Friday 6 March 2009

തിരകളുടെ ഉപമ







യേശു ക്രിസ്തു ഉപമകളിലൂടെയാണു സംസാരിച്ചിരുന്നത്. ഇ പി ജയരാജന്‍, കമ്യൂണ്സിറ്റു പ്രസ്ഥാനമാണെന്നു വിശേഷിപ്പിച്ച പിണറായി വിജയന്‍ നീണ്ട ഒരു മാര്‍ച്ചിനു ശേഷം ഉപമയിലൂടെ അണികളോട് സംസാരിച്ചു. ദേശാഭിമാനി ഈ മാര്‍ച്ചിനെ ലോംഗ് മാര്‍ച്ചിനോടും, എ കെ ജി നടത്തിയ മാര്‍ച്ചിനോടുമൊക്കെയാണു താരതമ്യപ്പെടുത്തിയത്. ആ മാര്‍ച്ചുകളുടെ തലത്തിലേക്ക് ഇതിനെയും ഉയര്‍ത്തി.


എയര്‍ കണ്‍ഡീഷന്‍ ചെയ്ത കാറില്‍ പട്ടണങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്ക് സഞ്ചരിക്കുന്നതിനെ ആ മാര്‍ച്ചുകളുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ?


ഈ മാര്‍ച്ചിന്റെ സമാപനത്തില്‍ പിണറായി വിജയനും ഉപമകളിലൂടെ സംസാരിച്ചത് തിരകളേപ്പറ്റിയാണ്‌.

ബക്കറ്റില്‍ തിരയുണ്ടാകുമോ?

ഇല്ലെന്നാണ്‌ സഖാവു പിണറായി വിജയന്‍ പറയുന്നത്. അത് ശരിയാണോ?

ഞാനൊക്കെ സ്കൂളില്‍ പഠിച്ചത് കാറ്റു വീശുമ്പോഴാണ്‌ തിരയുണ്ടാകുന്നത് എന്നാണ്‌. ബക്കറ്റില്‍ വെള്ളമെടുത്ത് വച്ചാലും അതില്‍ തിരയുണ്ടാകും. കാറ്റു വീശുമ്പോള്‍ അതില്‍ ചെറിയ തിര കാണാം. അതുപോലെ ജലാശയങ്ങളിലും പുഴകളിലും തിര കാണാം. സമുദ്രത്തില്‍ ശക്തമായ കാറ്റുള്ളതുകൊണ്ട് വലിയ തിരയുണ്ടാകുന്നു.


വാസ്തവത്തില്‍ എന്തിനായിരുന്നു ഈ തിരയുടെ ഉപമ? വി എസിനെ ഒന്നു ഞോണ്ടാന്‍ . അല്ലാതെന്തിന്‌? ഇടക്കിടക്ക് വി എസിനെ ഞോണ്ടാതെ എന്തു പാര്‍ട്ടി പ്രവര്‍ത്തനം?

വി എസ് പാര്‍ട്ടിക്കതീതനാനെന്നും, പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നിലെന്നും, പാര്‍ ട്ടിയെ ധിക്കരിക്കുന്നു എന്നൊക്കെ, എന്നും അക്ഷേപം ഉന്നയിച്ച ആളാണ്‌ പിണറായി. യാതൊരു പ്രകോപനവും കൂടാതെ അദ്ദേഹം വി എസിനെ ഒന്നിരുത്തിയതാണന്ന് കണ്ടത്.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു നവകേരള യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു പിണറായിയുടെ ബക്കറ്റിലെ വെള്ളത്തിന്റെ ഉപമ പ്രസംഗം. വിഎസ് പാര്‍ട്ടിയേക്കാള്‍ മുകളിലാണെന്നു നടിക്കുന്നതു മണ്ടത്തരമാണെന്നു സൂചിപ്പിച്ച പിണറായി, പഴയൊരു ഉറുദു കവിത ഉദ്ധരിച്ചാണു ബക്കറ്റിലെ വെള്ളത്തിന്റെ കഥ പറഞ്ഞത്.

സമുദ്രത്തിന്റെ മാര്‍ത്തട്ടിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴേ വെള്ളത്തിനു തിരകളും ശക്തിയുമുണ്ടാവൂ. പ്രസ്ഥാനത്തിന്റെ മാര്‍ത്തട്ടിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴേ നേതാക്കള്‍ക്ക് ശക്തിയുണ്ടാവൂ എന്നായിരുന്നു വിഎസ്സിനെ വേദിയിലിരുത്തി ശംഖുമുഖം കടപ്പുറത്ത് അന്നു പിണറായിയുടെ ഉപദേശം.


പക്ഷെ സഖാവു പിണറായി മറന്നുപോകുന്ന ഒരു സത്യമുണ്ട്. വെള്ളം ഉണ്ടെന്നു കരുതി സമുദ്രത്തില്‍ തിരയുണ്ടാകുമോ.









ബക്കറ്റിലെ വെള്ളം സമുദ്രത്തില്‍ കൊണ്ടുപോയി ഒഴിച്ചാല്‍ മാത്രം തിരയുണ്ടാവില്ല. കാറ്റു വീശണം . പാര്‍ട്ടിയാകുന്ന സമുദ്രത്തില്‍ ജനകീയ സമരങ്ങളാകുന്ന കാറ്റു വീശണം. എന്നാലെ മാറ്റങ്ങളാകുന്ന തിരകളുണ്ടാകൂ.

ഇനത്തെ പാര്‍ട്ടി നേതൃത്വം അടുത്തകാലത്തൊന്നും ഒരു ജനകീയ സമരം , നടത്തിയതായിട്ടോ, ജനങ്ങളുടെ പ്രശ്നങ്ങളില്‍ കൊടുങ്കാറ്റു പോലെ ഇടപ്പെട്ടതായിട്ടോ ആര്‍ക്കും അറിയില്ല. വി എസിന്റെ നേതൃത്വത്തില്‍ നടന്ന രണ്ട് വിപ്ളാവത്മക സമരങ്ങളെ പാര്‍ട്ടിയിലെ ഒരു വിഭാഗം അളുകളുടെ ഒത്താശയയോടെ മാഫിയകള്‍ പരാജയപ്പെടുത്തി.

ബക്കറ്റിലെ വെള്ളം ഒഴിച്ചതുകൊണ്ടുമാത്രം സമുദ്രത്തില്‍ തിരയുണ്ടാവില്ല എന്നത് സഖാവിനറിയാത്തതാണോ അതോ മനപ്പുര്‍വം പറയാതിരുന്നതാണോ?


വി എസും മറ്റൊരു ബക്കറ്റിന്റെ കഥ പറഞ്ഞു. രണ്ടുനാള്‍ കഴിഞ്ഞ്. അത് പല യഥാര്‍ത്ഥ്യങ്ങളും, ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയിച്ചു.

അതിലെ പ്രസക്ത ഭാഗങ്ങളാണു താഴെ.

പല മഹാസമുദ്രങ്ങളും വറ്റി വരണ്ടാണ് ഈ മരുഭൂമികള്‍ ഉണ്ടായത്. ഇന്നും ഭൂമുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മഹാസമുദ്രങ്ങളാണ്. എന്നാല്‍ പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹിക വ്യവസ്ഥിതിയിലും വറ്റി വരണ്ടു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നിന്ന് അതിശക്തമായ അലകള്‍ വീശിയതിനെ തുടര്‍ന്നാണ് ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നത്. നിര്‍ഭാഗ്യടഗ്യകരമെന്നു പറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാന്‍ ഇടയായി.

പിന്നീടതില്‍ നിന്നു കോരുന്ന ബക്കറ്റ് വെള്ളത്തിനു മറ്റൊരു കഥയേ പറയാന്‍ കഴിയൂ. എന്നാല്‍ ലോകം അത് അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണു, ലാറ്റിന്‍ അമേരിക്കയിലും മധ്യേഷ്യയിലും മറ്റും ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ്ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണു, കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പുറം രാജ്യങ്ങളില്‍ സ്വയം അധ്വാനം വിറ്റു കണ്ണീരും വിയര്‍പ്പും ഒഴുക്കിക്കഴിയുന്നവര്‍ മടങ്ങി വരുമ്പോള്‍ അവര്‍ക്കൊരു കൂര പണിയാന്‍ അഞ്ചു സെന്റ് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.

ഭൂമിവില കുത്തനെ ഉയരാന്‍ കാരണം ഭൂമാഫിയകളുടെ പ്രവര്‍ത്തനമാണ്. വഴിവിട്ട രീതിയില്‍ പ്രവര്‍ത്തനം നടത്തി പണം സ്വരൂപിച്ചു കേരളത്തില്‍ കൊണ്ടു വന്ന് ഒഴുക്കി ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെ വിരലിലെണ്ണാവുന്ന ചിലര്‍ ചേര്‍ന്നു സൃഷ്ടിച്ചിരിക്കുകയാണ്. ഇതില്‍ രാഷ്ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും കൂട്ടുകെട്ട് അഭംഗുരം തുടരുന്നു എന്നാണു നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. ഗള്‍ഫില്‍ ഉപജീവനത്തിനെത്തിയ സാധാരണക്കാര്‍ ഈ വിപത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

അര്‍ദ്ധ രാത്രി സൂര്യനുദിച്ചാല്‍ ഇത്തരക്കാരുടെ മുഖംമൂടി വളരെ വേഗം തിരിച്ചറിയാവുന്നതാണ്. ഇതു ഗള്‍ഫിലെ സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളാണു വേഗം തിരിച്ചറിയുന്നത്.




കേരളപ്പിറവിക്കു ശേഷം ഉണ്ടായ ഏറ്റവും വിപ്ലവാത്മകമായ സമരം എന്നു വിശേഷിപ്പിക്കാവുന്നതാണു നെല്‍വയല്‍ നിരത്തലിനെതിരെ, വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമരം. അതിനെ, 'വെട്ടി നിരത്തല്‍ സമരം' എന്ന് ആക്ഷേപിച്ച് , വിമര്‍ശിച്ച് എതിര്‍ത്തു പരാജയപ്പെടുത്തി, ഭൂമാഫിയകള്‍. അത് പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്കും വ്യക്തമായ ഒരു പങ്കുണ്ട്.

അതിനു ശേഷം ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ നടന്ന നീക്കവും സമാന സ്വഭാവമുള്ളതും, അഭൂത പൂര്‍വമായതുമായിരുന്നു. ഭൂമാഫിയക്കാരെ പേടിച്ചും അവര്‍ക്ക് ഒത്താശചെയ്തും ഭരണ നേതൃത്വം നിന്നിരുന്ന കേരളത്തില്‍, അവര്‍ക്കെതിരെ ആദ്യമായാണങ്ങനെ ഒരു നീക്കമുണ്ടായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ പാര്‍ട്ടി നേതൃത്വം അത് പരാജയപ്പെടുത്തുന്നതിലും നല്ല ഒരു പങ്കു വഹിച്ചു.

ഈ ഭൂമാഫിയക്കാരു തന്നെയാണിപ്പോള്‍ ഭൂമി വില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ ആക്കിയതും. ആ മാഫിയക്കാരില്‍ ഒരാളായ ഫാരീസ് അബൂബേക്കര്‍ ഇന്ന് പാര്‍ട്ടിയുടേ ചങ്ങാതിയാണ്.


കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ കളങ്കങ്ങളാണവയൊക്കെ. ഇത്തരത്തിലുള്ള കളങ്കങ്ങള്‍ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി വി എസ് നില കൊള്ളും എന്ന്, ഈ വിപത്തുകളുടെ ഭീകരത തിരിച്ചറിയുന്നവര്‍ മനസിലാക്കും.

4 comments:

{{ തല്‍കൊള്‍ }} said...

ഈ വാക്കുകള്‍ ഇവിടെ കുറിച്ചിട്ടതിന്‌ അഭിനന്ദനം. (കൂട്ടത്തില്‍ പറയട്ടെ ധീരതയോടെ, യൂക്തിപൂര്‍വ്വം ബ്ലോഗുകളിലുള്ള കാളിദാസന്റെ ഇടപെടലുകളെ ബഹുമാനത്തോടെ വീക്ഷിക്കുന്ന അനേകം പേരില്‍ ഒരുവനാണ്‌ ഞാനും., പിന്നെ എന്റെ ചില കുരുത്തം കെട്ട ചില നിലപാടുകളൈയൊന്നും അത്ര പരിഗണിക്കേണ്ടതില്ല.. നീതിയോടുള്ള, യുക്തിയോടുള്ള, സത്യത്തോടുള്ള, ധാര്‍മ്മികതയോടുള്ള നിങ്ങളുടെ കമിറ്റമെന്റിനെ വീണ്ടും അഭിനന്ദിക്കട്ടെ. അതിനുവേണ്ടിയുള്ള അത്യദ്ധ്യാനങ്ങള്‍ക്ക്‌, ഒരുപക്ഷെ നാളെയാവും റിസല്‍ട്ട്‌ കണ്ടേക്കുക......)

kaalidaasan said...

നന്ദി തല്ലുകൊള്ളി.

താങ്കള്‍ക്കും മറ്റെല്ലാവര്‍ക്കും ഏതു നിലപാടും എടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍ .

ഒരു പക്ഷെ ഞാന്‍ അതിനെ എതിര്‍ത്തേക്കാം. അല്ലെങ്കില്‍ പിന്തുണച്ചേക്കാം. പക്ഷെ ഒരിക്കലും അധിക്ഷേപിക്കില്ല.

Baiju Elikkattoor said...

പ്രസക്തമായ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിചിരിക്കുന്നൂ, നന്ദി. സാമൂഹിക നീതിക്ക് വേണ്ടി നിലകൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തെ മാഫിയകള്‍ കാര്‍ന്നു കാര്‍ന്നു ഇന്നിപ്പോള്‍ വെറും പുറന്തോട് മാത്രം അവശേഷിക്കുന്നൂ. വി എസ് അച്യുതാനന്ദന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് കരുത്ത്‌ പകരാന്‍ കൂടുതല്‍ കൂടുതല്‍ പൊതുജന മുന്നേറ്റം ഉണ്ടായെങ്കില്‍ എന്നാശിക്കുന്നൂ.

kaalidaasan said...

ബൈജു,

അഭിപ്രായത്തിനു നന്ദി.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രസക്തമാകുനത് ജനപക്ഷത്തു നിന്നുകൊണ്ടുള്ള ബഹുജന സമരങ്ങളിലൂടെയാണ്. വലതു പക്ഷ പ്രസ്ഥാനങ്ങളിലെ അപചയം അതിനെ ബാധിച്ചാല്‍ അതിന്റെ ധാര്‍മ്മികത നഷ്ടപ്പെടുന്നു. ആ അപചയം ഉണ്ടാവാതെ നോക്കേണ്ടത് എല്ലാ ഇടതുപക്ഷ അനുഭാവികളുടെയും കടമയാണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌.