Friday 18 April 2014

ക്ഷേത്ര സ്വത്ത്



ക്ഷേത്ര സ്വത്ത് ആരുടേതാണ്. പല വേദികളിലും ഈ ചോദ്യം ഉയര്‍ന്നു കേട്ടിട്ടുണ്ട്. അത് ഹിന്ദുക്കളുടേതാണെന്ന് ഹിന്ദുക്കളില്‍ പലരും വാദിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറയിലുള്ള സ്വത്ത് വീണ്ടും വിവാദമാകുമ്പോള്‍ ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു.

ഈ സ്വത്ത് കൈ കാര്യം ചെയ്യുന്നതില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്ന ആക്ഷേപം പലപ്പോഴുമുണ്ടായിട്ടുണ്ട്.  ക്ഷേത്രവും  സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി പോലും അംഗീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി  പലര്‍ക്കും അലോസരമുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. അതില്‍ അക്ഷരാര്‍ത്ഥത്തിൽ   ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. അതില്‍ പ്രധാന  ശുപാര്‍ശകള്‍ ഇവയാണ്.

"ക്ഷേത്രം ഭരണത്തില്‍ നിന്നും രാജകുടുംബത്തെ മാറ്റി നിര്‍ത്തണം.  ഭരണത്തിനായി പുതിയ സമിതിയെ നിയോഗിക്കണം. നിധി അറയുടെ താക്കോല്‍ ജില്ലാ ജഡ്‌ജിന്‌ രാജകുടുംബം കൈമാറണം". 

ഈ നിര്‍ദ്ദേശത്തിന്റെ ന്യായാന്യായത പരിശോധിക്കുന്നതിനു മുന്നെ എങ്ങനെയാണ്, ഈ ക്ഷേത്രത്തിന്റെ ഭരണം രാജ കുടുംബത്തില്‍ വന്നു ചേര്‍ന്നതെന്ന് നോക്കേണ്ടി വരും.

ഇന്‍ഡ്യയില്‍ ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള സ്വത്തുക്കള്‍  പ്രധാനമായി രണ്ടു തരത്തിലുള്ളതാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയും  സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ളവയും. ഇതില്‍ ക്രൈസ്തവ സഭയുടെ ആരാധനാലയങ്ങളും അവയോടനുബന്ധിച്ചുള്ള സ്വത്തുക്കളും വിശ്വാസികളുടെ നിയന്ത്രണത്തിലാണ്. പക്ഷെ കുറെയേറെ ഹൈന്ദവ ആരാധനാലയങ്ങളും മുസ്ലിം സ്വത്തുക്കളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അതിനു പക്ഷെ ചരിത്രപരമായ കാരണങ്ങളുണ്ട്. ഇന്‍ഡ്യയില്‍ പലയിടത്തും മുസ്ലിം ഭരണാധികാരികളും എല്ലായിടത്തും ഹൈന്ദവ ഭരണാധികാരികളും ഉണ്ടായിരുന്നു. ഇവര്‍ ആരാധനാലയങ്ങളും അതിനോടന്ബന്ധിച്ചുള്ള മറ്റ് സൌകര്യങ്ങളും രൂപപ്പെടുത്തിയത് പൊതു ഖജനാവിലെ സ്വത്തുപയോഗിച്ചായിരുന്നു. അവയൊക്കെ നോക്കി നടത്താന്‍ വേണ്ടി ഭരണ സമിതികളുമുണ്ടായിരുന്നു. രാജഭരണം അവസാനിച്ച് ജനായത്ത ഭരണമുണ്ടായപ്പോള്‍ ഈ സമിതികളും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുമായി. മുസ്ലിം ഭരണാധികാരികള്‍ ഇതുപോലെ വക മാറ്റി ചെലവഴിച്ച വസ്തുവകകളൊക്കെ വഖഫ് ബോര്‍ഡ് എന്ന പേരില്‍ ഒരു സമിതി ഉണ്ടാക്കി, സര്‍ക്കാര്‍ ഭരിക്കുന്നു. അതുപോലെ തന്നെ പൊതു ഖജനാവില്‍ നിന്നും പണം ചെലവാക്കി നിര്‍മ്മിച്ച ക്ഷേത്ര സ്വത്തുക്കള്‍ ദേവസ്വം  ബോര്‍ഡ് പോലെയുള്ള സമിതികളുണ്ടാക്കി ഭരിക്കപ്പെടുന്നു. ക്രൈസ്തവ രാജാക്കന്‍മാര്‍ ഇന്‍ഡ്യ ഭരിക്കാത്തുകൊണ്ട്, പൊതു സ്വത്ത് എടുത്ത് നിര്‍മ്മിച്ച ആരാധാനലയങ്ങളോ അതിനോടനുബന്ധിച്ചുള്ള മറ്റ് സൌകര്യങ്ങളോ ക്രിസ്ത്യാനികള്‍ക്കില്ല. അതൊക്കെ അവരുടെ വിശ്വാസികള്‍  സ്വയം നിര്‍മ്മിച്ചവയാണ്. അതു കൊണ്ട് അതിനെ പൊതു സ്വത്തായി കണക്കാക്കാനും ആകില്ല. പക്ഷെ ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും  പൊതു സ്വത്തെന്ന നിര്‍വചനത്തില്‍ വരും.

ഇപ്പോള്‍ പരാമര്‍ശ വിധേയമായിരിക്കുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ്. രാജ്യത്ത് സ്വത്തു മുഴുവന്‍ ശ്രീ പദ്മനാഭന്‍ എന്ന ദൈവത്തിന്, അടിയറ വച്ചായിരുന്നു അവര്‍ ഭരിച്ചിരുന്നതും.  അല്ലാതെ ദൈവം തന്റെ ശക്തികൊണ്ട് സൃഷ്ടിച്ചതൊന്നുമല്ല. മാർത്താണ്ഡ വർമ്മ എന്ന  രാജാവ്‌  അക്കാലത്തെ സമ്പന്ന നാട്ടു രാജ്യങ്ങളായിരുന്ന കായംകുളം, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, മീനച്ചിൽ, തെക്കുംകൂര്‍,  വടക്കുംകൂര്‍ തുടങ്ങിയ നാട്ടു രാജ്യങ്ങള്‍  പിടിച്ചടക്കി സ്ഥാപിച്ചതായിരുന്നു തിരുവിതാംകൂര്‍ എന്ന രാജ്യം. അവിടെ നിന്നും ലഭിച്ച   മുതലാണ് ഇന്ന് ലോകം അറിയുന്ന ക്ഷേത്ര  നിധി ശേഖരത്തിൽ ഭൂരിഭാഗവും. അതോടൊപ്പം കാലാകാലങ്ങളായി പൊതു ജനത്തില്‍ നിന്നും പിരിച്ചെടുത്ത നികുതികളും മറ്റും ഉള്‍പ്പെടും. ഇന്‍ഡ്യ സ്വതന്ത്രയായപ്പോള്‍  എല്ലാ രാജാക്കന്‍മാരുടെയും സ്വത്തുക്കള്‍  സര്‍ക്കാരിലേക്ക് വന്നു ചേര്‍ന്നു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളും അതുപോലെ കേരള സര്‍ക്കാരിലേക്ക് വന്നു ചേരേണ്ടവയാണ്. പക്ഷെ ചരിത്രത്തിലെ ഒരു മുഴുത്ത ഫലിതം പോലെ, എല്ലാ അവകാശങ്ങളും അധികാരങ്ങളും ഇല്ലാതായ തിരുവിതാംകൂര്‍ രാജാവിന്റെ പിന്തുടര്‍ച്ചക്കാര്‍ അവിഹിതമായി ഈ സ്വത്ത് കൈ കാര്യം ചെയ്തു പോന്നു. ക്ഷേത്ര ഭരണത്തില്‍ രാജാവിനു നിയമപരാമയ ഒരു അധികാരവുമില്ല. എന്നിട്ടും ഇപ്പോഴും രാജകുടുംബം ആണീ ക്ഷേത്രം ഭരിക്കുന്നതും സ്വത്തുക്കള്‍ കൈകര്യം ചെയ്യുന്നതും.

നൂറ്റാണ്ടുകളായി പൂട്ടി വച്ചിരിക്കുന്ന അറകളില്‍ ലക്ഷക്കണക്കിനു കോടി രൂപയുടെ സ്വത്തുണ്ട്. ഈ നിലവറകളുടെ താക്കോല്‍ രാജകുടുംബാങ്ങളുടെ കയ്യില്‍ തന്നെയാണിരിക്കുന്നത്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടി ഇവ കടത്തിക്കൊണ്ടു പോയിട്ടുണ്ട് എന്നതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. സ്വര്‍ണ്ണം ഉരുക്കാനുള്ള അധുനിക  യന്ത്രവും, സ്വര്‍ണ്ണം പൂശാനുള്ള യന്ത്രവും ഇവിടെ ഉണ്ട്. എന്തിനിതൊക്കെ അതീവ രഹസ്യമായി ചെയ്തു എന്നതിനു രാജകുടുംബം മറുപടി പറയേണ്ടി വരും. നിലവറക്കുള്ളില്‍ രഹസ്യ പാത പോലും നിര്‍മ്മിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ കൈ കാര്യം ചെയ്യാന്‍ പല ട്രസ്റ്റുകളുണ്ടാക്കി.  ഒട്ടേറെ ബാങ്ക് അക്കൌണ്ടുകള്‍ തുറന്നു. ആല്‍ബം തയ്യാറാക്കാനെന്ന പേരില്‍  2007ല്‍ കല്ലറകളിലെ വസ്തുക്കളുടെ ചിത്രങ്ങളെടുത്തിട്ടുണ്ട്. ക്ഷേത്രം വക സ്വത്തുകള്‍ നിയമവിരുദ്ധമായി വില്‍ക്കുകയും പാട്ടത്തിനു നല്‍കുകയും ചെയ്തിട്ടുണ്ട്.

തിരുവിതാം കൂര്‍ രാജകുടുംബത്തേപ്പറ്റി ജനങ്ങളുടെ ഇടയില്‍ നല്ല മതിപ്പാണുണ്ടായിരുന്നത്. പക്ഷെ ആ മതിപ്പിന്, ഇടിവു തട്ടുന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റമൊക്കെ. പൊതു ജനത്തിനവകാശപ്പെട്ട സ്വത്തുക്കള്‍ ഇവര്‍ കടത്തിക്കൊണ്ടു പോയി. ഇനിയും കടത്തിക്കൊണ്ടു പോകാനുള്ള അവകാശത്തിനു വേണ്ടി കോടതി കയറുന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളിലോ ആരാധാനാ വിഷയങ്ങളിലോ ഇവര്‍ക്ക് പങ്കു നല്‍കുന്നതില്‍ തെറ്റൊന്നും പറയാന്‍ ആകില്ല. പക്ഷെ സ്വത്തുക്കള്‍ ഭരിക്കാന്‍ ഇവരെ അനുവദിക്കാന്‍ ആകില്ല.

രാജകുടുംബാംഗങ്ങളെ ക്ഷേത്ര സ്വത്തിന്റെ ഭരണത്തില്‍ നിന്നും ഉടന്‍ മാറ്റി നിറുത്തുക. ഇവര്‍ തുറക്കാന്‍ പാടില്ല എന്നു പറഞ്ഞ് എതിര്‍ക്കുന്ന അറയും ഇപ്പോള്‍ അമിക്കസ് ക്യൂറി കണ്ടെത്തിയ മറ്റ് രണ്ട് അറകളും കൂടി തുറന്ന് വിശദമായ കണക്കെടുപ്പു നടത്തുക.  കേരള സര്‍ക്കാര്‍ ഈ സ്വത്ത് ഏറ്റെടുക്കുക. പുരാവസ്തുപരമായി മൂല്യമുള്ളവ ഭദ്രമായി സൂക്ഷിക്കുക. മറ്റ് സ്വര്‍ണ്ണമൊക്കെ പൊതു ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുക. അത്  സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ സുപ്രീം കോടതി ഇതിലേക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് ഹിന്ദുക്കളുടെ മാത്രം  സ്വത്തല്ല. എല്ലാ മത വിശ്വാസികള്‍ക്കും അവകാശപ്പെട്ട പൊതു സ്വത്താണ്.

6 comments:

kaalidaasan said...

രാജകുടുംബാംഗങ്ങളെ ക്ഷേത്ര സ്വത്തിന്റെ ഭരണത്തില്‍ നിന്നും ഉടന്‍ മാറ്റി നിറുത്തുക. ഇവര്‍ തുറക്കാന്‍ പാടില്ല എന്നു പറഞ്ഞ് എതിര്‍ക്കുന്ന അറയും ഇപ്പോള്‍ അമിക്കസ് ക്യൂറി കണ്ടെത്തിയ മറ്റ് രണ്ട് അറകളും കൂടി തുറന്ന് വിശദമായ കണക്കെടുപ്പു നടത്തുക. കേരള സര്‍ക്കാര്‍ ഈ സ്വത്ത് ഏറ്റെടുക്കുക. പുരാവസ്തുപരമായി മൂല്യമുള്ളവ ഭദ്രമായി സൂക്ഷിക്കുക. മറ്റ് സ്വര്‍ണ്ണമൊക്കെ പൊതു ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുക. അത് സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ സുപ്രീം കോടതി ഇതിലേക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല. എല്ലാ മത വിശ്വാസികള്‍ക്കും അവകാശപ്പെട്ട പൊതു സ്വത്താണ്.

Baiju Elikkattoor said...

അച്യുതാനന്ദന്‍ രണ്ടു കൊല്ലം മുമ്പ്‌ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞില്ലേ ഇപ്പോള്‍? അന്ന് അദ്ദേഹത്തിനു മേല്‍ കുതിര കയറിയവര്‍ ഇപ്പോള്‍ എന്തു പറയുമോ ആവോ....??!!

kaalidaasan said...



ബൈജു,

അതെ. വി എസ് അന്നു പറഞ്ഞത് അക്ഷരം പ്രതി ശരി ആയിരുന്നു. മാര്‍ത്താണ്ടന്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടു പോകുന്നു എന്നു പറഞ്ഞപ്പോള്‍ പലരും മാര്‍ത്താണ്ടന്റെ ഭാഗത്തായിരുന്നു. കേരള സര്‍ക്കാര്‍ പോലും അന്ന് വി എസിനെ ആക്രമിക്കുകയാണുണ്ടായത്.

വിശ്വാസികളുടെ സൌകര്യാര്‍ത്ഥം ക്ഷേത്രം നന്നായി നടത്തികൊണ്ടു പോകലല്ലായിരുന്നു ഈ വ്യാജ മഹാരാജവിന്റെ ഉദ്ദേശ്യം. ക്ഷേത്രത്തില്‍ കുന്നുകൂട്ടി ഇട്ടിരുന്ന സ്വത്തിലായിരുന്നു കണ്ണ്. മാര്‍ത്താണ്ടനു സാധിക്കുന്ന തരത്തില്‍ പലതും കടത്തിക്കൊണ്ടു പോയി. ഉമ്മന്‍ ചാണ്ടിയും സംഘവും അതിനു കൂട്ടു നിന്നു.

ഈ മാര്‍ത്താണ്ടനേക്കുറിച്ച് ഉമ്മന്‍ ചാണ്ടി അന്ന് പറഞ്ഞത്, " ക്ഷേത്രത്തില്‍ വന്നാല്‍ കാലിലെ പൊടി പോലും അവിടെ തട്ടിയിട്ടിട്ടേ പോകുമായിരുന്നുള്ളു", എന്നാണ്. അത്രക് ശുദ്ധനായിരുന്നു അദ്ദേഹമെന്നാണിവരൊക്കെ പറഞ്ഞു പരത്തിയിരുന്നത്. ഇപ്പോള്‍ ശുദ്ധന്റെ തനി നിറം ലോകം  അറിയുന്നു. ഇപ്പോള്‍ ഈ രാജ ഭക്തര്‍ക്കൊനും മിണ്ടാട്ടമില്ല.

Unknown said...

പ്രജകളെ അന്യായമായി ചൂഷണം ചെയ്ത്‌ ഉണ്ടാക്കിയ സ്വർണ്ണം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കണം. ആശുപത്രി, ജനങ്ങൾക്കു വേണ്ടി പുതിയ സംരഭങ്ങൾ തുടങ്ങുക എന്നിവ സർക്കാർ ഇച്ഛാശക്തി യോട്‌ കൂടി നടപ്പാക്കണം

kaalidaasan said...

KKR PS,

ഇവിടെ ചെയ്യേണ്ടത് ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തുകയാണ്. ക്ഷേത്ര ഭരണവും  ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തും വേര്‍ തിരിക്കണം. ഈ സ്വത്ത് തിരുവിതാംകൂര്‍ എന്ന രാജ്യത്തിന്റെ സ്വത്താണ്. അല്ലാതെ അത് ഭരിച്ചിരുന്ന രാജാവിന്റെ സ്വകാര്യ സ്വത്തല്ല. തിരുവിതാംകൂറിന്റെ ഖജനാവില്‍ സൂക്ഷിക്കേണ്ടതിനു പകരം സ്വത്ത് മുഴുവന്‍ ക്ഷേത്രത്തില്‍ കൊണ്ടു പോയി സൂക്ഷിച്ചു. ആ രാജ്യത്തിന്റെ സ്വത്തിന്റെ ഇന്നത്തെ അവകാശി കേരളം എന്ന സംസ്ഥാനമാണ്. അല്ലാതെ ഇവിടത്തെ ഹിന്ദുക്കള്‍  മാത്രമല്ല. അതുകൊണ്ട് ഈ സ്വത്ത് കൈകാര്യം ​ചെയ്യാനുള്ള അവകാശം പഴയ രാജ കുടുംബത്തിനില്ല. ക്ഷേത്രത്തിലെ ആചാരങ്ങളിലോ ആരാധനയിലോ ഭരണത്തിലോ ഈ പഴയ രാജ കുടുംബത്തിലെ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതില്‍  തെറ്റില്ല. അതൊക്കെ ഭക്തര്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പക്ഷെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത് ഹിന്ദുക്കളോ ഭക്തരോ പഴയ രാജ കുടുംബമോ അല്ല. അത് സര്‍ക്കാര്‍ മാത്രമാണ്. അത് പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ തന്നെ ചെലവഴിക്കണം.

Makayiram Thirunal Marthanda Varma said...

" പണ്ട് ഒരു ജൂദാസ് ഉണ്ടായിരുന്നു. - ആരോ എഴുതി - ജൂദാസൻ മുപ്പത് വെള്ളികാശല്ല മോഹിച്ചത് പകരം യേശു ദേവൻ അവരെയൊക്കെ ശപിക്കുന്നതായിരുന്നു. - അതിനായിട്ടാണത്രെ യേശുവിൻറെ പാദം ചുംബിച്ച് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്."
അതുപോലെ തീർച്ചയായും ക്ഷേത്ര-സ്വത്ത് രാജ്യത്തിന്റെ സ്വത്താണ് എന്നതിൽ തർക്കിക്കേണ്ടതില്ല. അല്ലാതെ ക്ഷേത്രം ഭരണാധികാരികളുടെ സ്വകാര്യ സ്വത്തല്ല. അതുകൊണ്ടാണല്ലോ രാജ്യത്തുടനീളം ഇപ്പോൾ നടക്കുന്ന "വികസനം" എന്ന പ്രഹേളിക. എന്നാൽ രാജ്യം ആരാണ്?, മാറി മാറി വരുന്ന ഭരണാധികാരികൾ ആരാണ്? ടി-സ്വത്തിൻറെ വിനിയോഗം എന്തൊക്കെയാണ്? അത് നിശ്ചയിക്കുന്നത് ആരായിരിക്കണം? - ഇതൊന്നും മേൽ ബ്ലോഗ്ഗർക്ക് ഒരു പ്രശ്നമേ അല്ല. യേശുവിനെ കാണിച്ച് കൊടുത്താൽ യേശു സർക്കാറിനെ ശപിക്കും - അതോടെ സർക്കാർ വീഴും എന്നാണ് മേൽ എഴുതിയതിൽ നിന്നും ബ്ലോഗ്ഗർ അവകാശപ്പെടുന്നതെന്ന് തോന്നുന്നു.
. എന്ത് കണ്ടിട്ടാണിയാൾ കുറെ അനുമാനങ്ങൾ നിരത്തിയിരിക്കുന്നത് - അയാളുടെ കുടുംബപാരമ്പര്യമോ, പിതൃ-പിതാമഹന്മാരുടെ സ്വഭാവപ്രത്യേകതകളോ? അവരെക്കുറിച്ചുള്ള കേട്ടുകേൾവിയോ? അതോ ജലം ലഭിക്കുമ്പോൾ വിത്തുണരുന്നത് പോലെ ഇയാളുടെ സ്വന്തം സ്വഭാവം പുറത്ത് വന്നതോ?- അതായത് ഒരിക്കൽ ഒരു കള്ളൻ ഒരു കിണ്ണം കട്ടെടുത്ത് രക്ഷപ്പെടുമ്പോൾ അയാൾക്കൊരു ഒരു സംശയം തോന്നിയത്രെ --- തന്നെ കണ്ടാൽ 'കിണ്ണം കട്ടവനാണെന്ന് തോന്നുമോ? - തുടർന്ന് കാണുന്നവരോടൊക്കെ ചോദിച്ചു തുടങ്ങിയത്രെ
"എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്നുമോ?"
രാജ-കുടുംബാംഗങ്ങൾ കൊട്ടാരത്തിൽ ഒരു നേരം കഞ്ഞി കുടിച്ചുകൊണ്ട്, തിങ്കളാഴ്ച നോല്‌മ്പും, മാസത്തിൽ ഒരു ഷഷ്ഠിവ്രതവും, അമാവാസി ഒരിക്കലും, രണ്ട് ഏകാദശിയും ശനിയാഴ്ച്ച വ്രതവും ഒക്കെയായി തന്നെയാണ് ആഘോഷിക്കുന്നത് - മക്കളെയും അത് തന്നെ ശീലിപ്പിക്കുന്നു. സ്വന്തം ഉപഭോഗം കുറച്ചാൽ അത് രാജ്യത്തെ പ്രജകൾക്കും പൗരന്മാർക്കും ഉപയോഗിക്കാമല്ലോ എന്ന ചിന്തയിൽ തന്നെയാണിപ്പോഴും. നാണയങ്ങളും നോട്ടുകളും ജനങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ - വിനിയോഗസൗകര്യാര്ഥം അവർ തന്നെ ഉണ്ടാക്കിയതാണെന്ന് നന്നായി അറിഞ്ഞു തന്നെയാണ് നിത്യവൃത്തി കഴിക്കുന്നത് - അതിനാൽ തന്നെ അതെല്ലാം നാട്ടിൽ കഷ്ടപ്പാട് വന്നാൽ ഉപയോഗിക്കാം എന്ന് കരുതി ഭദ്രമായി കല്ലറയിൽ സൂക്ഷിച്ചു..
അതിൻറെ ആവശ്യവും ഇതുവരെ വന്നിട്ടില്ല.- ഇയാൾ യാത്ര ചെയ്യുന്ന റോഡും റെയിലും പോലും കൊണ്ടുവന്നത് സ്വന്തം സമ്പാദ്യത്തിൽ നിന്നായിരുന്നു - അല്ലാതെ ആ സൂക്ഷിപ്പിൽ നിന്നായിരുന്നില്ല.
- വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക - അവ ആരുമെടുത്തില്ലെങ്കിൽ തിരിച്ചെടുക്കേണ്ടി വരും - പശ്ചാത്തപിക്കാൻ പോലും അവസരം ലഭിച്ചെന്ന് വരില്ല.