Wednesday, 15 May 2013

സൂരി നമ്പൂതിരിമാര്‍ 
എല്ലാ മഴക്കാലത്തും കേരളത്തിലെ കുറെയേറെ ജനങ്ങളെ  മുള്‍മുനയില്‍ നിറുത്തുന്ന ഒരു ചോര്‍ച്ചയുണ്ട്. അത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയാണ്. പക്ഷെ രാഷ്ട്രീയ കേരളത്തെ കഴിഞ്ഞ മൂന്നു വര്‍ഷമായി മുള്‍മുനയില്‍ നിറുത്തുന്നത് മറ്റൊരു ചോര്‍ച്ചയാണ്. അത് സി പി എം എന്ന പാര്‍ട്ടിയിലെ വര്‍ത്താ ചോര്‍ച്ച. ലോകത്തിന്റെ തന്നെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തീരുമനങ്ങളെടുക്കുന്നത് ചോരുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അതെങ്ങനെ സഹിക്കും. സി പി എമ്മിനു ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും  ശാഖകളുണ്ട്. പക്ഷെ കേരളത്തില്‍ മാത്രം  ആണീ ചോര്‍ച്ച എന്ന അസുഖം കാണപ്പെടുന്നത്. ഇതിലെ രസകരമായ വസ്തുത  ഈ വാര്‍ത്തകളൊക്കെ ചോര്‍ത്തുന്നത് വി എസ് അച്യുതാനന്ദന്‍ എന്ന പാര്‍ട്ടി നേതാവിന്റെ  പേര്‍സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ മാത്രമാണെന്നതാണ്. അപ്പോള്‍ ഇതിന്, ഒരു വ്യക്തി കേന്ദ്രീകൃതമായ സ്വഭാവം വരുന്നു.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഓ ചന്തുമേനോന്റെ ഇന്ദുലേഖ ആണ്. ആ നോവലിലെ നായികയായ ഇന്ദുലേഖയുമായി സംബന്ധം ആഗ്രഹിച്ച് സൂരി നമ്പൂതിരി എന്ന കഥാപാത്രം വരുന്നു. ഇന്ദുലേഖയെ  കിട്ടാതെ വന്നപ്പോള്‍ നമ്പൂതിരി ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടിയെ കിട്ടുമോ എന്ന് നോക്കുന്നു. അതിലും പരാജയപ്പെട്ടപ്പോള്‍ ഇന്ദുലേഖയുടെ തോഴിയെക്കൊണ്ട് തൃപ്തനാകുന്നു. ആ സൂരിനമ്പൂതിരിയുടെ അവസ്ഥയാണിപ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ കേരള സെക്രട്ടറിക്കും കേന്ദ്ര സെക്രട്ടറിക്കും.  വി എസിനെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ തോഴന്‍മാര്‍ എങ്കിലുമാകട്ടെ. ആരുടെയെങ്കിലും പേരില്‍ നടപടി എടുത്തേ പറ്റൂ എന്ന അവസ്ഥയിലാണ്, കേരള സെക്രട്ടറി  വിജയന്‍.,.  അത്രക്കു ചൊറിച്ചിലാണദ്ദേഹത്തിന്. ചൊറിയുന്ന പുണ്ണു മാന്തിക്കൊടുക്കാന്‍ എം എ ബേബിയും , കോടിയേരിയും കൂടെ, രാമചന്ദ്രന്‍ പിള്ളയും.
വി.എസിന്റെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കി

                                                                           

 വി എസിന്റെ പെര്‍സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ വാര്‍ത്ത ചോര്‍ത്തി എന്നു പറഞ്ഞാണിപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. അവര്‍ പങ്കെടുക്കാത്ത യോഗത്തിലെ വാര്‍ത്ത അവര്‍ ചോര്‍ത്തി എന്നു പറയുന്നതിലെ വൈരുദ്ധ്യം ഈ സൂരി നമ്പൂതിരിമാര്‍ക്ക്  മനസിലാകില്ല. വാര്‍ത്ത ചോര്‍ത്തിയെങ്കില്‍ അത് വി എസ് മാത്രമാണ്. വി എസ് എന്ന ഇന്ദുലേഖയെ  കിട്ടില്ല എന്നറിവുള്ള സൂരി നമ്പൂതിരിമാര്‍, എങ്കില്‍ തോഴികളായവരെ എങ്കിലും മതി എന്നാണു തീരുമാനിച്ചത്. വി എസിനെ പുറത്താക്കാന്‍ ആണായി പിറന്ന ആരും ഇന്ന് സി പി എമ്മിലില്ല.

രണ്ടു ദിവസം ​മുന്നെ സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗവും പി ബി യോഗവും  ചര്‍ച്ച ചെയ്ത പ്രധാന വിഷയം  കേരളത്തിലെ മൂന്നു ബ്രാഞ്ച്  അംഗങ്ങളെ പുറത്താക്കുന്ന കാര്യമായിരുന്നു. ഒരു പാര്‍ട്ടിയിലെ ഏറ്റവും താഴെക്കിടയിലുള്ള മുന്നു പേരെ പുറത്താക്കാന്‍  പാര്‍ട്ടിയുടെ പരമോന്നത സമിതി കൂടേണ്ടി വന്നു എന്നത്  ഈ പാര്‍ട്ടിയുടെ ചരിത്രത്തിലേ ഏറ്റവും വലിയ നാണക്കേടാണ്. ഇതിനേക്കാള്‍ കൂടുതല്‍ ഇനി ഈ പാര്‍ട്ടിക്ക് അധഃപ്പതിക്കാനില്ല.
വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടുംവി എസ് അച്യുതാനന്ദന്‍ എന്ന നേതാവിനേക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാന്‍  സി പി എമ്മിന്റെ പരമോന്നത സമിതി എത്ര വട്ടം യോഗം ചേര്‍ന്നു എന്നത്  ഈ സമിതിയിലെ അംഗങ്ങള്‍ക്ക് പോലും നിശ്ചയമുണ്ടാകില്ല. വി എസിന്റെ അച്ചടക്ക ലംഘനമാണ്, എന്നും ചേരുന്ന യോഗങ്ങളുടെ മുഖ്യ അജണ്ട. ഇത്രയേറെ അച്ചടക്കം ലംഘിക്കുന്ന  ഇദ്ദേഹത്തിനെ എന്തിനാണീ പാര്‍ട്ടി ഇപ്പോഴും കൊണ്ടു നടക്കുന്നത്? അതിന്റ ഉത്തരം ഒന്നേ ഉള്ളു. പാര്‍ട്ടിയുടെ പര്‍ലമെന്ററി വ്യാമോഹം. തെരഞ്ഞുടുപ്പില്‍ വോട്ടു നേടണമെങ്കില്‍ വി എസ് വേണം. പിണറായി വിജയനോ, ജയരാജന്‍മാരോ ഇളമരം കരിമോ, ലോറന്‍സോ വോട്ടു ചോദിച്ചാല്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും വോട്ടു ചെയ്യില്ല.

സംസ്ഥാന സമിതിയിലും  സെക്രട്ടേറിയറ്റിലും വി എസിനെ ചീത്ത വിളിക്കുന്ന ഈ നപുംസകങ്ങളൊക്കെ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ അച്ചടിക്കുന്ന  ഫ്ളക്സ് ബോര്‍ഡുകളില്‍ വിഎസിന്റെ ചിത്രം വയ്ക്കും. സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തെ പ്രസംഗിക്കന്‍ ക്ഷണിക്കുന്നതിനു വേണ്ടി മത്സരിക്കും.  വി എസ് നയിച്ചാല്‍ മുന്നണി തോറ്റുപോകുമെന്ന് പറയുന്നവര്‍ വരെ  ഇതിനു വേണ്ടി മത്സരിക്കും. ഇതുപോലെ നാണം കെട്ട വേറേ ഒരു രാഷ്ട്രീയ വര്‍ഗ്ഗം ഉണ്ടെന്നു തോന്നുന്നില്ല.

ഇന്‍ഡ്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ    മാത്രം  ശക്തിയുള്ള, അഞ്ച് ശതമാനത്തില്‍ താഴെ മാത്രം  വോട്ടുള്ള ഈ പാര്‍ട്ടിയിലെ ഒരു സംസ്ഥാനനേതാവായ വി എസിന്റെ വിഷയം ദേശീയ മാദ്ധ്യമങ്ങളില്‍ വരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. പി ബി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ നിറഞ്ഞ ചിരിയോടെ  കാരാട്ട് സംസാരിച്ചു തുടങ്ങിയത് പിബി  തീരുമാനം ഇതിനകം മാധ്യമങ്ങളില്‍ വാര്‍ത്തയായല്ലോ എന്നുള്ള ആമുഖത്തോടെയായിരുന്നു. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് സമയം പാഴാക്കുന്നില്ല, എന്നും കാരാട്ട് തമാശമട്ടില്‍ പറഞ്ഞു..  കേന്ദ്ര കമ്മിറ്റി തീരുമാനം ചോര്‍ന്നു എന്നാണതിന്റെ  അര്‍ത്ഥം. വാര്‍ത്ത ചോര്‍ത്തി എന്നും പറഞ്ഞ് മൂന്നു പേരെ പുറത്താക്കാന്‍ എടുത്ത തീരുമാനവും  ചോരുന്നു. നമ്മളൊക്കെ കാണുന്നത് സ്വപ്നമാണോ അതോ  യാഥാര്‍ത്ഥ്യമാണോ? കള്ളന്‍ കപ്പലില്‍ തന്നെ. ശുദ്ധ അസംബന്ധ ചോദ്യങ്ങള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദിക്കാറുള്ള ഒരു പത്ര ലേഖകനും,  ആരാണീ വാര്‍ത്ത ചോര്‍ത്തിയതെന്ന്  സൂരി നമ്പൂതിരിയോട് ചോദിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും  കൃത്യമായി വാര്‍ത്ത ചോര്‍ത്തുന്ന വീരന്‍മാര്‍ ഉണ്ട്. കേരള സൂരി നമ്പൂതിരിയുടെ അശ്രിതന്‍ മാരായതുകൊണ്ട് അവരെ കേന്ദ്ര സൂരി നമ്പൂതിരി സംരക്ഷിക്കുന്നു. ലക്ഷ്യം വി എസ് മാത്രമാകുമ്പോള്‍  ഈ ആശ്രിതരുടെ ചോര്‍ത്തലുകള്‍ സൂരിയുടെ ചിന്താ മണ്ഡലത്തിലേ വരില്ല. അതാണ്  ഈ  പാര്‍ട്ടിയേപ്പറ്റി മറ്റാര്‍ക്കും ഒരു ചുക്കുമറിയില്ല എന്ന്  വിജയന്‍ കൂടെക്കൂടെ പറയുന്നതിന്റെ രഹസ്യം.

വി എസ്‌. വിട്ടുനിന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍നിന്നും വാര്‍ത്ത ചോര്‍ന്നിരുന്നു. അത് വി എസോ അദ്ദേഹത്തിന്റെ സ്റ്റാഫോ അല്ല  ചെയ്തത്. വാര്‍ത്തചോര്‍ത്തിയ കുറ്റം നിഷേധിച്ചു കത്തെഴുതിയ വി എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങള്‍, വി എസ്‌. പങ്കെടുക്കാത്ത സെക്രട്ടറിയേറ്റ്‌ യോഗത്തിന്റെ വാര്‍ത്ത തത്സമയം ചാനലുകളില്‍ വന്നതു സി ഡിയിലാക്കി കേന്ദ്രനേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം സൂരിനമ്പൂതിരിമാര്‍  തള്ളി. ഈ നമ്പൂതിരിമാര്‍ ചേര്‍ന്നിരുന്ന്  എടുത്ത തീരുമാനവും തല്‍സമയം ചാനലുകളില്‍ വന്നതിലും, സൂരിനമ്പൂതിരിക്ക് യാതൊരു പ്രശ്നവുമില്ല. കുറ്റാരോപിതര്‍ വി എസോ അദ്ദേഹത്തോടടുത്തവരോ ആകുമ്പോള്‍ ആണു പ്രശ്നം. നമ്പൂതിരി ഭാഷയില്‍ അസ്ഖ്യത.


ഇന്ദുലേഖ നോവലിലെ സൂരി നമ്പൂതിരി തോഴിയെ കൊണ്ടുപോയപ്പോള്‍ ആശ്രിതരോട് കൊണ്ടുപോയത് ഇന്ദുലേഖയെ തന്നെയാണ്  എന്ന് പ്രചരിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഈ സൂരി നമ്പൂതിരിമാരും  പ്രചരിപ്പിക്കാന്‍ പോകുന്നത്, നടപടി വി എസിനെതിരെ ആണെന്നായിരിക്കും.  പക്ഷെ സൂരി നമ്പൂതിരി എന്നും സൂരിനമ്പൂതിരി ആയിരിക്കും. ഇന്ദുലേഖ ഇന്ദുലേഖയും. അത് വി എസിന്റെ പെഴ്സണല്‍ അസിസ്റന്റ് എ സുരേഷിന്റെ വാക്കുകളിലുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍,. വി എസ് അച്യുതാന്ദന്‍ എന്ന ചുവന്ന സൂര്യനെ  പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ കഴിയില്ല. ഇത്തരം നടപടികള്‍ കൊണ്ട് വി എസിനെ  ഒതുക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ഇത്തരം ഓലപ്പാമ്പു കാട്ടിയാല്‍ വി എസ് പേടിക്കുമെന്നാണ്, സൂരി നമ്പൂതിരിമാര്‍ കരുതുന്നത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. വി എസ് പുന്നപ്ര വയലാര്‍ സമരം ചെയ്യുമ്പോള്‍ വള്ളിനിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടന്നവാരാണീ സൂരി നമ്പൂതിരിമാര്‍,. എ കെ ജി സെന്ററില്‍ പ്യൂണിന്റെ ജോലി ചെയ്ത് ജെനെറല്‍ സെക്രട്ടറി പദത്തോളം എത്തിപ്പെട്ട വ്യക്തിയാണ്,  കാരാട്ട്. ജീവിതത്തില്‍ ഇന്നു വരെ ഒരു ജനകീയസമരത്തിലും പങ്കെടുക്കാത്ത കാരാട്ടിന്, വി എസിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ഇല്ല. 2006 ലും, 2011 ലും തെരഞ്ഞെടുപ്പിനു മുന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കേന്ദ്രത്തില്‍ നിന്നും പി ബി അയച്ചത് കാരാട്ടിനെ ആയിരുന്നു. വി എസ് മത്സരിക്കണമെന്ന പി ബി  നിര്‍ദ്ദേശം  കേരളത്തില്‍ അവതരിപ്പിക്കാനാണന്ന് അയച്ചതും. പക്ഷെ കേരളത്തിലെത്തിയപ്പോള്‍ കാരാട്ടിന്റെ മുട്ടു വിറച്ചു. വിജയന്റെ വിരട്ടലില്‍ കാരാട്ട് വന്ന കാര്യം മറന്നു. പറയാനുള്ളത് പറയാതെ വിജയന്റെ ധാര്‍ഷ്ട്യത്തിനു കുട പിടിച്ചിട്ട് തിരിച്ചു പോയി.  പക്ഷെ പി ബി യിലെ എല്ലാവരും കിഴങ്ങന്‍ മാരല്ലാത്തതുകൊണ്ട് അവര്‍  അവരുടെ തീരുമാനം നടപ്പിലാക്കി. കരാട്ടിനേപ്പോലെ കേരള സൂരി നമ്പൂതിരി വിജയന്‍ പാര്‍ട്ടിയുടെ അമരത്ത് വന്നതിനു ശേഷം ഒരു ജനകീയ സമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. ഈ വര്‍ഷം നടത്തിയ പല സമരങ്ങളും പൊതു ജനം അവജ്ഞയോടെ തള്ളിക്കളഞ്ഞു.

വി എസിനു ജനകീയ നേതാവായിരിക്കാന്‍ പാര്‍ട്ടി അംഗത്വം പോലും ആവശ്യമില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തദ്ദേഹം ഉണ്ടായാലും ഇല്ലെങ്കിലും  ജനമനസില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഒരു സൂരി നമ്പൂതിരിക്കും ഇല്ലാതാക്കാനും ആകില്ല.

എന്താണു വി എസിന്,   ഇതുപോലെ പ്രധാന്യമുണ്ടാകാന്‍ കാരണം?

അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ അപൂര്‍വം മുഖങ്ങളിലൊന്നാണു വി എസ്.  അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങളും ഇടപെട്ട പ്രശ്നങ്ങളും ദീര്‍ഘ കാലം പൊതു സമൂഹത്തില്‍ പ്രസക്തമായതുകൊണ്ടാണത്.


ഒരുകാലത്ത് സി പി എം  പ്രവര്‍ത്തിച്ചിരുന്നത് അതി ശക്തമായ അച്ചടക്കത്തിലായിരുന്നു. പാര്‍ട്ടിക്ക് തീരുമാനം  ഒന്നുമാത്രമായിരുന്നു. അതിന്റെ കാരണം കമ്യൂണിസ്റ്റ് തത്വങ്ങളില്‍ നിന്നും അന്നത്തെ നേതാക്കള്‍ വ്യതിചലിച്ചിരുന്നില്ല എന്നതും. അതുകൊണ്ട് തീരുമാനങ്ങള്‍  പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു.   അതിന്റെ ഫലമായി പാര്‍ട്ടിയെക്കുറിച്ച് ബഹുജനങ്ങളില്‍ ആരാധനയും വളര്‍ന്നു. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കുപോലും  പാര്‍ട്ടിയോട് മതിപ്പുണ്ടായി.  വ്യക്തമായ അഭിപ്രായമുള്ളതും ഉറച്ച നിലപാടുള്ളതുമായ നേതാക്കളും  പാര്‍ട്ടിക്കുണ്ടായിരുന്നു. ഇതുപോലുള്ള  നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളെയും നയങ്ങളെയും മറ്റു നേതാക്കളുടെ ഇടയില്‍ അവതരിപ്പിച്ച് അവരുടെകൂടെ അംഗീകാരം നേടി അത് സംഘടനാ തീരുമാനമായി  മാറ്റി. അതിന്റെ കാരണം ആ അഭിപ്രായങ്ങള്‍ ഒരിക്കലും കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതി ചലിച്ചിരുന്നില്ല എന്നതും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അത് ആശയ സമരമായിരുന്നു. പക്ഷേ, ഇതെല്ലാം ഇന്ന് പഴം കഥകളാണ്.   പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാകുമ്പോള്‍ അവര്‍ക്ക് കൂടി സ്വീകാര്യമായ രീതിയില്‍  വിഷയങ്ങളില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി അത് പൊതു സ്വീകര്യമായ തീരുമാനമായി നടപ്പിലാക്കാന്‍ കഴിവുള്ളവരുടെ കാലം ഇന്നില്ല.

ഏവര്‍ക്കും സ്വീകാര്യമായിരുന്ന ഈ രീതി നേതൃനിരയില്‍ വ്യാജനേതാക്കള്‍ കടന്നുവരാന്‍ തുടങ്ങിയതോടുകൂടി ഇല്ലാതായി. വ്യജന്‍മാര്‍ അവരുടെ ഇഷ്ടങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പിലാക്കി. സംഘടനക്കുള്ളിലെ  ബന്ധം അധികാരിയും അടിയാന്‍മാരും  തമ്മിലുള്ള പോലെയായി. വിധേയന്മാര്‍ അരങ്ങു വാഴാന്‍ തുടങ്ങിയപ്പോഴാണ്, പാര്‍ട്ടി അധഃപ്പതിക്കാന്‍ തുടങ്ങിയത്. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വെണ്ടി ചേരിമാറലും കാലു വാരലും സാധാരണയായി.  പാര്‍ട്ടി നേതാക്കളെ പൊതുതെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിക്കുന്ന അവസ്ഥ അവരെ അത് ചെന്നെത്തി. വലതുപക്ഷ വ്യതിയാനങ്ങളും, പല തരത്തിലുള്ള മാഫിയകളുടെ കൂട്ടെകെട്ടുകളും, മുതലാളിത്ത സുഖവാസരീതികളും പാര്‍ട്ടിയില്‍ പടര്‍ന്നു കയറി. പലോറ മാതയുടെ ആടിനെ വിറ്റ പണം കൊണ്ട് കെട്ടിപ്പൊക്കിയ പാര്‍ട്ടി പഞ്ച നക്ഷത്ര ഹോട്ടലുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളും നടത്താന്‍ ആരംഭിച്ചു.  ഇതിനെയൊക്കെ ചോദ്യം ചെയ്തവരെ ലെനിനിസ്റ്റ് സംഘടന തത്വം കൊണ്ട് അടിച്ചമര്‍ത്തി.

പാര്‍ട്ടി കയ്യടക്കിയവരുടെ ഈ ഭൂമികയിലാണ്, വി എസ്  തനിക്ക് ശരിയെന്ന് ബോധ്യമുള്ള കമ്യൂണിസ്റ്റു നയങ്ങളും പോരാട്ടങ്ങളുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നത്. അതിനു വലിയ സ്വീകാര്യത ഉണ്ടാവുകയും ചെയ്തു.

കേരളത്തിന്റെ  സാമൂഹിക ജീവിതം രൂപീകരിക്കുന്നതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാകുന്നതിനു മുനെ കേരളീയരുടെ മനസില്‍ പുരോഗന ചിന്തയും ഇടതുപക്ഷ ആശയങ്ങളും വേരു പിടിച്ചിരുന്നു. കേരളത്തിലെ  കോണ്‍ഗ്രസില്‍ പോലും ഒരു ഇടതുപക്ഷ മനസുണ്ട്.  60 കളിലും 70 കളിലും 80 കളിലും കേരളത്തില്‍ ഇടത്തും വലത്തും ചര്‍ച്ച ചെയ്യപ്പെട്ടത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു.  ആ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അമരത്തിരുന്ന സി പി എമ്മില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ജീര്‍ണതയാണ്. പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നത് വി എസിനെ എന്ന് സി പി എമ്മില്‍ നിന്നു പുറത്താക്കുമെന്നും. വേറേ ഏതൊരു പാര്‍ട്ടിയില്‍ നിന്നും ആരെയെങ്കിലും പുറത്താക്കുന്നുണ്ടോ എന്നത് ഇത്രയേറെ ഉദ്വേഗത്തോടെ ആരും ചര്‍ച്ച ചെയ്യുന്നില്ല  അതിന്റെ കാരണം കേരള രാഷ്ട്രീയം ഒരു പതിറ്റാണ്ടിലധികമായി വി എസ് എന്ന രണ്ടരക്ഷരത്തിനു ചുറ്റും കിടന്നു കറങ്ങുന്നു  എന്നതാണ്. ഇടതുപക്ഷ ആശയങ്ങളില്‍ ഊന്നി വി എസ് കലാപത്തിനിറങ്ങുമ്പോള്‍ പിണറായി വിജയന്‍ മുതലാളിത്തത്തിന്റെ  തിരുശേഷിപ്പുകളായ ഷോപ്പിംഗ് മാളുകള്‍ക്കും, പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കും, അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ക്കും വേണ്ടി  നിലകൊള്ളുന്നു.  ഇതാണു കേരളത്തിലെ പാര്‍ട്ടിയുടെ പുതിയ ശൈലി. വി എസ് ആ ശൈലിയുടെ ഭാഗമാകുന്നില്ല അതാണ്, വി എസും പിണറായി വിജയനും തമ്മിലുള്ള പോരിന്റെ അടിസ്ഥാന  കാരണം. വിജയന്റെ പുതിയ ഇടപാടുകളില്‍ ഇടതുപക്ഷ രാഷ്ട്രീയമില്ല. അത് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല.  ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ  ആവശ്യങ്ങളാണവ. ഇത് മുതലാളിത്ത ആഭിമുഖ്യം ആണ്. വെടിയുണ്ടയും തോക്കും അംഗരക്ഷകരും ആയി നടക്കുന്നവര്‍ സാധാരണ ജനത്തില്‍ നിന്നും ബോധ പൂര്‍വം അകന്നു നില്‍ക്കുന്നു. ഇതിനെയെല്ലാം വി എസ് എതിര്‍ത്തു. ആ എതിര്‍പ്പുയര്‍ത്തുന്ന രാഷ്ട്രീയം കേരളീയ പൊതു ബോധത്തിനു സ്വീകാര്യമാണ്. അതുകൊണ്ട് വി എസ് എത്തുന്ന ഇടങ്ങളില്‍ സാധാരണക്കാര്‍ തടിച്ചു കൂടുന്നു. കോക കോളക്കെതിരായ സമരം ആഗോളീകരണത്തിനെതിരെ ഉയര്‍ന്ന ധര്‍മ്മികതയുടെ സ്വരമായിരുന്നു. ജലസ്രോതസ്സ് സംരക്ഷണവും ആവാസവ്യവസ്ഥ സംരക്ഷിക്കലും മനുഷ്യന്റെ അതിജീവനത്തിനു വേണ്ടതാണെന്നു തിരിച്ചറിഞ്ഞവര്‍ അതിനു പിന്നില്‍ അണിനിരന്നു. ഇടമലയാര്‍ കേസില്‍ വി എസ് നടത്തിയ പോരാട്ടം കേരളത്തിനു പുറത്തുപോലും അദ്ദേഹത്തിനു ജനസമ്മതി നേടിക്കൊടുത്തു. മതികെട്ടാനിലും മറ്റും നടത്തിയത് പാരിസ്ഥിതിക പോരാട്ടങ്ങളായിരുന്നു. മൂന്നാറിലും കേരളത്തിന്റെ മറ്റിടങ്ങളിലും  ഭൂമാഫിയക്കെതിരെ പോരാടി. ലോട്ടറി മാഫിയക്കും മണല്‍ മാഫിയക്കും ഒക്കെ എതിരായി നിലകൊണ്ട്. അപ്പോഴൊക്കെ പിണറായി വിജയന്‍ ഒളിഞ്ഞും തെളിഞ്ഞും ഈ പോരാട്ടങ്ങള്‍ക്ക് തുരങ്കം വച്ചൂ എന്നു മാത്രമല്ല, ഫാരീസ് അബൂബേക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ലിസ് ചാക്കോ തുടങ്ങിയ മാഫിയ രാജാക്കന്‍ മാരെ സംരക്ഷിക്കുകയും ചെയ്തു. തച്ചങ്കരിയേപ്പോലെ ഭരണ രംഗത്തുള്ള  ജനദ്രോഹികളെ ശിക്ഷിക്കാന്‍ വി എസ് തുനിഞ്ഞപ്പോള്‍ വിജയന്‍ അവരില്‍  പലരെയും സംരക്ഷിച്ചു. ഈ പോരാട്ടങ്ങളില്‍ പലതും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും,  വി എസ് തുടങ്ങി വച്ച  ഇത്തരം പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ലാവലിന്‍ അഴിമതിക്കെതിരായ വി എസിന്റെ  ശബ്ദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്., അതില്‍ അഴിമതി ഇല്ലെന്ന് പാര്‍ട്ടി അന്വേഷിച്ചു കണ്ടെത്തിയിട്ടും  വി എസ് തന്റെ നിലപാട് മാറ്റിയിട്ടില്ല. വി എസിനെ പുറത്താക്കിയാലും ഇതുപോലുള്ള വിഷയങ്ങള്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിക്കൊണ്ടു  വരും. അല്ലെങ്കില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയായി തീരണം. ഇത് വെറും രണ്ട് വ്യക്തികള്‍ തമ്മിലുള്ള വഴക്കല്ല, പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ്.  ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലെ ഹരിത രാഷ്ട്രീയക്കാര്‍ എന്നറിയപ്പെടുന്ന  ഒരു വിഭാഗം  ഇതില്‍ പലതും ഏറ്റെടുത്തു കഴിഞ്ഞു. ബംഗാളില്‍ സി പി എം ഉപേക്ഷിച്ചുപോയ സ്ഥലികളിലേക്ക്  മമത കയറി നിന്നതുപോലെ.  വി എസ് ഉയര്‍ത്തുന്ന  വിഷയങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ചാല്‍ അവിടേക്ക് മറ്റ് പലരും കയറി വരും. അന്ന് പാര്‍ട്ടിക്ക് ബംഗാളിലുണ്ടായ അനുഭവം ഉണ്ടാകും. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിജയനും കൂടെയുള്ള ഗൂഡ സംഘവുമാണ്.


അടുത്ത കാലത്ത് വി എസ് ഉയര്‍ത്തിയ പാര്‍ട്ടിയുമായി ബ്വന്ധപ്പെട്ട രണ്ടു വിഷയങ്ങളാണ്, പാര്‍ട്ടിയെ കൂടുതലായി ഉലയ്ക്കാന്‍ പോകുന്നത്. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന്  വി എസ് വിശ്വസിക്കുകയും അത് പൊതുസമൂഹത്തിനു  മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തതാണ്.  പാര്‍ട്ടി സെക്രട്ടറിയെ അഴിമതിക്കാരനെന്ന്  കേന്ദ്രകമ്മിറ്റി അംഗം വിളിക്കുകയും അതിനുശേഷം ഇരുവരും ഒരു പര്‍ട്ടിയില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമുണ്ട്. ഇത് പാര്‍ട്ടിയുടെ പ്രതിസന്ധി എന്നതിനപ്പുറം വി എസ് പറഞ്ഞതാണു ശരി എന്നു വരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നില്ല? വിജയന്‍ അഴിമതി നടത്തിയിട്ടില്ല എന്ന് പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ വി എസിനെ പുറത്താക്കണം എന്നാണ്, സാധാരണ  ജനം പ്രതീക്ഷിക്കുക. അത് നടന്നില്ലെങ്കില്‍ വിജയന്‍  അഴിമതിക്കാരനാണെന്ന് പാര്‍ട്ടി സമ്മതിക്കുന്നതായി അവര്‍ വിലയിരുത്തും. ഇതുപോലെയുള്ള ഒരു പ്രതിസന്ധി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.  അപ്പോള്‍ നുണ പറയുന്നത് ആരാണ്?  പാര്‍ട്ടി നേതൃത്വമോ വി എസോ? പാര്‍ട്ടി നേതൃത്വമാണെന്ന് ഏത് കൊച്ചു കുട്ടിയും പറയും. ഇതിലെ രസകരമായ കാര്യം ലാവലിന്‍ കേസില്‍ വിജയനു വേണ്ടി വാദിക്കുന്നതും ഐസ് ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വാദിക്കുന്നതും ഒരേ വക്കീലാണന്നതാണ്.

രണ്ടാമത്തെ വിഷയം ടി  പി ചന്ദ്രശേഖരന്റെ കൊലപാതകമാണ്. അതില്‍  കേരളത്തിലെ പാര്‍ട്ടിയുടെ ജനവിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടക്കം അറുപതിലധികം പേര്‍ ജയിലിലുണ്ട്. പാര്‍ട്ടിയാണ് ടി പിയെ കൊന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇക്കാര്യം  വിഎസ് പാര്‍ട്ടി നേതൃത്തെ അറിയിച്ചിട്ടുണ്ട്.  ഇത് തിരുത്താനുള്ള ശ്രമം പാര്‍ട്ടി ചെയ്യണമെന്ന് വി എസ്  ആവശ്യപ്പെടുന്നു. കൊല നടത്തിയ ഗുണ്ടകളെ പാര്‍ട്ടി ഓഫീസുകളിലും മറ്റിടങ്ങളിലും പാര്‍ട്ടി  സംരക്ഷിച്ചു. ഇപ്പോള്‍ ഗുണ്ടകള്‍ക്കും  പ്രതികളായ പാര്‍ട്ടി അംഗങ്ങള്‍ക്കും വേണ്ടി ഒരേ വക്കീലു തന്നെ വാദിക്കുന്നു. അത് കാണുന്ന ജനങ്ങള്‍  പാര്‍ട്ടിയാണ് അത് ചെയ്തതെന്ന് വിശ്വസിക്കുന്നു.  പാര്‍ട്ടിക്കിതില്‍ പങ്കില്ല എന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം പറയുന്നു. അതിനൊപ്പം  പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വച്ചിട്ടുണ്ട് എന്നും പറയുന്നു. പക്ഷെ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട ആര്‍ക്കും അതേക്കുറിച്ച് അറിയില്ല.  അന്വേഷണം ഏതാണ്ടു പൂര്‍ത്തി ആയിട്ടുണ്ട് എന്നും പറയുന്നു. വിഷയം കോടതിയിലായതുകൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആകില്ല എന്നു കൂടി പറയുന്നു. ആദ്യം  വാദിച്ചതുപോലെ പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍, അതില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടുകൂടെ? റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണം  പാര്‍ട്ടിക്കിതില്‍ വ്യക്തമായ പങ്കുണ്ട് എന്നല്ലേ. പൊതു ജനം അതേ വിശ്വസിക്കു. ഇതും  പാര്‍ട്ടിയുടെ പ്രതിസന്ധിയാണ്.

ചന്ദ്രശേഖരന്‍ വി എസിന്റെ ഉറച്ച അനുയായി ആയിരുന്നു. മലബാറില്‍ വി എസിന്റെ പിന്നില്‍ അണിനിരന്ന ഏറ്റവും തലയെടുപ്പും ജനസമ്മതിയും ഉള്ള നേതാവ്. അദ്ദേഹത്തെ തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ച് വിജയന്‍ പരാജയപ്പെട്ടു. അതിന്റെ കലിപ്പായിരുന്നു ഒഞ്ചിയത്തെ ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജനതാ ദളിനു വിട്ടുകൊടുക്കന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി അണികളുടെ  അഭിപ്രായത്തിനു വിരുദ്ധമായി ഈ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണു പ്രശ്നമായത്. പഞ്ചായത്ത് നേതാക്കള്‍ അറിയാതെ ജില്ലാ നേതക്കള്‍ അങ്ങനെ ഒരു തീരുമനം എടുത്തിരുന്നു എന്നാണതിനു ന്യായീകരണം പറഞ്ഞത്. അതിന്റെ പേരില്‍ പൊട്ടിത്തെറി ഉണ്ടായി. ഒരേരിയ കമ്മിറ്റി അപ്പാടെ വിട്ടുപോയി. പിന്നീട് ആര്‍ക്ക് വേണ്ടിയാണോ ഒരേരിയ കമ്മിറ്റിയെ ബലികൊടുത്തത്, അതേ ജനതാ ദളിനെ വിജയന്‍ തന്നെ ഇടതുമുന്നണിയില്‍ നിന്നും ചവുട്ടിപ്പുറത്താക്കി. പിന്നീട് നടന്നത് ചരിത്രം. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു നാടകം ഷൊര്‍ണ്ണൂരില്‍ ആവര്‍ത്തിക്കുന്നു. അവിടെ പാര്‍ട്ടി വിട്ടുപോയ മുരളി കോണ്‍ഗ്രസുമായി ഒരു ധാരണയുണ്ടാക്കി. ഒഞ്ചിയത്തേപ്പോലെ   രഹസ്യമായി അല്ല. പരസ്യമായി തന്നെ. ആദ്യം മുരളി പ്രസിഡണ്ടാവുക. പിന്നെ കോണ്‍ഗ്രസിനു പ്രസിഡണ്ട് സ്ഥാനം വിട്ടു കൊടുക്കുക. പക്ഷെ മുരളി അത് തെറ്റിച്ചു. സി പി എം  ഇപ്പോള്‍ മുരളിയെ പിന്തുണക്കുന്നു. ധാരണയുടെ പരിപവനത പറഞ്ഞ് കറകളഞ്ഞ കമ്യൂണിസ്റ്റായ ചന്ദ്രശേഖരനെ പുറത്താക്കി വധിച്ച അതേ പാര്‍ട്ടി   തന്നെ, ധാരണ തെറ്റിച്ച്   വരുന്ന മുരളിയെ പിന്തുണക്കുന്നു. ജനങ്ങളോട് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വിചിത്ര നിലപാടാണിത്. ചന്ദ്രശേഖരനെ വധിച്ചാല്‍  അദ്ദേഹത്തിന്റെ പാര്‍ട്ടി  ഇല്ലാതാകുമെന്നു ധരിച്ചവര്‍ക്ക് തെറ്റിപ്പോയി.  അതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ചരമ  വാര്‍ഷിക ദിനത്തില്‍  അവിടേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലി. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍  അദ്ദേഹത്തിന്റെ വിധവയെ അവിടെ പ്രസംഗിക്കാന്‍ വേണ്ടി ക്ഷണിക്കുന്നു.


ചന്ദ്രശേഖരന്‍ വധത്തിനു മുന്നെ വി എസിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കണമെന്നതായിരുന്നു  വിജയന്റെയൊക്കെ ആഗ്രഹം. പക്ഷെ ഇപ്പോളത്    പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന്  മാറ്റണം എന്നതായിരിക്കുന്നു. വി എസിനെ മാറ്റി,  യു ഡി എഫ് മന്ത്രിസഭയെ മറിച്ചിട്ട്, ഏതെങ്കിലും വിധേയനെ മുഖ്യമന്ത്രി ആക്കി അവരോധിച്ച്,  ടി  പി വധക്കേസ് അട്ടിമറിച്ച് കേസില്‍  അകപ്പെട്ട  പാര്‍ട്ടി അംഗങ്ങളെ രക്ഷിച്ചെടുക്കണം എന്നതാണിപ്പോഴത്തെ ലക്ഷ്യം. വി എസിനെ പുറത്താക്കിയാല്‍ ഒരു പക്ഷെ പാര്‍ട്ടി പിളരും. യു ഡി എഫില്‍ നിന്നും കാലുമാറി ചിലര്‍ വന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം  ലഭിക്കാന്‍ സാധ്യതയില്ല. അതിലും നല്ലത് വിഎസിനെ ഒതുക്കി ഒരു മൂലയിരുത്തി  ഈ കേസില്‍ നിന്നും  തടിയൂരണം എന്നാണിപ്പോള്‍ വിജയന്റെയും  കിങ്കരന്‍മാരുടെയും ആഗ്രഹം. സംസ്ഥാന നേതാക്കളുടെ ഈ പാര്‍ലമെന്ററി വ്യാമോഹത്തെ  കേന്ദ്ര നേതാക്കള്‍ അതേ വ്യാമോഹം  കൊണ്ട് തട്ടിത്തെറിപ്പിച്ചു. പാര്‍ട്ടിയുടെ സംഘടനാരീതികള്‍ അനുസരിച്ച് സംസ്ഥാന കമ്മിറ്റി ഒരു പ്രമേയം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയാല്‍ അത് അംഗീകരിക്കാനുള്ള  ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനുണ്ട്.പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ പാരമാവധി പാര്‍ലമെന്റ് സീറ്റുകള്‍  ഒപ്പിച്ചെടുക്കുക എന്ന പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച അവര്‍  വിജയന്റെ സ്വപ്നത്തിനു കടക്കല്‍ തന്നെ കത്തി വച്ചു.

വി എസിനെ ഒഴിവാക്കി മുന്നോട്ടുപോകാന്‍  സി പി എമ്മിന് ആവില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാം. അത്   പാര്‍ട്ടി നേതാക്കള്‍ക്കും  അറിയാം. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വിജയന്‍ ഇപ്പോള്‍  ശ്രമിക്കില്ല.  മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വി എസ്  സൃഷ്ടിച്ച പ്രതിച്ഛായ അഴിമതിക്കെതിരായ പോരാളി എന്നാണ്. അഴിമതിക്കെതിരെ പോരാടുന്ന നേതാവിനെ പുറത്താക്കാന്‍ നടക്കുന്ന പാര്‍ട്ടിയെ , അഴിമതിയെ അനുകൂലിക്കുന്ന പാര്‍ട്ടി എന്നായിരിക്കും മറ്റുള്ളവര്‍ വിലയിരുത്തുക. ആ യുക്തിയാണ് ഇവിടെ  മേല്‍ക്കൈ നേടിയത്. അതുകൊണ്ടാണ് വി എസിനെ പാര്‍ട്ടി പുറത്താക്കാത്തത്. കാരണം വി എസിനെ  പുറത്താക്കാന്‍ ശ്രമിച്ചാല്‍ സി പി എം അഴിമതിക്കാരുടെ സംരക്ഷണസംഘമായി മാറും. സത്യം പറഞ്ഞതിനാണ് തന്നെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കിയതെന്ന് വി എസ് പറഞ്ഞത് ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ല.  പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നാല്‍    ഇനിയും കൂടുതൽ സത്യങ്ങള്‍ അദ്ദേഹം തുറന്നുപറയും. അതൊരു പക്ഷെ   സി പി എമ്മിനെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടാനും  വഴിയുണ്ട്.   അതുകൊണ്ട് ഇന്ദുലേഖയില്ലെങ്കിലും  തോഴിമാര്‍  ആയാലും മതി എന്ന നിലയില്‍, മൂന്നു വര്‍ഷം മുന്നെ എഴുതപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോഴിമാരെ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നു.

ഇവരെ പുറത്താക്കിയത് വി എസിനു ക്ഷീണമുണ്ടാക്കും. പക്ഷെ അതൊന്നും അദ്ദേഹത്തിന്റെ പോരാട്ടത്തെ  പിന്നോട്ടടിക്കില്ല. പുറത്താക്കപ്പെട്ടവര്‍ തന്നെ അദ്ദേഹം ​ആവശ്യപ്പെടുന്ന എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നു പറയുന്നതിനു വലിയ അര്‍ത്ഥ വ്യാപ്തിയുണ്ട്. ചന്ദ്രശേഖരനെ പുറത്താക്കി വധിച്ചതുപോലെ  ഇവരെയും ക്വട്ടേഷന്‍ നല്‍കി വധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

അയല്‍ക്കാരും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ സാധാരണ കണ്ടു വരുന്ന ചില നടപടികളുണ്ട്. പറമ്പിലേക്ക് മലം വലിച്ചെറിയുക.  മരങ്ങള്‍ വെട്ടി നശിപ്പിക്കുക. ആടിനും പശുവിനും കപ്പയുടെ ഇലയും റബറിന്റെ ഇലയും തിന്നാന്‍ കൊടുക്കുക, കിണറില്‍ മാലിന്യം   കൊണ്ടു പോയി ഇടുക  തുടങ്ങിയ ചില തറ വേലത്തരങ്ങള്‍  ആണവ. ഇപ്പോള്‍ വി എസിന്റെ  സഹായികള്‍ക്കെതിരെ എടുത്ത നടപടിയും ഇതിനു സമാനമാണ്. സി പി എം എന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ മാനസിക നിലവാരം ഇതാണ്. വെറുതെയല്ല പാര്‍ട്ടി  മൂന്നു പതിറ്റാണ്ടായി ഒരിഞ്ച് പോലും വളരാതെ നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുന്നത്. ജനസമ്മതിയുള്ള നേതാക്കളെ  പുറത്താക്കിയും, അവഹേളിച്ചും, കൊലപ്പെടുത്തിയും നടന്നാല്‍ പാര്‍ട്ടി വളരുന്നത്   പടവലങ്ങ പോലെ താഴോട്ടായിരിക്കും.


15 comments:

kaalidaasan said...

അയല്‍ക്കാരും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ സാധാരണ കണ്ടു വരുന്ന ചില നടപടികളുണ്ട്. പറമ്പിലേക്ക് മലം വലിച്ചെറിയുക. മരങ്ങള്‍ വെട്ടി നശിപ്പിക്കുക. ആടിനും പശുവിനും കപ്പയുടെ ഇലയും റബറിന്റെ ഇലയും തിന്നാന്‍ കൊടുക്കുക, കിണറില്‍ മാലിനയം കൊണ്ടു പോയി ഇടുക തുടങ്ങിയ ചില തറ വേലത്തരങ്ങള്‍ ആണവ. ഇപ്പോള്‍ വി എസിന്റെ സഹായികള്‍ക്കെതിരെ എടുത്ത നടപടിയും ഇതിനു സമാനമാണ്. സി പി എം എന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ മാനസിക നിലവാരം ഇതാണ്. വെറുതെയല്ല പാര്‍ട്ടി മൂന്നു പതിറ്റാണ്ടായി ഒരിഞ്ച് പോലും വളരാതെ നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുന്നത്. ജനസമ്മതിയുള്ള നേതാക്കളെ പുറത്താക്കിയും, അവഹേളിച്ചും, കൊലപ്പെടുത്തിയും നടന്നാല്‍ പാര്‍ട്ടി വളരുന്നത പടവലങ്ങ പോലെ താഴോട്ടായിരിക്കും.

ajith said...

ഒരു വീയെസ്സും കുറെ വിജയന്മാരും
സന്‍സ്ഥാനസെക്രട്ടറിയെ പേടിയ്ക്കുന്ന ജനറല്‍ സെക്രട്ടറിയും

Anonymous said...

കാളിദാസാ
നന്നായി പറഞ്ഞിരിക്കുന്നു
വി.എസ്സിനെ എന്തുകൊണ്ട് പുറത്താക്കാൻ കഴിയുന്നില്ല , വി.എസ്സിനേക്കാൾ ശകതരായിരുന്നു ഗൌരിയമ്മയും രാഘവനും, അന്ന് അത് സാധിക്കുമായിരുന്നു. ഇന്ന് പാര്ട്ടിയെക്കൾ വലിയ മൂല്യമുള്ള നേതാവായി വി.,എസ് വളർന്നുകഴിഞ്ഞു. പാർട്ടി ഒറ്റയ്ക്കുനിന്നാലും ഇല്ലെങ്കിലും ഇമേജ് ഒന്ന് വി എസ്സിനാണ്
സൂര്യനംബൂതിരി ഉപമ ഏറെ ബോധിച്ചു

Baiju Elikkattoor said...

കാളിദാസന്‍,

നന്നായിട്ടുണ്ട്‌.

kaalidaasan said...

അജിത്,

വി എസ് കൂടെക്കൂടെ അച്ചടക്കം ലംഘിക്കുന്നു എന്നാണ്, സംസ്ഥാന സമിതിയും, കേന്ദ്ര സമിതിയും പോളിറ്റ് ബ്യൂറോയും പറയുന്നത്. പക്ഷെ വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കുന്നില്ല. വി എസ് പങ്കെടുക്കുന്ന സമിതികളിലെ വാര്‍ത്തകള്‍ വി എസ് അറിയാതെ ചോരില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. പക്ഷെ വി എസിനെ പുറത്താക്കുന്നില്ല. സഹായികളെ പുറത്താക്കുന്നു. അതി വിചിത്രമാണീ പാര്‍ട്ടിയുടെ നിലപാടുകള്‍.

വി എസിനെ പുറത്താക്കാന്‍ ഇവര്‍ക്ക് പേടിയാണ്. അതിനൊരു കാരണമേ ഉള്ളൂ. പാര്‍ലമെന്ററി വ്യാമോഹം. തെരഞ്ഞെടുപ്പുകളില്‍ വോട്ടു കിട്ടാന്‍ എഴുന്നള്ളിക്കാന്‍ വി എസ് തന്നെ വേണം. പാഅര്‍ട്ടിയുടേ വിശ്വാസ്യതയേക്കാള്‍ ഇവര്‍ക്ക് പ്രധാനം പര്‍ലമെന്റിലേക്ക് കുറച്ച് സീറ്റുകളാണ്. ഇതിലും നല്ലത് ഇവര്‍ക്ക് വല്ല ബാര്‍ബര്‍ ഷോപ്പിലും പോയി ഷൌരം ചെയ്യുകയാണ്.

kaalidaasan said...

റ്റോംസ്.

വി എസ് വളര്‍ന്നതും അദ്ദേഹത്തിനു പാര്‍ട്ടികതീതമായ സ്വീകര്യത ഉള്ളതും വിജയനും  കണ്ണൂര്‍ ഗുണ്ടകള്‍ക്കും സഹിക്കാനോ അംഗീകരിക്കാനോ സാധിക്കുന്നില്ല.

വി എസ് വളര്‍ന്നതിന്റെ ഒപ്പം പാര്‍ട്ടിയും വളരേണ്ടതായിരുന്നു. കാര്യവിവരമുള്ള നേതാക്കളുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി വളരുമായിരുന്നു. പക്ഷെ അതിനു കാര്യവിവരമുള്ളവര്‍ നേതാക്കളാകണം. വിധേയന്മാരും ആശ്രിതരും സ്തുതിപാഠകരും വാഴ്ത്തിപ്പാടുന്ന സൂരിനമ്പുതിരിമാര്‍ പോരാ.

kaalidaasan said...

നന്ദി ബൈജു

മലക്ക് said...

കേരളത്തിലെ ചില 'തികഞ്ഞ കമ്മുണിസ്റ്റുകൾക്ക്' സഖാവ് വി എസ് അധികാര മോഹി

അവരുടെ അറിവിനായി സമർപ്പിക്കുന്നു

കേരളത്തിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പ് നടകുമ്പോൾ സഖാവ് വിഎസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആലപ്പുഴ ജില്ല സെക്രടറി ആയിരുന്നു.തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആലപ്പുഴ , കോട്ടയം (ഇന്നത്തെ ഇടുക്കി ജില്ലയും അന്ന് കോട്ടയത്തിന്റെ ഭാഗമായിരുന്നു )ജില്ലകളില പാർട്ടി ശക്തിപെടുത്താനുള്ള ചുമതലയും വി എസിന് ആയിരുന്നു. പാർട്ടി സ്ഥാനാർഥികളെ പരിഗണിച്ചപ്പോൾ മാരാരികുളത്തെക്ക് പാർട്ടി ആദ്യം പരിഗണിച്ചത് സഖാവ് വിഎസിനെ ആയിരുന്നു. എന്നാൽ അത് സ്വീകരിക്കാൻ വിഎസ് തയ്യാറല്ലായിരുന്നു. മാരാരികുളവും, ആലപ്പുഴ ജില്ല മൊത്തവും പാർട്ടിയുടെ ശക്തി കേന്ദ്രമായതിനാൽ അദേഹത്തിന് ആരു അവിടെങ്ങളിൽ മത്സരിച്ചാലും ജയിക്കും എന്നുറപ്പുണ്ടായിരുന്നു.അതുകൊണ്ട് തന്റെ പ്രവര്ത്തനം മുഴുവൻ , പാർട്ടിക്ക് സ്വാധീനമില്ലാത്ത കുടിയേറ്റ ക്രൈസ്തവരുടേയും തമിഴ് തോട്ടം തൊഴിലാളികളുടെയും നാടായ ഇടുക്കിയിലേക്കും ദേവികൊളതെക്കും മാറ്റി. ദേവികൊളം മണ്ഡലത്തിൽ സഖാവ് റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് സെക്രടറി ആയി ശക്തമായി പ്രവർത്തിപ്പിച്ചു പാർട്ടി സ്ഥാനാർഥിക്ക് വൻ വിജയം നേടി കൊടുത്തു. അതെ സമയം ആലപുഴ ജില്ലയിലെ ആലപുഴ , മാരാരികുളം ഉൾപെടെ പാർട്ടി വൻ വിജയം നേടുകയും ചെയ്തു . 1958 ഇൽ റോസമ്മ പുന്നൂസിന്റെ വിജയം സ്ഥനാര്തി പത്രികയുടെ പിഴവുകരണം കോടതി റദ്ദാക്കി. വീണ്ടും അവിടെ തിരഞ്ഞെടുപ്പ് പ്രെഖ്യാപിച്ചപ്പോ തിരഞ്ഞെടുപ്പ് ചുമതല ആരെ എപ്പിക്കണം എന്ന് പാർട്ടിക്ക് ഒരു സംശയമില്ലായിരുന്നു. അവിടെ വീണ്ടും മത്സരിച്ച റോസമ്മ പുന്നൂസ് വീണ്ടും ജയിച്ചു. 1957 ഇൽ മത്സരിച്ചു എം എല് എ ആയി ഒരു പക്ഷെ മന്ത്രിയും ആയി ലോക ചരിത്രത്തിന്റെ ഭാഗമാവാനുള്ള അവസരം വേണ്ടെന്നു വച്ച വി എസ്. ഇതാണ് പാണന്മാര് പാടി നടക്കുന്ന വി എസ് എന്നാ അധികാര മോഹി .......

മലക്ക് said...


കടപ്പാട് ജ്യോതിദാസ് തൊടുപുഴ

ചരിത്രം മറക്കുവാനുള്ളതല്ല... വ്യാജന്മാരെയും കാട്ടുകള്ളന്മാരെയും തിരിച്ചറിയുന്നതിനു ചരിത്രം ഓര്ത്തുവയ്ക്കുക തന്നെ വേണം...
വയല് നികത്തലിനെതിരെ പരിസ്ഥിതിക്കാര്മാത്രം
ദുര്ബ്ബല സ്വരങ്ങളിൽ പറഞ്ഞുകൊണ്ടിരുന്ന ഒരു കാലത്ത് ആ വിഷയം രാക്ഷ്ട്രീയമായി ഉയർത്തിക്കൊണ്ടു വന്ന് കേരളസമൂഹത്തിനു
മുന്പാകെ അവതരിപ്പിച്ചത് സഖാവ് വീ എസ് ആയിരുന്നു...

അന്നും മലയാള മനോരമ കേരളത്തില് വാഴുന്നുണ്ടായിരുന്നു, സാമൂഹ്യ പ്രതിലോമശക്തികല്ക്കെല്ലാം
വളക്കൂറുള്ള മണ്ണ്‍ ഒരുക്കികൊണ്ട്... പക്ഷെ മഴയും വെള്ളവും ജലസ്രോതസ്സുകളുമൊന്നും അന്ന് അവരുടെ വിഷയമായിരുന്നില്ല... വീയെസ്സിനെ അവര് വികസന വിരോധിയും വെട്ടിനിരത്തല്കാരനും ഒക്കെ ആക്കി ജനങ്ങളില് അടിച്ചേൽപ്പിച്ചു... തുടര്ന്നങ്ങോട്ട്‌ പ്രകൃതി ചൂഷണങ്ങളും ഭൂമി കയ്യേറ്റങ്ങളും
വികസനമെന്ന ലേബലിൽ കേരളത്തിൽ നിര്ബാധം നടന്നു, എല്ലാ കക്ഷിരാക്ഷ്ട്രീയക്കാരുടേയും പിന്തുണയോടെ...
പരിസ്ഥിതി ഒരു രാക്ഷ്ട്രീയക്കാരന്റെയും വിഷയമായിരുന്നില്ല കേരളത്തില് !!!

ഇന്ന് കേരളം ചുട്ടുപൊള്ള്മ്പോള്, പച്ചമരങ്ങള് കത്തുമ്പോള്, വരള്ച്ച പേടിപ്പിക്കുമ്പോള്, കുടിവെള്ളം ഇല്ലാതാകുമ്പോള് - അപ്പോള്പോലും തങ്ങളുടെ സര്ക്കുലേഷന് വേണ്ടി മാത്രമുള്ള
മനോരമയുടെയും വി എസ് വിരുദ്ധരും പരിസ്ഥിതി വ്യാകുലതകള്, "ജലനിധി"യും "മഴക്കുഴി"യും "മഴക്കണ്ണീരു"മൊക്കെയായി കാണുമ്പോള്, ഇവന്മാരൊക്കെ നമ്മുടെ സമൂഹത്തോട് ചെയ്ത കടും കൈകള്ക്ക്, തലമുറകളോടു ചെയ്ത കൊടുംപാതകങ്ങള്ക്ക് എങ്ങനെയാണ്/ എന്താണ് ചരിത്രം പകരം കൊടുക്കുക എന്നോറത്ത് പോകുന്നു...

kaalidaasan said...

>>>>>>1957 ഇൽ മത്സരിച്ചു എം എല് എ ആയി ഒരു പക്ഷെ മന്ത്രിയും ആയി ലോക ചരിത്രത്തിന്റെ ഭാഗമാവാനുള്ള അവസരം വേണ്ടെന്നു വച്ച വി എസ്. ഇതാണ് പാണന്മാര് പാടി നടക്കുന്ന വി എസ് എന്നാ അധികാര മോഹി<<<<<

മലക്ക്,

പാണന്‍മാരുടെ പണി പാടി നടക്കലാണ്. എന്താണു പാടുന്നതെന്നൊന്നുമവര്‍ നോക്കില്ല. അവരോട് പറയുന്നതവര്‍ ചെയ്യുന്നു.

സുരേഷിന്റെ വാക്കുകള്‍ കടമെടുത്താല്‍ ചുവന്ന സൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാനാണവര്‍ ശ്രമിക്കുന്നത്.

ഈ തൊണ്ണൂറാം വയസിലും വി എസ് താന്‍ കൂടി ചേര്‍ന്ന് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ രക്ഷിക്കാനാണു ശ്രമിക്കുന്നത്. മറ്റ് രാഷ്ട്രീയക്കാര്‍ വിശ്രമജീവിതത്തിനു വേണ്ടി വിരമിക്കുന്ന പ്രായത്തിലും പാര്‍ട്ടിക്കുള്ളിലെ ജീര്‍ണ്ണതക്കും നയവ്യതിയാനങ്ങള്‍ക്കുമെതിരെ അദ്ദേഹം ​പടപൊരുതുന്നു. വ്യാജ കമ്യൂണിസ്റ്റുകാരോട് പിടിച്ചു നില്‍ക്കുന്നു.

പാര്‍ട്ടി ഇന്ന് പാണന്‍മാരുടെ കയ്യിലാണ്. അത് കമ്യൂണിസ്റ്റുകാരുടെ കയ്യിലേക്ക് തിരികെ എത്തണമെന്നാണ്, വി എസിന്റെ ആഗ്രഹം.

kaalidaasan said...

മലക്ക്,

കക്ഷി രാഷ്ട്രീയത്തിനതീതമായി എന്തുകൊണ്ട് സാധാരണക്കാര്‍ വി എസിനെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തരമാണ്, ജ്യോതിദാസിന്റെ വാക്കുകള്‍. ഏത് കണ്ണുപൊട്ടനും ഈ യാഥാര്‍ത്ഥ്യം അറിയാം. ഇതുപോലെയുള്ള ഒരു നേതാവിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിലെ വ്യാജ കമ്യൂണിസ്റ്റുകാര്‍ വാദിച്ചത്. അത് പറ്റില്ല എന്ന് കേന്ദ്ര കമ്മിറ്റിയിലെ ഇനിയും ബാക്കിയുള്ള കമ്യൂണിസ്റ്റുകാര്‍ പറഞ്ഞു. വി എസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ തള്ളിക്കളയാനന്നും ആകില്ല എന്നവര്‍ പറഞ്ഞു. എങ്കില്‍ പിന്നെ പെഴ്സണല്‍ സ്റ്റാഫിനെതിരെ എങ്കിലും നടപടി വേണമെന്നായി പാണന്‍മാര്‍. മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് സമയമില്ല എന്നും പറഞ്ഞ അവര്‍ അത് പി ബി യെ ഏല്‍പ്പിച്ചു. മനസിന്റെ ചൊറിച്ചില്‍ മാറ്റാന്‍ വേണ്ടി അതെങ്കിലും സാധിച്ചു കിട്ടാന്‍ വേണ്ടി പാണന്‍ മാര്‍ അവിടെയും പൊരുതി. അത് പി ബി സാധിച്ചു കൊടുത്തു. വി എസിന്റെ സ്റ്റാഫില്‍ നിന്ന് എത്ര പേരെ ഇതു പോലെ പാണന്‍ മാര്‍ പുറത്താക്കിച്ചിട്ടുണ്ട്. എന്നിട്ടും  വി എസിന്റെ നിലപാടില്‍ എത്ങ്കിലും മറ്റമുണ്ടായോ. അതറിയാവുന്ന പി ബിയിലെ വിവരമുള്ളവര്‍ പാണന്‍മാരുടെ ഇഷ്ടം നടക്കട്ടെ എന്നു തീരുമാനിച്ചതെ ഉള്ളൂ.

പുറത്താക്കപ്പെട്ട മൂന്നു പേരും വി എസ് എന്താവശ്യപ്പെട്ടാലും സാധിച്ചു കൊടുക്കുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. വി എസ് തിരുവനന്തപുരത്തുള്ള കാലത്തോളം ഇവരും അവിടെയുണ്ടാകും. വി എസിന്റെ ഇനിയുള്ള പോരാട്ടങ്ങള്‍ക്കും ഇവരുടെ സഹായം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഒരു പതിറ്റാണ്ടിലധികമായി വി എസിന്റെ കൂടെയുള്ള ഇവര്‍ക്ക് പാര്‍ട്ടിയിലെ ചീഞ്ഞു നാറുന്ന അഴുക്കുകളൊക്കെ അറിയാം. അതൊക്കെ പാര്‍ട്ടി അംഗങ്ങളല്ലാത്ത ഇവര്‍ പുറത്തു വിട്ടാല്‍ പാണന്‍ മാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. ഏതായാലും കേരളത്തില്‍ നിന്നും ഇവരെ പുറത്താക്കാന്‍ വിജയനാകില്ലല്ലോ. സാധിക്കുമയിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാരല്ലാത്ത എല്ലാ ആളുകളെയും വിജയന്‍  കേരളത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുമായിരുന്നു.

kaalidaasan said...

>>>>തുടര്ന്നങ്ങോട്ട്‌ പ്രകൃതി ചൂഷണങ്ങളും ഭൂമി കയ്യേറ്റങ്ങളും
വികസനമെന്ന ലേബലിൽ കേരളത്തിൽ നിര്ബാധം നടന്നു, എല്ലാ കക്ഷിരാക്ഷ്ട്രീയക്കാരുടേയും പിന്തുണയോടെ...
പരിസ്ഥിതി ഒരു രാക്ഷ്ട്രീയക്കാരന്റെയും വിഷയമായിരുന്നില്ല കേരളത്തില് !!!<<<<<


വികസന വിരോധി എന്ന് വി എസിനെ വിശേഷിപ്പിക്കുന്നത് വലതു പക്ഷക്കാര്‍ മാത്രമല്ല. സി പി എമ്മിനുള്ളിലുള്ളവര്‍ കൂടിയാണ്.

ഐ റ്റി വകുപ്പ് വി എസ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ആ മേഘലയില്‍ 30% വികസനുമുണ്ടായിരുന്നു. അത് കഴിഞ്ഞ് കുഞ്ഞാലിക്കുട്ടി കൈ കാര്യം ചെയ്തു തുടങ്ങിയപ്പോള്‍  2% വികസനമേ നടന്നിട്ടുള്ളു. പ്രകൃതി ചൂഷണങ്ങളും ഭൂമി കയ്യേറ്റങ്ങളും മാത്രമേ ഇപ്പോള്‍ വികസനമെന്ന പേരില്‍ നടക്കുന്നുള്ളു.

വി എസ് വിമര്‍ശകര്‍ക്ക് ഇതൊന്നും കാണാന്‍ സാധിക്കില്ല.

kaalidaasan said...

പുറത്താക്കപ്പെട്ട വി എസിന്റെ അസിസ്റ്റന്റ് സുരേഷിന്റെ വാക്കുകള്‍ 

സ്‌നേഹത്തിന്റെ വി.എസ്‌. ശൈലി


പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരു വൈകുന്നേരം പെട്ടെന്നായിരുന്നു വി.എസ്‌. കയറിവന്നത്‌. ഞാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ്‌ താമസം. അന്നു പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരുന്നു വി.എസ്‌. ഇന്നത്തെപ്പോലെതന്നെ ഗൗരവം വിടാത്ത മുഖം. എങ്കിലും വി.എസിനെ അടുത്തു കണ്ടപ്പോള്‍ വല്ലാത്തൊരു അടുപ്പം തോന്നി. ആദരവിലൂറിയ സ്‌നേഹം...സുരേഷ്‌ വി.എസ്‌ അച്യുതാനന്ദനെന്ന വ്യക്‌തിയിലേക്കുള്ള തന്റെ ദൂരം അളന്നിടുകയായിരുന്നു.
കന്റോണ്‍മെന്റ്‌ ഹൗസിലിരുന്നു സുരേഷ്‌, വി.എസിലേക്കെത്തിച്ചേര്‍ന്ന വഴികളിലേക്കു തിരിഞ്ഞുനോക്കി. തന്നെ പാര്‍ട്ടി എന്തിനിങ്ങനെ ക്രൂശിക്കുന്നതെന്നാണു സുരേഷിന്‌ അറിയേണ്ടത്‌. തന്റെ ഭാവിയെക്കുറിച്ചു സുരേഷിനു വ്യക്‌തതയില്ല. അതാലോചിക്കാവുന്ന മാനസികാവസ്‌ഥയിലുമല്ല. ദാരിദ്ര്യത്തോടും പട്ടിണിയോടും പടപൊരുതി ജീവിച്ച സുരേഷിനു പക്ഷേ, ഭാവിയെ നേരിടാന്‍ ആവശ്യമായ ചങ്കുറപ്പുണ്ട്‌.. തനിക്കു വി.എസിനോടു പിതൃതുല്യമായ സ്‌നേഹാദരമാണുള്ളത്‌. വി.എസിനാകട്ടെ തന്നോടു മകനോടെന്നപോലുള്ള വാല്‍സല്യവും. വി.എസ്‌ എന്ന വ്യക്‌തിയോടുള്ള അടുപ്പവും വി.എസിനോടുള്ള വൈകാരിക ബന്ധവും പറയുമ്പോള്‍ പലപ്പോഴും സുരേഷ്‌ വികാരാധീനനായി. ഒരു പതിറ്റാണ്ടിലേറെയായി ശീലിച്ച ജീവിതക്രമമാകെ മാറ്റാന്‍ സുരേഷ്‌ തയാറെടുക്കുകയാണ്‌. പുലര്‍ച്ചെ നാലരയ്‌ക്ക്‌ വി.എസി നോടൊപ്പം ഉണര്‍ന്ന്‌ തുടങ്ങിയിരുന്നതാണ്‌ സുരേഷിന്റെ ഓരോ ദിവസവും. അതു മാറുകയാണ്‌. അതുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിലാണ്‌ ഇയാള്‍. അഭിമുഖം തുടങ്ങും മുമ്പ്‌ സുരേഷ്‌ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു. രാഷ്‌ട്രീയം ഇപ്പോള്‍ വേണ്ട. കാരണം എന്നെ ചൊല്ലി ഒരിക്കലും ഒരിടത്തും വി.എസിന്‌ തലകുനിച്ചു നില്‍ക്കേണ്ടി വരരുത്‌.

kaalidaasan said...

വി.എസിന്റെ ഏറ്റവും മികച്ച ഒരു ഗുണം കാര്യമാത്ര പ്രസക്‌തമായ കാര്യം ആരു പറഞ്ഞാലും കേള്‍ക്കും എന്നതാണ്‌. എല്ലാ വിശദാംശങ്ങളും ചോദിച്ചറിയും. ഒരു നല്ല ശ്രോതാവാണ്‌ അദ്ദേഹം. ജനകീയപ്രശ്‌നങ്ങള്‍ നേരിട്ട്‌ വിശദീകരിക്കാന്‍ ആരു വന്നാലും അവരെ കേള്‍ക്കും. പരിസ്‌ഥിതിനാശത്തിനും സ്‌ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കും അഴിമതിക്കും എതിരേ നിര്‍ഭയം പോരാടാന്‍ വി.എസ്‌. മാത്രമേ ഉള്ളൂവെന്ന ബോധം കേരളീയരില്‍ ശക്‌തമായിട്ടുണ്ടെങ്കില്‍ അതിനു കാരണം പ്രശ്‌നങ്ങള്‍ പഠിച്ചറിയാന്‍ വി.എസ്‌ കാണിക്കുന്ന അര്‍പ്പണമനോഭാവം തന്നെയാണ്‌. 2002-06 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ്‌ വി.എസ്‌ ഇത്തരം പ്രശ്‌നങ്ങളില്‍ ഏറ്റവും സജീവമായി ഇടപെട്ടിരുന്നത്‌. അദ്ദേഹത്തിന്റെ ഇടപെടലുകളിലെ മുഖ്യ അജന്‍ഡ തന്നെ ഇതായി മാറി. കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ ഇക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച മാതൃകയാണ്‌ വി.എസ്‌. സൃഷ്‌ടിച്ചതെന്നാണ്‌ എനിക്കു തോന്നുന്നത്‌. അതിനൊരു തുടര്‍ച്ചയാണ്‌ നമുക്കുണ്ടാവേണ്ടത്‌.
ശാസ്‌ത്ര-സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുപോലും പഠിച്ചറിയാന്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യം ആദരവോടെ മാത്രമേ കാണാനാവൂ. ഐടി മേഖലയിലെ ഫ്രീ സോഫ്‌റ്റ്വേര്‍ പ്രസ്‌ഥാനത്തിന്റെ വക്‌താവായ റിച്ചാര്‍ഡ്‌ സ്‌റ്റാള്‍മാനെ പോലുള്ളവരുമായി പോലും വി.എസ്‌ സംസാരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കിയ ഒരാളാണ്‌ അദ്ദേഹമെന്നോര്‍ക്കണം.
വി.എസിനൊപ്പം വരുന്നതിനു മുമ്പു തന്നെ പാലക്കാട്ടെ കാര്‍ഷിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ താന്‍ വി.എസിനെ അറിയിക്കുമായിരുന്നു. പറമ്പിക്കുളം- ആളിയാര്‍, പാത്രക്കടവ്‌, തുരുമൂര്‍ത്തി പദ്ധതി എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വി.എസിനെ അപ്പപ്പോള്‍ അറിയിക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ വിഷയങ്ങള്‍ വി.എസ്‌ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചിരുന്നത്‌.
മതികെട്ടാന്‍ മലയിലെ കൈയേറ്റം മുതല്‍ കോവളം കൊട്ടാരം വിറ്റഴിക്കുന്നതുവരെ പരിസ്‌ഥിതിനാശത്തിനും പൊതുമുതല്‍ വിറ്റഴിക്കുന്നതിനും എതിരേയുള്ള ഇടവേളകളില്ലാത്ത സമരങ്ങളാണ്‌ ഒരു രക്ഷകന്റെ പരിവേഷം കേരളീയര്‍ക്കിടയില്‍ വി.എസിനുണ്ടാവാന്‍ കാരണം. അതിക്രമങ്ങള്‍ക്കിരയാവുന്ന സ്‌ത്രീകളോടും പെണ്‍കുട്ടികളോടും അദ്ദേഹം കാണിക്കുന്ന സഹാനുഭൂതിയും അത്തരം സംഭവങ്ങള്‍ അദ്ദേഹത്തില്‍ സൃഷ്‌ടിക്കുന്ന മനോവിഷമവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. ഞാന്‍ ആലോചിക്കാറുണ്ട്‌, വി.എസ്‌ ഏറ്റെടുത്ത ഈ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത സമരങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലെന്ന്‌.

ശ്രീക്കുട്ടന്‍ said...

ഇന്ന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആള്‍ക്കാര്‍ അലപ്പമെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അത് വി എസ് എന്ന മനുഷ്യന്‍ അതില്‍ തുടരുന്നതുകൊണ്ട് മാത്രമാണ്. ജനങ്ങള്‍ക്ക് സ്വീകാര്യനായവന്‍ മാത്രമാണ് യഥാര്‍ത്ഥ നേതാവ്. വി എസ് ഒരു ജനനേതാവു തന്നെയാണ്.