Wednesday, 8 April 2009

ബ്ളോഗിലെ "മാധ്യമ സിന്‍ഡിക്കേറ്റുകള്‍"

പ്രേതം ഉണ്ടോ ഇല്ലയോ എന്നത് ഒരു തര്‍ക്കവിഷയമാണ്. മനുഷ്യചരിത്രത്തോളം പഴക്കമുണ്ട് പ്രേത ചിന്തക്കും. അത് മനുഷ്യമനസിന്റെ പേടിയില്‍ നിന്നും ഉണ്ടായ ഒരു ഭാവനാവിലാസമായിട്ടാണു മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നതും. രാത്രികാലങ്ങളില്‍ മനുഷ്യര്‍ക്കുണ്ടായ ചില അനുഭവങ്ങളില്‍ നിന്നാണ്‌ എല്ലാ പ്രേതകഥകളും ഉരുത്തിരിഞ്ഞത്. പിന്നീട് മനുഷ്യര്‍ തന്നെ ചില സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രേതങ്ങളെ സൃഷ്ടിച്ചിട്ടും ഉണ്ട്. കോഴിക്കോട്ട് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതു പോലെ ഒരു പ്രേതത്തെ സൃഷ്ടിച്ചിരുന്നു. ചുളു വിലക്ക് ഒരു ഭൂമി സ്വന്തമാക്കാന്‍ ചിലര്‍ വളരെ സമര്‍ദ്ധമായി ഒപ്പിച്ച ഒരു പണിയായിരുന്നു അത്.

രാഷ്ട്രീയ രംഗത്ത് സി പി എമ്മിലെ ചിലര്‍ സമാനമായ ഒരു ഭാവനാസൃഷ്ടി നടത്തിയിട്ടുണ്ട്. അവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ ഒരേപോലെ പല മാധ്യമങ്ങളില്‍ വന്നാല്‍ അതിനെ ഉടന്‍ മധ്യമ സിന്‍ഡിക്കേറ്റ് എന്നു വിളിച്ചാക്ഷേപിക്കും. സി പി എമ്മിലെ വിഭാഗീയതോടനുബന്ധിച്ചു വന്ന ചില വാര്‍ത്തകളാണ്‌ ഇതിന്റെ തുടക്കം. പോകെ പോകെ സി പി എമ്മിനെതിരായി ഏതു വാര്‍ത്തയും, ഒന്നിലധികം മാധ്യമങ്ങളില്‍ വന്നാല്‍ അത് മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയായി വിലയിരുത്തപ്പെടാനും അക്ഷേപിക്കപ്പെടാനും തുടര്‍ന്ന് വിവാദങ്ങളാകാനും തുടങ്ങി.

ദ ഹിന്ദുവും മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗമാകുന്നു.

പല സിന്‍ഡിക്കേറ്റ് ആരാധകരും അഭിമാന പൂര്‍വം പറഞ്ഞിരുന്നതാണ്, ദ ഹിന്ദു എന്ന മാധ്യമം നിഷ്പക്ഷമാണെന്നൊക്കെ. ദ ഹിന്ദുവിനെക്കുറിച്ച് അറിയവുന്നവര്‍ മനസിലാക്കിയിട്ടുണ്ട്, ആ മാധ്യമത്തിനെന്നും ഒരു ഇടതു പക്ഷചായ്വുണ്ടായിരുന്നു എന്ന്. ഇടതുപക്ഷത്തിനു അലോസരമുണ്ടാക്കുന്ന വാര്‍ത്തകളൊന്നും അവര്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നില്ല.

ഗൌരീദാസന്‍ നായര്‍ എന്ന ഹിന്ദു ലേഖകന്‍, മാധ്യമ രംഗത്ത് നീണ്ട കാലത്തെ അനുഭവജ്ഞാനമുള്ള വ്യക്തിയാണ്. അടുത്തിടെ അദ്ദേഹം കേരളത്തിലെ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒരു വിശകലനം നടത്തി. കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിം വോട്ടുകളെ വിശകലനം ​ചെയ്താണദ്ദേഹം മുസ്ലിം ലീഗിലില്ലാത്ത കേരള മുസ്ലിം വോട്ടുകള്‍ എങ്ങനെ വിഭജിക്കപ്പെടുന്നു എന്നതിനേക്കുറിച്ച് ഒരു ലേഖനം എഴുതിയത്.


മുസ്ലിങ്ങള്‍ക്കിടയിലെ സംഘടനകളെയും അവരുടെ രാഷ്ട്രീയ ചായ്വുകളെയും കുറിച്ച് അറിയവുന്നവരൊന്നും അതില്‍ പറഞ്ഞ അഭിപ്രായങ്ങള്‍, അടിസ്ഥാനരഹിതമാണെന്നു പറയില്ല. സ്വാഭാവികമായി ആ ലേഖനം സി പി എമ്മിലെ മാധ്യമ സിന്‍ഡിക്കേറ്റ് ഇഷ്ട വിഭവമായി മൃഷ്ടാന്നം ഭക്ഷിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അത് വായിച്ചപ്പോള്‍ ‍പി എം മനോജിനു അത്രക്കങ്ങു സുഖിച്ചില്ല. പിന്നെ മറ്റു മാധ്യമങ്ങള്‍ തപ്പി, ഗൌരീദാസന്‍ നായര്‍ എഴുതിയതിനു സമാനമായ വേറെ റിപ്പോര്‍ട്ടുകള്‍ ഉണ്ടോ എന്ന്. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളൊക്കെ പണ്ടേ മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളാണല്ലോ. ബാക്കിയുള്ളവയില്‍ നിന്നും ഒരെണ്ണം കണ്ടെടുത്തു. എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന്റെ എഡിറ്റര്‍, എന്‍ പി ചെക്കുട്ടി ചെക്കുട്ടി എഴുതിയ ഒരു ലേഖനമാണത്. എന്നിട്ട് ഇതു രണ്ടും ഒരേസ്വഭാവമുള്ള വാര്‍ത്തകളാണെന്നു സ്ഥാപിക്കാന്‍ അദ്ദേഹം, അമ്പമ്പൊ. അപാര തൊലിക്കട്ടി. എന്‍ ഡി എഫിനു സ്തുതി പാടാം എന്ന പേരില്‍ ഒരു ബ്ളോഗും എഴുതി.



സംശയ രോഗമുള്ള ഒരു മനസില്‍ എങ്ങനെയാണ്‌ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രേതം ആവേശിക്കുന്നതെന്നതിനു ഉത്തമ ഉദാഹരണമാണ്‌ പി എം മനോജിന്റെ ലേഖനം .

ഇനി മനോജ് രോഷം കൊണ്ടതെന്തിനാണെന്നു നോക്കാം. ഗൌരീദാസന്‍ നായര്‍ പറഞ്ഞത് സത്യമാണ്. കുറെയധികം വര്‍ഷങ്ങളോളം കേരളത്തിലെ മുസ്ലിങ്ങള്‍ ഭൂരിഭാഗവും രഷ്ട്രീയമായി മുസ്ലിം ലീഗിനൊപ്പമായിരുന്നു. കുറച്ച് പേര്‍ കോണ്‍ഗ്രസിനൊപ്പവും. കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ നാമമാത്രമായവരേ ഉണ്ടായിരുന്നുള്ളു. പി ഡി പി ശക്തമായിരുന്ന അവസരത്തിലും മുസ്ലീം ലീഗിന്റെ ആധിപത്യത്തിനു കോട്ടം തട്ടിയിരുന്നില്ല. മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍, അവര്‍ രണ്ടു മുസ്ലിം ലീഗിലായി വിഭജിച്ചുതന്നെ നിന്നു. അതിനൊരു മാറ്റം വന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായിട്ടാണ്. എല്ലാ മുസ്ലിം സംഘടനകളിലെയും മിതവാദികളായവരും മുസ്ലിം ലീഗില്‍ അഭിപ്രായവ്യത്യാസമുള്ളവരും അന്ന് ഇടതുപക്ഷത്തോടൊപ്പം നിന്നു. അതില്‍ എന്‍ ഡി എഫിലെയും പി ഡി പിയിലെയും വരെ അംഗങ്ങളുണ്ട്. ഒരു തീവ്രവാദി മുസ്ലിമിന്‌, കമ്യൂണിസ്റ്റുപ്രത്യശാസ്ത്രവുമായി യോജിക്കാനാവില്ല. അതു തന്നെയാണു തീവ്രവാദിയായ ഒരു ഹൈന്ദവന്റെയും ക്രിസ്ത്യാനിയുടെയും അവസ്ഥ. ഇടതു പക്ഷത്തിന്റെ നിരീശ്വര വാദത്തോടെതിര്‍പ്പില്ലാത്തവരാണ്, ഈശ്വരവിശ്വാസികളായ മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ളവര്‍, ഇടതുപക്ഷത്തെ പിന്തുണക്കുന്നത്. തീവ്ര ഹിന്ദുക്കളായ അര്‍ എസ് എസുകാര്‍ ഒരിക്കലും കമ്യൂണിസ്റ്റുകാരുമായി യോജിക്കില്ല. അതു തന്നെയാണ്, കത്തോലിക്കാ മത നേതാക്കളുടെയും അവസ്ഥ.

തീവ്ര മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്യുന്ന മദനി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് ഗൌരീദാസന്‍ നായര്‍ പറഞ്ഞ കാരണം കൊണ്ടുമാത്രമാണ്. ഭീകരവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പി ഡി പി നേതാക്കള്‍ക്ക് ഇത് വീണു കിട്ടിയ സുവര്‍ണ്ണാവസരമാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനും എന്നും എതിരായിരുന്ന, സി പി എമ്മിനൊപ്പം വേദി പങ്കിടുക എന്നത് അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും തിളക്കമാര്‍ന്ന സ്വീകരണമാണ്. ഗൌരീദാസന്‍ നായര്‍ പറഞ്ഞപോലെ, വെള്ളത്തിലിട്ട മീന്‍ പോലെ അവര്‍ ആഹ്ളാദിക്കുന്നു. മനോജിനേപ്പോലുള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അപ്പോള്‍‍ ഗൌരീദാസനെ എന്തു ചെയ്യാം ? മാധ്യമ സിന്‍ഡിക്കേറ്റിന്റെ മുദ്ര ചാര്‍ത്തിക്കൊടുക്കുക. അല്ലാതെന്ത്?


ചെക്കുട്ടിയോടൊപ്പം ഗൌരീദാസനേയും മാധ്യമ സിന്‍ഡിക്കേറ്റാക്കാന്‍ പറഞ്ഞ ന്യായമാണ്‌ രസകരം . മനോജ് എഴുതുന്നു, പച്ചമലയാളത്തിലേക്ക് മൊഴിമാറ്റിയാല്‍, മുസ്ലിങ്ങള്‍ക്കിടയില്‍ സിപിഐ എം ശക്തിപ്പെട്ടാല്‍ മുസ്ലിങ്ങള്‍ക്ക് ഇന്നുള്ള രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്നും അത് ഭയങ്കരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും. ഒരു മുസ്ലിം തീവ്രവാദി പിന്നെ എന്താണാവോ പറയേണ്ടത്? എല്ലാ മുസ്ലിങ്ങളും പിന്നെ സി പി എമ്മില്‍ ചേരണമെന്നോ? മനോജിനേപ്പോലുള്ളവരില്‍ നിന്നും കുറച്ചു കൂടി പക്വത മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മദനി തീവ്രവാദം അല്‍പ്പ കാലത്തേക്ക് വിശ്രമത്തിനയച്ചു എന്നു കരുതി, എല്ലാ തീവ്രവാദികളും അങ്ങനെയവണമെന്നില്ല. അതിനുള്ള ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. അധികാരം നിലനിര്‍ത്താന്‍ തീവ്രവാദം മാറ്റി വച്ചു, ബി ജെ പി. അതിലൂടെ കടുത്ത തീവ്രവാദികള്‍ പിണങ്ങുകയും കൂട്ടാളികള്‍ ഒന്നൊന്നായി പിരിഞ്ഞു പോകുകയും ചെയ്തപ്പോള്‍ അവര്‍ അവരുടെ യധാര്‍ത്ഥ നിറം പുറത്തെടുത്തു. ഇപ്പോള്‍ അവരുടെ പ്രധാന പ്രചരണായുധം രാമ ക്ഷേത്രവും കാഷ്മീര്‍ വിഷയവുമാണ്.

ഗൌരീദാസന്‍ നായര്‍ വോട്ടു വിഭജനം യു ഡി എഫിനനുകൂലമാണെന്നു പറഞ്ഞതാണ്, അദ്ദേഹത്തിനു മാധ്യമസിന്‍ഡിക്കേറ്റ് മുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ കാരണം. ഇതേ നായര്‍ കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകളുടെ അന്നത്തെ വിഭജനം, എല്‍ ഡി എഫിനനുകൂലമാകുമെന്നു വിലയിരുത്തി. മറ്റു പലരും അതേ അഭിപ്രായം രേഖപ്പെടുത്തുകയും അതിനു ശേഷം നടന്ന അസ്സംബ്ളി തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുകയും ചെയ്തു. അന്നൊന്നും നായരും മറ്റുള്ളവരും ഒരു സിന്‍ഡിക്കേറ്റിലും അംഗമയിരുന്നു, എന്നൊന്നും ആരും അഭിപ്രായപ്പെട്ടില്ല. അന്നൊക്കെ അദ്ദേഹം, നിഷ്പക്ഷനായി, നഷ്പക്ഷ ഹിന്ദുവിന്റെ പാത പിന്തുടരുകയും ചെയ്തു. മുസ്ലിങ്ങളെല്ലാം 2004 ലിലും 2006 ലിലും, ഇടതുപക്ഷത്തോടൊപ്പം നിന്നു എന്നു കരുതി അത് എന്നേക്കുമുള്ള ഏര്‍പ്പാടാണെന്നു വിശ്വസിക്കാനുള്ള അവകാശം മനോജിനുണ്ട്. അതുപോലെ കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്ത ക്രിസ്ത്യാനികളും ഇന്നും വോട്ടു ചെയ്യും എന്നു കരുതാം. അത് എത്രത്തോളം ശരിയാണെന്നു വോട്ടെണ്ണുമ്പോള്‍ മാത്രമേ അറിയൂ.

ഗൌരീദാസന്‍ നായരുടേത് കൃത്യമായ ഹിഡന്‍ അജണ്ടയാണെന്നും അത് എന്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇടതുപക്ഷത്തിന്റെ ശത്രുക്കളുടെയും അജണ്ടയാണെന്നുമുള്ള കാര്യത്തില്‍ മനോജിനു യാതൊരു സംശയവുമില്ല.എന്‍ഡിഎഫിനെ മഹത്വവല്‍ക്കരിക്കാനുള്ള തീവ്രമായ ആഗ്രഹം ഗൌരീദാസന്‍ നായരില്‍ കണ്ടതാണ്, മനോജിന്റെ മനോവിഭ്രാന്തിയുടെ പാരമ്യം.

ഇതാണ്‌ മാധ്യമ സിന്‍ഡിക്കേറ്റുണ്ടാക്കുന്നതിന്റെ ശസ്ത്രീയ പാചക വിധി.


ജമാ അത്തെ ഇസ്ലാമി, പിഡിപി, എന്‍ഡിഎഫ് എന്നിവയെയെല്ലാം മത തീവ്രവാദ സം ഘടനകളാണെന്നും ഒരു ഗണത്തിലാണുള്‍ പ്പെടുത്തേണ്ടതെന്നും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിലയിരുത്തുന്നു. പിണറായി വിജയന്‍ മമ്മോദീസമുക്കി എന്നു കരുതി, പി ഡി പിയേക്കുറിച്ചുള്ള സാധാരണ ജനങ്ങളുടെ മനോഭാവം മാറാനൊന്നും പോകുന്നില്ല. ഗൌരീദാസന്‍ നായര്‍ ആ മനോഭവം പങ്കുവച്ചു എന്നേ ഉള്ളു. ജനസാമാന്യത്തെ പുശ്ചിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്നവര്‍ക്കൊന്നും അതു മനസിലാവില്ല.

4 comments:

kaalidaasan said...

ഇതാണ്‌ മാധ്യമ സിന്‍ഡിക്കേറ്റുണ്ടാക്കുന്നതിന്റെ ശസ്ത്രീയ പാചക വിധി.

ജമാ അത്തെ ഇസ്ലാമി, പിഡിപി, എന്‍ഡിഎഫ് എന്നിവയെയെല്ലാം മത തീവ്രവാദ സംഘടനകളാണെന്നും, ഒരു ഗണത്തിലാണുള്‍പ്പെടുത്തേണ്ടതെന്നും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിലയിരുത്തുന്നു. പിണറായി വിജയന്‍ മമ്മോദീസമുക്കി എന്നു കരുതി പി ഡി പിയേക്കുറിച്ചുള്ള സാധാരണ ജനങ്ങളുടെ മനോഭാവം മാറാനൊന്നും പോകുന്നില്ല. ഗൌരീദാസന്‍ നായര്‍ ആ മനോഭവം പങ്കുവച്ചു എന്നേ ഉള്ളു. ജനസാമാന്യത്തെ പുശ്ചിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്നവര്‍ക്കൊന്നും അതു മനസിലാവില്ല.

dethan said...

പണ്ട് ബ്രിട്ടീഷുകാരും തുടര്‍ന്ന് ആദ്യകാലങ്ങളില്‍ ഭരണമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരുകളും കമ്യൂണിസ്റ്റു
കാരെ വേട്ടയാടിയ കാലമുണ്ടായിരുന്നു.അന്നു തങ്ങള്‍ക്കു വിരോധമുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം
തയ്യാറാക്കുമ്പോള്‍ കേസ്സിനു വീര്യം കൂട്ടാന്‍ പോലീസുകാര്‍ ഒരു വെണ്ടര്‍ വാചകം ഫിറ്റു ചെയ്തിരുന്നു.മോഷണം,പിടിച്ചുപറി,കത്തിക്കുത്ത്,തുടങ്ങിയ പാതകങ്ങള്‍ ചാര്‍ത്തിയ ശേഷം,"പ്രതി സര്‍ വ്വോപരി കമ്യൂണിസ്റ്റു കാരനും ആകുന്നു."എന്നും കൂടി ചേര്‍ക്കും.

കാലത്തിന്റെ മറിമായം പോലെ ഇപ്പോള്‍ ചില കമ്യൂണിസ്റ്റു നേതാക്കളും അനുയായികളും,തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവരെ പഴയ കൂലിപോലീസുകാരെപ്പോലെ "മാദ്ധ്യമ
സിന്‍ഡിക്കേറ്റ് "എന്ന ശകാര പദം വിളിച്ച് സായൂജ്യം കൊള്ളുകയും മേനി നടിക്കുകയുമാണ്.മണ്ണും
മനുഷ്യനുമായുള്ള സാമീപ്യ സമ്പര്‍ക്കങ്ങള്‍ കുറയുകയും ഹൈടെക്ക് ,പണാധിപത്യ സമ്പര്‍ക്ക
സാമീപ്യങ്ങള്‍ മൂലം പരിണാമം സംഭവിച്ച ഇത്തരം കമ്യൂണിസ്റ്റുകള്‍ ജനവികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. പറയുന്നത്,എതിരാളി ആണെങ്കില്‍ പോലും അതില്‍ കാമ്പുണ്ടോ എന്നു പരിശോധിക്കുന്നതിനു പകരം പാടേ നിഷേധിക്കുകയും അവനെ നിലം പരിശാക്കാന്‍ ഗുണ്ടാസംഘങ്ങളെ വിടൂകയും ചെയ്യുന്ന രീതി അപകടകമാണ്.താങ്കള്‍ പറഞ്ഞ
തു പോലെ ആരുടെ നിരീക്ഷണമായിരുന്നു ശരി എന്നു തെരഞ്ഞെടുപ്പു ഫലം തെളിയിക്കും.
-ദത്തന്‍

Inji Pennu said...

നല്ല ലേഖനം കാളിദാസ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്നവര്‍ തന്നെ പിഡിപി ബന്ധത്തെ മുന്നോട്ട് വന്ന് വിമര്‍ശിക്കുമ്പോള്‍ അതിനു കൂടുതല്‍ തിളക്കമാണ്.
എന്തു കാണിച്ചാലും എത്രയൊക്കെ അഹങ്കരിച്ചാലും കുറച്ച് സാധുക്കള്‍ മുണ്ട് മുറുക്കിയുടുത്ത് പാര്‍ട്ടിക്ക് വോട്ട് പിടിച്ചുതരുമെന്നുള്ളതാണ് ഇതിന്റെയൊക്കെ പുറകില്‍.

Baiju Elikkattoor said...

നല്ല ലേഖനം.

സത്യം പറഞ്ഞാല്‍ പിണറായി സഖാവ് ഈയിടെയായി മാധ്യമ സിന്ഡിക്കേറ്റ് എന്ന അമ്പു അധികം എയ്യുത് വിടാറില്ല. മുനയൊടിഞ്ഞ കാരിയം പുള്ളിക്ക് മനസ്സിലായി എന്ന് തോന്നുന്നൂ, എന്നാല്‍ കുട്ടി പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും ലൈറ്റ് കത്തിയിട്ടില്ല.......!!