Saturday, 14 February 2015

ജനകീയ ജനാധിപത്യ വിപ്ളവം 
ജനകീയ ജനാധിപത്യ വിപ്ളവം എന്നത് ഇന്‍ഡ്യയിലെ  കമ്മ്യൂണിസ്റ്റു പാര്‍ട്ടി അര നൂറ്റാണ്ടുകള്‍ക്ക് മുന്നെ ആവിഷ്കരിച്ച നയപരിപാടി ആയിരുന്നു. സായുധ വിപ്ളവം ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായതും.   പക്ഷെ അത് നേടി എടുക്കാന്‍ ഇന്നു വരെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതിനു പകരം ​നിസാര കാര്യങ്ങളില്‍ വാശിപിടിച്ച് പല കക്ഷണങ്ങളായി  തല്ലിപ്പിരിഞ്ഞ് ഇപ്പോള്‍ ഏറ്റവും ശോഷിച്ച അവസ്ഥയില്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിസം എത്തി നില്‍ക്കുന്നു. എന്നിട്ടും ധാര്‍ഷ്ട്യത്തിനു യാതൊരു കുറവുമില്ല. പൊതു വേദികളില്‍ പരസ്യമായി വിഴുപ്പലക്കി അവര്‍ സായൂജ്യമടയുന്നു.

മൂന്നു സംസ്ഥാനങ്ങളില്‍ അധികാരം ലഭിച്ചപ്പോള്‍ അത് നിലനിറുത്താനുള്ള അടവുനയങ്ങളില്‍ മാത്രമായി  കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ശ്രദ്ധ. അതിനു വേണ്ടി കൂട്ടുകൂടാന്‍ പാടില്ലാത്ത പാര്‍ട്ടികളുമായി കൂട്ടുകൂടി. കോണ്‍ഗ്രസുമായും ബി ജെ പിയുമായും കമ്യൂണിസ്റ്റുപാര്‍ട്ടികൾ  കൂട്ടുകൂടി. കോണ്‍ഗ്രസിനെ തടഞ്ഞു നിറുത്താന്‍  ആദ്യം ബി ജെ പിയുടെ പൂര്‍വ്വരൂപമായ ജനസംഘവുമായി പരസ്യമായി സഖ്യമുണ്ടാക്കി. പിന്നീട് ബി ജെ പിയെ തടഞ്ഞു നിറുത്താന്‍  കോണ്‍ഗ്രസുമായും സഖ്യത്തിലേര്‍പ്പെട്ടു. അങ്ങനെ സ്വന്തമായി ഉണ്ടായിരുന്ന അസ്ഥിത്വം കളഞ്ഞു കുളിച്ചു. ബി ജെ പിയെ  തടഞ്ഞു തടഞ്ഞ് അവരിന്ന് ഒറ്റക്കു ഭൂരിപക്ഷം നേടു ന്ന നിലയിലുമായി. കമ്മ്യൂണിസ്റ്റുകാര്‍ വഴിയാധാരവും. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മിറ്റി തുടങ്ങിയ ലുമ്പന്‍ സമിതികളുടെ സമ്മേളനം മുറക്കു നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ സ്വപ്നം കണ്ട  ജനകീയ ജനാധിപത്യ വിപ്ളവം കോഴിക്കു മുല  വരുന്ന പോലെയും ആയി.

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം  കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേടി എടുക്കേണ്ടിയിരുന്ന ജനകീയ ജനാധിപത്യ വിപ്ളവം കഷ്ടിച്ച് രണ്ടു വര്‍ഷം മാത്രം പ്രായമുള്ള ഒരു  രാഷ്ട്രീയ പാര്‍ട്ടി നേടി എടുത്ത പശ്ചാത്തലമാണ്. ബി ജെ പിയേയും കൊണ്‍ഗ്രസിനെയും ഒരുമിച്ച് എതിര്‍ത്തു തോല്‍പ്പിച്ചാണവര്‍ ഡെല്‍ഹിയില്‍ വിജയം നേടിയത്.

ഈ വിജയത്തിന്റെ കാരണങ്ങളൊക്കെ നീട്ടിയും പരത്തിയും പലരും പല വേദികളിലുമെഴുതി വിടുന്നുണ്ട്. ബി ജെ പി ചെയ്ത തെറ്റുകളും കോണ്‍ഗ്രസിനു പറ്റിയ പാളിച്ചകളുമൊക്കെ അവര്‍ ഘോര ഘോരം ഉത്ഘോഷിക്കുന്നുമുണ്ട്. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. തെരഞ്ഞെടുപ്പുകളില്‍  വിജയങ്ങളും പരാജയങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു ശതമാനം വോട്ടുകളേ ബി ജെപിക്ക് കുറഞ്ഞിട്ടുള്ളു. കഴിഞ്ഞ 8 മാസത്തെ ബി ജെ പി സര്‍ക്കാരിന്റെയും അവരുടെ നേതാക്കളുടെയും പ്രവര്‍ത്തികള്‍  വച്ചു നോക്കുമ്പോള്‍ ഇത്രയേ കുറഞ്ഞുള്ളു എന്നതാണത്ഭുതപ്പെടുത്തുന്നത്. അതുകൊണ്ട് അവടെ പരാജയം  ഭീമമാണെന്നു പറയാന്‍ പറ്റില്ല. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ  പ്രത്യേകതകൊണ്ട് അവര്‍ക്ക് മൂന്നു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു എന്നു മാത്രം.

കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും നേടിയ വിജയത്തിനു പൊന്‍ തൂവല്‍ ചാര്‍ത്തുന്ന അനേകം ഘടകങ്ങളുണ്ട്. അതിലേറ്റ വും പ്രധാനം ആ പാര്‍ട്ടി 54% വോട്ടുകള്‍  നേടി എന്നതാണ്, ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഇത്രയധികം വോട്ടുകള്‍  ഒരു പാര്‍ട്ടി നേടുന്നത്  ആദ്യമാണ്. 50% വോട്ടുകള്‍  നേടി ഏതെങ്കിലും ഒരു പാര്‍ട്ടി ഇന്‍ഡ്യയില്‍ തെരഞ്ഞെടുപ്പു ജയിച്ചതായി എന്റെ  അറിവില്‍ ഇല്ല. വോട്ടു ചെയ്ത ഭൂരിപക്ഷത്തിന്റെയും പിന്തുണ നേടി ജനാധിപത്യത്തിന്റെ ശരിയായ അര്‍ത്ഥം  ആണു ഡെല്‍ഹിയില്‍ കണ്ടത്. ഇതിനെ ഞാന്‍ ജനകീയ ജനാധിപത്യ വിപ്ളവം എന്നു വിളിക്കുന്നു.  ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച 55 പേരും 50% വോട്ടുകളില്‍ അധികം നേടി എന്നത് ഈ വിജയത്തിന്റെ മാറ്റ് അനേകമടങ്ങ് കൂട്ടുന്നു.

മകന്റെ സ്ഥാനാരോഹണത്തിന്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയെ ക്ഷണിക്കാതെ പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് തന്റെ  കൂറ്, ആരോടാണെന്നു തെളിയിച്ച ഒരു താടിവച്ച സത്വം കേജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് ധൈര്യപൂര്‍വ്വം തള്ളിക്കളഞ്ഞതാണ്, ശ്ലാഘനീയമായ മറ്റൊരു ഘടകം. ഇന്‍ഡ്യയില്‍ ഇന്നു വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാണിക്കാത്ത ചങ്കൂറ്റമാണത്. മദനി എന്ന തീവ്രവാദിയെ കെട്ടി എഴുന്നള്ളിച്ചു നടന്ന പിണറായി വിജയനേപ്പോലുള്ളവരായിരുന്നെങ്കില്‍  ഈ താടിവച്ച സത്വത്തിന്റെ പിന്തുണ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.

ബി ജെ പിയും കോണ്‍ഗ്രസും ആം ആദ്മി പര്‍ട്ടിയെയും  പ്രത്യേകമായി കെജ്‌രിവാളിനെയും കടന്നാക്രമിച്ച് വ്യക്തിപരമായി അധിക്ഷേപിച്ചു നടന്നപ്പോള്‍ കെജ്‌രിവാള്‍ ജനങ്ങളുടെ പ്രശ്നങ്ങളിലൂന്നി തെരഞ്ഞെടുപ്പു പ്രചരണം  നടത്തി. നരേന്ദ്ര മോദി കെജ്‌രിവാളിനെ എ കെ 47 എന്ന തോക്കിന്റെ ഗണത്തിലാണുള്‍പ്പെടുത്തി ആണ്  ആക്ഷേപിച്ചിരുന്നത്. കിരണ്‍ ബേദി എന്ന ഇറക്കുമതി ചരക്ക് ഒരിക്കലും ഉപയോഗിക്കന്‍ പാടില്ലാത്ത പദങ്ങളുപയോഗിച്ചായിരുന്നു ഈ മനുഷ്യനെ അവഹേളിച്ചത്. അതും പഴയ സഹപ്രവര്‍ത്തകനെന്ന പരിഗണന പോലും നല്‍കാതെ. ബി ജെ പിയെ ഇത്ര കാലവും ചീത്ത പറഞ്ഞു നടന്നിരുന്നതാണാ സ്ത്രീ. അതിലേറ്റവും പ്രധാനപ്പെട്ടത് മോദിയുടെ കയ്യില്‍ ഗുജറാത്ത് കൂട്ടക്കൊലയുടെ കറ ഉണ്ടെന്നായിരുന്നു.  മുഖ്യ മന്ത്രി പദം എന്ന കാരറ്റ് വച്ചു നീട്ടിയപ്പോള്‍  എല്ലാം മറന്ന്  ചടി വന്നു സ്വീകരിച്ചു. ഇതുപോലെയുള്ള രാഷ്ട്രീയ നപുംസകങ്ങളെ ഡെല്‍ഹി വോട്ടര്‍മാര്‍ ഇരുത്തേണ്ടിടത്ത് ഇരുത്തി. കെജ്‌രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പുലഭ്യം  പറഞ്ഞത്  ബേദി ആയിരുന്നു എന്നു കൂടെ ഓര്‍ക്കുക. ഇത്രയൊക്കെ അധിക്ഷേപിച്ചിട്ടും കെജ്‌രിവാള്‍  ഈ സ്ത്രീയേ മൂത്ത സഹോദരി എന്നാണഭിസംബോധന ചെയ്തതെന്നോര്‍ക്കുക. മാനുഷിക മൂല്യങ്ങള്‍ അതി വേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ ആസുര കാലത്ത് അതിന്റെ തരികള്‍  ഇനിയും അവശേഷിക്കുന്നു എന്ന് പൊതു ജനത്തെ ബോധ്യപ്പെടുത്താന്‍ ഈ പെരുമാറ്റത്തിനു സാധിച്ചു. എതിരാളികളെ പരനാറി എന്നു വിളിക്കുകയും അതിനെ ഇപ്പോഴും ന്യായീകരിക്കുകയും, ഇതിലും നാറിയ പേരായിരുന്നു വിളിക്കേണ്ടിയിരുന്നതെന്നും പറഞ്ഞ്  നടക്കുന്ന ഭീകര ജീവികളുള്ള നാട്ടില്‍  ഇതൊക്കെ കാതിനു കുളിര്‍മ്മ നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകളാണെന്ന് നിസംശയം പറയാം.

ഈ വിജയത്തിലെ ഏറ്റവും പ്രധന ഘടകം എന്നു ഞാന്‍ വിശേഷിപ്പിക്കുക യുവജങ്ങളുടെ പങ്കളിത്തവും അവര്‍ വോട്ടവകാശം ആയി ഉപയോഗപ്പെടുത്തിയതുമാണ്.  18 മുതല്‍ 22 വയസുവരെ പ്രായമുള്ള വോട്ടര്‍മാരില്‍ 63% ആളുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തു. 23 മുതല്‍ 35 വയസുവരെ പ്രായമുള്ളവരില്‍ 57  %  ഈ പാര്‍ട്ടിക്ക് വോട്ടു ചെയ്തു. യുവജനങ്ങള്‍ പൊതുവെ രാഷ്ട്രീയത്തില്‍ നിന്നകന്നു നില്‍ക്കുന്ന ഒരു കാലത്ത്  ആശാവഹമായ മാറ്റമാണിത്. പണത്തിനെ എല്ലാറ്റിനും മുകളില്‍ കൊണ്ടുപോയി പ്രതിഷ്ടിക്കുന്ന നവ മുതലളിത്ത ഭൂമികയില്‍ പണക്കാരല്ലാത്ത സാധാരണക്കാരന്റെ  പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു പാര്‍ട്ടിയെ പിന്തുണക്കാന്‍ യുവജനത മുന്നോട്ട് വന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്‍ഡ്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോലും യുവജനങ്ങള്‍ ഡെല്‍ഹിയിലേക്ക് വന്നു എന്നത് പ്രതീക്ഷ നല്‍കുന്ന സംഭവവികാസമാണ്.

ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ച രാഷ്ട്രീയം ആണു യഥാര്‍ത്ഥ രാഷ്ട്രീയമാകേണ്ടത്. ഭരണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും  വേണ്ടിയാകണം. നിര്‍ഭാഗ്യവശാല്‍  കഴിഞ്ഞ 11 വര്‍ഷങ്ങളായി ഇന്‍ഡ്യയിലെ ഭരണം  അംബാനിമാര്‍ക്കും അദാനിമര്‍ക്കും വേണ്ടി മാത്രമായിരുന്നു. കുടിവെള്ളവും, അഴിമതിയും, വിലക്കയറ്റവും, പണപ്പെരുപ്പവുമൊന്നും ഇക്കൂട്ടരെ ബാധിക്കില്ല. പക്ഷെ ഇവരുടെ ഏതാവശ്യവും സാധിക്കാന്‍  ഇതു വരെ ഭരിച്ചവര്‍ പ്രതിജ്ഞാ ബദ്ധവുമായിരുന്നു. അങ്ങനെ ഇന്‍ഡ്യ ലോകത്തേറ്റവും കൂടുതല്‍ സമ്പന്നരുള്ള രാഷ്ട്രമായി മാറി. നവ ഉദാരവത്കരണത്തിന്റെ പിണിയാളുകള്‍ ഇതൊക്കെ മഹത്തായ നേട്ടമായി കൊണ്ടാടുമ്പോള്‍  നമ്മള്‍ മറന്നു പോകുന്ന മറ്റൊരു വലിയ സത്യമുണ്ട്. ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാഷ്ട്രമാണെന്ന നഗ്ന സത്യം. ഈ അശരണര്‍ക്ക് വേണ്ടി ചെറുതെങ്കിലും  ആയ കാര്യങ്ങള്‍ ചെയ്യാന്‍ ഒരു വ്യക്തിയും പാര്‍ട്ടിയും മുന്നോട്ട് വരുന്നുണ്ടെങ്കില്‍ അദ്ദേഹം സ്വീകരിക്കപ്പെടും എന്നതാണിപ്പോള്‍ ഡെല്‍ഹി നല്‍കുന്ന പാഠം. ഇന്‍ഡ്യന്‍ റെവന്യൂ സര്‍വീസില്‍ ജോലി ചെയ്ത കെജ്‌രിവാളിന്, ഭരണ രംഗത്തു നടക്കുന്ന കൊള്ളരുതായ്മകളും അത് പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്നും വളരെ വ്യക്തമായി അറിയാം.  ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്ന പാര്‍ട്ടി ജനങ്ങളുടെ പ്രശ്നങ്ങളാണ്, ഒരു തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കാനുള്ള പദ്ധതികള്‍  അവിഷ്കരിക്കേണ്ടതും. ഞാന്‍ അതു ചെയ്യം ഇതു ചെയ്യം എന്ന് മൈക്കിന്റെ മുന്നില്‍ നിന്നു വിളിച്ചു കൂവാതെ പൊതു ജനത്തിന്റെ ചെറിയ ചെറിയ നാട്ടുകൂട്ടങ്ങളെ സംഘടിപ്പിച്ച് അവരുടെ പ്രശ്നമെന്തെന്ന് മനസിലാക്കി അതേക്കുറിച്ച് ചര്‍ച്ച ചെയ്ത് അവ പരിഹരിക്കാന്‍ ശ്രമിക്കാം എന്നു പറയുന്നതിലെ ആത്മാര്‍ത്ഥത ജനങ്ങള്‍ മനസിലാക്കി. അതിനംഗീകാരവും കൊടുത്തു.  അഴിമതി ആഗോള പ്രതിഭാസമാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് അതിനെ ന്യയീകരിക്കുന്ന ലോക നേതാക്കള്‍ ഉള്ളപ്പോള്‍ അത് പരിഹരിക്കും എന്നു പറയുന്നവരെ ജനങ്ങള്‍ വിശ്വസിക്കും. സാധാരണ ജനാങ്ങളെ  സംബന്ധിച്ച് വഴിയില്‍ തടഞ്ഞു നിറുത്തി പോലീസുകാരന്‍ നടത്തുന്ന പിടിച്ചു പറിയും പെട്ടിക്കടക്കാരനെ ഭീക്ഷണിപ്പെടുത്തി പിടിങ്ങുന്ന പണവും, ഓട്ടോറിക്ഷക്കാരെ അകാരണമായി പീഢിപ്പിക്കുന്നതും, ഒരു ചെറിയ സര്‍ട്ടിഫിക്കറ്റിനു വേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കൊടുക്കേണ്ട നൂറോ ഇരുന്നോറോ രൂപയുമാണ്, അഴിമതി.  അത് നിറുത്തലാക്കാന്‍ ഏത് ഭരണാധികാരിക്കും സാധിക്കുമെന്ന് 49 ദിവസം കെജ്‌രിവാള്‍ ഡെല്‍ഹി ഭരിച്ചപ്പോള്‍ ജനങ്ങള്‍ മനസിലാക്കി.  പക്ഷെ അതിനുള്ള മനസു വേണമെന്നു മാത്രം.  2 ജി സ്പെക്ട്രം ലേലം ചെയ്യുമ്പോള്‍ മേടിക്കുന്ന കോടികളൊന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ആ പണം ഖജനാവിലേക്ക് വന്നലും ഇന്നത്തെ നിലയില്‍ അതൊന്നും പൊതു ജനത്തിനുപകാരപ്പെ ടില്ല. 10 ലക്ഷത്തിന്റെ കോട്ടിട്ട് കോമാളി വേഷം കെട്ടുന്ന കപടന്മാര്‍ക്ക് ഉപകരിക്കുമെന്നു മാത്രം.  ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ ഭരിക്കുന്ന സര്‍ക്കാരിന്, അഴിമതി ഇല്ലാതാക്കാന്‍ സാധിക്കും.

ഡെല്‍ഹി തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം ഇതാണ്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയം ​ചെയ്യുന്ന നേതാക്കളുണ്ടെങ്കില്‍  ജനങ്ങള്‍ അവരെ സ്വീകരിക്കും.  കേരളത്തില്‍ വി എസ്  അച്യുതാനന്ദന്‍ സ്വീകാര്യനാകുന്നത് അങ്ങനെയാണ്. പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ അതിനനുവദിച്ചില്ല. ഭരണത്തില്‍ കയറിയിട്ടും ഭരിക്കാന്‍ അനുവദിച്ചില്ല.  കെജ്‌രിവാളിനെ എതിര്‍ പാര്‍ട്ടിക്കാരായിരുന്നു വട്ടപ്പേരുകളിട്ട് ആക്ഷേപിച്ചത്. പക്ഷെ സി പി എമ്മില്‍ സ്വന്തം പാര്‍ട്ടിക്കാരു തന്നെയാണ്, വി എസിനെ  ആക്ഷേപിക്കുന്നത്. കുലം കുത്തി, സ്വന്തം കൂട്ടില്‍ കാഷ്ടിക്കുന്നവന്‍, വര്‍ഗ്ഗ വഞ്ചകന്‍ അങ്ങനെ നിരവധി പേരുകളാണു സ്വന്തം ​പാര്‍ട്ടി തന്നെ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്. ഇതുപോലെയുള്ള ഒരു പാര്‍ട്ടി ഇന്‍ഡ്യയില്‍ ജനകീയ ജനാധിപത്യ വിപ്ളവം വരുത്തുമെന്നു കരുതുന്നവരായിരിക്കും ഏറ്റവും വലിയ മണ്ടന്മാര്‍. കേരളത്തിലും ഇന്‍ഡ്യയിലും  സി പി എമ്മിന്റെ  സ്ഥാനം  ഏറ്റെടുക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് ആം ആദ്മി പാര്‍ട്ടിക്കാണ്.   കമ്യൂണിസ്റ്റുകാര്‍ അതിനു കിട്ടിയ അവസരം കളഞ്ഞു കുളിച്ചു. ഡെല്‍ഹിയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി കയറി നില്‍ക്കേണ്ട സ്ഥാനത്താണിന്ന് ആം ആദ്മി പാര്‍ട്ടി കയറി വന്നിരിക്കുന്നത്.  49 ദിവസം കെജ്രിവാള്‍ ഡെല്‍ഹി ഭരിച്ചപ്പോള്‍ ഇങ്ങനെയും  മിന്‍ഡ്യ ഭരിക്കാം എന്ന് അവിടത്തെ വോട്ടര്‍മാര്‍ മനസിലാക്കി. ഇത് സി പി എമ്മിനു പണ്ടേ സാധിക്കുമായിരുന്നു. അന്ന് ജോതി ബസുവിനു പ്രധാന മന്ത്രി പദം ഭൂരിപക്ഷം എം പി മാരും വച്ചു നീട്ടിയപ്പോള്‍ വരട്ടു തത്വവാദം പറഞ്ഞ് സി പി എം അത് തള്ളിക്കളഞ്ഞു. കമ്യൂണിസ്റ്റുപാര്‍ട്ടിയേപ്പറ്റി  ഇന്‍ഡ്യയിലെ വളരെ ഒരു ന്യൂന പക്ഷത്തിനേ അറിവുള്ളു. റഷ്യയും ചൈനയും ക്യൂബയുമൊക്കെ ചൂണ്ടിക്കാണിച്ച് പറഞ്ഞു പരത്തുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും മാത്രമേ ഭൂരിഭാഗം ഇൻഡ്യക്കാർക്കും അറിവുള്ളു. അതല്ല ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി എന്ന് ഇന്‍ഡ്യക്കാരെ ബോധ്യപ്പെടുത്താന്‍ ലഭിച്ച സുവര്‍ണ്ണ അവസരമായിരുന്നു അത്. കെജ്‌രിവാള്‍ ഭരിച്ച പോലെ 100 ദിവസമെങ്കിലും ജോതി ബസു ഇന്‍ഡ്യ ഭരിച്ചിരുന്നെങ്കില്‍ ഇന്‍ഡ്യയുടെയും കമ്യൂണിസ്റ്റുപര്‍ട്ടിയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇനി അതേക്കുറിച്ച് വിലപിച്ചിട്ടൊന്നും  കാര്യമില്ല.

ജോതിബസുവിനു വച്ചു നീട്ടിയ പ്രധാനമന്ത്രി പദം  തട്ടിത്തെറിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ച മഹാനാണിപ്പോള്‍ സി പി എം സെക്രട്ടറിയും. അദ്ദേഹത്തിന്റെ  നായകത്വത്തില്‍ സി പി എമ്മും കൂടെ മറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടികളും  അതിന്റെ ചരിത്രത്തിലെ ഏറ്റവും ശോഷിച്ച അവസ്ഥയിലുമായി. അരാഷ്ട്രീയ വാദി എന്ന് പറഞ്ഞ് കെജ്‌രിവാളിനെ കളിയാക്കിയ പ്രകാശന് , ഡെല്‍ഹിയില്‍ ആം അദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യേണ്ട ഗതികേടും ഇന്‍ഡ്യ കണ്ടു. ഒരു രാഷ്ട്രീയ നേതാവിന്, അധിപ്പതിക്കാവുന്ന ഏറ്റവും ദയനീയ അവസ്ഥയാണിത്.

നിഷേധാത്മകവും പിന്തിരിപ്പനുമായ രാഷ്ട്രീയമല്ല  നമുക്കു വേണ്ടത്. ഒരു പര്‍ട്ടി ഭരിച്ച് ജനങ്ങളുടെ വെറുപ്പു സമ്പാദിക്കുമ്പോള്‍ ആ വെറുപ്പ് മുതലെടുത്ത് അധികാരം ​നേടുന്ന നിഷേധാത്മക രാഷ്ട്രീയം അല്ല ഡെല്‍ഹിയില്‍ കണ്ടത്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന്  അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് അതിനു പരിഹാരമുണ്ടാക്കാം എന്ന രാഷ്ട്രീയത്തിന്റെ വിജയമാണവിടെ ഉണ്ടായത്. എതിരാളികളുടെ ഭരണപരമായ വീഴ്ച്ചകൾ   ചൂണ്ടിക്കാണിക്കാം.  വിമര്‍ശിക്കാം. പക്ഷെ വ്യക്തി ഹത്യയും അധിക്ഷേപങ്ങളുമൊക്കെ മാറ്റി വച്ച് രാഷ്ട്രീയ വിഷയങ്ങളായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ചര്‍ച്ച ചെയ്യേണ്ടത്.

അരവിന്ദ് കെജ്‌രിവാളിനെ ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് സ്വീകാര്യനാക്കിയ അനേകം ഘടകങ്ങളുണ്ട്. വാക്കുകളിലെ ആത്മര്‍ത്ഥത. പെരുമാറ്റത്തിലെ വിനയം, എതിരാളികലെ ബഹുമാനത്തൊടെ കാണുന്ന അന്തസ്. താനും ജനങ്ങളില്‍ ഒരളാണെന്ന ബോധ്യപ്പെടുത്തല്‍. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത് ഇതുപോലുള്ള നേതാക്കളെ ആണ്. ചായ വിറ്റു നടന്നവനെന്ന് അഭിമാനത്തോടെ പറഞ്ഞിട്ട് സ്വന്തം  പേരു തുന്നിയ ലക്ഷങ്ങളുടെ വിലയുള്ള കോട്ടുമിട്ട് കോമാളി വേഷം കെട്ടുന്ന അഭിനേതാക്കളുടെ ഇടയില്‍ സാധാരണക്കാരനേപ്പോലെ വേഷം ധരിച്ചു നടക്കുന്ന കെജ്‌രിവാളിന്റെ ഏഴയലത്തു വരാന്‍ നരേന്ദ്ര മോദി എന്ന  ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കാകില്ല.

ഇതിനിടക്ക് ഇന്‍ഡ്യയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ മറ്റൊരു തെരഞ്ഞെടുപ്പു വിജയം മറ്റൊരു രാജ്യത്തു നടന്നു. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ ഗ്രീസില്‍. അവിടത്തെ ജനങ്ങള്‍ ഒരു കമ്യൂണിസ്റ്റുകാരനെ പ്രധാന മന്ത്രി ആയി തെരഞ്ഞെടുത്തു.

പാര്‍ട്ടി ഏതെന്നതല്ല പ്രശ്നം. കമ്യൂണിസ്റ്റാകട്ടെ, സോഷ്യലിസ്റ്റാകട്ടെ, ആം ആദ്മി ആകട്ടെ, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നതാണു രാഷ്ട്രീയ വിഷയമാകേണ്ടത്.

ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കുറിച്ച് അല്‍പ്പം ചിലതു കൂടെ. ആം  ആദ്മി പാര്‍ട്ടി ഡെല്‍ഹിയില്‍ 50 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി ജെ പി 31 ശതമാനം മാത്രം വോട്ടു നേടിയിട്ടും കേവല ഭൂരിപക്ഷം നേടി. അപ്പോള്‍ ഇതിനെ ശരിക്കുള്ള ജനാധിപത്യം എന്നു വിളിക്കാന്‍ പറ്റുമോ. മൂന്നിലൊന്നുപോലും  പേരുടെ പിന്തുണ ഇല്ലാത്ത  പാര്‍ട്ടിക്ക് ഭരിക്കാന്‍ സാധിക്കുന്നത് വിരോധാഭാസമല്ലേ? അപ്പോള്‍ ബാക്കിയുള്ള 69 % ജനങ്ങളുടെ  അഭിപ്രായത്തിനാരു വില കല്‍പ്പിക്കും? ഇത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ പോരായ്മ അല്ലേ? എന്താണിതിനൊരു പരിഹാര മാര്‍ഗ്ഗം.

ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അവിടെ ദേശീയ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാതിരിക്കുന്നത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. വോട്ടെടുപ്പും ഒരു പ്രത്യേക രീതിയിലാണു നടക്കുന്നത്. ഓരോ വോട്ടര്‍മാര്‍ക്കും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്യാനുള്ള സംവിധാനമുണ്ട്. അതിനെ അവര്‍ preference എന്നു വിളിക്കുന്നു. വോട്ടു ചെയ്യുന്ന വ്യക്തി സ്ഥാനാ ര്‍ത്ഥികളില്‍ ഏറ്റവും സ്വീകാര്യനായ ആള്‍ക്ക് ഒന്നാമത്തെ preference അടയാളപ്പെടുത്തുന്നു. സ്വീകര്യത അല്‍പ്പം കുറഞ്ഞ വ്യക്തിക്ക് രണ്ടാമത്തെ preference . ഏറ്റവും അസ്വീകാര്യനായ വ്യക്തിക്ക് അവസാനത്തെ preference. 1, 2, 3  എന്ന  ക്രമത്തില്‍ ഓരോരുത്തര്‍ക്കും preference വോട്ട് അടയാളപ്പെടുത്താം.

 കേരളത്തിലെ ഉദാഹരണം എടുത്ത്  അത് വിശദീകരിക്കാം.  പ്രധാന പാര്‍ട്ടികളായ സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിയും മത്സരിക്കുന്ന ഒരു മണ്ഡലം.  ഇവരില്‍ ഏറ്റവും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിക്ക്  ഒന്നാം preference അടയാളപ്പെടുത്തുന്നു. അതിനു ശേഷം രണ്ടാം preference അടയാളപ്പെടുത്തുന്നു. പിന്നെ മൂന്നാമത്തെ preference .  വേട്ടെണ്ണുമ്പോള്‍ 50% ഒന്നാം വോട്ടുകള്‍  ലഭിച്ചാല്‍ ആ സ്ഥാനാര്‍ഥിയെ വിജയി ആയി പ്രഖ്യാപിക്കുന്നു. സി പി എമ്മിന്, 40% വോട്ടുകളും കോണ്‍ഗ്രസിന്, 35% വോട്ടുകളും ബി ജെ പിക്ക് 10 വോട്ടുകലും ലഭിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ ബി ജിപിയെ മാറ്റി നിറുത്തി ഈ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച രണ്ടാം preference വോട്ടുകള്‍  എണ്ണുന്നു. കോണ്‍ഗ്രസിലെ 20% രണ്ടാം preference വോട്ടുകള്‍ സി  പി എമ്മിനു ലഭിച്ചാല്‍ അവരുടെ വോട്ടുകള്‍ 60% ആകുന്നു. സി പി എമ്മിന്റെ 35% രണ്ടാം preference വോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിച്ചാല്‍ അവരുടെ വോട്ടുകള്‍ 65% ആകുന്നു. അപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. 40% ഒന്നാം വോട്ടുകള്‍  ലഭിച്ച സി  പി എമ്മല്ല ജയിക്കുന്നത്. അതിന്റെ കാരണം എല്ലാ വോട്ടര്‍മാരുടെ അഭിപ്രായവും  ഇവിടെ കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍  ആളുകള്‍  prefer ചെയ്യുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ആയതുകൊണ്ടാണ്.

ഇതുപോലെ എല്ലാ വോട്ടര്‍മാരുടെയും അഭിപ്രായം കണക്കിലെടുത്തിരുന്നെങ്കില്‍ തിരുവനന്തപുരത്ത് ശശി തരൂരല്ലായിരുന്നു ജയിക്കുക. രാജഗോപാലായിരുന്നിരിക്കാം. ഒരു പക്ഷെ ബെനറ്റ് എബ്രാഹാം പോലും ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. ഡെല്‍ഹിയില്‍ ഈ രീതി ആയിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളിലും  ജയിക്കാനുള്ള  സാധ്യത ഉണ്ടായിരുന്നു.


ഇന്‍ഡ്യ പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്ത് ഇത് പ്രായോഗികമാണോ എന്നത് ഒരു പ്രധാന ചോദ്യമാണ്.

ല്‍ കണ്ട ഒരു വാര്‍ത്ത ഇവിടെ പകര്‍ത്തി വയ്ക്കുന്നു.

അരവിന്ദ് കേജ്രിവാള്‍, താന്‍ മത്സരിച്ച ന്യൂഡല്‍ഹി നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദിപറയാന്‍എത്തിയപ്പോള്‍ ഉണ്ടായ വികാരനിര്‍ഭരങ്ങളായ രംഗങ്ങള്‍..!
-------------------
ആയിരക്കണക്കിന് സ്ത്രീ-പുരുഷ വോട്ടര്‍മാര്‍മാര്‍ പ്രായഭേദമന്യേ തങ്ങളുടെ വീര നേതാവിനെ ആശ്ലേഷങ്ങള്‍കൊണ്ടുപൊതിഞ്ഞു.'
ആരുടേയും മുന്‍പില്‍ മുട്ടുമടക്കാതെ തനിക്കും കൂട്ടാളികള്‍ക്കും ദല്‍ഹി ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം നല്‍കുന്ന 36 സീറ്റുകളെ നിങ്ങളോടു ചോദിച്ചുള്ളൂ, പക്ഷെ പകരം എനിക്കു നിങ്ങള്‍ ചോദിച്ചതിനു ഇരട്ടി സീറ്റുകള്‍ നല്‍കിയത് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നുവന്നു കേജ്രിവാള്‍ മനസ്സുതുറന്നു പറഞ്ഞപ്പോള്‍, 
സമീപത്തുനിന്ന ഒരു വൃദ്ധയായ സ്ത്രീ പറഞ്ഞത്‌ ഇതായിരുന്നു..
" മകനേ, നീ ഞങ്ങളില്‍ ഒരുവനാണ്..., ഞങ്ങളുടെ ദുഃഖങ്ങള്‍ ഞങ്ങള്‍ പറയാതെതന്നെ മനസ്സിലാക്കിയ ഏകമനുഷ്യന്‍ നീയാണ്... അതിനാലാണ് നീ ഒരു പൂമാത്രം ചോദിച്ചപ്പോള്‍ ഞങ്ങള്‍ മനസ്സറിഞ്ഞു നിനക്കായി ഒരു പൂക്കാലം സമ്മാനിച്ചത്‌..."
" കൊടുംശൈത്യത്തിന്റെ പിടിയില്‍നിന്നും ഇനിയും മുക്തിപ്രാപിക്കാത്ത, പ്രകൃതി ഒരുക്കുന്ന വസന്തകാലം ഇനിയും എത്താത്ത ഡല്‍ഹിയില്‍ തനിക്കും, അനീതിയെ എതിര്‍ക്കുന്ന തന്റെ കൂട്ടര്‍ക്കും ലഭിച്ച ഈ പൂക്കാലം എന്നും ചരിത്രത്താളുകളില്‍ ഒളിമങ്ങാതെ കിടക്കും എന്നാണു ആ വൃദ്ധയുടെ വാക്കുകള്‍ക്കു മറുപടിയായി കേജ്രിവാള്‍ നിറകണ്ണുകളോടെ പറഞ്ഞത്....! !


9 comments:

kaalidaasan said...

അരവിന്ദ് കെജ്‌രിവാളിനെ ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് സ്വീകാര്യനാക്കിയ അനേകം ഘടകങ്ങളുണ്ട്. വാക്കുകളിലെ ആത്മര്‍ത്ഥത. പെരുമാറ്റത്തിലെ വിനയം, എതിരാളികലെ ബഹുമാനത്തൊടെ കാണുന്ന അന്തസ്. താനും ജനങ്ങളില്‍ ഒരളാണെന്ന ബോധ്യപ്പെടുത്തല്‍. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത് ഇതുപോലുള്ള നേതാക്കളെ ആണ്. ചായ വിറ്റു നടന്നവനെന്ന് അഭിമാനത്തോടെ പറഞ്ഞിട്ട് സ്വന്തം പേരു തുന്നിയ ലക്ഷങ്ങളുടെ വിലയുള്ള കോട്ടുമിട്ട് കോമാളി വേഷം കെട്ടുന്ന അഭിനേതാക്കളുടെ ഇടയില്‍ സാധാരണക്കാരനേപ്പോലെ വേഷം ധരിച്ചു നടക്കുന്ന കെജ്‌രിവാളിന്റെ ഏഴയലത്തു വരാന്‍ നരേന്ദ്ര മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കാകില്ല.

cherupushpam said...

ഇത്രയൊക്കെ അധിക്ഷേപിച്ചിട്ടും കെജ്‌രിവാള്‍ ഈ സ്ത്രീയേ മൂത്ത സഹോദരി എന്നാണഭിസംബോധന ചെയ്തതെന്നോര്‍ക്കുക. മാനുഷിക മൂല്യങ്ങള്‍ അതി വേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആസുര കാലത്ത് അതിന്റെ തരികള്‍ ഇനിയും അവശേഷിക്കുന്നു എന്ന് പൊതു ജനത്തെ ബോധ്യപ്പെടുത്താന്‍ ഈ പെരുമാറ്റത്തിനു സാധിച്ചു. എതിരാളികളെ പരനാറി എന്നു വിളിക്കുകയും അതിനെ ഇപ്പോഴും ന്യായീകരിക്കുകയും, ഇതിലും നാറിയ പേരായിരുന്നു വിളിക്കേണ്ടിയിരുന്നതെന്നും പറഞ്ഞ് നടക്കുന്ന ഭീകര ജീവികളുള്ള നാട്ടില്‍ ഇതൊക്കെ കാതിനു കുളിര്‍മ്മ നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകളാണെന്ന് നിസംശയം പറയാം.
===
Exactly

Baiju Elikkattoor said...

ഇന്ത്യയില്‍ കോണ്‍ഗ്രസ് ഏതാണ്ട് ഒരു രാഷ്ട്രീയ dinasour ആയിക്കഴിഞ്ഞു. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ക്കു ശേഷം ആണത് സംഭവിച്ചതെങ്കില്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ടിക്കു ഈ ഗതി വരാന്‍ അധിക കാലം ഒന്നും വേണ്ടി വരില്ല. മോഡിയും RSS-ഉം കൂടി അതു ഭംഗി ആയി ചെയ്തോളും.. ദില്ലിയില്‍ മാത്രം ആയിരുന്നു ഇപ്പോള്‍ തിരഞ്ഞെടുപ്പ് എങ്കിലും ഇന്ത്യന്‍ ജനത കൂടുതല്‍ രാഷ്ട്രീയ പക്വത ആര്‍ജ്ജിക്കുന്നതിന്റെ സൂചകം കൂടി ആയിരുന്നു ഇത്.

മുക്കുവന്‍ said...

Kali,

very nice post. preference method is better and that will never implement. ruling party knows that it is a problem for them. so they don't want to cut the sitting branch.

cheers
mukkuvan

Aneesh said...

ഇപ്പോൾ എം മുകുന്ദനും അഭിപ്രായപ്പെട്ടത്‌ വിസ്‌നെതിരെയുള്ള അച്ചടക്ക നടപടിയല്ല സിപിഎം ചർച്ച ചെയ്യേണ്ടത്‌ പകരം ആം ആദമിയുടെ വളർച്ചയാവണമെന്നാണു...
ഇടത്‌പക്ഷ സന്ദതസഹചാരിയായ മുകുന്ദൻ പോലും ഇങ്ങനെ പറയണമെങ്കിൽ ഇടത്‌പക്ഷത്തിന്റെ പോക്ക്‌ എത്രകണ്ട്‌ വഷളായിക്കുന്നുവെന്ന് നമുക്ക്‌ മനസ്സിലാക്കാം ...

kaalidaasan said...

>>>>ദില്ലിയില്‍ മാത്രം ആയിരുന്നു ഇപ്പോള്‍ തിരഞ്ഞെടുപ്പ് എങ്കിലും ഇന്ത്യന്‍ ജനത കൂടുതല്‍ രാഷ്ട്രീയ പക്വത ആര്‍ജ്ജിക്കുന്നതിന്റെ സൂചകം കൂടി ആയിരുന്നു ഇത്.<<<

ബൈജുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഡെല്‍ഹി ജനത രാഷ്ട്രീയ പക്വത അര്‍ജ്ജിച്ചു കഴിഞ്ഞു, ജാതി മത രാഷ്ട്രീയം ഒരു വിധ സ്വാധീനവും ചെലുത്താത്ത തെരഞ്ഞെടുപ്പായിരുന്നു അത്. ഇന്‍ഡ്യന്‍ ജനത അത് പകര്‍ത്തുമോ എന്ന് കണ്ടു തന്നെ അറിയണം.
ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ട് എട്ടുമാലി മമ്മൂഞ്ഞുമാര്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.

മുസ്ലിങ്ങളാണത്രെ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്.

ഡല്‍ഹിയിലെ മുസ്ലിംകള്‍ മാറിച്ചിന്തിച്ചപ്പോള്‍

kaalidaasan said...

mukkuvan,

In Indian parliamentary democracy most of the time, or even almost all the time, majority opinion does not reflect in the election result. Preference method take into account of opinion of all voters.

As you said it is difficult implement in general elections in a huge country like India. But it could be tried in local body elections and experiment whether it could be practical.

kaalidaasan said...

അനീഷ്,

മുകുന്ദനു വരെ വിവാരം ​വച്ചു പക്ഷെ സി പി എമ്മിനു വിവരം വച്ചിട്ടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി സി പി എമ്മിന്റെ ഏത് സമിതിയുടെ സമ്മേളനത്തിന്റെയും  പ്രധാന അജണ്ട വി എസിനെതിരെ ഉള്ള വിചാരണയും  കുറ്റപത്രം സമര്‍പ്പിക്കലും അച്ചടക്ക നടപടികളുമാണ്. പിണറായി എന്ന വ്യാജ കമ്യൂണിസ്റ്റുകാരന്‍  സെക്രട്ടറി ആയ ശേഷം ഒറ്റ ജനകീയ പ്രശ്നങ്ങളും  കേരളത്തിലെ പാര്‍ട്ടി ഏറ്റെടുത്തിട്ടില്ല. പിണറായി ചെയ്യുന്ന എല്ലാ തെണ്ടിത്തരങ്ങള്‍ക്കും  കുട പിടിക്കാന്‍ കാരാട്ടുമുണ്ട്. വി എസ് രാഷ്ട്രീയം  അവസാനിപ്പിക്കുമ്പോള്‍ സി പി എമ്മില്‍ നിന്നും നല്ല രീതിയിലുള്ള കൊഴിഞ്ഞു പോക്ക് പ്രതീക്ഷിക്കാം. ഏതായാലും അവര്‍ക്കൊക്കെ പോയി ചേരാന്‍ ആം ആദ്മി എന്ന പാര്‍ട്ടി ഉണ്ടല്ലോ.

ഡെല്‍ഹിയില്‍ കമ്യൂണിറ്റു പാര്‍ട്ടി വരേണ്ടിയിരുന്ന സ്ഥാനത്താണിപ്പോള്‍  ആം ആദ്മി കയറി വന്നിരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി ഇരിക്കുന്ന സ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ളവരും അവര്‍ തന്നെയാണ്. സി പി എം ജീര്‍ണ്ണിച്ചു കഴിഞ്ഞു. പരനാറികളും പെണ്ണുപിടിയന്മാരും  വണ്‍ റ്റു ത്രി കാരും, കള്ളവാറ്റുകാരും ഒക്കെ ആണിപ്പോള്‍ ആ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍. അവരുടെ നയങ്ങളൊക്കെ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി കയ്യടക്കി. സി പി എമ്മിനിപ്പോള്‍ കോണ്‍ഗ്രസിന്റെ നയങ്ങളാണ്. മറ്റൊരു കോണ്‍ഗ്രസായി സി പി എം നിലനില്‍ക്കുന്നതില്‍ എനിക്ക് യാതൊരു താല്‍പ്പര്യവുമില്ല.

Aneesh said...

നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രമേയുള്ളൂ എന്ന കാലത്ത്‌ നിന്ന് സഖാക്കന്മാർ, നഷ്ടപ്പെടാന്‍ കോടികളുള്ള കാലത്തേക്ക് വളര്‍ന്നിട്ടുണ്ട് ..!!