകമണിഞ്ഞ ആര്‍ഭാട കമ്മ്യൂണിസ്റ്റില്‍ തുടങ്ങി പിണറായി വരെ നീളുന്ന ജീര്‍ണ്ണത) എന്ന രീതിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങിനെയാണ്‌ വിരുദ്ധപ്രകൃതിയിലേക്ക്‌ കൂപ്പുകുത്തുന്നത്‌ എന്ന്‌ നിങ്ങളെ പോലുള്ളവര്‍ തുറന്ന ചര്‍ച്ചക്ക്‌ വേദിയൊരുക്കണം.

kaalidaasan said...

-"ഒബാമ മുസ്ലിമല്ലെന്ന്‌ തെളിയിച്ചിട്ടും...." കാളിദാസനും അറിയാതെ ഏറ്റുപിടിക്കുകയാണോ, ഒരു തെറ്റെന്ന രീതിയില്‍ ?

മനസിലായില്ലല്ലോ നീരജ് . ഒന്നു വിശദീകരിക്കാമോ?


-വിപണി വോട്ടിനെ നിയന്ത്രിക്കുന്ന ഒരു രാഷ്ട്ര സംവിധാനത്തില്‍ വര്‍ണ്ണങ്ങള്‍ പോലും അപ്രസക്തമല്ലെ ?വിപണി വോട്ടിനെ നിയന്ത്രിക്കുന്നില്ല അമേരിക്കയില്‍ . വോട്ടു ചെയ്യുന്നതോ ചെയ്യാത്തതോ വിപണിക്ക് പ്രശ്നമല്ല. ആരു പ്രസിഡണ്ടായാലും അദ്ദേഹം നിയന്ത്രിക്കപ്പെടും എന്നതാണവിടത്തെ അവസ്ഥ. ലോകത്തു മറ്റൊരു ജനാധിപത്യ രാജ്യത്തും അങ്ങനത്തെ ഒരവസ്ഥ ഇല്ല. മറ്റു പലയിടത്തും വോട്ടിന്റെ ഫലത്തെ മറ്റു ഘടകങ്ങള്‍ സ്വാധീനിക്കാറും നിര്‍ണ്ണയിക്കാറുമുണ്ട്.


വര്‍ണ്ണങ്ങള്‍ ഉള്‍പ്പടെ പല വിഷയങ്ങലും അപ്രസക്തമല്ല എന്നതാണല്ലോ അമേരിക്കയിലെ വിരോധാഭാസം . ഒബാമ ഇത്രത്തോളം എത്തിയത് അദ്ദേഹത്തിന്റെ നിറം കൊണ്ടാണെന്നു പരസ്യമായി പറഞ്ഞതു മറ്റാരുമല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും മുന്‍ പ്രസിഡണ്ടുമായ ക്ളിന്റനാണ്. മതേതരത്വം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലുള്ള രാജ്യമെന്നാണ്, അമേരിക്ക അറിയപ്പെടുന്നത്. ദൈവ വിശ്വാസിയല്ലാത്ത ഒരാള്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുക അവിടെ അസാധ്യമാണ്. അങ്ങേയുള്ള പല വിരോധാഭാസങ്ങളുടെയും അകെത്തുകയാണ്‌ അമേരിക്ക.

ശരാശരി അമേരിക്കക്കാരനു അപ്രസക്തമല്ലാത്തത്, അമേരിക്കക്കു പുറത്തു ജീവികുന്ന ജനങ്ങളാണ്. ബുഷ് അത് വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ . എന്നു വച്ചാല്‍ ഞങ്ങളോടൊപ്പം നിന്നില്ലെങ്കില്‍ നിങ്ങളെ ശത്രുക്കളായി കണക്കാക്കും . ഈ രണ്ടു വഴികള്‍ക്കപ്പുറം മറ്റൊരു സാധ്യത പോലും അവര്‍ അനുവദിക്കുന്നില്ല.


സോഷ്യലിസത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതീക്ഷയില്‍ ഞാനും പങ്കുചേരുന്നു. എന്നാല്‍ അത്‌ ഇന്നലെ കഴിഞ്ഞുപോയ കോപ്രായങ്ങളാവരുത്‌.

കുറച്ച് ഇരുമ്പുലക്ക വിഴുങ്ങികളായ സ്റ്റാലിനിസ്റ്റുകളും ‍ പൊന്‍പാദുകമണിഞ്ഞ ആര്‍ഭാട കമ്മ്യൂണിസ്റ്റുകാരും വഴിതെറ്റി പോയി എന്നു കരുതി കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിനു കോട്ടമൊന്നും പറ്റിയിട്ടില്ല. തെറ്റുകളില്‍ നിന്നും പാഠം പഠിക്കുകയും മുന്നേറുകയുമാണ്‌ യധാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യുക.

കമ്യൂണിസ്റ്റുരാജ്യങ്ങളില്‍ നടന്ന സകലതും കമ്യൂണിസത്തിന്റെ പാളിച്ചകളായി കാണുന്നവര്‍ , മുതലാളിത്ത രജ്യങ്ങളില്‍ നടന്ന കൊള്ളരുതായ്മകള്‍ മുതലാളിത്തത്തിന്റെ പാളിച്ചകളായി കാണുന്നില്ല. നീരജും ആ ഗണത്തില്‍ പെടുന്നു. അതു കൊണ്ടാണ്, നീരജ് അവിടെ നടന്ന ജീര്‍ണ്ണതകള്‍ ചര്‍ച്ച ചെയ്യണമെന്നു പറയാതെ കമ്യൂണിസത്തിലെ ജീര്‍ണ്ണതകള്‍ ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞതും .

കമ്യൂണിസത്തെ നഖ ശിഖാന്തം എതിര്‍ത്ത അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ കമ്യൂണിസ്റ്റാശയമായ ദേശസാല്‍ക്കരണം നടപ്പിലാക്കുന്നു എന്ന സത്യം എന്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്, നീരജേ?

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിലും പല അരുതയ്കകളും സംഭവിക്കുന്നുണ്ട്. പക്ഷെ അതൊന്നും കമ്യൂണിസത്തെ തള്ളിപ്പറയാനുള്ളതൊ തിരസ്ക്കരിക്കാനുള്ളതോ ആയ കാരണങ്ങളല്ല. ആഗോള സാമ്പത്തിക തകര്‍ച്ച ഒരു പരിധി വരെ ഇന്‍ഡ്യയെ ബാധിക്കാത്തത് കമ്യൂണിസ്റ്റുപാര്‍ട്ടി നിയന്ത്രണങ്ങള്‍ ചെലുത്തിയത് കൊണ്ടാണ്. കഴിഞ്ഞ നാലു വര്‍ഷം ഇടതുപക്ഷം എതിര്‍ത്തില്ലായിരുന്നെങ്കില്‍ യൂറോപ്പിലും അമേരിക്കയിലുമുള്ള പല സ്ഥാപനങ്ങളും ഇന്‍ഡ്യന്‍ സാമ്പത്തിക രംഗം കയ്യടക്കുകയും അതു വഴി അവരോടൊപ്പം തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്തേനെ.

Manoj മനോജ് said...

നീരജ് ചോദിച്ചത് ഞാനും ചോദിക്കുന്നു “ഒബാമ മുസ്ലിം ആണെന്നത് വളരെ പണ്ടേ ഉള്ള അരോപണമാണ്.” ഒബാമയുടെ ബാപ്പ കെനിയയിലെ മുസ്ലീം കുടുംബത്തില്‍ നിന്നുള്ളതാണ്. ഒബാമയുടെ ബാപ്പയുടെ ബാപ്പ മുസ്ലീം മതം സ്വീകരിച്ചപ്പോഴാണ് ഹുസൈന്‍ എന്ന് ചേര്‍ത്തത്. പിന്നീട് അമേരിക്കയില്‍ പഠനത്തിന് വന്ന ശേഷമാണ് ഒബാമയുടെ ബാപ്പ മുസ്ലീം മതം ഉപേക്ഷിക്കുന്നതും നിരീശ്വരവാദിയാകുന്നതും.... hhttp://en.wikipedia.org/wiki/Family_of_Barack_Obama#Hussein_Onyango_Obama

കോറോത്ത് said...

"ഒബാമ മുസ്ലിം ആണെന്നത് വളരെ പണ്ടേ ഉള്ള അരോപണമാണ്. അതു അവാസ്തവമാണെന്നു മാധ്യമങ്ങളിലൂടെയും മറ്റും അസംഘ്യം ആളുകള്‍ തെളിയിച്ചിട്ടും.. "-

എന്ന് കാളിദാസന്‍ എഴുതുമ്പോള്‍ അറിയാതെയെങ്കിലും കാളിദാസനും 'മുസ്ലിം' എന്നത് ഒരു ആരോപണം ആണെന്നും ഒബാമ താന്‍ മുസ്ലിം അല്ല എന്ന് തെളിയിക്കാന്‍ ബാധ്യസ്ഥനാനെന്നും പറയുന്നതിനെ സപ്പോര്‍ട്ട് ചെയ്യുകയല്ലേ എന്ന് വര്ണ്യത്തിലാശന്ക :):)

[ഇതല്ലേ നീരജിന്റെ ഒന്നാമത്തെ സംശയം :) ?]

kaalidaasan said...

കാളിദാസനും 'മുസ്ലിം' എന്നത് ഒരു ആരോപണം ആണെന്നും ഒബാമ താന്‍ മുസ്ലിം അല്ല എന്ന് തെളിയിക്കാന്‍ ബാധ്യസ്ഥനാനെന്നും പറയുന്നതിനെ സപ്പോര്‍ട്ട് ചെയ്യുകയല്ലേ എന്ന് വര്ണ്യത്തിലാശന്കഅല്ല കോറോത്ത്. അങ്ങനെയല്ല.

ഒബാമ താന്‍ മുസ്ലിം അല്ല എന്ന് തെളിയിക്കാന്‍ ബാധ്യസ്ഥനാനെന്നു പറയുന്നതിനെ സപ്പോര്‍ട്ട് ചെയ്യുകയല്ലേയല്ല. കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിപാര്‍ത്ത ഒരു ജാതി കോമരം ഒബാമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെ ഞാന്‍ കളിയാക്കിയതേ ഉള്ളു. കേരളത്തിലയിരുന്നപ്പോഴും പിന്നീടും താഴ്ന്ന ജാതിക്കാരെ പുശ്ഛിച്ചും , തന്റെ ഉയര്‍ന്ന ജാതി ജന്മം മഹത്തരമെന്നും കരുതുന്ന ഒരാളില്‍ നിന്നുമുണ്ടായ ഒരു പരാമര്‍ശം ഞാന്‍ ഒന്നു എടുത്തെഴുതി എന്നേ ഉള്ളു.


മുഖ്യ ധാര മധ്യമങ്ങളൊന്നും ഒബാമയുടെ മിഡില്‍ നെയിം , ഹുസ്സയിന്‍ എന്നത് പെരുപ്പിച്ചു കാണിക്കാറില്ല. സ്വന്തം പൂര്‍വികന്റെ ഒരു പേര്, അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നു എന്നെ ഉള്ളു. സിറിയ ലെബനോന്‍ , ഇറാക്ക് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ പലരും ഉപയോഗിക്കുന്ന പേരുകള്‍ മുസ്ലിം പേരുകളാണിന്നും . ഇസ്ലാമിന്റെ ആരംഭത്തിനും മുമ്പ് ഈ പേരുകളെല്ലാം യഹൂദരും ക്രിസ്ത്യനികളും മറ്റു മതക്കരും ഉപയോഗിച്ചിരുന്നു. ഇന്നും ബിഷപ്പുമാര്‍ പോലും മുസ്ലിം പേരുകളിലാണറിയപ്പെടുന്നത്. ലെബനോനിലെ പാത്രിയാര്‍ക്കീസിന്റെ പേര് നാസറള്ളാ എന്നാണ്. അബ്ദള്ള യാക്കൂബ് തുടങ്ങി പല പേരുകളും അവര്‍ ഉപയോഗിക്കുന്നു.


ഒബാമ മുസ്ലിം ആണെന്നു പലരും ഇപ്പോഴും വിശ്വസിക്കുന്നു. അമേരിക്കക്കാര്‍ പലരും അതു തന്നെ കരുതുന്നു. ഒബാമയുടെ സ്ഥാനാര്‍ത്ഥിത്തം പൊന്തിവന്നതു മുതല്‍ ഇതു ചര്‍ച്ച ചെയ്യപ്പെട്ടു. ഒബാമയെ വെറുക്കുന്ന ഫോക്സ് ന്യൂസ് പോലുള്ള ചാനലുകളില്‍ ഹുസ്സൈന്‍ എന്ന വാക്കിനു അമിത പ്രാധാന്യം നല്‍ കുകയും ചെയ്യുന്നു. ഇന്‍ഡ്യയില്‍ നിന്നുള്ള അമേരിക്കകരുടെ ഒരു വെബ് സൈറ്റ് ഉണ്ട്. അവിടെ എഴുതുന്ന പലരും ഹുസ്സയിന്‍ എന്ന വാക്കിനു അമിത പ്രാധാന്യം നല്‍ കുന്നത് ഇവിടെ

വായിക്കാം

അദ്ദേഹ ഒരു ക്രിസ്ത്യാനി ആണെന്നതാണ്. വാസ്തവം . അതറിയവുന്നവര്‍ പോലും അദ്ദേഹത്തെ ഒരു മുസ്ലിമായി ചിത്രീകരികന്‍ ശ്രമിക്കുന്നു എന്നാണ്, ഞാന്‍ പരാമര്‍ശിച്ചത്. അതു കൊണ്ടാണ്, അദ്ദേഹത്തിന്റെ പേരില്‍ ദ്വയാര്‍ത്ഥം കല്‍പ്പിച്ച് മുബാറക്ക് ഹുസ്സയിന്‍ ഒസാമ എന്ന് വിളിച്ചതും . ഞാന്‍ ആ വൃത്തികേടിനെ കളിയാക്കിയതാണ്. അതെങ്ങനെ ഏറ്റുപിടിക്കലാവും ?


മനോജ് ,

ഒബാമയുടെ അച്ഛന്‍ മുസ്ലിം മതം ഉപേക്ഷികുകയോ നിരീശ്വരവാദി അകുകയോ ചെയ്തിട്ടില്ല. ഒബാമക്കു രണ്ടു വയസുള്ളപ്പോള്‍ അദ്ദേഹം ഒബാമയെയും അമ്മയേയും ഉപേക്ഷിച്ചു പോയി. രണ്ടാനച്ഛന്‍ ഒരു ഇന്‍ഡൊനേഷ്യന്‍ മുസ്ലിം ആയിരുന്നു. രണ്ടാനച്ഛനോ അച്ഛനോ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ല. അടുത്തയിടെ മരിച്ച അദ്ദേഹത്തിന്റെ മുത്തശ്ശിയാണ്, അദ്ദേഹത്തെ വളര്‍ത്തിയതും വലുതാക്കിയതും .അവര്‍ അദ്ദേഹത്തെ ഒരു ക്രിസ്ത്യാനിയായി തന്നെയാണ്‌ വളര്‍ത്തിയത്. അദ്ദേഹത്തിനെതിരെ ഉള്ള ആരോപണങ്ങളുടെ നിജസ്ഥിതി വാഷിങ് ടണ്‍ പോസ്റ്റ് പുറത്തുകൊണ്ടുവന്നിരുന്നു കഴിഞ്ഞ വര്‍ ഷം അത് ഇവിടെ
വായിക്കാം .