Monday, 31 May 2010

ഉത്തരാധുനിക വെളിപാടുകള്‍

വെളിപാടിന്റെ പുസ്തകം ബൈബിളിലെ ഒരു ഭാഗമായിട്ടാണെല്ലാവരും മനസിലാക്കിയിട്ടുള്ളത്.  വെളിവു നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് വെളിവു കിട്ടുമ്പോള്‍ അതിനെ വെളിപാടെന്നും പറയാറുണ്ട്. അതു പോലെയുള്ള വെളിപാടിന്റെ കാലമാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍. പല വെളിപാടുകളും കൊണ്ട് നിറഞ്ഞു തുളുമ്പുകയാണിന്ന് കേരളം. ചിലതൊക്കെ അതീവ രസകരവും.

ഒന്നാമത്തെ വെളിപാട് പിണറായി വിജയന്റേതാണ്. ജമായത്തേ ഇസ്ലാമി മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തിയാണെന്നദ്ദേഹം ഒരു ദിവസം പെട്ടെന്നങ്ങു തീരുമാനിച്ചു. വര്‍ഷങ്ങളോളം അവര്‍ ഇടതുപക്ഷത്തിനു പിന്തുണ കൊടുത്തപ്പോഴും അവരുടെ വോട്ട് തേടി പോയപ്പോഴും അത് വാങ്ങിച്ചു ജയിച്ചപ്പോഴും അവര്‍ക്ക് കൂടി സ്വീകാര്യനായ രണ്ടത്താണിയെ മുന്നണി ബന്ധങ്ങള്‍ ബലികഴിച്ചു പോലും സ്വീകരിച്ചപ്പോഴൊന്നും അവര്‍ വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് അദ്ദേഹത്തിനു മനസിലായിരുന്നില്ല. രണ്ടത്താണിയെ അംഗീകരിക്കാന്‍ മടിച്ച വെളിയം ഭാര്‍ഗ്ഗവനു വെളിവില്ല എന്നായിരുന്നു അന്ന് കേരളം ശ്രവിച്ച ആപ്തവാക്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും  പിണറായിക്കൊരു വെളിപാടുണ്ടായി. വെളിപാടുണ്ടായപ്പോള്‍ ജമായത്തുകാര്‍ വര്ഗ്ഗീയ പാര്‍ട്ടിയാണ്, അവര്‍ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നൊക്കെയാണ്‌ വെളിപ്പെട്ടു കിട്ടിയത്. ഏതെങ്കിലും മാടനോ മറുതയോ മലക്കോ വെളിപ്പെടുത്തിയതാണോ എന്ന് തീര്‍ച്ചയില്ല.
അദ്ദേഹം ഇതു വരെ ഉറപ്പിച്ചു പറയാത്ത മറ്റൊരു കാര്യമുണ്ട്.  അത് മദനിയുമായി ബന്ധപ്പെട്ടതാണ്. മദനിയെ ഇനിയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. മദനിയുമായി ഉള്ള കൂട്ടുകെട്ട് ജനങ്ങളെ അകറ്റുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരും പുറത്തുള്ളവരും പറഞ്ഞപ്പോള്‍ അതൊക്കെ  ധര്‍ഷ്ട്യത്തോടെ പുച്ചിച്ചു തള്ളിയ അദ്ദേഹം, മദനിയുമായുള്ള കൂട്ടുകെട്ട് ജനങ്ങള്‍ അംഗീകരിച്ചില്ല എന്നു വരെ പറഞ്ഞു നിറുത്തി. പൂര്‍ണ്ണമായി ഇതുവരെ വെളിപ്പെട്ടില്ലാത്തതു കൊണ്ട് പറയുന്നില്ല. താമസിയാതെ അത് പ്രതീക്ഷിക്കാം. ശിവദാസമേനോന്റെ പ്രസിദ്ധമായ ഒരു ആപ്തവാക്യമുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കയല്ല  സി പി എമ്മിന്റെ ലക്ഷ്യം, മറിച്ച് സി പി എം ചിന്തിക്കുന്നതു പോലെ ജനങ്ങളേക്കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ്. എന്തു ചെയ്യാം  വിവരമില്ലാത്ത ജനങ്ങള്‍ അതു ചെയ്യുന്നില്ല. എങ്കില്‍ പിന്നെ മൊഹമ്മദിന്റെ ആപ്തവാക്യം അങ്ങു സ്വീകരിക്കാം എന്നും തീരുമാനിച്ചു. മല മൊഹമ്മദിന്റെ അടുത്തേക്കു വരുന്നില്ലെങ്കില്‍ മൊഹമ്മദ് മലയുടെ അടുത്തേക്ക് ചെല്ലും.
 
അടുത്ത വെളിപാടാണിപ്പോള്‍ പരസ്യ വിവാദമായ സ്വത്വ വിവാദം. അതിലെ നായകര്‍ കുഞ്ഞഹമ്മദും പോക്കറുമാണെന്നത് കാവ്യ നീതിയും. അടുത്ത കാലത്ത് പിണറായിയുടെ ഏറ്റവും വീര്യമുള്ള ചാവേറായിരുന്നു കുഞ്ഞഹമ്മദ്. പിണറായിയുടെ എല്ലാ ധാര്‍ഷ്ട്യങ്ങളും അദ്ദേഹം വീറോടെ എല്ലാ വേദികളിലും ന്യായീകരിച്ചിരുന്നു. പ്രശസ്തനായ ഒരു പത്രലേഖകനെ എടോ ഗോപാലകൃഷ്ണാ എന്നു പിണറായി വിളിച്ചതിനെ വര്‍ഗ്ഗ സമരമാണെന്നു വരെ പറഞ്ഞു വച്ചു ഈ പുരാതന ജീവി. പിണറായിയെ സുഖിപ്പിക്കാന്‍ ആവുന്ന തരത്തിലൊക്കെ വി എസിനെ വിമര്‍ശിച്ചും കുത്തി മുറിവേല്‍പ്പിച്ചും രസിച്ചു. മന്ദബുദ്ധി എന്നു വരെ വിളിക്കാന്‍ ഈ ചാവേറിന്റെ അടിമത്തം വഴി വച്ചു.
 
വി. എസിന്റെ നേതൃത്വത്തില്‍ സ്വത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്തപ്പോള്‍
പ്രൊഫ. എം. എന്‍. വിജയന്‍ ആയിരുന്നു അന്ന് ആ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ച പ്രധാനപോരാളി. അന്ന് ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടി വിജയിച്ചവരാണ് ഇന്ന് സ്വത്വരാഷ്ട്രീയത്തിനെതിരെ പരസ്പരം പോരാടുന്നത്. സത്വ രാഷ്ട്രീയത്തെ എതിര്‍ത്ത പ്രൊഫ. എം എന്‍ വിജയനെയും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന വി എസിനെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ മുന്നണിയില്‍ നിന്ന കുഞ്ഞഹമ്മദിനിപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത് അന്ന് കൂടെ നിന്ന സഖാക്കളെയാണെന്നത് മറ്റൊരു കാവ്യ നീതി. അന്ന് സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച പലരും ഇന്ന് അതിനെ എതിര്‍ക്കുമ്പോള്‍, അത് മറ്റൊരു വെളിപാടായി പരിണമിക്കുന്നു. എന്തിനായിരുന്നു അന്ന് എം എന്‍ വിജയനെ എതിര്‍ത്തു തോല്‍പ്പിച്ച് അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചത് എന്നത് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കാനാണു സാധ്യത.

പാര്‍ട്ടിക്കകത്തു പറയേണ്ട കാര്യങ്ങള്‍ പുറത്തു പറയുന്നു എന്നും സംസ്ഥാനസമിതി അംഗമായ ഒരാള്‍ ആശയ സംവാദത്തിനു പ്രാപ്തനല്ല എന്നുമോക്കെയാണു പോക്കര്‍ പറയുന്നത്. അതൊന്നും പാര്‍ട്ടി നേതാക്കള്‍ക്ക് അത്ര വലിയ പ്രശ്നമായും തോന്നുന്നില്ല. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതാണല്ലോ എപ്പോഴും കുറ്റം.

കരീം എന്ന വ്യവസായ മന്ത്രിക്കുള്ള വെളിപാടുകളാണു മറ്റൊന്ന്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടനെ തന്നെ സ്വന്തം സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും ഭൂപരിഷ്കരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെടീച്ചു. അന്നത് വിവാദമായപ്പോള്‍ സെക്രട്ടറി വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്ന് വാദിച്ചു പിടിച്ചു നിന്നു. കോക കോള കമ്പനി പൂട്ടിയത് ഇടതുപക്ഷ  സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്തി തന്നെയാണ്. അതാണു വ്യവസായ സെക്രട്ടറിയുടെ ഏറ്റവും വലിയ ദുഖമെന്നാണിപ്പോള്‍ പറയുന്നത്. അതും വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് കമ്മൂണിസ്റ്റ് എന്നവകാശപ്പെടുന്ന കരീം ന്യായീകരിക്കുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്. സെക്രട്ടറിക്ക് വ്യക്തിപരമായ അഭിപ്രായം പറയാന്‍ അനുവദിക്കുന്ന തരത്തില്‍ വിശാല മനസ്കനാണോ ഈ കമ്യൂണിസ്റ്റു മന്ത്രി? അല്ലെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. സുരേഷ് കുമാറെന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു ഇതു പോലെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതെങ്കില്‍ അദേഹത്തിന്റെ പപ്പും പൂടയും പറിക്കാന്‍ കത്തിയുമായി ആദ്യം ഗോഗ്വാ വിളിക്കുന്നത് ഈ കമ്മൂണിസ്റ്റുകാരനായിരുന്നേനെ. ബാലകൃഷ്ണനും തച്ചങ്കരിയുമൊക്കെ മുന്തിയ ഇനം ഐ എ എസ് കാരല്ലേ. കറവ പശുക്കളേപ്പോലെ സംരക്ഷിക്കാന്‍.
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലിട്ടു സൂക്ഷിക്കാന്‍ പകത്തിലുള്ള വേറെ ചില മഹദ് വചനങ്ങള്‍ കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ വന്‍വ്യവസായ സംരംഭങ്ങള്‍ വന്നില്ലെങ്കില്‍ കേരളം വൃദ്ധന്മാരുടെ മാത്രം നാടാകും. ഒരു സ്പൂണ്‍ മരുന്നെടുത്തു കൊടുക്കാന്‍പോലും വീട്ടില്‍ ആരും ഉണ്ടാകില്ല. പല വീടുകളിലും ഇപ്പോള്‍ ഈ ദുസ്ഥിതി നിലനില്‍ക്കുന്നുണ്ട്. 

ഒരാളുടെ പ്രസംഗത്തിലെ ഒരു വാചകം മാത്രം എടുത്തു മറ്റുള്ളവരുടെ അഭിപ്രായം തേടുന്ന ജോലിയാണു ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. പ്രസംഗത്തിന്റെ മൊത്തത്തിലുള്ള സ്വഭാവവും ലക്ഷ്യവും എന്താണെന്നു പരിശോധിക്കപ്പെടുന്നില്ല. വാക്കുകള്‍ അടര്‍ത്തിയെടുത്തു വിവാദം സൃഷ്ടിക്കുന്നതിലൂടെ ചാനലുകള്‍ക്കു പ്രേക്ഷകര്‍ കൂടുമെന്നല്ലാതെ ഇതുകൊണ്ടു നാടിനു ഗുണമില്ലെന്ന് ഓര്‍ക്കണം.
 
സ്വകാര്യ മേഖലയില്‍ വന്‍ വ്യവസായങ്ങളെ കൊണ്ടുവരാന്‍ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിക്കുന്ന ഇദ്ദേഹത്തെ നയിക്കുന്നത് കമ്യൂണിസ്റ്റാശയങ്ങളോ മുതലാളിത്ത ആശയങ്ങളോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. കമ്യൂണിസ്റ്റുമാനിഫെസ്റ്റോ തിരുത്തിയാതായി ആരും ഇതേവരെ പറഞ്ഞു കേട്ടിട്ടുമില്ല. ഇനി ഞാന്‍ വായിക്കാത്തതാണോ എന്തോ.

 സ്വന്തം മന്ത്രിസഭാതീരുമാനത്തേയും സ്വന്തം പ്രത്യയശാസ്ത്രത്തേയും വ്യഭിചരിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍ തന്നെയാണു കരീം എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ബാലകൃഷ്ണന്‍ പറഞ്ഞ ചില വാക്കുകള്‍ അടര്‍ത്തിമാറ്റി എന്നു വിലപിക്കുന്ന ഇദ്ദേഹം വി എസ് പറയുന്ന ഓരോ അക്ഷരം പോലും അടര്‍ത്തിമാറ്റി അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടി വാദിക്കുന്നതു കാണുന്നവര്‍ ശരിക്കും മൂക്കത്തു വിരല്‍ വയ്ക്കും. ബാലകൃഷ്ണന്‍ പറയുന്നതിനെ യാതൊരു ഉളുപ്പുമില്ലാതെ ന്യയീകരിക്കുന്ന ഇദ്ദേഹം ബാലകൃഷ്ണനേക്കൊണ്ട് അത് പറയിപ്പിച്ചതാകാനേ സാധ്യതയുള്ളൂ. ഫാരിസ് അബൂബേക്കറേപ്പോലുള്ള മുതലാളിമാരുടെ കാലു നക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി വാദിക്കണമല്ലോ.

കമ്യൂണിസ്റ്റുകാരന്‍ എന്നു പറഞ്ഞൂറ്റം കൊള്ളുന്ന ഇദ്ദേഹം മുതലാളിമാരുടെ പാദസേവകനായി തരം താഴുന്നത് കമ്യൂണിസ്റ്റു മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന മുതലാളിത്ത മുഖം അനാവരണം ചെയ്യുന്നതാണ്. എന്തിനിദ്ദേഹം കമ്യൂണിസ്റ്റുകാരന്‍ എന്ന ലേബലില്‍ ഇതൊക്കെ ചെയ്യുന്നു?. വല്ല മുസ്ലിം ലീഗിലോ കോണ്‍ഗ്രസിലോ ജമായത്തിലോ പി ഡി പിയിലോ ചേര്‍ന്നിട്ട് മാന്യമായി പ്രകടിപ്പിച്ചു കൂടെ ഈ മുതലാളിത്ത ഭക്തി?

കുറച്ചു പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി എന്നൊക്കെ അദ്ദേഹത്തിന്റെ ആരാധകര്‍ കവലകള്‍ തോറും പാടി നടക്കുന്നത് കേള്‍ക്കുന്നുണ്ട്. അതിന്റെ മറവിലാണിപ്പോള്‍ വന്‍ സ്വകാര്യ വ്യവസായികളുടെ ചെരുപ്പുനക്കി നടക്കുന്നതും. അവര്‍ക്ക് ലാഭം കൂട്ടാനുതകും വിധം റോഡുണ്ടാക്കലാണിപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തം പോലും. പക്ഷെ ഭക്തരൊക്കെ സൌകര്യ പൂര്‍വം മറക്കുന്ന മറ്റൊരു സത്യമുണ്ട്. സി ഐ റ്റി യു നേതാവായിരുന്നപ്പോള്‍ ഇദ്ദേഹം കൊടി പിടിച്ചു പൂട്ടിച്ച വ്യവസായങ്ങളുടെ നീണ്ട നിര.

 എണ്ണൂറിലധികം ജോലിക്കാര് ജോലി ചെയ്തിരുന്ന മാവൂര് ഗ്വാളിയോര് റയോണ്‍സിന്റെ എന്ജിനീയറിംഗ് ഡിവിഷന് പൂട്ടേണ്ടിവന്നത് കരീമിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തേതുടര്‍ന്നായിരുന്നു. അന്ന് 800 പേര്ക്കാണു ജോലി പോയത്.

485 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതാണു കണ്ണൂരിലെ തിരുവേപ്പതി മില്ല്. നാലു വര്‍ഷം മുമ്പ്  കരീമിന്റെ സാന്നിധ്യത്തില് നടന്ന ചര്ച്ചയില് മില് അടച്ചുപൂട്ടാന് തീരുമാനിച്ചു. തൊഴിലാളിനേതാവായിരുന്ന കരീം തൊഴിലാളികള്‍ക്കു വേണ്ടിയല്ല അന്നിടപെട്ടത്. മില്‍ പൂട്ടുകയായിരുന്നു ലക്ഷ്യം. അന്നു മന്ത്രിയുടെ സാന്നിധ്യത്തില് നടന്ന ചര്ച്ചയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങള് ഇന്നും കിട്ടിയിട്ടില്ല.  ഇ.കെ. നായനാര്ക്കു സ്മാരകം പണിയാന് മില്ലിന്റെ സ്ഥലം പിന്നീടു പാര്ട്ടി ആറരക്കോടി രൂപയ്ക്കു  വാങ്ങിയെന്നതാണിതിന്റെ ബാക്കി പത്രം. ഇന്നിപ്പോള്‍ സ്വകാര്യ വ്യവസായികള്‍ക്ക് വേണ്ടി വാദിക്കുന്ന  കരീമിനൊന്നും ആ തൊഴിലാളികളുടെ കണ്ണീരു കാണാനുള്ള കമ്യൂണിസ്റ്റു കണ്ണില്ല. മുതലാളിത്ത തിമിരം ബാധിച്ച കടം കൊണ്ട കണ്ണേ ഉള്ളു.

സമാനമായ കഥയാണ്‌ കണ്ണൂരിലെ കോട്ടണ് മില്ലിനു പറയാനുള്ളത്. 430 തൊഴിലാളികളുണ്ടായിരുന്ന ആ മില്ല്, ഇടതുസര്ക്കാര് അധികാരത്തിലേറി ഒരുവര്ഷം തികയുന്നതിനുമുമ്പു തൊഴിലാളികളെ തെരുവാധാരമാക്കി പൂട്ടി.  കരീമിന്റെ സാന്നിധ്യത്തില് മാനേജ്മെന്റ് പ്രതിനിധികളും യൂണിയന് നേതാക്കളും നടത്തിയ ചര്ച്ചയിലാണു മില്ല് പൂട്ടാന് തീരുമാനമായത്. സര്ക്കാര് ഗ്യാരന്റിയില് എന്തെങ്കിലും സഹായം കിട്ടിയാല് വ്യവസായം മുന്നോട്ടുകൊണ്ടുപോകാന് തയ്യാറാണെന്നു മാനേജ്മെന്റ് വ്യക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല.

കോഴിക്കോട് കേരളാ സോപ്സിനും കരീമിന്റെ നാട്ടിലെ തന്നെ സ്റ്റീല്‍ കോമ്പ്ളക്സിനും സമാന കഥകളാണു പറയാനുള്ളത്. സ്റ്റീല്‍ അഥോരിറ്റി ഓഫ് ഇന്‍ഡ്യ രക്ഷപ്പെടുത്തിയതുകൊണ്ട് സ്റ്റീല്‍ കോമ്പ്ളക്സ് പൂട്ടാതെ ഇപ്പോഴുമുണ്ട്.

ഈ യാധാര്‍ത്ഥ്യങ്ങളൊക്കെ സൌകര്യ പൂര്‍വ്വം മറന്നിട്ടാണിപ്പോള്‍ കരീം എന്ന സ്വകാര്യ വ്യവസായികളുടെ മിശിഹാ, ലാഭമുണ്ടാക്കി എന്നും പറഞ്ഞ് കുറെ കണക്കുകളുമായി വരുന്നത്. ഈ കണക്കുകളില്‍ പലതും തെറ്റാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നത് കേട്ടിട്ടും കരീമതിനു മറുപടി പറഞ്ഞ് കണ്ടില്ല.

കരീം പറഞ്ഞ മറ്റൊരു വാചകമാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കാവുന്നത്.

പണം കൊടുത്തു പത്രം വാങ്ങുന്നവര്‍ക്കും കേബിള്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ട്.

അതേ. പണം മുടക്കുന്നവര്‍ക്കു മാത്രം ചിലതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്ന്. പണം മുടക്കാനില്ലാത്ത, കേബിള്‍ കണക്ഷന്‍ ലഭിക്കാന്‍ സാധിക്കാത്ത പട്ടിണിപ്പാവങ്ങള്‍ക്കൊന്നും ഒന്നും അറിയാനുള്ള അവകാശമില്ല. അവര്‍ക്കാകെയുള്ള അവകാശം കമ്യൂണിസ്റ്റു മുഖം മൂടിയണിഞ്ഞു നടക്കുന്ന കരീമിനേപ്പോലുള്ള കാപട്യങ്ങള്‍ക്ക് കൃത്യമായി വോട്ടു ചെയ്യുക എന്നതു മാത്രമല്ലേ?


യു ഡി എഫ് സര്‍ക്കാരിന്റെ കലാത്താണ്‌ എക്സ്പ്രസ് ഹൈ വേ എന്ന ആശയം രൂപം കൊണ്ടത്. അന്നതിനെ നഖ ശിഖാന്തം എതിര്‍ത്ത സി പി എം അംഗങ്ങളായിരുന്നു പാലൊളിയും കരീമും. ഇന്ന് വീതി കൂടിയ ഹൈ വേയുടേയും റോഡുകളുടെയും മുന്നണിപ്പോരാളികള്‍ ഇവര്‍ രണ്ടു പേരുമാണ്. കോണ്‍ഗ്രസുകാര്‍ പോലും ആദ്യം 30 മീറ്റര്‍ വീതി മതി എന്ന വാദക്കാരായിരുന്നു. കരീമും പാലൊളിയും കൂടി അംഗങ്ങളായ സര്‍ക്കാരിനോട് ചേര്‍ന്നാണ്‌ എല്ലാ കഷിക്കാരും കൂടി വീതി 30 മീറ്റര്‍ മതി എനു തീരുമാനിച്ചത്. സര്‍വ കഷി സംഘം കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയപ്പോഴൊന്നും ഇവര്‍ എതിരഭിപ്രായം പറഞ്ഞതായി കേട്ടില്ല. കിനാലൂര്‍ സമരം ഉണ്ടായപ്പോള്‍ രണ്ടു പേരും നിലപാടു മാറ്റി. ഇവര്‍ ചുവടു മാറുന്നത് കണ്ടപ്പോള്‍ കോണ്‍ഗ്രസും അഭിപ്രായം മാറ്റി.

എല്‍ ഡി എഫ് മന്ത്രിയായിരുന്ന പി ജെ ജോസഫ് നാലു വര്‍ഷം മുന്നേ വീതി കൂടിയ തെക്കു വടക്ക് റോഡ് വേണമെന്നു പറഞ്ഞപ്പോഴും ഇവരൊക്കെ എതിര്‍ത്തിരുന്നു. മുതലാളിമാര്‍ വ്യവസായം നടത്താന്‍ വരുന്നു  എന്ന പേരില്‍ ഭൂസ്വാമിമാരെ സഹായിക്കാന്‍ അവരൊക്കെ സ്ഥലം വാങ്ങിക്കൂട്ടിയ ഇടങ്ങളിലേക്കുള്ള എല്ലാ റോഡുകളും വീതി കൂട്ടണമെന്നാണീ അഭിനവ മുതലാളി മൂടു താങ്ങികള്‍ വാദിക്കുന്നത്. സാധാരണ ജനങ്ങള്‍ക്കുപകാരപ്പെടണം എന്ന വാശിയൊന്നും ഇവര്‍ക്കില്ല. ഭൂസ്വാമിമാര്‍ക്കും പണം മുടക്കുന്ന മുതലാളിമാര്‍ക്കും ഉപകാരപ്പെടണം എന്ന വാശിയേ ഉള്ളു.

പി ജെ ജോസഫ്, മന്ത്രിയായിരുന്ന സമയത്തോ വര്‍ഷങ്ങളോളം ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോഴോ അദ്ദേഹമഴിമതിക്കാരനാണെന്ന് ഇടതുപക്ഷത്തിനോ തോമസ് ഐസ്സക്കിനോ തോന്നിയില്ല. അദ്ദേഹം രാജി വച്ച ഉടനെ അഴിമതിക്കാരനാണെന്ന വെളിപാടുണ്ടായി ഐസക്കിന്. ഇതൊക്കെ കേള്‍ക്കുന്നവര്‍ വെറും കഴുതകളാണെന്നു കരുതുന്ന അഹന്തയില്‍ നിന്നാണാ ആരോപണം വന്നത്.

ഒരിക്കലും ഉണ്ടാകാത്ത വെളിപാടിനേക്കാള്‍ നല്ലതാണ്‌ വൈകി ഉണ്ടാകുന്ന വെളിപാടുകള്‍. പക്ഷെ നയം മാറുമ്പോള്‍ മുമ്പ് ചെയ്തതൊക്കെ പോക്രിത്ത്രങ്ങളായിരുന്നു എന്നു പറയാനുള്ള ആര്‍ജ്ജവമുണ്ടാകണം. കരീം സ്വകാര്യ വ്യവസായികള്‍ക്കു വേണ്ടി പരവതാനി വിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പരമോന്നത നേതാവ് കാരാട്ട് സ്വകാര്യവത്കരണത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നു. ആരാണു കമ്യൂണിസ്റ്റു നയമനുസരിച്ച് ശരി? കരീമോ കാരാട്ടോ?

14 comments:

kaalidaasan said...

ഒരിക്കലും ഉണ്ടാകാത്ത വെളിപാടിനേക്കാള്‍ നല്ലതാണ്‌ വൈകി ഉണ്ടാകുന്ന വെളിപാടുകള്‍. പക്ഷെ നയം മാറുമ്പോള്‍ മുമ്പ് ചെയ്തതൊക്കെ പോക്രിത്ത്രങ്ങളായിരുന്നു എന്നു പറയാനുള്ള ആര്‍ജ്ജവമുണ്ടാകണം. കരീം സ്വകാര്യ വ്യവസായികള്‍ക്കു വേണ്ടി പരവതാനി വിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പരമോന്നത നേതാവ് കാരാട്ട് സ്വകാര്യവത്കരണത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നു. ആരാണു കമ്യൂണിസ്റ്റു നയമനുസരിച്ച് ശരി? കരീമോ കാരാട്ടോ?

മുക്കുവന്‍ said...

ആരാണു കമ്യൂണിസ്റ്റു നയമനുസരിച്ച് ശരി? .. what are you asking Mr Kali... you well said earlier.. Communist is wright :)

Baiju Elikkattoor said...

വി എസ്സ് അച്യുതാനന്ദന്‍ എന്ന തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌നു കൊട്ടുവായ ഇടാനും ലെനിനിസ്റ്റ്‌ സംഘടന തത്ത്വവും പാര്‍ടി അച്ചടക്കവും ബാധകമാണ്. കരീമിനോക്കെ എന്തുമാകാം!!

കേരളത്തിലെ ഈ വ്യാജ കമ്മ്യൂണിസം നശിക്കാതെ രക്ഷപ്പെടില്ല.

kaalidaasan said...

മുക്കുവന്‍,

ഞാന്‍ മനസിലാക്കിയതും പിന്തുണച്ചതുമായ കമ്യൂണിസ്റ്റുനയമല്ല കരീമിന്റേത്. സ്വകാര്യ വ്യവസായികള്‍ക്കും ഭൂസ്വാമിമാര്‍ക്കും വേണ്ടി ഇത്രയധികം കണ്ണീരൊഴുക്കാന്‍ അവര്‍ അന്യം നിന്നു പോകുന്ന വര്‍ഗ്ഗമാണെന്നും ഞാന്‍ കരുതുന്നില്ല.

വന്‍കിട വ്യവസായങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും നടപ്പിലാക്കന്‍ പ്രയോഗിഗമായി ബുദ്ധിമുട്ടുണ്ട്. നാടിനു യോജിച്ച വ്യവസ്യം നടപ്പിലാക്കുക എന്നതാണ്‌ വിവേകം.100 ഏക്കറിലെ വ്യവസായത്തിനു വേണ്ടി 600 ഏക്കറിലെ ആളുകളെ കുടിയൊഴിപ്പിച്ച് റോഡ് വെട്ടുന്നത് തല തിരിഞ്ഞ വികസനനയമാണ്. ജനസാന്ദ്രമായ കേരളത്തിനാ നയം നല്ലതല്ല. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു കേരളത്തിനു വേണ്ടത്.

kaalidaasan said...

ബൈജു,

പുരുഷായുസ്സിന്റെ സിംഹഭാഗവും തൊഴിലാളി നേതാവെന്ന പേരില്‍ ഒരു കമ്പിന്റെ അറ്റത്ത് ചുവന്ന തുണി കെട്ടി പല വ്യവസായങ്ങളും പൂട്ടിച്ച കരീം മന്ത്രിയായപ്പോള്‍ ഉണ്ടായ വെളിപാടാണു വന്‍കിട സ്വകാര്യ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെങ്കില്‍ അത് ജനങ്ങളോടു തുറന്നു പറയണം. ആ നയം മാറ്റത്തിന്റെ കാരണവും പറയണം. എന്തു കൊണ്ട് ആ നയം സി പി എം പാര്‍ട്ടിയുടെ നയമല്ലാത്തതെന്നതിനു കാരണവും പറയണം. അല്ലെങ്കില്‍ ഇപ്പോഴത്തെപുതിയ നിലപാട് സ്വകാര്യ വ്യവസായികളുടെ മൂടു താങ്ങലായേ മനസിലാക്കാന്‍ ആകൂ?

വ്യവസായം തുടങ്ങാന്‍ പോകുന്ന സ്ഥലത്ത് ഭൂമാഫിയക്കാര്‍ ഭൂമി വാങ്ങുന്നത് സ്വാഭാവികമാണെന്നും ആവര്‍ പണമുണ്ടാക്കുന്നതില്‍ തെറ്റില്ല എന്നും പറയുന്ന ഇദ്ദേഹം കമ്യൂണിസ്റ്റുകാരന്‍ അല്ല. കമ്യൂണിസ്റ്റു മുഖം മൂടി അണിഞ്ഞ കാപ്പിറ്റലിസ്റ്റ് ആണ്.

Unknown said...

സന്തോഷമാധവനും ലതാ നായരും തലേല്‍ മുണ്ടിട്ടാ മറ്റേ പരിപാടിക്ക് പിടിക്കപ്പെട്ടപ്പോ പോലീസ് ജീപ്പില്‍ കയറിയത്.ബി ആര്‍ മേനോനും അങ്ങനെ തന്നെ.ലതയെയും സന്തോഷിനെയും ചില കള്ളന്മാര്‍ ഒറ്റു കൊടുത്തതാണ് എന്ന് "അഭ്യുദയ'കാംക്ഷികള്‍ പറയുന്നു. മേനോനും അങ്ങനെ ഒറ്റു കൊടുക്ക പ്പെട്ടു എന്ന് 'അഭ്യുദയ'കാംക്ഷി ഒരു ഉളുപ്പുമില്ലാതെ പറയുന്നു. റിയല്‍എസ്റ്റെട്ടു മാഫിയ മൊത്തം മൂന്നാര്‍ വിഴുങ്ങി എന്ന് പറയുമ്പോള്‍, എന്റെ മേനോന്‍ അതില്‍ പെടില്ല.നൂര്‍ഗിരി റിസോര്‍ട്ടില് മറ്റേ ആള്‍ക്കും ഷെയര്‍ ഉണ്ടോ? ആരാ നൂര്‍ജഹാന്‍,നൂര്‍ഗിരിയിലെ ഗിരി ആരാ ?
നൂര്‍ഗിരി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്ത കളക്ടറെ ശശി ആക്കാന്‍ നോക്കി.സ്ഥലം മാറ്റാന്‍ ആവതു ശ്രമിച്ചു. അടവുകള്‍ പാളുന്നു, സത്വം വിറക്കുന്നു.
ഇതൊന്നും പറഞ്ഞാ തലയില്‍ കേറില്ല. ചില കുറാന്‍ വ്യാഖ്യാതാക്കളെ പോലെ ഇനിയിപ്പോ ചവച്ച്ചത് തന്നെ ചവക്കു സാര്‍. നമസ്തേ.

kaalidaasan said...

ജലരേഖ,

ജലരേഖ പോലെ തെനി തെനി എന്തെങ്കിലുമൊക്കെ പുലമ്പിയാല്‍ ഒന്നും മനസിലാകില്ല. എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ വ്യക്തമായി എഴുതിയാല്‍ നന്നായിരുന്നു.

സന്തോഷ് മാധവന്റെ വീട്ടിലേക്കും നൂര്‍ഗിരി എസ്റ്റേറ്റിലേക്കും കൂടെ കരീം 100 മീറ്റര്‍ വീതിയില്‍ റോഡ് വെട്ടുന്നുണ്ടോ? എങ്കില്‍ അതു കൂടെ ഞാന്‍ ഇവിടെ ചേര്‍ത്തേക്കാം.

absolute_void(); said...

ഏറെ എതിരഭിപ്രായങ്ങളുണ്ടു്. ഇപ്പോള്‍ ഒരു പോര്‍ട്ടലിന്റെ തുടക്കവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ വിശദമായി എഴുതാനാവില്ല. സമയം കിട്ടുന്ന മുറയ്ക്കു് വിയോജിപ്പുകള്‍ കുറിച്ചിടാം. ഇതു് തത്ക്കാലം കമന്റുകള്‍ ട്രാക്ക് ചെയ്യാന്‍.

dethan said...

കാളിദാസന്‍,
കരീമിനെപ്പൊലെയുള്ളവരെ കമ്യൂണിസ്റ്റ് എന്നു പരാമര്‍ശിക്കുന്നതു തന്നെ കടും കൈയ്യാണ്.
മുതലാളിത്ത വഷളത്തങ്ങളുടെ ആരാധകരും പ്രയോക്താക്കളുമായവര്‍ എങ്ങനെയാണ് കമ്യൂണിസ്റ്റ്ആകുക?പിണറായിയുടെയും പാലൊളിയുടെയും കരീമിന്റെയും ഒന്നും വെളിപാടികള്‍ അല്ല; പാളിപ്പോകുന്ന
അടവു നയങ്ങളാണ്.എതിരഭിപ്രായം പറയുന്നവന്‍ വര്ഗ്ഗശത്രുവും യഥാര്‍ത്ഥ വര്‍ഗ്ഗശത്രു സഖാവും വഴികാട്ടിയുമാണ് അവര്‍ക്ക്.എക്സ്പ്രസ് ഹൈവേയുടെ മുഖ്യ ശത്രുവായിരുന്ന കരീം ഇപ്പോള്‍ അതിന്റെ വക്താവാണ്.കുഞ്ഞാലിക്കുട്ടിയുള്ള വേദിയില്‍ പഴയ പാപം ഏറ്റുപറഞ്ഞ് പുതിയ പാതയ്ക്കു വേണ്ടി എല്ലാവരുടെയും സഹായം അഭ്യര്ത്ഥിക്കാന്‍ കരിമിന് ഉളുപ്പില്ലാതായി.
ഒന്നുമില്ലെങ്കിലും കുഞ്ഞാലിക്കുട്ടി സാഹിബ്ബും തന്നെപ്പോലെ ഒരു മന്ത്രിയല്ലായിരുന്നോ എന്നമനോഭാവമാണ് അതിനടിയിലുള്ളത്.
കരീമിനെ പ്പോലുള്ളവരുടെ വര്ഗ്ഗീകരണത്തി
ന്റെ അടിസ്ഥാനം അങ്ങനെ ആയിരിക്കുന്നു.

ദത്തന്‍

Anonymous said...

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായി അച്യുതാനന്ദനെങ്കിലും ഉള്ളത് മഹാഭാഗ്യം. അദ്ദേഹം പൊതുമേഖലാ സ്ഥാപനത്തില്‍ ഉല്പാദിപ്പിക്കുന്ന ഉമിക്കരി കൊണ്ട് പല്ലുതേക്കുകയും കേരള സോപ്സിന്റെ സോപ്പ് മാത്രം ഉപയോഗിച്ച് പുറം തേക്കുകയും ഹാന്‍ ടെക്സിന്റെ തോര്‍ത്ത് ഉപയോഗിച്ച് തുവര്‍ത്തുകയും ചെയ്യുന്നു.

മുപ്പത്തി അഞ്ച് മീറ്ററില്‍ കൂടുതലുള്ള ഒരു പാതയിലൂടെയും അദ്ദേഹം സഞ്ചരിക്കാറില്ല. വിമാനത്തില്‍ തറയില്‍ ഇരുന്നാണ് അദ്ദേഹം യാത്രചെയ്യുന്നത്. കഴിക്കുന്നത് കട്ടന്‍ ചായയും പരിപ്പു വടയും മാത്രം.
പത്തു കൊല്ലം മുന്‍പ് വരെ പത്രങ്ങളായ പത്രങ്ങളൊക്കെ കമ്മ്യൂണിസ്റ്റുകാരെ മുതലാളിത്തം പഠിപ്പിക്കാന്‍ അക്ഷരം വാരിക്കോരി ചെലവാക്കി. അന്ന് ചാനലുകളില്ലായിരുന്നു. ചൈനയിലേക്ക് നോക്കൂ, ബംഗാളിലേക്ക് നോക്കൂ, എല്ലാരും മാറി, ഇവരെന്തേ മാറാത്തേ...,കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിച്ചവര്‍........,ഇരുട്ടിലാഴ്തിയവര്‍.

ഇപ്പോ ഇവര്‍ കമ്മ്യൂണിസ്റ്റുകാരെ കമ്മ്യൂണിസം പഠിപ്പിക്കുന്നു. അവര്‍ മാറരുതായിരുന്നു. അവരിതാ മുതലാളിമാരായിക്കഴിഞ്ഞു.
ആദ്യം ഉപദേശികള്‍ ചര്‍ച്ച ചെയ്ത് ഒരു യോജിപ്പിലെത്തട്ടേ.........എന്നിട്ട് ഉപദേശിക്കുക. അത്നുസരിച്ച് കമ്മ്യൂണിസ്റ്റുകള്‍ മാറട്ടേ.............

Anonymous said...
This comment has been removed by the author.
kaalidaasan said...

സെബിന്‍,

എതിരഭിപ്രായങ്ങള്‍ക്ക് സ്വാഗതം.

kaalidaasan said...

ദത്തന്‍,

മാര്‍ക്സിസവും കമ്യൂണിസവും ഒന്നുമല്ല കരീമിന്റെ തത്വശാസ്ത്രം. അത് വെറും ലെനിനിസമാണ്. താങ്കള്‍ സൂചിപ്പിച്ചപോലെ എതിരഭിപ്രായം പറയുന്നവരെ വര്‍ഗ്ഗ ശത്രുക്കളായി മുദ്രകുത്തുന്ന വെറും ലെനിനിസം. അത് ലംഘിക്കുന്നവരുടെ മേല്‍ കുതിര കയറി രസിക്കുന്ന വിനോദം. ഇദ്ദേഹത്തിന്റെ പ്രതിബദ്ധത മുതലാളിത്തത്തോടും മുതലാളിമാരോടുമാണ്. മുതലാളിത്തമാണിപ്പോള്‍ അദ്ദേഹത്തിന്റെ ദൈവം. പണം മുടക്കുന്നവരോടാണു വിധേയത്വം.

എക്സ്പ്രസ് ഹൈ വേയെ എതിര്‍ക്കാന്‍ എന്തു കൊണ്ട് മുമ്പില്‍ നിന്നു എന്നൊന്നും ചോദിക്കരുത്. അന്ന് സെസ് എന്ന മാമാങ്കമില്ലായിരുന്നു. മുതലാളിമാരൊന്നും പണസഞ്ചിയുമായി കറങ്ങി നടക്കുന്നും ഉണ്ടായിരുന്നില്ല. പണത്തിനു മീതെ പരുന്തും പറക്കില്ല. പിന്നല്ലേ കരീം.

kaalidaasan said...

താന്തോന്നി,

യധാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായി അച്യുതാനനന്ദന്‍ മാത്രമുണ്ടെന്ന് ഇതില്‍ നിന്നും താങ്കള്‍ എങ്ങനെ വായിച്ചെടുത്തു?.

വി എസിന്റെ കമ്യൂണിസം അവിടെ നില്‌ക്കട്ടെ. ഞാന്‍ ഇവിടെ പരമര്‍ശിച്ചത് ഇപ്പോള്‍ പിണറായി വിജയോടൊട്ടി നില്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ എന്നഭിമാനിക്കുന്ന കുറച്ചാളുകളുടെ ചെയ്തികളാണ്. അവയൊക്കെ എങ്ങനെ കമ്യൂണിസത്തിനു നിരക്കുന്നതാണെന്നു പറയാന്‍ താന്തോന്നിക്കാവുമോ.
താങ്കള്‍ സമ്മതിച്ചാലുമില്ലെങ്കിലും വി എസ് ഇന്നും യധാര്‌ത്ഥ കമ്യൂണിസ്റ്റു തന്നെയാണ്.


പത്രങ്ങള്‍ പഠിപ്പിച്ചതു കൊണ്ടാണ്‌ കരീം മുതലാളിത്തം പഠിച്ചതെന്ന താന്തോന്നിയുടെ കണ്ടു പിടുത്തം എനിക്കു നന്നായി പിടിച്ചു. അപ്പോള്‍ പഠനം കഴിഞ്ഞു. ഇനി പ്രയോഗിക്കണമല്ലോ. അതിന്‌ ഏതെങ്കിലും മുതലാളിത്ത പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മതിയല്ലോ. അല്ലെങ്കില്‍ സി പി എമ്മിന്റെ പേരു മാറ്റിയാലും മതി.

ബംഗളിലേക്കു നോക്കു എന്ന പ്രയോഗവും കലക്കി. നോക്കിയാല്‍ മാത്രം പോര അവിടെ നടക്കുന്ന സംഭവങ്ങള്‍ കൂടി മനസിലാക്കാന്‍ എന്തെങ്കിലും തലക്കകത്തു വേണം. 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഉരുക്കുകോട്ടകളൊക്കെ തകരുന്ന വിവരമാണവിടെ നിന്നും കേള്‍ക്കുന്നത്. ജനങ്ങള്‍ക്കവരെ മടുത്തു എന്നാണതു തെളിയിക്കുന്നത്. അതെന്തായാലും 35 മീറ്റര്‍ വീതിയുള്ള റോഡുകളില്‍ മാത്രം സഞ്ചരിച്ചിട്ടല്ല. കട്ടന്‍ ചായയും പരിപ്പുവടയും മാത്രം കഴിച്ചിട്ടല്ല. വിമാനത്തില്‍ തറയില്‍ ഇരുന്നു യാത്ര ചെയ്തിട്ടും അല്ല. അതെന്താണെന്നു മനസിലാക്കിയെടുക്കുന്നതിനെയാണു വിവേകം എന്നു വിളിക്കുന്നത്.