Monday, 23 June 2014

നല്ല ദിനങ്ങള്‍ വരവായി.
നല്ല ദിനങ്ങള്‍ വരവായി.

നരേന്ദ്ര മോദി പ്രധാന മന്ത്രി ആണ്. അതിനു  വേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഇന്‍ഡ്യ മുഴുവന്‍ നടന്നു പറഞ്ഞത്, ഇന്‍ഡ്യാക്കാരുടെ നല്ല ദിനങ്ങള്‍  വരുന്നു എന്നായിരുന്നു. മോദിയുടെ ഭക്തരും അതാവര്‍ത്തിച്ചു നടന്നു. അമ്മയുടെയും  മകന്റെയും ഭരണം  കൊണ്ട്, ഇന്‍ഡ്യക്കാര്‍ പൊറുതി മുട്ടി, വിലക്കയറ്റം കൊണ്ട് ജനങ്ങളുടെ നടു ഒടിഞ്ഞു, അഴിമതിയിലൂടെ ഖജനാവു കൊള്ളയടിക്കുന്നു എന്നൊക്കെ ആയിരുന്നു മോദി ആവര്‍ത്തിച്ചു പറഞ്ഞു നടന്നതും. തന്നെ അധികാരം ഏല്‍പ്പിച്ചാല്‍ ഉടനെ ഇതിനൊക്കെ പരിഹാരമുണ്ടാക്കും എന്നായിരുന്നു അവകാശവാദം. 

ജനങ്ങള്‍ മോദിയെ അധികാരം ഏല്‍പ്പിച്ചു. ഉടനെ തന്നെ നല്ല ദിനങ്ങളുടെ വരവും ആയി. ആദ്യം എടുത്ത തീരുമാനം പ്രതിരോധ രംഗവും ഇന്‍ഡ്യന്‍ റെയില്‍വെയും വിദേശികള്‍ക്ക് തുറന്നു കൊടുക്കും എന്നായിരുന്നു. അതിനു ശേഷം  ഖജനാവു കാലിയാണ്, എ ന്നും, കയ്പ്പേറിയ ചില തീരുമാനങ്ങള്‍ ഉണ്ടാകും എന്നും  പറഞ്ഞ് നയം വ്യക്തമാക്കി.  വരാന്‍ പോകുന്ന നല്ല ദിനനങ്ങളുടെ ഏക ദേശ രൂപം ആ ഭീഷണിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഡീസല്‍ വില നിയന്ത്രണം എടുത്തു കളയും എന്ന തീരുമാനമുണ്ടായി. അതിന്റെ പിന്നാലെ റെയില്‍ യാത്ര നിരക്കും ചരക്കു കൂലിയും കുത്തനെ കൂട്ടി. അതിനു  ശേഷം അവശ്യ വസ്തു ആയ പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചു. അടുത്തത് പാചക വാതകത്തിന്റെ വില കൂട്ടലായിരിക്കും. നല്ല ദിനങ്ങള്‍ ഘോഷയാത്ര ആയി തന്നെ വരുന്നുണ്ട്.റെയില്‍ നിരക്ക് കൂട്ടിയാല്‍ അത് വിലക്കയറ്റത്തിലേക്ക് നയിക്കും എന്ന ആക്ഷേപം ഉണ്ടായപ്പോള്‍, എന്തുകൊണ്ട് നിരക്ക് വര്‍ദ്ധിപ്പിച്ചു എന്ന് വിശദീകരിക്കുന്നതിനു പകരം, "അത് അമ്മയുടെയും മകന്റെയും സര്‍ക്കാര്‍ എടുത്ത തീരുമാനം ആയിരുന്നു" എന്നാണ്, അഭിനവ മിശിഹ ന്യായീകരിച്ചത്. 

സോണിയ ഗാന്ധിയെ പേരെടുത്ത്  പറഞ്ഞ്, വിലക്കയറ്റത്തിനുത്തരവാദി സോണിയ ഗാന്ധിയുടെ സര്‍ക്കാര്‍ ആണെന്നായിരുനു മോദി 2009 ല്‍ ആരോപിച്ചത്. ഈ വീഡിയോയില്‍ അത് കേള്‍ക്കാം.


അമ്മയുടെയും ​മകന്റെയും സര്‍ക്കാരിനു ഭരിക്കാന്‍ അറിയില്ല. അതുകൊണ്ടാണ്, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് എന്നായിരുന്നു മോദിയുടെ നിലപാട്. എന്നെ  അധികാരം ഏല്‍പ്പിക്കൂ, എങ്ങനെ ഭരിക്കണമെന്ന് കാണിച്ചു തരാം എന്നായിരുന്നു ഭീഷണി. ഒരു മാസത്തിനുള്ളില്‍ തന്റെ കയ്യിലും ഒന്നുമില്ല. അമ്മയുടെയും  മകന്റെയും സര്‍ക്കാര്‍ ചെയ്തിരുന്ന പണി അതുപോലെ ആവര്‍ത്തിക്കാനേ സാധിക്കൂ എന്നാണ്, മോദിയെ വോട്ടു ചെയ്തു ജയിപ്പിച്ച ജനത്തോട് അദ്ദേഹം പറയുന്നത്.  റെയില്‍വേ ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ കെടു കാര്യസ്ഥത ആണെന്നും ഭരണം നന്നാക്കി അതിനെ ഒക്കെ രക്ഷപ്പെടുത്തും എന്ന ഭീഷണി  വെറും ഉണ്ടയില്ലാ വെടി ആയി പോയി. ഇന്‍ഡ്യ മുഴുവന്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ഇന്‍ഡ്യക്കാരെ ഞെട്ടിക്കുമെന്നായിരുന്നു  മോദിയുടെ വാഗ്ദാനം. അതിനു പക്ഷെ പണം വേണം. അത് കണ്ടെത്താന്‍ തന്റെ കൊട്ടിഘോഷിച്ച  ഭരണ മികവു കൊണ്ട്, റെയില്‍ വേയുടെ ഭരണം നേരെയാക്കാനൊന്നും മോദിക്ക് ഉദ്ദേശ്യമില്ല. ജനത്തെ പിഴിഞ്ഞു തന്നെ അതിനുള്ള പണം  കണ്ടെത്തുന്നു.

ഈ കൊള്ളയേയും  ന്യായീകരിക്കാന്‍ മോദി ഭക്തര്‍ ഉണ്ടെന്നുള്ളതാണത്ഭുതം. ഒരു ഭക്തന്റെ വക ന്യായീകരണം ഇങ്ങനെ.

കണ്ണൂരിൽ നിന്നു കാസർഗ്ഗോഡേക്ക്‌ കെ എസ്‌ ആർ ടി സി ക്ക്‌ 70 രൂപ 3 മണിക്കൂർ വേണം എത്താൻ
അതേ സമയം മോദി കഴിഞ്ഞ ആഴ്ച വാങ്ങിയ തീവണ്ടിക്ക്‌
41 രൂപ ആയിരുന്നു.ഇന്നു മുതൽ അത്‌ 45 ആയി ഒന്നര മണിക്കൂർ കൊണ്ട്‌ എത്തും.100 രൂപയ്ക്‌ 14 രൂപയാണു വർദ്ധ്ഹിച്ചത്‌.അതും റെയിൽ വേയുടെ പുരോഗതിക്കും നിലനിൽപ്പിനും വേണ്ടി.
5 രൂപ കൊടുത്ത്‌ 10 കിലോ മീറ്റർ വരെ യാത്ര ചെയ്യാൻ പറ്റുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും.
നിങ്ങൾ അധികം കൊടുക്കുന്ന ഓരോ പൈസയും രാഷ്ട്രത്തിന്റെ വികസനത്തിനു വേണ്ടിയായിരിക്കും.

നാട്ടുകാരെ പറ്റിച്ച പൈസയുമായി വൈകുന്നേരമാകുമ്പോൾ ബീവറേ ജ്‌ നു മുന്നിൽ ക്യൂ നിന്നു കുപ്പി വാങ്ങി അടിക്കുന്നവനൊക്കെട്രെയിൻ ചാർജ്ജ്‌ കൂട്ടിയപ്പോൾ പ്രധാനമന്ത്രിയെ തെറി വിളിക്കുന്നത്‌ കാണുമ്പ്പോൾ പുഛ്ചം തോന്നുന്നു
.
കേരളത്തിൽ അധ്വാനിക്കുന്നവനു എവിടെ ആയാലും പണമുണ്ടാക്കാം.
സ്വർണ്ണം വാങ്ങാനും കള്ളു കുടിക്കാനും എത്ര പൈസ വേണമെങ്കിലും ചിലവാക്കും
ബസിനും ട്രെയിനിനും പൈസ കൂട്ടിയാൽ വിപ്ലവംവും

ഇതുപോലുള്ള ജന്മങ്ങള്‍ പിന്തുണക്കാനുണ്ടെങ്കില്‍ മോദി ഏത് ഇന്‍ഡ്യക്കാരന്റെയും ഞെഞ്ചത്തു കയറി പൊങ്കാല ഇടും. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അനുഭവിച്ചേ പറ്റൂ.

റെയില്‍ നിരക്കു കൂട്ടിയപ്പോള്‍ മോദിയുടെ രണ്ട് കപട മുഖങ്ങളാണഴിഞ്ഞു വീഴുന്നത്.

ഇന്‍ഡ്യന്‍  പാര്‍ലമെന്റിലേക്ക് കണ്ണീരോടെ കയറിയ മോദി ആദ്യം ചെയ്തത്, അതിന്റെ പടികള്‍ ചുംബിക്കുക ആയിരുന്നു. പാര്‍ലമെന്റിനെ താന്‍ അത്രയേറെ ആദരവോടെ കാണുന്നു എന്ന് ലോകരോട് പറയാന്‍ വേണ്ടി ആയിരുന്നു ആ കപട നാടകം  ആടല്‍. 

2012 ല്‍ അമ്മയുടെയും  മകന്റെയും സര്‍ക്കാര്‍ റെയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് അതില്‍ ഏറ്റവും രോഷാകുലനായത് മോദി തന്നെ ആയിരുന്നു. റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന്, ഒരാഴ്ച മുന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചത് ജനാധിപത്യത്തെ മാനഭംഗപ്പെടുത്തുന്നതും, പാര്‍ലമെന്റ്നെ അവഹേളിക്കുന്നതും ആണെന്നായിരുന്നു അന്ന് മോദിയുടെ നിലപാട്. അദ്ദേഹം അന്നത്തെ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെഴുതിയ കത്തിലെ പ്രസക്തഭാഗങ്ങള്‍.


“Withdraw immediately 20% hike in Railway freight fare imposed on public just before Railway Budget”: Narendra Modi asks Dr Singh


Gandhinagar, Wednesday: Gujarat Chief Minister Narendra Modi has in a letter to Prime Minister Dr Manmohan Singh today expressed his strong indignation at the Centre’s sudden decision to hike the Railways freight fare by a whopping 20 per cent through backdoor, just a week before the Railway Budget, diminishing the supremacy of the Parliament.


He described the hike highly unjustified since the prices of a number of commodities, are already ruling at a much higher level than people’s tolerance limits. The freight rationalization would entail a jerk of Rs350 per tonne on food grains and fertilizers.

ഇതാണ്, ശരിക്കുള്ള മോദി. ഇതുപോലെ ഉള്ള ഒരു കാപട്യം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി കസേരയില്‍ ആദ്യമാണെന്നു തോന്നുന്നു. അന്ന് മോദി പറഞ്ഞിരുന്നത് നിരക്കു വര്‍ദ്ധന പല സാധനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കും എന്നായിരുന്നു. ഭക്ഷണ സാധനങ്ങളുടെയും  വളത്തിന്റെയും കാര്യം എടുത്തു പറയുകയും ചെയ്തു. ഇന്ന് ഈ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് തന്റെ 56 ഇഞ്ച് നെഞ്ചുകൊണ്ട് മോദി ഭഗവാന്‍ തടഞ്ഞു നിറുത്തുമെന്ന് മോദി ഭക്തര്‍ക്ക് വേണമെങ്കില്‍ പാടി നടക്കാം. റെയില്‍  നിരക്കു വര്‍ദ്ധന ഇല്ലാതെ തന്നെ ഭക്ഷണ സാധനങ്ങളുടെ വില  കൂട്ടാനുള്ള നടപടികള്‍ പിന്നാലെ വരുന്നുണ്ട്. പഞ്ചസാരയുടെ വില കൂട്ടി വ്യവസായികളെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ തന്നെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഇനി വില കൂട്ടലൊക്കെ വ്യാപാരികള്‍ ചെയ്തുകൊള്ളും. 

അമ്മയുടെയും മകന്റെയും സര്‍ക്കാര്‍  ബജറ്റിനൊരാഴ്ച്ച മുന്നെ നിരക്ക് കൂട്ടിയത് പാര്‍ലമെന്റിനെ അവഹേളിക്കുന്നതായിരുന്നു എന്ന ഉറച്ച ബോധ്യമുണ്ടായിരുന്ന മോദി തന്നെ, ബജറ്റിനു തൊട്ടുമുന്നെ നിരക്കു കൂട്ടി. തന്റെ സര്‍ക്കാരും, അമ്മയുടെയും മക്ന്റെയും സര്‍ക്കാരിനേക്കാള്‍ ഒട്ടും വ്യത്യസ്തമല്ല എന്നു തെളിയിക്കുന്നു. പര്‍ലമെന്റിന്റെ  പടി ചുംബിച്ച് പ്രവേശിച്ച മോദിക്ക്, പാര്‍ലമെന്റിനോടുള്ള ആദരവ് കണ്ട് കോരിത്തരിച്ചു പോകുന്നു. 


ജന ക്ഷേമകരമായ നടപടികള്‍ എങ്ങനെ എടുക്കാം എന്ന്  പഠിക്കണമെങ്കില്‍ മോദി തമിഴ് നാടു വരെ ഒന്നു പോയാല്‍ മതി. അവിടെ ജയലളിത എന്തൊക്കെ ചെയ്യുന്നുണ്ട് എന്നറിയാന്‍ ഈ വാര്‍ത്ത വയിച്ചാല്‍ അറിയാം.  ഈജിപ്റ്റില്‍ നിന്നുള്ള  ഒരു പ്രതിനിധി സംഘം ഇതൊക്കെ പഠിക്കുന്നു. മോദിക്കും പോയി പഠിക്കാം.

ഇതിനൊക്കെ ഉള്ള പണം എവിടെ എന്നറിയില്ലെങ്കില്‍ കുറച്ച് നാളുകള്‍ക്ക് മുന്നെ മോദി തന്നെ പറഞ്ഞ കാര്യങ്ങള്‍ ഒന്നോര്‍മ്മിച്ചാല്‍ മതി.  ഈ വീഡിയോയില്‍ അതുണ്ട്. കള്ളപ്പണത്തെ പരാമര്‍ശിക്കാന്‍ വേണ്ടി മോദിയുപയോഗിച്ച വാക്കുകള്‍ Parallel Economy എന്നാണ്. എന്നു വച്ചാല്‍ ഒരു സമാന്തര സമ്പദ്ഘടന തന്നെ കളപ്പണം കൊണ്ട് ഇന്‍ഡ്യയില്‍ ഉണ്ട്. ഇന്ന് മോദി ഇന്‍ഡ്യയുടെ പരമാധികാരി ആണ്. ഈ കള്ളപ്പണം പുറത്തു കൊണ്ടു വന്നാല്‍ അത് മാത്രം മതി മോദി വിചാരിക്കുന്ന ഏത് സ്വപ്ന പദ്ധതിയും നടപ്പിലാക്കാന്‍. അത്താഴപഷ്ണിക്കാരന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരേണ്ട ആവശ്യമില്ല. പക്ഷെ അതിനുള്ള തന്റേടം വേണം. 56 ഇഞ്ച് നെഞ്ചളവിന്റെ കേമത്തം  കാണിക്കേണ്ടത് ഇതിലാണ്. 

മോദി ഇത് മറന്നു പോയെങ്കില്‍ ബി ജെ പി എം പി വരുണ്‍ ഗാന്ധിക്ക് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാം. വരുണ്‍ പറഞ്ഞത് ധനകാര്യ വകുപ്പില്‍ 700 ല്‍ അധികം കള്ളപ്പണക്കാരുടെ പേരുകള്‍ ഉള്ള  ലിസ്റ്റ് ഉണ്ടെന്നാണ്.


ഈ ലിസ്റ്റ് ഏതായാലും മാഞ്ഞു പോയിട്ടുണ്ടാകില്ലല്ലോ. 

അല്ലെങ്കില്‍ എല്ലാം അറിയുന്ന സുബ്രഹ്മണ്യം സ്വാമിയുണ്ട്.ക്രിയാത്മകമായ മറ്റൊരു കാര്യം മോദി ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍ ഉണ്ടായിരുന 1.5 ലക്ഷം   ഫയലുകള്‍  അദ്ദേഹം നശിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ  ഫയലുകളും അതില്‍ ഉള്‍പ്പെടും. എന്താണീ നടപടിയുടെ ഉദ്ദേശ്യം എന്ന് ഇതില്‍ നിന്നും  ഏകദേശം മനസിലാക്കി എടുക്കാം. ഈ ഫയലുകളില്‍ ചരിത്രമുണ്ട്. ആ ചരിത്രത്തിലെ ചില  സത്യങ്ങള്‍ ബി ജെ പിക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഗാന്ധിജി മരിച്ച് 65 വര്‍ഷങ്ങള്‍ക്ക് ശേഷവും. അതൊക്കെ നശിപ്പിച്ചാല്‍ പല സത്യങ്ങളും എന്നത്തേക്കും ഇല്ലാതാകുമെന്നാണ്, മോദിയും  ബി ജെ പി യും കരുതുന്നത്.

ചെലവു ചുരുക്കാന്‍ വേണ്ടി എന്ന നാട്യത്തില്‍ പല നടപടികളും എടുക്കുന്നു എന്നു  നടിക്കുന്ന മോദി, പക്ഷെ ഒരു  പാഴ്ചെലവ് അനുവദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ 100 കോടി രൂപ ചെലവഴിച്ച് പുതിയ വിമാനം വാങ്ങുന്നു. മോദി ഭക്തര്‍ പറഞ്ഞു  പരത്തുന്നത്, ഗുജറാത്തില്‍ മുഴുവന്‍ ആധുനിക രീതിയില്‍ വീതി കൂടിയ റോഡുകളാണ്, മോദി പണുതിരിക്കുന്നതെന്നാണ്. ഇത് ശരിയാണെങ്കില്‍ അഹമ്മദാബാദില്‍ നിന്നും 2 മണിക്കൂര്‍ കൊണ്ട് ഗുജറാത്തിന്റെ ഏത് മുക്കിലും മൂലയിലും റോഡു മാർ ഗ്ഗം എത്താന്‍ പറ്റും. പിന്നെ എന്തിനാണ്, മുഖ്യ മന്ത്രിക്ക് സഞ്ചരിക്കാന്‍ വേണ്ടി മാത്രം 100 കോടി മുടക്കി വിമാനം വാങ്ങുന്നത്? ഈ മുഖ്യമന്ത്രി ദിവസവും വിമാനത്തിലാണോ ഓഫീസിലേക്കു പോകുന്നത്?

മോദി എന്തു ചെയ്താലും അതിനെ ന്യായീകരിക്കാന്‍ ഭക്തരുണ്ടാകും. അതെന്തായാലും സാധാരണ മനുഷ്യരുടെ നടു ഒടിക്കുന്ന തീരുമാനങ്ങളാണദ്ദേഹം ആദ്യത്തെ ഒരു മാസം  കഴിഞ്ഞപ്പോഴേക്കും എടുത്തിരിക്കുന്നത്. ഇതാണ്   മോദി പറഞ്ഞ നല്ല ദിനങ്ങൾ.

മോദിയുടെ ചായ  വില്‍പ്പനയെ അതിന്റെ അര്‍ഹിക്കുന്ന അവസ്ഥയില്‍ വിളംബരം ചെയ്യുന്ന ഒരു കാര്‍ട്ടൂണ്‍ അടുത്തിടെ കണ്ടു. മാദ്ധ്യമം ദിനപത്രത്തിലേതാണത്.

ചായ്... ചൂട് ചായേ...


ചായ്... ചൂട് ചായേ...

ഇനിയും ഇതുപോലെ ചൂടു ചായ ഒഴിക്കാനാണ്, എല്ലാ സാധ്യതയും.


7 comments:

kaalidaasan said...

മോദി എന്തു ചെയ്താലും അതിനെ ന്യായീകരിക്കാന്‍ ഭക്തരുണ്ടാകും. അതെന്തായാലും സാധാരണ മനുഷ്യരുടെ നടു ഒടിക്കുന്ന തീരുമാനങ്ങളാണദ്ദേഹം ആദ്യത്തെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും എടുത്തിരിക്കുന്നത്. ഇതാണ് മോദി പറഞ്ഞ നല്ല ദിനങ്ങൾ.

Firefly Talks said...

ambanikkum adanikum kooduthal nalla dinangal varunnu

kaalidaasan said...

Fire Fly,

അദാനിക്കും അംബാനിക്കുമുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേ ഉള്ളു. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ വേണ്ടി സംഘ പരിവാര്‍ ഇപ്പോള്‍ ഒരു കള്ളം കൂടെ പ്രചരിപ്പിക്കുനു. മോദിയെ പേടിച്ച് സ്വിസ് സര്‍ക്കാര്‍ ഇന്‍ഡ്യന്‍ കള്ളപ്പണക്കാരുടെ ലിസ്റ്റ് ഉണ്ടാക്കി ഇരിക്കുന്നു എന്ന്. ഇന്നു വരെ സ്വിസ് സര്‍ക്കാര്‍ അങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കുമെന്നും തോന്നുന്നില്ല. ആരെങ്കിലും സ്വന്തം ശവക്കുഴി തോണ്ടുമോ?

മോദി ഭക്തര്‍ പ്രചരിപ്പിക്കുന്ന കള്ളത്തരത്തിന്റെ യഥാര്‍ത്ഥ വശം ഇതാണ്.

Swiss: No list of Indian cash being readied

The Swiss government on Monday denied outright that it is preparing a list of suspected Indian tax evaders or had plans to prepare one to be given to India. “It is completely wrong. There is no list,” Swiss spokesman Mario Tuor, from the department handling international financial affairs, told this newspaper over the phone from Bern.
A news agency report widely reported in the media had quoted unnamed Swiss government officials claiming that it has prepared a list of Indians suspected to have stashed black money in Swiss banks, and that details of this would be shared with the Indian government.
Mr Tuor said he was aware of the reports in the Indian media, but these were not correct.

Union finance minister Arun Jaitley said Monday that his ministry will write to the Swiss authorities to expedite information on Indians who have unaccounted money in banks there.

Mr Jaitley said his ministry is yet to receive any official communication from Switzerland on the “black money” suspected to be stashed in Swiss banks.

ajith said...

അടിയൊന്നും ആയിട്ടില്ല മോനെ, വടിവെട്ടാന്‍ പോയതേയുള്ളൂ!!

Aneesh Thomas said...

മോദി മാമൻ സമഗ്രമായ വികസനമാണല്ലോ കാഴ്ച്ചവെക്കുന്നത് ...
പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി...

kaalidaasan said...

അനീഷ്,

മാമന്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വോട്ടര്‍മരോട് പറഞ്ഞത് ഇതായിരുന്നു. "പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ദ്ധന ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് മതിയായി, ഇനി മോഡി സര്‍ക്കാരിനു അവസരം നല്‍കാന്‍ വോട്ട് നല്‍കൂ" വോട്ടു ചെയ്തവരെ ഒക്കെ വിഡ്ഢികളാക്കി കൊണ്ട് മാമന്‍ എല്ലാറ്റിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു.

വയലാര്‍ രവിയേപ്പറ്റി ഒരു തമാശ കേട്ടിട്ടുണ്ട്. രാവിലെ എഴുന്നേറ്റാല്‍ ഉടനെ ഒരു ഗ്ളോബ് എടുത്ത് കറക്കി, ഏതെങ്കിലും ഒരു രാജ്യത്തിനു മുകളില്‍ വിരല്‍ വയ്ക്കും. എന്നിട്ട് ആ രാജ്യത്തെ പ്രവസികളെ കാണാന്‍ അങ്ങോട്ടു പോകും. അതുപോലെ മോദി മാമന്‍ രാവിലെ എഴുന്നേറ്റ് ഒരു ലിസ്റ്റിലൂടെ വിരലോടിക്കും. വിരല്‍ ചെന്നു നില്‍ക്കുന്ന വസ്തുവിന്റെ വില അങ്ങ് കൂട്ടും.

അജിത് മുകളില്‍ എഴുതിയതുപോലെ കൊട്ടൊന്നുമായിട്ടില്ല, വടി വെട്ടാന്‍ പോയിട്ടേ ഉള്ളു. തെരഞ്ഞെടുപ്പു പ്രചരണത്തിനു വേണ്ടി മോദി ചെലവാക്കിയത് 4000 കോടി രൂപയോളമാണ്. അതൊക്കെ നല്‍കിയവരുടെ നഷ്ടം നികത്തുന്നതു വരെ ഇങ്ങനെ കൂട്ടിക്കൊണ്ടിരിക്കും. ഇതാണു മോദി മാമന്റെ good governance . എല്ലാറ്റിന്റെയും വിലകൂട്ടി ഖജനാവു നിറയ്ക്കാന്‍ ഒരു ഭരണ വൈദഗ്ധ്യവും ആവശ്യമില്ല ഏതെങ്കിലും  ബ്ളേഡു കാരനെ ഭരിക്കാന്‍ ഏല്‍പ്പിച്ചാലും മതി.

അനുഭവിക്കുക തന്നെ. ഓരോ ജനതക്കും അര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കും എന്നു പറയുന്നത് എത്രയോ ശരി. ഒരു മാസം  കൊണ്ട് ഇത്രയായി. ആറു മാസം കഴിയുമ്പോള്‍ മന്‍ മോഹന്‍ സിംഗ് ആയിരുന്നു ഭേദമെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങും. അധികാരം ഏറ്റെടുത്ത് ഒരു മാസം കൊണ്ട് ജനതയുടെ കഷ്ടപ്പാട് ഇത്രയധികം അദ്ദേഹം വര്‍ദ്ധിപ്പിച്ചിരുന്നില്ല.

Muhammed Shafeeq said...

ച്ഛായ്‌.... എന്താ കാളിദാസാ ഇത്‌..? ഇങ്ങനനെത്തെ വിഷയങ്ങളൊന്നും എഴുതല്ലെ. ഇപ്പൊ കണ്ടൊ കമന്റടിക്കാന്‍ ഒരുത്തഌമില്ല..!!! നീ വല്ല മുസ്‌ലിം കോയമാരെ രണ്ട്‌ പുലഭ്യം പറ., അപ്പൊക്കാണാം നിന്റെ സംഘി ചങ്ങാതിമാർ കൂട്ടം കൂട്ടമായി വരുന്നത്‌.!!!!