Sunday 25 April 2010

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കെട്ടു കാഴ്ച്ച.



ഇന്‍ഡ്യന്‍ വിദേശ കാര്യ വകുപ്പിലെ ഒരു സഹമന്ത്രി എന്നത് അത്ര വലിയ പ്രാധാന്യമുള്ള സ്ഥാനമല്ല. പക്ഷെ ചില സ്ഥാനങ്ങള്‍ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം നേടാറുണ്ട് അല്ലെങ്കില്‍ നേടി എടുക്കാറുണ്ട്. ഐക്യരാഷ്ട്ര സഭയിലെ അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശശി തരൂര്‍, ഇന്‍ഡ്യയിലെ അനേകം സഹ മന്ത്രിമാരില്‍ ഒരാളായപ്പോള്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധയും പ്രാധാന്യവും നേടി. കോര്‍പ്പറേറ്റ് മാഫിയ ഭരിക്കുന്ന പടിഞ്ഞാറന്‍ നാടുകളില്‍ പരസ്യത്തിനാണു പ്രാധാന്യം. അത് ശരിയായി മനസിലാക്കിയ വ്യക്തിയാണു ആ വ്യവസ്ഥിതിയുടെ അംബാസഡറായ ശശി തരൂര്‍ എന്ന മുന്‍ ഐക്യരാഷ്ട്ര സഭാ ഗുമസ്തന്‍.

ഐക്യരാഷ്ട്ര സഭയിലെ ഒരു സാധാരണ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴോ, അവിടെ പിന്നീട് അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായപ്പോഴോ, കുറച്ചു പുസ്ത്കങ്ങള്‍ എഴുതിയപ്പോഴോ ഇന്‍ഡ്യക്കാരിലെ ബഹുഭൂരിപക്ഷവും ശശി തരൂരിനേപ്പറ്റി കേട്ടിരുന്നില്ല. ഐക്യരാഷ്ട്രസഭയില്‍ ഒഴിവു വന്ന സെക്രട്ടറി ജെനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാണദ്ദേഹം ഇന്‍ഡ്യയില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങിയത്. ആ മത്സരത്തില്‍ നിന്നും പിന്മാറിയപ്പോള്‍ ഇന്‍ഡ്യയിലേക്കു തിരിച്ചു വരാനോ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലിടപെടാനോ അദ്ദേഹമുദ്ദേശിച്ചിരുന്നില്ല. ദുബായിയില്‍ താമസിക്കാനും മറ്റ് ചില ബിസിനസ് നടത്താനുമായിരുന്നു അന്നത്തെ ഉദ്ദേശ്യം. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തേക്കുറിച്ച് എഴുതിയപ്പോഴെല്ലാം കോണ്‍ഗ്രസിന്റെ നയങ്ങളെ തീവ്രമായി എതിര്‍ത്തിരുന്നു തരൂര്‍. സംഘപരിവാറിന്റെ കാഴ്ച്ചപ്പാടുമായി യോജിച്ചു പോകുന്ന നിലപാടുണ്ടായിരുന്ന അദ്ദേഹത്തിനു ബി ജെ പി ആയിരുന്നു സ്വാഭാവിക രാഷ്ട്രീയ പാര്‍ട്ടി. സോണിയ ഗാന്ധിയെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചിട്ടുള്ള തരൂര്‍  കോണ്‍ഗ്രസ് തെരഞ്ഞെടുത്തതും, സോണിയ സ്വീകരിച്ചതും അല്‍പ്പം ആശ്ചര്യ ജനകം തന്നെ. സോണിയയെ വിമര്‍ശിച്ച ആരെയും വച്ചു പൊറുപ്പിക്കില്ല എന്നത് നയമാക്കിയ കോണ്‍ഗ്രസില്‍ ശശി തരൂര്‍ ചേര്‍ന്നതു തന്നെ അത്ഭുതം. സമസ്താപരാധങ്ങളും പൊറുക്കണമെന്ന് പറഞ്ഞ് നമസ്ക്കരിച്ചാല്‍ ആരുടെയും മനസലിയും. സോണിയയുടെയും മനസലിഞ്ഞു.

അപ്രതീക്ഷിതമായി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക് വലിഞ്ഞു കേറി വന്ന ഈ കെട്ടു കാഴ്ച്ച പരസ്യം എന്ന മാദ്ധ്യമത്തിന്റെ സാധ്യതകള്‍ മുഴുവന്‍ മുതലെടുത്തു. ട്വിറ്റര്‍ എന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ അനേകമാളുകളില്‍ ഒരു മിഥ്യാ ധാരണ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.


പുതിയ ഏത് സാധനത്തിലും മയങ്ങി വീഴുക എന്ന പ്രത്യേകതയുള്ള ഇന്‍ഡ്യന്‍ മദ്ധ്യവര്‍ഗ്ഗം ഈ പുതിയ ഉത്പന്നത്തിലും മയങ്ങി വീണു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളെ ചോദ്യചെയ്തിരുന്ന, കോണ്‍ഗ്രസിന്റെ മഹാറാണിയായ സോണിയ ഗാന്ധിയെ ടൂറിനിലെ ശവക്കച്ച എന്നു വിളിച്ച തരൂര്‍ ആ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടെ ഇഷ്ടക്കേടിനെ അവഗണിച്ച് സ്ഥാനാര്‍ത്ഥിയായപ്പോള്‍, അതിന്റെ അപഹാസ്യത ഈ വര്‍ഗ്ഗത്തിനു മനസിലായില്ല. അതിന്റെ കാരണം ഈ വര്‍ഗ്ഗത്തെ നയിക്കുന്നത് ആദര്‍ശങ്ങളോ നിലപാടുകളോ അല്ല. വെറും പുറം മോടികള്‍ മാത്രം. പണമാണവരുടെ ദൈവം.

ഇന്‍ഡ്യയുടെ ശില്‍പ്പി നെഹ്രുവിനെയും, ബാങ്ക് ദേശസാല്‍ക്കരിച്ച ഇന്ദിരയേയും, സോണിയയേയും ലജ്ജകരമാം വണ്ണം വിമര്‍ശിച്ചിരുന്ന തരൂര്‍ അങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മന്‍മോഹന്‍ സിംഗ് എന്ന വേള്‍ഡ് ബാങ്ക് ഏജന്റിന്റെ നോമിനിയായി. ഗതികേടു കൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് അതിനെ അംഗീകരിക്കേണ്ടിയും വന്നു. അങ്ങനെ ഡെല്‍ഹി നായര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തരൂര്‍ കെട്ടുകാഴ്ച്ച മത്സരിച്ചു. ജയിച്ചു. വിദേശകാര്യ സഹമന്ത്രിയുമായി. ആരംഭം തന്നെ ഏത് കോര്‍പ്പറേറ്റ് മാഫിയ തലവനേയും വെല്ലുന്ന രീതിയിലും.
 
സാമ്പത്തിക മന്ദ്യം കൊണ്ട് നട്ടം തിരിഞ്ഞ അമേരിക്കയിലും ഇംഗ്ളണ്ടിലും സര്‍ക്കാര്‍ നല്‍കിയ ധനസഹായം സ്വന്തം സുഖജീവിതത്തിനു വേണ്ടി ചെലവഴിച്ച കോര്‍പ്പറേറ്റ് മാഫിയ തലവന്‍മാരുടെ ഇന്‍ഡ്യയിലെ മുഖമായിരുന്നു തരൂര്‍. വ്യായാമം ചെയ്യാനും സ്വകാര്യതക്കും കുറവു വരരുതെന്ന ന്യായത്തില്‍ അദ്ദേഹം കേരള ഹൌസിലെ താമസം ഒഴിവാക്കി പഞ്ചനക്ഷത്ര ഹോട്ടലില്‍ തന്നെ താമസം തുടങ്ങി. കാളവണ്ടിയില്‍ സഞ്ചരിക്കാനും വിരോധമില്ലാത്ത എ കെ ആന്റണിക്കൊക്കെ കേരള ഹൌസ് മതിയാകും. പക്ഷെ രാജകീയ പ്രതാപത്തില്‍ മാത്രം ജീവിച്ച തരൂരിനെ അതിന്നൊന്നും കിട്ടില്ല. കോര്‍പ്പറേറ്റ് മാഫിയ തലവന്‍മാര്‍ മന്ത്രിമാരാകുന്ന അമേരിക്കയില്‍ അതൊക്കെ സാധാരണമാണ്. അതു കൊണ്ട് അവരെ ആരാധിക്കുന്ന തരൂരും ആ വഴി തന്നെ തെരഞ്ഞെടുത്തു.
 
ഇന്‍ഡ്യന്‍ രാഷ്ട്രീയം എന്തെന്നോ, ഇന്‍ഡ്യയുടെ നിലപാടുകള്‍ എന്തെന്നോ ഒന്നുമദ്ദേഹം അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തില്ല. ഇന്‍ഡ്യയെ സംബന്ധിച്ച അമേരിക്കന്‍ നിലപാടുകളൊക്കെ അദ്ദേഹത്തിനു കണാപ്പാഠമായിരുന്നു. കാഷ്മീര്‍ പ്രശ്നത്തില്‍ മദ്ധ്യസ്ഥത വേണമെന്ന ആ നിലപടിനെ പിന്തുണച്ചു കൊണ്ടാണ്, സൌദി അറേബ്യ മദ്ധ്യസ്ഥനാകുന്നത് നല്ലതാണെന്ന ഒരഭിപ്രായമദ്ദേഹം പ്രകടിപ്പിച്ചതും. മറ്റൊരു അമേരിക്കന്‍ ഏജന്റായ മന്‍മോഹന്‍ സിംഗ് ആ വേദിയില്‍ ഉണ്ടായിരുന്നിട്ടും അതിനെ തിരുത്തിയുമില്ല.
 
കോട്ടും സ്യൂട്ടും മാത്രം ധരിച്ച് പരിചയമുള്ള തരൂര്‍ വോട്ടര്‍മാരെ പറ്റിക്കാന്‍ ഖദറും കൂടെ ഒരു കോണ്‍ഗ്രസ് പുതമുണ്ടും അണിഞ്ഞ് അഴകിയ രാവണനേപ്പോലെ നടക്കാനും തുടങ്ങി. തരൂരിനൊട്ടും ചേരാത്ത വേഷമായിരുന്നു ഇത്. മോരും മുതിരയും പോലെ. കേരളത്തില്‍ വരുമ്പോഴും പാര്‍ലമെന്റില്‍ ഇരിക്കുമ്പോഴും മാത്രം പുതിയ വേഷം അദ്ദേഹം അണിഞ്ഞു. അല്ലാത്തപ്പോഴൊക്കെ ഇഷ്ട വസ്ത്രമായ സായിപ്പിന്റെ വേഷം അണിയാന്‍ അദ്ദേഹം മറന്നില്ല.


ഖദര്‍ വേഷം പോലെ തന്നെ അദ്ദേഹത്തിനണങ്ങാത്ത കുപ്പായമായിരുന്നു ഇന്‍ഡ്യ എന്ന ദരിദ്ര രാജ്യത്തെ മന്ത്രിപ്പണിയും. അശ്രീകരങ്ങളെ അവഹേളിക്കാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. കഴിവും പ്രവര്‍ത്തന പരിചയമുള്ള അസംഘ്യം കോണ്‍ഗ്രസ് നേതാക്കളുടെ തലക്കു മുകളില്‍ കൂടി എം പി സ്ഥാനവും മന്ത്രി സ്ഥാനവും നല്‍കിയ സോണിയയെയും രാഹുലിനേയും വരെ അപമാനിക്കാനും ഈ അഴകിയ രാവണനു മടി തോന്നിയില്ല.

ഇന്‍ഡ്യയിലെ ഒരു സഹമന്ത്രിയായ ശേഷവും ഐക്യ രാഷ്ട സഭയിലെ അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളാണെന്നും, ന്യൂ യോര്‍ക്കിലാണു താമസമെന്നും, എന്നും കാണുന്നത് അമേരിക്കാരെയാണെന്നും, സംസരിക്കുന്നത് അമേരിക്കന്‍ ജനതയോടാണെന്നുമേ അദ്ദേഹം കരുതിയിട്ടുള്ളു. അതുകൊണ്ട് ഇന്‍ഡ്യക്കാര്‍ക്ക് മനസിലാകാത്തതും അമേരിക്കയിലെ കൊച്ചു കുട്ടികള്‍ക്കുപോലും മനസിലാകുന്നതുമായ സ്ലാങ്ങുകള്‍ ആ നാവില്‍ നിന്നും പൊഴിഞ്ഞു വീണിരുന്നു. അതൊക്കെ വിവാദമായപ്പോള്‍ കുറ്റം അമേരിക്കന്‍ സ്ലാങ്ങുകള്‍ പഠിക്കാത്ത ഇന്‍ഡ്യക്കാരുടെ തലയിലുമായി. ചാവേറുകള്‍ വീറോടെ ഇന്‍ഡ്യക്കാരെ പുലഭ്യം പറഞ്ഞും, തരൂരിന്റെ മൂടു താങ്ങിയും അതൊക്കെ ആഘോഷിച്ചു. അമേരിക്കന്‍ സ്ലാങ്ങു പഠിക്കാത്ത ഇന്‍ഡ്യക്കാരെ ഭരിക്കുന്ന തരൂരിന്റെ ബദ്ധപ്പാടോര്‍ത്ത് അവര്‍ നെടുവീര്‍പ്പിടുകയും ചെയ്തു.

ഒരു വര്‍ഷം മന്ത്രിക്കസേരയില്‍ ഇരുന്നപ്പോഴേക്കും തരൂര്‍ എന്ന വാക്ക് വിവാദം എന്നതിന്റെ പര്യായമായി മാറി. വിവാദങ്ങളുണ്ടായപ്പോഴൊക്കെ പാവം തരൂരിന്റെ രക്ഷക്ക് ആരാധകര്‍ എത്തുകയും ചെയ്തു.

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്കെടുത്ത് ചാടുമ്പോള്‍ തരൂര്‍ പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അനേക വര്‍ഷങ്ങളുടെ സേവനത്തിനു ശേഷമാണു ഞാന്‍ ഇന്‍ഡ്യയിലേക്കു തിരികെ വന്നത്. എന്റെ സ്വന്തം രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനുള്ള അദമ്യമായ ആഗ്രഹം ഞാന്‍ എന്നും മനസില്‍ സൂക്ഷിച്ചു. ഇതിന്റെ മറ്റൊരു പരിഭാഷ, ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയാകാനുള്ള അദമ്യമായ ആഗ്രഹം ഞാന്‍ എന്നും മനസില്‍ സൂക്ഷിച്ചു. വാസ്തവത്തില്‍ വഴിതെറ്റി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ വന്നതാണദ്ദേഹം. യധാര്‍ത്ഥ സ്വപ്നം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറലിന്റെ കസേരയായിരുന്നു. അമേരിക്കയുടെ മൂടു താങ്ങി നടന്ന് അവരുടെ ഇംഗിതങ്ങളൊക്കെ നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചപ്പോഴൊക്കെ ആ കസേരയായിരുന്നു മനസു നിറയെ. അമേരിക്ക തന്നെ ആ സ്വപ്നം തല്ലിക്കൊഴിച്ചു. സോണിയയേയും കോണ്‍ഗ്രസിനേയും പണ്ട് ചീത്ത പറഞ്ഞപ്പോഴൊന്നും മന്‍മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകുമെന്ന് തരൂര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഐക്യരാഷ്ട്ര സഭയിലെ കസേര സ്വപ്നം പൊലിഞ്ഞപ്പോഴും അവിടം വിടാന്‍ അദ്ദേഹത്തിനു മനസുണ്ടായിരുന്നില്ല. പുതിയ സെക്രട്ടറിയുടെ കീഴില്‍ ഏതെങ്കിലും തസ്തിക കിട്ടിയിരുന്നെങ്കില്‍ അവിടെ തന്നെ കൂടുമായിരുന്നു. അതുണ്ടായില്ല. പീന്നിടുണ്ടായിരുന്ന മോഹം ദുബായിലെ ബിസിനസ് രംഗവും. അന്നൊന്നും ആദ്യ പ്രണയമായിരുന്ന എഴുത്ത് എന്ന കലാപരിപാടിയിലേക്കു തിരികെ പോകാന്‍ അദ്ദേഹത്തിനു തോന്നിയതേ ഇല്ല. സര്‍ഗ്ഗ ശേഷിയുടെ ഉറവ വറ്റിപ്പോയിരിക്കാം.

ഡോക്ടര്‍ സാമുവെല്‍ ജോണ്‍സണ്‍ രാഷ്ട്രീയത്തേക്കുറിച്ച് എഴുതിയത് ഇങ്ങനെ.
Politics is the last resort of a scoundrel. ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ അതിനെ ഇങ്ങനെ ഭേദഗതി ചെയ്യാം. Politics is the last resort of  a criminal. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ പാര്‍ലമെന്റിലും നിയമ സഭകളിലും അംഗങ്ങളായിരിക്കുന്നത് ഇന്‍ഡ്യയിലാണ്. പക്ഷെ അവര്‍ ക്രിമിനലുകളാണെങ്കിലും ഇന്‍ഡ്യക്കാരേക്കുറിച്ചും ഇന്‍ഡ്യയുടെ നയങ്ങളേക്കുറിച്ചും അറിവുള്ളവരാണ്. തരൂരിനതുപോലും ഇല്ല.


ശശി തരൂര്‍ തികഞ്ഞ കാപട്യമാണ്. അദ്ദേഹത്തിന്റെ ജല്‍പ്പങ്ങള്‍ക്ക് യാധാര്‍ത്ഥ്യവുമായി പുലബന്ധമില്ല. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം എത്തിപ്പെട്ടത് തികച്ചും യാദൃഛികമായിട്ടായിരുന്നു. മാതൃരാജ്യത്ത് മാറ്റമുണ്ടാക്കാന്‍ വന്നു എന്നു പറഞ്ഞതു തന്നെ കപടതയാണ്. പതിറ്റാണ്ടുകള്‍ ഐക്യരാഷ്ട്ര സഭയില്‍ വല്ലവരുടെയും പണം ചെലവഴിച്ച് ജീവിച്ചപ്പോഴൊന്നും മാതൃരാജ്യത്തേക്കുറിച്ച് അദ്ദേഹം ആലോചിച്ചില്ല. കിട്ടാവുന്ന വേദികളിലെല്ലാം ഇന്‍ഡ്യന്‍ സാഹചര്യങ്ങളെ ഇകഴ്ത്തിക്കാണിച്ചിട്ടേ ഉള്ളു. മന്ത്രിയായപ്പോള്‍ മുന്തിയ ഹോട്ടലില്‍ ആര്‍ഭാടത്തോടെയും സ്വകാര്യതയോടെയും ജീവിച്ചത് രണ്ടാമത്തെ കാപട്യം. ഭാര്യയോ മക്കളോ കൂടെയില്ലാത്ത ഒരു കേന്ദ്രമന്ത്രിക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവിക്കാന്‍ മാത്രം എന്തു  സ്വകാര്യത എന്നൊന്നും ചോദിക്കരുത്. ചെലവു ചുരുക്കുക എന്ന കോണ്‍ഗ്രസ് നയം ഇഷ്ടപ്പെടാതെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സോണിയയേയും രാഹുലിനേയും കളിയാക്കിയത് മറ്റൊരു കാപട്യം.


ഇതിനൊക്കെ മകുടം ചാര്‍ത്തുന്നതായിരുന്നു ട്വിറ്റര്‍ കലാപരിപാടി. ജനങ്ങളോട് സംവദിക്കുന്നു എന്ന കള്ളപ്പേരില്‍ കൊച്ചു വര്‍ത്തമാനം പറയലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഗൌരവമായ പ്രഭാഷണങ്ങള്‍ നടക്കുന്ന വേദികളില്‍ പോലും അവിടത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ട്വിറ്ററിലൂടെ കൊച്ചു വര്‍ത്തമാനം പറയുന്ന ഈ കപടതയെ അഭ്യസ്ഥവിദ്യര്‍ എന്നു മേനി നടിക്കുന്ന പലരും പുകഴ്ത്തുന്നത് ബ്ളോഗുകളില്‍ പോലും വായിക്കാനിടയായിട്ടുണ്ട്. ദിവസം നൂറു കണക്കിന്‌  ട്വിറ്റര്‍ സന്ദേശങ്ങളാണീ കാപട്യം എഴുതിവിട്ടിരുന്നത്. അതെന്തോ മഹത്തായ നേട്ടമായി ഈ വിശുദ്ധ പശുവിന്റെ കറവക്കാര്‍ പാടി നടന്നു. ഈ കലാപരിപാടി കഴിഞ്ഞിട്ട് മന്ത്രിപ്പണി ചെയ്യാന്‍ എന്തെങ്കിലും സമയം ബാക്കിയുണ്ടാകുമോ എന്നൊന്നും ഈ ചേകവന്‍മാര്‍ക്ക് ആലോചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി ഈ മുഴുത്ത കാപട്യത്തിനു മന്ത്രിപ്പണി എന്ന ഭാരമില്ല. ട്വിറ്ററിനുവേണ്ടിത്തന്നെ മുഴുവന്‍ സമയവും ഉപയോഗിക്കാം. ദാസ്യ വൃന്ദത്തിന്‌ അതു മുഴുവന്‍ അസ്വദിക്കാം.

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് സ്വൈര വിഹാരം നടത്തിയിരുന്നതിന്റെ പരിസമാപ്തിയായിരുന്നു ഐ പി എല്‍ വിവാദം. കേരളത്തെ ലോക രാജ്യങ്ങളുടെ മുന്നിലെത്തിക്കാനായിരുന്നു കേരളത്തിനു വേണ്ടി ഐ പി എല്‍ ടീം നേടിയെടുത്തതെന്നാണിദ്ദേഹം അവകാശപ്പെടുന്നത്. ഭാവി വധു സുനന്ദക്കും അതു വഴി തനിക്കും വേണ്ടി 70 കോടി രൂപയുടെ ഓഹരി ഒരു മന്ത്രി നേടിയെടുത്തതില്‍ ഒരപാകതയും ഈ കുലാക്കിനു കാണാന്‍ ആകുന്നില്ല. അന്താരാഷ്ട്ര രംഗത്ത് അതൊക്കെ സര്‍വ്വ സാധാരണമാണെന്നാണിദ്ദേഹവും  ഭക്തരും പറയുന്നത്. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് സുനന്ദ ആ ഓഹരികള്‍ വേണ്ടെന്നു വച്ചു എന്നതിനിപ്പോഴും ആരും ഉത്തരം തരുന്നില്ല. ഐ പി എല്‍ ലേലം നടന്ന സ്ഥലത്ത് ഇദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയെ, ഡ്യൂട്ടിക്കു നിയോഗിച്ചതിന്റെ കാരണം മനസിലാക്കാന്‍ കന്നുകാലികളായ ഇന്‍ഡ്യക്കാര്‍ ശ്രമിക്കില്ല എന്നാണീ കൌശലക്കാരന്‍ കരുതിയിരുന്നത്. ലളിത് മോഡി ഇതൊക്കെ പരസ്യമാക്കിയപ്പോള്‍ തരൂരിന്റെ മറ്റൊരു മുഖം മൂടി കൂടി അഴിഞ്ഞു വീണു. ഗത്യന്തരമില്ലാതെ രാജിവക്കേണ്ടി വന്നപ്പോള്‍ നടത്തിയ പ്രസ്താവന ഇതായിരുന്നു.

"If my resignation leads to real reform, it will be worthwhile. Our cricket should be clean,"

ഇദ്ദേഹത്തിന്റെ കാപട്യങ്ങളില്‍ ഏറ്റവും കേമം ഇതാണെന്നു പറയേണ്ടി വരും. Unclean എന്നു  തികച്ചും ബോധ്യമുണ്ടായിരുന്ന ഐ പി എല്‍ വഴിയാണു കേരളത്തിന്റെ വികസനം നടത്താന്‍ ഇദ്ദേഹം ശ്രമിച്ചത്. അപ്പോള്‍ രാജി വക്കേണ്ടി വന്നില്ലായിരുന്നെങ്കിലോ? സുനന്ദ ഇദ്ദേഹത്തിന്റെ അടുപ്പക്കാരിയല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതൊരു വന്‍ വിവാദം ആകില്ലായിരുന്നു. തരുര്‍ ഐ പി എല്‍ വഴി കേരളത്തെ വികസിപ്പിക്കുകയും ചെയ്യുമായിരുന്നു. ഐ പി എല്‍ Unclean ഉം ആകില്ലായിരുന്നു.

ഗാന്ധി ജയന്തി ദിനത്തില്‍ അവധി എടുക്കാതെ കൂടുതല്‍ ജോലി ചെയ്ത് രാജ്യസ്നേഹം പ്രകടിപ്പിക്കണം എന്നുത്ബോധിപ്പിച്ച ഈ കാപട്യത്തിന്‌ ക്രിക്കറ്റ് മത്സരം ​നടക്കുമ്പോള്‍ ഇന്‍ഡ്യയില്‍ നഷ്ടപ്പെടുന്ന ജോലി സമയത്തേക്കുറിച്ചൊന്നും ഒരു വേവലാതിയുമില്ല. ഹൈക്കോടതികള്‍ വരെ സ്വയം അവധി പ്രഖ്യാപിച്ച് പോകുന്ന സംഗതി കേട്ടിട്ടു പോലുമില്ല. ജോലിസമയത്ത് അര്‍പ്പണ ബോധത്തോടെ ജോലി ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഒന്നും മന്ത്രിയായപ്പോള്‍ നടത്തിയതായി കേട്ടിട്ടില്ല. ധാര്‍ഷ്ട്യവും നിഷേധാത്മകനിലപാടും മുഖമുദ്രയാക്കിയ ഇന്‍ഡ്യന്‍ എംബസ്സി ഉദ്യോഗസ്ഥരെ നിലക്കു നിറുത്താന്‍ തരൂര്‍  എന്ന വിദേശ കാര്യ സഹമന്ത്രി എന്തെങ്കിലും നടപടികളെടുത്തതായും കേട്ടില്ല.

ഐ പി എല്‍ എന്ന ചൂതാട്ടവുമായി തരൂര്‍ ബന്ധപ്പെട്ടത് യാദൃഛികമല്ല. മന്‍മോഹന്‍ സിംഗ് പ്രതിനിധാനം ചെയ്യുന്ന ആഗോളവത്കരണത്തിന്റെ ഉപോത്പ്പന്നമാണ്,ധനകേന്ദ്രിതമായതും സാധാരണ ജനങ്ങളില്‍നിന്ന് ഏറെ അകലം പാലിക്കുന്നതുമായ പുത്തന്‍ രാഷ്ട്രീയശൈലി. ജനങ്ങളെ അഭിമുഖീരിക്കാന്‍ വിമുഖത കണിക്കുന്ന മന്‍മോഹന്‍ സിംഗ് ആണീ പുതിയ ശൈലിയുടെ ഇന്‍ഡ്യയിലെ പ്രൊമോട്ടര്‍. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങളിലും കായികവേദികളിലും സാമ്പത്തിക താല്‍പര്യങ്ങളുണ്ട്. മന്ത്രിപ്പണിവരെ പാര്‍ട്ട്ടൈം പണിയായി കൊണ്ടുനടക്കുന്ന ശരദ് പവാറൊക്കെ ഇതിന്റെ പ്രണേതക്കളാണിന്ന്. ഇവര്‍ക്കൊക്കെ താരപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഇന്‍ഡ്യന്‍ മദ്ധ്യവര്‍ഗ്ഗമാണ്‌ തരൂരിനെയും നെഞ്ചിലേറ്റിയതും അദ്ദേഹത്തിന്റെ ഐ പി എല്‍ റൊന്ദേവുകളെ ഓശാന പാടി പുകഴ്ത്തുന്നതും.  തരൂര്‍ ബിനാമിയെ ഉപയോഗിച്ച് ഈ കച്ചവടത്തില്‍ പങ്കുപറ്റാന്‍ ശ്രമിച്ചു എന്നത് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കണ്. പക്ഷേ, ഒട്ടും സുതാര്യതയില്ലാത്തതും ഏറെ ദുരൂഹവുമായ ഈ ഇടപാടുകള്‍ക്ക് മാന്യത നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു എന്നത് വളരെ വ്യക്തമാണ്. 

ഇതൊന്നും അത്ര ഗരവമുള്ളതല്ല എന്ന അദ്ദേഹത്തിന്റെയും ചേവകരുടേയും മനോഭാവമാണ്‌ ആശങ്കാജനകം. ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്ര സംസ്ഥാനം 12 കോടി രൂപയാണ്‌ വിനോദ നികുതി ഇനത്തില്‍ ഐ.പി.എല്ലിന് ഇളവു നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ക്കും മറ്റുമായി ചെലവിടുന്ന കോടികള്‍ വേറെ. മറ്റുള്ള സംസ്ഥാനങ്ങളം ​കൂടി എടുക്കുമ്പോള്‍ തുക അമ്പരപ്പിക്കുന്നതാണ്. വികസനം എന്ന പേരില്‍ ഇത്രയധികം നികുതിവെട്ടിപ്പുകളും ധൂര്‍ത്തും താങ്ങാന്‍ മാത്രം ശേഷി ഇന്‍ഡ്യയെന്ന ദരിദ്ര രാജ്യത്തിനുണ്ടോ? ശരത് പവാറും ശശി തരൂരുമടക്കം പല മന്ത്രിമാരും ജനങ്ങളെയും സ്വന്തം വകുപ്പുകളെയും അവഗണിച്ച് ഈ വൃത്തികേടുകളില്‍ മുഴുകുമ്പോള്‍ ധാര്‍മ്മികതയുടെ സ്വരം വരുന്നത് സ്പോര്‍ട്സ് മന്ത്രി എം.എസ്. ഗില്ലില്‍ നിന്നാണ്‌. ഐ.പി.എല്ലിന് നല്‍കുന്ന നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കോര്‍പ്പറേറ്റ് മാഫിയക്കാരോ അതിന്റെ ചക്രവര്‍ത്തി മന്‍ മോഹന്‍ സിംഗോ അത് കേട്ടില്ല.

ശശി തരൂര്‍ ഒരു മന്ത്രിയാകാന്‍ യോഗ്യനായിരുന്നോ?  ഇല്ല എന്നാണദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ തെളിയിച്ചത്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിന്നും ഭരണാധികാരി എന്ന നിലയിലേക്ക് വളരാന്‍ അദ്ദേഹത്തിനായില്ല. പരിഹാസ്യമാം വിധം തിരക്കു പിടിച്ചതാണു മന്ത്രിപ്പണിയെന്നു പറയുന്ന ഒരാള്‍ ഒരിക്കലും മന്ത്രിയാകാന്‍ യോഗ്യനല്ല. രാജ്യസുരക്ഷക്കുവേണ്ടി ഇന്ത്യാ സന്ദര്‍ശനത്തില്‍ വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി വിസാ നിയന്ത്രണം കൊണ്ടുവരണമെന്നുള്ള തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചത് സ്വന്തം മന്ത്രി പദവി പോലും മറന്നായിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാനാകാത്ത ഇദ്ദേഹം മന്ത്രിയല്ലാതിരിക്കുന്നതാണുത്തമം. തിരുവനന്തപുരം മണ്ഡലത്തെ ലണ്ടന്‍ നഗരത്തെപ്പോലെയാക്കുമെന്നു വാഗ്ദാനം നല്‍കി വിജയിച്ച തരൂര്‍ ഐ പി എല്‍ എന്ന ചൂതാട്ടത്തിലെ മെന്റര്‍ പദവിയിലൂടെ മന്ത്രിസഭയില്‍ നിന്നും പുറത്തായത് കാവ്യ നീതി എന്നു വിശേഷിപ്പിക്കാം. തന്റെ നേരെയുണ്ടായ ആരോപണത്തേപ്പറ്റി മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് അപമാനിതനായി തലകുനിച്ച് പോകേണ്ടിവന്നതില്‍ ഇദ്ദേഹത്തോടു സഹതപിക്കാം.
 
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

27 comments:

kaalidaasan said...

ശശി തരൂര്‍ ഒരു മന്ത്രിയാകാന്‍ യോഗ്യനായിരുന്നോ? ഇല്ല എന്നാണദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ തെളിയിച്ചത്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിന്നും ഭരണാധികാരി എന്ന നിലയിലേക്ക് വളരാന്‍ അദ്ദേഹത്തിനായില്ല. പരിഹാസ്യമാം വിധം തിരക്കു പിടിച്ചതാണു മന്ത്രിപ്പണിയെന്നു പറയുന്ന ഒരാള്‍ ഒരിക്കലും മന്ത്രിയാകാന്‍ യോഗ്യനല്ല. രാജ്യസുരക്ഷക്കുവേണ്ടി ഇന്ത്യാ സന്ദര്‍ശനത്തില്‍ വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി വിസാ നിയന്ത്രണം കൊണ്ടുവരണമെന്നുള്ള തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചത് സ്വന്തം മന്ത്രി പദവി പോലും മറന്നായിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാനാകാത്ത ഇദ്ദേഹം മന്ത്രിയല്ലാതിരിക്കുന്നതാണുത്തമം. തിരുവനന്തപുരം മണ്ഡലത്തെ ലണ്ടന്‍ നഗരത്തെപ്പോലെയാക്കുമെന്നു വാഗ്ദാനം നല്‍കി വിജയിച്ച തരൂര്‍ ഐ പി എല്‍ എന്ന ചൂതാട്ടത്തിലെ മെന്റര്‍ പദവിയിലൂടെ മന്ത്രിസഭയില്‍ നിന്നും പുറത്തായത് കാവ്യ നീതി എന്നു വിശേഷിപ്പിക്കാം. തന്റെ നേരെയുണ്ടായ ആരോപണത്തേപ്പറ്റി മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് അപമാനിതനായി തലകുനിച്ച് പോകേണ്ടിവന്നതില്‍ ഇദ്ദേഹത്തോടു സഹതപിക്കാം.




രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍!

മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!

അപ്പൊകലിപ്തോ said...

:)

Unknown said...

നന്നായിരിക്കുന്നു.....

Baiju Elikkattoor said...

good post. tharoor bhaktharaya randu bloggers undu. oru thiruvanthoram malayaliyum oru american malayaliyum. avar avashyam vaayikkenda post!

ഷൈജൻ കാക്കര said...

“തന്റെ നേരെയുണ്ടായ ആരോപണത്തേപ്പറ്റി മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് അപമാനിതനായി തലകുനിച്ച് പോകേണ്ടിവന്നതില്‍ ഇദ്ദേഹത്തോടു സഹതപിക്കാം. ”

---

അവകാശം നിയമപരമായി നിഷേധിച്ചതല്ല... M.P മാരുടെ “ചട്ടമ്പിതരത്തിലൂടെ” നിഷേധിച്ചതാണ്‌. ചട്ടമ്പിതരം കാണിച്ചവരോടും അല്പം സഹതാപം ആവാം... എന്നാണാവോ പാർലമെന്റ്‌ മാന്യതയോടെ നടത്തുക!

Ajith said...

good Observation..

Mr Taroor was a lateral entry to the Indian politics ,sponsered by the Manmohan inc.

A post in any of United Nations offices or international NGOs suits him better

dethan said...

കാളിദാസന്‍,
എം.കെ ഭദ്രകുമാറിനെ പ്പോലുള്ള പഴയ നയതന്ത്രജ്ഞര്‍ പോലും ഈ കപട ബുദ്ധിജീവിയുടെ ജാഡ കണ്ട്
ഉപദേശങ്ങളുമായി നടക്കുമ്പോള്‍ അയാളുടെ യഥര്‍ത്ഥ മുഖം അനാവരണം ചെയ്തതിന് അഭിനന്ദനങ്ങള്‍.ഇത്ര അപക്വമതിയായ ഒരു എടുത്തു ചാട്ടക്കാരനെ മന്ത്രിപ്പണി ഏല്പ്പിക്കാന്‍ മന്‍ മോഹനെ പ്പോലുള്ള അമേരിക്കന്‍ ഏജന്റുമാര്‍ക്കേ തോന്നൂ.

തിരുവന്തപുരത്തെ ബാഴ്സിലോണ്യ്ക്കു സമമായി പരിഷ്ക്കരിക്കും എന്നായിരുന്നു വീമ്പു പറച്ചില്‍.
-ദത്തന്‍

Rejith said...

തരൂര്‍ സ്വന്തം പണി ചെയ്തില്ലെന്ന് മാത്രം പറയരുത്. ഒരു കൂട്ടം മന്ത്രമാര്‍ തങ്ങള്‍ക്ക് പണി ഒന്നും ഇല്ലേ എന്ന് പറഞ്ഞു പ്രധാന മന്ത്രിയെ കണ്ട രാജ്യമാണ്. പിന്നെ അഴഗിരി ഒരു വര്‍ഷമായി ലോകസഭയില്‍ ഇല്ലത്രെ. ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. അദ്ദേഹം ഒരു കേന്ദ്രമന്ത്രി ആണ്.

Rejith said...

അദ്ദേഹം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അങ്ങേരുടെ കാശ് കൊണ്ട് തന്നെയാ. ഗവണ്മെന്റ് മോനേ അല്ല

kaalidaasan said...

കാക്കര

അവകാശം നിയമപരമായി നിഷേധിച്ചതല്ല...

നിയമപരമായി എങ്ങനെയാണവകാശം നിഷേധിക്കുക? ഏത് നാട്ടിലാണങ്ങനെയുള്ള ഒരു വ്യവസ്ഥിതി ഇപ്പോള്‍ നിലവിലുള്ളത്.

മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കേണ്ട എന്നു നിര്‍ദ്ദേശിച്ചത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗുമായിരുന്നു.

ഷൈജൻ കാക്കര said...

മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിന്‌ മുൻപ്‌ പാർലമെന്റിൽ തരൂരിന്റെ പ്രസ്ഥാവന മറ്റ്‌ ചില M.P മാർ “ചട്ടമ്പിതരത്തിലൂടെ” തടസ്സപ്പെടുത്തി...

ഇതാണ്‌ കാതൽ, ഇത്‌ മാത്രം.

kaalidaasan said...

ബൈജു,

തരൂര്‍ ഭക്തര്‍ക്കിതൊക്കെ വായിച്ചാലൊന്നും മനസിലാകില്ല. അവരൊക്കെ ഏതോ മായികലോകത്തു ജീവിക്കുന്നവരാണ്. തരൂരിനേപ്പോലെ ഇന്‍ഡ്യന്‍ യാധാര്‍ത്ഥ്യങ്ങളേക്കുറിച്ചൊന്നും വലിയ പിടിയില്ലാത്തവര്‍.

ഇവിടെത്തന്നെ രെജിത് എന്ന വ്യക്തി എഴുതിയത് വായിച്ചില്ലേ. തരൂര്‍ ധൂര്‍ത്തടിച്ചത് സ്വന്തം പണമാണെന്ന നിഷ്കളങ്ക നിലപാടാണദ്ദേഹത്തിന്‌.ഒരു ജനാധിപത്യ രാജ്യത്തെ മന്ത്രിക്കസേരയിലിരുന്ന് ലക്ഷക്കണക്കിനു പണം ചെലവഴിക്കുന്ന ത്യാഗ സന്നദ്ധത തീര്‍ച്ചയായും ഒരു നമോവാകം അര്‍ഹിക്കുന്നുണ്ട്. എന്തൊരു സേവന സന്നദ്ധത!!. എല്ലാ മന്ത്രിമാരും തരൂരിനേപ്പോലെയാണെങ്കില്‍ ഇന്‍ഡ്യ എന്നേ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിയേനേ.

കയ്യോടെ പിടികൂടിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ സ്വന്തം പോക്കറ്റില്‍ നിന്ന് എന്നൊക്കെയുള്ള ഉത്തരാധുനിക തിയറികളൊക്കെ വന്നു. ധനകാര്യ വകുപ്പിലേക്ക് ബില്ലയച്ചപ്പോള്‍ ധന മന്ത്രി മുഖര്‍ജി എതിര്‍ത്തതു കൊണ്ട് ഈ ധൂര്‍ത്ത് മാലോകരൊക്കെ അറിഞ്ഞു. അതുകൊണ്ട് വിവാദവുമായി. അല്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ ധൂര്‍ത്തിന്റെ പണം അടക്കുമായിരുന്നു. സ്വന്തം പോക്കറ്റ് തീയറിയൊക്കെ തരൂരിന്റെ മറ്റൊരു കാപട്യം മാത്രമാണ്.

kaalidaasan said...

Ajith,

As you rightly pointed out ,Taroor’s capacity as a ruler is substandard. He is only suited for some ceremonial post in a largely ineffective organization like UN. He is not used to wield power and authority. That is his biggest drawback. A member of a panjchayath in any Indian vllage is far better than him as a people's representative.

As far as I know he has not done anything worthwhile in the post of minister. He had visited many countries spending public money. Nothing else. There were and still are 100s of problems for a lot of expatriate Indians, directly from ineffectiveness of Indian embassies all over the world. As minister for external affairs he could have solved most of them. For that there should be a vision, not just dreams. Any fool can dream. But only a man of action can do sort out issues and make dream come true. The only thing Taroor did was twitting day and night.

He has to learn a lot to become a leader and an administrator. As an MP he can start learning the basics. The problem is, sycophants have already given him a larger than life image and he is carried away by that. He has to ground himself first and start from the beginning.

kaalidaasan said...

ദത്തന്‍,

ഭദ്രകുമാര്‍ മാത്രമല്ല, കോര്‍പ്പറേറ്റ് മാഫിയ നിയന്ത്രിക്കുന്ന മുഖ്യ ധാരാ മാദ്ധ്യമങ്ങളൊക്കെ തന്നെ ഈ കപട ബുദ്ധി ജീവിക്ക് ഓശാന പാടുകയാണ്.

ചിലരൊക്കെ പരിതപിക്കുന്നത് തരൂര്‍ ബലിയാടക്കപ്പെട്ടു എന്നും. ധനകാര്യ ബില്ലും ആണവ ബാധ്യതാ കരാറും പാസ്സാക്കിയെടുക്കാന്‍ ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം തടസമാണ്.അത് തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിനെ ബലിയാടാക്കിയതാണെന്നാണവരുടെ കണ്ടു പിടുത്തം. അതില്‍ അല്‍പ്പം കാര്യമുണ്ടെങ്കിലും തരൂര്‍ നാളുകള്‍ ചെല്ലുന്തോറും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും ബാധ്യതയാവുകയായിരുന്നു. പല പ്രാവശ്യം ആയുസു നീട്ടിക്കൊടുത്തിട്ടും തരൂര്‍ നന്നാകുന്ന ലക്ഷണം കണ്ടില്ല. തക്ക അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസ് ഏറ്റവും പുതിയ അവസരം ഉപയോഗപ്പെടുത്തി. ഐ പി എല്‍ വിഷയത്തില്‍ തരൂരിനെ സംശയിക്കേണ്ട പല നടപടികളും ഉണ്ടായതും വാസ്തവമാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിക്ക് തരൂരിനെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയതായാണ്‌ വാര്‍ത്തകള്‍.

അപഹാസ്യമായ വിഷയം തരൂരിന്റെ മൂടു താങ്ങികളൊക്കെ തരൂര്‍ കളിച്ച വഴിവിട്ട കളികള്‍ കണ്ടില്ലെന്നു നടിച്ചിട്ട്, കേരളത്തിന്‌ ഐ പി എല്‍ ടീമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുറത്തു പോകേണ്ടി വന്നു എന്നാണ്. ഐ പി എല്‍ ടീം കേരളത്തിനുണ്ടാകുന്നതോ ഉണ്ടാകാത്തതോ അല്ല യധാര്‍ത്ഥ പ്രശ്നം. അതിന്റെ പിന്നാമ്പുറത്ത് തരൂരിനുള്ള അമിത താല്‍പ്പര്യവും കാമുകിക്ക് 70 കോടി രൂപയുടെ ഓഹരികള്‍ ലഭ്യമാക്കിയതുമാണ്. ഐ പി എല്‍ ലേലം നടന്ന സമയത്ത് ബാംഗ്ളൂരില്‍ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി സന്നിഹിതനായിരുന്നു. അതൊക്കെ ഒളിച്ചു വയ്ക്കാനാകാത്ത വിധം പ്രകടമാണ്.

Rejith said...
This comment has been removed by the author.
Rejith said...

കാളിദാസന്‍,
ഒരു മന്തിയെ മന്ത്രി മന്ദിരത്തില്‍ താമസിപ്പിക്കാന്‍ ഗവേന്മേന്റിനു എന്ത് ചിലവുന്ടന്നെതിനെക്കുരിച്ചു വല്ല അറിവും ഉണ്ടോ? എല്ലാ മന്ത്രിമാന്തിരങ്ങളിലും ഫൈവ് സ്റ്റാര്‍ ഹോട്റെളിനെക്കള്‍ സൌകര്യമുണ്ട്. അത് മൈന്റൈന്‍ ചെയ്യാന്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോറെലിനു കൊടുക്കുന്നതിനേക്കാള്‍ കാശ് ആവും. shashi tharoor saved that much money for goverment. Then you will say its about propriety and perception. If this is the price we have to pay for the so called "propriety and perception" there is something wrong with it.

shaji.k said...

കാളിദാസന്‍, തരൂര്‍ മന്തിയാകാന്‍ യോഗ്യനായിരുന്നോ എന്നതിനേക്കാള്‍ മന്ത്രിപണി നിലനിരത്താനുള്ള തന്ത്രങ്ങള്‍ അറിയാത്ത ആളായിരുന്നു എന്നതാണ് സത്യം.ഇതേ തരത്തിലുള്ള ആരോപണങ്ങള്‍ നേരിട്ട പട്ടേലും പവാറും എത്ര തന്ത്രപരമായിട്ടു ഊരി പോന്നു എന്ന് നോക്കൂ.അവര്‍ക്കെതിരെ ബിജെപ്പിയും മണ്ണിന്റെ മണമുള്ള ഉപരിവര്ഗ്ഗത്തെ പ്രതിനീധീകരിക്കാത്തതും ആയ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും രാജിവെക്കണം എന്ന് പറഞ്ഞു ലോകസഭയില്‍ ഉറഞ്ഞു തുള്ളുന്നില്ല. ഉപരിവര്‍ഗ്ഗത്തോട് പുച്ഛം കാണിച്ചും എന്നാല്‍ അവരോടു ഒട്ടി നില്‍ക്കുകയും അതിന്റെ സുഖലോലുപതയില്‍ രമിക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന ഒരു പുതു തലമുറ വളര്‍ന്നു വരുന്നുണ്ട് ,അരാഷ്ട്രീയവാദികള്‍ ആകുന്നുണ്ട്, അതില്‍ ഈ പറയുന്ന ഉപരിവര്‍ഗ്ഗത്തിലെ മാത്രമല്ല മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ട്.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഞാന്‍ ഒരു അഴിമതിയെയും ന്യായീകരിക്കുന്നില്ല.

കാളിദാസനോട് ഒരു ചോദ്യം. കാളിദാസന്‍ വിശ്വസിക്കുന്നുണ്ടോ ഇനിയും തിരുവനന്തപുരത്ത് തരൂര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന്?

ഷാജി ഖത്തര്‍.

kaalidaasan said...

രെജിത്,

ഒരു മന്ത്രിയെ മന്ത്രി മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ എത്ര ചെലവു വരും എന്നതിനേക്കുറിച്ച് എനിക്ക് വലിയ നിശ്ചയമില്ല. രെജിത്തിനറിയാമെങ്കില്‍ പറഞ്ഞു തരിക.

ഇന്‍ഡ്യയിലെ ദരിദ്രരെ തീറ്റിപ്പോറ്റാന്‍ അതിലും കൂടുതല്‍ ചെലവു വരുമെന്നെനിക്കറിയാം. മന്ത്രിമാര്‍ പ്രത്യേക വിമാനങ്ങളില്‍ സഞ്ചരിക്കുന്നത് ആര്‍ഭാടജീവിതം നയിക്കുന്നതുമൊക്കെ വലിയ ചെലവുള്ള സംഗതികളാണ്. പക്ഷെ അതൊന്നുമല്ല ഞാന്‍ ഇവിടെ ചൂണ്ടിക്കാണിച്ച വിഷയം.

മന്ത്രിമന്ദിരങ്ങള്‍ ചെലവേറിയതാണെങ്കില്‍ നമുക്ക് അവയൊക്കെ വിദേശ കുത്തകള്‍ക്ക് വിറ്റ് വിദേശ നാണ്യ ശേഖരത്തിന്റെ നിലവാരം ഉയര്‍ത്താം. എന്നിട്ട് അതേ കുത്തകളുടെ നക്ഷത്ര ഹോട്ടലുകളില്‍ മന്ത്രിമാരെ പാര്‍പ്പിക്കാം. അപ്പോള്‍ രെജിത്തിനു സന്തോഷമാവുമല്ലോ.

സ്വകാര്യതക്കും വ്യായാമം ചെയ്യാനുള്ള സൌകര്യത്തിനും വേണ്ടിയാണ്, പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത് എന്നായിരുന്നു തരൂര്‍ അന്നു പറഞ്ഞ ന്യായീകരണം. മൂന്നാം കിട രാഷ്ട്രീയക്കാര്‍ പോലും പറയാന്‍ മടിക്കുന്ന ഒരു ന്യായീകരണമാണത്. ചെയ്തത് തെറ്റായിപ്പോയി എന്നദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തോടെനിക്ക് ബഹുമാനം തോന്നുമായിരുന്നു. കാപട്യമുള്ളവരേ തെറ്റിനെ ന്യായീകരിക്കൂ. തരൂരിന്റെ കാര്യത്തില്‍ ഉണ്ടായ വിവാദങ്ങളെല്ലാം ഇതു പോലെയായിരുന്നു. കന്നുകാലി ക്ളാസിലും കാഷ്മീര്‍ പ്രശ്നത്തിലും ഇപ്പോള്‍ ഐ പി എല്‍ വിഷയത്തിലുമൊക്കെ ഇതാവര്‍ത്തിച്ചു.താന്‍ തെറ്റുകാരനല്ല എന്നു സ്ഥാപിക്കാനാണു തരൂര്‍ കിണഞ്ഞു ശ്രമിച്ചത്.



സുനന്ദ വെറും സുഹൃത്തു മാത്രമാണെന്ന തരൂരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നല്ലേ ഞാന്‍ ഇവിടെ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങള്‍ തെളിയിക്കുന്നത്?

എന്തായാലും ഇപ്പോള്‍ അദ്ദേഹം മന്ത്രിയല്ല. ഇനി സ്വന്തം പണം ചെലവാക്കി താജ് ഹോട്ടലില്‍ താമസിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം. ഒരാളുടെ സത്യസന്ധത അളക്കുന്നത് അയാളുടെ വാക്കുകളും പ്രവര്‍ത്തികളും എത്രത്തോളം ഒത്തു പോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

രെജിത്തിനേപ്പോലുള്ളവര്‍ എല്ലാം അളക്കുന്നത് പണം എന്ന ശക്തിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടാണ്‌ ഇതുപോലെ ഉള്ള വിശദീകരണങ്ങള്‍ നല്‍കുന്നതും. നിര്‍ഭ്യാഗ്യവശാല്‍ തരൂരും ആ ഗണത്തില്‍ പെടുന്നു.


നിസാര സംഘ്യ തിരിമറി നടത്തിയവര്‍ക്കെതിരെ ഭാരിച്ച തുക ചെലവാക്കി സുപ്രീം കോടതി വരെ കേസുകള്‍ നടത്തപ്പെട്ടിട്ടുണ്ട്. എന്തിനാണാ പണം ചെലവാക്കിയതെന്നൊക്കെ മനസിലാക്കാന്‍ രെജിത്തിനാവുമെന്ന് തോന്നുന്നില്ല.

kaalidaasan said...

ഷാജി,

തരൂര്‍ മന്തിയാകാന്‍ യോഗ്യനായിരുന്നോ എന്നതിനേക്കാള്‍ മന്ത്രിപണി നിലനിരത്താനുള്ള തന്ത്രങ്ങള്‍ അറിയാത്ത ആളായിരുന്നു എന്നതാണ് സത്യം.

താങ്കള്‍ ഇവിടെ വളരെ അപക്വവും അപകടം പിടിച്ചതുമായ ഒരു നിലപടാണെടുക്കുന്നത്. മന്ത്രി പ്പണി നിലനിറുത്താനുള്ള തന്ത്രങ്ങള്‍ അറിയാമായിരുന്നെങ്കില്‍ തരൂരിന്റെ പാളിച്ചകള്‍ക്ക് ന്യായീകരണമുണ്ടാകുമെന്നല്ലേ അതിന്റെ ധ്വനി?

പവാറും പട്ടേലും തെറ്റു ചെയ്തു. അവര്‍ പിടിച്ചു നില്‍ക്കുനു. തരൂരും തെറ്റു ചെയ്തു. പക്ഷെ പിടിച്ചു നില്‍ക്കാന്‍ ആയില്ല എന്ന ന്യായീകരണം എന്തോ എനിക്ക് ദഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തരൂരിനെ രക്ഷപ്പെടുത്താന്‍ ആഗ്രഹമില്ല. അത്രക്ക് നിസരമല്ലേ ഇത്? അതിന്റെ കാരണം തരൂര്‍ നിരപരാധിയല്ല എന്നതും. എത്ര തെറ്റുകാരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു എന്നത് ഇതിനിടക്ക് വരേണ്ട ആവശ്യമുണ്ടോ ഷാജി?


മാറ്റമുണ്ടാക്കാന്‍ വന്നു എന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന തരൂര്‍ മാറ്റമുണ്ടാക്കുകയല്ല ചെയ്തത്, ഷാജി ഇപ്പോള്‍ ആക്ഷേപികുന്ന പവാറും പട്ടേലും ചെയ്ത തറ പരിപാടികള്‍ നടത്തുന്നു. അതാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്. ആ കാപട്യം.

ഷാജി പറയുന്ന തരൂരിന്റെ അവസ്ഥയോട് ഇപ്പോള്‍ ഉപമിക്കാവുന്നത് ടോമിന്‍ തച്ചങ്കരിയുടെ കാര്യമാണ്. ചട്ടലംഘനം നടത്തിയത് പ്രശ്നമായപ്പോള്‍ അതിനെ ന്യായീകരിക്കുന്നത് മറ്റ് ചില ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയും. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്ന ന്യായീകരണത്തില്‍ തച്ചങ്കരിയും തരൂരും തെറ്റു ചെയ്യുന്നു. സമൂഹം അധഃപ്പതിക്കുന്നതിന്റെ ഉദാഹരണമാണത്.

kaalidaasan said...

ഷാജി,

ഉപരിവര്‍ഗ്ഗത്തോട് പുച്ഛം കാണിച്ചും എന്നാല്‍ അവരോടു ഒട്ടി നില്‍ക്കുകയും അതിന്റെ സുഖലോലുപതയില്‍ രമിക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന ഒരു പുതു തലമുറ വളര്‍ന്നു വരുന്നുണ്ട് ,അരാഷ്ട്രീയവാദികള്‍ ആകുന്നുണ്ട്, അതില്‍ ഈ പറയുന്ന ഉപരിവര്‍ഗ്ഗത്തിലെ മാത്രമല്ല മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ട്.

ഷാജി ഈ അഭിപ്രായം പറഞ്ഞത് തരുര്‍ എന്ന അരാഷ്ട്രീയക്കാരന്‍ മത്സരിച്ചു ജയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണെന്നു മനസിലായി. പക്ഷെ അത് കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

അരാഷ്ട്രീയവാദികള്‍ ആയി മാറിയ ജനങ്ങള്‍ അരാഷ്ട്രീയക്കാരെ പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ജയിപ്പിച്ചിട്ടുണ്ട്. എം ജി ആര്‍, എന്‍ റ്റി ആര്‍, അമിതാഭ് ബച്ചന്‍ ഫൂലന്‍ ദേവി തുടങ്ങിയവരുടെ ശ്രേണിയിലേക്ക് അവസാനം ​വന്നത് തരൂരും. പക്ഷെ ഇവര്‍ക്കൊന്നും ഇന്‍ഡ്യന്‍ സാമൂഹിക രംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാനായില്ല. അതൊക്കെ മനസിലാക്കിയ ജനങ്ങള്‍ വീണ്ടും രാഷ്ട്രീയക്കാരെ തന്നെ തെരഞ്ഞെടുത്തു. ഗുരുവായൂര്‍ കേശവനേപ്പോലെ എഴുന്നള്ളിച്ചു കൊണ്ടുവന്ന തരൂരാകട്ടെ നാലാം കിട രാഷ്ട്രീയക്കാരന്റെ തലത്തിലേക്കു താഴുകയും ചെയ്തു. പാര്‍ട്ടി പിന്നില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഇതിലും വലിയ തെറ്റു ചെയ്താലും ഒരു പക്ഷെ തരുര്‍ പിടിച്ചു നില്‍ക്കുമായിരുന്നു.

തരൂര്‍ ചെയ്ത തെറ്റിന്റെ ഗൌരവം പിടികിട്ടിയിട്ടും അദ്ദേഹത്തെ ന്യായീകരിക്കാന്‍ പാടുപെടുന്നവര്‍ പ്രതിനിധീകരിക്കുന്ന, ഷാജി പറയുന്ന പുതിയ തലമുറ, അവസരവാദ രാഷ്ട്രീയക്കാരെയും അവരുടെ പിന്തുണക്കാരെയും കാള്‍ അപകടകാരികളാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. അവര്‍ക്കാരോടും ഉത്തരവാദിത്തമില്ല. പണമാണവരെ നയിക്കുന്നത്.

തരൂര്‍ ചെയ്ത തെറ്റിനെ മറ്റുള്ളവരുടെ തെറ്റു ചൂണ്ടിക്കാട്ടി ന്യയീകരിക്കുന്ന ഒരു തലമുറയല്ല നമുക്കു വേണ്ടത്, തെറ്റ് തെറ്റാണെന്നു പറയാന്‍ തന്റേടം കാണിക്കുന്ന ഒരു തലമുറയാണ്.

kaalidaasan said...

ഷാജി,

കാളിദാസനോട് ഒരു ചോദ്യം. കാളിദാസന്‍ വിശ്വസിക്കുന്നുണ്ടോ ഇനിയും തിരുവനന്തപുരത്ത് തരൂര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന്?

ഈ ചോദ്യത്തിന്റെ പ്രസക്തി എനിക്ക് മനസിലായില്ല.

തരൂര്‍ സ്വതന്ത്രനായി തിരുവനനന്തപുരത്ത് മത്സരിച്ചാല്‍ ജയിക്കില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയയി തരൂരല്ല ആരു മത്സരിച്ചിരുന്നെങ്കിലും കഴിഞ്ഞ പ്രാവശ്യം ജയിക്കുമായിരുന്നു. പ്രബല കക്ഷികളുടെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ജയിക്കുന്നതും വ്യക്തികളുടെ മാത്രം മഹത്വമല്ല.

കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലും യു ഡി എഫ് പരാജയപ്പെട്ടിട്ട്, തരൂര്‍ മാത്രം തിരുവനന്തപുരത്ത് ജയിച്ചിരുന്നെങ്കില്‍ അത് തരൂരിന്റെ കഴിവായി ഞാന്‍ അംഗീകരിക്കുമായിരുന്നു.

Rejith said...

ശശി തരൂര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് അങ്ങേര്‍ക്കു വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്തിനാ മാപ്പ് പറയുന്നത്? അങ്ങേര ചെയ്യുന്നതെല്ലാം തുറന്നു പറഞ്ഞു. അതാണ് കുഴപ്പമായത്. എല്ലാ വൃത്തികേടും കാണിച്ചിട്ട് അവസാനം കീറിയ ഖാദര്‍ ഷര്‍ട്ട്‌ ഇട്ടു നടന്നാല്‍ ഇവിടത്തെ ആള്‍ക്കാരെ പറ്റിക്കാന്‍ പറ്റുമെന്ന് എല്ലാവര്‍ക്കുമറിയാം. ആ രീതി തന്നെ മാറേണ്ടി ഇരിക്കുന്നു. ഒരു ആണും പെണ്ണും അടുത്തിരുന്നാല്‍ വേറെ എന്തെങ്കിലും കാളിദാസന്‍ വിച്ചരിചിട്ടുന്ടെങ്കില്‍ എനിക്കൊന്നും പറയാനില്ല. പിന്നെ അങ്ങേര എന്ത് തെറ്റാ ചെയ്തതെന്ന് മനസ്സിലായില്ല. Maximum, I can think of a recommendation for Sunanda's job in Kochi team. Recommendation happens everywhere in India. There will be few people left in politics if we throw all people who do recommendation. But I personally believe he shouldn't have done that also.

kaalidaasan said...

രെജിത്,

തരൂര്‍ ഇന്‍ഡ്യ എന്ന രാജ്യത്തിന്റെ രജാവായിരുന്നെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം ശരി എന്നു കരുതി അധികാരത്തില്‍ ഇരിക്കാമായിരുന്നു. പക്ഷെ ഇവിടെ തെറ്റും ശരിയും തീരുമാനിക്കാന്‍ വേറൊരു സംവിധാനമുണ്ട്. തികച്ചും നേരായ വഴിയിലൂടെയാണു സുനന്ദക്ക് 70 കോടിയുടെ ഓഹരി കിട്ടിയതെങ്കില്‍ പിന്നെ എന്തിനാണവര്‍ അത് വേണ്ടെന്ന് വച്ചത്?


തരൂര്‍ ചെയ്തത് തെറ്റാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തോന്നി. അതു കൊണ്ടാണ്‌ അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ചെയ്തത് പൂര്‍ണ്ണമായും ശരിയാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ഇനി ചെയ്യേണ്ട കാര്യം അനീതി കാണിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാതിരിക്കുക എന്നതാണ്.

എല്ലാ വൃത്തികേടുകളും കാണിച്ചിട്ട് പലരും കീറിയ ഖദറിട്ടു നടക്കുന്നുണ്ടാകാം. പക്ഷെ അതൊന്നും തരൂരിനു വൃത്തികേടുകള്‍ കാണിക്കാനുള്ള ന്യായീകരണമല്ല. മാറ്റമുണ്ടാക്കാന്‍ വന്നു എന്നു വീമ്പു പറയുന്ന വ്യക്തി മറ്റുള്ളവരേപ്പോലെയാകുന്നതാണേറ്റവും വലിയ വൃത്തികേട്.

ഒരാണും പെണ്ണും വെറുതെ അടുത്തിരിക്കുന്നതും കാമുകീകാമുകന്‍മാര്‍ അടുത്തിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള വിവേകം കാളിദാസനുണ്ട്. ഐ പി എല്‍ എന്ന മമാങ്കത്തിന്റെ അധിപനാണു സുനന്ദ തരൂരിന്റെ കാമുകിയാണെന്നു പറഞ്ഞത്. അത് തെറ്റാണെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടിയാണു തരൂര്‍ എടുക്കേണ്ടത്. എന്തു കൊണ്ട് ആ വഴിക്ക് തരൂരോ സുനന്ദയോ നീങ്ങുന്നില്ല.
സുനന്ദ തരൂരിന്റെ ആരുമല്ലെങ്കില്‍ എന്തിനാണവര്‍ക്ക് 70 കോടിയുടെ ഓഹരി വാങ്ങിക്കൊടുക്കാന്‍ തരൂര്‍ ആവേശം കാണിച്ചത്? തരൂരിനെത്രയോ പരിചയക്കാരുണ്ട്. അവര്‍ക്കൊന്നും ഇതു പോലെ ഓഹരി കൊടുക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിട്ടില്ല.

സുനന്ദയെ തരൂര്‍ ജോലിക്കായി ശുപാര്‍ശ ചെയ്തു എന്നൊന്നും ആരും ആരോപണം ഉന്നയിച്ചില്ല. കൊച്ചി ടീമില്‍ സുനന്ദയെ ജോലിക്കുമെടുത്തിട്ടില്ല. 70 കോടി രൂപയുടെ ഓഹരി അവര്‍ക്ക് നല്‍കി. അത് ഇന്‍ഡ്യന്‍ വിദേശകാര്യ സഹമന്ത്രി തരൂരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ്, ലളിത് മോഡി ആരോപിച്ചത്. അത് ശരി വക്കുന്ന വിധം സുനന്ദ ആ ഓഹരികള്‍ വേണ്ടെന്നും വച്ചു. ഇതൊക്കെ ഇന്‍ഡ്യക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും മനസിലായി. ഇന്‍ഡ്യന്‍ സര്‍ക്കാരിനും മനസിലായി. അത് ക്രമക്കേടാണെന്ന് സര്‍ക്കാരിനു ബോധ്യമായപ്പോള്‍ തരൂരിനോട് രാജിവയ്ക്കാനും പറഞ്ഞു. തരൂരോ തരൂരിന്റെ ഫാനുകളോ അതംഗീകരിച്ചാലും ഇല്ലെങ്കിലും അതൊക്കെയാണു വാസ്തവം.

മുക്കുവന്‍ said...

ചുമ്മാ നാലു മാസം ചുറ്റിയടിച്ച് നടന്നാല്‍ 70 കോടി... എന്താ കഥ... ഈ പെണ്ണുങ്ങളുടെ ഒരു ശുക്രന്‍ കോളു കണ്ടാ‍ാ...

Rejith said...

കാളിദാസന്‍,
തെറ്റും സാരിയും തീരുമാനിക്കാനുള്ള സംവിധാനം എന്താണെന്നു മനസ്സിലായില്ല. മീഡിയ ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്. വേറെ ഒരു അന്വേഷണ സംവിധാനവും തരൂരിനെതിരെ ഒന്നും പറഞ്ഞതായി കേട്ടില്ല.
തങ്ങള്‍ പറയുന്നത് കേട്ടാല്‍ സുനന്ദ എഴുപതു കോടി കാശ് തിരിച്ചു കൊടുത്തെന്നു തോന്നും.
She had a job of brand marketing in Rendezvous, and since its a start up she is given equity, rather than salary. She don't want to continue in the job amidst media reports and resigned.
തങ്ങള്‍ പറയുന്നത് കേട്ടാല്‍ നേരായ വഴിയിലൂടെ കിട്ടിയ ജോലി ആരും രാജി വക്കാരില്ലെന്നു തോന്നും . വേറെ നല്ല ജോലി കിട്ടിയാലോ, ഇപ്പോഴത്തെ ജോലി എന്റെ മനസ്സിനിഷ്ടപീടുന്നില്ലെങ്കിലോ, പിന്നെ ഒരു നൂറായിരം കാരണങ്ങള്‍ കൊണ്ട് ആള്‍കാര്‍ ജോലി രാജി വെക്കുന്നുണ്ട്.
തരൂര്‍ ചെയ്ത തെട്ട്നെതാണെന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്‌ പാര്‍ടിക്ക് അവരുടെതായ കാരങ്ങള്‍ ഉണ്ട്. They just wanted the media activism to subside. They thought its easy to oust him, rather defending him. As long as popular sentiments is against, parties like congress will take such wrong actions. Popular sentiment or media reports dont decide right and wrong in this country.
പിന്നെ തങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും മോഡി ആണ് സുപ്രിം കോടതി ജഡ്ജ് എന്ന്. മോഡി കാണിച്ച വൃത്തികേടുകള്‍ തങ്ങള്‍ കണ്ടരിയുന്നുണ്ടാവുമല്ലോ. അപ്പോള്‍ അങ്ങേര പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നതിനു കുഴപ്പമില്ല അല്ലെ.
I also agree that she may be(is) the girlfriend of shashi. But its not you or modi to announce that. Either of them are the only persons who can confirm it. But your assumption that she is a girlfriend because he tried to give share to her is petty.
സുനന്ദയെ ജോലിക്കായി ശുപാര്‍ശ ചെയ്തെന്നു ആരും ആരോപണം ഉന്നയിച്ചിട്ടില്ല.. അത് എന്റെ അസ്സുംപ്റേന്‍ ആണ്. പിന്നെ ബാക്കിയുള്ള തെല്ലാം "ആരോപണങ്ങള്‍" മാത്രമാണ്. ഇതൊന്നും തെളിയിക്കാന്‍ പോലും പറ്റില്ല സുഹൃത്തേ. ഇന്ത്യയിലെ ഭൂരിഭാഗം പേരും വിഷസിച്ചതുകൊണ്ട് മാത്രം സത്യമെന്ന് പറയരുത്. അങ്ങനെയാണെകില്‍ പിന്നെ കോടതിയൊന്നും വേണ്ടല്ലോ ഇവിടെ.

kaalidaasan said...

രെജിത്,

തെറ്റും ശരിയും തീരുമാനിക്കാന്‍ പല സംവിധാനങ്ങളും ഇന്‍ഡ്യയിലുണ്ട്. അങ്ങനെ ഒരു സംവിധാനത്തിലൂടെയാണ്‌ തരൂര്‍ തെറ്റുകാരനാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മനസിലാക്കിയത്. അതുകൊണ്ട് അദ്ദേഹത്തോട് രാജിവക്കാനും പറഞ്ഞു. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തരൂര്‍ കോണ്‍ഗ്രസില്‍ തുടരരുത്.

സുനന്ദ 70കോടി തിരിച്ചു കൊടുക്കുന്നതുപോലെയാണ്, ഓഹരി വേണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥം. അത് മാറ്റാര്‍ക്കെങ്കിലും കൊടുത്താല്‍ 70 കോടി കിട്ടും.

ജോലി ചെയ്യാന്‍ തുടങ്ങുനതിനു മുമ്പ് ശമ്പളം കൊടുക്കുന്ന നടപടി എങ്ങും കേട്ടു കേഴ്വി ഇല്ലാത്തതാണ്. അതു കൊണ്ട് 70 കോടി സുനന്ദയുടെ മുന്‍കൂര്‍ ശമ്പളമാണെന്നൊക്കെ തരൂര്‍ ഭക്തി കാരണം രെജിത്തിനു തോന്നുന്നതാണ്. റൊന്ദേവൂവില്‍ ജോലി ചെയ്യാന്‍ പോകുന്ന എല്ലാ ജോലിക്കാര്‍ക്കും കോടിക്കണക്കിനു രൂപാ മുന്‍കൂര്‍ ശമ്പളം കൊടുത്തിട്ടുണ്ടെങ്കില്‍ സുനന്ദയുടെ ശമ്പള വാദം അംഗീകരിക്കപ്പെട്ടേനെ.

യതൊരു വിധ നിലനില്‍പ്പുമില്ലാത്ത വാദമായതുകൊണ്ടാണ്, സുനന്ദയും തരൂരും ഓഹരിയും ജോലിയും വേണ്ടെന്നു വച്ചത്. രെജിത്തിനത്ര പോലും വിവേകമില്ലാത്തതു കൊണ്ട് അവയെ ഇപ്പോഴും ന്യായീകരിക്കുന്നു.

നേരായ വഴിയിലൂടെ കിട്ടിയ ജോലി ആരൊക്കെ രാജിവക്കുന്നു എന്നതും സുനന്ദക്ക് ജോലി കിട്ടിയതും ഓഹരി കിട്ടിയതുമായി ബന്ധമുള്ള വിഷയമല്ല. അതിന്റെ ഗൌരവം പിടികിട്ടിയപ്പോള്‍ അവര്‍ ഓഹരിയും ജോലിയും വേണ്ടെന്നു വച്ചു. മോഡി ഒരു വൃത്തികേടും കാണിച്ചിട്ടില്ല എന്നാരും പറഞ്ഞില്ല. മോഡി ഇന്‍ഡ്യയില്‍ മാറ്റമുണ്ടാക്കാന്‍ അവതരിച്ച അവതാരമാണെന്നൊരിടത്തും അവകാശപ്പെട്ടില്ല. ഐ പി എല്‍ എന്ന വ്യവസായം നടത്തുന്ന വ്യവസായിയാണു മോഡി. ഐ പി എല്‍ എന്നതുതന്നെ അടിമുടി വൃത്തികേടും നികുതിവെട്ടിപ്പും കള്ളപ്പണവുമാണ്. ഇന്‍ഡ്യയെ നന്നാക്കാന്‍ വന്നു എന്നവകാശപ്പെട്ട തരൂര്‍ കേന്ദ്ര മന്ത്രിയുടെ കസേരയിലിരുന്ന് ചില വൃത്തികേടുകള്‍ കാണിച്ചു അതിന്റെ പേരില്‍ രാജിവക്കേണ്ടിയും വന്നു.

ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും വിശ്വസിച്ചു എന്നു കരുതി ഒന്നും സത്യമാകില്ല. പക്ഷെ സത്യ ഭൂരിഭാഗം പേര്‍ക്കും വിശ്വസിക്കാന്‍ പാടില്ല എന്നും ഇല്ല. സുനന്ദ തരൂരിന്റെ ഗേള്‍ ഫ്രണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. അതില്‍ യാതൊരു അസ്വാഭവികതയും ഇല്ല. പക്ഷെ ഗേള്‍ ഫ്രണ്ടിനു വേണ്ടി വളഞ്ഞ വഴിയിലൂടെ ഓഹരി തരപ്പെടുത്തിക്കൊടുത്തത് ശരിയല്ല. അതാണിപ്പോള്‍ തരൂരിന്റെ രാജിയില്‍ കലാശിച്ചതും.

Rejith said...

അഭിപ്രായ വത്യാസം ഉണ്ടായാല്‍ ഉടനെ എല്ലാവരും രാജി വക്കാന്‍ തുടങ്ങിയാല്‍ ഇവിടെ അതിനല്ലേ നേരം ഉണ്ടാവുളൂ. എല്ലായിടത്തും അഭിപ്രായ വത്യാസങ്ങള്‍ ഉണ്ടാവും. അത് പരിഹരിച്ചു മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്. അതനെല്ലാവരും ചെയ്യുനത്.
തങ്ങള്‍ക്കു ഓഹാരിയെ പറ്റി വലിയ വിവരം ഇല്ലെന്നു തോന്നുന്നു.ഇത് തങ്ങള്‍ക്കു കേട്ട് കേളി ഇല്ലെന്നെ ഉള്ളൂ.
One of my who resigned from a job in an MNC joined a start up company and he got some% of shares of the company. He is getting nominal or nill salary now, as the company is not making any profit as of now. When the company makes profit he will also gets a share. But if he resigns before some specified number of years, he cannot neither sell or keep the shares with him. he has to forfiet the shares in that case. Thats how startup comanies works worldwide. You agrees to put some years of your hardwork for the comany for soem years and get the shares in your pocession, and get the full transaction rights later. In Sunanda's case it was 10 years, ie. she could sell the shares after 10 years only, untill that time she gets the divident or profit% if comany makes any profit. You are saying as if she has returned the money or shares which she got. Its not that way. She quit the job and given the shares back. She could not have sold it for 10 years. Its as good as quiting a job.
ഭൂരിഭാഗം പേര്‍ക്ക് വിശ്വസിക്കാന്‍ പാടില്ല എന്നില്ല.. ഒരു പാട് തെറ്റായ കാര്യങ്ങള്‍ ഭൂരി പക്ഷം ആള്‍ക്കാര്‍ വിശ്വസിക്കുന്നുണ്ട്. I am helpless for that.
ശശി തരൂര്‍ വളഞ്ഞ വഴിയില്‍ കൂടി തരപ്പെടുതിയുട്ടെങ്കില്‍ കൂടി അതൊരു ജോലി മാത്രമാണ്. ഫ്രീ ഓഹരി അല്ല.
Rendezvous has already provided the agreement between Sunanda and them for bulding brand and marketing.