Sunday, 31 March 2013

ജീവന്റെ വില


സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുണ്ട്.

ഒരു ജനതയുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിയുടെ അളവുകോലായി കരുതപ്പെടുന്ന Human Development Index ല്‍ കേരളം ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്താണ്.

സാക്ഷരതയില്‍ കേരളം ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്താണ്.

Life Expectancy  ഏറ്റവും കൂടുതലും, Infant Mortality  ഏറ്റവും കുറവും  കേരളത്തിലാണ്.

ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്.

പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്തും, GDP  യുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു.

Road Density യില്‍ കേരളം ഇന്‍ഡ്യയില്‍ വളരെ മുന്നിലാണ്. 100 ചതുരശ്ര കിലോമീറ്ററില്‍ 390 കിലോമീറ്റര്‍ റോഡ് കേരളത്തിലുണ്ട്.

റോഡപകടങ്ങളുടെ കാര്യത്തിലും  കേരളം ഇന്‍ഡ്യയില്‍ മുന്‍പന്തിയിലാണ്.

കഴിഞ്ഞ 10 വര്‍ഷങ്ങളായി  കേരളത്തിലെ റോഡുകളില്‍ വര്‍ഷം തോറും 35000 തിലധികം  അപകടങ്ങളുണ്ടാകുന്നു.  40000 ത്തിലധിക പേര്‍ക്ക്  പരുക്കുപറ്റുന്നു. മരണ സംഖ്യ 10 വര്‍ഷം മുമ്പ് 2710 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 4286 ആയി ഉയര്‍ന്നിരിക്കുന്നു.

ഒന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പ്  ബൈക്ക് യാത്രക്കാരായ രണ്ട്  ചെറുപ്പക്കാര്‍ ഒരു റോഡപകടത്തില്‍ മരിച്ചു. പോലീസുകാര്‍ ഹെല്‍മെറ്റ് പരിശോധന നടത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് പാഞ്ഞവരായിരുന്നു  അപകടത്തില്‍ പെട്ടത്. അന്ന് പോലീസ് നടപടി വിമര്‍ശിക്കപ്പെട്ടു. മറ്റ് കുറ്റങ്ങളൊക്കെ തടഞ്ഞ ശേഷം മതി ഹെല്‍മെറ്റ് വേട്ട എന്ന് പലരും അഭിപ്രായപ്പെട്ടത് വായിക്കുകയുണ്ടായി.

അടുത്തിടെ ഉണ്ടായ രാജാക്കാട് ബസപകടത്തില്‍ പൊലിഞ്ഞത് 8 ജീവനുകള്‍. അതും കോളേജ് വിദ്യാര്‍ത്ഥികള്‍.,.  അതുണ്ടായപ്പോള്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഒരു പരാമര്‍ശമുണ്ടായി.  8 വിദ്യാര്‍ത്ഥികള്‍ മരിച്ചതിലുള്ള സങ്കടത്തേക്കാള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്,  കോളേജധികാരികള്‍ക്ക് ആ  ദുരന്തത്തില്‍ ഉത്തരവാദിത്തമില്ല എന്ന ധ്വനി ആയിരുന്നു.  അതിന്റെ ഏറ്റവും ലളിതമായ വിവക്ഷ, മനുഷ്യ ജീവനു വലിയ വില ഇല്ല എന്നതാണ്.

റോഡപകടങ്ങളില്‍ ആര്‍ക്കാണുത്തരവാദിത്തം  എന്നൊക്കെ വാദിക്കുന്നതില്‍ കാര്യമില്ല. റോഡപകടങ്ങളിലെ മരണങ്ങള്‍ വര്‍ഷം തോറും കൂടി കൂടി വരുന്നു.  മരിക്കുന്നത് കൂടുതലും ചെറുപ്പക്കാരാണ്.  കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതലും. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്.

പല കാര്യങ്ങളിലും ഇന്‍ഡ്യയില്‍  മുന്നിലുള്ള കേരളം പക്ഷെ ചില കാര്യങ്ങളില്‍  വളരെ പിന്നിലാണ്. അതിലൊന്നാണ്‌ റോഡ് സുരക്ഷ. റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല. സാക്ഷര കേരളത്തിനെന്തു പറ്റി?

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ വേറെ നാലപകടങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.


വേളാങ്കണി തീര്‍ഥാടക സംഘത്തിന്റെ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു  

വേളാങ്കണി തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. വേളാങ്കണിയിലേക്കു പോകും വഴിയായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

വേളാങ്കണ്ണി തീര്‍ത്ഥാടകസംഘത്തിന്റെ വാഹനം ടിപ്പറിലിടിച്ച് അച്ഛനും മകനും മരിച്ചു

പാലക്കാട്ടുനിന്ന് തഞ്ചാവൂരിലേക്കുപോയ തീര്‍ഥാടകസംഘം യാത്രചെയ്ത കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശിയും മകനും മരിച്ചു. തഞ്ചാവൂരിന് സമീപം നഞ്ചന്‍കോട് ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു അപകടം. നിറുത്തിയിട്ട ലോറിക്കു പിന്നിൽ ക്വാളിസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. 

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ അഞ്ചു മരണം

കുട്ടനാട്ടിൽ എ.സി റോഡിലും ദേശീയപാതയിൽ അമ്പലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കു സമീപത്തും ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേർ മരിച്ചു. 

ടിപ്പർ ലോറിയുടെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് എ.സി റോഡിൽ അപകട‌ത്തിനു കാരണമെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ബിൽഡിംഗ് കോൺട്രാക്ടറായ ബിജു കുടുംബകാര്യത്തിനായി എറണാകുളത്തേക്കു പോവുകയായിരുന്നു. ലോഡ് കയറ്റാനായി ആലപ്പുഴയിൽ നിന്നു കിഴക്കു ഭാഗത്തേക്കു പോവുകയായിരുന്നു ടിപ്പർ. കാറിനെ മറികടക്കാൻ മൽസരിച്ചോടിയ ടിപ്പർ മണലാടി ജംഗ്ഷനിലെത്തിയപ്പോൾ മുന്നിൽ കയറി. എതിരെവന്ന ബിജുവിന്റെ കാർ വശത്തേക്ക് ഒതുക്കുംമുമ്പേ ടിപ്പർ ഇടിച്ചു തെറിപ്പിച്ചു. 

പറവൂർ പബ്ളിക്ക് ലൈബ്രറിക്ക് സമീപം രാവിലെ എട്ടോടെയാണ് രണ്ടാമത്തെ അപകടം. സ്കൂട്ടറിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടി തെറിച്ച് ലോറിക്കടിയിൽപ്പെട്ട് അമ്പലപ്പുഴ വടക്ക് ചെമ്പകപ്പള്ളിയിൽ സിയാദ് മുഹമ്മ് ആണ് മരിച്ചത്. യാത്രക്കാരുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന കാറിലാണ് സ്കൂട്ടർ മുട്ടിയത്.കേരളത്തിലെ റോഡുകളില്‍ സംഭവിക്കുന്നതിന്റെ ഒരു രേഖാ ചിത്രം ഈ ആറപകടങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും.

കേരളത്തില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം  പ്രാബല്യത്തില്‍ വന്നിട്ട് നാളുകളേറെയായി. നിയമങ്ങള്‍ എങ്ങനെയെല്ലാം  ലംഘിക്കാം എന്ന വൃതമെടുത്തിരിക്കുന്ന മറ്റ്  മലയാളികളേപ്പോലെ  ഇരു ചക്രയാത്രക്കാരും  ഹെല്മെറ്റ് ധരിക്കാന്‍ കൂട്ടക്കുന്നില്ല.


ഹെല്‍മെറ്റ് ധരിക്കുന്നത് വാശിയോടെ എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം  ഇരു ചക്ര വാഹനക്കാരുണ്ട്. എന്തുകൊണ്ടിവര്‍ അത് ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എന്തിനും പടിഞ്ഞാറന്‍ നാടുകളെ അനുകരിക്കുന്ന ഇവര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പടിഞ്ഞാറന്‍ നാടുകളെ അനുകരിക്കുന്നില്ല?. സൈക്കിള്‍ യാത്രക്കു പോലും ഹെല്‍മെറ്റ് അവിടങ്ങളില്‍ നിര്‍ബന്ധമാണ്. അത് വെറുതെ നിര്‍ബന്ധമാക്കിയതല്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണത് ചെയ്തിരിക്കുന്നത്.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വഹനം ഓടിച്ചാല്‍ പരമാവധി നൂറോ ഇരുന്നൂറോ രൂപാ ഫൈന്‍ അടക്കേണ്ടി വരും. അല്ലാതെ കൊലക്കുറ്റത്തിനു കേസൊന്നും എടുക്കില്ല.   നുറോ ഇരുന്നോറോ രൂപ ലാഭിക്കാന്‍ വേണ്ടിയാണു ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇതിലും എത്രയോ രൂപ  Beverages Corporation ഇല്‍ ചെലവഴിക്കുന്നുണ്ട് ഒരു ശരാശരി മലയാളി യുവാവ്.  ഇവിടെ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിലും കുറ്റക്കാര്‍ യുവാക്കള്‍ തന്നെയാണെന്നാണു ഞാന്‍ കരുതുന്നത്.  ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ പോലീസിനെ വെട്ടിച്ച് പായേണ്ടി വരില്ലായിരുന്നു.

രാജാക്കാട് ബസപകടമുണ്ടായതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആ ബസോടിച്ച വ്യക്തിതന്നെയാണ്.  ഡ്രൈവര്‍ക്ക് പകരം ​അദ്ദേഹത്തിന്റെ സഹായി ആയിരുന്നു വണ്ടിയോടിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത് അത്യന്തം ഗുരുതരമായ തെറ്റു തന്നെയാണ്. ഹൈറേഞ്ചിലൊക്കെ വണ്ടിയോടിക്കുന്നവര്‍ പരിചയസമ്പന്നര്‍ ആയിരിക്കേണ്ടതാണ്. അവിടെ സാധാരണ സ്പീഡു കൂടുതലായുള്ള അപകടങ്ങള്‍ പ്രായേണ കുറവാണ്. കൂടുതലും അശ്രദ്ധ കാരണമാണപകടം സംഭവിക്കാറ്.


കേരളം റോഡ് സുരക്ഷയുടെ കാര്യത്തില്‍ അരക്ഷിതമാവുകയാണ്.  ഇതു നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്നതില്‍ സംശയമില്ല. ചിന്തിച്ചാല്‍ മാത്രം പോര, ഓരോരുത്തര്‍ക്കും  എന്തുചെയ്യാന്‍ പറ്റുമെന്നും കൂടി നോക്കണം.  അപകടങ്ങളുണ്ടാകുന്നതിനു പ്രധാനമായി നാലു കാരണങ്ങളാണുള്ളത്.

1. നിയമം അനുസരിക്കാനുള്ള മടി.
2. അശ്രദ്ധ.
3. പരസ്പര ബഹുമാനമില്ലായ്മ.
4. റോഡിന്റെ പോരായ്മകള്‍

ഇതിലെ ആദ്യ മൂന്നു കാര്യങ്ങള്‍ വാഹനമോടിക്കുന്നര്‍ക്ക് പരിഹരിക്കാവുന്നതേ ഉള്ളു.

മുകളില്‍ പരാമര്‍ശിച്ച ഒരപകടത്തിന്റെ കാരണം ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലായിരുന്നു.  എതിരെ വന്ന വാഹനത്തെ ശ്രദ്ധിക്കാതെ അല്ലെങ്കില്‍ ബഹുമാനിക്കാതെ മറ്റൊരു വാഹനത്തെ അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്തപ്പോഴാണതുണ്ടായത്. അല്‍പ്പം ക്ഷമയോടെ ഒരു മിനിറ്റ് താമസിച്ച്  ഓവര്‍ ടേക്ക് ചെയ്തിരുന്നെങ്കില്‍, ഈ അപകടം ഒഴിവാക്കമായിരുനു. അടുത്ത നാളുകളില്‍ ടിപ്പ ര്‍ ലോറി മൂലമുണ്ടാകുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. രണ്ടു മാസം മുന്നെ ഞാന്‍ വൈക്കത്തുനിന്നും  ആലപ്പുഴയിലേക്ക് തണ്ണീര്‍ മുക്കം ബണ്ട് വഴി യാത്ര ചെയ്തു. വൈക്കം മുതല്‍ അലപ്പുഴ വരെ ഞാന്‍ സഞ്ചരിച്ച വാഹനത്തെ കടന്ന് 254 ടിപ്പര്‍ ലോറികളാണു പോയത്. കേരളത്തിലെ മിക്കവാറും റോഡുകളില്‍ ഇതാണവസ്ഥ,. ഈ ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് അശ്രദ്ധയും സ്പീഡും പരസ്പര ബഹുമാനമില്ലായ്മയും വളരെ കൂടുതലുണ്ട്.

വേളാങ്കണ്ണി തീര്‍ത്ഥയാത്രക്ക് പോയ രണ്ട് വാഹനങ്ങളും അപകടത്തില്‍ പെട്ടത് അതിരാവിലെ സമയത്തായിരുന്നു. ഒരു വാഹനം മരത്തിലിടിച്ചും, മറ്റൊന്ന് ലോറിയുടെ പിന്നിലിടിച്ചും ആയിരുന്നു. രണ്ട് ഡ്രൈവര്‍മാരും ഉറങ്ങിപ്പോയതാണു കാരണം. ഈ  ഡ്രൈവര്‍മാര്‍ ഇടക്കൊന്നു നിറുത്തി ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങിയിട്ട് വാഹനം ഓടിച്ചിരുന്നെങ്കില്‍ ഈ അപകടങ്ങള്‍ ഒഴിവക്കാമായിരുന്നു. തികഞ്ഞ അശ്രദ്ധയാണിതിലേക്ക് നയിച്ചത്.

 രാജാക്കാട് ബസപകടം ഉണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്ന കേരള നിയമ സഭ സ്പീക്കര്‍   കോളേജു പ്രിന്‍സിപ്പാളിന്റെ  പരാമര്ശത്തെ വിമര്‍ശിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇദ്ദേഹം പല പ്രാവശ്യം കേരളത്തിലെ മന്ത്രിയായി ഭരിച്ചിട്ടുമുണ്ട്. അന്നൊന്നും ഈ വിഷയത്തില്‍ എന്തെങ്കിലും  ചെയ്തതായി കേട്ടിട്ടില്ല.

 റോഡ്  സുരക്ഷയുടെ ഒരു സംസ്‌കാരം നമ്മള്‍ രൂപീകരിക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടത്  അപകടം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ കുറക്കുകയാണ്. ഭൂരിഭാഗം റോഡപകടങ്ങളും ഉണ്ടാകുന്നത് ഡ്രൈവര്‍മാര്‍  അപകടകരമായ രീതിയില്‍ പെരുമാറുന്നതുകൊണ്ടാണ്. നമ്മുടെ ഇപ്പോഴത്തെ റോഡ് സുരക്ഷാ സംസ്‌കാരം ഒരു വിചിത്രമായ രീതിയിലാണ്. ഏത് അപകടം ഉണ്ടായാലും ഒരാളെ കുറ്റക്കാരനായി ആദ്യമേ വിലയിരുത്തും. അതൊരു പ്രത്യേക രീതിയിലാണു താനും. ഇരുചക്രവാഹനവും  കാറും ഉള്‍പ്പെടുന്ന അപകടമുണ്ടായാല്‍ കുറ്റം എപ്പോഴും കാറിന്റെ ഡ്രൈവര്‍ക്കായിരിക്കും. കാറും മറ്റേതെങ്കിലും വലിയ വാഹനവും അപകടത്തില്‍ പെട്ടാല്‍ കുറ്റം എപ്പോഴും വലിയ വാഹനത്തിനായിരിക്കും. ഏത്  അപകടം ഉണ്ടായാലും  ഉടന്‍ ഒന്നോ അധികമോ ആളുകളെ ഉത്തരവാദിയായിക്കണ്ട് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യുമ്പോഴേ പൊതു സമൂഹത്തിന് സമാധാനമാകൂ. പറ്റിയാല്‍ നേരിട്ട് തന്നെ രണ്ടുകൊടുക്കാനും നമുക്ക് സന്തോഷമാണ്. എന്നിട്ട് അതൊക്കെ അപ്പോള്‍ തന്നെ സമൂഹം മറക്കും.

അപകട ഉണ്ടാകട്ടെ എന്നു തീരുമാനിച്ച് ആരും വണ്ടിയോടിക്കുന്നില്ല. പരിശീലനത്തിന്റെ അപര്യാപ്തത, റോഡിലെ പോരായ്മകള്‍, കാലാവസ്ഥ, ഉറക്കത്തിന്റെ കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നിങ്ങനെ അനവധി കാരണങ്ങള്‍  അപകടങ്ങള്‍ ഉണ്ടാക്കുന്നു.  അപകടമുണ്ടായാല്‍ ഉടന്‍ ഡ്രൈവറെ പിടിച്ച് നാലു തല്ലു വെച്ചു കൊടുത്താലോ അറസ്റ്റ് ചെയ്താലോ  ജയിലില്‍  ഇട്ടാലോ ഒന്നും അപകടങ്ങള്‍ കുറയാന്‍ പോകുന്നില്ല. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ പലമടങ്ങ് ആളുകള്‍ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവരുന്നു. മരിക്കുന്നതിന്റെ പത്തിരട്ടി പേര്‍ക്കെങ്കിലും പരിക്കുപറ്റുന്നു. അതിലും കൂടുതലാണ് അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നവരുടെ എണ്ണം.


പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍,  കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും  വണ്ടി ഓടിക്കുന്നവരും  കാല്‍നട യാത്രക്കാരും  ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്.

നമ്മുടെ നാട്ടില്‍ വാഹനം ഓടിക്കുന്നത് ലോകത്തൊരിടത്തും കാണാത്ത രീതിയിലാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണിവിടത്തെ നടപ്പു രീതി. മറ്റുള്ളവര്‍ക്കും വാഹനം ഓടിക്കാന്‍ അവകാശമുണ്ട് എന്ന രീതിയിലുള്ള ഒരു ചിന്താഗതി കേരളത്തില്‍ വഹനം ​ഓടിക്കുന്ന ആര്‍ക്കുമില്ല. ഹെഡ് ലൈറ്റ്  full beam ഇല്‍ ഇട്ട് വണ്ടി ഓടിക്കുന്ന രീതി പടിഞ്ഞാറന്‍ നാടുകളില്‍ ഇല്ല. പക്ഷെ കേരളത്തില്‍ അതേ ഉള്ളൂ. വഴിയാത്രക്കാര്‍ക്ക്  കടന്നു പോകാനുള്ള   zebra crossing  ഇന്റെ അടുത്ത് ആരെങ്കിലുമുണ്ടെങ്കില്‍, അവിടങ്ങളില്‍ വാഹനം നിറുത്തിയിടും. കേരളത്തിലെ ഏതെങ്കിലും ഡ്രൈവര്‍ അത് ചെയ്യുമോ? സീറ്റ് ബെല്‍റ്റ് ഇടുന്നത് പോലീസിനെ പേടിച്ചാണ്, സ്വന്തം സുരക്ഷയെക്കരുതിയല്ല. യഥാര്‍ത്ഥത്തില്‍ മലയാളികള്‍ നിയമങ്ങള്‍ അനുസരിക്കുന്നത് പോലീസിന് വേണ്ടിയാണ്.

ലോകത്ത് എവിടെ ആയാലും ജനങ്ങള്‍ റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതിനു പിന്നിലെ യഥാര്‍ഥ കാരണം പിഴയായി പണം  പോകും എന്ന പേടി തന്നെ ആണ്. പോലീസ് ചെക്ക് ചെയ്യുന്നത് നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ്. അതിനോട് സഹകരിക്കുക എന്നതാണ്,  ഒരു പുരോഗമിച്ച സമൂഹം ചെയ്യേണ്ടതും. ആരോഗ്യകരമായ ഒരു സാമുഹിക വ്യവസ്ഥക്ക് ആവശ്യമാണത്. റോഡ്  നിയമ ലംഘനങ്ങള്‍ക്ക് കേരളത്തില്‍ പിഴ വളരെ കുറവാണ്. കൂടുതല്‍ കനത്ത പിഴ ലഭിക്കും എന്ന് വന്നാല്‍ ജനങ്ങള്‍ നിയമങ്ങള്‍ താനെ അനുസരിക്കും. പോലീസ് ചെക്കു ചെയ്യുമ്പോള്‍ , നിര്‍ത്താതെ പോകുന്നതോ വഴി മറിപ്പോകുന്നതോ  നമ്മുടെ അവകാശം എന്ന രീതിയിലാണ്, ഭൂരിഭാഗം പേരുടെയും ചിന്ത.  നിയമം അനുസരിക്കണം എന്ന ചിന്തയില്ല. നിയമം ലംഘിക്കുക, എന്നിട്ട് പോലീസിനെ വെട്ടിച്ചു കടക്കുക എന്നതാണു നാട്ടുനടപ്പ്.


കേരളത്തില്‍ എവിടെയും കാണുന്ന ഒരു കാഴ്ചയുണ്ട്. പോലീസ് ചെക്കിംഗ് ഉണ്ടെങ്കില്‍ എതിരെ വരുന്ന വാഹങ്ങള്‍ക്ക് എല്ലാവരും മുന്നറിയിപ്പു  കൊടുക്കും. നിയമം അനുശാസിക്കുന്ന രീതിയില്‍ ആണു വാഹനം ഓടിക്കുന്നതെങ്കില്‍ ഇതു പോലെ മുന്നറിയിപ്പ്  നല്‍കേണ്ട ആവശ്യം തന്നെയില്ല. ഇത് സൂചിപ്പിക്കുന്നത് ഭൂരിഭാഗം പേരും നിയമം അനുശാസിക്കുന്ന രീതിയില്‍ അല്ല വാഹനം ഓടിക്കുനതെന്നാണ്.

നാട്ടിന്‍പുറങ്ങളില്‍ വണ്ടി ഓടിക്കുന്നവരൊന്നും സീറ്റ് ബെല്‍റ്റ് ഇടാറില്ല. പ്രധാന നിരത്തിലേക്ക് കയറുമ്പോള്‍ അവരൊക്കെ സീറ്റ് ബെല്‍റ്റ് ഇടുന്നു. ഇതിവര്‍ ചെയ്യുന്നത് പോലീസിനു വേണ്ടിയാണ്. അല്ലാതെ സ്വന്തം സുരക്ഷയെക്കരുതിയല്ല.


മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു  ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്. ഒരിടത്തും  ക്യൂ പാലിക്കാനോ തന്റെ ഉഴത്തിനു വേണ്ടി കാത്തുനില്‍ക്കാനോ  അവനു ക്ഷമയില്ല. റോഡിലുകളിലും ഇതാവര്‍ത്തിക്കുന്നു. അക്ഷമയും അശ്രദ്ധയുമാണ്, കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണം. ഇതോടൊപ്പം ഡ്രൈവിംഗില്‍ ശരിയായ പരിശീലനം ലഭിക്കായ്കയും കൂടെ ആകുമ്പോള്‍  കേരളത്തിലെ റോഡുകള്‍ ചോരക്കളമാകുന്നു.

കേരളത്തില്‍ മരിക്കുന്നവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതലും. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്. ചോരത്തിളപ്പുള്ള  യുവാക്കള്‍  കൂടുതല്‍ വേഗമുള്ള ആധുനിക ബൈക്കുകളില്‍  ചെത്തിനടക്കുന്നു.   വേഗം നിയന്ത്രിക്കണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. ഇതോടൊപ്പം മിക്കപ്പോഴും അവര്‍ മദ്യപിച്ചിട്ടുമുണ്ടാകും. മദ്യപിച്ചാല്‍ വേഗത നിയന്ത്രിക്കാനൊന്നും തോന്നില്ല.


വികസിത രാജ്യങ്ങളിലൊക്കെ ചെറിയ ക്ളാസുകള്‍ മുതലേ കുട്ടികളെ റോഡ് സുരക്ഷയേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ പാഠ്യപദ്ധതിയിലും അത് വേണം.  ലൈസന്‍സ് നല്‍കുന്നതിലും  കര്‍)ശനമായ നിഷ്കര്‍ഷകള്‍ വേണ്ടതുണ്ട്. ലൈസന്‍സ് ഇല്ലാതെ ഇരുചക്രവഹനമോടിക്കുന്ന  കൌമാരക്കാര്‍ ഏറെയുണ്ട് കേരളത്തില്‍.

കൌമരക്കാരുടെ ബോധവത്കരണത്തിന്റെ ഭാഗമായി പ്ളസ് 2 വിദ്യര്‍ത്ഥികളെ ഏതെങ്കിലും മെഡിക്കല്‍ കോളേജിലെയോ ജില്ലാ ആശുപത്രിയിലെയോ അത്യാഹിത വിഭാഗത്തില്‍  മാസത്തിലൊരിക്കലെങ്കിലും ഏതാനും  മണിക്കൂറുകള്‍ ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കണം. എങ്കിലേ അവര്‍ക്ക് ഇതിന്റെ ഗൌരവം പിടികിട്ടൂ.

അടുത്തനാളില്‍ എനിക്കറിയവുന്ന ഒരു സംഭവമുണ്ടായി.  ലൈസന്‍സില്ലാത്ത ഒരു പതിനഞ്ചുകാരന്‍ ബൈക്കോടിച്ച് ഒരു പ്രായമായ ആളെ ഇടിച്ച് വീഴ്ത്തി. സ്കൂള്‍  അവധി ആഘോഷിക്കാന്‍ മദ്യപാനം നടത്തി വണ്ടിയോടിച്ച സംഘത്തിലെ ഒരാളായിരുന്ന ആ കുട്ടി. ഗുരുതരമായി പരിക്കേറ്റ ആള്‍ക്ക് പണച്ചെലവുള്ള ചികിത്സ വേണ്ടി വന്നു. ബൈക്കോടിച്ച കുട്ടിക്ക്  ലൈസന്‍സോ ഇന്‍ഷ്വുറന്‍സോ ഇല്ലാത്തതുകൊണ്ട്, പ്രശ്നം ഒത്തു തീര്‍പ്പാക്കി. ചികിത്സയുടെ ചെലവ് വഹിക്കാമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിച്ചപ്പോള്‍ പരിക്കേറ്റയാളുടെ ബന്ധുക്കള്‍ പരാതി കൊടുത്തില്ല. പോലീസ് കേസും എടുത്തില്ല. ലൈസന്‍സില്ലാതെയും ഇന്‍ഷ്വുറന്‍സില്ലാതെയും  ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിന്, അധികാരികളോ പൊതു സമൂഹമോ ഈ കുട്ടിക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാന്‍  ശ്രമിച്ചില്ല. അങ്ങനെ കൊടുത്തിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും ഇതൊരു പാഠമാകേണ്ടതായിരുന്നു. വ്യവസ്ഥിതിയെ എല്ലാവരും ചേര്‍ന്ന് പരാജയപ്പെടുത്തുന്നതിന്റെ ഉദാഹരണമാണിത്.

പൊതു ജനത്തിന്റെയും  ഭരണകൂടത്തിന്റെയും  ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം.

ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 1,35,000 ആളുകള്‍ വാഹന അപകടങ്ങളില്‍ മരിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.  ഇക്കാര്യത്തില്‍ നാം ലോകത്ത് ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കുന്നു. ഇത് നമ്മുടെ ഉയര്‍ന്ന ജനസംഖ്യ കൊണ്ടാണ് എന്ന  വാദത്തില്‍ കഴമ്പില്ല.  ഇൻഡ്യയേക്കാൾ  കൂടുതല്‍  ജനങ്ങളുള്ള ചൈനയില്‍,  ഇന്‍ഡ്യയുടേതിന്റെ പകുതി മരണങ്ങള്‍ മാത്രമേ ഉള്ളു. ഇന്‍ഡ്യയേക്കാള്‍ കൂടുതല്‍  വാഹനങ്ങള്‍ ഉള്ള വികസിത രാജ്യങ്ങളില്‍ അപകടങ്ങള്‍ പൊതുവെ കുറവാണ്.
13 comments:

kaalidaasan said...

പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍, കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും വണ്ടി ഓടിക്കുന്നവരും കാല്‍നട യാത്രക്കാരും ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്.

Ananth said...

ഈ പോസ്റ്റില്‍ താങ്കള് പ്രകടിപ്പിച്ച വികാരങ്ങളോട് പരിപൂര്‍ണമായും യോജിക്കുന്നു

ഭിന്നാഭിപ്രായം ( എതിരഭിപ്രായമല്ല ) തോന്നിയ ഒന്ന് രണ്ടു കാര്യങ്ങള്‍ ....

1 ബസപകടത്തില്‍ എന്ജിനീയറിംഗ് കോളേജു വിദ്യാര്‍ഥികളുടെ മരണത്തെ തുടര്ന്നു കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നുമുണ്ടായ പ്രതികരണത്തെ പലരും വിമര്ശിച്ചു കണ്ടു .......എനിക്ക് തോന്നിയത് അവര് രാഷ്ട്രീയക്കാരെ പോലെ ആത്മാര്‍ഥത ഇല്ലാത്ത ദുഃഖ പ്രകടനങ്ങള്‍ക്ക് പകരം സാധാരണ മനുഷ്യരെ പോലെ അപ്പോഴത്തെ വികാരം പങ്കു വച്ചത് മൂലം ഉണ്ടായ തെറ്റിദ്ധാരണ ആണതിന് പിന്നിലെന്നാണ് .......അതായത് പുറത്തു പോകരുത് വീട്ടിലിരുന്നു പഠിക്കണം എന്ന് പറഞ്ഞെല്പിച്ചു പോന്ന ശേഷം മകന്‍ താനറിയാതെ വെളിയില്‍ പോയി അപകടത്തില്‍ പെട്ടു എന്നറിയുമ്പോള്‍ ഏതൊരച്ചനും പെട്ടെന്ന് തോന്നുന്ന ദേഷ്യം , മകനു സംഭവിച്ച അപകടത്തില്‍ സങ്കടം ഇല്ലാഞ്ഞിട്ടല്ല , മറിച്ചു മകനോടുള്ള സ്നേഹത്തില്‍ നിന്നും ഉടലെടുക്കുന്ന ഒന്നാണത് ........അതുപോലെ study leave കൊടുത്തു പരീക്ഷക്ക്‌ തയ്യാറാവാന്‍ വിട്ട വിദ്യാര്‍ത്ഥികള്‍ തങ്ങളറിയാതെ വിനോദയാത്രക്കു പോയി എന്നറിഞ്ഞപ്പോള്‍ കോളേജ് അധികൃതര്‍ ഇതു തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ള കാര്യമല്ല എന്നു വ്യക്തമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കുണ്ടായ ദുരന്തത്തില്‍ അവര്‍ക്ക് ദുഃഖം ഇല്ലാത്തത് കൊണ്ടല്ല മറിച്ചു സ്വന്തം കുട്ടികളോടെന്ന പോലെയുള്ള സ്നേഹത്തില്‍ നിന്നും ഉണ്ടാവുന്ന സങ്കടവും ദേഷ്യവുമൊക്കെ കലര്‍ന്ന ഒരു വൈകാരിക നിലയാണ് കാണിക്കുന്നത്

2 നിയമങ്ങള്‍ അവയുടെ അക്ഷരാര്‍ത്ഥത്തില്‍ മാത്രം പോരാ അവയുടെ അന്തസത്ത ചോര്ന്നു പോവാതെ നടപ്പാക്കണം എന്നത് കുട്ടികളെ ബോധവല്കരണം നടത്തിയത് കൊണ്ടു മാത്രം നേടാന്‍ പറ്റുന്ന കാര്യമല്ല ...... സമൂഹത്തിന്റെയും ഭരണാധികാരി കളുടെയും ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്നും ആ ഒരു സമീപനം ഏതൊരു വിഷയത്തിലും ഉണ്ടായാല്‍ മാത്രമേ അത്തരത്തില്‍ ഒരു അവബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കൂ .......ഒരുദാഹരണം ......ഈയടുത്ത കാലത്ത് അത്രയധികമൊന്നും മാധ്യമ ശ്രദ്ധ കിട്ടാതെപോയ ഒരു വാര്‍ത്ത ആയിരുന്നു അശോക്‌ ചവാന്‍ കേസില്‍ കേന്ദ്ര ഗവന്മേന്റ്റ് വാദിച്ചത് തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചാല്‍ നടപടി എടുക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല എന്ന് .....അതായത് നിയമത്തില്‍ പറഞ്ഞിരിക്കുന്നത് നിശ്ചിത സമയത്തിനകം കണക്കുകള്‍ സമര്‍പ്പിക്കണം എന്നേയുള്ളൂ അവയുടെ നിജസ്ഥിതിയൊന്നും പരിശോധിക്കേണ്ട കാര്യം ഇല്ലാ എന്നുമാണ് .......കള്ളക്കണക്ക് കൊടുത്താല്‍ നടപടി എടുക്കരുത് എന്നാണു കേന്ദ്ര ഗവണ്മെന്റിനു വേണ്ടി വാദിച്ചത് ......ഇത്തരം രാഷ്ട്രീയ നേതൃത്വം നയിക്കുന്ന സമൂഹം നിയമപാലനത്തിന്റെ കാര്യത്തില്‍ അലംഭാവം കാട്ടിയില്ലെങ്കിലല്ലെ അത്ഭുതപ്പെടേണ്‍ടൂ !

Manoj Kumar said...

അപകടത്തിൽ മരണപ്പെടുന്നവരുടെ പ്രായം നോക്കിയാൽ നമുക്കറിയാൻ പറ്റും അത് മിക്കവാറും 18-35 എന്നതിനിടയിലുള്ളവർ ആയിരിക്കും. പ്രായത്തിന്റെ പക്വത ഇല്ലായ്മ റോടുകളിലുണ്ടാകുന്ന മത്സരങ്ങൾ വര്ദ്ധിപ്പിക്കുന്നു. കൂടെ അപകടങ്ങളും. റോഡിന്റെ ശോചനീയ അവസ്ഥയും അശാസ്ത്രീയ നിർമ്മാണ രീതികളും വേറൊരു കാരണമാണ്. എന്തിരുന്നാലും അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ പറ്റുന്നവയാണ് 80% വും.

മലക്ക് said...

നല്ല ലേഖനം. എനിക്ക് പലപ്പോഴും തോന്നിയ കാര്യങ്ങൾ ആണ് താങ്കള് ഇവിടെ എഴുതിയിരിക്കുന്നത്.

എന്റെ ഒരു അനുഭവം പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ നാട്ടില് പല കാറുകളും ബൈക്കുകളും വര്ഷങ്ങളോളം ഓടിച്ചു നടന്നിട്ടുണ്ട്. അന്നൊക്കെ എന്റെ മാനസികാവസ്ഥ താങ്കള് പറഞ്ഞ മലയാളി ഡ്രൈവറുടെ തന്നെ ആയിരുന്നു. അതിനു ശേഷമാണ് ഗൾഫിൽ എത്തുന്നത്‌. ഇവിടെ ലൈസൻസ് കിട്ടുക എന്നത് ലോട്ടറി അടിക്കുന്ന പോലെ ആണ്.
ഭയങ്കര സ്ടിക്റ്റ് ആണ് പല നിയമങ്ങളും. നാട്ടില് ഇരുപതു വർഷത്തിൽ കൂടുതൽ വണ്ടി ഓടിച്ചു പരിചയം ഉള്ളയാൾ തന്റെ പതിനഞ്ചാമത്തെ ടെസ്റ്റിൽ പോലും പാസായിട്ടില്ല. കാരണം താങ്കള് പറഞ്ഞത് ഒക്കെ തന്നെ.

എനിക്ക് എന്തോ നാലാമത്തെ ടെസ്റ്റിൽ ലൈസൻസ് കിട്ടി. ഇപ്പോൾ ഏകദേശം ഒന്നര വര്ഷത്തോളം ഇതിലെ കാർ ഓടിക്കുന്നു. പക്ഷെ അതിപ്പോൾ ഒരു പ്രശ്നം ആയി മാറി. നാട്ടില വരുമ്പോൾ ഡ്രൈവര് എന്ന രീതിയിൽ ഉള്ള നമ്മുടെ മനസ് മാറ്റേണ്ടി വരും.

ഈ കഴിഞ്ഞ ഇടയ്ക്കു നാട്ടില വന്നപ്പോൾ ഒരിക്കൽ ഞാൻ ഒരു ടി ജങ്ഷനിൽ എത്തി. ഞാൻ ഓടിക്കുന്നത് മാരുതി സ്വിഫ്റ്റ് ആയിരുന്നു. നല്ല തിരക്ക് ഉള്ള റോഡ്‌ ആണ്. ഞാൻ ഒരു ചെറിയ റോഡില നിന്നും മെയിൻ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നു. സ്വാഭാവികമായും മെയിൻ റോഡിൽ കൂടി പോകുന്ന വാഹനങ്ങള്ക്ക് പ്രാധാന്യം കൊടുക്കണം. അപ്പോൾ മെയിൻ റോഡില കൂടി ഒരു ഓട്ടോറിക്ഷ ഞാൻ വന്ന ചെറിയ റോഡിലേക്ക് കയറാൻ വരുന്നു. നിയമവശാൽ ഓട്ടോറിക്ഷ കടന്നു പോയതിനു ശേഷം വേണം ഞാൻ പോകേണ്ടത്. അതിനാല ഞാൻ വണ്ടി സൈഡ് ചേർത്ത് നിരത്തി കൊടുത്തു ഓട്ടോക്ക് പോകാൻ. പക്ഷെ ആ ഓട്ടോക്കാരൻ പതിയെ പതിയെ മുന്നില് വന്നിട്ട് ഒരു ആക്രോശം, 'എടുത്തോണ്ട് പോടാ' എന്ന്.

അയാള് യദാർതത്തിൽ പതിയെ ആക്കിയത് എനിക്ക് കടന്നു പോകാൻ ആയിരിക്കും. ഒരുപക്ഷെ ഞാൻ, ഗൾഫിൽ വണ്ടി ഓടിക്കുന്നില്ല എങ്കിൽ ഓട്ടോക്കാരനെ മൈന്ഡ് ചെയ്യാതെ വണ്ടി എടുത്തു പോയേനെ അയാള് അവിടെ ചവിട്ടി നിര്ത്തുകയോ കൊണ്ടേ ഇടിക്കുകയോ ചെയ്തേനെ. ഇവിടെ പ്രശ്നം പറ്റിയത് ഞാൻ അല്പം ശ്രദ്ധിക്കുകയും നിയമം അനുസരിക്കുകയും ആ ഓട്ടോക്കാരന് ഇത്തിരി ബഹുമാനം കൊടുക്കുകയും ചെയ്തു എന്നതാണ്. പക്ഷെ അത് എനിക്ക് വിനയായി. എന്തായാലും ഓട്ടോക്കാരന് വേണ്ടത് കൊടുത്തിട്ട് ഞാൻ ഇനി ആരെയും ബഹുമാനിക്കേണ്ട എന്ന തീരുമാനം എടുത്തു യാത്ര തുടർന്നു.

അതായത് ശ്രദ്ധയോടെ ക്ഷമയോടെ സൂക്ഷിച്ച് നിയമം അനുസരിച്ച് മറ്റുള്ളവരെ ബഹുമാനിച്ച് വണ്ടി ഓടിക്കുന്നവർ കേരളത്തിൽ മറ്റു ഡ്രൈവർമാർക്ക് ഒരു ശല്യമാണ്! ഒന്നുകിൽ എല്ലാവരും മാറുക; അതാണ്‌ ഏറ്റവും നല്ലത്. അല്ലെങ്കിൽ നാം എല്ലാവരെയും പോലെ തറ ഡ്രൈവര് ആകുക, അതെ വഴിയുള്ളൂ...

ajith said...

റോഡുകളില്‍ നഷ്ടപ്പെടുന്ന ജീവനുകളോട് നമ്മുടെ മനോഭാവത്തിലും ഒരു മാറ്റം വരേണ്ടതുണ്ട്. ഒരുവനെ കൊന്നാല്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പ്രതികരണക്കാര്‍ പോലും റോഡില്‍ എത്ര ജീവന്‍ പൊലിഞ്ഞാലും “വിധി” എന്ന് ആശ്വസിക്കുന്നതുകാണാം.

kaalidaasan said...

>>>>എനിക്ക് തോന്നിയത് അവര് രാഷ്ട്രീയക്കാരെ പോലെ ആത്മാര്‍ഥത ഇല്ലാത്ത ദുഃഖ പ്രകടനങ്ങള്‍ക്ക് പകരം സാധാരണ മനുഷ്യരെ പോലെ അപ്പോഴത്തെ വികാരം പങ്കു വച്ചത് മൂലം ഉണ്ടായ തെറ്റിദ്ധാരണ ആണതിന് പിന്നിലെന്നാണ് .<<<<

അനന്തിന്റെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആകുന്നില്ല.

വിനോദ യാത്ര എന്നത് ഇതിലെ വെറും സാങ്കേതികമായ പദം മാത്രമാണ്. വിനോദയാത്രക്കല്ലാതെ പോയാലും അപകടമുണ്ടാകാം. ഉണ്ടാകുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ അധികൃതരുടെ അനുവാദത്തോടെ മാത്രമേ വിനോദ യാത്ര പോകാവൂ എന്ന നിയമമൊന്നും ഇല്ല.

ഈ യാത്രക്കു പോയപ്പോള്‍ ഒരു കുട്ടിയുടെ മതാപിതാക്കളും കൂടി ഉണ്ടായിരുന്നു എന്നാണു ഞാന്‍ വായിച്ചറിഞ്ഞത്. അതിന്റെ അര്‍ത്ഥം അധ്യാപകരില്ലെങ്കില്‍ കൂടി ഉത്തരവാദപ്പെട്ടവര്‍ ഈ സംഘത്തിലുണ്ടായിരുന്നു എന്നാണ്.

മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവില്ലാതെ എത്രയോ കുട്ടികള്‍ ഇതു പോലെ വിനോദ യാത്രക്ക് പോകാറുണ്ട്. അതുകൊണ്ട് ഇതുപോലെ വികാരം പങ്കു വയ്ക്കണം എന്നുണ്ടോ?

രാഷ്ട്രീയക്കാരെ ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരേണ്ട ആവശ്യമില്ല. തങ്ങള്‍ക്കി സംഭവത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല എന്നു തന്നെയാണവര്‍ പറഞ്ഞത്. ഇതുപോലെയുള്ള അപകടം ഉണ്ടാകുമ്പോള്‍ സാധാരണ മനുഷ്യനായ എനിക്ക് അതില്‍ ദുഖമേ ഉണ്ടാകാറുള്ളു. ഏത് സഹചര്യത്തില്‍ അവര്‍ വിനോദ യാത്രക്ക് പോയി എന്നൊന്നും ഞാന്‍ ആലോചിക്കാറില്ല.

ഈ അപകടം ഉണ്ടായില്ലായിരുന്നു എങ്കില്‍ ഈ അധ്യാപകന്‍ എന്തുകൊണ്ട് അനുവാദം കൂടാതെ വിനോദ യാത്ര പോയി എന്ന് ചോദിക്കുമായിരുന്നോ? ഇല്ല എന്ന് നിസംശയം പറയാം. ഒരു പക്ഷെ കോളേജ് പ്രിന്‍സിപ്പാള്‍ അതറിയുക പോലുമില്ല.

kaalidaasan said...

>>>>അതുപോലെ study leave കൊടുത്തു പരീക്ഷക്ക്‌ തയ്യാറാവാന്‍ വിട്ട വിദ്യാര്‍ത്ഥികള്‍ തങ്ങളറിയാതെ വിനോദയാത്രക്കു പോയി എന്നറിഞ്ഞപ്പോള്‍ കോളേജ് അധികൃതര്‍ ഇതു തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ള കാര്യമല്ല എന്നു വ്യക്തമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കുണ്ടായ ദുരന്തത്തില്‍ അവര്‍ക്ക് ദുഃഖം ഇല്ലാത്തത് കൊണ്ടല്ല <<<<

അനന്ത്,

വിദ്യാര്‍ഥികള്‍ക്കുണ്ടായ ദുരന്തത്തില്‍ അവര്‍ക്ക് ദുഃഖം ഇല്ല എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. തികച്ചും അനുചിതിമായ ഒരു പരാമര്‍ശമായിപോയി അതെന്നാണു പറഞ്ഞത്.

അവര്‍ക്ക് എത്ര ദുഖമുണ്ടായാലും അതിനെയൊക്കെ അപ്രസക്തമാക്കുന്ന ഒരു പരാമര്‍ശമായിപ്പോയി അത്.

വിദ്യാര്‍ത്ഥികള്‍ കോളേജധികാരികളറിയാതെ ആണോ വിനോദയാത്രക്കു പോയതെന്ന ഒരു ചോദ്യം ഇവിടെ ആരും ചോദിച്ചില്ല. അവരെ ആരും കുറ്റപ്പെടുത്തിയുമില്ല.

അവസാന വര്‍ഷം പഠിക്കുന്ന കുട്ടികള്‍ അടുത്തകൂട്ടുകാരൊക്കെ ആയി ഒരു ഉല്ലാസയാത്ര പോകുന്നത് സാധാരണ സംഭവമാണ്. ഇവിടെ വണ്ടി ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഒരു അപകടം സംഭവിച്ചു. കോളേജ് അധികാരികള്‍ അറിഞ്ഞ് അവര്‍ ഏര്‍പ്പെടുത്തുന്ന ബസായലും ഡ്രൈവര്‍ക്ക് പകരം ​പരിചയമില്ലാത്ത മറ്റൊരാള്‍ വണ്ടി ഓടിച്ചാല്‍  ഇതേ അപകടം സംഭവിക്കാം. അതുകൊണ്ട് ഇതുപോലുള്ള ഒരു വിഷയം ഉയര്‍ത്തിക്കൊണ്ടു വരേണ്ട ആവശ്യം തന്നെയില്ല.

സംഭവിക്കാനുള്ളത് സംഭവിച്ചു. 7 കുട്ടികള്‍ അകാലത്തില്‍ മരിച്ചു പോയി. അപ്പോള്‍ കുറ്റപ്പെടുത്തുന്നതിനു പകരം ആ ദുഖത്തില്‍ പങ്കു ചേരുക. ആ കുട്ടികളുടെ വീടുകളില്‍ ചെന്ന് അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുക. അതാണു മനുഷ്യത്വപരമായ നടപടി. കോളേജില്‍ നിന്ന് അവരെ വിനോദ യാത്രക്ക് അയച്ചതല്ല എന്ന് ഈ കുട്ടികളുടെ മാതപിതക്കള്‍ക്കൊക്കെ അറിയാം. അവരാരും കോളേജിനെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തുകയുമില്ല.

kaalidaasan said...

>>>>ഇത്തരം രാഷ്ട്രീയ നേതൃത്വം നയിക്കുന്ന സമൂഹം നിയമപാലനത്തിന്റെ കാര്യത്തില്‍ അലംഭാവം കാട്ടിയില്ലെങ്കിലല്ലെ അത്ഭുതപ്പെടേണ്‍ടൂ !<<<<

അനന്ത്,

ഇന്‍ഡ്യയിലെ രാഷ്ട്രീയ നേതൃത്വം ഏതെങ്കിലും വിഷയത്തില്‍ മാതൃക കാണിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. അതൊക്കെ പ്രതീക്ഷിച്ചു നില്‍ക്കാതെ ജനങ്ങള്‍ അവരുടെ സുരക്ഷ സ്വയം ഏറ്റെടുക്കുന്നതാണു നല്ലത്.

kaalidaasan said...

>>>> റോഡിന്റെ ശോചനീയ അവസ്ഥയും അശാസ്ത്രീയ നിർമ്മാണ രീതികളും വേറൊരു കാരണമാണ്<<<<

മനോജ്,

റോഡിന്റെ ശോചനീയ അവസ്ഥയും അശാസ്ത്രീയ നിർമ്മാണ രീതികളും റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

രാജാക്കാട് ബസപകടം നടന്നു കഴിഞ്ഞ് രസകരമായ ഒരു സംഭവമുണ്ടായി. അന്വേഷിക്കാന്‍ പോയപ്പോള്‍ മാത്രമാണ്, ഒരു വളവിലെ അശാസ്ത്രീയമായ ചെരിവ് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടത്. റോഡു പണുത ആളുകള്‍ക്കോ അതിനു സര്‍ട്ടിഫിക്കറ്റ് കൊടുത്ത അധികാരികള്‍ക്കോ ഇത്ര കാലവും അതൊന്നും മനസിലായിരുന്നില്ല. ഭാഗ്യം  കൊണ്ട് ഇതിനു മുമ്പ് അവിടെ ഒരപകടവും സംഭവിച്ചില്ല.

kaalidaasan said...

>>>> അതായത് ശ്രദ്ധയോടെ ക്ഷമയോടെ സൂക്ഷിച്ച് നിയമം അനുസരിച്ച് മറ്റുള്ളവരെ ബഹുമാനിച്ച് വണ്ടി ഓടിക്കുന്നവർ കേരളത്തിൽ മറ്റു ഡ്രൈവർമാർക്ക് ഒരു ശല്യമാണ്! <<<<

മലക്ക്,

ശ്രദ്ധയോടെ ക്ഷമയോടെ സൂക്ഷിച്ച് നിയമം അനുസരിച്ച് മറ്റുള്ളവരെ ബഹുമാനിച്ച് വണ്ടി ഓടിക്കുന്നവർ ഏറിയാല്‍ കേരളത്തിൽ 10% മാത്രമേ ഉള്ളു. അവര്‍ അപകടം ഉണ്ടാക്കാന്‍ വിധിക്കപ്പെട്ട മറ്റു ഡ്രൈവർമാർക്ക് ഒരു ശല്യം തന്നെയാണ്.

റോഡില്‍ ഉള്ള നമ്മുടെ സമീപന രീതി മാറിയേ പറ്റൂ. 100 മീറ്റര്‍ വീതിയില്‍ റോഡുണ്ടായാലൊന്നും  അപകടങ്ങള്‍ ഇല്ലാതാകില്ല.

stephen jose said...

സര്‍,
ഹെല്‍മറ്റ്‌ വിഷയം ചര്ച്ചചെയ്തപ്പോള്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്...സ്ത്രീകള്‍ ഇന്ന വസ്ത്രം ധരികണമെന്ന് സമൂഹത്തിനു ഉപദേശിക്കാം പക്ഷെ നിര്‍ബന്ധികാന്‍ പാടില്ല.അതുപോലെ ഹെല്‍മറ്റ്‌ ധരിക്കണമെന്ന് ഉപദേശിക്കാം, നിര്‍ബന്ധം പാടില്ല ............എങ്ങനെയുണ്ട് ബുദ്ധി ?

kaalidaasan said...

സ്റ്റീഫന്‍,

ആ സുഹൃത്തിനേപ്പോലുള്ളവരാണ്, റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇവരെയൊക്കെ ബോധവത്കരിക്കാന്‍ ബുദ്ധിമുട്ടാണ്. നിയമം കര്‍ക്കശമാക്കിയാല്‍ മാത്രമേ ഇവരൊക്കെ പഠിക്കു.

മുക്കുവന്‍ said...

as long as the enforcement officers take bribes, the rules will not be in effect.

- make sure the users are not bribing ... yea.. if you dont bribe, you will be in jail for rest of your life :)

- make videos for the bribery and post in social media.. this will work.. but the enforcement officers will catch you cyber crime :)


paapi chellunnidam paathalam!