Sunday, 22 April 2012

നോട്ടിക്കല്‍ മൈല്‍ 
കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങളായി ഇന്‍ഡ്യയിലെ നിയമ രാഷ്ട്രീയ വൃത്തങ്ങളില്‍ ചുറ്റിക്കളിക്കുന്ന പേരാണ്, നോട്ടിക്കല്‍ മൈല്‍. അതിന്റെ കാരണം ഒരു ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് ഇന്‍ഡ്യക്കാര്‍ മരിച്ചതും.

പിറവം ഉപതെരഞ്ഞെടുപ്പിന്റെ നടുവിലായതുകൊണ്ട്, ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിന്, വെടി വച്ചവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ആയില്ല. അറസ്റ്റ് ചെയ്തപ്പോള്‍ അവരാണ്, ഈ നോട്ടിക്കല്‍ മൈല്‍  മലയാളികള്‍ക്ക് തത്തിക്കളിക്കാനായി ഇവിടേക്ക് വലിച്ചെറിഞ്ഞത്. ഇത്ര നോട്ടിക്കല്‍  മൈലിനപ്പുറമാണെങ്കില്‍ ആര്‍ക്കും ഇന്‍ഡ്യക്കാരെ വെടി വച്ചു കൊല്ലാം എന്നാണവരുടെ നിലപാട്. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും അതാണെന്ന് ഇന്‍ഡ്യക്കാര്‍ മനസിലാക്കുന്നു.

പക്ഷെ ഇന്‍ഡ്യക്കാരുടെ ഭാഗ്യത്തിന്, ഇന്‍ഡ്യന്‍ കോടതികള്‍ക്കങ്ങനെ ഒരു നിലപാടില്ല. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ നോട്ടിക്കല്‍ മൈലിന്റെ മഹത്വം എഴുതിച്ചേര്‍ക്കാത്തതുകൊണ്ട്, കോടതി ഈ നാവികരുടെ വാദം ചെവിക്കൊണ്ടില്ല. അതുകൊണ്ട് നാവികര്‍ക്കെതിരെ കേസെടുക്കാമെന്നു തന്നെ കോടതി തീരുമാനിച്ചു.

നാവികരെ ഇന്‍ഡ്യന്‍ തടവറയില്‍ വിട്ടു കളഞ്ഞ് കപ്പല്‍ കൊണ്ടുപോകാനുള്ള ശ്രമമായി പിന്നീട് കപ്പലിന്റെ ഉടമസ്ഥര്‍ക്ക്. അതിനു വേണ്ടി കേരളത്തിലെ ഹൈക്കോടതിയില്‍ നിന്നും  അനുവാദം ലഭിക്കാതായപ്പോള്‍  കപ്പലിന്റെ ഉടമസ്ഥര്‍ സുപ്രീം കോടതിയില്‍ പോയിരിക്കുന്നു. കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന ചോദ്യം കോടതി ഇന്‍ഡ്യന്‍ സര്‍ക്കാരിനോട് ചോദിച്ചു. കപ്പല്‍ വിട്ടുകൊടുക്കണം എന്ന നിലപാടിന്റെ കൂടെ ഇന്‍ഡ്യക്കാര്‍ കൊല്ലപ്പെട്ടാലും വെടി വച്ചവര്‍ക്കെതിരെ കേരളത്തിനു കേസെടുക്കാന്‍ ആകില്ല എന്നാണ്, ഇന്‍ഡ്യക്കാരെ സംരക്ഷിക്കേണ്ട ഇന്‍ഡ്യന്‍ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ എടുത്ത നിലപാട്. മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരിന്, ഇന്‍ഡ്യക്കാരോടുള്ള സ്നേഹത്തേക്കാള്‍ കൂടുതല്‍ സ്നേഹം  സായിപ്പന്‍മാരോടാണെന്ന് അദ്ദേഹം പല പ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്. ലോകം മുഴുവന്‍ വെറുക്കപ്പെടുന്ന ജോര്‍ജ്ജ് ബുഷിനോട് എല്ലാ ഇന്‍ഡ്യക്കാര്‍ക്കും അകമഴിഞ്ഞ സ്നേഹമാണെന്ന് ഇദ്ദേഹം പണ്ടൊരിക്കല്‍ പറഞ്ഞതുമാണ്. ഈ സിംഗിന്റെ സര്‍ക്കാരില്‍ നിന്നും  ഇന്‍ഡ്യക്കാര്‍ നീതി പ്രതീഷിക്കേണ്ടതില്ല എന്ന സത്യം അടിവരയിടുന്ന പ്രസ്താവനയാണ്, അദ്ദേഹത്തിന്റെ പ്രതിനിധി സുപ്രീം കോടതിയില്‍ എടുത്തതും.

തീര്‍ത്തും അരുതാത്തതായിരുന്നു ഇറ്റാലിയന്‍ കപ്പലിന്റെ  സുരക്ഷാഭടന്മാരില്‍ നിന്നുണ്ടായത്.  കപ്പല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിസ്സാരമായ പല സംഭവങ്ങളെയും നിര്‍ദാക്ഷിണ്യമാണ് മിക്ക രാജ്യങ്ങളും കൈകാര്യം ചെയ്യാറുള്ളത്. കേരളത്തില്‍ സംഭവിച്ചതിനു  സമാനമായ സംഭവങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ സമുദ്രമേഖലകളില്‍ വെച്ചാണ് നടന്നിരുന്നതെങ്കില്‍ അവര്‍ കപ്പലിനെ ഉടന്‍ തന്നെ പിടികൂടി മുഴുവന്‍ ജീവനക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമായിരുന്നു. നയതന്ത്രചര്‍ച്ചകള്‍ക്കൊന്നും ആരും വഴിയൊരുക്കാറില്ല. പക്ഷെ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ നയതന്ത്രപരമായി തന്നെ ഇവിടെ കരുക്കള്‍ നീക്കി. ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍ മുതല്‍ ഇറ്റാലിയന്‍ മന്ത്രി സഭയെ  വരെ ഇതില്‍ ഇടപെടാന്‍  സിംഗിന്റെ സര്‍ക്കാര്‍ അനുവദിച്ചു. മറ്റ് രാജ്യങ്ങളില്‍ കുറ്റം ചെയ്യുന്ന ഇന്‍ഡ്യാക്കാരുടെ കാര്യങ്ങളില്‍  ഇടപെടാന്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ശ്രമിക്കാറുമില്ല.

ആദ്യം മുതലേ ഇറ്റാലിയന്‍ നാവികരുടെ പക്ഷത്തായിരുന്നു, കേരള കേന്ദ്ര സര്‍ക്കാരുകള്‍. പിറവം ഉപതെരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയുടെ നാവിനെ ബന്ധിച്ചപ്പോള്‍. കെ വി തോമസ് കളത്തിലിറങ്ങി. കൂടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും  കൂടി.  ഫ്രഞ്ച് ചാരക്കേസിലെ പ്രതികളെ കോടതിയെ വരെ കബളിപ്പിച്ച് വിട്ടയച്ച പരിചയം കെ വി തോമസിനുണ്ടായിരുന്നതുകൊണ്ട്, അദ്ദേഹം കര്‍ട്ടനു പിറകില്‍ നിന്നും കളിച്ചു. പിറവം ​ഉപതെരഞ്ഞെടുപ്പയതുകൊണ്ട്, പ്രത്യക്ഷത്തില്‍ വെടിയേറ്റു മരിച്ചവരുടെ ഭാഗത്ത് ഉമ്മന്‍ ചാണ്ടി നിന്നു എന്നും വരുത്തി.

പതിനഞ്ചു കൊല്ലം  മുമ്പ് കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയതായിരുന്നു ഫ്രഞ്ച്ചാരക്കേസ്.  ആ കേസിലെ പ്രതികളായ ഫ്രഞ്ചുകാര്‍  ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.  ചാരക്കേസില്‍ ഉള്‍പ്പെട്ട വരെ കേന്ദ്രത്തിന്റെ സമ്മതപ്രകാരം അന്നു കോടതി ജാമ്യത്തില്‍ വിട്ടു. തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കണമെന്ന ആവശ്യത്തിന്മേല്‍ മാനുഷിക പരിഗണനയിലാണ് അവരെ ജാമ്യത്തില്‍ വിട്ടയച്ചത്. മൂന്നു മാസം കഴിഞ്ഞ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിക്കൊള്ളാമെന്നു പ്രതികള്‍ സത്യവാംഗ്‌മൂലം നല്‍കിയിരുന്നു. അങ്ങനെ  പോയവര്‍ പിന്നെ തിരിച്ചുവന്നില്ല.

ഫ്രഞ്ചു സര്‍ക്കാര്‍ പറയുന്നത് , പ്രതികള്‍ക്കു വേണ്ടി ഫ്രഞ്ച് പോലീസ് രാജ്യം മുഴുവന്‍ അരിച്ചുപെറുക്കി എന്നും അവര്‍ മുങ്ങിയിരിക്കുകയാണ്, എന്നുമായിരുന്നു.  ഫ്രഞ്ചുകാര്‍ക്കുവേണ്ടി നടത്തിയ നാടകം ഇറ്റലിക്കാര്‍ക്കു വേണ്ടി ആവര്‍ത്തിക്കാനായിരുന്നു, ഇറ്റാലിയന്‍ കപ്പല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതിന്റെ ഭാഗമായിരുന്നു പരിശോധന പൂര്‍ത്തിയാക്കിയ എന്റിക്ക ലെക്സി രാജ്യം വിടുന്നതില്‍ വിരോധമില്ലെന്ന നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനു മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

കേരളത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നിലപാടുകള്‍ കര്‍ശനമാക്കുകയും അതിനു ശേഷം അതില്‍ അയവു വരുത്തുകയുമായിരുന്നു കേന്ദ്രതന്ത്രം.

അതിനു വേണ്ടി ഇറ്റാലിയന്‍ സര്‍ക്കാരും നയതന്ത്രപ്രതിനിധികളും ഇന്ത്യയ്ക്കുമേല്‍ പലവിധ സമ്മര്‍ദങ്ങളും  ഭീഷണിയും ഉയര്‍ത്തി. രാജ്യാന്തര കപ്പല്‍രംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുമെന്ന സൂചന നല്കിയ ഇറ്റാലിയന്‍ ഭരണാധികാരികള്‍, വേണ്ടി വന്നാല്‍ ഇതിനു യൂറോപ്യന്‍ യൂണിയനെ കൂട്ടു പിടിക്കുമെന്നു ഭീഷണിയും മുഴക്കിയിരുന്നു. പക്ഷെ യാതൊരു പ്രകോപനവുമില്ലാതെ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തെ ഇത്തരം വാദങ്ങള്‍ കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ ന്യായീകരിക്കാനാകില്ലെന്നു ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ബോണ്ടു സമര്‍പ്പിക്കാനായി അമ്പതു രൂപയുടെ മുദ്രപത്ര മുണ്ടെങ്കില്‍ ഇന്ത്യന്‍ നിയമനടപടികളില്‍നിന്നു തലയൂരാകാനാകുമെന്നായിരുന്നു ഇറ്റലിക്കാര്‍ക്കു ലഭിച്ചിരുന്ന നിയമോപദേശം.  ഫ്രഞ്ച് ചാരക്കേസ് അതിലേക്കുള്ള ചൂണ്ടുപലകയും ആയിരുന്നു. ഈ നാടകത്തിന്റെ ഒരുക്കമായിട്ടായിരുന്നു കപ്പല്‍ വിട്ടയക്കാനുള്ള കേന്ദ്രത്തിന്റെ സമ്മതം. പക്ഷേ, ഇത്തവണ കോടതി കഴിഞ്ഞ പ്രാവശ്യം സംഭവിച്ച മണ്ടത്തരം ആവര്‍ത്തിക്കാന്‍ കൂട്ടാക്കിയില്ല.  ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് , ഹൈക്കോടതിയില്‍ ഹാജരായ അസിസ്റന്റ് സൊളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു.

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു രാജ്യം വിട്ട പ്രതികളില്‍ എത്രപേര്‍ തിരിച്ചുവന്നിട്ടുണ്ട് എന്നും കപ്പലിന്റെ ക്യാപ്റ്റന്‍ തിരിച്ചു വന്നില്ലെങ്കില്‍ എന്തു ചെയ്യും എന്നുമുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്കു   പരമേശ്വരന്‍ നയര്‍ക്ക് മറുപടിയുണ്ടായില്ല. ഫ്രഞ്ചു മോഡല്‍ ഓപ്പറേഷന് അങ്ങനെ താത്കാലികമായി  തിരശീല വീണു.

സിംഗിന്റെ സര്‍ക്കാര്‍ പക്ഷെ തക്കം പാര്‍ത്തിരുന്നു. കപ്പല്‍ വിട്ടയാക്കാനുള്ള കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും, മാണിയും, ആലഞ്ചേരിയും, തോമസുമൊക്കെ ഡെല്‍ഹിയില്‍ വന്നുചേര്‍ന്നത് വെറും യാദൃഛികതയൊന്നുമല്ല. തലേദിവസം ആലഞ്ചേരി മാണിയെ കണ്ടു. മാണി യാതൊരു കാരണവുമില്ലാതെ കേസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന വക്കീലീനെ മാറ്റി. എറാന്‍ മൂളിയെ നിയമിച്ചു.  എന്തു പറയണമെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന  വക്കീലിനു നിര്‍ദ്ദേശം ലഭിച്ചിരുന്നു. അദ്ദേഹം അത് പറഞ്ഞു. അതാണു നോട്ടിക്കല്‍ മൈല്‍ മാഹാത്മ്യമായി പുറത്തു വന്നത്. കേരളത്തിന്റെ വക്കീല്‍ സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ മൌനവും പാലിച്ചു. പക്ഷെ കോടതി എല്ലാം തകിടം മറിച്ചു. കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത നോട്ടിക്കല്‍ മൈല്‍ വിഷയം  സര്‍ക്കാരിന്റെ വക്കീല്‍ അവതരിപ്പിച്ചതുകേട്ട് കോടതി പോലും ഞെട്ടി.

കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി ഏകദേശം അംഗീകരിച്ചിട്ട്, ഇനി എന്തെങ്കിലും പറയാനുണ്ടോ? എന്നു കോടതി ചോദിച്ചപ്പോള്‍, അപ്രതീക്ഷിതമായാണ്‌ നാവികര്‍ക്കും കപ്പലിനും അനുകൂലമായ വാദമുഖങ്ങള്‍ കേന്ദ്രം ഉന്നയിച്ചത്‌. സംഭവം നടന്നതു കരയില്‍ നിന്ന്‌ 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌. സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മൈലിനുളളില്‍ നടക്കുന്ന സംഭവത്തില്‍ മാത്രമാണ്‌ കേസെടുക്കാന്‍ പോലീസിന്‌ അധികാരമുളളത് എന്നും വക്കീല്‍  പറഞ്ഞു.

നാവികര്‍ക്കെതിരായി പോലീസ്‌ എടുത്ത കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണോ അഭിപ്രായം എന്നു കോടതി ചോദിച്ചപ്പോള്‍ 'അതെ'എന്നായിരുന്നു വക്കീലിന്റെ ഉത്തരം. കോടതിയുടെ പ്രതികരണം അമര്‍ഷത്തോടെ ആയിരുന്നു. "എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാനാവുന്നത്?  മരിച്ചത്‌ ഇന്ത്യന്‍ പൗരന്മാരാണെന്ന്‌ ഓര്‍മ്മ വേണം.  കേന്ദ്ര നിലപാട്‌ അംഗീകരിക്കാനാവാത്തതും നിര്‍ഭാഗ്യകരവുമാണ്".

കോടതിയുടെ പ്രതികരണം പ്രതികൂലമായപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ പതിവു പോലെ ഉരുളല്‍ നാടകം നടത്തി. കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചിരുന്നെങ്കില്‍. ഇത് കോടതി തീരുമാനമാണ്, എല്ലാവരും അംഗീകരിച്ചേ മതിയാകൂ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറയുക. 

കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ കേന്ദ്രത്തിന്റെ വക്കീല്‍ എടുത്ത അതേ നിലപാടാണ്, ഇപ്പോള്‍ സുപ്രീം കോടതിയിലും വക്കീല്‍ എടുത്തിരിക്കുന്നത്. ഇതാണ്, സര്‍ക്കാര്‍ നിലപാട്. ഇനിയും സര്‍ക്കാര്‍ ഇതേ നിലപാട്, തുടര്‍ന്നും എടുക്കും. മന്‍ മോഹന്‍ സിംഗിന്റെ കേന്ദ്ര സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ കേരള സര്‍ക്കാരും ഇതേ നിലപാടിലാണ്. അന്നും ഇന്നും. പക്ഷെ കോടതി എന്ന കടമ്പയില്‍ തട്ടി  വീഴുമ്പോള്‍ ഉരുളുന്നു. ഇന്‍ഡ്യക്കാരെ, പ്രത്യേകിച്ച് കേരളക്കാരെ വിഡ്ഡികളാക്കുന്നു. സര്‍ക്കാര്‍ വക്കീല്‍  കോടതിയില്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന്. മുല്ലപ്പെരിയാര്‍  വിഷയത്തില്‍  നടന്നതിന്റെ തനിയാവര്‍ത്തനം ആണിപ്പോള്‍ നടക്കുന്നത്. തിരുവഞ്ചൂര്‍  പറഞ്ഞുകൊടുത്ത അതേ അഭിപ്രായം അന്ന് വക്കീല്‍ കോടതിയില്‍ പറഞ്ഞു. വിമര്‍ശനം ഉണ്ടായപ്പോള്‍ അത് വക്കീലിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നാണ്, അന്ന് പറഞ്ഞതും. നാടകമിനിയും ആവര്‍ത്തിക്കും വേദികള്‍ മാറി മാറി വരും. 

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും  പൊതു ഖജനാവില്‍ നിന്നും ഭാരിച്ച ശമ്പളം കൊടുത്ത് വക്കീലന്‍മാരെ സര്‍ക്കാരിന്റെ അഭിപ്രായം പറയാനാണ്,  ഇരുത്തിയിരിക്കുന്നത്, എന്നാണ്, പൊതുവെ കരുതപ്പെടുന്നത്. പക്ഷെ നമ്മെ ഭരിക്കുന്ന മന്ത്രിമാര്‍ പറയുന്നത്,  വ്യക്തിപരമായ അഭിപ്രായം പറയാനാണ്, എന്നും.  പൊതു ജനം എന്ന കഴുതകള്‍ ഇതൊക്കെ വിശ്വസിച്ചുകൊള്ളും എന്നാണിവരുടെ  തൊലിക്കട്ടി. 

ആന്റണി ഒരു മുഴുത്ത കാപട്യം ആയിരുന്നു. ഉമ്മന്‍ ചാണ്ടി അതിലും വലിയ കാപട്യം ആണ്.  കൂടെ അധികാരത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും. ലീഗിന്റെ മുന്നില്‍ മുട്ടുമടക്കി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതിനു പകരം ആന്റണി അന്തസായി രാജി വച്ചു പോകുമായിരുന്നു. പക്ഷെ അതിനും വേണം തന്റേടവും ആണത്തവും.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആര്യാടനെയും മുരളിയേയും മാലിന്യങ്ങള്‍ എന്ന് പാണന്‍ വിളിച്ചിട്ടും  ഉമ്മന്‍ ചണ്ടിക്ക് നാണക്കേടുണ്ടായിട്ടില്ല. ആര്യാടനെ പട്ടിയായി  ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മത സംഘടനയായ മുസ്ലിം  ലീഗ് പ്രാദര്‍ശിപ്പിച്ചിട്ടും ഉമ്മന്‍ ചണ്ടിക്ക് നാണക്കേടില്ല. ചണ്ടിക്കെന്ത് നാണം?

ഉമ്മന്‍ ചാണ്ടിയോട് കുറച്ചൊക്കെ ആദരവുണ്ടായിരുന്നു എനിക്ക്. പക്ഷെ  അദ്ദേഹം വെറും ചണ്ടിയാണെന്ന് ഇപ്പോള്‍ തെളിയുന്നു. കേരള ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു. ചണ്ടി എന്ന പട്ടത്തിനു സര്‍വഥാ യോഗ്യനാണ്, താനെന്ന് അദ്ദേഹം ആവര്‍ത്തിച്ചു തെളിയിക്കുകയും ചെയ്യുന്നു. 


3 comments:

kaalidaasan said...

ഉമ്മന്‍ ചാണ്ടിയോട് കുറച്ചൊക്കെ ആദരവുണ്ടായിരുന്നു എനിക്ക്. പക്ഷെ അദ്ദേഹം വെറും ചണ്ടിയാണെന്ന് ഇപ്പോള്‍ തെളിയുന്നു. കേരള ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു. ചണ്ടി എന്ന പട്ടത്തിനു സര്‍വഥാ യോഗ്യനാണ്, താനെന്ന് അദ്ദേഹം ആവര്‍ത്തിച്ചു തെളിയിക്കുകയും ചെയ്യുന്നു.

Baiju Elikkattoor said...

നല്ല പോസ്റ്റു, പക്ഷെ സോണിയ ഗാന്ധിയുടെ പേര് എന്തെ വിട്ടു കളഞ്ഞത്? അവര്‍ക്ക് ഇതില്‍ ഒരു പങ്കു൦ കാണില്ലേ? സര്‍ദാര്‍ വെറും റബ്ബര്‍ സ്റ്റാമ്പ്‌. കൊലയാളികളെ രക്ഷിച്ചു ഇറ്റലിയിൽ എത്തിക്കാനുള്ള സഭയുടെയും കാത്തോലിക്ക മന്ത്രിമാരുടെയും ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ആ സ്ത്രീ അല്ലാതെ ആര് ആവാന്‍?!

kaalidaasan said...

ബൈജു,

സോണിയ ഗാന്ധി അറിയാതെ ഒന്നും ഇക്കാര്യത്തില്‍ നടക്കില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാം അവര്‍ അറിയുന്നുണ്ട്. മിക്കതും അവരുടെ തീരുമാനവും ആണ്. പക്ഷെ സര്‍ക്കാരില്‍ യാതൊരു വക ഉത്തരവാദിത്തവുമില്ലാത്തതുകൊണ്ട്, ഒന്നിന്റെയും ബാധ്യത ഏറ്റെടുക്കേണ്ടതുമില്ല.