Friday 13 March 2009

പിണറായി വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റിനു പഠിക്കുമ്പോള്‍

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക്, കേരള രാഷ്ട്രീയത്തിനു സം​ഭാവന ചെയ്ത വ്യക്തിയാണ്, സഖാവു പിണറായി വിജയന്‍. സി പി എമ്മിനേ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്ന് വേറൊരു തരത്തില്‍ പറയുന്നതിനാണത് ഉപയോഗിച്ചതും. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു കോക്കസ് കേരളത്തിലുണ്ട്, കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, എന്നണദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. എവിടെ പ്രസംഗിച്ചാലും, മാധ്യമ സിന്‍ഡിക്കേറ്റിനേക്കുറിച്ച് രണ്ടു വാക്കു പറയാതിരിക്കാനദ്ദേഹത്തിനാവില്ല. പക്ഷെ അതേ പിണറായി വിജയന്‍ കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ പത്രക്കാരോടു പറഞ്ഞു ഇന്നലെ. പൊന്നാനിയിലെ സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണതു പറഞ്ഞതും. ഹുസ്സയിന്‍ രണ്ടത്താണിയുമായി കെ ഇ ഇസ്മായില്‍ നടത്തിയ സംഭാഷണത്തേക്കുറിച്ച്, അദ്ദേഹം കേട്ടതും, മാധ്യമങ്ങളില്‍ വന്നതുമായ, വാര്‍ത്തകള്‍ ശരിയാണെന്ന തരത്തിലാണദ്ദേഹം സംസാരിച്ചത്. അദ്ദേഹം കൂടെക്കൂടെ പറഞ്ഞു, ഞാന്‍ കേട്ടത്, മാധ്യമങ്ങളില്‍ വന്നത് എന്നൊക്കെ. അവിടെയും നിറുത്തിയില്ല ആദ്ദേഹം, സി പി ഐ എന്ന പാര്‍ട്ടിക്കുള്ളില്‍ നടന്നു എന്ന ഊഹത്തില്‍ വേറേ ചിലതും പറഞ്ഞു. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ .


ഇന്നദ്ദേഹം പറഞ്ഞത് കേട്ടല്ലോ നിങ്ങളെല്ലാവരും. അവിടെ സ്ഥാനാര്‍ത്ഥിയെന്തോ ഞാന്‍ പോയി നിറുത്തുകയാണു ചെയ്തതെന്ന്. ഈ ഹുസ്സയിന്‍ രണ്ടത്താണി എന്നു പറയുന്ന മനുഷ്യനെ ഇതേവരെ ഞാന്‍ കണ്ടിട്ടില്ല. അതാണ്‌ അതിന്റെ വസ്തുത. സ്ഥാനാര്‍ത്ഥി എന്ന നിലക്ക്, അദ്ദേഹത്തെ നിറുത്താന്‍ വേണ്ടി, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുമില്ല. യധാര്‍ത്ഥത്തില്‍ ഉണ്ടായതെന്താണ്‌?

ഞങ്ങള്‍ സംസാരിച്ചതിന്റെ സ്പിരിറ്റ്, അത് ആര്‍ക്കും മനസിലാകുന്ന ഒരു കാര്യമാണ്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി അവിടെ വരണംന്നുള്ളതാണ്. അതുമായി ബന്ധപ്പെട്ട് ഹുസ്സയിന്‍ രണ്ടത്താണിയെ പോയി കാണുന്നത് സഖാവ്, കെ ഇ ഇസ്മായിലാണ്. അവരു തമ്മില്‍ സംസാരിക്കുന്നു. പക്ഷെ പാര്‍ട്ടി ഛിഹ്ന്നത്തില്‍ മത്സരിക്കുമോ എന്നു ചോദിക്കുന്ന നിലയുണ്ടായി എന്നാണ്‌ കേള്‍ക്കുന്നത്. ഇതൊന്നും കൃത്യമായിട്ടുള്ള വിവരമല്ല . ഞാന്‍ കേള്‍ക്കുന്ന വിവരമാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞുപോലും, അങ്ങനെ മത്സരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ഛിഹ്ന്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല. പിന്നെ മത്സരിച്ചു ജയിച്ചു കഴിഞ്ഞാല്‍ , ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകുമോ? ഞാന്‍ സി പി ഐയോ സി പി എമ്മോ ഒന്നുമല്ല. ഞാന്‍ ഒരു സ്വതന്ത്രന്‍ മാത്രമാണ്. അങ്ങനെ എന്നെ അങ്ങനുവദിക്കണം . അതു പറഞ്ഞു കഴിഞ്ഞപ്പോഴാണു പോലും, സഖാവ് കെ ഇ ഇസ്മായേലു പറഞ്ഞത്, നിങ്ങള്‍ ഞങ്ങളുടെ എല്ലവരുടെയും കൂടി സ്ഥാനാര്‍ത്ഥിയാണ്. ഇതാണു ഞാന്‍ കേട്ടത്. പക്ഷെ പിന്നീടത് അവരുടെ പാര്‍ട്ടിക്കകത്ത് ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടാകും. അതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ അവരുടെ പാര്‍ട്ടിക്കകത്തു നടന്നു. നിങ്ങള്‌ സീറ്റു കൊണ്ടുപോയി കളയുകയാണെന്നുള്ള ചര്‍ച്ച വന്നപ്പോള്‍, നേരെ മറുകണ്ടം ചാടുന്ന നിലപാടെടുക്കുന്നു എന്നാണ്, നിങ്ങളില്‍ ചിലരൊക്കെ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. എനിക്ക് നേരിട്ടു വിവരമില്ല അതിനെപ്പറ്റി.

ഞാന്‍ കേട്ടത്, അവസാനം അവരു പിരിയുന്നത്, ഞങ്ങളെല്ലാവരും നിങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാനാണു കാണുന്നത് എന്നു പറഞ്ഞുകൊണ്ടാണ്. ഈ ഹുസ്സയിന്‍ രണ്ടത്താണിക്ക് നമ്മുടെ രാഷ്ട്രീയ തീരുമാനങ്ങളുടെ മറ്റ് പ്രശ്നങ്ങളൊന്നും അറിയില്ലായിരുന്നു. അദ്ദേഹം ഒരു പ്രിന്‍സിപ്പാളാണെന്നാ തോന്നുന്നത്. രഷ്ട്രീയത്തില്‍ അദ്ദേഹം ഇതേവരെ അങ്ങനെ ഇടപെട്ടിട്ടില്ല എന്നാണു തോന്നുന്നത്. ഈ വാക്കിന്റെ മേലെ, ഇവരു തമ്മിലുള്ള സംസാരത്തിന്റെ അടിസ്ഥാനത്തില്‍, പുറപ്പെടുകയാണ്. അങ്ങനെ പലരെയും ബന്ധപ്പെടുകയാണ്, ആളുകളെ കാണുകയാണ്, പൊതുവില്‍ ആ സ്ഥാനാര്‍ത്ഥിത്വം നല്ല രീതിയില്‍ അങ്ങ് സ്വീകരിക്കപ്പെടുകയാണ്. നാടും നല്ല രീതിയില്‍ സ്വീകരിക്കുകയാണ്.



ഹുസ്സയിന്‍ രണ്ടത്താണിയും കെ ഇ ഇസ്മായിലും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍, അദ്ദേഹം എങ്ങനെ അറിഞ്ഞു? സി പി ഐ ക്കുള്ളില്‍ നടന്ന സംഭാഷണങ്ങളും അദ്ദേഹം എങ്ങനെ അറിഞ്ഞു? സി പി എമ്മിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങള്‍ പുറത്താകുമ്പോള്‍, അത് മാധ്യമ സിന്‍ഡിക്കേറ്റ് സൃഷ്ടിക്കുന്നത് എന്നാണദ്ദേഹം എന്നും വിശേഷിപ്പിക്കുന്നത്. താന്‍ കേള്‍ക്കാത്ത സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, ആധികാരിക വിവരമായി തീരുമാനിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന പിണറായി വിജയന്റെ നടപടിയെ എങ്ങനെ വിശേഷിപ്പിക്കാം? മലര്‍ന്നു കിടന്നു തുപ്പുന്നു എന്ന് വിശേഷിപ്പിച്ചു കൂടെ?

17 comments:

kaalidaasan said...

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക്, കേരള രാഷ്ട്രീയത്തിനു സം​ഭാവന ചെയ്ത വ്യക്തിയാണ്, സഖാവു പിണറായി വിജയന്‍. സി പി എമ്മിനേ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്ന് വേറൊരു തരത്തില്‍ പറയുന്നതിനാണത് ഉപയോഗിച്ചതും.

പക്ഷെ അതേ പിണറായി വിജയന്‍ കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ പത്രക്കാരോടു പറഞ്ഞു ഇന്നലെ. പൊന്നാനിയിലെ സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണതു പറഞ്ഞതും. ഹുസ്സയിന്‍ രണ്ടത്താണിയുമായി കെ ഇ ഇസ്മായില്‍ നടത്തിയ സംഭാഷണത്തേക്കുറിച്ച്, അദ്ദേഹം കേട്ടതും, മാധ്യമങ്ങളില്‍ വന്നതുമായ, വാര്‍ത്തകള്‍ ശരിയാണെന്ന തരത്തിലാണദ്ദേഹം സംസാരിച്ചത്.

പത്രകിശോരന്‍ said...

മാധ്യമങ്ങള്‍ എഴുതുന്നതൊന്നും പിണറായി വിശ്വസിക്കരുത് എന്ന് കാളിദാസന് നിര്‍ബന്ധം!
കള്ളമല്ലാതെ ഒന്നും എഴുതാന്‍ സാധ്യതയില്ലേ കാളിദാസാ?
പിണറായി ജീവിക്കുന്നത് ഹിമാലയത്തിലാണോ? നേരിട്ട് കണ്ടതും കേട്ടതും മാത്രമേ അദ്ദേഹം വിശ്വസിക്കാവൂ എന്ന് കാളിദാസന് കടുംപിടുത്തമുണ്ടോ?
ഇവിടെ പ്രശ്നം സിപിഐയും സിപിഐ എമ്മും പൊന്നാനി പ്രശ്നത്തില്‍ എടുത്ത നിലപാടുകളാണ്.
വെളിയത്തിന്റെ പത്രസമ്മേളനത്തില്‍ എടുത്തുപറയത്തക്ക ഒന്നും കാണാത്ത കാളിദാസന്‍ പിണറായിയെ പിടിക്കാന്‍ മാധ്യമസിന്‍ഡിക്കേറ്റിന്റെ ചൂണ്ടയുമായിറങ്ങിയിരിക്കുന്നു.
കഷ്ടംതന്നെ.
കണ്ടതുമാത്രമേ വിശ്വസിക്കാവൂ എന്നുശഠിക്കുന്നവര്‍ക്ക് ഒരു സിനിമയില്‍ അച്ചന്‍വേഷത്തിലെത്തിയ ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടിയുണ്ട്-നിന്റെ അച്ഛന്‍ വാസുദേവന്‍ തന്നെയാണെന്ന് നീ കണ്ടറിഞ്ഞതോ അമ്മ പറഞ്ഞറിഞ്ഞതോ എന്ന്.
രണ്ടത്താണിയും ഇസ്മയിലും തമ്മില്‍ നടന്ന സംഭാഷണം എങ്ങനെ പിണറായി അറിഞ്ഞു എന്ന് കാളിദാസന് സംശയം വരുന്നതെന്തിന്? അറിയാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ കിടക്കുന്നു. ഇല്ലാത്തതും നടക്കാത്തതുമായ കാര്യങ്ങള്‍ ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച് വാര്‍ത്തയാക്കി ഒരുപാട് മാധ്യമങ്ങള്‍ക്ക് ഒരേസമയം ചുരത്തിക്കൊടുക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റും ഇതും തമ്മിലെന്തു ബന്ധം കാളിദാസാ? വെറുതെ ആടിനെ പട്ടിയാക്കാതെ.

ആഗ്നേയന്‍ said...

മാദ്ധ്യമ സിൻഡിക്കേറ്റിനെക്കുറിച്ച് പിണറായി കൂടെക്കൊടെ പറയുന്നത് ഏതർഥത്തിലാണെന്നു മനസിലാക്കാൻ മാത്രം ബുദ്ധിയില്ലാത്ത ആളാണൊ കാളിദാസൻ? എന്താ ഈ കൊച്ചു കുട്ടികളെ പോലെ. നേരിട്ടു കണ്ട്‌ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശസ്ത്രീയമായി കണ്ടെത്തി ബോദ്ധ്യപ്പെടുപ്പെടുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിയ്ക്കൂ എന്നോ അതേ പറയൂ എന്നോ ഒന്നും ആ സിൻഡിക്കേറ്റു പ്രയോഗം അർഥമാക്കുന്നില്ലെന്നു മനസിലാക്കാൻ മാത്രം യുക്തിയില്ലാത്ത ഒരാളല്ല, താങ്കൾ എന്നാണു ഈയുള്ളവൻ കരുതുന്നത്‌.അപ്പോൾ ഇതു മനപ്പൂർവ്വം ഒരു പോസ്റ്റ്‌ എഴുതി പിണറായിക്കിട്ടു കുത്തി എന്ന ആത്മ സംത്ര്‌പ്തിയ്ക്കു വേണ്ടി മാത്രം എഴുതിയതാകാനേ വഴിയുള്ളു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സ.പിണറായി സമചിത്തതയോടും സത്യസന്ധമായും തന്നെ കാര്യങ്ങൾ വിശദീകരിച്ചത്‌. പ്രായത്തിന്റെ പക്വതപോലും പ്രായാധിക്യം കൊണ്ടു നഷ്ടപ്പെട്ട വെളിയവും പിണറായിയും തമ്മിൽ സംഭാഷണത്തിലുള്ള വ്യത്യാസവും ഇന്നലെ വ്യക്തമായി. വളരെ സമാധാനപരമായി പറഞ്ഞു തീർക്കാൻ പറ്റുമായിരുന്ന ഒരു വിഷയം വഷളാക്കി ആളാകാനാണ് വർഷങ്ങളുടെ പൊതു പ്രവർത്തന പാരമ്പര്യമുള്ള സ. വെളിയം ശ്രമിച്ചത്‌‌.മുന്നണിയായി നിൽക്കുമ്പോഴും ഉള്ളിൽ ഒരു പരമ്പരാഗത സി.പി.ഐക്കാരന്റെ മനസ്സിൽ ഉറഞ്ഞുകിടക്കുന്ന അന്ധമായ മാർക്സിസ്റ്റു വിരോധം ഓർക്കാനിച്ചു വയ്ക്കുകയാണ് വെളിയവും സി.പി.ഐയും ചെയ്തത്‌. പിടിയ്ക്കുന്നതു ചെങ്കൊടി ആയിപ്പോയതുകൊണ്ടു മാത്രം സി.പി.എമ്മുമായി ഒത്തുപോകുന്ന ഒന്നാണ് ഈ സി.പി.ഐ. സി.പി.എമ്മുകാർക്ക്‌ വോട്ടു ചെയ്യുന്നതുതന്നെ അവർക്കു വലിയ വിമ്മിട്ടമാണ്. ഇടയ്ക്കിടെ കുളം കൽക്കാതെ സി.പി.ഐക്ക് ഒരു സുഖം കിട്ടില്ല..
പിണറായി വേട്ട മാധ്യമ പ്രവർത്തകർക്ക്‌ ഇന്നൊരു മാറാരോഗമാണ്. കാളിദാസ്ജീയ്ക്ക്‌ അങ്ങനെ വല്ലതും.......?

Unknown said...

കാളിദാസനൊരു ദിനം പിണറായിയെക്കുറിച്ച് നല്ല വാക്കുരിയാടീടുകില്‍, അന്നു മനസ്സിലാക്കിക്കൊള്‍ക സജ്ജനങ്ങളേ, പിണറായിക്കെന്തോ കുഴപ്പമുണ്ടെന്ന്.

kaalidaasan said...

പത്രകിശോരാ,

മാധ്യമങ്ങള്‍ എഴുതുന്നതൊന്നും പിണറായി വിശ്വസിക്കരുത് എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. പിണറായിക്ക് വിശ്വസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. നേരിട്ട് കണ്ടതും കേട്ടതും മാത്രമേ അദ്ദേഹം വിശ്വസിക്കാവൂ എന്നു കടുംപിടുത്തവുമില്ല. നേരിട്ട് കണാത്തതും കേള്‍ ക്കാത്തതും മാധ്യമങ്ങള്‍ എഴുതുമ്പോള്‍ അവരെ സിന്‍ഡിക്കേറ്റ് എന്നു വിളിച്ച് ആക്ഷേപിക്കുന്നതാണ്, ഞാന്‍ പരാമര്‍ശിച്ച വിഷയം.

പത്രസമ്മേളനത്തിലെ എടുത്തു പറയാവുന്ന കാര്യമാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. പിണറായി വ്യക്തമായി പറഞ്ഞു, ഞാന്‍ രണ്ടത്താണിയുമായി സംസാരിച്ചിട്ടില്ല. പിന്നെ ആരാണ്, ഇസ്മായിലും രണ്ടത്താണിയും തമ്മില്‍ നടന്ന ചര്‍ച്ച ഒരു ദൃക്സാക്ഷിവിവരണം പോലെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്താന്‍ പാകത്തിനു പിണറായിക്കു പറഞ്ഞു കൊടുത്തത്?. ഇസ്മായിലാണോ? പിണറായി പല പ്രവശ്യം എടുത്തു പറഞ്ഞതാണ്, ഞാന്‍ കേട്ടത്, നിങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തത് എന്നെല്ലാം . ഇസ്മായീലോ രണ്ടത്താണിയോ പത്രസമേളനം നടത്തിയോ, ഒരു പ്രസ്താവനയിലൂടെയോ അവര്‍ തമ്മില്‍ സംസാരിച്ചത് എന്താണെന്ന് പറഞ്ഞിട്ടില്ല. സി പി എമ്മിനുള്ളില്‍ നടക്കുന്ന പല കാര്യങ്ങളും മാധ്യങ്ങള്‍ ഇതു പോലെ കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ എഴുതുമ്പോള്‍ അതിനെയാണ്, മാധ്യമ സിന്‍ ഡിക്കേറ്റ് എന്നു പിണറായി വിളിച്ചത്. ആ കിരീടം കൂടി സ്വയം അണിയുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളു.

മാധ്യമ സിന്‍ഡിക്കേറ്റ് എന്നു കുറച്ചു പേര്‍ പറഞ്ഞാലൊന്നും അങ്ങനെ ഒരു സിന്‍ഡിക്കേറ്റും ഉണ്ടാവില്ല. മാധ്യങ്ങള്‍ ചിലപ്പോള്‍ അതിശയോക്തി പരമായും വാര്‍ത്തകള്‍ കൊടുക്കും. ഇല്ലാത്ത വാര്‍ത്തകള്‍ പാര്‍ട്ടി പത്രവും കൊടുത്തിട്ടുണ്ട്. അതു കാണാനുള്ള കണ്ണ്, പത്രകിശോരനില്ല. വീരേന്ദ്ര കുമാറിന്റെ ജീവിച്ചിരിക്കുന്ന സഹോദരി മരിച്ചു പോയെന്ന് ദേശാഭിമാനി പറഞ്ഞിട്ടുണ്ട്. താങ്കളുടേ അളവുകോലു വച്ച് ഇല്ലാത്തതും നടക്കാത്തതുമായ ഈ കാര്യം ‍ എന്തുദ്ദേശ്യത്തോടെയയിരുന്നു പാര്‍ട്ടി പത്രത്തിനു വേണ്ടി ഒരാള്‍ കെട്ടിച്ചമച്ചത്? പാര്‍ട്ടി പത്രവും ഇപ്പറഞ്ഞ സിന്‍ഡിക്കേറ്റിലെ ഒരംഗമാണെന്നു ഞാന്‍ വിശ്വസിച്ചോട്ടേ?


മാധ്യമ സിന്‍ഡിക്കേറ്റ് ഇല്ല എന്ന് പറഞ്ഞതു കൊണ്ടു മാത്രമാണ്, സെബാസ്റ്റ്യന്‍ പോളിനു ഇപ്രാവശ്യം സീറ്റു നല്‍കാതിരുന്നത്. ജയിക്കാന്‍ സാധ്യതയുള്ള ഒരു സീറ്റ് അതു വഴി ഇല്ലാതാക്കിയതിനുത്തരവാദി ആരാണു കിശോരാ?


ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടി എന്നോട് പറയേണ്ട. ഞാന്‍ ഒരിക്കലും മധ്യമങ്ങള്‍ തരുന്ന വാര്‍ത്തകള്‍ സിന്‍ഡിക്കേറ്റില്‍ ചുട്ടെടുക്കുന്നതാണൊ എന്നോര്‍ത്ത് ഉറക്കം കളയാറില്ല. തെറ്റായ വാര്‍ത്തകള്‍ വന്നു എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല.

രണ്ടത്താണിയും ഇസ്മയിലും തമ്മില്‍ നടന്ന സംഭാഷണം എങ്ങനെ പിണറായി അറിഞ്ഞു എന്ന് കാളിദാസന് യതൊരു സംശയവുമില്ല. അതറിയാന്‍ പല മര്‍ഗങ്ങളുമുണ്ട്. പരസ്യമായി നിഷേധിക്കുമെങ്കിലും , രണ്ടത്താണി തന്നെ പിണറായിയെ വിളിച്ചു പറഞ്ഞതാകാം , അല്ലെങ്കില്‍ ആരെങ്കിലും വശം അറിയിച്ചതാകാം. സംഭാഷണം നടക്കുമ്പോള്‍ ആരെങ്കിലും മൊബൈല്‍ ഫോണിലൂടെ ചോര്‍ത്തിക്കൊടുത്തതുമാകാം . രണ്ടത്താണി പൊന്നാനിയിലെ സി പി എം കാരോടു പറഞ്ഞതാകാം . സി പി ഐക്കുള്ളിലെ അരെങ്കിലും ചോര്‍ത്തിക്കൊടുത്തതാകാം , കുറഞ്ഞ പക്ഷം സി പി ഐകുള്ളില്‍ നടന്നു എന്ന് പിണറായി ഊഹിച്ചവ. ഇതില്‍ ഏതു തരത്തില്‍ പിണറായി അറിഞ്ഞതായാലും എനിക് ഒരു പ്രശ്നവുമില്ല.

ഇക്കാലത്ത് വാര്‍ത്തകള്‍ അറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സി പി എമ്മിനുള്ളിലെ വാര്‍ത്തകള്‍ ഇതിലെ ഏതെങ്കിലും വഴിക്ക് മാധ്യമങ്ങള്‍ അറിഞ്ഞാല്‍ അത് മാധ്യമ സിന്‍ഡിക്കേറ്റിന്റെ പണി. അതു പോലെ ഈ വാര്‍ത്തയും ഒരു മാധ്യമ സിന്‍ഡിക്കേറ്റ് വഴിയല്ലേ പിണറായി അറിഞ്ഞതെന്നു മാത്രമേ ഞാന്‍ സംശയം പ്രകടിപ്പിച്ചുള്ളു. ഇതാടിനെ പട്ടിയാക്കലല്ല , ആടിനെ ആടായി കാണുന്നതാണ്.

kaalidaasan said...

ആഗ്നേയ,

മാദ്ധ്യമ സിൻഡിക്കേറ്റിനെക്കുറിച്ച് പിണറായി കൂടെക്കൊടെ പറയുന്നത് ഏതർഥത്തിലാണെന്നു മനസിലാക്കാൻ മാത്രം ബുദ്ധിയില്ലാത്ത ആളാണൊ കാളിദാസൻ?

മാദ്ധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് പിണറായി കൂടെക്കൂടെ പറയുന്നത് ഏതര്‍ത്ഥത്തിലായാലും , എനിക്കത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. സി പി എം മാത്രമല്ല കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടി. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ സി പി എമ്മിന്റെ ശത്രുക്കളാണ്. അവരും അവരെ പിന്താങ്ങുന്ന പത്രങ്ങളും, സി പി എമ്മിനും അതിന്റെ നേതാക്കള്‍ക്കും എതിരെ പലതും പറയും. അതാര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. അങ്ങനെ വരുന്ന വാര്‍ത്തകള്‍ ഒരു സിന്‍ഡിക്കേറ്റുണ്ടാക്കുന്നതാണെന്നു പറയുന്നത് കൊണ്ട് എന്തു നേട്ടമാണ്, പാര്‍ട്ടിക്ക് കിട്ടുന്നത്? അതു മനസിലാക്കി കോണ്‍ഗ്രസുകാരും , മുസ്ലിം ലീഗുകാരും, കേരള കോണ്‍ഗ്രസകാരും, ജെ എസ് എസുകാരും, സി എം പിക്കാരും സി പി എമ്മിനെ ഇഷ്ടപ്പെടന്‍ തുടങ്ങുമോ?

ഇതു മനപ്പൂർവ്വം ഒരു പോസ്റ്റ്‌ എഴുതി പിണറായിക്കിട്ടു കുത്തി എന്ന ആത്മ സംത്ര്‌പ്തിയ്ക്കു വേണ്ടി മാത്രം എഴുതിയതാകാനേ വഴിയുള്ളു.

ഇത് മനപ്പൂര്‍വം എഴുതിയതാണഗ്നേയ. അത് പിണറായിക്കിട്ട് കുത്താനൊന്നും അല്ല. പിണറായി വിജയന്റെ ചില പ്രവര്‍ത്തികള്‍ എനിക്കിഷ്ടമല്ല. അതു കൊണ്ട് ഞാന്‍ അദ്ദേഹത്തെ വിമര്‍ശിക്കാറുമുണ്ട്. അതു പോലത്തെ ഒന്നാണ്, മാധ്യമ സിന്‍ഡിക്കേറ്റ് എന്നത്. ആത്മ സംതൃപ്തിക്കു വേണ്ടി എഴുതേണ്ട ആവശ്യം എനിക്കില്ല. ഓരോ കാര്യങ്ങളിലുമുള്ള എന്റെ അഭിപ്രായം ഞാന്‍ പ്രകടിപ്പിക്കുന്നു. അത്ര മാത്രം .


വളരെ സമാധാനപരമായി പറഞ്ഞു തീർക്കാൻ പറ്റുമായിരുന്ന ഒരു വിഷയം വഷളാക്കി ആളാകാനാണ് വർഷങ്ങളുടെ പൊതു പ്രവർത്തന പാരമ്പര്യമുള്ള സ. വെളിയം ശ്രമിച്ചത്‌‌.മുന്നണിയായി നിൽക്കുമ്പോഴും ഉള്ളിൽ ഒരു പരമ്പരാഗത സി.പി.ഐക്കാരന്റെ മനസ്സിൽ ഉറഞ്ഞുകിടക്കുന്ന അന്ധമായ മാർക്സിസ്റ്റു വിരോധം ഓർക്കാനിച്ചു വയ്ക്കുകയാണ് വെളിയവും സി.പി.ഐയും ചെയ്തത്‌.

ഇത് വസ്തുതാപരമായി തെറ്റാണ്. വെളിയം മാത്രമല്ല ആളാകാന്‍ ശ്രമിച്ചത്. വെളിയവും പിണറായിയും ഒരു പോലെ ആളവാന്‍ ശ്രമിച്ചു. അതു കൊണ്ടാണ്, 65 ലെ വരെ വിഴുപ്പു പുതിയ തലമുറക്കു വേണ്ടി അലക്കി നാറ്റിച്ചത്. പിണറായി അതേക്കുറിച്ച് പറയാതിരുന്നെങ്കില്‍ അത് മഹത്തരമായേനെ.

വളരെ സമാധാനപരമായി പറഞ്ഞു തീര്‍ക്കാനുള്ള വേദിയായിരുന്നു ഇടതു മുന്നണി യോഗം . അവിടെ പറഞ്ഞു തീര്‍ക്കാന്‍ കഴിയാഞ്ഞതാണ്, ഇത് പൊതു വേദിയില്‍ എത്താന്‍ കാരണം . ആഗ്നേയന്‍ പിണറായി വിജയനെ അന്ധമായി പിന്താങ്ങുന്നത് കൊണ്ട്, വെളിയം ഭാര്‍ഗവനില്‍ മാത്രം കുറ്റം കാണുന്നു. എനിക്കാ കെട്ടുപാടില്ലാത്തതു കൊണ്ട്, രണ്ടു പേരിലും ഞാന്‍ കുറ്റം കാണുന്നു.


ആവശ്യപ്പെടാതെ രാജ്യ സഭാ സീറ്റ് സി പി ഐക്ക് കൊടുത്തത് വേറൊരു ഉദ്ദേശ്യം വച്ചായിരുന്നെങ്കിലും , അതിന്റെ പേരില്‍ അവര്ടെ ഒരു സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തപ്പോള്‍, സ്വാഭാവികമായി അവര്‍ പ്രതിക്ഷേധിച്ചു. അത് ശമിപ്പിക്കാന്‍ ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ക്കായില്ല. വലിയ പാര്‍ട്ടിയായ സി പി എമ്മിനു അതില്‍ വലിയ പാളിച്ച സംഭവിച്ചു. അതു കൊണ്ടാണിത് തെരുവിലേക്ക് എത്തിപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അതില്‍ പിണറായിക്ക് നിശ്ചയമായും വലിയ ഒരു പങ്കുണ്ട്. അഖിലേന്‍ഡ്യ തലത്തില്‍ കൂട്ടുകക്ഷി ഭരണമാണ്, സി പി എമ്മിന്റെ നയം തന്നെ. അപ്പോള്‍ ഘടക കക്ഷികള്‍ തമ്മില്‍ സമരസപ്പെട്ടു പോകേണ്ടത് ആവശ്യമാണ്.

സിപിഐയും സിപിഐ എമ്മും ഉത്തരവാദപ്പെട്ട രണ്ടു പാര്‍ട്ടികളാണ്, അവര്‍ക്ക് എന്ത് നിലപാടും എടുക്കാം. അത് മുന്നണിയില്‍ ചര്‍ ച്ച ചെയ്തു തീരുമാനിക്കണം . അത് ചെയ്യാത്തതുകൊണ്ടാണ്, പൊതു സ്ഥലത്ത് ഇപ്പോള്‍ വിഴുപ്പലക്കേണ്ടി വന്നത്.


വെളിയം പലപ്പോഴും വെളിവില്ലാതെ പലതും പറയാറുണ്ട്. വെളിയം അലക്കിയ വിഴുപ്പിനൊപ്പം, പിണറായിയും അലക്കിയപ്പോള്‍ രണ്ടുപേരുടേയും അന്തസാണിടിഞ്ഞത്.

പാര്‍ട്ടി പിളര്‍ന്നത് മഹത്തായ കര്യമൊന്നുമല്ല. 65 ല്‍ സി പി ഐക്കു 54 സീറ്റില്‍ കെട്ടിവച്ച കാശുപോയി എന്നതും, സി പി എമ്മിനു 9 സീറ്റില്‍ കെട്ടിവച്ച കാശുപോയി എന്നതിനും 2009 ല്‍ പ്രസക്തിയില്ല. ഇന്ന് ഇന്‍ഡ്യയില്‍ ഭരിക്കുന്ന പല പാര്‍ട്ടികളും ഉണ്ടായത് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉണ്ടായതിനു ശേഷമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് ദേശിയ തലത്തില്‍ വ്യാപകമായ പ്രസക്തിയില്ലാത്തതെന്തുകൊണ്ടാണെന്നതാണ്, 65 ല്‍ നഷ്ടപ്പെട്ട കെട്ടിവച്ച കാശിനേക്കാള്‍ പ്രസക്തമാകേണ്ടത്. സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന ഈ നേതാക്കളെ വച്ച് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ക്ക് വളരാനും പറ്റുമെന്ന് തോന്നുന്നില്ല.


8 നു 10 നും ഇടക്ക് വോട്ടുശതമാനവുമായി സി പി ഐയും 18 നും 23 നും ഇടക്ക് വോട്ടുശതമാനവുമായി സി പി എമ്മും 65 മുതല്‍ മുടന്തുന്നുണ്ടല്ലോ. 57 ല്‍ പാര്‍ട്ടിക്ക് ഒറ്റക്കു അധികാരത്തില്‍ വരാന്‍ പറ്റിയിരുന്നു. ഇന്ന് സി പി ഐയും സി പി എമ്മും ഒന്നിച്ചുനിന്നാലും മറ്റരുടേയും സഹായമില്ലാതെ അധികാരത്തില്‍ വരാന്‍ പറ്റുമോ. ഇല്ല എന്ന് ഏതു മന്ദബുദ്ധിക്കും തറപ്പിച്ചു പറയാം . അതാണിന്നത്തെ യാധാര്‍ത്ഥ്യം. അല്ലാതെ 65ല്‍ എത്ര സീറ്റില്‍ കെട്ടിവച്ച കാശുപോയി എന്ന് പത്രസമ്മേളനം നടത്തി പരസ്പരം ഒളിയമ്പെയ്യുന്നതല്ല.

യോജിക്കാവുന്ന മേഖലകള്‍ ഉള്ളതു കൊണ്ടാണു യോജിച്ചു നില്‍കുന്നത്. അതിനു സാധ്യമല്ലെങ്കില്‍ പിരിഞ്ഞു പോകണം. എന്തുകൊണ്ട് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് മൂന്നു സംസ്ഥാനങ്ങള്‍ക്കപ്പുറം സ്വാധീനമുണ്ടാക്കാനായില്ല എന്നന്വേഷിക്കുമ്പോളേ ഇതിന്റെയൊക്കെ പിന്നാമ്പുറം അത്ര സന്തോഷമല്ലാത്ത വിധം കാണാനാകു .

പരസ്പരം ചെളിവാരിയെറിയലിനും പഴയ വിഴുപ്പുകള്‍ വരെ പൊതു സ്ഥലത്ത് അലക്കിയതിനും ശേഷം, എന്താണിപ്പോള്‍ അവസ്ഥ? സി പി ഐക്ക് മത്സരിക്കാന്‍ നാലു സീറ്റുണ്ടാകും എന്നാണല്ലോ അവസാനം പിണറായി പറഞ്ഞത്. പിന്നെ എന്തായിരുന്നു ഈ കൊടുങ്കാറ്റിനു പിന്നില്‍ ? നാലു സീറ്റു തരാം എന്നു കേട്ട സന്തോഷത്തിലാണോ, അവര്‍ ക്ഷുഭിതരായി ഇറങ്ങിപ്പോന്നതും പത്രസമ്മേളനം നടത്തി മുന്നണി പൊളിച്ച് പുറത്തു പോകുമെന്നൊക്കെ ഭീഷണി മുഴക്കിയതും, പിന്നാലെ പിണറായിക്ക് പത്രസമ്മേളനത്തിലൂടെ സി പി ഐ ക്ക് നാലു സീറ്റു തന്നെ എന്നറിയിക്കേണ്ട ഗതികേടുണ്ടായതും?

നാണക്കേടാണു സഖാവേ ഇതൊക്കെ. വെളിയം ഭര്‍ഗ്ഗവനില്‍ മാത്രം തെറ്റു കാണുന്നത് അതിലും നാണക്കേട്.

എന്തുകൊണ്ടിപ്പോള്‍ ഇതൊക്കെ സംഭവിക്കുന്നു എന്ന് ആഗ്നേയനു ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കെട്ടുറപ്പോടെയും ചിട്ടയോടെയും സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നടത്താറുള്ള ഇടതു പക്ഷ മുന്നണി, എന്തുകൊണ്ട് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരായി നില്‍ക്കുന്നു?

kaalidaasan said...

കാളിദാസനൊരു ദിനം പിണറായിയെക്കുറിച്ച് നല്ല വാക്കുരിയാടീടുകില്‍, അന്നു മനസ്സിലാക്കിക്കൊള്‍ക സജ്ജനങ്ങളേ, പിണറായിക്കെന്തോ കുഴപ്പമുണ്ടെന്ന്.

ചിന്താമണി,

ഇത് ചര്‍വിത ചര്‍വണം പോലെ ഉപയോഗിച്ചുപയോഗിച്ച് തേഞ്ഞു പോയ ഒരു പ്രയോഗമാണ്. ഇ എം എസിന്റെ തലത്തിലേക്ക് ഉയരണം എന്നു മോഹിക്കുന്ന ചിലരാണിത് ഇപ്പോഴും ഉപയോഗിക്കുന്നത്.

ചിന്താമണിയേപ്പോലുള്ളവര്‍, പിണറായിയേക്കുറിച്ച് നല്ലതു മാത്രം പറയാന്‍ വിധിക്കപ്പെട്ടവരാണ്. അതു കൊണ്ട് പിണറായിയെ വിമര്‍ശിക്കുന്നത് സഹിക്കില്ല. പിണറായിക്കു കുഴപ്പമുണ്ടെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ ഇല്ലെന്നു ശഠിക്കുന്നതാണ്, ചിന്താമണിയേപ്പോലുള്ളവരുടെ ഗതികേട്. ഈ ദുശ്ശാഠ്യം കാരണം, പിണറായി വിജയന്‍ മാര്‍പ്പാപ്പയേപ്പോലെ അപ്രമാദിത്തമുള്ള ഒരു വ്യക്തിയാണെന്നു വിശ്വസിക്കുന്നു. അതില്‍ നിന്നാണ്, പിണറായിയാണു പ്രസ്ഥാനമെന്ന ചിന്ത വരുന്നതും , പിണറായി എന്ന വ്യക്തിക്കെതിരെ വരുന്ന ആരോപണം പ്രസ്ഥാനത്തിനെതിരെ എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നതും.

ഞാന്‍ പിണറായിയുടെ നല്ലതും ചീത്തയായതുമായ വശങ്ങള്‍ കാണുന്നു. ഞാന്‍ പല വേദികളിലും ആവര്‍ത്തിച്ചത് ഇവിടെയും ആവര്‍ത്തിക്കാം. പിണറായി നല്ല സംഘാടകനാണ്, കുശാഗ്രബുദ്ധിയുള്ള പാര്‍ട്ടി നേതാവാണ്. കഴിവു തെളിയിച്ച ഭരണാധികാരിയാണ്. പാര്‍ട്ടിക്കുള്ളിലെ ചെറിയ എതിര്‍ശബ്ദങ്ങള്‍ വരെ നിഷ്കരുണം അടിച്ചമര്‍ത്തുന്ന നേതാവാണ്. ഇതൊക്കെ പാര്‍ട്ടിയുടെ ഏകാധിപത്യം നിലനിന്നിരുന്ന സോവിയറ്റ് യൂണിയനിലും , ഇപ്പോഴത്തെ ചൈനയിലും ജന നേതാവാകാനുള്ള ഘടകങ്ങളാണ്.

പക്ഷെ ബഹുകക്ഷി ഭരണം നിലവിലുള്ള ഇന്‍ഡ്യയില്‍ അത് വെറും പാര്‍ ട്ടി നേതാവാകാനുള്ള യോഗ്യതയേ ആവുന്നുള്ളു. ജനനേതാവാകണമെങ്കില്‍ പാര്‍ട്ടിക്കപ്പുറത്തും സ്വീകാര്യനാവണം . ഇ എം എസ്, എ കെ ജി,നായനാര്‍ , വി എസ് തുടങ്ങിയവര്‍ പാര്‍ട്ടി ബന്ധങ്ങള്‍ക്കപ്പുറത്ത് പൊതു ജനത്തിനു സ്വീകാര്യരായതാണ്, അവരെ ജനകീയ നേതാക്കളാക്കിയത്. പാര്‍ട്ടിക്കു പുറത്ത് പിണറായി എന്തുകൊണ്ട് സ്വീകാര്യനാവുന്നില്ല? എന്തിനു വേറെ ഉദാഹരണം , ഇടതു മുന്നണിയില്‍ പോലും മറ്റു കക്ഷികള്‍ക്ക് പിണറായിയേക്കുറിച്ച് നല്ല അഭിപ്രായമല്ലല്ലോ. വെളിയം ഭാര്‍ഗ്ഗവന്‍ പിണറായിയെ പേരെടുത്തു പറഞ്ഞാണ്, ആക്ഷേപിച്ചത്. സി പി എമ്മിലെ മറ്റു നേതാക്കളെ ആരെയും പേരു പറഞ്ഞ് ചീത്ത വിളിച്ചില്ലല്ലോ.

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഒതുക്കലുകളും പത്രങ്ങളിലൂടെ നല്ല അഭിപ്രായമുണ്ടാക്കില്ല. ബൂര്‍ഷ്വാ പാര്‍ ട്ടികളില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന രീതി കാണപ്പെടുന്നുണ്ട്. കോണ്‍ഗ്രസില്‍ സോണിയ ഗന്ധിക്കെതിരെ ശബ്ദിച്ചാല്‍ പുറത്താകും . ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ അതുണ്ടാകുനത് ആശാസ്യമല്ല. പാര്‍ട്ടി ഭരണഘടന പ്രകാരം എങ്ങനെയൊക്കെ ന്യായീകരിച്ചാലും അതു പോലുള്ള സംഭവങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ ച്ച ചെയ്യും . അതേ സംബന്ധിച്ച് വാര്‍ത്തകളും നിര്‍മ്മിച്ചെന്നു വരും.

ആഗ്നേയന്‍ പറഞ്ഞതു പോലെ പിണറായി വേട്ട മാധ്യമ പ്രവര്‍ ത്തകര്‍ക്ക്‌ ഇന്നൊരു മാറാരോഗമാണ്. ഞാന്‍ മറ്റൊരു ബ്ളോഗില്‍ പറഞ്ഞിരുന്നു, അര്‍ഹിക്കുന്നതിലേറെ വേട്ടയാടപ്പെട്ട ഒരു വ്യക്തിയാണ്, പിണറായി. അതിനുത്തരവാദി ഒരു പരിധി വരെ പിണറായി തന്നെയാണ്. അടുത്തയിടെ നടന്ന ഒരു സംഭവം പറയാം . കേരള മാര്‍ച്ചിനിടക്കു നടന്ന ഒരു പത്രസമ്മേളനമാണത്. ഒരു പത്രപ്രതിനിധി മംഗളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ പിണറായി നീണ്ട ഒരു ചിരി, അതും അരോചകമായ വിധത്തില്‍ , ചിരിച്ചു. ആ ചിരിക്ക് പാത്രീഭൂതനായ വ്യക്തി പിണറായിയേക്കുറിച്ച് ഒരിക്കലും നല്ല കാര്യം എഴുതില്ല. അയാള്‍ക്ക് ശമ്പളം കൊടുക്കുന്ന പത്രമുതലളിയും പിണറായിയേക്കുറിച്ച് നല്ലതെഴുതിയെന്നു വരില്ല.

ചിന്താമണിയൊക്കെ മറക്കുന്ന ഒരു കാര്യമുണ്ട്. ഇന്‍ഡ്യ ചൈന പോലെയല്ല. ഇവിടെ സ്വതന്ത്രമായ ഒരു പത്ര സമൂഹമുണ്ട്. അവര്‍ക്ക് അവരുടേതായ അജണ്ടകളുമുണ്ട്. പിണറായിക്കും സി പി എമ്മിനും ഇഷ്ടപ്പെടുന്ന തരത്തില്‍ എഴുതണം എന്നു വാശിപിടിച്ചാല്‍ നടന്നെന്നു വരില്ല. മാധ്യമ സിന്‍ഡിക്കേറ്റ് എന്നു എല്ലാ വേദികളിലും അടച്ചാക്ഷേപിക്കുമ്പോള്‍ അവരും അവര്‍ക്ക് തോന്നിയപോലെ എഴുതി എന്നും വരും . നികൃഷ്ട ജീവി എന്ന വിശേഷണം ചില ബിഷപ്പുമാര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും , ഒരു രാഷ്ട്രീയ നേതാവത് പരസ്യമായി പറയുമ്പോള്‍ അതുണ്ടാക്കാവുന്ന പ്രത്യഘാതം വളരെ വലുതാണ്. കത്തോലിക്കാ സഭ പോലെ സ്വാധീനമുള്ള ഒരു സഭയിലെ ബിഷപ്പാവുമ്പോള്‍ , വിമര്‍ശനവും കൂടുതലായിരിക്കും . പുരോഹിതര്‍ മുഴുവനും, കുറെ വിശ്വാസികളും പിണറായിക്കെതിരെ തിരിഞ്ഞെങ്കില്‍ അതിനു മറ്റാരെയും കുറ്റപ്പെടുത്താനാവില്ല. മാധ്യമങ്ങള്‍ അതു പോലെയുള്ള വര്‍ത്തകള്‍ ക്ക് പ്രാധാന്യം കൊടുക്കും . പാര്‍ട്ടിയോട് ആഭിമുഖ്യമില്ലാത്ത രണ്ടു പത്രങ്ങളുടെ വായനക്കാര്‍ കത്തോലിക്കരാണെന്നത് അതിന്റെ ഗൌരവം കൂട്ടുന്നു. നികൃഷ്ട ജീവി , മന്ദബുദ്ധി, പിതൃശൂന്യം തുടങ്ങിയ പ്രയോഗങ്ങള്‍ വിവാദത്തിനു വഴി വക്കും . വേറൊരു സംഭവം മമ്മൂട്ടിയുമയി ബന്ധപ്പെട്ടതാണ്. കേരള ഹൌസില്‍ വച്ച് അരോ പറഞ്ഞു മമ്മൂട്ടി ഭൂമി കയ്യേറിയെന്ന്. അപ്പോള്‍ പിണറായി പ്രതികരിച്ചതിങ്ങനെ. നിന്നോടാരാ പറഞ്ഞത് മമ്മൂട്ടി ഭൂമി കയ്യേറിയെന്ന്. മമ്മൂട്ടി സി പി എമിന്റെ ആരുമല്ല. ആ പ്രതികരണം കുറെയധികം ഊഹാപോഹങ്ങള്‍ക്ക് വഴി വച്ചു. ഇതൊക്കെ പറഞ്ഞു വച്ചിട്ട്,അതിന്റെ പേരില്‍ വേട്ടയാടുന്നു എന്നു വിലപിക്കുന്നതില്‍ കാര്യമില്ല.

ഒരു പതിറ്റാണ്ടു മുമ്പു വരെ പിണറായിയേക്കാള്‍ വേട്ടയാടപ്പെട്ട വ്യക്തിയാണ്, വി എസ് . ചിന്താമണിയൊകെ എന്തെല്ലാം കാരണം കണ്ടെത്തിയാലും , വി എസ് അതൊക്കെ മാറ്റിയെടുത്തു. 85 ആം വയസ്സില്‍ സംസാരരീതി പോലുമദ്ദേഹം മാറ്റിയെടുത്തു.

Unknown said...

മാധ്യമ സിന്‍ഡിക്കേറ്റിനെ ന്യായീകരിക്കാനുള്ള കാളിദാസന്റെ സ്വാതന്ത്ര്യം കാളിദാസന്റെ സ്വാതന്ത്യ്രം. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പദം ഉണ്ടായത് മാധ്യമങ്ങളുടെ ‘പ്രവര്‍ത്തനങ്ങളെ’ വിശേഷിപ്പിക്കുന്നതിനാണ്. അല്ലാതെ ആദ്യം മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പദം ഉണ്ടാക്കുക അല്ല ചെയ്തത്. ആ പദം കാരണമല്ല അവര്‍ തോന്നിയത് പോലെ എഴുതുന്നത് എന്ന് കാളിദാസനു അറിയാമല്ലോ. പിന്നെന്തിനീ ന്യായീകരണശ്രമം എന്നൊരു സംശയം മാത്രം.

പിണറായിക്ക് അപ്രമാദിത്വം കല്‍പ്പിച്ചുകൊടുത്തു എന്നൊക്കെ വാദിക്കേണ്ടത് കാളിദാസന്റെ ആവശ്യം. എങ്കിലേ ഇതുപോലുള്ള പോസ്റ്റുകള്‍ക്ക് നിലനില്‍പ്പുള്ളൂ. പിണറായി പാര്‍ട്ടി സെക്രട്ടറി ആയതിനാല്‍ തന്നെയാണ് വേട്ടയാടപ്പെടുന്നത്.

ഒരു പതിറ്റാണ്ടു മുമ്പു വരെ പിണറായിയേക്കാള്‍ വേട്ടയാടപ്പെട്ട വ്യക്തിയാണ്, വി എസ്

1980 മുതല്‍ 1992 വരെ പാര്‍ട്ടി സെക്രട്ടറിയായിരുന്നില്ലേ അദ്ദേഹം? വേട്ടയാടപ്പെടും. അതു തന്നെയാണിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

kaalidaasan said...

ചിന്താമണി,

മധ്യമ സിന്‍ഡിക്കേറ്റ് ഇല്ല എന്നു പറയുന്ന ഞാന്‍ എങ്ങനെയാണ്, അതിനെ ന്ന്യായീകരിക്കുന്നു എന്നു പറയുക?

എല്ലാ മാധ്യമങ്ങളും അവരുടേതായ രീതിയില്‍ പല വാര്‍ത്തകള്‍ക്കും പല നിറങ്ങളും കൊടുക്കും. അങ്ങനെ യൊരു നിറം കൊടുക്കലാണ്, ദേശാഭിമാനി ചെയ്തതും. വീരേന്ദ്ര കുമാറിനെതിരയ വാര്‍ത്തക്ക് മറ്റൊരു നിറം കൊടുത്താണ്, അദ്ദേഹത്തിന്റെ സഹോദരി മരിച്ചുപോയി എന്നെഴുതിയത്? അത് മാധ്യമ സിന്‍ഡികേറ്റിന്റെ പ്രവര്‍ ത്തനമായിരുന്നു എന്ന് ചിന്താമണിക്ക് തോന്നുന്നുണ്ടോ? ആണെന്നു ചിന്തമണി പറയുകയാണെങ്കില്‍ ഞാനും മാധ്യമ സിന്‍ഡിക്കേറ്റിനെ അംഗീകരിക്കാം .

പിണറായിക്ക് അപ്രമാദിത്വം കല്‍പിച്ചു കൊടുത്തു എന്നത് എന്റെ അവശ്യമല്ല. അതാണു മറ്റുള്ളവര്‍ അവരുടെ മുമ്പില്‍ കാണുന്നത്. പിണറായി പാര്‍ട്ടി സെക്രട്ടറി അല്ലായിരുന്നെങ്കിലും ലാവലിന്‍ കേസ് ഉണ്ടാകുമായിരുന്നു. പിണറായി പാര്‍ട്ടി സെക്രട്ടറി അണോ എന്നു നോകിയിട്ടല്ല സി എ ജി റിപ്പോര്‍ട്ട് നല്കിയത്. പിണറായി പ്രസ്ഥാനമാണെനു പറയുന്നതും പിണറായിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരെ എന്നാക്കി മാറ്റുന്നതും ഈ അപ്രമാദിത്തത്തിന്റെ ലക്ഷണമാണ്.

വി എസ് പാര്‍ട്ടി സെക്രട്ടറി അല്ലാതിരുന്ന സമയത്തും അദ്ദേഹം വേട്ടയടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി അല്ലതിരുന്ന മറ്റു പല സി പി എം നേതാക്കളും വേട്ടയാടപ്പെട്ടിട്ടുണ്ട്. അന്നൊന്നും ആരും മാധ്യമ സിന്‍ഡികേട്ട് എന്ന പദം കണ്ടുപിടിക്കുകയോ കാണുന്ന വേദികളിലെല്ലാം അതുപയോഗിക്കുകയോ ചെയ്തിട്ടില്ല.

Unknown said...

ലാവലിന്‍ കേസിന്റെ പിന്നിലെ രാഷ്ട്രീയം മാറ്റിവെച്ചും അതിന്റെ ചരിത്രം ഒഴിവാക്കിയും കാളിദാസനു സംസാരിക്കണമെങ്കില്‍ ആയിക്കോളൂ. മാധ്യമ സിന്‍ഡിക്കേറ്റ് അല്ല പ്രശ്നം ആ പദം കണ്ടു പിടിച്ചതാണല്ലേ കൂടുതല്‍ പ്രശ്നം? അന്നും ഇന്നും ഇടത് നേതാക്കള്‍ വേട്ടയാടപ്പെടുന്നു. അതിനൊരു സംഘടിത രൂപവും ഉണ്ട്. അതാണ് സിന്‍ഡിക്കേറ്റ്. വാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നില്ല എന്ന് കാളിദാസന്‍ പറയുന്നത് അത്ഭുതകരം തന്നെ. ദേശാഭിമാനി പാര്‍ട്ടി പത്രമാണ്. നിഷ്പക്ഷത അവകാശപ്പെടുന്ന പത്രങ്ങളും പാര്‍ട്ടി പത്രങ്ങള്‍ തന്നെ എന്നു കാളിദാസന്‍ പറയുന്നുണ്ടോ? താരതമ്യം കണ്ടപ്പോള്‍ ഒരു ശങ്ക.

kaalidaasan said...

ചിന്താമണി,

ലാവലിന്‍ കേസെന്നല്ല എല്ലാ അഴിമതി കേസുകളിലും രാഷ്ട്രീയമുണ്ടാകാം. അത് മാറ്റിവക്കുന്നതോ ഉള്‍പ്പെടുത്തുന്നതോ ഓരോരുത്തരുടെയും ഇഷ്ടം .

വര്‍ത്തകള്‍ വളച്ചൊടിക്കുന്നതും തമസ്കരിക്കുന്നതും പെരുപ്പിക്കുന്നതും , ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് പണ്ടുമുതലേ ഉണ്ടായിരുന്നു. കോണ്‍ഗ്രസിനു മോശകരമായ ഒരു വാര്‍ത്തയും മനോരമ പ്രസിദ്ധിക്കാരിക്കാറില്ല. പക്ഷെ ദേശാഭിമാനി പ്രസിദ്ധീകരിക്കും. സി പി എമ്മിനു നാണക്കേടുണ്ടാക്കുന്ന ഒരു വാര്‍ത്തയും ദേശാഭിമാനി പ്രസിദ്ധീകരിക്കില്ല, പക്ഷെ മനോരമ പ്രസിദ്ധീകരിക്കും. ഇവ പലപ്പോഴും കൂട്ടിച്ചേര്‍ത്തും, പലതും വിട്ടുകളഞ്ഞും, വളച്ചൊടിച്ചും ആയിരിക്കും. ചിലപ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കും. ഇതെല്ലാം ഒരു പ്രത്യേക വ്യക്തി അല്ലെങ്കില്‍ വ്യക്തികള്‍ ആണുണ്ടാക്കുന്നതെന്ന് ആര്‍ക്കും വിശ്വസിക്കാനവകാശമുണ്ട്. എല്ലാവരും അതു വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്നതില്‍ കാര്യമില്ല. എനിക്കങ്ങനെ ഒരു വിശ്വാസമില്ല.

ഇന്‍ഡ്യയില്‍ ഇന്ന് ഇടതു നേതാക്കളേക്കാള്‍ കൂടൂതല്‍ വേട്ടയാടപ്പെടുന്നത് സംഘ പരിവാര്‍ നേതാക്കളാണ്.

ചില നേതാക്കളെ വിമര്‍ശിക്കുന്നത് ഇത്രയധികം വിഷയമാക്കണോ? പിണറായി വിജയനെ മധ്യമങ്ങള്‍ കൂടുതല്‍ വിമര്‍ശിക്കുന്നതെന്തു കൊണ്ടെന്ന് ഞാന്‍ പല പ്രാവശ്യം പരാമര്‍ശിച്ചതാണ്. പത്രങ്ങളെല്ലാം പഴയ സോവിയറ്റ് യൂണിയനിലേത് പോലെയാകണം എന്ന ഹാങ് ഓവറില്‍ നിന്നാണ്‌ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന കണ്ടുപിടുത്തങ്ങള്‍ വരുന്നത്. കേരളത്തിലെ മുഖ്യധാര പത്രങ്ങള്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും എതിരാണ്. അത് വ്യക്തി വിരോധം കൊണ്ടല്ല. ആശയപരമായ നിലപാടാണുതാനും. അവരില്‍ നിന്നു ഇടത് നേതാക്കള്‍ പുകഴ്ത്തല്‍ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമല്ലേ. ഇടതുപക്ഷത്തിനു ഇഷ്ടപ്പെടാത്തതും അവരെ വിമര്‍ശിക്കുന്നതുമായ വാര്‍ത്തകള്‍ ഇവയെല്ലാം പ്രസിദ്ധീകരിക്കും. എല്ലാ പത്രങ്ങളിലും ഇതു പോലെയുള്ള വാര്‍ത്തകള്‍ വരിക സ്വാഭാവികമാണ്. അത് സംഘടിതമാണെന്നും ആരോ ദുരുദ്ദേശത്തോടേ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതാണെന്നും പറയുന്നത് മണ്ടത്തരമാണെന്നേ ഞാന്‍ പറയൂ. ഇതിനു സ്വഭാവികമായി ഒരു പ്രതികരണം ഉണ്ടാകും പ്രതികരണവും അതിന്റെ പ്രതികരണവുമായി ഇത് അന്തമില്ലാതെ നീളും. പത്രങ്ങള്‍ക്ക് ഇതില്‍ നഷ്ടപ്പെടാനൊന്നുമില്ല. പ്രതികരിക്കുന്ന വ്യക്തിക്കാണു നഷ്ടം ഏറെയും. പിണറായി വിജയനേപ്പോലുള്ള വ്യക്തികള്‍ അത് മനസിലാക്കുന്നില്ല. അതാണു പരിതാപകരം.

പാര്‍ട്ടി പത്രങ്ങളേപ്പോലെ തന്നെ മറ്റു പത്രങ്ങള്‍ക്കും വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ട്. ആരെങ്കിലും നിഷ്പക്ഷത അവകാശപ്പെട്ടാല്‍ അതെന്തിനാണപ്പാടെ വിഴുങ്ങന്നത്? ചിന്താമണി സി പി എം കാരനാണെന്നവകാശപ്പെട്ടു എനു കരുതി ആരും അത് വിശ്വസിക്കില്ല. ചിന്താമണി എടുക്കുന്ന രാഷ്ട്രീയ നിലപാടുകളാണ്, ചിന്താമണി ആരാണെന്നു വിലയിരുത്തപ്പെടാന്‍ ഉപയോഗിക്കുക.

ജനശക്തി said...

"ഇന്‍ഡ്യയില്‍ ഇന്ന് ഇടതു നേതാക്കളേക്കാള്‍ കൂടൂതല്‍ വേട്ടയാടപ്പെടുന്നത് സംഘ പരിവാര്‍ നേതാക്കളാണ്."

സബാഷ് !

പള്ളിവിരോധം -> തീവ്രമാര്‍ക്സിസ്റ്റ് അഭിനയം -> വി.എസ് വിധേയത്വം -> പിണറായി വിരോധം -> സി.പി.ഐ.എം വിരോധം -> ഗോവധവിരോധം -> സംഘപരിവാരാനുഭാവം -> ഇനി ?

ഡീക്കന്റെ പോസ്റ്റില്‍ നസ്രാണിവിരോധത്തില്‍ തുടങ്ങിയ കാളിദാസന്റെ നാള്‍വഴി ഒടുവില്‍ ഇവിടെ സംഘപരിവാരത്തില്‍ പൂര്‍ത്തിയാവുന്നു. ഉള്ളിലെ കാവി വെളിയിലായതിന്റെ ചമ്മലൊന്നും വേണ്ടാ, കാളിയെ പണ്ടേ ആളറിയാം.

Unknown said...

മാധ്യമ സിന്‍ഡിക്കേറ്റിനെയും പത്രങ്ങളുടെ വഴിപിഴച്ച രീതികളെയും ന്യായീകരിക്കുന്നതു കാണുമ്പോള്‍ സങ്കടം. വര്‍ത്തകള്‍ വളച്ചൊടിക്കുന്നതും തമസ്കരിക്കുന്നതും പെരുപ്പിക്കുന്നതും , ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നു നിസ്സംഗമായി പറഞ്ഞുകൊണ്ടിരിക്കുക കാളിദാസന്‍. അതിനെതിരെ പ്രതികരിക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുക. പത്രങ്ങളില്‍ നിന്നും പുകഴത്തലൊന്നും ആരും പ്രതീക്സിക്കുന്നില്ല. പത്രങ്ങള്‍ മാധ്യമധര്‍മ്മം പുലര്‍ത്തണം എന്നു പറയുകയാണ് ചെയ്യുന്നത്. കാളിദാസനും സമ്മതിക്കുന്നുണ്ടല്ലോ അവര്‍ മാധ്യമധര്‍മ്മം പുലര്‍ത്തുന്നില്ല എന്ന്.(വര്‍ത്തകള്‍ വളച്ചൊടിക്കുന്നതും തമസ്കരിക്കുന്നതും പെരുപ്പിക്കുന്നതും). കാളിദാസന്റെ ഊര്‍ജ്ജത്തില്‍ നിന്നും ഇത്തിരി മാധ്യമങ്ങളുടെ വഴിപിഴപ്പിനെതിരെയും ചിലവഴിക്കുക.

സംഘപരിവാര്‍ നേതാക്കള്‍ വേട്ടയാടപ്പെടുകയാണെന്ന വാചകത്തില്‍ കാക്കിസൌസര്‍ പുറത്ത് കാണുന്നുണ്ടോ? ഓ..ചുമ്മാ തോന്നിയതായിരിക്കും.

മരത്തലയന്‍ said...

പള്ളിവിരോധം -> തീവ്രമാര്‍ക്സിസ്റ്റ് അഭിനയം -> വി.എസ് വിധേയത്വം -> പിണറായി വിരോധം -> സി.പി.ഐ.എം വിരോധം -> ഗോവധവിരോധം -> സംഘപരിവാരാനുഭാവം -> ഇനി ?


ഹ ഹ ഹ
അപ്പോൾ എന്നെ പ്പോലെ ചിന്തിക്കുന്ന വേറെ മരത്തലയന്മാരും ഉണ്ട് ഇല്ലേ?

kaalidaasan said...

ജനശക്തി,

കാളിദാസന്റെ ഉള്ളിലൊരു കാവിയുമില്ല. കാളിദാസന്റെ നാള്‍ വഴി അന്വേഷിച്ചു കഷ്ടപ്പെടുകയും വേണ്ട.

പിണറായി എന്ന നേതാവിനെ മാത്രം കണ്ട്, ദേശാഭിമാനി മാത്രം വായിച്ച് ജീവിക്കുന്നതു കോണ്ടാണ്, ഇതൊക്കെ എഴുതുന്നത്. ദേശീയ മാധ്യമങ്ങള്‍ വായിച്ചാല്‍ മറ്റു പലതും മനസിലാകും .

kaalidaasan said...

ചിന്താമണി,

മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്നു പിണറായി പറഞ്ഞു. അതു കൊണ്ട്, ചിന്താമണി വിശ്വസിക്കുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല. അതു കൊണ്ട് എനിക്ക് അതിനെ ന്യയീകരിക്കേണ്ടിയും വരുന്നില്ല.
പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല. അതു കൊണ്ട് എനിക്ക് അതിനെ ന്യയീകരിക്കേണ്ടിയും വരുന്നില്ല.

ചില പത്രങ്ങള്‍ സി പി എമ്മിനും പിണറയിക്കും എതിരെ എഴുതുന്നു. അതു കൊണ്ട് അത് വഴിപിഴച്ചതാണെന്നു ചിന്താമണി കരുതുന്നു. പക്ഷെ ഞാന്‍ കരുതുന്നില്ല.

മനോരമയും ദീപികയും മാതൃഭൂമിയും അവരുടെ ഉടമസ്ഥരുടേ നയമനുസരിച്ച് ഇഷ്ടമുള്ള വാര്‍ത്തകള്‍ പ്രസിദ്ധികരിക്കും. അവ ഒരു സ്വതന്ത്ര രാജ്യത്തെ പത്രങ്ങളായതു കൊണ്ട്, എനിക്കതില്‍ വലിയ അത്ഭുതം തോന്നുന്നില്ല. അതുകൊണ്ട് എനിക്ക് നിസംഗനായിരിക്കാന്‍ പറ്റും. പത്രങ്ങള്‍ എന്തെങ്കിലും കഥ പറഞ്ഞുണ്ടാക്കുനത്, കൊണ്ടല്ല കേരളത്തിലെ ജനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെ പിന്താങ്ങുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധത ചിന്താമണിയും പിണറായി വിജയനും കരുതുന്നതിലും എത്രയോ അപ്പുറമാണ്.ചിന്താമണിയേപ്പോലുള്ളവര്‍ ഇവയെല്ലാം പഴയ സോവിയറ്റ് യൂണിയനിലേപ്പോലെ ആയിരിക്കണമെന്ന് കരുതുന്നതു കൊണ്ട് അത് അംഗീകരിക്കാന്‍ ആവുന്നില്ല.

രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും അവരുടെ നേതാക്കളേക്കുറിച്ചും നല്ലത് പറയുക എന്നത് പത്രധര്‍മ്മമാണെന്ന് എനിക്ക് തോന്നുന്നില്ല. പാര്‍ട്ടി പത്രം എതിര്‍പാര്‍ട്ടിയിലെ നേതാക്കളേക്കുറിച്ച് നല്ലതു പറയാത്തപ്പോള്‍ പാര്‍ട്ടി അത് മറ്റു പത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമാണ്.

കേരളത്തിലെ എല്ലാ പത്രങ്ങളും എന്റെ പാര്‍ട്ടിയേയും അതിന്റെ നേതാക്കളെയും പാടി പുകഴ്ത്തണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുന്നില്ല. ഞാന്‍ എന്റെ ഊര്‍ജ്ജം ചെലവഴിച്ചാലൊന്നും ഒരു മാധ്യമവും മാറില്ല. രാഷ്യ്ട്രീയ നേതാക്കളെ വിലയിരുത്താന്‍ ജനങ്ങള്‍ ക്ക് മാധ്യമങ്ങള്‍ മാത്രമല്ല ഉള്ളത്. അവരുടെ പൊതു ജീവിതവുമുണ്ട്. സ്വന്തം കഴിവില്‍ അത്മവിശ്വാസമുള്ളവര്‍ ഒരു വാര്‍ത്തയുടേയും പിന്‍ബലത്തിലല്ല വളരുന്നത്. അതില്ലാത്തവര്‍ വാര്‍ത്തകളുടെ പിന്നാലെ പോകും . പൊതു പ്രവര്‍ത്തകര്‍ പൊതു ജീവിതത്തിലെ സുതാര്യത കൊണ്ടും ആര്‍ജ്ജവം കൊണ്ടും ജനപ്രീതി നേടും. ദുരൂഹമായ പ്രവര്‍ത്തികളും ദേഷ്യവും എടുത്തു ചട്ടവുമുള്ളവര്‍ വാര്‍ത്തകളെ ആശ്രയിക്കും . എതിരായ വാര്‍ത്ത വരുമ്പോള്‍ അവരുടെ നിയന്ത്രണം നഷ്ടപ്പെടും . അതു കൊണ്ട് മാധ്യമങ്ങളെ പുലഭ്യം പറയും.

മധ്യമ സിന്‍ഡിക്കേറ്റ് കണ്ടുപിടിച്ചതു തന്നെ അത്തരം ഒരു പേടിയില്‍ നിന്നാണ്. ഷാജഹാന്‍ പേടിയില്‍ നിന്നുണ്ടായ ഈ രോഗത്തിനു ഒരു ചികിത്സയും ഇല്ല.

ഒരാളുടെ രാഷ്ട്രീയ നിലപാടറിയാന്‍ ആരും മുണ്ടുപൊക്കിനോക്കി ട്രൌസറിന്റെ നിറം മനസിലാക്കേണ്ട ആവശ്യമില്ല. ഒരു കമ്യൂണിസ്റ്റ് അതു ചെയ്യുമ്പോള്‍ അതാണദ്ദേഹത്തിനു വരാവുന്ന ഏറ്റവും വലിയ അപചയം . സംഘപരിവാറിന്റെ തൊഴുത്തില്‍ എന്നെ കെട്ടാനുള്ള ചിന്താമണിയുടെയും മരത്തലയന്റേയും ഉദ്യമം കൊള്ളാം. ശ്രമിച്ചോളൂ, മതി വരുവോളം .

Baiju Elikkattoor said...

മരത്തലയന്‍റെയും ചിന്താമണിയുടെയും അഭിപ്രായങ്ങള്‍ വായിച്ചു ചിരിച്ചു പോയി.... പ്രസ്ഥാനം പിണറായിയുടെ ആള്‍ക്കാര്‍ ഇങ്ങനെയാണ്! ഉത്തരം മുട്ടിയാല്‍ പിന്നെ കാവി നിറം കാണുന്നുണ്ടോ എന്നാണ് നോട്ടം!! ആടിനെ പട്ടി........., പിന്നെ പേപ്പട്ടി........ അങ്ങനെ അങ്ങനെ............. എന്ത് ചെയ്യാം കുഴലൂതി ശീലിച്ചുപോയില്ലേ..........?!!!