Wednesday, 20 May 2009

ഒരു തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും നീണ്ട തെരഞ്ഞെടുപ്പു കഴിഞ്ഞു. അത്ഭുതങ്ങള്‍ വലുതായൊന്നും സംഭവിച്ചില്ല. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രിയാകാനുള്ള അദ്വാനിയുടെ മോഹം സഫലമായില്ല. അടുത്ത സര്‍ക്കാരിനെ നിയന്ത്രിക്കാമെന്നു കണക്കു കൂട്ടിയിരുന്ന ഇടതു പാര്‍ട്ടികളുടെ മോഹവും സഫലമായില്ല.

കൂടുതല്‍ പരുക്കു പറ്റിയത് ഇടതുപാര്‍ട്ടികള്‍ ക്കാണ്. അവരുടെ പ്രാധിനിത്യം മൂന്നിലൊന്നായി ചുരുങ്ങി. ത്രിപുരയിലൊഴികെ മറ്റെല്ലായിടത്തും വലിയ നഷ്ടങ്ങള്‍ സംഭവിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം ഫലത്തേപ്പറ്റി ഇടതു കേന്ദ്രങ്ങളില്‍ നിന്നും വലിയ വിശദീകരണങ്ങളൊന്നും ഉണ്ടായില്ല. വോട്ടെടുപ്പിനു മുമ്പ് കേരളത്തിലെ ഇടതുപക്ഷ മനസു വളരെ വ്യക്തമായി അയര്‍ലണ്ടിലിരുന്നു കണ്ട ആളെ വോട്ടെടുപ്പിനു ശേഷം മഴിയിട്ടു നോക്കിയിട്ടും കണ്ടില്ല. യു ഡി എഫിനു 16 സീറ്റുകിട്ടിയേക്കാം എന്നു പറഞ്ഞ ഹിന്ദു ലേഖകനെ മാധ്യമ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയ ആളെയും എങ്ങും കണ്ടില്ല.

ഇടതുപക്ഷത്തിനു വേണ്ടി പരാജയകാരണങ്ങള്‍ വിശദീകരിച്ചതു നാലുപേരായിരുന്നു. എം ബി രജേഷ്, മദനി, ഇടുക്കി ജില്ലാ സെക്രട്ടറി മണി, ദേശാഭിമാനിയില്‍ ശതമന്യുവും.

ഇടതു പക്ഷ അനുഭാവികളുടെ ചില ഒറ്റപ്പെട്ട വിശദീകരണങ്ങള്‍ ബ്ളോഗില്‍ കണ്ടു. എല്ലാറ്റിന്റേയും രാഗം ഒന്നു തന്നെ. മാധ്യമങ്ങള്‍ ഭൂരിഭാഗവും എതിരായിരുന്നു. ഒരാള്‍ ചോദിക്കുന്നു, 25 ല്‍ 22 എണ്ണം എതിരായാല്‍ എങ്ങനെ തെരഞ്ഞെടുപ്പു ജയിക്കും ? ഇതു തന്നെയായിരുന്നു പാലക്കാട്ടു ജയിച്ച രാജേഷിന്റെയും ചോദ്യം. 98000 വോട്ടിനു 2004ല്‍ സി പി എം ജയിച്ച മണ്ധലത്തില്‍ 1800 വോട്ടിനു ഭാഗ്യം കൊണ്ട് കടന്നു കൂടിയ വ്യക്തിയുടെ വിവരക്കേട് എന്നല്ലാതെ എന്തു പറയാന്‍? എം മുരളി പിടിച്ച 20000 വോട്ടില്‍, 2000 യു ഡി എഫിനു പോയിരുന്നെങ്കില്‍ രാജേഷിന്‌ ഈ വിവരക്കേടു പറയാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല.


രാജേഷിന്റെ പ്രസ്താവന മലയാളികളുടെ സംവേദന ക്ഷമതയെ കൊഞ്ഞനം കുത്തുന്നതായിപ്പോയി. ഒട്ടും ചിന്തിക്കാതെ, നേതാവിന്റെ മനസിലുള്ളത് പറഞ്ഞതാണത്. ഇടതു പക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ പല തെരഞ്ഞെടുപ്പുകളും നേരിട്ടിട്ടുണ്ട്. ജയിച്ച സമയങ്ങളിലൊന്നും മധ്യമങ്ങള്‍ അവര്‍ക്കനുകൂലവും വലതു പക്ഷത്തിനെതിരും ആയിരുന്നു എന്ന്, ഈ നേതാക്കളാരും ആക്ഷേപിച്ചിട്ടില്ല. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലോ, പഞ്ചായത്തു തെരഞ്ഞെടുപ്പിലോ, നിയമ സഭ തെരഞ്ഞെടുപ്പിലോ, ഈ മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ പിന്തുണച്ചും ഇല്ല. വി എസ് അച്യുതാനന്ദനു വേണ്ടി മാധ്യമങ്ങള്‍ 2006ല്‍ ശബ്ദമുയര്‍ത്തി എന്നതു നേരാണ്. അത് ഇടതുപക്ഷസ്നേഹം കൊണ്ടല്ല. വി എസ് എന്ന വ്യക്തി കേരളീയ ജീവിതത്തില്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടായിരുന്നു.

രാജേഷിനേപ്പോലുള്ളവര്‍ക്ക് അറിയാത്ത ചില സത്യങ്ങളുണ്ട്. ഇവരൊക്കെ കരുതുന്നതിലും അപ്പുറമാണ്‌ ഒരു ശരാശരി മലയാളിയുടെ സംവേദന ക്ഷമത. രജേഷിനേപ്പോലുള്ള വിവരദോഷികള്‍ കരുതുന്നത് കേരളീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്നവരാണ്‌ കേരളീയരെന്നാണ്. കേരളീയരുടെ വിദ്യാഭ്യാസത്തെയും ലോകകാര്യങ്ങളിലുള്ള അവരുടെ അറിവിനേയും കളിയാക്കുന്ന പരാമര്‍ശമാണത്. സദ്ദാം ഹുസ്സയിനെ വധിച്ചപ്പോള്‍ കേരളീയര്‍ പ്രതിക്ഷേധിച്ചത്, ദേശാഭിമാനി മുഖപ്രസംഗം എഴുതിയതു കൊണ്ടല്ല. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയിലെ മറ്റേതു സംസ്ഥാനത്തുള്ളവരേക്കാളും താല്‍പ്പര്യം കേരളീയര്‍ കാണിച്ചിരുന്നു. കേരളീയര്‍ തമിഴരേപ്പോലെ വികാരാവേശം കൊണ്ടുമാത്രം പ്രതികരിക്കുന്നവരല്ല. തമിഴ് നാട്ടില്‍ കരുണാനിധി അടുത്തനാളില്‍ നടത്തിയ പൊറാട്ടു നാടകം നാമെല്ലാം കണ്ടല്ലോ. ശ്രീലങ്കയിലെ തമിഴരെ കൊല്ലുന്നതില്‍ പ്രതിക്ഷേധിച്ചായിരുന്നു അത്. 6 മണിക്കൂര്‍ ഉപവാസം നടത്തുക എന്നത് അത്ര വലിയ കര്യമാണോ ഇന്‍ഡ്യയില്‍? ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന കോടിക്കണക്കിനാളുകളുള്ള രാജ്യത്ത് 6 മണിക്കൂര്‍ ഉപവാവാസം എന്ന പൊറാട്ടു നാടകത്തിന്റെ ശരിയായ വശം ആരും വിവരിച്ചുകണ്ടില്ല. ചുറ്റും വച്ച എയര്‍ കൂളറുകളുടെ ശീതളിമയില്‍ ഞെളിഞ്ഞുകിടന്നാടിയ നാടകത്തിന്റെ പൊള്ളത്തരം ഇപ്പോള്‍ പുറത്തു വന്നു. പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ട് കരുണാനിധി മിണ്ടിയതും ഇല്ല. കിട്ടാനുള്ള മന്ത്രിസ്ഥാനത്തിന്റെ ചരടുവലികളാണല്ലോ, ശ്രീലങ്കന്‍ തമിഴരേക്കാളും പ്രധാനം! അടുത്ത തെരഞ്ഞെടുപ്പുവരെ പ്രഭാകരനും, ശ്രീലങ്കന്‍ തമിഴരും മിക്കവാറും മറക്കപ്പെടാനാണു സാധ്യത.

പറഞ്ഞു വന്നത്, മാധ്യമങ്ങള്‍ എതിരായിരുന്നതു കൊണ്ട് ഇടതുപക്ഷം തോറ്റു എന്നതിന്റെ പൊള്ളത്തരമാണ്. ജനങ്ങള്‍ വോട്ടു ചെയ്യാത്തതിന്റെ യധാര്‍ത്ഥ കാരണം തമസ്കരിക്കാനുള്ള ഗൂഡ ശ്രമം മാത്രമാണത്. കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും വലതു പക്ഷത്തെ പിന്താങ്ങുന്നവയാണ്. അതു മാറ്റിയെടുക്കാനാവില്ല. കൈരളിയുടെ മൂന്നു ചാനലുകള്‍ക്കും ദേശാഭിമാനിക്കും ജനങ്ങളെ സ്വാധീനിക്കാനാകുന്നില്ലെങ്കില്‍, കൂടുതല്‍ മാധ്യമങ്ങള്‍ തുടങ്ങുക. അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളും തുടങ്ങുന്നതിലും‍ ഭേദമായിരിക്കും . ഏഷ്യാനെറ്റ് അടുത്തകാലത്താണു വിറ്റത്. അതില്‍ ഏറ്റവും കലികൊണ്ടത് പിണറായി വിജയനും. അതെങ്കിലും വാങ്ങിയിരുന്നെങ്കില്‍ കുറച്ചുകൂടെ സംഗതികള്‍ എളുപ്പമായേനെ.

മദനിയാണ്‌ ഇടതുപക്ഷത്തിന്റെ പരാജയ കാരണം പരസ്യമായി വിശകലനം ​ചെയ്ത മറ്റൊരു വ്യക്തി. പിണറായി വിജയന്‍ മമോദീസാമുക്കി കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇടതു പക്ഷത്തിന്റെ വക്താവായി മാറിയല്ലോ. അഖിലേന്ത്യാ തലത്തില്‍ ഇടതു പക്ഷത്തിനെതിരായി ഒരു തരംഗമുണ്ടായതാണ്‌ പരാജയകാരണമെന്നതില്‍ അദ്ദേഹത്തിനു യാതൊരു സംശയവുമില്ല. ഒന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു പക്ഷവുമായി തുടര്‍ന്നും സഹകരിക്കുമെന്ന്. സ്വയം ഇടതുപക്ഷത്തിന്റെ ഭാഗമായി ഈ മത തീവ്രവാദി അവരോധിച്ചു എന്നാണത് സൂചിപ്പിക്കുന്നത്. ഒരു കടല്‍ കിഴവനേപ്പോലെ ഇടതു പക്ഷത്തിന്റെ തോളില്‍ സ്ഥിരമായി വസിക്കാന്‍ അങ്ങു തിരുമാനിച്ചു.

ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരില്‍ ഒരാള്‍ മദനിയാണെന്ന് അദ്ദേഹമോ, അദ്ദേഹത്തിന്റെ തലതൊട്ടപ്പന്‍ പിണറായി വിജയനോ എളുപ്പത്തില്‍ സമ്മതിക്കില്ല. പൊന്നാനിയിലെ ഏഴു നിയമ സഭാമണ്ധലങ്ങളില്‍ ആറിലും രണ്ടത്താണി പിറകിലായത് പിണറായി വിജയന്റെ കണ്ണു തുറപ്പിക്കുമോ ആവോ?

ഇടുക്കി ജില്ലാ സെക്രട്ടറി മണി പറഞ്ഞു, കയ്യേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്, ഇടുക്കിയിലെ തോല്‍വിക്കു കാരണമെന്ന്. ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ സഹോദരനെ സംരക്ഷിക്കേണ്ടത് മണിയുടെ കടമയാണ്‌. അതും സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസും അതിനു മുകളില്‍ ടൂറിസവ്യവസായവും നടത്തുന്നതൊഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കാലു വെട്ടുമെന്നും പറഞ്ഞത്, ഇടുക്കിക്കാര്‍ മുഴുവനും കയ്യടിച്ച് അംഗീകരിക്കുമെന്നായിരിക്കും മണിയേപ്പോലുള്ളവര്‍ കരുതുന്നത്. സി പി എമ്മിന്റെ കോട്ടകളായ കണ്ണൂരും വടകരയും കോഴിക്കോടും നഷ്ടപ്പെടാനുള്ള കാരണം ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണെന്നു പറയാത്തതു മലയാളികളുടെ മഹാഭാഗ്യം .

ശതമന്യുവിനും മാധ്യമങ്ങളാണ്, ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയത് എന്നതില്‍ സംശയമില്ല. അദ്ദേഹം അവിടെയും നിറുത്തിയില്ല. വി എസ് പത്രസമ്മേളനത്തിനിടെ ചിരിച്ചത് കൊലച്ചിരിയാണെന്നും കണ്ടെത്തി. വി എസ് പിന്നെ കരയണമെന്നായിരിക്കാം അദ്ദേഹം പ്രതീക്ഷിച്ചത്. പുതിയ സഗാക്കളായ മദനിയും സിറാജും പതിവായി പത്രക്കാരുടെ മുന്നില്‍ പൊട്ടിക്കരയാറുണ്ടല്ലോ. പക്ഷെ ആ മുതലക്കണ്ണീരൊന്നും രണ്ടത്താണിയെ രക്ഷപ്പെടുത്തിയില്ല എന്ന് എല്ലാവരും മനസിലാക്കിക്കഴിഞ്ഞു.

ഞാന്‍ പ്രതീക്ഷിച്ചത്, കണ്ണൂരും വടകരയും കോഴിക്കോടും കൊല്ലവും ഉള്‍പ്പടെ 8 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കുമെന്നായിരുന്നു. പരാജയപ്പെട്ടു എന്നു കരുതി കമ്യൂണിസ്റ്റുകാര്‍ പൊട്ടിക്കരയുന്നതില്‍ അര്‍ത്ഥമില്ല. മുഖ്യമന്ത്രി ചിരിച്ചതില്‍ നാനാര്‍ത്ഥങ്ങള്‍ തിരയുന്ന ശതമന്യുവിനും, അഴീക്കോടിനും, ഭാസുരേന്ദ്രബാബുവിനും കമ്യൂണിസ്റ്റുകാരുടെ മനസ്ഥിതിയല്ല ഉള്ളത്. ഒരു യധാര്‍ത്ഥ കമൂണിസ്റ്റുകാരന്, ഒരു തെരഞ്ഞെടുപ്പു പരാജയം ഒന്നിന്റെയും അവസാനമല്ല. ഏതു പരാജയത്തിനും പിന്നില്‍ കാരണങ്ങളുണ്ട്. അത് കണ്ടെത്തി തിരുത്തുകയാണു വേണ്ടത്. അതു ചെയ്യാതെ കുറേപ്പേരെ ശത്രുക്കളായി മുദ്രയടിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തുടങ്ങിയാല്‍, സി പി എമ്മിന്റെ കേരളത്തിലെ ഭാവി അത്ര ശോഭനമായിരിക്കില്ല.

പിണറായി വിജയന്‍ ഏകപക്ഷീയമയി എടുത്ത ചില തീരുമാനങ്ങളും, അദ്ദേഹത്തെ അതിരു വിട്ട് സംരക്ഷിക്കാന്‍ പാര്‍ട്ടി ചെയ്ത ശ്രമങ്ങളും, ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ വിഷയങ്ങളായിരുന്നു.

ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ ജയതി ഘോഷ് എഴുതിയ പോലെ ഇടതു പക്ഷം അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ വലിയ തിരിച്ചടിയാണു നേരിട്ടത്. കേരളത്തില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വളരെ മുന്നിലാണ്‌. 36 ശതമാനത്തോളം പേര്‍ അദ്ദേഹത്തില്‍ വിശ്വാസം രേഖപ്പെടുത്തി. പിണറായി വിജയനെ 1 ശതമാനം ആളുകളേ പിന്തുണച്ചുള്ളു. സീറ്റു കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ടു ചെയ്യണം . ജനപിന്തുണയുള്ള നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കാതെ അവരെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണം . അതാണ്‌ ഏതു തെരഞ്ഞെടുപ്പിന്റെയും ബാലപാഠം .

5 comments:

kaalidaasan said...

ഒരു തെരഞ്ഞെടുപ്പു പരാജയം ഒന്നിന്റെയും അവസാനമല്ല ഒരു യധാര്‍ ത്ഥ കമൂണിസ്റ്റുകാരന്. ഏതു പരാജയത്തിനും പിന്നില്‍ കാരണങ്ങളുണ്ട്. അത് കണ്ടെത്തി തിരുത്തുകയാണു വേണ്ടത്.അതു ചെയ്യാതെ കുറേപ്പേരെ ശത്രുക്കളായി മുദ്രയടിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തക്കാന്‍ തുടങ്ങിയാല്‍ സി പി എമ്മിന്റെ കേരളത്തിലെ ഭാവി അത്ര ശോഭനമായിരിക്കില്ല.

പിണറായി വിജയന്‍ ഏകപക്ഷീയമയി എടുത്ത ചില തീരുമാനങ്ങളും, അദ്ദേഹത്തെ അതിരു വിട്ട് സംരക്ഷിക്കാന്‍ പാര്‍ട്ടി ചെയ്ത ശ്രമങ്ങളും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ വിഷയങ്ങളായിരുന്നു.

ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ ജയതി ഘോഷ് എഴുതിയ പോലെ, ഇടതു പക്ഷം അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ വലിയ തിരിച്ചടിയാണു നേരിട്ടത്. കേരളത്തില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വളരെ മുന്നിലാണ്‌. 36 ശതമാനത്തോളം പേര്‍ അദ്ദേഹത്തില്‍ വിശ്വാസം രേഖപ്പെടുത്തി . പിണറായി വിജയനെ 1 ശതമാനം ആളുകളേ പിന്തുണച്ചുള്ളു. സീറ്റു കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ടു ചെയ്യണം. ജനപിന്തുണയുള്ള നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കാതെ അവരെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണം . അതാണ്‌ ഏതു തെരഞ്ഞെടുപ്പിന്റെയും ബാലപാഠം .

dethan said...

"ജനപിന്തുണയുള്ള നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കാതെ അവരെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണം"എന്ന താങ്കളുടെ ശരിയായ അഭിപ്രായത്തോട് ,'അഴിമതിയുടെ കരിനിഴല്‍ വീണ നേതാക്കളെ താല്‍ക്കാലികമായെങ്കിലും അകറ്റി നിര്‍ത്തുകയും വേണം'എന്നു കൂടി ചേര്‍ക്കാനുണ്ട്.
അച്യുതാനന്ദന്റെ ചിരിയില്‍ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുന്ന പിണറായി ഭക്തന്മാര്‍ക്ക് പിണറായിയുടെ
വിടച്ചിരിയിലെ അശ്ലീലതയും ധാര്‍ഷ്ട്യവും മനസ്സിലാകില്ല. പക്ഷെ എല്ലാം കാണുന്ന നിശബ്ദ ഭൂരിപക്ഷം ആഭാസച്ചിരി തിരിച്ചറിഞ്ഞു എന്ന് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.രാജേഷിനെ പ്പോലുള്ളവരുടെ വിചാരം അവര്‍ക്കു മാത്രമേ ബുദ്ധിയും വിവരവും ഉള്ളൂ എന്നാണ്.മാദ്ധ്യമങ്ങള്‍ ഭൂരിപക്ഷവും ഇടതു പക്ഷത്തെ എന്നാണ് പിന്തുണച്ചിട്ടുള്ളത്?
വിമോചന സമരകാലത്ത് കേരളകൗമുദി ഒഴികെ ഒറ്റപ്പത്രം പോലും കമ്യൂണിസ്റ്റു സര്‍ക്കാരിനെ അനുകൂലിക്കാനില്ലായിരുന്നു.ഇവരുടെ ഒക്കെ തീസിസ് അനുസരിച്ച് അതോടെ ഇവിടെ കമ്യൂണിസം അവസാനിക്കണമായിരുന്നല്ലോ.പിണറായിയെക്കാള്‍
വലിയ മഹാമേരുക്കള്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്ന അക്കാലത്ത് നേതാക്കന്മാര്‍,ഒരു
പത്രാധിപരെയും ''എടോ ഗോപാലകൃഷ്ണാ, താനാരാടോ?'' എന്നൊന്നും പൂരപ്പാട്ട് നടത്തിയിട്ടില്ല.
-ദത്തന്‍

Baiju Elikkattoor said...

നവ കേരള യാത്രയിലെ വിഡ്ഢിവേഷവും വഷളന്‍ ചിരിയും സില്ബന്ദികളുടെ കുരവയിടീലും. ഇനി ഒന്ന് കാശിക്കു പോയിട്ട് വരട്ടെ...!!

kaalidaasan said...

ദത്തന്‍ ,

അഴിമതിയുടെ നിഴല്‍ വീണ നേതാക്കളെ അകറ്റി നിര്‍ത്തുക തന്നെ വേണം . പക്ഷെ അതിനു കെല്‍ പ്പുള്ള ഒരു നേതൃത്വം പാര്‍ ട്ടിക്കിന്നില്ല. കരാട്ടിനു കാര്യങ്ങളുടെ നിജസ്ഥിതി അറിയില്ല. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്തതാണദ്ദേഹത്തിന്റെ പ്രശ്നം . അദ്ദേഹം എടുത്ത ഉറച്ച രണ്ടു തീരുമാനങ്ങള്‍ പാളിപ്പോയി. യു പി എസര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതും മൂന്നാം മുന്നണി തട്ടിക്കൂട്ടാന്‍ ശ്രമിച്ചതും . നന്ദിഗ്രാം പ്രശ്നത്തില്‍ പോലും വ്യക്തമായ ഒരു നിലാപാടദ്ദേഹത്തിനില്ലാതെ പോയി. ലാവലിന്‍ പ്രശ്നത്തിലും ഉറച്ച ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.

അതുകൊണ്ട് പ്രതിപക്ഷത്തിന്റെ മുതലെടുപ്പിനു തടയിടാനും പറ്റുന്നില്ല. പിണറായി വിജയന്‍ അഴിമതി കാണിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ല. ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നു പറയുകയും അന്വേഷണങ്ങള്‍ നടത്താതിരിക്കാന്‍ പരമാവധി ശ്രമിക്കുകയം ​ചെയ്യുന്നു. പിണറായി വിജയനോട് കേസ് അവസാനിക്കുന്നതു വരെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനില്‍ക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ലാവ് ലിന്‍ വിഷയം അവിടെ അവസാനിക്കുമായിരുന്നു, രാഷ്ട്രീയമായി. പക്ഷെ അതിനുള്ള തന്റേടം കാരാട്ടിനില്ലാതെ പോയി. അതു തന്നെയാണു പി ഡി പി വിഷയത്തിലും സംഭവിച്ചത്. മദനിയാണിപ്പോള്‍ എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പു പരാജയം പൊതു വേദികളില്‍ വിശകലനം ചെയ്യുന്നത്. എല്‍ ഡി എഫ് വക്താവിനേപ്പോലെയാണീ മത തീവ്രവാദി പെരുമാറുന്നത്. അതു പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ. കാരാട്ടിനൊന്നും ഇതൊക്കെ നിയന്ത്രിക്കാനുള്ള കഴിവില്ല. അതാണു പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി.


ദത്തന്‍ പറഞ്ഞതു പോലെ പിണറായി വിജയന്റെ ധാര്‍ഷ്ട്യം ഒരു വലിയ വിഷയം തന്നെയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ ഒരു ജനവിഭാഗം ഈ ധാര്‍ഷ്ട്യത്തെ പുശ്ചിക്കുന്ന വിവരം എല്ലാ കമ്യൂണിസ്റ്റുകാര്‍ ക്കും അറിയാം .പിണറായി ഭക്തര്‍ക്കൊന്നും അത് തുറന്നു പറയാനുള്ള ധൈര്യമില്ല. യധാര്‍ത്ഥ കമ്യൂണിസ്റ്റുകാരൊന്നും പൊതു വേദികളില്‍ മറ്റുള്ളവരെ പുലഭ്യം പറയില്ല. വിമര്‍ശിക്കുമ്പോള്‍ അന്തസുള്ള ഭാഷയില്‍ വിമര്‍ശിക്കും . പിണറായിയും സുധാകരനും പതിവായി എതിരാളികളെ പുലഭ്യം പറയുന്നു.

kaalidaasan said...

ബൈജു,

സാധാരണ മന്ദബുദ്ധികള്‍ക്ക് അവര്‍ ചെയ്യുന്ന വഷളത്തവും വിഡ്ഡിവേഷം കെട്ടലും മനസിലാകില്ല. പിണറായി ഒരു മന്ദബുദ്ധിയാണെന്നാരും പറയില്ല.

വി എസ് വോട്ടു മറിച്ചെന്നായിരുന്നു ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ കേട്ട ഒരാരോപണം. കണ്ണൂരും വടകരയിലും ഒന്നരലക്ഷം വീതം വോട്ടു മറിക്കാന്‍ വി എസിനാവുമെങ്കില്‍ പിന്നെ എത്ര കമ്യൂണിസ്റ്റുകാര്‍ പിണറായിക്കൊപ്പം ഉണ്ടാകും ?

കണ്ണൂരും വടകരയും പിണറായി വിജയനു കിട്ടിയ ഏറ്റവും വലിയ അടിയാണ്. അദ്ദേഹം അതെത്ര നേരത്തെ മനസിലാക്കുന്നുവോ അതാണു പാര്‍ട്ടി ക്ക് ഏറ്റവും നല്ലത്.