Sunday, 4 December 2011

വെള്ളമോ ജീവനോ പ്രധാനം?എല്ലാ ഇന്‍ഡ്യക്കാരും  ഒരു യന്ത്രത്തിന്റെ കണിശതയോടെ ഓര്‍ക്കുന്ന ദിവസമാണ്, ആഗസ്റ്റ് 15. അന്ന് ഇന്‍ഡ്യക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടി എന്നാണു നമ്മെ പഠിപ്പിച്ചിരിക്കുന്നതും. ഇന്നലെ വരെ ഞാനും അത് വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നങ്ങനെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു നൂറ്റാണ്ടു  മുമ്പ് ബ്രിട്ടീഷുകാര്‍ മലയാളികളുടെ കഴുത്തിലിട്ടിട്ടു പോയ അസ്വാതന്ത്ര്യത്തിന്റെ നുകം ഇന്നും അതേപോലെ അവിടെ കിടക്കുന്നു. മുല്ലപ്പെരിയാര്‍ എന്ന നുകം. മലയാളിയുടെ സ്വന്തം മണ്ണിലെ ഈ അണക്കെട്ടിനേക്കുറിച്ച് ഒരു തീരുമാനം എടുക്കാന്‍ മലയാളിക്ക് സ്വാതന്ത്ര്യമില്ല. ആഗസ്റ്റ് 15 അവിടെ അപ്രസക്തമായി മാറുന്നു.

മലയാളികള്‍ ഇന്ന് ഒരു ദുരന്തത്തിന്റെ നടുവിലാണ്. ഏപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അവരില്‍ നല്ല ഒരു ശതമാനത്തിന്റെ ഉറക്കം കെടുത്തുന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നു, ഈ അണക്കെട്ട് പൊളിച്ചു കളയണം. അടിയന്തിരമായി ജലനിരപ്പ് താഴ്ത്തികൊണ്ട് വന്ന് ദുരന്തം ഒഴിവാക്കുകയെങ്കിലും ചെയ്യണം.


പക്ഷെ ആരു കേള്‍ക്കാന്‍? മലയാളികളുടെ വിലാപം ബധിരകര്‍ണ്ണങ്ങളിലാണു പതിക്കുന്നത്.

ഇപ്പോഴും ഇന്‍ഡ്യ ഭരിക്കുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നെങ്കില്‍ ഈ അണക്കെട്ട് 50 വര്‍ഷം മുന്നേ അവര്‍ ഇടിച്ചു നിരത്തുമായിരുന്നു. അത്രപോലും ദാക്ഷിണ്യം ഇന്‍ഡ്യ ഇപ്പോള്‍ ഭരിക്കുന്ന ഉണ്ണാക്കമോറന്‍മാര്‍ക്കില്ല.

എന്നും ജനപക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണു സി പി എം. പക്ഷെ ഇക്കാര്യത്തില്‍ ആ പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍  ജനപക്ഷത്തല്ല. കുറഞ്ഞപക്ഷം കേരളത്തിലെ ജനപക്ഷത്തല്ല. ആ  പാര്‍ട്ടി യുടെ പോളിറ്റ് ബ്യൂറോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തി.

അതിന്റെ അന്തസത്ത, തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്നതാണ്. തമിഴ്നാടിനു വെള്ളം എന്നതിനാണ് ആദ്യപരിഗണന. ഒരു നൂറ്റാണ്ടു പഴക്കമുള്ള ഈ അണക്കെട്ട് ദുര്‍ബലമാണെന്നോ അത് പൊളിച്ചു കളയേണ്ടതാണെന്നോ അവര്‍ക്ക് പറയാന്‍ ആകുന്നില്ല. ഒരു നൂറ്റാണ്ടു  മുമ്പ്, തമിഴ് നാടിനു വെള്ളം എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നിലപാട്. ഇന്‍ഡ്യ സ്വതന്ത്രയായതിനു ശേഷം ഇന്‍ഡ്യാ ഗവര്‍മെന്റിനും ഇതേ നിലപാടായിരുന്നു. ഇപ്പോള്‍ സി പി എം എന്ന  രാഷ്ട്രീയ പാര്‍ട്ടിക്കും അതേ നിലപാടു തന്നെ.


സി പി എമ്മിന്റെ പരമോന്ന ത സമിതി ഒരു പ്രസ്താവനയിലൂടെ അത് തുറന്നു പറഞ്ഞു. പക്ഷെ കോണ്‍ഗ്രസിന്റെയും. ബി ജെ പിയുടെയും സമിതികള്‍ക്ക് ഇതേ നിലപാടുണ്ടായിട്ടും തുറന്നു പറയുന്നില്ല. ഒട്ടകപക്ഷികളേപ്പോലെ തല മണ്ണില്‍  പൂഴ്ത്തി വച്ച് ഇരിക്കുന്നു. പക്ഷെ സി പി ഐ ഒരു പടി കൂടി കടന്ന് കേരളത്തിന്റെ താല്‍പര്യത്തിനെതിരായ നിലപാടു തന്നെ സ്വീകരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരങ്ങള്‍ ഒഴിവാക്കണമെന്ന വിചിത്ര നിലപാടാണ്‌ സി.പി.ഐ. സ്വീകരിച്ചത്‌.....,.  കേരളത്തിന്‌ ഏറ്റവും ദോഷകരമായ 999 വര്‍ഷത്തെ കരാര്‍ തുടരണമെന്നുകൂടി സി.പി.ഐ. പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവാക്കണം എന്നു പറയുന്നുണ്ടെങ്കിലും, പുതിയ അണക്കെട്ട്‌ എന്ന വാക്കുപോലും സി.പി.ഐയുടെ പത്രക്കുറിപ്പില്‍ ഇല്ല. തമിഴ്‌നാടിനു നല്‍കിവരുന്ന ജലം നല്‍കണമെന്ന്‌, വ്യക്തമായി ആവശ്യപ്പെടുന്നുമുണ്ട്‌.. ... തമിഴ്‌നാടും കേരളവുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കണമെന്നു ചൂണ്ടിക്കാട്ടുന്നതല്ലാതെ,  ഒരു നൂറ്റാണ്ടിലധികം പഴക്കമുളള അണക്കെട്ട്‌ ഭീഷണിയാണെന്നു തുറന്നു പറയാന്‍ ആരും തയ്യാറല്ല.

 ഇവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ സി പി എമ്മിനു കുറച്ചു കൂടെ ആര്‍ജ്ജവമുണ്ട്. പക്ഷെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഡിസംബര്‍ എട്ടിന് മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. മന്ത്രി പി ജെ ജോസഫ് ആ മതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനവികാരം പാരമ്യതയിലെത്തിക്കാന്‍ എല്‍.ഡി.എഫ് പരമാവധി ശ്രമിക്കുമ്പോഴാണ് ഈ നിലപാടിനെ പരോക്ഷമായി തള്ളുന്ന നിലപാട് പി.ബി മുന്നോട്ടു വെച്ചതും.
ജനകീയ പ്രശ്നങ്ങള്‍ വരുമ്പോള്‍ സി പി എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ്, വി എസ് അച്യുതാനന്ദന്‍ ജനപക്ഷത്തേ എന്നും നിന്നിട്ടുള്ളു. സ്വാഭാവികമായി ഇപ്പോഴും അദ്ദേഹം പോളിറ്റ് ബ്യൂറോ നിലപാടിനെ തള്ളിക്കളഞ്ഞു.  അത് തിരുത്തണമെന്നും ആവശ്യപ്പെട്ടു. സി.പി.എം പോലുളള ഒരു പാര്‍ട്ടിയില്‍ പി.ബിയെ തിരുത്താന്‍ ഒരു നേതാവ് തയ്യാറാവുന്നത് അപൂര്‍വമായ അനുഭവമാണ്.


1997ല്‍ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ  പേരില്‍ തന്നെ  വിഎസിനെ പോളിറ്റ് ബ്യൂറോ പാര്‍ട്ടിക്കകത്തു  ശാസിച്ചതാണ്. അന്ന് അഡ്വക്കറ്റ് ജെനെറല്‍ ആയിരുന്ന എം.കെ. ദാമോദരന്‍ മുഖ്യമന്ത്രി നായനാര്‍ക്കു നല്‍കിയ കുറിപ്പാണു വിഎസിനെതിരെയുള്ള നടപടിക്കു കാരണമായത്.

 തമിഴ്നാട് അനധികൃതമായി കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നു എന്നും,   കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ കരാര്‍ പൊളിച്ചെഴുതണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി എന്നും  അദ്ദേഹം കുറ്റപ്പെടുത്തി.   സര്‍ക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചു സൂചനയുള്ള  കത്ത് പോളിറ്റ് ബ്യൂറോക്ക് എഴുതി.   അന്തര്‍സംസ്ഥാന നദീജല പ്രശ്നങ്ങള്‍ കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവന്നു കൈകാര്യം ചെയ്യാന്‍ പിബി ഇടപെടണം എന്നായിരുന്നു കത്തിലെ ആവശ്യം.

 വിഎസിന്റെ പരസ്യപ്രസ്താവന പാര്‍ട്ടി തമിഴ്നാട് ഘടകത്തെ ചൊടിപ്പിച്ചു.  അവര്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് മുഖ്യമന്ത്രി നായനാരോടു വിശദീകരണം തേടി. നായനാര്‍ അഡ്വക്കറ്റ് ജെനെറലിനോട് അഭിപ്രായം ചോദിച്ചു.  വിഎസിന്റേത് അനവസരത്തിലുള്ള, അതിരുവിട്ട പ്രസ്താവനയാണ് എന്നായിരുന്നു, അന്ന് അഡ്വക്കറ്റ് ജെനെറല്‍ അഭിപ്രായപ്പെട്ടത്.  അതിന്റെ ഫലമായി  പോളിറ്റ് ബ്യൂറോ  വിഎസിനെ താക്കീതു ചെയ്തു.

ഇപ്പോഴും വി എസ് പരസ്യമായി ചിലത് പറഞ്ഞു. ഒരു പക്ഷെ അടുത്ത അച്ചടക്ക നടപടി വന്നേക്കാം. താക്കീത് ചെയ്തേക്കാം. പോളിറ്റ് ബ്യൂറോയിലേക്ക് എടുത്തേക്കില്ല. രണ്ടു പതിറ്റാണ്ടായി  വി എസ് ഈ വിഷയത്തില്‍ മലയാളികളുടെ സുരക്ഷയേക്കരുതിയാണിടപെടുന്നത്. ഒരു

പോളിറ്റ് ബ്യൂറോ അംഗത്വം കാംക്ഷിച്ച് അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുന്നതിനൊരു ലാല്‍ സലാം സഖാവേ. സി പി എം ഉണ്ടായതുമുതല്‍ അനേകം പേര്‍ പോളിറ്റ് ബ്യൂറോയിലൂടെ കയറി ഇറങ്ങിപ്പോയി. അവരില്‍ ഭൂരിഭാഗം പേരെയും ഇപ്പോള്‍ ആളുകള്‍ ഓര്‍ക്കുന്നേ ഇല്ല. ജനപക്ഷത്തു നില്‍ക്കുന്ന അങ്ങയേപ്പൊലുള്ളവരെ ആണു ജനങ്ങള്‍ ഓര്‍ക്കുക.

പി.ബിയെ തിരുത്താന്‍ ശ്രമിച്ച വി.എസ്. അച്യുതാനന്ദന് മന്ത്രി പി.ജെ. ജോസഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  വി.എസ്. മുല്ലപ്പെരിയാറില്‍ സത്യാഗ്രഹമിരിക്കുമ്പോള്‍ കൂടെ ഉപവാസമിരിക്കുമെന്നാണ് ജോസഫിന്റെ പ്രഖ്യാപനം. .ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായ നിലപാടുള്ളത്. കേരള സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജെനറലില്‍ ദണ്ഡപാണിക്കും  ഉണ്ട് അതുപോലത്തെ നിലപാട്. ജലനിരപ്പും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ല എന്നും, മാദ്ധ്യമങ്ങള്‍ ഈ വിഷയത്തില്‍ ആശങ്ക പരത്തുന്നു എന്നും ആണദ്ദേഹം ഹൈക്കോടതിയില്‍, "കേരള സര്‍ക്കാരിനു വേണ്ടി" പറഞ്ഞത്. കമ്പത്തും തേനിയിലും അഡ്വക്കറ്റ് ജെനറലിനു മുന്തിരിതോട്ടങ്ങളുള്ളതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മലയാളികളെ ഒറ്റുകൊടുത്തതിനു ലഭിച്ച പരിതോക്ഷികമാണതെങ്കില്‍, ഇദ്ദേഹത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ കെട്ടിയിടണം. കേരളത്തില്‍ വളരെ വളരെ അപുര്‍വമായേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു വിഷയത്തില്‍ ഏക അഭിപ്രായമുണ്ടാകാറുള്ളു.  എന്നിട്ട് പോലും ഈ അഭിപ്രായം അഡ്വക്കറ്റ് ജെനറലിനില്ലെങ്കില്‍ അതിന്റെ കാരണങ്ങളേക്കുറിച്ച് മാദ്ധ്യമങ്ങള്‍ തന്നെ അന്വേഷിച്ച് കണ്ടു പിടിക്കണം.ഇതില്‍ സെല്‍ഫ് ഗോളടിച്ചത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്നാണ്.അദ്ദേഹത്തിന്റെ വാക്കുകള്‍ 


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കുമളിയിലും തേനിയിലും വ്യത്യസ്ത നിലപാടാണു സിപിഎമ്മിന്. സിപിഎമ്മിന്റെ പിബിയുടെ നിലപാടു കേരളത്തിലെ ജനങ്ങളുടെ വികാരം മാനിക്കാതെയുള്ളതാണെന്ന വിഎസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തിനെതിരായി നിലപാടെടുത്ത പിബിയുടെ നിലപാടു മാറ്റാന്‍ വിഎസ് സമ്മര്‍ദ്ദം ചെലുത്താന്‍ തയാറാകുമോ എന്നു വ്യക്തമാക്കണം.

ഇദ്ദേഹമൊക്കെ കേരളം  ഭരിക്കുമ്പോള്‍ മലയാളികള്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്. അദ്ദേഹത്തോട് തിരിച്ച് ചില ചോദ്യങ്ങള്‍ നമുക്കും ചോദിക്കാം.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കുമളിയിലും തേനിയിലും കോണ്‍ഗ്രസിന്‌ ഒരേ നിലപാടാണോ?

പോളിറ്റ് ബ്യൂറോ നിലപാടു മാറ്റിയാല്‍ മുല്ലപ്പെരിയാറില്‍ അണകെട്ടാനുള്ള അനുവാദം കേന്ദ്ര സര്‍ക്കാര്‍ തരുമോ? 

തിരുവഞ്ചൂരിന്റെ പാര്‍ട്ടിയുടെ ദേശീയ നേതാക്കളേക്കൊണ്ട്, കേരളത്തിലെ ജനങ്ങളുടെ വികാരം മാനിക്കുന്നതും, സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തിനനുകൂലവുമായ ഒരു നിലപാടെടുപ്പിക്കാന്‍ തിരുവഞ്ചൂരിനേക്കൊണ്ട് കഴിയുമോ?

ഇപ്പോഴത്തെ കേന്ദ പരിസ്ഥിതി വകുപ്പ് മന്ത്രി ജയന്തി നടരാജനേക്കൊണ്ട്, മുല്ലപ്പെരിയാറില്‍ തിരുവഞ്ചൂരിന്റെ പാര്‍ട്ടി പണിയാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിനുള്ള അനുമതി എത്രയും പെട്ടെന്ന്  മേടിച്ചെടുക്കുമോ?

ഇല്ലെങ്കില്‍ ഇദ്ദേഹത്തെയും  ദണ്ഡപാണിയോടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ കെട്ടിയിടേണ്ടി വരും.

4 comments:

kaalidaasan said...

പോളിറ്റ് ബ്യൂറോ അംഗത്വം കാംക്ഷിച്ച് അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുന്നതിനൊരു ലാല്‍ സലാം സഖാവേ. സി പി എം ഉണ്ടായതുമുതല്‍ അനേകം പേര്‍ പോളിറ്റ് ബ്യൂറോയിലൂടെ കയറി ഇറങ്ങിപ്പോയി. അവരില്‍ ഭൂരിഭാഗം പേരെയും ഇപ്പോള്‍ ആളുകള്‍ ഓര്‍ക്കുന്നേ ഇല്ല. ജനപക്ഷത്തു നില്‍ക്കുന്ന അങ്ങയേപ്പൊലുള്ളവരെ ആണു ജനങ്ങള്‍ ഓര്‍ക്കുക.

vrajesh said...

അചുമാമനും പണിറായി സഗാവും തമ്മിലുള്ള ഗ്രൂപ്പുകളിയല്ലാതെ ഒന്നും ഇതിലില്ലല്ലോ? മുഖ്യമന്ത്രി സ്ഥാനമെന്നു കേട്ടാല്‍ അച്ചുമാന്‍ എന്ത് നാണക്കേടും സഹിക്കുമെന്ന് നാം കണ്ടതാണ്‍..

kaalidaasan said...

രാജേഷ്,

മുഖ്യമന്ത്രി സ്ഥാനം ​എന്നു കേട്ടപ്പോള്‍ വി എസ് എന്ത് നാണക്കേടാണു സഹിച്ചത്?

അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതിരിക്കാന്‍ അദേഹത്തിന്റെ പാര്‍ട്ടിക്കാര്‍  പല കള്കളും കളിച്ചു.

ഇപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍  അടുത്ത കളിയും തുടങ്ങി. ഇടിഞ്ഞു വീഴാറായ ഒരണക്കെട്ട് പൊളിച്ചു കളഞ്ഞ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കേണ്ടതാണെന്ന് തുറന്നു പറയാന്‍ മടിക്കുന്ന ഒരു പാര്‍ട്ടിയായി ഇന്‍ സി പി എം മാറിപ്പോയി. ആ പാര്‍ട്ടിക്കിപ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിനു വോട്ടിനേക്കാളും മൂല്യം തമിഴ് നാട്ടിലെ നൂറ്, വോട്ടുകളാണ്. അതോ ഇനി വല്ല മുന്തിരിത്തോട്ടങ്ങളൊക്കെയാണോ?

Jack Rabbit said...

രണ്ടു ദിവസം മുമ്പ് തിരുവഞ്ചൂര്‍ ഇന്ത്യവിഷനില്‍ മുഖാമുഖം പരിപാടിയില്‍ കിടന്നു ഉരുളുന്നത് കാണണമായിരുന്നു. youtube ഇല്‍ അത് നോക്കിയിട്ട്
കാണുന്നില്ല