Wednesday 7 December 2011

എ ജി യെ എന്തിനു ക്രൂശിക്കണം?




അതെ എ ജിയെ വെറുതെ വിടാം. അദ്ദേഹം വെറും സന്ദേശവാഹകന്‍ മാത്രമാണ്. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കുന്ന സന്ദേശ വാഹകന്‍.
സര്‍ക്കാര്‍ നിലപാട്, ആദ്യം തന്നെ തുരുവഞ്ചൂരും പിന്നീട് ഉമ്മന്‍ ചാണ്ടിയും  വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളത്തെ ഇടുക്കി അണക്കെട്ടിന്‌ ഉള്‍ക്കൊള്ളാനാകും. അതുകൊണ്ട് മുല്ലപ്പെരിയാറിലെ വെള്ളപ്പറ്റി ഓര്‍ത്ത് ആരും ഉത്ഖണ്ഠപ്പെടേണ്ട.  അതിന്റെ പേരില്‍ ക്രൂശിക്കുന്നെങ്കില്‍ ക്രൂശിക്കേണ്ടത് ചാണ്ടിയെയും തിരുവഞ്ചൂരിനെയും  ആണ്.
എ ജി യെ എന്തിനു ക്രൂശിക്കണം?


എ ജി കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയായിരുന്നു.

1. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വെള്ളത്തിലാകുന്നത്  450 കുടുംബങ്ങളാണ്. അവരെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ടി 3 സ്കൂളുകള്‍ കണ്ടു വച്ചിട്ടുണ്ട്.


2. മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ വന്നാലും  ഇടുക്കി അണക്കെട്ടിനു  താങ്ങാനാകും. 


3. താങ്ങാന്‍ പറ്റില്ല എന്നു സംശയമുണ്ടെങ്കില്‍ ഇടുക്കിയിലെ വെള്ളം ഒഴുക്കി കളഞ്ഞ്, അത് സാധിക്കും.


"ഇതൊന്നും കേരള സര്‍ക്കരിന്റെ നിലപാടല്ല", എന്നു തെറ്റിദ്ധരിച്ച ചില മണ്ടന്‍മാരാണു വിവാദമുണ്ടാക്കിയത്. ഇന്നലത്തെ മന്ത്രിസഭാ യോഗം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി  വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്.


എജിക്കോ സര്‍ക്കാരിനോ ഏതെങ്കിലും വകുപ്പുകള്‍ക്കോ ഇക്കാര്യത്തില്‍ ഒരു തെറ്റും പറ്റിയിട്ടില്ല. എജിയുടെ വാദം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവന ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും തനിക്ക് ഇങ്ങനെയേ ചെയ്യാനാകൂ എന്നും എജി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. എജിയുടെ വിശദീകരണം അതേപടി മന്ത്രിമാര്‍ അംഗീകരിച്ചു. 

അതിന്റെ കൂടെ അദ്ദേഹം മറ്റൊന്നു കൂടി പറഞ്ഞു. വിവാദ പ്രസ്താവന പിന്‍വലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കും.

പിന്‍വലിക്കേണ്ട തരത്തില്‍ തെറ്റുകള്‍ കടന്നു കൂടിയ ഒരു പ്രസ്താവന എങ്ങനെ കോടതിയില്‍ വന്നു എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടില്ല.

ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ സാരാംശം ഇതാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍  സര്‍ക്കാര്‍ നിലപാടു തന്നെയാണ്, ദണ്ഡപാണി കോടതിയില്‍ അവതരിപ്പിച്ചത്. അത് മലയാളികളുടെ പൊതു നിലപാടാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ കുഴപ്പമാണ്.




"എ ജി പറഞ്ഞതില്‍ യാതൊരു എതിര്‍പ്പും ഹൈക്കോടതി പ്രകടിപ്പിച്ചില്ല" എന്ന് തിരുവഞ്ചൂര്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ഇനി പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നത് എന്തനിനാണെന്നു ചോദിച്ചാല്‍ അതിനുത്തരമുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ചത് റെവന്യൂ മന്ത്രി തിരുവഞ്ചൂരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും  നിലപാടുകളാണ്.  അതേക്കുറിച്ച് പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസിനുള്ളിലെ ചിലരില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അത് പിന്‍വലിച്ച് പുതിയ ഒരെണ്ണം സമര്‍പ്പിക്കുന്നു.

വിമര്‍ശനമുണ്ടായിരുന്നില്ലെങ്കില്‍ അതുതന്നെ യു ഡി എഫ് സര്‍ക്കാരിന്റെ നയമായി നിലനില്‍ക്കുകയും ചെയ്തേനേ. എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതാണല്ലോ ഉമ്മന്‍ ചാണ്ടിയുടെ നയം. പണ്ടത്തെ രാജാക്കന്‍മാരൊക്കെ ചെയ്യുന്നതുപോലെ ആവലാതി പറയുന്നവര്‍ക്ക് പണം വാരിവിതറിയാണല്ലോ ജനസമ്പര്‍ക്ക പരിപാടി നടത്തിയതും.


മറ്റ് ചിലതുകൂടി ഉമ്മന്‍ ചാണ്ടി  പറഞ്ഞു.


മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 450 കുടുംബങ്ങള്‍ക്ക് പ്രശ്നമുണ്ടാകും. തകരുമ്പോള്‍ അവരെ മാറ്റി പാര്‍പ്പിക്കണം. മുല്ലപ്പെരിയര്‍ തകരുമ്പോള്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ അവിടെ നിന്നും കുറെ വെള്ളം ഒഴുക്കി കളയും. കൂടുതല്‍ ഒന്നുമില്ല. വെറും 485 കോടി രൂപയുടെ ഇലക്റ്റ്രിസിറ്റി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ഒഴുക്കി കളയൂ. മുല്ലപ്പെരിയാറിലെ   വെള്ളം ഇടുക്കിയില്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയണിതു ചെയ്യുന്നത്. ദുരന്തം ഉണ്ടാകുന്നത് വച്ചു നോക്കുമ്പോള്‍ ഈ നഷ്ടം വലിയ നഷ്ടമല്ല.

ഇനി തമിഴ് നാട് അണ പൊളിച്ചു കളയാനോ പുതിയത് പണിയാനോ സമ്മതിച്ചില്ലെങ്കിലും കേരളത്തിനു പ്രശ്നമില്ല.



ഇതുകൂടാതെ ദണ്ഡപാണി ഹാജരാക്കിയ വിദഗ്ദ്ധര്‍ മറ്റ് ചിലതുകൂടി പറഞ്ഞു.


എം കെ പരമേശ്വരന്‍നായര്‍ മറ്റ് വിദഗ്ദ്ധരോടൊപ്പം കോടതിയില്‍ ഹാജരായി പറഞ്ഞത് ഇങ്ങനെ.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.  പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുള്ള മഴുവന്‍ വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ട്. പക്ഷേ, അണക്കെട്ട് തകര്‍ന്നാല്‍ സാധാരണ നിലയിലുള്ള ജലപ്രവാഹമായിരിക്കില്ല ഉണ്ടാവുക. ഇടുക്കി ഡാം ഈ അതിശക്തമായ പ്രവാഹത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പറയാനാവില്ല. ഇതുസംബന്ധിച്ച് പഠനം നടന്നിട്ടില്ല. ഇടുക്കി ഡാമില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മുല്ലപ്പെരിയാര്‍ . മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം എത്തിയാല്‍ ജലനിരപ്പ് ഉയരുമെന്നല്ലാതെ നാശമുണ്ടാകുമെന്നു കരുതാനാവില്ല. പ്രാഥമിക വിലയിരുത്തല്‍പ്രകാരം ഇടുക്കി ഡാം തകരില്ല.


മികച്ച കോണ്‍ക്രീറ്റ് ഡാമെന്ന നിലയില്‍ ഇടുക്കിക്ക് വന്‍ പ്രതിരോധശക്തിയുണ്ട്.  ഡാമിന്റെ അടിത്തറയെക്കുറിച്ചും ഭൂകമ്പ പ്രതിരോധശേഷിയെക്കുറിച്ചും പഠിച്ചിട്ടുണ്ട്. ചെറുതോണി, കുളമാവ് ഡാമുകള്‍ കുത്തനെ നിര്‍മിക്കപ്പെട്ടവയാണ്. ഇവയ്ക്ക് ഇടുക്കി ഡാമിന്റെ പ്രതിരോധശേഷിയില്ല. എന്നാല്‍ , ഇടുക്കി ആര്‍ച്ച് ഡാമില്‍ മാത്രമാണ് ജലത്തിന്റെ മര്‍ദ്ദം കൂടുതലായി ഉണ്ടാവുക.


എം. കെ. പരമേശ്വരന്‍ നായര്‍ ‍ ഹൈക്കോടതി ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനു മുമ്പാകെ നല്കിയ ഉത്തരങ്ങളും അദ്ദേഹം എഴുതിയ ഒരു  പുസ്തകത്തിലെ വാദങ്ങളും തമ്മില്‍ യോജിക്കുന്നില്ല.

 മുല്ലപ്പെരിയാര്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ എന്ന പേരില്‍ 2007-ല്‍ എം.കെ.പരമേശ്വരന്‍ നായര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലും തുടര്‍ന്നുള്ള ലേഖനത്തിലും അദ്ദേഹം നടത്തിയ ചില വാദമുഖങ്ങള്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നതിനു കടക വിരുദ്ധമാണ്.

ആ പുസ്തകത്തില്‍  പരമേശ്വരന്‍ നായര്‍ മുല്ലപ്പെരിയാറില്‍നിന്നുള്ള ജലമൊഴുക്കിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്നതിങ്ങനെ.

 6003 ഘനമീറ്റര്‍ പ്രളയ ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനു കേടുപാടുകള്‍ സംഭവിക്കാതെയും തകര്‍ച്ച ഉണ്ടാകാതെയും ഒഴുകി ഇടുക്കി ജലാശയത്തില്‍ എത്തിയാല്‍, അതീവ ഗുരുതരമായ അവസ്ഥ സംജാതമാകും. കാരണം, ഇടുക്കി പദ്ധതിയില്‍ നിന്ന് ഇത്രയധികം ജലംകൂടി കടത്തിവിടാനുള്ള ശേഷിയില്ല. ഇടുക്കിയിലും പുതിയ നിര്‍ഗമന മാര്‍ഗങ്ങള്‍ നിര്‍മിക്കേണ്ടിവരും.


136 അടിയില്‍ ജലം നില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഒഴുകിയെത്തുന്ന 317.5 ദശലക്ഷം ഘനമീറ്റര്‍ ജലവും അണക്കെട്ടിന്റെ അവശിഷ്ടങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകി ഇടുക്കി ജലാശയത്തില്‍ എത്തും. 100 ദശലക്ഷം ഘനമീറ്റര്‍ ജലം ഇടുക്കി ജലാശയം ഉള്‍ക്കൊള്ളും. ബാക്കിയുള്ള 217.5 ദശലക്ഷം ഘനമീറ്റര്‍ ജലാശയ നിരപ്പിനു മുകളിലേക്കു കുതിച്ചുയരും. അധിക ജലസമ്മര്‍ദം താങ്ങാനാകാതെ ഇടുക്കി പദ്ധതിയുടെ ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ തകരും. മനുഷ്യനിര്‍മിതമായ മഹാപ്രളയം അയല്‍സംസ്ഥാനത്തിന്റെ പിടിവാശിയുടെ ഫലമായി സംഭവിക്കും.

മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ ജലം ഇടുക്കി പദ്ധതിയ്ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നു സ്വന്തം പുസ്തകത്തില്‍ നാലു  വര്‍ഷം മുമ്പു എഴുതിയതിനു കടക വിരുദ്ധമായ അഭിപ്രായമാണദ്ദേഹം കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്.

ഒരു പക്ഷെ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംഗതികളില്‍ മാറ്റം വന്നിരിക്കാം. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലേതു പോലെ  ബലപ്പെടുത്തല്‍ തമിഴ് നാട് നടത്തിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടായിരിക്കാം ഇടുക്കി അണക്കെട്ടു  തകരും എന്നു ഉറപ്പിച്ചു പറഞ്ഞിരുന്ന ഇദ്ദേഹം ഇപ്പോള്‍, അത് തകരുമോ എന്ന് തീര്‍ച്ചയില്ല എന്നൊക്കെ മാറ്റി പറയുന്നത്?

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പരമേശ്വരന്‍ നായരും ഒക്കെ നിലപാടു മാറ്റുന്നു. കുറച്ചു കഴിയുമ്പോഴേക്കും, മുല്ലപ്പെരിയാര്‍ അണക്കെട്ടിനു  ബലക്കുറവില്ല എന്നൊക്കെ പറഞ്ഞെന്നിരിക്കും. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണിന്നു വരെ സുപ്രീം കോടതി തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായം പറഞ്ഞു തുടങ്ങി. ഇനി സുപ്രീം കോടതിക്ക് തീരുമാനം എടുക്കാന്‍ എളുപ്പമായി.

പിന്‍കുറിപ്പ്: കമ്പത്തും തേനിയിലും  തോട്ടങ്ങളുള്ള  കേരള രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും കണക്ക് ജയലളിത എടുക്കുന്നതായി ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്നലെ വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും  ഈ കണക്ക് പുറത്തു  വിടണമെന്ന് ജയലളിതയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.



13 comments:

kaalidaasan said...

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പരമേശ്വരന്‍ നായരും ഒക്കെ നിലപാടു മാറ്റുന്നു. കുറച്ചു കഴിയുമ്പോഴേക്കും, മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്കുറവില്ല, എന്നൊക്കെ പറഞ്ഞെന്നിരിക്കും. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണിന്നു വരെ സുപ്രീം കോടതി തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായം പറഞ്ഞു തുടങ്ങി. ഇനി സുപ്രീം കോടതിക്ക് തീരുമാനം എടുക്കാന്‍ എളുപ്പമായി.

പിന്‍കുറിപ്പ്: കമ്പത്തും തേനിയിലും തോട്ടങ്ങളുള്ള കേരള രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും കണക്ക് ജയലളിത എടുക്കുന്നതായി ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്നലെ വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും ഈ കണക്ക് പുറത്തു വിടണമെന്ന് ജയലളിതയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

മുക്കുവന്‍ said...

I would like to see that list.. :)

build a new dam.
make a new price/rate for water.
old contract should be abolished.

that is the solution for this problem.

kaalidaasan said...

Yes Mukkuvan. I totally agree with you. That is the the only solution.

രാഷ്ട്രീയക്കാരന്‍ said...

കാളി,

കമ്പത്തും തേനിയിലും തോട്ടങ്ങളുള്ള കേരള രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും കണക്ക് പുറത്തു വന്നാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?

kaalidaasan said...

രാഷ്ട്രീയക്കാരന്‍,

തമിഴ് നാട്ടില്‍ തോട്ടങ്ങളുള്ള നേതാക്കളുടെയും ഉദ്യോഗസ്തരുടെയും പേരുകള്‍ പുറത്തു വന്നാലും പ്രത്യേകിച്ചൊന്നും  സംഭവിക്കില്ല. അവിടെ സ്ഥലം വാങ്ങാന്‍ പാടില്ല എന്ന ഒരു നിയമവുമില്ല. തമിഴ് നാട്ടിലേക്ക് വെള്ളം കൊടുകില്ല എന്ന് ഒരു നേതാവും പറയുന്നില്ലല്ലോ. കാലഹരണപ്പെട്ട ഈ അണക്കെട്ടിനു പകരം പുതിയ ഒരണക്കെട്ട് പണിയണം എന്നു മാത്രമല്ലേ ആവശ്യപ്പെടുന്നുള്ളു. ഇപ്പോള്‍ കൊടുക്കുന്ന അളവില്‍ തുടര്‍ന്നും വെള്ളം കൊടുക്കും എന്നു തന്നെയല്ലേ അവര്‍ പറയുന്നത്?

തമിഴ് നാടു സര്‍ക്കാര്‍ കൈക്കൂലിയായി ഈ തോട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലേ എന്തെങ്കിലും കാര്യമുള്ളു. പക്ഷെ ആ വിവരം  തമിഴ് നാടു പുറത്തു വിടില്ല. പുറത്തു വിട്ടാല്‍ അവര്‍ വളഞ്ഞ വഴിയിലൂടെ കാര്യം നേടി എന്ന് ലോകം അറിയും. അത്ര ബുദ്ധി മോശം ജയലളിത കാണിക്കില്ല.

kaalidaasan said...

മുക്കുവന്‍,

താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

പുതിയ അണക്കെട്ട് വേണം. അവകാശം പറഞ്ഞ് പഴയ അണക്കെട്ട് പൊളിക്കാന്‍ തമിഴ് നാടു സമ്മതിക്കില്ലെങ്കില്‍ അതവിടെ നിന്നോട്ടേ. നമുക് അതിന്റെ താഴെ മറ്റൊനു നിര്‍മ്മികാം. അതിനു തമിഴ് നാടിന്റെ അനുവാദം വേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ അനുവദം മാത്രം മതി. എ കെ ആന്റണി ഉള്‍പ്പടെ 6 മന്ത്രിമാര്‍ കേരളത്തില്‍ നിന്നിപ്പോള്‍ ഉണ്ട്. അവര്‍ അതിനുള്ള അനുവാദം മേടിച്ചു തന്നാല്‍ മതി. അണക്കെട്ട് നമുക്ക് നിര്‍മ്മിക്കാം.

പുതിയ അണക്കെട്ടിന്റെ ഉയരം 120 അടിയില്‍  കൂടുതലും വേണ്ട. 106 അടി ഉയരത്തിലാണിപ്പോള്‍ തമിഴ് നാടു വെള്ളം കൊണ്ടു പോകുന്ന കുഴല്‍ ഉള്ളത്. കൂടുതല്‍ ഉയരമുണ്ടായാല്‍ ഭാവിയില്‍ ഇനിയും സുരക്ഷാ പ്രശ്നങ്ങളുണ്ടാകും.

ഇപ്പോഴത്തെ അണക്കെട്ടിലെ വെള്ളം 120 അടിയാക്കി കുറയ്ക്കുകയാണീപ്പോഴത്തെ ആവശ്യം. അത് അടിയന്തിരമായി ചെയ്യണം. അതേ ഉള്ളൂ ജനങ്ങളുടെ ഭീതി അകറ്റാന്‍  ഉള്ള ഏക മാര്‍ഗ്ഗം. ഇത് തമിഴ് നാടു സമ്മതിച്ചില്ലെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഒരു തീരുമാനം ഉണ്ടാക്കണം. അല്ലെങ്കില്‍ സുപ്രീം കോടതി കനിയണം. അതൊന്നും നടക്കുന്നില്ലെങ്കില്‍  നമുക്ക് സ്വയം ചെയ്യേണ്ടി വരും.

Baiju Elikkattoor said...

“ഇപ്പോഴത്തെ അണക്കെട്ടിലെ വെള്ളം 120 അടിയാക്കി കുറയ്ക്കുകയാണീപ്പോഴത്തെ ആവശ്യം. അത് അടിയന്തിരമായി ചെയ്യണം.”

ഈ ഒരു തീരുമാനം എത്രയും പെട്ടെന്ന് കേന്ദ്ര സര്ക്കാ രും സുപ്രീം കോടതിയും എടുത്താല്‍ പ്രശ്ന പരിഹാരത്തിന്റെ പാതയിലേക്ക് കാരിയങ്ങള്‍ നീങ്ങിയേനെ. കോടതിയും സര്ക്കാ രും കുറ്റകരമായ താമസമാണ് ഇക്കാരിയത്തില്‍ കാണിക്കുന്നത് എന്ന് തോന്നുന്നൂ. മുപ്പത്തഞ്ചു ലക്ഷം ആളുകളുടെ ജീവനേക്കാളും വലിയ പ്രശനം മറ്റെന്തു ആണുള്ളത്?

kaalidaasan said...

ബൈജു,

സുപ്രീം കോടതിയില്‍ നിന്നുമൊരു തീരുമാനം ഉണ്ടാകാന്‍ സാധ്യത വളരെ വിദൂരമാണ്.

കേന്ദ്ര സര്‍ക്കാരിനു മാത്രമേ ഇപ്പോള്‍ ഫലപ്രദമായ രീതിയില്‍ ഇടപെടാന്‍ ആകൂ. പുതിയ അണക്കെട്ട് പണിയാനുള്ള അനുമതി നല്‍കിയാല്‍ മാത്രം മതി. അപ്പോള്‍ ജലനിരപ്പ് 120 ആയി കുറയ്ക്കാന്‍ എളുപ്പം സാധിക്കും.

kaalidaasan said...

വെറും 450 കുടുംബങ്ങളെ ഒഴിപ്പിച്ചാല്‍ മതി എന്ന് കോടതിയില്‍ എ ജിയേക്കൊണ്ട് പറയിപ്പിച്ച തിരുവഞ്ചൂര്‍ ഇപ്പോള്‍ പറയുന്നത ഇങ്ങനെ.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ കുതിച്ചൊഴുകുന്ന വെള്ളത്തിനു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗം ഉണ്ടാകുമെന്നാണു കണക്കാക്കുന്നതെന്നു മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. അപകട മേഖലയില്‍ ആകെയുള്ള ജനസംഖ്യ 128460 ആണ്. ഒഴിപ്പിക്കാന്‍ കഴിയാത്തവിധം അടുത്തു താമസിക്കുന്നവര്‍ 21540 പേരുണ്ട്.

ദുരന്തമുണ്ടായാല്‍ 60 കിലോമീറ്റര്‍ സംസ്ഥാന റോഡും 40 കി.മി. ജില്ലാ റോഡും 950 കി.മി. പഞ്ചായത്ത് റോഡും ഉള്‍പ്പെടെ 1050 കി.മി. റോഡുകളെ ബാധിക്കും. അപകടമേഖലയില്‍ 75 സ്കൂളും 55000 വീടുകളുമുണ്ട്. അംഗന്‍വാടികളുള്‍പ്പടെ 245 സ്ഥാപനങ്ങളും അഞ്ചു ചന്തകളോ ടൌണുകളോ ഉണ്ട്. സര്‍ക്കാര്‍, പ്രൈവറ്റ് ഉള്‍പ്പെടെ 25 ആശുപത്രികളും. 2125 കടകളെയും 580 മതസ്ഥാപനങ്ങളെയും വെള്ളം വിഴുങ്ങും.


അതെ. ഒഴിപ്പിക്കാന്‍ കഴിയാത്തവിധം അടുത്തു താമസിക്കുന്നവര്‍ 21540 പേരുണ്ട്. അതിന്റെ അര്‍ത്ഥം ഇന്ന് അണക്കെട്ടു തകര്‍ന്നാല്‍ ഇവരൊക്കെ മരിച്ചു പോകും എന്നു തന്നെയാണ്. ഇവര്‍ക്ക് സ്വയം രക്ഷിക്കാനോ ഒരു രക്ഷാപ്രവര്‍ത്തനത്തിനും ഇവരെ രക്ഷപ്പെടുത്താനോ ആകില്ല. എന്താണു സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിനു മുന്നെ ഇവര്‍ ഒലിച്ചു പോകും. അവരെ എന്തു ചെയ്യണം എന്നു മാത്രം അദ്ദേഹം പറയുന്നില്ല.

kaalidaasan said...

തിരുവഞ്ചൂരിന്റെ പൂഴിക്കടകന്‍ വീണ്ടും.

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=192585

മുല്ലപ്പെരിയാര്‍ അണക്കെട്ടു കര്‍ന്നാല്‍ 450 കുടുംബങ്ങള്‍ക്ക് മാത്രമേ ജീവഹാനി സംഭവിക്കുകയുള്ളുവെന്ന ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുകിയാല്‍ അണക്കെട്ടിന്റെ താഴെ താമസിക്കുന്ന 480 കുടുംബങ്ങള്‍ ദുരിതത്തിലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സുചിപ്പിച്ചതെന്നു വ്യക്തമായതായി തിരുവഞ്ചൂര്‍ പറഞ്ഞു.

kaalidaasan said...

എ ജി സത്യവാങ്മൂലം നല്‍കിയത് കേരള സര്‍ക്കാരിനോടാലോചിക്കാതെയെന്ന് തിരുവഞ്ചൂര്‍.

http://mangalam.com/index.php?page=detail&nid=517396&lang=malayalam


സത്യവാങ്‌മൂലം എന്നോട്‌ ആലോചിക്കാതെ: തിരുവഞ്ചൂര്‍



തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എ.ജിയും എ.ജിയുടെ ഓഫീസും തന്നോട്‌ ആലോചിക്കാതെയാണു ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചതെന്നു റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. സംസ്‌ഥാന താല്‍പര്യത്തിനു വിരുദ്ധമായി എ.ജി. സത്യവാങ്‌മൂലം നല്‍കിയതു മന്ത്രി തിരുവഞ്ചൂരിന്റെ നിര്‍ദേശപ്രകാരമാണെന്ന വി.എസ്‌. അച്യുതാനന്ദന്റെ ആരോപണത്തോടു തൊടുപുഴയില്‍ പ്രതികരിക്കുകയായിരുന്നു അദേഹം.

താനുമായി ഇക്കാര്യം എ.ജി. സംസാരിച്ചിരുന്നെന്നു വി.എസിനു തെളിയിക്കാന്‍ കഴിഞ്ഞാല്‍ രാജിവയ്‌ക്കാന്‍ തയാറാണ്‌. മറിച്ചാണങ്കില്‍ രാജിവയ്‌ക്കാന്‍ വി.എസ്‌. തയാറാകുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

kaalidaasan said...

http://www.mathrubhumi.com/online/malayalam/news/story/1329263/2011-12-11/kerala

തമിഴ്‌നാട്ടിലെ സമരക്കാര്‍ കേരളത്തില്‍ കടന്ന് ആക്രമണം നടത്തി

കുമളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു


കുമളി: മുല്ലപ്പെരിയാറ്റില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് പ്രകടനം നടത്തിയവര്‍ കുമളിയില്‍ അക്രമം അഴിച്ചുവിട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.
ശനിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന് പുറപ്പെട്ട വിവിധ കക്ഷികളില്‍നിന്നുള്ളവരാണ് ശനിയാഴ്ച കുമളി റോസാപ്പൂക്കണ്ടത്തെത്തി വീടുകള്‍ക്കും ജനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തിയത്.
കല്ലേറില്‍ റോസാപ്പൂക്കണ്ടം പുളിക്കകുന്നേല്‍ ബെന്നി(30)ക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കുമളിയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. റോസാപ്പൂക്കണ്ടത്ത് തമിഴരുടേതുള്‍പ്പെടെ പത്ത് വീടുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു.
കേരളത്തില്‍ കടന്ന് അക്രമം നടത്തിയവരില്‍ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശികളായ ചെല്ലപ്പാണ്ടി, രഘുപതി, മുരുകന്‍ എന്നിവരെയാണ് പിടികൂടിയത്.
കമ്പത്തുനിന്ന് പുറപ്പെട്ട പ്രകടനം ഗൂഡല്ലൂരിലും ലോവര്‍ക്യാമ്പിലും തടഞ്ഞുവെങ്കിലും അത് മറികടന്ന് അഞ്ഞൂറോളം സമരക്കാര്‍ രണ്ടരയോടെ കുമളിയിലെത്തി. സംസ്ഥാന അതിര്‍ത്തിയില്‍ സമരം നടത്തവെയാണ് സമരക്കാര്‍ റോസാപ്പൂക്കണ്ടം ഭാഗത്ത് പ്രവേശിച്ച് ആക്രമണം അഴിച്ചുവിട്ടത്.
റോസാപ്പൂക്കണ്ടം സ്വദേശികളായ വേണു, അബ്ദുള്ള, സലിം എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വീടുകള്‍ക്കുനേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് വീടുകളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉറക്കെ കരഞ്ഞുകൊണ്ട് സമീപത്തെ വീടുകളിലേക്ക് ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് കട്ടപ്പന ഡിവൈ.എസ്.പി. ജിജിമോന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ തമഴ്‌നാട്ടിലേക്ക് പിന്‍വാങ്ങി.


കുമളി-കമ്പം റോഡില്‍ വാഹനങ്ങള്‍ ഓടുന്നില്ല


കുമളി: കൊല്ലം-തേനി ദേശീയപാതയില്‍ കുമളി-കമ്പം റോഡില്‍ ശനിയാഴ്ചയും വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. ഇരുചക്രവാഹനങ്ങളടക്കം ഒന്നും സംസ്ഥാന അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് കടത്തിവിടുന്നില്ല.
പച്ചക്കറിക്കടകളും കാളച്ചന്തകളും തുടര്‍ച്ചയായി അടഞ്ഞുകിടക്കുന്നത് തമിഴ്‌നാട്ടിലെ കര്‍ഷകരെയും കേരളത്തിലേക്ക് ചരക്കയയ്ക്കുന്ന വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


തമിഴ്‌നാട് കര്‍ഷകസംഘം പ്രസിഡന്റ് രാജിവച്ചു


കേരളത്തിനെതിരെയുള്ള അക്രമസമരത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് കര്‍ഷകസംഘം പ്രസിഡന്റ് കെ.എ.അബ്ബാസ് സംഘത്തിന്റെ പ്രസിഡന്റുസ്ഥാനം രാജിവച്ചു. സമരത്തിന്റെ പേരില്‍ മോഷണസംഘങ്ങളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


കേരളത്തില്‍ നിരോധനാജ്ഞ; കമ്പത്തും ഗൂഡല്ലൂരിലും പുല്ലുവില


കുമളി: കുമളിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കര്‍ശനമായി പാലിക്കുമ്പോള്‍ ഇതേ വിഷയത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ കമ്പത്തും ഗൂഡല്ലൂരിലും പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് പുല്ലുവില.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ഗൂഡല്ലൂരിലും കമ്പത്തും പ്രതിഷേധക്കാര്‍ സംഘടിച്ച് കേരളത്തിനെതിരെ സമരങ്ങള്‍ നടത്തുകയും മലയാളികളെ ഉപദ്രവിക്കുകയും ചെയ്തിട്ടും തമിഴ്‌നാട് പോലീസ് സമരക്കാരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നില്ല. തമിഴ്‌നാട് പോലീസിന്റെ മൗനാനുവാദത്തോടെയാണ് ശനിയാഴ്ച സമരക്കാര്‍ ഗൂഡല്ലൂരിലെയും ലോവര്‍ക്യാമ്പിലെയും തടസ്സങ്ങള്‍ നീക്കി കുമളിയിലെത്തിയത്.
സമരക്കാര്‍ റോസാപ്പൂക്കണ്ടത്ത് വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയപ്പോള്‍ എതിരിട്ട നാട്ടുകാരെ ഇവിടെ നിരോധനാജ്ഞയുടെ പേരില്‍ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.


നിരോധനാജ്ഞ മൂന്നുദിവസംകൂടി നീട്ടി


ഇടുക്കി: സഘര്‍ഷത്തെ തുടര്‍ന്ന് കുമളിയിലും കമ്പംമെട്ടിലും കേരള - തമിഴ്‌നാട് അതിര്‍ത്തിയിലും ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കുകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഞായറാഴ്ച തീരേണ്ടതായിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
അതിര്‍ത്തികളില്‍ പോലീസ്​പരിശോധന കര്‍ശനമാക്കി. ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

kaalidaasan said...

http://www.mathrubhumi.com/online/malayalam/news/story/1329262/2011-12-11/kerala

മുല്ലപ്പെരിയാര്‍ ജയലളിത സത്യം വളച്ചൊടിക്കുന്നു - എന്‍.കെ.പ്രേമചന്ദ്രന്‍

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രസിദ്ധീകരിച്ച കത്തില്‍ നിരത്തിയിരിക്കുന്ന വിവരങ്ങള്‍ വസ്തുതാ വിരുദ്ധവും സത്യം വളച്ചൊടിക്കുന്നതുമാണെന്ന് മുന്‍ ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ .സാധാരണക്കാരായ തമിഴരെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിനെതിരെ അക്രമോത്സുകരാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ജയലളിത ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയെന്ന നിലയില്‍ ജയലളിതയ്ക്കുണ്ട്.എന്നാല്‍ അത് സത്യസന്ധമായും വസ്തുതാപരമായുമാണ് നിര്‍വ്വഹിക്കേണ്ടത്.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് ജയലളിതയുടെ നടപടിയെന്നും പ്രേമചന്ദ്രന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്താവനയില്‍ ആരോപിച്ചു.

999 വര്‍ഷത്തേക്കാണ് കരാറെന്ന് ജയലളിത കത്തില്‍ പറയുന്നു.എന്നാല്‍ ഈ കരാറിന്റെ സാധുത കേരളം സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളതാണ്.999 വര്‍ഷം ഒരു അണക്കെട്ട് നിലനില്‍ക്കുമെന്ന് തമിഴ്‌നാടിനുപോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്തരം ഒരു കരാറിന്റെ സാധ്യത സുപ്രിംകോടതിയാണ് തീരുമാനിക്കേണ്ടത്.അമേരിക്കയിലെ അരിസോണയിലുള്ള റൂസ് വെല്‍റ്റ് ഡാം,ഫ്രാന്‍സിലെ ജ്യൂക്‌സ് ,ഇംഗ്‌ളണ്ടിലെ അപ്പര്‍ ഗെ്‌ളന്‍ഡൊവോള്‍ എന്നീ പഴയ അണക്കെട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടും സുരക്ഷിതമാണെന്ന് കത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് . മുല്ലപ്പെരിയാറിനെ ഈ അണക്കെട്ടുകളുമായി ഒരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ല.മേല്‍പ്പറഞ്ഞ ഡാമുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് പാറക്കല്ലും സുര്‍ക്കി മോര്‍ട്ടാറും കൊണ്ടാണ്. മുല്ലപ്പെരിയാറിന്റെ ഇരുവശവും പാറകളാണ് മധ്യഭാഗത്താണ് സുര്‍ക്കി കോണ്‍ക്രീറ്റ് ഉള്ളത്. ഇത്തരത്തില്‍ 62 ശതമാനവും സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ടുള്ള അണക്കെട്ട് ലോകത്ത് മറ്റൊരിടത്തുമില്ല.പ്രതിവര്‍ഷം 30.4 ടണ്‍ ചുണ്ണാമ്പ് അണക്കെട്ടില്‍നിന്ന് ഒലിച്ചുപോകുന്നുണ്ടെന്ന് തമിഴ്‌നാടുതന്നെ സുപ്രിം കോടതിയില്‍ സമ്മതിച്ചിട്ടുള്ളതാണ്.116 വര്‍ഷം കൊണ്ട് 3526 ടണ്‍ സുര്‍ക്കിയും ചുണ്ണാമ്പും ഡാമില്‍നിന്ന് ഒലിച്ചുപോയി.ഇത് ഡാമിനെ പൊള്ളയാക്കി മാറ്റിയിട്ടുണ്ട്.വസ്തുത ഇതായിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന ജയലളിതയുടെ അവകാശവാദം തെറ്റാണ്.

അണക്കെട്ടിനെ കാലാകാലങ്ങളില്‍ ബലപ്പെടുത്തിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം.ബലക്ഷയമില്ലാത്ത അണക്കെട്ടിന് പിന്നെന്തിനാണ് കാലാകാലങ്ങളില്‍ ബലപ്പെടുത്തല്‍ നടത്തുന്നതെന്ന് പ്രേമചന്ദ്രന്‍ ചോദിക്കുന്നു.1964 മുതല്‍ 1979 വരെ മൂന്നുതവണ തമിഴ്‌നാടും കേരളവും കേന്ദ്ര ജലക്കമ്മീഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍ അണക്കെട്ട് ദുര്‍ബ്ബലമാണെന്ന് കണ്ടെത്തിയതാണ്.പകരം പുതിയ ഡാം നിര്‍മ്മിക്കാമെന്ന് 1979ല്‍ തമിഴ്‌നാടും സമ്മതിച്ചതാണ്.എന്നാല്‍ ഈ സത്യം ഇപ്പോള്‍ തമിഴ്‌നാട് മറച്ചുപിടിക്കുന്നത് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലനിരപ്പ് 142 അടിയാക്കണമെന്ന് സുപ്രിം കോടതിയുത്തരവുണ്ടെന്ന ജയലളിതയുടെ അവകാശവാദം വസ്തുതാ വിരുദ്ധമാണ്. 2006 ഫിബ്രവരിയില്‍ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് ഉത്തരവ് നല്‍കിയ അതേ കോടതിതന്നെ പിന്നീട് 136 അടിയില്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കേരളം നിരത്തിയ സാങ്കേതിക തെളിവുകള്‍ പരിഗണിച്ച് ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത് .കേന്ദ്ര ജലക്കമ്മീഷന്റെ റിപ്പോര്‍ട്ടുകളില്‍ കോടതിക്കുള്ള വിശ്വാസക്കുറവാണ് ഈ ഉത്തരവില്‍ നിഴലിക്കുന്നത്.കോടതി മുഖവിലയ്‌ക്കെടുക്കാത്ത റിപ്പോര്‍ട്ടില്‍ മുറുകെപ്പിടിച്ചാണ് മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് ജയലളിത വാദിക്കുന്നത്.

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം ഇടുക്കി അണക്കെട്ട് താങ്ങുമെന്നാണ് ജയലളിത സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.സമുദ്രനിരപ്പില്‍നിന്ന് 881 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടില്‍ 136 അടിപൊക്കത്തില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളം 180 മീറ്റര്‍ താഴെയുള്ള ഇടുക്കി ഡാമിലേക്ക് കുത്തിയൊഴുകുമ്പോള്‍ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യജീവനെ ജയലളിത കത്തില്‍ സൗകര്യപൂര്‍വ്വം മറന്നിരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി സത്യത്തെയും വസ്തുതകളെയും വളച്ചൊടിക്കാതെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള വിശാലമനസ്സും നയതന്ത്രജ്ഞതയുമാണ് ജയലളിത കാണിക്കേണ്ടത്.തമിഴ്‌നാട് മുഖ്യമന്ത്രി ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് കേരളം അതേതലത്തില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.