സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുണ്ട്.
ഒരു ജനതയുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിയുടെ അളവുകോലായി കരുതപ്പെടുന്ന Human Development Index ല്‍ കേരളം ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്താണ്.
സാക്ഷരതയില്‍ കേരളം ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്താണ്.
Life Expectancy ഏറ്റവും കൂടുതലും, Infant Mortality ഏറ്റവും കുറവും കേരളത്തിലാണ്.
ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്.
പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്തും, GDP യുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു.
Road Density യില്‍ കേരളം ഇന്‍ഡ്യയില്‍ വളരെ മുന്നിലാണ്. 100 ചതുരശ്ര കിലോമീറ്ററില്‍ 390 കിലോമീറ്റര്‍ റോഡ് കേരളത്തിലുണ്ട്.
റോഡപകടങ്ങളുടെ കാര്യത്തിലും കേരളം ഇന്‍ഡ്യയില്‍ മുന്‍പന്തിയിലാണ്.
കഴിഞ്ഞ 10 വര്‍ഷങ്ങളായി കേരളത്തിലെ റോഡുകളില്‍ വര്‍ഷം തോറും 35000 തിലധികം അപകടങ്ങളുണ്ടാകുന്നു. 40000 ത്തിലധിക പേര്‍ക്ക് പരുക്കുപറ്റുന്നു. മരണ സംഖ്യ 10 വര്‍ഷം മുമ്പ് 2710 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 4286 ആയി ഉയര്‍ന്നിരിക്കുന്നു.
ഒന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ബൈക്ക് യാത്രക്കാരായ രണ്ട് ചെറുപ്പക്കാര്‍ ഒരു റോഡപകടത്തില്‍ മരിച്ചു. പോലീസുകാര്‍ ഹെല്‍മെറ്റ് പരിശോധന നടത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് പാഞ്ഞവരായിരുന്നു അപകടത്തില്‍ പെട്ടത്. അന്ന് പോലീസ് നടപടി വിമര്‍ശിക്കപ്പെട്ടു. മറ്റ് കുറ്റങ്ങളൊക്കെ തടഞ്ഞ ശേഷം മതി ഹെല്‍മെറ്റ് വേട്ട എന്ന് പലരും അഭിപ്രായപ്പെട്ടത് വായിക്കുകയുണ്ടായി.
അടുത്തിടെ ഉണ്ടായ രാജാക്കാട് ബസപകടത്തില്‍ പൊലിഞ്ഞത് 8 ജീവനുകള്‍. അതും കോളേജ് വിദ്യാര്‍ത്ഥികള്‍.,. അതുണ്ടായപ്പോള്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഒരു പരാമര്‍ശമുണ്ടായി. 8 വിദ്യാര്‍ത്ഥികള്‍ മരിച്ചതിലുള്ള സങ്കടത്തേക്കാള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്, കോളേജധികാരികള്‍ക്ക് ആ ദുരന്തത്തില്‍ ഉത്തരവാദിത്തമില്ല എന്ന ധ്വനി ആയിരുന്നു. അതിന്റെ ഏറ്റവും ലളിതമായ വിവക്ഷ, മനുഷ്യ ജീവനു വലിയ വില ഇല്ല എന്നതാണ്.
റോഡപകടങ്ങളില്‍ ആര്‍ക്കാണുത്തരവാദിത്തം എന്നൊക്കെ വാദിക്കുന്നതില്‍ കാര്യമില്ല. റോഡപകടങ്ങളിലെ മരണങ്ങള്‍ വര്‍ഷം തോറും കൂടി കൂടി വരുന്നു. മരിക്കുന്നത് കൂടുതലും ചെറുപ്പക്കാരാണ്. കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതലും. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്.
പല കാര്യങ്ങളിലും ഇന്‍ഡ്യയില്‍ മുന്നിലുള്ള കേരളം പക്ഷെ ചില കാര്യങ്ങളില്‍ വളരെ പിന്നിലാണ്. അതിലൊന്നാണ് റോഡ് സുരക്ഷ. റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല. സാക്ഷര കേരളത്തിനെന്തു പറ്റി?
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ വേറെ നാലപകടങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വേളാങ്കണി തീര്‍ഥാടക സംഘത്തിന്റെ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു
വേളാങ്കണി തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. വേളാങ്കണിയിലേക്കു പോകും വഴിയായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
വേളാങ്കണ്ണി തീര്‍ത്ഥാടകസംഘത്തിന്റെ വാഹനം ടിപ്പറിലിടിച്ച് അച്ഛനും മകനും മരിച്ചു
പാലക്കാട്ടുനിന്ന് തഞ്ചാവൂരിലേക്കുപോയ തീര്‍ഥാടകസംഘം യാത്രചെയ്ത കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശിയും മകനും മരിച്ചു. തഞ്ചാവൂരിന് സമീപം നഞ്ചന്‍കോട് ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു അപകടം. നിറുത്തിയിട്ട ലോറിക്കു പിന്നിൽ ക്വാളിസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ അഞ്ചു മരണം
കുട്ടനാട്ടിൽ എ.സി റോഡിലും ദേശീയപാതയിൽ അമ്പലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കു സമീപത്തും ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേർ മരിച്ചു.
ടിപ്പർ ലോറിയുടെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് എ.സി റോഡിൽ അപകടത്തിനു കാരണമെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ബിൽഡിംഗ് കോൺട്രാക്ടറായ ബിജു കുടുംബകാര്യത്തിനായി എറണാകുളത്തേക്കു പോവുകയായിരുന്നു. ലോഡ് കയറ്റാനായി ആലപ്പുഴയിൽ നിന്നു കിഴക്കു ഭാഗത്തേക്കു പോവുകയായിരുന്നു ടിപ്പർ. കാറിനെ മറികടക്കാൻ മൽസരിച്ചോടിയ ടിപ്പർ മണലാടി ജംഗ്ഷനിലെത്തിയപ്പോൾ മുന്നിൽ കയറി. എതിരെവന്ന ബിജുവിന്റെ കാർ വശത്തേക്ക് ഒതുക്കുംമുമ്പേ ടിപ്പർ ഇടിച്ചു തെറിപ്പിച്ചു.
പറവൂർ പബ്ളിക്ക് ലൈബ്രറിക്ക് സമീപം രാവിലെ എട്ടോടെയാണ് രണ്ടാമത്തെ അപകടം. സ്കൂട്ടറിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടി തെറിച്ച് ലോറിക്കടിയിൽപ്പെട്ട് അമ്പലപ്പുഴ വടക്ക് ചെമ്പകപ്പള്ളിയിൽ സിയാദ് മുഹമ്മ് ആണ് മരിച്ചത്. യാത്രക്കാരുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന കാറിലാണ് സ്കൂട്ടർ മുട്ടിയത്.
കേരളത്തിലെ റോഡുകളില്‍ സംഭവിക്കുന്നതിന്റെ ഒരു രേഖാ ചിത്രം ഈ ആറപകടങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും.
കേരളത്തില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നിട്ട് നാളുകളേറെയായി. നിയമങ്ങള്‍ എങ്ങനെയെല്ലാം ലംഘിക്കാം എന്ന വൃതമെടുത്തിരിക്കുന്ന മറ്റ് മലയാളികളേപ്പോലെ ഇരു ചക്രയാത്രക്കാരും ഹെല്മെറ്റ് ധരിക്കാന്‍ കൂട്ടക്കുന്നില്ല.
ഹെല്‍മെറ്റ് ധരിക്കുന്നത് വാശിയോടെ എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം ഇരു ചക്ര വാഹനക്കാരുണ്ട്. എന്തുകൊണ്ടിവര്‍ അത് ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എന്തിനും പടിഞ്ഞാറന്‍ നാടുകളെ അനുകരിക്കുന്ന ഇവര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പടിഞ്ഞാറന്‍ നാടുകളെ അനുകരിക്കുന്നില്ല?. സൈക്കിള്‍ യാത്രക്കു പോലും ഹെല്‍മെറ്റ് അവിടങ്ങളില്‍ നിര്‍ബന്ധമാണ്. അത് വെറുതെ നിര്‍ബന്ധമാക്കിയതല്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണത് ചെയ്തിരിക്കുന്നത്.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വഹനം ഓടിച്ചാല്‍ പരമാവധി നൂറോ ഇരുന്നൂറോ രൂപാ ഫൈന്‍ അടക്കേണ്ടി വരും. അല്ലാതെ കൊലക്കുറ്റത്തിനു കേസൊന്നും എടുക്കില്ല. നുറോ ഇരുന്നോറോ രൂപ ലാഭിക്കാന്‍ വേണ്ടിയാണു ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇതിലും എത്രയോ രൂപ Beverages Corporation ഇല്‍ ചെലവഴിക്കുന്നുണ്ട് ഒരു ശരാശരി മലയാളി യുവാവ്. ഇവിടെ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിലും കുറ്റക്കാര്‍ യുവാക്കള്‍ തന്നെയാണെന്നാണു ഞാന്‍ കരുതുന്നത്. ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ പോലീസിനെ വെട്ടിച്ച് പായേണ്ടി വരില്ലായിരുന്നു.
രാജാക്കാട് ബസപകടമുണ്ടായതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആ ബസോടിച്ച വ്യക്തിതന്നെയാണ്. ഡ്രൈവര്‍ക്ക് പകരം അദ്ദേഹത്തിന്റെ സഹായി ആയിരുന്നു വണ്ടിയോടിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത് അത്യന്തം ഗുരുതരമായ തെറ്റു തന്നെയാണ്. ഹൈറേഞ്ചിലൊക്കെ വണ്ടിയോടിക്കുന്നവര്‍ പരിചയസമ്പന്നര്‍ ആയിരിക്കേണ്ടതാണ്. അവിടെ സാധാരണ സ്പീഡു കൂടുതലായുള്ള അപകടങ്ങള്‍ പ്രായേണ കുറവാണ്. കൂടുതലും അശ്രദ്ധ കാരണമാണപകടം സംഭവിക്കാറ്.
കേരളം റോഡ് സുരക്ഷയുടെ കാര്യത്തില്‍ അരക്ഷിതമാവുകയാണ്. ഇതു നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്നതില്‍ സംശയമില്ല. ചിന്തിച്ചാല്‍ മാത്രം പോര, ഓരോരുത്തര്‍ക്കും എന്തുചെയ്യാന്‍ പറ്റുമെന്നും കൂടി നോക്കണം. അപകടങ്ങളുണ്ടാകുന്നതിനു പ്രധാനമായി നാലു കാരണങ്ങളാണുള്ളത്.
1. നിയമം അനുസരിക്കാനുള്ള മടി.
2. അശ്രദ്ധ.
3. പരസ്പര ബഹുമാനമില്ലായ്മ.
4. റോഡിന്റെ പോരായ്മകള്‍
ഇതിലെ ആദ്യ മൂന്നു കാര്യങ്ങള്‍ വാഹനമോടിക്കുന്നര്‍ക്ക് പരിഹരിക്കാവുന്നതേ ഉള്ളു.
മുകളില്‍ പരാമര്‍ശിച്ച ഒരപകടത്തിന്റെ കാരണം ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലായിരുന്നു. എതിരെ വന്ന വാഹനത്തെ ശ്രദ്ധിക്കാതെ അല്ലെങ്കില്‍ ബഹുമാനിക്കാതെ മറ്റൊരു വാഹനത്തെ അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്തപ്പോഴാണതുണ്ടായത്. അല്‍പ്പം ക്ഷമയോടെ ഒരു മിനിറ്റ് താമസിച്ച് ഓവര്‍ ടേക്ക് ചെയ്തിരുന്നെങ്കില്‍, ഈ അപകടം ഒഴിവാക്കമായിരുനു. അടുത്ത നാളുകളില്‍ ടിപ്പ ര്‍ ലോറി മൂലമുണ്ടാകുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. രണ്ടു മാസം മുന്നെ ഞാന്‍ വൈക്കത്തുനിന്നും ആലപ്പുഴയിലേക്ക് തണ്ണീര്‍ മുക്കം ബണ്ട് വഴി യാത്ര ചെയ്തു. വൈക്കം മുതല്‍ അലപ്പുഴ വരെ ഞാന്‍ സഞ്ചരിച്ച വാഹനത്തെ കടന്ന് 254 ടിപ്പര്‍ ലോറികളാണു പോയത്. കേരളത്തിലെ മിക്കവാറും റോഡുകളില്‍ ഇതാണവസ്ഥ,. ഈ ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് അശ്രദ്ധയും സ്പീഡും പരസ്പര ബഹുമാനമില്ലായ്മയും വളരെ കൂടുതലുണ്ട്.
വേളാങ്കണ്ണി തീര്‍ത്ഥയാത്രക്ക് പോയ രണ്ട് വാഹനങ്ങളും അപകടത്തില്‍ പെട്ടത് അതിരാവിലെ സമയത്തായിരുന്നു. ഒരു വാഹനം മരത്തിലിടിച്ചും, മറ്റൊന്ന് ലോറിയുടെ പിന്നിലിടിച്ചും ആയിരുന്നു. രണ്ട് ഡ്രൈവര്‍മാരും ഉറങ്ങിപ്പോയതാണു കാരണം. ഈ ഡ്രൈവര്‍മാര്‍ ഇടക്കൊന്നു നിറുത്തി ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങിയിട്ട് വാഹനം ഓടിച്ചിരുന്നെങ്കില്‍ ഈ അപകടങ്ങള്‍ ഒഴിവക്കാമായിരുന്നു. തികഞ്ഞ അശ്രദ്ധയാണിതിലേക്ക് നയിച്ചത്.
രാജാക്കാട് ബസപകടം ഉണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്ന കേരള നിയമ സഭ സ്പീക്കര്‍ കോളേജു പ്രിന്‍സിപ്പാളിന്റെ പരാമര്ശത്തെ വിമര്‍ശിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇദ്ദേഹം പല പ്രാവശ്യം കേരളത്തിലെ മന്ത്രിയായി ഭരിച്ചിട്ടുമുണ്ട്. അന്നൊന്നും ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തതായി കേട്ടിട്ടില്ല.
റോഡ് സുരക്ഷയുടെ ഒരു സംസ്‌കാരം നമ്മള്‍ രൂപീകരിക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടത് അപകടം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ കുറക്കുകയാണ്. ഭൂരിഭാഗം റോഡപകടങ്ങളും ഉണ്ടാകുന്നത് ഡ്രൈവര്‍മാര്‍ അപകടകരമായ രീതിയില്‍ പെരുമാറുന്നതുകൊണ്ടാണ്. നമ്മുടെ ഇപ്പോഴത്തെ റോഡ് സുരക്ഷാ സംസ്‌കാരം ഒരു വിചിത്രമായ രീതിയിലാണ്. ഏത് അപകടം ഉണ്ടായാലും ഒരാളെ കുറ്റക്കാരനായി ആദ്യമേ വിലയിരുത്തും. അതൊരു പ്രത്യേക രീതിയിലാണു താനും. ഇരുചക്രവാഹനവും കാറും ഉള്‍പ്പെടുന്ന അപകടമുണ്ടായാല്‍ കുറ്റം എപ്പോഴും കാറിന്റെ ഡ്രൈവര്‍ക്കായിരിക്കും. കാറും മറ്റേതെങ്കിലും വലിയ വാഹനവും അപകടത്തില്‍ പെട്ടാല്‍ കുറ്റം എപ്പോഴും വലിയ വാഹനത്തിനായിരിക്കും. ഏത് അപകടം ഉണ്ടായാലും ഉടന്‍ ഒന്നോ അധികമോ ആളുകളെ ഉത്തരവാദിയായിക്കണ്ട് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യുമ്പോഴേ പൊതു സമൂഹത്തിന് സമാധാനമാകൂ. പറ്റിയാല്‍ നേരിട്ട് തന്നെ രണ്ടുകൊടുക്കാനും നമുക്ക് സന്തോഷമാണ്. എന്നിട്ട് അതൊക്കെ അപ്പോള്‍ തന്നെ സമൂഹം മറക്കും.
അപകട ഉണ്ടാകട്ടെ എന്നു തീരുമാനിച്ച് ആരും വണ്ടിയോടിക്കുന്നില്ല. പരിശീലനത്തിന്റെ അപര്യാപ്തത, റോഡിലെ പോരായ്മകള്‍, കാലാവസ്ഥ, ഉറക്കത്തിന്റെ കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നിങ്ങനെ അനവധി കാരണങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. അപകടമുണ്ടായാല്‍ ഉടന്‍ ഡ്രൈവറെ പിടിച്ച് നാലു തല്ലു വെച്ചു കൊടുത്താലോ അറസ്റ്റ് ചെയ്താലോ ജയിലില്‍ ഇട്ടാലോ ഒന്നും അപകടങ്ങള്‍ കുറയാന്‍ പോകുന്നില്ല. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ പലമടങ്ങ് ആളുകള്‍ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവരുന്നു. മരിക്കുന്നതിന്റെ പത്തിരട്ടി പേര്‍ക്കെങ്കിലും പരിക്കുപറ്റുന്നു. അതിലും കൂടുതലാണ് അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നവരുടെ എണ്ണം.
പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍, കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും വണ്ടി ഓടിക്കുന്നവരും കാല്‍നട യാത്രക്കാരും ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.
അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്.
നമ്മുടെ നാട്ടില്‍ വാഹനം ഓടിക്കുന്നത് ലോകത്തൊരിടത്തും കാണാത്ത രീതിയിലാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണിവിടത്തെ നടപ്പു രീതി. മറ്റുള്ളവര്‍ക്കും വാഹനം ഓടിക്കാന്‍ അവകാശമുണ്ട് എന്ന രീതിയിലുള്ള ഒരു ചിന്താഗതി കേരളത്തില്‍ വഹനം ഓടിക്കുന്ന ആര്‍ക്കുമില്ല. ഹെഡ് ലൈറ്റ് full beam ഇല്‍ ഇട്ട് വണ്ടി ഓടിക്കുന്ന രീതി പടിഞ്ഞാറന്‍ നാടുകളില്‍ ഇല്ല. പക്ഷെ കേരളത്തില്‍ അതേ ഉള്ളൂ. വഴിയാത്രക്കാര്‍ക്ക് കടന്നു പോകാനുള്ള zebra crossing ഇന്റെ അടുത്ത് ആരെങ്കിലുമുണ്ടെങ്കില്‍, അവിടങ്ങളില്‍ വാഹനം നിറുത്തിയിടും. കേരളത്തിലെ ഏതെങ്കിലും ഡ്രൈവര്‍ അത് ചെയ്യുമോ? സീറ്റ് ബെല്‍റ്റ് ഇടുന്നത് പോലീസിനെ പേടിച്ചാണ്, സ്വന്തം സുരക്ഷയെക്കരുതിയല്ല. യഥാര്‍ത്ഥത്തില്‍ മലയാളികള്‍ നിയമങ്ങള്‍ അനുസരിക്കുന്നത് പോലീസിന് വേണ്ടിയാണ്.
ലോകത്ത് എവിടെ ആയാലും ജനങ്ങള്‍ റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതിനു പിന്നിലെ യഥാര്‍ഥ കാരണം പിഴയായി പണം പോകും എന്ന പേടി തന്നെ ആണ്. പോലീസ് ചെക്ക് ചെയ്യുന്നത് നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ്. അതിനോട് സഹകരിക്കുക എന്നതാണ്, ഒരു പുരോഗമിച്ച സമൂഹം ചെയ്യേണ്ടതും. ആരോഗ്യകരമായ ഒരു സാമുഹിക വ്യവസ്ഥക്ക് ആവശ്യമാണത്. റോഡ് നിയമ ലംഘനങ്ങള്‍ക്ക് കേരളത്തില്‍ പിഴ വളരെ കുറവാണ്. കൂടുതല്‍ കനത്ത പിഴ ലഭിക്കും എന്ന് വന്നാല്‍ ജനങ്ങള്‍ നിയമങ്ങള്‍ താനെ അനുസരിക്കും. പോലീസ് ചെക്കു ചെയ്യുമ്പോള്‍ , നിര്‍ത്താതെ പോകുന്നതോ വഴി മറിപ്പോകുന്നതോ നമ്മുടെ അവകാശം എന്ന രീതിയിലാണ്, ഭൂരിഭാഗം പേരുടെയും ചിന്ത. നിയമം അനുസരിക്കണം എന്ന ചിന്തയില്ല. നിയമം ലംഘിക്കുക, എന്നിട്ട് പോലീസിനെ വെട്ടിച്ചു കടക്കുക എന്നതാണു നാട്ടുനടപ്പ്.
കേരളത്തില്‍ എവിടെയും കാണുന്ന ഒരു കാഴ്ചയുണ്ട്. പോലീസ് ചെക്കിംഗ് ഉണ്ടെങ്കില്‍ എതിരെ വരുന്ന വാഹങ്ങള്‍ക്ക് എല്ലാവരും മുന്നറിയിപ്പു കൊടുക്കും. നിയമം അനുശാസിക്കുന്ന രീതിയില്‍ ആണു വാഹനം ഓടിക്കുന്നതെങ്കില്‍ ഇതു പോലെ മുന്നറിയിപ്പ് നല്‍കേണ്ട ആവശ്യം തന്നെയില്ല. ഇത് സൂചിപ്പിക്കുന്നത് ഭൂരിഭാഗം പേരും നിയമം അനുശാസിക്കുന്ന രീതിയില്‍ അല്ല വാഹനം ഓടിക്കുനതെന്നാണ്.
നാട്ടിന്‍പുറങ്ങളില്‍ വണ്ടി ഓടിക്കുന്നവരൊന്നും സീറ്റ് ബെല്‍റ്റ് ഇടാറില്ല. പ്രധാന നിരത്തിലേക്ക് കയറുമ്പോള്‍ അവരൊക്കെ സീറ്റ് ബെല്‍റ്റ് ഇടുന്നു. ഇതിവര്‍ ചെയ്യുന്നത് പോലീസിനു വേണ്ടിയാണ്. അല്ലാതെ സ്വന്തം സുരക്ഷയെക്കരുതിയല്ല.
മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്. ഒരിടത്തും ക്യൂ പാലിക്കാനോ തന്റെ ഉഴത്തിനു വേണ്ടി കാത്തുനില്‍ക്കാനോ അവനു ക്ഷമയില്ല. റോഡിലുകളിലും ഇതാവര്‍ത്തിക്കുന്നു. അക്ഷമയും അശ്രദ്ധയുമാണ്, കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണം. ഇതോടൊപ്പം ഡ്രൈവിംഗില്‍ ശരിയായ പരിശീലനം ലഭിക്കായ്കയും കൂടെ ആകുമ്പോള്‍ കേരളത്തിലെ റോഡുകള്‍ ചോരക്കളമാകുന്നു.
കേരളത്തില്‍ മരിക്കുന്നവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതലും. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്. ചോരത്തിളപ്പുള്ള യുവാക്കള്‍ കൂടുതല്‍ വേഗമുള്ള ആധുനിക ബൈക്കുകളില്‍ ചെത്തിനടക്കുന്നു. വേഗം നിയന്ത്രിക്കണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. ഇതോടൊപ്പം മിക്കപ്പോഴും അവര്‍ മദ്യപിച്ചിട്ടുമുണ്ടാകും. മദ്യപിച്ചാല്‍ വേഗത നിയന്ത്രിക്കാനൊന്നും തോന്നില്ല.
വികസിത രാജ്യങ്ങളിലൊക്കെ ചെറിയ ക്ളാസുകള്‍ മുതലേ കുട്ടികളെ റോഡ് സുരക്ഷയേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ പാഠ്യപദ്ധതിയിലും അത് വേണം. ലൈസന്‍സ് നല്‍കുന്നതിലും കര്‍)ശനമായ നിഷ്കര്‍ഷകള്‍ വേണ്ടതുണ്ട്. ലൈസന്‍സ് ഇല്ലാതെ ഇരുചക്രവഹനമോടിക്കുന്ന കൌമാരക്കാര്‍ ഏറെയുണ്ട് കേരളത്തില്‍.
കൌമരക്കാരുടെ ബോധവത്കരണത്തിന്റെ ഭാഗമായി പ്ളസ് 2 വിദ്യര്‍ത്ഥികളെ ഏതെങ്കിലും മെഡിക്കല്‍ കോളേജിലെയോ ജില്ലാ ആശുപത്രിയിലെയോ അത്യാഹിത വിഭാഗത്തില്‍ മാസത്തിലൊരിക്കലെങ്കിലും ഏതാനും മണിക്കൂറുകള്‍ ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കണം. എങ്കിലേ അവര്‍ക്ക് ഇതിന്റെ ഗൌരവം പിടികിട്ടൂ.
അടുത്തനാളില്‍ എനിക്കറിയവുന്ന ഒരു സംഭവമുണ്ടായി. ലൈസന്‍സില്ലാത്ത ഒരു പതിനഞ്ചുകാരന്‍ ബൈക്കോടിച്ച് ഒരു പ്രായമായ ആളെ ഇടിച്ച് വീഴ്ത്തി. സ്കൂള്‍ അവധി ആഘോഷിക്കാന്‍ മദ്യപാനം നടത്തി വണ്ടിയോടിച്ച സംഘത്തിലെ ഒരാളായിരുന്ന ആ കുട്ടി. ഗുരുതരമായി പരിക്കേറ്റ ആള്‍ക്ക് പണച്ചെലവുള്ള ചികിത്സ വേണ്ടി വന്നു. ബൈക്കോടിച്ച കുട്ടിക്ക് ലൈസന്‍സോ ഇന്‍ഷ്വുറന്‍സോ ഇല്ലാത്തതുകൊണ്ട്, പ്രശ്നം ഒത്തു തീര്‍പ്പാക്കി. ചികിത്സയുടെ ചെലവ് വഹിക്കാമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിച്ചപ്പോള്‍ പരിക്കേറ്റയാളുടെ ബന്ധുക്കള്‍ പരാതി കൊടുത്തില്ല. പോലീസ് കേസും എടുത്തില്ല. ലൈസന്‍സില്ലാതെയും ഇന്‍ഷ്വുറന്‍സില്ലാതെയും ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിന്, അധികാരികളോ പൊതു സമൂഹമോ ഈ കുട്ടിക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാന്‍ ശ്രമിച്ചില്ല. അങ്ങനെ കൊടുത്തിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും ഇതൊരു പാഠമാകേണ്ടതായിരുന്നു. വ്യവസ്ഥിതിയെ എല്ലാവരും ചേര്‍ന്ന് പരാജയപ്പെടുത്തുന്നതിന്റെ ഉദാഹരണമാണിത്.
പൊതു ജനത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം.
ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 1,35,000 ആളുകള്‍ വാഹന അപകടങ്ങളില്‍ മരിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ നാം ലോകത്ത് ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കുന്നു. ഇത് നമ്മുടെ ഉയര്‍ന്ന ജനസംഖ്യ കൊണ്ടാണ് എന്ന വാദത്തില്‍ കഴമ്പില്ല. ഇൻഡ്യയേക്കാൾ കൂടുതല്‍ ജനങ്ങളുള്ള ചൈനയില്‍, ഇന്‍ഡ്യയുടേതിന്റെ പകുതി മരണങ്ങള്‍ മാത്രമേ ഉള്ളു. ഇന്‍ഡ്യയേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ള വികസിത രാജ്യങ്ങളില്‍ അപകടങ്ങള്‍ പൊതുവെ കുറവാണ്.