Saturday 3 December 2011

വള്ളക്കടവിലെ ആക്ഷന്‍ പ്ളാന്‍.



കേരളത്തിലെ വിദ്യാലയങ്ങളില്‍ കടന്നു ചെന്ന് ബോധവത്കരണം എന്ന പേരില്‍ പിഞ്ചുകുട്ടികളെ കൂടുതല്‍ പേടിപ്പെടുത്താനുള്ള ചിലരുടെ ഉദ്യമത്തെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ എഴുതിയിരുന്നു.   ആ ഉദ്യമത്തിന്റെ ഉപജ്ഞാതാവായ നിരക്ഷരന്, പക്ഷെ അതത്ര പിടിച്ചില്ല. അദ്ദേഹം പ്രതികരിച്ചതിങ്ങനെ.

രണ്ട് വർഷത്തോളമായി ഈ പ്രശ്നത്തിൽ ആശങ്കപ്പെട്ട് നിൽക്കുന്ന ജനങ്ങൾക്കിടയിൽ ഇറങ്ങി നടന്ന് അഭിപ്രായം ആരാഞ്ഞും സംസാരിച്ചും ഒക്കെ കിട്ടിയ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ആൿഷൻ പ്ലാനിന്റേയും, ഡിസാസ്റ്റർ റിലീഫ് പ്ലാനിന്റേയും കാര്യം പറയുന്നത്.    


 മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടു നില്‍ക്കുന്നത് വള്ളക്കടവു മുതല്‍ വണ്ടിപ്പെരിയാര്‍ വരെ താമസിക്കുന്ന ജനങ്ങളാണ്. വള്ളക്കടവു ഗ്രാമത്തില്‍ 5000 ല്‍ പരം ജനങ്ങളുണ്ട്. ഇവിടെ നിന്ന് അണക്കെട്ടിലേക്ക് മൂന്നു കിലോമീറ്റര്‍ ദൂരമേ ഉള്ളു.അണക്കെട്ട് തകര്‍ന്നാല്‍ മൂന്നു മിനിറ്റിനകം ഈ ഗ്രാമം തുടച്ചു നീക്കപ്പെടും. 1979 നു ശേഷം നാലു പ്രാവശ്യം ഈ അണക്കെട്ട് കവിഞ്ഞൊഴുകിയിട്ടുണ്ട്. ഒരിക്കല്‍  18 അടിയോളം ഉയരത്തില്‍ വള്ളക്കടവില്‍ വെള്ളം പൊങ്ങി. അന്ന് വെള്ളം സാവധാനം ​ വന്ന് നിറഞ്ഞതുകൊണ്ട്  ജനങ്ങള്‍ക്ക് ഓടി രക്ഷപ്പെടാനായി. പക്ഷെ അണക്കെട്ട് തകര്‍ന്നാല്‍ നൂറടിക്ക് മേല്‍ ഉയരത്തില്‍ വെറും മൂന്നു മിനിറ്റിനുള്ളില്‍  വള്ളക്കടവിലൂടെ വെള്ളം ഒഴുകും. എല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ട്. വള്ളക്കടവിനും അണക്കെട്ടിനുമിടയിലുള്ള മൂന്നു മലകള്‍ തകര്‍ത്തു തരിപ്പണമാക്കി, അവിടത്തെ കല്ലും മണ്ണും മരങ്ങളും  മുല്ലപ്പെരിയാറിന്റെ അടിത്തട്ടില്‍   50 അടി കനത്തില്‍  അടിഞ്ഞുകൂടി കിടക്കുന്ന ചെളിയും ആവാഹിച്ചുകൊണ്ടുള്ള മലവെള്ളപ്പാച്ചിലില്‍ ഒന്നും അവശേഷിക്കില്ല. ആളുകള്‍ക്ക് ഓടി രക്ഷപ്പെടാനുള്ള  സാവകാ ശവും ലഭിക്കില്ല.

അടുത്ത നാലു മിനിറ്റുനുള്ളില്‍ ഈ വെള്ളം വണ്ടിപ്പെരിയാറിലും എത്തും. അവിടെ ജീവിക്കുന്നത് 20000 ജനങ്ങളാണ്. അണക്കെട്ട് തകര്‍ന്നാല്‍ ആദ്യ പത്തുമിനിട്ടിനുള്ളില്‍ ഈ രണ്ടു സ്ഥലങ്ങളും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകും.

അണക്കെട്ടു തകരുമ്പോള്‍ ഏതു തരം രക്ഷാപ്രവര്‍ത്തനമാണ്, നിരക്ഷരനുള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ വിഭാവനം ചെയ്യുന്നതെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞേ  തിരമാലകള്‍  തീരത്തടിച്ചു കയറിയുള്ളു. എന്നിട്ടുമവിടെ 19000 ആളുകള്‍ മരിച്ചു. വള്ളക്കടവിലും വണ്ടിപ്പെരിയാറിലും ആരും രക്ഷപ്പെടില്ല എന്ന് മനസിലാക്കാന്‍ യാതൊരു വൈദഗ്ദ്ധ്യമോ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ആവശ്യമില്ല. ഈ മനുഷ്യരെ കുരുതി കൊടുത്തിട്ട് മറ്റു സ്ഥലങ്ങളിലുള്ളവരെ രക്ഷപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. എല്ലാവരെയും രക്ഷപ്പെടുത്താനുള്ള വഴികളാണു നോക്കേണ്ടത്.


 പന്നിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ട് വരുന്ന ഒരു പെന്‍ സ്റ്റോക്ക് പൈപ്പ് പൊട്ടിയപ്പോള്‍   ഒരു പ്രദേശമാണ് കുത്തി ഒലിച്ചുപോയത്. വീടുകളും മലകളും പാറകളും ഒഴുകി മാറി. അഞ്ചുപേര്‍ ഈ ദുരന്തത്തില്‍ മരിച്ചു. ഈ ദുരന്തത്തില്‍ അകപ്പെട്ട ഒരു കെഎസ്ഇബി ജീവനക്കാരനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.  ഒരു പൈപ്പ് പൊട്ടിയപ്പോഴാണ് ഒരു പ്രദേശം തകര്‍ത്തത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 11 ദശലക്ഷം ഘനയടി വെള്ളം ഒഴുകുമ്പോള്‍ നാടുകള്‍ തന്നെ തുടച്ചു നീക്കപ്പെടുമെന്നു മനസിലാക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ല. വള്ളക്കടവും വണ്ടിപ്പെരിയാറും  തീര്‍ച്ചയായും തുടച്ചു നീക്കപ്പെടും. ഇപ്പോള്‍ മുതല്‍ ബോധവ്തകരണം നടത്തി, എമര്‍ജന്‍സി ആക്ഷന്‍  പ്ലാനും,  ഡിസാസ്റ്റര്‍ റിലീഫ് പ്ലാനും, പ്രയോഗിക്കാന്‍ വള്ളക്കടവിലും വണ്ടിപ്പെരിയാറിലും ആരും അവശേഷിക്കില്ല.


ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍  നിരവധി അടി ഉയരത്തില്‍, നമുക്കൊക്കെ ചിന്തിക്കാന്‍ പോലുമാകാത്ത വേഗത്തില്‍ മലവെള്ളം പാഞ്ഞുവരും. വള്ളക്കടവിനു ശേഷം,കറപ്പുപാലം, വണ്ടിപ്പെരിയാര്‍,, തങ്കമല, മ്ളാമല, വെള്ളാക്കല്‍, പൂണിക്കുളം, കരിന്തിരി, മേരികുളം, പരപ്പ്, ഏലപ്പാറ, ഉപ്പുതറ സ്ഥലങ്ങളില്‍ എത്തും. മിനിറ്റുകള്‍ക്കുള്ളില്‍ ഇത് സംഭവിക്കും. അരമണിക്കൂറിനുള്ളില്‍  ഈ പ്രളയ ജലം ഇടുക്കി ജലാശയത്തില്‍ എത്തിച്ചേരും. നിരക്ഷരനൊക്കെ ഉദ്ദേശിക്കുന്ന ഏത് എമര്‍ജന്‍സി ആക്ഷന്‍  പ്ലാനും,  ഡിസാസ്റ്റര്‍ റിലീഫ് പ്ലാനും ഇവിടെ പരാജയപ്പെടും.  ഈ പ്ളാനുകളൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ഉള്ള റോഡുകള്‍ ഉണ്ടായിട്ടു വേണ്ടേ ആളുകളെ രക്ഷപ്പെടുത്താന്‍..


അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന  വിദഗ്ദ്ധരൊക്കെ കൂടി ചെയ്യേണ്ടത്, ഇപ്പോള്‍ തന്നെ ഈ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. അല്ലാതെ അണക്കെട്ട് തകരുമ്പോള്‍ ആക്ഷന്‍ പ്ളാനിലൂടെ പലതും ചെയ്യാന്‍ സാധിക്കുമെന്ന്  വ്യാമോഹിച്ചിരിക്കുകയല്ല. വെറും  വെള്ളം മാത്രമല്ല ഒഴുകി വരിക. 120 വര്‍ഷം കൊണ്ട്, 50 അടി കനത്തില്‍ മുല്ലപ്പെരിയാറിന്റെ അടിത്തട്ടില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി, എല്ലാ ആക്ഷന്‍ പ്ളാനിനേയും ഡി സാസ്റ്റര്‍ റിലീഫ് പ്ളാനിനെയും അട്ടിമറിക്കും. ഏത്  മുന്തിയ  സന്നാഹങ്ങളുണ്ടായാലും  അണക്കെട്ട് തകര്‍ന്നാല്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല എന്നാണ്, വള്ളക്കടവു നിവാസികള്‍  തീര്‍ച്ചയാക്കി ഇരിക്കുന്നത്.


അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്ന മഹാദുരന്തത്തിന്റെ ആദ്യ ഇരകളാണ് വള്ളക്കടവ് നിവാസികള്‍..  ഉറക്കം നഷ്ടപ്പെട്ടവര്‍ മാത്രമേ ഈ ഗ്രാമത്തിലുള്ളു. രാവും പകലും ഇവര്‍ ഉറങ്ങാതായിട്ടു മാസങ്ങളായി. കുട്ടികള്‍ ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. സ്കൂളുകളില്‍ ഹാജര്‍ നില വളരെ കുറയുന്നു. പലരും  വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകുന്നു. വിവാഹപ്രായമായ പുരുഷന്‍മാര്‍ക്ക് അന്യ ദേശത്തു നിന്നും പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നില്ല. മുതിര്‍ന്നവര്‍ക്ക് ഊരുറപ്പിച്ച് ഉറങ്ങാന്‍ ആകുന്നില്ല. അടുത്ത പ്രഭാതം കാണുമോ എന്ന ആശങ്കയിലണവര്‍ ഉറങ്ങുന്നതും.

എ.സി.മുറികളില്‍  ഇരുന്ന് അഭിപ്രായം പറയുന്നവരെയും  ലേഖനങ്ങള്‍ പടച്ച് വിടുന്നവരെയും പരിഹസിക്കുന്ന, രണ്ട് വര്‍ഷത്തോളമായി ഈ പ്രശ്നത്തില്‍ ആശങ്കപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍  ഇറങ്ങി നടന്ന് അഭിപ്രായം ആരാഞ്ഞും സംസാരിച്ചും ഒക്കെ ഫീഡ്ബാക്ക് കിട്ടിയ നിരക്ഷരന്, വള്ളക്കടവു നിവാസികളുടെ ഈ ആശങ്കക്ക് എന്ത് പരിഹാരമാണു നിര്‍ദ്ദേശിക്കാനുള്ളത്?

ഒരു ആക്ഷന്‍ പ്ളാനിനും അവരെ രക്ഷപ്പെടുത്താന്‍ ആകില്ല എന്നതാണു കേവല സത്യം.



കഴിഞ്ഞ ദിവസം ജനങ്ങള്‍  കൈക്കോട്ടും തൂമ്പയുമായി വള്ളക്കടവിലും വണ്ടിപ്പെരിയാറിലും മാര്‍ച്ച് ചെയ്തു. അവര്‍ തൂമ്പയും കൈക്കോട്ടുമെടുക്കാന്‍ തീരുമാനിക്കുന്നത് ജീവഭയംകൊണ്ടാണ്. മലകയറി മുല്ലപ്പെരിയാറിനു ചാലുകീറി വെള്ളം ഒഴുക്കിക്കളയാന്‍ ഈ ജനമൊന്നാകെ തീരുമാനിച്ചിരിക്കുകയാണ്.  അവര്‍ക്കൊപ്പം കൂടാനാണു ചുറ്റുവട്ടത്തെ കുട്ടികളുടെയും തീരുമാനം. എന്തെങ്കിലും പരിഹരമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന സുബോധമു ള്ളവര്‍ ഇവര്‍ക്കൊപ്പം ചേരുകയാണു വേണ്ടത്. ഇവരാണിപ്പോള്‍ കേരളജനതയുടെ ഭീതിക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് എന്തിനും തയ്യാറായി നില്‍ക്കുന്നത്.

സമാധാന സമരത്തിന്റെ പാതയില്‍നിന്ന് ജനം പതുക്കെ മാറുകയാണ്.  ഇവരൊക്കെ നേരിയ പ്രകോപനമുണ്ടായാല്‍പോ ലും പൊട്ടിത്തെറിക്കുന്ന മാനസികനിലയിലെത്തിയിരിക്കുന്നു. മുല്ലപ്പെരിയാറില്‍ ഒരു തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ ജനം അക്രമാസക്തരാകാം. വര്‍ഷങ്ങളോളം  പന്തല്‍ കെട്ടി സമരം നടത്തിയിട്ടും അധികാരികള്‍ അനങ്ങാതെ വന്നതോടെ ഇനി ജനകീയ നടപടി എന്നതാണിപ്പോള്‍ ഇവിടത്തെ ജനങ്ങളുടെ ചിന്താഗതി.

അതു തികച്ചും ന്യായവുമാണ്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച തമിഴ് നാടു ബഹിഷ്ക്കരിച്ചിരിക്കുന്നു.  തമിഴ് നാട് പ്രശ്ന പരിഹാരത്തിനു പുറം തിരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍, വള്ളക്കടവ് നിവാസികള്‍ കാണിച്ചു തരുന്ന വഴിയിലൂടെ മലയാളികള്‍ക്ക് സഞ്ചരിക്കേണ്ടി വരും. ബോധവത്കരണവും ഡിസാസ്റ്റര്‍ പ്ളാനും ആക്ഷന്‍ പ്ളാനുമൊക്കെ ഉണ്ടാക്കുന്നവര്‍ അതുണ്ടാക്കട്ടെ. മുല്ലപ്പെരിയാറിന്റെ തൊട്ടു താഴെ താമസിക്കുന്നവര്‍ക്ക് ഒരു ബോധവത്കരണത്തിന്റെയും ആക്ഷന്‍ പ്ളാനിന്റെയും ആവശ്യമില്ല. അവര്‍ക്ക് വേണ്ടത് ആക്ഷന്‍  ആണ്. മുല്ലപ്പെരിയാര്‍ എന്ന പ്രശ്നമവസാനിപ്പിക്കാനുള്ള ആക്ഷന്‍..  അത് ഈ അണക്കെട്ട് പൊളിച്ചു കളയുകയോ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കുകയോ മാത്രമാണ്. അധികാരികള്‍ക്ക് അത് ചെയ്യാന്‍ മടിയാണെങ്കില്‍ അത് നേരിട്ട് ബാധിക്കുന്നവര്‍ തന്നെ അത് ചെയ്യേണ്ടി വരും. മരണ ഭീതി അവരേക്കൊണ്ട് അത് ചെയ്യിക്കും. അവരോട് അല്‍പ്പമെങ്കിലും കാരുണ്യം തോന്നുന്നവര്‍ അവരോടൊപ്പം അണിചേരുക. അല്ലാത്തവര്‍ ആക്ഷന്‍ പ്ളാനും ഡിസാസറ്റര്‍ റ്ലീഫ് പ്ളാനുമായി നടക്കുക.  ഡിസാസ്റ്റര്‍ ഉണ്ടായിക്കഴിഞ്ഞ് വള്ളക്കടവില്‍ ആരെങ്കിലും ശേഷിച്ചാലേ ഈ പ്ളാനുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുള്ളു. അര്‍ത്ഥശൂന്യമായ ഈ വാക്കുകള്‍ ഉരുവിട്ട് സമയം കളയേണ്ടവര്‍ക്ക് അങ്ങനെയുമാകാം.



8 comments:

kaalidaasan said...

അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്ന മഹാദുരന്തത്തിന്റെ ആദ്യ ഇരകളാണ് വള്ളക്കടവ് നിവാസികള്‍.. ഉറക്കം നഷ്ടപ്പെട്ടവര്‍ മാത്രമേ ഈ ഗ്രാമത്തിലുള്ളു. രാവും പകലും ഇവര്‍ ഉറങ്ങാതായിട്ടു മാസങ്ങളായി. കുട്ടികള്‍ ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. സ്കൂളുകളില്‍ ഹാജര്‍ നില വളരെ കുറയുന്നു. പലരും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകുന്നു. വിവാഹപ്രായമായ പുരുഷന്‍മാര്‍ക്ക് അന്യ ദേശത്തു നിന്നും പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നില്ല. മുതിര്‍ന്നവര്‍ക്ക് ഊരുറപ്പിച്ച് ഉറങ്ങാന്‍ ആകുന്നില്ല. അടുത്ത പ്രഭാതം കാണുമോ എന്ന ആശങ്കയിലണവര്‍ ഉറങ്ങുന്നതും.

എ.സി.മുറികളില്‍ ഇരുന്ന് അഭിപ്രായം പറയുന്നവരെയും ലേഖനങ്ങള്‍ പടച്ച് വിടുന്നവരെയും പരിഹസിക്കുന്ന, രണ്ട് വര്‍ഷത്തോളമായി ഈ പ്രശ്നത്തില്‍ ആശങ്കപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് അഭിപ്രായം ആരാഞ്ഞും സംസാരിച്ചും ഒക്കെ ഫീഡ്ബാക്ക് കിട്ടിയ നിരക്ഷരന്, വള്ളക്കടവു നിവാസികളുടെ ഈ ആശങ്കക്ക് എന്ത് പരിഹാരമാണു നിര്‍ദ്ദേശിക്കാനുള്ളത്?

ഒരു ആക്ഷന്‍ പ്ളാനിനും അവരെ രക്ഷപ്പെടുത്താന്‍ ആകില്ല എന്നതാണു കേവല സത്യം.

njan oru manithan said...

Well Said as usual Kaalidasan.
Congratulations.

അനില്‍@ബ്ലോഗ് // anil said...

കാളിദാസൻ,
ഈ പോസ്റ്റ് നിരക്ഷരനെ അഡ്രസ്സ് ചെയ്തിരിക്കുന്നതെന്തിനെന്ന് ഒന്ന് വ്യക്തമാക്കാമോ. ഓരോ മനുഷ്യരും അവനവനെ കൊണ്ട് ചെയ്യാവുന്നത് ചെയ്യുന്നു. അതിന്റെ പരമാവധി ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് അങ്ങേരോട് ഒരുപാട് സ്നേഹവുമുണ്ട്. അതുകൊണ്ട് അറിയാൻ താത്പര്യമുണ്ട്.

ഈ മേഖലയിൽ ചെയ്യാവുന്ന ഒരേ ഒരു മുന്നൊരുക്കം എന്നത് ഇത്രയും പ്രദേശത്തെ ആളുകൾ മാറ്റിപ്പാർപ്പികുക എന്നതാണ്. എവിടേ പാർപ്പിക്കും അവർ എന്തു ഭക്ഷിക്കും തുടങ്ങിയ കാര്യങ്ങൾ സർക്കാർ കണ്ടെത്തെട്ടെ. അതിനു സാധിച്ചില്ലെങ്കിൽ ഈ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യുകയോ പുതിയത് കെട്ടുകയോ ചെയ്യട്ടെ.

kaalidaasan said...

അനില്‍,


നിരക്ഷരനെ അഭിസംബോധന ചെയ്തു തന്നെയാണിതെഴുതിയത്. അദ്ദേഹം രണ്ടു വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. ഞാനൊക്കെ എ സിമുറിയിലെ കമ്പ്യൂട്ടറിന്റെ മുന്നിലിരിന്ന് അഭിപ്രായങ്ങളും ലേഖനങ്ങളും പടച്ചു വിടുന്നു ,എന്നാണദ്ദേഹമാരോപിച്ചത്.

ഫീല്‍ഡ് എന്നു പറഞ്ഞാല്‍ എറണകുളവും  പരിസര പ്രദേശവുമാണെങ്കില്‍ എനിക്ക് ഒന്നും ചോദിക്കാനില്ല. അണക്കെട്ട് തകര്‍ന്നാല്‍ ആദ്യ 10 മിനിറ്റിനുള്ളില്‍  തുടച്ചു നീക്കപ്പെടുന്ന വള്ളക്കടവിലും വണ്ടിപ്പെരിയാറിലും നിന്നു കിട്ടിയ ഫീഡ് ബാക്ക് അറിയാന്‍ വേണ്ടി തന്നെയാണു ഞാന്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തെഴുതിയത്. ഇത്തരം പദ്ധതികളില്‍  സാങ്കേതികജ്ഞാനവും അനുഭവസമ്പത്തുമുള്ള പ്രമുഖ യു.എന്‍. ,ഉദ്യോഗസ്ഥരുടെ അഭിപ്രായം വരെ അദ്ദേഹം സ്വീകരിച്ചതായും  എഴുതി കണ്ടു. അവര്‍ ഇരിക്കുന്നത് എ സി മുറികളില്‍ അല്ല എന്നു തീര്‍ച്ചയാക്കിയിട്ടാണോ അതൊക്കെ അന്വേഷിച്ചതെന്തോ.

പിഞ്ചുകുട്ടികളോട് എമെര്‍ജന്‍സി എവാക്വേഷനേപ്പറ്റിയോ ഡിസാസ്റ്റര്‍ റിലീഫിനേപ്പറ്റിയോ പറയതിരിക്കുക എന്നതണെന്റെ നിലപാട്. നമ്മള്‍ സാധാരണ എത്ര വലിയ പ്രശ്നമായാലും സാരമില്ല, പേടിക്കേണ്ട, ഇത് നിസാരമാണ്, എന്നൊക്കെ പറഞ്ഞാണു കുട്ടികളെ ആശ്വസിപ്പിക്കുക. ഒരു രക്ഷിതാവും കുട്ടിയെ പറഞ്ഞ് പേടിപ്പിക്കാറില്ല. അത് ചെയ്യരുത് എന്നു ഞാന്‍ മറ്റൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. സ്ഥിരമായി ഭൂചലമുണ്ടാകുന്ന ജപ്പാനിലെ കഥ പറഞ്ഞാണദ്ദേഹം എന്നെ എതിര്‍ത്തതും. കേരളത്തില്‍ ഭൂചലനം വളരെ അപൂര്‍വമാണ്. ആയുസില്‍ ഒരിക്കല്‍ ഉണ്ടാകാന്‍ പോകുന്ന മുല്ലപ്പെരിയാര്‍ തകര്‍ച്ചയില്‍ അതൊന്നും പ്രസക്തവുമല്ല. അതിനദ്ദേഹം അസഹിഷ്ണു ആയതുകൊണ്ടാണീ പോസ്റ്റ് എഴുതിയതും.


എറണാകുളത്ത് ഡിസാസ്റ്റര്‍ റിലീഫിനും എമെര്‍ജന്‍സി എവാക്വേഷനും പ്രസക്തിയുണ്ട്. മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയിള്ള സ്ഥലങ്ങളില്‍ അതിനു പ്രസക്തിയില്ല. നിരക്ഷരന്‍ നിര്‍ദ്ദേശിക്കുന്ന ഒരു കാര്യവും ചെയ്യാനുള്ള സമയം ലഭിക്കില്ല. അതേ ഞാന്‍ സൂചിപ്പിച്ചുള്ളു.

മുല്ലപ്പെരിയാര്‍ വിഷയത്തേക്കുറിച്ച് പൊതു ജനങ്ങളുടെ ഇടയില്‍  അവബോധം ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തി എന്ന നിലയില്‍ നിരക്ഷരന്‍ ചെയ്യുന്നതിനോടെനിക്ക് ബഹുമാനമുണ്ട്. പക്ഷെ അതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍  പോയി പിഞ്ചുകുട്ടികളോട്, ഡിസാസ്റ്റര്‍ റിലീഫ് എമെര്‍ജെന്‍സി എവാക്വേഷന്‍ തുടങ്ങിയവ വിശദീകരിച്ച് ബോധവത്കരണം നടത്തുന്നതിനോട് എനിക്ക് യോജിക്കാന്‍ ആകില്ല. അതേക്കുറിച്ച് ഞാന്‍ പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചു.

ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും പറഞ്ഞാണദ്ദേഹം എറണാകുളത്ത് ബോധവ്തകരണം നടത്താന്‍ ഇറങ്ങിയിരിക്കുന്നത്. മുല്ലപ്പെരിയര്‍ പൊട്ടിയാല്‍ എറണകുളത്ത് വെള്ളമെത്താന്‍ 24 മണിക്കൂറെങ്കിലും എടുക്കും. അവിടെ ഉള്ളവര്‍ക്ക് രക്ഷപ്പെടാന്‍ സമയവുമുണ്ട്. അവരെ ബോധവത്കരിക്കുകയോ പ്ളാനുകളൊക്കെ വിശദീകരിക്കുകയോ ചെയ്യാം. യാതൊരു അഭിപ്രായവുത്യാസവുമില്ല.

അണക്കെട്ട് സ്ഥിതി ചെയ്യുന്ന വള്ളക്കടവ് ഗ്രാമത്തില്‍ ഉള്ള 5000 ആളുകളെ എങ്ങനെ രക്ഷപ്പെടുത്തും? തൊട്ടടുത്ത വണ്ടിപ്പെരിയാറിലുള്ളവരെ എന്തു ചെയ്യും. ഒരു ബോധവത്കരണവും അവരെ സമാധാനിപ്പിക്കില്ല. ഒരാക്ഷന്‍ പ്ളാനുമവരെ രക്ഷപ്പെടുത്തില്ല. ആ അഭിപ്രായം ഞാന്‍ എഴുതി.

കൊച്ചുകുട്ടികളെ, സത്യങ്ങളാണെങ്കില്‍ പോലും പറഞ്ഞ്, പേടിപ്പിക്കരുത് എന്നതും എന്റെ അഭിപ്രായമാണ്. ഇതുപോലെയുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ എഴുതാനുള്ളതല്ലേ ബ്ളോഗ് എന്ന മാദ്ധ്യമം? എ സി മുറിയില്‍ ഇരുന്ന് എഴുതുന്നു എന്നൊക്കെ പറഞ്ഞ് അതിനെ പരിഹസിക്കുന്നത് തരം താണ നടപടിയായി പോയി. അതിനോട് ഞാന്‍ പ്രതികരിച്ചു. അത്രയേ ഉള്ളു.

kaalidaasan said...

അനില്‍,

ഈ മേഖലയിൽ ചെയ്യാവുന്ന ഒരേ ഒരു മുന്നൊരുക്കം എന്നത് ഇത്രയും പ്രദേശത്തെ ആളുകൾ മാറ്റിപ്പാർപ്പികുക എന്നതാണ്. എവിടേ പാർപ്പിക്കും അവർ എന്തു ഭക്ഷിക്കും തുടങ്ങിയ കാര്യങ്ങൾ സർക്കാർ കണ്ടെത്തെട്ടെ. അതിനു സാധിച്ചില്ലെങ്കിൽ ഈ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യുകയോ പുതിയത് കെട്ടുകയോ ചെയ്യട്ടെ.

നൂറു ശതമാനവും യോജിക്കുന്നു.

വള്ളക്കടവിലോ വണ്ടിപ്പെരിയാറിലോ ഒരു ഡിസാസറ്റര്‍ റിലീഫിനു പ്രസക്തിയില്ല. അവരെ മാറ്റിപ്പാര്‍പ്പിക്കണം. ആദ്യ അര മണിക്കൂറിനുള്ളില്‍  തുടച്ചുനീക്കപ്പെടാവുന്ന ഗ്രമങ്ങളിലുള്ളത് 1 ലക്ഷത്തിനു മുകളിലുള്ള ആളുകളാണ്. അതുകൂടാതെ അവരുടെ ജീവിത സമ്പാദ്യവും തുടച്ചുനീക്കപ്പെടും.വീണ്ടും തിരികെ വന്ന് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ യതൊന്നും അവശേഷിക്കുകയുമില്ല. യൂറോപ്പിലെ സാമ്പത്തിക തകര്‍ച്ചയെ വരെ പണം നല്‍കി സഹായിക്കാന്‍  മുട്ടി നില്‍ക്കുന്ന മന്‍ മോഹന്‍ സിംഗൊന്നും ഈ വഴി തിരിഞ്ഞു നോക്കില്ല. ഏത് അംബാനിയുടെ ബാങ്ക് ബാലന്‍സാണു കൂട്ടേണ്ടതെന്നേ അദ്ദേഹം ഊണിലും ഉറക്കത്തിലും ചിന്തിക്കൂ.

പുതിയ അണക്കെട്ട് കെട്ടാന്‍ കടമ്പകള്‍ ഏറെയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അതിനു തുരങ്കം വയ്ക്കും. മലയാളിക്ക് ചെയ്യാവുന്ന ഒരു പണിയേ ഉള്ളു. മന്ത്രി പി ജെ ജോസഫ് ഒക്കെ പറഞ്ഞതു പോലെ മുല്ലപ്പെരിയാറില്‍ നിന്നും തോടു കീറി വെള്ളം ഒഴുക്കി കളയുക. എന്നിട്ട് അവര്‍ സ്വന്തമായി ഡാം ഡിക്കമ്മീഷന്‍ ചെയ്യുക.

പുതിയ അണകെട്ടണോ വേണ്ടയോ എന്നതൊക്കെ അതിനു ശേഷം തീരുമാനിക്കാം. വള്ളക്കടവ് നിവാസികളൊക്കെ ഇപ്പോള്‍ ആലോചിക്കുന്നത് ഈ വഴിക്കാണ്. ആരും രക്ഷക്കെത്തിയില്ലെങ്കില്‍ സ്വയ രക്ഷക്ക് ഇറങ്ങേണ്ടി വരും.

kaalidaasan said...

Thanks, njaan oru manithan.

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്.. :)

കാളിദാസൻ,
ഓരോരുത്തർക്കും അവരവരുടെ നിലപാടുകൾ ഉണ്ടാവും. എല്ലാം ഒരു പൊതു ലക്ഷ്യത്തിലേക്ക് നയിക്കുന്നതെങ്കിൽ അതിനെ നിരുത്സാഹപ്പെടുത്താൻ പാടില്ലാത്തതാണ്. റിസ്ക് മാനേജ്മെന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവ കുട്ടികളെ പഠിപ്പിക്കുന്നതിൽ തെറ്റില്ല. അവർ കൂടുതൽ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കാര്യങ്ങളെ സമീപിക്കാൻ പഠിക്കും. ചുരുങ്ങിയ പക്ഷം ഒരു കാമ്പയിൻ എന്ന നിലയിലെങ്കിലും അത് ഉപകാരപ്പെടില്ലെ? വൈകാരികമായി സമീപിക്കുന്നതിലെ പ്രശ്നമാണിതെന്ന് തോന്നുന്നു.

ഞാൻ ഇപ്പോൾ താമസ്സിക്കുന്ന കെട്ടിടത്തിൽ എത്തിയതിന്റെ രണ്ടാം ആഴ്ച സിവിൽ ഡിഫൻസിന്റെ വക മോക് ഡ്രിൽ ഉണ്ടായിരുന്നു, തീ പിടിച്ചാൽ എന്തു ചെയ്യണം എന്ന് ഡെമോ ചെയ്യാൻ. അലാറം അടിച്ച ഉടനെ പിള്ളാരെ വരെ പെറുക്കിക്കൂട്ടി പെണ്ണുങ്ങളടക്കം പുറത്തേക്ക് ഓടുകയും ഫയർ അസംബ്ലി പോയന്റിൽ കൂടുകയും ചെയ്തു. ആരും പരാതി പറഞ്ഞില്ല.

kaalidaasan said...

അനില്‍,

ബോധവ്തകരണവും ഡിസാസ്റ്റര്‍ റിലീഫുമൊക്കെ ചെയ്യേണ്ടതു തന്നെ. അതേക്കുറിച്ചൊന്നും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പക്ഷെ കൊച്ചുകുട്ടികളെ ഇതൊക്കെ പറഞ്ഞു പേടിപ്പിക്കരുതെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.

മുലപ്പെരിയാറിനേക്കുറിച്ച് മറ്റൊരു ബ്ളോഗില്‍ ചര്‍ച്ച നടക്കുമ്പോള്‍, ഇനി അണക്കെട്ട് പൊളിക്കാനും, പുതിയത് കെട്ടാനും ഒന്നും സമയമില്ല ഹൈക്കോടതി ആക്ഷന്‍ പ്ളാന്‍ നിര്‍ദേശിച്ചു, അതനുസരിച്ച്, അതാണു ചെയ്യേണ്ടതെന്നൊക്കെ പരാമര്‍ശമുണ്ടായി. വിദ്യാലായങ്ങളില്‍ ചെന്ന് കുട്ടികളെ ഇതേക്കുറിച്ചൊക്കെ പഠിപ്പിക്കണമെന്നു പറഞ്ഞതിനെ ഞാന്‍ വിമര്‍ശിച്ചപ്പോള്‍ വന്ന കമന്റ് എ സി മുറിയിലെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് അഭിപ്രായങള്‍ പടച്ചു വിടുകയാണു ഞാന്‍ എന്ന ആക്ഷേപമുണ്ടായി. അതിനോടേ ഞാന്‍ പ്രതികരിച്ചുള്ളു.

മുല്ലപ്പെരിയാര്‍ തകരുമ്പോള്‍ ആദ്യം  മരിച്ചു പോകുന്നത് വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലെയും ആളുകളാണ്. അവരുടെ ഇടയില്‍ നിന്നും ലഭിക്കുന്ന ഫീഡ് ബാക്ക് ഞാനും പങ്കു വച്ചു. എറണകുളം നഗരത്തിലുള്ളരുടെ മാനസിക അവസ്ഥയല്ല വള്ളക്കടവുകാര്‍ക്ക്. അവര്‍ ഒരു ഡിസാസ്റ്റര്‍ റിലീഫിലും വിശ്വസിക്കുന്നില്ല. അറിയണമെങ്കില്‍ അവിടെ പോയി അന്വേഷിക്കണം. അവര്‍ രക്ഷപ്പെട്ടാലും അവരുടെ ആയുസുമുഴുവന്‍ അധ്വാനിച്ച് നേടിയതെല്ലാം  നശിക്കും അതുകൊണ്ട് ജീവനും കൊണ്ട് എങ്ങോട്ടും പോകുന്നില്ല. വെള്ളം ആര്‍ത്തലച്ചു വരുമ്പോള്‍ കൈ കോര്‍ത്തുനിന്ന് ജലസമാധി അടയാനാണവിടത്തുകാരില്‍ ഭൂരിഭാഗവും  തീരുമാനിച്ചിരിക്കുന്നത്. ഏതായാലും ഇതുപോലെ ഒരു ഫീഡ് ബാക്ക് എറണാകുളത്തു കിട്ടില്ല.

എറണാകുളത്തുള്ളവരുടേതിനേക്കാള്‍ കൂടുതല്‍ ഞാന്‍  ഇവരുടെ വിഷയത്തേക്കുറിച്ചാണു ചിന്തിക്കുന്നത്.