Sunday, 30 August 2009

കാരി സതീശനും പോള്‍ ജോര്‍ജ്ജും പിന്നെ പിണറായി വിജയനും

''പൊതുജനം ഗുണ്ടകളുടെ കാരുണ്യത്തിന്‍ കീഴില്‍ കഴിയേണ്ട അവസ്ഥ നാട്ടിലുണ്ടാകരുത്. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ സുരക്ഷയ്ക്കാണ് കോടതികളും പോലീസും പരിഗണന നല്‍കേണ്ടത്'' ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. ശങ്കരന്‍


കേരള ഹൈക്കോടതിയില്‍ ഒരു കേസിന്റെ വിധി പ്രസ്താവിച്ച ജഡ് ജിയുടെ വാക്കുകളാണു മുകളില്‍ പകര്‍ത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ്, പോള്‍ ജോര്‍ജ്ജ് കൊലപാതകം.


ഒരു സാധാരണക്കാരനേസംബന്ധിച്ച് ഇത് നിയമ വാഴ്ചയെ വെല്ലുവിളിച്ചു നടത്തിയ ഒരു കൊലപാതകമാണ്. കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അനന്തരാവകാശി എന്ന നിലയില്‍ ഇത് വാര്‍ത്താ പ്രധാന്യം നേടിയത് തികച്ചും സ്വാഭാവികം മാത്രം. മാധ്യമങ്ങള്‍ പല കഥകളും പുറത്തു വിടുന്നു. അത് എത്രത്തോളം വിശ്വസനീയമെന്ന് തീര്‍ച്ചയില്ല. പക്ഷെ പോലിസും കുറെ കഥകള്‍ പുറത്തു വിടുന്നു. രാഷ്ട്രീയക്കാരും അവരവരുടെ മനോനിലക്കനുസരിച്ച് അഭിപ്രായങ്ങള്‍, പറയുന്നു.

പോലീസ് പറഞ്ഞത് ഇത് തികച്ചും യാദൃഛികമായ ഒരു കൊലപാതകമാണെന്നാണ്. സി പി എം നേതാവ് പി എം മനോജ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും, ഈ കൊലപാതകം തികച്ചും യാദൃച്ചികമെന്നു തീരുമാനിച്ചു കഴിഞ്ഞു.

കുറച്ചുനാളായി സി പി എം സം സ്ഥാന സെക്രട്ടറി വളരെ വിരളമായേ അഭിപ്രായം പറയാറുള്ളു. ഈ പ്രശ്നം സംബന്ധിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം അല്‍പ്പം വേദനജനകമായി പോയി.
 
പിണറായി പറഞ്ഞത് ഇതാണ്.

കേരളത്തിലെ ഒരു പ്രമുഖ വ്യവസായി എന്തിനാണ് മൂന്ന് ഗുണ്ടകളുമായി സഞ്ചരിച്ചത്? ഒന്നുകില്‍ ആരെയെങ്കിലും തടയാന്‍; അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍. കുടുംബവഴക്കിന്റെ പ്രശ്നം ഉണ്ടോ എന്നുവരെ സംശയമുണ്ട്. ബിസിനസുപരമായ കാരണങ്ങളാണോ, രാഷ്ട്രീയ കാരണങ്ങളാണോ വധത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.


പോളിന്റെ കഴിഞ്ഞകാലം എന്താണ് അന്വേഷിക്കാത്തത്? അദ്ദേഹം 1997 ജൂലൈയില്‍ മയക്കുമരുന്നു സൂക്ഷിച്ചതിനു ഡല്‍ഹിയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് എന്ന പേരിലാണ് അവസാനം ഇറങ്ങിപ്പോന്നത്. അതിനു സഹായിച്ചത് ആരാണ്?

പിണറായി വിജയന്‍ പറഞ്ഞതിന്റെ മാനം വേറെ പലതുമാണ്.

ഗുണ്ടകളുമായി സഞ്ചരിക്കുന്നവര്‍ കേരളത്തിലെ റോഡുകളില്‍ കൊല ചെയ്യപ്പെടാന്‍ അര്‍ഹരാണ്. മയക്കു മരുന്നു കേസില്‍ പ്രതിയാകുന്നവരും ഇതു പോലെ കൊല ചെയ്യപ്പെടന്‍ അര്‍ ഹരാണ്. കുടുംബ വഴക്കിന്റെ പേരിലും, വ്യവസായ പ്രശ്നങ്ങളുടെ പേരിലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും, ഇതു പോലെ കൊല ചെയ്യപ്പെടുന്നതും കേരളത്തില്‍ സ്വാഭാവികമാണ്.


ചുരുക്കി പറഞ്ഞാല്‍ കേരളം ഭരിക്കുന്നത്   അധോലോക സംഘങ്ങളാണെന്നു സാരം. കേരളത്തിലെ മാധ്യമങ്ങളും പറയുന്നത് ഇതു തന്നെ. മാധ്യമ സിന്‍ഡിക്കേറ്റ് പറയുന്നത് പിണറായി വിജയന്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണോ ഹിന്ദു പുരാണങ്ങളില്‍ പറയുന്ന കലിയുഗം? ഈ ഓണക്കാലത്തു ഈ അഭിപ്രായം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കിരീടം വക്കാത്ത രാജാവില്‍ നിന്നും വരുന്നത് അത്ര ശുഭ സൂചകമായ കാര്യമല്ല.

ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനു ചേര്‍ന്നതായിരുന്നില്ല ഈ പ്രസ്താവന. ഇതൊരു ചെന്നിത്തല നിലവരത്തിലായിപ്പോയി.


മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം വിവരിക്കുകയാണ്, പിണറായിവിജയന്‍ ചെയ്തത്. പിണറായി വിജയന്‍ പറഞ്ഞ സംഗ​തികളിലേതെങ്കിലുമാണീ കൊലപാതകത്തിനു പിന്നിലെങ്കില്‍, മനോജിന്റെ യാദൃഛികത വാദം അവിടെ തകര്‍ന്നു വീഴുന്നു.

 കാരി സതീശന്‍, സി പി എം കാരനാണോ ആര്‍ എസ് എസുകാരനാണോ എന്നതാണു രണ്ടു രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരുടെ പ്രശ്നം . അദ്ദേഹം ആര്‍ എസ് എസുകാരനാണെന്നു പിണറായി വിജയനു യാതൊരു സംശയവുമില്ല. S ആകൃതിയിലുള്ള ആയുധം പ്രയോഗിക്കുന്നത് ആര്‍ എസ് എസുകാരായതിനാല്‍, അത് ആര്‍ എസ് എസ് ബന്ധം തെളിയിക്കുന്നു.
കാരി ഏതു രാഷ്ട്രീയ പാര്‍ട്ടി അംഗമാണെന്നത് മരിച്ചു പോയ പോളിന്റെ ബന്ധുക്കള്‍ക്കോ, കേരളത്തിലെ ജനങ്ങ‍ള്‍ക്കോ  പ്രശ്നമല്ല. അവരും ഇതു പോലെ ഏതെങ്കിലും റോഡുകളില്‍ വച്ച് യാദൃഛികമായി ജീവന്‍ വെടിയുമോ എന്നതാണു പ്രശ്നം .


കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടകള്‍ പലരും വളര്‍ന്നത് രാഷ്ട്രീയക്കാരുടെ തണലിലാണ്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് രണ്ട് കൊല്ലമായിട്ടും പിടിക്കപ്പെടാത്ത ഓംപ്രകാശ്, പോള്‍ കൊല്ലപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്നു എന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഒപ്പം പുത്തന്‍പാലം രാജേഷും. ഓംപ്രകാശിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ട് രണ്ടു കൊല്ലമായി. ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സി പി എം നേതാക്കളുമായുള്ള ബന്ധമാണ്, അറസ്റ്റ് നടക്കാത്തതിനു പിന്നിലെന്നാണ്, ആരോപണം.

കേരളത്തില്‍ 548 പേരെയാണ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 200ല്‍ താഴെ പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പത്തിലധികം കേസ്സുള്ള 66 പേരുണ്ട്. ഇതില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പിടിയിലായത്. പോലീസ് നടപടി ഭയന്ന് വിദേശത്തേക്ക് കടന്ന പലരും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നു പറയപ്പെടുന്നു.

കേരളത്തിലെ മനസ്സാക്ഷി പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കണിച്ചുകുളങ്ങരയില്‍ നടന്ന കൂട്ടക്കൊല. നാടിനെ നടുക്കിയ ആ കൂട്ടക്കൊല നടത്തിയതും,വാടകക്കൊലയാളികള്‍ തന്നെയായിരുന്നു. ബിസിനസ്സില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ മറ്റൊരു ബിസിനസ്സ് തുടങ്ങിയപ്പോള്‍ വകവരുത്തിയതാണത്.
 
പോളിന്റെ മുന്‍കാല ചരിത്രം വിവരിച്ചതിനു പുറമേ, കൊന്നവരുടെ രാഷ്ട്രീയം കണ്ടെത്താനുള്ള ശ്രമവും പിണറായി വിജയന്‍ നടത്തിയത്, സി.പി.എം ബന്ധം കൊലപാതകികള്‍ക്കില്ലെന്നു വരുത്തിത്തീര്‍ ക്കാനായിരുന്നു. എല്ലാത്തിന്റെയും കാരണക്കാരായി മാധ്യമസിന്‍ഡിക്കേറ്റിനെ തന്നെയാണ് ഇക്കുറിയും ചിത്രീകരിക്കുന്നത്. സംഭവങ്ങളുടെ ദുരൂഹത ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നതാണ് ഇക്കുറിയും ശൈലി. എന്നാല്‍ ദിവസം ചെല്ലുന്തോറും ഇത് സങ്കീര്‍ണമാകുകയാണെന്നതാണു യാധാര്‍ഥ്യം. സംശയങ്ങള്‍ക്ക് അറുതിവരുത്താന്‍ പോലിസിനോ, പാര്‍ട്ടിക്കോ, സര്‍ക്കാറിനോ കഴിയുന്നില്ല. ഈനിസ്സഹായത കേരളത്തില്‍ പരക്കെയും പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ആ അസ്വസ്ഥതയാണ്, പിണറായിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.
 
ഈ വധം സംബന്ധിച്ച ആരോപണങ്ങളും ചര്‍ച്ചകളും, ഭരണപക്ഷത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കേസിനെ സംബന്ധിച്ച് പോലിസ് നല്‍കിയ വിവരണങ്ങള്‍ സര്‍ക്കാറിനെതിരെയും സംശയങ്ങള്‍ ഉയര്‍ത്തുന്നവയായി. അതു കൊണ്ടാണ് ആരോപണങ്ങളെ ഖണ്ഡിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പത്രസമ്മേളനവും നടത്തേണ്ടി വന്നത്. ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്. ദുരൂഹത തീര്‍ക്കുന്നതിന് പകരം ആരോപണപ്രത്യാരോപണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് വിവിധ കക്ഷികള്‍.

സി.പിഎമ്മിലെ ചില നേതാക്കള്‍ക്കും, മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന അഭ്യൂഹങ്ങളാണ് സര്‍ക്കാറിന് തലവേദനയാകുന്നത്. സര്‍ക്കാറിന് ഇതിനെ ഫലപ്രദമായി ചെറുക്കാനോ മറുപടി പറയാനോ കഴിയുന്നില്ല എന്നത്, സി.പി.എം നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. മരണമടഞ്ഞയാളിനൊപ്പം ഉണ്ടായിരുന്ന ഗുണ്ടകള്‍ക്ക് ഉള്ളതായി അരോപിക്കപ്പെടുന്ന രാഷ്ട്രീയ ബന്ധമാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് ഈ വ്യക്തികളുടെ  നടപടികളെ പോലിസ് ന്യായീകരിച്ചരീതി, ദുരൂഹതകള്‍ വര്‍ധിപ്പിച്ചു. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയത്, പോലിസിന്റെ ഈവക നിലപാടുകളാണ്. ഇവരെ രക്ഷപെടാന്‍ പോലിസ് സഹായിച്ചുവെന്ന അരോപണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അധികാരകേന്ദ്രങ്ങള്‍ക്ക് മറുപടിയില്ല. തുടര്‍ന്നുവന്ന ഓരോ കഥയും ദുരൂഹതകള്‍ക്ക് കുടുതല്‍ ആഴവും മാനവും നല്‍കി.

പുതിയ കഥകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

9 comments:

kaalidaasan said...

കുറച്ചുനാളായി സി പി എം സംസ്ഥാന സെക്രട്ടറി വളരെ വിരളമായേ അഭിപ്രായം പറയാറുള്ളു. ഈ പ്രശ്നം സംബന്ധിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം അല്‍പ്പം വേദനജനകമായി പോയി.

പിണറായി ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്.

കേരളത്തിലെ ഒരു പ്രമുഖ വ്യവസായി എന്തിനാണ് മൂന്ന് ഗുണ്ടകളുമായി സഞ്ചരിച്ചത്? ഒന്നുകില്‍ ആരെയെങ്കിലും തടയാന്‍; അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍. കുടുംബവഴക്കിന്റെ പ്രശ്നം ഉണ്ടോ എന്നുവരെ സംശയമുണ്ട്. ബിസിനസുപരമായ കാരണങ്ങളാണോ, രാഷ്ട്രീയ കാരണങ്ങളാണോ വധത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.

പോളിന്റെ കഴിഞ്ഞകാലം എന്താണ് അന്വേഷിക്കാത്തത്? അദ്ദേഹം 1997 ജൂലൈയില്‍ മയക്കുമരുന്നു സൂക്ഷിച്ചതിനു ഡല്‍ഹിയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് എന്ന പേരിലാണ് അവസാനം ഇറങ്ങിപ്പോന്നത്. അതിനു സഹായിച്ചത് ആരാണ്?


പിണറായി വിജയന്‍ പറഞ്ഞതിന്റെ മാനം വേറെ പലതുമാണ്.

ഗുണ്ടകളുമായി സഞ്ചരിക്കുന്നവര്‍ കേരളത്തിലെ റോഡുകളില്‍ കൊല ചെയ്യപ്പെടാന്‍ അര്‍ഹരാണ്. മയക്കു മരുന്നു കേസില്‍ പ്രതിയാകുന്നവരും ഇതു പോലെ കൊല ചെയ്യപ്പെടന്‍ അര്‍ഹരാണ്. കുടുംബ വഴക്കിന്റെ പേരിലും, വ്യവസായ പ്രശ്നങ്ങളുടെ പേരിലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും ഇതു പോലെ കൊല ചെയ്യപ്പെടുന്നതും കേരളത്തില്‍ സ്വാഭാവികമാണ്.

ചുരുക്കി പറഞ്ഞാല്‍ കേരളം ഭരിക്കുന്നത്, അധോലോക സംഘങ്ങളാണെന്നു സാരം. കേരളത്തിലെ മാധ്യമങ്ങളും പറയുന്നത് ഇതു തന്നെ. മാധ്യമ സിന്‍ഡിക്കേറ്റ് പറയുന്നത് പിണറായി വിജയന്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണോ ഹിന്ദു പുരാണങ്ങളില്‍ പറയുന്ന കലിയുഗം? ഈ ഓണക്കാലത്തു ഈ അഭിപ്രായം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കിരീടം വക്കാത്ത രാജാവില്‍ നിന്നും വരുന്നത് അത്ര ശുഭ സൂചകമായ കാര്യമല്ല.

ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനു ചേര്‍ന്നതായിരുന്നില്ല ഈ പ്രസ്താവന. ഇതൊരു ചെന്നിത്തല നിലവരത്തിലായിപ്പോയി.

കുമാരന്‍ | kumaran said...

:)

Baiju Elikkattoor said...

tracking

മുക്കുവന്‍ said...

moral of the sotry...!

never ever raise your voice in kerala, if you have any problem with any public( especially vehicle accident situation, driving rule violations..)...you might loose your life!

kaalidaasan said...

yes mukkuvan,The moral of the story may be as you pointed out.

But is it not the pathetic situation where Kerala has landed in? We call ourselves people of God’s own country. It may be reasonable to change it to people of Gunta’s own country.

kaalidaasan said...

ബൈജു, കുമാരന്‍,

സന്ദര്‍ശനത്തിനു നന്ദി.

അന്ന ഫിലിപ്പ് said...

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ലോക്കല്‍ സെക്രട്ടറിക്ക് പോലീസ് നൂറു രൂപ പിഴയിട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ തകര്‍ത്ത വാര്‍ത്ത വായിച്ചില്ലേ.

പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം.ഏതു കള്ളന്‍റേം കൊലപാതകീടേം തോളേക്കൈയിടാം. ഏതു നിയമോം ലംഘിക്കാം. ഇതുതന്നെയാണ് സുഹൃത്തുക്കളെ നമ്മുടെ ഗതികേട്.

kaalidaasan said...

അന്ന ഫിലിപ്പ്,

സന്ദര്‍ശനത്തിനു നന്ദി.

സി പി എമ്മില്‍ മാത്രമല്ല മറ്റു പല പാര്‍ട്ടികളിലെയും കുറച്ചു പേര്‍ക്ക് നിയമത്തിനതീതരാണെന്ന ധാരണയുണ്ട്. സി പി എമ്മില്‍ പാര്‍ട്ടി സെക്രട്ടറിക്കു വരെ അതുണ്ട്.


കള്ളന്‍മാരുടെയും കൊലപാതകികളുടെയും തോളില്‍ കയ്യിടുന്നത് സി പി എം മാത്രമാണെന്ന വാദഗതി ശരിയല്ല. സി പി എമ്മിനെ മാത്രം അതില്‍ കുറ്റപ്പെടുത്തുന്നതിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മറ്റു പര്‍ട്ടികളില്‍ പ്രകടമായി ഇത് വളരെ കാലമായിട്ടുണ്ട്.സി പി എമ്മില്‍ അടുത്തകലത്താണീ പ്രവണത കൂടുതലായി കാണാന്‍ സാധിച്ചത്. മറ്റു പാര്‍ട്ടികളില്‍ ഉണ്ടായിരുന്ന ആ ദുഷിപ്പ് സി പി എമ്മിലെ ചിലരെക്കൂടി ബാധിച്ചു എന്നേ ഞാന്‍ കരുതുന്നുള്ളു.

മായാവി.. said...

പിണറായി എന്തിനാ തോക്കും കൊണ്ട് നടക്കുന്നത്? പല സഖാക്കളുമ്..പിന്നര്‍ സിപിയെമ്മിനെ അടുത്തകാലത്തായി പിടികൂടിയ പ്രശ്നമല്ല ഇത്, അടുത്തകാലത്ത് മാത്രമാണ്‍ മാധ്യമ ഇടപെടലുകള്‍ വഴിയാവാം പൊതുജനം വ്യക്തമായി അറിയാന്‍ തുടങ്ങിയതം ​അത് വരെ കണ്ണൂരിലങ്ങനെ നടന്നോന്ന് തിരോന്തുരതുളവന്‍ ചോദിച്ചാ ബ്രാന്ച് സെക്രട്ടറി പറഞ്ഞിരുന്നത് ഏയ് അത് ശത്രുക്കള്‍ ചമക്കുന്നതാണ്‍ എന്നായിരുന്നു..ഇപ്പൊ തല്സമയം ചാനലുകളില്‍ സഖാക്കളുറ്റെ ഗുണ്ടാ വിളയാട്ടം കാണമ്..