Friday, 2 December 2011

Life is Beautiful

1998 ല്‍ Cannes ചലചിത്ര മേളയില്‍ പരമോന്നത ബഹുമതിയും, ഓസ്കാര്‍ അവാര്‍ഡുകളും ലഭിച്ച ഇറ്റാലിയന്‍  സിനിമ ആയിരുന്നു Life is Beautiful. നാസി കോണ്‍സെന്റ്രേഷന്‍ ക്യാമ്പില്‍ അകപ്പെട്ട ഒരു കൊച്ചു കുട്ടിയുടെ അത്മവീര്യം തകരാതിരിക്കാന്‍ അവന്റെ അച്ഛന്‍ ശ്രമിക്കുന്നത് ഹൃദയാവര്‍ജ്ജകമായ രീതിയില്‍ അതില്‍ വരച്ച് കാട്ടുന്നു. ഞാന്‍ ഇഷ്ടപ്പെടുന ഏറ്റവും നല്ല സിനിമകളില്‍ ആദ്യത്തേതാണ്Life is Beautiful. 

അതിലെ ഒരു രംഗത്തിന്റെ വീഡിയോ ക്ളിപ്പിംഗ് ആണു താഴെ.


അനിവാര്യമായ ദുരന്തം പൂര്‍ണ്ണമായി മനസിലാക്കുമ്പോഴും മകന്റെ ആത്മവീര്യം തകരാതെ നോക്കുന്നു ആ പിതാവ്. അതിനദ്ദേഹം ഉപയോഗിക്കുന്ന മാര്‍ഗ്ഗം, ക്യാമ്പ് ഒരു പ്രത്യേക തരം കളി ആണെന്ന് മകനെ പറഞ്ഞു മനസിലാക്കുന്നതാണ്. കളിയില്‍ ജയിക്കുന്ന അള്‍ക്ക് ലഭിക്കുന്ന സമ്മാനം ഒരു ടാങ്ക് ആണെന്ന് മകനെ വിശ്വസിപ്പിക്കുന്നു. ആ പിതാവു നല്‍കുന്ന ആത്മധൈര്യമാണാ കുട്ടിയെ ക്യാമ്പിലെ ദാരിദ്ര്യവും, രോഗവും, മരണവുമൊക്കെ അതിജീവിക്കാന്‍ പ്രാപ്തനാക്കുന്നത്. 

കഴിഞ്ഞ ആഴ്ച്ച ഒരു പരിചയക്കാരന്‍ എന്നോട് പറഞ്ഞ ഒരു സംഭവം. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടന്നത്. നാലാം ക്ളാസില്‍ പഠിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ എന്നും രാത്രിയില്‍ ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. ഒരു ദിവസം സ്വപ്നത്തില്‍ കുട്ടിവിളിച്ചു പറഞ്ഞത് കടുവ വരുന്നേ എന്നായിരുന്നു. പുലര്‍ന്നപ്പോള്‍ അച്ഛന്‍ മകനോട് അതേപ്പറ്റി ചോദിച്ചു. അപ്പോഴാണു കുട്ടി സംഗതി വിവരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരങ്ങള്‍ ആണ്. കുട്ടികളും അവരുടെ ഭാവനക്കനുസരിച്ച് നിറം പിടിപ്പിച്ച കഥകളുണ്ടാക്കുന്നു. അക്കൂടെ മുതിര്‍ന്ന കുട്ടികള്‍ പറഞ്ഞു കൊടുത്തത്, മുല്ലപ്പെരിയാറിലെ വനം കടുവ സങ്കേതമാണ്, അവിടെ അനേകം കടുവകളുണ്ട്. അണക്കെട്ട് തകരുമ്പോള്‍ കടുവകളും ഒഴുകി വരും, എന്നൊക്കെ. . അങ്ങനെ ഒഴുകി വന്ന ഒരു കടുവയാണ്, സ്വപ്നത്തില്‍ ആ കുട്ടിയെ പേടിപ്പിച്ചത്. 

ഇത് രണ്ടും ഇവിടെ എഴുതിയത് കുട്ടികള്‍ക്ക് നല്ലതു പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ച് നടത്തുന്ന ഒരു ബ്ളോഗില്‍ കണ്ട ചില അഭിപ്രായങ്ങളാണ്.


ഒരഭിപ്രായം  ഇതാണ്.ഇതെഴുതിയ വ്യക്തി ഈ അണക്കെട്ടു തകരും എന്ന് തീര്‍ച്ചയാക്കി കഴിഞ്ഞു. അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങാന്‍ അദ്ദേഹം തയ്യറെടുത്തും കഴുഞ്ഞു.  മുല്ലപ്പെരിയാറിനടുത്തു തന്നെയാണോ അദ്ദേഹം ജീവിക്കുന്നതെന്ന് അറിയില്ല.

മറ്റൊരു മാന്യ ദേഹം ഒരു പടി കൂടി കടക്കുന്നു.

ഇതൊക്കെ കോടതി നിര്‍ദ്ദേശിച്ചു എന്നും പറഞ്ഞാണ്, പിഞ്ചുകുട്ടികളെ ബോധവത്കരിക്കാന്‍  അഹ്വാനം ചെയ്യുന്നതും, വിദ്യാഭ്യാസ അധികാരികളുടെ അനുവാദം വാങ്ങുന്നതും.

അദ്ധ്യാപകരല്ലാത്തവര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത് മനസിലാക്കാം. പക്ഷെ അദ്ധ്യാപകര്‍ ഇതിനെ അനുകൂലിക്കുന്നത് മനസിലാക്കാന്‍ പ്രയാസമുണ്ട്.

ഇപ്പോള്‍ തന്നെ  പിഞ്ചു കുട്ടികള്‍ പേടിയിലാണ്. കൂടുതല്‍ ഭയാനകമായ കാര്യങ്ങള്‍ പറഞ്ഞ് പേടിപ്പിച്ച് അവരുടെ മനസിലുണ്ടായിരിക്കുന്ന  മുറിവ് വലുതാക്കരുതെന്ന വിനീതമായ അഭ്യര്‍ത്ഥന എനിക്കുണ്ട്. എന്തെങ്കിലും ബോധവത്കരണം നടത്തുന്നുണ്ടെങ്കില്‍ വിദ്യാലയങ്ങളില്‍ കടന്നു ചെന്ന് അവരുടെ ഭീതി അകറ്റുക. ഇപ്പോള്‍ തന്നെ സത്യങ്ങളും,അര്‍ത്ഥ സത്യങ്ങളും, നിറം പിടിപ്പിച്ച കഥകളം ​ഒക്കെ അവരുടെ മനസിനെ കലുഷിതമാക്കിയിട്ടുണ്ട്. അതൊക്കെ മാറ്റി അവര്‍ക്ക് ധൈര്യം കൊടുക്കുയാണു വേണ്ടത്. അല്ലാതെ എരിതീയില്‍ എണ്ണ  ഒഴിക്കുകയല്ല.

ബോധവ്തകരണവും രക്ഷപ്പെടനുള്ള മാര്‍ഗ്ഗങ്ങളും മുതിര്‍ന്നവരെ പറഞ്ഞ് മനസിലാക്കുക. കൊച്ചു കുട്ടികളുടെ ലോകം മനോഹരമാണ്. അതില്‍ കറുത്ത ചായം ​തേക്കരുതെ. അവിടെ വിവിധ വര്‍ണ്ണങ്ങളുള്ള മഴവില്ല്, വിടര്‍ത്തുകയാണ്, ഒരദ്ധ്യാപകന്റെ കടമ.
7 comments:

kaalidaasan said...

ഇപ്പോള്‍ തന്നെ പിഞ്ചു കുട്ടികള്‍ പേടിയിലാണ്. കൂടുതല്‍ ഭയാനകമായ കാര്യങ്ങള്‍ പറഞ്ഞ് പേടിപ്പിച്ച് അവരുടെ മനസിലുണ്ടായിരിക്കുന്ന മുറിവ് വലുതാക്കരുതെന്ന വിനീതമായ അഭ്യര്‍ത്ഥന എനിക്കുണ്ട്. എന്തെങ്കിലും ബോധവത്കരണം നടത്തുന്നുണ്ടെങ്കില്‍ വിദ്യാലയങ്ങളില്‍ കടന്നു ചെന്ന് അവരുടെ ഭീതി അകറ്റുക. ഇപ്പോള്‍ തന്നെ സത്യങ്ങളും,അര്‍ത്ഥ സത്യങ്ങളും, നിറം പിടിപ്പിച്ച കഥകളം ​ഒക്കെ അവരുടെ മനസിനെ കലുഷിതമാക്കിയിട്ടുണ്ട്. അതൊക്കെ മാറ്റി അവര്‍ക്ക് ധൈര്യം കൊടുക്കുയാണു വേണ്ടത്. അല്ലാതെ എരിതീയില്‍ എണ്ണ ഒഴിക്കുകയല്ല.

ബോധവ്തകരണവും രക്ഷപ്പെടനുള്ള മാര്‍ഗ്ഗങ്ങളും മുതിര്‍ന്നവരെ പറഞ്ഞ് മനസിലാക്കുക. കൊച്ചു കുട്ടികളുടെ ലോകം മനോഹരമാണ്. അതില്‍ കറുത്ത ചായം ​തേക്കരുതെ. അവിടെ വിവിധ വര്‍ണ്ണങ്ങളുള്ള മഴവില്ല്, വിടര്‍ത്തുകയാണ്, ഒരദ്ധ്യാപകന്റെ കടമ.

നിരക്ഷരൻ said...

മറ്റൊരു മാന്യ ദേഹം ഒരു പടി കൂടി കടക്കുന്നു.
ആ മാന്യദേഹം ഞാനാണെന്ന് മനസ്സിലായി.

പൊതുജനം പലവിധമാണ്. എ.സി.മുറികളിൽ ഇരുന്ന് അഭിപ്രായം പറയാനും ലേഖനങ്ങൾ പടച്ച് വിടാനും എളുപ്പമാണ്. പ്രത്യേകിച്ച് ചിലവും അദ്ധ്വാനവും ഒന്നും ഇല്ലല്ലോ ?

രണ്ട് വർഷത്തോളമായി ഈ പ്രശ്നത്തിൽ ആശങ്കപ്പെട്ട് നിൽക്കുന്ന ജനങ്ങൾക്കിടയിൽ ഇറങ്ങി നടന്ന് അഭിപ്രായം ആരാഞ്ഞും സംസാരിച്ചും ഒക്കെ കിട്ടിയ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ആൿഷൻ പ്ലാനിന്റേയും, ഡിസാസ്റ്റർ റിലീഫ് പ്ലാനിന്റേയും കാര്യം പറയുന്നത്. സർക്കാർ തന്നെ അതിനായുള്ള ലഘുലേഖകൾ താമസിയാതെ അടിച്ചിറക്കുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞു. അതെന്താണ് അർത്ഥമാക്കുന്നത് ? ഇന്നലെ ആയിരങ്ങൾ തടിച്ചുകൂടിയ ഒരു ചടങ്ങിൽ ഇതേ കാര്യം പറഞ്ഞപ്പോൾ കൈയ്യടിയോടെയാണ് അവരതിനെ സ്വാഗതം ചെയ്തത്.

കുട്ടികളുടെ ഇപ്പോൾത്തന്നെ പേടിച്ചിരിക്കുകയാണ്. ഇനി പ്രത്യേകിച്ച് പേടിപ്പിക്കാനൊന്നും ഇല്ല. ഇതുവരെ ഇടുക്കി ജില്ലയിലെ കുട്ടികൾക്ക് മാത്രമായിരുന്നു ആ പ്രശ്നം എങ്കിൽ ഇപ്പോൾ അത് എറണാകുളം ജില്ലയിലും വ്യാപകമാണ്. മൂന്ന് ദിവസമായി ഒരു റേഡിയോ പ്രോഗ്രാമിലേക്ക് വിളിച്ച് സംസാരിച്ച കുട്ടികളുടെ വാക്കുകൾ ഞാൻ കേട്ടതാണ്. അവരെ പറഞ്ഞ് സമാധാനിപ്പിക്കാനാണ് മേൽ‌പ്പറഞ്ഞ പദ്ധതികൾ സഹായകമാകുന്നത്. പരീക്ഷണം എന്ന നിലയ്ക്ക് എന്റെ വീട്ടിലും മറ്റ് മൂന്ന് വീട്ടിലുമടക്കം പേടിച്ചിരിരുന്ന നാല് കുട്ടികളെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അവരുടെ പേടി മാറി. ചെയ്ത് നോക്കി അതിന്റെ റിസൾട്ടിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. ചുമ്മാ കീബോർഡിന്റെ മുന്നിൽ ഇരുന്ന് വീമ്പിളക്കിയതല്ല. അത്രയും മനസ്സിലാക്കിയാൽ നല്ലത്.

ജപ്പാനിലെ കുട്ടികൾ ചെറുപ്പം മുതലേ ഇതൊക്കെ പഠിച്ചാണ് വളരുന്നതെന്നും പറഞ്ഞിരുന്നു. എന്നിട്ട് ആ കുട്ടികളോക്കെ പേടിച്ചാനോ കാലാകാലം ജീവിക്കുന്നത് ? അതുകൊണ്ട് അവർക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ എന്നും പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങളിൽ നിന്ന് വിമർശിക്കാൻവേണ്ടിയുള്ള വാക്കുകൾ മാത്രം വെട്ടിയെടുത്ത് പരാമർശിക്കുന്നത് നല്ല പ്രവണതയല്ല.

ഇതേത്തുടർന്ന് ഇനി വരുന്ന ചർച്ചകളിൽ താൽ‌പ്പര്യമില്ല. സമയമില്ല എന്നത് തന്നെ പ്രധാന കാരണം. ഇത്രയുമെങ്കിലും പറയാതിരുന്നാൽ ശരിയാകില്ലെന്ന് തോന്നി.

kaalidaasan said...

>>>>പൊതുജനം പലവിധമാണ്. എ.സി.മുറികളിൽ ഇരുന്ന് അഭിപ്രായം പറയാനും ലേഖനങ്ങൾ പടച്ച് വിടാനും എളുപ്പമാണ്. പ്രത്യേകിച്ച് ചിലവും അദ്ധ്വാനവും ഒന്നും ഇല്ലല്ലോ ? <<<<

നിരക്ഷരന്‍,

പൊതു ജനം പല വിധം തന്നെയാണ്. ഞാനും ചില പൊതു ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം കയറി മുങ്ങുന്ന നാട്ടില്‍  തന്നെയാണെന്റെ വീടും. അണപൊട്ടിക്കഴിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനോട് അവരില്‍ ഭൂരിഭാഗം പേര്‍ക്കും യോജിപ്പില്ല. വേണമെങ്കില്‍ അവര്‍ തന്നെ പോയി മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാം എന്നാണവര്‍ പറയുന്നതും. മന്ത്രി പി ജെ ജോസഫ് ആഹ്വാനം ചെയ്ത പോലെ മുല്ലപ്പെരിയാറില്‍ പോയി ഒരു ചാല്ലു കീറി വെള്ളം തുറന്നു വിട്ട് അണക്കെട്ടിനെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തയ്യാറായി അനേകം പേര്‍ റെഡി ആയി നില്‍പ്പുണ്ട്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതില്‍ അവര്‍ക്ക് അഭിപ്രായമില്ല. രോഗം വരാതെ നോക്കുന്നതിലണവര്‍ക്ക് താല്‍പ്പര്യം.

താങ്കള്‍ ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ക്കപ്പുറവും സത്യങ്ങളുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി ഈ ഡാം പൊളിച്ചു കളയുക എന്നതു മാത്രമാണ്. ഏസി മുറിയില്‍ ആയാലും എ സി മുറിക്ക് പുറത്തായാലും ഭൂരിഭാഗം അളുകളുടെയും ചിന്താഗതി അതാണ്. മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ പത്തു പ്രാവശ്യം നടന്നാലൊന്നും ഈ കേവല സത്യം ഇല്ലാതാകയുമില്ല.

മുല്ലപ്പെരിയാറിന്റെ ചുവട്ടില്‍ പോയി ഇരുന്ന് എഴുതിയാലും. ഗള്‍ഫിലെ എ സി മുറിയില്‍ ഇരുന്ന് എഴുതിയാലും സത്യം സത്യം അല്ലാതാകില്ല.

മുല്ലപ്പെരിയാര്‍ ഇന്നു തന്നെ തകര്‍ന്നെന്നിരിക്കും. ചിലപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞേ തകരുകയുള്ളു.

kaalidaasan said...

>>>>രണ്ട് വർഷത്തോളമായി ഈ പ്രശ്നത്തിൽ ആശങ്കപ്പെട്ട് നിൽക്കുന്ന ജനങ്ങൾക്കിടയിൽ ഇറങ്ങി നടന്ന് അഭിപ്രായം ആരാഞ്ഞും സംസാരിച്ചും ഒക്കെ കിട്ടിയ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ആൿഷൻ പ്ലാനിന്റേയും, ഡിസാസ്റ്റർ റിലീഫ് പ്ലാനിന്റേയും കാര്യം പറയുന്നത്. സർക്കാർ തന്നെ അതിനായുള്ള ലഘുലേഖകൾ താമസിയാതെ അടിച്ചിറക്കുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞു. അതെന്താണ് അർത്ഥമാക്കുന്നത് ? ഇന്നലെ ആയിരങ്ങൾ തടിച്ചുകൂടിയ ഒരു ചടങ്ങിൽ ഇതേ കാര്യം പറഞ്ഞപ്പോൾ കൈയ്യടിയോടെയാണ് അവരതിനെ സ്വാഗതം ചെയ്തത്. ? <<<<

നിരക്ഷരന്‍,

താങ്കളൊക്കെ പ്രവര്‍ത്തിക്കുന്നതിനെ ആദരവോടെ തന്നെ കാണുന്ന വ്യക്തിയണു ഞാന്‍. അതേക്കുറിച്ചൊന്നും ഒരു അഭിപ്രായ വ്യത്യസവുമില്ല. സര്‍ക്കാര്‍ ലഘുലേഖകള്‍ അടിച്ചിറക്കണം, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ളാനുകളൊക്കെ ഉണ്ടാക്കണം. അതൊക്കെ അര്‍ത്ഥമക്കുന്നത് അതൊക്കെ ആവശ്യമാണെന്നു തന്നെയാണ്. ജങ്ങള്‍ കയടിയോടെ അതൊക്കെ സ്വീകരിക്കും. പിന്നെ കയ്യടി എന്തിന്റെയെങ്കിലും മൂല്യമളക്കുന്നതിനുള്ള അളവുകൊലാണെനു പറഞ്ഞാല്‍ സന്തോഷ് പണ്ഡിറ്റൊക്കെ മഹത്തായ കലാകാരനായി വഴ്ത്തപ്പെടേണ്ടതാണ്.

എന്റെ അഭിപ്രായ വ്യത്യാസം അതല്ല. സ്കൂളുകളില്‍ ചെന്ന് കൊച്ചുകുട്ടികളോട് ഇതൊക്കെ പറഞ്ഞാല്‍ അവരുടെ ഭീതി ഇരട്ടിക്കും എന്നതു മാത്രമാണ്. മുതിര്‍ന്നവരോറ്റ് ഇതൊക്കെ വിശദമായി പറയണം. അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളം ​കൊടുക്കണം.

പിഞ്ചുകുഞ്ഞുങ്ങളോട്, മുല്ലപെരിയാര്‍ പൊട്ടറായി നില്‍ക്കുന്നു, ഏത് നിമിഷവും പൊട്ടാം, പൊട്ടിയാല്‍ രക്ഷപ്പെടാനായി സദാ സമയവും തയ്യാറായി ഇരിക്കണം,  എന്നൊക്കെ പറഞ്ഞാല്‍ അത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ.അത് എന്റെ അഭിപ്രായമാണ്. അതു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അതിനു മറ്റ് വ്യാഖ്യാനങ്ങളൊന്നം ​നല്‍കേണ്ടതുമില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>ജപ്പാനിലെ കുട്ടികൾ ചെറുപ്പം മുതലേ ഇതൊക്കെ പഠിച്ചാണ് വളരുന്നതെന്നും പറഞ്ഞിരുന്നു. എന്നിട്ട് ആ കുട്ടികളോക്കെ പേടിച്ചാനോ കാലാകാലം ജീവിക്കുന്നത് ? അതുകൊണ്ട് അവർക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ എന്നും പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങളിൽ നിന്ന് വിമർശിക്കാൻവേണ്ടിയുള്ള വാക്കുകൾ മാത്രം വെട്ടിയെടുത്ത് പരാമർശിക്കുന്നത് നല്ല പ്രവണതയല്ല. <<<

നിരക്ഷരന്‍,

കൂടെക്കൂടെ ഭൂമി കുലുക്കമുണ്ടാകുമ്പോള്‍ അതൊക്കെ പഠിക്കേണ്ടി വരും, കേരളത്തില്‍ അങ്ങനെ ഒരവസ്ഥ ഇല്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകാന്‍ പോകുന്ന ഒരു ദുരന്തമാണിത്. അത് ജപ്പാനിലെ കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ഭൂമി കുലുക്കമുണ്ടാകുമ്പോള്‍  എന്ത് ചെയ്യണമെനൊക്കെ പഠിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുന്നത് അവിവേകമാണ്. ഈ അണകെട്ടിന്റെ ഭീക്ഷണി ഒഴിവായാല്‍ ഇതുപോലെ ക്ളാസെടുക്കേണ്ട അവശ്യം തന്നെ വരുന്നില്ല.


ജപ്പാനാണ്, ലോകത്തേറ്റവും ഫലപ്രദമായ രീതിയില്‍ ഭൂചലനത്തിനും സുനാമിക്കും എതിരായി മുന്‍കരുതലുകള്‍ എടുക്കുന്ന രാജ്യം. അവര്‍ക്ക് സാങ്കേതിക വിദ്യയുണ്ട്, പണവുമുണ്ട്. പക്ഷെ എല്ലാ മുന്‍ കരുതലുകള്‍ എടുത്തിട്ടും കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടായ സുനാമിയില്‍ അവിടെ മരിച്ചത് 15839 ആളുകളാണ്.

http://wiki.answers.com/Q/How_many_people_died_during_the_tsunami_in_Japan_2011

The National Police Agency of Japan reports that as of September 11, 2011 a total of 15,839 have died, 5,950 were injured, and 3,642 are still missing.അപ്പോള്‍ വെറും മൂന്നാം ലോകരാജ്യത്തിലെ കേരളത്തില്‍ എന്തുണ്ടാകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു.

ഭൂചലമുണ്ടായി സുനാമി വാണിംഗ് നല്‍കി 1 മണിക്കൂര്‍ കഴിഞ്ഞിട്ടേ, 30 അടി ഉയരമുള്ള തിരമാലകള്‍ ജപ്പാന്റെ തീരത്തെത്തിയുള്ളു. എന്നിട്ടും 19000 അളുകള്‍ അവിടെ മരിച്ചു. അത് ചൂണ്ടിക്കാണിക്കുന വലിയ ഒരു യാഥാര്‍ത്ഥ്യമുണ്ട്. മനുഷ്യന്‍ കരുതി വയ്ക്കുന്ന ഏറ്റവും മുന്തിയ സന്നാഹം പോലും ഈ വക ദുരന്തത്തില്‍  ഗുണം ചെയ്യുന്നില്ല എന്നാണ്.

മുല്ലപ്പെരിയാറും അതിനേത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടും തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരന്തം ഈ സുനാമിയേക്കാള്‍ വലുതായിരിക്കും. ജപ്പാന് ഇതിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെ കേരളം പിടിച്ചു നില്‍ക്കും?

ബോധവത്കരണവും മുന്‍കരുതലുമൊക്കെ നല്ലത് തന്നെ. പക്ഷെ ഈ ദുരന്തം  ഉണ്ടാകാതെ നോക്കാന്‍ പറ്റുമെങ്കില്‍ അതായിരിക്കും മലയാളികളോട് ചെയ്യുന്ന ഏറ്റവും നീതിമത്തായ പ്രവര്‍ത്തി. സര്‍ക്കാരുകളും കോടതികളും പരാജയപ്പെട്ടാല്‍ ജനങ്ങള്‍ നേരിട്ടിറങ്ങേണ്ടി വരും. അതേ ഇതിനു പരിഹാരമുള്ളു. അല്ലാതെ ദുരന്തം ഉണ്ടായിട്ട് രക്ഷാപ്രവര്‍ത്തനം നടത്തി രക്ഷപ്പെടുത്താം എന്നൊക്കെ വിശ്വസിക്കുന്നവര്‍ക്ക് ജപ്പാന്റെ അനുഭവം പാഠമാകേണ്ടതാണ്.

njan oru manithan said...

Another good post. Congrats.