അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെതിരെ ഉണ്ടായ ഏറ്റവും വലിയ ആരോപണം അദ്ദേഹം സംഘപരിവാറിന്റെ വളര്‍ച്ചയില്‍ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ്.
ഈ ആരോപണം ശക്തമായി ഉന്നയിക്കുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരും അനുഭാവികളും ആണ്. അവരില്‍ ഒരാളുടെ അഭിപ്രായം ല്‍ കിടക്കുന്നത് ഇങ്ങനെ.
ജീവികളെ വളര്‍ത്തുക എന്ന് കേട്ടിട്ടുണ്ട്. ഒരാശയത്തെ മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ സാധിക്കുമോ? സംശയമാണ്.
അബ്ദുല്‍ കലാം എന്ന ശാസ്ത്രജ്ഞന്‍ ഇന്‍ഡ്യന്‍ പ്രസിഡണ്ടായ ശേഷമാണ്, അദ്ദേഹം സംഘ പരിവാറിനനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന ചില നിലപാടുകളെടുത്തത്. ഹൈന്ദവ നേതാക്കളുമായി സഹവസിക്കുക, ഹൈന്ദവ പുണ്യപുരുഷന്മാരെ സന്ദര്‍ശിക്കുക, ഹിന്ദു മതത്തെ പുച്ഛിക്കാതിരിക്കുക തുടങ്ങിയ ചില ചെയ്തികളൊക്കെ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതൊക്കെ ചെയ്യുന്ന അനേകം മറ്റ് മതസ്ഥരുണ്ട്. പക്ഷെ അവരൊന്നും സംഘപരിവാറിനെ വളര്‍ത്തുന്നു എന്ന പഴി കേള്‍ക്കേണ്ടി വന്നിട്ടില്ല. ബി ജെ പി എന്ന പാര്‍ട്ടി കലാമിനെ പ്രസിഡണ്ടാക്കി എന്ന ഒറ്റ കാരണത്താലാണദ്ദേഹം ഈ പഴി കേള്‍ക്കേണ്ടി വന്നത്. സി പി എം നിറുത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു എന്നത് ഈ പഴിയുടെ ആക്കം കൂട്ടുന്നു.
കലാം പ്രസിഡണ്ടാകുന്നത് 2002 ല്‍ ആയിരുന്നു. 1996ല്‍ തന്നെ ബി ജെ പി ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിരുന്നു. ഈ വളര്‍ച്ചയില്‍ കലമാണോ അതോ മറ്റ് വല്ലവരുമാണോ വലിയ പങ്കു വഹിച്ചിട്ടുള്ളത്. ഇന്‍ഡ്യയിലെ സംഘ പരിവാറിന്റെ ചരിത്രമൊന്നു പരിശോധിക്കാം
1906 ല്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ താല്‍പര്യങ്ങള്‍ അസംരക്ഷിക്കാന്‍ വേണ്ടി മുസ്ലിം ലീഗ് എന്ന ഒരു മുസ്ലിം സംഘടന രൂപീകരിച്ചിരുന്നു. 1909ല്‍ ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക Electorate അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ചു. ഈ രണ്ട് സംഭവങ്ങളും മുസ്ലിം പ്രീണനമാണെന്ന് ധരിച്ച കുറച്ച് ഹിന്ദുക്കള്‍ മതാടിസ്ഥനത്തില്‍ സംഘടിക്കുവാന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി ഹിന്ദു മഹാ സഭ എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടു. പക്ഷെ ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണനം ആയിരുന്നു അവരുടെ തുരുപ്പു ചീട്ട്. ഹിന്ദു മഹാസഭയുടെ ഉയര്‍ന്ന നേതാവായിരുന്ന ഹെഡ്ഗേവാര്‍ സംഘടന ഉപേക്ഷിച്ച് കുറച്ചു കൂടെ തീവ്ര നിലപാടുകളുള്ള ആര്‍ എസ് എസ് എന്ന സംഘടന രൂപീകരിച്ചു.
1925 ല്‍ ആയിരുന്നു ആര്‍ എസ് എസ് എന്ന ഹിന്ദു സംഘടന രൂപം കൊണ്ടത്. തീവ്ര ഹൈന്ദവതയും ഇസ്ലാം വിരോധവുമായിരുന്നു അവരുടെ മുഖ മുദ്ര. ഹിന്ദു മഹാസഭയേക്കാള്‍ വളരെ വേഗം ആര്‍ എസ് എസ് വളര്‍ന്നു. ഇന്നത്തെ ബി ജെ പി നേതാക്കളില്‍ ബഹു ഭൂരിപക്ഷവും ആര്‍ എസ് എസ് എന്ന സംഘടനയിലൂടെ വളര്‍ന്നു വന്നവരാണ്.
1940 കളില്‍ മുസ്ലിം ലീഗ് പ്രത്യേക മുസ്ലിം രാഷ്ട്രത്തിനു വേണ്ടിയുള്ള നിലപാടു കടുപ്പിച്ചു. ആര്‍ എസ് എസ് അത് ശരിക്കും മുതലെടുത്ത് കൂടുതല്‍ വളര്‍ന്നു. ഗന്ധിജിയുടെ കോണ്‍ഗ്രസ് വ്യക്തമായ മുസ്ലിം പ്രീണനം നടത്തിയതൊക്കെ ആര്‍ എസ് എസിനു വളരാന്‍ സഹായകമായി. ഗാന്ധി വധത്തോടെ ഹിന്ദു മഹസഭ ജനങ്ങളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. ഇത് മനസിലാക്കിയ ശ്യാമപ്രസാദ് മുഖര്‍ജി 1951 ൽ ഹിന്ദു മഹാസഭ വിട്ട് ഭാരതീയ ജനസംഘമെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍ എസ് എസ് ആയിരുന്നു ഈ സംഘടനയുടെ പ്രധാന ഊര്‍ജ്ജം. ഹിന്ദു മഹാസഭയും ആര്‍ എസ് എസും മുന്നോട്ട് വച്ച ഹിന്ദുത്വ തന്നെ ആയിരുന്നു ജന സംഘത്തിന്റെ ആശയവും.
ആര്‍ എസ് എസിന്റെ രാഷ്ട്രീയ മുഖം ആയിരുന്നു ജന സംഘം. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന പല കോണ്‍ഗ്രസ് നേതാക്കളും ജന സംഘത്തില്‍ ചേര്‍ന്നു. 1967 ലെ തെരഞ്ഞെടുപ്പോടു കൂടി ജന സംഘം വലിയ നേട്ടങ്ങളുണ്ടാക്കി. പ്രത്യേകിച്ചും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍. മുസ്ലിം വിരോധം, പാകിസ്ഥാന്‍ വിരോധം, ചൈന വിരോധം, കമ്യൂണിസ്റ്റു വിരോധം എന്നിവയായിരുന്നു ജനസംഘത്തിന്റെ പ്രധാന നയങ്ങള്‍.
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിര ഭരണത്തിനെതിരെ ഒരു ജനകീയ നീക്കമുണ്ടായപ്പോള്‍ 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളോടൊപ്പം ജന സംഘം നേതാക്കളും ജയിലില്‍ അടക്കപ്പെട്ടു. 1977ല്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ജയിലില്‍ കിടന്നിരുന്ന നേതാക്കളൊക്കെ ചേര്‍ന്ന് ഒരു കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുടെ രൂപ രേഖ തയ്യാറാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരുമിച്ച് മത്സരിച്ചു. എന്നു വച്ചാല്‍ ജന സംഘവും സി പി എമ്മും ഒറ്റ മുന്നണിയായി ഇന്‍ഡ്യ മുഴുവന്‍ മത്സരിച്ചു.
കലാം എന്ന വ്യക്തിയെ ഇന്‍ഡ്യ അറിയുന്നതിനും വളരെ മുന്നെ സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടി ജന സംഘത്തിന്, ഇന്‍ഡ്യയില്‍ മേല്‍ വിലാസമുണ്ടാക്കിക്കൊടുക്കാന്‍ കാരണമായി. കേരളത്തില്‍ രണ്ടു മണ്ഡലങ്ങളില്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് കമ്യൂണിസ്റ്റു നേതാക്കള്‍ വോട്ടു പിടിച്ചു. കമ്യൂണിസ്റ്റുകാര്‍ വോട്ടു ചെയ്തു. കേന്ദ്രത്തില്‍ ജനസംഘം ഉള്‍പ്പെട്ട മുന്നണി അധികാരത്തിലെത്തി. പിന്നീട് ഈ മുന്നണിയിലെ കക്ഷികളൊക്കെ ലയിച്ച് ജനതാ പാര്‍ട്ടി എന്ന ഒറ്റ പാര്‍ട്ടിയുമായി. സി പി എം ഈ പാര്‍ട്ടിയുമായുള്ള ബന്ധം തുടര്‍ന്നും കൊണ്ടുപോയി. 1980 ല്‍ ഈ പാര്‍ട്ടി ശിഥിലമായപ്പോള്‍ പഴയ ജനസംഘം നേതാക്കളൊക്കെ ചേര്‍ന്ന് ബി ജെ പി എന്ന പാര്‍ട്ടി രൂപീകരിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമേ ഈ പാര്‍ട്ടിക്ക് ലഭിച്ചുള്ളു. ഇന്ദിര വധത്തിന്റെ സഹതാപത്തില്‍ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും അടി പതറിയപ്പോള്‍ ബി ജെ പിക്കും അടി പതറി. പക്ഷെ 1989 ആയപ്പോഴേക്കും അവര്‍ ശക്തിയായി തന്നെ തിരിച്ചു വന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതിരുന്ന പാര്‍ലമെന്റില്‍ ഇടതുപക്ഷവും ബി ജെ പിയും വി പി സിംഗിനെ പുറത്തു നിന്നും പിന്തുണച്ചു. ഉത്തര്‍ പ്രദേശ് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തിലെത്തി.
1992ല്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ ഹിന്ദു വികാരം കൂടുതല്‍ ഉണര്‍ന്നു.
പിന്നീട് പല തെരഞ്ഞെടുപ്പുകളിലൂടെയും കടന്ന് 1996 ആയപ്പോഴേക്കും ബി ജെ പി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷി ആയി തീര്‍ന്നിരുന്നു. അതു വരെയുള്ള ബി ജെപിയുടെ വളര്‍ച്ചയില്‍ കലാമിന്റെ പങ്കെന്താണെന്ന് എനിക്ക് ഒട്ടും മനസിലാകുന്നില്ല. ഒരു പങ്കുമില്ല എന്നു തന്നെയാണെന്റെ പക്ഷം. പാര്‍ലമ്നെറ്റില്‍ ഏറ്റവും വലിയ കക്ഷി ആയി തീര്‍ന്ന ഒരു പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുക എന്നത് സ്വാഭാവിക സംഭവവികാസമാണ്.
കോണ്‍ഗ്രസിന്റെ കെടു കാര്യസ്ഥതയും ജീര്‍ണ്ണതയും ബി ജെപ്പിക്ക് വളരാന്‍ സഹായകമായി. ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ശിലാന്യാസത്തിനു തുറന്നു കൊടുത്തതൊക്കെ അവര്‍ അവരുടെ നേട്ടമായി കൊണ്ടാടി. അതൊക്കെ വിശ്വസിക്കാനും അംഗീകരിക്കാനും കൂടുതല്‍ ഹിന്ദുക്കള്‍ തയ്യാറായി. അദ്വാനി രഥമുരുട്ടി നടന്ന് ഹിന്ദു വകാരം ഉണര്‍ത്തി. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ കൂടുതല്‍ ഹിന്ദുക്കള്‍ ബി ജെപി പക്ഷത്തേക്കു ചാഞ്ഞു.കോണ്‍ഗ്രസിന്റെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും കമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും ചില നയങ്ങളും ബി ജെ പിയുടെ വളര്‍ച്ചക്ക് കരണമായി.
ഇതു വരെ കോണ്‍ഗ്രസ് ശക്തമായിരുന്ന സംസ്ഥാനങ്ങളിലാണ്, ബി ജെ പി വളര്‍ന്നത്. ഇപ്പോള്‍ മറ്റിടങ്ങളിലേക്കും ബി ജെ പി പടര്‍ന്നു കയറുന്നുണ്ട്.
കേരളത്തില്‍ പോലും കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ നിന്നും ബി ജെപിയിലേക്ക് ആളുകള്‍ ചേക്കേറുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരാണ്, കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ നെടും തൂണ്. ഇന്ന് പക്ഷെ ഈഴവര്‍ക്ക് ബി ജെ പി ചതുര്‍ത്ഥിയൊന്നുമല്ല. വെള്ളാപ്പള്ളി നടേശന്‍ ബി ജെ പിയുമായി കൈ കോര്‍ത്തു കഴിഞ്ഞു. ആ വഴി കുറച്ച് ഈഴവരെങ്കിലും ബി ജെ പി പക്ഷത്തേക്ക് മാറുമെന്ന് തീര്‍ച്ചയാണ്.
ഈ മനം മാറ്റത്തിന്, പിണറായി വിജന്റെ നേതൃത്വത്തില്‍ എടുത്ത പല നടപടികളും കാരണമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ന്യൂന പക്ഷ പ്രീണനം എന്നു വ്യാഖ്യനിക്കാവുന്ന പല നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
സി പി എമ്മിനു വേണ്ടി വര്‍ഷങ്ങള്‍ പണിയെടുത്ത, തല്ലുകൊണ്ട പാര്‍ട്ടി അംഗങ്ങളെ ഇളിഭ്യരാക്കി എറണാകുളത്തും പത്തനം തിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും പൊന്നാനിയിലുമൊക്കെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സ്ഥനാര്‍ത്ഥികളാക്കിയതൊക്കെ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഷമമുണ്ടാക്കിയിട്ടുണ്ട്. ന്യൂന പക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന് എതിരാളികള്‍ക്ക് വ്യഖ്യാനിക്കാവുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. റ്റി പി ചന്ദ്രശേഖരനേപ്പോലെ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. പല സി പി എം നേതാക്കളുടെയും ജീവിത രീതി കമ്യൂണിസ്റ്റുകാര്‍ക്ക് യോജിക്കുന്നതരത്തിലല്ലാതായി. പുച്ഛവും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റം. അസഭ്യമായ പദപ്രയോഗങ്ങള്‍. ഇതൊക്കെ പലരെയും പാര്‍ട്ടിയില്‍ നിന്നകറ്റി. അവരില്‍ പലരും ബി ജെപിയോട് അനുഭാവം പ്രകടിപ്പിക്കാനും തുടങ്ങി.
അപ്പോള്‍ ബി ജെ പി വളരാന്‍ കലാമിനേക്കാളും കൂടുതല്‍ സഹായം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍, പ്രത്യേകിച്ച് സി പി എം ചെയ്തിട്ടുണ്ട്. പക്ഷെ കമ്യൂണിസ്റ്റുകാര്‍ ആരും തന്നെ ഇത് സമ്മതിക്കില്ല.