Wednesday, 12 June 2013

ഹരിതരാഷ്ട്രീയത്തിലെ പച്ചപ്പ്, അഥവാ ഹിന്ദു എം എല്‍ എ സൈബര്‍ ലോകത്ത് അതി വിചിത്രമായ ഒരു പ്രചരണം നടക്കുന്നുണ്ട്. തൃത്താല എം എല്‍ എ വി റ്റി ബലറാം താന്‍ ഒരു  ഹിന്ദു എം എല്‍ എ അല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ കാരണം അദ്ദേഹത്തിന്റെ മാതൃസംഘടനയായ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഹിന്ദു എം എല്‍ എ എന്നു വിളിച്ചു എന്ന ബലറാമിന്റെ തോന്നലാണ് . കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഹിന്ദു എം എല്‍ എ എന്നു വിളിച്ചതായി എങ്ങും കേട്ടില്ല. വിളിച്ചു എന്ന് ബലറാം ശഠിക്കുന്നു. അങ്ങനെയാണദ്ദേഹം അവകാശപ്പെടുന്നത്.

ഒരു തറ രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ  അദ്ദേഹം ​എഴുതിയിരിക്കുന്നത് ഇങ്ങനെ 


ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്ന ഒരു നിലപാടും ഞാനെടുത്തിരുന്നില്ല. എന്നാൽ ആ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സാംഗത്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പാർട്ടി നേതൃത്ത്വത്തോട് പങ്കുവെക്കുകയും കഴിയുമെങ്കിൽ വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു ചെയ്തത്. 

ഇത് വായിക്കുന്നവര്‍ എന്തു മനസിലാക്കണമെന്നാണ്, ബലറാം കരുതുന്നത്. ചക്ക് എന്ന് എഴുതിയത് കൊക്ക് എന്ന് വായിക്കുന്ന  ബലറാമിന്റെ ബുദ്ധിയാണ്, മറ്റുള്ളവര്‍ക്കുമെന്നോ?

ഇത് വായിച്ച എനിക്ക് മനസിലായത്, നിയമസഭയിലെ ഹിന്ദു എം എല്‍ എ മാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കണം എന്ന വ്യവസ്ഥയെ ബലറാം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ആ പ്രക്രിയയില്‍ പങ്കെടുക്കില്ല എന്നാണ്. അതു തന്നെയല്ലേ ബലറാം പറഞ്ഞത്?

ഹൈന്ദവ ആരാധനാലയങ്ങളെ ഭരിക്കുന്ന ദേവസം ബോര്‍ഡിനെ തെരഞ്ഞെടുക്കുന്നത്  കേരള നിയമസഭയിലെ ഹിന്ദു എം എല്‍ എ  മാരാണ്. അതിന്റെ  അര്‍ത്ഥം ഇവരൊക്കെ ഹിന്ദുത്വവാദികളാണെന്നല്ല. ഈശ്വരവിശ്വാസികളല്ലാത്ത ഹിന്ദു എം എല്‍ എ മാരും ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു. ഇതില്‍ എന്താണു ബലറാമിനു എതിര്‍പ്പെന്നു മനസിലാകുന്നില്ല. എല്ലാ എം എല്‍ എ മാരും കൂടി ദേവസ്വം ബോര്‍ഡിനെ തെരഞ്ഞെടുക്കണമെന്നാണോ? അതോ ദേവസ്വം ബോര്‍ഡു തന്നെ വേണ്ട എന്നോ? അതോ ഹൈന്ദവ  ആരാധനലയങ്ങളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വേണ്ട എന്നാണോ? ഇതില്‍ ഏത് നിലപാടുള്ളതുകൊടാണ്, ഈ തെരഞ്ഞെടുപ്പില്‍ നിന്നും തന്നെ ഒഴിവാക്കി തരണമെന്ന് ബലറാം അപേക്ഷിച്ചത്?

കേരള നിയമസഭയില്‍ 73 ഹിന്ദു എം എല്‍ എ മാരാണുള്ളത്. യു ഡി എഫിലെ 25 ഉം എല്‍ ഡി എഫിലെ 48 ഉം. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് എം എല്‍ എ മാര്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ട് അവരെ ആരും ഹിന്ദു എം എല്‍ എ എന്നോ ഹിന്ദുത്വ വാദികളെന്നോ വിളിച്ചിട്ടില്ല. പിന്നെ എന്താണു ബലറാമിന്റെ പ്രശ്നം?

ബലറാമിന്റെ  അതി ബാലിശവും ചിരി ഉണര്‍ത്തുന്നതുമായ മറ്റ് ചില പരാമര്‍ശങ്ങള്‍

ഞാൻ വിമർശിച്ചത് “ഹിന്ദു എം എൽ എ” എന്ന രാഷ്ട്രീയ ശരികേടിനെയാണ്. 

ഹിന്ദു എം എല്‍ എ എന്നു പറഞ്ഞാല്‍ എങ്ങനെ അത് രാഷ്ട്രീയ ശരികേടാകും. ബഹുഭൂരിപക്ഷം ആളുകളും  മതവിശ്വസികളായ കേരളത്തില്‍ ഇതില്‍ എന്ത് രാഷ്ട്രീയ ശരികേടാണുള്ളത്? ബലറാം എം എല്‍ എ ആകാന്‍ വേണ്ടി കൊടുത്ത  എല്ലാ  കടലാസിലും ഹിന്ദു എന്നെഴുതിയപ്പോള്‍ ഈ ശരികേട് തോന്നിയില്ലേ? സ്കൂളിള്‍ ചേര്‍ന്നപ്പോള്‍ മുതല്‍ എഴുതിയ എല്ലാ അപേക്ഷാ ഫോറങ്ങളിലും ഹിന്ദു എന്നെഴുതിയപ്പോള്‍ ഒരു ശരികേടും തോന്നിയിരുന്നില്ലേ?

ബലറാം നയം വ്യക്തമാക്കുന്നു.

വെറും 3200 വോട്ടിന്റെ മാത്രം നേരിയ ഭൂരിപക്ഷമുള്ള എന്റെ മണ്ഡലത്തിൽ ഏതെങ്കിലും ഒരു സമുദായം മാത്രം വിചാരിച്ചാൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മതാന്ധതയ്ക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയുമൊക്കെ പല ഘട്ടങ്ങളിലും നിലപാടുകളെടുക്കുന്നത്.

അതുകൊണ്ടുതന്നെ മതവാദികളോട് വിനീതമായി പറയട്ടെ, എനിക്ക് ഹിന്ദുക്കളുടെ വോട്ട് മതി, ഹിന്ദുത്വവാദികളുടെ വോട്ട് വേണ്ട, മുസ്ലീങ്ങളുടെ വോട്ട് മതി ഇസ്ലാമിസ്റ്റുകളുടെ വോട്ട് വേണ്ട. കൃസ്ത്യാനികളുടെ വോട്ട് മതി അവരിലെ വർഗ്ഗീയവാദികളുടെ വോട്ട് വേണ്ട. 

തൃത്താല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബലറാമിന്, ആ മണ്ഡലത്തിലെ ജനങ്ങളെ അറിയില്ല എന്നതിന്റെ തെളിവാണീ പ്രസ്താവന. തത്താലയിലെന്നല്ല മലബറിലൊരിടത്തും മുസ്ലിങ്ങളൊഴികെ ഒരു സമുദായവും തെരഞ്ഞെടുപ്പില്‍ സ്വധീനം ചെലുത്തുന്നില്ല എന്നതാണു സത്യം. തിരുവിതാംകൂറിലായിരുന്നു, ബലറാമിന്റെ മണ്ഡലമെങ്കില്‍ ഇതുപോലെ ഒരു പ്രസ്താവന ബലറാമിന്റെ ചിന്താമണ്ഡലത്തില്‍ പോലും വരില്ല.

ഇവിടെ ബലറാം ആക്ഷേപിച്ചത് ഹിന്ദുത്വവാദികളെ അല്ല. അവരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കാത്ത സാധാരണ ഹിന്ദുക്കളെ ആണ്. ഈ സാധരണ ഹിന്ദുക്കള്‍ പോകുന്ന  അമ്പലങ്ങളിലേക്കുള്ള ഭരണക്കാരെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിലാണ്, ബലറാം എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഹിന്ദു എം എല്‍ എ എന്ന പേരില്‍ വോട്ടു ചെയ്താല്‍ ആരും ബലറാമിനെ ഹിന്ദുത്വവാദി ആക്കില്ലായിരുന്നു.

ബലറാം പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരെയെന്നത് വളരെ വ്യക്തം. തൃത്താലയില്‍ ഏത് തെരഞ്ഞെടുപ്പിന്റെയും ഫലം നിര്‍ണ്ണയിക്കാന്‍  ശേഷിയുള്ള മുസ്ലിങ്ങളെ. അവര്‍ക്ക് വ്യക്തമായ സാമുദായിക അജണ്ടയുണ്ട്. ബലറാമിന്, അതിനെ പേടിയാണ്.  അവരെ തന്റെ ചേരിയില്‍ നിറുത്താനുള്ള ആവേശം കൊണ്ടാണിതു പോലെ തികച്ചും അപ്രസക്തമായ ഒരു വിഷയം  എന്തോ മഹാ കാര്യം പോലെ നയപരിപാടി ആയി ബലറാം അവതരിപ്പിക്കുന്നത്. യു ഡി എഫിലെ മറ്റ് 24 എം എല്‍ എ മാരോടൊപ്പം വോട്ടു ചെയ്തു പോയിരുന്നെങ്കില്‍ ഇതാരുമറിയില്ലായിരുന്നു. ഇതിപ്പോള്‍ നാടു മുഴുവന്‍ പാട്ടാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബലറാം തന്നെയാണ്.

മുസ്ലിങ്ങളുടെ കാതിനിമ്പമേകുന്ന ഈ വിഷയം ഉണ്ടാക്കിയതിന്റെ ആഘോഷം പോലും പച്ച അലുക്കിട്ട ഒരു ബാനറിലാണ്.

നെഹ്രുവിന്റെ ഒരു പരാമര്‍ശം ഉദ്ധരിച്ചാണ്, ബലറാം താനും നെഹ്രുവിനേപ്പോലെ മഹാനാണെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഒരു മതേതര രാഷ്ട്രത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ പ്രതിനിധാനം ചെയ്യുന്നത് അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല എന്ന രാഷ്ട്രശിൽപ്പി ജവഹർലാൽ നെഹ്രുവിന്റെ അഭിപ്രായമാണ് ഇക്കാര്യത്തിൽ നമുക്ക് സ്വീകാര്യമായിട്ടുള്ളത്. 

കേരളത്തില്‍ ബലറാം  ഏത് മതവിശ്വാസത്തെ പ്രതിനിധാനം ​ചെയ്യുന്നു എന്നാരും ചോദിച്ചിട്ടില്ല. പിന്നെ എന്തിനാണിതുപോലെ തികച്ചും അപ്രസക്തമായ കാര്യങ്ങള്‍  വലിച്ചു കൊണ്ടു വരുന്നത്?

നെഹ്രു പക്ഷെ മറ്റൊന്നു പറഞ്ഞിരുന്നു. മുസ്ലിം ലീഗ് ചത്ത കുതിര ആണെന്ന്. ഇത് ഏതെങ്കിലും പൊതു വേദിയിലോ സ്വന്തം ഫെയിസ് ബുക്ക് പേജിലോ എഴുതാനുള്ള തന്റേടം ബലറാമിനുണ്ടോ? ഉണ്ടാകില്ല. അപ്പോള്‍ മുട്ടു വിറക്കും.

പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഇടപെട്ട് ബലറാമും കൂടെ അഞ്ച് എം എല്‍ എ മാരും  ഒരു പുതിയ ഹരിതരാഷ്ട്രീയത്തിനു തുടക്കം കുറിച്ചപ്പോള്‍, അതിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്ത വ്യക്തിയായിരുന്നു ഞാന്‍,. പക്ഷെ അവരുടെ  ഉദ്യമം ഒരു ചാപിള്ള ആയിപോയതില്‍ അതിയായ ദുഖം ഇപ്പോള്‍ തോന്നുന്നു. വെറും വാചാടോപത്തിനപ്പുറം ഭരണ കക്ഷി ആയിരുന്നിട്ടു പോലും ഒന്നും ചെയ്യാനിവര്‍ക്ക് കഴിഞ്ഞിട്ടില്ല. 1.80 ലക്ഷം എക്കര്‍ കൃഷി ഭൂമി ഉണ്ടായിരുന്ന പാലക്കാട്ടിപ്പോള്‍ 97000 ഏക്കര്‍ കൃഷി ഭൂമിയേ ഉള്ളു. ബാലറാമിന്റെ സ്വന്തം മണ്ഡലമായ തൃത്താല സ്ഥിതി ചെയ്യുന്ന പലക്കാട് ജില്ലയിലാണിത് സംഭവിച്ചത്. ഇപ്പോഴും അവിടെ പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നു. ബാലറാമോ കൂടെ ഉള്ള കുട്ടിക്കുരങ്ങന്‍മാരോ ഒരു ചെറു വിരല്‍ പോലും അനക്കുന്നില്ല. ഇടതു ഭരണകാലത്ത്  അടങ്ങി നിന്ന റിസോര്‍ട്ട് മാഫിയ ഇപ്പോള്‍ കേരളം മുഴുവന്‍ റിസോര്‍ട്ട് പണി പുനരാരംഭിച്ചിട്ടുണ്ട്.പക്ഷെ ബലറാമിനു ശബ്ദമില്ല. ഇപ്പോള്‍ ബലറാമിന്റെ ഹരിത രാഷ്ട്രീയം മുസ്ലിം ലീഗിന്റെ പച്ച രാഷ്ട്രീയത്തിലേക്ക് കൂടുവിട്ട് കൂടു മാറുന്നു.

ആവശ്യ സാധങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്തവിധം ഉയര്‍ന്നുയര്‍ന്നു പോകുന്നു. പകര്‍ച്ച വ്യാധി പിടിപെട്ട് ദിവസേന ആളുകള്‍ മരിച്ചു വീഴുന്നു. അതേക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാതെ ഹരിത എം എല്‍ എ ആരെയും ബാധിക്കാത്ത ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ ശുദ്ധ അസംബന്ധം വിളിച്ചു പറയാന്‍ സമയം കണ്ടെത്തുന്നു.

ഇന്‍ഡ്യയെ ഇന്‍ഡ്യയാക്കിയ നെഹ്രുവിന്റെ നയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അതിവേഗം ബഹുദൂരം അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷെ അതിനെതിരെയൊന്നും ശബ്ധിക്കാന്‍ ഈ അഹിന്ദു എന്ന് സ്വയം വിളിക്കുന്ന എം എല്‍ എ ക്ക് കഴിയില്ല. കഴിയില്ല എന്നു മാത്രമല്ല. അതിനു വേണ്ടി കയ്യടിച്ചു പിന്തുണയും കൊടുക്കും. അതിനേക്കാളൊക്കെ പ്രധാനം താന്‍ ഹിന്ദു അല്ല എന്നു തെളിയിക്കലാണെന്ന് ഈ  പച്ച എം എല്‍ എക്ക് തോന്നുന്നു. 

പ്രശ്നം വളരെ ലളിതമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിട്ട്  എം എല്‍ എ സ്ഥാനം കിട്ടിയതായിരുന്നു എങ്കില്‍,  ബലറാം ഇതുപോലെ ബാലിശമായ നിലപാടെടുക്കില്ലായിരുന്നു. രാഹുല്‍ ഗാന്ധി കെട്ടിയിറക്കിയതാണെന്ന ഒറ്റ ഹുങ്കാണിതിന്റെ പിന്നില്‍,. കൂടെയുള്ള വി ഡി സതീശനോ, റ്റി എന്‍ പ്രതാപനോ, ശ്രായാംസ്കുമാറിനോ ഹിന്ദു എം എല്‍ എ എന്ന പേരില്‍ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍  പ്രശ്നമൊന്നുമുണ്ടായില്ല. 

മതസമുദായിക ശക്തികളോട് ഇത്ര വലിയ വിരോധമുണ്ടെങ്കില്‍ ആദ്യം എതിര്‍ക്കേണ്ടിയിരുന്നത് മുസ്ലിം ലീഗെന്ന മത സംഘടനയെ ആയിരുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയോടെ ഉള്ള ഭരണത്തെ താങ്ങി നിറുത്തി എന്താണു ബലറാം  ചെയ്യുന്നത്. പാണക്കാട്ട് തങ്ങള്‍ സ്വന്തമിഷ്ടപ്രകാരം  അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ ബലറാമിന്റെ നാവു കാശിക്കു പോയിരുന്നു.  കോണ്‍ഗ്രസിലെ എല്ലാ എം എല്‍ എ മാരും മത സാമുദായിക ശക്തികളുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ ബലറാമിനു ശബ്ദമില്ലല്ലോ.

കോണ്‍ഗ്രസുകാരനായ  ആര്യാടന്‍ മൊഹമ്മദൊക്കെ മുസ്ലിം ലീഗിനെയും പാണക്കാട്ട് തങ്ങളെയുമൊക്കെ  പേരെടുത്ത് പറഞ്ഞാണെതിര്‍ക്കുന്നത്. അതുപോലെ ലീഗിനെയോ, എന്‍ എസ് എസിനെയോ, എസ് എന്‍ ഡി പിയേയോ, ആ സംഘടനകളുടെ നേതക്കളെയോ പേരെടുത്തു പറഞ്ഞ്  അവരെ വിമര്‍ശിക്കാന്‍ ബലറാമിനു  കഴിയുമോ? ഇല്ല. അതാണു  ബലറാമിനേപ്പോലുള്ള ഞാഞ്ഞൂളുകളും ആര്യാടനും തമ്മിലുള്ള വ്യത്യാസം.


18 comments:

kaalidaasan said...

പ്രശ്നം വളരെ ലളിതമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിട്ട് എം എല്‍ എ സ്ഥാനം കിട്ടിയതായിരുന്നു എങ്കില്‍, ബലറാം ഇതുപോലെ ബാലിശമായ നിലപാടെടുക്കില്ലായിരുന്നു. രാഹുല്‍ ഗാന്ധി കെട്ടിയിറക്കിയതാണെന്ന ഒറ്റ ഹുങ്കാണിതിന്റെ പിന്നില്‍,. കൂടെയുള്ള വി ഡി സതീശനോ, റ്റി എന്‍ പ്രതാപനോ, ശ്രായാംസ്കുമാറിനോ ഹിന്ദു എം എല്‍ എ എന്ന പേരില്‍ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പ്രശ്നമൊന്നുമുണ്ടായില്ല.

മലക്ക് said...

നിയമ സഭയിൽ ഒരു ഹിന്ദു MLA മാത്രമേ ഉള്ളൂ എങ്കിൽ അയാൾക്ക്‌ തീരുമാനിക്കാമൊ ദേവസ്വം ബോർഡ്‌ ആര് ഭരിക്കണം എന്ന്? 73 ഹിന്ദു MLA മാര് ഉണ്ടെങ്കിൽ 73 മണ്ഡലങ്ങളിലെ പ്രതിനിധികൾ ആയി. ബാക്കിയുള്ള പകുതിയോളം മണ്ഡലങ്ങളിലെ ഹിന്ദുക്കളെ ആര് പ്രതിനിധാനം ചെയ്യുന്നു? അന്യ മതസ്ഥരെ തിരഞ്ഞെടുത്തു എന്ന കാരണം കൊണ്ട് അവര്ക്ക് ഈ തെരഞ്ഞെടുപ്പിൽ യാതൊരു റോളും ഇല്ലേ?

എൻറെ അഭിപ്രായത്തിൽ ദേവസ്വം ബോർഡ്‌ തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിയമസഭയിൽ അല്ല. ദേവസ്വം ബോർഡിൻറെ കീഴിൽ പ്രവര്ത്തിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനത്തിനു വരുന്ന ഭക്തജനങ്ങൾ ആവണം ക്ഷേത്രങ്ങൾ ആര് ഭരിക്കണം എന്ന് തീരുമാനിക്കേണ്ടത്.

kaalidaasan said...

>>>നിയമ സഭയിൽ ഒരു ഹിന്ദു MLA മാത്രമേ ഉള്ളൂ എങ്കിൽ അയാൾക്ക്‌ തീരുമാനിക്കാമൊ ദേവസ്വം ബോർഡ്‌ ആര് ഭരിക്കണം എന്ന്?<<<

മലക്ക്,

നിലവിലുള്ള നിയമനുസരിച്ച് തീരുമാനിക്കാം.

ഏത് നിയമവും ഭൂരിപക്ഷ തീരുമാനപ്രകാരമാണുണ്ടാക്കുന്നത്. ഇപ്പോള്‍ യു ഡി എഫ് എടുക്കുന്ന ഏത് തീരുമാനത്തിനും കേരള നിയസഭയിലെ 73 എം എല്‍ എ മാരുടെ പിന്തുണയേ ഉള്ളു. അതിന്റെ അടിസ്ഥാനത്തില്‍ ബാക്കി 67 എം എല്‍ എ മാരുടെയും അവരെ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെയും അഭിപ്രയത്തിനെന്തു വില എന്നു ചോദിക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല.

കേരളം  ഉണ്ടാകുന്നതിനു മുന്നെ തന്നെ ക്ഷേത്രഭരരണം സര്‍ക്കാരിന്റെ അധീനതയില്‍ ആയിരുന്നു. അന്ന് പക്ഷെ ഭരിക്കുന്നവര്‍ മുഴുവന്‍ ഹിന്ദുക്കളായിരുന്നതുകൊണ്ട് വേറേ പ്രശ്നമൊന്നുമുണ്ടായില്ല. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ വന്നു ചേര്‍ന്നു. കേരള നിയമസഭയാണ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്നെടുകാനുള മനദണ്ഡം രൂപപ്പെടുത്തിയത്. ഹിന്ദുക്കളല്ലാത്തവര്‍ ഇതില്‍ ഭാഗഭാക്കാകേണ്ട എന്നു തീരുമാനിച്ചതും കേരള നിയമസഭയാണ്. ഒരു നിയമ സഭാംഗം എന്ന നിലയില്‍ ഈ നിയമം അനുസരിക്കാന്‍ ബലറാം ബാധ്യസ്ഥനാണ്.ഇടതുപക്ഷം ഭരിക്കുമ്പോള്‍ പാസാക്കിയ നിയമം കോണ്‍ഗ്രസുകാരനായ എനിക്ക് അനുസരിക്കേണ്ട ബാധ്യതയില്ല എന്ന് ബലറാമിനു പറയാന്‍ ആകുമോ? ബലറാമിന്റെ സ്വകാര്യ വിശ്വാസങ്ങളൊക്കെ എന്താണെന്നതൊന്നും ഇവിടെ പുറത്തെടുത്ത് അലക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വളരെ ബാലിശവും പക്വതയില്ലാത്തതുമായിപ്പോയി ബലറാമിന്റെ നിലപാട്.

kaalidaasan said...

മലക്ക്,

ക്ഷേത്രങ്ങള്‍ ആരു ഭരിക്കണമെന്നതൊക്കെ മറ്റൊരു വിഷയമാണ്.

നിലവിലുള്ള ഭരണ സംവിധാനം തെറ്റാണെന്ന അഭിപ്രായം ബലറാമിനുണ്ടെങ്കില്‍ അതിനു ബദലായി എന്ത് വേണമെന്ന് നിര്‍ദ്ദേശിക്കാനുള ബാധ്യത അദ്ദേഹത്തിനുണ്ട്. അതിനു വേണ്ടിയാണു കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിനു ശമ്പളം കൊടുക്കുന്നത്.

ഇനി തീവ്ര മത വിശ്വസികള്‍ കൊടുക്കുന്ന നികുതിയുടെ പങ്ക് മത രഹിതനായ എനിക്ക് വേണ്ട എന്നും പറഞ്ഞ് ശമ്പളത്തിന്റെ ആനുപാതിക ഭാഗം അദ്ദേഹം വേണ്ടെന്നു വയ്ക്കുമോ എന്തോ.

ശ്രീക്കുട്ടന്‍ said...

വസ്തുനിഷ്ടമായ പറച്ചില്‍. ബല്‍റാം ഒക്കെ തുഴച്ചില്‍ പഠിക്കുവാണ്. നിലനില്‍പ്പിനായുള്ള തുഴച്ചില്‍..

kaalidaasan said...

ശ്രീക്കുട്ടന്‍,

ബലറാം വലിയ കൌശലക്കാരനാണ്.

കേരളത്തിലെ ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹിന്ദുത്വവാദികളുടേതാണെന്നാണ്, ഈ കാപട്യം  പറഞ്ഞു വരുന്നത്. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദുക്കള്‍ മുഴുവന്‍ ഹിന്ദുത്വവാദികളെന്നൊക്കെ പറയുന്ന ഇദ്ദേഹത്തിന്റെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ട്. ക്ഷേത്രത്തില്‍ പോകുന്ന ഒരു ഹിന്ദുവിന്റെയും  വോട്ടുകള്‍ വേണ്ട എന്ന് പറയാന്‍ ഇദ്ദേഹത്തിനു ധൈര്യമുണ്ടോ?

kaalidaasan said...

ബലറാമിന്റെ ഫെയിസ് ബുക്ക് പേജില്‍ കണ്ട ഒരഭിപ്രായത്തോട് പ്രതികരിച്ച് ഞാന്‍ ചില കമന്റുകള്‍ അവിടെ എഴുതി. അവ ഇവിടെയും പകര്‍ത്തുന്നു.

kaalidaasan said...

ദേവസ്വം ഭരവാഹികളെ തെരഞ്ഞെടുക്കുന്നതാണല്ലൊ ബലറാമിന്റെ ഇപ്പോഴത്തെ ഈ പൊട്ടിത്തെറിയുടെ അടിസ്ഥാനം. ഈ തെരഞ്ഞെടുപ്പിനു വോട്ടു ചെയ്തു എന്നു കരുതി ഇദ്ദേഹത്തെ ആരെങ്കിലും ഹിന്ദു എം എല്‍ എ എന്നു വിളിക്കുമോ?
കേരളത്തിലെ ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹിന്ദുത്വവാദികളുടേതാണെന്നാണ്, ഈ കാപട്യം പറഞ്ഞു വരുന്നത്. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദുക്കള്‍ മുഴുവന്‍ ഹിന്ദുത്വവാദികളെന്നൊക്കെ പറയുന്ന ഇദ്ദേഹത്തിന്റെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മടി കാണിക്കുന്ന ഈ കൌശലക്കാരന്‍, ക്ഷേത്രത്തില്‍ പോകുന്ന ഒരു ഹിന്ദുവിന്റെയും വോട്ടുകള്‍ വേണ്ട എന്ന് പറയാന്‍ ധൈര്യമുണ്ടോ?

തൃത്താലക്കാരോട് ഒരു ചോദ്യം. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കന്‍ വോട്ടു ചെയ്തു എന്നു കരുതി ഇദ്ദേഹത്തെ നിങ്ങളാരെങ്കിലും ഹിന്ദു എം എല്‍ എ എന്നു വിളിക്കുമോ? ഹിന്ദുത്വ വാദി ആക്കുമോ?

തൃത്താലയിലെ മുസ്ലിം വോട്ടുകളില്‍ കണ്ണു വച്ച് ക്ഷേത്രത്തില്‍ പോകുന്ന എല്ലാ ഹിന്ദുക്കളെയും ഇദ്ദേഹം അവഹേളിക്കുകയാണ്.

kaalidaasan said...

ഹരിത എം എല്‍ എ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബലറാമിനോടൊരു ചോദ്യം. ബ്ളോഗിലിടക്കിടക്ക് ലേഖനമെഴുതുന്നതല്ലാതെ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി എം എ എ എന്ന നിലയില്‍ എന്താനു താങ്കളിതു വരെ ചെയ്തത്? കേരളം മുഴുവന്‍ മാലിന്യം നിറഞ്ഞു കിടക്കുന്നു. പകര്‍ച്ച പനി കൊണ്ട് മലയാളികള്‍ മരിച്ചു വീഴുന്നു. ഈ രംഗത്ത് എന്താണു താങ്കളുടെ ഇടപെടല്‍?

കുറച്ചു വര്‍ഷങ്ങല്‍ക്ക് മുമ്പ് പാലക്കാട് ജില്ലയില്‍ 1.8 ലക്ഷം ഏക്കര്‍ കൃഷി ഭൂമി ഉണ്ടായിരുന്നു. ഇപ്പോളത് 90000 ഏക്കറുകളേ ഉള്ളു. ഇപ്പോഴും നിത്യേന പാടം നികത്തി കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണിയുന്നു. ഇതിനെതിരെ പാലക്കാടു ജില്ലയിലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ തങ്കളെന്തു ചെയ്തു?

കുടിവെള്ള വിഷയത്തില്‍ താങ്കളുള്‍പ്പടെ കുറെ എം എല്‍ എ മാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി എന്നു പത്രത്തില്‍ വായിച്ചു. ഈ ഒരു കത്തെഴുത്തില്‍ താങ്കള്‍ ബാധ്യത അവസാനിപ്പിക്കില്ലേ? ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കത്തെഴുതിയ താങ്കളുള്‍പ്പടെയുള്ള 6 എം എ എ മാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിബദ്ധത തെളിയിക്കുമോ?

kaalidaasan said...

>>>>>രാജാവ്‌ നഗ്നനാണ് എന്ന് വിളിച്ചുപറയാന്‍ ആര്‍ജ്ജവം കാണിച്ച കുട്ടിയെ ഓര്‍മിപ്പിക്കുന്നു പലപ്പോഴും തൃത്താല എം എല്‍ എ വി.ടി ബല്‍റാമിന്റെ വാക്കുകള്‍<<<<<<

ഏത് രാജാവ് നഗ്നനാണെന്നു ബലറാം പറഞ്ഞു എന്നാണു താങ്കള്‍ വാദിക്കുന്നത്?

ഉമ്മന്‍ ചാണ്ടി എന്ന രാജാവു മുസ്ലിം ലീഗെന്ന മത സംഘടനയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടന്നപ്പോള്‍ ഈ കുട്ടിയുടെ നാവ് എവിടെ ആയിരുന്നു?

സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും കൂടി കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയേയും, ആഭ്യന്ത്ര മന്ത്രി രാധയേയും, മുഖ്യ മന്ത്രി ഉമ്മനെയും ഒക്കെ അറപ്പുളവാക്കുന്ന വാക്കുകളുപയോഗിച്ച് തെറി പറഞ്ഞപ്പോഴും, അത് കേട്ട ഇവര്‍ അതൊക്കെ സന്തോഷത്തോടെ സ്വീകരിച്ചപ്പോഴും ഈ കുട്ടി എന്തു ചെയ്തു? വള്ളിനിക്കറിട്ട് വട്ട് കളിക്കുകയായിരുന്നോ?

ആര്യാടന്‍ മൊഹമ്മദൊക്കെ മുസ്ലിം ലീഗിനെയും പാണക്കാട്ട് തങ്ങളെയും പേരെടുത്തു പറഞ്ഞാണ്, വിമര്‍ശിക്കുന്നത്. അതുപോലെ ഹിന്ദു മത സംഘടനകളായ എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയേയും അതിന്റെ നേതാക്കളെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ ഇദ്ദേഹത്തിനു തന്റേടമുണ്ടോ? ഉണ്ടെങ്കില്‍ ഇദ്ദേഹത്തെ ആണ്‍കുട്ടി എന്നു വിളിക്കാം. കേരളത്തില്‍ അപ്രസക്തമായ ബി ജെ പിക്കെതിരെ എന്തെങ്കിലും വിളിച്ചു പറയുന്നതല്ല ആണത്തം. അത് വെറും തിണ്ണമിടുക്കാണ്.

ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞതിനിദ്ദേഹത്തെ ആണ്‍കുട്ടി എന്നു വിളിക്കണമെങ്കില്‍ അസാമാന്യ തൊലിക്കട്ടി വേണം.

ബി ജെ പിയും സംഘ പരിവാറും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വവാദികള്‍ക്ക് കേരളത്തില്‍ 8% വോട്ടുകളുണ്ട്. അവര്‍ കൂടി കൊടുക്കുന്ന നികുതിയാണു ബലറാം എന്ന എം എല്‍ എക്ക് ശമ്പളം നല്‍കാനുപയോഗിക്കുന്നത്. അവരുടെ വിയര്‍പ്പിന്റെപങ്ക് എനിക്കു വേണ്ട എന്നും പറഞ്ഞ് 8% ശമ്പളം ഉപേക്ഷിക്കാന്‍ ഈ കുട്ടി തയ്യാറുണ്ടോ? ഹിന്ദുത്വവാദികളുടെ വോട്ടു വേണ്ട എന്നു പറയുന്ന കാപട്യം ഇതു കൂടി പറയണം.

kaalidaasan said...

>>>>>എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ ഇതുവരെയുള്ള ബാലറാമിന്റെ പ്രതികരണങ്ങള്‍ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്.<<<<<<

പി സി ജോര്‍ജിന്റെ വാക്കുകള്‍ കടമെടുത്താല്‍ "ഏത് പൊട്ടനും എന്തും വിളിച്ചു പറയാം". പക്ഷെ പ്രവര്‍ത്തിയിലാണു കാര്യം.

എം എല്‍ എ എന്ന നിലയില്‍ തൃത്താലക്കു പുറത്തുള്ള കേരളത്തിനു വേണ്ടി ഇദ്ദേഹം എന്തു ചെയ്തു?

പരിസ്ഥിതി വിഷയത്തില്‍ മലമറിക്കും എന്നു വീമ്പടിച്ച ഇദ്ദേഹം എന്തു ചെയ്തു? ഒറ്റ കയ്യേറ്റക്കാരെയെങ്കിലും ഇറക്കി വിടീക്കാന്‍ ഭരണ കക്ഷി ആയിരുന്നിട്ടു പോലും ഇദ്ദേഹത്തിനു സാധിച്ചോ? നെല്ലിയാംപതിയിലെ ഭൂമി കയ്യേറ്റം എന്തായി?

പാലക്കാട് ജില്ലയിലെ നിലം നികത്തിലിനെതിരെ ചെറു വിരലനക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞോ?

kaalidaasan said...

>>>>>ജാതി-മത രാഷ്ട്രീയം നിലനില്‍ക്കെത്തന്നെ വളരെ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഒരു എം എല്‍ എക്ക് അവരുടെയാരുടെയും സഹായം തനിക്ക്‌ ആവശ്യമില്ല എന്ന് ഉറക്കെ പറയാന്‍ ധൈര്യം കൈവന്നിട്ടുണ്ടെങ്കില്‍ തമസ്സിലാണ്ടുപോയ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ അതൊരു പ്രതീക്ഷയുടെ കൈത്തിരി വെട്ടമാണ്. <<<<<<

കേരളത്തില്‍ ജാതി-മത രാഷ്ട്രീയത്തിന്റെ ഏറ്റവും തിളങ്ങുന്ന മുഖം മുസ്ലിം ലീഗും അവരെ പിന്തുണക്കുന്ന മുസ്ലിങ്ങളുമാണ്. മുസ്ലിമല്ലാത്ത ഒറ്റ കുട്ടിയും ഈ സംഘടനയില്‍ അംഗങ്ങളല്ല. മുസ്ലിം ലീഗിന്റെയോ അതിലെ മുസ്ലിങ്ങളുടെയൊ പിന്തുണ വേണ്ട എന്നു പറയാന്‍ ഇദ്ദേഹത്തിനു തന്റേടമുണ്ടോ. ഉണ്ടെങ്കില്‍ ഞാന്‍ ഇദ്ദേഹത്തെ ആണ്‍കുട്ടി എന്നു വിളിക്കാം. അല്ലെങ്കില്‍ എട്ടു കാലി മമ്മൂഞ്ഞ് എന്നേ വിളിക്കു.

കേരള രാഷ്ട്രീയം ജാതി മത ശക്തികളുടെ പിടിയിലായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബലറാമിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനാണ്. ആ പാര്‍ട്ടിയാണ്, ഈ ശക്തികളെ പ്രീണിപ്പിക്കുന്നതും അവര്‍ക്ക് കേരളത്തില്‍ ഇല്ലാത്ത ശക്തി ഉണ്ടെന്നു സമ്മതിച്ചു കൊടുക്കുന്നതും. ബലറാം കലഹിക്കേണ്ടത് അതിനെതിരെയാണ്. മുസ്ലിം ലീഗിന്, ഏറ്റവും കൂടുതല്‍ കിട്ടിയിരിക്കുന്നത് 8% വോട്ടുകളാണ്. ബി ജെ പിക്കും  അത്രയും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്.

മുസ്ലിം ലീഗും, എന്‍ എസ് എസും, എസ് എന്‍ ഡിപിയുമായി യാതൊരു വിധ ബന്ധവും വേണ്ട എന്ന് കോണ്‍ഗ്രസിനേക്കൊണ്ട് തീരുമാനിപ്പിക്കാന്‍ ബലറാമിനു സാധിക്കുമോ?

താങ്കളേപ്പോലുള്ള മന്ദബുദ്ധികളെ പറ്റിക്കാന്‍ വേണ്ടി ബലറാം ഇതുപോലെ ഓരോന്നു പറയും. പിന്നാമ്പുറത്ത് ചെന്ന് ഇതേ ജാതി മത സംഘടനകളുടെ കാലും തിരുമ്മും. ലീഗെന്ന മതസംഘടന പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിക്കും.

ബലറാം പറയുന്നതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത്, മുസ്ലിം ലീഗുമായി കോണ്‍ഗ്രസിനു സഖ്യം വേണ്ട എന്ന് പരസ്യമായി പറയുകയാണ്. പക്ഷെ അതിനുള്ള ആമ്പിയര്‍ ബലറാമിനില്ല. കോണ്‍ഗ്രസിലെ ആര്‍ക്കുമില്ല. ആര്യാടനൊഴികെ.

kaalidaasan said...

>>>>>വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളോടാണ് തങ്ങള്‍ക്കു പ്രതിബദ്ധത എന്ന് കരുതുന്ന ഒരാളെങ്കിലും നമ്മുടെ കേരളത്തിലുണ്ടെന്നത് ഏറെ ആശ്വാസകരമായ വാര്‍ത്തയാണ്. <<<<<<

ബലറാമിനെ വോട്ടു ചെയ്തു ജയിപ്പിച്ച സാധാരണ ഹിന്ദുക്കളാണ്, ക്ഷേത്രത്തില്‍ പോകുന്ന ഭൂരിഭാഗം പേരും. തീവ്ര ഹിന്ദുക്കള്‍ കേരളത്തില്‍ വളരെ കുറച്ചേ ഉള്ളു. അവരാരും തൃത്താലയില്‍ ബലറാമിനു വോട്ടു ചെയ്തിട്ടുമില്ല. സാധാരണ ഹിന്ദുക്കള്‍ പോകുന്ന ക്ഷേത്രം ഭരിക്കാന്‍ വേണ്ടിയുള്ള ദേവസ്വം ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിന്നാണ്, ബലറാം വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് ഈ ഹിന്ദുക്കളെ അവഹേളിക്കുന്നതിനു സമാനമാണ്. താന്‍ ഹിന്ദുവല്ല എന്നു വിളിച്ചു പറയുമ്പോള്‍ ഈ ഹിന്ദുക്കളെയാണ്, ബലറാം അവഹേളിച്ചത്. തീവ്ര ഹിന്ദുത്വയെ കേരളത്തില്‍ തടഞ്ഞു നിറുത്തുന്നത് ഇവരാണ്. അല്ലാതെ ബലറാമിന്റെ ഇപ്പൊഴത്തെ കൂട്ടുകാരായ മുസ്ലിം ലീഗിലെ മുസ്ലിങ്ങളല്ല.
വോട്ടു ചെയ്ത് ജയിപ്പിച്ച സാധാരണ ഹിന്ദുക്കളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ ഇവരുടെ ക്ഷേത്രഭരണത്തിനുള്ള മിത വാദികളായ ഹിന്ദുക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ നിന്നും ബലറാം ഒളിച്ചോടാന്‍ ശ്രമിക്കില്ലായിരുന്നു. ബി ജെപിക്കാര്‍ക്കോ സംഘ പരിവാറിനോ വോട്ടു ചെയ്യാന്‍ ബലറാമിനോട് ആരും ആവശ്യപ്പെട്ടില്ല. ഈ വോട്ടെടുപ്പില്‍ ജയിച്ചത് ഇടതുപക്ഷം പിന്തുണച്ച മിത വാദികളായ ഹിന്ദുക്കളാണ്.

താങ്കളും ബലറാമും കൂടി ആരെ വിഡ്ഢികളാക്കാനാണു ശ്രമിക്കുന്നത്.

ബി ജെപിക്കെതിരെ നിലപാടെടുക്കുന്നതും എടുക്കാത്തതും കേരള രാഷ്ട്രീയത്തെ ഒരു വിധത്തിലും ബാധിക്കില്ല എന്ന് താങ്കള്‍ക്കും ബലറാമിനും ഒഴികെ അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍)ക്കുമറിയാം.

kaalidaasan said...

>>>>>ജാതി-മതങ്ങള്‍ക്ക്‌ മന്ത്രിസ്ഥാനം പങ്കിട്ട്നല്‍കുന്ന വേളയില്‍ സ്വന്തം പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെതിരെ പ്രതികരിച്ച ഒരേയൊരു എം എല്‍ എയും ബാലറാം ആയിരിക്കും.<<<<<<

കഥയറിയാതെ ആട്ടം കാണുന്ന വിഡ്ഢിയാണല്ലോ താങ്കളെന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ജാതി-മതങ്ങള്‍ക്ക്‌ മന്ത്രിസ്ഥാനം പങ്കിട്ട്നല്‍കുന്നതിനെതിരെ ബലറാം ഇന്നു വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഉണ്ടെങ്കില്‍ എവിടെ എന്ന് താങ്കള്‍ പറയണം.

എം എല്‍ എ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഒരു കടമ നിര്‍വഹിക്കുന്നതില്‍ നിന്നും ഒളിച്ചോടാനാണ്, ബലറാം ശ്രമിച്ചത്. ദേവസ്വം ബോര്‍ഡംഗങ്ങളെ തെരഞ്ഞെടുക്കുക എന്നത് കേരള നിയമ സഭയിലെ ഹിന്ദു അംഗങ്ങളുടെ കടമയാണ്. ബലറാം ഹിന്ദു മത വിശ്വാസിയല്ലെങ്കില്‍ അത് പരസ്യമായി പറഞ്ഞ്, ഇതില്‍ നിന്നൊഴിവാകണം. പക്ഷെ അതാണോ ഈ കാപട്യം ചെയ്തത്? കോണ്‍ഗ്രസ് പാര്‍ട്ടി കണ്ണുരുട്ടിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി അനുസരണയുള്ള കുഞ്ഞാടിനേപ്പോലെ പോയി വോട്ടു ചെയ്യുകയല്ലെ ഉണ്ടായത്? പിന്നെ എന്തിനായിരുന്നു ഈ നാടകം? ആരെ പറ്റിക്കാനാണ്?

എന്താണു ബലറാമിനു വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ട്? എന്തിനോടായിരുന്നു ബലറാമിന്റെ എതിര്‍പ്പ്? എന്താണദ്ദേഹത്തിന്റെ നിലപാട്? ക്ഷേത്രം ഭരിക്കാന്‍ ദേവസ്വം ബോര്‍ഡ് വേണ്ട എന്നാണോ? ഹിന്ദു എം എല്‍ മാര്‍ മാത്രം വോട്ടു ചെയ്താല്‍ പോരാ എന്നാണോ? ഹിന്ദു എം എല്‍ എ എന്ന് അറിയപ്പെടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണോ? ഇദ്ദേഹത്തോട് നിങ്ങളാരെങ്കിലും ഹിന്ദു മതത്തില്‍ തന്നെ വിശ്വസിക്കണമെന്നു പറഞ്ഞിട്ടുണ്ടോ? അഥവ ഹിന്ദു ആണെങ്കില്‍ വോട്ടു ചെയ്യില്ല എന്നു പറഞ്ഞിട്ടുണ്ടോ? കമ്യൂണിസ്റ്റുകാരേപ്പോലെ നിരീശ്വരവാദി ആയി ജീവിക്കാന്‍ പാടില്ലേ? അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തില്‍ ചേരാന്‍ പാടില്ലേ?

kaalidaasan said...

>>>>>കയ്യടികള്‍ക്കു വേണ്ടി വാതോരാതെ പലതും വിളിച്ച്പറയുന്ന രാഷ്ട്രീയക്കാരുടെ ശൈലിയില്‍ നിന്നും വ്യത്യസ്തനായി സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു തിരഞ്ഞെടുപ്പ് വേളയിലും വിട്ടുവീഴ്ചകളില്ലാതെ സധൈര്യം പോരാടാന്‍ ബാലറാമിനു കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. <<<<<<

ബലറാം ഒരു നിലപാടിലും ഉറച്ചു നിന്നില്ല. നപുംസകത്തേപ്പോലെ പത്തി മടക്കി കീഴടങ്ങുകയാണു ചെയ്തത്. ഹിന്ദു എം എല്‍ എ എന്നറിയപ്പെടാന്‍ ആഗ്രഹമില്ലെങ്കില്‍ ആ ലേബല്‍ ഉപേക്ഷിക്കുകയാണു വേണ്ടത്. അത് ചെയ്തില്ല. ഇന്നും എല്ലാ രേഖകളിലും അദ്ദേഹം ഹിന്ദു ആണ്. ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞത് വിഴുങ്ങി വോട്ടു ചെയ്തു. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ഇങ്ങനെയാണോ താങ്കളൊക്കെ മനസിലാക്കിയിരിക്കുന്നത്?

Baiju Elikkattoor said...

താന്‍ ഉള്പെയട്ട മതവിശ്വാസത്തെ പൊതുജന മദ്ധ്യത്തില്‍ തള്ളി പറയുമ്പോഴാണ് താന്‍ യഥാര്ത്ഥ മതേതരവാതി ആകുന്നതു എന്ന് ചിലര്‍ വിശ്വസിക്കുന്നു.

കാളിദാസന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങള്ക്കു അഭിനന്ദനങ്ങള്‍...!!!..!!!........!!!!!...!!!

kaalidaasan said...

തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വളച്ചൊടിക്കല്‍.

ബലറാം ഹിന്ദു ആയതുകൊണ്ട് മറ്റ് സമുദായക്കാര്‍ക്ക് അവഗനനയോ നീതി നിഷേധമോ ഉണ്ടായി എന്ന ആരോപണം ഉണ്ടായിട്ടില്ല.

കേരള നിയമസഭയിലെ ഹിന്ദു എം എല്‍ എ മാര്‍ ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന വിഷയത്തിലാണ്, താന്‍ ഹിന്ദു എം എല്‍ എ അല്ല എന്ന നിലപാടുമായി ബലറാം വന്നത്. അതിന്റെ യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. രാജാവിനേക്കാള്‍ വലിയ രാജ ഭക്തി പ്രകടിപ്പിക്കാന്‍ പോയാതാണ്.

താന്‍ ഹിന്ദു മത വിശ്വസിയല്ല എന്നാണ്, ബലറാം ഇതു വഴി തെളിയിക്കന്‍ ശ്രമിക്കുന്നതെങ്കില്‍, ഇതുപോലെ വലഞ്ഞ വഴി തേടേണ്ടിയിരുന്നോ. ഹിന്ദു മതമങ്ങ ഉപേക്ഷിച്ചാല്‍ പോരേ?

kaalidaasan said...
>>>>>>‘ഞാന്‍ ഹിന്ദുവല്ല’ എന്നല്ല ബല്‍രാം പറഞ്ഞത്, മറിച്ച് ‘ഒരു ഹിന്ദു എം.എല്‍.എ. ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ്.<<<<

ബലറാം ഹിന്ദു എം എല്‍ എ ആണോ എന്ന് ആരെങ്കിലും ചോദിച്ചോ? പിന്നെന്തിനാണദ്ദേഹം അതല്ല എന്നു തെളിയിക്കാന്‍ ഇറങ്ങുന്നത്?

ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ഏതെങ്കിലും എം എല്‍ എ യെ ഹിന്ദു എം എല്‍ എ എന്ന് ആരെങ്കിലും വിളിക്കുന്നത് താങ്കള്‍ കേട്ടോ?


വി ഡി സതീശനും  റ്റി എന്‍ പ്രതാപനും  വോട്ടു ചെയ്തല്ലോ. അവരെ ആരെങ്കിലും ഹിന്ദു എം എല്‍ എ എന്നു വിളിക്കുന്നുണ്ടോ? താങ്കള്‍ വിളിക്കുന്നുണ്ടോ?