Wednesday, 12 November 2008

ഇന്‍ഡ്യയുടെ നാണക്കേട്

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. സാമ്പത്തിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അതി വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയെ പക്ഷെ ഇപ്പോള്‍ നയിക്കുന്നത് ആത്മ വിശ്വാസമില്ലത്ത ഒരു നേതാവാണ്. ഒരു റോബോട്ടിനേപ്പോലെ ചലിക്കുന്ന , നിസഹായത മുഖത്ത് എപ്പോഴും പ്രതിഫലിക്കുന്ന അദേഹം ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ . ബി ജെ പിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് വീണു കിട്ടിയ പ്രധാനമന്ത്രിപദം ഒരു വിനീത ദാസനേപ്പോലെ അദേഹം കൊണ്ടു നടക്കുന്നു. സോണിയയുടെ ദാസന്‍ എന്നതിലുപരി ഐ എം എഫ്, വേള്‍ ഡ് ബാങ്ക്, യു എസ് എ എന്നിവരുടെയും ദാസനായിട്ടാണദ്ദേഹം അറിയപ്പെടുന്നതും . അതു കൊണ്ടാണ്‌ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്‍ഡ്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനദ്ദേഹം ഇത്രയധികം ആവേശവും, തിടുക്കവും കാണിച്ചത്.

മന്‍ മോഹന്‍ സിംഗ് ഒരു സാമ്പത്തിക വിദഗ്ധന്‍ എന്നാണറിയപ്പെടുനത്. ആ നിലയില്‍ നിന്നും അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഏജന്റ് എന്ന നിലയിലാണിപ്പോള്‍ അദ്ദേഹം മാറിയിരിക്കുന്നത്. ഇന്‍ഡ്യന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, അമേരിക്കന്‍ സാമ്പത്തിക രംഗത്തെ സഹായിക്കുക എന്നതാണ്‌, ഇപ്പോള്‍ സിംഗിന്റെ താലപര്യം .


ഇന്‍ഡ്യയുടെ ചാന്ദ്രയാന്‍, ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചപ്പോഴാണ്‌ ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തിയ പ്രവര്‍ത്തി അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ആണവ കരാര്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഇന്‍ഡ്യക്കെതിരായി നിലപാടെടുത്ത ആളാണ്‌ ബരാക്ക് ഒബാമ. ആണവ വിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ, ഇന്‍ഡ്യയുമായി സഹകരണം വേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിനു. ബുഷിന്റെ കരാറില്‍ കര്‍ശന വ്യവസ്ഥകള്‍ എഴുതി ചേര്‍ത്തതും അദ്ദേഹമാണ്. ഇന്‍ഡ്യ ചാന്ദ്രയാന്‍ വിക്ഷേപിച്ചപ്പോള്‍, ഇന്‍ഡ്യ അമേരിക്കയുടെ ശക്തമായ പ്രതിയോഗിയണെന്നദ്ദേഹം പറഞ്ഞു. ഇന്‍ഡ്യന്‍ അധികാരികള്‍ അത് ചിരിച്ചു തള്ളുകയണുണ്ടായത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇന്‍ഡ്യയെ നാണം കെടുത്തിയത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥങ്ങളും ഉണ്ടാവുന്നു.

തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഒബാമ എല്ലാ പ്രധാന രാഷ്ട്രങ്ങളുടെയും നേതാക്കളെ വിളിച്ച് കുശലം പറഞ്ഞു. ഇന്‍ഡ്യയുടെ ശത്രു രാജ്യങ്ങളായ പാക്കിസ്താനും ചൈനയും അതില്‍ പെടും . പക്ഷെ ഒബാമാക്കു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ വിളിക്കാന്‍ തോന്നിയതേ ഇല്ല. ഇന്‍ഡ്യയെ അമേരിക്ക എത്ര പരിഗണിക്കുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണത്. ഒബാമ മന്‍ മോഹന്‍ സിംഗിനെ വിളിക്കാന്‍ ശ്രമിച്ചു, യാത്രയിലായതിനാല്‍ സംസാരിക്കാന്‍ പറ്റിയില്ല എന്നൊക്കെ ഇപ്പോള്‍ ഉരുണ്ടുകളികുന്നതെല്ലം ജാള്യത മറച്ചു വക്കാനുള്ള ശ്രമം മാത്രം . ഇന്‍ഡ്യയെ ഇത്രയധികം നാണം കെടുത്തിയ സംഭവം വേറെയുണ്ടാവില്ല.2000ല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടക്ക്, ബുഷ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആരാനെന്നറിയില്ല എന്നു പറഞ്ഞതിലും വലിയ ഇടിച്ചു താഴ്ത്തലായി പോയി ഇപ്പോള്‍ നടന്നത്.
ഒരു അന്താരാഷ്ട്ര ദുരന്തമായ ബുഷിനെ ലോകം മുഴുവന്‍ വെറുത്തപ്പോഴും, സിംഗ് അദ്ദേഹത്തെ ചെന്നു കണ്ട് ആശീര്‍വാദം വാങ്ങി പറഞ്ഞു, ഇന്‍ഡ്യക്കാര്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു എന്ന്. ഇന്‍ഡ്യ എന്നാല്‍ സിംഗും അദ്ദേഹത്തിന്റെ കുറച്ച് കുശിനിക്കാരുമാണെന്ന് കരുതുന്ന പാവം മണ്ടന്‍ . ഇന്‍ഡ്യയുടെ സ്വതന്ത്ര്യം അടിയറ വക്കുന്ന അണവ കരാര്‍ എന്തോ മഹത്തായ ഒന്നാണെന്നു പ്രചരിപ്പിക്കുന്ന ഈ അമേരിക്കന്‍ മൂടു താങ്ങിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതല്ലേ മണ്ടത്തരം ?

ആണവകരാര്‍ ഒപ്പിട്ടു കിട്ടാന്‍ വേണ്ടി ഇന്‍ഡ്യയിലെ ജനങ്ങളെ വഞ്ചിച്ച ഈ രാജ്യദ്രോഹി ഇതിലപ്പുറം ചെയ്തില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ.ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍, ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കുതിര കച്ചവടം നടത്തിയ ഈ അഴിമതി വീരന്‍ ഇന്‍ഡ്യന്‍ ജനതക്ക് ഒരുറപ്പു നല്‍കിയിരുന്നു. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന്. പക്ഷെ അതുണ്ടായില്ല. ഇന്‍ഡ്യന്‍ ജനതയെ ഇങ്ങനെ വഞ്ചിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണിദ്ദേഹം . കരാര്‍ ഒപ്പിട്ടു കിട്ടാന്‍ വേണ്ടി വാഷിങ്ടണിലെ പിടിക്കാവുന്ന എല്ലാ കാലുകളും പിടിച്ച ഈ പാവ, ഇന്‍ഡ്യക്ക് അപമാനമാണ്.


ഇന്‍ഡ്യയുമായി ആണവ സഹകരണം മാത്രമല്ല സാമ്പത്തിക സഹകരണവും, പുനര്‍ പരിശോധനക്കു വിധേയമാക്കും ഒബാമ. അമേരിക്കന്‍ കമ്പനികളുടെ വിദേശ നിക്ഷേപവും, ബി പി ഓയും എതിര്‍ക്കുന്ന ഒബാമ, സിംഗിനെ നാണം കെടുത്തിയതു വഴി വരാന്‍ പോകുന്നതിന്റെ ഒരു സൂചന നല്‍കുകയാണു ചെയ്തത്. ബുഷ് ഒരു തീവ്രവാദ മുതലാളിത്തക്കാരനായിരുന്നു. ഒബാമ ഒരു സോഷ്യലിസ്റ്റ് ചിന്തഗതിക്കാരനും . ബുഷ് അമേരിക്കയിലെ സാധാരണക്കാരെയും, സിംഗ് ഇന്‍ഡ്യയിലെ സാധാരണക്കാരെയും മറന്നാണ്‌ പല തീരുമാനങ്ങളും എടുത്തത്. ബുഷ് അമേരിക്കയിലെ അതി സമ്പന്നരുടെ വക്താവായിരുന്നു. ഒബാമ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും . ബുഷ് അമേരിക്കയിലെ വ്യവസായ കുത്തകള്‍ക്ക് വേണ്ടിയാണ്, ഇന്‍ഡ്യയുമായി ഒരു ആണവകരാറുണ്ടാക്കിയത്. ഒബാമ ആ കുത്തകകളെ അത്രക്കങ്ങു ബഹുമാനിച്ചെന്നു വരില്ല. വ്യവസായികളോട് അമേരിക്കയില്‍ വ്യവസായം തുടങ്ങി അമേരിക്കന്‍ സമ്പദ് ഘടനയെ ഉദ്ധരിക്കാന്‍ ഒബാമ ആവശ്യപ്പെടും . അമേരിക്കന്‍ പറുദീസ സ്വപ്നം കണ്ട് ജീവിക്കുന്ന മണ്ടന്‍ സിംഗിനും ചിദംബരം ചെട്ടിക്കും ഏല്‍ക്കുന്ന ഏറ്റവും വലിയ അടിയായിരിക്കും അത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്‍ഡ്യ അതി സങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെയാണ്, കടന്നു പോകുന്നത്. സാമ്പത്തിക വളര്‍ച്ച ഏതാണ്ട് നിലച്ച മട്ടായി. പല സാമ്പത്തിക സ്ഥാപങ്ങളും നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തു ആകെ പ്രശ്നങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മുമ്പില്ലാത്തവിധം ആക്രമിക്കപ്പെടുന്നു. പ്രാദേശികവാദം എല്ലാ സീമകളും ലംഘിച്ച് അഴിഞ്ഞാടുന്നു. ഭീകരപ്രവര്‍ത്തനം അതിന്റെ ഉച്ഛസ്ഥായിയിലാണ്. ഇതു വരെ ഇസ്ലാം ഭീകരത എന്ന പല്ലവി പാടിക്കൊണ്ടിരുന്ന ഹിന്ദു തീവ്രവാദികള്‍ പ്രതിരോധത്തിലാണ്. അവര്‍ നടത്തിയ ഭീകര പ്രവര്‍ത്തനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതെല്ലാം നടക്കുമ്പോഴും ദിശാബോധം നഷ്ടപെട്ട ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വൈതാളിക വൃന്ദവും ഇരുട്ടില്‍ തപ്പുന്നു. പണം നല്‍കി എം പി മാരെ വിലക്കു വാങ്ങിയ അദ്ദേഹത്തിന്റെ പാര്‍ട്ടി പണം വാങ്ങി ഇപ്പോള്‍ സീറ്റു വില്‍പന നടത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രി, ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും നാണം കെടുത്തിയ പ്രധാനമന്ത്രി, നഗ്നമായി കുതിര കച്ചവടം നടത്തി സ്ഥാനം ഉറപ്പിച്ച പ്രധാനമന്ത്രി എന്നെല്ലാമുള്ള കിരീടങ്ങള്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്നു.

ഇന്‍ഡ്യക്കു വേണ്ടത് ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ മനസിലാകുന്ന ഒരു നേതാവിനെയാണ്‌ . അല്ലാതെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചാരനെയല്ല. പ്രധാനമന്ത്രി എന്ന നിലയിലും, സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും, സിംഗ് ഒരു സമ്പൂര്‍ണ്ണ പരാജയമാണ്. മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍ . നാലു വര്‍ഷത്തിനപ്പുറം അതു തിരുത്തേണ്ടി വന്നിരിക്കുന്നു. ഇന്‍ഡ്യന്‍ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സിംഗ് മനസിലാക്കുന്നില്ല എന്നതിനു തെളിവാണ്, ഇന്‍ഷുറന്‍സ് രംഗത്ത് വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം അടുത്തയിടെ തീരുമാനിച്ചത്. അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് അദ്ദേഹം ഇനിയും ഇന്‍ഡ്യയെ വിദേശികള്‍ക്ക് പണയം വക്കുന്ന കലാപരിപാടി തുടരും എന്നതിനു സംശയമില്ല. ഇന്‍ഡ്യയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കിയ നെഹ്രുവും ഇന്ദിരയും ഇരുന്ന കസേരയിലാണല്ലോ ഈ രാജ്യദ്രോഹി ഇരിക്കുന്നത് എന്നു മനസിലാക്കി എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ലജ്ജിക്കാം .


സുകുമാര്‍ അഴീകോടിന്റെ ഒരു ലേഖനത്തിലെ വാചകങ്ങളാണ്‌ ചുവടെ ചേര്‍ക്കുന്നത്.
ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഇതില്‍നിന്ന് പുതിയൊരു പാഠം പഠിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പുനര്‍നിര്‍മാണമായിരിക്കണം അവരുടെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലുമൊരു പവര്‍ഗ്രൂപ്പിലെ അംഗമായി ഇരിക്കുകയല്ല. ബുഷിന്റെ ദുഃസ്വാധീനത്തില്‍പ്പെട്ട് അദ്ദേഹത്തിനു സ്തുതിപറഞ്ഞ, അമേരിക്കയുടെ പവര്‍ഗ്രൂപ്പിലേക്കു മാര്‍ഗംകൂടിയ മന്‍മോഹന്‍സിങ്ങും പ്രണബ് മുഖര്‍ജിയും ഒബാമയുടെ മുന്നില്‍ എങ്ങനെ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.


മന്‍ മോഹന്‍ സിംഗ് എങ്ങനെ പെരുമാറുമെന്ന് നമുക്ക് കാത്തിരുന്നു കാണാം . സിംഗിനു ഇനി കുറച്ചു നാളുകളെ അധികാരമുള്ളു. വീണ്ടും പ്രധാനമന്ത്രിയായി വരുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഒബാമ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധിക്കാനാണു സാധ്യത മുഴുവന്‍ . അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ കുറച്ചു വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ്‌ വിദഗ്ദ്ധര്‍ പറയുന്നതും . സിംഗിന്റെ കാലവധിക്കു മുമ്പ് ഇന്‍ഡ്യയുമായി ബുഷ് കാണിച്ച പോലെ, പുതിയ ബാന്ധവത്തിനു അദ്ദേഹം ശ്രമിക്കുമെന്നൊരു പ്രതീക്ഷയും നമ്മള്‍ വച്ചു പുലര്‍ത്തേണ്ട.

ഇന്‍ഡ്യ അതിവേഗം പുരോഗമിക്കുന്ന ഒരു രാജ്യമാണ്‌. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തികളാണ്‌ വേണ്ടത്. അതിനു പകരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ട മുതലാളിത്ത വ്യവസ്ഥയെ പുണരുന്നത് ആത്മഹത്യാപരമായിരിക്കും . സമ്പന്ന രാഷ്ട്രങ്ങളുടെ നയങ്ങള്‍ ദാരിദ്ര്യം കൂടുതലുള്ള ഇന്‍ഡ്യയില്‍ നടപ്പിലാക്കുന്നത് മണ്ടത്തരമായിരിക്കും .

മണ്ടനില്‍ നിന്നും മണ്ടത്തരമല്ലതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ ?

2 comments:

keralainside.net said...

This post is being listed please categorize this post
www.keralainside.net

Baiju Elikkattoor said...

അതെ മണ്‍മണ്ടന്‍ സിംഗ്.....