Saturday 3 January 2009

കുരുടന്‍മാര്‍ ആനയെ കാണുമ്പോള്‍ !!!!!





ഗുരുവായൂര്‍ കേശവന്റെ എടുപ്പാണ്‌ മമ്മൂട്ടി എന്ന നടന്‌. ഇംഗ്ളീഷുകാര്‍ പറയുന്ന സ്ക്രീന്‍ പ്രസന്‍സ് അനുഭവിക്കണമെങ്കില്‍ മമ്മൂട്ടി എന്ന നടനെ സ്ക്രീനില്‍ കാണണം . ഒരു പക്ഷെ ഇന്‍ഡ്യയില്‍ ഇതു പോലെ ഒരു സ്ക്രീന്‍ പ്രസന്‍സ് അമിതാഭ് ബച്ചനു മാത്രമേ അവകാശപ്പെടാന്‍ പറ്റൂ. പക്ഷെ അഭിനയശേഷിയുടെ കര്യത്തില്‍ അമിതാഭ് മമ്മൂട്ടിയുടെ ഏഴയലത്തു വരില്ല.

മമ്മൂട്ടി പ്രഗത്ഭ നടനാണ്‌. മൂന്നു പ്രാവശ്യം ദേശിയ പുരസ്കാരം കിട്ടിയ നടനാണ്. പിന്നെ വലിയ ഒരു ആരാധക വൃന്ദവും കൂടെയുണ്ട്. അടുത്തെയിടെ വാദ്യഘോഷങ്ങളോടെ ബ്ളോഗിങ് രംഗത്തേക്കും അദ്ദേഹം എത്തി, സ്നേഹ പൂര്‍വ്വം മമ്മൂട്ടിഎന്ന ബ്ളോഗിലൂടെ.

മലയാള സിനിമാരംഗം സുനാമി പിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഞാന്‍ കരുതിയത് അദ്ദേഹം ആദ്യം എഴുതുന്ന ബ്ളോഗ് സിനിമാ രംഗത്തേക്കുറിച്ചായിരിക്കുമെന്നാണ്‌. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം എഴുതിയതോ സാമ്പത്തിക മാന്ദ്യത്തേക്കുറിച്ചും . അതിനു കണ്ടെത്തിയ തലക്കെട്ട് വിചിത്രമായും തോന്നി. സമ്പദ്‍വ്യവസ്ഥയുടെ രാഷ്ട്രീയം. ഈ തലക്കെട്ടും അദ്ദേഹം പ്രതിപാദിച്ച വിഷയവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമേ ഉള്ളൂ എന്ന് വായിക്കുമ്പോള്‍ മനസിലാകും . പിന്നെ സ്തുതി പാഠകര്‍ ആര്‍പ്പു വിളിച്ച് ആഘോഷിക്കുന്നു. മഹത്തരം!! കെങ്കേമം!! . രാഷ്ട്രീയത്തിലിറങ്ങണം!! .കേരളത്തെ രക്ഷിക്കണം!!. തുടങ്ങിയ അഭിനന്ദനങ്ങളും അപേക്ഷകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആദ്യ രണ്ടുദിവസങ്ങളില്‍ 600ല്‍ പരം കമന്റുകള്‍ . 99% പുകഴ്ത്തലുകള്‍ മാത്രം . പേരിനു കുറച്ച് വിയോജനക്കുറിപ്പുകളും . പക്ഷെ മമ്മൂട്ടി ഒന്നിനും മറുപടി എഴുതി കണ്ടില്ല. എഴുതാനുള്ള സാധ്യതയും വിരളമാണ്‌. ബ്ളോഗ് വായിച്ചാല്‍, പലരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വിവരം ​മമ്മൂട്ടിക്ക് കമ്മിയാണെന്നു മനസിലാകും.

കുരുടന്‍ മാര്‍ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയെ കണ്ടതുപോലെയാണ്‌ മമ്മൂട്ടിയുടെ സ്തുതി പാഠകര്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. ഭക്തി പാരവശ്യം കൊണ്ട് പലരും സ്ഥലജല വിഭ്രാന്തി പോലും കാണിക്കുന്നു. അതു കൊണ്ട് അവര്‍ക്കൊന്നും മമ്മൂട്ടി എഴുതിയതിലെ വൈരുദ്ധ്യങ്ങളും തെറ്റുകളും മനസിലായില്ല. ഭൂരിഭാഗം പേരും മമ്മൂട്ടിയെന്തോ മഹത്തായ കര്യങ്ങള്‍ എഴുതി എന്നു പറയുമ്പോള്‍ അവരുടെ വിവരവും ചിന്താശേഷിയും മറ്റുള്ളവര്‍ക്ക് മനസിലാകും .

പക്ഷെ എഴുതിയവരില്‍ 80 ശതമാനവും മമ്മൂട്ടിയുടെ ബ്ലോഗില്‍ എഴുതാന്‍ വേണ്ടി മാത്രം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ രെജിസ്റ്റര്‍ ചെയ്തവരാണ്‌. അവരെ ക്രിയാത്മകമയ ബ്ളോഗിംഗിന്റെ ഭാഗമായി കാണാന്‍ കഴിയില്ല.


ഇനി ആരാധകര്‍ കോരിത്തരിച്ചു പോയ മമ്മൂട്ടിയുടെ ആശയങ്ങളിലേക്ക് കടക്കാം .
ആദ്യത്തെ വാചകം തന്നെ ഒരു നപുംസക അവിയലായിപ്പോയി.

ആധികളും ആശങ്കകളുമില്ലാത്ത വര്‍ഷമായിരിക്കട്ടെ എന്ന ആശംസയ്ക്കു ഭേദപ്പെടുത്താന്‍ കഴിയാത്ത ചില പ്രതിസന്ധികളിലൂടെയാണ് നമ്മള്‍ ഈ വര്‍ഷത്തെ അനുകൂലമാക്കിയെടുക്കേണ്ടത്.

ഈ വാചകം വായിച്ചിട്ട് എനിക്കു വാസ്തവത്തില്‍ ഒന്നും പിടികിട്ടിയില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുകളോട് ചോദിച്ചു അവര്‍ക്കും പിടികിട്ടിയില്ല. സാധാരണ ആളുകള്‍ പ്രതിസന്ധികള്‍ തരണം ചെയ്ത്, പ്രശ്നങ്ങള്‍ പരിഹരിച്ചാണ്‌, സാഹചര്യം അനുകൂലമാക്കിയെടുക്കുന്നത്. പ്രതിസന്ധികള സൃഷ്ടിച്ച് അനുകൂലമാക്കുന്നത് ഒരു പുതിയ തന്ത്രമാണ്‌. അതോ മറ്റെവിടെ നിന്നോ കടമെടുത്തതോ?

പരസ്പര വിരുദ്ധമായ ആശയങ്ങള്‍ പല പ്രാവശ്യം എഴുതിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നും ഇല്ലെന്നും പറയുന്നത് ഏറെ വിചിത്രമായി തോന്നുന്നു.

ചില ഉദാഹരണങ്ങള്‍ .


ആഗോളസാമ്പത്തികപ്രതിസന്ധി നമ്മളെ മാത്രം ബാധിക്കില്ല എന്ന ചിലരുടെ വിശ്വാസം സത്യത്തില്‍ എന്നെ വിസ്മയിപ്പിക്കുകയാണ്.

എത്ര തീവ്രമാണെന്നു പറഞ്ഞാലും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആഗോളപ്രതിഭാസങ്ങളുടെ സ്വാധീനത്തിന് ഒരു പരിധിയുണ്ടെന്നു വേണം കരുതാന്‍.

കൃത്യമായ ഒരു വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന ആ സത്യത്തെ അങ്ങനെ ആര്‍ക്കെങ്കിലും നേരിട്ടു തോല്‍പ്പിക്കാനാവുമെന്നും ഞാന്‍ കരുതുന്നില്ല.



ഏതു മാന്ദ്യത്തെയും ചെറുക്കാനുള്ള പ്രതിരോധശേഷി നമ്മുടെ സമ്പദ്‍വ്യവസ്ഥയില്‍ നിന്നു തന്നെ നേടാനാവും.




വളരെ വിചിത്രമല്ലേ ഈ നിലപാടുകള്‍ ?


ഇരിക്കൂറില്‍ സംഭവിച്ചതു പോലെ സംഭവിക്കാതിരിക്കണമെങ്കില്‍ ശക്തമായ നിയമം വേണം . അശ്രദ്ധമായി വാഹനമോടിച്ചു അപകടം വരുത്തുന്നവര്‍ക്ക് ജാമ്യം കിട്ടാത്ത, കൊലക്കുറ്റത്തിനു കേസെടുക്കുന്ന നിയമുണ്ടെങ്കില്‍ അപകടം കുറയും . അതു ജനങ്ങള്‍ മറക്കാതിരിക്കണമെന്നു പറയുന്നതില്‍ എന്താണ്‌ യുക്തി. ജനങ്ങള്‍ ഓര്‍ത്തിരുന്നാലൊന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നില്ല. അങ്ങനെ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് പറ്റുമെങ്കില്‍ , ജനങ്ങള്‍ ഓര്‍ക്കുകയും അതിനു വേണ്ട പ്രതിവിധി കാണുകയും ചെയ്യും .

നമ്മുടെ കുട്ടികള്‍ സഞ്ചരിക്കുന്ന സുരക്ഷിതമല്ലാത്ത വഴിയോരങ്ങള്‍ക്കും അശ്രദ്ധമായി പായുന്ന വാഹനങ്ങള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല, എന്നത് എല്ലവര്‍ക്കും അറിയാവുന്ന കാര്യമാണ്‌ മാറ്റം സം​ഭവിക്കാന്‍ എന്താണ്‌ ചെയ്യേണ്ടതെന്നു, മമ്മൂട്ടിക്കൊന്നു പറയാമോ?


മാധ്യമങ്ങളും സാമ്പത്തികവിദഗ്ധരുമൊക്കെ ചര്‍ച്ച ചെയ്തു പഴകിയതാണ്‌ ആഗോളസാമ്പത്തികപ്രതിസന്ധി എന്നാര്‍ക്കും പറയാന്‍ പറ്റില്ല. കേരളത്തിലെയും ഇന്‍ഡ്യയിലെയും മാധ്യമങ്ങള്‍ അതു മറന്നു എന്നത് ശരിയാണ്. പക്ഷെ ആഗോളമാധ്യമങ്ങളും വിദഗ്ദ്ധരും അതു മറന്നിട്ടില്ല.

സമ്പത്തിക മാന്ദ്യം ലാഘവത്തോടെ ആരും കാണുന്നു എന്നും തോന്നുന്നില്ല. ലാഘവത്തോടെ കണ്ടിരുന്നെങ്കില്‍ ഇന്‍ഡ്യയിലെ അധികാരികള്‍ പല നടപടികളും എടുക്കില്ലായിരുന്നു.

മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ക്ക് സമൂഹവും മുന്‍ഗണന നല്‍കുന്നു, എന്നു പറയുന്നത് അസ്വാഭാവികമാണ്. സ്വാഭവികമായത്, സമൂഹം മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്നു എന്നാണ്. ഒരു മാധ്യമത്തിന്റെ സാരഥിയായ മമ്മൂട്ടി ഇതു മനസിലാക്കാതെ പോയത് അത്ഭുതമെന്നേ പറയാന്‍ പറ്റൂ. അതോ മമ്മൂട്ടി ഉള്‍പ്പടെയുള്ള മാധ്യമ സാരഥികള്‍ നിശ്ചയിക്കുന്ന അജണ്ടക്കനുസരിച്ചാകണം സമൂഹം വര്‍ത്തിക്കേണ്ടതെന്നാണോ പറഞ്ഞു വരുന്നത്? മാധ്യമങ്ങള്‍ ദുരന്തങ്ങള്‍ അഘോഷിക്കുന്നു എന്ന് ഒരു മാധ്യമ സാരഥി പറയുമ്പോള്‍ അത് വിരോധഭാസമായി തോന്നും . കൈരളി എന്ന മാധ്യമവും ഇതൊക്കെ ആഘോഷിക്കുന്നുണ്ടല്ലോ? അതിന്റെ ഉത്തരവാദിത്തം മമ്മൂട്ടിക്കുമില്ലേ?


മാന്ദ്യത്തിനനുയോജ്യമായ സാമ്പത്തിക കാലാവസ്ഥ സൃഷ്ടിക്കുക എന്നത് വലിയ തമാശയായിട്ടാണെനിക്ക് തോന്നുന്നത്. അബദ്ധജഠിലവും . സാമ്പത്തിക മാന്ദ്യത്തിനനുയോജ്യമായ കാലവസ്ഥ, ആരും സൃഷ്ടിക്കാന്‍ ശ്രമിക്കില്ല. മാന്ദ്യത്തെ മറികടക്കാനുള്ള, സൃഷ്ടിപരമായ നടപടികളാണ്‌ വിവരമുള്ളവര്‍ എടുക്കുന്നത്. അതുകൊണ്ടാണ്‌, സാമ്പത്തികമാന്ദ്യമുണ്ടായ അമേരിക്കയില്‍ സമ്പത്തിക വിദഗ്ദ്ധര്‍ അവിടത്തെ ജനങ്ങളോട്, മന്ദ്യത്തെ മറികടക്കാന്‍ ഉപദേശം നല്‍കാതെ, ബില്ല്യണ്‍ കണക്കിനു ഡോളര്‍ സാമ്പത്തിക രംഗത്തേക്ക് ഒഴുക്കുന്നതും . പുതിയ സമ്പത്തിക ശീലങ്ങള്‍ വേണമെന്നു പറയുന്ന അതേ ശ്വാസത്തില്‍ ഊണിനു സ്പെഷല്‍ ഒഴിവാക്കുന്നതോ, ടാക്സിയില്‍ സഞ്ചരിക്കുന്ന ആള് ഓട്ടോറിക്ഷയിലേക്കു മാറുന്നതോ ചെയ്തിട്ട് കാര്യമില്ല എന്നും പറയുന്നു. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലല്ലോ. വേറെ ഏതു ശീലങ്ങളാണാവോ മമ്മൂട്ടി ഉദ്ദേശിക്കുന്നത്?.


കൃഷി ചെയ്യാന്‍ എസ്റ്റേറ്റും, തൊഴില്‍ ചെയ്യാന്‍ പിഎഫും ഗ്രാറ്റുവിറ്റിയും, വേണമെന്ന അഭിപ്രായം, മറ്റു കേരളിയര്‍ക്കുണ്ടെന്നു തോന്നുന്നില്ല. പിഎഫും ഗ്രാറ്റുവിറ്റിയും കിട്ടുന്നവര്‍ മറ്റു തൊഴിലിനും പോകില്ല. ഉള്ള തൊഴിലില്‍ നിന്നാണതവര്‍ക്ക് കിട്ടുന്നത്. കേരളത്തിലെ കാര്‍ഷിക രംഗത്തേക്കുറിച്ച് അല്‍പ്പമെങ്കിലും അറിവുണ്ടായിരുന്നെങ്കില്‍ കൃഷി ചെയ്യാന്‍ എസ്റ്റേറ്റ് , കേരളീയര്‍ അവശ്യപ്പെടുന്നു എന്നു പറയുമായിരുന്നില്ല.

എസ്റ്റേറ്റ് ഇല്ലാത്തതു കൊണ്ടാണ്‌ കേരളിയര്‍ കൃഷി ചെയ്യാത്തതെന്ന കണ്ടുപിടുത്തതിനു ഒരു സലാം!!


മമ്മൂട്ടിയുടെ മറ്റൊരു വളരെ വിചിത്രമായ ഒരു പ്രസ്ഥാവനയണ്‌ താഴെ.

ഓരോരുത്തരും തങ്ങളുടെ തൊഴിലിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും തൊഴിലാളി എന്ന നിലയില്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരവും സ്വയമൊന്നു പരിശോധിക്കാന്‍ തയ്യാറായാല്‍ ഏതു മാന്ദ്യത്തെയും ചെറുക്കാനുള്ള പ്രതിരോധശേഷി നമ്മുടെ
സമ്പദ്‍വ്യവസ്ഥയില്‍ നിന്നു തന്നെ നേടാനാവും.


ഇത് തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടാകുന്നതാണ്. അമേരിക്കയേക്കുറിച്ച് പറയുന്ന എല്ലാവരും പൊക്കിപ്പിടിക്കുന്ന ഒന്നാണ്‌, അവിടത്തെ തൊഴിലാളികളുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത. ഇത്രകാലവും ആത്മാര്‍ത്ഥമായി പണിയെടുത്തിട്ടും അവിടെ മാന്ദ്യം ഉണ്ടായെങ്കില്‍ , മാന്ദ്യത്തിനു കാരണം മറ്റെന്തോ ആണ്‌. മമ്മൂട്ടി പറയുന്ന ആത്മാര്‍ത്ഥത കൊണ്ട് അതിനെ മറികടക്കാനാവില്ല.


തൊഴിലാളി എന്ന നിലയില്‍ നല്‍കുന്ന സേവനത്തെക്കുറിച്ചുള്ള വേവലാതി ചിരിയുണര്‍ത്തും . മറ്റുള്ളവരെ ഉപദേശിക്കാന്‍ എളുപ്പമാണ്. തൊഴ്ലിന്റെ ഗുണനിലവാരം കടമയാണെന്നു പറയുന്ന മമ്മൂട്ടിയെന്ന അഭിനയത്തൊഴിലാളി, എത്ര മാത്രം ഗുണനിലവാരമുള്ള സിനിമകള്‍ മലയാള സിനിമക്ക് സംഭാവന ചെയ്തിട്ടുണ്ട്? തീരെ നിലവാരമില്ലാത്ത എത്രയോ കഥാപാത്രങ്ങളെ മമ്മൂട്ടിയെന്ന നടന്‍ അവതിരിപ്പിച്ചിട്ടുണ്ട്.


അധ്വാനിക്കുക എന്നത് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണ്, എന്നൊക്കെ സമ്പത്തിന്റെ നെറുകയിലിരുന്ന് ഉത്ഘോഷിക്കാം . ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ജീവിതം തന്നെ ഒരു ഭാരമാണ്‌. അതിനു തേടുന്ന വഴികളും ഭാരം തന്നെയാണ്‌.

ഡാനീഷ് മജീദ് അഭിനന്ദിക്കപ്പെടേണ്ട വ്യക്തി തന്നെ. പക്ഷെ എല്ലാവര്‍ക്കും ഡാനീഷ് മജീദാവാനുള്ള ഭാഗ്യം കിട്ടിയെന്നു വരില്ല.

ഡാനീഷിനേപ്പോലുള്ളവര്‍ കേരളത്തില്‍ പലയിടത്തും ഉണ്ട്. പക്ഷെ മമ്മൂട്ടി ഡയറക്റ്ററായിരിക്കുന്ന, വേറിട്ടൊരു ചാനല്‍ ഇന്നേ വരെ ഒരു ഡാനീഷിനേയും കേരളത്തിനു പരിചയപ്പെടുത്തിയിട്ടില്ല. ഡാനീഷിനേക്കുറിച്ചറിയാന്‍ മറ്റു മാധ്യമങ്ങള്‍ വേണ്ടി വന്നു എന്നത് തന്നെ മമ്മൂട്ടിയെന്ന മാധ്യ സാരഥിയുടെ കാപട്യം പുറത്താക്കുന്നു. എന്തു കൊണ്ട് ഒരു ജനതയുടെ ആത്മാവിഷ്ക്കാരമായ സ്വന്തം ചാനല്‍ ഇതു പോലെയുള്ള പരിപാടികളൊന്നും അവതരിപ്പിക്കുന്നില്ല? ചൈനയിലെ പാണ്ഡ പ്രസവിക്കുന്നതും ജെര്‍മനിയിലെ കാണ്ടാ മൃഗം ഇണ ചേരുന്നതും കാണിക്കുന്ന സമയത്ത്, കൈരളി ഡാനീഷിനേപ്പോലുള്ള ആളുകളെ പരിചയപെടുത്തുകയും പ്രോത്സാഹിപ്പികുകയുമല്ലേ ചെയ്യേണ്ടത്? തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ആദ്യം സ്വന്തം തട്ടകത്തില്‍ നടപ്പിലാക്കൂ മമ്മൂട്ടി. എന്നിട്ടു പോരെ മറ്റുള്ളവരെ ഉപദേശിക്കാന്‍?


ഏതു സമ്പന്ന മെട്രോയിലും ലഭിക്കുന്ന സൌകര്യങ്ങള്‍ കൊച്ചിയിലും ലഭിക്കുമ്പോള്‍ തന്നെ 17,000 കര്‍ഷകര്‍ ഈ രാജ്യത്ത് ആത്മഹത്യ ചെയ്തത്, വൈരുധ്യം ആണെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്‌. സാമൂഹിക പ്രതിബദ്ധതയുള്ള ഒരാള്‍ അതു എന്തു കൊണ്ട് സംഭവിച്ചു എന്നും പറയാന്‍ ബാധ്യസ്ഥനാണ്‌. നിര്‍ഭാഗ്യവശാല്‍ സ്തുതി പാഠകര്‍ വാനോളം ഉയര്‍ത്തുന്ന മമ്മൂട്ടി അതിനു ശ്രമിക്കുന്നില്ല. അറിയാന്‍ വയ്യാഞ്ഞിട്ടായിരിക്കും .

ഈ വൈരുധ്യം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ് എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുമ്പോള്‍ മമ്മൂട്ടിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു. എന്തു കൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നു പറയാനുള്ള ചങ്കൂറ്റം കൂടി മമ്മൂട്ടി കാണിക്കേണ്ടിയിരുന്നു.

സമ്പത്ത് കുറച്ചു പേരുടെ കയ്യില്‍ കുന്നു കൂടുന്നു. അവര്‍ ഏതു സമ്പന്ന മെട്രോയിലും ലഭിക്കുന്ന സൌകര്യങ്ങള്‍ കൊച്ചിയിലുമൊരുക്കുന്നു. ആഘോഷിക്കുന്നു. കാര്‍ഷിക വിളകളുടെ വിലയിടിവൊന്നും അവരെ ബാധിക്കില്ല. അധികാരി വര്‍ഗ്ഗങ്ങള്‍ ഈ കര്‍ഷകരെ മറന്ന്, സമ്പന്നര്‍ക്ക് നികുതി വെട്ടിപ്പിനു അവസരം ​കൊടുക്കുന്നു. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാക്കള്‍ വരെ സമ്പന്നര്‍ക്ക് വേണ്ടി വാദിക്കുന്നു. സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നരാവുന്നു. കര്‍ഷകരും മറ്റുള്ളവരും കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരാകുന്നു. അവര്‍ ഡാനീഷിനേപ്പോലെ, നാലു കാലി ഫാമുകള്‍ നടത്തിയാലൊന്നും രക്ഷപെടില്ല മമ്മൂട്ടി.

4 comments:

ജിപ്പൂസ് said...

ഒഴുക്കിനെതിരെയാണു കാളിദാസാ താങ്കളുടെ ഈ പോസ്റ്റ്.
സത്യം പറയാണേല്‍ ഞാന്‍ ഒന്നു രണ്ട് കമന്റ് ചെയ്തിരുന്നു മമ്മൂട്ടിയുടെ ആദ്യ പോസ്റ്റിനു.
പക്ഷെ സ്തുതിപാഠകന്മാരുടെ കൂട്ടത്തില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയാത്തതു കൊണ്ടായിരിക്കാം മമ്മുക്കാന്റെ അപ്രൂവല്‍ കിട്ടിയില്ല.

kaalidaasan said...

ജിപ്പു, ഇവിടെ ഒഴുക്കിനെതിരെയെന്നോ ഒഴുക്കിനനുകൂലമെന്നോ ഇല്ല. മമ്മൂട്ടി സ്വന്തം ബ്ളോഗില്‍ പല മണ്ടത്തരങ്ങളും എഴുതി. സ്തുതിപാഠകര്‍ക്കൊന്നും അതു മനസിലാക്കാന്‍ പറ്റിയില്ല. ചുരുക്കം ചിലരുടെ വിയോജനക്കുറിപ്പുകള്‍ തെരഞ്ഞെടുത്ത് മമ്മൂട്ടി പ്രസിദ്ധീകരിച്ചു. വിമര്‍ശനങ്ങളെല്ലാം തടഞ്ഞു. അതില്‍ നിന്നും മനസിലാകുന്ന കാര്യം , അര്‍ത്ഥപൂര്‍ ണ്ണമായ ഒരു സംവാദമല്ല മമ്മൂട്ടി ഉദ്ദേശിക്കുന്നതെന്നാണ്. സ്തുതി പാഠകരുടെ അഭിനന്ദനം മത്രം സഹിക്കാന്‍ പറ്റുന്ന ഒരു അഴകിയ രാവണന്‍ എന്ന പട്ടം . അതിനു ബ്ളോഗിന്റെ ആവശ്യമില്ല. സ്വന്തം വെബ് സൈറ്റില്‍ അതിനുള്ള അവസരമുണ്ട്. അര്‍ ത്ഥപൂര്‍ ണ്ണമായ ബ്ളോഗിംഗ്, ബ്ളോഗ് അടച്ചുപൂട്ടുന്നതല്ല. സ്വന്തം ആശയങ്ങളേക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുന്നതും അതിനെ സഹിഷ്ണുതയോടെ കാണുന്നതുമാണ്. മറുപടി പറയാന്‍ ഇഷ്ടമില്ലെങ്കില്‍ മറുപടി പറയാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുന്നതാണ്‌ മാന്യത. മമ്മൂട്ടിയെ കണ്ണുമടച്ച്  എതിര്‍ക്കുന്നവര്‍ തെറി പറഞ്ഞേക്കാം . വ്യക്തി പരമായി വിമര്‍ശിച്ചേക്കം . അതൊക്കെ തടയുന്നതില്‍ ആരും തെറ്റു കാണുമെന്ന് തോന്നുന്നില്ല.സമ്പദ് വ്യവസ്ഥയുടെ രാഷ്ട്രീയം എന്നു പറഞ്ഞ് അവതരിപ്പിച്ചതില്‍ സമ്പദ് വ്യവസ്ഥയെപറ്റിയോ രാഷ്ട്രീയത്തെപറ്റിയോ എന്തെങ്കിലും ഗൌരവമായ പരാമര്‍ശങ്ങളൊന്നും അതിലില്ല. മലയാളി കേരളത്തില്‍ മടിയനാണെന്ന മറ്റു പലരും പറയുന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്നു എന്നു മാത്രം .

മായാവി.. said...

എഴുതാനുള്ള സാധ്യതയും വിരളമാണ്‌. ബ്ളോഗ് വായിച്ചാല്‍, പലരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വിവരം ​മമ്മൂട്ടിക്ക് കമ്മിയാണെന്നു മനസിലാകും.yes.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മമ്മൂട്ടി ഒരു നടനായതുകൊണ്ട് അദ്ദേഹത്തിന് സാമൂഹ്യ പ്രതിബദ്ധത ഉണ്ടായിക്കൂട എന്നും അല്ലെങ്കില്‍ മൂക്കിനു താഴെയുള്ള എല്ലാകാര്യങ്ങളിലും അഭിപ്രായം വേണമെന്നും ഇല്ല. പക്ഷെ അദ്ദേഹം ആമുഖത്തില്‍ പറയും പോലെ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടാന്‍ ഉദ്ദേശിച്ചാണ് ബ്ലോഗ് തുടങ്ങിയതെങ്കില്‍ സ്തുതി പാഠകരല്ലാത്ത മറ്റു ബ്ലോസര്‍മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. സെലിബ്രിറ്റി ലേബലില്‍ നിന്നും ഫാന്‍സുകാരുടെ ഇടയില്‍ നിന്നും മാറിനിന്ന് സധാരണക്കാരന്റെ തലത്തിലേക്കിറങ്ങി വിഷയങ്ങളെ സമീപിക്കണം. അല്ലാതെ ഫാന്‍സുകാരുടെ കോരിത്തരിപ്പിക്കുന്ന ആരവങ്ങള്‍ കേള്‍ക്കാനാണെങ്കില്‍ ബ്ലോഗില്‍ അദ്ദേഹം സിനിമയിലെ ഗോസ്സിപ്പുകളെപ്പറ്റിയോ മറ്റോ പോസ്റ്റിടുകയാവും നല്ലത്.